പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തിന്റെ സാക്ഷ്യപത്രങ്ങളായിരുന്നു, ലിറ്റിൽ മാഗസിനുകൾ.
അടിയന്തരാവസ്ഥക്ക് ശേഷമുള്ള കാലം .ക്ഷുഭിത യൗവനങ്ങൾ മാദ്ധ്യമബദലുകൾ കണ്ടെത്തിയത് സമാന്തര പ്രസിദ്ധീകരണളിൽ. ഉഷ്ണപാതമായി അവ ആഞ്ഞു വീശാൻ തുടങ്ങി....
കലയിലും സാഹിത്യത്തിലും രാഷ്ട്രീയവീക്ഷണങ്ങളിലും, വ്യവസ്ഥാപിതമായവയ്ക്കെതിരെ എതിർപ്പിന്റെ ശബ്ദങ്ങൾ ഉയർന്നു കേൾക്കാൻ തുടങ്ങിയ സമയം.ഞാനന്ന് പന്തളം എൻ.എസ്.എസ് കോളേജില ഒന്നാംവർഷ വിദ്യാർത്ഥി. വെറും ഇടതുപക്ഷ സഹയാത്രികൻ മാത്രമല്ല ;പാർട്ടി കാർഡുള്ള അംഗം.
കാലം 1979. അടുത്ത സുഹൃത്തായ വി.രാധാകൃഷ്ണനും വിദ്യാർത്ഥി.കായംകുളം എം.എസ്. എം കോളേജിൽ പഠനം . സി.പി.ഐ. അനുഭാവി. പക്ഷേ,വിപ്ലവത്തിന് ഒട്ടും വീര്യം പോരാ എന്ന് ഞങ്ങൾ രണ്ടാളും വിശ്വസിച്ച കാലം.ചുവപ്പൻ പ്രഭാതം സ്വപ്നം കണ്ട കാല്പനികർ. എല്ലാം തച്ചുടയ്ക്കാൻ മോഹം .
മാവേലിക്കര നിന്ന് ഞങ്ങൾ ഒരു ഇൻലന്റ് മാസിക ഇറക്കാൻ തീരുമാനിച്ചു - ആൾക്കൂട്ടം .
എൻ.ടി.ബാലചന്ദ്രന്റെ ‘ഗീതം’,എം.ഗംഗാധരന്റെ ‘സുലേഖ’ തുടങ്ങിയ ഇൻലൻ്റ് വിപ്ലവങ്ങൾ പ്രചോദമായി..
-എങ്ങനെ ആ പേരിൽ എത്തി എന്ന് നിശ്ചയമില്ല. ആനന്ദിന്റെ ‘മരണ സർട്ടിഫിക്കേറ്റും‘ ‘ആൾക്കൂട്ട‘വും ചിന്തകളിൽ അഗ്നി പടർത്തിയ നാളുകൾ.ഒരു പക്ഷേ, അതായിരിക്കാം കാരണം. വിദ്യാർത്ഥികളായ സമാനമനസ്കരുടെ ഒരു ചെറിയ ആൾകൂട്ടത്തെ തന്നെ ഞങ്ങൾ കണ്ടെത്തി. പി. തമ്പാൻ,എം.കെ.ഉണ്ണികൃഷ്ണൻ , കെ. വിജയൻ, ജെ.സുകുമാരൻ, എം.അബ്ദുൽ ഖാദർ (എം. എസ്. എം. കോളേജ്),ബി. റെജി(ടി.കെ.എം .എം കോളേജ്),
ജി.അശോക് കുമാർ കർത്ത (മാവേലിക്കര ബിഷപ് മൂർ കോളേജ്),പി.വൈ രാജു(,ഐ.ടി.ഐ വിദ്യാർഥി), കോടതിയിലെ ആമീനായ സുബ്രഹ്മണ്യൻ അമ്പാടി.പിന്നെ കാർട്ടൂണിസ്റ്റ് വൈ.എ.റഹിം..
മാവേലിക്കര പുന്നമൂട്ടിലെ എന്റെ കിടപ്പുമുറി ഓഫീസ്. അവിടെ സംഘചർച്ചകളും കിടപ്പും. സൈക്കിളാണ് വാഹനം .ഒരു സൈക്കിളിൽ മിക്കപ്പോഴും രണ്ടാളുണ്ടാകും. ഓവർലോഡിന് പിഴ ഈടാക്കുന്ന കാലത്തും മാവേലിക്കര, കായംകുളം, നൂറനാട് ഭാഗങ്ങളിലൂടെ യാത്ര ഇങ്ങനെ ...
നല്ല ബോണ്ട് പേപ്പറിൽ തന്നെ അച്ചടിച്ചു‘,ആൾക്കൂട്ടം’- മാവേലിക്കര കോടതി ജംങ്ങ്ഷനിലെ സരിത പ്രസിൽ.അതിൻറെ സ്വീകരണ മുറിയിൽ ഇരിക്കുന്നു, സാക്ഷാൽ പാറപ്പുറത്ത് .കുന്നത്തു നിന്ന് ബസ്സിൽ,എന്നും മാവേലിക്കരയ്ക്ക് വരും. കക്ഷത്തിൽ ഒരു കറുത്ത ബാഗുമായി, മുണ്ടു മടക്കിക്കുത്തി, പ്രസ്സിലേക്ക് ഒന്നര കിലോമീറ്റർ ദൂരം നടന്നുവരുന്ന പാറപ്പുറത്ത്
....മുട്ടോളം മാത്രം വരുന്ന ഒരുടുപ്പുമിട്ട്, പാറപ്പുറത്തിന്റെ മുന്നിലിരിക്കുന്നു,മാവേലിക്കരയിലെ ഒരേയൊരു ആംഗ്ലോ- ഇന്ത്യൻ വനിത.മദ്ധ്യവയസ്ക.
അദ്ദേഹം പറയുന്നത് സശ്രദ്ധം അവർ കേട്ടെഴുതുന്നു. കൗതുകകരമായ,വിസ്മയം ജനിപ്പിക്കുന്ന ,നിത്യക്കാഴ്ച്ച.അന്ന് എൻ.ബി.എസിന്റെ ധാരാളം പുസ്തകങ്ങൾ അവിടെ അച്ചടിച്ചിരുന്നു.അച്ചടിയന്ത്രങ്ങളുടെ കാതടപ്പിയ്ക്കുന്ന ആ ശബ്ദത്തിനു നടുവിലിരുന്നാണ് എഴുത്ത്.എണ്ണമറ്റ കഥകളും,മാസ്റ്റർപീസായ ‘ആകാശത്തിലെ പറവകളും’ പിറന്നുവീണത് അവിടെയാണ്...
ആദ്യലക്കം തന്നെ വർണ്ണശബളമായിരുന്നു.അതിലെ തലക്കെട്ടുകളെല്ലാം പല വർണ്ണങ്ങളിലുള്ള സ്കെച്ചുപേനകൊണ്ടു രണ്ടാളുകൾ രാവും പകയും എഴുതുകയായിരുന്നു;ചിത്രകാരനായ മാവേലിക്കര കുറത്തികാട്ടുള്ള റോയ് തോമസ് . പിന്നെ, വി.രാധാകൃഷ്ണൻ. കാർട്ടൂണിസ്റ്റും കഥാകൃത്തുമായിരുന്നു, അദ്ദേഹം.
ആദ്യ ലക്കം പേടിയോടെ ,ഭവ്യതയോടെ , പാറപ്പുറത്തിനു നൽകിയത് ഞാൻ.അദ്ദേഹമതൊന്നു മറിച്ചുനോക്കി,വായിക്കാമെന്നു പറഞ്ഞു.അത്രയും ധാരാളമായിരുന്നു.പിന്നെ ചോദിയ്ക്കാൻ ധൈര്യമുണ്ടായില്ല..
കോളേജിൽ പഠിക്കുന്നവരാണെങ്കിലും, തീപാറുന്നവയായിരുന്നു, ഞങ്ങളൊരുക്കിയ ഉള്ളടക്കം.ആദ്യലക്കത്തിൽ തന്നെ ആ ചൂടൻ നയപ്രഖ്യാപനമുണ്ട്; അതിൻറെ തലക്കെട്ടിൽ തന്നെ എല്ലാമടങ്ങിയിരുന്നു-എന്നോ മരിച്ചുപോയ നമ്മൾക്ക്.
പ്രതികരണശേഷിയില്ലാതിരുന്ന ഒരു ജനതയുടെ അരാഷ്ട്രീയമായിരുന്നു,ജീവിച്ചിരിക്കേ മൃതമായവരെന്ന ഈ കുമ്പസാരത്തിന്റെ പ്രകോപനം.അക്ഷരാഭ്യാസമില്ലാത്ത ഉത്തരേന്ത്യൻ ജനത 1977-ൽ ബാലറ്റുപെട്ടിയിലൂടെ ഏകാധിപതികളെ വാലിൽതൂക്കിയെറിഞ്ഞപ്പോൾ,വ്യാജപ്രശാന്തതയിൽ അഭിരമിച്ച നമ്മൾ അടിയന്തിരാവസ്ഥയ്ക്ക് ജയ് വിളിച്ചു!
“കോഫീ ഹൗസുകളിൽ മയക്കോവ്സ്കിയും ചെഗുവേരയും നെരൂദയും , മോഹൻ ദാസ് ഗാന്ധിയെക്കാളേറെ നെല്ലിപ്പലക വരെ വ്യഭിചരിക്കപ്പെടുന്നു..”എന്നു തുടങ്ങിയ,അക്കാലത്തെ സർവ്വക്ലിഷേകളും നിറഞ്ഞ ആക്രോശങ്ങളായിരുന്നു അതിൽ നിറയെ.അതായിരുന്നു,അന്നത്തെയൊരു രീതി...
കുന്തവുമാെയെന്ന പോൽ ,പോരാട്ടത്തിനു കുതിയ്ക്കുന്ന മൂന്ന് യുവാക്കൾ.‘എതിർപ്പിന്റെ പ്രതിഷേധത്തിന്റെ മുഖം’ എന്ന കാച്ച്ലൈനോടെയുള്ള ‘ആൾക്കൂട്ട'ത്തിന്റെ ആ ലോഗോ അക്കാലത്ത് ഏറെ ശ്രദ്ധനേടിയിരുന്നു.അത് മാവേലിക്കര രവിവർമ്മ സ്കൂൾ ഓഫ് ഫൈൻ ആർട്ട്സ് വിദ്യാർത്ഥിയായിരുന്ന ജോൺ പുളിനാടിന്റെ സൃഷ്ടിയായിരുന്നു.ആൾ സൌമ്യൻ.പക്ഷേ, അക്ഷരാർഥത്തിൽ ,ക്ഷുഭിത യൌവനത്തിൻ്റെ പ്രതീകമായി നാനാർത്ഥങ്ങളുള്ള ആ എംബ്ലം. മയക്കോവിസ്കിയുടേയുേം മാവോയുേടേയും കവിതകൾ
,'കവിത കലാപമാണ്’ എന്ന നെരൂദയുടെ ഉദ്ധരണിയോടൊപ്പം പ്രസിദ്ധീകരിക്കപ്പെട്ടു.വി.ആർ സുധീഷ്,സി.രാധാകൃഷ്ണൻ,ശിവരാമൻ ചെറിയനാട് തുടങ്ങിയവരുടെ രചനകളും ആദ്യ കത്തിൽ ഉണ്ടായിരുന്നു.തുടർന്നുള്ള ലക്കങ്ങളിൽ പി.കെ.പാറക്കടവ്, എം.സുധാകരൻ,ടി.പി.നാസർ,സതീഷ് ബാബു പയ്യന്നൂർ, ജോസ് വെമ്മേലി,സതീഷ് ബാബു പയ്യന്നൂർ ,പി.പി.രാമചന്ദ്രൻ....
അക്കാലത്ത് കുഞ്ഞുകവിതകളെഴുതിയിരുന്ന ഒരാളുണ്ടായിരുന്നു ;കെ.പി
രവീന്ദ്രൻ.പിൽക്കാലത്ത് കഥാകൃത്തായ രവിയാണത്. കവിതകളും കഥകളുമെഴുതിയിരുന്ന മറ്റൊരാളുണ്ടായിരുന്നു;ആർ.രതീദേവി, താമരക്കുളം. 'മഗ്ദലീനയുടെ(എന്റേയും സുവിശേഷം’(The gospel of Mary Magdalene and me) എന്ന വിഖ്യാത നോവലെഴുതിയ രതീദേവി.
1982ലാണ് പുസ്തകരൂപത്തിൽ 'ആൾക്കൂട്ടം' മാസികയായി വളർന്നത്.
അതിനോടകം തന്നെ ഞങ്ങൾ പ്രൊഫ.ആർ.നരേന്ദ്രപ്രസാദിന്റേയും വി.പി.ശിവകുമാറിന്റേയും ഉറ്റവരായി മാറിക്കഴിഞ്ഞിരുന്നു.അന്ന് നരേന്ദ്രപ്രസാദ് ഗാന്ധി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സിന്റെ ഡയറക്ടർ.താമസം തിരുവനന്തപുരത്ത് നിന്ന് മാവേലിക്കര മുള്ളിക്കുളങ്ങരയിലുള്ള കുടുംബവീട്ടിലേക്ക് മാറ്റിയിരുന്നു.എന്നും ട്രെയിനിൽ പോയിവരും.ശിവകുമാർ അന്ന് പട്ടാമ്പി ഗവ.സംസ്കൃത കോളേജിലാണ് പഠിപ്പിയ്ക്കുന്നത്.വരാന്ത്യങ്ങളിൽ ബുദ്ധ ജംഗ്ഷനടുത്ത വീട്ടിലുണ്ടാകും.ഞങ്ങൾ അവിടെ നിത്യസന്ദർശകരായി.രണ്ടാളും മാസികയ്ക്ക് വലിയ പിന്തുണയാണ് നൽകിയത് .പ്രമുഖ എഴുത്തുകാരെയെല്ലാം പരിചയപ്പെടുത്തിത്തന്നു.

ആദ്യ ലക്കത്തിന്റെ കവർ ഒരു പെയിന്റിങ്ങായിരുന്നു ;സ്ത്രീയുടെ ചാരുതയും ശക്തിയും പ്രതിഫലിപ്പിക്കുന്നത്.രണ്ടാം ലക്കം മുഖചിത്രം, ഇരയാക്കപ്പെടുന്ന സ്ത്രീയുടെ രേഖാചിത്രമായിരുന്നു.ഇന്നതിനു പ്രസക്തിയേറും. അത്രയ്ക്ക് ശക്തവും തീവ്രവുമായ കവർ.അത് വരച്ചത്, അന്ന് രവിവർമ്മ സ്കൂൾ ഓഫ് ഫൈൻ ആർട്ട്സിലെ മറ്റൊരു വിദ്യാർഥിയായ ജി.ഉണ്ണിക്കൃഷ്ണനായിരുന്നു. ആ സ്ഥാപനം കോളേജായപ്പോൾ,അതിന്റെ പ്രിൻസിപ്പാളാ യാണ് അദ്ദേഹം വിരമിച്ചത്.
ഒരിക്കൽ കാസർഗോഡ് നിന്ന് ഒരു ചെറുപ്പക്കാരൻ,മാസികയിൽ ഉൾപ്പെടുത്താൻ ധരാളം രേഖാചിത്രങ്ങളയച്ചുതന്നു. വ്യത്യസ്തമായവ.ഒട്ടേറെ ലക്കങ്ങളിൽ അവ ഫില്ലറുകളായും കഥകൾക്കൊപ്പവും ഉൾപ്പെടുത്തി.അന്ന്, ചിത്രകാരന്റെ പേർ ബി.ഭാസ്കരൻ എന്നായിരുന്നു-അതേ,ബാര ഭാസ്കരൻ.
എം.രാജീവ്കുമാർ,കെ.കെ.സുധാകരൻ,കുഞ്ഞപ്പ പട്ടാന്നൂർ, പി.സുേരേന്ദ്രൻ തുടങ്ങിയ അക്കാലത്തെ യുവ എഴുത്തുകാർ മുതൽ ആനന്ദ്,കെ.സച്ചിദാനന്ദൻ, ഡോ.കെ.അയ്യപ്പപണിക്കർ , വി. രാജാകൃഷ്ണണൻ, പുനലൂർ ബാലൻ വരെയുള്ള മുതിർന്ന എഴുത്തുകാരും 'ആൾക്കൂട്ട'ത്തിൽ എഴുതി.
യുക്തിഭംഗ നാടകവേദി യെക്കുറിച്ചുള്ള , ഒരുപക്ഷേ മലയാളത്തിലെ ആദ്യത്തെ, പ്രത്യേക പതിപ്പ് 'ആൾക്കൂട്ടം' പുറത്തിറക്കി. ആ വിമതനാടക പ്രസ്ഥാനത്തെ നിർവ്വചിച്ചുകൊണ്ട് മാർട്ടിൻ എസ്ലിൽ എഴുതിയ ലേഖനം വിവർത്തനം ചെയ്തത് ,മാവേലിക്കരക്കാരനായ കെ.കെ.സുധാകരനായിരുന്നു.അന്ന് അദ്ദേഹം ഗാന്ധി യൂണിവേഴ്സിറ്റിയിൽ ലൈബ്രേറിയനായിരുന്നു.നോവലിസ്റ്റായി അറിയപ്പെട്ടുവരുന്ന കാലം.എഡ്വേഡ് ആൽബിയുടെ ‘കാമുകൻ’ എന്ന അബ്സേഡ് നാടകം വിവർത്തനം ചെയ്തത് ഈ ലേഖകൻ.ആൽബിയ്ക്ക് പുലിറ്റ്സർ സമ്മാനം ലഭിയ്ക്കുന്നത് ഒന്നര ദശാബ്ദത്തിനിപ്പുറം ,1994ൽ.മാർക്കേസിനു നോബൽ സമ്മാനം ലഭിച്ചപ്പോൾ ,അതെക്കുറിച്ച് ഉടൻ ലേഖനം പ്രസിദ്ധീകരിക്കാൻ കഴിഞ്ഞു.
പ്രൊഫ.എം.കൃഷ്ണൻ നായർ,കടമ്മനിട്ട രാമകൃഷ്ണൻ,ഉല്പലേന്ദു ചക്രവർത്തി തുടങ്ങിയവരുമായുള്ള അഭിമുഖങ്ങൾ,ആന്ദിന്റെ കൃതികളിലെ രാഷ്ട്രീയത്തെ അതിനിശിതമായി വിമർശിച്ചുകൊണ്ട് എസ്.സുധീഷ് എഴുതിയ ഖണ്ഡനവിമർശന പരമ്പരയായ ‘ബീജരക്തമില്ലാത്ത ജീവിതം',പൂജപ്പുര സെന്റ്രൽ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ച ഭാസ്കരൻ,നെക്സൽ രാഷ്ട്രീയത്തെ വിചാരണയ്ക്ക് വിധേയമാക്കികൊണ്ട് ‘പ്രകാശൻ’ എന്ന പേരിൽ എഴുതിയ പരമ്പര (സ്വാതത്ര്യം : സത്യവും മിഥ്യയും),നരേന്ദ്രപ്രസാദിന്റെ നാടകം,വി.പി.ശിവകുമാറിന്റെ നാടക വിവർത്തനങ്ങൾ..ഇങ്ങനെ വൈവിദ്ധ്യപൂർണ്ണമായ ഉള്ളടക്കം.
ഇടയ്ക്ക് സുഹൃത്തുക്കൾ സന്ദർശകരായി എത്തും .ഗുരുവായൂരിൽ നിന്ന് 'ശിഖ'യുടെ മോഹൻദാസ് ഒരു കെട്ട് പുസ്തകവുമായി ഒരിക്കൽ എത്തി. നല്ല മീനമാസ ചൂടിൽ, സൈക്കിൾ ചവിട്ടി, മാവേലിക്കരയിലും പരിസരപ്രദേശത്തും ഞങ്ങൾ പുസ്തകം വിറ്റു നടന്നു. പിന്നീട് ഒരു ചെട്ടികുളങ്ങര ഭരണിക്കാലത്ത് കഥാകൃത്ത് വി. ആർ.സുധീഷെത്തി. ബോംബെയിൽ നിന്ന് പത്രപ്രവർത്തകനും കഥാകൃത്തുമായിരുന്ന രാധാകൃഷ്ണൻ എം.ജി,കൊച്ചിയിൽ നിന്ന് ജോർജ്ജ് ജോസഫ് .കെ ....... നിലയ്ക്കാത്ത സൗഹൃദങ്ങൾ .
ചായ കുടിയ്ക്കാൻ പോലും സ്വന്തമായി ഒരു രൂപ വരുമാനമില്ലാത്തവർ എങ്ങനെ മാസിക ഇറക്കും?അന്ന് ഇൻലന്റ് മാസികയായിരുന്നപ്പോൾ,ഒരോരുത്തരും മാസം തോറും പത്തും ഇരുപതും രൂപ എടുത്തായിരുന്നു ചെലവ് നടത്തിയത്. മാസിക ആക്കിയപ്പോൾ നാട്ടിലിറങ്ങി, ബന്ധുക്കേളേയും സുഹൃത്തുക്കളേയും കണ്ട് ,വരിസംഖ്യ പിരിച്ചുതുടങ്ങി.പിന്നെ,ചെറുകിട പരസ്യങ്ങൾ.അന്ന് സമാന്തരപ്രസിദ്ധീകരണങ്ങൾക്കെല്ലാം അത്താണി കെൽട്രോണായിരുന്നു. ഇടയ്ക്കിടയ്ക്ക് ലോട്ടറി,കൈത്തറി പരസ്യങ്ങൾ കിട്ടും.സുൽത്താൻബത്തേരി,തലശ്ശേരി,വടകര,കണ്ണൂർ,തൃശൂർ,തിരുവനന്തപുരം, ആറ്റിങ്ങൽ,ചങ്ങനാശ്ശേരി ഭാഗങ്ങളിലെ ബുക്ക് സ്റ്റാളുകളിൽ ലിറ്റിൽ മാഗസിനുകൾക്ക് നല്ല ചെലവായിരുന്നു,‘ആൾക്കൂട്ട’ത്തിനും.പക്ഷേ,കാശ് അതിന്റെ കാശ് കയ്യിൽ കിട്ടുക ദുഷ്കരം. അൽപ്പായുസ്സുകളായി അങ്ങനെ,ഓരോന്നും കാലഗതി പൂകിക്കൊണ്ടിരുന്നു.
ജോസ് റ്റി.തോമസിൻ്റെ ‘രസന’,എസ്.ജദീഷ്ബാബുവിൻ്റേയും ജയകുമാറിൻ്റേയും ‘സമതാളം’,കെ.എൻ.ഷാജിയുടെ ‘നിയോഗം’,സിവിക് ചന്ദ്രന്റെ ‘വാക്ക്’,’പ്രേരണ‘,...
പ്രിയദാസിന്റെ ‘സംക്രമണം’ആയുസ്സിലും ,ആൾബലത്തിലും കരുത്തുകാട്ടി.ദരിദ്രനാരായണന്മാരുടെ ഗണത്തിൽ പെടുന്നവയല്ലെങ്കിലും, സംഘടിത സഭയ്ക്കെതിരെ ശബ്ദിച്ച വിമോചനദൈവശാസ്ത്രക്കാരുടെ ‘ ഡൈനാമിക് ആക്ഷൻ’,ജോസഫ് പുലിക്കുന്നേലിന്റെ 'ഓശാന’എന്നിവയും വിമതശബ്ദങ്ങളുടെ തീവ്രതയാൽ ശ്രദ്ധേയമായി.
ജനകീയ സാംസ്കാരികവേദി,ജനകീയ വിചാരണകളിലൂടെ സമൂഹത്തിൽ വലിയ പ്രകമ്പനങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്ന കാലം.പ്രകടമായ രാഷ്ട്രീയാഭിമുഖ്യം നക്സൽ-അനുബന്ധപ്രസ്ഥാനങ്ങളോട് ഞങ്ങളിൽ ആർക്കും ഉണ്ടായിരുന്നില്ല. പക്ഷേ , വിപ്ലവത്തെക്കുറിച്ചുള്ള വിഭ്രമാത്മകമായ അതീവ കാൽപ്പനിക സ്വപ്നങ്ങളുടെ നടുവിലായിരുന്നു ജീവിതം .
ബീഹാർ പത്രമാരണ ബില്ലിനെതിരായ മാധ്യമ കൂട്ടായ്മ , വൈക്കത്തെ മനുസ്മൃതി കത്തിക്കൽ പ്രതീകാത്മകമായ പ്രതിഷേധം ,ജാതിവിരുദ്ധ സമരങ്ങൾ , തുടങ്ങിയവയിലൊക്കെ 'ആൾക്കൂട്ടം' പ്രവർത്തകർ സജീവമായി പങ്കെടുത്തു.
ഉപരിപഠനത്തിനിടയിലും ഞങ്ങൾ തട്ടിയും മുട്ടിയും കിതച്ച്, പത്തോളം ലക്കങ്ങൾ ഇറക്കി.അക്കാലത്ത് അത് ‘ദീഘായുസ്സ്’ തന്നെ.പാരലൽ കോളേജ് അദ്ധ്യാപനവുമായി വി.രാധാകൃഷ്നനും ആർ.രഘുവരനുമൊക്കെ ജീവിതത്തിന്റെ ഗോദയിൽ അങ്കം വെട്ടാനിറങ്ങിയപ്പോൾ ,മുന്നിൽ ശൂന്യത മാത്രം ബാക്കിയായി ..അപ്പോളാണ് നാട്ടുകാരായ രണ്ടു ഗൾഫുകാർ സഹായഹസ്തം നീട്ടുന്നത്.സാഹിത്യ,മാദ്ധ്യമ പ്രവർത്തന തൽപ്പരരായ വർഗ്ഗീസ് മാത്യുവും ആർ. രാമചഭദ്രൻ പിള്ളയും .
ഗൾഫിൽ നല്ല ജോലിയുണ്ടായിരുന്ന രാമഭദ്രനു പത്രപ്രവർത്തകനാകണമെന്ന് അദമ്യമായ ആഗ്രഹമുണ്ടായിരുന്നു.'ആൾക്കൂട്ട’ത്തിൽ കോളം എഴുതിയായിരുന്നു,തുടക്കം.പിന്നെ, ജോലി രാജിവെച്ച്, പത്രപ്രവർത്തക വിദ്യാർത്ഥിയായി,തിരുവനന്തപുരത്തേക്ക്. തൈയ്ക്കാട് രാജേന്ദ്രന്ദ്രൻ്റെ ‘സതേൺ സ്റ്റാർ‘ പത്രത്തിലൂടെ മാദ്ധ്യമപ്രവർത്തനത്തിനു തുടക്കം.അവസാനം,’ ദ ഹിന്ദു’വിൽ.സ്പെഷ്യൽ കറസ്പോണ്ടൻ്റായാണു ആർ.രാമഭദ്രൻ പിള്ള അടുത്തിടെ വിരമിച്ചത്.
ഞാൻ 1984-ൽ കാര്യവട്ടത്ത് എം.ജെയ്ക്ക് പഠിക്കാൻ പോയപ്പോൾ, മാസികയുടെ പ്രവർത്തനങ്ങൾ തിരുവനന്തപുരത്തേക്ക് മാറ്റി. പഴയ സംഘം നാട്ടിൽ പലയിടങ്ങളിലായതിനാൽ ഞാൻ ഒറ്റക്കായി . പാളയം പി.പി.പ്രസിൽ അച്ചടി. പക്ഷേ,പഴയ ആ ചാരുത അതിനുണ്ടായിരുന്നില്ല.അന്ന് മാസികാ പ്രവർത്തനങ്ങളിൽ ഒപ്പം, സഹപാഠിയായ പി.ഇ.ലാലച്ചനുണ്ടായിരുന്നു. പിന്നീട് ദീഘകാലം ഗൾഫിൽ പത്രപ്രവർത്തകനും അഭിഭാഷകനുമായി,അദ്ദേഹം.
1985 ഒക്ടോബറിൽ ഞാൻ ‘മാതൃഭൂമി’യിൽ ചേർന്നു. എം.ഡി. നാലപ്പാടാണ് പത്രാധിപർ. തല്ക്കാലം ,മാസികയുമായി മുന്നോട്ടു പോകാൻ തന്നെ തീരുമാനിച്ചു. അഡ്വ.എം.പ്രഭയുടെ നേതൃത്വത്തിൽ നാലു ചെറുമാസികൾ മുൻകൈ എടുത്ത് , സംസ്ഥാനത്തൊട്ടാകെ ഒരു സംവിധാനമുണ്ടാക്കി. എല്ലാ മാസികകളും ഒന്നിച്ച് ബുക് സ്റ്റാളുകളിൽ വിതരണം ചെയ്ത്,കാശു വാങ്ങിയെത്തിയ്ക്കുന്ന വലിയൊരു പദ്ധതി . അങ്ങനെ,ഒരു ലക്കമിറങ്ങി. പക്ഷേ,അത് അവസാനത്തെ ലക്കമായിരുന്നു...ആ മോഹപദ്ധതി അമ്പേ പരാജയപ്പെട്ടു. കാരണം, അടുത്ത മാസം കൃത്യമായി മാസിക ഇറക്കാൻ ആർക്കും കഴിഞ്ഞില്ല. ഒരു രൂപ പോലും കിട്ടിയില്ല.അങ്ങനെ,1985 നവംബറിൽ’ആൾക്കൂട്ടം’ നിലച്ചു..
-ഇപ്പോൾ 35 വർഷങ്ങൾ.അന്നത്തെ വിദ്യാർത്ഥികൾ ഇപ്പോൾ അറുപതിന്റെ പടികടന്ന്, ജരാനരകൾ ബാധിച്ചവരായി.വിമതരിൽ മിക്കവരും കാലക്രമത്തിൽ അനുസരണയുള്ള കുഞ്ഞാടുകളും ,'സ്റ്റാറ്റസ്ക്വോ’വാദികളും ,വിശ്വാസികളും , കടുത്ത യാഥാസ്ഥിതികർ പോലുമായി. ഒരാൾക്ക് ഭക്തി ലഹരിയായി. വിശ്വാസങ്ങൾ മാറി മറിഞ്ഞു. പിന്നെ ആദ്ധ്യാത്മിക ഗുരുവിന്റെ പ്രിയ ശിഷ്യനും പ്രചാരകനുമായി. മറ്റൊരാൾ സായിബാബ ഭക്തിയിൽ നിന്ന് സാക്ഷാൽ പെന്തക്കോസ്ത് വിശ്വാസിയായി... അവരുടെ ജീവിതങ്ങൾ ഈ വൈരുദ്ധ്യ പരിണാമങ്ങളുടെ സാക്ഷ്യപത്രങ്ങളായി..
അക്കാലത്തെ ലിറ്റിൽ മാഗസിനുകളുടെ അമരക്കാരുടെ ഈ പിൽക്കാല പരിണാമങ്ങൾ ഇതുവരെ ആരും പഠനവിഷയമാക്കിയിട്ടില്ല.
സത്യത്തിൽ,വലിയ ഗവേഷണമൊന്നും ഇതിന് ആവശ്യമില്ലെങ്കിലും, അവ ക്രോഡീകരിച്ചാൽ എത്തുന്ന നിഗമനങ്ങൾ എന്താകാം?
-എല്ലാം ഒരു കാല്പനിക മായ മാത്രമായിരുന്നുവോ? വെറും പുക? ചെറുപ്പകാലത്തെ എഴുത്തും വായനയും മാദ്ധ്യമപ്രവർത്തനവും സ്വന്തം ജീവിതത്തെയെങ്കിലും നവീകരിക്കുന്നില്ലെങ്കിൽ, പിന്നെ എന്തു കാര്യം? പില്ക്കാലത്ത്, ജാതിയുടേയും മതത്തിന്റേയും യാഥാസ്ഥിതികതയുടേയുമൊക്കെ പരിവൃത്തത്തിലമർന്നിരുന്ന്, മുൻകാലത്തെക്കുറിച്ച് ഗൃഹാതുരമായി ഉപന്യസിക്കുന്നതിൽ കവിഞ്ഞ കാപട്യവും അശ്ലീലവും മറ്റെന്തുണ്ട്?
പിൻകുറിപ്പ്;
-ഇത്രയും വായിച്ചുകഴിഞ്ഞ്, ആരെങ്കിലും ചോദിച്ചേക്കാം;ഇതു പറയാൻ നിങ്ങൾക്കെന്ത് യോഗ്യത?
എനിക്ക് പൂർണ്ണമായും കൈകാര്യസ്വാതന്ത്ര്യമുള്ള ചില ജീവിതസന്ധികളിൽ , ആ കനലോർമ്മകൾ മുന്നോട്ട് നയിച്ചിട്ടുണ്ട്. ഇപ്പോഴും മതേതരമായ ജീവിതം നയിക്കാൻ കഴിയുന്നത് അതുകൊണ്ടു തന്നെ .