
നിങ്ങള്‍ സംഗീതാസ്വാദകനെങ്കില്‍ സൂക്ഷിക്കുക-ഏതു നിമിഷവും അവര്‍ വന്നു മുട്ടിവിളിച്ചു ചോദിക്കാം:ലൈസന്‍സ് എടുത്തിട്ടുണ്ടോ?
ഓട്ടോറിക്ഷ മുതല്‍ വിമാനം വരെയും,ഡാന്‍സ് ക്ലാസ് മുതല്‍ മെഗാഷോ വരെയും,റേഡിയോ മുതല്‍ ഇന്റര്‍നെറ്റ് സൈറ്റുവരെയും എവിടൊക്കെ ജനങ്ങള്‍ പാട്ടുകേള്‍ക്കുന്നുവോ അവിടൊക്കെ കയറിയിറങ്ങി ലൈസന്‍സ് ഫീസ് പിരിക്കാന്‍ ഇതാ കേരളത്തില്‍ ആളിനെ നിയമിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ അധികാരപ്പെടുത്തിയതായി അവകാശപ്പെടുന്ന ഫോണോഗ്രാഫിക് പെര്‍ഫോമന്‍സ് ലിമിറ്റഡ് (PPL)എന്ന സ്ഥാപനം ഈ മാസം 22നും 23നും The Hindu,The New Indian Express പത്രങ്ങളില്‍ ഡയറക്റ്റ് സെയിത്സ് ഏജന്റിനെ നിയമിക്കുന്നതിനു പരസ്യം ചെയ്തിട്ടുണ്ടു.
ഏതു തരത്തിലുള്ള സംഗീതവും കേള്‍പ്പിക്കുന്ന വാണിജ്യസ്ഥാപനങളില്‍ നിന്നും അവര്‍ ലൈസന്‍സ് ഫീ പിരിച്ചെടുക്കും .അതിനായി നല്ല (തടി)മിടുക്കുള്ളവരെ('active and reasonably sized fieldforce') ആവശ്യമുണ്ടെന്നു പരസ്യത്തില്‍ വിശദീകരിച്ചിട്ടുണ്ടു.
139 മ്യൂസിക് കമ്പനികള്‍ക്ക് പകര്‍പ്പകവാശമുള്ള പാട്ടുകള്‍ ഇനി പറയുന്നിടങ്ങളില്‍ ഉപയോഗിക്കുന്നതിനു മുങ്കൂര്‍ ലൈസന്‍സ് ഫീ നിങ്ങള്‍ ഇവര്‍ക്കു നല്‍കേണ്ടിവരും:
ഡിസ്കോ സെന്ററുകള്‍,സംഗീത പ്രശ്നോത്തിരികള്‍,ഡിസ്ക്ക് ജോക്കി പരിപാടികള്‍,ജൂക്ക് ബോക്സുകള്‍,വാണിജ്യ സ്ഥാപനങ്ങള്‍,300 sq Ft ഉള്ള കടകളും സ്റ്റോറുകളും,ബ്യൂട്ടി പാര്‍ലറുകളും സലൂണുകളും,ബസുകള്‍,വാഹനങ്ങള്‍,റെയില്‍ വേ സ്റ്റേഷനുകള്‍,ട്രൈയ്നുകള്‍,വിമാനങ്ങള്‍,ബോട്ടുകളും കപ്പലുകളും,ഹോട്ടലുകളും റിസോര്‍ട്ടുകളും,ചായക്കടകള്‍,റിസോര്‍ട്ടുകള്‍,ബാറുകളടക്കമുള്ള പൊതുസ്ഥലങ്ങള്‍,കഫേകള്‍,ഫാക്റ്ററികള്‍,ഓഫീസുകള്‍,ബാങ്കുകള്‍,റിസപ്ഷന്‍ കൌണ്ടറുകള്‍,ഫോണിലും മറ്റും കേള്‍പ്പിക്കുന്ന ഹോള്‍ഡ് ഓണ്‍ മ്യൂസിക്ക്,മാജിക്ക് ഷോകള്‍,തീയറ്ററുകള്‍,മ്യൂസിയം,ആര്‍ട്ട് ഗാലറികള്‍,അമ്യൂസ്മെന്റ്പാര്‍ക്കുകള്‍,പബ്ബുകള്‍,ക്ലബ്ബുകള്‍,സ്വിമ്മിങ്ങ് പൂളുകള്‍,ക്ലിനിക്കുകള്‍,ആശുപത്രികള്‍,ഡാന്‍സ് സ്കൂളുകള്‍,സ്റ്റുഡിയോകള്‍,നാടകങ്ങള്‍,ബാലെകള്‍,ചെറിയ ചടങ്ങുകള്‍,സംഗീതക്കച്ചേരികള്‍,കായികവിനോദവേദികള്‍,ഫാഷന്‍ ഷോകള്‍,പ്രദര്‍ശനങ്ങള്‍,മതപരമായ ചടങ്ങങ്ങുകള്‍
ഡിസ്കോ സെന്ററുകള്‍,സംഗീത പ്രശ്നോത്തിരികള്‍,ഡിസ്ക്ക് ജോക്കി പരിപാടികള്‍,ജൂക്ക് ബോക്സുകള്‍,വാണിജ്യ സ്ഥാപനങ്ങള്‍,300 sq Ft ഉള്ള കടകളും സ്റ്റോറുകളും,ബ്യൂട്ടി പാര്‍ലറുകളും സലൂണുകളും,ബസുകള്‍,വാഹനങ്ങള്‍,റെയില്‍ വേ സ്റ്റേഷനുകള്‍,ട്രൈയ്നുകള്‍,വിമാനങ്ങള്‍,ബോട്ടുകളും കപ്പലുകളും,ഹോട്ടലുകളും റിസോര്‍ട്ടുകളും,ചായക്കടകള്‍,റിസോര്‍ട്ടുകള്‍,ബാറുകളടക്കമുള്ള പൊതുസ്ഥലങ്ങള്‍,കഫേകള്‍,ഫാക്റ്ററികള്‍,ഓഫീസുകള്‍,ബാങ്കുകള്‍,റിസപ്ഷന്‍ കൌണ്ടറുകള്‍,ഫോണിലും മറ്റും കേള്‍പ്പിക്കുന്ന ഹോള്‍ഡ് ഓണ്‍ മ്യൂസിക്ക്,മാജിക്ക് ഷോകള്‍,തീയറ്ററുകള്‍,മ്യൂസിയം,ആര്‍ട്ട് ഗാലറികള്‍,അമ്യൂസ്മെന്റ്പാര്‍ക്കുകള്‍,പബ്ബുകള്‍,ക്ലബ്ബുകള്‍,സ്വിമ്മിങ്ങ് പൂളുകള്‍,ക്ലിനിക്കുകള്‍,ആശുപത്രികള്‍,ഡാന്‍സ് സ്കൂളുകള്‍,സ്റ്റുഡിയോകള്‍,നാടകങ്ങള്‍,ബാലെകള്‍,ചെറിയ ചടങ്ങുകള്‍,സംഗീതക്കച്ചേരികള്‍,കായികവിനോദവേദികള്‍,ഫാഷന്‍ ഷോകള്‍,പ്രദര്‍ശനങ്ങള്‍,മതപരമായ ചടങ്ങങ്ങുകള്‍
ലൈസന്‍സ് ഫീസിന്റെ വിശദാംശങ്ങള്‍ അവര്‍ സൈറ്റില്‍ കോടുത്തിട്ടില്ലാത്തതിനാല്‍ രണ്ടുനാള്‍ മുന്‍പു ഒരു ഇ-മെയില്‍ അയച്ചിരുന്നെങ്കിലും ഇതുവരെ മറുപടി കിട്ടിയിട്ടില്ല.പക്ഷേ,നെറ്റില്‍ പരതിയപ്പോള്‍ ഇന്ത്യന്‍ പെര്‍ഫോര്‍മിങ് റൈറ്റ് സൊസൈറ്റി(IPRS) എന്ന ഗാനരചയിതാക്കളും സംഗീതസംവിധായകരും,നിര്‍മ്മാണ കമ്പനികളും ഉള്‍പ്പെടെ 1643 അംഗങ്ങളുള്ള മറ്റൊരു സംഘടനയുടെ താരിഫ് ലഭിച്ചു.ഭീമമായ തുകയാണു ലൈസന്‍സ് ഫീസ്.
നാട്ടിന്‍ പുറത്ത് സ്റ്റേജ്കെട്ടി പിരിവെടുത്ത് ഗാനമേള നടത്തുന്നവര്‍ പോലും മുങ്കൂറായി 2000 രൂപ ലൈസന്‍സ് ഫീ അടക്കണം.ഒരിളവുമില്ല. ഈ ഫീസ് 250 വരെയുള്ള ഓഡിയന്‍സിന്റെ കാര്യത്തിലാണു.പാട്ടു കേള്‍ക്കാന്‍ ആളു കൂടുംതോറും സംഘാടകര്‍ വെള്ളം കുടിക്കും.500 ആളുണ്ടെങ്കില്‍ 25000 കൊടുക്കണം.അതിനു മേല്‍ 750 വരെ ഫീസ് കെട്ടേണ്ടത് 30000 രൂപ!ഇങ്ങനെ പോകുന്നു.ടിക്കറ്റു വെച്ചു നടത്തിയാലും ഇല്ലെങ്കിലും ഫീസ്സ് നിര്‍ബന്ധം.
ചായകുടിക്കാന്‍ കേറുന്ന ഹോട്ടലില്‍ ഇനി ചിലപ്പോള്‍ റേഡിയോയും ടി.വിയുമൊന്നും ശബ്ദിക്കുകയില്ല.അവ വെയ്ക്കുന്നതിനു പോലും ഫീസ്സടക്കണം.500 സ്ക്വയര്‍ ഫീറ്റില്‍ കൂടുതലുള്ളഹോട്ടലുകള്‍ വാര്‍ഷിക ലൈസസ് ഫീയായി 3750 രൂപയാണു നല്‍കേണ്ടത്.
യാത്രക്കാരെ സുഖിപ്പിക്കാന്‍ ഓട്ടോയില്‍ എഫ്.എം റേഡിയോയോ സി.ഡിയോ വെയ്ക്കുന്ന പാവം ഡ്രൈവറും 600 രൂപയടച്ചു ലൈസന്‍സ് വാങ്ങണം!കാറിനു 800,ബസിനു 2000 എന്നിങ്ങനെയാണു ഫീസ്.
വിമാനത്തില്‍ പാട്ടു കേള്‍പ്പിക്കണമെങ്കില്‍ സീറ്റൊന്നിനു 3 രൂപവീതം ഓരോ യാത്രയ്ക്കും കമ്പനി അടക്കണം.
ഇനി കെട്ടുവള്ളത്തിലോ ,ബോട്ടിലോ പോകാമെന്നു വെച്ചാലും പാട്ടു കേള്‍ക്കണോ, കാശ് ചെലവാകും.ഉടമസ്ഥര്‍ നല്‍കേണ്ട വാര്‍ഷിക ഫീസ് 5000 രൂപ.
എഫ്.എം റേഡിയോ നിലയങ്ങള്‍ മുതല്‍ അവികസിത-വിദൂര ഗ്രാമങ്ങളിലെ കമ്മൂണിറ്റി റേഡിയോനിലയങ്ങള്‍ക്കു വരെ അതിഭീമമായ ലൈസന്‍സ് ഫീസ്സാണു ഗാനപ്രക്ഷേപണത്തിനു ഒടുക്കേണ്ടത്.മെട്രോ നഗരങ്ങളില്‍ 17 ലക്ഷം,എ-ക്ലാസ് നഗരങ്ങളില്‍ 12 ലക്ഷം,ബി 10 ലക്ഷം സി 7 ലക്ഷം ഡി 4.5 ലക്ഷം എന്നിങ്ങനെയാണു ഓരോ നിലയവും ഒടുക്കേണ്ട മിനിമം വാര്‍ഷിക ഫീസ്.കമ്മ്യൂണിറ്റി റേഡിയോ നിലയങ്ങള്‍ക്കു പോലും 5000 മുതല്‍ ഒന്നരലക്ഷം വരെയാണു നിരക്ക്.
അങ്ങാടിയില്‍ പെട്ടിക്കടക്കാരന്‍ ചുമ്മാ ഒരു രസത്തിനു വഴിയിലേക്ക് പാട്ടുവെയ്ക്കുന്നതിനു പോലും 500 രൂപയടച്ച് വാര്‍ഷിക ലൈസന്‍സ് വാങ്ങണം!
ഈ ഇനത്തില്‍ 2006-2007-ല്‍ മാത്രം The Indian Performing Right Society 1707 ലക്ഷം രൂപയാണു പിരിച്ചെടുത്തതെന്ന് അവരുടെ വാര്‍ഷിക റിപ്പോട്ടിലുണ്ടു.എഫ്.എം റേഡിയോ നിലയങ്ങളില്‍ നിന്നുള്ള വരുമാനം 320 ലക്ഷം രൂപ കൂടി.ഈ തുക ഓഫീസ് ചെലവു കഴിച്ചു അംഗങ്ങള്‍ക്കു വിതരണം ചെയ്യുന്നു എന്നാണു അവര്‍ പറയുന്നത്.PPL കൂടി ശക്തമായി രംഗത്ത് വരുന്നതോടെ ലൈസന്‍സ് ഫീ പിരിവു ഊര്‍ജ്ജിതമാകും.
ഈ കാശൊക്കെ പിരിച്ചെടുക്കാന്‍ പറ്റുമോ എന്നു ശങ്കിക്കുന്നവര്‍ അറിയുക-ZEE Networkനെതിരെ കേസ് കൊടുത്താണു അവര്‍ ലൈസന്‍സ് ഫീ വാങ്ങിയെടുത്ത്.ഇതെത്തുടര്‍ന്നാകണം സ്റ്റാര്‍,സോണി തുടങ്ങിയ വമ്പന്‍ ടി.വി ചാനലുകളും സഹാറ,കിങ്ങ്ഫിഷര്‍,ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികളും IPRSനു വാര്‍ഷിക ലൈസന്‍സ് ഫീ അടച്ചിട്ടുണ്ട്.
-ചുമ്മാതല്ല ഫീസ് പിരിക്കാന്‍ കേരളത്തില്‍ അവര്‍ ആളിനെ തെരക്കുന്നത്.
ഇനി ഒരു ഫ്ലാഷ്ബായ്ക്ക്.
യേശുദാസിന്റെ ഹിറ്റുഗാനങ്ങള്‍ ഗാനമേളകളില്‍ പാടാന്‍ തരംഗിണിക്കും തങ്ങള്‍ക്കും റോയല്‍റ്റി തരണമെന്നു വിനോദ് യേശുദാസ് പ്രസ്താവിച്ചത് 2004 മാര്‍ച്ചില്‍ സംസ്ഥാനത്ത് വന്‍ വിവാദമുണ്ടാക്കിയിരുന്നു.അതുസംബന്ധിച്ച ദ ഹിന്ദു റിപ്പോര്‍ട്ട് കാണുക.ചെന്നൈയില്‍ ഉണ്ണിമേനോന്‍ സംഘടിപ്പിച്ച ഗാനമേളയില്‍ മധു ബാലകൃഷ്ണന്‍ പാടാനുദ്ദേശിക്കുന്ന ഗാനങ്ങളുടെ ലിസ്റ്റ് വിനോദ് ചോദിച്ചുവെന്നും ഇത് പുതുഗായകരെ ശ്വാസം മുട്ടിക്കാനുള്ള നീക്കമാണെന്നും അതിരൂക്ഷമായ ഭാഷയില്‍ ഉണ്ണി മേനോന്‍ പ്രതികരിച്ചിരുന്നു.പാട്ടിന്റെ നിയമപരമായ (കോപ്പിറൈറ്റ്)കാര്യങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ മാത്രമേ താന്‍ ശ്രമിച്ചുള്ളുവെന്നു പറഞ്ഞ് വിനോദ് തടിയൂരി. യേശുദാസിനു ഗായകനെന്ന നിലയില്‍ തന്റെ പാട്ടുകളുടെ മേല്‍ നിയമപരമായ അവകാശമുണ്ടെന്ന വാദം അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് കടുത്ത മങ്ങല്‍ ഏല്‍പ്പിക്കുകയും ചെയ്തു.
പാട്ടിനു വന്‍ തുക റോയല്‍റ്റി പിരിക്കുന്നവര്‍ പ്രോഡ്യൂസര്‍മാര്‍ക്കല്ലാതെ ഗായകര്‍ക്ക് എന്തെങ്കിലും കൊടുക്കാറുണ്ടോ?ആകാശവാണിയും ദൂരദര്‍ശനും പണ്ടുമുതല്‍ക്കേ കൃത്യമായി റോയല്‍റ്റി കമ്പനിയ്ക്ക് നല്‍കുന്ന സ്ഥാപങ്ങളാണു.പക്ഷേ ഈ കാശ് പാവപ്പെട്ട ഗായകര്‍ക്കോ ഗാനരചയിതാക്കള്‍ക്കോ കിട്ടുന്നെന്നു തോന്നുന്നില്ല.ഈ റോയല്‍റ്റിയുടെ ചെറിയൊരു വിഹിതമെങ്കിലും കിട്ടിയിരുന്നെങ്കില്‍ എം.എസ് ബാബുരാജിന്റെ കുടുംബവും മച്ചാട്ടു വാസന്തിയും എന്നേ അതീവ സമ്പന്നരായില്ലെങ്കിലും പട്ടിണിയില്ലാതെ ജീവിച്ചു പോകുമായിരുന്നു.
പിന്‍ കുറിപ്പ്
പാട്ടിനു റോയല്‍റ്റി കൊടുത്തില്ലെങ്കില്‍ എന്തുണ്ടാകും?
-ക്വട്ടേഷന്‍ സംഘം ഇറങ്ങുമോ?!
-----------------------------------------
പത്രപ്രവര്‍ത്തനം വിട്ടതിനു ശേഷം ഇത്തരം ധാരാളം സ്കൂപ്പുകള്‍ സുഹൃത്തുക്കള്‍ക്ക് നല്‍കിപ്പോരുകയായിരുന്നു ശീലം.ഇതോടെ അതങ്ങു നിര്‍ത്താന്‍ തീരുമാനിച്ചു.ആദ്യം ബ്ലോഗില്‍ വരട്ടെ.