Search This Blog
Wednesday, 28 September 2022
റൊമേന്‍ റോളണ്ടിൻ്റെ ഗാന്ധിചരിതം വായിക്കുമ്പോൾ...
Wednesday, 7 September 2022
എന്തൊരു ചെയ്ഞ്ച്,മലയാളിക്കും മലയാളത്തിനും..
മാറുന്ന കേരളം,മാറുന്ന മലയാളി
ഡി. പ്രദീപ് കുമാർ
ചുറ്റിനും നോക്കിയപ്പോളാണു കഴിഞ്ഞദിവസം യാദൃച്ഛികമായി ആ സത്യം ശ്രദ്ധയിൽ പെട്ടത്;തൊട്ടയൽവക്കത്ത് തന്നെ താമസക്കാരില്ലാതെ, ഒഴിഞ്ഞുകിടക്കുന്നു, പതിനാലു വീടുകൾ!
-അന്വേഷിച്ചു നോക്കി. മാവേലിക്കര നഗരസഭയിലെ പുന്നമൂട്ടിൽ ഈ ലേഖകൻ്റെ കുടുംബവീടിരിക്കുന്ന വാർഡിൽ തന്നെ അത്തരം നൂറോളം വീടുകളുണ്ട്!
അനുദിനം വളരുകയാണു കേരളത്തിലെ
ആളില്ലാവീടുകൾ.
കേരളീയരുടെ ജീവിതത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങളിലുണ്ടായ വലിയ മാറ്റങ്ങളുടെ ഫലമാണു ഈ അടഞ്ഞ വീടുകൾ. അതിൻ്റെ കൃത്യമായ കണക്ക് സർക്കാരിൻ്റെ കൈയിലില്ല.
തിരുവനന്തപുരം,കൊച്ചി,കോഴിക്കോട് തുടങ്ങിയ നഗരങ്ങളിലൊഴികെ, മിക്കയിടങ്ങളിലും വീടുകളിൽ പ്രായമായവരാണു നല്ലൊരു ശതമാനം പേരും.2025ൽ കേരളത്തിലെ ജനസംഖ്യയുടെ അഞ്ചിലൊന്നും 60 വയസിനു മുകളിലുള്ള വൃദ്ധരായിരിക്കുമെന്നാണു കണക്കാക്കപ്പെടുന്നത്(ഇന്ത്യൻ ഇക്കണോമിക് റിവ്യൂ,2019).
-പ്രായമായവരെ വീട്ടിൽ തനിച്ചാക്കി,ലക്ഷങ്ങൾ വിലമതിക്കുന്ന ആധുനിക സുഖസൗകര്യങ്ങളുള്ള വീടുകൾ പൂട്ടിയിട്ട്,എവിടെപ്പോയിരിക്കുന്നു നമ്മുടെ ആൾക്കാർ?
മുൻപ് നമുക്കവരെ പെട്ടെന്ന് തിരിച്ചറിയാനാകുമായിരുന്നു. ജോലിതേടി ഗൾഫിൽ പോയവരുടേതാകാം ഈ വീടുകൾ എന്ന് നമുക്ക് എളുപ്പം ഊഹിക്കാമായിരുന്നു. അന്ന്,പ്രവാസികളിൽ 89.2 ശതമാനം പേരും ജോലിചെയ്തിരുന്നത് പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളിലായിരുന്നു. അവരുടെ സമ്പാദ്യം മുഴുവൻ ഉപയോഗിച്ച് പണിതുയർത്തിയ സ്വപ്നഗൃഹങ്ങളായിരുന്നു,അവ. അവർ അവധിയ്ക്ക് വരുമ്പോൾ ഈ വീടുകളിൽ ആളനക്കമുണ്ടാകും. അല്ലെങ്കിൽ, വൻ നഗരങ്ങളിൽ പഠിക്കുകയും അവിടെ ഫ്ളാറ്റുകളിൽ താമസിക്കുകയും ചെയ്യുന്ന അവരുടെ മക്കളും ഭാര്യമാരും വെക്കേഷനു തിരിച്ചെത്തുമ്പോൾ ഈ വീടുകളുണരും.
-ഇപ്പോഴോ?
ഏതാണ്ട് നിത്യമയക്കത്തിലാണു ഈ വീടുകളിൽ ഭൂരിപക്ഷവും. കാരണം, അടഞ്ഞുകിടക്കുന്ന ഈ വീടുകളുടെടെ അവകാശികളിൽ ഭൂരിപക്ഷവും അമേരിക്കയിലോ കാനഡയയിലോ ഓസ്ട്രേലിയലിയോ ജോലിചെയ്യുന്നവരാണു. അവരിൽ മിക്കവരും അവിടെ പൗരത്വമുള്ളവരാണു. മക്കൾക്കൊപ്പം പോകാതെ നാട്ടിൽ തന്നെ താമസിക്കുന്ന പ്രായമായ അച്ഛൻ്റേയും അമ്മയുടേയും കാലം കഴിയുന്നതോടെ അവർ ഈ വീടുകൾ വിറ്റ്,നാടുമായുള്ള നാഭീബന്ധം ഓർമ്മകളിലേക്കൊതുക്കും.....
1950കളിൽ ജോലിതേടി ബ്രിട്ടനിലേക്ക് പോയി,അവിടെത്തന്നെ കൂടിയവർ ധാരാളമുണ്ട്-ആറ്റിങ്ങൽ, വർക്കല ഭാഗങ്ങളിൽ നിന്നുള്ളവർ. മലേഷ്യയിലേക്ക് കുടിയേറിയവരും അനവധി.2020ലെ കണക്കനുസരിച്ച് അവരുടെ എണ്ണം 228900.
ഏറെ പതിറ്റാണ്ടുകൾക്കു ശേഷം, അടുത്തിടെ യു. കെയിലേക്കുള്ള കുടിയേറ്റം വീണ്ടും ശക്തിപ്രാപിച്ചു.2013ൽ അവിടെയുള്ള മലയാളികളുടെ എണ്ണം 45264 ആയിരുന്നത്,ഇപ്പോൾ ഇരട്ടിയിലധികം ആയിട്ടുണ്ടാവും. കുടിയേറ്റ വ്യവസ്ഥകൾ കൂടുതൽ ഉദാരമാക്കിയ ഓസ്ട്രേലിയ, കാനഡ, തുടങ്ങിയ രാജ്യങ്ങളിലേക്ക് പഠിക്കാനും ജോലിചെയ്യാനുമായി കഴിഞ്ഞ വർഷങ്ങളിൽ വൻതോതിലാണു കുടിയേറ്റമുണ്ടായത്. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെ,ഈ ഒഴുക്കിനു വേഗതയേറി. 2013ൽ ഈ രാജ്യങ്ങളിൽ യഥാക്രമം 53206ഉം 30000ഉം കേരളീയരാണുണ്ടായിരുന്നത്.
എഞ്ചിനിയറിങ്ങ്,മെഡിക്കൽ,പാരാ-മെഡിക്കൽ മേഖലകളിലുള്ളവരാണു ദിനംപ്രതി,കേരളം വിട്ട്, ഈ രാജ്യങ്ങളിലേക്ക് ചേക്കേറുന്നത്. പഠിച്ച്,ജോലി നേടി,അവിടെ പൗരത്വമെടുത്ത് അവിടെത്തന്നെ ജീവിക്കും,അവർ.മുൻപ് ,അമേരിക്കയിൽ ജോലിതേടിപോയിരുന്നവരിൽ മഹാഭൂരിപക്ഷവും ക്രിസ്ത്യാനികളായിരുന്നുവെങ്കിൽ,അടുത്തകാലത്ത് അതിൽ പ്രകടമായ മാറ്റമുണ്ടായി. മറ്റു മതസ്ഥരും കൂടി അമേരിക്കയിലേക്ക് വിമാനം കയറിത്തുടങ്ങി. മുതലാളിത്തത്തെ ഉറക്കത്തിലും ചീത്തപറയുന്ന അതിവിപ്ളവകാരികളുടെ മക്കൾ വരെയുള്ളവരുടെ സ്വപ്നഭൂമിയാണത്.2021ലെ കണക്കനുസരിച്ച് 1.56 ലക്ഷമായിരുന്നു,അവിടെയുള്ള കേരളീയരുടെ എണ്ണം. അതിപ്പോൾ രണ്ടു ലക്ഷമെങ്കിലും കടന്നിട്ടുണ്ടാകണം.
ഇവരിൽ മിക്കവരും കേരളത്തെ എന്നന്നേക്കുമായി ഉപേക്ഷിക്കുന്നവരാണു.‘നാളീകേരത്തിൻ്റെ നാട്ടിൽ’ അവരെ പിടിച്ചുനിർത്താനുള്ളത്രയും ആകർഷകമായ ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങളോ മാന്യമായ തൊഴിലോ ഇല്ല. പിറന്ന വീട്,കുടുംബം,ബന്ധുങ്ങൾ,നാട്ടുകാർ തുടങ്ങിയ വൈകാരിക ബന്ധങ്ങളൊന്നും അവരെ പിന്നോട്ട് വലിയ്ക്കുന്നതേയില്ല. അടുത്തിടെ ആഫ്രിക്കൻ രാജ്യങ്ങളിലേക്കുവരെ കുടിയേറ്റം ശക്തമായിട്ടുണ്ടു.... ‘നോർക്ക‘യുടെ 2021ലെ കണക്കനുസരിച്ച് ,വിദേശത്ത് താമസിക്കുന്ന കേരളീയർ 40 ലക്ഷത്തിനു മുകളിലാണു. മറ്റു സംസ്ഥാനങ്ങളിൽ 13.73 ലക്ഷം പേരുമുണ്ടു.
“ഒരു മലയാളിയെങ്കിലും
കണ്ടിരുന്നെങ്കിൽ“
-ആലുവയ്ക്കടുത്ത് ഒരാളെ തിരക്കി ഇറങ്ങിയതാണു. പേരില്ലാത്ത ഇടവഴികൾ. രണ്ടു-മൂന്ന് കടകളിൽ വഴി ചോദിക്കാൻ കയറി. അവർ കൈമലർത്തി.“മാലൂം നഹീം”,അവിടെയെല്ലാം ‘ബായി‘മാർ. മലയാളി‘ലുക്കു’ള്ള ഒരാൾ പോലുമില്ല!
പെരുമ്പാവൂർ,ആലുവ മേഖലയിലെ പല പ്രദേശങ്ങളിലും അവർക്കാണു ഭൂരിപക്ഷം.
കേരളത്തിലേക്ക് കുടിയേറിയവരാണിവർ. അതിനു റിവേഴ്സ് മൈഗ്രേഷൻ എന്നാണു വിദഗ്ദ്ധർ നൽകിയ പേരു. അന്യസംസ്ഥാനത്തൊഴിലാളികളുടെ വാഗ്ദത്തഭൂമിയാണിത്. അവരുടെ എണ്ണം 60 ലക്ഷമെങ്കിലും വരും. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻ്റ് ടാക്സേഷൻ്റെ കണക്കനുസരിച്ച് ഇവരുടെ സംഖ്യ ഓരോ വർഷവും 2.35 ലക്ഷംവെച്ച് വർദ്ധിക്കുന്നുണ്ടു.
മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളുമടങ്ങുന്ന, സംസ്ഥാനത്തിൻ്റെ ഭൂവിസ്തൃതിയുടെ മഹാഭൂരിപക്ഷവും ഉൾപ്പെടുന്ന പ്രദേശങ്ങളിലെ ചെറിയവീടുകളിലും പഴയ വീടുകളിലും അവയുടെ രൂപമാറ്റംവരുത്തിയ തൊഴുത്തുകളിലുമാണു മറുനാടൻ തൊഴിലാളികൾ പാർക്കുന്നത്. ഇപ്പോൾ കുടുംബങ്ങൾക്കൊപ്പം താമസിക്കുന്നവരും ധാരാളമുണ്ടു.ഞായറാഴ്ചകളിൽ നമ്മുടെ നാൽക്കവലകളേയും കടകളേയും സജീവമാക്കുന്നത് അവരാണു.
നാട്ടിലെ വാർത്തകളും വിശേഷങ്ങളുമൊക്കെ ജോലിചെയ്യുമ്പോഴും അവർ റേഡിയോ,ടെലിവിഷൻ ചാനലുകളിലൂടെ തൽ സമയം അറിഞ്ഞുകൊണ്ടിരിക്കുന്നു. കേരളത്തിലെ ഓരോ ചലനങ്ങളും അവർക്കറിയാം. അതിഥികളായെത്തിയ അവർ വിവാഹ ബന്ധങ്ങളിലൂടെ വീട്ടുകാരുമായിത്തുടങ്ങിയിട്ടുണ്ട്......
ഭിലായ്,ഭോപ്പാൽ,മുംബൈ,പൂന,കൽക്കത്ത തുടങ്ങിയ നഗരങ്ങളിൽ ജോലിതേടിപ്പോയ മലയാളികൾ അവിടെ താമസമാക്കിയത് ഇങ്ങനെയായിരുന്നു. അവിടെയുള്ളവരുടെ പിൻ തലമുറകൾ ആ സംസ്കാരങ്ങളുടെ ഭാഗമായിത്തീന്നു. അങ്ങനെയുള്ളൊരു പ്രക്രിയ, വളരെ സാവധാനത്തിലാണെങ്കിലും,കേരളത്തിൽ സംഭവിക്കുന്നുണ്ടു.
-അപ്പോൾ,പത്തുവർഷം കഴിഞ്ഞാൽ,എത്രയാകും കേരളത്തിൻ്റെ ജനസംഖ്യ? അന്യസംസ്ഥാനക്കാരെ ഒഴിവാക്കിയാൽ,അത് ഇപ്പോഴത്തെ 3 കോടി 48 ലക്ഷത്തിൽ നിന്ന് താഴേക്ക് കൂപ്പുകുത്തുമെന്ന് തീർച്ച.
വിദേശത്തേക്കുള്ള ഈ കുടിയേറ്റത്തിനു പുറമേ, ഒറ്റക്കുട്ടി കുടുംബങ്ങൾ, ജനനനിയന്ത്രണത്തോട് പുറംതിരിഞ്ഞുനിന്നിരുന്ന ഒരു പ്രബലമതവിഭാഗത്തിലെപെട്ടവരുടെ പുതുതലമുറ അണുകുടുംബങ്ങളിലേക്ക് അതിവേഗം ചുവടുമാറുന്നത്, വർദ്ധിച്ചുവരുന്ന വന്ധ്യത തുടങ്ങിയവയും നമ്മുടെ ജനസംഖ്യയിൽ കാര്യമായ തോതിൽ കുറവുണ്ടാക്കും. കേരളം ഇപ്പോഴേ അതിൻ്റെ പ്രത്യാഘാതങ്ങൾ അനുഭവിച്ചുതുടങ്ങി.
മൊബൈൽ എന്ന പൊതിയാത്തേങ്ങയുമായി....
“അഞ്ചുപൈസ മുടക്കാതെ വാസ്ടാപ്പിൽ വീഡിയോകോളു വരെ വിളിക്കാൻ പറ്റുമ്പോൾ ഇങ്ങനെ എന്നും ലാൻ്റ്ഫോണിൽ വിളിച്ച് കാശുകളയേണ്ട കാര്യമുണ്ടോ... അച്ഛനൊരു കാര്യം ചെയ്യ്-മൊബൈലുമായി ഗേറ്റിലിറങ്ങി നിൽക്ക്. അതുവഴി സ്കൂളിൽ പോകുന്ന പിള്ളാരോട് പറഞ്ഞാൽ മതി. അവർ ഒരു മിനിറ്റുകൊണ്ട് ശരിയാക്കിത്തരും“,85 വയസ്സായ അച്ഛനോട് ,വിദേശത്തുള്ള മകൻ ഇങ്ങനെ പരിഭവത്തോടെ പറഞ്ഞത്, മൊബൈൽഫോൺ പ്രവർത്തിപ്പിക്കുന്നതിനെക്കുറിച്ച് പഠിപ്പിച്ച് മടുത്തിട്ടാണു.
അയാളടക്കം അഞ്ചുമക്കളും അവരുടെ കുടുംബങ്ങളും വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലുമാണു. കോവിഡ് കാലത്ത് നാട്ടിൽ ചെന്നപ്പോൾ വാങ്ങിക്കൊടുത്ത സ്മാർട്ട്ഫോൺ ഒരു പൊതിയാത്തേങ്ങയായി വീട്ടിലുണ്ടു. അന്നുമുതൽ മൊബൈൽ പഠനം തുടങ്ങിയതാണു,അച്ഛനുമമ്മയും. വാക്സിനെടുക്കാനും ബാങ്കിലെ പണമിടപാടിനുമൊക്കെ മൊബൈൽ വേണം. റേഷൻ്റെ ഒ. ടി. പി വരുന്നതും മൊബൈലിലാണു.മക്കളും കൊച്ചുമക്കളും മാറി-മാറി പഠിപ്പിച്ചു. വരിഷ്ഠ ‘വിദ്യാർത്ഥികൾ‘ പക്ഷേ, അതിൻ്റെ എൽ. കെ. ജി പോലും പാസാകുന്ന ലക്ഷണമില്ലാത്തതിനാൽ, മറ്റെല്ലാവരും പിൻവാങ്ങി. രണ്ടുപേരും ഫോണെടുത്ത്, അവിടെയുമിവിടെയും കുത്തിക്കളിക്കുന്നുവെന്ന് ബന്ധുക്കൾക്കും പരാതി. അസമയത്തൊക്ക അവർക്ക് കോൾ പോവും. ലാൻ്റു ഫോണിലൂടെയും അയാൾ,പലതവണ പഠിപ്പിക്കാൻ ശ്രമിച്ചു നോക്കിയതാണു....
മലയാളിയുടെ ജീവിതം മൊബൈൽഫോണിനെ ചുറ്റിപ്പറ്റി കറങ്ങുമ്പോൾ,ഇങ്ങനെ,സ്മാർട്ട്ഫോണും പിടിച്ച്, അന്തംവിട്ടു നിൽക്കുന്ന പ്രായമേറിയവരുടെ ഒരു തലമുറയുണ്ട്, നമുക്കിടയിൽ. അവരിൽ മിക്കവർക്കും മുൻപ് പഴയഫോണായിരുന്നു. പക്ഷേ, കോവിഡ് എല്ലാം മാറ്റിമറിച്ചു.
പുറത്തുള്ള 15.6 ലക്ഷം പേർ സ്വന്തം വീടുകളിൽ മടങ്ങിയെത്തി. ഐ. ടി മേഖലയിൽ ജോലിയുള്ളവർ കോവിഡ്കാലത്ത് നാട്ടിലെ വീടുകളിലിരുന്നു ജോലിചെയ്തു. അവർക്കൊപ്പം വന്ന കൊച്ചുമക്കളുടെ ക്ളാസുകൾ ഓൺലൈനിലായി. അടുത്ത ബന്ധുക്കളുടെ കല്യാണഷണക്കത്തുകൾ പോലും വാട്ട്സാപ്പിൽ മാത്രം വന്നുതുടങ്ങി. കല്യാണം മാത്രമല്ല,ശവസംസ്കാരച്ചടങ്ങുകളും മൊബൈലിലൂടെ ലൈവായി പ്രക്ഷേപണം ചെയ്യുന്ന രീതി സാധാരണമായി. ലൈവ് സ്ട്രീമിങ്ങുകൾ പുതിയ തൊഴിൽമേഖലയായി വളർന്നു.
കോവിഡ് നിയന്ത്രണങ്ങൾ നീക്കി, ‘വർക്ക് അറ്റ് ഹോം‘ അവസാനിപ്പിച്ച് ഭൂരിപക്ഷം പേരും മടങ്ങിപ്പോയപ്പോൾ, വീടുകളിൽ പ്രായമായവർ മാത്രം പിന്നെയും തനിച്ചായി. അകലങ്ങളിലിരുന്നും മക്കൾ എല്ലാം നിരീക്ഷിക്കുന്നുവെന്ന സമാധാനത്തിലാണു അവരിൽ മിക്കവരും ജീവിക്കുന്നത്. വീടുകളിൽ സുരക്ഷാകാമറകൾ സ്ഥാപിച്ച്, പുറത്തുള്ള മക്കളുടെ ഫോണുമായി ബന്ധിപ്പിക്കുന്നത് വ്യാപകമായിത്തുടങ്ങി..
രോഗഭീതി കാരണം,പ്രായമായവരിൽ മഹാഭൂരിപക്ഷവും ഇപ്പോഴും വീടുവിട്ട് പുറത്തുപോകാൻ മടിക്കുന്നു.വാക്സിനെടുക്കാനും ബാങ്കിടപാടു നടത്താനും മക്കളേയും കൊച്ചുമക്കളേയും കണ്ട് സംസാരിക്കാനുമൊക്കെ ,പുതിയതലമുറയിൽപെട്ട ഫോണുകൾ അവശ്യവസ്തുവായി. പക്ഷേ, മങ്ങുന്ന ഓർമ്മയും വഴങ്ങാത്ത വിരലുകളും വിറക്കുന്ന കൈകളുമുള്ള തലമുറ, വിവരവിജ്ഞാനവിസ്ഫോടനത്തിനു മുന്നിൽ അന്തം വിട്ടു നിൽക്കുകയാണു.
-കേരളത്തിലിപ്പോൾ ഡിജിറ്റൽ ഡിവൈഡുണ്ടോ?
സാങ്കേതികമായി പറഞ്ഞാൽ,ഇല്ല. ജനസംഖ്യയെക്കാളധികം മൊബൈൽ ഫോണുകളുണ്ട്. അവയിൽ മഹാഭൂരിപക്ഷത്തിലും ഇൻ്റർനെറ്റ് സൗകര്യവുമുണ്ടു. പക്ഷേ, ജനസംഖ്യയുടെ 16.5 ശതമാനം വരുന്ന പ്രായമായവരെ ആരാണിനി മൊബൈൽഫോൺ സാക്ഷരരാക്കുന്നത്?
‘‘നല്ല പിടയ്ക്കുന്ന മീൻ... കിലോ 300 രൂപ മാത്രം“.
“ഒരു അരക്കിലോ“
“നോട്ടേൽ മീനാക്കുന്നില്ല. ദാ, 150 രൂപ ഇതിലേക്കിട്ടേ,ചേച്ചി“, അയാൾ മീൻ കുട്ടയുടെ രണ്ടു വശത്തും എഴുതിവച്ചിരിക്കുന്ന ഗൂഗിൾ പേ നമ്പർ ചൂണ്ടിക്കാട്ടി.
-കുഗ്രാമങ്ങളിലെ കൊച്ചുകടകളിൽ പോലും പണമിടപാടുകൾ ഇങ്ങനെ അതിവേഗം ഡിജിറ്റലായി മാറിക്കൊണ്ടിരിക്കുന്നു. പോക്കറ്റിൽ കാശിട്ടുനടക്കുന്നവരുടെ തലമുറ അന്യംനിന്നുപോകുന്ന കാലം വിദൂരമല്ല.
‘സേട്ട, കൂലി ഈ നമ്പറിലോട്ടിട്ടേ‘ ,എന്ന് പണിക്ക് വരുന്ന ‘ബായി‘മാർ പറയും. അടച്ചുറപ്പില്ലാത്ത വീടുകളിൽ കൂട്ടത്തോടെ താമസിക്കുന്ന അവർക്ക് ഏറ്റവും സുരക്ഷിതം ഡിജിൽ പണമിടപാടുകളാണു. അവർ നാട്ടിലേക്ക് കാശയ്ക്കുന്നതും ഇങ്ങനെ തന്നെ. അവരുടെ കൈയ്യിൽ വിലകൂടിയ സ്മാർട്ട്ഫോണുകളുണ്ടു.
ബ്രാൻ്റ്പ്രേമം വഴിയാധാരമാക്കിയവർ...
നാട്ടിലെ ജംക്ഷനിൽ ഇറങ്ങി നടന്നപ്പോഴാണു ഓർത്തത്; എവിടെപ്പോയി തയ്യൽ കടകൾ?
അടുത്തകാലംവരെ,ഓരോ പ്രദേശത്തിനും സ്വന്തം തയ്യൽക്കാരുണ്ടായിരുന്നു. ബാർബർ ഷോപ്പുകളും തയ്യൽക്കടകളുമായിരുന്നു,ഒരുകാലത്ത് നാട്ടിൻപുറങ്ങളിലെ രാഷ്ട്രീയ ചർച്ചാവേദികളും അനൗദ്യോഗിക വായനശാലകളും. എല്ലായിടത്തുമുണ്ടാകും,ഉച്ചത്തിൽ ശബ്ദിച്ചുകൊണ്ടിരിക്കുന്ന റേഡിയോ. തലമുറകളായി ഷർട്ടും ബ്ലൗസുമൊക്കെ തുന്നുന്നവർ. ഒപ്പം, ചെറിയ തുണിക്കടകൾ. വസ്ത്രസങ്കൽപ്പങ്ങൾ മാറിയതോടെ, ഇവർക്ക് പണി കുറഞ്ഞു. ഒന്നൊന്നായി അവർ മറ്റു ജോലികൾ തേടിപ്പോയി..
ഇത് അനുദിനം മാറിക്കൊണ്ടിരിക്കുന്ന ബ്രാൻ്റഡ് വസ്ത്രങ്ങളുടെ കാലം. ഗ്രാമങ്ങളിൽ പോലും അവയ്ക്കായി പ്രത്യേകം ഷോറൂമുകൾ.ഷോപ്പിങ്ങ് മാളുകൾ.... കൊച്ചിയിലേയും തിരുവനന്തപുരത്തേയും വൻകിട മാളുകൾ മാറുന്ന ഉപഭോഗസംസ്കാരത്തിൻ്റെ പ്രതീകങ്ങൾ മാത്രമല്ല, പൂരപ്പറമ്പുകളെപ്പോലും അപ്രസക്തമാക്കുന്നവിധം ജനസഞ്ചയത്തെ ആകർഷിക്കുന്ന ഉത്സവവേദികൾ കൂടിയാണു. ഇന്ത്യയിലെ തന്നെ ഏറ്റവുമധം ജനങ്ങൾ സന്ദർശിക്കുന്ന വിനോദകേന്ദ്രങ്ങളുടെ പട്ടികയിൽ ഇവ ഇടം തേടും.
പക്ഷേ,ഈ ഷോപ്പിങ്ങ് മാളുകളും കടന്ന്, വ്യാപകമാകുകയാണു ഈ-കൊമേഴ്സ് മാർക്കറ്റ്. പുതുതലമുറയ്ക്ക് പ്രിയം ഓൺലൈനായി ഓഡർ ചെയ്ത് സാധനങ്ങൾ വാങ്ങുന്നതിലാണു. മൊബൈൽ,കമ്പ്യൂട്ടർ,ഡ്രസ്, ഫൂഡ് സപ്ളിമെൻ്റുകൾ..... ബ്രാൻ്റുകളിലാണു അവർക്ക് താല്പര്യം. ഇങ്ങനെ, എന്തിനുമേതിനും അവർ ആശ്രയിക്കുന്നത് ഇ-കൊമേഴ്സ്യൽ സൈറ്റുകളെ. ഗ്രാമങ്ങളിലെ ഊടുവഴികളിലൂടെപ്പോലും നിരന്തരം സഞ്ചരിക്കുകയാണു ഡെലിവറി ബോയ്സ്...
തയ്യൽകടകൾക്കൊപ്പം നാടുനീങ്ങിക്കൊണ്ടിരിക്കുകയാണു ,ബാർബർഷോപ്പുകൾ. മുടിക്ക് കളർ ചെയ്യുന്ന,തല മസ്സാജ് ചെയ്യുന്ന ,ഫേഷ്യലും സ്പായും ചെയ്യുന്ന ബ്യൂട്ടി പർലറുകൾക്കും സ്പാകൾക്കും ഇവ വഴിമാറുകയാണു. ന്യൂജെൻ ഫ്രീക്കന്മാർ പ്രത്യേകരീതിയിൽ മുടി നീട്ടിവളർത്തും. വിചിത്രങ്ങളായ നിറങ്ങളടിക്കും. ചിലർ കമ്മലുമിടും. ബോയ്സ്കട്ടാണു പെൺകുട്ടികളുടെ ഫാഷൻ.
പിന്നെ, വീട്ടമ്മമാരെപ്പോലെ, സ്ഥിരം ബ്യൂട്ടിപാർലറുകളിൽ പോയി സൗന്ദര്യചികിൽസ നടത്താനോ കട്ടി മേക്കപ്പണിഞ്ഞ്, ഉടുത്തൊരുങ്ങി നടക്കാനോ പുതുതലമുറയിലെ പെൺകുട്ടികൾക്ക് അശേഷം താല്പര്യമില്ല.
വിചിത്രമായ ആഹാരരീതികൾ..
വിചിത്രമാണു പുതുതലമുറയുടെ ആഹാരരീതികൾ. പ്രൊഫഷണൽ, ഉന്നത വിദ്യാഭ്യാസ കോഴ്സുകൾക്ക് പഠിക്കുന്ന,അല്ലെങ്കിൽ അവ പൂർത്തിയാക്കിയ ചെറുപ്പക്കാർ എപ്പോഴാണുണരുന്നത്? എപ്പോഴാണുറങ്ങുന്നത്? എപ്പോഴാണു കഴിക്കുന്നത്?
-ഒരു നിശ്ചയവുമില്ലൊന്നിനും. അവരുടെ പഠനമുറികൾ പരമാധികാര സ്വതന്ത്ര റിപ്പബ്ളിക്കുകളാകുന്നു. രാത്രി നേരത്തെ ഉറങ്ങി,വെളുപ്പിനു എണീറ്റ് പഠിച്ചിരുന്നത് ശീലമാക്കിയ തലമുറയിൽ പെട്ടവർക്ക് ഒട്ടും ദഹിക്കുന്ന സമയക്രമവും ജീവിതരീതികളുമല്ല,അവരിൽ മിക്കവരുടേയും. അവർ രാത്രിയെ പകലാക്കി ശീലിച്ചവരാണു. ക്ളാസില്ലാത്ത ദിവസങ്ങളിൽ ഉച്ചവരെയോ പകൽ മുഴുവനോ ഉറങ്ങുന്നവരാണു.
അവരുടെ മെനുകാർഡിൽ കേരളീയരുടെ പരമ്പരാഗതമായ വിഭവങ്ങൾ അത്യപൂർവ്വം. നിയതമായ സമയക്രമം അപ്രസക്തം. ഒരോകാലത്തും സുലഭമായ വിഭവങ്ങളാൽ സമ്പന്നമായിരുന്ന തീന്മേശകൾ ഇവർക്ക് തീർത്തും അപ്രിയം. കപ്പ,ചേന,ചേമ്പ്,കാച്ചിൽ,കിഴങ്ങ് തുടങ്ങിയവ കൊണ്ടുള്ള പുഴുക്ക്, ചക്കഅട,ചക്ക വേവിച്ചത്,ഓമയ്ക്ക(പപ്പായ്),വാഴക്കൂമ്പ്, വാഴപ്പിണ്ടി,മുരങ്ങയില,ചേമ്പില,വാഴയ്ക്ക, ചീര തുടങ്ങിയവ കൊണ്ടുള്ള തോരൻ,മെഴുക്കുപുരട്ടി, മാങ്ങ പുളിശ്ശേരി, അവിയൽ,സാമ്പാർ ഇങ്ങനെയുള്ള പോഷകസമൃദ്ധവും രുചികരവുമായ വിഭവങ്ങളൊക്കെ ഓണാഘോഷ സദ്യയിലെ മാത്രം കൗതുകങ്ങളായി. സമൂസയും പഫ്സും ബിരിയാണിയും പൊറോട്ടയുമൊക്കെ കടന്നു ബർഗർ,ബുർജി, കുഴിമന്തി,ദം ബിരിയാണി,പിസ്സ,ഷവർമ്മ,അൽഫാം,കുബൂസ്,കബ്ബാബ്,ടിക്ക,റുമാലി റൊട്ടി തുടങ്ങിയ അസംഖ്യം പുതിയ ഇനങ്ങളാണു അവരുടെ ഇഷ്ടവിഭവങ്ങൾ. കുടിക്കാൻ കപ്പുച്ചിനോ അല്ലെങ്കിൽ കട്ടൻ ചായ എന്ന സുലൈമാനി, ലൈം ടീ. പാലില്ലാതെ ചായയും കാപ്പിയും കഴിക്കുന്നതാണു അവരുടെ ഫാഷൻ. എണീറ്റാലുടൻ ചൂട് ചായയോ കാപ്പിയോ കഴിക്കണമെന്ന് നിർബന്ധമുള്ളവർ കുറവാണു. രണ്ടും ശീലമാക്കിയവർ കുറഞ്ഞുവരുന്നു.
ബുദ്ധിമുട്ടിയുള്ള പാചകത്തിലൊന്നും അവർക്ക് താല്പര്യമില്ല;അതിനു സമയവുമില്ല. റെഡി ടു കുക്ക് ഭക്ഷ്യോൽപ്പന്നങ്ങൾ സുലഭമാണിപ്പോൾ. ചെറുനഗരങ്ങളിൽ വരെ ഫൂഡ് ആപ്പുകളിലൂടെ ഓഡർചെയ്ത് ഭക്ഷണം വരുത്തുന്നവർ ധാരാളമുണ്ടു.
‘അരിയാഹാരം കഴിക്കാത്ത മലയാളി‘
കാലം മാറുമ്പോൾ,കോലം മാത്രമല്ല,ശൈലികൾ പോലും മാറും. മുൻപ് അരിയാഹാരം കഴിക്കാത്ത മലയാളികളേയുണ്ടായിരുന്നില്ല. ഉച്ചയ്ക്കും രാത്രിയും ഊണു. രാവിലെ പഴഞ്ചോർ. അല്ലെങ്കിൽ ഇഡ്ഡലി,ദോശ,അപ്പം,പുട്ട്.... എല്ലാം അരികൊണ്ടുണ്ടാക്കിയത്.
ഇവയെല്ലാം,രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂട്ടുന്ന കാർബോ ഹൈഡ്രേറ്റുകൾ. പണ്ടു, ശാരീരികാദ്ധ്വാനമുള്ള കാർഷികപ്രവർത്തനങ്ങളിൽ വ്യാപൃതരായവർക്ക് ഇത് ആവശ്യമായിരുന്നു. പിന്നെ, മേലനങ്ങാതെയുള്ള ജോലികളിലേക്ക് ബഹുഭൂരിപക്ഷവും ചുവടുമാറ്റിയതോടെ, ശരീരത്തിൽ കൊഴുപ്പടിഞ്ഞ്,അമിത ഭാരമുള്ളവരായി. അങ്ങനെ, പ്രമേഹവും ഹൃദ് രോഗങ്ങളുമടക്കമുള്ള ജീവിതശൈലീരോഗങ്ങൾക്കടിമകളായി. കേരളത്തിനു ലോകത്തിൻ്റെ പ്രമേഹ തലസ്ഥാനം എന്ന പേരു പോലും വന്നതങ്ങനെയാണു.
ഇതെത്തുടർന്ന് നടത്തിയ ആരോഗ്യബോധവൽക്കരണത്തിൻ്റെ ഫലമാകാം,വാരിവലിച്ച് ചോറുണ്ണുന്ന ശീലം കാര്യമായി കുറഞ്ഞു. അത്താഴത്തിനു ചോറുണ്ണുന്നവർ അപൂർവ്വമായി. ഹോട്ടലുകൾ രാത്രി ചോറേ കിട്ടാതെയായി. പുതുതലമുറ രാത്രി ചോറുപേക്ഷിച്ച് ചേക്കേറിയത് പുതിയ എണ്ണമറ്റ വിഭവങ്ങളിലേക്ക്. അത് സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് വിദഗ്ദ്ധപഠനങ്ങൾ നടത്തേണ്ടതുണ്ടു.
കുടുംബത്തികത്ത് പ്രവേശിച്ച കുപ്പി
കുടുംബസമേതം ബാറിൽ പോകുന്ന ഗോവക്കാരെക്കുറിച്ച് ഇന്നും ആകുലപ്പെടുന്നവരാണു കേരളീയർ. പക്ഷേ, കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ കേരളീയരിൽ നല്ലൊരു ശതമാനത്തിൻ്റേയും വീടുകളിൽ വിശേഷാവരസങ്ങളിൽ കുപ്പി പൊട്ടിക്കും. അതിനു മാന്യപ്രവേശനം കിട്ടി. വിവാഹം,പുതിയ വീട്ടിൽ താമസം,പിറന്നാൾ, കുട്ടികളുടെ നൂലുകെട്ട്,മാമോദീസ,വിജയം, റിട്ടയർമെൻ്റ് തുടങ്ങി എല്ലാ ആഘോഷങ്ങളിലും കുപ്പിപൊട്ടിക്കൽ ഒഴിച്ചുകൂടാനാവാത്തതായി. പണ്ടു പാത്തും പതുങ്ങിയും വീശിയിരുന്നവരൊക്കെ,മറയില്ലാതെ വിശേഷാൽ സേവ നടത്തുമ്പോൾ അതിൽ കുടുംബാംഗങ്ങൾ പോലും ഒത്തുചേരും..
മദ്യത്തെ വീടിനുള്ളിൽ കയറ്റിയതിൽ കോവിഡും നല്ല പങ്കുവഹിച്ചിട്ടുണ്ടു. അടച്ചുപൂട്ടലിൽ,നല്ലകുട്ടികളായി വീട്ടിലിരുന്നവരൊക്കെ, ബീവറേജസ് ഔട്ട് ലെറ്റുകൾ തുറന്നപ്പോൾ മദ്യം വാങ്ങി,നേരെ വീടുകളിലെത്തിയതോടെ ആ അസ്പൃശ്യതയ്ക്ക് അന്ത്യമായി.
പുതുതലമുറയിലെ പെൺകുട്ടികൾക്ക് മദ്യത്തോട് മുൻഗാമികൾക്കുണ്ടായിരുന്ന കഠിനമായ വെറുപ്പൊന്നുമില്ല. വേണമെങ്കിൽ, ഒരു കമ്പനിയ്ക്ക് ബിയറോ ജിന്നോ കഴിക്കുന്നവരുമുണ്ടു,അവർക്കിടയിൽ. മെട്രോനഗരങ്ങളിലെ നൈറ്റ് പാർട്ടികളിൽ നിന്ന് അവർ മാറിനിൽക്കുന്ന കാലം കടന്നുപോയി...
മയക്കുന്ന ലഹരിയിൽ..
പുകവലി ഏതാണ്ട് പൂർണമായും ഉപേക്ഷിച്ചവരാണു കേരളീയർ. കഴിഞ്ഞ ഒരു ദശാബ്ദത്തിൽ വലിക്കാർ അതിന്യൂനപക്ഷമായി.അതേസമയം, പുതുതലമുറയിലെ ഒരു കൂട്ടർ മയക്കുമരുന്നിൻ്റെ അടിമകളായിമാറി. സംസ്ഥാനത്തെ മയക്കുമരുന്നുപയോഗം 400 മടങ്ങ് വർദ്ധിച്ചതായി 2017ൽ അന്നത്തെ എകൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് വെളിപ്പെടുത്തിയത് ഞെട്ടലോടെയായിരുന്നു കേരളം കേട്ടത്.
ലഹരി ഉപയോഗത്തിൽ കേരളത്തിനു മൂന്നാം സ്ഥാനമാണു ഇന്നുള്ളത്. നാഷണൽ ക്രൈംസ് റെക്കാർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച്,രാജ്യത്ത് ഏറ്റവും കൂടുതൽ ലഹരിമരുന്നു കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുകയും അറസ്റ്റുകളുണ്ടാകുകയും ചെയ്ത ഇന്ത്യയിലെ മൂന്ന് നഗരങ്ങളിലൊന്ന് കൊച്ചിയാണു. ലഹരിപാർട്ടികൾക്കും എം. ഡി. എം എന്ന മാരക മയക്കുമരുന്ന് കടത്തിയതിനും കഴിഞ്ഞ മാസങ്ങളിൽ പിടിക്കപ്പെട്ടവരിൽ പെൺകുട്ടികളുമുണ്ട്.
വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങൾക്കും
ആത്മഹത്യകൾക്കും ഒരു കാരണം ഈ ലഹരിമരുന്നുപയോഗമാണു. കേരളം ഇക്കാര്യത്തിൽ
പഞ്ചാബിൻ്റെ വഴിയേ സഞ്ചരിക്കാതിരിക്കാൻ നിതാന്ത ജാഗ്രത ആവശ്യമാണു.
ആഭരണങ്ങൾ ഉപേക്ഷിക്കും കാലം..
മുടി നീട്ടി വളർത്തി, പൊട്ടു തോട്ട്, സ്വർണ്ണക്കമ്മലും,വളയും മാലയുമണിഞ്ഞ, ‘ശാലീന സുന്ദരികൾ’ എവിടെ?
നഗരങ്ങളിലെ പുതുതലമുറ പെൺകുട്ടികളുടെ വേഷവിധാനങ്ങളിൽ അടുത്തിടെ വന്ന അത്ഭുതകരമായ വലിയൊരു മാറ്റമുണ്ട്. അതറിയണമെങ്കിൽ റോഡിൽ പോയി കുറച്ചുനേരം നിന്നാൽ മതി. കോളേജിൽ പഠിക്കുന്ന,അല്ലെങ്കിൽ ആ പ്രായപരിധിയിലുള്ള, പെൺകുട്ടികളെ നിരീക്ഷിക്കുക.
-ഇവർ സ്വർണ്ണാഭരണങ്ങൾ ഏതാണ്ട് പൂർണ്ണമായും ഉപേക്ഷിച്ചു. കോവിഡിനു ശേഷം പുറത്തിറങ്ങിയവരെ ശ്രദ്ധിച്ചപ്പോഴാണു ഈ മാറ്റം ലേഖകൻ്റെ ശ്രദ്ധയിൽ പെട്ടത്. രോഗഭീതി സൃഷ്ടിച്ച ഭയമോ ,‘ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം‘ എന്ന തിരിച്ചറിവോ ആകാം, ആഭരണങ്ങൾ ഉപേക്ഷിക്കാൻ ഇവരെ പ്രേരിപ്പിച്ചത്. പേരിനു പോലും സ്വർണ്ണാഭരണങ്ങൾ ധരിക്കുന്ന പെൺകുട്ടികളെ കണ്ടെത്താൻ പ്രയാസം.
സ്വർണ്ണാഭരണവ്യവസായികളെ ഈ വാർത്ത തീർത്തും നിരാശരാക്കും.
ഇത് സ്കൂളുകളിൽ ജെൻ്റർ ന്യൂട്രൽ യൂണിഫോമിനെക്കുറിച്ച് വിവാദങ്ങൾ നടക്കുന്ന കാലം.
പല പ്രൊഫഷണൽകോളേജുകളിലേയും പെൺകുട്ടികൾ ഇത് കണ്ട് ചിരിക്കുന്നുണ്ടാവും. സംസ്ഥാനത്തെ ഒട്ടേറെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ പഠിക്കുന്ന പെൺകുട്ടികളുടെ ഇഷ്ടവേഷം പാറ്റ്സും ഷർട്ടുമാണു. മുട്ടുവരെയെത്തുന്ന ബെർമുഡ പോലുമിട്ടു കോളേജിൽ പോകുന്നവരുണ്ടു. കാഷ്വൽ ഡ്രസ് എന്ന് മുൻപ് വിശേഷിപ്പിച്ചിരുന്ന അസംഖ്യം പുതുപേരുകളിലുള്ള ഡ്രസുകളിലേക്ക് അവർ മാറിക്കഴിഞ്ഞു. പാവാടയും ബ്ലൗസും സാരിയുമൊക്കെ പുതുതലമുറ കൈയൊഴിഞ്ഞിട്ട് കാലമേറെയായി..... ബസിലും ട്രെയിനിലും ടൂ വീലറിലുമൊക്കെ സഞ്ചരിക്കാൻ അവർക്ക് സൗകര്യപ്രദം പുതിയ മോഡൽ വസ്ത്രങ്ങളാണു.
രാജ്യാന്തര വിവാഹങ്ങൾ....
രണ്ടു ദശാബം മുൻപ്, സ്കൂൾ രജിസ്റ്ററുകൾ നോക്കി,കേരളത്തിൽ ജാതിപ്പേരുകൾ തിരിച്ചു വരുന്നതിനെപ്പറ്റി പി. സുജാതൻ ഒരു ലേഖനമെഴുതിയിരുന്നു. സ്കൂൾ രജിസ്റ്ററിൽ ജാതിവാലില്ലാത്ത, ഈ ലേഖകൻ്റെ മുൻ സഹപാഠികളും സഹപ്രവർത്തകരുമൊക്കെ സമൂഹമാദ്ധ്യമങ്ങളിൽ ജാതിവാലാട്ടിയാട്ടി നടക്കുന്നതിനെക്കുറിച്ച് ഈ ലേഖകനും പലപ്രാവശ്യം എഴുതിയിട്ടുണ്ട്.
-അപ്പോൾ,കേരളത്തിൽ ജാതിബോധം തിരിച്ചുവന്നോ? ഒരു വിഭാഗത്തിനിടയിൽ അത് വർദ്ധിച്ചപ്പോൾ തന്നെ മദ്ധ്യവർഗ്ഗക്കാർക്കിടയിൽ ജാതി,മതാതീത വിവാഹങ്ങൾ മുതൽ ദേശാന്തര വിവാഹങ്ങൾ വരെ സർവ്വസാധാരണമായ കാലമാണിത്.
സഹോദരൻ അയ്യപ്പൻ മുതലുള്ള സാമൂഹിക നവോത്ഥാന നായകർ ബോധപൂർവ്വം ശ്രമിച്ചിട്ടും ഫലപ്രാപ്തിയിലെത്താതെപോയ വലിയൊരു സാമൂഹികവിപ്ളവം നിശബ്ദമായി ഇപ്പോൾ കേരളത്തിൽ നടക്കുന്നുണ്ടു. ഉന്നത വിദ്യാഭ്യാസം നേടിയ, ഐ. ടി, മെഡിക്കൽ,എഞ്ചിനിയറിങ്ങ്, സിവിൽ സർവ്വീസ്, മാദ്ധ്യമ,രാഷ്ട്രീയ രംഗങ്ങളിലുള്ളവർക്കിടയിൽ മതേതര വിവാഹങ്ങൾ വൻ തോതിൽ വർദ്ധിച്ചുകൊണ്ടിരുക്കുന്നു. ഒരേ രംഗത്ത് പ്രവർത്തിക്കുന്നവർ തമ്മിലുള്ള, സ്വന്തം ഇഷ്ടപ്രകാരമുള്ള വിവാഹത്തെ പഴയതലമുറയും ,വൈമനസ്യത്തോടെയാണെങ്കിലും, അംഗീകരിക്കുന്നുണ്ടു. അതിൽ അവർ അസ്വാഭാവികതയൊന്നും കാണുന്നില്ലെന്നത് നമ്മുടെ മാറിയ സാമൂഹിക യാഥാർത്ഥ്യങ്ങളെ അടയാളപ്പെടുത്തുന്ന രജതരേഖയാണു.
ജാതി,മതം,ജാതകം,മുഹൂർത്തം, പൗരോഹിത്യം,ആചാരാനുഷ്ഠാനങ്ങൾ തുടങ്ങി, വിവാഹം, കുടുംബജീവിതം എന്നിവയുമായി ബന്ധപ്പെട്ട എണ്ണമറ്റ ഘടകങ്ങൾ ഇങ്ങനെ സമഗ്രമായി പൊളിച്ചെഴുതപ്പെട്ടുകൊണ്ടിരിക്കുന്നു. മതം ഉപേക്ഷിക്കുന്നവരുടേയും ജാതി-മത സംഘടകളിൽ അംഗത്വമെടുക്കാത്തവരുടേയും എണ്ണവും കൂടിവരുന്നുണ്ടു. ജാതി-മതാധിഷ്ഠിതമായ പരമ്പരാഗതമായ ഫ്യൂഡൽ കുടുംബ വ്യവസ്ഥയുടെ വിച്ഛേദനം എന്ന നിലയിൽ സാമൂഹിക ശാസ്ത്രജ്ഞർ ഇത് പഠനവിഷയമാക്കേണ്ടതാണു.
മറുവശത്ത്, കേരളീയ സമൂഹം പിൻതള്ളിയ മുഴുവൻ ദുരാചരങ്ങളും അന്ധവിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും തിരികെ വരുന്നുമുണ്ടു. മനുഷ്യ ദൈവങ്ങൾക്കും അത്ഭുതരോഗശാന്തിക്കാർക്കുമൊക്കെ ജാതി,മതാതീതമായ ആരാധകവൃന്ദമാണുള്ളത്. രാഷ്ട്രീയക്കാരേയും ഭരണകൂടങ്ങളേയും നിയന്ത്രിക്കാൻ ത്രാണിയുള്ള, കോർപ്പറേറ്റ് സ്വഭാവമുള്ള വൻ സാമ്പത്തിക ശക്തിയായി അവർ വളർന്നു. കോവിഡ് മങ്ങലേപ്പിച്ചുവെങ്കിലും, ഈ ആത്മീയവ്യവസായം വീണ്ടും പച്ചപിടിച്ചുതുടങ്ങിയിട്ടുണ്ടു.
വിവാഹ ക്ഷണക്കത്തുകൾക്കൊപ്പം വധൂവരന്മാരുടെ വിവിധ ആങ്കിളുകളിലുള്ള ഫോട്ടോകളും വീഡിയോകളും, തീയതി ഓർമ്മപ്പെടുത്തിക്കൊണ്ടുള്ള സന്ദേശങ്ങൾ, ഇവൻ്റ് മാനേജ്മെൻ്റ് ടീമുകളൊരുക്കുന്ന വിനോദപരിപാടികൾ തുടങ്ങി വിവാഹം ഒരു വലിയ വിനോദവ്യവസായമായും വളർന്നുവരുന്നു.
അച്ചടി മാദ്ധ്യമങ്ങളുടെ ഗ്രഹണകാലം,
മാദ്ധ്യമവൽകൃതമായ നമ്മുടെ സമൂഹത്തിലെ നിർണ്ണായകശക്തിയായിരുന്ന അച്ചടിമാദ്ധ്യമങ്ങൾ കോവിഡ് ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് ഇപ്പോഴും മോചിതരായിട്ടില്ല. പത്രം വിതരണം ചെയ്യുമ്പോൾ, അതിലൂടെ കോവിഡ് പരക്കുമെന്ന് ഭയന്ന് പലരും പത്ര മാസികകൾ വരുത്തുന്നത് തന്നെ നിർത്തി. കോവിഡ് ഭീതി ഒഴിഞ്ഞിട്ടും അവരിൽ നല്ലൊരു ശതമാനമും പത്രവായനയിലേക്ക് തിരിച്ചുവന്നില്ല. പ്രചാരത്തിൽ ഒരുകാലത്ത് ഏഷ്യയിൽ റെക്കാർഡ് സ്ഥാപിച്ച ‘മംഗളം’ വാരിക ഉൾപ്പെടെയുള്ള ഒട്ടേറെ പ്രസിദ്ധീകരണങ്ങൾ അച്ചടി തന്നെ നിർത്തി.
-ഇനി തിരിച്ചുവരുമോ,അച്ചടി മാദ്ധ്യമങ്ങളുടെ ആ പൂക്കാലം?
വാർത്തകളും വിശേഷങ്ങളും വിനോദവും വിജ്ഞാനവും ഒരു ക്ളിക്കിൽ തൽസമയം എത്തിയ്ക്കുന്ന മൊബൈൽ എന്ന സമഗ്രമാദ്ധ്യമം കണികണ്ടുണരുന്നവരാണു കേരളീയരിൽ ഭൂരിപക്ഷവും. അതാണു പത്ര-മാസികകളുടെ അന്തകനായിത്തീരുന്നത്.
ടെലിവിഷൻ ചാനലുകളും ഈ വെല്ലുവിളി നേരിടുന്നു. രണ്ടും പുതുതലമുറ ഏതാണ്ട് പൂർണ്ണമായും കൈയ്യൊഴിഞ്ഞു. രാവിലെ ചൂട് കാപ്പിയോ ചായയോ കുടിച്ചുകൊണ്ട് പത്രം വായിച്ച് ശീലിച്ചിരുന്നവരുടെ തലമുറയ്ക്കിപ്പോൾ പ്രായമായി. പക്ഷേ, അവരാണു ഇപ്പോഴും സ്ഥിരം വായനക്കാർ. അവർ ആദ്യം വായിക്കുന്നത് ചരമ പേജാണു. പിന്നെ, പ്രാദേശിക പേജുകൾ.
-ഈ ലേഖകൻ കേരളത്തിലെ വിവിധഭാഗങ്ങളിലുള്ള പത്രവായനക്കാരോട്, അവർ എന്തൊക്കെയാണു എന്നും വായിക്കുന്നതെന്ന് ചോദിച്ചതിൽ നിന്ന് കണ്ടെത്തിയ ഉത്തരങ്ങളാണിവ. മുൻപ്, സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങളുടെ അഭിപ്രായരൂപവൽക്കരണത്തെ സ്വാധീനിച്ചിരുന്ന മുഖപ്രസംഗങ്ങൾ വായിക്കുന്നവർ അത്യപൂർവ്വം. മിക്കവരും എഡിറ്റോറിയൽ പേജുകൾ നോക്കാറുപോലുമില്ല! മുഖപ്രസംഗം വായിക്കുന്ന പുതുതലമുറയിൽ പെട്ട ഒരാളെപ്പോലും ഈ ലേഖകനു കണ്ടെത്താനായില്ല.
പുതിയ ശബ്ദാധിഷ്ഠിത മാദ്ധ്യമങ്ങൾ
രാവിലെ ഉണർന്ന് റേഡിയോ ഓൺചെയ്തുവെച്ച്,അതിലെ പരിപാടികൾക്കനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തിയിരുന്നവരുടെ തലമുറയ്ക്കും ഇന്ന് പ്രായമെത്തി. അവർ എന്നും കൃത്യമായി കേട്ടിരുന്ന ആകാശവാണിയുടെ മീഡിയം വേവ് നിലയങ്ങൾ പൂട്ടലിൻ്റെ വക്കിലാണു. പക്ഷേ,വിനോദ ചാനലുകളായി തുടങ്ങിയ പുതുതലമുറ എഫ്. എം നിലയങ്ങൾ റേഡിയോ പ്രക്ഷേപണത്തെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. സംഗീത പരിപാടികൾക്ക് പ്രാമുഖ്യം നൽകിയുള്ള ആ നിലയങ്ങൾക്ക് ധാരാളം ശ്രോതാക്കളുണ്ടു-അവർ യാദൃച്ഛിക ശ്രോതാക്കളാണെന്നു മാത്രം.
ഇപ്പോൾ ശരാശരി 20 കിലോ മീറ്റർ പ്രക്ഷേപണപരിധിയുള്ള 15 കമ്മ്യൂണിറ്റി റേഡിയോ നിലയങ്ങളും കേരളത്തിൽ റേഡിയോയെ പുതിയ മേഖലകളിലെത്തിച്ചിട്ടുണ്ടു. അവയും ആകാശവാണി നിലയങ്ങളും ലൈവ് സ്റ്റ്രീമിങ്ങിലൂടെ ലോകത്തെവിടെയും തൽസമയം കേൾക്കാം. അങ്ങനെ, റേഡിയോയ്ക്ക് ഇതാദ്യമായി ആഗോള തലത്തിൽ ശ്രോതാക്കളുണ്ടായിരിക്കുന്നു.
ശബ്ദത്തിൻ്റെ സാദ്ധ്യതകളുപയോഗിക്കുന്ന പുതിയ മാദ്ധ്യമങ്ങൾക്കും അടുത്തിടെ കേരളത്തിൽ വലിയ സ്വീകാര്യതയുണ്ടായി. ശബ്ദാധിഷ്ഠിത സമൂഹമാദ്ധ്യമമായ ക്ളബ് ഹൗസിനു അഭൂതപൂർവ്വമായ സ്വീകാര്യതയാണു ഇവിടെ ലഭിച്ചത്. പ്രമുഖ പത്ര-മാസികകൾ ക്യൂ.ആർ കോഡ് വഴി ഉള്ളടക്കത്തിൻ്റെ ഓഡിയോയും ലഭ്യമാക്കിത്തുടങ്ങി. പ്രതിലിപി,സ്റ്റോറിടെൽ,ഓഡിബിൾ തുടങ്ങിയ ഓഡിയോ ആപ്പുകളിലൂടെ പുസ്തകങ്ങൾ കേൾക്കുന്നവരും ധാരാളമുണ്ടിപ്പോൾ. വരും നാളുകളിൽ, അച്ചടിച്ച പുസ്തകങ്ങൾക്കൊപ്പം തന്നെ അവയുടെ ഓഡിയോ പതിപ്പുകളുമിറങ്ങും.
വയസ്സരുടെ മാദ്ധ്യമം ...
ടെലിവിഷൻ്റെ റിമോട്ട് കണ്ട്രോൾ കുട്ടികളുടെ കൈയിലായിരുന്ന ആ കാലം നിങ്ങൾ ഓർക്കുന്നുണ്ടോ!
അന്ന് അത് കുട്ടികളുടേയും ചെറുപ്പക്കാരുടേയും ഇഷ്ടമാദ്ധ്യമമായിരുന്നു. അവരെ കേന്ദ്രീകരിച്ചുള്ള പരസ്യങ്ങളും പരിപാടികളുടെ സ്പോൻസർഷിപ്പുകളും ഗണ്യമായി കുറഞ്ഞതോടെ മിക്ക സ്വകാര്യ ടെലിവിഷൻ ചാനലുകളും കടുത്ത പ്രതിസന്ധിയിലാണിന്നു. മിക്കവയും വലിയ നഷ്ടത്തിലും. ടെലിവിഷൻ ദൃശ്യസംസ്ക്കാരത്തെ മലയാളിക്ക് പരിചയപ്പെടുത്തിയ ദ്ദൂരദർശൻ ,തിരിച്ചുവരവ് അസാദ്ധ്യമാവും വിധം,തകർന്നടിഞ്ഞിട്ട് കാലമേറെയായി.
ഇന്ന് ടെലിവിഷനു മുന്നിൽ ചടഞ്ഞിരിക്കുന്നവരിൽ മഹാഭൂരിപക്ഷവും പ്രായമായവരാണു. സീരിയലുകളും വിനോദപരിപാടികളുമാണു അവരുടെ ഇഷ്ടപരിപാടികൾ. അമ്മയും അമ്മായിഅമ്മയും ഭാര്യയും ഭർത്താവുംഅച്ഛനും സഹോദരുമൊക്കെ പരസ്പരം പോരടിക്കുന്ന,ചതിയ്ക്കുന്ന,അപഥസഞ്ചാരം നടത്തുന്ന വിഷക്കഥകൾ നിറഞ്ഞ ഈ പരമ്പരകൾ അവർക്കു നൽകുന്ന മൂല്യബോധം അപകടകരമാണു.
ടെലിവിഷൻ പ്രേക്ഷകരായ സ്ത്രീകളിൽ ഭൂരിപക്ഷവും വാർത്തകളോ വാർത്താധിഷ്ഠിതപരിപാടികളോ കാണുന്നവരല്ല. ഇവർ ഉൾപ്പെടെയുള്ള സാമൂഹികനിരക്ഷരരുടെ ഒരു വലിയസമൂഹം ഇന്ന് കേരളത്തിലുണ്ടു.
ഒ.ടി. ടി സിനികൾ
കോവിഡ് നമ്മുടെ തീയറ്ററുകളെയും പ്രതിസന്ധിയിലാക്കി. ഏറെക്കാലം അവ അടഞ്ഞുകിടന്നപ്പോൾ സിനിമ കാണിക്കാൻ പുതിയ ഇടമുണ്ടായി. 2020 ജൂലൈയിൽ ഒ. ടി. ടി എന്ന പുതിയ പ്ളാറ്റ്ഫോമിലൂടെ ‘സോഫിയും സുജാതയും‘ എന്ന സിനിമ പ്രദർശിപ്പിക്കപ്പെട്ടു. വീട്ടിലിരുന്ന് മൊബൈലിലും കമ്പ്യൂട്ടറിലും ആദ്യം ഇത്തരം സിനിമകൾ കണ്ടത് ചെറുപ്പക്കാരായിരുന്നു. ലോകമെമ്പാടും അവയ്ക്ക് പ്രേക്ഷകരുണ്ടായി. മലയാളമറിയാത്തവരിലേക്കും അവ എത്തി.
കോവിഡ് കഴിഞ്ഞ്,തീയറ്ററുകൾ തുറന്നിട്ടും ,പക്ഷേ, പ്രായമായവർ അവയെ ഉപേക്ഷിച്ചു. ചെറുപ്പക്കാരാകട്ടെ, ഒ. ടി. ടിയിലൂടെ ഇപ്പോഴും സിനിമകൾ കാണുന്നു. പ്രായമായവരും കമ്പ്യൂട്ടറിലൂടെ സിനിമകാണുന്നത് ശീലമാക്കിയതോടെ, പുതിയൊരു ദൃശ്യസംസ്കാരം ഇവിടെ രൂപപ്പെട്ടു. അന്താരാഷ്ട്രതലത്തിൽ റിലീസ് ചെയ്യപ്പെട്ട സിനിമകൾ പോലും തീയറ്ററുകളിൽ തകർന്ന് വീണു.
അറിയപ്പെടുന്ന താരങ്ങളില്ലാത്ത, പുതുമുഖങ്ങൾ നിറഞ്ഞാടുന്ന ചെറു സിനിമകൾ ഈ പ്ളാറ്റ്ഫോമിൽ
വിജയിച്ചതോടെ മലയാളസിനിമയിൽ ഇപ്പോൾ ഒരു പൊളിച്ചെഴുത്ത് നടക്കുകയാണു.
കാണികളുടെ എണ്ണം കുറഞ്ഞതോടെ പഴയ സിനിമാതീയറ്ററുകൾ മാത്രമല്ല, ചില മൾട്ടിപ്ളെക്സുകളും അങ്ങനെ,മൃതാവസ്ഥയിലായി. പുതിയ 5 ജി ഫോണുകൾ വരുമ്പോൾ,ഏതാനും മാസങ്ങൾക്കകം, ബ്രഹ്മാണ്ഡ സിനിമകൾ പോലും അതിൽ റിലീസ് ചെയ്യുമെന്ന് പറയപ്പെടുന്നുണ്ട്. അപ്പോൾ,എന്താകും സിനിമാശാലകളുടെ ഭാവി?
ഒരോ കാലവും,കാലികമായ അഭിരുചികൾക്കനുസരിച്ച് കലകളെ നിർണ്ണയിക്കുന്നതാണു ചരിത്രം. ക്ഷേത്രകലകൾക്കിപ്പോൾ ആചാരപരമായ പ്രാധാന്യം മാത്രമാണുള്ളത്. ഉത്സവപ്പറമ്പുകളെ ജനനിബിഡമാക്കിയിരുന്ന കഥാപ്രസംഗം നാടുനീങ്ങിയിട്ട് ദശാബ്ദങ്ങളായി. നാടകങ്ങൾക്കും ഗാനമേളട്രൂപ്പുകൾക്കും ബുക്കിങ്ങുകൾ കുറഞ്ഞുവരുന്നു. അവയ്ക്ക് പകരം അടിപൊളി പാട്ടുകളും ഡാൻസും ഹാസ്യപരിപാടികളുമൊക്കെ ഉൾക്കൊള്ളുന്ന സ്റ്റേജ് ഷോകളോടാണു ജനങ്ങൾക്ക് താല്പര്യം.
മാറാത്തതായി എന്തുണ്ട്?
അങ്ങനെ, കേരളീയരുടെ ജീവിതത്തിൻ്റെ സമസ്തമേഖലകളും സമൂലമായ പരിവർത്തനത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന കാലമാണിത്. കാലം എല്ലാം മാറ്റിമറിക്കും. അത് അനിവാര്യം. കെട്ടിക്കിടക്കുന്ന ജലം ദുഷിക്കുമെന്നല്ലേ, പഴമൊഴി. നമുക്ക് ആശ്വസിക്കാം. വളരെ ചലനാത്മകമായ സമൂഹമാണു നമ്മുടേത്.
ബെൽബോട്ടം പാൻസുമായി,റോഡ് തൂത്തുവാരിക്കൊണ്ട് നടക്കുന്ന,മുടി നീട്ടി വളർത്തി,കൂളിങ്ങ് ഗ്ളാസ് വച്ച 1970കളിലെ ന്യൂജെൻ യുവാക്കൾ തങ്ങളുടെ ആ ഫോട്ടോകൾ ഇടയ്ക്കിടെ എടുത്തുനോക്കണം. എന്തൊരു ചന്തം,അല്ലേ!!
- അതുകൊണ്ട്,ഇപ്പോൾ സംഭവിക്കുന്നതും,ഇനി സംഭവിക്കാനിരിക്കുന്നതും നല്ലതിനു.
ബലം പിടിച്ചിരിക്കുന്നതെന്തിനു?മാറുന്ന മലയാളിക്ക് ശുഭാശംസകൾ!
(കേരള കൗമുദി ഓണപ്പതിപ്പ്,2022)
feedjit
Followers
MY BOOKS -1

(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍
സൂക്ഷ്മദര്‍ശിനി BOOKS-2

സൂക്ഷ്മദര്‍ശിനി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ