ശ്രീപത്മനാഭ സ്വാമിയുടെ മനസ് കവടി നിരത്തി ,ലക്ഷണം നോക്കി വ്യാഖ്യാനിച്ച ദൈവജ്ഞർക്ക് നമോവാകം!
ബി നിലവറ തുറന്നാൽ രാജ്യം തന്നെ മുടിയും.ഭരണകൂടം അസ്ഥിരമാകും.അറ തുറക്കുന്നവരുടെ വംശം മുടിയും.ഉഗ്രവിഷമുള്ള സർപ്പം അവരെ കൊത്തും!തന്റെ നിലവറകൾ തുറന്നു സ്വർണ്ണവും രത്നവും മറ്റും മറ്റുള്ളവർ കണ്ടതിലും അതിന്റെ കണക്കെടുക്കാനും വീഡിയോ പിടിക്കാനും പോകുന്നതിലും ശ്രീപത്മനാഭനു അതൃപ്തിയുണ്ടു.അവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന നരസിംഹമൂർത്തിയാകട്ടെ കോപിഷ്ടനാണു.ഉഗ്രപ്രതാപിയാകയാൽ എന്തു ചെയ്യുമെന്ന് ഒരു നിശ്ചയവുമില്ല!ആയതിനാൽ അനിഷ്ടങ്ങളും ദുരന്തങ്ങളും ഒഴിവാക്കാനായി ഉടനടി പരിഹാരക്രിയകൾ ചെയ്യേണ്ടതാകുന്നു.സമസ്താപരാങ്ങളും ഏറ്റുപറഞ്ഞ് വിളിച്ചുചൊല്ലിപ്രാർത്ഥന.അത് കഴിഞ്ഞ ദിവസം നടത്തി.പിന്നെ,പ്രത്യേക പൂജകൾ.ക്രിയകൾ.അതിന്റെ ചാർത്ത് രാജകുടുംബത്തിനു ദൈവജ്ഞർ നൽകിയിട്ടുണ്ടു.
സ്റ്റ
പാപപരിഹാര കർമ്മങ്ങളുടെ നീണ്ട പട്ടികയിൽഅതിവിശിഷ്ടമായ ഒരിനമുണ്ടു.പത്രക്കാർക്കും മാദ്ധ്യമങ്ങൾക്കൊമൊന്നും അത് കണ്ണിൽ പെട്ടില്ല.പക്ഷേ,വരികൾക്കിടയിൽ നിന്ന് അത് ഈയുള്ളവന്റെ ദൃഷ്ടിയിൽ പെട്ടു.പാപപരിഹാരാർത്ഥം 108 ബ്രാഹ്മണരുടെ കാൽ കഴുകിച്ചൂട്ടണം എന്നും ദൈവജ്ഞർ നിർദ്ദേശിച്ചിട്ടുണ്ടു.ബ്രാഹ് മണശ്രേഷ്ഠരുടെ കാൽ കഴുകിച്ച് ഊട്ടുന്ന ആ മനോഹര ദൃശ്യം ചാനലുകാർ ലൈവായി പ്രക്ഷേപണം ചെയ്യുമെന്ന് ഈയുള്ളവൻ പ്രതീക്ഷിക്കുന്നു.
ഈ അവസരത്തിൽ അത്ര പഴയതല്ലാത്ത മറ്റൊരു ദേവപ്രശ്നം ഓർമ്മ വരുന്നു.2007 നവംബറിൽ അത് നടന്നത് ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു.ചുരീദാറി ട്ട സ്ത്രീകളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നതിൽ ഭഗവാനു അതൃപ്തിയുണ്ടെന്നായിരുന്നു അവിടെ നടത്തിയ അഷ്ടമംഗല ദേവപ്രശ്നത്തിൽ കണ്ടെത്തിയത്.അതിനു പരിഹാരമായി നിദ്ദേശിക്കപ്പെട്ടതും വിളിച്ചുചൊല്ലിപ്രാർത്ഥന, ബ്രാഹ്മണരുടെ കാൽ കഴുകിച്ചൂട്ടൽ എന്നിവയായിരുന്നു!അങ്ങനെ 2008 ആഗസ്റ്റ് 9നു അവിടെ 108 ബ്രാഹ്മണരുടെ കാൽ കഴുകിച്ച് ഊട്ടി.ആ ബ്രാഹ്മണശ്രേഷ്ഠരെ കണ്ട് ഭക്തജനങ്ങൾ കൈകൂപ്പി നിൽക്കുന്ന സുന്ദരദൃശ്യം ഒരു പത്രത്തിന്റെ പ്രാദേശികപേജിൽ നിന്നും കണ്ടെടുത്ത് ഈ ലേഖകൻ ഈ പംക്തിയിലൂടെയും ബ്ലോഗിലൂടെയും മാലോകരെ അറിയിച്ചു.അപ്പോൾ സഖാവ് തോട്ടത്തിൽ രവീന്ദ്രനായിരുന്നു ഗുരുവായൂർ ദേവസ്വം പ്രസിഡന്റ്.ഉഗ്രമൂർത്തിയും സംഹാരരുദ്രനുമായ ജി.സുധാകരൻ സഖാവായിരുന്നു ദേവസ്വം മന്ത്രി!
ദൈവജ്ഞൻമാർ കവടി നിരത്തിക്കൊണ്ടിരിക്കേ ഗുരുവായൂരിലെ ക്ഷേത്രചൈതന്യത്തിനു ക്ഷയം സംഭവിക്കുമെന്ന് കണ്ടെത്തിയ ഉടൻ അന്നത്തെ തന്ത്രി ചേന്നാസ് നമ്പൂതിരിപ്പാട് അരുളിചെയ്തതു കൂടി ഈ അവസരത്തിങ്കൽ പ്രത്യേകം ഓർമ്മിക്കേണ്ടതാകുന്നു:അവർണ്ണർ ക്ക് ക്ഷേത്രപ്രവേശനം അനുവദിച്ചതാണു ഈ ശക്തിക്ഷയത്തിനു കാരണം!
തിരുവനന്തപുരത്തെ ദൈവജ്ഞർക്കും ശിങ്കിടികൾക്കും ഇതേ അഭിപ്രായം തന്നെ ഉണ്ടാകാൻ ഇടയുണ്ടെങ്കിലും തൽക്കാലം അത് പറഞ്ഞിട്ടില്ല.ശ്രദ്ധ തിരിഞ്ഞു പോകും.നിലവറ എന്തു വിലനൽകിയും തുറപ്പിക്കരുത്.അതിന്റെ കണക്ക് എടുപ്പിക്കരുത്.ഈ സ്വത്തുക്കളൊന്നും കൈവിട്ടു പോകരുത്.അവ ഇനിയും തന്നിഷ്ടപ്രകാരം കൈകാര്യം ചെയ്യാൻ അവസരം ഉണ്ടാകണം.
-തിരുവിതാങ്കൂർ “മഹാരാജാവു”എന്ന് മാദ്ധ്യമങ്ങൾ വിശേഷിപ്പിക്കുന്ന മാർത്താണ്ഡവർമ്മക്കും ഒപ്പം നിൽക്കുന്നവർക്കും ഈ ഒരൊറ്റ ഉദ്ദേശ്യമേയുള്ളൂ.ശ്രീപത്മനാഭസ് വാമി ക്ഷേത്രംരാജകുടുംബത്തിന്റേതല്ലെ ന്നും ഇവർക്ക് ക്ഷേത്രഭരണത്തിൽ യാതൊരുകാര്യവുമില്ലെന്നുമുള്ള കീഴ്കോടതി വിധി കേരള ഹൈക്കോടതി ശരിവച്ചിരുന്നു.അത് സുപ്രീം കോടതിഇതുവരെ സ്റ്റേ ചെയ്തിട്ടില്ല.തിരുപ്പതി ക്ഷേത്രഭരണ മാതൃകയിൽ ഒരു ട്രസ്റ്റ് രൂപവത്കരിച്ച് ക്ഷേത്രഭരണം അവരെ ഏൽപ്പിക്കണമെന്നാണു ഹൈക്കോടതി നിർദ്ദേശിച്ചത്.ആ ട്രസ്റ്റിൽ പ്രത്യേകാവകാശങ്ങളൊന്നുമില്ലാതെ ,സാധാരണ ഒരുഅംഗം മാത്രമായിരിക്കാനുള്ള വൈമുഖ്യമാകണം മാർത്താണ്ടവർമ്മയെ കൊണ്ട് ദേവപ്രശ്നമെന്ന .ആവനാഴിയിലെ അവസാനത്തെ അസ്ത്രം എടുത്ത് പ്രയോഗിക്കാൻ നിർബന്ധിതമാക്കിയത്.
വിലമതിക്കാനാകാത്ത സ്വത്തുക്കളുള്ള ക്ഷേത്രത്തിൽ ഇത്രകാലവും യഥേഷ്ടം വിഹരിക്കാൻ വെറും ഒരു മുൻ രാജകുടുംബാംഗം മാത്രമായ ഇദ്ദേഹത്തിനു കഴിഞ്ഞത് തിരുവനന്തപുരത്തുകാരുടെ അതിരുകവിഞ്ഞ രാജഭക്തി ഒന്നുകൊണ്ടു മാത്രമാണു.അവസാനത്തെ രാജാവ് ശ്രീ ചിത്തിര തിരുനാളായിരുന്നു. 1973ൽ പ്രിവിപേഴ്സ് നിർത്തലാക്കിയതോട് കൂടി മുൻ രാജാക്കന്മാർക്ക് സാധാരണ പൌരന്മാരിൽകവിഞ്ഞ യാതൊരു പരിഗണനയും നിയമപരമായി നിലവിലില്ല.
പക്ഷേ,ക്ഷേത്ര ദർശനം നടത്താൻ ചിത്തിര തിരുന്നാളിനു പ്രത്യേക സമയംനിശ്ചയിച്ചു നൽകിയതിൽ തെറ്റില്ല.എന്നാൽ അദ്ദേഹത്തിന്റെ മരണശേഷം അതേ അവകാശങ്ങൾ ഇപ്പോഴത്തെ”മഹാരാജാവ്” എന്ന് സ്വയം വിശേഷിപ്പിക്കുന്ന മാർത്താണ്ഡ വർമ്മയ്ക്കും ബന്ധുക്കൾക്കും നൽകിയത് യാതൊരു കാരണവശാലും നീതീകരിക്കത്തക്കതല്ല.അവർ ക്ഷേത്രദർശനത്തിന്റെ മറവിൽ ഈ നിലവറകൾ പലപ്രാവശ്യം തുറക്കുകയും അവയിലെ സ്വർണ്ണവും മറ്റും മറ്റാവശ്യങ്ങൾക്കായി എടുക്കുകയും ചെയ്തതായി ആക്ഷേപങ്ങൾ ഉയർന്നതാണു ഇപ്പോഴത്തെ കേസുകൾക്ക് അടിസ്ഥാനം.അത് ഇവിടെ മനപൂർവംവിസ്മരിക്കപ്പെടുകയാണു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ നിലവറകൾക്ക് എങ്ങനെയാണു ഗോദ് റേജ് പൂട്ടുകൾ വന്നതെന്ന് അഡ്വ. സുന്ദർരാജൻചോദിച്ചിരുന്നു.അതിൽ എല്ലാംഅടങ്ങിയിരിക്കുന്നു.ആഗസ്റ്റ് 21ലെ “ഡക്കാൻ ക്രോണിക്കിൾ” ദിനപത്രത്തിൽ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മുൻ സീനിയർ ക്ലർക്കായിരുന്ന പത്മനാഭദാസയുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ചിട്ടുണ്ട്.2007ൽ തിരുവനന്തപുരം ജില്ലാ കോടതിയിൽ അദ്ദേഹം സമർപ്പിച്ച സത്യവാങ്മൂലത്തിലുള്ള കാര്യങ്ങൾ ആവർത്തിക്കുക മാത്രമാണു ഇവിടെ ചെയ്തിട്ടുള്ളത്.അതിന്റെ സംഗ്രഹമായിരുന്നു അച്ച്യുതാനന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്.മാർത്താണ്ഡവർമ്മ 2007ൽ “ബി”നിലവറ തുറന്ന് കൊടിമരത്തിനുവേണ്ടി എന്ന് പറഞ്ഞ് വെള്ളിക്കട്ടികൾ എടുക്കുന്നതിനു താൻ സാക്ഷിയാണു.വാതിലുകൾ സ്വർണ്ണം പൂശാനെന്ന പേരിൽ “എ” നിലവറ സ്ഥിരമായി തുറന്ന് 500 കിലോ സ്വർണ്ണം കടത്തിക്കൊണ്ടു പോയതായും അദ്ദേഹം ആരോപിക്കുന്നു.നിലവറയിലുള്ള അമൂല്യവസ്തുക്കളുടെ രജിസ്ർ പരിശോധിച്ച കേരള ഹൈക്കോടതി,മാർത്താണ്ഡ വർമ്മ ഹാജരാക്കിയ ഇന്വെന്ററി അപൂർണ്ണമാണെന്നും വിശ്വസനീയമല്ലെന്നും കണ്ടെത്തിയതായി 22.8.2011ൽ മറ്റൊരു റിപ്പോർട്ടും ഈ പ്രമുഖ ഇംഗ്ലീഷ് ദിനപത്രം പ്രസിദ്ധീകരിച്ചിട്ടുണ്ടു.
കഴിഞ്ഞ ദിവസം വി.എസ് അച്ഛ്യുതാനന്ദൻ പച്ചയായി പറഞ്ഞത് ഇക്കാര്യമാണു.ചില സത്യങ്ങൾ ഇങ്ങനെ ചിലർക്കേ വിളിച്ചുകൂവാൻ പറ്റൂ.നഗ്നസത്യങ്ങൾക്ക് ഗ്രാമറും വൃത്തവുമില്ല.അതിന്റെഭാഷ പണ്ഡിതോ ചിതമാകണമെന്നില്ല.രാജഭക്തർക്കും കപടഭക്തർക്കും കടുത്ത അന്ധവിശ്വാസികൾക്കും ഈ തുറന്നുപറച്ചിലുകൾ സഹിക്കാൻ പറ്റില്ല.
ആചാരത്തിന്റേയും വിശ്വാസത്തിന്റേയും പേരിൽ നടക്കുന്ന പ്രാകൃതമായ കവടിനിരത്തൽ പോലുള്ള ഏർപ്പാടുകൾ എതിർക്കപ്പേടേണ്ടതാണു.കവടി വെച്ച്,ലക്ഷണം നോക്കി ഗണിച്ച് ദൈവത്തിന്റെ ഹിതം ജ്യോതിഷികൾ പ്രഖ്യാപിക്കുന്നതും പാപപരിഹാരാർത്ഥം ബ്രാഹ്മണരെ കാൽ കഴുകിച്ചൂട്ടുന്നതും ഭരണഘടനാവ്യവസ്ഥകൾക്കും ജനാധിപത്യമൂല്യങ്ങൾക്കും വിരുദ്ധമായ കാടത്തമാണു.ഇതിനു മുന്നിട്ടിറങ്ങുന്ന ഇല്ലാത്ത രാജാക്കന്മാരെ തണ്ടിലേറ്റി നടക്കുന്നവർ ജനാധിപത്യത്തിന്റെ അന്തകരാണു.
108 ബ്രാഹ്മണരുടെ കാൽ കഴുകിച്ചൂട്ടാൻ കൽപ്പിച്ചവരെ എന്തു വിളിക്കണം? സുപ്രീം കോടതിയെപ്പോലും ഭയപ്പെടുത്തിനിർത്താനുള്ള ഇവരുടെ നിന്ദ്യമായ ഈ ശ്രമത്തിനെതിരെ മാദ്ധ്യമങ്ങൾ കണ്ണടച്ചിരിക്കുന്നത് മഹാപരാധമാണു.വരും നാളുകളിൽ 108 ബ്രാഹ്മണരുടെ കാൽകഴുകിച്ചൂട്ടുമ്പോഴും അതിനെ പ്രകീർത്തിക്കാൻ ഇവർ തുനിയും.കഷ്ടം!
-അനന്തപുരിയിൽ നിന്നുള്ള ഈ വാർത്തകൾ ഇരുട്ടു നിറക്കുന്നവയാണു.അവ അജ്ഞാനികളുടെ ജല്പനങ്ങളാണു.പ്രാകൃത യുഗത്തിലേ ക്കാണു അവ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്.
