ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Sunday 22 October 2023

പി.വി.കൃഷ്ണമൂർത്തി: ഇന്ത്യൻ റേഡിയോ,ടെലിവിഷൻ രംഗത്തെ ഇതിഹാസം

1956.

തൃശൂരിൽ ആകാശവാണി കോഴിക്കോട് നിലയത്തിന്റെ ഒരു കവിസമ്മേളനം നടക്കുകയാണ്. അക്കാലത്തെ വലിയ കവികളെല്ലാമുണ്ട്. അതിൽ ഏറ്റവും പ്രായം കുറഞ്ഞയാളുടെ ഊഴമെത്തി
. വിരഹദുഃഖമനുഭവിക്കുന്ന ഭാര്യമാരുടെ കഥയാണ് പ്രമേയം.പശ്ചാത്തലം കന്യാകുമാരി. ആ യുവാവ് ഒരു കവിത ചൊല്ലാനാരംഭിച്ചു- മഹിഷാസുരമർദ്ദിനി.

ഏതാനും വരികൾ ആലപിച്ചപ്പോഴേക്കും സദസിന്റെ ഒരു ഭാഗത്ത് നിന്ന് കൈയ്യടിയുയർന്നു. അത് പിന്നെ എല്ലായിടത്തേക്കും പടർന്നു. കവിത തീർന്നയുടൻ സദസിന്റെ മുൻനിരയിൽ നിന്നൊരാൾ എണീറ്റ് വന്ന്, അഭിനന്ദിച്ച് കെട്ടിപ്പുണർന്നു.

" ഞാൻ പി.വി.കൃഷ്ണമൂർത്തി ", കോഴിക്കോട് നിലയത്തിന്റെ അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടർ. ആ യുവകവി അദ്ദേഹത്തിന്റെ മനസിൽ ഇടം തേടി.
ആകാശവാണിയിലേക്ക് പ്രതിഭാധനരായ എഴുത്തുകാരെയും സംഗീതജ്ഞരേയുംക്ഷണിച്ചു വരുത്തി നിയമിക്കുന്ന സമയമായിരുന്നു ,അത്.
'മഹിഷാസുരമർദ്ദിനി' എൻ.വിക്കും വൈലോപ്പിള്ളിക്കുമൊക്കെ ഇഷ്ടപ്പെട്ടു. എൻ.വി. അത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കാനായി വാങ്ങിക്കൊണ്ടുപോയി. "എന്നെ ആകാശവാണിയിൽ എടുക്കണമെന്ന് അവർ ശുപാർശ ചെയ്തു".
-ആ കവിത എഴുതിയ അക്കിത്തം അച്യുതൻ നമ്പൂതിരിയ്ക്ക് ഏതാനും ആഴ്ചകൾക്കകം കോഴിക്കോട് ആകാശവാണിയിൽ നിന്ന് ഒരു സന്ദേശം ലഭിച്ചു -കൃഷ്ണമൂർത്തിയെ ചെന്ന് കാണാൻ. ബുദ്ധജയന്തി ആഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ റേഡിയോയിൽ പ്രക്ഷേപണം ചെയ്യുന്ന സമയമായിരുന്നു, അത്. രാത്രി ഒൻപതേകാലിനുള്ള ഒരു നാടകത്തിൽ ശബ്ദം നൽകാൻ അദ്ദേഹം അക്കിത്തത്തോട് ആവശ്യപ്പെട്ടു..
ഏതാനും ദിവസങ്ങൾക്കകം,1956 ജൂലൈ 1 ന് , ആകാശവാണിയിൽ സ്ക്രിപ്റ്റ്റൈറ്ററായി അക്കിത്തം ജോലിയിൽ പ്രവേശിച്ചു.
 1956മുതൽ 1985 വരെ നീണ്ടു നിന്ന അക്കിത്തത്തിന്റെ ആകാശവാണി ജീവിതത്തിന് ഇങ്ങനെ നാടകീയമായ തുടക്കം.
കോഴിക്കോട് മിഠായി തെരുവിലൂടെ പതിവ് സായാഹ്ന സവാരിക്കിറങ്ങിയതായിരുന്നു,അദ്ദേഹം.
കോതിയൊതുക്കാത്ത,പാറിപ്പറക്കുന്ന മുടി.തീക്ഷ്ണമായ കണ്ണുകൾ .മുഴുക്കൈയ്യൻ ഷട്ടിന്റെ കൈകൾ ക്രമരഹിതമായി മടക്കി വച്ചിട്ടുണ്ടു്. പരുക്കൻ മുണ്ട്.കക്ഷത്തിൽ മാസികകൾ.

മലയാളം ആനുകാലികങ്ങൾക്കൊപ്പം, 'ധർമ്മയുഗ്' എന്ന ഹിന്ദി പ്രസിദ്ധീകരണവുമുണ്ടു്. പരിചയക്കാരോട് ലോഹ്യം പറയുമ്പോൾ അവർ ഇവ വാങ്ങി, മറിച്ചു നോക്കും.
അപ്പോഴുണ്ട് , ഒട്ടും പരിചയില്ലാത്ത ഒരാൾ അടുത്തേയ്ക്ക് വിളിക്കുന്നു. തമിഴ് കലർന്ന മലയാളത്തിൽ അദ്ദേഹം സ്വയം പരിചയപ്പെടുത്തി : "ഞാൻ പി.വി.കൃഷ്ണമൂർത്തി. ആകാശവാണി നിലയം മേധാവിയാണ്. എഴുത്തുകാരനാണെന്നറിഞ്ഞതിൽ സന്തോഷം. നാളെ നിലയത്തിലേക്ക് വരുമോ?''
- കറുകപ്പാടത്ത് അബ്ദുള്ള എന്ന കെ.എ. കൊടുങ്ങല്ലൂർ അടുത്ത ദിവസങ്ങളിൽ ആകാശവാണിയിൽ ചേർന്നു."ആ പ്രതിഭാപ്രഭുവിനെ തെരുവിൽ നിന്ന് പിടിച്ചു കൊണ്ട് വന്ന് ആകാശവാണിയിൽ സ്ക്രിപ്റ്റ്റൈറ്ററായി നിയമിച്ചു,കൃഷ്ണമൂർത്തി ", അക്കിത്തം പിൽക്കാലത്ത് എഴുതിയിട്ടുണ്ട്.
 കക്കാടും എസ്.കെ പൊറ്റെക്കാട്ടും

എൻ.എൻ.കക്കാടിനെയായിരുന്നു ,ഇങ്ങനെ അദ്ദേഹം ആദ്യം നിയമിച്ചത്. മൂന്നാമത് എത്തിയത് ഞാനും " . പാരലൽ കോളേജ് അധ്യാപകനായി കോഴിക്കോട്ട് എത്തിയ ,മലബാർ ബോർഡിലേക്ക് കമ്യൂണിസ്റ്റ് സ്ഥാനാർത്ഥിയായ മത്സരിച്ച ചരിത്രമുള്ള എൻ.എൻ കക്കാടിനു പിന്നാലെ കെ.എ കൊടുങ്ങല്ലൂരും കമ്മ്യൂണിസ്റ്റുകാരനായ  അക്കിത്തവും ആകാശവാണിയിൽ സ്ക്രിപ്റ്റ്റൈറ്റർമാരായി നിയമിക്കപ്പെട്ടു.

മഹാപ്രതിഭകളായ എഴുത്തുകാരെയും കലാകാരരെയും കോഴിക്കോട് ആകാശവാണി നിലയത്തിലെത്തിച്ചതിനു കാരണക്കാരനായ പി.വി കൃഷ്ണമൂർത്തി, 1953 ലാണ് ഡൽഹി ആകാശവാണിയിലെ വിദേശകാര്യ സർവീസിൽ നിന്ന് അസിസ്റ്റന്റ് ഡയറക്ടറായി കോഴിക്കോട് നിലയത്തിലെത്തിയത്.
പി.വി കൃഷ്ണമൂർത്തി 1940കളിൽ തമിഴ് വാർത്താവതാരകനായി ഡൽഹി ആകാശവാണി സ്റ്റുഡിയോയിൽ

 അപ്പോഴും ഏതാനും മണിക്കൂറുകൾ മാത്രം പ്രക്ഷേപണമുള്ള നിലയം തിരുവനന്തപുരത്തിന്റെ നിയന്ത്രണത്തിലായിരുന്നു.സംസ്ഥാനത്തിന്റെ തലസ്ഥാനനഗരിയിൽ മാത്രം സ്വതന്ത്ര നിലയം മതി, അവിടെ നിന്നുള്ള പരിപാടികൾ മറ്റുള്ളവർ റിലെ ചെയ്യേണ്ട ആവശ്യമേയുള്ളൂ എന്ന നിലപാടായിരുന്നു കേന്ദ്ര അധികൃതർക്ക്: 'എന്തായാലും നിലയം പൂട്ടാൻ തീരുമാനിച്ചു കഴിഞ്ഞു. അവിടെ നിങ്ങൾക്ക് കൂടുതലൊന്നും ചെയ്യാനില്ല',എന്നു പോലും ചിലർ മുന്നറിയിപ്പു നൽകിയ സമയം. കോഴിക്കോട്ടേക്കയച്ച കൃഷ്ണമൂർത്തി, ചില ദൃഢനിശ്ചയങ്ങളുമായാണെത്തിയത് - മലബാറിലെ പ്രതിഭാധനരെയെല്ലാം കോഴിക്കോട് ആകാശവാണിയിൽ കൊണ്ടുവരുക.

 ഗായത്രി ശ്രീകൃഷ്ണൻ ഗുരുവായൂർ എസ് ശ്രീകൃഷ്ണൻ

അച്ഛന്റെ കൈപിടിച്ച്,കുട്ടികളുടെ പരിപാടികളിൽ പുല്ലാങ്കുഴൽ വായിക്കാനെത്തുന്ന ഒരു കൗമാരക്കാരൻ ഒരു ദിവസം അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. "1954 ഡിസംബറിലായിരുന്നു അത്. പരിപാടി കഴിഞ്ഞ് കാണണമെന്ന് ഡയറക്ടർ ആവശ്യപ്പെട്ടുകയായിരുന്നു.18 വയസ് തികഞ്ഞപ്പോൾ തന്നെ എന്നെ അവിടെ ആർട്ടിസ്റ്റായി നിയമിച്ചു", വിശ്രുത പുല്ലാങ്കുഴൽ വാദകനായി വളർന്ന ഗുരുവായൂർ എസ്. ശ്രീകൃഷ്ണന്റെ ആകാശവാണി ജീവിതത്തിന്റെ ആരംഭം ഇങ്ങനെ യാദൃച്ഛികത നിറഞ്ഞതാണ്. പിന്നാലെ,അവിടെ അനൗൺസറായി നിയമിക്കപ്പെട്ട ഗായിക ഗായത്രി ശ്രീകൃഷ്ണൻ അദ്ദേഹത്തിന്റെ ജീവിത സഖിയായി (1975 ൽ യു.പി.എസ്.സി മുഖേന പ്രോഗ്രാം എക്സിക്യൂട്ടീവായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കൊച്ചി എഫ് .എം നിലത്തിന്റെ ആദ്യ ഡയറക്ടറാണ്).

കെ.പി ഉദയഭാനു

കലാകാരൻമാർക്ക് ആകാശവാണിയിൽ അവസരങ്ങളുണ്ടെന്നറിഞ്ഞ്, കെ.പി.കേശവമേനോനെ തന്റെ ഒരു അനന്തരവൻ സമീപിച്ചു. പാലക്കാട്ടെ ത്യാഗരാജ സംഗീത വിദ്യാലയത്തിൽ ശാസ്ത്രീയ സംഗീതാഭ്യസനം നടത്തിയിട്ടുണ്ട്. പാട്ടുകാരനാണ്. കേശവമേനാൻ ആകാശവാണി നിലയം മേധാവിക്ക് ഏതാണ്ട് ഇപ്രകാരം ഒരു കത്ത് എഴുതി നൽകി : ഈ കത്തുമായി വരുന്ന എന്റെ നാട്ടുകാരനായ ഈ ചെറുപ്പക്കാരൻ ഒരു ഗായകനാണത്രേ! ആകാശവാണിക്ക് ഇയാളെ ഉപയോഗപ്പെടുത്താവുന്നതാണ്.
-പി.വി.കൃഷ്ണമൂർത്തി ശബ്ദപരിശോധന നടത്തി,അദ്ദേഹത്തെ ആകാശവാണിയിൽ അനൗൺസറായി നിയമിച്ചു : ശമ്പളം 75 രൂപ.കെ.പി.ഉദയഭാനുവായിരുന്നു , അത്.
1956-ൽ കോഴിക്കോട് ആകാശവാണിയിലെ സ്റ്റാഫ് ആർട്ടിസ്റ്റുകൾ പി.വി.കൃഷ്ണമൂർത്തിക്കു നൽകിയ യാത്രയയപ്പ് വേളയിൽ. ഇരിക്കുന്നവർ ഇടതു നിന്ന് : ചേർത്തല ഗോപാലൻ നായർ ,ഗായത്രി ശ്രീകൃഷ്ണൻ , ശ്രീമതി കൃഷ്ണമൂർത്തി, പി.വി.കൃഷ്ണമൂർത്തി,മായാ നാരായണൻ, കെ.രാഘവൻ .
നില്ക്കുന്നവർ ആദ്യ നിര: പുതുക്കോട് കൃഷ്ണമൂർത്തി,കെ.പി. ഉദയഭാനു, വെങ്കിടാച അയ്യർ(വയലിൻ), ഗോപിനാഥ് (വോക്കൽ), എം.ഉണ്ണികൃഷ്ണൻ (വീണ), ബി.എ. ചിദംബരനാഥ്, ഗുരുവായൂർ എസ് ശ്രീകൃഷ്ണൻ , പഴയന്നൂർ പരമേശ്വര അയ്യർ .
രണ്ടാം നിര : ടി.എസ്.ബാബു, ആർച്ചിബാൾ ഹട്ടൻ, പഴയന്നൂർ എൻ. പരശുരാമൻ, പാപ്പ വെങ്കിട്ടരാമ അയ്യർ (ഗോട്ടു വാദ്യം ) .
സംഗീതജ്ഞരായ ചേർത്തല ഗോപാലൻ നായർ, പഴയന്നൂർ പരശുരാമൻ,പാപ്പ വെങ്കിട്ടരാമയ്യർ, ആർച്ചിബാൾ ഹട്ടൻ, നാടക-സിനിമ അഭിനേതാക്കളായി മാറിയ ലക്ഷ്മീദേവി, രാജം കെ.നായർ....ഇങ്ങനെ, എഴുത്തുകാരുടേയും സംഗീതജ്ഞരുടേയും അഭിനേതാക്കളുടേയും വലിയൊരു നിര കോഴിക്കാട് ആകാശവാണിയിൽ സ്റ്റാഫ് അംഗങ്ങളായി. അങ്ങനെ, മലയാള സാഹിത്യത്തിന്റെ,സിനിമയുടെ , സംഗീതത്തിന്റെ , കലയുടെ മഹാക്ഷേത്രമായി മാറി, കോഴിക്കോട് ആകാശവാണി നിലയം.

ശ്രീബുദ്ധന്റെ ജീവിതത്തെക്കുറിച്ചുള്ള ബുദ്ധചരിതം ആട്ടക്കഥ, കോട്ടയ്ക്കൽ കഥകളി സംഘത്തെക്കൊണ്ട് ആദ്യമായി റേഡിയോയിൽ അവതരിപ്പിച്ചു,അദ്ദേഹം. അങ്ങനെ പുതിയ പരീക്ഷണങ്ങൾക്കും പി.വി.കൃഷ്ണമൂർത്തി തുടക്കമിട്ടു. ഭാര്യയുടെ അപ്രതീക്ഷിത വേർപാട് സൃഷ്ടിച്ച പ്രയാസങ്ങൾ കാരണം ജോലി ഉപേക്ഷിക്കാൻ നിർബന്ധിതനായ തിക്കോടിയനെ സാന്ത്വനിപ്പിച്ച്, ആകാശവാണിയിൽ പിടിച്ചു നിർത്തിയതും അദ്ദേഹമായിരുന്നു.

- കോഴിക്കോട് നിലയത്തിൽ വെറും മൂന്ന് വർഷം മാത്രം നീണ്ടു നിന്ന ഔദ്യോഗിക ജീവിതത്തിനിടയിൽ മലയാള റേഡിയോ പ്രക്ഷേപണത്തിൽ ഇങ്ങനെ തന്റേതായ ഒരു യുഗം തന്നെ തുറന്ന ക്രാന്തദർശിയായിരുന്നു ,പി.വി.കൃഷ്ണമൂർത്തി. പിന്നീട്, ഇന്ത്യയിലെ ആദ്യ ടെലിവിഷൻ പ്രക്ഷേപണത്തിന്റെ സ്പെഷ്യൽ ഓഫീസറായും, ദൂരദർശന്റെ ആദ്യത്തെ ഡയറക്ടർ ജനറലായും മറ്റും ചരിത്രത്തിൽ അനന്യമായ ഒരധ്യായം എഴുതിച്ചേർത്തു ,അദ്ദേഹം.

ഗറ്റൗട്ടോടെ തുടക്കം

-1944 ൽ ഡൽഹി ബ്രോഡ്കാസ്റ്റിങ്ങ് ഹൗസിൽ, വിദേശകാര്യ വിഭാഗത്തിൽ തമിഴ് വാർത്താപ്രക്ഷേപണത്തിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ 'ഗറ്റൗട്ട് ' ആക്രോശത്തോടെയായിരുന്നു ,കൃഷ്ണമൂർത്തിയുടെ മാധ്യമ ജീവിതത്തിന്റെ ഔദ്യോഗികാരംഭം. തമിഴ് വാർത്തകൾ വായിക്കാൻ കാഷ്വൽ അവതാരകനായി നിയോഗിക്കപ്പെട്ട അദ്ദേഹം ആദ്യ ദിവസം ആകാശവാണിയിലെത്താനുള്ള വഴി തെറ്റി, വൈകിയാണ് ജോലിക്കെത്തിയത്. അപ്പോഴക്കും മറ്റാരോ ബുള്ളറ്റിൻ വായിച്ചു തുടങ്ങിയിരുന്നു.
'നിങ്ങളെ ഈ പണിക്ക് കൊള്ളില്ല' എന്ന് പറഞ്ഞ മേലുദ്യോഗസ്ഥനെക്കൊണ്ട്, ആ അഭിപ്രായം മാറ്റിച്ച്, നല്ല വാർത്താ വായനക്കാരനും അനൗൺസറുമായിമാറി,കൃഷ്ണമൂർത്തി. പിന്നെ,അവിടെ തന്നെ പ്രോഗ്രാം അസിസ്റ്റന്റും പ്രോഗ്രാം എക്സിക്യൂട്ടീവുമായി.
റംഗൂൺ റേഡിയോ നിലയത്തിലെ ചില പരിപാടികൾ അവതരിപ്പിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. അന്ന് കുടുംബം അവിടെയായിരുന്നു. മൂത്ത സഹോദരി രാജേശ്വരിയും, 'സുബുദ്ധു' എന്ന തൂലികാ നാമത്തിൽ സംഗീത - നൃത്ത വിമർ ശനങ്ങളെഴുതിയിരുന്ന പി.വി. സുബ്രഹ്മണ്യം എന്ന സഹോദരനും കൃഷ്ണമൂർത്തിയെ കർണ്ണാടസംഗീതം പഠിപ്പിച്ചിരുന്നു. 1942 - ൽ റംഗൂണിൽ ജപ്പാൻ സൈന്യം ബോംബ് വർഷിച്ചപ്പോൾ ,അവിടെ നിന്ന് പലായനം ചെയ്ത് തമിഴ്നാട്ടിലെത്തി, കുടുംബം . അച്ഛൻ അവിടെ 'കലാക്ഷേത്ര'യുടെ മാനേജരായി.
' സാംസ്ക്കാരിക പശ്ചാത്തലമുള്ള കുടുംബമാണ്. പ്രക്ഷേപണ പരിചയവുമുണ്ട് ' എന്ന് , രുഗ്മിണിദേവി അരുണ്ടേൽ നൽകിയ പരിചയപ്പെടുത്തൽ കത്തുമായായിരുന്നു, കൃഷ്ണമൂർത്തിആകാശവാണിയിലെത്തിയത്. പ്രതിഭാധനരായ കലാകാരർക്ക് ആകാശവാണിയിലേക്കും ദൂരദർശനിലേക്കും വഴി തുറന്നു നൽകാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് തന്റെ ഈ പശ്ചാത്തലമാകാം.
1956-ൽ കോഴിക്കോട് നിലയത്തിൽ നിന്ന് പി.വി.കൃഷ്ണമൂർത്തിയെ സ്ഥലംമാറ്റിയപ്പോൾ, അതിനെതിരെ കെ.പി.കേശവമേനോൻ 'മാതൃഭൂമി'യിൽ മുഖപ്രസംഗം എഴുതിയത് മറ്റൊരു ചരിത്രം.

 പി.വി കൃഷ്ണമൂർത്തി കട്ടക്ക് നിലയത്തിൽ

 അദ്ദേഹത്തെ നിയമിച്ചത് ഒറീസയിലെ കട്ടക്കിൽ. അവിടെ വിദ്യാർത്ഥി പ്രക്ഷോഭം കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലമായിരുന്നു. കാമ്പസുകൾ സന്ദർശിച്ച്, കുറേ നേതാക്കളെ അദ്ദേഹം റേഡിയോ നിലയത്തിലേക്ക് ക്ഷണിച്ചു. അവർക്ക് പറയാനുള്ളത് പ്രക്ഷേപണം ചെയ്തു. തുടർന്നും അവർ റേഡിയോയിൽ പരിപാടികൾ അവതരിപ്പിച്ചു. അവരിലൊരാൾ പിന്നീട് ആ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി - നന്ദിനി സത്പതി.

ഹരിപ്രസാദ് ചൗരസ്യ,സ്മിതാ പാട്ടീൽ...

കട്ടക്ക് നിലയത്തിൽ വാദ്യസംഗീത കലാകാരൻമാരുണ്ടായിരുന്നില്ല. ആർക്കെങ്കിലും അവിടേക്ക് വരാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ച് അദ്ദേഹം മറ്റ് നിലയങ്ങൾക്ക് കത്തയച്ചു. കുട്ടികളുടെ പരിപാടിയിൽ പുല്ലാങ്കുഴൽ വായിക്കുന്ന ബി-ഗ്രേഡുള്ള ഒരാൾക്ക് താല്പര്യമുണ്ടെന്ന് കാണിച്ച് അലഹബാദ് നിലയത്തിൽ നിന്ന് മറുപടി വന്നു.തന്നെ വന്നു കാണാൻ അയാൾക്ക് കൃഷ്ണമൂർത്തി എഴുതി. "പുലർച്ചെ അഞ്ചു മണിക്ക് അയാളെത്തി, 9 ന് ഞാൻ വരും വരെ കാത്തിരുന്നു. "
-ലൈബ്രറിക്കടുത്ത ഒരു മുറിയിൽ താമസിക്കാൻ സൗകര്യം ചെയ്തു കൊടുത്തു. ലൈബ്രറിയിൽ നിന്ന് റെക്കാർഡുകൾ കേട്ട്, സ്റ്റുഡിയോയിൽ ഒഴിവുള്ള സമയം പ്രാക്ടീസ് ചെയ്യാനും അനുമതി നൽകി.
ഏതാനും ദിവസത്തിനകം അയാളെ സ്റ്റാഫ് ആർട്ടിസ്റ്റായി അവിടെ നിയമിച്ചു - പുല്ലാങ്കുഴലിൽ ഇതിഹാസമായി മാറിയ ഹരിപ്രസാദ് ചൗരസ്യയായിരുന്നു അത്.( അദ്ദേഹം പിന്നീട് ബോംബെ നിലയത്തിലേക്ക് മാറി. പുറത്ത് കൂടുതൽ അവസരങ്ങൾ ഉണ്ടായപ്പോൾ ജോലി രാജിവച്ചു).

ബോംബെ ടെലിവിഷൻ കേന്ദ്രം ഡയറക്ടറായിരിക്കുന്ന സമയത്ത് ഒരു ചെറുപ്പക്കാരി കരഞ്ഞു കൊണ്ട് അദ്ദേഹത്തെ കാണാനെത്തി. അടുത്തിടെ നടത്തിയ ന്യൂസ് റീഡർ ഓഡിഷനിൽ പങ്കെടുത്ത തന്നെ അന്യാമായി തോല്പിച്ചു എന്നായിരുന്നു അവരുടെ പരാതി. ഒറ്റ നോട്ടത്തിൽ തന്നെ അവർക്ക് ടെലിവിഷൻ അവതാരകയാകാനുള്ള ഗുണങ്ങളുണ്ടെന്ന് കൃഷ്ണമൂർത്തിക്ക് തോന്നി. വീണ്ടും ഓഡിഷൻ നടത്തിയപ്പോൾ അവർ പാസായി. അങ്ങനെ ടെലിവിഷൻ വാർത്താ അവതാരകയും അനൗൺസറുമായി, ആ യുവതി. 1975-ൽ അവരെ ശ്യാം ബെനഗൾ തന്റെ സിനിമയിലവതരിപ്പിച്ചു : സ്മിതാ പാട്ടീൽ.

- അങ്ങനെ, ആകാശവാണി, ടെലിവിഷൻ ജീവിതകാലത്ത് പി.വി.കൃഷ്ണമൂർത്തി കൈപിടിച്ചുയർത്തിയവർ അനവധി.

ദൂരദർശന്റെ ആദ്യ സാരഥി

കട്ടക്ക് നിലയത്തിൽ നിന്ന് ഡൽഹി ആകാശവാണിയിലേക്കാണ് അദ്ദേഹം നിയമിക്കപ്പെട്ടത്. ആകാശവാണിയുടെ ഭാഗമായി പുതിയൊരു പരീക്ഷണം ആരംഭിക്കുന്നതിന്റെ ചുമതക്കാരനായ സ്പെഷ്യൽ ഓഫീസർ .അത് ടെലിവിഷൻ പ്രക്ഷേപണത്തിന്റെ തുടക്കം. 1959-ൽ പ്രഗതി മൈതാനത്ത് നടന്ന ഒരു പ്രദർശനത്തിൽ ഫിലിപ്സ് കമ്പനി സ്റ്റാപിച്ച ക്ലോസ്ഡ് സർക്യൂട്ട് ടെലിവിഷൻ സ്റ്റുഡിയോ അവർ ആകാശവാണിക്ക് നൽകി. അത് വച്ച് ആകാശവാണിയുടെ അഞ്ചാം നിലയിൽ സാങ്കേതിക വിഭാഗംസ്റ്റുഡിയോയും ,അമേരിക്കയിൽ നിന്ന് ലഭിച്ച ശക്തി കുറഞ്ഞ ഒരു പ്രസരണിയും മറ്റ് സംവിധാനങ്ങളുമൊരുക്കി. അങ്ങനെ 1959 - സെപ്തം 15 ന് പരീക്ഷണാടിസ്ഥാനത്തിൽ,ഇന്ത്യയിൽ ടെലിവിഷൻ പ്രക്ഷേപണം ആരംഭിച്ചു. അത് ഉദ്ഘാടനം ചെയ്തത് പ്രസിഡന്റ് ഡോ.രാജേന്ദ്രപ്രസാദായിരുന്നു. ചൊവ്വ, വെള്ളി ദിവസങ്ങളിൽ മാത്രം ഒരു മണിക്കൂർ പ്രക്ഷേപണം. 25 കിലോമീറ്റർ പരിധിയിൽ മാത്രമേ പരിപാടികൾ കാണാൻ കഴിഞ്ഞിരുന്നുള്ളൂ.
പി.വി.കൃഷ്ണമൂർത്തി വിശ്രമ ജീവിതത്തിൽ : (വലത്) 'സൈറ്റ്' ടെലിവിഷൻ പരിപാടി കാണാൻ ഒരു ഗ്രാമത്തിൽ സംവിധാനമൊരുങ്ങുന്നു(1975).

സൈറ്റ്
‘സൈറ്റ്’’പരീക്ഷണം
ഇന്ത്യയുടെ ടെലിവിഷൻ ചരിത്രത്തിലെ വലിയ സംഭവമായിരുന്നു ഉപഗ്രഹമുപയോഗിച്ച് ഗ്രാമങ്ങളിൽ വിദ്യാഭ്യാസ - കാർഷിക വിജ്ഞാനമെത്തിച്ചെ 'സൈറ്റ്', അഥവാ സാറ്റലൈറ്റ് ഇൻസ്ട്രക്ഷണൽ ടെലിവിഷൻ എക്സ്പിരിമെന്റ്(SITE ). ലോക ഇലക്ട്രോണിക്ക് മാധ്യമ രംഗത്തെ തന്നെ ഏറെ തിളക്കമുള്ള ഒരദ്ധ്യായമായി മാറിയ ഈ ടെലിവിഷൻ പരിപാടിയുടെ നേതൃത്വം, അന്ന് അഡീഷണൽ ഡയറക്ടർ ജനറലായിരുന്ന പി.വി.കൃഷ്ണമൂർത്തിക്കായിരുന്നു. അമേരിക്കയിലെ കേപ്പ് കെന്നഡിയിൽ നിന്ന് എ.ടി.എസ് -6 എന്ന ഉപഗ്രഹം വിക്ഷേപിക്കുന്നത് കാണാൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി തന്നെ കൃഷ്ണ മൂർത്തിയെ അവിടേക്ക് അയച്ചു.
നാസയുടേയും ഐ.എസ്.ആർ.ഒ യുടേയും സഹകരണത്തോടെ, ഈ ഉപഗ്രഹം വഴി , രാജസ്ഥാൻ, ബീഹാർ,ഒറീസ, മദ്ധ്യപ്രദേശ്, ആന്ധ്ര പ്രദേശ്, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിലെ 2400 ഗ്രാമങ്ങളിലെ ജനങ്ങളിലേക്ക് പ്രതിദിന കാർഷിക , ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക ശാക്തീകരണ ടെലിവിഷൻ പരിപാടികൾ എത്തിച്ചു. കുട്ടികൾക്കും പ്രായമുള്ളവർക്കും പ്രത്യേക പരിപാടികളുണ്ടായിരുന്നു.1975 ആഗസ്റ്റ് 1 ന് ഉദ്ഘാടനം ചെയ്യപ്പെട്ട ഈ പരിപാടി ഒരു വർഷം നീണ്ടു നിന്നു . കട്ടക്ക്, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽ സ്ഥാപിച്ച സ്റ്റുഡിയോകളിലൂടെ ഓരോ സംസ്ഥാനത്തേയും മാതൃഭാഷകളിൽ മൊത്തം 1320 മണിക്കൂർ നീണ്ട ടെലിവിഷൻ പരിപാടികളാണ് പ്രക്ഷേപണം ചെയ്തത്. വൈദ്യുതി പോലുമെത്താത്ത ഗ്രാമങ്ങളിൽ ആന്റിന സ്ഥാപിച്ച്,ബാറ്ററി കൊണ്ട് ടെലിവിഷൻ സെറ്റുകൾ പ്രവർത്തിപ്പിച്ച് ഈ പരിപാടികൾ കാണിച്ചു. ഇതിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഡോ. വിക്രം സാരാഭായി, ഡോ. യശ്പാൽ കപൂർ തുടങ്ങിയവർ ഈ ടെലിവിഷൻ വിപ്ലവത്തിൽ വലിയ പങ്കു വഹിച്ചു.
ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തെ മാറ്റിയെഴുതിയ, ലോകമെമ്പാടുമുള്ള മാധ്യമ വിദഗ്ധരുടെ ശ്രദ്ധയും പ്രശംസയും പിടിച്ചു പറ്റിയ ആ പരിപാടിയോടെ ദൂരദർശൻ ആകാശവാണിയിൽ നിന്ന് വേർപ്പെടുത്തി,സ്വതന്ത്ര്യ സ്ഥാപനമാക്കി.

1976 ഏപ്രിൽ ഒന്നിന് ദൂരദർശന്റെ ആദ്യ ഡയറക്ടർ ജനറലായി പി.വി.കൃഷ്ണമൂർത്തി നിയമിക്കപ്പെട്ടു - അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ തന്നെ.
1979-ൽ സർവ്വീസിൽ നിന്ന് വിരമിച്ച ശേഷവും മാദ്ധ്യമരംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു ,അദ്ദേഹം.
കോഴിക്കോട് ആകാശവാണി നിലയത്തിൽ 2006 ഓഗസ്റ്റിൽ ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ 'പെൺ മനസ്' സെമിനാർ പി.വി.കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്യുന്നു. പി.ടി. രുഗ്മാവതി, ഫാബി ബഷീർ, ഇമ്പിച്ചി പാത്തുമ്മബി, പി. കാത്തുംബി, സി.പി.രാജശേഖരൻ എന്നിവർ സമീപം.

2006 ഓഗസ്റ്റിൽ കോഴിക്കോട് നിലയം മഹാനായ ഈ പ്രക്ഷേപകനെ ആദരിച്ചിരുന്നു. ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'പെൺ മനസ്' സെമിനാർ അദ്ദേഹമാണ് ഉദ്ഘാടനം ചെയ്തത്. മുൻ സഹപ്രവർത്തകനായ എൻ.എൻ.കക്കാടിന്റെ ഭാര്യ ശ്രീദേവി കക്കാട്, വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ ഫാബി ഉൾപ്പെടെയുള്ളവർ അനുഭവങ്ങൾ പങ്കുവച്ചു.
തിക്കോടിയൻ മൂന്ന് ദശാബ്ദങ്ങൾക്ക് മുൻപ് എഴുതിയ 'പാടും കുയിലേ..' എന്ന ലളിതഗാനത്തിന് പി.വി.കൃഷ്ണമൂർത്തി വീണ്ടും ഈണം നൽകി. സ്റ്റേഷൻ ഡയറക്ടർ സി.പി.രാജശേഖരൻ എഴുതിയ ഓണപ്പാട്ടുകൾക്കും അദ്ദേഹം അന്ന് സംഗീതം നൽകിയതും വാർത്തയിൽ ഇടം നേടിയിരുന്നു.

ഇന്ത്യയിലെ റേഡിയോ - ടെലിവിഷൻ രംഗത്തെ ഇതിഹാസമെന്ന വിശേഷണത്തിന് തികച്ചും അർഹനായ പി.വി.കൃഷ്ണമൂർത്തി(94), 2019 ഒക്ടോബർ 16നാണ് ചെന്നൈയിൽ അന്തരിച്ചൂ.

Thursday 12 October 2023

ചരിത്രസാക്ഷികൾ-15:യു.കെ കുമാരൻ,ആർ.ഗോപാലകൃഷ്ണൻ

'രിത്രസാക്ഷികൾ ' പരമ്പരയുടെ (ക്ലബ് ഹൗസ് മീഡിയ റൂം,2023 ഏപ്രിൽ 8) പതിനഞ്ചാം ഭാഗത്തിൽ പ്രശസ്ത എഴുത്തുകാരനും കേരളകൗമുദി, വീക്ഷണം പത്രങ്ങളിൽ ദീർഘകാലം പത്രപ്രർത്തകനുമായിരുന്ന യു.കെ കുമാരനും 'പൂമ്പാറ്റ', 'വീക്ഷണം' ദിനപ്പത്രം ഉൾപ്പെടെയുള്ള പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതിയിൽ പ്രവർത്തിച്ച ,കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി കൂടിയായ ആർ.ഗോപാലകൃഷ്ണനും മാദ്ധ്യമാനുഭവങ്ങൾ പങ്കുവെച്ചു.
 
യു.കെ കുമാരന്റെ മാദ്ധ്യമപ്രവർത്തനം ആരംഭിക്കുന്നത് 1973ലാണ്.കൊച്ചി ഭാരതീയ വിദ്യാഭവനിൽ പത്രപ്രവർത്തന ഡിപ്ലോമയ്ക്ക് പഠിക്കാൻ ചേർന്നതാണ് വഴിത്തിരിവായത്. കോഴിക്കോട് ജില്ലയിലെ പയ്യോളിയിൽ ജനിച്ച യു.കെ കുമാരൻ ബിരുദം നേടിയ ശേഷം, തനിക്ക് പ്രവർത്തിക്കാൻ പറ്റിയ മേഖല ഏതെന്ന് നടത്തിയ അന്വേഷണമാണ് ഈ രംഗത്തെത്തിച്ചത്.പഠനകാലത്തൊന്നും പത്രപ്രവർത്തന മേഖലയെക്കുറിച്ച് ചിന്തിക്കാൻ കൂടി കഴിഞ്ഞിരുന്നില്ല.അതുമായി ബന്ധമുള്ള ആരും നാട്ടിലോ കുടുംബത്തിലോ ഉണ്ടായിരുന്നില്ല.പത്രപ്രവർത്തനം പരിശീലിപ്പിക്കാനോ പഠിപ്പിക്കാനോ അടുത്തെങ്ങും സ്ഥാപനങ്ങളും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് കൊച്ചി ഭാരതീയ വിദ്യാഭവനിൽ ഡിപ്ലോമയ്ക്ക് പഠിക്കാൻ പോകുന്നത്.''വീട്ടിൽ ആരും അനുകൂലമായിരുന്നില്ല. അപകടകരമായ ആ തീരുമാനം എടുത്തത് സ്വന്തം ഇഷ്ടപ്രകാരം ആയിരുന്നു''.
 
അന്ന്, പത്രപ്രവർത്തകനും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റുമായിരുന്ന സി. എച്ച് ഹരിദാസ് സുഹൃത്തായിരുന്നു . കെ.പി.സി.സി കൊച്ചിയിൽ നിന്ന് ഒരു രാഷ്ട്രീയ വാരിക ആരംഭിക്കുന്നുണ്ടെന്നും അതിൽ ശ്രമിച്ചു നോക്കണ മെന്നും അദ്ദേഹം പറഞ്ഞു. ഹരിദാസിന്റെ ഒരു കത്ത് വാങ്ങിയാണ് കൊച്ചിക്ക് പുറപ്പെട്ടത്. 
 
കൊച്ചി നഗരത്തിൽ ഒരു അത്താണി അന്ന് ആവശ്യമായിരുന്നു. കെ.പി.സി.സി ആസ്ഥാനത്തെത്തി, എ.കെ ആന്റണിയെ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ജേർണ്ണലിസം ഡിപ്ലോമയ്ക്ക് ചേർന്ന് ഏതാനും ദിവസങ്ങൾ കഴിഞ്ഞ് ഒരു കത്ത് കിട്ടി.അത് എ.കെ ആന്റണിയുടെതായിരുന്നു. 'എന്നെ വന്ന് - ആന്റണി' എന്നായിരുന്നു അതിൽ എഴുതിയിരുന്നത്. പാർട്ടി ആരംഭിക്കുന്ന വാരികയിൽ നിൽക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഡി.വിവേകാനന്ദൻ പത്രാധിപരും കെ.വി.കെ വാരിയയർ , കെ.കെ മാധവൻ എന്നിവർ പത്രാധിപസമിതി അംഗങ്ങളും പെരുന്ന തോമസ് ഉപദേശക സമിതി അംഗവുമായി തുടങ്ങിയ 'വീക്ഷണ'ത്തിൽ ചേർന്നു. മാധ്യമ രംഗത്തെ എല്ലാക്കാര്യങ്ങളും മനസിലാക്കി. എല്ലാ രംഗങ്ങളിലുമുള്ള ഒട്ടെറെപ്പേരെ പരിചയപ്പെട്ടു. രാഷ്ട്രീയ രംഗത്തെ ഓരോ ചലനവും വളരെ അടുത്ത് നിന്ന് അറിയാൻ തുടങ്ങി.
 
1976ൽ വീക്ഷണം ദിനപത്രമായി പ്രസിദ്ധീകരണം ആരംഭിച്ചപ്പോൾ , അത് ഒരു സാംസ്കാരിക വാരികയാക്കിമാറ്റി. 'മാതൃഭൂമി'യിൽ നിന്ന് വിരമിച്ച രവിവർമ്മയും പത്രാധിപ സമിതിയിൽ ചേർന്നു.അടിയന്തരാവസ്ഥയുടെ ചൂട് പിടിച്ച അക്കാലത്ത് രാഷ്ട്രീയ വിമർശനങ്ങൾ എഴുത്തുകാരുടെ രചനകളിൽ ഉണ്ടാവുക സ്വാഭാവികമായിരുന്നു. ഇക്കാര്യത്തിൽ എ.കെ ആന്റണിയുടെ ഉപദേശം തേടി ."എഴുത്തുകാരുടെ സ്വാതന്ത്ര്യത്തിന് അതിരുണ്ടാക്കാൻ പാടില്ല. പക്ഷേ, അവർ എഴുതുന്നത് ചിന്തിച്ചു മാത്രം കൊടുക്കുക", അദ്ദേഹം പറഞ്ഞു.
 
പക്ഷേ,ആരും അന്ന് ഇടപെട്ടില്ല. ഏഴ് വർഷത്തോളമാണ് അവിടെ പ്രവർത്തിച്ചത് ."ഒട്ടേറെ പുതിയ എഴുത്തുകാരെ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് എന്റെ മാദ്ധ്യമജീവിതത്തിലെ ഏറ്റവും അഭിമാനമുള്ള കാര്യം".സി അയ്യപ്പൻ, ഗ്രേസി, രഘുനാഥ് പലേരി തുടങ്ങിയവരുടെ കഥകൾ അതിൽ കൊടുത്തു. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ രചനകൾ തുടർച്ചയായി വീക്ഷണത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടതോടെയാണ് അദ്ദേഹം കലാകൗമുദിയുടേയും മലയാളനാടിന്റെയും ശ്രദ്ധയിൽ പെട്ടത്".
 
 അദ്ദേഹത്തിന്റെ 'ഹിരണ്യം' എന്ന ലഘുനോവലും വീക്ഷണത്തിലാണ് വന്നത്.അന്ന് തൊടുപുഴ ന്യൂമാൻസ് കോളേജിൽ വിദ്യാർഥികളായിരുന്ന ആർ. ഗോപാലകൃഷ്ണന്റേയും തോമസ് മാത്യുവിന്റേയും രചനകൾ തുടർച്ചയായി പ്രസിദ്ധീകരിക്കപ്പെട്ടതും ഈ വാരികയിലായിരുന്നു.
1980 ൽ വീക്ഷണം വാരികയുടെ പ്രസിദ്ധീകരണം നിർത്തി. തുടർന്ന്,കേരളകൗമുദിയിൽ ചേർന്നു. നീണ്ട 28 വർഷം അവിടെയാണ് പ്രവർത്തിച്ചത്. തൃശ്ശൂർ ന്യൂസ് ബ്യൂറോയിൽ റിപ്പോർട്ടറായാണ് തുടക്കം.
 
 അന്ന് അവിടെ മറ്റാരും ഉണ്ടായിരുന്നില്ല. ഏകാംഗ ബ്യൂറോ." അതൊരു പരീക്ഷണമായിരുന്നു.ദൈനംദിന പത്രപ്രവർത്തനത്തിൽ എനിക്ക് ഒരു പരിചയവുമുണ്ടായിരുന്നില്ല''.തൃശ്ശൂരിൽ വരുന്ന എഴുത്തുകാരും സാംസ്കാരികപ്രവർത്തകരുമൊക്കെ ബ്യൂറോയിലും വന്നിരുന്നു .അവരുടെ സംഗമവേദിയായിരുന്നു അവിടം .കോവിലൻ , ടി.വി കൊച്ചുബാവ ,എൻ.ടി ബാലചന്ദ്രൻ തുടങ്ങിയവരൊക്കെ അന്ന് നിത്യ സന്ദർശകരായിരുന്നു."തൃശ്ശൂരിൽ നിന്നുള്ള വാർത്തകൾ അന്ന് ശ്രദ്ധിക്കപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പ് നടന്നപ്പോൾ ,14 മണ്ഡലങ്ങളുടേയും വിലയിരുത്തൽ നടത്തി. അതിൽ 12ലെ പ്രവചനവും ശരിയായി ".
 
ഒരിക്കൽ ,അസുഖബാധിതനായ കോവിലനെ മലയാള മനോരമയിലെ ജോയി ശാസ്താംപടിക്കലിനൊപ്പം,അദ്ദേഹത്തിന്റെ വീട്ടിൽ പോയി കണ്ടു . പ്രധാനപ്പെട്ട ഒട്ടേറെ കാര്യങ്ങൾ പറഞ്ഞുവെങ്കിലും, അവ റിപ്പോർട്ട് ചെയ്യരുതെന്ന് അദ്ദേഹം നിർദ്ദേശിച്ചിരുന്നു. മറ്റൊരിക്കൽ , ടി.വി കൊച്ചുബാവയ്ക്കൊപ്പം വി.കെ.എന്നിനെ സന്ദർശിച്ചു.അദ്ദേഹത്തോടൊപ്പം കൊച്ചുബാവയും തിരുവില്വാമല അമ്പലത്തിൽ കയറി .അദ്ദേഹം മുസ്ലീമാണെന്നറിഞ്ഞ് പരിഹാരക്രിയ ചെയ്യണമെന്ന് ചിലർ വി.കെ.എന്നിനോടാവശ്യപ്പെട്ടുവത്രേ. അദ്ദേഹം അതിനുള്ള തുക നൽകി.
'എവിടെ ആ മാപ്പിള ചെക്കൻ ?'എന്ന് ചോദിച്ചു കൊണ്ട് അടുത്ത ദിവസം വി.കെ.എൻ ബ്യൂറോയിലെ ത്തി,അതിന് നഷ്ടപരിഹാരം ചോദിച്ചു.
 
നാലര വർഷത്തോളമാണ് തൃശ്ശൂരിൽ പ്രവർത്തിച്ചത്. പിന്നെ, കോഴിക്കോട്ടേക്ക് സ്ഥലംമാറ്റമായി. ആധുനിക സംവിധാനങ്ങളുമായി അവിടെ നിന്ന് പത്രം ആരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായ കാലമായിരുന്നു. ഇന്ദിരാ ഗാന്ധി വധത്തെത്തുടർന്നായിരുന്നു,പത്രം അച്ചടിച്ചു തുടങ്ങിയത്.ബ്യൂറോയിലും ഡെസ്കിലും മാറി,മാറി പ്രവർത്തിച്ചു. പ്രതിഭാധനരായ ധാരാളം പത്രപ്രവർത്തകരുണ്ടായിരുന്നു, അവിടെ.യൂണിറ്റ് ചീഫ് ആയിരിക്കെയാണ് അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് കേരളകൗമുദി വിട്ടത്.അതിന്റെ കാരണങ്ങൾ വിശദമായി ,'23 വയസ്സിൽ ജനിച്ച ഒരാൾ ' എന്ന ഓർമ്മക്കുറിപ്പുകളിൽ എഴുതിയിട്ടുണ്ട്.
 
"പിന്നാക്ക സമുദായങ്ങളുടെ മുഖപത്രം എന്ന രീതിയിൽ ആരംഭിച്ച കേരളകൗമുദി പിന്നീട് അതിൽ നിന്ന് വ്യതിചലിച്ചു.നിലപാടുകളിൽ സംഭവിച്ച വ്യതിയാനവുമായി യോജിക്കാൻ പറ്റിയില്ല".
വിചിത്രമായ അനുഭവങ്ങളുണ്ട് . അന്ന് കേരള കൗമുദി മലബാറിലെ മൂന്നാമത്തെ ദിനപ്പത്രമായിരുന്നു. അറുപതിനായിരം കോപ്പി വരെ സർക്കുലേഷനുണ്ടായി. പക്ഷേ, കോപ്പി കൂടുന്നതിന് മാനേജ്മെന്റിന് താല്പര്യമുണ്ടായിരുന്നില്ല . കൂടുതൽ കോപ്പികൾ അച്ചടിച്ചാൽ പത്രത്തിന്റെ ഗ്രേഡ് കൂടും.ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും കൂടുതൽ കൊടുക്കേണ്ടി വരും .അതിനാൽ, എങ്ങനെ കോപ്പി കുറയ്ക്കാം എന്നാണ് മാനേജ്മെൻറ് അന്ന് ചിന്തിച്ചിരുന്നത്. അതിനായി അവർ നിരന്തരം പ്രയത്നിച്ചു. "ഒരുപക്ഷേ, കേരളത്തിലെ ഒരു മാധ്യമത്തിലും ഈ അവസ്ഥ ഉണ്ടായിട്ടില്ല. കുടുംബത്തിലെ തർക്കങ്ങളും മറ്റും കാരണം പിന്നീടൊരിക്കലും പത്രത്തിന് ഇത്രയും സർക്കുലേഷൻ ഉണ്ടാക്കാനായില്ല ".ആ സ്ഥാനത്ത് , പിന്നാക്കക്കാരുടെ മുഖപത്രമായി മാധ്യമം വളർന്നു വന്നു.
 
കേരളകൗമുദി വിട്ട ശേഷം ഏതാനും വർഷം വീക്ഷണത്തിന്റെ കോഴിക്കോട് യൂണിറ്റിൽ റസിഡൻറ് എഡിറ്ററായും പ്രവർത്തിച്ചു. പക്ഷേ, അത് ശരിയായില്ല.
 
മാദ്ധ്യമരംഗത്തെ അനുഭവങ്ങൾ ഉൾക്കൊളളുന്നതാണ് പുതിയ നോവൽ - കണ്ട് കണ്ടിരിക്കെ . ഒരു പത്രപ്രവർത്തകന്റെ ജീവിത കഥയാണിത്. കോവിഡിന്റെ തീഷ്ണമായ അവസ്ഥയിൽ, സാമൂഹികജീവിതം നിശ്ചലമായ കാലത്താണ് അത് പുറത്തുവന്നത് ."സമൂഹത്തെ പഠിക്കുന്ന ഒരാൾക്ക് തോന്നാവുന്ന ചില തിരിച്ചറിവുകളാണ് ആ നോവൽ രചനക്ക് അടിസ്ഥാനം".
 
പത്രപ്രവർത്തനരംഗത്തെ അനുഭവങ്ങൾ തന്റെ മാസ്റ്റർപീസായ 'തക്ഷൻകുന്ന് സ്വരൂപം ' എന്ന നോവലിന്റെ രചനയെ സഹായിച്ചിട്ടുണ്ട്. 100 വർഷത്തെ കഥയാണത്. കെ.കേളപ്പനെപ്പോലെ ജീവിച്ചിരുന്ന ഒട്ടേറെപ്പേരുടെ കഥകളുണ്ടതിൽ. ഏറെ ക്കാലത്തെ വിവരശേഖരണം വേണ്ടിവന്നു. നോവൽ ഒരു വർഷം കൊണ്ടാണ് എഴുതി പൂർത്തിയാക്കിയത്.
 
"എഴുത്തും പത്രപ്രവർത്തനവും തമ്മിൽ കൂട്ടിക്കുഴയ്ക്കാൻ ശ്രമിച്ചിട്ടില്ല ".പതിനേഴാം വയസ്സിൽ പഠിക്കുമ്പോഴായിരുന്നു ആദ്യ കഥ 'അന്വേഷണ' ത്തിൽ പ്രസിദ്ധീകൃതമായത്. ജീവിതവുമായി ബന്ധപ്പെട്ടതായിരുന്നു ആ രചന. ആദ്യ കഥയുടെ അടിസ്ഥാനസഭാവം തന്നെ ഏറ്റവും ഒടുവിലത്തെ രചനയിലും നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്.എഴുതുന്നത് വസ്തുനിഷ്ഠമായിരിക്കണമെന്ന് നിഷ്കർഷയുണ്ട്. ഭാഷകൊണ്ട് സങ്കീർണതകൾ ഉണ്ടാക്കാൻ ശ്രമിക്കാറില്ല. യഥാർത്ഥത്തിലുള്ളവരാണ് കഥാപാത്രങ്ങൾ. കഥ എഴുതുന്ന കാലവും നടന്ന കാലവും തമ്മിൽ പാരസ്പര്യം ഉണ്ടാകണം.
 
"പുരുഷന്മാരോടൊത്ത് നിൽക്കാൻ പ്രാപ്തരായ സ്ത്രീകഥാപാത്രങ്ങളുണ്ട്, എന്റെ രചനകളിൽ". സ്ത്രീ, പുരുഷ രചന എന്ന വേർതിരിവ് എഴുത്തിൽ ആവശ്യമേ ഇല്ലെന്നും യു.കെ കുമാരൻ പറഞ്ഞു.
 
"പത്രപ്രവർത്തന രംഗത്തെ എന്റെ ഗുരുവാണ് യു.കെ.കുമാരൻ", ആർ.ഗോപാലകൃഷ്ണൻ തന്റെ മാദ്ധ്യമ ജീവിതത്തിലേക്കുള്ള നാൾവഴികൾ ഓർത്തെടുത്തു.കോളേജിൽ പഠിക്കും മുൻപ് തന്നെ എഴുതി തുടങ്ങിയിരുന്നു.ഗണിതത്തിൽ സയൻസ് ബിരുദത്തിന് ന്യൂമാൻ കോളേജിൽ പഠിക്കുമ്പോഴായിരുന്നു വീക്ഷണം വാരികയിൽ എഴുതിത്തുടങ്ങിയത്."അതിനുള്ള പ്രേരണയും ആത്മവിശ്വാസവും ബോദ്ധ്യവും ഉണ്ടാക്കിത്തന്നത് യു.കെ.കുമാരനാണ്". മൂവാറ്റുപുഴയിൽ നിന്ന് എറണാകുളത്തേക്ക് എത്തിയത് ,എം.എസ്.സിയ്ക്ക് പഠിക്കുവാൻ വേണ്ടിയായിരുന്നു .സെൻറ് ആൽബർട്ട്സ് കോളേജിൽ പ്രവേശനം കിട്ടിയെങ്കിലും അവിടെ ചേർന്നില്ല.എറണാകുളത്ത് എം.കെ.സാനു, എം.വി. ദേവൻ , ടി.ആർ,സെന്റ് ആൽബർട്ടസ് കോളേജിലെ അദ്ധ്യാപകനായിരുന്ന സുഭാഷ് ചന്ദ്രൻ തുടങ്ങിയവരെ പരിചയപ്പെട്ടു.
വീട്ടിൽ എല്ലാവർക്കും അന്ന് സർക്കാർ ജോലിയായിരുന്നു ."അതിൽ നിന്ന് വ്യത്യസ്തമായ പാത സ്വീകരിക്കണമെന്ന് ആഗ്രഹമുണ്ടായി".
 
എറണാകുളത്തു നിന്ന് നേരെ പോയത് കോഴിക്കോട്ടേക്ക് .അവിടെ റീജ്യണൽ എൻജിനീയറിങ് കോളേജിൽ പ്രൊഫസറായിരുന്ന സഹോദരനോടൊപ്പം താമസിച്ചു. മാവൂർ ഗ്വാളിയർ റയോൺസ് ഫാക്ടറിയുടെ പാരിസ്ഥിതിക ദൂഷണത്തിനെതിരായും, സൈലന്റ് വാലി സംരക്ഷണത്തിനായും പ്രക്ഷോഭം നടക്കുന്ന കാലം.കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനായിരുന്നു പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ നേതൃത്വം .അന്ന് യുറീക്കയുടെ എഡിറ്റോറിയൽ ബോർഡ് കോഴിക്കോട്ടായിരുന്നു പ്രവർത്തിച്ചിരുന്നത്. കുടുംബപരമായി ബന്ധമുള്ള പ്രൊഫ.എം.കെ. പ്രസാദിനൊപ്പം ആ പ്രവർത്തനങ്ങളിൽ സജീവമായി. മറ്റെല്ലാവരും സന്നദ്ധ പ്രവർത്തനത്തിന് സമയം കണ്ടെത്തിയപ്പോൾ,മാനേജിങ്ങ് എഡിറ്ററായി അവിടെ മുഴുവൻ സമയവും പ്രവർത്തിച്ചു. പരിഭാഷ മുതൽ പാക്കിംഗ് വരെയുള്ള ജോലികൾ ചെയ്തു.അതായിരുന്നു , മാദ്ധ്യമ ജീവിതത്തിന്റെ തുടക്കം .അന്ന് മലബാർ ക്രിസ്ത്യൻ കോളേജ് സ്കൂളിലെ ചിത്രകലാഅധ്യാപകനായിരുന്ന മദനൻ ശാസ്ത്ര പ്രസിദ്ധീകരണങ്ങളിൽ ചിത്രങ്ങൾ വരച്ചിരുന്നു. 
 
മുൻ കമ്മ്യൂണിസ്റ്റായ എൻ.വി കൃഷ്ണവാര്യരെപ്പോലുള്ളവർ സ്ഥാപിച്ച ശാസ്ത്ര സാഹിത്യ പരിഷത്ത് അന്ന് തികച്ചും സ്വതന്ത്രമായ സംഘടനയായിരുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളിലും പ്രവർത്തിക്കുന്നവർ അതിൽ സജീവമായിരുന്നു. സൈലന്റ് വാലിയിൽ അണക്കെട്ട് വേണമെന്നായിരുന്നു അന്ന് സി.ഐ.ടി. യു നേതാവായിരുന്ന ഒ.കെ. ഹബീബ് വാദിച്ചത്. അതിനെതിരെ പ്രസംഗിച്ചിട്ടുണ്ട്."പിന്നീട്, പാർട്ടി ഫ്രാക്ഷൻ കീഴിൽ ആക്കിയപ്പോഴാണ് പരിഷത്തിന് രാഷ്ട്രീയം ഉണ്ടായത് .പോഷക സംഘടനയായതോടെ ശക്തി ക്ഷയിച്ചു ".
 
1982 നവംബറിൽ പൈകോ ക്ലാസിക്കിന്റേയും സിന്ദൂരം വനിതാ മാസികയുടേയും ചുമതലക്കാനായി ചേർന്നു. കരൂർ ശശിയിൽ നിന്ന് ടൈറ്റിൽ വാങ്ങി, കെ.എൽ. മോഹനവർമ്മ പത്രാധിപരായി തുടങ്ങിയതായിരുന്നു, സിന്ദൂരം. പക്ഷേ,അദ്ദേഹം അതിൻ തുടർന്നില്ല. അവിടെ ചേർന്ന് രണ്ടു മാസത്തിനുളളിൽ ,പൂമ്പാറ്റ പത്രാധിപർ എൻ.എം മോഹൻ കുറേ സഹപ്രവർത്തകർക്കൊപ്പം ബാലരമയിൽ ചേർന്നു. അതോടെ , 1983 ആദ്യം, ഈ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായി ."24ആം വയസ്സിൽ എന്നെ മുഖ്യ പത്രാധിപത്യം എങ്ങനെ ഏൽപ്പിച്ചു എന്ന് പലരും അത്ഭുതപ്പെട്ടു''.പൂമ്പാറ്റയും അമർചിത്രകഥയും വലിയ പ്രചാരം നേടിയ കാലമാണത്. 1985 സെപ്റ്റംബറിൽ 2.75 ലക്ഷം കോപ്പിയായിരുന്നു , പൂമ്പാറ്റയുടെ സർക്കുലേഷൻ .അവ കുട്ടികളിൽ ഉണ്ടാക്കിയ വലിയ സ്വാധീനം ചില കുടുംബ ചടങ്ങുകളിൽ പോകുമ്പോൾ അനുഭവിച്ചറിഞ്ഞിട്ടുണ്ട്.
 
"ഒരുതരം കിട്ടുണ്ണി സർക്കസ്സായിരുന്നു പത്രാധിപരുടെ ജോലി". നൂറുകണക്കിന് കത്തുകളാണ് കുട്ടികൾ അയച്ചിരുന്നത് .അവയിൽ നിന്ന് കമന്റുകൾ മാത്രം എടുത്ത് ചേർത്താണ് അവ പ്രസിദ്ധീകരിച്ചിരുന്നത്.ലേ -ഔട്ട് ആയിരുന്നു ബുദ്ധിമുട്ടുള്ള മറ്റൊരു മേഖല. ഓരോ ലക്കവും കുട്ടികൾക്ക് കളറിങ്ങിനുള്ള ചിത്രങ്ങളൊക്കെ നൽകണം . അത് വളരെ സൂക്ഷ്മതയോടെ നിർവഹിക്കേണ്ട ജോലിയായിരുന്നു.
 
സാഹിത്യ പ്രവർത്തക സഹകരണ സംഘം വിശ്വവിജ്ഞാന കോശം പ്രസിദ്ധീകരണ പ്രൊജക്റ്റ് തുടങ്ങിയപ്പോൾ,അതിന്റെ എഡിറ്ററായി. നാലുവർഷംകൊണ്ട് 12 വോള്യമാണ് പ്രസിദ്ധീകരിച്ചത് എൻ.ബി.എസിന്റെ തളർച്ച തുടങ്ങുന്നതിന് മുമ്പുള്ള കാലം. പുസ്തകങ്ങൾ അവിടെ കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. പക്ഷേ,വിശ്വവിജ്ഞാനകോശം എല്ലാ എഡിഷനുകളും പ്രസിദ്ധീകരിച്ചു.
 
കോൺഗ്രസ് രാഷ്ട്രീയത്തിലെ ഏറ്റവും പ്രക്ഷുബ്ധമായ ഒരു കാലത്ത്, 1991 ൽ , വീക്ഷണം ദിനപത്രത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായി .അന്ന് സി.പി ശ്രീധരനായിരുന്നു മുഖ്യപത്രാധിപർ.പത്രം ആരംഭിക്കുമ്പോഴും അദ്ദേഹമായിരുന്നു ,പത്രാധിപർ. എന്നാൽ തന്റെ സ്വന്തം നിലപാടുകൾക്കായി കലഹിക്കുന്ന സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നു .അതിനാൽ, ഇടക്കാലത്ത് അദ്ദേഹം രാജിവച്ചു പോയി .അപ്പോൾ , സി.രാധാകൃഷ്ണൻ കുറച്ചുകാലം പത്രാധിപരായി വന്നു.പിന്നീട്, അനുനയിപ്പിച്ച് അദ്ദേഹത്തെ തിരികെ കൊണ്ടുവന്നെങ്കിലും പിന്നെയും അദ്ദേഹം നേതൃത്വവുമായി ഉടക്കി രാജിവച്ചു. പക്ഷേ, മാനേജ്മെൻറ് അത് സ്വീകരിച്ചിരുന്നില്ല. അതിനാൽ,ഓഫീസിൽ വരുന്നത് അദ്ദേഹം നിർത്തി .ചില മുഖപ്രസംഗങ്ങൾ എഴുതുന്നത് അദ്ദേഹത്തിന്റെ വീട്ടിൽ പോയി ശേഖരിക്കുകയായിരുന്നു.
 
കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കിനെ അപലപിച്ചുക്കൊണ്ട് അദ്ദേഹം എഴുതിയ ഒരു മുഖപ്രസംഗം വലിയ വിവാദമായി. പല പത്രങ്ങളും അതേക്കുറിച്ച് വാർത്തകൾ നൽകിയപ്പോഴാണ് വീക്ഷണം പത്രം പലരും വായിക്കാൻ നോക്കിയത്. പക്ഷേ, പത്രം അച്ചടിച്ചിരുന്നത് ഒട്ടും തെളിച്ചമില്ലാത്ത ലിപികളിൽ ആയിരുന്നു. ഇതോടെ,പഴയ പ്ലമാഗ് റോട്ടറി പ്രസ് കണ്ടം ചെയ്ത്, പുതിയ സംവിധാനം സ്വീകരിക്കാൻ തീരുമാനമായി. അങ്ങനെ, ആ കൊല്ലം ഡിസംബർ ഒന്നിന് വീക്ഷണം പുതിയ ഓഫ്സെറ്റ് പ്രസിൽ അച്ചടിച്ചു തുടങ്ങി." ഒരു സാങ്കേതിക വിദഗ്ധൻ എന്ന നിലയിലായിരുന്നു എന്നെ നിയമിച്ചത്".
എ.കെ ആൻറണിയെ തോൽപ്പിച്ച്, കെ.പി.സി.സി അധ്യക്ഷനായ വയലാർ രവിയായിരുന്നു വീക്ഷണത്തിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ.ഡയറക്ടറായി പി.സി ചാക്കോയുമുണ്ടായിരുന്നു.
"വാർത്താസമാഹരണം എനിക്ക് ചലഞ്ചായി തോന്നിയിരുന്നതേയില്ല. അതിലൊട്ട് താൽപര്യവും ഉണ്ടായിരുന്നില്ല. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളൊന്നും പത്രത്തിൽ അന്ന് പ്രസിദ്ധീകരിച്ചിരുന്നില്ല".
പ്രശ്നങ്ങൾ രൂക്ഷമായപ്പോൾ , മുതിർന്ന നേതാവ് കെ . ശങ്കരനാരായണന്റെ മധ്യസ്ഥതയിൽ അവ ഒത്തുതീർന്നു. അപ്പോൾ , അതിനെക്കുറിച്ചുള്ള വാർത്ത നൽകണമെന്നായി കെ.പി.സി.സി നേതൃത്വം . ഇതെക്കുറിച്ച് മുൻപ് ഒരു വാർത്തയും നൽകാത്തതിനാൽ അതിന്റെ അസാംഗത്യം ചൂണ്ടിക്കാണിച്ചു.
പരസ്യങ്ങൾ കിട്ടാനായി വീക്ഷണം വാർഷിക പ്പതിപ്പുകൾ ഇറക്കിയിരുന്നു. തങ്ങൾക്ക് ഏറ്റവുമിഷ്ടപ്പെട്ട കഥകളെക്കുറിച്ച് ബഷീർ, തകഴി തുടങ്ങിയ പ്രമുഖ എഴുത്തുകാർ ഒരു പതിപ്പിൽ കുറിപ്പുകളെഴുതി. 'ശിങ്കിടിമുങ്ക'നും 'വെള്ളപ്പൊക്കത്തിലു'മായിരുന്നു അവരുടെ പ്രിയ രചനകൾ . ബഷീറിന്റെ മരണത്തിന് തൊട്ടു മുൻപായിരുന്നു,അത് .
 
മധു മഞ്ജുളാലയം, കരൂർ ശശി, വി.മധുസൂദനൻ നായർ തുടങ്ങി പ്രതിഭാധനരായ ധാരാളം പേർ വീക്ഷണത്തിൽ പ്രവർത്തിച്ചിരുന്നു." പക്ഷേ, ടാലന്റുള്ളവരെ പിടിച്ചു നിർത്താൻ കഴിഞ്ഞില്ല. അവിടെ പാർട്ടി നേതാക്കളുടെ നോമിനികൾ ധാരാളമുണ്ടായിരുന്നു. മറ്റെങ്ങും ജോലി കിട്ടാത്തതിനാൽ അവർ അവിടെ തന്നെ നിന്നു". അങ്ങനെ വന്ന ഒരു ഉന്നതൻ , വീക്ഷണം വാരികയുടെ മുഴുവൻ ലക്കങ്ങളും നശിപ്പിച്ചു കളഞ്ഞു. ഇന്ന് വ്യക്തികളുടെ സ്വകാര്യശേഖരത്തിൽ മാത്രമേ പഴയ ലക്കങ്ങൾ അവശേഷിച്ചിട്ടുണ്ടാകൂ.
 
'ഇംഗ്ലീഷ് സംസാരിക്കാൻ ഒരു ഫോർമുല ' എന്ന പുസ്തകത്തിലൂടെ മരണാനന്തരം പ്രസിദ്ധനായി തീർന്ന പി.വി രവീന്ദ്രൻ വീക്ഷണം പത്രാധിപ സമിതിയിൽ പ്രവർത്തിച്ചിരുന്നു.കാസർകോട്ടെ ഒരു ഗിരിവർഗ മേഖലയിൽ നിന്ന് വന്ന അദ്ദേഹം വീക്ഷണത്തിൽ സബ് എഡിറ്ററായിരുന്ന കാലത്ത്, നിരീക്ഷകൻ എന്ന പേരിൽ രാഷ്ട്രീയ കോളം എഴുതിയിരുന്നു. എ.കെ.ആന്റണി ഏറെ ബഹുമാനിച്ചിരുന്ന അദ്ദേഹം ഇടക്കാലത്ത് പത്രത്തിൽ നിന്ന് പോയി." തിരിച്ചു കൊണ്ടുവന്ന് , കോളം പുന:രാരംഭിച്ചുവെങ്കിലും അത് വിജയിച്ചില്ല". 
 
തങ്ങൾ ഒരു മുറിയിലായിരുന്നു താമസിച്ചിരുന്നതെന്ന് യു.കെ.കുമാരൻ കൂട്ടിച്ചേർത്തു. രോഗങ്ങൾ കാരണം മൂന്നു പ്രാവശ്യം എം.എ.പരീക്ഷ എഴുതിയെങ്കിലും അദ്ദേഹത്തിന് ജയിക്കാൻ കഴിഞ്ഞില്ല. മിടുക്കനായ പത്രപ്രവർത്തകനും ഇംഗ്ലീഷ് ഭാഷാവിദഗ്ധനുമായിരുന്ന അദ്ദേഹം അകാലത്തിൽ അന്തരിച്ചു.
 
പിന്നീട് പത്രപ്രവർത്തകനായി അറിയപ്പെട്ട ഒ.സുന്ദർ അന്ന് വീക്ഷണം വാരികയിലെ ചിത്രകാരനായിരുന്നുവെന്ന് ആർ.ഗോപാലകൃഷ്ണൻ പറഞ്ഞു.
 
"ഞാൻ ഒരു സംഘടനയിലും അംഗമല്ല. പൂർണ്ണമായും കോൺഗ്രസ് അനുഭാവിയുമല്ല. അഭിപ്രായസ്വാതന്ത്ര്യത്തോടും ജനാധിപത്യത്തോടുമാണ് എനിക്കെപ്പോഴും കമ്മിറ്റ്മെന്റ്.ഒട്ടേറെ ദൗർബല്യങ്ങൾ ഉണ്ടെങ്കിലും കോൺഗ്രസ് നശിക്കാൻ പാടില്ലെന്നും അത് നവീകരിക്കപ്പെടേണ്ടതാണെന്നും ഉറച്ചു വിശ്വസിക്കുന്ന ആളാണ് ഞാൻ. 1929 ലെ ജലന്ധർ എ.ഐ.സി.സി സമ്മേളനത്തിൽ ജവഹർലാൽ നെഹ്റുമാണ് ആദ്യമായി ഇങ്ക്വിലാബ് സിന്ദാബാദ് വിളിച്ചത് എന്ന കാര്യം പലരും ഇപ്പോഴും വിസ്മരിക്കുന്നു.സത്യത്തിന്റെ കൂടെ നിൽക്കാൻ ഇടതുപക്ഷ പാർട്ടികളിൽ അംഗമാകേണ്ടതില്ല" .
 
കേരള സാഹിത്യ അക്കാദമി സെക്രട്ടറിയായിരിക്കേ, മൂന്ന് പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു. ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നതിനുള്ള റിസർച്ച് ജേർസ്റലായി 'സാഹിത്യലോക'ത്തിന് രജിസ്ട്രാർ ഓഫ് ന്യൂസ് പേപ്പഴ്സിന്റെ അംഗീകാരം കിട്ടുന്നതിന് ചെറിയൊരു തുക സ്വന്തം പോക്കറ്റിൽ നിന്ന് കൈക്കൂലിയായി നൽകണ്ടി വന്ന കഥ അദ്ദേഹം വിവരിച്ചു. റിസർച്ച് ജേർണ്ണലായതോടെ അതിൽ ലേഖനങ്ങൾ ഉൾപ്പെടുത്താൻ വലിയ തിരക്കായി. ഡോക്ട്രേറ്റ് കിട്ടുന്നതിന് അംഗീകൃത പ്രസിദ്ധീകരണങ്ങളിൽ രണ്ട് ലേഖനങ്ങളെങ്കിലും പ്രസിദ്ധീകരിക്കന്നമെന്ന് വ്യവസ്ഥയുണ്ട്. സ്ഥിരം വായനക്കാരുടെ താല്പര്യം കണക്കിലെടുത്ത് അവ സാധാരണ ലക്കങ്ങളിൽ നിന്ന് ഒഴിവാക്കി.അതിനായി സ്പെഷ്യൽ പതിപ്പുകൾ ഇറക്കി.
 
ചർച്ചയിൽ പി.സുജാതൻ, രാജേന്ദ്രൻ പുതിയേടത്ത്, പി.തമ്പാൻ എന്നിവർ പങ്കെടുത്തു. ഡി.പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
'ചരിത്രസാക്ഷികൾ' പരമ്പര 15 ആം ഭാഗത്തിന്റെ ശബ്ദലേഖനം മീഡിയവൺ യൂട്യൂബ് ചാനലിലുണ്ട്.https://youtu.be/n3JJTDeQCDI

ചരിത്രസാക്ഷികൾ-14:വി.കെ ചെറിയാൻ,എസ്.രാധാകൃഷ്ണൻ

 രിത്രസാക്ഷികൾ (ക്ലബ് ഹൗസ്,ഏപ്രിൽ 1, 2023) പരമ്പരയുടെ പതിനാലാം ഭാഗത്തിൽ അനുഭവങ്ങൾ പങ്കുവയ്ക്കാൻ എത്തിയത് മുതിർന്ന മാധ്യമപ്രവർത്തകരായ വി. കെ ചെറിയാനും എസ്. രാധാകൃഷ്ണനും.

 
കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി ഡൽഹി കേന്ദ്രീകരിച്ച് മാദ്ധ്യമരംഗത്ത് പ്രവർത്തിക്കുന്ന വി.കെ. ചെറിയാൻ മാവേലിക്കര സ്വദേശിയാണ്. ഡിഗ്രിക്ക് സയൻസും പി.ജിക്ക് സോഷ്യോളജിയുമാണ് പഠിച്ചത്. അക്കാലത്ത് തന്നെ ഫിലിം സൊസൈറ്റികളുമായും 'സംക്രമണം' അടക്കമുള്ള സമാന്തര പ്രസിദ്ധീകരണങ്ങളുമായും ബന്ധം തുടങ്ങി. തിരുവനന്തപുരത്തെ ചിത്രലേഖ, ചലച്ചിത്ര എന്നീ ഫിലിം സൊസൈറ്റി കളുമായി അടുത്ത ബന്ധം പുലർത്തി. 
 
കാര്യവട്ടത്ത് പഠിച്ചുകൊണ്ടിരിക്കുമ്പോൾ ,ഒന്നാം വർഷം കഴിഞ്ഞ്, എം.ജെയുടെയും ,ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമ കോഴ്സിന്റേയും പ്രവേശന പരീക്ഷകളെഴുതി.അന്ന്, ചലച്ചിത്രയുടെ പ്രവർത്തകനായിരുന്ന കെ. വേലപ്പനായിരുന്നു ഐ.ഐ. എം.സിയുടെ ബ്രോഷൻ നൽകി , പ്രവേശനപരീക്ഷ എഴുതാൻ ഉപദേശിച്ചത്."എനിക്ക് നല്ലത് പത്രപ്രവർത്തനമാന്നെന്നായിരുന്നു അദ്ദേഹം ഉപദേശിച്ചത്". പ്രവേശന പരീക്ഷ പാസായശേഷം ചെന്നൈയിൽ വച്ചായിരുന്നു ഇൻറർവ്യൂ .വിജയകൃഷ്ണന്റെ പുറത്തിറങ്ങാത്ത ആദ്യ സിനിമയുടെ അസിസ്റ്റൻറ് ഡയറക്ടറായും യൂണിവേഴ്സിറ്റി ക്യാമ്പസിലെ ഒരു പ്രസിദ്ധീകരണത്തിന്റെ അസിസ്റ്റൻറ് എഡിറ്ററായും പ്രവർത്തിച്ചതിനാൽ, പ്രവേശനം എളുപ്പമായി. 
 
അക്കൊല്ലം ഇന്ത്യയിൽ നിന്ന് 15 പേരാണ് ഉണ്ടായിരുന്നത്. വിദേശ രാജ്യങ്ങളിൽ നിന്ന് 10 പേരും.പിന്നീട്, പ്രഗൽഭ പത്രപ്രവർത്തകരായിത്തീർന്ന ജോർജ് ജോസഫ് , ബി.സി ജോജോ തുടങ്ങിയവർ സീനിയേഴ്സായി അവിടെ ഉണ്ടായിരുന്നു.പ്രമുഖ മാദ്ധ്യമങ്ങളിലെ പരിചയസമ്പന്നരായ പത്രപ്രവർത്തകരായിരുന്നു പ്രായോഗിക പരിശീലനം നൽകിയത്. അത് വലിയ അനുഭവമായിരുന്നു.
ജവഹർലാൽ നെഹ്റു സർവകലാശാലയിൽ ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നു ,അന്ന്.പിൽക്കാലത്ത് നയതന്ത്രജ്ഞനായ വേണു രാജാമണിയടക്കമുള്ളവർ സുഹൃത്തുക്കളായി മാറി.
കോഴ്സിന്റെ ഭാഗമായി ദൂരദർശനിലാണ് ഇന്റേൺ ഷിപ്പ് ചെയ്തത്. ദേശീയതലത്തിൽ ടെലിവിഷൻ പ്രചാരം നേടി ത്തുടങ്ങിയ കാലമായിരുന്നു അത്. ട്രെയിനിങ്ങിന്റെ ഭാഗമായി ഒരു ഡോക്യുമെന്ററി ചെയ്തു. അത് ഒ.വി വിജയനെയും അദ്ദേഹത്തിന്റെ കാർട്ടൂണുകളേയും ആസ്പദമാക്കിയായിരുന്നു.
പ്രമുഖ പത്രങ്ങളുടെ ഡൽഹി ബ്യൂറോകൾ സ്ഥിതി ചെയ്യുന്ന ഐ.എൻ .എസ് ബിൽഡിങ്ങിൽ നിത്യ സന്ദർശകനായി. വി കെ മാധവൻകുട്ടി സക്കറിയ , നരേന്ദ്രൻ ('നായർസാബ്), ടി.വി.ആർ ഷേണായി തുടങ്ങിയവരെ അങ്ങനെ പരിചയപ്പെട്ടു. മാക്സ് മുള്ളർ ഭവനിലും ഹങ്കറി ഇൻഫർമേഷൻ സെന്ററിലും പ്രദർശിപ്പിച്ചിരുന്ന സിനിമകൾ സ്ഥിരമായി കാണുമായിരുന്നു.
 
"കോഴ്സ് കഴിഞ്ഞ് നാട്ടിലേക്ക് ഞാൻ മടങ്ങണം എന്നായിരുന്നു അപ്പച്ചന്റെ ആഗ്രഹം".നാട്ടിലെ ഒരു വായനശാലയുടെ സംഘാടകനായിരുന്ന അദ്ദേഹത്തിന് ഞാൻ നാട്ടിൽ നിൽക്കുന്നതായിരുന്നു , ഇഷ്ടം .നാട്ടുനടപ്പനുസരിച്ച് മലയാള മനോരമയിൽ ചേരാം.പക്ഷേ, അന്ന് ഇടതുപക്ഷ അനുഭാവികൾക്ക് മനോരമ നിയമനം നൽകിയിരുന്നില്ല. "മാത്രമല്ല, തമാശയായി ഞങ്ങൾ പറഞ്ഞിരുന്നത് പോലെ, അവിടുത്തെ 'അച്ചായൻ ജേർണ്ണലിസ'ത്തിൽ എനിക്ക് താല്പര്യവും ഉണ്ടായിരുന്നില്ല".എങ്കിലും സർക്കുലേഷൻ വിഭാഗത്തിൽ പ്രവർത്തിക്കുന്ന തന്റെ ഒരു ബന്ധു മുഖേന അപ്പച്ചൻ ശ്രമിച്ചുനോക്കി.
 
1981 ഏപ്രിൽ ഒന്നിന് ഹംഗേറിയൻ എംബസിയുടെ 'ന്യൂസ് ഫ്രം ഹംഗേറി ' എന്ന പ്രസിദ്ധീകരണത്തിൽ നിന്നായിരുന്നു മാദ്ധ്യമ ജീവിതത്തിന്റെ തുടക്കം കുറിച്ചത്.ആളിനെ പരിചയപ്പെടുത്തി ക്കൊണ്ടുള്ള ഒരു കത്ത് ആവശ്യമായിരുന്നു. സി.പി.ഐയുടെ അന്നത്തെ രാജ്യസഭാംഗമായിരുന്ന എസ്. കുമാരൻ കത്ത് നൽകി.കോഴ്സ് കഴിഞ്ഞതിന്റെ അടുത്ത ദിവസം അവിടെ ചേർന്നു.ഫുൾ ടൈം ജോലിയായിരുന്നു- രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 മണി വരെ .ശമ്പളം 800 രൂപയും 200 രൂപ അലവൻസും . അക്കാലത്തെ നല്ലൊരു തുകയായിരുന്നു , അത്.മലയാളിയായ ശിവനാഥിനായിരുന്നു ആ പ്രസിദ്ധീകരണത്തിന്റെ ചുമതല.അദ്ദേഹത്തിന്റെ സഹായിയായി അവിടെ ഒരു വർഷത്തോളം പ്രവർത്തിച്ചപ്പോൾ തന്നെ ആ ജോലി മടുത്തു. 
 
നായർസാബിനെ കണ്ടപ്പോഴാണ് എ.എഫ്.പി ഏജൻസിക്ക് ഏഷ്യാഡ് കവർ ചെയ്യാൻ ആളിനെ ആവശ്യമുണ്ട് എന്ന് അറിഞ്ഞത്. മലയാളിയായ ഗോവിന്ദനുണ്ണിയായിരുന്നു ബ്യൂറോ ചീഫ് .രണ്ട് ആഴ്ചത്തേക്ക് മാത്രം ഏഷ്യാഡ് കവർ ചെയ്യാൻ 2000 രൂപയാണ് ഏജൻസി വാഗ്ദാനം ചെയ്തത്. ആറുമാസം എ. എഫ്.പിയിൽ പ്രവർത്തിച്ചു .അപ്പോഴാണ് ,സമാചാർഭാരതി വാർത്താ ഏജൻസിയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ വാർത്തകൾ തയ്യാറാക്കാനുള്ള പാർട്ട് - ടൈം റിപ്പോർട്ടർ ജോലി ലഭിച്ചത്. ഐ.ഐ.എം.സിയിലെ പൂർവ്വ വിദ്യാർത്ഥിയായ പ്രതാപചന്ദ്രൻ അന്ന് സമാചാർഭാരതിയുടെ തിരുവനന്തപുരം ലേഖകനായിരുന്നു. അദ്ദേഹം മുഖേനയാണ് ആ ജോലി കിട്ടിയത് .ശമ്പളം 500 രൂപ. 
 
ആയിടക്കായിരുന്നു ഹൈദരാബാദിലെ ഈനാട് ഗ്രൂപ്പ് അവിടെ നിന്ന് ന്യൂസ് ടൈം എന്ന ഇംഗ്ലീഷ് പത്രം ആരംഭിച്ചത്. അതിലേക്ക് അപേക്ഷിച്ചു .ഉടമസ്ഥൻ റാമോജി റാവു ഇന്റർവ്യൂ ചെയ്തപ്പോൾ വിചിത്രമായ ഒരു ചോദ്യം ചോദിച്ചു:നിങ്ങളുടെ ബന്ധുക്കൾ ആരെങ്കിലും കേന്ദ്ര സർക്കാരിൽ ഉണ്ടോ ?
-അമ്മയുടെ ഇളയ സഹോദരൻ അന്ന് 'റോ' യിൽ ഉദ്യോഗസ്ഥനായിരുന്നു. പക്ഷേ ,അത് പറയാൻ പറ്റില്ല. റാമോജിറാവു ആയിരം രൂപയാണ് ശമ്പളമായി വാഗ്ദാനം ചെയ്തത് .പക്ഷേ . അവിടെ ചേർന്നില്ല. പകരം, ഡെക്കാൻ ക്രോണിക്കിളിന്റെ ഡൽഹി ബ്യൂറോയിൽ ചേർന്നു.1250 രൂപയായിരുന്നു ശമ്പളം.ആറുമാസത്തിനുള്ളിൽ മനിലയിൽ നടത്തുന്ന ഒരു അന്താരാഷ്ട്ര മാധ്യമ പരിശീലന പരിപാടിയുടെ സ്കോളർഷിപ്പ് ലഭിച്ചു. ഇത് ബ്യൂറോ ചീഫിന് ഇഷ്ടമായില്ല. അങ്ങനെ , ബന്ധം വഷളായി.മറ്റു പത്രങ്ങളിൽ ജോലിക്ക് ശ്രമിച്ചു തുടങ്ങി. പേട്രിയറ്റിൽ ചേരാൻ തീരുമാനിച്ചെങ്കിലും, അവസാന നിമിഷം അത് നടന്നില്ല. ഹിതവാതയിലാണ് എത്തിയത്.
 
ഏഷ്യാനെറ്റിന്റെ ആദ്യകാലത്ത് കുറച്ചുകാലം വാർത്താധിഷ്ഠിത പരിപാടികൾ അവതരിപ്പിച്ചു. കലാകൗമുദി, ഫിലിം മാഗസിൻ തുടങ്ങിയവയിൽ ചലച്ചിത്ര സംബന്ധമായ വിഷയങ്ങളെക്കുറിച്ച് ലേഖനങ്ങളും എഴുതിത്തുടങ്ങി.അതിന് എസ്.ജയചന്ദ്രൻ നായർ വലിയ പ്രോത്സാഹനം നൽകി.
ഇക്കാലത്ത് തന്നെ മൂന്നുവർഷം മാതൃഭൂമിയുടെ ഡൽഹി ബ്യൂറോയിൽ പാർട്ട് -ടൈം കറസ്പോണ്ടന്റായി .അത് വി.കെ മാധവൻകുട്ടിക്കൊപ്പമായിരുന്നു . ഇംഗ്ലീഷിലാണ് റിപ്പോർട്ടുകൾ നൽകിയിരുന്നത്. ഇന്ദിരാഗാന്ധിയുടെ മരണത്തെ തുടർന്ന് ഡൽഹിയിൽ സിക്കുകാർക്കെതിരെ കലാപങ്ങൾ നടക്കുമ്പോൾ , പാർലമെൻറ് ഹൗസിന് തൊട്ടുമുമ്പിലുള്ള സിക്ക് ഗുരുദ്വാരയുടെ മുന്നിലിട്ട് ഒരാളെ ചുട്ടുകരിക്കുന്നതിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. 'ഹിതവാദ' യിൽ നിന്ന് എത്തിയത് അമൃത ബസാർ പത്രികയുടെ ഡൽഹി ബ്യൂറോയിൽ .തുടർന്ന് നാലുവർഷം ഫിനാൻഷ്യൽ എക്സ്പ്രസ്സിലും പിന്നീട് ദ ഹിന്ദു ബിസിനസ് ലൈനിലുമാണ് പ്രവർത്തിച്ചത്."അന്നും ഇന്നും പ്രവർത്തിക്കാൻ ഏറ്റവും നല്ല പത്രം ഹിന്ദുവാണ് ."
 
1997ലാണ് മാധ്യമപ്രവർത്തനം അവസാനിപ്പിച്ചത്. 1991ൽ ടെലകോം വിപ്ലവം ഇന്ത്യയിൽ വന്നപ്പോൾ അതിനെക്കുറിച്ച് എഴുതാൻ ആരംഭിച്ചു."സയൻസ് പഠിച്ച അപൂർവ്വം പത്രപ്രവർത്തകരിൽ ഒരാളാണ്,ഞാൻ".അന്ന് ഡൽഹിയിലുണ്ടായിരുന്ന സാം പിട്രോഡയുമായി നല്ല ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു.പിന്നീടുള്ള പ്രവർത്തനമേഖല ടെലികോമായി ബന്ധപ്പെട്ട കമ്മ്യൂണിക്കേഷൻ രംഗമാണ്.
വി.കെ. ചെറിയാൻ അഞ്ചു പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.അവയിൽ ചിലതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ടി.പി.ചന്ദ്രശേഖരന്റെ കൊലപാതത്തെ തുടർന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അപചയ കാരണങ്ങൾ അന്വേഷിക്കുന്ന ലേഖനസമാഹാരമാണ് ' ക്രൈസിസ് ഓഫ് കോർപ്പറേറ്റ് കമ്മ്യൂണിസം : പൊളിറ്റിക്സ് ഓഫ് മർഡർ ഇൻ കേരള' എന്ന പുസ്തകത്തിന്റെ എഡിറ്ററാണ്. ബർലിൻ കുഞ്ഞനന്തൻ നായരായിരുന്നു കോർപ്പറേറ്റ് കമ്മ്യൂണിസം എന്ന സംജ്ഞ ആദ്യമായി ഉപയോഗിച്ചത്. പാർട്ടി ഓഫീസുകളും പത്രങ്ങളുമടക്കമുള്ള സ്ഥാപനങ്ങൾ പടുത്തുയർത്തുകയും അവ സംരക്ഷിക്കാനായി ആദർശങ്ങൾ കൈയൊഴിഞ്ഞ് ദുർബലമാവുകയും ചെയ്ത ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയെ വിശേഷിപ്പിക്കാനായിരുന്നു , അത്. കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങൾ, കേരളത്തിലെ പാർട്ടിയുടെ പ്രവർത്തനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വിമർശനാത്മകമായ വിലയിരുത്തലുകൾ അങ്ങനെ ദേശീയ തലത്തിൽ തന്നെ ചർച്ചയായി. എ.കെ.ജി ഭവനിലെത്തി, സീതാറാം യച്ചൂരിക്കാണ് ആദ്യ കോപ്പി നൽകിയത്.
 
- കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഉണ്ടായ അപചയത്തെ വിശദീകരിക്കാനായി സഫ്ദർ ഹാഷിമി പറഞ്ഞ വാക്യം അദ്ദേഹം ഉദ്ധരിച്ചു : തൊഴിലാളിവർഗ്ഗ സർവാധിപത്യം വിപ്ലവത്തിന് ശേഷമാണ് സംഭവിക്കേണ്ടത്. പക്ഷേ, കേരളത്തിൽ അത് വിപ്ലവത്തിന് മുമ്പ് തന്നെ ഉണ്ടായി.
ജനാധിപത്യ സംവിധാനത്തിൻ കീഴെയാണ് തങ്ങൾ പ്രവർത്തിക്കേണ്ടതെന്ന് അവർ മറന്നു. തങ്ങളുടെ കൂടെ ഉള്ളവരെ മാത്രം പാർട്ടിക്കാർ സംരക്ഷിക്കുന്ന പ്രവർത്തനശൈലിയാണ് അവരുടേത്. ബംഗാളിൽ അധികാരത്തിലിരുന്നപ്പോൾ നേതാക്കൾ ദാദാമാരായി. അവർക്ക് ചുറ്റും വീരാരാധനാവൃന്ദമുണ്ടായി.
എ.കെ.ജി പോലൊരു ജനകീയ നേതാവ് ബംഗാളിൽ പാർട്ടിക്കുണ്ടായില്ല. ഭരണത്തിലിരിക്കുമ്പോൾ പുലർത്തേണ്ട ജാഗ്രത അവർക്കുണ്ടായില്ല. അവിടെ ഭൂമി ഇല്ലാത്തവർക്ക് നൽകിയ പട്ടയങ്ങൾ പിൽക്കാലത്ത് ഭൂഉടമകളും മറ്റും കയ്യടക്കിയതും പാർട്ടിയുടെ പതനത്തിന് ഇടയാക്കിയതായി അദ്ദേഹം പറഞ്ഞു.
 
ടെഹൽക്ക സ്റ്റിങ്ങ് ഓപ്പറേഷന്റെ പശ്ചാത്തലത്തിൽ ഇതേക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് ,'ബസ്റ്റിംഗ് ഓഫ് ടെഹൽക്ക മിത്ത്' എന്ന പ്രസന്റേഷൻ തയ്യാറാക്കിയ പശ്ചാത്തലം വി. കെ ചെറിയാൻ വിവരിച്ചു. ജോർജ് ഫെർണാണ്ടസുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അടിയന്തരാവസ്ഥക്കാലത്തിന് ശേഷം അദ്ദേഹം പുത്തരിക്കണ്ടം മൈതാനത്ത് പ്രസംഗിക്കുമ്പോൾ ആവേശത്തോടെ അദ്ദേഹത്തെ കേട്ടിട്ടുണ്ട്. ഡൽഹിയിൽ ഫിനാൻഷ്യൽ എക്സ്പ്രസ് ലേഖകൻ ആയിരിക്കുമ്പോഴാണ് ഫെർണാണ്ടസുമായി അടുക്കാൻ ഇടവന്നത്. അദ്ദേഹം വളരെ സാധാരണക്കാരനായ നേതാവായിരുന്നു - ഡൗൺ ടു എർത്ത് .പക്ഷേ, ബോംബെ സ്റ്റോക്ക് മാർക്കറ്റ് രംഗത്തെക്കുറിച്ചും മറ്റും അഗാധമായ ജ്ഞാനം അദ്ദേഹത്തിനുണ്ടായിരുന്നു. ഹർഷദ് മേത്ത സംഭവത്തെക്കുറിച്ച് സംയുക്ത പാർലമെൻററി സമിതി അന്വേഷണം നടത്തുമ്പോൾ അദ്ദേഹവുമായി അക്കാര്യങ്ങൾ സംസാരിക്കാൻ ഇടവന്നു. വളരെ ആഴത്തിലുള്ള അറിവ് അദ്ദേഹത്തിനുണ്ടായിരുന്നു.പാർലമെൻറ് മന്ദിരം ആക്രമിക്കപ്പെടുന്നതിന് മുമ്പ് വരെ അദ്ദേഹത്തിന്റെ വീട്ടിൽ കാര്യമായ സെക്യൂരിറ്റി പോലും ഉണ്ടായിരുന്നില്ല.
 
തെഹൽകയുടെ സ്റ്റിങ്ങ് ക്യാമറ ഓപ്പറേഷൻ പത്ര പ്രവർത്തനത്തിന്റെ ധാർമികയ്ക്കു നിരക്കുന്നതല്ലന്ന് വി.കെ.ചെറിയാൻ പറഞ്ഞു. സ്ത്രീകളെ ഉപയോഗിച്ചുള്ള അധാർമികമാർഗ്ഗങ്ങൾ അതിൽ അവലംബിക്കപ്പെട്ടിട്ടുണ്ട്. ഇതേക്കുറിച്ചാണ് 'ബസ്റ്റിംഗ് ഓഫ് ദ മിത്ത് ' തയ്യാറാക്കിയത്.ജയ ജയ്റ്റ്ലിയും തെഹൽക്കയുടെ ലേഖകനായ മാത്യു ശാമുവലും തമ്മിൽ നടത്തിയ സംഭാഷണത്തിന്റെ യഥാർത്ഥ ശബ്ദരേഖയും പെട്ട ആ പ്രസന്റേഷൻ അന്നത്തെ പ്രധാനമന്ത്രി എ.ബി.വാജ്പേയിയെ കേൾപ്പിച്ചു.അതിൽ ഒന്നുമില്ല എന്നാണ് അന്ന് അരുൺ ഷൂരി പറഞ്ഞത്.പ്രതിരോധ ഇടപാടുകളിൽ ജോർജ് ഫെർണാണ്ടസ് ദുരാരോപണങ്ങൾക്ക് വിധേയനായി എന്നാണ് വിശ്വാസം.
നിർമ്മിതബുദ്ധിയിലും ഉള്ളടക്കത്തിനാണ് പ്രാധാന്യമെന്ന് വി.കെ.ചെറിയാൻ നിരീക്ഷിക്കുന്നു.യഥാർത്ഥ വിവരത്തിന്റെ (ഡേറ്റയുടെ ) ബലത്തിൽ മാത്രമേ ഇവ നിലനിൽക്കുകയുള്ളൂ. അതിന് മനുഷ്യബുദ്ധി തന്നെ വേണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അടിസ്ഥാനം തന്നെ ഈ യഥാർത്ഥ ബുദ്ധിയാണ്.വളയമില്ലാതെ ചാടാൻ ആകില്ല.
 
എസ്.രാധാകൃഷ്ണൻ തന്റെ വീടിനെക്കുറിച്ച് പറഞ്ഞു കൊണ്ടാണ് ആരംഭിച്ചത്.വെള്ളറടയിൽ സ്കൂൾ അധ്യാപകനായിരുന്ന അച്ഛൻ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്നു. അദ്ദേഹം ഒരുപാട് വായിക്കുകയും എഴുതുകയും ചെയ്യുമായിരുന്നു. പ്രധാനപ്പെട്ട സംഭവങ്ങൾ അദ്ദേഹം എന്നും ഒരു നോട്ട്ബുക്കിൽ എഴുതി വെക്കും.
 
സ്കൂൾ സ്കോളർഷിപ്പ് പരീക്ഷ എഴുതി പാസായി , ലയോള സ്കൂളിലാണ് പഠിച്ചത് .സയൻസ് വിഷയങ്ങളിലായിരുന്നു താല്പര്യം.പ്രീ ഡിഗ്രിക്ക് ശേഷം ശ്രീനഗർ എൻ.ഐ.ടിയിൽ പ്രവേശനം ലഭിച്ചെങ്കിലും പോയില്ല. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ബി.എസ്.സി ഫിസിക്സ് പഠിച്ചു.തുടർന്ന്, തിരുവനന്തപുരത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണസത്തിൽ ജേർണലിസം ഡിപ്ലോമയ്ക്കു ചേർന്നു. അന്ന് 500 രൂപയാണ് ഫീസ്.ഒപ്പം , കാര്യവട്ടത്തെ എം.ജെ കോഴ്സിനുള്ള പ്രവേശന പരീക്ഷയും എഴുതി. അതിനും പ്രവേശനം ലഭിച്ചു. രണ്ട് കോഴ്സ് ഒന്നിച്ചു പഠിക്കുക ബുദ്ധിമുട്ടായതിനാൽ കോഴ്സ് ഡയറക്ടറായ ദ ഹിന്ദുവിലെ കെ. പി നായർ സാറിനെ കണ്ട് അടച്ച ഫീസ് തിരികെ തരാൻ അഭ്യർത്ഥിച്ചു .ഒരു കാരണവശാലും അത് പറ്റില്ലെന്ന് അദ്ദേഹം അറിയിച്ചു. അങ്ങനെ, കോഴ്സ് തുടർന്നു.
 
മാധ്യമ രംഗത്തെ കിംഗ് മേക്കേഴ്സ് എന്ന് വിശേഷിപ്പിക്കാവുന്ന മുതിർന്ന പത്രപ്രവർത്തകരായിരുന്നു അവിടുത്തെ അധ്യാപകർ. അവിടെ ഒപ്പം പഠിക്കാൻ ഷാജി വിക്രമൻ , ബി രമേഷ് കുമാർ , കൃഷ്ണകുമാർ തുടങ്ങിയവർ ഉണ്ടായിരുന്നു. പ്രായോഗിക പരിശീലനത്തിലാണ് അവിടെ പ്രാധാന്യം നൽകിയത്.ദ ഹിന്ദുവിന്റെ മദ്രാസ് ഓഫീസിലാണ് ഇന്റേൺഷിപ്പ് ചെയ്തത്. ഡെസ്കിലും ബ്യൂറോയിലും പ്രവർത്തിച്ച നാരായണൻ , വീരരാഘവൻ , മാലിനി പാർത്ഥസാരഥി എന്നിവരെയൊക്കെ അടുത്ത് അറിയാനായി .
അക്കാലത്താണ് മലയാള മനോരമയിൽ ജേർണലിസ്റ്റ് ട്രെയിനിയായി നിയമനം ലഭിച്ചത്. ദ ഹിന്ദുവിൽ തുടരണോ പുതിയ നിയമനം സ്വീകരിക്കണോ എന്ന് ശങ്കയുണ്ടായി .ആറുമാസം കഴിഞ്ഞാൽ മാത്രമേ ദ ഹിന്ദുവിൽ അപേക്ഷ ക്ഷണിക്കൂ . കിട്ടുമെന്ന് ഉറപ്പുമില്ല. അങ്ങനെ, മലയാള മനോരമയിൽ ചേർന്നു.എസ്.എഫ്.ഐയിൽ പ്രവർത്തിച്ചതോ അച്ഛന്റെ പാർട്ടി ബന്ധമോ നിയമനത്തിന് തടസ്സമായില്ല.
 
14 വർഷം അവിടെ പ്രവർത്തിച്ചു. അക്കാലമത്രയും തിരുവനന്തപുരം ബ്യൂറോയിൽ ആയിരുന്നു. കെ.ആർ ചുമ്മാർ ആയിരുന്നു ബ്യൂറോ ചീഫ് . "ജോലിയിലെ ഡിസിപ്ലിൻ എന്തെന്ന് ഒരു ഹെഡ്മാസ്റ്ററെപ്പോലെ അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചു. ആദ്യദിവസം അദ്ദേഹം തന്നെ എല്ലായിടത്തും കൊണ്ടുപോയി എന്നെ പരിചയപ്പെടുത്തി ക്കൊടുത്തു".
 
ട്രെയിനിങ്ങിന്റെ ഭാഗമായി കുറച്ചു മാസം കൊച്ചിയിലും പ്രവർത്തിച്ചു. എറണാകുളത്തും പരിസരപ്രദേശങ്ങളിലും യാത്ര ചെയ്ത് ധാരാളം ഫീച്ചറുകൾ എഴുതി. "അവിടുത്തെ റസിഡൻറ് എഡിറ്റർ എന്നെ മകനെപ്പോലെ കണക്കാക്കി .നല്ല മെന്റേഴ്സിനെ കിട്ടിഎന്നതാണ് എന്റെ ഭാഗ്യം" .
ട്രെയിനിങ് കാലത്ത് തന്നെ ആദ്യത്തെ ബൈ ലൈൻ ലഭിച്ചു .സിനിമ എഡിറ്റർ പി. പി മാത്യുവാണ് അതിന് കാരണക്കാരൻ . അദ്ദേഹം നടി രോഹിണി ഹത്തംഗടിയെ ഇന്റർവ്യൂ ചെയ്യാൻ അയച്ചു . ബാലചന്ദ്രമേനോന്റെ 'അച്ചുവേട്ടന്റെ വീട്' സിനിമയിൽ അഭിനയിക്കാൻ വന്ന അവരെ ഷൂട്ടിംഗ് സൈറ്റിൽ വച്ചാണ് ഇൻറർവ്യൂ ചെയ്തത് .'ഇത്ര നീണ്ടമുടി എങ്ങനെ വന്നു ' എന്ന് കൗതുകത്തോടെ ചോദിച്ചപ്പോൾ ,'എത്ര വർഷമായി പത്രത്തിൽ വന്നിട്ട് ' എന്ന് അവർ അന്വേഷിച്ചു. 'ഒന്നേകാൽ വർഷം ' എന്നു പറഞ്ഞു.അപ്പോൾ, 'അങ്ങനെയൊന്നും ചോദിക്കരുത് ' എന്ന് അവർ ഉപദേശിച്ചു !
 
1987 മാർച്ച് 24 ന് ആദ്യത്തെ എ. എസ്.എൽ.വി റോക്കറ്റ് വിക്ഷേപണം റിപ്പോർട്ട് ചെയ്യാൻ ചെന്നൈയിലേക്ക് അയച്ചതാണ് മറക്കാനാവാത്ത ഒരു അനുഭവം."സീനിയർമാർ പലരും ഉണ്ടായിരുന്നു. പക്ഷേ, ആ നിയോഗം ലഭിച്ചത് വളരെ ജൂനിയറായ എനിക്കായിരുന്നു". കെ.ആർ ചുമ്മാറാണ് ഫ്ലൈറ്റ് ടിക്കറ്റ് ഉയർത്തിക്കാട്ടി,ആ യാത്ര ബ്യൂറോയിൽ പ്രഖ്യാപിച്ചത്. അന്ന് ട്രെയ്ൻ ഗതാഗതം തടസ്സപ്പെട്ടിരുന്ന സമയമായിരുന്നു. അതിനാൽ വിമാനത്തിൽ തന്നെ പോകണം. പ്രോട്ടോക്കോൾ പ്രകാരം മുതിർന്ന പത്രപ്രവർത്തർക്കു പോലും അന്ന് അതിന് യോഗ്യതയില്ലായിരുന്നു.
പുറപ്പെട്ടും മുൻപ്, തുമ്പയിലെ ബഹിരാകാശ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന എം.എസ്.ആർ ദേവിനെ കണ്ട് വിക്ഷേപണത്തിന്റെ വിവരങ്ങളൊക്കെ ശേഖരിച്ചിരുന്നു. ചെന്നൈയിൽ നിന്ന് ബസ്സിലാണ് ശ്രീഹരിക്കോട്ടയ്ക്ക് പോയത്.വൈകിട്ട് 6. 30നായിരുന്നു റോക്കറ്റ് വിക്ഷേപണം. അതുകഴിഞ്ഞ് ബസ്സിൽ ചെന്നൈയിലെത്തി ,രാത്രി എട്ടുമണിക്ക് റിപ്പോർട്ട് അയക്കുക ഒട്ടും പ്രായോഗികമായിരുന്നില്ല. അതിനാൽ, മുൻകൂട്ടി രണ്ട് റിപ്പോർട്ടുകൾ തയ്യാറാക്കി ഏല്പിച്ചു.വിക്ഷേപണം വിജയിക്കാനും പരാജയപ്പെടാനും സാധ്യതകൾ ഉണ്ടായിരുന്നു.
 
ആ വിക്ഷേപണം പരാജയപ്പെട്ടു. ഏതാനും മിനിറ്റുകൾക്കകം റോക്കറ്റ് നിലംപൊത്തി. ശ്രീഹരിക്കോട്ടയിൽ പത്രക്കാർക്കായി ടെലിപ്രിന്റർ സൗകര്യം ഒരുക്കിയിരുന്നു. ദേശീയ മാധ്യമങ്ങൾക്കാണ് ആദ്യം അവസരം നൽകിയത്. ദ ഹിന്ദുവിന്റെ റിപ്പോർട്ടർ സുബ്രഹ്മണ്യത്തെ പരിചയമുണ്ടായിരുന്നതിനാൽ, അദ്ദേഹം റിപ്പാർട്ട് അയച്ച ഉടൻ ഏതാനും മിനിറ്റുകൾ കൊണ്ട് ബ്യൂറോയിലേക്ക് ആ വിവരം ടെലക്സ് ചെയ്ത് അറിയിച്ചു." ആദ്യ എ.എസ്.എൽ.വി വിക്ഷേപണം പരാജയപ്പെട്ട വാർത്ത പത്രത്തിന്റെ ഒന്നാം എഡിഷനുകളിൽ തന്നെ പ്രസിദ്ധീകരിക്കപ്പെട്ടു. "ബൈലനിൽ എം.എസ് രാധാകൃഷ്ണ എന്ന പേരാണ് കൊടുത്തത്. അദ്ദേഹം ഹൈദരാബാദ് ലേഖകനായിരുന്നു. ജൂനിയറായെ എന്നെ അവർക്കറിയില്ലായിരുന്നു. പിന്നീടുള്ള എഡിഷനുകളിൽ ശരിയായ പേരു് നൽകി". സയൻസ്,ഉന്നത വിദ്യാഭ്യാസം,കായിക വിനോദങ്ങൾ എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.ഉന്നതവിദ്യാഭ്യാസത്തിലേയും ശാസ്ത്രത്തിലേയും റിപ്പോർട്ടിങ് മികവ് കാരണം അന്ന് കുസാറ്റ് സെനറ്റ് അംഗമായി ഗവർണർ നാമനിർദ്ദേശം ചെയ്തു.
 
ചീഫ് ന്യൂസ് റിപ്പോർട്ടറായിരിക്കുമ്പോഴായിരുന്നു മലയാള മനോരമ വിട്ടത്.കോട്ടയത്തേക്ക് ഒരു സ്ഥലംമാറ്റം ഉണ്ടാകുമെന്ന് കിംവദന്തിയുണ്ടായിരുന്നു. "വാർത്താസംഭവങ്ങൾ കുറഞ്ഞ അവിടേയ്ക്ക് പോകാൻ മടിയായിരുന്നു. അങ്ങനെ,പത്രം വിട്ടു. വലിയൊരു വേർപാടായിരുന്നു ,അത്''.
അറബ് ന്യൂസ് ഗ്രൂപ്പിന്റെ മലയാളം ന്യൂസ് പത്രത്തിൽ തിരുവനന്തപുരം സ്പെഷ്യൽ കറസ്പോണ്ടന്റായി മൂന്ന് വർഷം പ്രവർത്തിച്ചു."വലിയ ബോറിങ്ങായിരുന്നു,അത്".
 
പല കാര്യങ്ങളിലും അവരുമായി ഒത്തുപോകാൻ കഴിഞ്ഞില്ല.നിയന്ത്രണങ്ങൾ ഏറെ ഉണ്ടായിരുന്നു .വിഗ്രഹം കുരിശ്, പ്രതിമ തുങ്ങിയവയുടെ ഫോട്ടോകൾ പ്രസിദ്ധീകരിച്ചിരുന്നില്ല.തിരുവനന്തപുരത്ത് നടന്ന നാഷണൽ അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പിന്റെ ഫോട്ടോ എടുക്കാൻ ഫോട്ടോഗ്രാഫർ ടവ്വലുമായാണ് പോയത്. പെൺകുട്ടിയുടെ ശരീരം മറച്ചാണ് പടം എടുത്തത്. രാഷ്ട്രീയ കാരണങ്ങളാൽ 'ഇസ്ലാം തീവ്രവാദം' എന്ന് ഉപയോഗിക്കുന്നതിനും വിലക്കുണ്ടായിരുന്നു.സിനിമാവാർത്തകൾ കൊടുത്തിരുന്നില്ല. ഇതൊക്കെ ഉൾപ്പെടുത്തിയ ഒരു സ്റ്റൈൽ ബുക്കും പത്രത്തിന് ഉണ്ടായിരുന്നു.
 
പക്ഷേ, ബൈലൈൻ നൽക്കുന്നതിൽ അവർ ഉദാരമനസ്കരായിരുന്നു. ഒരു ദിവസം എട്ട് ബൈ ലൈൻ വരെ വന്നിട്ടുണ്ട്. അറബ് ന്യൂസിലും വാർത്ത വരുമായിരുന്നു. സൗദിയില ഓഫീസിലുള്ളപ്പോൾ , പത്രത്തിലെ ബൈലൈൻ കണ്ട്, പരിചയപ്പെടാൻ വായനക്കാർ എത്തുമായിരുന്നു.
അപ്പോഴാണ് ദുബായ് പ്രസ് സെന്റർ അവിടെ നിന്ന് 'എമിറേറ്റ്സ് പോസ്റ്റ് ' എന്ന പത്രം ആരംഭിക്കാൻ ഒരുക്കങ്ങൾ തുടങ്ങിയത്. വലിയ ശമ്പളത്തിൽ അതിന്റെ കേരള ബ്യൂറോ ചീഫായി . ഇന്ത്യയിലെ പല പ്രമുഖ പത്രപ്രവർത്തകരും അതിൽ ചേർന്നിരുന്നു. അവിടെ , ഒരു മലയാളം മാഗസിനും, ഫ്രൈഡേ പത്രവും ഇറക്കി. പക്ഷേ,ഉടമസ്ഥരായ മലയാളിയും പാകിസ്താനിയും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായതിനെ തുടർന്ന് പത്രം പുറത്തിറങ്ങിയില്ല.അങ്ങനെ, തൊഴിൽരഹിതനായി.
 
അപ്പോഴാണ് ഒരു പുതിയ ആശയം ഉടലെടുത്തത്. "എ.സി.വി ഉടമസ്ഥരായ മുംബൈയിലെ ഹാത്ത് വേ ഗ്രൂപ്പിന്റെ മുന്നിൽ ഒരു പുതിയ പ്രൊജക്റ്റുമായി ഞങ്ങൾ എത്തി".അതിന് നിക്ഷേപകർ ഏറെയുണ്ടായിരുന്നു.ഏഷ്യാനെറ്റ് കേബിൾ വരിക്കാർക്കായി ഒരു സൗജന്യ മാസിക.2001ൽ , അങ്ങനെ, 'ഗൃഹശ്രീ' മാസികയുടെ പത്രാധിപരായി. പ്രസിദ്ധീകരണരംഗത്തെ വിപ്ലവകരമായ പരീക്ഷണം എന്ന് ചിലർ വിശേഷിച്ച അത് വിതരണ, മാർക്കറ്റിങ്ങ് സംവിധാനങ്ങളിലെ ഒട്ടേറെ പ്രശ്നങ്ങൾ കാരണം പരാജയപ്പെട്ടു. അഞ്ചര ലക്ഷം കോപ്പികൾ അച്ചടിരുന്ന ഗൃഹശ്രീ വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയാണ് നിലച്ചത്.
 
തുടർന്ന്, മംഗളം ദിനപത്രത്തിൽ കോ-ഓർഡിനേറ്റർ എഡിറ്ററായി.മാധ്യമ അദ്ധ്യാപനരംഗത്തേക്ക് പ്രവേശിച്ചത് ഇക്കാലത്താണ് . മുൻപ് വി.കെ സോമൻ തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരിക്കുമ്പോൾ സയൻസ് റിപ്പോർട്ടിങ്ങിനെക്കുറിച്ച് കുറച്ച് ക്ലാസുകളെടുത്തിരുന്നു. "പ്രിയപ്പെട്ട ഗുരുനാഥനായ എൻ.ആർ.എസ് ബാബു ഡയറക്ടറായപ്പോൾ അദ്ദേഹം പ്രിയപ്പെട്ട ശിഷ്യനായ എന്നോട് അദ്ദേഹത്തെ സഹായിക്കാൻ ആവശ്യപ്പെട്ടു".കോഴ്സ് കോർഡിനേറ്ററായിരുന്ന ആർ. പാർവതീദേവി കുടുംബശ്രീ പി.ആർ.ഒ ആയിപ്പോയതിനാൽ ആ സ്ഥാനത്തേയ്ക്ക് നിയമിക്കപ്പെട്ടു. "പഠിപ്പിക്കാൻ താല്പര്യമില്ലായിരുന്നെങ്കിലും അദ്ധ്യാപകർ വരാത്ത ദിവസങ്ങളിൽ ആ ജോലി ബാബു സാർ ഏല്പിച്ചു". 
 
മാനേജ്മെന്റുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് അദ്ദേഹം രാജി വച്ചപ്പോൾ പകരക്കാരനായി അദ്ദേഹം തന്നെ എന്റെ പേര് നിർദ്ദേശിച്ചു". അങ്ങനെ, ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറുമായി .
മംഗളത്തിൽ നിന്ന് കേരളകൗമുദിയിലാണ് എത്തിയത്. അവിടെ നാല് വർഷം ഡെപ്യൂട്ടി എഡിറ്ററായി. തുടർന്ന് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ സ്ഥാപനമായ എം.ഡി. നീഷിന്റെ കേരളത്തിലെ ചുമതലക്കാരനായി. യു.എൻ ഐ. ഡൽഹി ബ്യൂറോ ചീഫായിരുന്ന സുരേഷ് ആരംഭിച്ച സ്ഥാപനമായിരുന്നു , അത്.ഇപ്പോൾ മലയാള മനോരമയുടെ മനോരമ സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷനിൽ അസിസ്റ്റൻറ് ഡയറക്ടറാണ് ."മലയാള മനോരയിൽ നിന്ന് രാജിവച്ച ഒരാൾ വീണ്ടും അവിടെ നിയമിക്കപ്പെടുന്നത് അത്യപൂർവ്വം".
 
ഇപ്പോൾ മാധ്യമരംഗത്ത് ചെറുപ്പക്കാരുടെ നല്ല ഒരു തലമുറ കടന്നുവരുന്നില്ലെന്ന് എസ്. രാധാകൃഷ്ണൻ നിരീക്ഷിച്ചു. അവർക്ക് നിലവാരമുള്ള പരിശീലനം ലഭിക്കുന്നില്ലന്നതാണ് മുഖ്യ പ്രശ്നങ്ങളിൽ ഒന്ന്. ഏത് മാധ്യമമായാലും നല്ല രീതിയിൽ എഴുതുന്നവർ വേണം. നല്ല ഭാഷയും ശൈലിയുമുണ്ടാകണം. പക്ഷേ, ഇപ്പോൾ അവിയൽ പരുവത്തിലുള്ള പരിശീലനമാണ് അവർക്ക് നൽകുന്നത്.എഴുത്ത് മെച്ചപ്പെടുത്തുന്ന രീതിയിൽ പരിശീലനം കേന്ദ്രീകരിക്കേണ്ടതുണ്ട്.
 
നല്ല വായനാശീലം ഉള്ളവർക്കു മാത്രമേ രാഷ്ട്രീയ അപഗ്രഥനങ്ങൾ നടത്താൻ പറ്റൂ. പുതുതലമുറയ്ക് അത് വളരെ പരിമിതമാണന്നും എസ്.രാധാകൃഷ്ണൻ പറഞ്ഞു.
 
ചർച്ചയിൽ സുരേഷ് നെല്ലിക്കോട്, എസ്.ജോർജ്ജ്കുട്ടി എന്നിവർ പങ്കെടുത്തു.
ഡി.പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
 
ചരിത്രസാക്ഷികൾ പരമ്പര പതിനാലാം ഭാഗത്തിന്റെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട്.https://youtu.be/bxG9Bw5foZc

'ചരിത്രസാക്ഷികൾ-10:രവി കുറ്റിക്കാട്,പി.വി മുരുകൻ

*കെ. ഹേമലത തയ്യാറാക്കിയ ട്രാൻസ്ക്രിപ്ഷൻ :
 
'രിത്രസാക്ഷികൾ'(ക്ലബ് ഹൗസ് മീഡിയ റൂം, 2023 മാർച്ച്‌ 04) പരമ്പരയുടെ പത്താം ഭാഗത്തിൽ അനുഭവങ്ങളും വീക്ഷണങ്ങളും പങ്കുവയ്ക്കാനെത്തിയത് ദേശാഭിമാനിയുടെ മുൻ സീനിയർ അസിസ്റ്റന്റ് എഡിറ്റർ രവി കുറ്റിക്കാടും കേരള കൗമുദി മുൻ ബ്യൂറോ,യൂണിറ്റ് ചീഫ് പി.വി മുരുകനുമാണ്.
 
തനിക്ക് 74 വയസ്സ് പൂർത്തിയായി എന്ന് പറഞ്ഞാണ് രവികുറ്റിക്കാട് പ്രഭാഷണം ആരംഭിച്ചത്.
കുടുംബത്തിലെ മൂത്തകുട്ടിയായിരുന്നു. പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ അച്ഛൻമരിച്ചു. അമ്മ നല്ല വായനക്കാരിയായിരുന്നു. പ്രമുഖരായ നിരവധി പേരുടെ ജീവചരിത്രം വായിച്ചിട്ടുണ്ട്, അമ്മ. അങ്ങനെ പല നേതാക്കന്മാരെയും അമ്മയ്ക്ക് അറിയാമായിരുന്നു.കുട്ടിയായിരിക്കുമ്പോൾ തന്നെ വായിക്കാൻ പ്രേരണ നൽകിയത് അമ്മയായിരുന്നു.ഞാൻ എഴുത്തുകാരൻ ആകണം എന്നായിരുന്നു അമ്മയുടെ ആഗ്രഹം.
 
വായന അതിന് വലിയ പ്രേരണയായിരുന്നു.'മഹാരാജാസിന് ഹൃദയപൂർവ്വം' എന്ന പുസ്തകം നടൻ മമ്മൂട്ടി പ്രകാശനം ചെയ്തപ്പോൾ മമ്മൂട്ടിയെ കാണാൻ നാട്ടിൽ നിന്ന് കാറുപിടിച്ച് 5000 ത്തിൽ പരം പേർ തിങ്ങി നിറഞ്ഞ സദസ്സിൽ മുന്നിൽ തന്നെ ഇരുന്നു, അമ്മ. 
 
പുസ്തകങ്ങൾ എന്നും ദൗർബല്യമാണ്. ആദ്യമായി ചെറുകഥാമത്സരത്തിൽ പങ്കെടുത്ത് രണ്ടാം സമ്മാനം വാങ്ങിയത് പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ്. യു. സി കോളേജിൽ ചേർന്നതോടെ വായന വിപുലമായി. കുറ്റിപ്പുഴ കൃഷ്ണപിള്ള സാർ വിരമിച്ച ശേഷമാണ് അവിടെ പഠിക്കാൻ എത്തുന്നത്. ഒരിക്കൽ വഴിയിൽ കണ്ടപ്പോൾ അദ്ദേഹത്തോടുള്ള ഇഷ്ടം കൊണ്ട് കൂടെ നാല് കിലോമീറ്റർ നടന്ന സംഭവം ഓർക്കുന്നു.
 
തൃശ്ശൂർ രാമവർമ്മപുരത്ത് എഴുത്തുകാരുടെ ക്യാമ്പ് നടക്കുമ്പോൾ സഹ മുറിയനായി എത്തിയത് സാക്ഷാൽ എൻ. എൻ പിള്ളയായിരുന്നു.നിരവധി എഴുത്തുകാർ അത്തവണ ക്യാമ്പിൽ എത്തിയിരുന്നു. ചെറുകാടിന്റെ മകൻ മോഹനനും ഒപ്പം ഉണ്ടായിരുന്നു.
 
യു. സി കോളേജ്, എറണാകുളം മഹാരാജാസ്, കേരളവർമ എന്നീ കോളേജുകളിലായിട്ടാണ് പഠനം പൂർത്തിയാക്കിയത്.മലയാളത്തിൽ ബിരുദാ നന്തര ബിരുദം കഴിഞ്ഞ് തൃശൂർ വിമല കോളേജിൽ നിന്ന് ജേണലിസവും പാസ്സായി.
 
കേരള ടൈംസിലാണ്‌ ആദ്യം ജോലി കിട്ടിയത്. ചീഫ് എഡിറ്റർ വെളിപ്പറമ്പൻ അച്ചനായിരുന്നു. നല്ല പ്രചാരം ഉണ്ടായിരുന്ന പത്രമായിരുന്നു കേരള ടൈംസ് അന്ന്. പത്രത്തിൻറെ പറവൂർ ലേഖകനായി നിയമനം കിട്ടി. പ്രമുഖ തിരക്കഥാകൃത്തായിരുന്ന ജോൺ പോൾ, മുൻ എം.പി സെബാസ്റ്റ്യൻ പോൾ തുടങ്ങി എഴുത്തിൽ താല്പര്യമുള്ള നിരവധി പേർ ടൈംസിൽ അക്കാലത്ത് ജോലി ചെയ്തിരുന്നു. കലാമണ്ഡലം ഗോപി കർണ്ണനായി അവതരിപ്പിച്ച കർണ്ണശപഥത്തെക്കുറിച്ചുള്ളതാണ് എന്റേതായി പത്രത്തിൽ വന്ന ആദ്യ ഫീച്ചർ.
 
ഫോട്ടോയോടൊപ്പം ഒന്നാം പേജിൽ കൊടുത്തു. കഥകളിക്കൊന്നും ടൈംസിൽ ഇടമില്ലാത്ത കാലമായിരുന്നു അത്. പിന്നീട് വെളിപ്പറമ്പൻ അച്ചൻ എന്നെ കാണുമ്പോൾ പറയും : ഞങ്ങളുടെ പത്രത്തിൽ ഇത്തരം വർത്തകളൊന്നും കൊടുക്കാറില്ല. പക്ഷേ, രവി എഴുതിയ ഫീച്ചർ കണ്ടപ്പോൾ കൊടുക്കണം എന്ന് തോന്നി .
 
പറവൂർ ബസ് സ്റ്റാൻഡിന് അടുത്തുള്ള കടയിൽ കണ്ട ഒരാളാണ് എന്നോട് ചോദിച്ചത് ,' കേസരി ബാലകൃഷ്ണപിള്ളയെ അറിയാമോ?' പറഞ്ഞു,' കേട്ടിട്ടുണ്ട്, വായിച്ചിട്ടുണ്ട്, പക്ഷേ ,കണ്ടിട്ടില്ല'. തൊട്ടടുത്തുള്ള ഒരു വീട് കാട്ടി അയാൾ പറഞ്ഞു, 'അക്കാണുന്നതാണ് കേസരിയുടെ വീട്'. ആകെ ത്രില്ലടിച്ചു പോയി. വാർത്ത കൊടുക്കുമോ എന്നത് മനസ്സിൽ അപ്പോൾ ഇല്ലായിരുന്നു. കേസരി ബാലകൃഷ്ണപിള്ളയുടെ ഭാര്യ ഗൗരിയമ്മ താമസിച്ചിരുന്നത് ആ ഓലപ്പുരയിലാണ്. അവിടെ ചെന്നു. ആ അമ്മയുടെ മുഖം ഇപ്പോഴും ഓർമ്മയുണ്ട്. 
 
കൂമ്പാള പോലെ വെളുത്ത് ഐശ്വര്യം ഉള്ള ഒരമ്മ. ചാണകം മെഴുകിയ ഇറയം. എന്നോട് ഇരിക്കാൻ പറഞ്ഞു. 'കേസരിയെ കുറിച്ച് വായിച്ചിട്ടുണ്ടോ ' എന്ന് അന്വേഷിച്ചു, വായിക്കണം എന്നോർമ്മിപ്പിച്ചു. കേസരി പത്രം തുടങ്ങിയ കഥ പറഞ്ഞു. പിന്നെ പ്രബോധകൻ തുടങ്ങിയ കഥ. ആകെയുണ്ടായിരുന്ന മകൾ മരിച്ച കഥയും പറഞ്ഞു. അതിൽ കേസരിക്കുണ്ടായ സങ്കടം. താടി വളർത്തിയതിന്റെ കാരണം ഫ്യൂറിസം എന്ന അസുഖം ബാധിച്ചതിനാലാണ് എന്നും പറഞ്ഞു.നെഞ്ചിൽ തണുത്ത കാറ്റ് അടിക്കാതിരിക്കാൻ താടി വളർത്തിയതാണത്രെ.
 
മുഴുവൻ നേരവും അദ്ദേഹത്തിന്‌ വായന തന്നെയായിരുന്നു. അവരെയെ കല്യാണം കഴിച്ച ശേഷം എവിടെയും കൊണ്ടുപോയിട്ടില്ല. അദ്ദേഹം വായിക്കും, അവർ എഴുതി കൊടുക്കും. അങ്ങനെയാണ് 'ഒരു സ്ത്രീയുടെ ജീവിതം' എന്ന മോപ്പസാങ്ങിന്റെപ്രശസ്ത നോവൽ അവർ തർജ്ജമ ചെയ്തത്. എഴുതി കഴിഞ്ഞപ്പോൾ തോന്നിയത്രേ,അത് തന്റെ തന്നെ കഥയാണെന്ന്. 'എന്നെക്കുറിച്ച് മകന് അറിയണമെങ്കിൽ ആ കഥ വായിക്കണം' അവർ പറഞ്ഞു.
 
പുസ്തകത്തിന്റെ കോപ്പി തരാമെന്ന് പറഞ്ഞു. കേസരി മരിച്ചു എന്ന് മാതൃഭൂമിയിൽ തെറ്റായ വാർത്ത വന്നതും കേസരിക്കു വാശി തോന്നി, ജീവിച്ചിരിക്കുന്നുണ്ടെന്ന് അറിയിക്കാൻ കുപ്പായമൊക്കെയിട്ട് റോഡിൽക്കൂടി പലവട്ടം നടന്നതും അവർ ഓർത്തു പറഞ്ഞു. കോട്ടയത്ത് വച്ചുള്ള അദ്ദേഹത്തിന്റെ വിയോഗത്തെത്തുടർന്ന് അവിടെ നിന്ന് ഭൗതികശരീരം കൊണ്ടുവന്ന സംഭവവും ശേഷമുള്ള അവരുടെ
ഏകാന്ത ജീവിതവും. അങ്ങനെ നിരവധി കഥകൾ പറഞ്ഞു. പറഞ്ഞതുവെച്ച് ടൈംസിൽ വാർത്ത എഴുതിക്കൊടുത്തു.ഫീച്ചറായിട്ടാണ് വാർത്ത പ്രസിദ്ധീകരിച്ചത്.
 
വാർത്ത കണ്ട് എന്നെ ഒരുപാട് പേർ വിളിച്ചു.വെളിപ്പറമ്പൻ അച്ചൻ പത്രപ്രവർത്തകർക്കുള്ള പെൻഷൻ കമ്മിറ്റിയിൽ അംഗമായിരുന്നു എന്ന കാര്യം അപ്പോൾ എനിക്ക റിയുമായിരുന്നില്ല . വാർത്ത പ്രസിദ്ധീകരിച്ചത് വലിയ നിമിത്തമായി. കേസരിയുടെ വിധവയ്ക്ക് പെൻഷൻ അനുവദിച്ച് ഉത്തരവായി.
ഓർക്കുമ്പോൾ ഇപ്പോഴും കണ്ണു നിറയുന്നു എന്ന് പറഞ്ഞ് മറ്റൊരു സന്ദർഭവും രവി കുറ്റിക്കാട് ഓർത്തെടുത്തു . 
 
പറവൂർ മുനിസിപ്പാലിറ്റി നിർമ്മിച്ച ടൗൺ ഹാളിന് കേസരിയുടെ പേര് നൽകാൻ സുഹൃത്ത് കൂടിയായിരുന്ന അന്നത്തെ മുനിസിപ്പൽ ചെയർമാൻ എൻ. എ അലി തീരുമാനിക്കുന്നു. കേസരിയുടെ വസതിയിൽ നിന്ന് കൊളുത്തുന്ന ദീപശിഖ ടൗൺ ഹാളിൽ എത്തിക്കുന്ന രീതിയിലായിരുന്നു പരിപാടി. അനുമതിക്കായി വീണ്ടും കേസരിയുടെ സഹധർമ്മിണിയെ ചെന്നു കണ്ടു. ഓർമ്മയുണ്ടോ എന്ന് ആരാഞ്ഞു. 'പെൻഷൻ വാങ്ങി തന്നത് മകനാണോ" എന്ന് എന്നോട് ചോദിച്ചു. കേസരിയുടെ പേര് പറഞ്ഞപ്പോൾ സർക്കാർ അമ്മക്ക് അനുവദിച്ചതാണ് എന്ന് മറുപടി പറഞ്ഞു. എന്നോടിരിക്കാൻ പറഞ്ഞു, വീടിനകത്ത് പോയി സൂക്ഷിച്ചു വച്ചിരുന്ന ഒരു പഴയ കവറിൽ നിന്ന് പഴകി മഞ്ഞ നിറമായ 50 രൂപയുടെ ഒരു നോട്ട് എടുത്ത് കയ്യിൽ തന്നു .മകന് ഒരു സമ്മാനം തരാനായി സൂക്ഷിച്ചു വച്ചതാണെന്ന് പറഞ്ഞു നിർബന്ധിച്ചു വാങ്ങിപ്പിച്ചു. പോരാൻ നേരത്ത് അമ്മയ്ക്ക് തന്നെ ഇരിക്കട്ടെ എന്ന് പറഞ്ഞ് തുക ഞാൻ തിരികെ കൊടുക്കുകയും ചെയ്തു.
 
കേസരിയുടെ പേരിട്ട പറവൂർ ടൌൺ ഹാൾ ഉപരാഷ്ട്രപതി ശങ്കർ ദയാൽ ശർമയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനായിരുന്നു പരിപാടി. അദ്ദേഹത്തിന് ഉപഹാരമായി നൽകിയത് ഭഗവത്ഗീതയിലെ ഒരു രംഗം ചിത്രീകരിക്കുന്ന ഫലകമായിരുന്നു. തേരിൽ കയറിയ അർജ്ജുനനോട് കൃഷ്ണൻ ദൂത് പറയുന്ന രംഗം. പത്രത്തിൽ വാർത്ത ആകണമെങ്കിൽ ഇത്തരം ഒരു ഉപഹാരം വേണ്ടി വരും എന്നു അലിയോട് പറഞ്ഞു. ഉപഹാരം സ്വീകരിച്ച് ഉപരാഷ്ട്രപതി 15 മിനിറ്റോളം അതിനെപ്പറ്റി സംസാരിക്കുകയും ചെയ്തു. പത്രത്തിൽ എല്ലാം ബോക്സ് സ്റ്റോറിയായി വാർത്ത വന്നു.
കളമശ്ശേരിയിൽ ബന്ധുവായിരുന്ന ജില്ലാ ജഡ്ജിയുടെ വീട്ടിൽ വച്ചായിരുന്നു ഗൗരി അമ്മയുടെ മരണം എന്ന് പിന്നീട് അറിഞ്ഞു.
 
അപ്പോഴേക്കും ദേശാഭിമാനിയിൽ ജോലിയിൽ പ്രവേശിച്ചിരുന്നു. വാർത്ത ദേശാഭിമാനിക്കും കൊടുക്കാൻ കഴിഞ്ഞില്ല. വലിയ വാർത്ത ആകേണ്ടതായിരുന്നെങ്കിലും ചെറിയ വാർത്ത മാത്രമായി പത്രത്തിൽ വന്നു.
ചങ്ങമ്പുഴക്ക് കേസരി എഴുതിക്കൊടുത്ത അവതാരിക ഇപ്പോഴും കയ്യിലുണ്ട്.അദ്ദേഹത്തിന്റെ സഹധർമ്മിണി എനിക്ക് തന്ന കേസരിയുടെ കയ്യൊപ്പിട്ട കടലാസ് പിന്നീട് തിരുവനന്തപുരത്തെ കേസരി സ്മാരക ട്രസ്റ്റിന് കൈമാറി. അന്ന് ദ ഹിന്ദു പത്രത്തിൽ ഉണ്ടായിരുന്ന ഗൗരി ദാസൻ നായർക്കാണ് നൽകിയത്.
 
കേരള ടൈംസിൽ ജോലി ചെയ്യുമ്പോൾ പറവൂരിലെ നിരവധി സംഭവങ്ങൾ വാർത്തയാക്കി. പറവൂർ കോടതി വളപ്പിൽ പൈപ്പുകൾ പൊട്ടിയ വാർത്ത. പൊട്ടിയ പൈപ്പിനിടയിൽ പാമ്പുകളും. വാർത്ത വന്നപ്പോൾ വാട്ടർ അതോറിറ്റിയിലെ ഒരു എൻജിനീയർ കേരള ടൈംസ് പത്രത്തിൽ പരാതിപ്പെട്ടു. വേണ്ടതാണ് ചെയ്തത് എന്ന് പറഞ്ഞ് ഫാദർ ആശ്വസിപ്പിച്ചു. പറവൂരിലെ വെടിക്കെട്ട് അപകടത്തിന്റെ വാർത്തയാണ് ഓർക്കുന്ന മറ്റൊന്ന്. മനോരമ കഥകൾ പലതും കൊടുത്തപ്പോൾ അവിടുത്തെ ബേബി എന്ന റിപ്പോർട്ടർ എന്നോട് പറഞ്ഞു, സ്റ്റോറികൾ എഴുതി കൊടുക്കാൻ.കാരണം, ബേബിക്ക് ഞാൻ എഴുതും പോലെ എഴുതാൻ അറിയില്ലത്രേ. വേറെ രീതിയിൽ മാറ്റിയെഴുതി ഒരു കോപ്പി അയാൾക്കും കൊടുക്കുമായിരുന്നു.
 
ദേശാഭിമാനിയിൽ ജോലി കിട്ടിയ കാലത്ത് ശമ്പളം കുറവായിരുന്നു. ആഴ്ചയിൽ 10 രൂപ. എറണാകുളത്ത് അക്കാലത്ത് ജീവിക്കാൻ അതുമതി. ചായക്ക്‌ പത്തു പൈസ, ഊണ് കഴിക്കാൻ ഒരു രൂപ. ഇടയ്ക്ക് വീട്ടിൽ അമ്മയെ കാണാൻ പോകുമ്പോൾ അമ്മയുടെ കയ്യിൽ നിന്ന് പോരാത്ത കാശു വാങ്ങും.ഒരിക്കൽ വീട്ടിൽ ചെന്നപ്പോൾ അടുത്ത വീട്ടിലെ മറിയച്ചേടത്തി വീട് മേയാൻ അമ്മയോട് ഓല ആവശ്യപ്പെടുന്നത് കേട്ടു. ശ്രദ്ധിച്ചപ്പോൾ വാർത്താപ്രാധാന്യം ഉണ്ടെന്ന് മനസ്സിലായി.പിന്നീട് അത് 'ഓലയ്ക്ക് തീ വില' എന്ന പേരിൽ വാർത്തയാക്കി.
 
അടിയന്തിരാവസ്ഥക്കാലം. സെൻസറിംഗ് ഓഫീസർക്ക് സംശയം. എന്താണ് തീ വില എന്നായി. വാർത്തയിൽ എന്റെ പേര് ബൈലൈനായി കൊടുത്ത് പ്രശ്നം പരിഹരിച്ചു.
ഹ്യൂമൻ ഇൻട്രസ്റ്റ് സ്റ്റോറി ആയി കൊടുത്തത് നല്ല പ്രതികരണം ഉണ്ടാക്കി.
അടിയന്തിരാവസ്ഥ ക്കാലമായതിനാൽ വാർത്തകൾ എല്ലാം സെൻസർ ചെയ്താണ് കൊടുത്തിരുന്നത്. അക്കാലത്ത് സോവിയറ്റ് നാട് എന്ന പ്രസിദ്ധീകരണത്തിലെ വാർത്തകളുടെ തർജമ കൊടുക്കുകയായിരുന്നു പ്രധാനമായും ചെയ്തിരുന്നത്. ആലപ്പുഴയിൽ താറാവുകൾ കോഴി വസന്ത ബാധിച്ച് കൂട്ടത്തോടെ ചത്ത വാർത്ത പോലും കൊടുക്കാൻ സമ്മതിച്ചിരുന്നില്ല.
 
ചെറുപ്പക്കാരുടെ ഇടയിൽ ലഹരിഉപയോഗം വ്യാപകമായ സമയത്ത് ദേശാഭിമാനിയിൽ
എഴുതിയ പരമ്പര വലിയ ചലനം ഉണ്ടാക്കി. ലഹരി ഉപയോഗിക്കുന്ന ചെറുപ്രായക്കാരിലെ വിത്ഡ്രോവൽ സിംപ്‌റ്റം (ലഹരി കിട്ടാതാവുമ്പോളുള്ള അവസ്ഥ) കടുത്തതായിരുന്നു. ലോക് നാഥ്‌ ബെഹ്‌റയായിരുന്നു അന്ന് സിറ്റി പോലീസ് കമ്മീഷണർ. അർബുദ രോഗികൾക്ക്‌ വേദനാ സംഹാരിയായി കൊടുക്കുന്ന ടി.ഡി ജസീക് എന്ന മരുന്ന് വ്യാപകമായി ലഹരിയായി ഉപയോഗിച്ചിരുന്നു. സൂചന കിട്ടി,ഒരിക്കൽ പുല്ലേപ്പടി ശ്മശാനത്തിൽ ഫോട്ടോഗ്രാഫറു മായി ചെന്നു. ഫ്ലാഷ് അടിച്ചപ്പോൾ കൂടിയിരുന്ന ലഹരി സംഘം കണ്ടു. ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. നഗരത്തിലെ പ്രശസ്തമായ ഒരു ഹോസ്റ്റലിൽ ലഹരി മരുന്ന് എത്തിച്ചിരുന്നത് പൂക്കാരികൾ ആയിരുന്നു. തലയിൽ ചൂടാനുള്ള പൂക്കൾക്കൊപ്പം ലഹരി മരുന്നിന്റെ പൊതിയും അവർ വിതരണം ചെയ്തു.
 
നിരവധി വാർത്തകൾ ലഹരി ഉപയോഗം സംബന്ധിച്ച് കൊടുത്തിരുന്നു.പരമ്പരയ്ക്ക്
നാർക്കോട്ടിക് കൗൺസിൽ ഓഫ് ഇന്ത്യയുടെ അവാർഡും കിട്ടി. പക്ഷേ അതോടെ
സുരക്ഷയില്ലാതെ വഴി നടക്കാൻ കഴിയാതെയായി.ഓഫീസിൽ ഡ്യൂട്ടിയിൽ ആയിരുന്നപ്പോൾ ഒരു രാത്രി ജേണലിസ്റ്റ് കോളനിയിലെ എന്റെ വീട്ടിൽ രണ്ടുപേർ വന്നു. ഭാര്യയെ വിളിച്ചു ബഹളം ഉണ്ടാക്കി. പലതരം ഭീഷണികൾ പിന്നീടും ഉണ്ടായി.
 
പാലിയം സമരത്തിൻറെ ഭാഗമായി ലേഖന പരമ്പരകൾ കൊടുത്തിരുന്നു.താഴ്ന്ന വിഭാഗത്തിൽപ്പെട്ട ജന വിഭാഗങ്ങൾക്ക് വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരമായിരുന്നു, അത്.സമരത്തിൽ പങ്കെടുത്തവരിൽ നിരവധി സ്ത്രീകൾ ഉണ്ടായിരുന്നു.കൊട്ടാരം വിട്ടിറങ്ങിയവരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. 1947ൽ രാത്രി 12 മണിക്ക് മൂന്ന് പെൺകുട്ടികൾ വീട്ടിൽ നിന്ന് ഇറങ്ങി, കിലോമീറ്ററുകളോളം നടന്ന് സമരവേദിയിലെത്തി പങ്കെടുത്തു. ഇരിങ്ങാലക്കുടയിൽ നിന്നും കൊടുങ്ങല്ലൂർ നിന്നും എറണാകുളം ജില്ലയിലെ പറവൂർ ചേന്ദമംഗലത്തു നടന്ന പാലിയം സമരത്തിൽ പങ്കെടുക്കാൻ ആൾക്കാർ എത്തിയിരുന്നു. പാലിയം സമരത്തിന്റെ എഴുപത്തഞ്ചാം വാർഷികമാണ് വരുന്നത്. കേരളത്തിന് സ്വാതന്ത്ര്യം കിട്ടിയ അതേ വർഷം, വഴി നടക്കാൻ സ്വാതന്ത്ര്യത്തിനുവേണ്ടി സമരം ചെയ്യേണ്ടതായി വന്ന ചരിത്രം അടയാളപ്പെടുത്തേണ്ട ചരിത്രം തന്നെയായിരുന്നു. തിരു - കൊച്ചി മുൻ മുഖ്യമന്ത്രി സി.കേശവൻ ആണ് ഉദ്ഘാടനം നിർവഹിച്ചത്. അദ്ദേഹം പിന്നീട് നിലപാടുകളിൽ നിന്ന് പിൻമാറി. സമരം രൂക്ഷമായപ്പോൾ മകൻ കെ.ബാലകൃഷ്ണൻ ( കൗമുദി ) സമരപ്പന്തലിൽ വന്നു പ്രസംഗിച്ചു, 'അച്ഛൻറെ പോക്ക് ശരിയല്ല' .
പാലിയം സമരത്തിൽ തമ്പുരാട്ടിമാരുടെ പങ്ക് വലുതായിരുന്നു. സമരത്തിൽ പങ്കെടുത്ത തൃപ്പൂണിത്തുറ കോവിലകത്തെ തമ്പുരാക്കന്മാരെ പോലീസ് മർദ്ദിച്ചു. അവരിൽ ഒരാൾ മുൻസിപ്പൽ ചെയർമാൻ ആയിരുന്നു. മർദ്ദിച്ച ശേഷമാണ് പോലീസുകാർ അറിയുന്നത് അവർ തമ്പുരാക്കന്മാർആയിരുന്ന കാര്യം. അടി കൊണ്ടിട്ടും വീണ്ടും സമരപ്പന്തലിൽ എത്തി,തമ്പുരാൻ. 
 
പോലീസ് മർദ്ദനത്തിൽ ഏ.ജി വേലായുധൻ മരിച്ചതും ഈ സമരത്തിൽ തന്നെ. കൂടുതൽ സ്ത്രീകൾ പങ്കെടുത്ത സമരം. കല്ലാട് കൃഷ്ണന്റെ പത്നി തുടങ്ങി നിരവധി സ്ത്രീകൾ. വഴി നടത്താൻ അവകാശം കിട്ടേണ്ടിയിരുന്ന അധ:സ്ഥിത വിഭാഗങ്ങളിൽ പെട്ടവരെക്കൂടാതെ സവർണ്ണ വിഭാഗങ്ങളിൽ പ്പെട്ടവരും പിന്തുണ പ്രഖ്യാപിച്ച് സമരത്തിന് എത്തി എന്നതാണ് വ്യത്യസ്തമാക്കുന്നത്. പങ്കെടുത്ത തമ്പുരാട്ടിമാരുടെ റോൾ എടുത്തു പറയേണ്ടതാണ്. പാലിയം സമരത്തെക്കുറിച്ച് എഴുതിയ പുസ്തകം പ്രസിദ്ധീകരിച്ചത് ഈയിടെയാണ്. 'അന്തപുരങ്ങളിലെ അഗ്നി നക്ഷത്രങ്ങൾ 'എന്ന പരമ്പരയാണ് അന്ന് എഴുതിയത്. 
 
എറണാകുളം ജനറൽ ആശുപത്രി, ഷിപ്പിയാർഡ്, കൊച്ചിൻ യൂണിവേഴ്സിറ്റി, കൊച്ചിയിലെ പൈതൃക മന്ദിരങ്ങൾ ഇവയെപ്പറ്റിയെല്ലാം നിരവധി വാർത്തകൾ കൊടുത്തു.
 
1967ൽ മഹാരാജാസിൽ പഠിക്കുമ്പോൾ സാഹിത്യത്തിൽ താല്പര്യമുള്ള ഒരു വലിയ ഗ്യാങ്‌ ഉണ്ടായിരുന്നു. എല്ലാവരും ചേർന്ന് സങ്കേതം എന്ന ഒരു മാസിക ഇറക്കി. എൻ. എസ്.മാധവന്റെ ആദ്യ കഥ പ്രസിദ്ധീകരിച്ചത് സാങ്കേതത്തിലാണ്. അതിന്റെ പ്രവർത്തനവുമായി ഏറെ സഹകരിച്ചിട്ടുണ്ട്.
ടി.കെ രാമചന്ദ്രനെ പോലെ എഴുത്തിൽ താല്പര്യമുള്ള ചിലരും ഉണ്ടായിരുന്നു. വളരെ കാലത്തിനു ശേഷം 'പ്രണയപൂർവ്വം മഹാരാജാസിന്' എന്ന പേരിൽ മഹാരാജാസ് കോളേജിൻറെ ചരിത്രം എഴുതാൻ ഇടയായി. പൂർവ്വവിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിലാണ് ഇറങ്ങിയത്.
 
മലയാള സാഹിത്യത്തിൻറെ ആധുനിക കാലഘട്ടം കൂടിയായിരുന്നു അത്.അന്ന് പ്രശസ്ത കവി കെ. സച്ചിദാനന്ദൻ എസ്.എഫ്.ഐയുടെ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ദേശാഭിമാനിയിലെ തിരക്കിനിടയിലാണ് മഹാരാജാസിന്റെ ചരിത്രം നാലു വർഷം കൊണ്ട് പൂർത്തിയാക്കിയത്. അതിന് കെ. ദാമോദരൻ അവാർഡ് കിട്ടി. സുപ്രീം കോടതി മുൻ ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യരുടെ ആദ്യ ജീവചരിത്രം എഴുതാൻ കഴിഞ്ഞു.'ജനഹൃദയങ്ങളിലൊരു ന്യായാധിപൻ' എന്നാണ് പുസ്തകത്തിന്റെ ടൈറ്റിൽ.പിന്നീട് അത് തമിഴിലേക്ക് തർജ്ജമ ചെയ്തു. 'വൺ ഓഫ് മൈ ബെസ്റ്റ് ബയോഗ്രഫീസ്' എന്ന് കൃഷ്ണയ്യർ പുസ്തകത്തെ പറ്റി പറഞ്ഞിട്ടുണ്ട്.രണ്ടുകൊല്ലം കൃഷ്ണയ്യരോടൊപ്പം നടന്നിട്ടാണ് പുസ്തകം പൂർത്തിയാക്കിയത്.കൃഷ്ണയ്യരുമായുള്ള സഹവാസം എന്റെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കാനുള്ള അവസരവുമായി മാറി. അദ്ദേഹത്തിൻറെ പ്രഭാഷണങ്ങൾ,വിധി ന്യായങ്ങൾ, ഇടപെട്ടിട്ടുള്ള പൊതു വിഷയങ്ങൾ, പൊതു താൽപര്യ ഹർജികൾ, വിധികൾ പഠിച്ചു. ഹർജിക്കാരേയും മറ്റു പലരെയും നേരിൽ കണ്ട് അഭിമുഖങ്ങൾ നടത്തി.
 
കേരള ഹൈക്കോടതി ജസ്റ്റിസ് ആയിരുന്ന രാഘവൻ വയസ്സ് തിരുത്തിയ സംഭവം ഓർക്കുന്നു. രണ്ടുവർഷമാണ് തിരുത്തിയത്. അത്തരത്തിൽ വന്ന വാർത്തയുടെ കുറിപ്പുകൾ കൊടുത്താലേ സി.ബി.ഐക്ക് അന്ന് കേസ് മുന്നോട്ടു കൊണ്ടു പോകാൻ കഴിയുമായിരുന്നുള്ളൂ സിബിഐയിലെ ഉയർന്ന ഉദ്യോഗസ്ഥർ വാർത്ത അന്വേഷിച്ചു വന്നു. ദേശാഭിമാനിയിൽ വാർത്ത കൊടുക്കാൻ കഴിയുന്ന സാഹചര്യമായിരുന്നില്ല. എന്നാൽ കൗമുദി കൊടുത്തു. അത് പിന്നീട് കേസായി. ജഡ്ജിക്കെതിരെ നടപടിയും ഉണ്ടായി.
 
എം.ടിയുടെ രണ്ടാമൂഴം പ്രസിദ്ധീകരിച്ച് കുറേ ദിവസം കഴിഞ്ഞപ്പോൾ ഉണ്ടായ സംഭവവും ഓർക്കുന്നു. കടയിൽ ചായ കുടിക്കാൻ പോയപ്പോഴാണ്, രണ്ടു ചെറുപ്പക്കാർ തമ്മിൽ സംസാരിക്കുന്നത് കേട്ടത്; യുഗാന്ത ഒന്ന് വായിച്ചു നോക്കിക്കൊള്ളൂ.അതിന്റെ ഇൻഫ്ലുവൻസ് രണ്ടാമൂഴത്തിൽ ഉണ്ടായോ എന്ന് സംശയമുണ്ട് എന്നാണ് അവർ തമ്മിൽ പറഞ്ഞത്. ഉടൻ ബോംബെയിലെ ബന്ധുവിനെ വിളിച്ച് ചർച്ച്ഗേറ്റിനടുത്ത് പഴയ പുസ്തകങ്ങൾ വിൽക്കുന്നിടത്ത് അന്വേഷിപ്പിച്ചു. യുഗാന്ത അയച്ചു തന്നു. വായിച്ചു കഴിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. ആന്ത്രോപോളജിസ്റ്റായ ലീലാവതി കർവ്വേയുടെ കൃതിയാണ് യുഗാന്ത. യുഗാന്തയിൽ ഓരോ കഥാപാത്രത്തേയും പരിചയപ്പെടുത്തുന്നു. അതിലൂടെയാണ് ഇവരുടെ റോളുകളെ പറ്റി പറയുന്നത്. അവസാനയാത്രാ സമയത്ത് ഭീമസേനൻ ദ്രൗപതിയെ മടിയിൽ കിടത്തുകയും ആശ്വസിപ്പിക്കുകയും ചെയ്യുമ്പോൾ അവൾ പറയുന്നു, " നീ ആയിരിക്കും അടുത്ത ജന്മത്തിൽ എന്റെ ഭർത്താവ്". 
 
 നോവൽ എങ്ങനെ ആരംഭിക്കണം എന്ന പ്രചോദനം എം. ടിക്ക് ലഭിച്ചിട്ടുള്ളത് ലീലാവതയുടെ പുസ്തകത്തിൽ നിന്നാണ്. അതിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. അവരും ഇങ്ങനെയാണ് ഭീമസേനനെ ചിത്രീകരിക്കുന്നത്. പെടാവുന്ന ഒരു കഥാപാത്രം എന്ന രീതിയിലാണ് ഭീമനെ അവർ പരിചയപ്പെടുത്തുന്നത്. ആ പുസ്തകത്തിന്റെ സ്വാധീനം എടുത്തു പറയേണ്ടതായിരുന്നു എന്ന് എനിക്ക് തോന്നി. ഞാൻ ദേശാഭിമാനിയിൽ വാർത്ത കൊടുത്തു. എം.എൻ കുറുപ്പായിരുന്നു വാരാന്ത്യപ്പതിപ്പിന്റെ എഡിറ്റർ. അദ്ദേഹം ഇത് കൊടുക്കുമോ എന്ന് സംശയം ആയിരുന്നു. പി. ഗോവിന്ദപ്പിള്ളയും പുസ്തകം വായിച്ചിരുന്നു. അദ്ദേഹം പറഞ്ഞു, തന്റെ മനസ്സിലും വന്ന കാര്യമാണ് ഇപ്പോൾ ചർച്ചയാകുന്നത് എന്ന്. എന്നാൽ ഇത് സംബന്ധിച്ച് വേറെ ചില പ്രശ്നങ്ങളുണ്ടായപ്പോൾ ആ വിഷയം വിടുകയായിരുന്നു. ഇന്നാണെങ്കിൽ വലിയ വിവാദമായേനെ.
 
പ്രശസ്തരായ പലരെയും ഇൻറർവ്യൂ ചെയ്തിട്ടുണ്ട്. മജീഷ്യൻ പ്രൊഫ. ഭാഗ്യനാഥ്, പ്രമുഖ കലാനിരൂപകനായിരുന്ന കൃഷ്ണ ചൈതന്യ, കലാമണ്ഡലം ഹൈദരാലി തുടങ്ങി നിരവധി പേർ.
പ്രൊഫ. ഭാഗ്യനാഥിന്റെ പത്നി സുലോചന, സ്വാതന്ത്ര്യ ദിനത്തിൽ രാവിലെ മഹാരാജാസിൽ പതാക ഉയർത്തിയ വിദ്യാർത്ഥി കളുടെ സംഘത്തിൽ ഉണ്ടായിരുന്നു. മഹാരാജാസിലെ അമ്പതാം വാർഷിക ദിനം ആഘോഷിക്കുമ്പോൾ എറണാകുളം പ്രസ് ക്ലബ്‌ സെക്രട്ടറിയായിരുന്നു ഞാൻ. അന്ന് സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തിയതിനെ തുടർന്ന് പുറത്താക്കപ്പെട്ട 17 പേരെ തിരഞ്ഞു പിടിക്കാൻ ശ്രമിച്ചു. പലരും അന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നില്ല . എന്നാൽ അതിൽ ഒരാളായ സുലോചന വന്നിരുന്നു. പ്രശസ്ത നടി വിധുബാലയുടെ അമ്മയാണ് സുലോചന. ഭർത്താവിനൊപ്പമാണ് എത്തിയത്. കൊടിയുയർത്തിയ സ്ഥലത്ത് പോയി വാർത്ത തയ്യാറാക്കി. പത്രക്കാർ ഏറെ ആഘോഷിച്ച ഒന്നായിരുന്നു ആ സംഭവം.പുറത്താക്കപ്പെട്ടവരിൽ ഡോ. എൻ. എ.കരീമും ഉണ്ടായിരുന്നു . കോളേജിൽ നിന്ന് പോയശേഷം അദ്ദേഹം വേറെ സർവ്വകലാശാലയിൽ പഠനം പൂർത്തിയാക്കിയിരുന്നു. പിന്നീട് പ്രോ വി സിയായിട്ടാണ് തിരിച്ചു മഹാരാജാസിൽ സന്ദർശനത്തിനെത്തുന്നത്. അതും വാർത്തയായി. അന്ന് ജാഥ നയിച്ചത് സുലോചനയായിരുന്നു. സ്വാതന്ത്ര്യ ദിനത്തിൽ ഉടുത്ത അതേ ചുവന്ന സാരിയുടുത്താണ് അമ്പതാം വാർഷികത്തിനും അവർ എത്തിയത്.ഓൾഡ് സ്റ്റുഡൻസ് അസോസിയേഷനാണ് ചടങ്ങ് സംഘടിപ്പിച്ചത്.
 
'എന്തുചെയ്യണം?' എന്ന രവി കുറ്റിക്കാടിന്റെ നാടകത്തില് മമ്മൂട്ടി അഭിനേതാവായിരുന്നു.
മമ്മൂട്ടി തന്നെ അവതരിപ്പിച്ച നാടകം അടിയന്തിരാവസ്ഥ ക്കാലത്താണ് വേദിയിൽ എത്തിയത്.
കേരളത്തില് പലയിടത്തും ഈ നാടകം അരങ്ങേറിയിട്ടുണ്ട്.
 
പിൽക്കാലത്ത് എറണാകുളം ജില്ലാ കളക്ടറായ ഡോ. കെ. ആർ വിശ്വംഭരൻ അന്ന് സംഘത്തിൽ ഉണ്ടായിരുന്നു.ദേശാഭിമാനിയിൽ ജോലി ഉണ്ടായിരുന്നെങ്കിലും താമസം ലോ കോളേജിലെ ഹോസ്റ്റലിൽ ആയിരുന്നു. മമ്മൂട്ടിയുടെയും വിശ്വംഭരന്റെയും ഒക്കെ ഒപ്പമായിരുന്നു താമസം. ഒരു നാടകമത്സരം വന്നപ്പോൾ അവതരിപ്പിക്കാൻ തീരുമാനിച്ചു. കഥാതന്തു ഉണ്ടാക്കിയത് ഞാനാണ്. പിന്നീട് മഹാരാജാസ് കോളേജിന്റെ മെയിൻ ഹാളിൽ നാടകം അവതരിപ്പിച്ചു.
 
സ്റ്റേജിൽ വന്ന് ഒരു കഥാപാത്രം, കളിക്കുന്ന നാടകം എന്താണെന്ന് പറയുന്നു. അങ്ങനെ വേണം തുടങ്ങാൻ. മഹാരാജാസിന്റെ മെയിൻ ഹാളിൽ താൻ നാടകം അവതരിപ്പിക്കാം എന്ന് മമ്മൂട്ടി പറഞ്ഞു സേക്രഡ് ഹാർട്ട് കോളേജിന്റെ നാടകമുൾപ്പെടെ പല കലാലയങ്ങളുടെയും നാടകങ്ങൾ മത്സരത്തിനുണ്ടായിരുന്നു. മൈക്ക് എടുത്ത് 'ഞങ്ങൾ ഈ ഭൂമിയിൽ നാടകം കളിക്കുകയാണ്'എന്ന് മമ്മൂട്ടി പറഞ്ഞു തുടങ്ങിയതും ചുള്ളിക്കാടിന്റെ കവിതയ്ക്കായി കാതുകൂർപ്പിക്കുന്നത് പോലെ സൂചി വീണാൽ കേൾക്കാവുന്ന നിശബ്ദത ഹാളിൽ നിറഞ്ഞു. മനോഹരമായ പ്രസന്റേഷനായിരുന്നു അത്. ഞങ്ങൾ പ്ലാൻ ചെയ്തതിനേക്കാൾ ഗംഭീരമായിരുന്നു. നാടകത്തിന് രണ്ടാം സമ്മാനമാണ് കിട്ടിയത്. പിന്നീട് അത് പല സ്ഥലത്തും കളിക്കാനായി. അടിയന്തരാവസ്ഥ ക്കാലമായിരുന്നു. പോലീസ് പിടിച്ചിരുന്നെങ്കിൽ വിശ്വംഭരൻ ഐ.എ.എസ് ആവുകയില്ലായിരുന്നു. ഞാൻ ദേശാഭിമാനിലും ഉണ്ടാകില്ല. എല്ലാവരും ജയിലിൽ ആകുമായിരുന്നു. സ്റ്റേജിൽ ബാക്ക് ഡ്രോപ്പ് ആയി വച്ചിരുന്നത് അശോകസ്തംഭം ആയിരുന്നു. മേശയും കയ്യൊടിഞ്ഞ കസേരയും അധികാരത്തിന്റെ ചിഹ്നങ്ങൾ ആയിരുന്നു. ജുഡീഷ്യറിയും എക്സിക്യൂട്ടീവും തമ്മിലുള്ള തർക്കം ഞാനോ നീയോ വലുത് എന്ന രീതിയിൽ. സാധാരണക്കാരന്റെ പ്രതിനിധിയായി നിലത്ത് ഒരു കർഷക തൊഴിലാളി കിടക്കുന്നു. ഹാസ്യാത്മകമായി അയാൾ പറയുന്ന കാര്യങ്ങൾക്ക് ജനം കയ്യടിക്കും. ഞാൻ പറയേണ്ടതാണ് എന്ന് ഓരോരുത്തർക്കും തോന്നുന്ന കാര്യങ്ങളാണ് അയാൾ പറയുന്നത്. വിപ്ലവത്തിന്റെ സിംബൽ ആയ തീപ്പന്തം വന്നാണ് അവസാനിക്കുന്നത്.
 
പ്രശസ്ത ഗായകൻ കലാമണ്ഡലം ഹൈദരാലിയുടെ ചരമവുമായി ബന്ധപ്പെട്ട് ഒരു മീറ്റിംഗ് കൂടിയപ്പോൾ മമ്മൂട്ടി വീണ്ടും ഈ നാടകം അവതരിപ്പിക്കാൻ താൽപര്യം കാണിച്ചിരുന്നു. ഇപ്പോഴും കളിക്കാൻ മാത്രം ആ കഥയ്ക്ക് പ്രാധാന്യമുണ്ട്.
 
എറണാകുളത്ത് നടന്ന കുപ്രസിദ്ധമായ നഗ്നയോട്ടം. സംഭവത്തിന്റെ പടം എടുക്കാൻ കൃഷ്ണൻ നായർ സ്റ്റുഡിയോയിലെ ജനാർദ്ദനൻ പ്ലാൻ ചെയ്തിരുന്നു .ബി. എ പൊളിറ്റിക്സിന് പഠിച്ചിരുന്ന അഷ്‌റഫ്‌ പടിയൻ(സംവിധായകൻ കമലിന്റെ അമ്മാവൻ) ഇതിന്റെ സംഘാടകനായിരുന്നു എന്ന് ഓർക്കുന്നു. ഓട്ടത്തിൽ പങ്കെടുത്തവരുടെ വസ്ത്രങ്ങളെല്ലാം എടുത്തുവെച്ച് ബ്രോഡ് വേയിൽ കൂടി ഓടാൻ പറഞ്ഞത് പടിയനാണ്. ഓടിക്കഴിഞ്ഞപ്പോൾ പക്ഷേ ജനാർദ്ദനൻ പടമെടുക്കാൻ മറന്നുപോയി. കോളേജ് ഹോസ്റ്റലിന്റെ ഭാഗത്തുനിന്ന് വീണ്ടും നടത്തിയ ഓട്ടത്തിന്റെ പടമാണ് വാർത്തയുടെ ഭാഗമായത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ സ്ട്രീക്കിങ് ആയിരുന്നു അത്.
 
കവി ചങ്ങമ്പുഴയുടെ പത്നി ശ്രീദേവി ചങ്ങമ്പുഴയുമായി ഇൻറർവ്യൂ നടത്തിയിട്ടുണ്ട്. കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങളുടെ കഥകൾ പറഞ്ഞു. പിന്നീട് ചില അന്വേഷണങ്ങളിൽ നിന്നായി എനിക്ക് ഇടപ്പള്ളി രാഘവൻപിള്ളയുമായി ബന്ധപ്പെട്ട കഥകൾ കിട്ടി. പിന്നീട് എനിക്കതൊരു ഗവേഷണ വിഷയമായി മാറി. തകഴിയുടെ വീട്ടിൽ നിന്ന് കിട്ടിയ വേറെ ചില രേഖകളും ഉണ്ടായിരുന്നു. ചന്ദ്രശേഖരൻ എന്ന വ്യക്തി പറഞ്ഞ സംഭവവും ഓർക്കുന്നു.ഇടപ്പള്ളിക്കാരനായ ചന്ദ്രശേഖരന്റെ വീട്ടിൽ ഒരു രൂപയ്ക്ക് രമണൻ വിൽക്കാൻ ചങ്ങമ്പുഴ കൊണ്ട് ചെന്നപ്പോൾ അത് വായിച്ച് അദ്ദേഹം ഞെട്ടിപ്പോയി എന്നാണ് പറയുന്നത്. തൊട്ടടുത്ത വീട്ടിലെ രാഘവൻപിള്ള, കുളിച്ച് തല തുവർത്തുമ്പോൾ പാടിയിരുന്ന വരികളായിരുന്നു അവയിൽ ചിലത്. രമണനിൽ വരികൾ എങ്ങനെ വന്നു എന്ന സംശയം അയാൾ പങ്കുവയ്ക്കുകയായിരുന്നു .
 
അമ്പതു വർഷത്തെ മലയാള സിനിമയുടെ ചരിത്രം പറയുന്ന 'വെള്ളിത്തിര ' എന്ന കൃതിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.2008ൽ വിരമിക്കുമ്പോൾ ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ എഡിറ്ററായിരുന്നു.
 
അന്വേഷണാത്മക പത്രപ്രവര്ത്തനത്തിനുള്ള നാര്ക്കോട്ടിക് കൗസില് ഓഫ് ഇന്ത്യയുടെ അവാര്ഡ്, ചൊവ്വര പരമേശ്വരന് അവാര്ഡ്,കെ. ദാമോദരന് അവാര്ഡ് തുടങ്ങി നിരവധി അംഗീകാരങ്ങളും രവി കുറ്റിക്കാടിനെ തേടിയെത്തിയിട്ടുണ്ട്.
 
'കാണാപ്പുറങ്ങളിലെ നായനാര്', കെ.പി.എ.സി. ലളിതയുടെ ജീവിതകഥ, പത്രപ്രവര്ത്തക ലീലാമേനോന്റെ ആത്മകഥ, 'നിലക്കാത്ത സിംഫണി', കലാമണ്ഡലം ഹൈദരലിയുടെ പുസ്തകം, 'ഓര്ത്താല് വിസ്മയം', കെ.പി.എ.സി. യുടെ യവനിക എന്നീ പുസ്തകങ്ങളുടെ എഡിറ്റിങ്ങ് നടത്തിയത് രവി കുറ്റിക്കാടാണ്. അനുഭൂതികളുടെ ചിറകില്' എന്ന ലേഖന സമാഹാരവും അദ്ദേഹത്തിൻെറതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
 
ക്ലബ്‌ ഹൗസ് മീഡിയ റൂമിൽ എത്തിയ മറ്റൊരതിഥി , കേരള കൗമുദി തിരുവന്തപുരം എഡിഷനിൽ ബ്യൂറോ ചീഫായിരുന്ന പി. വി മുരുകനാണ്. 
 
ശ്രീലങ്കയിൽ തമിഴ് വംശജർക്കെതിരെ വംശീയ കലാപം രൂക്ഷമായ കാലമായിരുന്നു അത്.
തമിഴ് അറിയാമായിരുന്നതാണ് പി. വി മുരുകനെ എൽ. ടി. ടി.ഇയുടെ താവളങ്ങളിലേക്ക് എത്തിച്ചത്. മുൻ പരിചയം ഉണ്ടായിരുന്നില്ല.മൂന്നാഴ്ച അവിടെ താമസിച്ച് ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കുകയായിരുന്നു. പത്രക്കാർ എന്ന് പറഞ്ഞാൽ എല്ലായിടത്തും സ്വീകാര്യത ഉണ്ടാകണമെന്നില്ല. പല വാർത്തകളും യാദൃച്ഛികമായി കിട്ടിയവയാണ്. ചാരനാണ് എന്ന് തോന്നിയാൽ അപകടമാണെന്ന് അറിയാമായിരുന്നു. മാത്രമല്ല ,അവർ തുറന്നു സംസാരിക്കുകയുമില്ല. വാർത്തയുടെ സോഴ്സുകൾ ഒരാൾക്കുമുന്നിലും
ഒരിക്കലും വെളിപ്പെടുത്തിയിട്ടില്ല. മദനിയെ വെളിപ്പെടുത്തി തന്ന പോലീസ് ഉദ്യോഗസ്ഥൻ ഇപ്പോഴുമുണ്ട്. ജോലിയിൽ നിന്നും വിരമിച്ചു ,അദ്ദേഹം. രാജേഷ് ദിവാൻ എന്ന അന്നത്തെ കൊല്ലം പോലീസ് സൂപ്രണ്ട് ചോദ്യംചെയ്യാൻ എത്തിയെങ്കിലും സോഴ്സ് വെളിപ്പെടുത്തില്ല എന്ന നിലപാടിൽ ഉറച്ചുനിന്നു.അത്തരം നിയമങ്ങൾ ഒന്നും അന്നില്ല. ഇന്നത്തെ പോലെ മൊബൈൽ കോണ്ടാക്ടിൽ നിന്ന് ചോർത്തിയെടുക്കാൻ ആകാത്തത് കൊണ്ട് ഞാൻ പിടിച്ചുനിന്നു. 
 
നിരവധി രഹസ്യ ക്യാമ്പുകൾ രാമേശ്വരം തീരത്ത് ഉണ്ടായിരുന്നു. നിരോധിക്കപ്പെട്ട സംഘടനയായി എൽ. ടി ടി.ഇ തുടരുമ്പോൾ തന്നെ അവർ തമിഴ് വംശജർക്കായി നിരവധി രഹസ്യ ക്യാമ്പുകൾ രാമേശ്വരത്ത് തുറന്നിരുന്നു. രഹസ്യമായി ഇന്ത്യ ഗവൺമെൻറ് ആയുധങ്ങൾ നൽകി സഹായിച്ചിരുന്നു എന്നതും വാസ്തവമാണ്. എന്നാലും മാധ്യമങ്ങൾക്ക് രഹസ്യമായി മാത്രമേ അത്തരം ക്യാമ്പുകളിൽ റിപ്പോർട്ടിംഗ് നടത്താൻ കഴിയുമായിരുന്നുള്ളൂ. ക്യാമ്പുകളിൽ എത്തുന്നവർ അവരെ ഒറ്റിക്കൊടുക്കാൻ പോകുന്നവരാണെന്ന തോന്നൽ ഉണ്ടായാൽ വലിയ ആപത്താണ്.
 
ഞങ്ങൾ യാത്ര ചെയ്തിരുന്ന കപ്പൽ ശ്രീലങ്കൻ നാവിക സേന തടഞ്ഞു. മുന്നോട്ടു പോകാൻ പറ്റാതെയായി. തിനാൽ ജാഫ്നയിൽ ഞങ്ങൾക്ക് എത്താൻ കഴിഞ്ഞില്ല. അവിടെ എത്തിയിരുന്നെങ്കിൽ പുലി നേതാവായിരുന്ന പ്രഭാകരനെ ഇൻറർവ്യൂ ചെയ്യാമായിരുന്നു. ഇന്ത്യ ഗവൺമെൻറ് പിന്നീട് ഭക്ഷ്യ വസ്തുക്കൾ വിമാനങ്ങളിൽ എത്തിച്ച എയർ ഡ്രോപ്പ് ചെയ്യുകയായിരുന്നു.
 
വിഷയം ഫോളോ അപ്പ് ചെയ്യാൻ കഴിഞ്ഞില്ല. രാമേശ്വരത്തും ധനുഷ്കോടിയിലും അഭയാർത്ഥികൾ വരുന്നുണ്ടെങ്കിലും വാർത്താ പ്രാധാന്യമുള്ള സംഭവങ്ങൾ അന്നത്തെപ്പോലെ ഇപ്പോഴില്ല. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി കൊണ്ട് എത്തുന്നവരും ഇപ്പോൾ അഭയാർത്ഥികൾ ആയി എത്തുന്നുണ്ട്. ശ്രീലങ്കയ്ക്ക് ഇപ്പോൾ ഇന്ത്യയുടെയും ചൈനയുടെയും കൈത്താങ്ങ് ഉള്ളതുകൊണ്ട് തമിഴ് ഈഴം പ്രശ്നം കാര്യമായി ഉണ്ടാകുന്നില്ല. എൽ ടി ടി.ഇ യുടെ പല ഗ്രൂപ്പുകളും വിദേശത്ത് ഉണ്ട്. എന്നാൽ ശ്രീലങ്കൻ സർക്കാർ ആ പ്രശ്നത്തെ നല്ല രീതിയിൽ ഒതുക്കി കഴിഞ്ഞു എന്ന് വേണം കരുതാൻ.
 
പുലി നേതാവ് പ്രഭാകരൻ വധിക്കപ്പെടുന്നത് വരെയുള്ള ശ്രീലങ്കയുടെ ചരിത്രം എം പി സമ്പത്തുമായി ചേർന്ന് പുസ്തകരൂപത്തിൽ ആക്കാനുള്ള ശ്രമത്തിലാണ് മുരുകൻ ഇപ്പോൾ.
തമിഴ് വംശജരുടെ ഇപ്പോഴത്തെ അവസ്ഥ അടിമകളുടെതാകും എന്നാണ് കരുതുന്നത്. അവരുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. ബി.ബി.സി പോലും ഇത്തരത്തിലുള്ള വാർത്തകൾ അന്വേഷിച്ചു പോകുന്നില്ല. പോകാനുള്ള ചെലവ് ആരെങ്കിലും ഏറ്റെടുക്കുമെങ്കിൽ പോകാൻ ഇനിയും തയ്യാറാണ്, മുരുകൻ പറഞ്ഞു. ജോലി മതിയായി എന്ന് തോന്നിയിട്ടാണ് കൗമുദി വിട്ടത്. ന്യൂസ് ബുള്ളറ്റിൽ എന്ന പേരിൽ ഒരു ഈവനിംഗ് ഡെയിലി പിന്നീട് ആരംഭിച്ചു. തിരുവനന്തപുരത്തും കൊച്ചിയിലും എഡിഷനുകൾ ഉണ്ടായിരുന്നു. സുപ്രീം കോടതി മുൻ ജസ്റ്റിസ് വി. ആർ കൃഷ്ണയ്യരാണ് പ്രകാശനം ചെയ്തത്. ചില രാഷ്ട്രീയ വിഷയങ്ങൾ കാരണം പത്രം പൂട്ടി. കെ ബാബു എക്സൈസ് വകുപ്പ് മന്ത്രി ആയിരുന്നപ്പോൾ എക്സൈസ് പോളിസിയുമായി ബന്ധപ്പെട്ട പ്രധാന വാർത്ത ബ്രേക്ക് ചെയ്തത് ഞങ്ങളായിരുന്നു. പാർട്ടിക്കെതിരെ ബാബു കേസ് കൊടുത്തു. മാത്രമല്ല പത്രത്തിന്റെ ഉടമകളെ സ്വാധീനിച്ചു. എന്നാൽ നിക്ഷേപകർ പിന്മാറി.എനിക്ക് വലിയ നഷ്ടം ഉണ്ടായി. സ്വന്തമായി ഉണ്ടായിരുന്ന പത്തു വിറ്റ് കടം തീർക്കേണ്ട പ്രതിസന്ധി വന്നു. തിരൂർ, കൊച്ചി എന്നിങ്ങനെ രണ്ട് എഡിഷനുകളിലായി ആരംഭിച്ച പത്രം. 
 
നാലുവർഷം മുമ്പ് ലോകസഭ തെരഞ്ഞെടുപ്പിന് തുടങ്ങിയ യൂട്യൂബ് ചാനൽ പാർട്ണർഷിപ്പ് തർക്കത്തെ തുടർന്ന് നിർത്തേണ്ടി വന്നു. കേരള ലിറ്ററേച്ചർ ഡോട്ട് കോം എന്ന പേരിൽ( kerala literature.com ) വെബ്സൈറ്റ് ഉണ്ട്. അത് നടത്തിക്കൊണ്ടു പോകാനുള്ള പൈസ ഗൂഗിളിൽ നിന്ന് ലഭിക്കുന്നുണ്ട്. ഗവേഷണ വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധിപേർ ഉപയോഗിക്കുന്ന ഒരു സൈറ്റ് ആണ് ഇത്. 15 വർഷമായി നടത്തിക്കൊണ്ടു പോകുന്നു.
 
26 വര്ഷം കേരളകൗമുദിയില് വിവിധതസ്തികകളില് ജോലി ചെയ്തു. 2012ല് രാജിവച്ച് കോളേജില് അധ്യാപകനായി. ഇപ്പോള് മദര് തെരേസ സ്വാശ്രയകോളേജില് മാസ് കമ്മ്യൂണിക്കേഷന് വകുപ്പ് അധ്യക്ഷനായി പ്രവര്ത്തിക്കുന്നു. കലാകൗമുദിയില് രാഷ്ട്രീയ ലേഖനങ്ങള് എഴുതിയിരുന്നു.
 
കേരളകൗമുദി തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്നു, പിരിയുമ്പോൾ. കേരളകൗമുദി ഫ്ളാഷിൻ്റെ തുടക്കം മുതൽ ജനറൽ എഡിറ്ററായിരുന്നു,ഏഴുവർഷം കൊച്ചിയിൽ യൂണിറ്റ് ചീഫ് ആയിരുന്നു..
മീഡിയ അക്കാദമിയുടെ പല ജോലികളും ചെയ്യുന്നുണ്ട്.
 
മാദ്ധ്യമപ്രവർത്തകരുടെ പുതിയ തലമുറ പഴയതുപോലെ റിസ്ക് ഏറ്റെടുക്കുന്നില്ല എന്നാണ് മുരുകന്റെ അഭിപ്രായം. . 40 വർഷം മുൻപത്തെ ജേണലിസം അല്ല ഇന്നുള്ളത്. . കഷ്ടപ്പെട്ട് ജോലി എടുത്താൽ റിസൾട്ട് ഉണ്ടാകുന്ന കാലം മാറി.
 
ഇപ്പോൾ മാധ്യമ സാന്ദ്രത കൂടുതലാണ്. മാധ്യമങ്ങൾ വളരെ കഷ്ടപ്പെട്ട് ഇൻവെസ്റ്റിഗേറ്റ് ചെയ്ത് ഒരു വിഷയം കൊണ്ടുവന്നാൽ അതിനേക്കാൾ പ്രാധാന്യത്തോടെ മറ്റൊരു മുഷിഞ്ഞ
വിഷയം സോഷ്യൽ മീഡിയയിൽ കത്തിപ്പടരുകയും പ്രധാന വിഷയം താഴെ പോകുകയും ചെയ്യും. ഗവേഷണം നടത്തി കൊണ്ടുവരുന്നതിനേക്കാൾ പ്രാധാന്യം ഒരു അബ്സർഡിറ്റിക്ക് കിട്ടുന്നുണ്ട്. അത് സാമൂഹ്യ മാധ്യമങ്ങളുടെ വരവോടെ മാദ്ധ്യമ മേഖലയിൽ വന്ന മാറ്റമാണ്. പണ്ടുള്ളത്ര സാഹസികതയെടുത്ത് കഷ്ടപ്പാടു സഹിച്ച് അന്വേഷണാത്മക പ്രവർത്തനം നടത്തുന്നത് മണ്ടത്തരമാണ്. രാജ്യന്തര തലത്തിൽ റിപ്പോർട്ടർമാരുടെ വലിയ നെറ്റ്‌വർക്ക് ഉണ്ടാക്കിയാണ് ജോസി ജോസഫ് (ദി ഹിന്ദു മുൻ സെക്യൂരിറ്റി എഡിറ്റർ )പോലുള്ള മുതിർന്ന മാധ്യമപ്രവർത്തകർ പ്രവർത്തിക്കുന്നത്. പെഗാസസ് ഉൾപ്പെടെ അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടിയ പല സംഭവങ്ങളും അന്വേഷിക്കുന്നത് അമ്പ തോളം മാധ്യമ സ്ഥാപനങ്ങൾ/ സംഘടനകൾ കൈ കോർത്തുകൊണ്ടാണ്. ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകളുടെ ശൃംഖല ഉണ്ടാക്കി കൊണ്ടാണ് അത്തരം പ്രവർത്തനങ്ങൾ നടക്കുന്നത്. അതിന് ഫലപ്രാപ്തി ഉണ്ടാകും. പകരം, ഒരാൾ ജാഫ്നയിൽ ചെന്നിറങ്ങി ശ്രീലങ്കൻ തമിഴരുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചുള്ള റിപ്പോർട്ട് തയ്യാറാക്കി വന്നാൽ ആര് പ്രസിദ്ധീകരിക്കും എന്ന ചോദ്യം പ്രസക്തമാണ്.
 
ഇപ്പോഴത്തെ തലമുറയെ കുറ്റപ്പെടുത്തേണ്ടതില്ല. റിസ്ക്, പെയിൻ എടുക്കേണ്ട കാര്യമില്ല. ആഗോളീകരണത്തിന്റെ പുതിയ തത്വം, 'കുറഞ്ഞ അധ്വാനം,പരമാവധി ലാഭം' എന്നതാണ്. ചെറിയ കഷ്ടപ്പാട് സഹിച്ച് നിരവധി കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുകയാണ് പ്രായോഗികം. വ്യക്തിപരമായ താൽപര്യം ഇന്ന് വലിയ ഘടകമല്ല.
 
മാനേജ്മെന്റിന് താല്പര്യമുള്ള റിപ്പോർട്ടുകൾ മാത്രമേ പ്രസിദ്ധീകരിക്കൂ. മുൻപ് മാനേജ്മെന്റുകൾക്ക് ബിസിനസ് താല്പര്യങ്ങൾ കുറവായിരുന്നു. കച്ചവട താൽപര്യങ്ങൾക്കും ലാഭേച്ഛക്കും അപ്പുറം സാമൂഹിക പ്രതിബദ്ധത, പത്രധർമ്മം ഇങ്ങനെയുള്ള കാര്യങ്ങളാണ് അവരെ നയിച്ചിരുന്നത്. ഏത് വിധേനയും ലാഭം ഉണ്ടാക്കുകയാണ് പുതിയ രീതി. കാലത്തിന് അനുസരിച്ച് ജോലി ചെയ്യുകയായിരിക്കും ഉചിതം. തുറന്നെഴുതാൻ മാനേജ്മെന്റിനും ഭയമുണ്ട്. ഇന്ത്യയിലെ ആദ്യത്തെ പ്രസ്സ് കമ്മീഷൻ പരസ്യത്തിന് അതിർവരമ്പ് നിശ്ചയിച്ചിരുന്നു. പത്രത്തിലെ ഇടത്തിൻറെ 40 ശതമാനത്തിൽ കൂടുതൽ പരസ്യം പത്രത്തിൽ പാടില്ല എന്നായിരുന്നു നിർദ്ദേശം. ശുപാർശ നടപ്പിലായില്ല, എങ്കിലും ഇപ്പോൾ ആ പ്രശ്നമേ ഇല്ല. കാരണം പരസ്യം തന്നെ ഇല്ല 40 ഉം 50 ഉം പേജുള്ള പത്രങ്ങൾ പോലും 16 പേജിലേക്ക് ലേക്ക് ചുരുങ്ങി.
 
 ഇപ്പോൾ ഇറങ്ങുന്ന പത്രങ്ങൾ പുതിയ തലമുറയെ ആകർഷിക്കാൻ വേണ്ടതൊന്നും കൊടുക്കുന്നില്ല. ചെറുപ്പക്കാരെ ആകർഷിക്കാവുന്ന തരത്തിൽ ഉള്ളടക്കവും ഡിസ്പ്ലേയും മാറണം. ഓൺലൈൻ എഡിഷനിൽ പോലും വിദേശ രീതി കൊണ്ടുവരുന്നില്ല. വിദേശത്ത് ഓൺലൈൻ പത്രപ്രവർത്തകർ പുതിയ പ്രവണതകൾ മനസ്സിലാക്കി കൊണ്ടാണ് ജോലി ചെയ്യുന്നത്. സാമൂഹ്യ മാദ്ധ്യമങ്ങളിൽ പുതുതലമുറയെ ആകർഷിക്കുന്ന രീതിയിൽ ശ്രദ്ധ പിടിച്ചു പറ്റുന്ന, ക്യാച്ചി ആയ, വാർത്തകൾ കൊടുക്കണം, മുരുകൻ അഭിപ്രായപ്പെട്ടു.
 
പാർട്ടി പത്രങ്ങൾക്ക് നാട്യം ഇല്ലെന്ന് രവി കുറ്റിക്കാട് സമർത്ഥിച്ചു. നിഷ്പക്ഷ പത്രങ്ങൾക്ക് പക്ഷേ, പാർട്ടിയുണ്ട്. പാർട്ടി പത്രങ്ങൾ വസ്തുതകൾ പറയുന്നുണ്ടെങ്കിൽ എന്തിന് മറ്റുപത്രങ്ങൾ തേടി പോകണം എന്ന ചോദ്യം പ്രസക്തമാണ്. കോട്ടയത്തെ ദേശാഭിമാനി യൂണിറ്റ് ഉദ്ഘാടനം ചെയ്യുന്ന വേളയിൽ മനോരമയുടെ ചീഫ് എഡിറ്റർ ആയിരുന്ന കെ.എം.മാത്യു പറഞ്ഞ കാര്യമാണ് കുറ്റിക്കാട് മറുപടിയായി പറഞ്ഞത്. താൻ ആദ്യം വായിക്കുന്നത് ദേശാഭിമാനിയാണ് എന്നാണ് കെഎം മാത്യു പറഞ്ഞത്. മറ്റുള്ളവർ എന്താണ് പറയുന്നത് എന്നറിയാനാണ് ദേശാഭിമാനി വായിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. പാർട്ടി കാര്യങ്ങളെ മറ്റുള്ളവർ എങ്ങനെ കാണുന്നു എന്നത് അറിയാനാണ് വ്യത്യസ്ത പത്രങ്ങൾ വായിക്കുന്നത്, കുറ്റിക്കാട് പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്തിനുശേഷം ദേശാഭിമാനി വടക്കേ ഇന്ത്യൻ വാർത്തകൾക്ക്, പ്രത്യേകിച്ച് ദേശീയ വാർത്തകൾക്ക് പ്രാധാന്യം കൊടുത്തിരുന്നു. അത് വായിക്കാൻ കൂടുതൽ വായനക്കാർ ഉണ്ടായിരുന്നു.
 
ഇപ്പോൾ പാർട്ടിക്കാർ പോലും പത്രം വായിക്കുന്നില്ല എന്ന സംശയം ചർച്ചയിൽ ഉയർന്നു.
കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പത്രം എന്തുകൊണ്ട് ഏറ്റവും സർക്കുലേഷൻ കൂടിയ പത്രം ആകുന്നില്ല? കുറ്റിക്കാടിന്റെ മറുപടി, പത്രം വാങ്ങാൻ സാമ്പത്തികശേഷിയില്ലാത്തവർ പാർട്ടിയിൽ ഇപ്പോഴുമുണ്ട് എന്നായിരുന്നു. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ . വായ്പയെടുത്ത് ഒരു വർഷത്തെ സബ്സ്ക്രിപ്ഷൻ എടുത്ത് ദേശാഭിമാനി പത്രം വാങ്ങിക്കുന്ന ചുമട്ട് തൊഴിലാളികൾ ഉണ്ട്, പാർട്ടിയിൽ.
 
പാർട്ടി പോലും പരസ്യം ചെയ്യുന്നത് കൂടുതൽ പേർ വായിക്കുന്ന കൂടുതൽ റീച്ചുള്ള സർക്കുലേഷൻ കൂടിയ പത്രങ്ങളിലാണ് എന്ന ആരോപണവും ചർച്ചയിൽ ഉയർന്നുവന്നു.സത്യത്തിനു നിരക്കുന്ന പ്രവർത്തനം മാധ്യമപ്രവർത്തകന് പാർട്ടി പത്രത്തിൽ ചെയ്യാൻ കഴിയുമോ എന്ന ചോദ്യം ഉന്നയിക്കപ്പെട്ടു. വാർത്തകൾ എല്ലാം സത്യസന്ധമായി തന്നെയാണ് കൊടുക്കുന്നത്, കുറ്റിക്കാട് പറഞ്ഞു.
 
ലഭ്യമായ ഏറ്റവും ശരിയായ വ്യാഖ്യാനം നൽകുകയും ചെയ്യുന്നു. കെ.എം മാത്യു ഒരിക്കൽ ഇ.എം.എസ്
നമ്പൂതിരിപ്പാടിനോട് പറഞ്ഞു, ഞങ്ങൾ ബൂർഷ്വാ പത്രങ്ങൾ ചെയ്യുന്ന കാര്യം നിങ്ങളും ചെയ്യുന്നു. പള്ളിപ്പെരുന്നാളിന്റെ വാർത്ത ഞങ്ങൾ കൊടുക്കുന്നതുപോലെ നിങ്ങളും കൊടുക്കുന്നു. ഇഎംഎസിന്റെ മറുപടി ഇങ്ങനെ, ' ജനങ്ങൾക്ക് അന്യമല്ലാത്തതൊന്നും ഞങ്ങൾക്കും അന്യമല്ല. ഉത്സവം കാണാൻ പോകുന്നവനും അയാളുടെ വാർത്ത പത്രത്തിൽ വരണം എന്ന് ആഗ്രഹിക്കുന്നുണ്ട്.'
 
ഡി. പ്രദീപ്‌ കുമാർ, കെ. ഹേമലത എന്നിവർ പരിപാടിയിൽ മോഡറേറ്റർമാരായി.
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട് :https://youtu.be/PeGSYXWlMtM

 

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (2) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (2) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (3) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍