Search This Blog
Thursday, 21 July 2011
അവരിൽ നിന്ന് പഠിക്കാനുള്ള വിലപെട്ട പാഠങ്ങൾ
ഇപ്പോഴും അവർക്ക് ഇതേ അഭിപ്രായമാണോ ഉള്ളതെന്ന് അറിയില്ല.ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ ജനസംഖ്യയിൽ അഞ്ചിലൊന്നു മുസ്ലീംങ്ങളാണു.ദളിതരും അധസ്ഥിതരുമടങ്ങിയ,സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന ജന വിഭാഗങ്ങൾക്കാണു ഭൂരിപക്ഷം.ശതാബ്ദങ്ങളായി മുഖ്യധാരയിൽ നിന്ന് മാറ്റിനിർത്തപ്പെടുകയും ക്രൂരമായി അടിച്ചമർത്തപ്പെടുകയും ചെയ്ത ഈ ജനവിഭാഗങ്ങൾ കഴിഞ്ഞ രണ്ടു ദശാബ്ത്തിനുള്ളിൽ വൻ മുന്നേറ്റം നടത്തിയിട്ടുണ്ടു.മണ്ഡൽ കമ്മീഷൻ റിപോർട്ട് നടപ്പിലാക്കാൻ വി.പി.സിങ്ങ് സർക്കാർ കൈക്കൊണ്ട ചരിത്രപ്രസിദ്ധമായ തീരുമാനമാണു നമ്മുടെ രാഷ്ട്രീയഭൂമിക തന്നെ മാറ്റിമറിച്ചത്.മുഖ്യമന്ത്രി പദം മുതൽ രാഷ്ട്രപതിക്കസേര വരെയും,കേന്ദ്ര സർക്കാരിലെ ഗ്രൂപ്പ് ബി തസ്തികകൾ മുതൽ സിവിൾ സർവീസിലെ തിളങ്ങുന്ന സ്ഥാനങ്ങൾ വരെയും ആയിരക്കണക്കിനു അധികാരപദവികളിൽ പതിതരായ ജനവിഭാഗങ്ങളിൽ നിന്നുള്ളവർ ഉപവിഷ്ഠരായി.പ്രാദേശിക ഭരണകൂടങ്ങളിലും,അസംബ്ലികളിലും,പാർലമെന്റിലും മുസ്ലീംങ്ങളടക്കമുള്ളവരുടെ പ്രാതിനിദ്ധ്യം വർദ്ധിച്ചു.എന്നിട്ടും ജനസംഖ്യാനുപാതികമായി നോക്കുമ്പോൾ ഇപ്പോഴും ഇത് വളരെ കുറവാണു.
2009 -2010 ൽ സിവിൾ സർവീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 875 പേരിൽ മുസ്ലീങ്ങൾ 21 പേർ മാത്രമായിരുന്നു.മുൻ വർഷം 791 വിജയികളിൽ 31 പേർ ഈ വിഭാഗത്തിൽ നിന്നുമുണ്ടായിരുന്നുവെന്നാണു ഒരു കണക്ക് സൂചിപ്പിക്കുന്നത്.പൊതുവിൽ സിവിൾ സർവീസിലെ മുസ്ലീം പ്രാതിനിദ്ധ്യം വെറും രണ്ടു ശതമാനം മാത്രമാണു.ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ പതിനെട്ട് ശതമാനം കുറവുണ്ടു.
വിദ്യാഭ്യാസ നിലവാരത്തിൽ കേരളത്തിലെ മുസ്ലീങ്ങൾ അടുത്തിടെ മറ്റു ജനവിഭാഗങ്ങളെ പോലും പിന്നിലാക്കിയിട്ടുണ്ടെങ്കിലും ആ മുന്നേറ്റങ്ങളൊന്നും സിവിൾ സർവീസ് പരീക്ഷയിൽ പ്രതിഫലിക്കുന്നില്ല.27ശതമാനം സംവരണം ഏർപ്പെടുത്തപ്പെട്ട ശേഷം ഉന്നത പരീക്ഷകളിൽ കൂടുതൽ പിന്നാക്കക്കാർ വിജയിച്ചിട്ടുണ്ടെങ്കിലും ഇത് കേരളത്തിന്റെ സാമൂഹിക സാഹചര്യങ്ങൾക്കനുസരിച്ചുള്ള വിജയമേയല്ല.അത് എന്തുകൊണ്ടു സംഭവിക്കുന്നു എന്ന് ബന്ധപ്പെട്ട എല്ലാവരും ചർച്ചചെയ്യണം.എഞ്ചിനിയറിങ്ങ്,മെഡിക്കൽ എൻ ട്രൻൻസ് പരീക്ഷകളിൽ അടുത്തിടെ ശ്രദ്ധേയമായ വിജയങ്ങൾ കൈവരിച്ചുവെങ്കിലും അതൊക്കെയും ജനസംഖ്യാനുപാതികമായി നോക്കുമ്പോൾ വലിയ മുന്നേറ്റങ്ങളല്ല.ഉയർന്ന വിജയംനേടിയവർക്കിടയിലെ സ്ത്രീപാതിനിദ്ധ്യവും സജീവശ്രദ്ധ ആകർഷിക്കുന്നു.
മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങളിൽ ശൈശവവിവാഹം വർദ്ധിച്ചുവരുന്നതായി അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രസക്തമാകുന്നത് ഈ സന്ദർഭത്തിലാണു.ശൈശവവിവാഹം ഒരു വിഭാഗം പെൺകുട്ടികളുടെ വിദ്യാഭ്യാസം അകാലത്തിൽ അവസാനിപ്പിക്കുന്നു.നന്നേ ചെറുപ്രായത്തിൽ വിവാഹിതരും അമ്മമാരുമാകുകയും കുടുംബപ്രാരാബ്ദങ്ങളിൽ ശിഷ്ടകാലം തളച്ചിടപ്പെടുകയും ചെയ്യുന്നവരുടെ ഭാവി ഇരുളടഞ്ഞതാണു.പക്ഷേ,ഒരു വിഭാഗം യാഥാസ്ഥിതികർ അത് അംഗീകരിക്കുകയില്ല.മതപരമായ കെട്ടുപാടുകളിൽ സ്ത്രീകളെ തളച്ചിടുകയും,പള്ളികളിൽ പോലും പ്രവേശനം നിഷേധിക്കുകയും, അവരുടെ സാമൂഹികബന്ധങ്ങൾക്ക് കടുത്തനിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്ന പുരോഹിതവർഗ്ഗം ഏല്ലായിടത്തുമുണ്ടു.ഹിന്ദുമതത്തിലും ചില ക്രിസ്ത്യൻ മതവിഭാഗങ്ങളിലും ഇതിനെതിരായ അതി ശക്തമായ സാമൂഹിക നവോത്ഥാന മുന്നേറ്റങ്ങളുണ്ടായി.അത് ഇപ്പോഴും തുടർന്ന്കൊണ്ടിരിക്കുന്നു.അതിന്റെ സദ്ഫലങ്ങൾ ആ സമൂഹത്തിലുള്ളവർ അനുഭവിക്കുന്നുണ്ടു.
സ്ത്രീ വിദ്യാഭ്യാസം,അവരുടെ തൊഴിൽ പ്രാതിനിദ്ധ്യം,സാമ്പത്തിക സ്വാശ്രയത്വം,രാഷ്ട്രീയാധികാരം തുടങ്ങിയ മുന്നേറ്റങ്ങളുടെ സൂചികകൾ എടുക്കുക.ഈ പ്രധാനരംഗങ്ങളിലെല്ലാം മുസ്ലീം സ്ത്രീകൾ എങ്ങനെ പിന്നാക്കം പോകുന്നു എന്ന് കണ്ടെത്തേണ്ടത് പൌരോഹിത്യമാണു.മതസംഘടനകൾക്ക് വൻ സ്വാധ്വീനമുള്ള പാക്കിസ്ഥാനിലും ബംഗ്ലാദേശിലും മുഖ്യധാരാരാഷ്ട്രീയ പ്രസ്ഥാനങ്ങളെ മുസ്ലീം വനിതകൾ നയിക്കുന്നത് എന്തുകൊണ്ടാണെന്നു വിശദീകരിക്കാൻ അവർ ബാദ്ധ്യസ്ഥരാണു.വിദ്യാഭ്യാസപരമായും സാമൂഹികമായും അവരെക്കാളൊക്കെ പുരോഗതി നേടിയ നമുക്കിടയിൽ നിന്ന് എന്തേ ഈടുറ്റ മുസ്ലീം ഭരണാധികാരികളുണ്ടാകുന്നില്ല?എന്തേ,കേരളത്തിൽ നിന്ന് മുസ്ലീം രാഷ്ട്രീയസംഘടനകൾ അസംബ്ലിയിലേക്കോ പാർലമെന്റിലേക്കോ,എന്തിനു ,മത സംഘടനകളുടെ ഉന്നത നയരൂപീകരണസമിതികളിലേക്കോ സ്ത്രീകളെ അവരോധിക്കുന്നില്ല?
ഈ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതാദ്യമായി കേരള നിയമസഭയിൽ മുസ്ലീങ്ങൾക്ക് 36 സീറ്റുകളോടെ 25.71 ശതമാനം പ്രാതിനിദ്ധ്യം ലഭിച്ചു.ജനസംഖ്യാനുപാതികമായി അങ്ങനെ ചരിത്രത്തിൽ ഇദം പ്രഥമമായി അവർക്ക് ജനസംഖ്യാനുപാതികമായ സ്ഥാനങ്ങൾ കിട്ടി.പക്ഷേ,ഇതിൽ മുസ്ലീം രാഷ്ട്രീയത്തിൽ നിന്ന് ഒരൊറ്റ സ്ത്രീ പോലുമില്ല.ഇതു വരെ ഉണ്ടായിട്ടില്ല.ആസന്ന ഭാവിയിൽ അത് ഉണ്ടാകുമെന്നു തോന്നുന്നുമില്ല.ബംഗാളിലും ഈ തെരഞ്ഞെടുപ്പിൽ മുസ്ലീംങ്ങളുടെ വർദ്ധിതമായ പ്രാതിനിദ്ധ്യമുണ്ടായി-294ൽ 59സീറ്റ്.അസമിൽ മൈനോരിറ്റി ഫ്രണ്ട് 18 സീറ്റുകൾ നേടി നടത്തിയ മുന്നേറ്റവും ശ്രദ്ധേയമാണു.അവിടൊക്കെ സ്ത്രീകൾക്ക് പ്രാതിനിദ്ധ്യംകൊടുത്തത്,ഇടതുപക്ഷ,ജനാധിപത്യ കഷികളായിരുന്നു:മുസ്ലീം കക്ഷികളായിരുന്നില്ല.
വിദ്യകൊണ്ടു ശക്തരാകാനും സംഘടന കൊണ്ടുപ്രബുദ്ധരാകാനും തന്റെ ജനങ്ങളോട് പറഞ്ഞത് ശ്രീനാരായണ ഗുരുവായിരുന്നു.അതിനു അദ്ദേഹത്തിനു പ്രചോദനമായത് മതപ്രചാരണത്തിനായി കേരളത്തിലെത്തിയ ക്രിസ്ത്യൻ മിഷനറിമാരാകണം.അവർ ഇവിടെ എല്ലാവിഭാഗം ജനങ്ങൾക്കുമായി വിദ്യാലയങ്ങൾ ആരംഭിച്ചു.അച്ചടിശാലകളും പത്രമാസികക്കളും കച്ചവടസ്ഥാപനങ്ങളും വ്യവസായങ്ങളും തുടങ്ങി.അങ്ങനെ വിദ്യാഭ്യാസപരമായും സാമ്പത്തികമായും അഭിവൃദ്ധി പ്രാപിച്ച അവർ മതസംഘടനകളിലൂടെ ശക്തരാകുകയും രാഷ്ട്രീയാധികാരത്തിലൂടെ സംസ്ഥാനത്തെ പ്രബലവിഭാഗമാകുകയും ചെയ്തു.ജനാധിപത്യമൂല്യങ്ങളെ സ്വാംശീകരിച്ചും,മറ്റ് എല്ലാ വിഭാഗങ്ങളുമായി നിരന്തരം സംവാദങ്ങൾ നടത്തിയും ഏറ്റുമുട്ടിയും,വിനിമയങ്ങൾ നടത്തിയും അവർ നേടിയ പുരോഗതി അതിശയിപ്പിക്കുന്നതാണു.അതിന്റെ അടിസ്ഥാനം വിദ്യാഭ്യാസമാണു;അത് മാത്രമാണു.കേരളീയ സമൂഹത്തിന്റെ സമസ്തമേഖലകളേയും നിയന്ത്രിക്കുന്ന നിർണ്ണായകരാഷ്ട്രീയശക്തിയായി ഈ മതവിഭാഗം വളർന്നുവന്ന വഴികൾ മറ്റെല്ലാവർക്കും പാഠ്യവിഷയമാകേണ്ടതാണു.
വിദ്യ കൊണ്ടു പ്രബുദ്ധരാകുന്നവർക്കു മുന്നിൽ മാത്രമേ ,ഇനി രാഷ്ട്രീയാധികാരവും പദവികളും തുറന്നുകിട്ടുകയുള്ളൂ.ജനാധിപത്യത്തിൽ പരമമായ സത്യം ഈ അധികാരപദവികളാണു.അത്കൈവശമുള്ള ഒരുജനവിഭാഗത്തിനും,ശബ്നാ ആസ്മിയെപ്പോലെ പരിതപിക്കേണ്ടി വരില്ല.എം.എഫ് ഹുസൈനെപ്പോലെ മാതൃരാജ്യത്ത് നിന്ന് ഓടിപ്പോക്കേണ്ടി വരില്ല.
മുന്നണി രാഷ്ട്രീയത്തിന്റെ ഭാഗമായി കുറച്ചുകാലത്തേക്കെങ്കിലും നിശ്ച്ചിത ഇടവേളകളിൽ അധികാരസ്ഥാനങ്ങളിലെത്തുന്ന പിന്നാക്കജനവിഭാഗങ്ങളിൽ നിന്നുള്ളവർ വിലപ്പെട്ട ഈ ചരിത്രപാഠങ്ങൾ പഠിക്കട്ടെ.രാഷ്ട്രീയത്തേയും പൌരോഹിത്യത്തേയും ആഡംബരജീവിതത്തിനും സുഖലോലുപതയ്ക്കും സ്വന്തം അഭിവൃദ്ധിക്കുമുള്ള ഉപാധിയാമാക്കിമാറ്റുന്ന ഭോഗതൃഷ്ണകളുള്ളവരെ വലിച്ചെറിയാതെ ഈ ലക്ഷ്യം നേടുക എളുപ്പമല്ല.ഉന്നത മൂല്യബോധമുള്ള,നിസ്വാർത്ഥരായ ത്യാഗികൾക്കുള്ളതാണു പൊതുജീവിതത്തിലെ പദവികൾ.
Monday, 11 July 2011
ഈ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ.....
നാലര വയസ് പ്രായമുള്ള യു.കെ.ജി വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ കുളത്തിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതിനു അറസ്റ്റിലായത് പത്തുവയസുകാരൻ.പിഞ്ചുകുഞ്ഞിനെ കൊന്നു പൊത്തിലൊളിപ്പിച്ച കേസിൽ അടുത്തിടെ ഇതേ ജില്ലയിൽ നിന്നു പിടിയിലായത് പതിമൂന്നുകാരൻ!
അങ്ങനെ മനസാക്ഷിയെ മരവിപ്പിക്കുന്ന ഈ വാർത്തകളിലൂടെ ലൈംഗികാതിക്രമികളായ കുട്ടികുറ്റവാളികൾ എന്ന പുതിയൊരു വിഭാഗം ക്രിമിനലുകൾ കൂടി നമ്മുടെ നാട്ടിലുണ്ടായിരിക്കുന്നു.ഇത് ഒരു സുപ്രഭാതത്തിൽ സംഭവിച്ചതല്ല. ധാർമ്മിക സദാചാരമൂല്യങ്ങൾ നമ്മുടെ സമൂഹത്തിൽ നിന്ന് എന്ന് അപ്രക്ഷമാകാൻ തുടങ്ങിയോ,അന്നു മുതൽക്കേ ഈ അപചയത്തിന്റെ വിഷവിത്തുക്കൾ ഇവിടെ പാകിക്കഴിഞ്ഞിരുന്നു.അവയ്ക്ക് തഴച്ചുവളരാനുള്ള ഫലഭൂയിഷ്ടമായ മണ്ണാണു നമ്മുടേത്.
പുറമേ ഭദ്രമെന്നു തോന്നുമെങ്കിലും കെട്ടുപൊട്ടിയപട്ടം പോലെയാണു ഇവിടെ കുടുബ -മനുഷ്യബന്ധങ്ങൾ.അവയ്ക്ക് പണ്ടുള്ള ദൃഡതയോ,ഊഷ്മളതയോ ഇല്ല.അതിനു ഭൌതികവും ആത്മീയവുമായ ഒട്ടേറെ കാരണങ്ങളുണ്ടു.അണുകുടുംബങ്ങളുടെ വ്യാപനം അതിൽ പ്രധാനപ്പെട്ട ഒരു കാരണമാണു.കടമകളും കടപ്പാടുകളും ഉത്തരവാദിത്വങ്ങളുമുള്ള മാന്ത്രികച്ചരടിനാൽ സുദൃഡമായി ഇഴചേർക്കപ്പെട്ട പഴയ കൂട്ടുകുടുംബവ്യവസ്ഥയുടെ ശിഥിലീകരണം ഏതാണ്ടു പാശ്ചാത്യ മാതൃകയിലുള്ള ജീവിതശൈലിക്കും ബന്ധങ്ങൾക്കും വഴിമാറി.പുതിയ കർമ്മമണ്ഡലങ്ങളും സ്വാതന്ത്ര്യവും സ്വതന്ത്രജീവിത സാഹചര്യങ്ങളും ഭൌതികസുഖങ്ങളിൽ മാത്രം അധിഷ്ഠിതമായ ജീവിതശൈലി രൂപപ്പെടുത്തി.ബന്ധങ്ങളുടെ പരിപാവനതയ്ക്കും ധാർമ്മികാടിത്തറയ്ക്കും അത് കടുത്ത ആഘാതമാണു ഏൽപ്പിച്ചത്.
വിദ്യാഭ്യാസം ഇതിൽ വഹിക്കുന്ന പ്രതിലോമകരമായ പങ്കു കൂടി ചർച്ചചെയ്യപ്പെടേണ്ടതുണ്ടു.സനാതനമായ ജീവിതമൂല്യങ്ങൾ പുതുതലമുറയ്ക്ക് പകർന്നു നൽകുന്ന മഹദ്കർമ്മം കൂടി നമ്മുടെ വിദ്യാഭ്യാസക്രമത്തിന്റെ ലക്ഷ്യമായിരുന്നു.എന്നാൽ ഇന്ന് അവ മാനവികവിഷയങ്ങൾ പഠിക്കുന്നവരുടെ മാത്രം പാഠങ്ങളാണു.മത്സരാധിഷ്ഠിതമായ ലോകത്തിൽ മറ്റുള്ളവരെ ഏതുവിധേനയും പിന്നിലാക്കി വിജയിക്കുകയും കൂടുതൽ പണം നേടുകയും മാത്രമാണു തങ്ങളുടെആത്യന്തിക ലക്ഷ്യം എന്നാണു ഓരോ വിദ്യാർത്ഥിയേയും പഠിപ്പിച്ചിരിക്കുന്ന പാഠം.അതുകൊണ്ടു തന്നെയാണു അവർ തങ്ങളിൽ തന്നെ എപ്പോഴും നങ്കൂരമിട്ടുകൊണ്ടിരിക്കുന്നത്.സഹജീവികളുടേയോ നാട്ടുകാരുടേയോ കാര്യങ്ങളിൽ അതുകൊണ്ടുതന്നെ അവർക്കൊരിക്കലും താല്പര്യമുണ്ടാകില്ല.പൊതുപ്രശ്നങ്ങളിൽ ഇടപെടാനോ അഭിപ്രായപ്രകടനം നടത്താൻ പോലുമോ അവർ വിമുഖരാണു.കടുത്ത അരാഷ്ട്രീയവതകരണമാണു ഇതുമൂലം ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
രാഷ്ട്രീയ- ധാർമികാവബോധമില്ലാത്തവർക്ക് കാലിടറുവാനും വഴിതെറ്റുവാനും പറ്റിയ സാമൂഹികാന്തരീക്ഷമാണു കേരളത്തിലുള്ളത്.എവിടെയും അപഥസഞ്ചാരപഥങ്ങൾ.കുടുംബസദസുകളിൽ പോലും മദ്യം മണക്കും.കമ്പ്യൂട്ടറും മൊബൈലും ലൈംഗികാരാജകത്വത്തിന്റെ വാതിലുകൾ മലർക്കെ തുറന്നിടും.നെടുംകണ്ടത്തെ കുട്ടിയെ കൊലപാതകിയാക്കിയത് അച്ഛൻ നയിച്ച കുത്തഴിഞ്ഞ ജീവിതമാണത്രേ.മദ്യവും നീലച്ചിത്രങ്ങളും അടിതെറ്റിച്ച അയാളെ കണ്ടുവളർന്ന കുട്ടി എത്തിച്ചേർന്നത് കൊടും പാതകത്തിന്റെ ഇരുൾവഴിയിൽ.സ്വന്തം അച്ഛനാൽ പീഡിപ്പിക്കപ്പെടുകയും ലൈംഗികവിപണിയിൽ എത്തപ്പെടുകയും ചെയ്ത പറവൂരിലെ പെൺകുട്ടിക്കു പിന്നാലെ അതേ ദുരന്തകഥകൾ എത്രയോ തവണ മാദ്ധ്യമങ്ങളിൽ ആവർത്തിക്കപ്പെട്ടു.അപഥസഞ്ചാരികളായ മാതാപിതാക്കൾ.സിനിമയുടേയും സീരിയലുകളുടേയും വിഭ്രമാത്മകമായ ലോകം കാട്ടി മാംസവ്യാപാരരംഗത്തേക്ക് ആട്ടിത്തെളിക്കപ്പെട്ട് കൊണ്ടുവരുന്നവർ.കൊച്ചുമക്കളുടെ പ്രായം പോലുമില്ലാത്തവരെ ക്രൂരമായ ലൈംഗികാതിക്രമങ്ങൾക്കിരയാക്കുന്നവർ.എന്തിനധികം, സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികളും സമ്പന്നരുമായ സ്ത്രീകൾക്കുവേണ്ടി വേശ്യാവൃത്തിക്കിറങ്ങുന്ന ആൺകുട്ടികൾ വരെ നീളുന്നു,ഈ പരമ്പര.കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതിൽ കേരളത്തിനു മൂന്നാം സ്ഥാനമാണുള്ളത്.കുടുംബങ്ങൾക്കകത്ത് തന്നെ ഇത്തരം പീഡനങ്ങൾ വർദ്ധിക്കുന്നു.ഒരിടവും പെൺകുട്ടികൾക്ക് സുരക്ഷിതമല്ല.ഇനി ശൈശവക്കാരായ സഹപാഠികളെ കൂടി പേടിക്കണം എന്നാണു നെടുങ്കണ്ടത്തെ അനുഭവം പഠിപ്പിക്കുന്നത്.
എവിടെയും ലൈംഗികവൈകൃതങ്ങളടങ്ങിയ വീഡിയോ ചിത്രങ്ങൾ സുലഭമാണിന്നു. മൊബൈലുകളിലൂടെ സഹപാഠികളുടേയും സ്വന്തം അദ്ധ്യാപികമാരുടെ പോലും അശ്ലീലചിത്രങ്ങൾ പ്രചരിപ്പിക്കുന്ന വിദ്യാർഥികളുടെ യുഗമാണിത്.അതിനു സമൂഹവും പ്രതിപ്പട്ടികയിൽ നിൽക്കണം.ഇന്നും ലൈംഗികകാര്യങ്ങൾ തുറന്നു ചർകചെയ്യപ്പെടുന്ന സമൂഹമല്ല നമ്മുടേത്.സ്കൂൾ പാഠ്യപദ്ധതിയിൽ ലൈംഗികവിദ്യാഭ്യാസം ഉൾപ്പെടുത്താനുണ്ടായ നീക്കത്തെ തോൽപ്പിച്ചവരാണു നമ്മുടെ ചില മതസംഘടനകൾ.അടയ്ക്കപ്പെട്ട ഒരു സമൂഹത്തിൽ ഇത്തരംപൊട്ടിത്തെറികൾ ഉണ്ടാകുക സ്വാഭാവികം.മത-ധാർമ്മിക പ്രബോധനങ്ങളിലൂടെ അവരെ നേർവഴിക്ക് നയിക്കാൻ ആർക്കും കഴിയുന്നില്ല.കമ്പ്യൂട്ടറുകളിലും മൊബൈൽ ഫോണുകളിലുമൂടെ ലൈംഗികകുറ്റകൃത്യങ്ങൾക്ക് പ്രേരണനൽകുന്ന വൈകൃതങ്ങൾ എവിടെയും ഒഴുകുമ്പോൾ ഇതിനെക്കാൽ ഭീകരമായ സംഭവങ്ങൾക്ക് നാം വരും നാളുകളിൽ സാക്ഷ്യം വഹിക്കും.
ഇതിനു പരിഹാരം കണ്ടെത്താൻ മദ്യത്തിനും നീലച്ചിത്രവ്യാപനത്തിനുമെതിരെ അതിശക്തമായ നിയമനിർമ്മാണവും നടപടികളും ഉടൻ ഉണ്ടാകേണ്ടിയിരിക്കുന്നു.ഒപ്പം ലൈംഗികകാര്യങ്ങളെക്കുറിച്ച് സമൂഹം തുറന്ന് ചർച്ചചെയ്യുകയും വേണം.കാലത്തിനനുസൃതമായ രീതിയിൽ ധാർമ്മികമായ ചുവടുകൾ വെയ്ക്കാൻ മതസംഘടനകൾക്കും കഴിയട്ടെ.
Monday, 4 July 2011
ആ സമ്പത്ത് ജനങ്ങളുടേത്
ഇനിയും കണ്ണഞ്ചിപ്പിക്കുന്ന സ്വർണ്ണവും രത്നങ്ങളും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ കല്ലറകളിൽ നിന്ന് കണ്ടെത്തിയേക്കാം.എന്തായാലും ഈ നിധിശേഖരത്തിനു ഒരു ലക്ഷം കോടി രൂപയിലധികം വിലവരും.തിരുപ്പതിയേയും കടത്തിവെട്ടി അങ്ങനെ ശ്രീപത്മനാഭസ്വാമി ക്ഷേത്രം സമ്പത്തിൽ രാജ്യത്ത് ഒന്നാമതെത്തിയിരിക്കുന്നു.
സുപ്രീം കോടതി നിയോഗിച്ച കമ്മീഷൻ നൽകുന്ന റിപ്പോർട്ടിനെ ആധാരമാക്കി പരമോന്നത കോടതി ഈ അമൂല്യ ശേഖരം എങ്ങനെ സംരക്ഷിക്കുമെന്ന് ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കരുതപ്പെടുന്നു.
ഇത് ക്ഷേത്രത്തിനു മാത്രം അവകാശപ്പെട്ടതാണെന്നും സർക്കാരിനു ഈ സമ്പത്തിൽ യാതൊരു കാര്യവുമില്ലെന്നും എല്ലാ പ്രമുഖ ഹൈന്ദവസംഘടനകളും പ്രസ്താവനയിറക്കിക്കഴിഞ്ഞു.ഇത് ക്ഷേത്രത്തിന്റെ സ്വത്താണെന്ന് മുഖ്യമന്ത്രിയും പ്രഖ്യാപിച്ച് കഴിഞ്ഞു.
ഈ സമ്പത്തിന്റെ ഒരു അംശം ഉപയോഗിച്ച് ഹിന്ദു സർവകലാശാല സ്ഥാപിക്കണമെന്ന് ഒരു വിഭാഗം ആവശ്യമുന്നയിച്ചു കഴിഞ്ഞു.പള്ളികളിലോ മറ്റോ ആയിരുന്നു ഇങ്ങനെ നിധിശേഖരം കണ്ടിരുന്നതെങ്കിൽ കണക്കെടുക്കിനെത്തിയവർ അവ തിട്ടപ്പെടുത്തി പള്ളിക്കാരെ തന്നെ ഏൽപ്പിച്ച് തിരിച്ചുപോയേനെ എന്നാണു വെള്ളാപ്പള്ളി പറഞ്ഞത്.
നൂറു വർഷത്തിലേറെയുള്ളതിനാൽ ഇവ എല്ലാം പുരാവസ്തു സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെടേണ്ടതാണെന്നും വാദം ഉയർന്നിട്ടുണ്ടു.
ഇതിന്റെ ന്യാന്യായങ്ങളിലേക്ക് കടക്കും മുൻപ് പരിശോധിക്കേണ്ട വസ്തുതകളുണ്ടു.പരമഭക്തനായ ടി.പി.സുന്ദർരാജൻ നൽകിയ ഹർജിയിൽ തിരുവിതാങ്കൂർ രാജകുടുംബത്തിനു ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണത്തിൽ യാതൊരു അവകാശവുമില്ലെന്ന് കേരള ഹൈക്കോടതി സുപ്രധാനമായൊരു വിധി പുറപ്പെടുവിച്ചിട്ടുണ്ടു.അതു സംബന്ധിച്ച് മുപ് ഈ പംക്തിയിൽ എഴുതിയിട്ടുണ്ടു:
ക്ഷേത്രം ഏറ്റെടുക്കണമെന്ന ഈ ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുകയാണു.ഇതിനെ തുടർന്നാണു സ്വത്തുക്കളുടെ കണക്കെടുപ്പ് നടത്തണമെന്ന് സുന്ദർ രാജൻ കോടതിയോട് അഭ്യർത്ഥിച്ചത്.
തിരുവിതാംകൂർ ഭരണാധികാരികൾ ജനക്ഷേമതൽപ്പരരും മര്യാദാരാമന്മാരുമായിരുന്നു.കേരളത്തിന്റെ പുരോഗതിക്ക് അടിസ്ഥാനമിട്ട ഒട്ടേറെ നടപടികൾ അവർ സ്വീകരിച്ചിട്ടുണ്ടു.അതുകൊണ്ടു തന്നെ ജനങ്ങൾക്കിപ്പോഴും ആ രാജവംശത്തോട് സ്നേഹവും കൂറുമുണ്ടു.അവർ സത്യസന്ധരും സനാതനമൂല്യങ്ങളിൽ വിശ്വസിക്കുന്നവരും ആയിരുന്നു.തൃപ്പടിദാനത്തിലൂടെ രാജ്യം തന്നെ ശ്രീപദ്മനാഭനു മുന്നിൽ അടിയറ വെച്ച് പത്മനാഭദാസന്മാരായി ഭരണം നടത്തിയവരാണു ഈ രാജാക്കന്മാർ.
1200 വർഷത്തോളം ഒരേ രാജവംശം തന്നെ ഭരണം നടത്തി.ഇക്കാലത്തിനിടയിൽ ഒരിക്കൽ പോലും വൈദേശിക ആക്രമണം നേരിട്ടിട്ടില്ല.അതുകൊണ്ടു തന്നെ സ്വത്തുക്കൾ അന്യാധീനപ്പെടുകയോ കൊള്ളയടിക്കപ്പെടുകയോ ചെയ്തിട്ടില്ല.രാജാക്കന്മാർ അതെടുത്ത് ദുർവിനിയോഗം ചെയ്തിട്ടുമില്ലെന്നാണു അനുമാനിക്കേണ്ടത്.അ
പക്ഷേ,ഇതൊന്നും രാജ കുടുംബത്തിനു ക്ഷേത്രവും സ്വത്തുക്കളും കൈവശം വെക്കാനുള്ള അവകാശം നൽകുന്നില്ല. ഹൈക്കോടതിവിധിയിൽ പറഞ്ഞതു പോലെ സ്വതന്ത്ര ഇന്ത്യയിൽ ഇപ്പോൾ രാജാക്കന്മാരും രാജവംശവുമൊന്നുമില്ല.മുൻ രാജകുടുംബാംഗങ്ങൾക്ക് പ്രത്യേക അവകാശങ്ങളുമില്ല.അതുകൊണ്ടുതന്നെ ക്ഷേത്രഭരണം അടിയന്തിരമായി സർക്കാർ ഏറ്റെടുക്കയോ എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിദ്ധ്യമുള്ള ഒരു ട്രസ്റ്റിനു കീഴിലാക്കുകയോ ചെയ്യണം.കഴിഞ്ഞ സർക്കാരിലെ ദേവസ്വം മന്ത്രി ജി.സുധാകരനായിരുന്നെങ്കിലും ഇത് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുമെന്ന് പറഞ്ഞ് പിൻ വാങ്ങുകയായിരുന്നു.
ഈ സ്വത്ത് ഭാരതസർക്കാർ കണ്ടുകെട്ടണമെന്ന് ഒരു ടെലിവിഷൻ ചർച്ചയിൽ അഭിപ്രായപ്പെട്ട യുക്തിവാദി സംഘം നേതാവ് യു.കലാനാഥന്റെ വീട് ആക്രമിക്കപ്പെട്ടത് ഒരു തുടക്കം മാത്രം. ശിവസേനക്കാർ സുന്ദർ രാജനെ ആക്രമിക്കാൻ ശ്രമിച്ചതും ഈ അസഹിഷ്ണുതയുടെ ഉദാഹരണമാണു.അവർ മാദ്ധ്യമങ്ങൾക്കെതിരെയും തിരിഞ്ഞിട്ടുണ്ടു.
സത്യത്തിൽ ഈ സ്വത്തുക്കൾ ആരുടേതാണു?അവ ശ്രീപത്മനാഭനു കാണിക്കയായി അർപ്പിക്കപ്പെട്ടത് മാത്രമാണോ?
അല്ല എന്നാണു ചരിത്രരേഖകൾ വ്യക്തമായി പറയുന്നത്.തിരുവിതാംകൂറിൽ രണ്ടു തരം ഭണ്ഡാരങ്ങൾ(ട്രഷറികൾ)ഉണ്ടായിരുന്നുവെന്ന് ചരിത്രകാരന്മാർ പറയുന്നു.ജനങ്ങളിൽ നിന്നും പിരിച്ചെടുക്കുന്ന നികുതിപ്പണം സൂക്ഷിക്കുന്നതിനുള്ള ട്രഷറിയായ “കരുവാലയം”.പത്മനാഭസ്വാമിക്ഷേത്രത്തിനു ലഭിക്കുന്ന വഴിപാടുസ്വത്തുക്കൾ സൂക്ഷിക്കുന്നതിനുള്ള “മതിലകം”.യുദ്ധത്തിൽ ജയിക്കുമ്പോൾ ലഭിക്കുന്ന സ്വത്തുക്കളും പിഴയായി കിട്ടുന്നവയുമൊക്കെ ശ്രീപത്മനാഭനു രാജാക്കന്മാർ കാഴ്ച്ചവെച്ചിരുന്നതായും ചില ചരിത്രകാരന്മാർക്ക് അഭിപ്രായമുണ്ടു.തൃപടിദാനത്തിനു ശേഷം രാജകുടുംബം സർവസ്വത്തും ക്ഷേത്രത്തിനു സമർപ്പിച്ചതോടെ നിത്യച്ചെലവുകൾക്ക് പോലും ക്ഷേത്രത്തിലെ മതിലകം ഭണ്ഡാരത്തിൽ നിന്ന് എടുക്കുകയായിരുന്നുവെന്നത് നിസ്തർക്കമായ വസ്തുതയാണു.
തിരുവിതാംകൂർ രാജവംശത്തിനു മാത്രമായിരുന്നു നൂറ്റാണ്ടുകളോളം കുരുമുളകും ഏലവുമൊക്കെ കച്ചവടം ചെയ്യാനുള്ള അധികാരമുണ്ടായിരുന്നത്.ചരിത്രകാരനായ എം.ജി.ശശിഭൂഷൺ ഇതുസംബന്ധിച്ച് നടത്തിയിട്ടുള്ള വെളിപ്പെടുത്തലുകൾ സവിശേഷ ശ്രദ്ധ ആകർഷിക്കുന്നു.ശ്രീലങ്ക,ഫ്രാൻസ്,ബെൽജിയം,പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളുമായി തിരുവിതാംകൂർ രാജവംശം നേരിട്ട് കുരുകുമുളക് കച്ചവടം നടത്തി അളവറ്റ വിദേശനാണ്യം നേടിയിരുന്നു.അന്ന് കുരുമുളകിനു പൊന്നു വിലയായിരുന്നു.സ്വർണ്ണനാണയങ്ങളായാണത്രേ ഇതിന്റെ വില കിട്ടിയത്.കഴിഞ്ഞ ദിവസങ്ങളിൽ കണ്ടെത്തിയ വിദേശസ്വർണ്ണനാണയങ്ങൾ ഈ ഗണത്തിൽ പെടുന്നവയാണെന്ന അദ്ദേഹത്തിന്റെ നിഗമനം ശരിയാകാനിടയുണ്ടു.
രാജാവിനു ലഭിക്കുന്നതും,പടയോട്ടത്തിലൂടെ പിടിച്ചെടുക്കപ്പെടുന്നതും,കച്ചവടത്തിലൂടെ ആർജ്ജിച്ചതുമായ ഈ രാജസ്വത്തുക്കൾ ശ്രീപത്മനാഭനു കാഴവെയ്ക്കപ്പെട്ടതോടെ അവ ക്ഷേത്ര അറകളിൽ എത്തിച്ചേർന്നു.ടിപ്പുവിന്റെ പടയോട്ട കാലത്ത് ആക്രമണം ഭയന്ന് കരുവാലയത്തിൽ സൂക്ഷിച്ചിരുന്ന നികുത്തിപ്പണം അടക്കമുള്ള സ്വത്തുക്കളും ക്ഷേത്രത്തിനകത്തേക്ക് മാറ്റിയതായും ചരിത്രരേഖകളുണ്ടു.
ഇവ ക്ഷേത്രച്ചടങ്ങുകൾക്ക് ഉപയോഗിക്കണമെങ്കിൽ അതിനായി ഇനി പുതിയ ആചാരാനുഷ്ഠാനങ്ങൾ സൃഷ്ടിക്കപ്പെടണം.
അല്ലെങ്കിൽ ഭഗവാനു എന്തിനാണു കിലോക്കണക്കിനു സ്വർണ്ണത്തിലും അമൂല്യരത്നങ്ങളിലും തീർത്ത ആഭരണങ്ങളും കിരീടങ്ങളും മറ്റും?
ക്ഷേത്രച്ചടങ്ങുകളുമായി ഏതെങ്കിലും കാലത്ത് ബന്ധമുണ്ടായിരുന്ന ഏതെങ്കിലും ആഭരണങ്ങൾ ഈ നിധി ശേഖരത്തിലുണ്ടെങ്കിൽ അവ മാത്രം ശ്രീപത്മനാഭസ്വാമി ഷേത്രത്തിനു വിട്ടു നൽകട്ടെ.ബാക്കിയെല്ലാം രാജ്യത്തിനു അവകാശപ്പെട്ടതാണു.അവ ജനങ്ങളുടെ പൊതു സ്വത്താണു.അത് സർക്കാർ ഏറ്റെടുക്കുക തന്നെ വേണം.
അന്താരാഷ്ട്ര വിപണിയിൽ അതിഭീമമായ വില കിട്ടുന്ന ഈ നിധിശേഖരത്തിന്റെ ഒരു ഭാഗം വിറ്റുകിട്ടുന്ന തുകമതി കേരളത്തിന്റെ സമഗ്രവികസനത്തിനുതകുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ നടത്താൻ.
നമുക്കിനി സർവകലാശാലകളെന്തിനു?വേണ്ടത് ആതുരാലയങ്ങളും ഗവേഷണസ്ഥാപനങ്ങളുമാണു.ശ്രീപത്മനാഭസ്വാമിയുടെ നാമധേയത്തിൽ തന്നെ ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിനെ വെല്ലുന്ന മെഡിക്കൽ കോളേജും ആശുപത്രികളും തുടങ്ങട്ടെ.സംസ്ഥാനത്ത് ധർമ്മാശുപത്രികളും ആരംഭിക്കട്ടെ.മാനവസേവയാണു മാധവസേവ എന്ന് വിശ്വസിക്കുന്ന യഥാർത്ഥ ഭക്തർ വൈകാരികവിക്ഷോഭം വെടിഞ്ഞ് സാവകാശം ചിന്തിക്കുക;ഈ നിധി പൊതുജന നന്മയ്ക്ക് ഉപയോഗിക്കാതെ കെട്ടിവെയ്ക്കുന്നതിൽ പരം ദൈവനിഷേധം മറ്റെന്തുണ്ടു?
feedjit
Followers
MY BOOKS -1

(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍
സൂക്ഷ്മദര്‍ശിനി BOOKS-2

സൂക്ഷ്മദര്‍ശിനി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ