ശ്രീപത്മനാഭ സ്വാമിയുടെ മനസ് കവടി നിരത്തി ,ലക്ഷണം നോക്കി വ്യാഖ്യാനിച്ച ദൈവജ്ഞർക്ക് നമോവാകം!
ബി നിലവറ തുറന്നാൽ രാജ്യം തന്നെ മുടിയും.ഭരണകൂടം അസ്ഥിരമാകും.അറ തുറക്കുന്നവരുടെ വംശം മുടിയും.ഉഗ്രവിഷമുള്ള സർപ്പം അവരെ കൊത്തും!തന്റെ നിലവറകൾ തുറന്നു സ്വർണ്ണവും രത്നവും മറ്റും മറ്റുള്ളവർ കണ്ടതിലും അതിന്റെ കണക്കെടുക്കാനും വീഡിയോ പിടിക്കാനും പോകുന്നതിലും ശ്രീപത്മനാഭനു അതൃപ്തിയുണ്ടു.അവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന നരസിംഹമൂർത്തിയാകട്ടെ കോപിഷ്ടനാണു.ഉഗ്രപ്രതാപിയാകയാൽ എന്തു ചെയ്യുമെന്ന് ഒരു നിശ്ചയവുമില്ല!ആയതിനാൽ അനിഷ്ടങ്ങളും ദുരന്തങ്ങളും ഒഴിവാക്കാനായി ഉടനടി പരിഹാരക്രിയകൾ ചെയ്യേണ്ടതാകുന്നു.സമസ്താപരാങ്ങളും ഏറ്റുപറഞ്ഞ് വിളിച്ചുചൊല്ലിപ്രാർത്ഥന.അത് കഴിഞ്ഞ ദിവസം നടത്തി.പിന്നെ,പ്രത്യേക പൂജകൾ.ക്രിയകൾ.അതിന്റെ ചാർത്ത് രാജകുടുംബത്തിനു ദൈവജ്ഞർ നൽകിയിട്ടുണ്ടു.
സ്റ്റ
പാപപരിഹാര കർമ്മങ്ങളുടെ നീണ്ട പട്ടികയിൽഅതിവിശിഷ്ടമായ ഒരിനമുണ്ടു.പത്രക്കാർക്കും മാദ്ധ്യമങ്ങൾക്കൊമൊന്നും അത് കണ്ണിൽ പെട്ടില്ല.പക്ഷേ,വരികൾക്കിടയിൽ നിന്ന് അത് ഈയുള്ളവന്റെ ദൃഷ്ടിയിൽ പെട്ടു.പാപപരിഹാരാർത്ഥം 108 ബ്രാഹ്മണരുടെ കാൽ കഴുകിച്ചൂട്ടണം എന്നും ദൈവജ്ഞർ നിർദ്ദേശിച്ചിട്ടുണ്ടു.ബ്രാഹ്മണശ്രേഷ്ഠരുടെ കാൽ കഴുകിച്ച് ഊട്ടുന്ന ആ മനോഹര ദൃശ്യം ചാനലുകാർ ലൈവായി പ്രക്ഷേപണം ചെയ്യുമെന്ന് ഈയുള്ളവൻ പ്രതീക്ഷിക്കുന്നു.
ഈ അവസരത്തിൽ അത്ര പഴയതല്ലാത്ത മറ്റൊരു ദേവപ്രശ്നം ഓർമ്മ വരുന്നു.2007 നവംബറിൽ അത് നടന്നത് ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു.ചുരീദാറിട്ട സ്ത്രീകളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നതിൽ ഭഗവാനു അതൃപ്തിയുണ്ടെന്നായിരുന്നു അവിടെ നടത്തിയ അഷ്ടമംഗല ദേവപ്രശ്നത്തിൽ കണ്ടെത്തിയത്.അതിനു പരിഹാരമായി നിദ്ദേശിക്കപ്പെട്ടതും വിളിച്ചുചൊല്ലിപ്രാർത്ഥന, ബ്രാഹ്മണരുടെ കാൽ കഴുകിച്ചൂട്ടൽ എന്നിവയായിരുന്നു!അങ്ങനെ 2008 ആഗസ്റ്റ് 9നു അവിടെ 108 ബ്രാഹ്മണരുടെ കാൽ കഴുകിച്ച് ഊട്ടി.ആ ബ്രാഹ്മണശ്രേഷ്ഠരെ കണ്ട് ഭക്തജനങ്ങൾ കൈകൂപ്പി നിൽക്കുന്ന സുന്ദരദൃശ്യം ഒരു പത്രത്തിന്റെ പ്രാദേശികപേജിൽ നിന്നും കണ്ടെടുത്ത് ഈ ലേഖകൻ ഈ പംക്തിയിലൂടെയും ബ്ലോഗിലൂടെയും മാലോകരെ അറിയിച്ചു.അപ്പോൾ സഖാവ് തോട്ടത്തിൽ രവീന്ദ്രനായിരുന്നു ഗുരുവായൂർ ദേവസ്വം പ്രസിഡന്റ്.ഉഗ്രമൂർത്തിയും സംഹാരരുദ്രനുമായ ജി.സുധാകരൻ സഖാവായിരുന്നു ദേവസ്വം മന്ത്രി!
ദൈവജ്ഞൻമാർ കവടി നിരത്തിക്കൊണ്ടിരിക്കേ ഗുരുവായൂരിലെ ക്ഷേത്രചൈതന്യത്തിനു ക്ഷയം സംഭവിക്കുമെന്ന് കണ്ടെത്തിയ ഉടൻ അന്നത്തെ തന്ത്രി ചേന്നാസ് നമ്പൂതിരിപ്പാട് അരുളിചെയ്തതു കൂടി ഈ അവസരത്തിങ്കൽ പ്രത്യേകം ഓർമ്മിക്കേണ്ടതാകുന്നു:അവർണ്ണർക്ക് ക്ഷേത്രപ്രവേശനം അനുവദിച്ചതാണു ഈ ശക്തിക്ഷയത്തിനു കാരണം!
തിരുവനന്തപുരത്തെ ദൈവജ്ഞർക്കും ശിങ്കിടികൾക്കും ഇതേ അഭിപ്രായം തന്നെ ഉണ്ടാകാൻ ഇടയുണ്ടെങ്കിലും തൽക്കാലം അത് പറഞ്ഞിട്ടില്ല.ശ്രദ്ധ തിരിഞ്ഞു പോകും.നിലവറ എന്തു വിലനൽകിയും തുറപ്പിക്കരുത്.അതിന്റെ കണക്ക് എടുപ്പിക്കരുത്.ഈ സ്വത്തുക്കളൊന്നും കൈവിട്ടു പോകരുത്.അവ ഇനിയും തന്നിഷ്ടപ്രകാരം കൈകാര്യം ചെയ്യാൻ അവസരം ഉണ്ടാകണം.
-തിരുവിതാങ്കൂർ “മഹാരാജാവു”എന്ന് മാദ്ധ്യമങ്ങൾ വിശേഷിപ്പിക്കുന്ന മാർത്താണ്ഡവർമ്മക്കും ഒപ്പം നിൽക്കുന്നവർക്കും ഈ ഒരൊറ്റ ഉദ്ദേശ്യമേയുള്ളൂ.ശ്രീപത്മനാഭസ്വാമി ക്ഷേത്രംരാജകുടുംബത്തിന്റേതല്ലെന്നും ഇവർക്ക് ക്ഷേത്രഭരണത്തിൽ യാതൊരുകാര്യവുമില്ലെന്നുമുള്ള കീഴ്കോടതി വിധി കേരള ഹൈക്കോടതി ശരിവച്ചിരുന്നു.അത് സുപ്രീം കോടതിഇതുവരെ സ്റ്റേ ചെയ്തിട്ടില്ല.തിരുപ്പതി ക്ഷേത്രഭരണ മാതൃകയിൽ ഒരു ട്രസ്റ്റ് രൂപവത്കരിച്ച് ക്ഷേത്രഭരണം അവരെ ഏൽപ്പിക്കണമെന്നാണു ഹൈക്കോടതി നിർദ്ദേശിച്ചത്.ആ ട്രസ്റ്റിൽ പ്രത്യേകാവകാശങ്ങളൊന്നുമില്ലാതെ,സാധാരണ ഒരുഅംഗം മാത്രമായിരിക്കാനുള്ള വൈമുഖ്യമാകണം മാർത്താണ്ടവർമ്മയെ കൊണ്ട് ദേവപ്രശ്നമെന്ന .ആവനാഴിയിലെ അവസാനത്തെ അസ്ത്രം എടുത്ത് പ്രയോഗിക്കാൻ നിർബന്ധിതമാക്കിയത്.
വിലമതിക്കാനാകാത്ത സ്വത്തുക്കളുള്ള ക്ഷേത്രത്തിൽ ഇത്രകാലവും യഥേഷ്ടം വിഹരിക്കാൻ വെറും ഒരു മുൻ രാജകുടുംബാംഗം മാത്രമായ ഇദ്ദേഹത്തിനു കഴിഞ്ഞത് തിരുവനന്തപുരത്തുകാരുടെ അതിരുകവിഞ്ഞ രാജഭക്തി ഒന്നുകൊണ്ടു മാത്രമാണു.അവസാനത്തെ രാജാവ് ശ്രീ ചിത്തിര തിരുനാളായിരുന്നു. 1973ൽ പ്രിവിപേഴ്സ് നിർത്തലാക്കിയതോട് കൂടി മുൻ രാജാക്കന്മാർക്ക് സാധാരണ പൌരന്മാരിൽകവിഞ്ഞ യാതൊരു പരിഗണനയും നിയമപരമായി നിലവിലില്ല.
പക്ഷേ,ക്ഷേത്ര ദർശനം നടത്താൻ ചിത്തിര തിരുന്നാളിനു പ്രത്യേക സമയംനിശ്ചയിച്ചു നൽകിയതിൽ തെറ്റില്ല.എന്നാൽ അദ്ദേഹത്തിന്റെ മരണശേഷം അതേ അവകാശങ്ങൾ ഇപ്പോഴത്തെ”മഹാരാജാവ്” എന്ന് സ്വയം വിശേഷിപ്പിക്കുന്ന മാർത്താണ്ഡ വർമ്മയ്ക്കും ബന്ധുക്കൾക്കും നൽകിയത് യാതൊരു കാരണവശാലും നീതീകരിക്കത്തക്കതല്ല.അവർ ക്ഷേത്രദർശനത്തിന്റെ മറവിൽ ഈ നിലവറകൾ പലപ്രാവശ്യം തുറക്കുകയും അവയിലെ സ്വർണ്ണവും മറ്റും മറ്റാവശ്യങ്ങൾക്കായി എടുക്കുകയും ചെയ്തതായി ആക്ഷേപങ്ങൾ ഉയർന്നതാണു ഇപ്പോഴത്തെ കേസുകൾക്ക് അടിസ്ഥാനം.അത് ഇവിടെ മനപൂർവംവിസ്മരിക്കപ്പെടുകയാണു.നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ നിലവറകൾക്ക് എങ്ങനെയാണു ഗോദ് റേജ് പൂട്ടുകൾ വന്നതെന്ന് അഡ്വ. സുന്ദർരാജൻചോദിച്ചിരുന്നു.അതിൽ എല്ലാംഅടങ്ങിയിരിക്കുന്നു.ആഗസ്റ്റ് 21ലെ “ഡക്കാൻ ക്രോണിക്കിൾ” ദിനപത്രത്തിൽ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മുൻ സീനിയർ ക്ലർക്കായിരുന്ന പത്മനാഭദാസയുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ചിട്ടുണ്ട്.2007ൽ തിരുവനന്തപുരം ജില്ലാ കോടതിയിൽ അദ്ദേഹം സമർപ്പിച്ച സത്യവാങ്മൂലത്തിലുള്ള കാര്യങ്ങൾ ആവർത്തിക്കുക മാത്രമാണു ഇവിടെ ചെയ്തിട്ടുള്ളത്.അതിന്റെ സംഗ്രഹമായിരുന്നു അച്ച്യുതാനന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്.മാർത്താണ്ഡവർമ്മ 2007ൽ “ബി”നിലവറ തുറന്ന് കൊടിമരത്തിനുവേണ്ടി എന്ന് പറഞ്ഞ് വെള്ളിക്കട്ടികൾ എടുക്കുന്നതിനു താൻ സാക്ഷിയാണു.വാതിലുകൾ സ്വർണ്ണം പൂശാനെന്ന പേരിൽ “എ” നിലവറ സ്ഥിരമായി തുറന്ന് 500 കിലോ സ്വർണ്ണം കടത്തിക്കൊണ്ടു പോയതായും അദ്ദേഹം ആരോപിക്കുന്നു.നിലവറയിലുള്ള അമൂല്യവസ്തുക്കളുടെ രജിസ്ർ പരിശോധിച്ച കേരള ഹൈക്കോടതി,മാർത്താണ്ഡ വർമ്മ ഹാജരാക്കിയ ഇന്വെന്ററി അപൂർണ്ണമാണെന്നും വിശ്വസനീയമല്ലെന്നും കണ്ടെത്തിയതായി 22.8.2011ൽ മറ്റൊരു റിപ്പോർട്ടും ഈ പ്രമുഖ ഇംഗ്ലീഷ് ദിനപത്രം പ്രസിദ്ധീകരിച്ചിട്ടുണ്ടു.
കഴിഞ്ഞ ദിവസം വി.എസ് അച്ഛ്യുതാനന്ദൻ പച്ചയായി പറഞ്ഞത് ഇക്കാര്യമാണു.ചില സത്യങ്ങൾ ഇങ്ങനെ ചിലർക്കേ വിളിച്ചുകൂവാൻ പറ്റൂ.നഗ്നസത്യങ്ങൾക്ക് ഗ്രാമറും വൃത്തവുമില്ല.അതിന്റെഭാഷ പണ്ഡിതോചിതമാകണമെന്നില്ല.രാജഭക്തർക്കും കപടഭക്തർക്കും കടുത്ത അന്ധവിശ്വാസികൾക്കും ഈ തുറന്നുപറച്ചിലുകൾ സഹിക്കാൻ പറ്റില്ല.
ആചാരത്തിന്റേയും വിശ്വാസത്തിന്റേയും പേരിൽ നടക്കുന്ന പ്രാകൃതമായ കവടിനിരത്തൽ പോലുള്ള ഏർപ്പാടുകൾ എതിർക്കപ്പേടേണ്ടതാണു.കവടി വെച്ച്,ലക്ഷണം നോക്കി ഗണിച്ച് ദൈവത്തിന്റെ ഹിതം ജ്യോതിഷികൾ പ്രഖ്യാപിക്കുന്നതും പാപപരിഹാരാർത്ഥം ബ്രാഹ്മണരെ കാൽ കഴുകിച്ചൂട്ടുന്നതും ഭരണഘടനാവ്യവസ്ഥകൾക്കും ജനാധിപത്യമൂല്യങ്ങൾക്കും വിരുദ്ധമായ കാടത്തമാണു.ഇതിനു മുന്നിട്ടിറങ്ങുന്ന ഇല്ലാത്ത രാജാക്കന്മാരെ തണ്ടിലേറ്റി നടക്കുന്നവർ ജനാധിപത്യത്തിന്റെ അന്തകരാണു.
108 ബ്രാഹ്മണരുടെ കാൽ കഴുകിച്ചൂട്ടാൻ കൽപ്പിച്ചവരെ എന്തു വിളിക്കണം? സുപ്രീം കോടതിയെപ്പോലും ഭയപ്പെടുത്തിനിർത്താനുള്ള ഇവരുടെ നിന്ദ്യമായ ഈ ശ്രമത്തിനെതിരെ മാദ്ധ്യമങ്ങൾ കണ്ണടച്ചിരിക്കുന്നത് മഹാപരാധമാണു.വരും നാളുകളിൽ 108 ബ്രാഹ്മണരുടെ കാൽകഴുകിച്ചൂട്ടുമ്പോഴും അതിനെ പ്രകീർത്തിക്കാൻ ഇവർ തുനിയും.കഷ്ടം!
-അനന്തപുരിയിൽ നിന്നുള്ള ഈ വാർത്തകൾ ഇരുട്ടു നിറക്കുന്നവയാണു.അവ അജ്ഞാനികളുടെ ജല്പനങ്ങളാണു.പ്രാകൃത യുഗത്തിലേക്കാണു അവ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്.
18 comments:
ആരോട് പറയാൻ.
എല്ലാരും ശ്രീപപ്പനാവ ദാസന്മാരല്ലെ.
അതേ.മലയാള മാദ്ധ്യമങ്ങളിലെ ഈ പപ്പനാഭ ദാസന്മാരുടെ കാര്യമാണു പരിതാപകരം!
ഇത്തരം ഏറെ പോസ്റ്റുകൾ വേണ്ടി വരും, പലരുടെയും അടച്ചുപിടിച്ച കണ്ണൂകൾ തുറപ്പിക്കാൻ!
@അനിൽ, പ്രദീപ് കുമാർ,
ബ്ലോഗ്ഗിലുമുണ്ട് വളരെ ഏറെ, ഇത്തരം ദാസന്മാർ!
വളരെ സത്യം!
വെറും കാൽകഴുകിച്ചൂട്ടല്ല:അഷ്ടോത്തര ശത കാൽകഴുകിച്ചൂട്ട്!അമ്പട!
വെറുതെ അതും ഇതും പറയാണ്ട്.. താങ്കള്‍ക്ക് ദൈവദോഷം ഉണ്ടാവും... നഗ് ഹാ ..!പറഞ്ഞില്ലാന്നു വേണ്ട !
പത്മനാഭസ്വാമിക്ഷേത്രത്തിലെ സ്വത്തുക്കൾ ക്ഷേത്രത്തിനു മാത്രം അവകാശപ്പെട്ടതാണെന്നതാണ് എന്റെ അഭിപ്രായം. ക്ഷേത്രാവശ്യങ്ങൾക്കല്ലാതെ ഈ സ്വത്തുക്കൾ വിനിയോഗിക്കപ്പെടരുത്. ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങൾക്ക് ഭംഗം വരാത്തരീതിയിൽ അവ നടത്തിക്കൊണ്ട് പൊകുന്നതിനുള്ള ധനസമ്പാദനത്തിന് ഈ സ്വത്തുക്കൾ ഉപയോഗിക്കപ്പെടണം. ദേവസ്വം ബോർഡുകൾ ഏറ്റെടുത്തിട്ടുള്ള പല ക്ഷേത്രങ്ങളും നിത്യനിദാനത്തിന് പണം ഇല്ലാതെ ബുദ്ധിമുട്ടുന്നവയാണ്. അവിടെ തിരിഞ്ഞുനോക്കാൻ പോലും ആരും ഇല്ല. എന്നാൽ ധാരാളം സമ്പത്തുള്ള ക്ഷേത്രങ്ങൾ വൻ വ്യവസായമാക്കാൻ എല്ലാവരും തയ്യാർ. അവിടത്തെ ആചാരങ്ങൾ പോലും മാറ്റിമറിക്കപ്പെടും. ശബരിമലതന്നെ നല്ല ഉദാഹരണം. അവിടെ നടക്കുന്ന മകരവിളക്കെന്ന മാജിക്കിന് (ഒരു ആചാരവും ഇല്ല പോലീസും വനംവകുപ്പും നടത്തുന്ന ഈ പരിപാടിയ്ക്ക് എന്ത് ദൈവീകത്വമാണ് ഉള്ളത്) സർക്കാരുകളും പുരോഗമന വാദികളും കുടപിടിയ്ക്കും. കാരണം പണം ദേവസ്വം ബോർഡിനാണ്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള കൊച്ചി രാകുടുംബത്തിന്റെ ഭരദേവതാ സ്ഥാനമുള്ള പൂർണ്ണത്രയീശ ക്ഷേത്രത്തിലെ അഴിമതിക്കഥകൾ പുറത്തു വന്നിട്ട് അധികം കാലമായില്ല. രത്നങ്ങൾ പോലും തേഞ്ഞില്ലാതാവുന്ന പ്രതിഭാസം, സ്വർണ്ണത്തിലുള്ള അലുക്കുകൾ കുടകളിൽ നിന്നും ഇല്ലാതാവുന്ന അത്ഭുതം, നെറ്റിപ്പട്ടത്തിലെ സ്വർണ്ണക്കുമിളകൾ ഉടഞ്ഞുപോകുന്ന പ്രതിഭാസം ഇങ്ങനെ പലതും അവിടെ സർക്കാർ അധീനതയിൽ നടക്കുന്നു. കുറ്റക്കാരായി ആരെയും കണ്ടെത്തിയതായി അറിവില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഏതാനും വർഷങ്ങൾക്ക് മുൻപ് നടന്ന അധികാര വടംവലി ആരും മറന്നുകാണില്ല. പിന്നെ ചരിത്രപരമായ പ്രാധാന്യമാണെങ്കിൽ അനേകം ക്ഷേത്രങ്ങൾ വേറെയുണ്ട് പുരാവസ്തുവകുപ്പ് സംരക്ഷിതമായി പ്രഖ്യാപിച്ചിട്ടുള്ളവ. അതിൽ പലതും അറ്റകുറ്റപ്പണികൾ ഇല്ലാതെ നാശോന്മുഖമാണ്. അതിലും ആർക്കും സങ്കടമില്ല. ഇപ്പോൾ പത്മനാഭസ്വാമിയുടെ സ്വത്ത് സംരക്ഷിക്കാൻ തയ്യാറായതോ മഹാത്മാ ഗാന്ധിയുടെ കണ്ണടപോലും സംരക്ഷിക്കാൻ സാധിക്കാത്തവരും. പത്മനാഭോഹി രക്ഷതു.
http://indiaheritage.blogspot.com/2008/09/blog-post_19.html?showComment=1221793620000#c3846067875889897661
ഇനി പറയൂ- ബ്രാഹ്മണന്‍ എന്നാല്‍ എന്താണ് എത്ര ബ്രഹ്മണമാരെ നിങ്ങള്‍ കണ്ടിരിക്കുന്നു?
കാല്‍ ആരുടെ ഒക്കെ കഴുകിച്ചൂട്ടാം?
മുമ്പൊരിക്കല്‍ ഞാന്‍ എഴുതിയ പോസ്റ്റാണ്
ആചാരത്തിന്റേയും വിശ്വാസത്തിന്റേയും പേരിൽ നടക്കുന്ന പ്രാകൃതമായ കവടിനിരത്തൽ പോലുള്ള ഏർപ്പാടുകൾ എതിർക്കപ്പേടേണ്ടതാണു.കവടി വെച്ച്,ലക്ഷണം നോക്കി ഗണിച്ച് ദൈവത്തിന്റെ ഹിതം ജ്യോതിഷികൾ പ്രഖ്യാപിക്കുന്നതും പാപപരിഹാരാർത്ഥം ബ്രാഹ്മണരെ കാൽ കഴുകിച്ചൂട്ടുന്നതും ഭരണഘടനാവ്യവസ്ഥകൾക്കും ജനാധിപത്യമൂല്യങ്ങൾക്കും വിരുദ്ധമായ കാടത്തമാണു.ഇതിനു മുന്നിട്ടിറങ്ങുന്ന ഇല്ലാത്ത രാജാക്കന്മാരെ തണ്ടിലേറ്റി നടക്കുന്നവർ ജനാധിപത്യത്തിന്റെ അന്തകരാണ്..
രാജഭക്ത ശിരോമണികളുടെ കാര്യം കഷ്ടമാണു.പ്രത്യേകിച്ച് അത് മാദ്ധ്യമപ്രവർത്തകരാകുമ്പോൾ അതൊരു സാമൂഹിക ദുരന്തം കൂടിയാകുന്നു. അല്ലെങ്കിൽ പണ്ടേ മാദ്ധ്യമങ്ങൾ ഇത് തുറന്ന് കാട്ടുമായിരുന്നു.ഇപ്പോഴത്തെ ‘രാജാക്കന്മാരുടെ” തനിനിറം ജനങ്ങൾ അറിയുമായിരുന്നു.മണികണ്ഠാ,എവിടുന്നു കിട്ടി ഈ സ്വത്തൊക്കെ?മുലക്കരം വരെയുള്ള പ്രാകൃതമായ കരം പിരിവുകളിലൂടെയും,കച്ചവടത്തിലൂടെയും മറ്റും സംഭരിച്ച പണവും സ്വത്തുമാണു ഈ നിലവറയിലുള്ളത്.അത് ചിത്തിരതിരുന്നാളിന്റെ കാലം വരെ കൊള്ളചെയ്യപ്പെട്ടില്ല എന്നത് നേരു.
“എവിടുന്നു കിട്ടി ഈ സ്വത്തൊക്കെ?മുലക്കരം വരെയുള്ള പ്രാകൃതമായ കരം പിരിവുകളിലൂടെയും,കച്ചവടത്തിലൂടെയും മറ്റും സംഭരിച്ച പണവും സ്വത്തുമാണു ഈ നിലവറയിലുള്ളത്.“
പല ചരിത്രകാർന്മാരും പറഞ്ഞ് കേട്ട അറിവാണ്. അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ തൃപ്പടിദാനം നടത്തുന്നതിനു മുൻപേ കാര്യമായ ഭൂസ്വത്തുണ്ടായിരുന്ന ക്ഷേത്രമാണ് പത്മനാഭസ്വാമിക്ഷേത്രം. ആ കാലഘട്ടത്തിൽ തന്നെ വളരെ ഭീമമായ സംഖ്യ പാട്ടത്തിലൂടേയും, കൃഷിയിലൂടേയും മറ്റും ക്ഷേത്രത്തിന് വരായ്ക ഉണ്ടായിരുന്നു. അത് കൂടാതെ ക്ഷേത്രത്തിന്റെ ഖജനാവും, രാജ്യത്തിന്റെ ഖജനാവും തികച്ചും വ്യത്യസ്തമായാണ് സൂക്ഷിച്ചിരുന്നത്. തൃപ്പടിദാനത്തിനു ശേഷവും ക്ഷേത്രത്തിന്റെ കണക്കുകൾ പ്രത്യേകമായി തന്നെ തയ്യാറാക്കി പോന്നിരുന്നു. അതു കൊണ്ട് തന്നെ ഈ സമ്പത്ത് പൂർണ്ണമായും ജനങ്ങളിൽ നിന്നും പിരിച്ചിരുന്ന നികുതികൾ മാത്രം ഉപയോഗിച്ചല്ല ഉണ്ടാക്കിയതെന്ന് ഞാൻ കരുതുന്നു.
ഞാൻ കരുതുന്നത് മറ്റൊരുകാര്യം കൂടിയുണ്ട്, ഭാരതത്തെ സംബന്ധിച്ച് തീരെച്ചെറിയ നാട്ടുരാജ്യം ആയിരുന്നു തിരുവിതാംകൂർ. ആ രാജ്യത്തിന് ഇത്രയും വലിയൊരു സമ്പത്ത് ക്ഷേത്രത്തിൽ സൂക്ഷിക്കാൻ കഴിഞ്ഞെങ്കിൽ ഇതിലും സമ്പന്നമായ സാമ്രാജ്യങ്ങളുടെ കാര്യം എന്താവും. ഇവിടെ നിന്നും കട്ടും കൊള്ളയടിച്ചും കടത്തിയ മുതൽ എത്ര കാണും. ഭാരതത്തിന്റെ എല്ലാ ഭാഗങ്ങളിലും ജനങ്ങളുടെ മേൽ അന്യായമായ പല നികുതികളും രാജക്കന്മാരാൽ ചുമത്തപ്പെട്ടിരുന്നു. തിരുവിതാംകൂർ മാത്രമല്ല അത്തരം അന്യായങ്ങൾ ചെയ്തിരുന്നത്. ആ കാലഘട്ടത്തിൽ ഭാരതത്തിന്റെ എല്ല ഭാഗങ്ങളിലേയും അവസ്ഥ ഇതൊക്കെത്തന്നെ ആയിരുന്നു. കേരളത്തിൽ അന്നുണ്ടായിരുന്നതിലും ഭീകരമായ ജാതി വ്യവസ്ഥകൾ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഭാരതത്തിന്റെ പല ഭാഗങ്ങളിലും നിലനിൽക്കുന്നുണ്ട്. ആ സാഹചര്യത്തിൽ ഈ ഭീമമായ സമ്പത്ത് ഭഗവാന്റെ സ്വത്തായി കണ്ട് പരിപാലിച്ച തിരുവിതാംകൂർ രാജവംശം അഭിനന്ദനം അർഹിക്കുന്നു എന്ന് ഞാൻ കരുതുന്നു. ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ ക്ഷേത്രമുതൽ കൊള്ളയടിക്കുന്നു എന്ന പരാമർശത്തെ കുറിച്ചാണെങ്കിൽ ഇന്ന് അത് ഉന്നയിക്കുന്ന അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരുന്ന കാലഘട്ടത്തിൽ അദ്ദേഹത്തിന് ഇതു സംബന്ധിച്ച പരാതി ലഭിച്ചതാണ്. അന്ന് അത് അന്വേഷിക്കാൻ അദ്ദേഹം എന്തുകൊണ്ട് തുനിഞ്ഞില്ല എന്നതും അറിയേണ്ടതുണ്ട്. ക്ഷേത്രത്തിന്റെ സ്വത്തുക്കളെ കുറിച്ച കോടതികളെ സമീപച്ച ആരും ഈ സ്വത്തുക്കൾ ക്ഷേത്രത്തിൽ നിന്നും മാറ്റണമെന്നോ, സർക്കാർ ഏറ്റെടുക്കണമെന്നോ ആവശ്യപ്പെട്ടിട്ടില്ല എന്നതും പരാമർശിക്കപ്പെടേണ്ടതാണ്. ഈ സ്വത്തുക്കളെ സംബന്ധിച്ച അറിവ് രാജകുടുംബത്തിനും, ക്ഷേത്രത്തിലെ ജീവനക്കാർക്കും പല ചരിത്രകാർന്മാർക്കും മുൻപേ ഉണ്ടായിരുന്നതാണ്. അതുകൊണ്ടു തന്നെ ഇതൊന്നും ഒരു സുപ്രഭാതത്തിൽ കണ്ടെത്തിയ നിധി അല്ല.
ദേവപ്രശ്നം കേരളത്തിലെ മിക്കവാറും ക്ഷേത്രങ്ങളിലും നടക്കുന്ന ഒരു ആചാരമാണ്. ക്ഷേത്രത്തിന്റെ പല ആവശ്യങ്ങൾക്കും ദേവഹിതം അറിയുന്നതിന്റെ ഭാഗമായി ദേവപ്രശ്നങ്ങൾ നടക്കാറുണ്ട്. അടച്ചിട്ട ഒരു മുറിയിൽ ക്ഷേത്രം അധികാരികളും ജ്യോതിഷികളും മാത്രമല്ല ഇതിൽ പങ്കെടുക്കുക. തുറന്ന അന്തഃരീക്ഷത്തിൽ വിശ്വാസികളെ സാക്ഷിയാക്കിയാണ് പശ്നം നടക്കുക. അതിൽ തർക്കത്തിലൂടെയാണ് നിഗമനങ്ങളിൽ എത്തിച്ചേരുന്നത്. ലക്ഷ്‌ണങ്ങൾ പ്രകാരമുള്ള കണ്ടെത്തുലുകൾ ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കപ്പെടുന്നവയല്ല. പലപ്പോഴും ദേവപ്രശ്നങ്ങളിൽ അധികാരികൾക്കെതിരെ നിശിതമായ വിമർശനങ്ങൾ തന്നെ ഉണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ മ്ലേഛമായ ഒരു ആചാരമല്ല ദേവപ്രശ്നം എന്ന് ഞാൻ കരുതുന്നു. ഒരു വിധത്തിൽ ഒരു സോഷ്യൽ ഓഡിറ്റിങ്ങ് ആണത്. ക്ഷേത്രഭരണത്തിൽ സംഭവിച്ചിട്ടുള്ള വീഴ്ചകൾ, ആചാരങ്ങൾക്ക് ഉണ്ടായ ഭംഗങ്ങൾ എന്നിങ്ങനെ എല്ലാം വിശ്വാസികളെ സാക്ഷിയാക്കി വിളിച്ചു പറയപ്പെടുന്നു. ഇവിടെയും അധികാരികളിൽ നിന്നും ഉണ്ടായ പല തെറ്റുകളും ദേവപ്രശ്നത്തിലൂടെ പറഞ്ഞിട്ടുണ്ട്. കേരളത്തിൽ പുരാതനമായ കാലം മുതൽ നിലനിൽക്കുന്ന പരിഹാരവിധികളാണ് ഇപ്പോഴും അനുവർത്തിച്ചു വരുന്നത്. അതിൽ കാലോചിതമായ മാറ്റങ്ങൾ വരേണ്ടതാണെന്ന അഭിപ്രായം ഞാനും അംഗീകരിക്കുന്നു. അല്ലാതെ ഇതെല്ലാം പൂർണ്ണമായും അനാചാരമാണെന്ന് കരുതാൻ വിശ്വാസി എന്ന നിലയിൽ എനിക്ക് സാധിക്കില്ല. ദേവപ്രശ്നം അന്തിമമായ തീരുമാനമാണെന്ന് ഞാൻ കരുതിന്നില്ല. എല്ലാ കാര്യങ്ങളും ദേവപ്രശ്നത്തിലൂടെ മാത്രം തീരുമാനിക്കപ്പെടുന്നവയും അല്ല. ഇതിന് ഏറ്റവും നല്ല ഉദാഹരണം ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ കൊണ്ടുവന്ന ക്ഷേത്രപ്രവേശന നിയമം തന്നെ.
നാം ഒരു മതേതര രാജ്യത്തല്ല ജീവിക്കുന്നത്. ബ്രാഹ്മണ താല്‍പ്പര്യങ്ങള്‍ ഇന്നും ഒരു പ്രശ്നവുമില്ലാതെ സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ നിഷ്പ്രയാസം സാധിക്കും. ഒറ്റപ്പെട്ട ചില എതിര്‍ശബ്ദങ്ങള്‍ വല്ലയിടത്തു നിന്നും വല്ലപ്പോഴും ഉണ്ടാവാം. കാര്യമൊന്നുമില്ല. ഈ ബ്രാമണന്മാരെ സാമൂഹ്യ ദ്രോഹികള്‍ എന്നേ വിളിക്കാനാവൂ.
ദേവപ്രശ്നത്തിലൂടെ പലതും വിളിച്ചുപറയുന്നത് ഒരു പിടിവള്ളിയായി തൽപരകക്ഷികൾക്ക് ഉപയോഗിക്കാം... വിശ്വാസമായതിനാൽ ഒന്നിനും ഒരു തെളിവും വേണ്ട... അങ്ങനെ നിയമത്തേയും പൊതുസമൂഹത്തേയും വരുതിയിലാക്കുന്നതിനുവേണ്ടിയുണ്ടാക്കിയ ഗൂഡാലോചനയാണ് ദേവപ്രശ്നത്തിലൂടെ കടന്നുവരുന്നത്...
advocate sundararajan pani vannu marichathano atho aarenkilum apaayappeduthiyatho ?
ഈയിടെ ഞങ്ങളുടെ നാട്ടിലും ഒരു കാല്‍കഴുകിച്ചൂട്ട് നടന്നു. പഴയ ഒരു കാവ് നവീകരിക്കാന്‍ , വീടുകള്‍ തോറും പിരിവും, പുരോഗമന ചിന്താഗതിക്കാരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് കാല് കഴുകിച്ചൂട്ട് വേണ്ടെന്നു വച്ചു. സ്വര്‍ണ പ്രശ്നമോ അങ്ങിനെ എന്തൊക്കെയോ നടത്തി അത് Adjust ചെയ്തെന്നു് തോന്നുന്നു- ബ്രാഹ്മണ ദേവകോപം
''ആ സാഹചര്യത്തിൽ ഈ ഭീമമായ സമ്പത്ത് ഭഗവാന്റെ സ്വത്തായി കണ്ട് പരിപാലിച്ച തിരുവിതാംകൂർ രാജവംശം അഭിനന്ദനം അർഹിക്കുന്നു എന്ന് ഞാൻ കരുതുന്നു.''
ഇതു സൂക്ഷിക്കുന്നതിലേക്ക് എന്തുവാണോ രാജവംശം ചെയ്തത്. അതോ അടിച്ചു മാറ്റാതെ അത്രയും അവിടെ ബാക്കി വച്ചിരുന്നുവെന്നോ?
ദേവപ്രശ്നത്തിനെതിരെ ഘോരഘോരം സ്വംസാരിക്കുന്ന ബ്ലോഗര്‍മാരെ, നിങ്ങളുടെ വീട്ടില്‍ നിന്ന് നിങ്ങളോ നിങ്ങട അമ്മമാരോ, ഭാര്യമാരോ ഭര്‍ത്താക്കന്മാരോ, മക്കളോ. ഈ നാറിയ അമ്പലങ്ങളിലോ(എല്ലാ ക്ഷേത്രാലയങ്ങളും ഇതില്‍ ഉള്‍പ്പെടുത്തുന്നു) പോയി, ആ ബ്രാഹ്മണ സാധനം എറിഞ്ഞു തരുന്ന വസ്തുക്കളൊക്കെ നെറ്റിയില്‍ വാരിത്തേച്ച് അവറ്റകള്‍ക്കു ദക്ഷിണ കൊടുത്ത് ‘അനുഗ്രഹം‘ വാങ്ങാറുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് ഈ ദേവപ്രശ്നത്തെക്കുറിച്ച് പ്രതിഷേധിക്കാനും അവകാശമില്ല.
ഞാന്‍ പറയുന്നത്, നിങ്ങള്‍ക്കൊക്കെ പലതും ചെയ്യാന്‍ കഴിയും ഈ സാധനങ്ങളെ കെട്ടു കെട്ടിക്കാന്‍ അതു ചെയ്യ് ആദ്യം.പലതുള്ളീ പെരുവെള്ളം കേട്ടിട്ടില്ലേ?
തിരുവിതംകൂർ രാജാക്കന്മാരും അന്നത്തെ പൌരപ്രമുഖരും അവരുടെ ആശ്രിതരുമെല്ലാം ക്ഷേ ത്രത്തിനു കൈഅയച്ച് കാണിക്കയിട്ടിട്ടുണ്ടു.അത് അവർ വിയർപ്പൊഴുക്കി ഉണ്ടാക്കിയതല്ല.പാവങ്ങളെ കൊള്ളയടിച്ച് വാരിക്കൂട്ടിയ പാപപ്പണത്തിന്റെ ഒരംശമായിരുന്നു മനസാക്ഷിക്കുത്തു കൊണ്ട് ഭണ്ഡാരത്തിൽ നിക്ഷേപിച്ചു പോന്നത്.ക്ഷേത്രത്തിലെ സ്വ്ത്തുക്കളുടെ ഉറവിടം എന്തായാലും അവ ജനങ്ങളുടെ പണമാണു.ഈ മുൻ രാജകുടുംബക്കാർക്ക് ഇതിൽ എന്തു കാര്യം?
ഇതിന്റെ ലിങ്ക് ഞങ്ങൾ കഴിഞ്ഞ ആഴ്ച്ചയിലെ ബിലാത്തിമലയാളി’യുടെ വരാന്ത്യത്തിൽ കൊടുത്തിട്ടുണ്ടായിരുന്നു കേട്ടൊ ഭായ്
ദേ..ഇവിടെ
https://sites.google.com/site/bilathi/vaarandhyam
നന്ദി.
Post a Comment