വ്യാപകമായ മനുഷ്യാവകാശലംഘനങ്ങളേയും ,ദുരുപയോഗത്തേയും തുടർന്ന് സുപ്രീകോടതി ഒരു പൊതുതാൽപര്യ ഹർജ്ജിയിൽ പുനപരിശോധിച്ച്കൊണ്ടിരിക്കുന്ന ഐ.ടി.നിയമത്തിലെ 66 എ വകുപ്പ് കേരളത്തിൽ പിന്നെയും തലങ്ങും വിലങ്ങും പൊലീസ് എടുത്തുപയോഗിക്കുന്നു.ആയിരത്തിലേറെപ്പേർക്കെതിരെ ഇന്ന് കേസ് നിലവിലുണ്ടു. രാഷ്ട്രീയക്കാരും മതനേതാക്കളുമാണു പരാതിക്കാർ.
മുംബൈയിൽ ബാൽ താക്കറെയുടെ മരണത്തിൽ അനുശോചിച്ച് ബന്ദാചരിച്ചതിനെതിരെ ഫേസ്ബുക്കിൽ കമന്റെഴുതിയതിനെതുടർന്ന് രണ്ടു പെൺകുട്ടികൾക്കെതിരെ ഈ കിരാതവകുപ്പുപയോഗിച്ച് നടപടി എടുത്തതിനെതുടർന്നുണ്ടായ ജനരോഷം ശമിപ്പിക്കാൻ ,ഈ നിയമം നടപ്പിലാക്കുമ്പോൾ നിയന്ത്രണം പാലിക്കണമെന്നും ,ഇത്തരം പരാതികളിന്മേൽ കേസ് എടുക്കുന്നതിനു മുൻപ് ഡി.വൈ.എസ്.പി റാങ്കിൽ കുറയാത്ത ഉന്നതപൊലിസ് ഉദ്യോഗസ്ഥരുടെ അനുമതി തേടിയിരിക്കണമെന്നും കേന്ദ്രസർക്കാർ അടുത്തിടെ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.
ഫേസ്ബുക്കിലോ,ട്വിറ്ററിലോ,ബ്ലോഗിലോ വന്ന കമന്റോ,കുറിപ്പോ,ലേഖനമോ തനിക്ക് "അസ്യാസ്ഥ്യം ഉണ്ടാക്കുന്നു"(causing annoyance) എന്ന് ആരെകിലും ഒരു പരാതി മെയിൽചെയ്താലുടൻ അത് ,"ലൈക്ക്" ചെയ്തവരേയും,ഷെയർ ചെയ്തവരേയുമടക്കം കേസിൽപ്രതിയാക്കി പീഡിപ്പിച്ചുരസിക്കുകയാണു നമ്മുടെ സൈബർ പൊലീസ്.
മറ്റു മാദ്ധ്യമങ്ങളിൽ മാനഹാനിയുണ്ടാക്കുന്ന ലേഖനങ്ങളോ പ്രസ്താവനകളോ വന്നാൽ അത് പിൻ വലിക്കാനാവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയക്കണം.അതിന്റെ മറുപടി തൃപ്തികരമല്ലെങ്കിലോ,അപകീർത്തികരമായ ഭാഗം പിൻ വലിക്കുന്നില്ലെങ്കിലോ മജിസ്ട്രേട്ട് കോടതിയിൽ മാനനഷ്ടത്തിനായി സിവിൽ/ ക്രിമിനൽ കേസുകൾ ഫയൽ ചെയ്യാമെന്നാണു ഐ.പി.സി വ്യവസ്ഥ.അച്ചടി,ദൃശ്യമാദ്ധ്യമങ്ങളിൽ ദിവസവും രാഷ്ട്രീയനേതാക്കൾക്കും പൊതുപ്രവർത്തകർക്കും. വ്യക്തികൾക്കുമെതിരെ കടുത്തവിമർശ്ശനങ്ങൾ മുതൽ,എല്ലാസീമകളും ലംഘിച്ചുള്ള വ്യക്തിഹത്യ വരെ വരുന്നുണ്ടു.മിക്കപ്പോഴും വിമർശ്ശനങ്ങൾ ,അത് പരിധി വിടുന്നതാണെങ്കിൽ കൂടി,അവഗണിക്കുകയാണു പതിവ്.ജനാധിപത്യത്തിൽ അന്തിമവിധികർത്താക്കൾ എപ്പോഴും ജനങ്ങളാണെന്ന് പൊതുപ്രവർത്തകർക്ക് നന്നായി അറിയാം.
പക്ഷേ,നവമാദ്ധ്യമങ്ങളുടെ കാര്യം വരുമ്പോൾ നമ്മുടെ പൊതുപ്രവർത്തകർക്കും ,മത-സാമൂഹിക നേതാക്കൾക്കും സമനില തെറ്റും.തങ്ങൾക്കെതൊരായ സൃഷ്ടിപരമായ വിമർശ്ശനങ്ങൾ പോലും അവർ സഹിക്കില്ല.ബ്ലോഗർമ്മാർക്കും,സോഷ്യൽ നെറ്റ്വർക്കുകളിലൂടെ പ്രതികരിക്കുന്ന നെറ്റിസൺ മാർക്കും,പൗരപത്രപ്രവർത്തകർക്കും(സിറ്റിസൺ ജേർണ്ണലിസ്റ്റുകൾ), നവമാദ്ധ്യമപ്രവർത്തകർക്കുമെതിരായി 2000 ഒക്ടോബറിൽ നിലവിൽ വന്നതും,2009 ഒക്ടോബറിൽ വിവാദ വ്യവസ്ഥകൾ ഉൾപ്പെടുത്തി ശക്തിപ്പെടുത്തിയതുമായ ഐ.ടി ആക്ടിലെ 66 എ വകുപ്പ് പ്രയോഗിക്കണമെന്ന് അവർ വാശിപിടിക്കുന്നു.അതിന്റെ ഫലമോ?കടുത്ത മനുഷ്യാവകാശലംഘനങ്ങളും ഭീകരതയും തുടരുന്നു.ബിന്ദു കൃഷ്ണയുടെ പരാതിയിൽ പൊലീസ് 150 പേർക്കെതിരെയാണു ഇക്കഴിഞ്ഞദിവസം കേസെടുത്തിരിക്കുന്നത്.
സൈബർ നിയമം ഉണ്ടാക്കിയ ലോകത്തെ 12ആമത്തെ രാജ്യമാണു ഇന്ത്യ. കമ്പ്യൂട്ടർ,മൊബൈൽ ഫോൺ,ഇന്റർനെറ്റ് തുടങ്ങിയ വിവര-വിജ്ഞാന-വ്യാപന സങ്കേതങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ കേന്ദ്രസർക്കാർ പാസാക്കിയ നിയമം സൈബർലോകത്ത് എതിർശബ്ദങ്ങളെ ഞെരിച്ചുകൊല്ലാനുള്ള ഫാസിസ്റ്റ് ആയുധമായി ഇത്രപെട്ടെന്ന് എങ്ങനെയാണു മാറിയത്?
എന്താണു സൈബർക്രൈം എന്ന് സുവ്യക്തമായി നിർവചിക്കാത്തതാണു ഈ നിയമത്തിന്റെ മുഖ്യ ന്യൂനത.നിയമം നിലവിൽ വന്നയുടൻ അതിന്റെ ‘രുചി’അറിഞ്ഞയാളായിരുന്നു പ്രമുഖ ബ്ലോഗറായ ചിത്രകാരൻ എന്ന മുരളി. 2008 ഡിസംബറിൽ, കേരളത്തിലെ സൈബർ പൊലീസ് ,ഒരു പക്ഷേ ഇന്ത്യയിലാലാദ്യമായി ,സൈബർലോകത്തെ അഭിപ്രായസ്വാതന്ത്ര്യത്തിനു മേൽ ഈ നിയമം പ്രയോഗിച്ച് മറ്റുള്ളവർക്ക് ‘മാതൃക’ കാട്ടി.ചിത്രകാരൻ അറസ്റ്റു ചെയ്യപ്പെട്ടു.പരസ്യ ഏജൻസി നടത്തുന്ന അദ്ദേഹത്തിന്റെ കണ്ണൂരിലെ ഓഫീസിൽ നിന്നും ‘കുറ്റകൃത്യത്തിനു’ ഉപയോഗിച്ചതായി അരോപിക്കപ്പെട്ട കമ്പ്യൂട്ടറിന്റെ ഹാർഡ് ഡിസ്ക് അവർ പിടിച്ചെടുത്തുകൊണ്ടു പോയി.കേസിപ്പോഴും നടക്കുകയാണു.പിന്നീട്,സൈബർ പൊലീസിന്റെ തലപ്പത്ത് അവരോധിക്കപ്പെട്ട ടോമിൻ തച്ചങ്കരിയുടെ കാലത്ത് തേർവാഴ്ച്ചയായിരുന്നു.തമാശകളും കാർട്ടൂണുകളും ഈ-മെയിലിൽ സുഹൃത്തുക്കൾക്ക് ഫോർവേഡ് ചെയ്തവർ വരെ നിർദാക്ഷിണ്യം കൈകാര്യം ചെയ്യപ്പെട്ടു.അങ്ങനെ ,കേരളത്തിൽ ‘സൈബർ കൊടും കുറ്റവാളികളുടെ’ എണ്ണം പെരുകി വന്നു. ബ്ലോഗിലോ,ഫേസ്ബുക്കിലോ ഏതെങ്കിലും രാഷ്ട്രീയ-മതനേതാവിനെയോ,സാമൂഹികാനാചാരത്തെയോ വിമർശിച്ചാൽ സൈബർപൊലീസ് ഒരു പക്ഷേ നിങ്ങളുടെ കതകിൽ മുട്ടിവിളിച്ചേക്കാം.അസഹിഷ്ണുതയും വൈര്യവും കൈമുതലാക്കിയ ചില രാഷ്ട്രീയ-മത നേതാക്കളും സംഘടനകളും ,പൊലീസുമായി ചേർന്ന് സൈബർലോകത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണു.പരമ്പരാഗത മാദ്ധ്യമങ്ങളെ വരെ പിന്നിലാക്കി ബ്ലോഗുകളും സോഷ്യൽ നെറ്റ്വർക്കുകളും മാദ്ധ്യമലോകത്ത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ,സിറ്റിസൺ ജേർണലിസത്തിന്റെ പുതിയ വഴിത്താരകൾ വെട്ടിത്തുറന്നിരിക്കുമ്പോളാണു, ഈ ജനകീയവിപ്ലവത്തിനു നേരെ ഐ.ടി ആക്ട് എടുത്തുവീശുന്നത്.അതിനു ഒരു രക്തസാക്ഷി വരെയുണ്ടായി-തുറവൂരിലെ അഡ്വക്കേറ്റ് ഷൈൻ.ജീവിച്ചിരിക്കുന്ന രക്തസാക്ഷികളുടെ നിര നീളുകയാണു.
കൊടുങ്ങല്ലൂരിലെ ശിവപ്രസാദിന്റെ കാര്യമെടുക്കുക. .ചെങ്ങന്നൂരിലെ ഭഗവതി എല്ലാമാസവും ഋതുമതി ആകുമത്രേ.അപ്പോൾ ഭക്തജനങ്ങൾ ‘തൃപ്പൂത്താറാട്ട്’ ഭക്ത്യാദരപൂർവ്വം നടത്തും.മനുഷ്യ സ്ത്രീകളെപ്പോലെ ക്ഷേത്രപതിഷ്ഠയും ഋതുമതിയാകുന്നതിന്റെ യുക്തി അന്വേഷിച്ച് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലിട്ട കുറിപ്പിനു വൻപ്രതികരണങ്ങളാണുണ്ടായത്.ഇപ്പോൾ മുഖ്യധാരാമാദ്ധ്യമങ്ങളൊന്നും മതാനുഷ്ഠാനങ്ങളുടേയും ആചാരങ്ങളുടേയും സാംഗത്യത്തേയോ യുക്തിയേയോകുറിച്ചുള്ള ഒരു ചർച്ചക്കും ഇടം കൊടുക്കില്ലെങ്കിലും സൈബർലോകത്ത് അങ്ങനെയല്ല.’രാജാവ് നഗ്നനാണെന്ന്’വിളിച്ചുപറയുന്നവരുടെ ഇടമാണത്.ഭരണഘടന അതിനുള്ള സ്വാതന്ത്ര്യം ഉറപ്പ് നൽകുന്നുണ്ട്.അവ മതഭ്രാന്തന്മാരേയും മൌലികവാദികളേയും വിറളിപിടിപ്പിക്കുക തന്നെ ചെയ്യും.തൃപ്പൂത്താറാട്ടിനെക്കുറിച്ചുള്ള ഫേസ്ബുക്ക് ചർച്ചകൾ വിശ്വാ സികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നാരോപിച്ച് ക്ഷേത്രോപദേശക സമിതി നൽകിയ പരാതിയിന്മേലാണു സൈബർപൊലീസ് ശിവപ്രസാദിനു മേൽ ഐ.ടി നിയമം എടുത്തുപയോഗിച്ചത്.ഒപ്പം, ഭക്തജനങ്ങളുടെ വധഭീഷണിയുമുണ്ടു.
മാതാ അമൃതാനന്ദമയിയെ വിമർശിച്ച് ഫേസ്ബുക്കിൽ എഴുതിയ ‘ടിന്റുമോനു’എതിരെയും ഈ ഭീകരനിയമം ഉപയോഗിച്ചിട്ടുണ്ടു.ആ പോസ്റ്റ് ഷെയർ ചെയ്ത ആയിരത്തോളം പേർക്കെതിരെയും സൈബർനിയമം അനുസരിച്ച് പൊലീസ് കേസെടുത്തതായി ഒരു പ്രമുഖദിനപ്പത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ടു.ഇങ്ങനെ പോയാൽ ഈ സൈറ്റുകൾ സന്ദർശിക്കുന്നവരേയും നാളെ ‘സൈബർ ഭീകരരാ’ക്കി പൊലീസ് പിടികൂടിയേക്കും.
നവമാദ്ധ്യമങ്ങളേയും അവയിലൂടെ പ്രചരിപ്പിക്കപ്പെടുന്ന വിമതശബ്ദങ്ങളേയും ചില മത-രാഷ്ട്രീയ നേതാക്കൾ വളരെയധികം ഭയപ്പെടുന്നു.അതുകൊണ്ടാകണം ബദ്ധവൈരികൾക്കു പോലും ഇക്കാര്യത്തിൽ അസാധാരണമായ ഐക്യമുള്ളത്.
കുറ്റിപ്പുറം കെൽട്രോണിലെ ജീവനക്കാരനായ മൊയ്തു 2009ൽ അറസ്റ്റുചെയ്യപ്പെട്ടത് പിണറായി വിജയൻ സൈബർ പൊലീസിനു നൽകിയ ഒരു പരാതിയിന്മേലായിരുന്നു.തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഏൽ.ഡി.എഫിനേറ്റ പരാജയത്തെ പിണറായി വിശദീകരിക്കാൻ ശ്രമിക്കുന്നത്,ശ്രീനിവാസന്റെ പ്രശസ്ത സിനിമയായ ‘സന്ദേശ’ത്തിലെ ശങ്കരാടിയുടെ ചില ഡയലോഗുകൾ ഉദ്ധരിച്ചാണെന്ന് ചിത്രീകരിച്ച ഒരു കാർട്ടൂൺ ഫോർവേഡ് ചെയ്ത ‘കുറ്റ’ത്തിനായിരുന്നു,മൊയ്തുവിനെ തച്ചങ്കരിപൊലീസ് സൈബർ കുറ്റവാളിയാക്കിയത്.
അങ്ങ് ബംഗാളിൽ മമത ബാനർജി ചെയ്തുകൊണ്ടിരിക്കുന്നതും ഇതു തന്നെ.തനിക്കെതിരായ കാർട്ടൂൺ പ്രകരിപ്പിച്ചു എന്നാരോപിച്ചായിരുന്നു മമതയുടെ സൈബർ പൊലീസ് ജാദവ്പൂർ സർവകലാശാലയിലെ പ്രൊഫസറായ അബികേശ് മുക്കർജിയേയും മറ്റും അറസ്റ്റു ചെയ്തത്. ഇനി നമുക്ക് ചിത്രകാരന്റെ അറസ്റ്റിലേക്ക് തിരിച്ച് വരാം,2009 ജനുവരി 17നു ഈ ലേഖകൻ ‘ഒരു സൈബർ കൊടും ഭീകരൻ പിറക്കുന്നു’ എന്ന പേരിൽ “ദൃഷ്ടിദോഷം” ബ്ലോഗിൽ ഇങ്ങനെ ഒരു കുറിപ്പ് എഴുതിയിരുന്നു: "സരസ്വതിക്ക് എത്ര മുലകളുണ്ട്? എന്നു എഴുതാന് ലോകത്ത് ഒരു മാധ്യമേയുള്ളു-ബ്ലോഗ്.
ഈ നവമാദ്ധ്യമത്തിന്റെ ശക്തിയും ദൌര്ബല്യവും ഇതു തന്നെ.
(ചിത്രകാരന് തന്റെ പോസ്റ്റിലൂടെ വംശവൈരം ഉണ്ടാക്കുന്നു എന്നു സന്തോഷ് ജനാര്ദ്ദനന് നല്കിയ ഇ-മെയില് പരാതിയുടെ അടിസ്ഥാനതില് കണ്ണൂര് ടൌണ് പോലീസ് IT Act-ലെ 67ആം വകുപ്പനുസ്സരിച്ച് കേസ് ചാര്ജ്ജ് ചെയ്തു).ചിത്രകാരനു തന്റെ സ്വതസിദ്ധമായ ശൈലിയില്,ഇതേ പോലെ എഴുതുന്നതിനുള്ള സ്വാതന്ത്ര്യമുണ്ടു.ഭാഷ അരോചകമോ നികൃഷ്ടമോ ഒക്കെയായി പലര്ക്കും തോന്നാം.അത് ശൈലിയുടെ പ്രശ്നം.
-എന്താണിവിടെ ചിത്രകാരന് ചര്ച്ച ചെയ്തത്?
ഹൈന്ദവ വിശ്വാസങ്ങളെ ആക്രമിക്കാനോ,ദൈവങ്ങളെ അവമതിക്കാനോ കരുതിക്കൂട്ടി ശ്രമിച്ചതല്ലല്ലോ. ഇവിടെ വിഷയം സരസ്വതിയുടേതുള്പ്പെടെയുള്ള
ദൈവങ്ങളുടെ കലണ്ടര് ചിത്രങ്ങളാണു:
“സത്യത്തില്, ഈ ദൈവങ്ങളുടെ ചിത്രങ്ങളൊക്കെ കാലികമായി മാറ്റിവരക്കേണ്ട സമയമായിരിക്കുന്നു. ഷക്കീലയെപ്പോലെയോ, ഖുശ്ബുവിനെപ്പോലെയോ,നയന്സിനെപ്പോലെയോ മാദകമായ അകിടുള്ള സരസ്വതിയും, മഹാലക്ഷ്മിയും, പാര്വ്വതിയുമൊക്കെ അവതരിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയായി ഭക്തരായ ചിത്രകാരന്മാര്ക്കും, ബ്രാഹ്മണര്ക്കും തോന്നേണ്ടതാണ്.”
ഇതാണു പ്രതിപാദ്യവിഷയം.
-ഇതിനുമപ്പുറമുള്ളത് അതിവായനയാകുന്നു.ദുഷ്ടലാക്കോടെയുള്ള ഈ അതിവായനയില് നിന്നാണു ഈ പോസ്റ്റില് മതവൈരവും മതസ്പര്ധയും ആരോപിക്കപ്പെടുന്നത്.
ദൈവത്തിന്റെ മാംസളമായ ശരീരത്തില് ദൈവികത കാണുന്ന അടിമകള്ക്ക് ഇത് അരോചകമാകുമെങ്കിലും, ചിന്താശക്തി വര്ദ്ധിപ്പിക്കുമെന്നതിനാല് ഗുണം ചെയ്യുമെന്നു പ്രതീക്ഷിച്ച ചിത്രകാരന്റെ ശുദ്ധഗതിയ്ക്ക് നമോവാകം.ഒരു ഈ-മെയില് കൊണ്ടു താങ്കളെ ഒരു സൈബര് കുറ്റവാളിയാക്കാന് ത്രാണിയുള്ള ഭസ്മാസുരന്മാരും ബൂലോകത്തിലുണ്ടു.നമ്മുടെ ദൌര്ബല്യമാണിത്.
ആശയങ്ങളെയും വിമര്ശനങ്ങളേയും സഹിഷ്ണുതയോടെ,മാന്യതയോടെ, അന്തസ്സായി നേരിടുകയും ആരോഗ്യകരമായ സംവാദങ്ങള്ക്ക് വേദിയൊരുക്കുകയും ചെയ്യേണ്ടതിനുപകരം താന് വരച്ച വരയില് നില്ക്കാത്തവരെയെല്ലാം സൈബര് കൊടും കുറ്റവാളികളാക്കാന് തുനിഞ്ഞിറങ്ങിയവരെ ഓര്ത്തു പരിതപിക്കുന്നു.
-ഏത് പോലീസുകാരനും കയറി നിരങ്ങാനും ബ്ലോഗര്മാരെ പീഡിപ്പിക്കാനും വഴിയൊരുക്കുന്നവര് ഈ മാദ്ധ്യമത്തിന്റെ അന്തകരാണു.
ഇവര് ചെയ്യുന്നതെന്തെന്ന് ഇവര്ക്കറിയാം.അതുകൊണ്ടു തന്നെ ഇവരോടു പൊറുക്കാനാവില്ല.
ഇവര്ക്കു മാപ്പില്ല". സൈബർ നിയമത്തിന്റെ ഇരയാകേണ്ടി വന്ന കെ.വി ഷൈന്റെ ദുരന്തം ഞെട്ടിക്കുന്നതായിരുന്നു.
“കെ.വി.ഷൈനു വിട“ എന്ന പേരിൽ കേരള ബ്ലോഗ് അക്കാദമി ബ്ലോഗിൽ (ഏപ്രിൽ 16,2012) എഴുതിയത് കൂടി ഉദ്ധരിക്കട്ടെ ; “‘ ബ്ലോഗറും പ്രക്ഷേപകനും മാദ്ധ്യമപ്രവർത്തകനുമായ കെ.വി.ഷൈൻ (41) വിടവാങ്ങി.ചേർത്തലക്കടുത്ത തുറവൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ 2012 ഏപ്രിൽ 15നു രാത്രി ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. സൈബർലോകത്ത് “വിചിത്രകേരളം”എന്ന വ്യത്യസ്തമായ ബ്ലോഗിലൂടെ തന്റെ സാന്നിദ്ധ്യം അടയാളപ്പെടുത്തിയ ഷൈൻ ,‘നായർ സമുദായത്തെ ആക്ഷേപിക്കുന്ന രചനകൾ പോസ്റ്റു ചെയ്തു ‘എന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറിയായിരുന്ന പി.കെ.നാരായണപണിക്കരുടെ പരാതിയിൽ 2010 മെയിൽ അറസ്റ്റ് ചെയ്യപ്പെടുകയും പൊലീസിനാൽ വേട്ടയാടപ്പെടുകയും ചെയ്തു. അറസ്റ്റിനെ തുടർന്ന് സർക്കാർ, ടെക്നിക്കൽ സ്കൂളിൽ എൽ.ഡി.ക്ലർക്കായിരുന്ന അദ്ദേഹത്തെ സസ്പെന്റ് ചെയ്തു.അടുത്തിടെയാണു തിരികെ ജോലിയിൽ പ്രവേശിച്ചത്.കോടതി ഉത്തരവിന്റെ ബലത്തിൽ ബ്ലോഗിന്റെ പാസ് വേഡ് കൈക്കലാക്കിയ പൊലീസ് വിചിത്രകേരളം ഡിലീറ്റ് ചെയ്തതിനെ തുടർന്നാകാം അത് നെറ്റിൽ നിന്ന് അപ്രത്യക്ഷമായി.സൈബർ നിയമം നെറ്റിൽ ഭീകരത വിതക്കുന്നതിന്റെ ഉത്തമദൃഷ്ടാന്തമായിരുന്നു ഷൈൻ നേരിട്ട പീഡനം.അകാലത്തിലുള്ള അദ്ദേഹത്തിന്റെ മരണം ഈ പശ്ചാത്തലത്തിൽ ഏറെ നൊമ്പരപ്പെടുത്തുന്നു. ”
ബംഗാളിലും ,ചെന്നൈയിലും,മുംബൈയിലുമൊക്കെ ഭരണാധികരികളും പൊലീസും ചേർന്ന് നിരപരാധികളെ ഈ നിയമത്തിന്റെ മറവിൽ പീഡിപ്പിച്ചത് കേരളം കട്ടിക്കൊടുത്ത ഈ വഴികളിലൂടെ സഞ്ചരിച്ചി്ട്ടാകണം.നവമാദ്ധ്യമരംഗത്ത് ഈ ഭീകരത ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണു സൃഷ്ടിച്ചിരിക്കുന്നത്.ദുർവൃത്തരും,രാഷ്ട്രീയക്കാരുടെ പാദസേവകരും ,അഴിമതിക്കാരുമായ പൊലീസുകാരുടെ കൈയ്യിൽ പെടാതിരികാൻ,സംഘടനാബലമോ,പൊതുസമൂഹത്തിന്റെ പിന്തുണയോ ഇല്ലാത്ത,വിർച്വൽ ലോകത്ത് വ്യാപരിക്കുന്ന നമ്മുടെ ബ്ലോഗർമാരും മറ്റും സാമൂഹികവിമർശനങ്ങൾ പോലും മയപ്പെടുത്താൻ നിർബന്ധിതരാകുന്നു.നിയമത്തിന്റെ ഭീകരതയും,മാദ്ധ്യപ്രവർത്തകരുടേയും സമൂഹത്തിന്റേയും അജ്ഞതയും കാരണം സൈബർ കൊടുംഭീകരരായി മുദ്രയടിക്കപ്പെടുമെന്ന് ഭയത്താൽ മിക്കവരും ഇനി ഉൾവലിയുന്നതോടെ നവമാദ്ധ്യമങ്ങൾ വെറും കൊച്ചുവർത്തമാനവേദികളായി ക്രമേണ അപ്രസക്തമാകും.ഭരണകൂടങ്ങളെ വിറപ്പിച്ച ഈ മാദ്ധ്യമങ്ങളുടെ അകാലമരണം തന്നെയാണു അവരുടെ ലക്ഷ്യം.സൈബർനിയമം ഭേദഗതിചെയ്യുകപോലുമില്ലെന്ന് അധികൃതർ വ്യക്തമാക്കിയത് അതുകൊണ്ടാണു. -അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും നവമാദ്ധ്യമങ്ങളൂടെ നേതൃത്വത്തിൽ നടക്കുന്ന ജനാധിപത്യവത്ക്കരണത്തെക്കുറിച്ചും,മുല്ലപ്പൂ വിപ്ലവം മുതൽ ഒക്ക്യുപൈ വാൾസ്ട്രീറ്റ് പ്രക്ഷോഭത്തെക്കുറിച്ചുമൊക്കെ ആവേശം കൊള്ളുകയും വാതോരാതെ പ്രസംഗിക്കുകയും എഴുതുകയുമൊക്കെ ചെയ്യുന്നവരാരുംകാണുന്നില്ലേ,ഐ.ടി നിയമത്തി ന്റെ പേരിൽ നടക്കുന്ന ഈ ഭീകരത?നവമാദ്ധ്യമങ്ങളുടെ തലയറുത്ത് കരാളനൃത്തം ചവിട്ടുന്നവരുടെ അട്ടഹാസങ്ങൾ കേൾക്കുന്നില്ലേ?ഈ ചുടുചോര കാണാതെ മൌനികളായിനി എത്രകാലം ഇരിക്കാൻ പറ്റും?
