എന്നിട്ടും, ഈ പ്രാര്‍ത്ഥനാബഹിഷ്കരണം തങ്ങളുടെ നേരെയുള്ള കടന്നാക്രമണമായി ആര്‍ക്കും തോന്നിയില്ല.മതന്യൂനപക്ഷ വിദ്യാലയത്തില്‍ കടന്നു കയറിയ നാസ്തികനെന്നു മുദ്രകുത്തി ഒരാളും ഒറ്റപ്പെടുത്തിയില്ല.ആരും നികൃഷ്ടനെന്ന് അക്ഷേപിച്ചില്ല.
കുര്‍ബാനയുടെ വിദൂരഛായയുള്ള ആ പ്രാര്‍ത്ഥന വ്യക്തിസ്വാതന്ത്ര്യത്തിനു മേലുള്ള കൈകടത്തലായതിനാല്‍ ഞാന്‍ ബഹിഷ്കരിച്ചു.അത് ആര്‍ക്കും അസന്തുഷ്ടിയോ,വിഷമമോ ഉണ്ടാക്കിയില്ല.സത്യത്തില്‍ അത് ഒരു ചര്‍ച്ചാവിഷയമേ ആയിരുന്നില്ല….
ഇപ്പോള്‍ കേരളത്തിലെ ഏതെങ്കിലും കാമ്പസില്‍ ഇതിനു തുടര്‍ച്ച ഉണ്ടോ എന്നറിയില്ല.മതേതരത്വത്തിന്റേയും വ്യക്തിസ്വാതന്ത്ര്യത്തിന്റേയും പേരില്‍ ഏതെങ്കിലും വിദ്യാര്‍ത്ഥി മതഛായയുള്ള ഇത്തരം പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാതിരിക്കാന്‍ തീരുമാനിക്കുമെന്ന് തോന്നുന്നില്ല.അങ്ങനെ ആരെങ്കിലും ധൈര്യപ്പെടുന്നപക്ഷം അതു അംഗീകരിച്ചുകൊടുക്കാന്‍ തക്ക ജനാധിപത്യബോധവും സഹിഷ്ണുതയും ഉള്ളവര്‍ ഉണ്ടാകാനിടയില്ല. എന്തുകൊണ്ടെന്നാല്‍,കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയില്‍ നമ്മുടെ സാമൂഹികപരിതസ്ഥിതികളില്‍ നാമറിയാത്ത ഒട്ടേറെ മാറ്റങ്ങള്‍ വന്നിരിക്കുന്നു.അതില്‍ പ്രധാനം സ്വകാര്യവിദ്യാലയങ്ങള്‍ എന്ന പൊതു ഇടങ്ങളില്‍ നിന്ന് മതേതരമൂല്യങ്ങള്‍ തീര്‍ത്തും അപ്രത്യക്ഷമായിരിക്കുന്നു എന്നതാണു.വിവിധ മത-ജാതി സംഘടനകളും വ്യക്തികളും നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങളില്‍ ആപത്കരമായ ഈ ഗതിമാറ്റം പ്രകടമാണു.
താന്താങ്ങളുടെ മത-ജാതി വിശ്വാസപ്രമാണങ്ങള്‍ക്കനുസൃതമായ പ്രാര്‍ഥനകളാണു മിക്കയിടത്തും ചൊല്ലുന്നത്.തങ്ങളുടെ ദൈവങ്ങളും മതചിഹ്ന്നങ്ങളും മാത്രം കാമ്പസില്‍ നിറചു വെക്കും.അവതാരപുരുഷരുടേയും ദിവ്യരുടേയും സ്ഥാപനങ്ങളില്‍ ഇത് പച്ചയായി തന്നെ ചെയ്യുന്നു.ക്ലാസ് മുറികളില്‍ പോലും അവതാരങ്ങളുടെ പടം വെച്ച് പൂജിക്കുന്നു.അവതാരങ്ങള്‍ എഴുന്നള്ളുമ്പോള്‍ താലപ്പൊലിയേന്താനും,വെന്‍ച്ചാമരം വീശാനുമൊക്കെ നാനാജാതിമതസ്ഥരായ കുട്ടികളെ ഇവര്‍ നിര്‍ബന്ധിച്ച് കൊണ്ടു പോകാറുണ്ടു.
‘’ഞങ്ങള്‍ ഞങ്ങളുടെ സ്കൂളുകളില്‍ ഞങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യും.നിങ്ങള്‍ നിങ്ങളുടെ സ്കൂളുകളില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്തോ ,’‘ എന്നതാണു പൊതു ന്യായം.അതു കൊണ്ടു തന്നെ കടുത്ത മതവിശ്വാസികള്‍ പോലും നഗ്നമായ ഇത്തരം മതസ്വാതന്ത്ര്യലംഘനങ്ങള്‍ക്ക് നേരേ പ്രതികരിക്കില്ല.സര്‍ക്കാരോ ,മാധ്യമങ്ങളോ ഇക്കാര്യം കണ്ടതായിപ്പോലും ഗൌനിക്കുന്നില്ല.
ഇങ്ങനെ,താന്താങ്ങളുടെ ജാതി-മത പരിവൃത്തത്തിനകത്ത് മാത്രം വിഹരിക്കുന്നവരുടെ ഒരു തലമുറ വളര്‍ന്ന് വരുന്നത് സൃഷ്ടിക്കുന്ന സാമൂഹികപ്രത്യാഘാതങ്ങളെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
അതെന്തായാലും,കൃസ്ത്യാനികള്‍ തങ്ങളുടെ മക്കളെ കൃസ്ത്യന്‍ സ്കൂളുകളില്‍ മാത്രം പഠിപ്പിക്കണമെന്ന ആര്‍ച്ച് ബിഷപ് മാര്‍ ജോസെഫ് പൌവത്തിലിന്റെ പ്രകോപനപരമായ പ്രസ്താവന ഈ മതവല്‍ക്കരണത്തിന്റെ അനിവാര്യ ദുരന്തമാണു.വിദ്യാലയങ്ങള്‍ തങ്ങളുടെ മതവും സംസ്കാരവും പാരമ്പര്യവും മാത്രം പ്രചരിപ്പിക്കാനുള്ള സ്ഥാപനങ്ങളാണു എന്ന ധാര്‍ഷ്ട്യത്തില്‍ നിന്നാണു പൌവ്വത്തില്‍ തിരുമേനിയുടെ ജല്‍പ്പനങ്ങള്‍ ഉണ്‍ടായിടുള്ളത്.സര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ച് നടത്തുന്ന തങ്ങളുടെ സ്ഥാപനങ്ങളില്‍ തങ്ങളുടെ ആള്‍ക്കാരെ മാത്രമെ കയറ്റൂ എന്നും ,പി .എസ്. സി തെരഞ്ഞെടുക്കുന്നവര്‍ നിരീശ്വരവാദികളും മദ്യപാനികളും ആണെന്നുള്ള തിരുമേനിയുടെ അധിക്ഷേപം ജനാധിപത്യവിശ്വാസികളുടെ ആത്മാഭിമാനത്തിനു മേലുള്ള ക്രിമിനല്‍ കൈയ്യേറ്റമാണു.(മദ്യപരുടെ കണക്കെടുത്താല്‍ ഏതു സമുദായക്കാരിലാണു ആനുപാതികമായി കൂടുതല്‍ കുടിയരും മദ്യമുതലാളിമാരുമുണ്ടാകുക!?)
ഇന്റര്‍–ചര്‍ച്ച്കൌണ്‍സിലിനും ബിഷപ്പിന്റെ തന്നെ അഭിപ്രായമാണുള്ളതെങ്കില്‍ സാമാന്യമര്യാദയനുസ്സരിച്ച് ഇനി ചെയ്യാവുന്നത് ഇത്രമാത്രം-തങ്ങളുടെ ആളുകള്‍ പഠിക്കുന്ന,തങ്ങള്‍ നിയമിച്ച തങ്ങളുടെ മതക്കാര്‍ (മാത്രം) പഠിപ്പിക്കുന്ന ,തങ്ങളുടെ സംസ്കാരവും പാരമ്പര്യവും കാത്തുസൂക്ഷിക്കാന്‍ നടത്തുന്ന ഈ സ്കൂളുകള്‍ മറ്റു മതസ്ഥരും ,നാസ്തികരും കൂടി അടങ്ങുന്ന പൊതുസമൂഹം നല്‍കുന്ന നികുതിപ്പണത്തില്‍ നിന്ന് ഒരു നയാപൈസ പോലും കൈപ്പറ്റരുത്.“ഞങ്ങളുടെ സ്കൂള്‍ ഞങ്ങള്‍ നടത്തിക്കോളാം.ശമ്പളവും ഞങ്ങള്‍ കൊടുത്തോളാം”,എന്നു ഇവര്‍ പ്രഖ്യാപിക്കുമെങ്കില്‍ ഈ ചര്‍ച്ച നമുക്കവസാനിപ്പിക്കാം,എന്താ?
മതത്തെ താങ്ങി നിര്‍ത്താന്‍ സര്‍ക്കാരിന്റെ പണം എന്തിനാണു,തിരുമേനിമാരേ?
45 comments:
ക്ഷീരമുള്ളൊരു അകിടിന്‍ ചുവട്ടിലും കൊതുകിനു പ്രിയം ചോരതന്നെ..
ഞാന്‍ ഭാഗ്യവാനാണ്, നബീസാത്തയുടെ കൈയ്യില്‍ നിന്നും പത്തിരിയും ഇറച്ചിയും കഴിക്കാനും, കര്‍മ്മേലമ്മയുടെ മടിയില്‍ക്കിടന്നുകൊണ്ടു കഥകള്‍ കേട്ടു വളരാനും പറ്റി..എന്റെ മോന് സുഭദ്രയുടെയും,മീനാക്ഷിയുടെയും, സരസ്വതിയുടെയും കൈയ്യില്‍ നിന്നു മാത്രമെ ഭക്ഷണം കിട്ടൂന്ന് വന്നാല്‍, അവന്‍ നിര്‍ഭാഗ്യവാന്‍..അല്ലേ...!
പ്രദീപ്,
നല്ല ശക്തമായ വ്യക്തതയുള്ള എഴുത്ത്.
"ഞങ്ങളുടെ സ്കൂള്‍ ഞങ്ങള്‍ നടത്തിക്കോളാം. ശമ്പളവും ഞങ്ങള്‍ കൊടുത്തോളാം" എന്നു് പിതാക്കന്മാര്‍ പ്രഖ്യാപിച്ചാല്‍ പോലും രാഷ്ട്രത്തിന്റെ കെട്ടുറപ്പുതന്നെ അപകടത്തിലാക്കുന്ന തരത്തിലുള്ള അവരുടെ നിലപാടുകള്‍ അനുവദിക്കാന്‍ പാടില്ല. സങ്കുചിതമായി കാണാനേ മതനേതാക്കള്‍ക്കു് കഴിയൂ. അധികാരത്തിലെത്താന്‍ വേണ്ടി സാമൂഹ്യവിരുദ്ധ ശക്തികളുമായി പോലും വിട്ടുവീഴ്ച്ച ചെയ്യാന്‍ മടിക്കാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ മറുവശത്തും! ഇതിനു് പരിഹാരം വിഭാഗീയചിന്താഗതികള്‍ക്കു് അതീതമായ ഒരു ജനാധിപത്യമാണു്. പക്ഷേ അതൊരു ഭാരതീയ സ്വപ്നമായി തുടരാനാണു് സാദ്ധ്യത എന്നു് തോന്നുന്നു.
നല്ല ലേഖനം.
പ്രദീപേ മാര്‍ പൌവത്തിലിനോടോ കത്തോലിക്ക സഭ ഇപ്പോള്‍ കളിക്കുന്ന ചീഞ്ഞ രാഷ്ടീയ നിലപാടുകളോടോ എനിക്ക് അല്പം പോലും പ്രതിപത്തി ഇല്ലാ എന്ന് ഞാന്‍ പറഞ്ഞു കൊണ്ട് ഒരു കാര്യം തിരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കത്തോലിക്കാ വിദ്യാലയങ്ങളില്‍ ഇപ്പോഴും അന്യ മതക്കാര്‍ക്ക് അവിടെ നടത്തുന്ന ക്രൈസ്തവ വിശ്വാസപരമായ പ്രാര്‍ത്ഥനകളും ആചാരങ്ങളും ബഹിഷ്ക്കരിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ട്. ഒരു വിതത്തിലുള്ള മതബോധന പ്രവര്‍ത്തനങ്ങളും അക്രൈസ്തവ വിശ്വാസികളില്‍ മാത്രമല്ല കത്തോലിക്കാതേര വിദ്യാര്‍ത്ഥികളില്‍പ്പോലും അടിച്ചേല്‍പ്പിക്കുന്നില്ല. പിന്നെ ആകേ ഉന്നയിക്കാവുന്ന ആരോപണം സന്മാര്‍ഗ്ഗം എന്ന പേരില്‍ ഒരു മണിക്കൂര്‍ നിര്‍ബന്ധമായും എല്ലാവിദ്യാര്‍ത്ഥികളേയും മാസത്തില്‍ രണ്ട് ദിവസം പഠിപ്പിക്കാറുണ്ട് അതിന് പ്രതേക പരീക്ഷയും വാര്‍ഷികമായി നടത്താറുണ്ട്. എന്നാല്‍ എന്റെ അനുഭവത്തില്‍ അതില്‍ ക്രൈസ്തവ വല്‍ക്കരണത്തിന്റെ ഒരു അംശം പോലുമില്ലാ എന്ന് ഞാന്‍ ഉറപ്പുപറയുന്നു. 90% കത്തോലിക്ക വിദ്യാര്‍ത്ഥികള്‍ മാത്രം പഠിക്കുന്ന തലശ്ശേരി രൂപതകളിലെ സര്‍ക്കാര്‍ എയ്‌ഡഡ് വിദ്യാലയങ്ങളില്‍ നിന്നുള്ള ഇന്‍പുട്ടിനെ ആധാരാമാക്കിയാണ് ഞാന്‍ ഇത് പറയുന്നത്. ഞാനും ഇത്തരം വിദ്യാലയങ്ങളില്‍ പഠിക്കുകയും ഇപ്പോഴും അവിടുത്തെ അവസ്ഥകളെ അറിയുകയും ചെയ്യുന്നതിനാല്‍ പറയുന്നു. പിന്നെ ഈ വിദ്യാലയങ്ങളിലെല്ലാം എന്റെ ബന്ധുക്കള്‍ ജോലി ചെയ്യുന്നതിനാല്‍ എന്നെ വിശ്വസിക്കാം.
ഇനി സര്‍ക്കാര്‍ നിയമനങ്ങളെ എതിര്‍ക്കുന്നതിന് പറയുന്ന മാനദ്ണ്ഡമായ മദ്യപാനവും നിരീശ്വരവാദവുമൊക്കെ എന്നില്‍ ചിരി ഉണര്‍ത്തുന്നു. മദ്യപിക്കാത്തവരേയും നിരീശ്വര വാദികളേയും മഷിയിട്ട് നോക്കിയാല്‍ത്തന്നെ കിട്ടാന്‍ പാടില്ലാത്ത് സ്ഥലമായി കേരളം വളരുന്ന ഈ സാഹ്ചര്യത്തില്‍. മദ്യപികാത്തവരെ അധ്യാപകരായി കിട്ടണമെങ്കില്‍ മുസ്ലിം സമുദായത്തില്‍ പോയി തപ്പേണ്ടി വരുമെന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. പിന്നെ നിരീശ്വര വാദികള്‍ കേരളാ യുക്തിവാദൈ സംഘത്തില്‍പ്പെട്ടവരുടെ കുടുമ്പത്തില്‍പ്പോലും അവര്‍ കമ്മിയാണ്. പിന്നെയല്ലേ ഇവിടെ.
അപ്പോള്‍ എന്താകും ഒരു പ്രകോപനവും ഇല്ലാതെ കത്തോലിക്ക സഭ അരയും തലയും മുറുക്കി ഇറങ്ങുന്നത്. സര്‍ക്കാര്‍ ലിസ്റ്റില്‍ നിന്ന് അധ്യാപകരെ തിരഞ്ഞെടുത്താല്‍ അത് കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയില്ല എന്ന ഭീതിയാകുമോ. ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് ഞാന്‍ മനസ്സിലാക്കുന്നത് സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന സ്ഥാപനങ്ങളില്‍ നിയമനാവകാശം സര്‍ക്കാരിന് ഉണ്ട് എന്ന് കോടതി അംഗീകരിച്ചിട്റ്റുന്റെന്നും വിദ്യാഭ്യാസ പരിഷ്ക്കരണ ബില്ലിലെ ഈ വ്യവസ്ഥ എന്തെ നടപ്പിലാക്കാത്തത് എന്ന് കോടതി പലവട്ടം ചോദിച്ചിട്ടുണ്ട് എന്നുമാണ് അറിയുന്നത്. അപ്പോള്‍ ഇത് കോടതിയില്‍പ്പോയാല്‍ കിട്ടില്ല എന്നതാകുമോ സഭയെ വിലകുറഞ്ഞ കളികള്‍ക്ക് പ്രേരിപ്പിക്കുന്നത്.
അതേ;അതുതന്നെ കാര്യം.കേരള വിദ്യാഭ്യാസ നിയമത്തിലെ പതിനൊന്നാം വകുപ്പു നടപ്പിലാക്കാത്തത് അത് കോടതി അസാധുവാക്കിയതിനാലായിരുന്നില്ല.നിയമത്തിനെതിരായ കേസ് സുപ്രീകോടതി തള്ളിയിട്ടും ,പിന്നാലെ വന്ന സര്‍ക്കാര്‍ പതിനൊന്നാം വകുപ്പു പരണത്തു വെക്കുകയായിരുന്നു.അതു അചുതാനന്ദന്‍ സര്‍ക്കാറ് പുറത്തെടുത്ത് നിയമനകച്ചവടം അവസാനിപ്പിക്കുമെന്ന ഭയത്തീല്‍ നിന്നാണു ഈ ബഹളങ്ങളൊക്കെയും.ഇത് നേരെ പറയാന്‍ ധൈര്യമില്ലാത്തതിനാലാണു പള്ളിയും പട്ടക്കാരും കുറെകാലമായി വേറെ ഓരോന്ന് പറഞ്ഞുകൊണ്ടു നടക്കുന്നത്.പക്ഷെ, നിയമനാധികാരം പി എസ് സിക്കു വിടാന്‍ ത്രാണിയുള്ള ഭരണനേതൃത്വം കേരളത്തില്‍ ഇനിയും ഉണ്ടായിട്ടില്ല എന്നാനു എന്റെ അഭിപ്രായം.
പ്രദീപ്,കിരണ്‍,
ബിഷപ്പ് ജോസഫ് പൌവത്തിലിനോടും കത്തോലിക്കാസഭയുടെ നിലപാടുകളോടും എനിയ്ക്ക് പ്രതിപത്തിയുണ്ട്. അതേ സമയം ഇതേക്കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ ചിലരുടെ സ്ഥപിത കക്ഷിരാഷ്ടീയതാത്പര്യങ്ങളും മുന്‍വിധികളും ചര്‍ച്ചയെ സഹായിക്കാനിടയില്ലാത്തതുകൊണ്ട് തത്ക്കാലം അതിനു മുതിരുന്നില്ല. ക്രിയാത്മകമായ ഒരുചര്‍ച്ചയ്ക്ക് ഞാന്‍ തയ്യാറാണ്.
മാര്‍ പൌവ്വത്തിലിന്റെ പ്രസ്താവനയില്‍ ഇത്രമാത്രം ആശങ്കപ്പെടേണ്ട കാര്യമുണ്ടോ എന്നെനിക്ക് സംശയം (അദ്ദേഹം പറഞ്ഞു എന്ന് ആദ്യം പത്രവാര്‍ത്തകള്‍ വായിച്ചപ്പോള്‍ എനിക്കും തോന്നിയിരുന്നു, എന്താണിങ്ങനെ അദ്ദേഹം പറയുന്നതെന്ന്- ആ രീതിയില്‍ ഈ ബ്ലോഗില്‍ തന്നെ ഒരു അഭിപ്രായവും പറഞ്ഞിരുന്നു).
അദ്ദേഹം ക്രിസ്തുമതത്തിന്റെ അധികാരപ്പെട്ട ഒരാളാണ്. സ്വന്തം മതത്തെ സംബന്ധിച്ച കാര്യങ്ങള്‍ സ്വന്തം മതവിശ്വാസികളോട് പറയാനുള്ള അവകാശം അദ്ദേഹത്തിനുണ്ട്-അത് നിയമാനുസൃതവും ഭരണഘടനയ്ക്കനുസരിച്ചുമായിരിക്കണമെന്ന് മാത്രം.
ഇവിടെ അദ്ദേഹം പറഞ്ഞത് ക്രിസ്ത്യാനികള്‍ അവരുടെ മക്കളെ ക്രിസ്തുമതസ്ഥാപനങ്ങളില്‍ പഠിപ്പിക്കണമെന്നാണ്. അത് തികച്ചും ആ മതത്തിന്റെ ആഭ്യന്തരകാര്യമല്ലേ. മാര്‍ക്സിസ്റ്റുകാര്‍ മക്കളെ മാര്‍ക്സിസ്റ്റുകാരായി വളര്‍ത്തണമെന്നോ അവര്‍ എല്ലായ്പോഴും ലോക്കല്‍ കമ്മറ്റി മീറ്റിംഗുകളില്‍ പങ്കെടുക്കണമെന്നോ ഒക്കെ പാര്‍ട്ടി സെക്രട്ടറി പറഞ്ഞാല്‍ തോന്നാത്ത അസ്വഭാവികത ഇക്കാര്യത്തില്‍ എന്തിനാണ്?
പക്ഷേ അദ്ദേഹം ക്രിസ്തുമത സ്ഥാപനങ്ങളില്‍ മറ്റു മതവിശ്വാസികളെ പഠിപ്പിക്കില്ല എന്നുപറഞ്ഞിരുന്നെങ്കില്‍ അത് പൂര്‍ണ്ണമായും തെറ്റും അപലപനീയവും. അങ്ങിനെ അദ്ദേഹം പറഞ്ഞിട്ടില്ല. മാത്രവുമല്ല, ക്രിസ്തുമതസ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ എല്ലാം ക്രിസ്തുമതവിശ്വാസികള്‍ ആവുന്നുമില്ല. ക്രിസ്ത്യാനികള്‍ അവരുടെ കുട്ടികളെ മറ്റു മതസ്ഥാപനങ്ങളിലൊക്കെ പഠിപ്പിച്ചിതുകൊണ്ട് മാത്രം മതേതരമാവും എല്ല്ലാവരുടെയും ചിന്തയെന്നൊന്നുമില്ല എന്ന് തോന്നുന്നു. മതേതരത്വം അടിച്ചേല്‍പ്പിക്കപ്പെടേണ്ട ഒന്നല്ല എന്നാണ് എന്റെ അഭിപ്രായം. അതിനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കരുതെന്ന് മാത്രം. അത് ഓരോരുത്തര്‍ക്കും തോന്നിത്തന്നെ ചെയ്യേണ്ടതാണ്.
പക്ഷേ, പല പല വ്യാഖ്യാനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഇത്തരം പ്രസ്താവനകള്‍ നടത്തുമ്പോള്‍ വളരെ സൂക്ഷിച്ച് തന്നെ പറയണം. ക്രിസ്ത്യാനികള്‍ മക്കളെ ക്രിസ്തുമത സ്ഥാപനങ്ങളില്‍ പഠിപ്പിക്കണം, എന്നാല്‍ എല്ലാ മതവിശ്വാസികള്‍ക്കും ക്രിസ്തുമത സ്ഥാപനങ്ങളില്‍, അവരുടെ മതവിശ്വാസങ്ങളെ ഹനിക്കാത്ത രീതിയില്‍ പഠിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട് എന്നോ മറ്റോ ആയിരുന്നു പറഞ്ഞിരുന്നതെങ്കില്‍ ഇത്രയും പ്രശ്‌നമുണ്ടാവില്ലായിരുന്നു എന്നു തോന്നുന്നു.
പക്ഷേ അദ്ദേഹത്തിന്റെ ഈ പറച്ചിലെല്ലാം, ഗവണ്മെന്റിനെയും മന്ത്രിമാരെയും എന്തെങ്കിലും രീതിയില്‍ സമ്മര്‍ദ്ദത്തിലാഴ്‌ത്താനാണെങ്കില്‍ അതിനോട് യോജിപ്പില്ലെന്നു മാത്രമല്ല, ശക്തമായി വിയോജിക്കുകയും ചെയ്യുന്നു. അതുപോലെതന്നെ പി.എസ്.സി വഴി നിയമനം കിട്ടുന്നവരെല്ലാം മദ്യപാനികളും നിരീശ്വരവാദികളുമായിരിക്കും എന്നെളുപ്പത്തില്‍ വ്യാഖ്യാനിക്കാവുന്ന രീതിയിലുള്ള ആ പ്രസ്താവനയും (അത് നടത്തിയത് മാര്‍ പൌവ്വത്തില്‍ അല്ല). അത്തരം പ്രസ്താവനകളും സമ്മര്‍ദ്ദ തന്ത്രങ്ങളും തികച്ചും അപലപനീയം തന്നെ. അതുപോലെ തന്നെ സര്‍ക്കാരുമായുള്ള കത്തോലിക്കാ സഭയുടെ ഇപ്പോഴത്തെ ഏറ്റുമുട്ടലുകളോടും യോജിപ്പില്ല. അത് പലതും സമ്മര്‍ദ്ദ തന്ത്രമായി ചിലപ്പോഴെങ്കിലും എനിക്ക് തോന്നിയിട്ടുണ്ട്.
കിരണ്‍ പറഞ്ഞതുപോലെ എയിഡഡ് സ്കൂള്‍ നിയമനവുമായി ബന്ധപ്പെട്ടാണ് ഈ പറച്ചിലുകളെങ്കില്‍, സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നെങ്കില്‍ നിയമനാധികാരവും സര്‍ക്കാരിന് വേണം എന്ന അഭിപ്രായക്കാരനായ എനിക്ക് അതിനെതിരെയുള്ള സമ്മര്‍ദ്ദതന്ത്രമായി ഇത്തരം പ്രസ്താവനകളെ കണ്ടാല്‍ അത്തരം പ്രവര്‍ത്തികളോട് യാതൊരു യോജിപ്പുമില്ല്ല. ഇക്കാര്യത്തില്‍ ധീരമായ ഒരു തീരുമാനം പറഞ്ഞത് വെള്ളാപ്പള്ളിയാണ് (അദ്ദേഹത്തിന്റെ ഉദ്ദേശം എന്താണെന്നറിയില്ലെങ്കിലും എസ്.എന്‍.ഡി.പി നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാമെന്ന് അദ്ദേഹം പറഞ്ഞു).
അതുപോലെ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തില്‍ ഇപ്പോഴുള്ള സാമുദായിക അസന്തുലിതാവസ്ഥ തികച്ചും സ്വാഭാവികമായി സംഭവിച്ചതാണെങ്കില്‍ ഓക്കേ. ക്രിസ്ത്യന്‍ മാനേജ്‌മെന്റിന് 3000 ല്‍ പരം സ്ഥാപനങ്ങളുള്ളപ്പോള്‍ മറ്റ് സമുദായങ്ങള്‍ക്കെല്ലാം കൂടി 500 ഓ മറ്റോ ഉള്ളൂ എന്ന് എവിടെയോ വായിച്ചിരുന്നു. അത്, മറ്റു സമുദായങ്ങള്‍ക്ക് ഇക്കാര്യത്തിലുള്ള താത്‌പര്യക്കുറവിന്റെ ഫലമാണെങ്കില്‍ അതില്‍ പരാതി പറഞ്ഞിട്ട് കാര്യമില്ല. അതവരുടെ പ്രശ്‌നം, അവരുടെ കഴിവുകേട്. പക്ഷേ കഴിഞ്ഞതിനു മുന്നിലത്തെ തിരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി തിരഞ്ഞുപിടിച്ച് പി.ജെ.ജോസഫിനെ തോല്പിക്കും എന്ന് പറഞ്ഞതിന്റെ കാരണം യോഗം അപേക്ഷിച്ചിട്ടും യോഗത്തിനനുവദിക്കാതെ പ്ലസ് ടു സ്കൂളുകള്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റിനനുവദിച്ചു എന്നോ മറ്റോ പറഞ്ഞായിരുന്നു (ആ തിരഞ്ഞെടുപ്പില്‍ അല്ലെങ്കിലും ജോസഫ് തോല്‍ക്കുമായിരുന്നോ എന്നറിയില്ല്ല. അതിനടുത്ത തിരഞ്ഞെടുപ്പില്‍ വെള്ളാപ്പളി സഹായിക്കാമെന്നേറ്റവര്‍ തോല്‍ക്കുകയും തോല്‍പ്പിക്കുമെന്ന് പറഞ്ഞവര്‍ ജയിക്കുകയും ചെയ്തപ്പോള്‍ യൂത്ത് കോണ്‍ഗ്രസ്സോ മറ്റോ പറഞ്ഞു, ഇനി ദയവായി സഹായിച്ചുപദ്രവിക്കരുതേ എന്ന്- അതതിന്റെ മറുപുറം).
ഏതെങ്കിലും ഒരു വിഭാഗത്തിന് സ്കൂളുകള്‍ കൂടുതല്‍ വരുന്നതുകൊണ്ട് കുഴപ്പമില്ല, പക്ഷേ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് ആ ഒരു അവസ്ഥയും ഇപ്പോള്‍ ഒരു സമ്മര്‍ദ്ദമായി ഉപയോഗിക്കുന്നുണ്ടോ എന്ന് സംശയം- സ്കൂളുകള്‍ അടച്ചിട്ടും മറ്റും പ്രതിഷേധിക്കുന്നത് വഴി. കാരണം, ക്രിസ്തുമത വിശ്വാസികള്‍ മാത്രമല്ല അത്തരം സ്കൂളുകളില്‍ പഠിക്കുന്നത്. അപ്പോള്‍ ക്രിസ്തുമതത്തിന്റെ ഒരു ആഭ്യന്തര കാര്യത്തിനു വേണ്ടി ആ സ്കുളുകള്‍ അടച്ചിടുമ്പോള്‍ മറ്റ് മതവിശ്വാസത്തിലുള്ളവര്‍ക്കും ആ സ്കൂളൂകളിലെ പഠനം നിഷേധിക്കപ്പെടുകയാണ്. ഏത് മതത്തിന്റെ പ്രശ്നവും നമ്മുടെയെല്ലാം പ്രശ്‌നം, അതുകൊണ്ട് ന്യൂനപക്ഷ അവകാശം സംരക്ഷിക്കാന്‍ ന്യൂനപക്ഷസ്കൂളുകള്‍ അടച്ചിടുമ്പോള്‍ ഭൂരിപക്ഷത്തിന് യാതൊരു പ്രശ്‌നവുമില്ല, തിരിച്ചും അങ്ങിനെ തന്നെ എന്നാണെങ്കില്‍ അത് തന്നെ മതേതരത്വത്തിന്റെ നല്ലൊരു ഉദാഹരണമാണ്. അങ്ങിനെയല്ല എങ്കില്‍ അത് അസന്തുലിതാവസ്ഥ മുതലെടുത്തുള്ള ഒരു സമ്മര്‍ദ്ദ തന്ത്രമായാണ് തോന്നുന്നത്.
ഇത്തരം ചിന്തകള്‍ മാറ്റി നിര്‍ത്തിയാല്‍ മാര്‍ പൌവ്വത്തിലിന്റെ ആ പ്രസ്താവന മതേതരത്തിനോടുള്ള വെല്ലുവിളിയായി എനിക്ക് തോന്നുന്നില്ല. പ്രതിഷേധിക്കുന്നെങ്കില്‍ അത് ചെയ്യേണ്ടത് മതങ്ങളെ കൂട്ടുപിടിച്ച് വോട്ടുബാങ്കുണ്ടാക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളോടാണ്. അതുപോലെ നിങ്ങള്‍ ഇന്നവര്‍ക്കേ വോട്ട് ചെയ്യാവൂ, കാരണം അവര്‍ നമ്മുടെ മതവിശ്വാസിയാണ് എന്ന് ആരെങ്കിലും പറയുമ്പോള്‍ അത് കേട്ട് ഓടിപ്പോയി അവര്‍ക്കുതന്നെ കുത്തുന്ന നാട്ടുകാരോടും. ഏത് മുന്നണിയോ പാര്‍ട്ടിയോ വന്നാലും എല്ലാ മതവിശ്വാസങ്ങളോടും തുല്ല്യ അകലം പാലിക്കുകയാണെങ്കില്‍ ആര്‍ക്കും പരാതിയുണ്ടാവില്ല. പക്ഷേ അല്ലാതെയുള്ള വിവേചനങ്ങളാണ് പലര്‍ക്കും പ്രശ്നം. ഏത് മന്ത്രിസഭ വന്നാലും കാര്യം കാണാന്‍ പലരും പല രീതിയിലും സമീപിക്കും. ഏതൊക്കെ തള്ളണം,ഏതൊക്കെ കൊള്ളണം എന്ന് തീരുമാനിക്കേണ്ടത് മന്ത്രിമാരാണ്. വോട്ടിനു വേണ്ടി ഏതെങ്കിലും മതത്തിന് എന്തെങ്കിലും അവിഹിതമായി ചെയ്തു കൊടുക്കുന്നവര്‍ തന്നെയാണ് കാശിനു വേണ്ടിയും അവിഹിതമായ കാര്യങ്ങള്‍ ചെയ്യുന്നത്. രണ്ടാമത്തേതിനെ നമ്മള്‍ അഴിമതി എന്നു വിളിക്കും എന്നുമാത്രം.
ജോജു വരൂ തുറന്ന് ചര്‍ച്ച ചെയ്യാം.
ഇതില്‍ വക്കാരി പറഞ്ഞതിനോട് ഏതാണ്ട് യോജിപ്പാണുള്ളത്. പൌവത്തില്‍ പിതാവിനെ വിമര്‍ശിയ്ക്കുന്നവരുടെ രാഷ്ട്രീയമാണ് നമ്മള്‍ തിരിച്ചറിയേണ്ടത്. സഭയെ UDF നോട് ചേര്‍ത്തുനിര്‍ത്തി വിമര്‍ശിയ്ക്കാന്‍ പിണറായി വിജയന്‍ പ്രത്യേകിച്ചും ശ്രമിയ്ക്കുന്നുണ്ട്. സഭയേ സംബന്ധിച്ചിടത്തോളം ഇത്തരം കക്ഷിരാഷ്ടീയമില്ല. അതേ സമയം കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക് (ഇടതുപക്ഷ പാര്‍ട്ടികള്‍ അല്ല) എതിരായ സമീപനം കൈക്കൊണ്ടിട്ടുണ്ട്. അത് റഷ്യയിലായാലും ശരി, ചൈനയിലായാലും ശരി. ഒരിക്കലും നിരീശ്വരവാദം പ്രചരിപ്പിയ്ക്കുന്ന അക്കാര്യത്തില്‍ അംഗീകരിയ്ക്കന്‍ സഭയ്ക്കാവുകയില്ല. അതേ സമയം ഇടതുപക്ഷത്തോട് സഭയ്ക്ക് എതിര്‍പ്പില്ല എന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പു തന്നെ വിതയത്തില്‍ പിതാവു പറഞ്ഞിട്ടൂള്ളതാണ്. അതേ സമയം സഭാവിശ്വാസികളെന്ന നിലയിലും അല്ലാതെയും UDF ലെയും കേരളാ കോണ്‍ഗ്രസുകളിലെയും ഇടതുപക്ഷത്തെ സംഘടനകളിലെയും പല നേതാക്കളുമായും സഭയ്ക്ക് നല്ല ബന്ധമാണുള്ളത്. അതുകൊണ്ട് സഭ UDF അനുകൂലമാണ് എന്ന് പറയുന്നതില്‍ രാഷ്ടീയലക്ഷ്യമല്ലാതെ മറ്റൊന്നുമില്ല. സഭയ്ക്ക് വ്യക്തമായ നിലപാടുകളുണ്ട്. അത് ഏതെങ്കിലും രാഷ്ടീയപാര്‍ട്ടിയുടെ നിലപാടല്ല. ഇത്രയും ആമുഖമായി പറഞ്ഞു എന്നു മാത്രം.
നിയമനത്തിലെ മാനേജുമെന്റിന്റെ ന്യായങ്ങള്‍
എന്തുകൊണ്ടാണ് നയനാര്‍ സര്‍ക്കാര്‍ സര്‍ക്കാര്‍ സ്വാശ്രയകോളേജുകള്‍ ആരംഭിച്ചതെന്നറിയുമോ?
എന്തുകൊണ്ടാണ് ആന്റണി സര്‍ക്കാര്‍ സ്വകാര്യസ്വാശ്രയങ്ങള്‍ക്ക് അനുമതി കൊടുത്തതെന്നറിയുമോ? ശമ്പളം കൊണ്ടു മാത്രം വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടക്കുമായിരുന്നെങ്കില്‍ കൂടുതല്‍ സര്‍ക്കാര്‍ സ്വാശ്രയങ്ങള്‍ തുടങ്ങാന്‍ എന്തേ സര്‍ക്കാരുകള്‍ മടിച്ചു. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസത്തെ ആവശ്യങ്ങള്‍ മുഴുവന്‍ സാധിയ്ക്കത്തക്കവിധം സര്‍ക്കാര്‍ സ്വാശ്രയങ്ങള്‍ നടത്താന്‍ എന്തുകൊണ്ട് UDF, LDF സര്‍ക്കാരുകള്‍ മടിക്കണം. കൊച്ചിന്‍ യൂണിവേര്‍സിറ്റിയില്‍ ആരംഭിയ്ക്കാനിരുന്ന ആധുനിക സാങ്കേതിയകോഴ്സുകള്‍ എന്തുകൊണ്ട് ആരംഭിച്ചില്ല എന്നതിനെക്കുറിച്ചുള്ള വക്കാരിയുടെ പോസ്റ്റും വായിക്കുക. അതുകൊണ്ട് ശമ്പളം മാത്രം നല്‍കിയാല്‍ സ്ഥാപനമാകുമെന്ന് ധരിയ്ക്കരുത്.
സ്വകാര്യമാനേജുമെന്റുകള്‍ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ലക്ഷ്യങ്ങള്‍ പലതാണ്. സാമ്പത്തിക ലക്ഷ്യത്തിനുവേണ്ടിയാണ് ഈ സ്ഥാപനങ്ങള്‍ നടത്തുന്നത് എന്ന വാദം അതിനെ മനസിലാക്കാത്തതുകൊണ്ടൂം മനസിലാക്കാന്‍ ശ്രമിയ്ക്കാത്തതുകൊണ്ടൂമാണ്. ഭൂരിപക്ഷത്തിലും ന്യൂനപക്ഷത്തിലും വരുന്ന വിവിധ മത സംഘടനകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. ഇവര്‍ക്കെല്ലാം അവരവരുടേതായ ലക്ഷ്യങ്ങളുണ്ട്. NSS, SNDP, ചിന്മയാ മിഷന്‍ തുടങ്ങി എത്രയോ ഹിന്ദു സംഘടനകള്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തുന്നു. കത്തോലിക്കാ സഭയിലേ തന്നെ വിവിധ സന്യാസ സമൂഹങ്ങള്‍ വിദ്യാലയങ്ങള്‍ നടത്തുന്നു. ഇവയ്ക്കെല്ലാം അവരവരുടേതായ ലക്ഷ്യങ്ങളൂണ്ട്. അതിനെ വിലകുറച്ചുകാണുകയും സംശയത്തോടെ കാണുകയും താറടിച്ച് കാണിയ്ക്കാന്‍ ശ്രമിയ്ക്കുകയും ചെയ്യുന്നവരോട് എനിയ്ക്ക് സഹതാപമേയുള്ളൂ.
കേവലം സിലബസ് പൂര്‍ത്തിയാക്കുക എന്നതില്‍ കവിഞ്ഞ് മാനേജുമെന്റിനുള്ള നല്ല താത്പര്യങ്ങള്‍ സംരക്ഷിയ്ക്കപ്പെടണമെങ്കില്‍ മാനേജുമെന്റിന്റെ നിയമനാധികാരങ്ങള്‍ നിലനിന്നേ മതിയാവൂ. അത് ന്യൂനപക്ഷങ്ങളെ മാത്രം ബാധിയ്ക്കുന്ന ഒന്നല്ല.
പ്രദീപ്, കാലികപ്രസ്കതമായ ഈ പോസ്റ്റിനൊരു സല്യൂട്ട് ആദ്യമേ!
ജോജി, വക്ക്സ് എഴുതിയത് വായിച്ചു.
തിരുമേനിയുടെ ഭാഗത്ത് നിന്ന് ചിന്തിച്ചാല്‍ നിങ്ങള്‍ രണ്ടാളും പറഞ്ഞതാണ് സംഭവിച്ചിട്ടുണ്ടാവുക,
എന്നാല്‍ എന്തൊക്കെ ന്യായീകരണങ്ങള്‍ ഉണ്ടായാല്‍ തന്നെയും പരസ്യമായി കേരളത്തിന്റെ സാമൂഹിക രാഷ്ടീയ സാഹചര്യത്തില്‍ പരസ്യമായി പറയാന്‍ പാടില്ലാത്ത ഒരു സ്റ്റേറ്റ്മെന്റായിപ്പോയി തിരുമേനിയുടേത്, തിരുമേനിമാര്‍ക്ക് രാഷ്ട്രീയം അറിയാത്തതില്‍ വന്ന പരാജയമാണ്!
സത്യത്തില്‍ ഈ രണ്ട് സ്റ്റേറ്റ്മെന്റുകളും പ്രതിസന്ധിക
ളില്‍ മുങ്ങിത്താണുകൊണ്ടിരുക്കുന്ന ഇടത്പക്ഷ സര്‍ക്കാരിനു തല്‍ക്കാലം ഒരു പിടിവള്ളിയായിമാറി എന്നതാണ് വാസ്തവം,
(ഈ ആഴ്ചയിലെ ബ്ലോഗുകള്‍ ഉദാഹരണം)
കിട്ടിയ ആയുധം വേണ്ടവിധം ഉപയോഗിക്കാന്‍ അറിയാവുന്ന പിണറായിയും കൂട്ടരും അത് യു ഡി എഫിന്റെ തലയിലും കൂടെ വച്ചുകെട്ടി, പാവം പൊതുജനം ഇതൊക്കെ കണ്ട് അന്തംവിട്ട് കുന്തം വിഴുങ്ങി ഇരിക്കുന്നു.അതിലും അന്തംവിട്ട് ഇവിടുത്തെ കോണ്‍ഗ്രസ്സ് നേതാക്കളും.
ഇനി ഈ സ്റ്റേറ്റ്മെന്റ് എന്തുകൊ
ണ്ടാണ് തെറ്റാവുന്നതെന്ന് ചോദിച്ചാല്‍ പബ്ലിക്കിന്റെ പണമെടുത്ത് അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കുന്ന സ്വകാര്യമാനേജ്മെന്റാണ് കത്തോലിക്ക സഭകളുടേത്,
ഞാനും ജോജുവും കേരളത്തിലെ ഓരോ ഹിന്ദുവും മുസല്‍മാനും ഒക്കെ ആ സ്കൂളിന്റെ അവകാശികളാണ്, ആ സാഹചര്യത്തില്‍ നമ്മുടെ സോഷ്യല്‍ സെറ്റപ്പില്‍ മാനസികമായി മതങ്ങള്‍ തമ്മില്‍ ഒരു വേര്‍തിരിവിന് ഈ പ്രസ്താവന കാരണമാകും. ഒരു ഹിന്ദുവിന്റേയോ ഇസ്ലാമിന്റേയോ ഭാഗത്ത് നിന്നും ഈ പ്രസ്താവനയെ ഒന്നു ചിന്തിച്ച് നോക്കൂ,
ഓ അവരുടെ സ്കൂള്‍ അവരുടെ കുട്ടികള്‍ എന്നല്ലേ മനസ്സില്‍ ആദ്യം ഉണ്ടാവുക( നമ്മുടെ സ്കൂള്‍ എന്ന് ഓരോ നാട്ടിലും ഉള്ള കത്തോലിക്ക സ്കൂളുകളെപറ്റി ജാതി ഭേദമന്യേ ആ നാട്ടുകാര്‍ പറഞ്ഞിരുന്ന സാഹചര്യത്തിലാണെന്ന് കൂടെ ഓര്‍ക്കുക)
ആ പ്രസ്താവന സഭയുടെ ഏതെങ്കിലും പ്രസീദ്ധീകരണങ്ങളില്‍ ആയിരുന്നെങ്കിലും മി. വക്ക്സ് പറഞ്ഞത് പോലെ കുറേയൊക്കെ ന്യായീകരിക്കപ്പെട്ടേനേ.
ഇനി മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാന്‍ എന്തെങ്കിലും തക്കതായി ഉണ്ടാവുന്നത് വരെ ഇതിങ്ങനെ നീറിപ്പ്പുകഞ്ഞുകൊണ്ടേ ഇരിക്കും
മേല്‍പറഞ്ഞ നിയമനാവകാശം സ്വകാര്യസ്ഥാപനങ്ങളെ മാത്രം ഉദ്ദേശിച്ചുള്ളതുമല്ല. സ്വയംഭരണാവകാശമുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും നിയമനാവകാശമുണ്ട്. അഥവാ ഉണ്ടായിരിയ്ക്കണം. സര്‍ക്കാര്‍ ഏജന്‍സികളുടെ കാര്യങ്ങള്‍ തന്നെയെടുക്കുക. IHRDയ്കും CAPEയ്ക്കും KSRTCയ്ക്കും വിദ്യാഭ്യാസസ്ഥാപനങ്ങളുണ്ട്. ഇവയുടെ വിദ്യാഭ്യാസലക്ഷ്യങ്ങള്‍ വ്യത്യസ്തങ്ങളാണ്. ഇവിടെ ശമ്പളം കൊടുക്കുന്നത് സര്‍ക്കാരല്ലാത്തതുകൊണ്ട് വിവാദത്തിന് പ്രസക്തിയില്ല. എങ്കിലും പറയുകയാണ് വ്യക്തവും വ്യത്യസ്തവുമായ വിദ്യാഭ്യാസ ലക്ഷ്യങ്ങളുള്ള ഒരു സ്ഥാപനത്തിന്റെ ആ ലക്ഷ്യങ്ങള്‍ സാധ്യമാക്കാന്‍ നിയമനാധികാരം കൂടിയേ തീരൂ.
ജോജു ഇപ്പോഴത്തെ സഭയുടെ പ്രശ്നം സ്വയാശ്രയ കോളെജിനെ ചൊല്ലി അല്ലല്ലോ. KER പരിഷ്ക്കരണത്തെ ചൊല്ലിയും വിദ്യാലയങ്ങളില്‍ നിരീശ്വര വാദം വളര്‍ത്തുന്നു എന്നതിനേപ്പറ്റിയാണല്ലോ? . PSC വഴി നിയമനം വന്നാല്‍ വിദ്യാലയങ്ങളില്‍ നിരീശ്വര വാദികളും മദ്യപന്മാരു വരുമെന്ന രീതിയില്‍ പ്രചാരണം നടത്തുന്നതിന്റെ ഗുട്ടന്‍സ് എന്താണ്.
സ്വയാശ്രയ കോളേജ് പ്രശ്നനത്തില്‍ സഭ മാത്രമല്ല എല്ലാ മാനേജ്മെനുകള്‍ക്കും അനുകൂലമായ വിധി ഉണ്ടായിക്കഴിഞ്ഞു. അത് ഒരു അടഞ്ഞ അധ്യായമായിക്കഴിഞ്ഞു. ഇന്ന് സര്‍ക്കാര്‍ വിളിക്കുന്ന ചര്‍ച്ചക്ക് ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ പങ്കെടുക്കാറുപോലുമില്ല.
KER പരിഷ്ക്കരണത്തിന്റെ ടെംസ് ഓഫ് റഫറന്‍സില്‍ അധ്യാപക നിയമനം PSC ക്ക് വിടണം എന്ന കാര്യം പരിഗണിക്കണം എന്നുണ്ട് എന്നതിനാല്‍ ഇതുപോലെ വിവാദം ഉണ്ടാക്കണോ. നേരത്തെ പ്രദീപ് സൂചിപ്പിച്ചത് പോലെ പഴയ വിദ്യാഭ്യാസ ബില്ലിലെ 11 ആം വകുപ്പ് നിയമ വിധേയമാണ് എന്ന അറിവാണോ സഭയേ ഇത്തരം ആശങ്കക്ക് കാരണമാക്കുന്നത് എന്ന ചോദ്യം വരുന്നു.
ഇനി UDF രാഷ്ട്രീയം എന്നത്. കഴിഞ്ഞ തിരുവമ്പാടി ഉപതെരഞ്ഞെടുപ്പുമുതല്‍ സഭ UDF രാഷ്ട്രീയം കളിക്കുന്നുണ്ട്. അന്ന് കൂടരഞ്ഞിപ്പള്ളി വികാരി ഇന്ത്യാവിഷനില്‍ പരസ്യമായി ഇത് പറഞ്ഞിട്ടുണ്ട്. അന്ന് മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തില്‍ നടന്ന് റെയ്‌ഡിനെ മുന്നില്‍ നിര്‍ത്തിയാണ് ഇത് നടത്തിയത്. പോലിസ് അതിക്രമം സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ സഭ പ്രത്യേകം ശ്രമിച്ചു. എന്നാല്‍ പിന്നീട് പനക്കലച്ചന്‍ ഈ നിലപാട് കുറെകാലത്തിന് ശേഷം തിരുത്തി. പക്ഷെ തെരെഞ്ഞെടുപ്പ് സമയത്ത് സഭ വ്യക്തമായി രാഷ്ട്രീയം കളിച്ചു.
പിന്നെ ഒരാവശ്യവും ഇല്ലാതെ മത്തായി ചാക്കോയേ വിവാദത്തിലേക്ക് വലിച്ചഴച്ച് അതില്‍ പിടിച്ച് അനാവശ്യ പ്രശ്നം ഉണ്ടാക്കി. അവസാനം അദ്ദേഹത്തിന്റെ വിവാഹ സര്‍ട്ടിഫിക്കേറ്റ് വരെ എടുത്ത് പൊതു വേദികളില്‍ രാഷ്ട്രീയം കളിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന അന്യമതസ്ഥരും പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചട്ടം ലഘിച്ച് അടച്ചിട്ട് സമരം ചെയ്തു. ചെറിയ വിദ്യാര്‍ത്ഥി സമരങ്ങളേപ്പോലും അഷിഷ്ണുതയോടെ കാണുന്ന സഭക്ക് ഇത് ചെയ്യാന്‍ ഒരു മടിയുമില്ല.മാത്രവുമല്ല നിയമത്തെപ്പറ്റി വാചാലരാകുന്ന സഭാ നേതൃത്വം നിയമവിരുദ്ധമായി ചെയ്ത സമരം സര്‍ക്കാന്‍ നടപടി വരുത്തി വച്ചു. ഫലമോ അധ്യാപകരുടെ ഒരു ദിവസം ഡെയ്സ്നോണ്‍ ആയി.
ഇനി ഇപ്പോള്‍ സഭ പറയുന്ന നിരീശ്വരവാദം എന്താണ് എന്ന് മനസ്സിലാകുന്നില്ല. സര്‍ക്കാര്‍ സിലബസിലൂടെയോ മറ്റോ നിരീശ്വര വാദം പ്രചരിപ്പിച്ചോ? പിന്നെ പഞ്ചായത്തിന് വിദ്യാലയങ്ങള്‍ കൊടുക്കുക ലൈഗീകവിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുക എന്നതൊക്കെ കേന്ദ്രഗവണ്‍മന്റ് പദ്ധതിയാണ്. അതും സംസ്ഥാന സര്‍ക്കറിന്റെ പ്രത്യേകിച്ച് ഇടതിന്റെ അജണ്ടയാണ് എന്ന് പറയുന്നതില്‍ രാഷ്ടീയമില്ലേ?
കിരണ്‍,
നിയമനാധികാരത്തിന്റെ ആവശ്യകതയെക്കുറിച്ചാണ് ഞാന്‍ പറഞ്ഞുകൊണ്ടിരിയ്ക്കുന്നത്. സ്വാശ്രയകോളേജുകളെ ഉദാഹരണമായി മാത്രം പറഞ്ഞതാണ്.
പവ്വത്തില്‍ തിരുമേനിയുടെ പ്രസ്താവനയെ അടിസ്ഥാനമാക്കി ഒരു പോസ്റ്റെഴുതണമെന്ന് ആഗ്രഹിച്ചിരുന്നതാണ്. എനിക്ക് പറയാനുളള കാര്യങ്ങള്‍ ഏറെക്കുറെ പ്രദീപ് പറഞ്ഞിട്ടുളളതിനാല്‍ ഇനിയതിനു മുതിരുന്നില്ല.
കത്തോലിക്കാ സഭ യുഡിഎഫ് രാഷ്ട്രീയം കളിക്കുകയാണെന്ന പിണറായി വിജയന്റെ ആരോപണത്തിന് മറ്റൊരു തെളിവായേ ഈ വിഷയവും കാണാനാകുന്നുളളൂ. ഇടതുമുന്നണി ഭരിക്കുമ്പോഴൊക്കെ തങ്ങളുടെ മാനസപുത്രന്മാരായ കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് വേണ്ടി തെരുവിലിറങ്ങാറുണ്ട് സഭാ നേതൃത്വം.
കഴിഞ്ഞ നായനാര്‍ മന്ത്രിസഭയുടെ കാലത്ത് ചാരായ നിരോധനം അട്ടിമറിക്കാന്‍ പോകുന്നേയെന്ന് വിലപിച്ച് സഭയുടെ നേതൃത്വത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് സാക്ഷാല്‍ എ കെ ആന്റണിയാണ് ഉദ്ഘാടനം ചെയ്തത്.
ക്രിസ്ത്യാനിയുടെ മക്കള്‍ ക്രൈസ്തവ വിദ്യാലയങ്ങളില്‍ പഠിക്കണമെന്ന് തിരുമേനി പറഞ്ഞാല്‍ അതിനര്‍ത്ഥം മറ്റു വിദ്യാലയങ്ങളില്‍ പഠിക്കരുതെന്നാണ്. പിഎസ് സി വഴി നിയമിക്കപ്പെടുന്ന അധ്യാപകര്‍ മുഴുവന്‍ മദ്യപന്മാരും നിരീശ്വരവാദികളുമാണത്രേ! ഒരു പിതാവിന്റെ ഉദീരണങ്ങളാണിത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബാറുകള്‍ നടത്തുന്നത് ഏത് സമുദായമാണെന്നും മദ്യം വില്‍ക്കുന്ന സമുദായാംഗങ്ങള്‍ക്കു മേല്‍ പളളി ഊരുവിലക്കും തെമ്മാടിക്കുഴിയും വിധിക്കുമോ എന്നും നമുക്ക് ചോദിക്കാതിരിക്കാം.
കേരളത്തില്‍ ഇടതുമുന്നണി അധികാരത്തില്‍ വന്നതിനു ശേഷമാണ് കമ്മ്യൂണിസത്തിന്റെ നിരീശ്വരവാദമുഖത്തെക്കുറിച്ച് കത്തോലിക്കാ സഭ ആശങ്കപ്പെടുന്നതെന്നതിനും കാരണം രാഷ്ട്രീയം തന്നെയാണ്.
പവ്വത്തില്‍ പിതാവിന്റെ പ്രസ്താവന സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. കാരണം എയിഡഡ് സ്ക്കൂളുകളിലെ അധ്യാപക നിയമനം പിഎസ് സിയ്ക്ക് വിടുന്നതിനെക്കുറിച്ചുളള ചര്‍ച്ച സജീവമാകാന്‍ ഇത്തരം പ്രസ്താവനകള്‍ സഹായകരമാണ്. പൂച്ചയ്ക്കാരു മണികെട്ടും എന്ന് ഇത്രയും കാലം ഭയന്നിരുന്ന ഒരു വിഷയം സാമൂഹികമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്.
ലക്ഷങ്ങള്‍ കോഴവാങ്ങി തങ്ങള്‍ നിയമിക്കുന്ന അധ്യാപകര്‍ക്ക് പൊതുഖജനാവില്‍ നിന്നും ശമ്പളം സര്‍ക്കാര്‍ നല്‍കണമെന്ന ധാര്‍ഷ്ട്യത്തിന് ആയുസ് ഇനിയേറെയില്ല. ജാതിയുടെയും മതത്തിന്റെയും യോഗ്യതയില്‍ നിയമിക്കപ്പെടുന്നവന്റെ ശമ്പളക്കാര്യവും നോക്കേണ്ടത് അതാത് സമുദായങ്ങളായിരിക്കണം. പൊതുഖജനാവല്ല. സര്‍ക്കാര്‍ നികുതി പിരിക്കുന്നത് ഇക്കൂട്ടരെ തീറ്റിപ്പോറ്റാനല്ല. ഓരോ സമുദായവും സ്വന്തം നികുതി പിരിച്ച് ഇത്തരം സ്ഥാപനങ്ങള്‍ നടത്തുകയാവും ഉത്തമം.
സര്‍ക്കാര്‍ ഖജനാവ് ഇത്തരത്തില്‍ ദുര്‍വിനിയോഗം ചെയ്യപ്പെടുന്നതിനെതിരെ പൊതുജനവികാരം ശക്തിപ്പെടാന്‍ പവ്വത്തില്‍ വിതയത്തില്‍ പിതാക്കന്മാര്‍ ദിനേന പ്രസ്താവനകള്‍ നടത്തട്ടെയെന്ന് ആശംസിക്കുന്നു. കമ്മ്യൂണിസം പരാജയപ്പെട്ടെന്നൊക്കെ തട്ടിവിടുന്ന തിരുമേനിമാര്‍ക്ക് ബ്രൂണോയുടെയും ഗലീലിയോയുടെയും കാലത്തെ മതവിശ്വാസം ഇന്നെവിടെ ചെന്നെത്തി നില്‍ക്കുന്നുവെന്നും അറിയാം.
ഒരുദാഹരണം കൂടി പറഞ്ഞിട്ട് ഞാന്‍ “നിരീശ്വരന്മാരിലേയ്ക്കും മദ്യപാനികളിലേയ്ക്കും വരാം.”
ഞാന്‍ ഒരു നോണ്‍ മൈനോറിറ്റി സ്ഥാപനം ഉദാഹരണത്തിന് ഹൈസ്കൂള്‍ നടത്തുന്നു എന്നു കരുതുക. എയിഡഡ് സ്ഥാപനമായതുകൊണ്ട് സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നു എന്നു കരുതുക.
ഇനി എന്റെ സ്കൂളിന്റെ ഉദ്ദ്യേശം(സാങ്കല്പികമാണു കേട്ടോ) പറയാം. കേരളത്തിന്റെ കാര്‍ഷികാഭിവൃത്തിയ്ക്കുവേണ്ടി കൃഷിയില്‍ താത്പര്യമുള്ള കുട്ടികളെ കൃഷി ഓറിയന്റഡായിട്ടൂ വിദ്യാഭാസം കൊടുക്കുക എന്നതാണ് എന്റെ ഉദ്ദ്യേശം. അതായത് പത്താം ക്ലാസ് പാസ്സാവുന്നതിനോടോപ്പം സ്വന്തമായി കൃഷി നടത്താനുള്ള പരിചയവും അറിവും അവര്‍ക്കുണ്ടാവുന്നു.
ഇവിടെ എന്റെ സ്കൂളില്‍ ചേരുന്ന കുട്ടികള്‍ എങ്ങിനെയുള്ളവരായിരിയ്ക്കണമെന്നും എങ്ങിനെയുള്ളവരായിരിയ്ക്കരുതെന്നും എനിയ്ക്ക് നിശ്ചയമുണ്ട്. അതേപോലെ തന്നെ ഇവിടെ പഠിപ്പിയ്ക്കാന്‍ വരുന്ന അധ്യാപകരെക്കുറിച്ചും എനിയ്ക്ക് കാഴ്ചപ്പാടുകളുണ്ട്. വിശദമായി പറയാം.
1. വിദ്യാര്‍ത്ഥികള്‍ സമ്പന്ന കുടുംബത്തില്‍ നിന്നാവരുത്. അവര്‍ക്ക് കൃഷിയില്‍ താത്പര്യം കാണില്ല. ഉണ്ടെങ്കില്‍ തന്നെ മാതാപിതാക്കള്‍ അതിന് സമ്മതിച്ചു എന്നു വരില്ല. അങ്ങനെ ആരെങ്കിലും വന്നാല്‍ അവര്‍ പത്താം ക്ലാസു പാസായ ശേഷം സാങ്കേതിക പഠനത്തിനോ മറ്റേതെങ്ങിലും തുറയിലേയ്ക്കോ പോയാല്‍ എന്റെ ഉദ്ദ്യേശം സാധിയ്ക്കപ്പെടില്ല. അയാള്‍ പോയതല്ല പ്രശ്നം ആ സീറ്റില്‍ എനിയ്ക്ക് മറ്റൊരു വിദ്യാര്‍ത്ഥിയെ എന്റെ ഉദ്ദ്യേശത്തിനനുസരിച്ച് വളര്‍ത്താമായിരുന്നു.
2. പഠിയ്ക്കാന്‍ അതി സമര്‍ത്ഥര്‍ ആയിരിയ്ക്കരുത്.
കാര്യം മനസിലായല്ലോ. പാഠ്യവിഷയങ്ങളില്‍ അതിസമര്‍ത്ഥരായവര്‍ക്ക് മറ്റനവധി മേഖലകളുണ്ട്.
3. കൃഷിയില്‍ അഭിരുചിയുണ്ടായിരിയ്ക്കണം.
ഇവിടെ വിദ്യാര്‍ത്ഥികളെ എന്റെ താത്പര്യത്തിനനുസരിച്ച് തിരഞ്ഞെടുക്കാന്‍ അവസരം കിട്ടിയില്ലെങ്കില്‍ എന്റെ പദ്ധതി പാളുമെന്ന് മനസിലായി കാണുമല്ലോ.
ഇനി അധ്യാപകരെക്കുറിച്ച്
1. കൃഷിയില്‍ താത്പര്യമുള്ളവരായിരിയാണം.
2. പുതിയ കൃഷിരീതികളെക്കുറിച്ച് പഠിയ്ക്കാനും പഠിപ്പിയ്ക്കാനും ഗവേഷണം നടത്താനും താത്പര്യമുള്ളവരായിരിയ്ക്കണം.
3. മാനേജുമെന്റിന്റെ ഉദ്ദ്യേശസാധ്യത്തിനായി കുട്ടികള്‍ക്കായി പ്രോജക്ടുകള്‍ തയ്യാറാക്കാനും നേതൃത്വം കൊടുക്കാനും താത്പര്യമുള്ളവരായിരിക്കണം.
4. പുതിയ രീതികള്‍ പഠിയ്ക്കാന്‍ ഇന്ത്യയിലെവിടെയും അല്ലെങ്കില്‍ വിദേശത്ത് മാനേജുമന്റ് നിര്‍ദ്ദേശിയ്ക്കുന്നിടത്ത് പോകുവാന്‍ തയ്യാറുള്ളവരായിരിയ്ക്കണം.
5. കമ്പ്യൂട്ടര്‍ പരിഞ്ജാനം വേണം.
(ഭാവനയ്ക്കും നമ്മുടെ ആവശ്യത്തിനുമനുസരിച്ച് വായനക്കാര്‍ക്ക് കൂടുതല്‍ മാനദണ്ഢങ്ങളെക്കുറിച്ഛു ചിന്തിയ്ക്കാം.)
PSC നടത്തുന്ന നിയമനങ്ങളില്‍ നിന്നും എന്റെ ലക്ഷ്യങ്ങളെ സഹായിക്കാന്‍ കഴിയുന്ന അധ്യാപകരെ കിട്ടൂമോ? അതിനു പകരം എനിയ്ക്ക് എന്റേതായ നിയമനം നടത്താന്‍ കഴിഞ്ഞാല്‍ എനിയ്ക്ക് എന്റെ ലക്ഷ്യങ്ങള്‍ സാധിയ്കാന്‍ കഴിയും. എന്റേതായ പരീക്ഷകള്‍, ഇന്റര്‍വ്യൂ നടത്താന്‍ കഴിയണം. അതിനും പുറമേ മറ്റു ചില പ്രായോഗിക പരീക്ഷകള്‍ നടത്തണമെന്നുണ്ടെങ്കില്‍ അതിനും സാധിയ്ക്കണം.
അതായത് പാഠപ്പുസ്തകം പഠിപ്പിയ്ക്കുന്നതിനപ്പുറം എന്റെങ്കിലും ക്രിയേറ്റീവായിട്ടു ചെയ്യണമെങ്കില്‍ അതിന് മാനേജുമെന്റിന് നിയമനാധികാരം കൂടിയേ തീരൂ. ഇനി പാഠപ്പുസ്തകം വായിച്ചുകൊടുക്കാന്‍ മാത്രമാണെങ്കില്‍ എന്തിനാണു സാറുമ്മാര്...ടേപ്പ് റിക്കോര്‍ഡറാണെങ്കിലും പോരേ....
ജോജുവിന്റെ സാങ്കല്പിക സ്കൂളില്‍ അവര്‍ക്ക് മാത്രമായി ഒരു സിലബസ് ഉണ്ടാക്കാന്‍ കഴിയുമോയെന്ന് സംശയമാണ്.പത്താംക്ലാസ് ആയിക്കഴിഞ്ഞാല്‍ പൊതുപരീക്ഷയല്ലേ എഴുതേണ്ടത്. കൃഷിയെപ്പറ്റി കൂടുതല്‍ പഠിച്ചതുകൊണ്ട് ആ കുട്ടികള്‍ക്ക് പൊതുപരീക്ഷ പാസാകാന്‍ പറ്റുമോ. പറ്റുമെന്ന് സങ്കല്പിക്കാം.
അതുപോലെ തന്നിഷ്ടപ്രകാരം അദ്ധ്യാപകരെയും നിയമിക്കാമെന്നും സങ്കല്പിക്കുക. അങ്ങനെയുള്ള അദ്ധ്യാപകര്‍ക്ക് എന്തുകൊണ്ട് പൊതുഖചനാവില്‍ നിന്നും ശമ്പളം കൊടുക്കണം എന്ന് ജോജ്ജൂ പറഞ്ഞില്ല. എങ്കിലല്ലേ നമ്മുടെ വിഷയവുമായി ബന്ധം വരൂ.
ഈ സ്ക്കൂളില്‍ നിന്നും പഠിച്ചിറങ്ങുന്ന കുട്ടികള്‍ വയലുകള്‍ പാട്ടത്തിനെടുത്ത് കൃഷി നടത്തുന്നുവെന്ന് സങ്കല്‍പിക്കുക. നെല്‍കൃഷിയും പിന്നെ ചീര, പയര്‍, വെണ്ടയ്ക്ക, വഴുതിന, കത്തിരി തക്കാളി എന്നിവയും മിടുക്കന്മാരായ കുട്ടികള്‍ ഉല്‍പാദിപ്പിച്ച് അര്‍മാദിക്കും. (കൃഷി നടത്താന്‍ പൊതു പരീക്ഷയെന്തിന്?)
അത് പൊതുവിപണിയിലല്ലേ വില്‍ക്കുന്നത്? പൊതുജനമല്ലേ വാങ്ങുന്നത്? അപ്പോള്‍ അവരെ പഠിപ്പിക്കാനുളള ശമ്പളം പൊതുഖജനാവില്‍ നിന്ന് കൊടുക്കുന്നതില്‍ തെറ്റെന്ത്?
ഇത്രയും ചെറിയ കാര്യം പോലും ഊഹിക്കാനറിയാതെ വെറുതെ അങ്കിളാണെന്നു പറഞ്ഞു നന്നാല്‍ മതിയോ അമ്മാവാ?
അങ്കിള്‍,
ഇതേക്കുറിച്ച് ചര്‍ച്ച ചെയ്ത് കാടുകയറുമോ എന്നു സംശയം. എങ്കിലും ചോദിച്ചതുകൊണ്ടു പറയുന്നു.
ഈ സാങ്കല്പം ഞാന്‍ അവതരിപ്പിച്ചത് മാനേജുമെന്റിന് എന്തുകൊണ്ട് നിയമനാധികാരം വേണം എന്നു കാണിയ്ക്കാന്‍ മാത്രമാണ്, അഥവാ PSC നിയമനത്തിന് മാനേജുമെന്റിന്റെ വിദ്യാഭ്യാസ ലക്ഷ്യത്തെ സാധ്യമാക്കാന്‍ കഴിഞ്ഞെന്നു വരില്ല എന്നു പറയാന്‍ വേണ്ടി മാത്രമാണ്.
കാര്‍ക്ഷികവൃത്തി ഓറിയന്റഡ് എന്നു പറഞ്ഞാല്‍ കുട്ടികള്‍ക്ക് ആഭിമുഖ്യം വളര്‍ത്തുന്ന പരിപാടികളും പരിശീലനങ്ങളും നടത്തുന്നു എന്നു കരുതിയാല്‍ മതി. അതുകൊണ്ട് സംസ്ഥാന സിലബസിനെ ഉപേക്ഷിയ്ക്കുന്നു എന്ന് അര്‍ഥമില്ല. ഇപ്പോള്‍ തന്നെ സാങ്കേതികവിദ്യയ്ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടൂം കലാ കായിക പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടും അല്ലെങ്കില്‍ മറ്റേതെങ്കിലും മേഖലയ്ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടും പ്രവര്‍ത്തിയ്ക്കുന്ന എത്രയോ സ്കൂളുകളുണ്ട്. അതില്‍ ചിലതിനെങ്കിലും സ്വന്തമായ സിലബസില്ല.
ജോജുവിന്റെ ഈ ഉദാഹരണം നമ്മുടെ കോണ്‍ട്സ്റ്റിനോട് ചേര്‍ന്ന് പോകുന്നില്ല. കാരണം നമ്മുടെ സര്‍ക്കാര്‍ എയ്‌ഡഡ് വിദ്യാലയങ്ങളില്‍ വിദ്യാഭ്യാസം നല്‍കുന്നത് പൊതു സിലബസ് അനുസ്സരിച്ചാണ്. അവിടെ പ്രവേശനം ചോദിച്ച് വരുന്ന ഒരാള്‍ക്കും പ്രവേശനം നിഷേധിക്കാന്‍ മാനേജ്മെന്റിന് അനുവാദമില്ല. സര്‍ക്കാര്‍ ആ വിദ്യാലയത്തിലേ അധ്യാപകര്‍ക്ക് ശമ്പളവും വിദ്യാലയത്തിന് ഗ്രാന്റും നല്‍കുന്നു. കൂടുതല്‍ കുട്ടികള്‍ അവിടെ പഠിക്കാന്‍ വന്നാല്‍ പുതിയ പോസ്റ്റ് ഉണ്ടാകുകയും പുതിയ അധ്യാപകനേ നിയമിക്കാന്‍ അവസരം വരികയും ചെയ്യുന്നു.
ഇനി ഇത്തരം വിദ്യാലയങ്ങളില്‍ ( ഇപ്പോഴത്തെ നമ്മുടെ ഉദാഹരണമനുസ്സരിച്ച് ഇത് ഒരു നോണ്‍ മൈനോരിറ്റി സ്ഥാപനം എന്ന നിലയിലാണ്) PSC വഴി നിയമിതനാകുന്ന ഒരു അദ്ധ്യാപകന് ( ആ അധ്യാപകന്‍ ഈ വിദ്യാലയത്തിലെ പൊതു സിലബസ് പഠിപ്പിക്കാന്‍ യോഗ്യതയുള്ള ആളാണ്) എന്തുകൊണ്ട് പഠിപ്പിച്ച് കൂടാ എന്ന ചോദ്യം ഉയരുന്നു.
ഇനി പൊതുഖജനാവില്‍ നിന്നു ശമ്പളം കൊടുക്കുന്നതിനെക്കുറിച്ച്.
എന്തിനാണ് സര്‍ക്കാര്, സര്‍ക്കാര്‍ സ്കൂളുകള്‍ നടത്തുന്നത്. കുറച്ചുപേരെ നിയമിച്ച് ശമ്പളം കൊടുക്കാനല്ലല്ലോ.
കുട്ടികള്‍ക്ക് വിദ്യാഭ്യാസം കൊടുക്കുക എന്നത് ആത്യന്തികമായി മാതാപിതാക്കളുടെ കടമയാണ്, കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാവുന്നതു വരെയെങ്കിലും. കാലഘട്ടം ആവശ്യപ്പെടുന്ന വിദ്യാഭ്യാസം കൊടുക്കുവാനുള്ള പരിജ്ഞാനം മാതാപിതാക്കള്‍ക്ക് ഇല്ലാത്തതിനാല്‍ അത് സമൂഹത്തിന്റെ ചുമതലയാവുന്നു. സമൂഹത്തില്‍ നിന്നും സ്വാഭാവികമായി ആ ചുമതല സര്‍ക്കാരിലെത്തുന്നു. അതായത് കുട്ടികള്‍ക്ക് വിദ്യാഭ്യാസം കൊടുക്കുന്നതിനാണ് സര്‍ക്കാര്‍ തുക ചിലവാക്കുന്നത്. അല്ലാതെ അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കാനല്ല.
വിദ്യാഭ്യാസത്തില്‍ സര്‍ക്കാര്‍ കാശുചിലവാക്കുന്നത് നാലുപേരെ നിയമിച്ച് ശമ്പളം കൊടുക്കാനാണ് എന്നു ധരിയ്ക്കരുത്. വിദ്യാഭ്യാസത്തിന് ചിലവിടുന്ന തുക അധ്യാപകരുടെ ശമ്പളത്തിനായും ചിലവാകുന്നു എന്നു മാത്രം.
സര്‍ക്കാര്‍ സ്കൂളുകള്‍ സമൂഹത്തിന് എന്തൊക്കെ സംഭാവന ചെയ്യുന്നുണ്ടോ അതൊക്കെ എയിഡഡ് സ്കൂളുകളും ചെയ്യുന്നുണ്ട്. അതുകൊണ്ട് ശമ്പള ഇനത്തില്‍ അവിടെ വരുന്ന ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കുന്നതില്‍ ആശയക്കുഴപ്പമുണ്ടാവേണ്ടകാര്യമില്ല. എയിഡഡ് സ്കൂളിലെ നിയമനങ്ങള്‍ സര്‍ക്കാര്‍ മാനദണ്ഢമനുസരിച്ചു തന്നെയാണ് നടക്കുന്നത്. (യോഗ്യതയില്ലാത്തവരെ നിയമിച്ചാല്‍ അവര്‍ക്കു ശമ്പളം കൊടുക്കേണ്ട ബാധ്യത സര്‍ക്കാരിനില്ല.)
PSC പരീക്ഷ പോലും ഏറ്റവും യോഗ്യരായവരെ കണ്ടു പിടിയ്ക്കുന്ന മാര്‍ഗ്ഗമല്ല. അത് ഒരുതരം ഒഴിവാക്കലാണ്. യോഗ്യതയുള്ള ആയിരങ്ങളില്‍ നിന്നും പത്തുനൂറൂപേരെ തിരഞ്ഞെടുക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗം. അതുകൊണ്ട് മാനേജുമെന്റു നടത്തുന്ന സുതാര്യമായ ഏതുസംവിധാനത്തെയും PSC പരീക്ഷയ്ക്ക് തുല്യമായി കാണാവുന്നതാണ്. അതായത് PSC പരീക്ഷയില്‍ ഒന്നാമതു വരുന്നവനും നൂറാമതു വരുന്നവനും യോഗ്യതയുടെ കാര്യത്തിലോ കഴിവിന്റെ കാര്യത്തിലോ അഭിരുചിയുടെ കാര്യത്തിലോ ഒരാള്‍ മറ്റൊരാളെക്കാള്‍ നല്ലത് എന്നു പറയാനാവില്ല.
സമൂഹത്തെ പഠിയ്ക്കുവാന്‍ സമൂഹം കൊടുക്കുന്ന പണത്തിന് സര്‍ക്കാര്‍ സ്കൂള്‍ എന്തുകൊണ്ട് യോഗ്യരാണോ അതേ അര്‍ഹത എയിഡഡ് സ്കൂളിനുണ്ട്. (അതേ അര്‍ഹത അണ്‍-എയിഡഡിനു പോലുമുണ്ട്.)
ഇതിന്റെ വിശദീകരണം പഴയ വിദ്യാഭ്യാസ ബില്ലില്‍ ഉണ്ട്.
ഇതിലെ സാങ്കേതിക വശത്തെക്കുറിച്ച് എനിക്കറിയില്ല കിരണ്‍. വ്യക്തമായ കാഴ്ചപ്പാടുകളോടെ (വ്യത്യസ്ഥമായ കാഴ്ചപ്പാടാണെങ്കില്‍ പ്രത്യേകിച്ചും) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന മാനേജുമെന്റുകള്‍ക്ക് എന്തുകൊണ്ട് നിയമനാവകാശം വേണം എന്ന്‍ വിശദീകരിയ്ക്കാന്‍ ശ്രമിയ്ക്കുകയാണ് ഞാന്‍, അവിടെ ശമ്പളം കൊടുക്കുന്നത് സര്‍ക്കാര്‍ ആണെങ്കില്‍ കൂടിയും.
PSC വഴി നിയമിതനാവുന്ന ഒരാള്‍ക്ക് എന്തുകൊണ്ട് പഠിപ്പിച്ചു കൂടാ എന്ന ചോദ്യത്തിന്റെ ഉത്തരം ഞാന്‍ നേരത്തെ തന്നെ പറഞ്ഞു കഴിഞ്ഞെന്നു തോന്നുന്നു. PSC പരീക്ഷ ഒരു തരം ഒഴിവാക്കലാണ്. അതില്‍ അഭിരുചിയോ മാനേജുമെന്റിന്റെ ഉദ്ദ്യേശലക്ഷ്യങ്ങളോടുള്ള മാനസിക പൊരുത്തമോ അളക്കപ്പെടുന്നില്ല.
ഞാന്‍ പറഞ്ഞ ഉദാഹരണത്തില്‍ PSC വഴി നിയമിതനാവുന്ന ആള്‍ക്ക് കൃഷിയില്‍ താത്പര്യമില്ലാ എങ്കില്‍ മാനേജുമെന്റിന് എന്തു ചെയ്യാന്‍ കഴിയും. ആരോഗ്യപരമായ പ്രശ്നങ്ങളാല്‍ ദൂരയാത്രയ്ക്ക് കഴിവില്ലാത്തയാള്‍ ആണെന്നു വരികില്‍. ജോലിയ്ക്കു വേണ്ട് അയാള്‍ നിയമനം സ്വീകരിച്ചെന്നു വരും. അത് എന്തുദ്ദ്യേശത്തിനു വേണ്ടി സ്ഥാപനം നടത്തുന്നുവോ അതിനെയും എന്തുദ്ദ്യേശത്തോടുകൂടി കുട്ടികള്‍ അവിടെ പ്രവേശനം നേടിയോ അതിനെയും ആസ്ഥാനത്തില്‍ നിന്ന് സമൂഹം എന്തു പ്രതീക്ഷിയ്ക്കുന്നുവോ അതിനെയും ബാധിയ്ക്കും.
ജോജൂ നമുക്ക് യാഥാര്‍ത്ഥ്യത്തിലേക്ക് വരാം. എന്തുകൊണ്ട് മാനേജ്‌മന്റ് വിദ്യാലയങ്ങളില്‍ PSC നിയമനം വരണം എന്ന ചിന്ത ബലപ്പെടുന്നു. എന്തുകൊണ്ട് പൊതുജനാഭിപ്രായം അങ്ങനെ ആകുന്നു. ഇപ്പോഴത്തെ മാതൃക മികച്ചതാണെങ്കില്‍ അങ്ങനെ ഒരു ചിന്ത വരില്ലല്ലോ. ഇന്ന് എന്താണ് സംഭവിച്ച് കൊണ്ടിരിക്കുന്നത് എന്ന് ജനങ്ങള്‍ക്ക് വ്യക്തമായി അറിയാം. പണമോ സ്വാധീനമോ അല്ലാതെ ഒന്നും 90% നിയമനങ്ങളിലും നടക്കുന്നില്ല. അതുകൊണ്ടാണ് ഇത് PSC ക്ക് വിടണം എന്ന് പറയുന്നത്.
മാരീചന്‍,
സാങ്കേതിക വിദ്യയും , വൈദ്യശാസ്ത്രവും മറ്റും പഠിച്ചിറങ്ങി കടലുകടക്കുന്നവനു വേണ്ടി സര്‍ക്കാരിനു പണം മുടക്കാമെങ്കില്‍ പിന്നെ ഒരു നല്ല കൃഷികാരനെ സൃഷ്ടിയ്ക്കാനും സര്‍ക്കാരിനു പണം മുടക്കാം. അവന്റെ അധ്വാനവും അവന്റെ അറിവും പ്രയോജനപ്പെടാന്‍ പോവുന്നത് രാജ്യത്തിനു തന്നെയായിരിയ്ക്കും. (കൃഷിക്കാര്‍ക്ക് സര്‍ക്കാര്‍ പലവിധത്തിലുള്ള സബ്സിഡികളും കൊടുന്നതായി അറിയുമായിരിയ്ക്കുമല്ലോ.)
നെല്‍കൃഷിയും പിന്നെ ചീര, പയര്‍, വെണ്ടയ്ക്ക, വഴുതിന, കത്തിരി തക്കാളി എന്നിവയും മിടുക്കന്മാരായ കുട്ടികള്‍ ഉല്‍പാദിപ്പിച്ച് ആര്‍മ്മാദിയ്ക്കുന്ന അവര്‍ക്ക് സര്‍ക്കാരെന്തിനു സബ്സിഡി കൊടുക്കണം.
അതു വില്‍ക്കുന്നത് പൊതുവിപണിയിലാണ്. വാങ്ങുന്നത് പൊതുജനമവുമാണ്. അവര്‍ക്ക് സബ്സിഡ്ദി കൊടൂക്കാനുള്ള പണം പൊതുഖജനാവില്‍ നിന്ന് തന്നെയാണ് വരുന്നത്
പിന്നെ ഒരു സര്‍ക്കാര്‍ ഏയ്‌ഡഡ് വിദ്യാലയം കൃഷിയില്‍ താല്‍പര്യമുള്ളവരെ വളര്‍ത്താന്‍ നടത്തുന്നുണ്ടോ ജോജൂ. കൃഷിയില്‍ താല്‍പര്യമില്ലത്ത ആളേ കൃഷിവകുപ്പില്‍ നിയമിച്ചാല്‍ എങ്ങനെ എന്ന ചോദ്യത്തിന് ആ ഉദാഹരണം ചേരൂ.
ഞാന്‍ വീണ്ടും പറയുന്നു നമ്മള്‍ ചര്‍ച്ച ചെയ്യുന്ന വിഷയം സര്‍ക്കാര്‍ ഏയ്ഡഡ് വിദ്യാലയങ്ങള്‍ എന്നതാണ്. അതില്‍ വരുന്നത് സര്‍ക്കാര്‍ ഗ്രാന്റും ശമ്പളവും സിലബസും പുസ്തകങ്ങളും കൊടുക്കുന്ന വിദ്യാലയങ്ങള്‍. അല്ലാതെ മറ്റേതെങ്കിലും ലക്ഷ്യത്തില്‍ സ്ഥാപിച്ച വിദ്യാലയങ്ങള്‍ എന്ന് വ്യാഖ്യാനിച്ച് കാട് കയറരുതേ. ജോജു മൈനോരിറ്റി സ്റ്റാറ്റസ് എന്ന വിഷയത്തിലേക്ക് വന്നോളൂ അല്ലാതെ നമുക്കിതിനെ ന്യായികരിക്കാന്‍ ബുദ്ധിമുട്ടാണ്.
കിരണ്‍,
ഇത് എപ്രകാരം നടക്കുന്നു എന്നതിനെ മാത്രം ആശ്രയിയ്ക്കുന്ന കാര്യമല്ല. എപ്രകാരം നടക്കണം എന്നതിനെ കൂടി ആശ്രയിയ്ക്കുന്ന കാര്യമാണ്.
99% നിയമനങ്ങളും കോഴമേടിച്ചിട്ടൂതന്നെയാണെങ്കില്‍ കൂടി ബാക്കിയുള്ള 1%ത്തിനു വേണ്ടി ആ അവകാശം നിലനിര്‍ത്തപ്പെടേണ്ടതുണ്ട്. കാരണം എപ്രകാരം നടക്കണം എന്ന് ആസൂത്രണം ചെയ്യാനുള്ള അവകാശം ആ 1% വേണ്ടീ നിലനിര്‍ത്തപ്പെടേണ്ടതുണ്ട്.
കോഴനിയമനങ്ങളെ നിലയ്ക്കു നിര്‍ത്താല്‍ നിയമനങ്ങള്‍ സുതാര്യമാക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയാണ് വേണ്ടത്.
തീര്‍ച്ചയായും സര്‍ക്കാര്‍ പണം മുടക്കണം. എന്നാല്‍ അതിനുളള മാനദണ്ഡം ജാതിയോ മതമോ ആയിക്കൂടെന്നേ പറയുന്നുളളൂ.
സമുദായം നോക്കി മാനേജ്മെന്റുകള്‍ പ്രവേശിപ്പിക്കുന്നവര്‍ക്ക് ശമ്പളം പൊതുഖജനാവില്‍ നിന്നും കൊടുക്കുന്ന പോക്കണം കെട്ട പരിപാടിയോടാണ് ചേട്ടാ എതിര്‍പ്പ്.
കരം കൊടുക്കുന്ന പണം ഇങ്ങനെ ചെലവിടാനുളളതല്ല. സര്‍ക്കാര്‍ നടത്തുന്ന വിദ്യാലയങ്ങളില്‍ സര്‍ക്കാരിന്റെ പ്രവേശന രീതിയില്‍ തിരഞ്ഞെടുക്കപ്പെടുന്നവനാണ് സര്‍ക്കാര്‍ പണം മുടക്കേണ്ടത്. അല്ലാതെ സമുദായലേബലില്‍ സമുദായം നടത്തുന്ന സ്ക്കൂളുകളില്‍ പ്രവേശിക്കുന്നവനല്ല.
സര്‍ക്കാര്‍ സ്ക്കൂളുകളില്‍ തിരഞ്ഞെടുക്കപ്പെടാന്‍ യോഗ്യരായ എല്ലാവര്‍ക്കും അവസരമുണ്ട്. എന്നാല്‍ സമുദായം നടത്തുന്ന സ്ക്കൂളുകളില്‍ ആ അവസരമില്ല. നായര്‍ നായരെയും ഈഴവന്‍ ഈഴവനെയും കത്തോലിക്കന്‍ കത്തോലിക്കനെയും മുസ്ലിം മുസ്ലിമിനെയും കോഴവാങ്ങി പ്രവേശിപ്പിച്ചിട്ട് ശമ്പളം സര്‍ക്കാര്‍ കൊടുക്കണമെന്ന് വാദിക്കാനുളള തൊലിക്കട്ടി കേമം തന്നെ.
താങ്കളുടെ ഉട്ടോപ്യാ ന്യായങ്ങളൊന്നുമല്ല മാനേജ്മെന്റുകള്‍ പ്രവേശനത്തില്‍ പരിഗണിക്കുന്നതെന്നറിയാന്‍ വെറും സാമാന്യബോധം മതി.
സര്‍ക്കാര്‍ ശമ്പളം ഒപ്പിട്ടു വാങ്ങിയിട്ട് നക്കാപ്പിച്ച അധ്യാപകര്‍ക്ക് നല്‍കി ബാക്കി സ്വന്തം പോക്കറ്റില്‍ നിക്ഷേപിച്ച മാനേജര്‍മാര്‍ക്കെതിരെയാണ് മുണ്ടശേരി 1957ല്‍ വിദ്യാഭ്യാസ ബില്ലു കൊണ്ടുവന്നത്. വിമോചനസമരത്തിന്റെ കഥകളറിയാവുന്നവരും ഈ നാട്ടില്‍ തന്നെയുണ്ടെന്നും ദയവായി ഓര്‍ക്കണേ!
സമുദായം വളര്‍ത്താന്‍ സ്ക്കൂളുകള്‍ നടത്തുന്നുവെങ്കില്‍ അതിന്റെ ചെലവും സമുദായം വഹിക്കണം. സഭയുടെ ചെലവില്‍ കമ്മ്യൂണിസം പഠിപ്പിക്കേണ്ടെന്ന് വാശിപിടിക്കുന്നവര്‍ സര്‍ക്കാര്‍ ചെലവില്‍ വിശ്വാസം പഠിപ്പിക്കുന്നതെന്തിന്? അന്തസുളളവര്‍ക്ക് ചേര്‍ന്ന പണിയല്ല അത്. വിശ്വാസത്തിന്റെ പ്രചരണാര്‍ത്ഥമാണ് വിദ്യാലയങ്ങള്‍ നടത്തുന്നതെങ്കില്‍ ചെലവും അതിന്റെ നടത്തിപ്പുകാര്‍ തന്നെ വഹിക്കണം. അതാണ് മര്യാദയും ന്യായവും.
നാഴികയ്ക്ക് നാല്‍പതുവട്ടം പോടാ പുല്ലേ സര്‍ക്കാരേ എന്നു വിളിക്കുന്നവര്‍, സര്‍ക്കാരിന്റെ ഔദാര്യം ഞങ്ങള്‍ക്ക് വേണ്ട എന്ന് പ്രഖ്യാപിക്കാത്തതെന്ത്?
വിദ്യാഭ്യാസമെന്നത് “സര്‍ക്കാര്‍ ഗ്രാന്റും ശമ്പളവും സിലബസും പുസ്തകങ്ങളും ” മാത്രമാണെങ്കില്‍ എനിയ്ക്കൊന്നും പറയാനില്ല കിരണ്‍. സ്കൂളിന് ലൈബ്രറി ആവശ്യമില്ല, കളിസ്ഥലം ആവശ്യമില്ല, യുവജനോത്സവം ആവശ്യമില്ല, പ്രവര്‍ത്തിപരിചയ മേളകള്‍ ആവശ്യമില്ല. വിദ്യാലയത്തിനടുത്ത് മദ്യഷാപ്പുകളാവാം. വിദ്യാലയത്തില്‍ തന്നെ പുകവലി സങ്കേതങ്ങളാവാം. അങ്ങനെ എന്തും.
കറക്റ്റ്. പക്ഷെ അതിനെക്കുറിച്ച് ഒരു ചര്‍ച്ച KER പരിഷ്ക്കരണത്തിന്റെ ഭാഗമായി നടക്കുന്നൂ എന്നറിയുമ്പോഴേ ഇവിടെ പ്രതിക്ഷേധങ്ങളായി. എല്ലാവരുടെയും അഭിപ്രായം അറിഞ്ഞതിന് ശേഷമേ നടത്തൂ എന്ന് സര്‍ക്കാര്‍ പറയുന്നു. അതിന് മുന്‍പേ വര്‍ക്കി വിതയത്തിലടക്കമുള്ളവര്‍ മദ്യപാനികള്‍ നിരീശ്വരവാദികള്‍ എന്നൊക്കെപ്പറഞ്ഞ് പത്രസമ്മേളനം നടത്തുന്നു.
ഇനി പഴയ വിദ്യാഭ്യാസ നിയമത്തില്‍ 10 വകുപ്പായി PSC നിയമനം അനുവദിക്കണം എന്ന് പറഞ്ഞിട്ടുണ്ട്. അത് എന്തേ നടപ്പിലാക്കുന്നില്ല എന്ന് കോടതി പലവട്ടം ചോദിച്ചിട്ടുണ്ട്. കോടതിവിധികളേപ്പറ്റി വാചാലരാകുന്നവരാണ് സഭാ നേതൃത്വം PSC നിയമനത്തേ കോടതി തടഞ്ഞിട്ടും ഇല്ലാ എന്ന് ഈ അവസരത്തില്‍ മനസ്സിലാക്കുക.
ജോജൂ ഇക്കാര്യത്തില്‍ മരീചന്‍ പറഞ്ഞ കാര്യങ്ങള്‍ക്കൂടി പരിഗണിക്കെണ്ടതാണ്
സര്‍ക്കാര്‍ ശമ്പളം ഒപ്പിട്ടു വാങ്ങിയിട്ട് നക്കാപ്പിച്ച അധ്യാപകര്‍ക്ക് നല്‍കി ബാക്കി സ്വന്തം പോക്കറ്റില്‍ നിക്ഷേപിച്ച മാനേജര്‍മാര്‍ക്കെതിരെയാണ് മുണ്ടശേരി 1957ല്‍ വിദ്യാഭ്യാസ ബില്ലു കൊണ്ടുവന്നത്. വിമോചനസമരത്തിന്റെ കഥകളറിയാവുന്നവരും ഈ നാട്ടില്‍ തന്നെയുണ്ടെന്നും ദയവായി ഓര്‍ക്കണേ!
ഈ കൃസ്ത്യാനിയും മുസ്ലൂമും നായരും ഈഴവരും ഒക്കെ കൂടുന്നതാണ് മാരീചാ സമൂഹം. ജാതിയുള്ളവരും ജാതിയില്ലാത്തവരും വിശ്വാസികളും അവിശ്വാസികളും നിരീശ്വരമാരും എല്ലാം സമൂഹത്തിലുണ്. സമൂഹം കൊടുക്കുന്ന നികുതിപ്പണത്തില്‍ ഇവരുടെയോക്കെ നികുതിപ്പണവും പെടും സുഹൃത്തേ. ഇന്ത്യ മതമില്ലാത്തവരുടെ രാജ്യമോ മതമുള്ളവരുടെ മാത്രം രാജ്യമോ അല്ല. ഭരണഘടനാപരമായി മതങ്ങളെയും ജാതികളെയും അംഗീകരിച്ചിട്ടൂമുണ്ട്.
കിരണ്‍,
ചര്‍ച്ച നടക്കുമ്പോള്‍ തന്നെ തങ്ങളുടെ അഭിപ്രായവും പ്രതിഷേധവും അറിയീയ്ക്കുന്നതല്ലേ നല്ലത്. സ്വാശ്രയവിദ്യാഭ്യാസബില്ലിന്റെ കാര്യത്തില്‍ തന്നെ കണ്ടില്ലേ നിയമമായ ശേഷം കോടതികള്‍ കയറിയിറങ്ങേണ്ടീ വന്നില്ലേ.
സര്ക്കാര് ചെലവില്‍ മതവും ജാതിയും വളര്‍ത്തല്‍ അംഗീകരിച്ചിട്ടുളള രാജ്യമാണ് ഇന്ത്യയെന്നത് പുതിയ അറിവ് തന്നെ.
അപ്പോള്‍ പിന്നെ പണം വീതിക്കുന്നതിനും വേണമല്ലോ സുഹൃത്തേ മാനദണ്ഡം. നായര്‍ക്കിത്ര, ഈഴവനിത്ര, കത്തോലിക്കനിത്ര! മുസ്ലിമിനിത്ര, മാര്‍ത്തോമ്മയ്ക്കിത്ര എന്ന്. എന്താണ് അതിന്റെ മാനദണ്ഡം? അതും നിശ്ചയിക്കണമല്ലോ.
എയിഡഡ് സ്ക്കൂളുകളിലെ ശമ്പളത്തിനും മറ്റ് ഗ്രാന്റുകള്‍ക്കും വേണ്ടി സര്‍ക്കാര്‍ ഒരു വര്‍ഷം ചെലവിടുന്ന തുകയുടെ ജാതി, മതം തിരിച്ചൊരു കണക്കിനു വേണ്ടി വിവരാവകാശ നിയമപ്രകാരം ഒരപേക്ഷ നല്‍കാവുന്നതാണെന്നു തോന്നുന്നു. പ്രസക്തമല്ലേ ആ കണക്ക്. നികുതി കൂടുതല്‍ കൊടുക്കുന്നത് ഏത് സമുദായം, ആനുകൂല്യം കൂടുതല്‍ പറ്റുന്നത് ഏത് സമുദായം എന്നും അറിയാമല്ലോ?
മദ്യപാനികളും നിരീശ്വരമാരും
സഭ വിദ്യാഭ്യാസം നടത്തുന്നതിന് വിശ്വാസികളെ വിശ്വാസത്തില്‍ വളര്‍ത്തുകയും ധാര്‍മ്മികത അഭ്യസിപ്പിക്കുകയും ചെയ്യുക എന്നൊരു ലക്ഷ്യം കൂടെ ഉള്ളതായി അറിയുമല്ലോ. നിരീശ്വരവാദവും മദ്യപാനവും സഭയ്ക്കെങ്ങനെ അംഗീകരിയ്ക്കാന്‍ കഴിയും. അപ്പോള്‍ സഭ നടത്തുന്ന സ്ഥാപങ്ങളില്‍ അങ്ങനെയുള്ളവര്‍ കടന്നു കൂടരുതെന്ന് സഭയ്ക്ക് താത്പര്യമുണ്ട്.
PSC വഴി നിയമിതനാവുന്ന ഒരാള്‍ വിശ്വാസിയായിരിയ്ക്കുമെന്നോ മദ്യപിക്കില്ലാ എന്നോ എങ്ങിനെ ഉറപ്പിയ്ക്കാന്‍ കഴിയും?
ഇപ്പോഴത്തെ സാഹചര്യത്തില്‍ കോര്‍പ്പറേറ്റ് മാനേജുമെന്റുകള്‍ നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിയ്ക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്നാണ് നിയമനം നടക്കുക. (ഇന്റര്‍വ്യൂ ഉണ്ടാകുമായിരിയ്ക്കും, അറിയില്ല.) ഇവിടെ സഭാകാര്യങ്ങളിലുള്ള ഭാഗഭാഗിത്വത്തിന് മാര്‍ക്കുണ്ട്. നിയമന കാര്യത്തില്‍ അതും പരിഗണിയ്ക്കപ്പെടും.
അങ്ങനെ വിശ്വാസികളെയും മദ്യപരല്ലാത്തവരെയും നിയമിയ്ക്കാനാണ് പരമാവധി ശ്രമിയ്ക്കുക. PSC നിയമനത്തില്‍ ഇങ്ങനെയൊരു മാനദണ്ഢം സംരക്ഷിയ്കാനാവാതെ വരും. സഭയുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ സാധിക്കാതെയും വരും.
ചുരുക്കത്തില്‍ സഭാ സ്ക്കൂളുകളില്‍ നിന്നും പഠിച്ചിറങ്ങുന്നവരാരും മദ്യപിക്കുകയോ മദ്യം വില്‍ക്കുകയോ ചെയ്യില്ലെന്നര്‍ത്ഥം.(പൂതൃക്കയിലച്ചന്റെ ലീലാ വിലാസങ്ങള്‍ മാനനഷ്ടക്കേസ് ഭയന്ന് ആരോപിക്കുന്നുമില്ല).
ഇന്‍ എ നട്ഷെല്‍, സഭയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ നടന്നു കിട്ടണം. അതിനാണ് വിദ്യാലയങ്ങള്‍.
ഇന്നത്തെ മംഗളം പത്രത്തില്‍ കണ്ട പവ്വത്തിലിന്റെ വിശദീകരണം
എന്റെ പ്രസ്താവന വളച്ചൊടിച്ച് വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമം: മാര്‍ പവ്വത്തില്‍
കൊച്ചി: തന്റെ അഭിപ്രായം വളച്ചൊടിച്ചു വര്‍ഗീയവല്‍ക്കരിക്കാനാണു ചിലര്‍ ശ്രമിച്ചതെന്നു ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍.
ക്രൈസ്തവരുടെ മക്കള്‍ ക്രൈസ്തവ വിദ്യാലയങ്ങളില്‍ മാത്രം പഠിച്ചാല്‍ മതിയെന്നു താന്‍ പറഞ്ഞിട്ടില്ല. സഭയെ താറടിക്കാന്‍ ചിലര്‍ ബോധപൂര്‍വം നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണിത്- അദ്ദേഹം പറഞ്ഞു. കെ.സി.ബി.സി. സമ്മേളനത്തിന്റെ ഭാഗമായി ഇന്റര്‍ ചര്‍ച്ച് കൌണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന വിവിധ ക്രൈസ്തവ മേലധ്യക്ഷന്മാരുടെ യോഗത്തിനുശേഷം പത്രലേഖകരോടു സംസാരിക്കുകയായിരുന്നു പവ്വത്തില്‍.
കെ.ഇ.ആര്‍. പരിഷ്കരണം നടക്കുമ്പോള്‍തന്നെ അതിനുളള നീക്കമില്ലെന്ന സര്‍ക്കാരിന്റെ പ്രതികരണം വിശ്വസിക്കാനാവില്ല. ഡ്രാഫ്റ്റ് നിയമത്തിന്മേല്‍ പലരംഗങ്ങളില്‍ ചര്‍ച്ച നടന്നുകഴിഞ്ഞു. ചര്‍ച്ച നടക്കുമ്പോള്‍ അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും സ്വാതന്ത്യ്രമുണ്ട്. ഇത്രയും വിവാദമുണ്ടാകുന്ന വിഷയം എന്തുകൊണ്ടു മാനേജര്‍മാരെ മാത്രംവിളിച്ചു ചര്‍ച്ചചെയ്യുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു.
തങ്ങളുടെ മക്കളെ തമിഴ് വിദ്യാലയങ്ങളില്‍ അയച്ചുപഠിപ്പിക്കണമെന്നു പറയാന്‍ തമിഴന് അവകാശമുള്ളതുപോലെയാണു ക്രൈസ്തവ വിദ്യാലയങ്ങളില്‍ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കണമെന്നു പറയാനുള്ള ക്രൈസ്തവന്റെ അവകാശവും. ഇക്കാര്യം ക്രൈസ്തവര്‍ പറയുമ്പോള്‍ മാത്രം വര്‍ഗീയമാകുന്നതെങ്ങനെയെന്നു മനസിലാകുന്നില്ല. ഒരാളുടെ പോക്കറ്റില്‍നിന്നു നൂറുരൂപയെടുത്തിട്ട് അമ്പതുരൂപയുടെ രണ്ടുനോട്ടുകളാക്കിയിട്ടു തര്‍ക്കമുണ്ടാകുമ്പോള്‍ പഞ്ചായത്ത് പ്രസിഡന്‍ന്റ് മധ്യസ്ഥതയ്ക്കുവന്ന് 50 വീതം ഇരുവര്‍ക്കും നല്‍കുന്നതുപോലെയാണു സ്വാശ്രയ പ്രശ്നത്തിലെ സര്‍ക്കാര്‍ നയമെന്നും മാര്‍ പവ്വത്തില്‍ ചൂണ്ടിക്കാട്ടി.
ജോജു,
മാനേജ്‌മെന്റുകള്‍ക്ക് അവരുടെ സ്ക്കൂളില്‍ അവര്‍ക്ക് തന്നെ നിയമനം നടത്താനും, അവര്‍ക്കിഷ്ടമുള്ള കുട്ടികളെ ചേര്‍ക്കാനും അവകാശമുണ്ടെന്നാണ് ജോജു വാദിക്കുന്നതെ. അതിനുവേണ്ടുന്ന ന്യായീകരണങ്ങളും നിരത്തുന്നു. താങ്കള്‍ പറയുന്നതെല്ലാം ശരിയാണ്. ഞാനും സമ്മതിക്കുന്നു. പക്ഷേ, അങ്ങനെയുള്ള സാരമ്മാര്‍ക്ക് സര്‍ക്കാര്‍ ശമ്പളം കൊടുക്കണമെന്ന് പറയുമ്പോള്‍ മാത്രമേ എനിക്കെതിര്‍പ്പുള്ളൂ. അതിനുവേണ്ടി ജോജു നിരത്തിയ ന്യായങ്ങള്‍ക്ക് ഒട്ടും ശക്തിയില്ല.
സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നതുകൂടി ഉള്‍പ്പടെയുള്ള വാദമുഖങ്ങള്‍ നിരത്തിയില്ലെങ്കില്‍ നാം വിഷയത്തില്‍ നിന്നും മാറിപൊയ്പ്പോകും. ഇപ്പോള്‍ തന്നെ നമ്മള്‍ കുറെയൊക്കെ വഴിവിട്ടല്ലെ സംസാരം.
അതുകൊണ്ട് പോസ്റ്റില്‍ പറഞ്ഞകാര്യങ്ങള്‍ മാത്രം മുന്നിറുത്തി നമുക്ക് ചര്‍ച്ച തുടരാം.
മാനേജ് മെന്റ് ഒരു ideal school, ideal അദ്ധ്യാപകരെ വച്ച് നടത്തുന്നതാണ് ജൊജ്ജുവിന്റെ സങ്കല്പം.ഈയടുത്തകാലത്ത് സാറമ്മാര് നടത്തിയ ഒരു സമരത്തെ ഓര്‍മ്മയുണ്ടോ. സാധാരണ സിലബസ്സിന് പുറത്തുള്ള ചിലകാര്യണല്‍ ഒരു ഹോളീഡേയില്‍ വന്ന് ചെയ്യണമെന്ന് വിദ്യ: വകുപ്പ് ആവശ്യപ്പെട്ടപ്പോഴാണത് സംഭവിച്ചത്. അങ്ങനെയുള്ള സാരമ്മരാണ് താങ്ക്ലുടെ സങ്കല്പ സ്കൂളില്‍ കൃഷി ചെയ്യിപ്പിക്കാന്‍ കുട്ടികളെ പഠിപ്പിക്കാനുദ്ദേശിക്കുന്നത്.
ചര്‍ച്ച കൊഴുപ്പിക്കാന്‍ ഇതാ ഒരു ചെറിയ കണക്ക്.
കേരളത്തിലെ എയിഡഡ് സ്ക്കൂള്‍ അധ്യാപകരുടെ ആകെ എണ്ണം ഏതാണ്ട് ഒരു ലക്ഷത്തില്‍ അല്‍പം അധികം.
അവര്‍ക്കു നല്‍കേണ്ടുന്ന വാര്‍ഷിക ശമ്പളം 2000 കോടി രൂപ (എയിഡഡ് മേഖലയിലെ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി, ഹയര്‍സെക്കന്ററി വിദ്യാലയങ്ങളുടെ കണക്ക് ഇതിനു പുറമെയാണ്)
എയിഡഡ് മേഖലയിലെ പ്രൈമറി അധ്യാപകരുടെ എണ്ണം - 71,104
ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ - 35,943
ആകെ 1,07,047 പേര്‍
സര്‍ക്കാര്‍ സ്ക്കൂളുകളിലെ ആകെ അധ്യാപകര്‍ 56,059
ഇവരില്‍ പട്ടികജാതിക്കാരുടെ എണ്ണം 4765 (8.5%)
പട്ടിക വര്‍ഗം 560 (ഒരു ശതമാനം)
എയിഡഡ് മേഖലയിലെ പട്ടികജാതിക്കാരുടെ എണ്ണം 298 (0.278%)
പട്ടികവര്‍ഗക്കാരുടെ എണ്ണം 58 (0.184%)
സര്‍ക്കാര്‍ ഖജനാവിലെ പണം അഥവാ പൊതുജനത്തിന്റെ നികുതിപ്പണം വീതം വെയ്ക്കപ്പെടുന്നത് ന്യായമായ അനുപാതത്തിലാണോ?
പിഎസ് സിയില്‍ ടെസ്റ്റെഴുത്ത് എന്ന താരതമ്യേനെ സുതാര്യമായ നടപടിയുണ്ട്. മാനേജ്മെന്റുകള്‍ക്കോ. കോഴപ്പണവും സേവപിടിത്തവും ഓച്ഛാനിച്ചു നില്‍പ്പുമല്ലാതെ ഏതാണ് അതിന്റെ മാനദണ്ഡം?
വിദ്യാഭ്യാസ വികേന്ദ്രീകരണത്തിന്റെ കരടു രേഖകള്‍ തയ്യാറാക്കിയത് എഐസിസി സെക്രട്ടറി വീരപ്പ മൊയിലിയുടെ നേതൃത്വത്തിലുളള കമ്മിറ്റിയാണ്. കത്തോലിക്കാ സഭയുടെ സമരം എന്തുകൊണ്ട് കേന്ദ്രസര്‍ക്കാരിനെതിരെ നീങ്ങുന്നില്ല. അവിടെയിരിക്കുന്ന മാഡവും പ്രതിരോധ മന്ത്രനും പിന്നെ ഇവിടുന്ന പോവുന്ന കുഞ്ഞാടുകളും നമ്മുടെ ആളായതു കൊണ്ടാണെന്ന് ആര്‍ക്കാണ് അറിയാത്തത്.
ചങ്ങനാശേരിയില്‍ കത്തോലിക്കാ മാനേജ്മെന്റും എന്‍എസ്എസും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ കേ കോ എം എംഎല്‍എ ജോസഫ് എം പുതുശേരി പോയതെന്തിന്?
മരീചാ വിമോചന സമരത്തിന്റെ ഓര്‍മ്മകളിലാണ് ഇന്നും കത്തോലിക്ക ബിഷപ്പുമാര്‍. അത് ഇനിയും നടത്താമെന്നുള്ള വ്യാമോഹം ഉള്ളതുകൊണ്ടാണ് ഈക്കളിയൊക്കെ നടത്തുന്നത്. കോണ്‍ഗ്രസിനെ ആള്‍ക്കാര്‍ക്ക മൊത്തം ഇന്‍വോള്‍വ് ചെയ്യാന്‍ ചില ബുദ്ധിമുട്ടുകളൊക്കെ ഉണ്ട് എന്നാല്‍ മാണി ഗ്രൂപ്പിനതില്ല. അതുകൊണ്ട് അവര്‍ പരസ്യമായി പോകുന്നു.
ഞാന്‍ പഴ്യ ഓശാനയൊക്കെ ഒന്ന് തപ്പിനോക്കി. അപ്പോള്‍ കണ്ട ഒരു കാര്യം ഇവിടെ കുറിക്കുന്നു. വിദ്യാഭ്യാസ ബില്ല് വരുന്നതിന് മുന്‍പ് സ്വകാര്യ വിദ്യാലയങള്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ കൊടുക്കുന്ന പണത്തില്‍ നിന്ന് ഒരു വിഹിതം സ്വകാര്യ മാനേജ്മെന്റുകള്‍ എടുത്തിരുന്നു അത്ര. പുലിക്കുന്നേല്‍ ഈ ലേഖനത്തില്‍ വേറോരു കാര്യം കോട്ട് ചെയ്തിട്ടുണ്ട്. അത് ഫാ: വടക്കന്റെ എന്റെ കുതിപ്പും കിതപ്പും എന്ന പുസ്തകത്തിലെ 26ആം പേജാണ് അതില്‍ വടക്കന്‍ ഇങ്ങനെ പറയുന്നു.
“
അങനെ ഇരിക്കെ എന്റെ ഇടവകപ്പള്ളിക്കൂടത്തില്‍ എനിക്ക് അധ്യാപക ജോലി കിട്ടിയത്. 14 വയസ് മാത്രം പ്രായം 5 രൂപ പ്രതിമാസ ശമ്പളം മദ്രാസ് സംസ്ഥാനത്തെ ഏയ്‌ഡഡ് വിദ്യാലയമായിരുന്നു അത് 9 രൂപ ഗവണ്മെന്റ് മാനേജ്മെന്റിന് നല്‍കും മാനേജര്‍ 5 രൂപ തന്ന് 9 രൂപക്ക് ഒപ്പ് വയ്പ്പിക്കും. നാലുരൂപ ബഹുമാനേജരായ പള്ളിവികാരി പോക്കറ്റിലാക്കും. ഇതായിരുന്നു അന്ന് പരക്കെ ഉള്ള സമ്പ്രദായം. മലബാറിലെ അധ്യാപക പ്രക്ഷോഭണത്തിന്റെ ചരിത്രം വായിച്ചാല്‍ അന്നത്തെ സ്വകാര്യ മാനേജ്മെന്റ് നടത്തീയിരുന്ന ചൂഷണങ്ങളുടെ നഗനമായ രൂപം കിട്ടും.
“
അന്നത്തെ മാനേജര്‍മാര്‍ ക്രൂരന്മാരായിരുന്നു എന്നും അദ്ദേഹത്തെത്തന്നെ 2 തവണ പിരിച്ച് വിട്ടിട്റ്റുണ്ട് എന്നുമൊക്കെ അതില്‍ ഉണ്ട്. 1958 ലെ നിയമമാണ് അധ്യാപകര്‍ക്ക് നേരിട്ട് ശമ്പളം നല്‍കുക എന്ന രീതി കൊണ്ടുവന്നത്.
കേരളത്തിലെ ദളിതരെല്ലാം നിരീശ്വരവാദികളും,മദ്യപാനികളും ,ധാര്‍മ്മികാപച്ച്യുതിയുള്ളവരും,കഴിവുകെട്ടവരും ആയതിനാലാകണം അവര്‍ക്കു എയിഡഡ്സ്കൂള്-കോളേജ്
തസ്തികകളില്‍ നിയമനം കിട്ടാത്തത്,അല്ലേ ജോജു? ഇങ്ങനെ ഈ തീവെട്ടികൊള്ളയെ ന്യായീകരിക്കാന്‍ മനസാക്ഷിക്കുത്തില്ലേ?ഈ പ്രശ്നത്തില്‍ വിശ്വാസികള്ക്കിടയില്‍ ഒരു റഫറണ്ടം നടത്താന്‍ സഭക്കു ധൈര്യമുണ്ടോ?
നിയമനം പി. എസ് .സിക്കു വിടുന്നതിനനുകൂലമായി വിശ്വാസികള്‍ വോട്ടു ചെയ്യും;തീറ്ച്ച.
അങ്കിള്‍,
ഒരു ഐഡിയല്‍ മാനേജുമെന്റിന് ഐഡിയല്‍ സ്കൂള്‍ അനുയോജ്യരായ അധ്യാപകരെ വച്ചുനടത്താനുള്ള അവസരം നിഷേധിയ്ക്കപ്പെടരുത് എന്നതാണ് എന്റെ പോയിന്റ്. അതുകൊണ്ട് മാനേജുമെന്റുകളുടെ നിയമനാധികാരം നിഷേധിയ്ക്കാതെ നിയമനം കുറ്റമറ്റതാക്കുന്ന രീതിയായിരിയ്ക്കണം സര്‍ക്കാര്‍ കൈക്കൊള്ളേണ്ടത്.
ഇതിനെ പറ്റി ഇതില്‍ കൂടുതലൊന്നും എനിയ്ക്കു പറയാനില്ല. എന്തുകൊണ്ട് നിയമനാധികാരം മാനേജുമെന്റിനു വേണം എന്നു കാണിയ്ക്കുവാന്‍ മാത്രമാണ് ഞാന്‍ സാങ്കല്പിക ഉദാഹരണം പറഞ്ഞത്.
പി.എസ്.സി പരീക്ഷ എത്രത്തോളം കുറ്റമറ്റതാണെന്ന് അടുത്തറിയാവുന്നവര്‍ക്കറിയാമായിരിയ്ക്കും. പോലീസ് നിയമനങ്ങളിലെ അഴിമതിയെക്കുറിച്ഛും ഇന്റര്‍വ്യൂ ഉള്ള നിയമനങ്ങളിലെ അഴിമതികളെക്കുറിച്ചും ഞാന്‍ കേട്ടീട്ടൂണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഡി.വൈ.എഫ്.ഐ കാര്‍ അഴിമതി ആരോപിച്ച് തടസപ്പെടുത്തിയത് ഒരു പി.എസ്.സി ഇന്റര്‍വ്യൂ ആയിരുന്നെന്നാണ് എന്റെ ഓര്‍മ്മ(തെറ്റാണെങ്കില്‍ ക്ഷമിയ്ക്കുക, ഉറപ്പില്ല.) മള്‍ട്ടീപ്പിള്‍ ചോയിസ് ഉള്ള ഉത്തരങ്ങളില്‍ ശരിയുത്തരം ഒരെണ്ണം പോലും ഇല്ലാതിരുന്നതും കേട്ടീട്ടൂണ്ട്. പരീക്ഷ കുറ്റമറ്റതാണെങ്കില്‍ തന്നെ ഏറ്റവും മികച്ചയാളെ തിരഞ്ഞെടൂക്കുന്ന പരീക്ഷയല്ലാ അതെന്ന് അറിയാമായിരിയ്ക്കൂമല്ലോ.
മാരീചന്‍,
മാരീചന്‍ പറഞ്ഞ കണക്കുകളില്‍ പി.എസ്.സി നിയമനങ്ങളില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് കിട്ടിയ നിയമനങ്ങള്‍ അവര്‍ക്ക് കൊടുത്തിരിയ്ക്കുന്ന റിസര്‍വേഷനിലും കുറവാണെന്നു കാണാം. അതായത് സുതാര്യമെന്നു നിങ്ങള്‍ പറയുന്ന പി.എസ്.സി യിലെ ദളിതരുടെ ഒഴിവു നികത്താന്‍ പോലും യോഗ്യരായവരെ കിട്ടാനില്ല എന്നല്ലെ അതിന്റെ അര്‍ത്ഥം.
കൂടുതല്‍ വിദ്യാലയങ്ങള്‍ ക്രൈസ്തവ സഭയുടേതാണെന്നതു ശരിതന്നെ. അവിടെ പഠിച്ചിറങ്ങിയവര്‍ കൃസ്ത്യാനികള്‍ മാത്രമല്ല. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും അതിന്റെ പ്രയോജനം കിട്ടിയിട്ടൂണ്ട്. ഞാന്‍ പി.ഡി.സി ഉള്‍പ്പെടെ ക്രിസ്ത്യന്‍ എയിഡഡ് സ്കൂളുകളിലാണ് പഠിച്ചത്. അവിടുത്തെ അധ്യാപകരൊന്നും യോഗ്യതയില്ലാത്തവരാണെന്ന് എനിയ്ക്ക് തോന്നിയിട്ടൂമില്ല.
ക്രൈസ്തവ സഭ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നതിന് ക്രൈസ്തവരെ വിശ്വാസാന്തരീക്ഷത്തില്‍ വളര്‍ത്താനും പൊതുവില്‍ ധാര്‍മ്മികത അഭ്യസിപ്പിയ്ക്കാനുമാണ്. ക്രിസ്ത്യാനികള്‍ക്ക് വേദപാഠക്ലാസ് എടുക്കുന്നതിനൊപ്പം തന്നെ അന്യമതസ്ഥര്‍ക്ക് സന്മാര്‍ഗ്ഗപാഠം നടത്തുവാനും സഭാസ്ഥാപനങ്ങള്‍ ശ്രദ്ധിച്ചിരുന്നു. അങ്ങനെ ഒരു ഉദ്ദ്യേശമില്ലായിരുന്നെങ്കില്‍ എന്തിന് ഒന്നു മുതല്‍ പത്തുവരെയുള്ള കുട്ടീകള്‍ക്കായി സിലബസിനു പുറത്ത് പുസ്തകം തയ്യാറാക്കാനും പഠിപ്പിയ്ക്കാനും പരീക്ഷനടത്താനും മിനക്കെടണം.
കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഒരു സര്‍ക്കാര്‍ കലായത്തില്‍ നിന്നും ബിരുദം നേടിയ എനിയ്ക്ക് അവിടെ നടക്കുന്ന കോപ്പിയടിയുടെ ആഴം അറിയാം. അതേ സമയം ഒരു എയിഡഡ് സ്ഥാപനം കോപ്പിയടി തടയാന്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും അറിയാം.
ഇതെല്ലാം പൊതുവില്‍ പറഞ്ഞത്.
മൈനോറിറ്റി സ്റ്റാറ്റസിനെക്കുറിച്ചുകൂടി പറഞ്ഞ് തല്‍ക്കാലം നിറുത്താം.
ഇന്ത്യയില്‍ ആര്‍ക്കും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിയ്ക്കാനും ആ മതം പ്രചരിപ്പിയ്ക്കാനുമുള്ള അവകാശമുണ്ട്. മൈനോറിറ്റികള്‍ക്ക്
Article 30(1)], Article30(2) പ്രകാരം സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുവാനും നടത്തുവാനും അവകാശമുണ്ട്. ഇത് മൈനോറിറ്റികളുടെ വിശ്വാസവും സ്വഭാവവും കാത്തുസൂക്ഷിയ്ക്കുന്നതിനായി ഭരണഘടന വിഭാവനം ചെയ്യുന്നതാണ്. ഭൂരിപക്ഷത്തിന് സ്വാഭാവികമായി വന്നുചേരുന്ന ഈ അവകാശം, ന്യൂനപക്ഷത്തിനു വേണ്ടി പ്രത്യേകം പരാമര്‍ശിയ്ക്കപ്പെട്ടിരിയ്ക്കുന്നു എന്നു മാത്രം.
അതായത് മൈനോറിറ്റികള്‍ക്ക് ഭരണഘടന ഈ അവകാശം കൊടുത്തിരിയ്ക്കുന്നതു തന്നെ ഏതെങ്കിലും കാരണത്താല്‍ (എതിര്‍പക്ഷത്തിന് ഭൂരിപക്ഷമുണ്ടായാല്‍ പോലും)ഇത് നിഷേധിയ്ക്കപ്പെടരുത് എന്നുള്ളതുകൊണ്ടൂ തന്നെയാണ്. അതായത് ഭൂരിഭാഗം ആള്‍ക്കാരും മൈനോറിറ്റി സ്റ്റാറ്റസിന് എതിരായാല്‍ പോലും മൈനോറിറ്റി സ്റ്റാറ്റസ് കളയാനാവില്ല എന്നു ചുരുക്കം.
നിയമം മൂലം മൈനോറി സ്ഥാപനങ്ങളിലെ നിയമനങ്ങളിലെങ്കിലും കൈകടത്താന്‍ സര്‍ക്കാരിന് കഴിയാതെ വരും.
അതിനു ശ്രമിച്ചാല്‍ തന്നെ കോടതി കയറിയിറങ്ങേണ്ടീ വരുമെന്നു മാത്രമാണ് എനിയ്ക്കു തോന്നുന്നത്.
അതാണ് ഞാന്‍ പറഞ്ഞത് എയിഡഡ് സ്ഥാപനങ്ങളാണെങ്കില്‍ കൂടിയും നിയമനങ്ങള്‍ മാനേജുമെന്റിന് വിട്ടുകൊടുത്തുകൊണ്ട് (ന്യൂനപക്ഷത്തിന്റെ മാത്രമല്ല), നിയമനങ്ങളെ കുറ്റമറ്റതാക്കുന്ന രീതിയായിരിയ്ക്കും സര്‍ക്കാരിന് ഭൂഷണമായിട്ടൂള്ളത്.
Post a Comment