
‘
എൻ്റെ ആകാശവാണിക്കാലം’ ഇരുപത്തിരണ്ടാം ഭാഗത്തിൽ (ക്ലബ് ഹൗസ് മീഡിയ റൂം,ഫെബ്രുവരി 26,2022) അനുഭവങ്ങൾ പങ്കുവയ്ക്കാൻ എത്തിയത്
എം.തങ്കമണിയും(മുൻ സ്റ്റാഫ് അനൗൺസർ, ആകാശവാണി,തൃശൂർ)
ജി.കെ.ഗീതയും (മുൻ പ്രോഗ്രാം എക്സിക്യൂട്ടീവ് , കൊച്ചി എഫ്.എം ) .
കേരളത്തിന്റെ
സാമൂഹിക നവോത്ഥാന ചരിത്രത്തിൽ അദ്വിതീയമായ സ്ഥാനമുള്ള എം.ആർ.ബി യുടെ
മകളാണ് എം. തങ്കമണി.നമ്പൂതിരി സമുദായത്തിലെ ആദ്യ വിധവാവിവാഹം നടത്തിയ ഉമ
അന്തർജ്ജനത്തിെന്റെ മകൾ .അച്ഛന്റെ ഇരട്ട സഹോദരനായ പ്രേംജി സാമൂഹിക പരിഷ്കർത്താവും ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ നടനും. അദ്ദേഹത്തിന്റെ മകൻ പ്രേമചന്ദ്രനും അറിയപ്പെടുന്ന നടനായിരുന്നു.
-ഈ
ആമുഖമൊന്നും ആവശ്യമില്ല, പ്രക്ഷേപകയായ എം . തങ്കമണിക്ക്. ജനലക്ഷങ്ങളുടെ
മനസ്സിൽ എണ്ണമറ്റ കഥാപാത്രങ്ങളായി അവരുടെ ശബ്ദം ഇപ്പോഴും
മാറ്റൊലികൊള്ളുന്നുണ്ട്.
അച്ഛൻ എം.ആർ.ബിയോടൊപ്പം
കോഴിക്കോട് ആകാശവാണിയിൽ പോയപ്പോൾ,യാദൃച്ഛികമായി ഒരു റേഡിയോ നാടകത്തിലെ
കൊച്ചുകുട്ടിയുടെ ഡയലോഗ് പറയാൻ അവസരം കിട്ടിയ കഥ പറഞ്ഞു കൊണ്ടായിരുന്നു,
അവർ തുടങ്ങിയത്. തിക്കോടിയനായിരുന്നു ,ആ പരിപാടിയുടെ ചുമതല. റേഡിയോയിലെ
ആദ്യ ഡയലോഗ് ഇന്നും ഓർമ്മയിലുണ്ട് :എനിക്കും പൂരത്തിനു പോകണം. എനിക്കും വള
വേണം.
-അങ്ങനെ, തങ്കമണിയുടെ ശബ്ദം ആദ്യമായി പ്രക്ഷേപണം ചെയ്യപ്പെട്ടു.
അച്ഛന്റെ
സുഹൃത്തുക്കളായിരുന്നു , വൈക്കം മുഹമ്മദ് ബഷീറും തകഴിയും വയലാറുമൊക്കെ .
ഒരിക്കൽ ബഷീർ വീട്ടിൽ വന്നപ്പോൾ , അദ്ദേഹത്തെ പാട്ടു പാടിക്കേൾപ്പിച്ചു.
അദ്ദേഹം ഒപ്പിട്ട്, 'ബാല്യകാലസഖി' സമ്മാനിച്ചു- മണി വലുതാവുമ്പോൾ
വായിച്ചറിയാൻ .
മഹാകവി ജി.ശങ്കരക്കുറുപ്പുമായും കുടുംബവുമായും അടുത്ത ബന്ധമുണ്ടായിരുന്നു.
സ്ക്കൂളിൽ
പഠിക്കുമ്പോൾ സാഹിത്യസമാജം സെക്രട്ടറിയയിരുന്നു. ഒരിക്കൽ , കോഴിക്കോട്
നിലയത്തിന്റെ ബാലലോകം പരിപാടി ശബ്ദലേഖനം ചെയ്യാനെത്തിയത്
അക്കിത്തമായിരുന്നു.സ്കിറ്റുകൾ, കവിതാലാപനം, പാട്ടുകൾ തുടങ്ങിയവയിൽ
പങ്കെടുത്തു. ആ പരിപാടി പ്രക്ഷേപണം ചെയ്തപ്പോൾ, സ്ക്കൂളിൽ മൈക്കിലൂടെ
കേൾപ്പിച്ചു.
"
കൃത്യം 16 വയസ്സായപ്പോൾ ഓഡിഷന് അപേക്ഷിച്ചു. അത് പാസായി ,1964
മുതൽ,നാടകങ്ങൾക്ക് ശബ്ദം കൊടുത്തു തുടങ്ങി. ആദ്യനാടകം 'കുടമണി' യായിരുന്നു.
അതിൽ അച്ഛനായി ശബ്ദം നൽകിയത് സ്റ്റാഫ് അനൗൺസർ നാരായണൻ. മകളായി ഞാനും
.ഏറെക്കാലം കുട്ടികളുടെ ശബ്ദമായിരുന്നു , നൽകിയത്".പിന്നെ, 1967ൽ, തൃശ്ശൂർ
നിലയത്തിലെ കാഷ്വൽ അനൗൺസറായി.
"
പി.പത്മരാജനും വെൺമണി വിഷ്ണുവുമൊക്കെ അനൗൺസർമാരായി നിലയത്തിലുണ്ട്. അവർ
ചിലപ്പോഴൊക്കെ ലീവ് എടുക്കുമ്പോൾ, 14 ദിവസത്തേക്ക് എനിക്ക് ഡ്യൂട്ടി
കിട്ടും." 1975-ലാണ് സ്ഥിരം അനൗൺസർ ആയത്.
തൃശൂർ
നിലയത്തിൽ നിന്ന് ശ്രോതാക്കളുടെ കത്തുകൾ പ്രക്ഷേപണം ചെയ്യാനാരംഭിച്ചപ്പോൾ
വെൺമണി വിഷ്ണുവിനൊപ്പം കത്തുകൾ വായിച്ചു. നാടകങ്ങൾ സംവിധാധം ചെയ്യാൻ
പ്രോത്സാഹിപ്പിച്ചത് വെൺമണി വിഷ്ണുവായിരുന്നു.
തൃശൂർ
നിലയം, രാമവർമ്മപുരത്തെ പുതിയ സ്റ്റുഡിയോയിൽനിന്ന് സ്വതന്ത്ര പ്രക്ഷേപണം
ആരംഭിച്ചതിന് തൊട്ടടുത്ത ദിവസം, 1973 ലെ ക്രിസ്മസ് കാലത്ത്, ആദ്യമായി അവിടെ
,സ്വന്തമായി നിർമ്മിച്ച ഒരു റേഡിയോ നാടകം പ്രക്ഷേപണം ചെയ്യപ്പെട്ടു;സി.എൽ
ജോസ് എഴുതിയ 'വിഷചുംബനം'. അത് സംവിധാനം ചെയ്തത്, സ്റ്റാഫ് അനൗൺസറായിരുന്ന
എസ്. വേണുവും എം.തങ്കമണിയും ചേർന്നായിരുന്നു .അതിൽ അവർ മറിയമായി.
കെ.വി.
മണികണ്ഠൻ നായർ , വെൺമണി വിഷ്ണു, വി.ടി.അരവിന്ദാക്ഷമേനോൻ എന്നിവരാണ് അതിൽ
അഭിനയിച്ച മറ്റുള്ളവർ . "അന്ന് സൗണ്ട് ഇഫക്ട്സുകളൊന്നും
കിട്ടാനുണ്ടായിരുന്നില്ല. എം.എസ്.വിശ്വനാഥന്റെ ഒരു പാട്ടിന്റെ പശ്ചാത്തല
സംഗീതത്തിൽ നിന്നാണ് ചിലതെടുത്തത്".
പിന്നെ,
എണ്ണമറ്റ നാടകങ്ങൾക്ക് ശബ്ദം നൽകുകയും സംവിധാനം ചെയ്യുകയും ചെയ്തു,
തങ്കമണി. കെ.വി മണികണ്ഠൻ നായർക്കൊപ്പം സംവിധാനം ചെയ്ത ,സി.എൽ ജോസിന്റെ
'സൂര്യാഘാതം' റേഡിയോ നാടകോത്സവത്തിൽ നിലയം ആദ്യമായി അവതരിപ്പിച്ച നാടകമാണ്.
ഇ.പി ശ്രീകുമാർ എഴുതിയ 'സൂര്യകാന്തിയെ സ്നേഹിച്ച പെൺകുട്ടി', വയല
വാസുദേവൻ പിള്ളയുടെ 'സിംഹാസനം' (ജി.കെ. ഗീതയ്ക്കൊപ്പം), വി.എസ്.
നിർമ്മലയുടെ 'പ്രഹേളിക' തുടങ്ങിയ റേഡിയോ നാടകങ്ങളും അവർ സംവിധാനം ചെയ്തു.
'ഇന്ദുലേഖ'യിൽ നായികയായപ്പോൾ, സി.പി.രാജേഖരൻ നായകനായി. "തൃശൂർ
പി.രാധാകൃഷ്ണൻ നാടകങ്ങളുമെഴുതിയിരുന്നു. അദ്ദേഹത്തിന്റെ ഒരു നാടകത്തിൽ, തനി
പാലക്കാടൻ ഭാഷ സംസാരിക്കുന്ന ചെന്താമരയായിരുന്നു, ഞാൻ'' .
'പ്രഹേളിക'യിലെ മന്ദബുദ്ധിയായ കുട്ടിക്ക് ശബ്ദം നൽകിയത് ഏറെ പ്രകീർത്തിക്കപ്പെട്ടു .
“
1978-ൽ ഇ.ഗോവിന്ദരാജുലു സ്റ്റേഷൻ ഡയറക്ടറായിരിക്കുമ്പോൾ, തൃശൂരിൽ
മാത്രമായി, ആറ് ദിവസം നീണ്ടു നിൽക്കുന്ന റേഡിയോ നാടകോത്സവം നടത്തി. അദ്ദേഹം
എഴുതിയ 'പങ്കജം' എന്ന തമിഴ് നാടക വുമുണ്ടായിരുന്നു. അത് വിവർത്തനം ചെയ്തത്
എസ്. രമേശൻ നായരായിരുന്നു. 'രാഗം താനം പല്ലവി' എന്ന നാടകം മണികണ്ഠൻ
നായരും, പ്രോഗ്രാം എക്സിക്യൂട്ടീവ് എൻ.ആർ.സി നായരും കൂടി മദ്രാസിൽ പോയാണ്
റെക്കാർഡ് ചെയ്തത്. ഷീല, പി.ഭാസ്ക്കരൻ ,സുകുമാരൻ, മല്ലിക,ബഹദൂർ, പറവൂർ ഭരതൻ
, ചന്ദ്രാജി എന്നിവർ ശബ്ദം നൽകിയ ആ നാടകം പല ഭാഗങ്ങളായാണ് ശബ്ദലേഖനം
ചെയ്തത്. എല്ലാവരേയും ഒന്നിച്ച് കിട്ടിയില്ല.അനൗൺസർമാരെല്ലാം ചേർന്ന് ആ
നാടകങ്ങൾ കൂട്ടായി ചെയ്തു.”
പി.ജെ.ആന്റണി,പ്രേംജി,മാടമ്പ് കുഞ്ഞിക്കുട്ടൻ, സാവിത്രി ലക്ഷ്മണൻ ,
എൻ.സോമസുന്ദരൻ, എം.കെ. വാര്യർ, ഖാൻ കാവിൽ തുടങ്ങിയവരൊക്കെയായിരുന്നു
അക്കാലത്തെ പ്രമുഖ ശബ്ദതാരങ്ങൾ. ബാലൻ കെ.നായരും കുറേക്കാലം തൃശൂരിലെ റേഡിയോ
നാടകങ്ങളിൽ പങ്കെടുത്തു.
" പി.ജെ.ആന്റണി കർക്കശക്കാരനായിരുന്നു. സഹ അഭിനേതാക്കളെ ശരിയായ ഉച്ചാരണം പഠിപ്പിക്കുക അദ്ദേഹത്തിന്റെ ശീലമായിരുന്നു".
ഇളയച്ഛൻ
പ്രേംജി അഭിനയിച്ച റേഡിയോ നാടകങ്ങൾ സംവിധാനം ചെയ്യുകയും ഒപ്പം ശബ്ദം
നൽകുകയും ചെയ്തിട്ടുണ്ട് , തങ്കമണി.'പാച്ചപ്പൻ' എന്നായിരുന്നു അദ്ദേഹത്തെ
വിളിച്ചിരുന്നത്. താൻ സംവിധായകയായപ്പോൾ "അപ്പോ ഡയറക്ടറേ, പറഞ്ഞു തന്നാലും"
എന്ന് പറഞ്ഞ് സംഭാഷണങ്ങൾ പഠിക്കുമായിരുന്നു, അദ്ദേഹം.
ഗുരുവായൂരിലെ
ചെമ്പൈ സംഗീതോത്സവം മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലേക്ക് മാറ്റിയ ശേഷം,
തുടർച്ചയായി 17 വർഷം അവതാരകയായിരുന്നു , തങ്കമണി.തൃശൂർ പൂരത്തിന്റെ തൽസമയ
പ്രക്ഷേപണത്തിന് ഇലഞ്ഞിത്തറമേളത്തിന് പല പ്രാവശ്യം അനൗൺസ്മെന്റുകൾ നൽകിയതും
തങ്കമണി അനുസ്മരിച്ചു.
കുട്ടികളുടെ
പരിപാടിയായ "ബാലമണ്ഡല'ത്തിന്റെ സ്ഥിരം അവതാരകയായിരുന്ന കാലത്ത്,
റെക്കാർഡിങ്ങിനു വരുന്ന കുട്ടികൾ തന്നെ തിരക്കുമായിരുന്നു. ഒരിക്കൽ തന്നെ
കണ്ട ഒരു കുട്ടി 'അയ്യേ' എന്ന് ഉറക്കെ പറഞ്ഞത് അവർ ഓർക്കുന്നു.
വി.ടി. നന്ദകുമാർ എഴുതി , എ.വിൻസന്റ് സംവിധാനം ചെയ്ത 'തീർത്ഥയാത്ര'യിൽ (1972) ശബ്ദം നൽകിയാണ് , സിനിമാ ഡബ്ബിങ്ങ് രംഗത്തേയ്ക്ക് കടന്നത്.1976ൽ,ശ്രീദേവി
നായികയായ ആദ്യ മലയാളചിത്രമായ ‘തുലാവർഷ’ത്തിൽ അവർക്ക് ശബ്ദം നൽകിയത്
തങ്കമണിയായിരുന്നു.'ഞാൻ കുട്ടി,നിങ്ങളും കുട്ടി’ എന്ന് തന്നെ കണ്ടപ്പോൾ
ശ്രീദേവി പറഞ്ഞത് അവർ ഇപ്പോഴും ഓർക്കുന്നു. 'പിറവി','ഒരു ചെറുപുഞ്ചിരി',
'വാനപ്രസ്ഥം', തുടങ്ങിയ സിനിമകൾക്കും ശബ്ദം നൽകിയിട്ടുള്ള തങ്കമണിക്ക്
രണ്ടു പ്രാവശ്യം സംസ്ഥാനസർക്കാരിന്റെ പുരസ്കാരം ലഭിച്ചു.
2001
ൽ 'തീർത്ഥാടന'ത്തിന് നൽകിയ ശബ്ദത്തിനായിരുന്നു ആദ്യത്തെ പുരസ്കാരം.2016 ൽ
'ഓലപ്പീപ്പി' എന്ന ചിത്രത്തിലെ ശബ്ദത്തിനും പുരസ്കാരം ലഭിച്ചു.'സ്വപാനം',
'നമുക്കൊരേ ആകാശം' എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട് .
അനുമതി കിട്ടാഞ്ഞതിനാൽ 'ശാലിനി എന്റെ കൂട്ടുകാരി',' നിർമാല്യം','മുറപ്പെണ്ണ്',
'എലിപ്പത്തായം' തുടങ്ങിയ സിനിമകൾക്ക് ശബ്ദം നൽകാൻ കഴിയാത്തതിൽ തങ്കമണിക്ക് വിഷമമുണ്ട്.
എം.ടി വാസുദേവൻ നായരുടെ 'ഒരു ചെറു പുഞ്ചരി'യിൽ ഡബ്ബ് ചെയ്യാൻ പോയപ്പോൾ ,
അദ്ദേഹത്തിന്റെ മുഖത്ത് വിരിഞ്ഞ ഒരു ചെറു പുഞ്ചിരി അഗീകാരമായി തോന്നി.
'വാനപ്രസ്ഥം' മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വായിച്ചിരുന്നു."അത്
സിനിമയാക്കുന്നെങ്കിൽ, അവസരം തരുമോ എന്ന് അദ്ദേഹത്തോട് ചോദിച്ചു".
ആകാശവാണി
ദേശീയ പുരസ്കാരങ്ങൾ ലഭിച്ച മൂന്ന് പരിപാടികളുടെ ആഖ്യാനം നടത്തിയത്
തങ്കമണിയായിരുന്നു. 1989-ൽ നിലയത്തിന് ആദ്യമായി പുരസ്കാരം നേടിക്കൊടുത്ത
'മൗനം മീട്ടിയ തംബുരു'(രചന മുഹമ്മദ് റോഷൻ) അതിൽ ആദ്യത്തേതാണ്.ടെലിഫിലിം
ആഖ്യാനത്തിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡും തങ്കമണിക്ക്
ലഭിച്ചിട്ടുണ്ട്.
പി. ഭാസ്കരൻ സംവിധാനം ചെയ്ത ‘ഗുരുവായൂർ മാഹാത്മ്യം‘ എന്ന ഡോക്യുമെന്ററിയിൽ കുറൂരമ്മയ്ക്ക് ശബ്ദം നല്കിയത് തങ്കമണി ഓർക്കുന്നു.
കെ.എ.മുരളീധരൻ സ്റ്റേഷൻ ഡയറക്ടറായിരിക്കേ ആരംഭിച്ച ‘ഹൃദയപൂർവ്വം’ പരിപാടി
തനിക്ക് ഏറെ സംതൃപ്തി നൽകിയ ഒന്നായിരുന്നുവെന്ന് അവർ പറയുന്നു.പ്രോഗ്രാം
എക്സിക്യൂട്ടീവ് ജി.കെ ഗീതയുമായിച്ചേർന്ന് ,സിനിമാ-സാഹിത്യ-കലാരംഗങ്ങളിലെ
ഒട്ടേറെ പ്രതിഭകളുടെ അനുഭവങ്ങൾ ശബ്ദലേഖനം ചെയ്ത്,അവരുടെ
ഇഷ്ടഗാനങ്ങൾക്കൊപ്പം പ്രക്ഷേപണം ചെയ്ത ആ പരിപാടിക്ക് വലിയതോതിൽ
ശ്രോതാക്കളുണ്ടായിരുന്നു.യേശുദാസ്,പി.ജയചന്ദ്രൻ,വി.ദക്ഷിണാമൂർത്തി,
ശ്രീവിദ്യ, മഞ്ചു വാര്യർ, ജയറാം,കെ.പി.എ.സി സുലോചന,എസ്.എൽ.
പുരം സദാനന്ദൻ തുടങ്ങിയവരൊക്കെ ആ പരിപാടിയിൽ പങ്കെടുത്തു.
വിചിത്രമായ
പ്രക്ഷേപണാനുഭവങ്ങളേറെയുണ്ട്, തങ്കമണിക്ക്. ഒരിക്കൽ ഒരമ്മ കാണാൻ വന്നു;
തന്റെ മകനെ കല്യാണം കഴിക്കണമെന്ന ആവശ്യവുമായി. അത്രയ്ക്കിഷ്ടമാണ് അവന്
തന്റെ ശബ്ദം. കല്യാണം കഴിക്കാൻ സമ്മതിച്ചില്ലെങ്കിൽ അവൻ ആത്മഹത്യ
ചെയ്യുമെന്ന് ഭയന്നായിരുന്നു, അവർ എത്തിയത്."ഞാൻ വിവാഹിതയും ഒരു
കുട്ടിയുടെ അമ്മയുമാണന്ന് അവരോട് പറഞ്ഞു. മകൻ സ്നേഹിക്കുന്നത് എന്നെയല്ല,
എന്റെ ശബ്ദത്തെ മാത്രമാണെന്ന് അവരെ പറഞ്ഞു മനസിലാക്കാൻ ഏറെ
പ്രയാസപ്പെട്ടു".
തൃശൂർ ആകാശവാണിയിൽ നിന്ന് അനൗൺസറായി ഔദ്യോഗിക ജീവിതം ആരംഭിച്ച
പി.പത്മരാജൻ, 1990 ലെ ഓണത്തിന്, അവസാനമായി നിലയത്തിൽ വന്നതും അവർ
ഓർമ്മിച്ചു.' ഞാൻ ഗന്ധർവൻ' സിനിമയുടെ ചിത്രീകരണത്തിന് പറ്റിയ വീടുകൾ
അദ്ദേഹത്തിന് നിർദേശിച്ചിരുന്നു.
എം.ഡി.രാജേന്ദ്രൻ, സി.പി.രാജശേഖരൻ ,കെ.വിമണികണ്ഠൻ നായർ എന്നീ സഹപ്രവർത്തകർക്കൊപ്പം പ്രവർത്തിച്ച കാലം സംഭവ ബഹുലമായിരുന്നു.
"എല്ലാവരും ചേർന്ന്, ചിലപ്പോൾ സ്ക്രിപ്റ്റു പോലുമില്ലാതെ 'പലരും പലതും'
എന്ന പ്രതിവാര സ്ക്കിറ്റ് അവതരിപ്പിച്ചിരുന്നു. നാടകങ്ങൾ കൂട്ടായാണ്
അന്ന് ചെയ്തിരുന്നത്. സംവിധാനത്തിന് ആരുടെയെങ്കിലുമൊരാളുടെ പേര്
വയ്ക്കും".ആർ.ശ്രീകണ്ഠൻ നായർ പ്രോഗ്രാം എക്സിക്യൂട്ടിവായി
പ്രവർത്തിക്കുമ്പോഴും എല്ലാവരും ചേർന്ന്, സ്ക്രിപ്റ്റില്ലാതെ സ്കിറ്റ്
അവതരിപ്പിളരുന്നു.
ഇടയ്ക്ക്
,പോർട്ട് ബ്ലയർ നിലയത്തിലേക്ക് സ്ഥലം മാറ്റാൻ നീക്കമുണ്ടായി. തൃശൂരിലും
തിരുവനന്തപുരത്തും സ്റ്റേഷൻ ഡയറക്ടറായിരുന്ന എം.കെ.ശിവശങ്കരനായിരുന്നു,
അതിന് തടയിട്ടത്.
താൻ ശബ്ദം നൽകിയ നൂറുകണക്കിന് നാടകങ്ങളിൽ മിക്കവയും അവശേഷിക്കുന്നില്ലെന്ന് അവർ പരിഭവപ്പെട്ടു.
2008ലാണ്
എം. തങ്കമണി വിരമിച്ചത്. തുടർന്ന്, ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചു.
ദൂരദർശൻ സംപ്രേഷണം ചെയ്ത 'ചാക്ക്സഞ്ചി'യിലൂടെയായിരുന്നു,തുടക്കം.
(
മഞ്ചേരി എഫ്.എം നിലയത്തിലെ അവതാരകരായ എം.പ്രസന്നകുമാർ, എ.കെ.പി.നജീബ്
എന്നിവരുടെ സഹായത്തോടെയായിരുന്നു ,എം. തങ്കമണി ഈ പരിപാടിയിൽ പങ്കെടുത്തത്).
സ്കൂൾ അധ്യാപകനായിരുന്ന അച്ഛൻ ജി.കെ.കുറുപ്പിന്റെ പ്രേരണയാണ് ,സ്കൂൾ ഓഫ് ഡ്രാമയുടെ ആദ്യ ബിരുദ കോഴ്സിന് ചേരാനിടയാക്കിയതെന്ന്
ജി.കെ ഗീത പറഞ്ഞു. ശ്യാമപ്രസാദും വിന്ധ്യനുമൊക്കെ സഹപാഠികളായിരുന്നു.
അച്ഛൻ
നാടകങ്ങളും കവിതകളും എഴുതുകയും അഭിനയിക്കുകയും ചെയ്യുമായിരുന്നു.
ആകാശവാണിയിൽ എത്തുംമുമ്പ് , അച്ഛനോടൊപ്പം നാടകത്തിന്റെ ഓഡിഷൻ പാസായി. 1983 ൽ
തിരുവനന്തപുരം വാണിജ്യ പ്രക്ഷേപണ നിലയത്തിൽ കുറച്ചുകാലം കാഷ്വൽ
അനൗൺസറുമായി.
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ മുഖേന , തൃശ്ശൂർ നിലയത്തിൽ ട്രാൻസ്മിഷൻ
എക്സിക്യൂട്ടീവായി ചേർന്നത് 1986-ൽ ആയിരുന്നു.2020 മെയ് വരെ നീണ്ട ഔദ്യോഗിക
ജീവിതത്തിൽ, ദേവികുളം,കണ്ണൂർ, കൊച്ചി നിലയങ്ങളിലും പ്രവർത്തിച്ചു.
ദേവികുളം, തൃശൂർ നിലയങ്ങളുടെ പ്രോഗ്രാം മേധാവിയുമായി .
ആദ്യത്തെ പത്തുവർഷം തൃശൂർ നിലയത്തിൽ പ്രോഗ്രാമിലെ മിക്കവാറും എല്ലാ
വിഭാഗങ്ങളിലും ജോലി ചെയ്തു. പ്രോഗ്രാം എക്സിക്യൂട്ടീവായി പ്രമോഷൻ ലഭിച്ച്,
1997 ൽ കണ്ണൂർ നിലനിലയത്തിലെത്തി. പിന്നീട് ഒരു പ്രാവശ്യം കൂടി അവിടെ
പ്രവർത്തിച്ചിട്ടുണ്ട് . "നാടകമായിരുന്നു ഇഷ്ടവിഷയമെങ്കിലും ആ വിഭാഗത്തിൽ
പ്രവർത്തിക്കാൻ കുറച്ച് അവസരം മാത്രമേ ലഭിച്ചുള്ളൂ . മുഖ്യമായും സംഗീത
വിഭാഗത്തിന്റെ ചുമതലയായിരുന്നു, തൃശ്ശൂർ നിലയത്തിൽ .ഏറെക്കാലംപ്രോഗ്രാം
കോ-ഓർഡിനേഷൻ ചുമതലയും നോക്കി".
2001 ൽ ആരംഭിച്ച 'ഹൃദയപൂർവ്വം' പരിപാടിയിൽ ആദ്യം പങ്കെടുത്തത് അന്നത്തെ
റവന്യു വകുപ്പ് മന്ത്രിയായിരുന്ന കെ.പി രാജേന്ദ്രനായിരുന്നു .
ആ പരിപാടിയുടെ ശബ്ദലേഖനാനുഭവങ്ങൾ ഗീത പങ്കുവെച്ചു. ഒറ്റപ്പാലത്ത്, തിരക്കഥ എഴുതുകയായിരുന്ന ലോഹിതദാസ്
ഗസ്റ്റ് ഹൗസിലിരുന്ന് തങ്ങളുമായി ഉച്ചവരെ ദീർഘമായി സംസാരിച്ചു. സംഗീത
സംവിധായകൻ രവീന്ദ്രൻ മാഷിനെ കാണാൻ പോയപ്പോൾ , അദ്ദേഹം കമ്പോസ് ചെയ്ത
വടക്കുംനാഥനിലെ പാട്ട് മുഴുവൻ കേൾപ്പിച്ചു.യേശുദാസും ഏറെ നേരം സംസാരിച്ചു.
"അത്
റെക്കാർഡ് ചെയ്ത്, കൊണ്ടുപോയ ടേപ്പ് മുഴുവൻ തീർന്നു.പിന്നെ, കൊച്ചി എഫ്
.എംൽ പോയി ടേപ്പ് ശേഖരിക്കേണ്ടി വന്നു". മാധവിക്കുട്ടിയെ കാണാൻ പോയതും
മറക്കാനാവാത്ത മറ്റൊരനുഭവമാണ്. . അവരും ദീർഘനേരം സംസാരിച്ചു.
ദേവികുളത്ത്
പ്രവർത്തിച്ചപ്പോൾ , ശ്രീമൂലനഗരം പൊന്നൻ എഴുതിയ 'പൊന്നുവിന്റെ
പൂച്ചക്കുട്ടികൾ' എന്ന നാടകം സംവിധാനം ചെയ്തത് അവർ ഓർത്തു. രസകരമായ മറ്റൊരു
അനുഭവം കൂടിയുണ്ട്. തൃശൂർ നിലയം പ്രക്ഷേപണം ചെയ്ത ഒരു നാടകം കണ്ണൂരിൽ
വീണ്ടും നൽകിയപ്പോൾ , അതു കേൾക്കുകയായിരുന്ന ഒരു വീട്ടിലേക്ക് ,നാടകത്തിലെ
കരച്ചിൽകേട്ട് , ഒരു വഴിപോക്കൻ ഓടിയെത്തിയത്രേ.
2014
ൽ തൃശ്ശൂരിൽ നിന്ന് കൊച്ചിയിലേക്ക് സ്ഥലം മാറ്റപ്പെട്ടത ഏറെ
വേദനിപ്പിച്ചു. പക്ഷേ, കൊച്ചിയിലെ ഔദ്യോഗിക ജീവിതം ഏറ്റവും നല്ല
കാലഘട്ടമായിരുന്നു. "എന്നെ ജനങ്ങൾ പുറത്ത് അറിഞ്ഞുതുടങ്ങിയത് അവിടെ
വെച്ചാണ് . ശനിദശ, വെള്ളിത്തിര തുടങ്ങിയ പരിപാടികളുടെ പേരിൽ ജനങ്ങൾ
തിരിച്ചറിഞ്ഞു. എഫ്.എം. റെയിൻബോയുടെ ചുമതലയും വഹിച്ചു. ആത്മാർഥമായി
പ്രവർത്തിച്ചുവെങ്കിലും, സർവീസിന്റെ അവസാനകാലത്ത് വലിയ
തിരിച്ചടിയുണ്ടായി''. അതിൽ ദുഃഖിതയാണ് ,ഗീത .
അട്ടപ്പാടി,
കുട്ടമ്പുഴ ആദിവാസി,വനമേഖലകളിൽ ശബ്ദലേഖനത്തിനു പോയ അനുഭവങ്ങളും ജി.കെ. ഗീത
പങ്കുവച്ചു. ശബരിമല വിശേഷങ്ങൾ റിപ്പോർട്ട് ചെയ്യാൻ 2014-ൽ ലേഖ ഗോപാൽ,
സി.കെ. തെന്നൽ എന്നിവർക്കൊപ്പം അവിടെ പോയത് ഏറെ വാർത്താപ്രാധാന്യം നേടി.
തുടർച്ചയായി മൂന്ന് വർഷം പോയി.
ആൻസി സേവിയർ ,എം. പ്രസന്നകുമാർ , കിഴുമണ്ടയൂർ നാരായണൻ , ശ്യാം ജയചന്ദ്രൻ ,സൈറ ബീഗം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ഡി പ്രദീപ് കുമാറും കെ ഹേമലതയും മോഡറേറ്റർ മാരായി .
'എന്റെ ആകാശവാണിക്കാലം' 22ആം ഭാഗത്തിന്റെ ഭാഗിക ശബ്ദലേഖനം മാത്രമേ ലഭ്യമായിട്ടുള്ളൂ. അത് യൂട്യൂബ് ചാനലിൽ ഉണ്ട്.
ലിങ്ക്: