ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Tuesday, 12 April 2022

‘എന്റെ ആകാശവാണിക്കാലം’- 23;രാധാലക്ഷ്മി പത്മരാജൻ, കെ. ഗോവിന്ദൻകുട്ടി

 ‘എന്റെ ആകാശവാണിക്കാലം’ 23ആം ഭാഗത്തില്‍ (ക്ലബ് ഹൗസ് മീഡിയ റൂം,മാര്‍ച്ച് 5,ശനി,2022) കെ.ഗോവിന്ദൻകുട്ടിയും രാധാലക്ഷ്മി പത്മരാജനും തങ്ങളുടെ ഹ്രസ്വമെങ്കിലും ചരിത്രപരമായി പ്രാധാന്യമുള്ള ആകാശവാണി സ്മരണകള്‍ പങ്കുവെച്ചു.

 
1970 മുതല്‍ 1979 വരെ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസില്‍ ഉദ്യോഗസ്ഥനായി, ഡല്‍ഹി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ നിന്നായിരുന്നു,ഗോവിന്ദൻകുട്ടിയുടെ തുടക്കം.അധികം വൈകാതെ തന്നെ കോഴിക്കോട് ആകാശവാണി വാര്‍ത്താവിഭാഗത്തില്‍ സബ് എഡിറ്ററായി എത്തി.
“പത്രപ്രവര്‍ത്തനത്തില്‍ മുന്‍പരിചയമോ പരീശീലനമോ ഉണ്ടായിരുന്നില്ല”.അക്കാലത്ത് പെരുന്ന കെ.എന്‍.നായർ , പി.സി.സി.രാജ , പ്രതാപചന്ദ്രൻ എന്നിവർ അസിസ്റ്റന്റ് ന്യൂസ് എഡിറ്റർമാരായിരുന്നു ; പി.ചന്ദ്രശേഖരന്‍ കറസ്പോണ്ടന്റും. "കേരളത്തിലെ കോണ്‍ഗ്രസിന്റെ ചരിത്രം എഴുതിയ പെരുന്ന, കെ.കരുണാകരനോടൊപ്പം ,തേക്കിൻകാട് മൈതാനത്ത് പോസ്റ്ററൊട്ടിച്ചുനടന്ന് രാഷ്ട്രീയ പ്രവർ‍ത്തനം നടത്തിയയാളാണ്”.
 
ഒരു ഫ്രഞ്ച് പാതിരിയുടെ ഉടമസ്ഥതയിലായിരുന്ന പഴയ കെട്ടിടത്തിലായിരുന്നു,
ആകാശവാണി.പഴമയുടെ അവശിഷ്ടമായി കൈകൊണ്ട് പങ്ക വലിക്കുന്നതിന് സ്ഥാപിച്ചിരുന്ന ഒരു കപ്പി മുറിയിലുണ്ടായിരുന്നു.
 
പ്രതാപചന്ദ്രന്‍ അതിവിദഗ്ദ്ധനായ,ധിഷണാശാലിയായ എഡിറ്ററായിരുന്നു.“എനിക്കൊരു ഗുരുവുണ്ടെങ്കില്‍ അത് അദ്ദേഹമാണ്”. സര്‍വീസിലിരിക്കെ, അദ്ദേഹം പെട്ടെന്ന് അന്തരിച്ചു.
എ.പി അച്യുതൻകുട്ടി, ജയലക്ഷ്മി തുടങ്ങിയവർ വാര്‍ത്താ‍വായനക്കാരായിരുന്നു.“ചില സന്ദര്‍ഭങ്ങളില്‍ രാജയും ഞാനും വാര്‍ത്ത വായിച്ചിരുന്നു''.
 
കോഴിക്കോട് നിന്ന് ഗോവിന്ദൻകുട്ടി ഐസ്വാളിലേക്ക് മാറ്റി നിയമിക്കപ്പെട്ടു."അവിടെ ന്യൂസ് യൂണിറ്റ് തുടങ്ങുന്നത് ഞാനാണ് .ഭാഷ അറിയാത്ത എന്നെ സഹായിക്കാന്‍ മിസോ യുവതികളുണ്ടായിരുന്നു”.
പട്ടിയിറച്ചി തിന്നുന്ന ആ നാട്ടിലെത്തിയ ശുദ്ധ വെജിറ്റേറിയനായ തന്നോട് ഒരു പെണ്‍കുട്ടി പറഞ്ഞു;ഏറ്റവുമിഷ്ടം ആനയിറച്ചിയാണ്.അസമില്‍ നിന്ന് ,കറുത്ത് ഉരുണ്ട്,വലിയ പന്തുപോലെ അത് വരും.
 
മിസോറാമിൽ നിന്ന് തിരുവനന്തപുരത്ത് അസിസ്റ്റന്റ് ന്യൂസ് എഡിറ്ററായാണെത്തിയത്.
“അന്ന് പി.പത്മരാജന്‍ വാര്‍ത്ത വായിച്ചിരുന്നു.തെളിച്ചമുള്ള ശബ്ദവും സ്ഫുടമായ ഉച്ചാരണവുമുണ്ടായിരുന്നു,സുന്ദരനായ അദ്ദേഹത്തിന്”.
 
ഡല്‍ഹി വാര്‍ത്താവിഭാഗത്തില്‍ റിപ്പോര്‍ട്ടറായി നിയമിക്കപ്പെട്ടതോടെയാണ് കെ.ഗോവിന്ദൻകുട്ടിയുടെ ജീവിതത്തിലെ നിര്‍ണ്ണായകവും അപ്രതീക്ഷിതവുമായ വഴിത്തിരിവുണ്ടാകുന്നത്.
 
1977 നവംബര്‍ 4 ന്, അന്നത്തെ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയും സംഘവും വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ അത് റിപ്പോര്‍ട്ട് ചെയ്യാന്‍ ആകാശവാണി നിയോഗിച്ചത് അദ്ദേഹത്തെയായിരുന്നു. ദേശായിയും മകനും ഉന്നത ഉദ്യോഗസ്ഥരുമടക്കം 24 പേരെയും കൊണ്ട് വൈകീട്ട് പാലം വിമാനത്താവളത്തില്‍ നിന്ന് അസമിലെ ജോര്‍ഹര്‍ട്ടിലേക്ക് പുറപ്പെട്ട വിമാനം അവിടെയെത്തുന്നതിനു തൊട്ടുമുപ് ഒരു വയലില്‍ തകര്‍ന്ന് വീണു.മൊറാർജി ദേശായി പരിക്കൊന്നും കൂടാതെ രക്ഷപെട്ടു:ഗോവിന്ദൻകുട്ടിയും.
 
ക്യാപ്റ്റനടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടു. കാന്തി ദേശായിയ്ക്കും പരിക്കേറ്റു. "കൂരിരുട്ടില്‍ ശബ്ദം കേട്ട് വിളക്ക് തെളിച്ച്, ഗ്രാമീണരെത്തി. മുട്ടറ്റം ചെളിയുണ്ടായിരുന്നു.അവര്‍ കൊണ്ടുവന്ന കയറ്റുകട്ടിലില്‍ മൊറാര്‍ജിയെ ഇരുത്തി.ക്യാപ്റ്റന്‍ ക്ലാരന്‍സ് ഡി.ലിമോ എന്റെ കൈകളില്‍ കിടന്നാണ് മരിച്ചത്”.
"ദുരന്തവാര്‍ത്ത ഡല്‍ഹിക്കെത്തിക്കുകയായിരുന്നു അടിയന്തര കര്‍ത്തവ്യം.ഏട്ടു കിലോമീറ്റർ അകലെയുള്ള സൈനിക പോസ്റ്റിലെത്തി ഞാനും പി.ടി.ഐ. ലേഖകനും കാര്യം പറഞ്ഞു.മലയാളിയായ ഒരു മാത്യുവായിരുന്നു അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നത്.ഞങ്ങള്‍ നല്‍കിയ നമ്പറുകളിലേക്ക് അദ്ദേഹം ട്രങ്ക് കാളുകള്‍ ബുക്ക് ചെയ്തു.ഞാന്‍ നല്‍കിയ നമ്പറായിറുന്നു,ആദ്യം കിട്ടിയത്.അപ്പോള്‍ സമയം രാത്രി പത്തേ മുക്കാല്‍ കഴിഞ്ഞിരുന്നു.ഡല്‍ഹി ന്യൂസ് റൂമില്‍ വിളിച്ച്, വിമാനദുരന്തവാര്‍ത്ത അറിയിച്ചു.11 മണിയുടെ ഇംഗ്ലീഷ് ബുള്ളറ്റിനിലൂടെ ലോകം ആ വാര്‍ത്ത അറിഞ്ഞു”.
 
ചരിത്രത്തില്‍ ഇടം നേടിയ ന്യൂസ്ബ്രേക്ക് ,പക്ഷേ,ആകസ്മികമായി സംഭവിച്ചതാണെന്നും അതിലേക്ക് നയിച്ച അനുകൂലസാഹചര്യങ്ങളുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.“ഇതിനുള്ള പ്രശംസ ആര്‍ക്കും കിട്ടാവുന്നതാണ്.അന്ന് ചെളിയില്‍ വീണിരുന്നെങ്കില്‍ മരിക്കുമായിരുന്നു”.
ആ വാര്‍ത്ത അദ്ദേഹത്തെ മാദ്ധ്യമരംഗത്ത് ശ്രദ്ധേയനാക്കി.അങ്ങനെയാണ് സുഹൃത്തായ ദി ഇന്ത്യന്‍ എക്സ്പ്രസിന്റെ കേരളത്തിലെ ചീഫ് എസ്.കെ അനന്തരാമന്‍ അദ്ദേഹത്തെ ആ പത്രത്തിലേക്ക് ക്ഷണിക്കുന്നത്.1979 മാര്‍ച്ചില്‍ ജോലി രാജിവെച്ച് , അവിടെ റോവിങ്ങ് കറസ്പോണ്ടന്റായി ചേര്‍ന്നു.മൂന്നു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന ഇംഗ്ലീഷ് മാദ്ധ്യമപ്രവര്‍ത്തനം തുടങ്ങുന്നതങ്ങനെ.പിന്നെ ഫിനാന്‍ഷ്യല്‍ എക്സ്പ്രസ്, ഇന്ത്യ ടുഡേ,ദ പയനീയര്‍ പത്രങ്ങളിലും പ്രവര്‍ത്തിച്ചു.
“ആകാശവാണി വിട്ടപ്പോള്‍ അവിടെന്നൊരു പ്രണയിനിയെ ഭാര്യയായി കിട്ടിയിരുന്നു;കോഴിക്കോട്ടെ സ്റ്റാഫ് അനൌണ്‍സര്‍ ശാരദാമണി തങ്കച്ചി. ലവ് അറ്റ് ഫസ്റ്റ് സൈറ്റായിരുന്നു.പിന്നെ, പിരിഞ്ഞു പോരുമ്പോള്‍ കിട്ടിയ തുകകൊണ്ട് ഒരു മിക്സി വാങ്ങി!”
ആകാശവാണി ജീവിതം പില്‍ക്കാല മാദ്ധ്യമപ്രവര്‍ത്തനത്തെ സഹായിച്ചിട്ടുണ്ട്. 
 
"ആകാശവാണിയിലെ പ്രക്ഷേപണ ഭാഷയുടെ ആര്‍ജ്ജവവും ഊഷ്മളതയും ഭംഗിയും ശക്തിയുമൊക്കെ അച്ചടിമാദ്ധ്യമത്തില്‍ എഴുതിയ വാക്കുകളില്‍ പ്രതിഫലിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചു”.
കെ.കരുണാകരന്റേയും ടി.എന്‍.ശേഷന്റേയും ജീവചരിത്രഗ്രന്ഥങ്ങള്‍ എഴുതാനുണ്ടായ സാഹചര്യങ്ങളും അദ്ദേഹം വിശദീകരിച്ചു.ഒരു പ്രസാധകന്‍ ആവശ്യപ്പെട്ടായിരുന്നു ,കരുണാകരനെക്കുറിച്ച് എഴുതിയത്.അതിനായി നീണ്ടകാലത്തെ ഗവേഷണമൊന്നും നടത്തിയില്ല."അദ്ദേഹത്തെ മുഷിപ്പിക്കുകയും ചൊടിപ്പിക്കുകയും അദ്ദേഹത്തിന് കണ്മഷമുണ്ടാക്കുകയും ചെയ്ത റിപ്പോര്‍ട്ടുകള്‍ ഞാന്‍ എഴുതിയിരുന്നു”.പക്ഷേ,അതൊക്കെ അദ്ദേഹം വ്യക്തിപരമായി എടുക്കുകയോ അതില്‍ ശത്രുത പുളര്‍ത്തുകയോ ചെയ്തില്ല.അങ്ങനെയുള്ള വിരോധം വച്ചുപുലര്‍ത്തുന്നയാളായിരുന്നില്ല,ലീഡര്‍.   

പ്രധാനമന്ത്രിയായിരുന്ന പി.വി.നരസിംഹറാവുവുമായിശത്രുതയിലായി,തെരഞ്ഞെടുപ്പുകളെല്ലാം മാറ്റിവെയ്ക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കിയ ഒരു ഉത്തരവ് തെരഞ്ഞെടുപ്പ് കമ്മീഷണറായ ടി.എന്‍.ശേഷന്‍ പുറത്തിറക്കി. ആ സമയത്തായിരുന്നു,അദ്ദേഹത്തെ കണ്ട് സംസാരിക്കാന്‍, ഗോവിന്ദൻകുട്ടി നിയോഗിക്കപ്പെട്ടത്.“പ്രശ്നങ്ങളോട് ഓവര്‍ റിയാക്ട് ചെയ്യുന്ന സ്വഭാവം.അധൃഷ്യന്‍.ആര്‍ക്കും അങ്ങനെ സമീപിക്കാന്‍ കഴിയാത്ത വ്യക്തിത്വം”.
അദ്ദേഹത്തിന്, എന്തുകൊണ്ടൊ,ഗോവിന്ദൻകുട്ടിയെ ഇഷ്ടമായി. "വീട്ടില്‍ ചമ്രം പിടിച്ചിരുന്നാണ് അദ്ദേഹം സംസാരിച്ചിരുന്നത്.അദ്ദേഹത്തിന്റെ പൊട്ടിത്തെറികളും പൊട്ടിച്ചിരികളും ,മന്ത്രിമാരെ ഒതുക്കുന്ന രീതികളും കണ്ടു നിന്നു”.അങ്ങനെയാണ് ആ ജീവചരിത്രഗ്രന്ഥം (T.N.Seshan;An intimate story) എഴുതിയത്.
 
മാദ്ധ്യമപ്രവര്‍ത്തകനായി അറിഞ്ഞ പ്രധാനമന്ത്രിമാരില്‍ ഏറ്റവും ബഹുമാനം തോന്നിയത് പി.വി.നരസിംഹറാവുവിനോടാണ്.അതിനു കാരണം, സാമ്പത്തിക ഉദാരവല്‍രണ നയമാണ്.
മൊറാര്‍ജി ദേശായി തത്ത്വങ്ങളില്‍ ഉറച്ചുനിന്ന ഗാന്ധിയനായിരുന്നു.ഒരിക്കല്‍,വിദേശപര്യടനം കഴിഞ്ഞെത്തിയ അദ്ദേഹത്തോട് ഒരു പത്രലേഖകന്‍ ചോദിച്ചു:മൂത്രം കുടിച്ചാല്‍ ലൈംഗികരോഗങ്ങള്‍ മാറുമോ?
 ഇത് കേട്ടിട്ടും അക്ഷോഭ്യനായി നിന്ന അദ്ദേഹം ഉത്തരം നല്‍കിയതിങ്ങനെ:അതറിയാന്‍ എന്ന പ്രത്യേകമായി കണ്‍സള്‍റ്റ് ചെയ്യണം!
 
ഇന്ത്യന്‍ എക്സ്പ്രസ് ഉടമ രാംനാഥ് ഗോയങ്കയ്ക്ക് തന്നെ വിശ്വാസമായിരുന്നു. അദ്ദേഹത്തെ എപ്പോഴും വിളിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ടായിരുന്നു.അദ്ദേഹം തന്ത്രശാലിയായിരുന്നുവെന്ന് ഒരു സുഹൃത്ത് മുന്നറിയിപ്പ് നൽകിയത് ഇങ്ങനെ:സൂക്ഷിച്ചോളൂ. ഗോയങ്ക തന്റെ ഇരകളെ തെരഞ്ഞെടുക്കുന്നതു പോലും വളരെ സൂക്ഷ്മതയോടെയാണ്.
 
ഇന്ന് എല്ലാ മാദ്ധ്യമങ്ങളും ഒരേ വിഭാഗത്തെ തന്നെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയാണ്.എല്ലാവരും സൂപ്പര്‍ലേറ്റീവ്സ് ഉപയോഗിക്കുന്നു. അതുകൊണ്ട് മരണ വാർത്തകളെപ്പോലും ഭയക്കുന്നു.
മാദ്ധ്യമരംഗം മത്സ്യച്ചന്ത പോലെയാണിന്ന്.
 
പത്രങ്ങള്‍ സ്വയം മാറിയേ തീരൂ.ഇന്ന് മറ്റ് ധാരാളം വാര്‍ത്താവിനിമയോപാധികളുണ്ട്.മാദ്ധ്യമങ്ങളുടെ സ്വഭാവവും രൂപവും മാറുന്നു.എഡിറ്റര്‍മാരെ അദൃശ്യരാക്കുന്ന ഉടമസ്ഥരുണ്ടന്നും ഗോവിന്ദൻകുട്ടി പറഞ്ഞു.“പുതുകാലത്തെ എഡിറ്റര്‍മാര്‍ മുന്‍ഗാമികളെപ്പോലെയല്ല.എല്ലാവരും എല്ലാം ചെയ്യുന്നുണ്ട്.പണ്ട് എഡിറ്റര്‍ മാർ ഒന്നാം പേജും എഡിറ്റോറിയല്‍ പേജും മാത്രം നോക്കി സ്ഥലംവിടുന്നവരായിരുന്നു”.
 
"‍ മലയാള പത്രങ്ങളിലെ ചരമപേജുകൾ മാത്രമേ ഞാൻ ഇപ്പോൾ വായിക്കുന്നുള്ളൂ.ഓണ്‍ലൈനായി ദ ന്യൂയോര്‍ക്ക് ടൈംസും ദി ഇക്കണോമിസ്റ്റും വയിക്കും.ആകാശവാണി വാര്‍ത്തകള്‍ കേള്‍ക്കാറില്ല”, കെ.ഗോവിന്ദൻകുട്ടി പറഞ്ഞു.
 
ഒരു വര്‍ഷം മാത്രം നീണ്ട തന്റെ ആകാശവാണി ജീവിതത്തെക്കുറിച്ച് രാധാലക്ഷ്മി പത്മരാജൻ പറഞ്ഞു തുടങ്ങിയതിങ്ങനെ: തൃശൂർ നിലയത്തിൽ സ്റ്റാഫ് അനൗൺസറായി ചേർന്നത് 1965 ഏപ്രില്‍ 21 നായിരുന്നു.“കുട്ടിക്കാലത്തേ റേഡിയോ വലിയ ആകര്‍ഷണമായിരുന്നു. റേഡിയോ നാടകങ്ങളും മറ്റു പരിപാടികളും കേട്ടിരുന്നു.കുട്ടിയായിരുന്നപ്പോള്‍, ബാലലോകം പരിപാടികള്‍ കേട്ട് റേഡിയോ അമ്മാവന് കത്തുകളുമയച്ചിരുന്നു.നാട്ടിലെ വനിതാസമിതി തിരുവനന്തപുരം നിലയത്തില്‍ അവതരിപ്പിച്ച കലാപരിപാടികളിൽ പങ്കെടുത്തു.അതുമാത്രമായിരുന്നു,റേഡിയോ ബന്ധം.തിരുവനന്തപുരത്തെ സ്റ്റേഷന്‍ ഡയറക്ടറായ ജി.പി.എസ് നായരുടെ കാലത്താണ് നിയമിക്കപ്പെട്ടത്.തിരുവിഴ ജയശങ്കറും അന്ന് ആകാശവാണിയില്‍ അനൗണ്‍സറായി”.
ചിറ്റൂര്‍ സ്വദേശിനിയായ എ.സത്യഭാമയായിരുന്നു,പ്രോഗ്രാം എക്സിക്യൂട്ടീവ്.ആര്‍.എസ്.അയ്യരും സി. ലക്ഷ്മണ റെഡ്ഢിയും ട്രാന്‍സ്മിഷന്‍ എക്സിക്യൂട്ടീവുമാര്‍.തിരുവനന്തപുരം നിലയത്തില്‍ നിന്ന്,ഇടയ്ക്ക് പ്രോഗ്രാം എക്സിക്യൂട്ടീവായിരുന്ന എം.കെ ശിവശങ്കരനെ ടൂറിലയയ്ക്കും.
 
പി.പത്മരാജൻ അനൗൺസറായി നിലയത്തിലെത്തുന്നതിന് അഞ്ചുദിവസം കഴിഞ്ഞായിരുന്നു. 1965 മെയ് ഒന്നിനു വെണ്മണി വിഷ്ണുവും നിയമിതനായി."ഒരു സഹോദരനെപ്പോലെയായിരുന്നു, അദ്ദേഹം".
 
നിലയത്തിലെ സ്റ്റുഡിയോയിൽ നിന്ന് ആദ്യം പ്രക്ഷേപണം ചെയ്യപ്പെട്ട ശബ്ദം രാധാലക്ഷ്മിയുടേതായിരുന്നു : 1965 മെയ് 2 ന് രാവിലെ പരിപാടികളെക്കുറിച്ചുള്ള അറിയിപ്പുകളായിരുന്നു. അതുവരെ റിലേ കേന്ദ്രം മാത്രമായിരുന്നു.ഇതോടെ ഇവിടെ നിന്ന് പരിപാടികളുടെ ടേപ്പുകൾ പ്ലേ ചെയ്യാൻ തുടങ്ങി. പിന്നെ, ചലച്ചിത്രഗാനങ്ങളും .
“ആദ്യ പ്രക്ഷേപണത്തില്‍ തന്നെ രസകരമായ ഒരു സംഭവമുണ്ടായി. ‘ഞാന്‍ പറഞ്ഞത് ശരിയയോ‘ എന്ന്,മൈക്ക് ഓഫാക്കാതെ,കൂടെയുള്ളവരോട് ചോദിച്ചത് റേഡിയോയിലൂടെ എല്ലാവരും കേട്ടു”.
ഓഫീസ് അന്ന് പൂങ്കുന്നത്തെ 'രമാദേവി മന്ദിര'ത്തിലായിരുന്നു.
 
പി.പത്മരാജന്‍ അന്ന് എഴുത്തുകാരനായൊന്നും അറിയപ്പെട്ടിരുന്നില്ല.
നിർത്താതെ വർത്തമാനം പറയുന്ന പ്രകൃതക്കാരിയായ തന്റെ നല്ല കേൾവിക്കാരനായിയുന്നു പത്മരാജൻ.“അദ്ദേഹം വളരെ ഭംഗിയായി ജോലിചെയ്യുന്നത് അത്ഭുതത്തോടെ നോക്കിയിരുന്നിട്ടുണ്ട്. ഞാൻ വരുത്തിയ തെറ്റുകൾ കണ്ട് ഒരുപാട് വഴക്കു പറയുമായിരുന്നു.ഞാന്‍ പ്രക്ഷേപണത്തിനു പറ്റിയ ആളല്ല എന്ന് തോന്നിയിരുന്നു”.
 
പക്ഷേ,പത്മരാജനുമായി പ്രണയം മൊട്ടിട്ടു.“എന്റെ നിഷ്കളങ്കതയോ,വിഡ്ഡിത്തങ്ങളോ ആകാം അദ്ദേഹത്തെ ആകര്‍ഷിച്ചത്. ഇത് വീട്ടിലറിത്ത് അമ്മയും മറ്റുമെത്തി എന്നെ കൊണ്ടുപോയി. പിന്നെ,രാജിക്കത്തെഴുതിപ്പിച്ചു.അത് സ്റ്റേഷന്‍ എഞ്ചിനിയര്‍ ജയപാലനു നല്‍കി,ഞാന്‍ ചിറ്റൂരേക്ക് മടങ്ങി.വളരെ യാഥാസ്ഥിതികമായ കുടുംബമായിരുന്നു.വീട്ടുകാര്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.എന്നാല്‍ അച്ഛന്‍ ഒന്നും പറഞ്ഞില്ല''.
പിന്നീടങ്ങോട്ട് നാലു വർഷത്തെ വീട്ടുതടങ്കൽ ."അക്കാലത്ത് ധാരാളം പുസ്തകങ്ങള്‍ വായിച്ചു.അങ്ങനെ എ.ടിയുടേയും സി.രാധാകൃഷ്ണന്റേയും എം.സുകുമാരന്റേയുമൊക്കെ ഫാനായി..നാലാം ക്ലാസു മുതല്‍ കഥകളെഴുതുമായിരുന്ന എനിക്ക് ഞാനെഴുതിയതൊന്നും സാഹിത്യമല്ലെന്ന് മനസിലായത് അപ്പോഴായിരുന്നു.”
 
1967-ൽ പത്മരാജൻ തിരുവനന്തപുരത്തേയ്ക്ക് സ്ഥലം മാറിപ്പോയി. വിവിധ് ഭാരതി നിലയത്തിലായിരുന്നു, നിയമനം.അക്കാലത്ത് രാധാലക്ഷ്മി സ്റ്റാഫ് അനൗണ്‍സര്‍ തസ്തികയിലേക്ക് വീണ്ടും അപേക്ഷിച്ചു."പത്മജാ രാധാകൃഷ്ണനുമുണ്ടായിരുന്നു.പക്ഷേ,രണ്ടുപേര്‍ക്കും നിയമനം കിട്ടിയില്ല.
 
ആകാശവാണി വിട്ടതില്‍ എനിക്ക് വേദനയില്ല.പത്മരാജന്റെ ഭാര്യയാകാന്‍ കഴിഞ്ഞുവല്ലോ..”.
“പത്മരാജന്റെ സിനിമകള്‍ക്ക് പറ്റിയ റേഡിയോനാടകങ്ങളും നോവലുകളും കണ്ടെത്തിക്കൊടുക്കുന്ന ജോലി എന്നെയും സഹോദരി പത്മപ്രഭയേയുമൊക്കെയായിരുന്നു അദ്ദേഹം ഏല്‍പ്പിച്ചിരുന്നത്.അങ്ങനെ കിട്ടിയതാണ് ‘മഹിളാലയ’ത്തില്‍ പ്രക്ഷേപണം ചെയ്ത സജിനി പവിത്രന്റെ 'അമ്മയ്ക്കുവേണ്ടി’ എന്ന നാടകം. അതിന്റെ സ്ക്രിപ്റ്റ് സരസ്വതിയമ്മയില്‍ നിന്ന് വാങ്ങി, അദ്ദേഹത്തിനു നല്‍കി.അതില്‍ നിന്നാണ് 'തിങ്കളാഴ്ച നല്ല ദിവസം' സിനിമയുടെ തിരക്കഥയുണ്ടാകുന്നത്.അതില്‍, വെക്കേഷൻ കാലത്ത് മുതുകുളത്തുണ്ടായ ചില കാര്യങ്ങള്‍ ഞാന്‍ പറഞ്ഞുകൊടുത്തിരുന്നു.അതിനാലാകാം എന്റെ പേരും അതില്‍ കൊടുത്തു.മഹിളാലയത്തില്‍ പ്രക്ഷേപണം ചെയ്ത സുധാകര്‍ പി.നായരുടെ(സുധാകർ മംഗളോദയം) ‘ശിശിരത്തില്‍ ഒരു പ്രഭാതം’ എന്ന നാടകത്തില്‍ നിന്നാണ് 'കരിയിലക്കാറ്റുപോലെ' എന്ന സിനിമയുണ്ടാകുന്നത്.തിരുവനന്തപുരത്തെ ഒരു ഫ്ലാറ്റിലിരുന്നായിരുന്നു അദ്ദേഹം തിരക്കഥകള്‍ എഴുതിരുന്നത്.അവ ആദ്യം വായിക്കുന്നതും വിമര്‍ശിക്കുന്നതും ഞാനായിരുന്നു”.
 
ഏഴാമത്തെ പുസ്തകമായ ‘മഞ്ഞുതുള്ളിയിലെ സൂര്യരശ്മികള്‍’ അടുത്തുതന്നെ പുറത്തിറങ്ങും.പുസ്തകങ്ങളൊന്നും കഥകളല്ല.തണലിടം എന്ന ഒരു നോവല്‍ മാത്രമാണ് എഴുതിയിട്ടുള്ളത്."പ്രൊഫ. കെ.പി.അപ്പന്റെ പ്രേരണയായിരുന്നു,അതിനു കാരണം”.
ചര്‍ച്ചയില്‍ പി.പി.ശ്രീധരനുണ്ണി.എം.തങ്കമണി എന്നിവര്‍ പങ്കെടുത്തു.ഡി.പ്രദീപ് കുമാറും കെ.ഹേമലതയും മോഡറേറ്റര്‍മാരായിരുന്നു.
‘എന്റെ ആകാശവാണിക്കാലം';
 
ഭാഗം 23ന്റെ ശബ്ദലേഖനം യൂട്യൂബിലുണ്ട്..

 

‘എൻ്റെ ആകാശവാണിക്കാലം‘ -22;എം.തങ്കമണി,ജി.കെ ഗീത

‘എൻ്റെ ആകാശവാണിക്കാലം’ ഇരുപത്തിരണ്ടാം ഭാഗത്തിൽ (ക്ലബ് ഹൗസ് മീഡിയ റൂം,ഫെബ്രുവരി 26,2022) അനുഭവങ്ങൾ പങ്കുവയ്ക്കാൻ എത്തിയത് എം.തങ്കമണിയും(മുൻ സ്റ്റാഫ് അനൗൺസർ, ആകാശവാണി,തൃശൂർ) ജി.കെ.ഗീതയും (മുൻ പ്രോഗ്രാം എക്സിക്യൂട്ടീവ് , കൊച്ചി എഫ്.എം ) .
കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തിൽ അദ്വിതീയമായ സ്ഥാനമുള്ള എം.ആർ.ബി യുടെ മകളാണ് എം. തങ്കമണി.നമ്പൂതിരി സമുദായത്തിലെ ആദ്യ വിധവാവിവാഹം നടത്തിയ ഉമ അന്തർജ്ജനത്തിെന്റെ മകൾ .അച്ഛന്റെ ഇരട്ട സഹോദരനായ പ്രേംജി സാമൂഹിക പരിഷ്കർത്താവും ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ നടനും. അദ്ദേഹത്തിന്റെ മകൻ പ്രേമചന്ദ്രനും അറിയപ്പെടുന്ന നടനായിരുന്നു.
 
-ഈ ആമുഖമൊന്നും ആവശ്യമില്ല, പ്രക്ഷേപകയായ എം . തങ്കമണിക്ക്. ജനലക്ഷങ്ങളുടെ മനസ്സിൽ എണ്ണമറ്റ കഥാപാത്രങ്ങളായി അവരുടെ ശബ്ദം ഇപ്പോഴും മാറ്റൊലികൊള്ളുന്നുണ്ട്.
അച്ഛൻ എം.ആർ.ബിയോടൊപ്പം കോഴിക്കോട് ആകാശവാണിയിൽ പോയപ്പോൾ,യാദൃച്ഛികമായി ഒരു റേഡിയോ നാടകത്തിലെ കൊച്ചുകുട്ടിയുടെ ഡയലോഗ് പറയാൻ അവസരം കിട്ടിയ കഥ പറഞ്ഞു കൊണ്ടായിരുന്നു, അവർ തുടങ്ങിയത്. തിക്കോടിയനായിരുന്നു ,ആ പരിപാടിയുടെ ചുമതല. റേഡിയോയിലെ ആദ്യ ഡയലോഗ് ഇന്നും ഓർമ്മയിലുണ്ട് :എനിക്കും പൂരത്തിനു പോകണം. എനിക്കും വള വേണം.
-അങ്ങനെ, തങ്കമണിയുടെ ശബ്ദം ആദ്യമായി പ്രക്ഷേപണം ചെയ്യപ്പെട്ടു.
 
അച്ഛന്റെ സുഹൃത്തുക്കളായിരുന്നു , വൈക്കം മുഹമ്മദ് ബഷീറും തകഴിയും വയലാറുമൊക്കെ . ഒരിക്കൽ ബഷീർ വീട്ടിൽ വന്നപ്പോൾ , അദ്ദേഹത്തെ പാട്ടു പാടിക്കേൾപ്പിച്ചു. അദ്ദേഹം ഒപ്പിട്ട്, 'ബാല്യകാലസഖി' സമ്മാനിച്ചു- മണി വലുതാവുമ്പോൾ വായിച്ചറിയാൻ .
മഹാകവി ജി.ശങ്കരക്കുറുപ്പുമായും കുടുംബവുമായും അടുത്ത ബന്ധമുണ്ടായിരുന്നു.
 
സ്ക്കൂളിൽ പഠിക്കുമ്പോൾ സാഹിത്യസമാജം സെക്രട്ടറിയയിരുന്നു. ഒരിക്കൽ , കോഴിക്കോട് നിലയത്തിന്റെ ബാലലോകം പരിപാടി ശബ്ദലേഖനം ചെയ്യാനെത്തിയത് അക്കിത്തമായിരുന്നു.സ്കിറ്റുകൾ, കവിതാലാപനം, പാട്ടുകൾ തുടങ്ങിയവയിൽ പങ്കെടുത്തു. ആ പരിപാടി പ്രക്ഷേപണം ചെയ്തപ്പോൾ, സ്ക്കൂളിൽ മൈക്കിലൂടെ കേൾപ്പിച്ചു.
" കൃത്യം 16 വയസ്സായപ്പോൾ ഓഡിഷന് അപേക്ഷിച്ചു. അത് പാസായി ,1964 മുതൽ,നാടകങ്ങൾക്ക് ശബ്ദം കൊടുത്തു തുടങ്ങി. ആദ്യനാടകം 'കുടമണി' യായിരുന്നു. അതിൽ അച്ഛനായി ശബ്ദം നൽകിയത് സ്റ്റാഫ് അനൗൺസർ നാരായണൻ. മകളായി ഞാനും .ഏറെക്കാലം കുട്ടികളുടെ ശബ്ദമായിരുന്നു , നൽകിയത്".പിന്നെ, 1967ൽ, തൃശ്ശൂർ നിലയത്തിലെ കാഷ്വൽ അനൗൺസറായി.
" പി.പത്മരാജനും വെൺമണി വിഷ്ണുവുമൊക്കെ അനൗൺസർമാരായി നിലയത്തിലുണ്ട്. അവർ ചിലപ്പോഴൊക്കെ ലീവ് എടുക്കുമ്പോൾ, 14 ദിവസത്തേക്ക് എനിക്ക് ഡ്യൂട്ടി കിട്ടും." 1975-ലാണ് സ്ഥിരം അനൗൺസർ ആയത്. 
 
തൃശൂർ നിലയത്തിൽ നിന്ന് ശ്രോതാക്കളുടെ കത്തുകൾ പ്രക്ഷേപണം ചെയ്യാനാരംഭിച്ചപ്പോൾ വെൺമണി വിഷ്ണുവിനൊപ്പം കത്തുകൾ വായിച്ചു. നാടകങ്ങൾ സംവിധാധം ചെയ്യാൻ പ്രോത്സാഹിപ്പിച്ചത് വെൺമണി വിഷ്ണുവായിരുന്നു.
തൃശൂർ നിലയം, രാമവർമ്മപുരത്തെ പുതിയ സ്റ്റുഡിയോയിൽനിന്ന് സ്വതന്ത്ര പ്രക്ഷേപണം ആരംഭിച്ചതിന് തൊട്ടടുത്ത ദിവസം, 1973 ലെ ക്രിസ്മസ് കാലത്ത്, ആദ്യമായി അവിടെ ,സ്വന്തമായി നിർമ്മിച്ച ഒരു റേഡിയോ നാടകം പ്രക്ഷേപണം ചെയ്യപ്പെട്ടു;സി.എൽ ജോസ് എഴുതിയ 'വിഷചുംബനം'. അത് സംവിധാനം ചെയ്തത്, സ്റ്റാഫ് അനൗൺസറായിരുന്ന എസ്. വേണുവും എം.തങ്കമണിയും ചേർന്നായിരുന്നു .അതിൽ അവർ മറിയമായി. 
 
കെ.വി. മണികണ്ഠൻ നായർ , വെൺമണി വിഷ്ണു, വി.ടി.അരവിന്ദാക്ഷമേനോൻ എന്നിവരാണ് അതിൽ അഭിനയിച്ച മറ്റുള്ളവർ . "അന്ന് സൗണ്ട് ഇഫക്ട്സുകളൊന്നും കിട്ടാനുണ്ടായിരുന്നില്ല. എം.എസ്.വിശ്വനാഥന്റെ ഒരു പാട്ടിന്റെ പശ്ചാത്തല സംഗീതത്തിൽ നിന്നാണ് ചിലതെടുത്തത്".
പിന്നെ, എണ്ണമറ്റ നാടകങ്ങൾക്ക് ശബ്ദം നൽകുകയും സംവിധാനം ചെയ്യുകയും ചെയ്തു, തങ്കമണി. കെ.വി മണികണ്ഠൻ നായർക്കൊപ്പം സംവിധാനം ചെയ്ത ,സി.എൽ ജോസിന്റെ 'സൂര്യാഘാതം' റേഡിയോ നാടകോത്സവത്തിൽ നിലയം ആദ്യമായി അവതരിപ്പിച്ച നാടകമാണ്. ഇ.പി ശ്രീകുമാർ എഴുതിയ 'സൂര്യകാന്തിയെ സ്നേഹിച്ച പെൺകുട്ടി', വയല വാസുദേവൻ പിള്ളയുടെ 'സിംഹാസനം' (ജി.കെ. ഗീതയ്ക്കൊപ്പം), വി.എസ്. നിർമ്മലയുടെ 'പ്രഹേളിക' തുടങ്ങിയ റേഡിയോ നാടകങ്ങളും അവർ സംവിധാനം ചെയ്തു. 'ഇന്ദുലേഖ'യിൽ നായികയായപ്പോൾ, സി.പി.രാജേഖരൻ നായകനായി. "തൃശൂർ പി.രാധാകൃഷ്ണൻ നാടകങ്ങളുമെഴുതിയിരുന്നു. അദ്ദേഹത്തിന്റെ ഒരു നാടകത്തിൽ, തനി പാലക്കാടൻ ഭാഷ സംസാരിക്കുന്ന ചെന്താമരയായിരുന്നു, ഞാൻ'' .
 
'പ്രഹേളിക'യിലെ മന്ദബുദ്ധിയായ കുട്ടിക്ക് ശബ്ദം നൽകിയത് ഏറെ പ്രകീർത്തിക്കപ്പെട്ടു .
“ 1978-ൽ ഇ.ഗോവിന്ദരാജുലു സ്റ്റേഷൻ ഡയറക്ടറായിരിക്കുമ്പോൾ, തൃശൂരിൽ മാത്രമായി, ആറ് ദിവസം നീണ്ടു നിൽക്കുന്ന റേഡിയോ നാടകോത്സവം നടത്തി. അദ്ദേഹം എഴുതിയ 'പങ്കജം' എന്ന തമിഴ് നാടക വുമുണ്ടായിരുന്നു. അത് വിവർത്തനം ചെയ്തത് എസ്. രമേശൻ നായരായിരുന്നു. 'രാഗം താനം പല്ലവി' എന്ന നാടകം മണികണ്ഠൻ നായരും, പ്രോഗ്രാം എക്സിക്യൂട്ടീവ് എൻ.ആർ.സി നായരും കൂടി മദ്രാസിൽ പോയാണ് റെക്കാർഡ് ചെയ്തത്. ഷീല, പി.ഭാസ്ക്കരൻ ,സുകുമാരൻ, മല്ലിക,ബഹദൂർ, പറവൂർ ഭരതൻ , ചന്ദ്രാജി എന്നിവർ ശബ്ദം നൽകിയ ആ നാടകം പല ഭാഗങ്ങളായാണ് ശബ്ദലേഖനം ചെയ്തത്. എല്ലാവരേയും ഒന്നിച്ച് കിട്ടിയില്ല.അനൗൺസർമാരെല്ലാം ചേർന്ന് ആ നാടകങ്ങൾ കൂട്ടായി ചെയ്തു.”
 
പി.ജെ.ആന്റണി,പ്രേംജി,മാടമ്പ് കുഞ്ഞിക്കുട്ടൻ, സാവിത്രി ലക്ഷ്മണൻ , എൻ.സോമസുന്ദരൻ, എം.കെ. വാര്യർ, ഖാൻ കാവിൽ തുടങ്ങിയവരൊക്കെയായിരുന്നു അക്കാലത്തെ പ്രമുഖ ശബ്ദതാരങ്ങൾ. ബാലൻ കെ.നായരും കുറേക്കാലം തൃശൂരിലെ റേഡിയോ നാടകങ്ങളിൽ പങ്കെടുത്തു.
" പി.ജെ.ആന്റണി കർക്കശക്കാരനായിരുന്നു. സഹ അഭിനേതാക്കളെ ശരിയായ ഉച്ചാരണം പഠിപ്പിക്കുക അദ്ദേഹത്തിന്റെ ശീലമായിരുന്നു".
 
ഇളയച്ഛൻ പ്രേംജി അഭിനയിച്ച റേഡിയോ നാടകങ്ങൾ സംവിധാനം ചെയ്യുകയും ഒപ്പം ശബ്ദം നൽകുകയും ചെയ്തിട്ടുണ്ട് , തങ്കമണി.'പാച്ചപ്പൻ' എന്നായിരുന്നു അദ്ദേഹത്തെ വിളിച്ചിരുന്നത്. താൻ സംവിധായകയായപ്പോൾ "അപ്പോ ഡയറക്ടറേ, പറഞ്ഞു തന്നാലും" എന്ന് പറഞ്ഞ് സംഭാഷണങ്ങൾ പഠിക്കുമായിരുന്നു, അദ്ദേഹം.
ഗുരുവായൂരിലെ ചെമ്പൈ സംഗീതോത്സവം മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലേക്ക് മാറ്റിയ ശേഷം, തുടർച്ചയായി 17 വർഷം അവതാരകയായിരുന്നു , തങ്കമണി.തൃശൂർ പൂരത്തിന്റെ തൽസമയ പ്രക്ഷേപണത്തിന് ഇലഞ്ഞിത്തറമേളത്തിന് പല പ്രാവശ്യം അനൗൺസ്മെന്റുകൾ നൽകിയതും തങ്കമണി അനുസ്മരിച്ചു.
 
കുട്ടികളുടെ പരിപാടിയായ "ബാലമണ്ഡല'ത്തിന്റെ സ്ഥിരം അവതാരകയായിരുന്ന കാലത്ത്, റെക്കാർഡിങ്ങിനു വരുന്ന കുട്ടികൾ തന്നെ തിരക്കുമായിരുന്നു. ഒരിക്കൽ തന്നെ കണ്ട ഒരു കുട്ടി 'അയ്യേ' എന്ന് ഉറക്കെ പറഞ്ഞത് അവർ ഓർക്കുന്നു.
 
വി.ടി. നന്ദകുമാർ എഴുതി , എ.വിൻസന്റ് സംവിധാനം ചെയ്ത 'തീർത്ഥയാത്ര'യിൽ (1972) ശബ്ദം നൽകിയാണ് , സിനിമാ ഡബ്ബിങ്ങ് രംഗത്തേയ്ക്ക് കടന്നത്.1976ൽ,ശ്രീദേവി നായികയായ ആദ്യ മലയാളചിത്രമായ ‘തുലാവർഷ’ത്തിൽ അവർക്ക് ശബ്ദം നൽകിയത് തങ്കമണിയായിരുന്നു.'ഞാൻ കുട്ടി,നിങ്ങളും കുട്ടി’ എന്ന് തന്നെ കണ്ടപ്പോൾ ശ്രീദേവി പറഞ്ഞത് അവർ ഇപ്പോഴും ഓർക്കുന്നു. 'പിറവി','ഒരു ചെറുപുഞ്ചിരി', 'വാനപ്രസ്ഥം', തുടങ്ങിയ സിനിമകൾക്കും ശബ്ദം നൽകിയിട്ടുള്ള തങ്കമണിക്ക് രണ്ടു പ്രാവശ്യം സംസ്ഥാനസർക്കാരിന്റെ പുരസ്കാരം ലഭിച്ചു. 
 
2001 ൽ 'തീർത്ഥാടന'ത്തിന് നൽകിയ ശബ്ദത്തിനായിരുന്നു ആദ്യത്തെ പുരസ്കാരം.2016 ൽ 'ഓലപ്പീപ്പി' എന്ന ചിത്രത്തിലെ ശബ്ദത്തിനും പുരസ്കാരം ലഭിച്ചു.'സ്വപാനം', 'നമുക്കൊരേ ആകാശം' എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട് .
 
അനുമതി കിട്ടാഞ്ഞതിനാൽ 'ശാലിനി എന്റെ കൂട്ടുകാരി',' നിർമാല്യം','മുറപ്പെണ്ണ്',
'എലിപ്പത്തായം' തുടങ്ങിയ സിനിമകൾക്ക് ശബ്ദം നൽകാൻ കഴിയാത്തതിൽ തങ്കമണിക്ക് വിഷമമുണ്ട്.
എം.ടി വാസുദേവൻ നായരുടെ 'ഒരു ചെറു പുഞ്ചരി'യിൽ ഡബ്ബ് ചെയ്യാൻ പോയപ്പോൾ , അദ്ദേഹത്തിന്റെ മുഖത്ത് വിരിഞ്ഞ ഒരു ചെറു പുഞ്ചിരി അഗീകാരമായി തോന്നി. 'വാനപ്രസ്ഥം' മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വായിച്ചിരുന്നു."അത് സിനിമയാക്കുന്നെങ്കിൽ, അവസരം തരുമോ എന്ന് അദ്ദേഹത്തോട് ചോദിച്ചു".
 
ആകാശവാണി ദേശീയ പുരസ്കാരങ്ങൾ ലഭിച്ച മൂന്ന് പരിപാടികളുടെ ആഖ്യാനം നടത്തിയത് തങ്കമണിയായിരുന്നു. 1989-ൽ നിലയത്തിന് ആദ്യമായി പുരസ്കാരം നേടിക്കൊടുത്ത 'മൗനം മീട്ടിയ തംബുരു'(രചന മുഹമ്മദ് റോഷൻ) അതിൽ ആദ്യത്തേതാണ്.ടെലിഫിലിം ആഖ്യാനത്തിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡും തങ്കമണിക്ക് ലഭിച്ചിട്ടുണ്ട്.
പി. ഭാസ്കരൻ സംവിധാനം ചെയ്ത ‘ഗുരുവായൂർ മാഹാത്മ്യം‘ എന്ന ഡോക്യുമെന്ററിയിൽ കുറൂരമ്മയ്ക്ക് ശബ്ദം നല്കിയത് തങ്കമണി ഓർക്കുന്നു.
 
കെ.എ.മുരളീധരൻ സ്റ്റേഷൻ ഡയറക്ടറായിരിക്കേ ആരംഭിച്ച ‘ഹൃദയപൂർവ്വം’ പരിപാടി തനിക്ക് ഏറെ സംതൃപ്തി നൽകിയ ഒന്നായിരുന്നുവെന്ന് അവർ പറയുന്നു.പ്രോഗ്രാം എക്സിക്യൂട്ടീവ് ജി.കെ ഗീതയുമായിച്ചേർന്ന് ,സിനിമാ-സാഹിത്യ-കലാരംഗങ്ങളിലെ ഒട്ടേറെ പ്രതിഭകളുടെ അനുഭവങ്ങൾ ശബ്ദലേഖനം ചെയ്ത്,അവരുടെ ഇഷ്ടഗാനങ്ങൾക്കൊപ്പം പ്രക്ഷേപണം ചെയ്ത ആ പരിപാടിക്ക് വലിയതോതിൽ ശ്രോതാക്കളുണ്ടായിരുന്നു.യേശുദാസ്,പി.ജയചന്ദ്രൻ,വി.ദക്ഷിണാമൂർത്തി,
ശ്രീവിദ്യ, മഞ്ചു വാര്യർ, ജയറാം,കെ.പി.എ.സി സുലോചന,എസ്.എൽ.
പുരം സദാനന്ദൻ തുടങ്ങിയവരൊക്കെ ആ പരിപാടിയിൽ പങ്കെടുത്തു.
 
വിചിത്രമായ പ്രക്ഷേപണാനുഭവങ്ങളേറെയുണ്ട്, തങ്കമണിക്ക്. ഒരിക്കൽ ഒരമ്മ കാണാൻ വന്നു; തന്റെ മകനെ കല്യാണം കഴിക്കണമെന്ന ആവശ്യവുമായി. അത്രയ്ക്കിഷ്ടമാണ് അവന് തന്റെ ശബ്ദം. കല്യാണം കഴിക്കാൻ സമ്മതിച്ചില്ലെങ്കിൽ അവൻ ആത്മഹത്യ ചെയ്യുമെന്ന് ഭയന്നായിരുന്നു, അവർ എത്തിയത്."ഞാൻ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണന്ന് അവരോട് പറഞ്ഞു. മകൻ സ്നേഹിക്കുന്നത് എന്നെയല്ല, എന്റെ ശബ്ദത്തെ മാത്രമാണെന്ന് അവരെ പറഞ്ഞു മനസിലാക്കാൻ ഏറെ പ്രയാസപ്പെട്ടു".
 
തൃശൂർ ആകാശവാണിയിൽ നിന്ന് അനൗൺസറായി ഔദ്യോഗിക ജീവിതം ആരംഭിച്ച പി.പത്മരാജൻ, 1990 ലെ ഓണത്തിന്, അവസാനമായി നിലയത്തിൽ വന്നതും അവർ ഓർമ്മിച്ചു.' ഞാൻ ഗന്ധർവൻ' സിനിമയുടെ ചിത്രീകരണത്തിന് പറ്റിയ വീടുകൾ അദ്ദേഹത്തിന് നിർദേശിച്ചിരുന്നു.
 
എം.ഡി.രാജേന്ദ്രൻ, സി.പി.രാജശേഖരൻ ,കെ.വിമണികണ്ഠൻ നായർ എന്നീ സഹപ്രവർത്തകർക്കൊപ്പം പ്രവർത്തിച്ച കാലം സംഭവ ബഹുലമായിരുന്നു.
"എല്ലാവരും ചേർന്ന്, ചിലപ്പോൾ സ്ക്രിപ്റ്റു പോലുമില്ലാതെ 'പലരും പലതും' എന്ന പ്രതിവാര സ്ക്കിറ്റ് അവതരിപ്പിച്ചിരുന്നു. നാടകങ്ങൾ കൂട്ടായാണ് അന്ന് ചെയ്തിരുന്നത്. സംവിധാനത്തിന് ആരുടെയെങ്കിലുമൊരാളുടെ പേര് വയ്ക്കും".ആർ.ശ്രീകണ്ഠൻ നായർ പ്രോഗ്രാം എക്സിക്യൂട്ടിവായി പ്രവർത്തിക്കുമ്പോഴും എല്ലാവരും ചേർന്ന്, സ്ക്രിപ്റ്റില്ലാതെ സ്കിറ്റ് അവതരിപ്പിളരുന്നു.
ഇടയ്ക്ക് ,പോർട്ട് ബ്ലയർ നിലയത്തിലേക്ക് സ്ഥലം മാറ്റാൻ നീക്കമുണ്ടായി. തൃശൂരിലും തിരുവനന്തപുരത്തും സ്റ്റേഷൻ ഡയറക്ടറായിരുന്ന എം.കെ.ശിവശങ്കരനായിരുന്നു, അതിന് തടയിട്ടത്.
 
താൻ ശബ്ദം നൽകിയ നൂറുകണക്കിന് നാടകങ്ങളിൽ മിക്കവയും അവശേഷിക്കുന്നില്ലെന്ന് അവർ പരിഭവപ്പെട്ടു.
 
2008ലാണ് എം. തങ്കമണി വിരമിച്ചത്. തുടർന്ന്, ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചു. ദൂരദർശൻ സംപ്രേഷണം ചെയ്ത 'ചാക്ക്സഞ്ചി'യിലൂടെയായിരുന്നു,തുടക്കം.
( മഞ്ചേരി എഫ്.എം നിലയത്തിലെ അവതാരകരായ എം.പ്രസന്നകുമാർ, എ.കെ.പി.നജീബ് എന്നിവരുടെ സഹായത്തോടെയായിരുന്നു ,എം. തങ്കമണി ഈ പരിപാടിയിൽ പങ്കെടുത്തത്).
 
സ്കൂൾ അധ്യാപകനായിരുന്ന അച്ഛൻ ജി.കെ.കുറുപ്പിന്റെ പ്രേരണയാണ് ,സ്കൂൾ ഓഫ് ഡ്രാമയുടെ ആദ്യ ബിരുദ കോഴ്സിന് ചേരാനിടയാക്കിയതെന്ന് ജി.കെ ഗീത പറഞ്ഞു. ശ്യാമപ്രസാദും വിന്ധ്യനുമൊക്കെ സഹപാഠികളായിരുന്നു.

 
അച്ഛൻ നാടകങ്ങളും കവിതകളും എഴുതുകയും അഭിനയിക്കുകയും ചെയ്യുമായിരുന്നു. ആകാശവാണിയിൽ എത്തുംമുമ്പ് , അച്ഛനോടൊപ്പം നാടകത്തിന്റെ ഓഡിഷൻ പാസായി. 1983 ൽ തിരുവനന്തപുരം വാണിജ്യ പ്രക്ഷേപണ നിലയത്തിൽ കുറച്ചുകാലം കാഷ്വൽ അനൗൺസറുമായി.
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ മുഖേന , തൃശ്ശൂർ നിലയത്തിൽ ട്രാൻസ്മിഷൻ എക്സിക്യൂട്ടീവായി ചേർന്നത് 1986-ൽ ആയിരുന്നു.2020 മെയ് വരെ നീണ്ട ഔദ്യോഗിക ജീവിതത്തിൽ, ദേവികുളം,കണ്ണൂർ, കൊച്ചി നിലയങ്ങളിലും പ്രവർത്തിച്ചു. ദേവികുളം, തൃശൂർ നിലയങ്ങളുടെ പ്രോഗ്രാം മേധാവിയുമായി .
 
ആദ്യത്തെ പത്തുവർഷം തൃശൂർ നിലയത്തിൽ പ്രോഗ്രാമിലെ മിക്കവാറും എല്ലാ വിഭാഗങ്ങളിലും ജോലി ചെയ്തു. പ്രോഗ്രാം എക്സിക്യൂട്ടീവായി പ്രമോഷൻ ലഭിച്ച്, 1997 ൽ കണ്ണൂർ നിലനിലയത്തിലെത്തി. പിന്നീട് ഒരു പ്രാവശ്യം കൂടി അവിടെ പ്രവർത്തിച്ചിട്ടുണ്ട് . "നാടകമായിരുന്നു ഇഷ്ടവിഷയമെങ്കിലും ആ വിഭാഗത്തിൽ പ്രവർത്തിക്കാൻ കുറച്ച് അവസരം മാത്രമേ ലഭിച്ചുള്ളൂ . മുഖ്യമായും സംഗീത വിഭാഗത്തിന്റെ ചുമതലയായിരുന്നു, തൃശ്ശൂർ നിലയത്തിൽ .ഏറെക്കാലംപ്രോഗ്രാം കോ-ഓർഡിനേഷൻ ചുമതലയും നോക്കി".
 
2001 ൽ ആരംഭിച്ച 'ഹൃദയപൂർവ്വം' പരിപാടിയിൽ ആദ്യം പങ്കെടുത്തത് അന്നത്തെ റവന്യു വകുപ്പ് മന്ത്രിയായിരുന്ന കെ.പി രാജേന്ദ്രനായിരുന്നു .
 
ആ പരിപാടിയുടെ ശബ്ദലേഖനാനുഭവങ്ങൾ ഗീത പങ്കുവെച്ചു. ഒറ്റപ്പാലത്ത്, തിരക്കഥ എഴുതുകയായിരുന്ന ലോഹിതദാസ് ഗസ്റ്റ് ഹൗസിലിരുന്ന് തങ്ങളുമായി ഉച്ചവരെ ദീർഘമായി സംസാരിച്ചു. സംഗീത സംവിധായകൻ രവീന്ദ്രൻ മാഷിനെ കാണാൻ പോയപ്പോൾ , അദ്ദേഹം കമ്പോസ് ചെയ്ത വടക്കുംനാഥനിലെ പാട്ട് മുഴുവൻ കേൾപ്പിച്ചു.യേശുദാസും ഏറെ നേരം സംസാരിച്ചു.
"അത് റെക്കാർഡ് ചെയ്ത്, കൊണ്ടുപോയ ടേപ്പ് മുഴുവൻ തീർന്നു.പിന്നെ, കൊച്ചി എഫ് .എംൽ പോയി ടേപ്പ് ശേഖരിക്കേണ്ടി വന്നു". മാധവിക്കുട്ടിയെ കാണാൻ പോയതും മറക്കാനാവാത്ത മറ്റൊരനുഭവമാണ്. . അവരും ദീർഘനേരം സംസാരിച്ചു.
 
ദേവികുളത്ത് പ്രവർത്തിച്ചപ്പോൾ , ശ്രീമൂലനഗരം പൊന്നൻ എഴുതിയ 'പൊന്നുവിന്റെ പൂച്ചക്കുട്ടികൾ' എന്ന നാടകം സംവിധാനം ചെയ്തത് അവർ ഓർത്തു. രസകരമായ മറ്റൊരു അനുഭവം കൂടിയുണ്ട്. തൃശൂർ നിലയം പ്രക്ഷേപണം ചെയ്ത ഒരു നാടകം കണ്ണൂരിൽ വീണ്ടും നൽകിയപ്പോൾ , അതു കേൾക്കുകയായിരുന്ന ഒരു വീട്ടിലേക്ക് ,നാടകത്തിലെ കരച്ചിൽകേട്ട് , ഒരു വഴിപോക്കൻ ഓടിയെത്തിയത്രേ.
 
2014 ൽ തൃശ്ശൂരിൽ നിന്ന് കൊച്ചിയിലേക്ക് സ്ഥലം മാറ്റപ്പെട്ടത ഏറെ വേദനിപ്പിച്ചു. പക്ഷേ, കൊച്ചിയിലെ ഔദ്യോഗിക ജീവിതം ഏറ്റവും നല്ല കാലഘട്ടമായിരുന്നു. "എന്നെ ജനങ്ങൾ പുറത്ത് അറിഞ്ഞുതുടങ്ങിയത് അവിടെ വെച്ചാണ് . ശനിദശ, വെള്ളിത്തിര തുടങ്ങിയ പരിപാടികളുടെ പേരിൽ ജനങ്ങൾ തിരിച്ചറിഞ്ഞു. എഫ്.എം. റെയിൻബോയുടെ ചുമതലയും വഹിച്ചു. ആത്മാർഥമായി പ്രവർത്തിച്ചുവെങ്കിലും, സർവീസിന്റെ അവസാനകാലത്ത് വലിയ തിരിച്ചടിയുണ്ടായി''. അതിൽ ദുഃഖിതയാണ് ,ഗീത .
 
അട്ടപ്പാടി, കുട്ടമ്പുഴ ആദിവാസി,വനമേഖലകളിൽ ശബ്ദലേഖനത്തിനു പോയ അനുഭവങ്ങളും ജി.കെ. ഗീത പങ്കുവച്ചു. ശബരിമല വിശേഷങ്ങൾ റിപ്പോർട്ട് ചെയ്യാൻ 2014-ൽ ലേഖ ഗോപാൽ, സി.കെ. തെന്നൽ എന്നിവർക്കൊപ്പം അവിടെ പോയത് ഏറെ വാർത്താപ്രാധാന്യം നേടി. തുടർച്ചയായി മൂന്ന് വർഷം പോയി.
 
ആൻസി സേവിയർ ,എം. പ്രസന്നകുമാർ , കിഴുമണ്ടയൂർ നാരായണൻ , ശ്യാം ജയചന്ദ്രൻ ,സൈറ ബീഗം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ഡി പ്രദീപ് കുമാറും കെ ഹേമലതയും മോഡറേറ്റർ മാരായി .
'എന്റെ ആകാശവാണിക്കാലം' 22ആം ഭാഗത്തിന്റെ ഭാഗിക ശബ്ദലേഖനം മാത്രമേ ലഭ്യമായിട്ടുള്ളൂ. അത് യൂട്യൂബ് ചാനലിൽ ഉണ്ട്.
ലിങ്ക്:



‘എൻ്റെ ആകാശവാണിക്കാലം‘-21:വി. ചന്ദ്രബാബു, പ്രസാദ് ബാലകൃഷ്ണൻ

 

'എന്റെ ആകാശവാണിക്കാലം': ഇരുപത്തിയൊന്നാം ഭാഗത്തിൽ (ക്ലബ്ബ് ഹൗസ് മീഡിയ റൂം, ഫെബ്രുവരി 19, 2022) വി.ചന്ദ്രബാബുവും (മുൻ അസി.ഡയറക്ടർ, കണ്ണൂർ എഫ്.എം)പ്രസാദ് ബാലകൃഷ്ണനുമാണ്(മുൻ പ്രോഗ്രാം എക്സിക്യൂട്ടീവ്, തൃശൂർ)പ്രക്ഷേപണാനുഭവങ്ങൾ പങ്കുവയ്ക്കാൻ എത്തിയത് .
സാക്ഷരതാ പ്രവർത്തകനും റേഡിയോ നാടക കലാകാരനും കൂടിയായിരുന്ന ചന്ദ്രബാബു, റേഡിയോരൂപകങ്ങളുടെ രചയിതാവും റേഡിയോനാടക സംവിധായകനുമായിരുന്നു. ഔദ്യോഗിക ജീവിതത്തിൽ നിന്ന് അദ്ദേഹം സ്വയം പിരിയുകയായിരുന്നു.
 
തൃശ്ശിനാപ്പള്ളി,തൃശൂർ, കവറത്തി നിലയങ്ങളിലെ വ്യത്യസ്തങ്ങളായ അനുഭവങ്ങളുള്ള പ്രസാദ് ബാലകൃഷ്ണനാണ് വിദൂരസ്ഥമായ ലക്ഷദ്വീപ് തലസ്ഥാനത്തെ നിലയത്തെ പ്രഭാത പ്രക്ഷേപണത്തിലൂടെ സജീവമാക്കിയത്.
 
അവരുടെ കർമ്മപഥങ്ങളിലൂടെയുള്ള ഒരു സഞ്ചാരമായിരുന്നു ഈ അധ്യായം.
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വഴിയായിരുന്നു , വി.ചന്ദ്രബാബു ആകാശവാണിയിൽ എത്തിയത്. 1985-ൽ ട്രാൻസ്മിഷൻ എക്സിക്യൂട്ടീവ് ആയി നിയമിക്കപ്പെട്ടത് തിരുവനന്തപുരം വാണിജ്യ പ്രക്ഷേപണ നിലയത്തിൽ. സ്റ്റാഫ് സെലക്ഷൻ കമ്മീഷനെ ഏല്പിച്ച ശേഷമുള്ള ആദ്യ നിയമനമായിരുന്നു , അത്. ആ ബാച്ചിൽ കെ.ഉമ്മർ, എസ്. ഗോപാലകൃഷ്ണൻ , ലേഖാ കുറുപ്പ് ( പിന്നീട് ലേഖാ ഗോപാൽ), പി.സി. കുമാർ എന്നിവരുമുണ്ടായിരുന്നു.രണ്ടു വർഷത്തോളം അവിടെ ജോലിചെയ്തു.
 
"പ്രശസ്ത ഗായിക ശാന്ത പി.നായർ അന്ന് അവിടെ പ്രൊഡക്ഷൻ അസിസ്റ്റന്റായിരുന്നു. പരസ്യങ്ങൾ ടേപ്പിൽ ഡബ്ബ് ചെയ്യുകയായിരുന്നു, സർവീസിന്റെ അവസാന കാലത്ത് അവരുടെ ജോലി".
തിരുവനന്തപുരത്ത് നിന്ന് പിന്നീട് കോഴിക്കോട്ടേക്ക് ചന്ദ്രബാബുവിന് മാറ്റം കിട്ടി. കുട്ടിക്കാലത്ത് കോഴിക്കോട് ആകാശവാണി നിലയത്തിലെ 'ബാലലോകം ','ശിശുലോകം' പരിപാടികൾ കേൾക്കുമായിരുന്നു. ശിശു ലോകത്തിലെ ചേച്ചി രാജം കെ നായർ ആയിരുന്നെന്നോ ബാലേട്ടൻ കാപ്പിൽ വി. സുകുമാരൻ ആയിരുന്നെന്നോ അന്ന് അറിയുമായിരുന്നില്ല. നിലയത്തിലെത്തിയപ്പോൾ , അവരോടൊപ്പം ജോലി ചെയ്യാൻ അവസരം കിട്ടി.
 
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സാക്ഷരതാവിദ്യാഭ്യാസ പരിപാടികളിൽ പങ്കെടുത്തിരുന്നു. ഈ പരിചയം റേഡിയോയിലെ വിദ്യാഭ്യാസ പരിപാടികൾ ചെയ്യുന്നതിന് സഹായകരമായതായി ചന്ദ്രബാബു പറഞ്ഞു. പിന്നീട് സ്റ്റേഷൻ ഡയറക്ടറായ എ.പി. മെഹറലി യായിരുന്നു , അന്ന് ആ പരിപാടികളുടെ ചുമതലയുള്ള പ്രൊഡ്യൂസർ . 
 
റേഡിയോയിൽ എത്തും മുൻപ് തന്നെ നാടകത്തിന്റെ ഓഡിഷൻ പാസായിരുന്നു. ഒരു നാടകത്തിൽ അഭിനയിക്കാൻ അവസരം കിട്ടിയിരുന്നു. . ആദ്യ നാടകത്തിന് 158 രൂപ പ്രതിഫലമായി കിട്ടി. ആ തുക ഉപയോഗിച്ചാണ് ജീവിതത്തിലാദ്യമായി ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങുന്നത്.
റേഡിയോ മാധ്യമത്തിന്റെ പ്രതാപകാലമായിരുന്നു അത്.
 
കണ്ണൂർ നിലയത്തിൽ എത്തിയപ്പോൾ കൂടുതലും ചെയ്തിരുന്നത് നാടകങ്ങളായിരുന്നു എന്നോർക്കുന്നു ചന്ദ്രബാബു. തുടർച്ചയായി റേഡിയോ നാടകോത്സവങ്ങളിൽ നാടകങ്ങൾ സംവിധാനം ചെയ്തു;ജയപ്രകാശ് കൂളൂർ(രണ്ട് നാടകങ്ങൾ) കെ.എം.രാഘവൻ നമ്പ്യാർ,(രണ്ട് നാടകങ്ങൾ) സി.വി.ബാലകൃഷ്ണൻ, ടി.എൻ പ്രകാശ് ,എൻ ശശിധരൻ ,ഹരിദാസ് കരിവെള്ളൂർ, സതീഷ് കെ സതീഷ്, രാജൻ ചെറുവാട്ടിൽ എന്നിവരുടെ നാടകങ്ങൾ( ഓരോന്ന് വീതം) റേഡിയോ നാടകോത്സവത്തിന് വേണ്ടി ചെയ്തിട്ടുണ്ട്. മഹാകവി കുട്ടമത്തിന്റെ 'ദേവയാനിചരിതം', വിദ്വാൻ പി. കേളുനായരുടെ 'കബീർദാസചരിതം' എന്നീ സംഗീതനാടകങ്ങളും ചെയ്തു.
ഷേക്സ്പിയറിന്റെ കിംഗ് ലിയർ , ജൂലിയസ് സീസർ , ആൻറണി ആൻഡ് ക്ലിയോപാട്ര ,മർച്ചൻറ് ഓഫ് വെനീസ് എന്നീ നാടകങ്ങൾ വത്സൻ കുഞ്ഞിമംഗലം പരിഭാഷ ചെയ്തത് റേഡിയോ നാടകമാക്കി സംവിധാനം ചെയ്തു. ഇബ്സന്റെ പ്രശസ്തമായ ഡോൾസ് ഹൗസ് എന്ന നാടകം 'പാവവീട് ' എന്ന പേരിൽ പരിഭാഷ ചെയ്ത്, സംവിധാനം ചെയ്ത് അവതരിപ്പിക്കാനായി.
സ്വന്തമായി ശബ്ദം നൽകിയിരുന്ന പ്രതിവാര സ്കിറ്റ് 'കതിരും പതിരും ' ശ്രോതാക്കളുടെ ഇഷ്ടം പിടിച്ചുപറ്റി . സ്കിറ്റിലെ അമ്മാവനും അനന്തരവനും ശ്രദ്ധിക്കപ്പെട്ടു. അന്നത്തെ ഡയറക്ടർ ആർ. വിമല സേനൻ നായർ ആവശ്യപ്പെട്ടപ്പോഴാണ് സ്കിറ്റ് ചെയ്യാൻ തീരുമാനിച്ചത്. ആറേഴ് വർഷം തുടർച്ചയായി അത് എഴുതുകയും കഥാപാത്രങ്ങൾക്ക് ശബ്ദം നൽകുകയും ചെയ്തു.ഹാസ്യം നന്നായി കൈകാര്യം ചെയ്യുന്ന ജി.ശ്രീറാം നിലയത്തിൽ എത്തിയതോടെ പരിപാടിക്ക് പ്രത്യേക ശോഭ കൈവന്നു. അമ്മാവനായി അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടു.
 
മറക്കാനാവാത്ത ചില പ്രക്ഷേപണാനുഭവങ്ങൾ ചന്ദ്രബാബു പങ്കു വച്ചു.
"കോഴിക്കോട് നിലയത്തിലായിരുന്നപ്പോഴായിരുന്നു , കടലുണ്ടി തീവണ്ടി അപകടം. വൈകുന്നേരം അഞ്ചുമണികഴിഞ്ഞാണ് വിവരം അറിഞ്ഞത്. സ്റ്റാഫ് അംഗങ്ങൾ മിക്കവരും വീട്ടിൽ പോയിരുന്നു. പ്രോഗ്രാം എക്സിക്യൂട്ടീവ് കെ. എം.നരേന്ദ്രനുമൊത്ത് റെയിൽവേ സ്റ്റേഷനിലേക്ക്‌ ഓട്ടോ പിടിച്ചു പോയി. ഗതാഗതം തടസ്സപ്പെട്ടിരുന്നു. കടലുണ്ടിയിലേക്ക് ആരെയും പ്രവേശിപ്പിക്കുന്നുണ്ടായിരുന്നില്ല. ഞങ്ങൾ ആശുപത്രികളിൽ പോയി , പരിക്കേറ്റവരുടെ വിവരങ്ങൾ ശേഖരിച്ചു. അസിസ്റ്റൻറ് ന്യൂസ് എഡിറ്റർ എം.എസ്.വർഗീസ് കണ്ണൂരിലെ വീട്ടിൽ ആയിരുന്നു. അദ്ദേഹം രാത്രി ഒൻപതരയോടെ ഓഫീസിൽ എത്തി. കറസ്പോണ്ടന്റ് കെ.പി. രാജീവൻ,ന്യൂസ് റീഡർ അനിൽ ചന്ദ്രൻ എന്നിവർ വിവരമറിഞ്ഞ് ഉടനെ സംഭവസ്ഥലത്തേക്ക് പോയെങ്കിലും അവിടെ വാഹനക്കുരുക്കിൽപ്പെട്ടു പോയി. ലാൻഡ് ഫോൺ മാത്രമുള്ള കാലം. അവർക്കും ആരെയും ബന്ധപ്പെടാൻ കഴിഞ്ഞില്ല. പരിക്കേറ്റവരുടെയും മറ്റും വിവരങ്ങൾ അറിയിപ്പായും വാർത്താബുള്ളറ്റിനുകളായും നൽകി. രാത്രി 11.05ന് പ്രത്യേക വാർത്ത കോഴിക്കോട് നിന്ന് പ്രക്ഷേപണം ചെയ്തു. അടുത്തദിവസം രാവിലെ , മരിച്ചവരുടെ പേരുവിവരങ്ങൾ നൽകിക്കൊണ്ട് പ്രത്യേക പരിപാടിയും കൊടുത്തു.കൊച്ചി നിലയം ദുരന്തത്തെക്കുറിച്ച് പ്രക്ഷേപണം ചെയ്ത പരിപാടിയിൽ എന്റെ ശബ്ദം റെക്കാർഡ് ചെയ്ത് കേൾപ്പിച്ചു".
വിദ്യാഭ്യാസ, സാക്ഷരതാ പരിപാടികളിലെ അനുഭവങ്ങളും ചന്ദ്രബാബു പങ്കുവച്ചു.അക്ഷരം പഠിക്കാൻ കഴിയാതെ പോയവരുടെ ദുഃഖം നേരിട്ട് കാണാൻ സാധിച്ചിട്ടുണ്ട്. 
 
സ്റ്റുഡിയോയിലേക്ക് ഒരിക്കൽ കടന്നുവന്ന കരിമ്പാലൻ എന്ന കർഷക തൊഴിലാളിയെ ചന്ദ്രബാബു ഓർത്തത് നിരുദ്ധകണ്ഠനായാണ്.ഏതോ ഒരു ജന്മിയോട് കട ക്കാരനായിരുന്ന കരിമ്പാലന്റെ അച്ഛൻ , വാക്കാലുള്ള കരാർപ്രകാരം മകനെ ജന്മിക്ക് അടിമയായി നൽകി. അങ്ങനെ ഏറെക്കാലം
അടിമപ്പണി ചെയ്തു, കരിമ്പാലൻ . നെല്ലാണ് കൂലി. രാത്രി അത് പുഴുങ്ങി , വറുത്തു കുത്തി കഞ്ഞി കഴിക്കും. അതിനുശേഷം രാത്രി മുഴുവൻ പശുവിന് കൊടുക്കാൻ പുല്ലരിയും. അത് വിറ്റുകിട്ടുന്ന 25 പൈസയാണ് ആകെയുള്ള വരുമാനം. അയിത്തവും ജാതി വിവേചനവും നിലനിന്നിരുന്ന അക്കാലത്തെ അനുഭവങ്ങൾ കേട്ടുനിന്ന വരെ പോലും ഞെട്ടിച്ചു. ജൻമിയുടെ വീട്ടുമുറ്റത്ത് കുഴി കുഴിച്ച്, അതിൽ ഇല വച്ച് ദൂരെ മാറി നിൽക്കണം. ജോലിക്കാരി വന്നു ഇലയിൽ കഞ്ഞി ഒഴിക്കും. അവർ വീട്ടിനകത്ത് കയറി ക്കഴിഞ്ഞു മാത്രമാണ് ഇലക്ക് അടുത്തെത്താൻ അനുമതി. ഇതിനിടയിൽ കഞ്ഞി കഴിക്കാൻ കാക്കയും വരും. കാക്കയ്ക്ക് ജോലിക്കാരുടെ അടുത്ത് ചെല്ലാം. നിഷ്കളങ്കമായി ചിരിച്ചു കൊണ്ട് കരിമ്പാലൻ പറഞ്ഞു :"കാക്കയ്ക്ക് അയിത്തമില്ലല്ലോ".
 
ശ്രോതാക്കളുടെ മനസ്സിൽ നൊമ്പരമായി അവശേഷിച്ച വിവരണം, അപൂർവമായ ചരിത്രരേഖ കൂടിയാണ്. ജാതി വിദ്വേഷങ്ങളുടെയും തൊട്ടു കൂട്ടായ്മയുടെയും ജന്മിത്വത്തിന്റേയും പോയ കാലത്തിന്റേയും അപൂർവ്വ രേഖകൾ ."ഇത്തരം വിലപ്പെട്ട റെക്കാർഡിങ്ങുകൾ പലതും നഷ്ടപ്പെട്ടു. പഴയ ആർക്കൈവുകൾ അന്യാധീനപ്പെട്ടു. ആകാശവാണി കണ്ണൂർ നിലയത്തിൽ കെ. രാഘവൻ മാഷ് സംഗീതം നൽകിയ എത്രയോ സംഗീത ശില്പങ്ങൾ തിരിച്ചു കിട്ടാനാവാത്ത വിധം നഷ്ടപ്പെട്ടു".
രാഘവൻ മാഷിന്റെ ലളിതസംഗീത പാഠത്തിലെ പ്രശസ്തമായ ഗാനം 'അക്കരെ നിന്ന് ഇക്കരെക്കൊരു പാലം' ആകാശവാണിയുടെ ശേഖരത്തിൽ ഇപ്പോൾ ഇല്ല.
(ഇളയരാജ കുട്ടിയായിരിക്കുമ്പോൾ തൃശ്ശിനാപ്പള്ളി സ്റ്റേഷന് വേണ്ടി ചെയ്ത പാട്ടുകൾ അവിടെ ശബ്ദശേഖരത്തിൽ സൂക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് പ്രസാദ് ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു. അവ അദ്ദേഹത്തിൻറെ സംഗീത ജീവിതത്തിൻറെ നാഴികക്കല്ലുകളാണ്).
 
35 വർഷത്തെ സേവനത്തിനു ശേഷം, ഒന്നരവർഷത്തെ സർവീസ് ബാക്കി നില്ക്കെ, കണ്ണൂർ നിലയത്തിൽ നിന്ന് 2021-ൽ അസിസ്റ്റന്റ് ഡയറക്ടറായാണ് വി.ചന്ദ്രബാബു വിരമിച്ചത്. "കൊറോണക്കാലത്ത് ആകാശവാണിയുടെ പ്രവർത്തനം നിലച്ചതുപോലെ ആയി. പുതിയ റെക്കോർഡിങ് നടക്കാതെയായി. അക്കാലത്ത് രണ്ടാമത്തെ പ്രമോഷനും ലഭിച്ചു. രണ്ടുവട്ടം പ്രമോഷൻ കിട്ടിയവർ ആകാശവാണിയിൽ അധികമില്ല. സ്വരം നന്നായാൽ പാട്ട് നിർത്തുക എന്ന പ്രമാണം അനുസരിച്ച് സ്വയം വിരമിക്കാൻ തീരുമാനിച്ചു".
 
1992-ൽ ട്രാൻസ്മിഷൻ എക്സിക്യൂട്ടീവ് ആയി തൃശ്ശിനാപ്പളളിയിലെത്തിയ കഥ വിവരിച്ചു കൊണ്ടായിരുന്നു, പ്രസാദ് ബാലകൃഷ്ണൻ തുടങ്ങിയത്.
 
1985-ൽ പി.ജി കഴിഞ്ഞ്, സിവിൽ സർവീസിന് പ്രിപ്പയർ ചെയ്യാൻ മദിരാശിയിൽ എത്തി. പ്രിലിമിനറി പാസായെങ്കിലും ബാക്കി കിട്ടിയില്ല. ഒരു സോപ്പ് കമ്പനിയിലും , പിന്നെ ജൂനിയർ അസിസ്റ്റൻറ് ആയി സർക്കാർ സർവീസിലും ജോലി ലഭിച്ചു.ഡിപ്പാർട്ട്മെൻ ടെസ്റ്റിനായി തമിഴ് ഭാഷയുടെ നാല് പേപ്പറുള്ള പരീക്ഷ ആദ്യത്തെ ശ്രമത്തിൽ തന്നെ പാസ്സായി.
അപ്പോഴായിരുന്നു, ട്രാൻസ്മിഷൻ എക്സിക്യൂട്ടീവ് തസ്തികയ്ക്ക് അപേക്ഷിച്ചത്. തമിഴ് നാട്ടിലെ നിലയങ്ങളിൽ നിയമനം കിട്ടുന്നതിന് തമിഴ് ഭാഷ അറിയണം എന്നത് നിർബന്ധമായിരുന്നു. അതിനുള്ള യോഗ്യതയായി ഡിപ്പാർട്ട്മെന്റ് ഭാഷാ പരീക്ഷയുടെ സർട്ടിഫിക്കേറ്റ് കിട്ടാൻ ഓഫീസ് കയറിയിറങ്ങേണ്ടിവന്നു.
 
പുരാതനമായ തൃശ്ശിനാപ്പള്ളി നിലയത്തിൽ തമിഴ് കവിതകൾ , ഫീച്ചറുകൾ, പുറത്തു നടക്കുന്ന പരിപാടികളുടെ ശബ്ദലേഖനങ്ങൾ, ചെറിയ സ്കിറ്റുകൾ , സ്പോർട്സ് തുടങ്ങിയ പരിപാടികൾ
ചെയ്യാനായി.
 
എഫ്. എം സ്റ്റേഷൻ വന്നപ്പോൾ , കൊമേഴ്ഷ്യൽ വിഭാഗത്തിന്റെ ചുമതലയും കിട്ടി. "2008ൽ 3.25 കോടി രൂപ വരെ നിലയത്തിന്റെ വരുമാനമുയർന്നു. ഒരുപാട് ലൈവ് പ്രോഗ്രാമുകൾ അവതരിപ്പിച്ചു . ഒരു മണിക്കൂർ നീളുന്ന കത്തുകളുടെ അവതരണത്തിന് 'കാറ്റിൽ എഴുത്തുകളുടെ ഘോഷയാത്ര' എന്നർത്ഥം വരുന്ന പേരായിരുന്നു , നൽകിയത്.അതും സ്പോൺസർ ചെയ്യാൻ ആളുണ്ടായിരുന്നു. എല്ലാ വെള്ളിയാഴ്ചകളിലും തിരുച്ചിറപ്പള്ളിയിലെ വിവിധ സ്ഥലങ്ങളിൽ വച്ച് ലൈവ് പ്രോഗ്രാമുകൾ നടത്തിയിരുന്നു. ഞായറാഴ്ച രാത്രി 10 ന് 'നീ പാതി, ഞാൻ പാതി' ദമ്പതിമാർക്കുള്ള തായിരുന്നു".
2011 ൽ തൃശ്ശൂരിലേക്ക് സ്ഥലംമാറ്റം വാങ്ങി. "അന്നത്തെ പ്രോഗ്രാം മേധാവിയായിരുന്ന ഡി. പ്രദീപ് കുമാറിന്റെ കീഴിൽ പ്രവർത്തിച്ചത് സുവർണകാലഘട്ടമായിരുന്നു. ട്രാൻസ്മിഷൻ എക്സിക്യൂട്ടീവുമാരുടെ കഴിവുകൾ തിരിച്ചറിയാൻ അദ്ദേഹത്തിന് പ്രത്യേക സിദ്ധിയുണ്ടായിരുന്നു".
 
തമിഴ് ശ്രോതാക്കൾക്കായി 'വാങ്ക, പേശലാം പാടലാം ' എന്ന കേരള നിലയങ്ങളിലെ ഒരേയൊരു പ്രതിവാര ഫോൺ - ഇൻ പരിപാടി ഇക്കാലത്ത് തുടങ്ങി. വലിയ പ്രതികരണമായിരുന്നു അതിന് ലഭിച്ചത്. ലക്ഷദ്വീപ് നിലയത്തിലേക്ക് ട്രാൻസ്ഫർ ആകും വരെ 158 ആഴ്ച ആ പരിപാടി തുടർന്നു. അവിടെ നിന്ന് തിരിച്ചെത്തിയ ശേഷം, മുടങ്ങിപ്പോയ പരിപാടി പുനരാരംഭിച്ച്, 2021 ഫെബ്രുവരി വരെയും തുടർന്നു.
 
മുഖ്യപ്രവർത്തനം കൊമേഴ്സ്യൽ വിഭാഗത്തിലായിരുന്നു. അതിന്റെ പ്രോഗ്രാം എക്സിക്യൂട്ടീവ് ജി.കെ. ഗീതയായിരുന്നു."2010-11 ൽ സ്റ്റേഷന്റെ വരുമാനം 23 .കഠിനപ്രയത്നത്തെ തുടർന്ന് അത് അടുത്ത വർഷം 33 ലക്ഷം രൂപയായി. 
 
പ്രസാർഭാരതി സെക്രട്ടറിയേറ്റിൽ നിന്ന് ഇതിന് അഭിനന്ദന സർട്ടിഫിക്കറ്റ് അയച്ചുതന്നു. 2013-14 ൽ പരസ്യങ്ങളിൽ നിന്നുള്ള വരുമാനം 85 ലക്ഷം ആയി."പക്ഷേ, ഒപ്പം ജോലി ചെയ്തിരുന്ന ചിലർക്ക് ഏറെ ശ്ലാഘിക്കപ്പെട്ട ഈ നേട്ടത്തിൽ ഇഷ്ടക്കുറവുണ്ടായി. ഏജൻസികൾക്ക് അനർഹമായ സഹായം ചെയ്തു എന്ന ആരോപണം കേൾക്കേണ്ടി വന്നത് ഏറെ വേദനാജനകമായ അനുഭവമായിരുന്നു".
 
കൊച്ചിയിൽ നടന്ന ഇന്ത്യ-വെസ്റ്റിൻഡീസ് ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് മാച്ചുകൾ, നാഷണൽ ഗെയിംസ്, ഫെഡറേഷൻ കപ്പ് ഫുട്ബോൾ എന്നിവയുടെ ലൈവ് അടക്കമുള്ള പരിപാടികളും ചെയ്തു.
2015ലാണ് കവറത്തി നിലയത്തിലേക്ക് മാറ്റം കിട്ടിയത്. അന്ന് തിരുവനന്തപുരം നിലയത്തിലെ പരിപാടികളുടെ റിലേ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ശനിയാഴ്ച മാത്രം 15 മിനിറ്റ് ദൈർഘ്യമുള്ള 'ലക്ഷദ്വീപ് വിശേഷങ്ങൾ ' എന്ന ക്യാപ്സ്യുൾ പരിപാടി പ്രക്ഷേപണം ചെയ്തിരുന്നു.
" 2001-ൽ നിർത്തിവെച്ചതായിരുന്നു , ലൈവ് ട്രാൻസ്മിഷൻ . അത് എങ്ങിനെ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഒരു റിപ്പോർട്ട് തയ്യാറാക്കി നൽകാൻ എന്നോട് ആവശ്യപ്പെട്ടു. 
 
2016ലെ റിപ്പബ്ലിക് ദിനത്തിൽ പരിപാടികൾ ആരംഭിക്കാൻ തീരുമാനി. എന്നാൽ മലയാളം അനൗൺസർമാർ ഇല്ലാത്തത് പ്രശ്നമായി. ഒരാൾ വരാമെന്നു ഏറ്റെങ്കിലും വന്നില്ല. ഒരാഴ്ച ഞാൻ തന്നെ ലൈവ് അനൗൺസറായി. അതിന് എഞ്ചിനിയറൻമാർ സഹായിച്ചു. അപ്പോൾ,നാട്ടിൽ നിന്നെത്തിയ രണ്ട് അഭിഭാഷകരെ കിട്ടി. അവരെ പരിശീലിപ്പിച്ചു. മൂന്ന് പേരെ ഓഡിഷൻ ഇല്ലാതെ തന്നെ അവതാരകരാക്കി. 
 
2016 ജൂലൈയിൽ ഓഡിഷൻ നടത്തി 14 പേരെ തെരഞ്ഞെടുത്തു. രാവിലെ 6.15 മുതൽ 9 വരെയാണ് സ്വന്തം പ്രക്ഷേപണം. തിരുവനന്തപുരത്തു നിന്ന് പ്രക്ഷേപണം ചെയ്യുന്ന പ്രഭാതഭേരിയോടെയാണ് പരിപാടികൾ ആരംഭിക്കുന്നത്. പ്രാദേശിക വാർത്തകളെ തുടർന്ന്, ദ്വീപിലെ കപ്പലുകളുടെ സമയവിവരപ്പട്ടിക. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വേണ്ടിയുള്ള പരിപാടികൾ തുടങ്ങി. വെള്ളിയാഴ്ചകളിൽ ഖുർആൻ പാരായണം .കളക്ടർ , അഡ്മിനിസ്ട്രേറ്റർ, ആരോഗ്യ വിഭാഗം ഓഫീസുകളുമായി ബന്ധപ്പെട്ട പരിപാടികൾ , പ്രാദേശിക പരിപാടികൾ , അഭിമുഖങ്ങൾ , ഞായറാഴ്ചകളിൽ 'ഗാനസല്ലാപം ' തുടങ്ങി , ആരംഭിച്ച പരിപാടികളെല്ലാം
ജനകീയമായി.കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും തദ്ദേശവാസിയുമായ ഡോ.എം. മുല്ലക്കോയ എഴുതിയ 'കഥ പറയും ചിപ്പി ' എന്ന പരമ്പര വളരെ പ്രശസ്തമായിരുന്നു. ലക്ഷദ്വീപിന്റെ ചരിത്രം, സംസ്കാരം, പാരമ്പര്യം തുടങ്ങിയവയെ ആസ്പദമാക്കിയുള്ള അറുപതോളം കഥകൾ പരമ്പരയിൽ ഉണ്ടായിരുന്നു. ഞാൻ തന്നെയായിരുന്നു അവ വായിച്ചിരുന്നത്.
 
മഹൽ ഭാഷയിൽ വാർത്ത കൊടുക്കാൻ ആലോചിക്കുമ്പോഴാണ് തൃശൂരിലേക്ക് മാറ്റം ആയത്".
2017 ലെ ഓഖി ചുഴലിക്കാറ്റിന്റെ കാലഘട്ടം പേടിപ്പെടുന്ന ഒന്നാണ് .
ഓഖി ചുഴലിയുടെ സമയത്ത് കടലിൽ പോയ മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ടു. ആ സമയത്ത് 24 മണിക്കൂറും റേഡിയോ നിലയം പ്രവർത്തിച്ചു. കാറ്റിന്റെ വേഗത, കാലാവസ്ഥ മുന്നറിയിപ്പുകൾ, അനൗൺസ്മെൻ്റുകൾ എന്നിവ തുടർച്ചയായി കൊടുത്തുകൊണ്ടിരുന്നു.
നിലയത്തിന്റെ സുരക്ഷിതത്വത്തിന് തന്നെ ഭീഷണിയുണ്ടായിരുന്നു. പുതിയ ട്രാൻസ്മിറ്റർ സ്ഥാപിക്കപെട്ടതോടെ ഉപേക്ഷിക്കപ്പെട്ട പഴയ ആന്റിനയുടെ മാസ്റ്റ് കാറ്റിൽ കെട്ടിടത്തിനു പുറത്തേക്ക് വീഴുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. "ആസ്ബസ്റ്റോസ് മേഞ്ഞ മേൽക്കൂരയുള്ള സ്റ്റേഷനിൽ ഞങ്ങൾക്ക് താമസിക്കാൻ ആകുമായിരുന്നില്ല. അന്ന് , പുതുതായി പണിഞ്ഞ ഗസ്റ്റ് ഹൗസിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. കാറ്റിൽ സ്റ്റേഷന്റെ മേൽക്കൂര പറന്നുപോയി. ഞങ്ങളുട സുഖവിവരങ്ങൾ തിരക്കി അർദ്ധരാത്രി പോലും തിരുവനന്തപുരം സ്റ്റേഷൻ ഡയറക്ടററായിരുന്ന ആർ.സി. ഗോപാൽ വിളിക്കുമായിരുന്നു". 
 
ഇന്നും കവറത്തി ആകാശവാണിക്ക് തുരുമ്പുപിടിച്ച രണ്ടു സൈക്കിളുകൾ മാത്രമാണുള്ളത്( 1994-ൽ താൻ ആദ്യമായി അവിടെ പോയപ്പോഴും രണ്ടു സൈക്കിളുകളായിരുന്നു ഔദ്യോഗിക വാഹനങ്ങളെന്ന് ഡി.പ്രദീപ് കുമാർ കൂട്ടിച്ചേർത്തു).
 
ദ്വീപിലെ ഒരേയൊരു മാധ്യമമാണ് റേഡിയോ. വർഷകാലത്ത് വിമാനത്തിൽ പോയാൽ പോലും വഴിയിൽ കുടുങ്ങുമെന്ന് പ്രസാദ് ബാലകൃഷ്ണൻ പറഞ്ഞു.മോശം കാലാവസ്ഥ കാരണം അഗത്തിയിൽ നിന്ന് കവറത്തിയിലേക്കുള്ള ഹെലികോപ്റ്റർ സർവീസ് മുടങ്ങുക പതിവാണ്. ദ്വീപിലെ കാലാവസ്ഥ
പ്രവചനാതീതമാണ്,"ജനായത്ത ഭരണം ജില്ലാ, ഗ്രാമ പഞ്ചായത്ത് തലങ്ങളിൽ മാത്രം ഒതുങ്ങുന്നു. അധികാരമെല്ലാം അഡ്മിനിസ്ട്രേറ്റർക്കാണ്''.
 
കവറത്തി നിലയത്തിൽ തദ്ദേശീയരായ സ്റ്റാഫ് അനൗൺസമാരെ നിയമിക്കാൻ കഴിയാത്തതിന്റെ കാരണങ്ങൾ പ്രസാദ് ബാലകൃഷ്ണനും ഡി.പ്രദീപ് കുമാറും വിശദീകരിച്ചു. 1992 ൽ ഇതിനായി വിജ്ഞാപനമിറക്കിയപ്പോൾ ആ തസ്തിക പട്ടികജാതിക്കാർക്ക് വേണ്ടി സംവരണം ചെയ്തതായിരുന്നു. എന്നാൽ ദ്വീപിലെ മുസ്ലിം വിഭാഗങ്ങൾ പട്ടിക വർഗക്കാരാണ്. അതിനെതിരെ പ്രതിഷേധ മുയർന്നതിനെ തുടർന്ന് നിയമനം നടന്നില്ല.പല വേദികളിൽ ഇക്കാര്യം ചർച്ച ചെയ്തെങ്കിലും ഇതുവരെ മാറ്റം ഉണ്ടായിട്ടില്ല.
 
കുറ്റകൃത്യങ്ങളില്ലാത്ത , ജയിലുകൾ ഒഴിഞ്ഞു കിടക്കുന്ന, നാടല്ല ഇന്നത്തെ ലക്ഷദ്വീപ്.അവിടെ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകൾ വരെയുണ്ടായിട്ടുണ്ട്. പക്ഷേ, പ്രതികൾ പുറത്ത് നിന്ന് വന്നവരായിരുന്നു.
തൃശൂർ നിലയത്തിൽ നിന്ന് 2020 ഏപ്രിലിൽ പ്രസാദ് ബാലകൃഷ്ണൻ വിരമിച്ചു. അവിടുത്ത കാഷ്വൽ അവതാരകരുടെ സേവനത്വരയും സഹകരണവും എടുത്തുപറയേണ്ടതാണ് എന്ന് പ്രസാദ് ബാലകൃഷ്ണൻ പറഞ്ഞു. (അഗ്നികുണ്ഡത്തിനു മീതെ നടക്കുമ്പോഴും വലിയ സഹകരണത്തോടെ അവർ കൂടെ നിന്ന കാലം അനുസ്മരിച്ചു , ഡി. പ്രദീപ് കുമാർ).
 
തൃശൂരിലെ കാഷ്വൽ അവതാരകയായ ആൻസി സേവിയർ, മുൻ പ്രോഗ്രാം എക്സിക്യൂട്ടീവ് ജി.കെ ഗീത എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ഡി.പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
ഈ പരിപാടിയുടെ ശബ്ദലേഖനം യൂട്യൂബിലുണ്ട്.
(uploaded by Shibu P.M)

 

എൻ്റെ ആകാശവാണിക്കാലം-20;എസ്. രാധാകൃഷ്ണൻ,ലീലാമ്മ മാത്യു

 

‘എന്റെ ആകാശവാണിക്കാലം' ഇരുപതാം ഭാഗത്തിൽ (ക്ലബ്ബ് ഹൗസ് മീഡിയ റൂം, ഫെബ്രുവരി 12, 2022) അനുഭവങ്ങൾ പങ്കുവയ്ക്കാനെത്തിയത് എസ്. രാധാകൃഷ്ണനും ലീലാമ്മ മാത്യുവും. രണ്ടു പേരും മുൻ അസി. ഡയറക്ടർമാർ.
പത്താം ക്ലാസിൽ,ജവഹർ ബാലഭവനിൽ പഠിക്കവേ, ബാലലോകം പരിപാടിയിൽ പാട്ട് പാടിക്കൊണ്ടാണ് തന്റെ ആകാശവാണി ബന്ധം ആരംഭിച്ചതെന്ന് എസ്.രാധാകൃഷ്ണൻ അനുസ്മരിച്ചു.കോളേജ് വിദ്യാർഥിയായിരിക്കെ, ഓഡിഷൻ പാസായി റേഡിയോ നാടക കലാകാരനായി. റേഡിയോ നാടകവാരത്തിലെ ഒരു നാടകത്തിൽ ശബ്ദം നൽകിയായിരുന്നു , തുടക്കം.
 
കുട്ടികളുടെ നാടകവേദി, നാടകയോഗം, കാവാലം നാരായണ പണിക്കരുടെ തെരുവരങ്ങ്, തെരു നാടകങ്ങൾ തുടങ്ങിയവയിലൂടെ നാടക രംഗത്ത് സജീവമായി.
ഈ നാടകാഭിമുഖ്യമായിരുന്നു , ആകാശവാണിയിൽ ചേരാൻ പ്രേരണയായത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജോലി ഉപേക്ഷിച്ച് 1987 ഡിസം. 31 ന് , കോഴിക്കോട് നിലയത്തിൽ ട്രാൻസ്മിഷൻ എക്സിക്യൂട്ടീവായി ചേർന്നു.എന്നാൽ, തന്റെ പ്രതീക്ഷകൾ സഫലമായില്ലെന്ന ദു:ഖമുണ്ട്, രാധാകൃഷ്ണന് . "ക്രിയേറ്റിവിറ്റിക്ക് അവിടെ രണ്ടാം സ്ഥാനമേയുള്ളൂ".
 
1991ൽ യു.പി.എസ്.സി വഴി , ഇന്ത്യയിൽ ഒന്നാമനായി, പ്രോഗ്രാം എക്സിക്യൂട്ടീവായി തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൂർ നിലയത്തിലായിരുന്നു , നിയമനം."സ്റ്റേഷന്റെ തുടക്കകാലം. ഏറ്റവും കൂടുതൽ ആസ്വദിച്ച് ജോലി ചെയ്തതവിടെയാണ്.ആർ.എൻ. പിള്ളയായിരുന്നു, സ്റ്റേഷൻ ഡയറക്ടർ.വലിയ പ്രവർത്തന സ്വാതന്ത്ര്യമുണ്ടായിരുന്നു".
 
അവിടെ നിന്നുള്ള ആദ്യ നാടകമായ 'പിടിയാന'(രചന:ജയപ്രകാശ് കുളൂർ ) സംവിധാനം ചെയ്തു. തുടർച്ചയായി മൂന്ന് വർഷം, റേഡിയോ നാടകോത്സവങ്ങളിൽ നാകങ്ങൾ സംവിധാനം ചെയ്തു.'മഞ്ഞുമൂടിയ മലമുകളിൽ' എന്ന നാടകത്തിലെ നായകൻ നെടുമുടി വേണുവായിരുന്നു.
തെയ്യപ്പറമ്പുകളിൽ നിന്നുള്ള തത്സമയ പ്രക്ഷേപണങ്ങളും ഓർമയിലുണ്ട്.
1994-ൽ തിരുവനത്തും നിലയത്തിലെത്തി. പ്രഭാതഭേരി പരിപാടികൾ അടക്കമുള്ളവയുടെ ചുമതലകളാണ് കിട്ടിയത്.
 
"പക്ഷേ, എന്തുകൊണ്ടോ ഇഷ്ടവിഷയമായ നാടകം തന്നില്ല...".
പ്രഭാതഭേരിയിൽ പ്രക്ഷേപണം ചെയ്ത ഒരു പരിപാടി വലിയ വിവാദമായപ്പോൾ, അന്നത്തെ സ്പീക്കർ പി.പി.തങ്കച്ചൻ ചേമ്പറിൽ വിളിച്ചു വരുത്തി, വിശദീകരണം തേടി. ചില എം.എൽ.എമാർ അവകാശ ലംഘന പ്രമേയം അവതരിപ്പിക്കാൻ ഒരുങ്ങിയ സാഹചര്യമുണ്ടായിരുന്നു. അതിന് ഇടവരുത്തുന്ന രീതിയിൽ പ്രക്ഷേപണമുണ്ടാകില്ലെന്ന ഉറപ്പിൽ മേൽ ആ പ്രശ്നം അവസാദിച്ചതായി, വിശദാംശങ്ങൾ വെളിപ്പെടുത്താതെ, അദ്ദേഹം പറഞ്ഞു.
 
ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അസംഖ്യം കലാ-സാംസ്കാരിക പരിപാടികൾ ആകാശവാണി നടത്തിയ കാലമായിരുന്നു, അത്. "അവയൊക്ക സാംസ്കാരിക വിനിമയ പരിപാടികളായിരുന്നു. ഉത്തര മലബാറിലെ കലാരൂപങ്ങളായ തെയ്യം, ചെമ്മാനക്കളി തുടങ്ങിയവ അവിടെ അവതരിപ്പിക്കപ്പെട്ടപ്പോൾ, തെക്കൻ കേരളത്തിലെ പടയണിയും മറ്റും മലബാറിലെ ആകാശവാണി വേദികളിലെത്തി. പത്തനാപുരത്ത്, തുറന്ന സദസിലായിരുന്നു, അപൂർവ്വമായ ഖണ്ഡാകർണ്ണൻ തെയ്യം കെട്ടിയാടിയത്". അന്നത്തെ രാഷ്ട്രപതി കെ.ആർ.നാരായണന്റെ ജൻമസ്ഥലമായ ഉഴവൂരിൽ നടത്തിയ കലാമേള തത്സമയം പ്രക്ഷേപണം ചെയ്തു. അതിന്റെ അവതാരകൻ നെടുമുടി വേണുവായിരുന്നു.
 
മല്ലിക കുറുപ്പുമൊത്ത് സംവിധാനം ചെയ്ത ,101 ഭാഗങ്ങളുള്ള 'കൊച്ചു കൊച്ചു സ്വപ്നങ്ങൾ' പരമ്പര സംതൃപ്തി നൽകിയ പരിപാടിയായിരുന്നു. ന്യൂയോർക്ക് ആസ്ഥാനമായ പോപ്പുലേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ എല്ലാ ഭാഷകളിലും ആ പരമ്പരയുണ്ടായിരുന്നു. കേരളത്തിലെ പ്രശസ്തരായ നടീ നടൻമാർ ശബ്ദം കൊടുത്ത ആ പരമ്പരയുടെ ശബ്ദലേഖനം ആകാശവാണി നിലയത്തിലെത്തി അവർ ഷൂട്ട് ചെയ്തു. താനുമായുള്ള അഭിമുഖവും റെക്കാർഡ് ചെയ്തു.
നളചരിതം ആട്ടക്കഥ, ജി. ഗോപാലകൃഷ്ണൻ റേഡിയോ നാടകമാക്കിയത് സംവിധാനം ചെയ്തു.പത്തിയൂർ ശങ്കരൻ കുട്ടിയായിരുന്നു , പദങ്ങൾ ചൊല്ലിയത്.
 
ഇക്കാലത്ത് ദൂരദർശനു വേണ്ടി ടി.പത്മനാഭൻ , ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ തുടങ്ങിയവരുമായി അഭിമുഖം നടത്തി."പക്ഷേ,ആ പരിപാടികളുടെ പേരിൽ ഞാൻ ശിക്ഷിക്കപ്പെട്ടു".
 
2014-ൽ അസിസ്റ്റന്റ് ഡയറക്റായി പ്രമോഷൻ കിട്ടി, മഞ്ചേരി എഫ്.എം നിലയത്തിൽ നിയമിക്കപ്പെട്ടു. തുടർന്ന്, കോഴിക്കോട് നിലയത്തിന്റെയും പ്രോഗ്രാം മേധാവിയായി. മഞ്ചേരിയിൽ ഓരോ വിഷയത്തെ ആസ്പദമാക്കി ലൈവ് ചാറ്റ് ഷോകൾ ചെയ്തു. ആദ്യ പരിപാടിയുടെ വിഷയം സ്വപ്നമായിരുന്നു. നിലയത്തിന്റെ ആദ്യ നാടകമായ 'കടൽക്കളികൾ' സംവിധാനം ചെയ്തു.
തിരുവനന്തപുരത്ത് തിരിച്ചെത്തിയപ്പോൾ ദീർഘകാലം റീജ്യണൽ സ്റ്റാഫ് ട്രെയ്നിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചുമതല വഹിച്ചു. ദക്ഷിണേന്ത്യയിലേയും പോർട്ട് ബ്ലയറിയും ആകാശ വാണി, ദൂരദർശൻ നിലയങ്ങളിലെ പ്രോഗ്രാം , ഭരണവിഭാഗം സ്റ്റാഫിന്റെ പരിശീലനച്ചുമതലയായിരുന്നു. 
 
തിരുവനന്തപുരത്ത് നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് പരിശീലന വേദികൾ മാറ്റിയതോടെ, അതിൽ പങ്കെടുത്തവരുടെ എണ്ണം കൂടിയതായി എസ്.രാധാകൃഷ്ണൻ പറഞ്ഞു. സംഗീതത്തെക്കുറിച്ചുള്ള ഒരു പരിശീലന പരിപാടി നടത്തിയത് തിരുവയ്യൂരിലായിരുന്നു. ബൗദ്ധികാവകാശ നിയമത്തെക്കുറിച്ച് ആദ്യമായി പരിശീലന പരിപാടി നടത്താൻ കഴിഞ്ഞു. ഇന്ത്യയിലെ ആശാവാണിയുടെ ഏറ്റവും നല്ല ട്രെയ്നിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിനുള്ള പുരസ്കാരം കിട്ടി.
 
2020-ൽ തിരുവനന്തരം നിലയത്തിൽ നിന്നാണ് എസ്.രാധാകൃഷ്ണൻ വിരമിച്ചത്. വിവിധ മാനേജ്മെന്റ്, മാധ്യമ പരിശീലന സ്ഥാപനങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകനാണ് അദ്ദേഹമിപ്പോൾ.
 
ചങ്ങനാശ്ശേരിയിലെ വീട്ടിൽ, റേഡിയോയ്ക്കു ചുറ്റുമിരുന്ന് ലളിത ഗാനങ്ങളും ചലച്ചിത്ര ഗാനങ്ങളും കുടുംബമൊന്നായി കേട്ട് പഠിച്ച് പാടിയിരുന്ന കുട്ടിക്കാലത്തെ അനുസ്മരിച്ചു കൊണ്ടായിരുന്നു, ലീലാമ്മ മാത്യു ആരംഭിച്ചത്. വീട്ടിലുള്ള വരെല്ലാം സംഗീതപ്രിയർ, ഗായകർ.
പള്ളി കൊയറിന് റേഡിയോയിൽ ഭക്തിഗാനങ്ങൾ അവതരിപ്പിക്കാനുള്ള സെലക്ഷൻ കിട്ടിയപ്പോൾ, അതിൽ അംഗമായി ഒരു പാട്ട് പാടിയായിരുന്നു, റേഡിയോയിൽ ഒരു സോളോ പാടി. ലളിത ഗാനങ്ങൾക്കുള്ള ഓഡിഷനെക്കുറിച്ചറിഞ്ഞത് അപ്പോഴാണ്.1980-ൽ ഓഡിഷൻ പാസായി , ലളിത ഗാനങ്ങൾ പാടിത്തുടങ്ങി. അങ്ങനെ,നാട്ടിലെ റേഡിയോ സ്റ്റാറായി.പിന്നീട് ദൂരദർശനിലും പാടാൻ അവസരം ലഭിച്ചു.
 
2013-ൽ ടോപ്പ് ഗ്രേഡ് കിട്ടി. ഭക്തിഗാനങ്ങൾ പാടുന്നതിനുള്ള ഓഡിഷനും പാസായിട്ടുണ്ട്. ബി - ഗ്രേഡ് സംഗീത സംവിധായകയുമാണ്.
 
എം.എസ്. ഡബ്ലിയു പാസായി,നാലര വർഷം സുൽത്താൻ ബത്തേരിയിൽ വിമൻസ് ഡവലപ്പ്മെന്റ് പ്രൊജക്ട് ഓഫിസറായി ജോലി ചെയ്തു. ഗ്രാമീണ മേഖലകളിൽ മഹിളാ സമാജങ്ങൾ രൂപീകരിക്കലായിരുന്നു മുഖ്യ പ്രവർത്തനം. അന്ന് പാടാൻ ധാരാളം വേദികൾ കിട്ടി. എല്ലാവരും പ്രോത്സാഹിപ്പിച്ചു. പാട്ടിന്റെ റെക്കാർഡിങ്ങിന് തിരുവനന്തപുരം നിലയത്തിൽ പോയപ്പോഴായിരുന്നു, പ്രോഗ്രാം എക്സിക്യൂട്ടീവ് തസ്തികയിലേക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചതറിയുന്നത്. 1991-ൽ നിയമിക്കപ്പെടുമ്പോൾ , ഡൽഹിയിൽ ഇന്തോ-ജർമൻ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ പ്രൊജക്ട്സ് മാനേജരായി ജോലി ചെയ്യുകയായിരുന്നു.
 
തിരുവനന്തപും,നിലയത്തിൽ യുവവാണി പരിപാടികളുടെ ചുമതലയുമായാണ് തുടക്കം."ആർ.ശ്രീകണ്ഠൻ നായരായിരുന്നു, ആ പരിപാടിയിൽ എന്റെ മുൻഗാമി".26 വർഷം അവിടെ പ്രവർത്തിച്ചു; ഇടയ്ക്ക് ഏതാനും മാസം തിരുവനൽവേലി, നാഗർകോവിൽ നിലയങ്ങളിലും.
കുടുംബക്ഷേമ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന ജോസഫ് പാലയ്ക്കാപ്പള്ളി വിരമിച്ചപ്പോൾ ആ വിഭാഗത്തിന്റെ ചുമതല കിട്ടി. ദീർഘകാലം പ്രവർത്തന രംഗം അതായിരുന്നു.
കുടുബക്ഷേമ വിഭാഗമായിരുന്നു , പ്രതിവാര കുടുംബനാടക പരമ്പരകൾ നിർമ്മിച്ചിരുന്നത്."അത്തം 30 ഓളം നാടക പരമ്പരകൾ സംവിധാനം ചെയ്തു". പിന്നീട് സംഗീത പരിപാടികളടക്കമുള്ളവയുടെ ചുമതലയും വഹിച്ചു.
 
1995-ൽ എയിഡ്സിനെക്കുറിച്ച് 13 ഭാഗങ്ങളുള്ള 'ജ്യോതിർഗമയ ',2010 ൽ 17 ഭാഗങ്ങളുള്ള 'ഒരു കുട ചൂടാം',2012ൽ 'ആരോഗ്യ ഭാരതം','സദ്ഗമയ',' അമൃതം ഗമയ',' നല്ല ഭക്ഷണം നൻമ നിറഞ്ഞ ഭക്ഷണം','വാടാതെ ഈ പെൺപൂക്കൾ','സ്ത്രീ സ്വാശ്രയത്വത്തിന്റെ വിജയഗാഥകൾ',' മാനസം , മഹാസാഗരം' തുടങ്ങി, താൻ ചെയ്ത പരമ്പകൾ ലീലാമ്മ മാത്യു അനുസ്മരിച്ചു.
 
2010 ഡിസം. 10 ന് ലോക റേഡിയോ ദിനത്തിൽ , രാവിലെ 5.50 മുതൽ 10.45 വരെ കൂട്ടികൾ തന്നെ എല്ലാ പരിപാടികളും അവതരിപ്പിച്ച് ചരിത്രമെഴുതി," അതിനായി ഊണുമുറക്കവുമുപേക്ഷിച്ച് മൂന്ന് മാസക്കാലം പ്രവർത്തിച്ചു .ഒപ്പം , ചന്ദ്രസേനനും എൻ.ശശികുമാറുമുണ്ടായിരുന്നു".
 
യൂണിസഫുമായി ചേർന്ന് പ്രക്ഷേപണം ചെയ്ത ,കുട്ടികളുടെ പങ്കാളിത്താവകാശത്തെക്കുറിച്ചുള്ള 'മീനയുടെ ലോകം' എന്ന 22 ഭാഗങ്ങളുള പരമ്പര ഏറെ ശ്രദ്ധേയമായി. വി.ജെ.റ്റി ഹാളിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നു, അത് ഉദ്ഘാടനം ചെയ്തത്. കുടുംബശ്രീയുടെ ബാലസഭകൾ കൂടുന്ന സമയത്ത് , ഈ പ്രക്ഷേപണം കേൾപ്പിച്ച്, അവരുടെ പ്രതികരണങ്ങൾ കൂടി ഉൾപ്പെടുത്തിയിരുന്നു.
'ഒരു കുട ചൂടാം' പരമ്പരയ്ക് ഒരു ശീർഷക ഗാനം ചെയ്തപ്പോൾ , അത് ഏറെ ജനപ്രിയമായി. തുടർന്ന് താൻ നിർമ്മിച്ച പരമ്പരകൾക്കെല്ലാം ശീർഷക ഗാനങ്ങൾ ചെയ്യുന്നത് ശീലമാക്കിയതായി ലീലാമ്മ മാത്യു പറഞ്ഞു.
 
ആകാശവാണിയുടെ എട്ട് ദേശീയ പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മൂന്ന് അന്താരാഷ്ട്ര പുരസ്ക്കാരങ്ങളും ബഹുമതികളും കിട്ടി. ഈ പരിപാടികളെല്ലാം യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളവയായിരുന്നു. ഡൗൺ സിൻഡ്രോം ബാധിച്ച നിത്യാദാസിന്റെ അതിജീവന കഥയായിരുന്നു,'സുകൃതം'. തൊട്ടാൽ എല്ലുപൊടിയുന്ന രോഗം ബാധിച്ച ജീവൻ ഉയരങ്ങൾ കീഴടക്കിയ കഥയാണ് 'സ്വപ്നക്കൂട്'.108 ആംബുലൻസ് സർവീസിനെക്കുറിച്ച് ചെയ്ത 'ജീവിതം ബാക്കിയുണ്ട് , ഇനിയും' ലീലാമ്മ മാത്യുവിന് ഏറെ ഇഷ്ടപ്പെട്ട പരിപാടിയാണ് -" എന്റെ ഹൃദയത്തോട് ചേർത്ത് വച്ചത്". സെറിബ്രൽ പാൽസി ബാധിച്ച ശ്യാമപ്രസാദിന്റെ പോരാട്ടങ്ങളെക്കുറിച്ചാണ് 'ഒന്ന് കൈയ്യടിക്കൂ, പ്ലീസ്'. അൾഷൈമേഴ്സ് ബാധിതനായ ഭർത്താവിനെ പത്ത് വർഷം ശുശ്രൂഷിച്ച ഭാര്യയെക്കുറിച്ചുള്ള 'ഓർമ്മ മേഘങ്ങൾ', ഗാന്ധിയൻ ഫിലോസഫി പുരസ്ക്കാരവും നേടി.
തത്സമയ ഫോൺ - ഇൻ പരിപാടിയിൽ പങ്കെടുത്ത വേളിയിലെ, കാഴ്ചവൈകല്യമുള്ള വേണുവിന്റെയും ഭാര്യയുടേയും ജീവിത കഥയാണ്, അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച 'വേണുവിന്റേയും സരോജയുടേയും റേഡിയോ' എന്ന പരിപാടി. റേഡിയോയുടെ സമയമമനുസരിച്ച് ജീവിക്കുന്ന വേളിയിലെ ദമ്പതിമാരുടെ കഥ .
 
മറ്റാരു ഫോൺ - ഇൻ പരിപാടിയിൽ തളിപ്പറമ്പിലെ ഒരു കുന്നിൻ മുകളിൽ , പക്ഷാഘാതം ബാധിച്ച്, കാൽ നൂറ്റാണ്ടായി ഏകനായി കഴിയുന്ന പവിത്രൻ എന്നൊരാൾ പറഞ്ഞ കഥകേട്ട് ഹൃദയമുരുകി . സന്നദ്ധ പ്രവർത്തകർ വന്ന് പായയിൽ പൊതിഞ്ഞ് കെട്ടിയിറക്കിയാരുന്നു,അയാളെ ഇടയ്ക്ക് ആശുപത്രിയിലത്തിച്ചിരുന്നത്. "ഒന്നു വർത്തമാനം പറയാൻ കൂട്ടുകാരാരുമില്ലെന്നതായിരുന്നു, അയാളുടെ വലിയ ദുഃഖം. ഞാൻ ഫോൺ നമ്പർ ചോദിച്ചു. അത് കേട്ട് , ഒട്ടേറെപ്പേർ അയാളെ വിളിച്ചു. ഫോൺ വിക്രമമില്ലാതെ ശബ്ദിച്ചു കൊണ്ടിരുന്നതായി പവിത്രൻ പിന്നീട് സന്തോഷത്തോടെ അറിയിച്ചു. കൂലിപ്പണിയെടുത്ത് ജീവിക്കുന്ന തിരുവനന്തപുരത്തെ ഒരു അച്ഛനും മകനും അയാൾക്ക് 100 രൂപ അയച്ചു കൊടുത്തു".
 
2016-ൽ മഴ വെള്ളക്കൊയ്ത്തിനെക്കുറിച്ച് നിർമ്മിച്ച 'മനസുണ്ടെങ്കിൽ മാർഗ്ഗവുമുണ്ട്' എന്ന ഒന്നര മിനിറ്റ് ദൈർഘ്യമുള്ളത് പരിപാടിക്ക് ആദ്യത്തെ പൊതുജന സേവന അറിയിപ്പിനുള്ള ദേശീയ പുരസ്കാരവും എ.ബി.യു ന്ന അവാർഡും കിട്ടി.
 
2012-ൽ ലീലാമ്മ മാത്യു സംവിധാനം ചെയ്ത 'ഫിയർ' നാടകം ഇറാൻ റേഡിയോ ഫെസ്റ്റിവലിൽ ഫൈനൽ റൗണ്ടിലെത്തി. അതിനാൽ ആ പരിപാടിയിൽ പങ്കെടുക്കാനായി.ജാക്യൂസ് മാത്തെ അന്തർദേശീയ പുരസ്കാരം ലഭിച്ച 'പുനർജനിക്കുന്ന വരട്ടാർ' എന്ന ഡോക്യുമെന്ററിയും ലീലാമ്മ മാത്യു പുരസ്ക്കാരപ്പട്ടികയിലെ തിളങ്ങുന്ന ഏടാണ്.
 
പ്രക്ഷേപണ കലയ്ക്കുള്ള കേരള സംഗീത നാടക അക്കാദമിയുടെ കലാശ്രീ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
പ്രൊമോഷൻ കിട്ടിക്കഴിഞ്ഞ്, ഒന്നര വർഷത്തിനു ശേഷം, അസിസ്റ്റന്റ് ഡയറക്ടറായി കൊച്ചി എഫ് എം. നിലയത്തിലെത്തി. 2011 മാർച്ചിൽ വിരമിക്കും വരെ അവിടെയായിരുന്നു.
"ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും നല്ല കാലം നല്ല ടീം വർക്കാണവിടെ".
 
മഹിതം മലയാളം, സ്നേഹ സാന്ത്വനം, ആകാശവാണിയും ഞാനും , ലളിതം സുന്ദരം ഈ ഗീതം തുടങ്ങിയ പരിപാടികൾ ആരംഭിക്കാനായി. നിലത്തിന് പുതിയതായി മുദ്രാഗീതവും പരിപാടികൾക്ക് അവതരണ ഗീതങ്ങളും ഉണ്ടാക്കി.കോവിഡ് കാലത്ത് പോലും എല്ലാ ദിവസവും മുടങ്ങാതെ ഓഫീസിൽ പോയി ."ശ്രോതാക്കളുടെ നിഷ്കളങ്കമായ സ്നേഹം അനുഭവിച്ചറിഞ്ഞു".
 
ലളിത ഗാനത്തിൽ ടോപ്പ് ഗ്രേഡ് ഗായികയായ ലീലാമ്മ, പ്രശസ്ത ഗായകരായ ജോളി എബ്രഹാം, മാർക്കോസ്, ഇടവ ബഷീർ തുടങ്ങിയവർക്കൊപ്പം ഗാനമേള വേദികളിൽ പാടിയിട്ടുണ്ട്. കെ.പി.ഉദയഭാനുവിന്റെ 'ഓൾഡ് ഈസ് ഗോൾഡ് ' ഗാനമേളകളിലും ഗായികയായി. ദൂരദർശന്റെ 'സല്ലാപം' തുടങ്ങിയ പരിപാടികളിലും പങ്കെടുത്തു.
 
ഡി. പ്രദീപ്കുമാർ , കെ. ഹേമലത എന്നിവർ മോഡറേറ്റർമാരായി.
 
ചർച്ചയിൽ മൊയ്തീൻ കുഞ്ഞ് തൃക്കാക്കര, ജ്യോതി മേനോൻ,എം.വി.ശശികുമാർ എന്നിവർ പങ്കെടുത്തു.
'എന്റെ ആകാശവാണിക്കാലം' ഇരുപതാം ഭാഗത്തിന്റെ ശബ്ദലേഖനം യൂട്യൂബിൽ

 

എൻ്റെ ആകാശവാണിക്കാലം-12;അബ്ദുള്ള നന്മണ്ട

 

‘എന്റെ ആകാശവാണിക്കാലം’ പന്ത്രണ്ടാം ഭാഗത്തിൽ (ക്ളബ് ഹൗസ് മീഡിയ റൂം,ഡിസം.18,2021) അനുഭവങ്ങൾ പങ്കുവെച്ചത്, ആകാശവാണി കോഴിക്കോട് നിലയത്തിൽ നിന്ന് 2005ൽ പ്രോഗ്രാം എക്സിക്യൂട്ടീവായി വിരമിച്ച അബ്ദുള്ള നന്മണ്ടയായിരുന്നു.അദ്ദേഹത്തിന്റെ അവതരണം മിക്കപ്പോഴും റേഡിയോ നാടകങ്ങളെ ഓർമ്മിപ്പിക്കുന്നത്ര ഭാവതീവ്രതയോടെയായിരുന്നു.

 
ഫാറൂക്ക് കോളേജിൽ പഠിക്കുന്ന കാലത്ത് തന്നെ ആകാശവാണിയിൽ ജോലിചെയ്യണമെന്നതായിരുന്നു,ആഗ്രഹം.ന്യൂസ് റീഡറാകാൻ ഏറെ കൊതിച്ച്,അതിനായുള്ള പരീക്ഷയിൽ പങ്കെടുത്തെങ്കിലും, അന്തിമമായി തെരഞ്ഞെടുക്കപ്പെട്ടില്ല. (അന്ന് എ.പി. അച്യുതൻ കുട്ടിയാണ് നിയമിക്കപ്പട്ടത്).അബ്ദുള്ള ‘വിപ്ളവം’ പത്രത്തിൽ റിപ്പോർട്ടറും ‘ചന്ദ്രിക’യിൽ സഹപത്രാധിപരും, സ്കൂൾ അദ്ധ്യാപകനുമായി.
 
1979ൽ വിദ്യാഭ്യാസപരിപാടിയുടെ അസിസ്റ്റൻ്റ് എഡിറ്ററായാണ് ആകാശവാണിയിലെത്തുന്നത്.
അന്നത്തെ സ്റ്റേഷൻ ഡയറക്ടർ കോന്നിയൂർ ആർ. നരേന്ദ്രനാഥ് നൽകിയ ഒരുപദേശം അദ്ദേഹം ഇന്നും ഓർക്കുന്നു; ആകാശവാണി കെട്ടിടത്തിൽ, ബീച്ചിനും ഗേറ്റിനും അഭിമുഖമായി, മുകളിലത്തെ നിലയിലിരുന്ന് താഴേക്ക് നോക്കുമ്പോൾ കാണുന്ന കാഴ്ചയെക്കുറിച്ചായിരുന്നു,അത്.“അവിടേക്ക് കടന്നുവരുന്നവരെല്ലാം ചെറുതായിത്തോന്നും. ഓർക്കുക,അവരെല്ലാം വലിയ മനുഷ്യരാണ്”.
അബ്ദുള്ളയോട് , തല്കാലം 'യുവവാണി' പരിപാടിയിൽ ജോലി ചെയ്യാൻ അദ്ദേഹം നിർദ്ദേശിച്ചു.“അവിടെ ഒട്ടേറെ രചനകൾ തീരുമാനമാകാതെ കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. അവ വായിച്ച്, പ്രക്ഷേപണയോഗ്യമാണോ എന്ന് നോക്കാൻ പറഞ്ഞു.ഫയൽ തുറന്ന് നോക്കുമ്പോൾ , ആദ്യം കണ്ടത് മുൻപെന്നോ ഞാൻ യുവവാണിയിലേക്ക് അയച്ച ഒരു രചന. ഒരു നിലവാരവും അതിനുണ്ടായിരുന്നില്ല. ഞാനതെടുത്ത് ചവറ്റുകുട്ടയിൽ ഇട്ടു". അങ്ങനെ, സ്വന്തം രചനയെ കൊന്നു കൊണ്ടായിരുന്നു , തുടക്കം.
 
നാടക രചയിതാവായും അഭിനേതാവായും സംവിധായകനായും ഏറെക്കാലം നിറഞ്ഞുനിന്ന അബ്ദുള്ള നന്മണ്ട ഇന്നും ഓർക്കുന്നു, പ്രിയ സഹപ്രവർത്തകനായിരുന്ന ഖാൻകാവിലിനെ; അദ്ദേഹത്തിന്റെ മാസ്മരിക ശബ്ദത്തെ . യുവവാണിപരിപാടിയിൽ അദ്ദേഹത്തോടൊപ്പം ആദ്യകാലങ്ങളിൽ ജോലിചെയ്തിട്ടുണ്ട്. അന്ന് എൻ.എസ് ഐസക്കായിരുന്നു,ആ പരിപാടിയുടെ ചുമതല വഹിച്ചിരുന്ന പ്രോഗ്രാം എക്സിക്യൂട്ടീവ്. ശ്രോതാക്കളുമായി ഏറെ സ്നേഹബന്ധം പുലർത്തിയിരുന്നു,ഖാൻ കാവിൽ."എല്ലാ കത്തുകൾക്കും അദ്ദേഹം മറുപടി അയയ്ക്കുമായിരുന്നു. ആളുകളെ അങ്ങോട്ട്ചെന്ന് പരിചയപ്പെടും”. 
 
"ഞാൻ എഴുതിയതോ സംവിധാനം ചെയ്തയോ ആയ എല്ലാ നാടകങ്ങളുടേയും മുഖ്യകഥാപാത്രത്തിന്റെ ശബ്ദം ഖാൻ കാവിലിന്റേതായിരുന്നു". ശബ്ദചക്രവർത്തിയായിരുന്ന അദ്ദേഹത്തിന്റെ അകാല വിയോഗത്തിനുശേഷം പലപ്പോഴും പകരക്കാരനായി, അബ്ദുള്ള .
 
"കോഴിക്കോട് ആകാശവാണിയുടെ ലൈബ്രറിയിൽനിന്ന് എനിക്ക് അപൂർവ്വമായ ഒരു ടേപ്പ് കിട്ടി. ഖാൻ എഴുതി, ശബ്ദം നൽകി, സംവിധാനം ചെയ്ത 'അപൂർണം' എന്ന റേഡിയോ നാടകമായിരുന്നു, അത്. ഒപ്പം, അതിന്റെ സ്ക്രിപ്റ്റും ഉണ്ടായിരുന്നു. ഞാൻ അത് ഖാനിന്റെ മക്കളെ ഏല്പിച്ചു - നിങ്ങൾ സൂക്ഷിച്ചു വെക്കണം ; ബാപ്പയുടെ ഒരപൂർവ സമ്പാദ്യമാണിത്".
എ ഗ്രേഡ് റേഡിയോ ആർട്ടിസ്റ്റായ അബ്ദുള്ള നൻമണ്ട എണ്ണമറ്റ നാടകങ്ങൾക്ക് ശബ്ദം നൽകുകയും സംവിധാനം നടത്തുകയും ചെയ്തിട്ടുണ്ട്. നാല്പതോളം നാടകങ്ങളും എഴുതി. അതിൽ ഏറ്റവും ഇഷടപ്പെട്ട രചനയാണ് ‘വിലയം’. ദുഖ പര്യവസായിയായ നാടകം. “അത് പ്രക്ഷേപണം ചെയ്തതിൻ്റെ അടുത്തനാൾ എൻ്റെ ഏക അനുജത്തി സെറിബ്രൽ ഹെമറേജ് കാരണം മരിച്ചു. ആ നാടകത്തിലെ ആദ്യ വാക്യമായ ‘ലോകാലോകങ്ങളുടെ പാലകാ...’ എന്ന വരികൾ ഉദ്ധരിച്ചായിരുന്നു , അന്നത്തെ സ്റ്റേഷൻ ഡയറക്ടർ കെ. നാരായണൻ നായർ എനിക്ക് അനുശോചനക്കത്തെഴുതിയത്”. അക്കാലത്തെ രചനകളിൽ ‘ഇന്നെലെകൾ സാക്ഷി’യുടെ ആദ്യ കൈയ്യെഴുത്തു പ്രതി മാത്രമേ ബാക്കിയുള്ളൂ. കെ.പി ഉമ്മർ,വാസു പ്രദീപ്,കുഞ്ഞാണ്ടി, സുധീഷ് തുടങ്ങിയവരുടെയൊക്കെ ഒപ്പം അഭിനയിച്ചു. ‘ചെമ്മീനി'ലെ പരീക്കുട്ടി,‘ബാല്യകാലസഖി'യിലെ മജീദ് എന്നീ കഥാപാത്രങ്ങളെയാണ് ഏറ്റവും ഇഷ്ടം. അൻപതോളം ലളിതഗാനങ്ങളും എഴുതിയിട്ടുണ്ട്.
 
അബ്ദുള്ള നന്മണ്ടയെത്തേടി , ഒരു സായാഹ്നത്തിൽ വാർത്ത വായിക്കാനുള്ള ഭാഗ്യമെത്തിയ കഥയും അദ്ദേഹം പറഞ്ഞു. അന്നത്തെ അസിസ്റ്റൻ്റ് ന്യൂസ് എഡിറ്റർ പെരുന്ന കെ. എൻ. നായർ ഒരു ദിവസം മുറിൽ കടന്നുവന്ന് പറഞ്ഞു;ഇന്ന് വൈകിട്ടത്തെ വാർത്ത വായിക്കണം.
-ആ വാർത്താവായന കേട്ട് , കെ.എ കൊടുങ്ങല്ലൂർ പറഞ്ഞു;ഇരുത്തം വന്ന ന്യൂസ് റീഡർ. തുടർന്ന് പലദിവസങ്ങളിലും പ്രാദേശിക വാർത്തകൾ വായിച്ചു. അപ്പോഴേക്കും വാർത്താവായന നിർത്തി, ആ വിഭാഗത്തിൽ പ്രൊഡക്ഷൻ അസിസ്റ്റന്റായിരുന്നു, അച്യുതൻകുട്ടി. ( അദ്ദേഹം പ്രോഗ്രാം എക്സിക്യൂട്ടീവായി കോയമ്പത്തൂർ നിലയത്തിൽ നിന്ന് വിരമിച്ചു).
 
ലക്ഷദ്വീപ് പരിപാടിയുടെ ചുമതല വഹിച്ച കാലത്ത്, ദ്വീപുകൾ സന്ദർശിച്ച് 50 മിനിറ്റ് ദൈഘ്യമുള്ള ഡോക്ക്യുമെൻ്ററി നിർമ്മിച്ചതും അദ്ദേഹത്തിന് ഓർമ്മയുണ്ട്. പക്ഷേ,അനൗപചാരിക വിദ്യാഭ്യാസ പരിപാടികളെക്കുറിച്ച് സിങ്കപ്പൂരിൽ കോമൺ വെൽത്ത് ഓഫ് ലേണിങ്ങ് സംഘടിപ്പിച്ച അന്താരാഷ്ട്ര ശിൽപ്പശാലയിൽ പങ്കെടുക്കാനുള്ള ക്ഷണം അന്നത്തെ സ്റ്റേഷൻ ഡയറക്ടർ തട്ടിത്തെറിപ്പിച്ചത്,ഈ ദിവസങ്ങളിൽ അദ്ദേഹത്തെ ലക്ഷദ്വീപിലേക്ക് ടൂറിലയച്ചുകൊണ്ടായിരുന്നു!
 
ഏ. പി മെഹ്റലിയായിരുന്നു,ആദ്യകാലത്ത് വിദ്യാഭ്യാസ പരിപാടികളുടെ ചുമതല വഹിച്ചിരുന്നത്. അനൗപചാരിക വിദ്യാഭ്യാസപ്രചാരണാർത്ഥം ഒട്ടേറെ പരിപാടികൾ പ്രക്ഷേപണം ചെയ്ത അക്കാലത്തെ അനുഭവങ്ങൾ അബ്ദുള്ള നന്മണ്ട പങ്കുവെച്ചു. സാക്ഷരതായജ്ഞത്തിന് മുൻപ്,അഭിമുഖം എടുക്കാൻ ഒരു വീട്ടിൽ ചെന്നപ്പോൾ,കർട്ടനു പിന്നിൽ മറഞ്ഞിരുന്ന്,നീട്ടിപ്പിടിച്ച മൈക്കിലൂടെയായിരുന്നു , നിരക്ഷരയായ ഒരു മുസ്ലീം സ്ത്രീ ഉത്തരം പറഞ്ഞിരുന്നത്. അക്ഷരം പഠിച്ചശേഷം വീണ്ടും ഇതേ സ്ത്രീയെക്കണ്ടു. അവർ ,വെളിച്ചത്തുവന്ന് , മൈക്ക് വാങ്ങി,ആകാശവാണിയോട് സംസാരിച്ചു!
 
1992ൽ പ്രോഗ്രാം എക്സിക്യൂട്ടീവായി പ്രൊമോഷൻ കിട്ടി, കണ്ണൂർ എഫ്.എം നിലയത്തിലെത്തി.“അന്ന് ദൽഹിയിൽ നടത്തിയ ബേസിക് ട്രെയിനിങ്ങ് കോഴ്സിൽ , ഡൽഹി നിലയത്തിലെ പുതിയ പരിപാടികൾ പഠിക്കാൻ സാധിച്ചു. അതിന്റെ ബലത്തിൽ,കണ്ണൂരിൽ, ഫോൺ-ഇൻ പരിപാടി ചെയ്തു;കേരളത്തിലെ അത്തരത്തിലെ ആദ്യത്തേത് . രണ്ട് ഡോക്ടർമാർ പങ്കെടുത്ത ആരോഗ്യപരിപാടി. അത് ,ശബ്ദലേഖം ചെയ്ത്,പ്രക്ഷേപണം നടത്തുകയായിരുന്നു. 'ആകാശവാണിയിൽ ശ്രവ്യ ചികിത്സ ' എന്നായിരുന്നു , ഒരു മാധ്യമം അതെക്കുറിച്ച് നൽകിയ വാർത്തയുടെ തലക്കെട്ട്".
 
കൊച്ചി എഫ്. എം നിലയത്തിൽ പ്രവർത്തിച്ച കാലം അബ്ദുള്ള നന്മണ്ടയുടെ മാദ്ധ്യമജീവിതത്തിലെ വഴിത്തിരിവായി. ജനകീയ ബന്ധമുള്ള നിലയം. കുടുംബാന്തരീക്ഷം. കെ. വി ശരത്ചന്ദ്രൻ്റെ ‘ശത്രു’ നാടകത്തിൽ, ഇരുപതുകാരനായ കാഷ്മീർ തീവ്രവാദിയായി,സിദ്ധിക്കിനൊപ്പം അഭിനയിച്ചു.അടച്ചിട്ട മുറിയിലെ ചുവരുകൾക്കുള്ളിലിരുന്ന് ഒരു കഥാപാത്രമായി മാറുക എന്നത് സിനിമയിൽ അഭിനയിക്കുന്നതിനെക്കാളും വെല്ലുവിളികൾ നിറഞ്ഞതാണെന്ന് സിദ്ധിക്ക് പറഞ്ഞത് അദ്ദേഹം ഓർമ്മിച്ചു. അന്ന് സഹപ്രവർത്തകനായ ഡി. പരമേശ്വരൻ പോറ്റിയും പ്രോഗ്രാം മേധാവി ആർ.സി ഗോപാലും ആ നാടകത്തിൽ സഹാഭിനേതാക്കളായിരുന്നു.
 
"ആ നാടകത്തിലെ എൻ്റെ ശബ്ദം തിരിച്ചറിഞ്ഞ്,കോഴിക്കോട്ടേക്കുള്ള ബസിൽ സീറ്റ് സംഘടിപ്പിച്ചു തന്നു,എറണാകുളത്തെ ഒരു കെ.എസ് ആർ. ടി. സി ജീവനക്കാരൻ". മറ്റൊരിക്കൽ , ഒരു ട്രെയിനി ൽ, ഖാൻ കാവിലിൻ്റേയും തൻ്റേയുമൊക്കെ ശബ്ദങ്ങൾ വിലയിരുത്തുന്ന ഒരുകൂട്ടം സ്ത്രീയാത്രക്കാർക്കിടയിൽ, കുറ്റിപ്പുറം വരെ സഞ്ചരിച്ച കഥയും അദ്ദേഹം പറഞ്ഞു. സംഭാഷണങ്ങളെല്ലാം നിശബ്ദമായി കേട്ട അദ്ദേഹം അവസാനം സ്വയം പരിചയപ്പെടുത്തി,“നിങ്ങൾ പറഞ്ഞ ആ ആൾ ഞാനാണ്”.
 
‘ക്രിമിനൽസ്‘,‘ഓമനസ്വപ്നങ്ങൾ’ എന്നീ സിനിമകളിലും ‘കുറുക്കുവഴി ഡോട്ട് കോം’ തുടങ്ങിയ ഹോം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്,അബ്ദുള്ള നന്മണ്ട.
 
സ്വകാര്യ എഫ്. എം നിലയങ്ങൾ ചെറുപ്പക്കാരെ വഴി തെറ്റിക്കുന്നു. അനുഭവങ്ങളില്ലാത്തവർ മുതിർന്നവരെ ഉപദേശിക്കുക്കയാണ്. അതിനാൽ, അവരാരും ആ പരിപാടികൾ കേൾക്കുന്നില്ലെന്നും അബ്ദുള്ള നന്മണ്ട പറഞ്ഞു.
 
ചർച്ചയിൽ കെ. എ മുരളീധരൻ, കെ. വി ശരത്ചന്ദ്രൻ, അബ്ദുള്ള കൊടോളി, കെ. പി. കെ. വെങ്ങര ,സന ഫാത്തിമ എന്നിവർ പങ്കെടുത്തു. ഡി. പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
‘എന്റെ ആകാശവാണിക്കാലം' പന്ത്രണ്ടാം ഭാഗത്തിൻ്റെ ശബ്ദലേഖനം യൂട്യൂബിൽ ലഭ്യമാണ്.
ലിങ്ക്;https://youtu.be/-J1xwd71ipk


 

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) Aalkkoottam inland magazine (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) Church in Kerala (2) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) IT'S MAN-MADE (1) Indian Performing Rights (1) Indian tie (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) LOK PAL BILL (1) LOKAYUKTHA (1) Little Magazines in Kerala (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) MEDIA IN KERALA (1) MY BOOKS (2) Mavelikara (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) Nationalisation of segregated graveyards (1) OCCUPY WALL STREET (2) ONAM AND TV SHOWS IN KERALA (1) Onam (2) PAIDNEWS (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) Real estate on Moon (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) WOMEN RESERVATION IN PARLIAMENT (1) cyber crime case against blogger (2) first F.M station in Kerala (1) greenradio podcasts (1) local radio station (1) national heritage animal (1) parallel publications in Malayalam (1) woman paedophile (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആര്‍ഭാടങ്ങള്‍ (1) ആള്‍ക്കൂട്ടം (2) ആർ.വിമലസേനൻ നായർ (1) ആൽബർട്ടോ ഗ്രനാഡോ (1) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എ.എൻ.സി (2) എം.എ.എസ് (1) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (3) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കള്ളപ്പണം (1) കവരത്തി (1) കവിതാലാപനം (2) കാല്‍കഴുകിച്ചൂട്ടൽ (1) കാളന്‍ (1) കാളയിറച്ചി (1) കാസർകോഡ് ഡ്വാർഫ് (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാൽകഴുകിച്ചൂട്ടൽ (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആര്‍.നാരായണന്‍ (1) കെ.ആർ.ടോണി (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) കൻഷിറാം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) ഡൽഹി (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) നർമ്മം (2) നർമ്മദ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (2) മംഗളാദേവി ക്ഷേത്രം 2001- (1) മകരജ്യോതി (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മറൂഗ (1) മഹാസ്ഥാപനം (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (3) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (7) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) ളാഹ ഗോപാലൻ (1) വടയക്ഷി (1) വന്ദേ മാതരം (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (4) ശർബാനി (1) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍