Search This Blog
Wednesday, 19 March 2008
നീതിപീഠം വിചാരണവിധേയം
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിന്റെ നെടുംതൂണുകളില്‍ ഇപ്പോഴും കാര്യമായ ബലക്ഷയം വന്നിട്ടില്ലാത്തത് നീതിന്യായ സംവിധാനത്തിനു മാത്രമാണു.ദുഷിച്ചു നാറിയ ഒരു സമൂഹത്തിന്റെ പ്രതിഫലനം എല്ലാ രംഗത്തുമുണ്ടാകുക സ്വാഭാവികം.ജെഡ്ജിമാരില്‍ 30 ശതമാനം പേര്‍ അഴിമതിക്കാരാണെന്ന ഒരു മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പരസ്യപ്രസ്താവന ഇക്കാരണത്താലാണു.
പക്ഷേ ,മുച്ചൂടും അഴിമതിയില്‍ മുങ്ങിത്താണ രാഷ്ട്രീയക്കാരും,ഉദ്യോഗസ്ഥരും,മാധ്യമങ്ങളും അടങ്ങുന്ന മറ്റു വിഭാഗങ്ങളുമായി താരതമ്യം ചെയ്യുംബോള്‍ ജുഡീഷ്യറിയുടെ മാറ്റ് ഏറുകയേയുള്ളു.
അതുകൊണ്ടാണു ഭരണകൂടത്തിലും,മാധ്യമങ്ങളില്‍ പോലും ,വിശ്വാസം നശിച്ചവര്‍ അവസാന ആശ്രയമായി കോടതിയെ കാണുന്നത്.പുഴുക്കുത്തേറ്റ സമൂഹത്തില്‍ എല്ലാറ്റിനും മേല്‍ നീതിയുടെ ബലിഷ്ഠങ്ങളായ കരങ്ങളുണ്ടെന്ന വിശ്വാസമാണു കോടതിയോടും ന്യായാധിപരോടുമുള്ള കറയറ്റ ബഹുമാനത്തിനു നിദാനം. സത്യം ഒരിക്കല്‍ ജയിക്കുമെന്നു,അശരണരും, നിസ്വരും,ആലംബഹീനരുമായ സാധാരണക്കാര്‍ ആശ്വസിക്കുന്നത് ജുഡീഷ്യറിയില്‍ അവര്‍ക്കുള്ള കറയറ്റ വിശ്വാസത്താലാണു. അനീതികളെ നിഗ്രഹിക്കുന്ന, സത്യധര്‍മ്മാദികളെ പരിരക്ഷിക്കുന്ന സ്രഷ്ഠാവിന്റെ സ്ഥാനത്ത് അവര്‍ ന്യായാധിപരെ പ്രതിഷ്ഠിച്ചിരിക്കുന്നു.
ന്യായപീഠത്തിലിരിക്കുന്നവരുടെ ഓരോ വാക്കും സമൂഹത്തെ ആഴത്തില്‍ സ്വാധീനിക്കുന്നതിനു കാരണം ഇതാണു.അതുകൊണ്ടു തന്നെ ന്യായാധിപര് ഓരോ വാക്കും അളന്നു മുറിച്ചേ ഉച്ചരിക്കാവൂ.കോടതി മുറിയിലെ വാദപ്രതിവാദങ്ങള്‍ക്കിടയില്‍ ഇവര്‍ നടത്തുന്ന നിരീക്ഷണങ്ങള്‍(ഒബ്സര്‍വേഷന്‍സ്) മാധ്യമങ്ങളുടെ തലക്കെട്ടുകലില്‍ സ്ഥാനം പിടിക്കുകയും അവ പൊതുജനാഭിപ്രായരൂപീകരണത്തെ
ആഴത്തില്‍ സ്വാധീനിക്കുകയും ചെയ്യുന്നു.
ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും ന്യായാധിപര്‍ ,പക്ഷേ, ചിലപ്പോഴൊക്കെ തങ്ങള്‍ വഹിക്കുന്ന ഉന്നത സ്ഥാനത്തിനു നിരക്കാത്ത ,നിരുത്തരവാദപരമായ നിരീക്ഷണങ്ങള്‍ നടത്താറുണ്ടു.
ഭരണഘടനാനുസൃതമായി യാതൊരു സാധുതയുമില്ലാത്തതും, വിധിയുടേയൊ കോടതി രേഖകളുടെയോ ഭാഗമല്ലാത്തതുമായ ഇത്തരം കമറ്റുകള്‍ തെറ്റായ കീഴ്വഴക്കങ്ങള്‍ സൃഷ്ടിക്കുന്നവയാണു.ജഡ്ജിയുടെ വ്യക്തിപരമായ അഭിപ്രായങ്ങളും,നിരീക്ഷണങ്ങളും കോടതിയുടെ വിധികളായി ജനങ്ങള്‍ വിശ്വസിക്കുകയും,മാധ്യമങ്ങളും ,രാഷ്ട്രീയകക്ഷികളും അങ്ങനെ പ്രചരിപ്പിക്കുകയും ചെയ്യുന്നു.
സേതുസമുദ്രം പദ്ധതി നടപ്പാക്കാണമെന്നാവശ്യപ്പെട്ട് തമിഴ് നാട്ടില്‍ ബന്ദ് ആചരിക്കാനുള്ള ഡി എം കെ ആഹ്വാനത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ മുതിര്‍ന്ന സുപ്രീം കോടതി ജഡ്ജി ബി എന് അഗ്രവാള്‍ നടത്തിയ പരാമര്‍ശങ്ങളാണു ഈ വിഷയത്തെക്കുറിച്ച് സംവാദം അനിവാര്യമാക്കി തീര്‍ത്തിരിക്കുന്നതു.
ബന്ദ് നിരോധനം ഫലപ്രദമായി നടപ്പിലാക്കപ്പെടുന്നില്ലെന്നു അഭിഭാഷകന്‍ പറഞ്ഞപ്പോളാണു ജെഡ്ജിയുടെ പൊടുന്നനെയുള്ള നിരീക്ഷണങ്ങള്‍ ഉണ്ടായതു.“നിങ്ങള്‍ പറയുന്നത് ശരിയാണെങ്കില്‍,അവിടെ ഭരണഘടനാസംവിധാനങ്ങള്‍ പൂര്‍ണമായി തകര്ന്നിരിക്കുന്നു….ഡി എം കെ സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ഞങ്ങള്‍ ശിപാര്‍ശ ചെയ്യും…..ഇതാണു ഡി എം കെ സര്‍ക്കാരിന്റെ നിലപാടെങ്കില് യു പി ഐ സഖ്യകക്ഷി സര്‍ക്കാരിനെ പിരിച്ചുവിടാന്‍ കേന്ദ്രം മടി കാണിക്കരുത്.”
“തമിഴ് നാട് സര്‍ക്കാരിനെ പിരിച്ചു വിടാന്‍ സുപ്രീംകോടതി കേന്ദ്രത്തോടാവശ്യപ്പെട്ടു,” എന്നാണു മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്.അതിനു മുന്‍പു കേരളത്തിലെ റോഡുകള്‍ ലോകത്തെ ഏറ്റവും മോശപ്പെട്ട റോഡുകളാണെന്നു കേരള ഹൈക്കോടതിയിലെ ഒരു ജഡ്ജി നടത്തിയ പരാമര്‍ശവും വന്‍ വാര്‍ത്തയായി.പരിയാരം തെരഞ്ഞെടുപ്പു ഹര്‍ജി പരിഗണിക്കവെ കേരളത്തെ ബീഹാറുമായി താരതമ്യപ്പെടുത്തി നടത്തിയ പരാമര്‍ശവും മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു.
കേസുകളില്‍ വാദപ്രതിവാദം പൂര്‍ത്തിയാക്കി വിധി പറയുംപോള്‍ ഈ പരാമര്‍ശങ്ങള്‍ രേഖയിലുണ്ടാകണമെന്നില്ല.പക്ഷേ, അതിനൊടകം അവ ജനമനസ്സുകളില്‍ സ്ഥാനം പിടിക്കും.അവര്‍ അതിന്റെ അടിസ്ഥാനത്തില്‍ സ്വന്തം നിഗമനങ്ങളില്‍ എത്തിച്ചേരും.ഇതു വളരെ അപകടകരമായ പ്രവണതയാണു.ബാര്‍ കൌന്‍സില്‍ ഓഫ് ഇന്ത്യ തന്നെ ഇത്തരം പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്ത് വന്നിട്ടുണ്ടു.
ജഡ്ജിമാര്‍ ഒരു തെറ്റും വരുത്താത്തവരും, സര്‍വകാര്യങ്ങളെക്കുറിച്ചും അവഗാഹമുള്ളവരും,കോടതിമുറിക്കകത്തുവച്ച് എന്തും പറയാന്‍ അവകാശമുള്ളവരുമാണെന്ന് ആര്‍ക്കും മിഥ്യാധാരണയുണ്ടാവാനിടയില്ല.
ജഡ്ജിക്കും കോടതിക്കും നിയമവ്യാഖ്യാനങ്ങളില്‍ തെറ്റു പറ്റാം.അതു തിരുത്താണു ഉന്നത നീതിപീഠങ്ങളുള്ളത്.പക്ഷേ, ജഡ്ജിമാരുടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ ഇങ്ങനെ തിരുത്താനോ പിന് വലിപ്പിക്കാനോ കഴിയില്ല.വായില്‍ നിന്നു പുറപ്പെട്ടുപോയ വാക്കുകള്‍ അന്തരീക്ഷത്തില്‍ തന്നെ ഉണ്ടാകും.
കോടതി അലക്ഷ്യത്തെ ഭയന്നു മിക്കവരും ജുഡീഷ്യറിയെ സൃഷ്ടിപരമായി പോലും വിമര്‍ശിക്കാന്‍ ധൈര്യപ്പെടുന്നില്ല.ജഡ്ജിയുടെ മേല്‍ ദുരുദ്ദ്യേശ്യം-MALA FIDE- ആരോപിക്കാത്തിടത്തോളം ഏതു വിധിയേയും വിമര്‍ശിക്കാനും അതിനെക്കുറിച്ചു ചര്‍ച്ച ചെയ്യാനും സമൂഹത്തിനു അവകാശമുണ്ടു.പക്ഷേ അങ്ങിനെ സംഭവിക്കുന്നില്ല. അതിനാല്‍ മാധ്യമങ്ങളും പൊതുപ്രവര്‍ത്തകരും നിതിന്യായ സംവിധാനത്തെക്കൂടി നിശിതമായ വിമര്‍ശനത്തിനും നിരീക്ഷണങ്ങല്‍ക്കും വിധേയമാക്കണം.ആര്‍ക്കും അപ്രമാദിത്വമില്ല.
ഹൈക്കോടതിയുടെ പുതിയ കെട്ടിടത്തില്‍ 13-ആം നമ്പര്‍ ഒഴിവാക്കിയതു അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കാനാണെന്നു ആരോപിച്ചു ഹര്‍ജി നല്‍കിയ ആള്‍ക്കു ഫൈന്‍ ഇട്ട വിധി,അതു സുപ്രീം കോടതി റദ്ദാക്കിയിട്ടുകൂടി ,വിമര്‍ശിക്കപ്പെടാതിരിക്കുന്നത് എന്തുകൊണ്ട്? ഉന്നത നീതി പീഠം പറഞ്ഞിട്ടും 13-ആം നമ്പര്‍ മുറി കേള ഹൈക്കോടതിയിലുണ്ടൊ എന്നു മാധ്യമങ്ങള്‍ അന്വേഷിക്കാത്തതെന്ത്?
ഹൈക്കോടതി നിയമനങ്ങളില്‍ സംവരണവ്യവസ്ഥകള്‍ പാലിക്കുന്നില്ലെന്ന വിമര്‍ശനം മധ്യമങ്ങള്‍ ചര്‍ച്ച ചെയ്യാത്തതെന്ത്?
ജാഗരൂകരായ,പൌരബോധമുള്ള,ജനാധിപത്യാവകാശങ്ങളെക്കുറിച്ച് അവഗാഹമുള്ളവരുടെ നിതാന്ത ജാഗ്രത കോടതികള്‍ക്ക് മേല്‍ ഉണ്ടാകണം.ജനാധിപത്യത്തിന്റെ നട്ടെല്ലായ ഭരണഘടനാസ്ഥാപനമെന്ന നിലയില്‍,ജുഡീഷ്യറി വഴി തെറ്റാതെ മുന്നോട്ട് പോകേണ്ടത് ഒരു സാമൂഹികാവശ്യമാണു. ജുഡീഷ്യറിയില്‍ പൊതുജനനിരീക്ഷണം അനിവാര്യമാക്കുന്ന സാമൂഹിക സാഹചര്യമാണു ഇപ്പോഴുള്ളത്.
നിതിന്യായ വ്യവസ്ഥയുടെ ഏതു അപചയവും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നട്ടെല്ലൊടിക്കും.കോടതിയെ ക്കുറിച്ചുള്ള ആരോഗ്യകരമായ വിമര്ശനങ്ങളിലൂടെ മാത്രമെ ഇത് അതിജീവിക്കാന് കഴിയൂ.
അതിനാല്‍ നീതിപീഠവും വിചാരണ ചെയ്യപ്പെടട്ടെ.
Wednesday, 12 March 2008
ആണും പെണ്ണും ഒരേ ബഞ്ചിലിരുന്ന് പഠിച്ചാല്‍..
ഒന്നാം ക്ലാസ് മുതല്‍ ആണും പെണ്ണും ഒരേ ബഞ്ചിലിരുന്ന് പഠിച്ചാല്‍ എന്തുണ്ടാകും? ലൈംഗിക കുറ്റകൃത്യങ്ങളുടെ എണ്ണം ഭാവിയില്‍ കുത്തനെ ഇടിയും.പൊതുസ്ഥലങ്ങളിലും ഓഫീസുകളിലും മറ്റും സ്ത്രീകളെ ഒറ്റക്ക് കിട്ടിയാല്‍ തോണ്ടുന്നവരും,കടന്നാക്രമിക്കുന്നവരും,തുറിച്ചുനോട്ടങ്ങളിലൂടെ സ്ത്രീജീവിതം ദുഷ്കരമാക്കുന്നവരും കേരളീയ സമൂഹത്തില്‍ അപൂര്‍വ്വമാകും.അന്തസ്സോടെ ഏത് അര്‍ദ്ധരാത്രിക്കും സ്ത്രീകള്‍ക്ക് പുറത്തിറങ്ങി സഞ്ചരിക്കാനും ജോലി ചെയ്യാനുമുള്ള അന്തരീക്ഷം രൂപപ്പെടും.വിവാഹബന്ധങ്ങള്‍ തകരുന്നത് കുറയും.
-ഇതൊരു ഭാവനാസമ്പന്നന്റെ ഭ്രാന്തന്‍ സ്വപ്നങ്ങളല്ല.ഒരു അരാജകവാദിയുടെ ജല്പനങ്ങളുമല്ല.ഇത് വായിച്ച് കല്ലെറിയാന്‍ വരുന്നോര്‍ക്കായി വിശദീകരിക്കാം.1982 - 84 ൽ എം.എയ്ക്ക് ചങ്ങനാശ്ശേരി എസ്.ബി. കോളേജിലും തുടർന്ന് എം.ജെയ്ക്ക് കാര്യവട്ടം കാമ്പസിലും സമ്മിശ്ര ഇരിപ്പടങ്ങളിലിരുന്ന് പഠിച്ച അനുഭവത്തിന്റെ ബലത്തിലാണ് ഇതെഴുതുന്നത്.
ഇപ്പോഴും പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമിടയിൽ നിയന്ത്രണങ്ങളുടെ വൻമതിലുകൾ കെട്ടണമെന്ന് വാശി പിടിക്കുന്നവരുണ്ട്. ആൺകുട്ടികളുള്ള വിദ്യാലയങ്ങളിൽ പെൺമക്കളെ അയയ്ക്കാൻ മടിക്കുന്നവരുമുണ്ട്. ബസിലോ, ട്രെയ്നിലോ, കാത്തിരിപ്പ് കേന്ദ്രത്തിലോ ഇരിപ്പിടങ്ങൾ പങ്കിടാൻ പോലും മടിക്കുന്ന യാഥാസ്ഥിരികരാണ് 'പുരോഗമന' കേരളീയരിൽ ബഹുഭൂരിപക്ഷവും . അവരൊക്കെ ഇത് വായിച്ച്,കല്ലെറിയാൻ വരുംമുമ്പ് , ശാന്തമായി ആലോചിക്കാൻ , വിശദീകരിക്കാം; ലോകത്ത് ഒരു മതവും ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒന്നിച്ചിരുന്ന് പഠിക്കുന്നതിനെ വിലക്കിയിട്ടില്ല.അത് മതനിന്ദയോ,മതസ്വാതന്ത്ര്യത്തിനു മേലുള്ള കൈയ്യേറ്റമോ അല്ല.
സഹവിദ്യാഭ്യാസം സമം ലൈംഗിക അരാജകത്വം എന്നു വിളിച്ചുകൂവുന്നവര്‍ക്ക് ദുഷ്ടലാക്കു മാത്രമാണുള്ളത്.അവര്‍ അതിനായി വിശുദ്ധഗ്രന്ഥങ്ങളെ കൂട്ടുപിടിക്കുന്നത് സ്ത്രീകളെ അകത്തമ്മമാരാക്കുന്നതിനാണു. കേരള സര്‍ക്കാരിന്റെ വിദ്യാഭ്യാസപരിഷ്കാരങ്ങള്‍ക്കെതിരെ സമര രംഗത്തിറങ്ങിയ മുസ്ലീം സംഘടനകള്‍ സഹവിദ്യാഭ്യാസം എന്ന വിഷയം മുഖ്യ അജണ്ടയിലുൾപ്പെടുത്തിയതെങ്ങനെ എന്ന് അത്ഭുതപ്പെടുന്നു. സഹവിദ്യാഭ്യാസത്തിന്റേത് എങ്ങനെ വിശ്വാസപരമായ പ്രശ്നമാകും?അതൊരു സാമൂഹിക പ്രശ്നമാണ്.അത് ചര്‍ച്ച ചെയ്യേണ്ടതും തീരുമാനിക്കേണ്ടതും മതസംഘടനകളല്ല.പൊതുസംവാദത്തിനനുസൃതമായി തീരുമാനിക്കപ്പെടേണ്ട ഈ വിഷയം മുസ്ലീങ്ങളുടെ മതപ്രശ്നമയി ചുരുക്കിയെഴുതി ഒത്തുതീര്‍ന്നത് ജനാധിപത്യ സമ്പ്രദായത്തിനു നിരക്കുന്നതല്ല.
സ്കൂളുകളില്‍ ആണ്‍-പെണ്‍കുട്ടികളെ ഒന്നിച്ചിരുത്തിയ അധികൃതര്‍ക്കെതിരെ നടപടി എടുക്കുമെന്നും മന്ത്രി ബേബി പ്രഖ്യാപിച്ച വാര്‍ത്ത കേട്ട് ഞാന്‍ ഞെട്ടി.നിയമപരവും ധാര്‍മ്മികവുമായ പിന്‍ബലമില്ലാത്ത ഈ നടപടിയുമായി ഒരു പുരോഗമന സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്ന് വിശ്വസിക്കാനാകുന്നില്ല.
മുസ്ലീം സംഘടനകള്‍ മന്ത്രിക്കും സംസ്ഥാന സര്‍ക്കാര്‍-എയിഡഡ് സ്കൂളുകളിലേ വടിയെടുക്കാനാകൂ.കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേന്ദ്രീയ വിദ്യാലയങ്ങളിലും ജവഹര്‍ നവോദയ വിദ്യാലയങ്ങളിലും,ഒട്ടനവധി സ്വകാര്യ സി.ബി.എസ്.ഇ സ്കൂളുകളിലും യു.പി തലം വരെയെങ്കിലും കുട്ടികള്‍ ഒന്നിച്ചാണിരിക്കുന്നത്.അതിനു മുകളിലത്തെ ക്ലാസുകളിലും പ്രത്യേക ഇരിപ്പടങ്ങള്‍ എന്ന വേര്‍തിരിവ് കര്‍ക്കശമായി നടപ്പാക്കപ്പെടുന്നില്ല. ആയിരക്കണക്കിനു മതവിശ്വാസികള്‍ ഈ സ്കൂളുകളില്‍ പഠിക്കുന്നുണ്ടു.അവിടെ തങ്ങളുടെ വിശ്വാസപ്രമാണങ്ങള്‍ക്ക് വിരുദ്ധമായതെന്തെങ്കിലും നടക്കുന്നതായി അവരോ,രക്ഷാകര്‍ത്താക്കളോപരാതിപ്പെട്ടിട്ടില്ല.ഇത്തരം സ്കൂളുകളിലേക്ക് തങ്ങളുടെ കുട്ടികളെ അയക്കില്ലെന്ന് അവരാരും വശിപിടിച്ചിട്ടില്ല.
മിക്സഡ് സ്കൂളുകളില്‍ ഒരേ ബഞ്ചിലിരുന്ന് ഒന്നാം തരം മുതല്‍ ഒന്നിച്ച് പഠിക്കുന്ന ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും ഇടയില്‍ രൂപംകൊള്ളുന്ന ആരോഗ്യകരമായ ബന്ധങ്ങള്‍ക്ക് തുല്യം നില്‍ക്കാന്‍ മറ്റൊന്നിനും കഴിയില്ല എന്നതാണ് സത്യം.ലിംഗപരമായ വ്യത്യാസം മനസിലാക്കിതന്നെ പരസ്പരം ഇടപഴകാനും,സഹകരിക്കാനും,പരസ്പരപൂരകങ്ങളായി പ്രവര്‍ത്തിച്ച് സമൂഹത്തിന് മാതൃകയാകാനും ഇവര്‍ക്ക് കഴിയും. പ്ലേ സ്കൂളുകളില്‍ പോലും എട്ടും പൊട്ടും തിരിയാത്ത പിഞ്ചു കുഞ്ഞുങ്ങളെ വേലികെട്ടി തിരിച്ചിരുത്തി ശീലിക്കുന്നവര്‍ അവരില്‍ ലിംഗവിവേചനത്തിന്റെ അനാശാസ്യമായ,അനാരോഗ്യകരമായ ,അപകടകരമയ വിഷബീജങ്ങള്‍ കുത്തിവെക്കുകയാണു ചെയ്യുന്നത്.ഇങ്ങനെ വേര്‍തിരിച്ച് വളര്‍ത്തപ്പെടുന്നവര്‍ ആണ്‍-പെണ്‍ ബന്ധങ്ങളെ തെറ്റായി സമീപിക്കാന്‍ തുടങ്ങുന്നു
.തന്താങ്ങളുടെ ലിംഗങ്ങളിലേക്കും ശരീരങ്ങളിലേക്കും മാത്രം അവര്‍ നങ്കൂരമിടാന്‍ തുടങ്ങുന്നു.എതിര്‍ലിംഗത്തില്‍ പെട്ടവരെ ഭയത്തോടെയും ,വെറുപ്പോടെയും കാണുന്നവര്‍ ,കൌമാരത്തില്‍ അടിച്ചമര്‍ത്തപ്പെട്ട ചോദനകളുടെ വിസ് ഫോടനത്തില്‍ വഴിതെറ്റിപ്പോയേക്കാം.കേരളത്തെ പിടിച്ചു കുലുക്കിയ ഒട്ടേറെ ലൈംഗികാപവാദക്കേസുകളില്‍ പിടിയിലായ ചെറുപ്പക്കാരില്‍ നല്ലൊരുശതമാനം പേരും ആണ്‍കുട്ടികള്‍ക്ക് മാത്രമുള്ള സ്കൂളുകളിലും കോളേജുകളിലും മാത്രം പഠിച്ചു വളര്‍ന്നവരാണു.ഇവരുടെ ഇരകളില്‍ ഭൂരിപക്ഷവും വിമന്‍സ് കോളേജുകളില്‍ കടുത്ത അച്ചടക്കത്തില്‍ പഠിച്ചവരാണു.കുട്ടിക്കാലം മുതല്‍ പരസ്പരം ഇടപഴകാന്‍ അവസരം നല്‍കാതെ ,അടച്ചിട്ട് വളര്‍ത്തപ്പെടുന്നവരാണ് ജീവിതം തകര്‍ന്ന് മനശാസ്ത്രജ്ഞര്‍ക്കു മുന്നിലെത്തുന്നവരില്‍ നല്ലൊരു ശതമാനം പേര്‍. പ്രകൃതിദത്തമായ വികാരങ്ങള്‍ അടിച്ചമര്‍ത്തി വയ്ക്കാനാവില്ലെന്നും,അനാവശ്യമായ നിയന്ത്രണങ്ങള്‍ അപകടകരമായ പൊട്ടിത്തെറിയിലേ കലാശിക്കൂ എന്നുമറിയാന്‍ ചരിത്രം പഠിക്കണമെന്നില്ല;മനുഷ്യപ്രകൃതത്തെക്കുറിച്ചുള്ള ബാലപാഠങ്ങള്‍ മാത്രം അറിഞ്ഞാല്‍ മതി,ഇതിനു. അതുകൊണ്ടു, സാമൂഹിക പുരോഗതിയും സാമൂഹികാരോഗ്യവും തങ്ങളുടെ കൂടി കര്‍ത്തവ്യമാണെന്ന് ബോധമുള്ള മതസംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടേണ്ടത് സഹവിദ്യാഭ്യാസം നിര്‍ബന്ധിതമാക്കാനും,നിലവിലുള്ള എല്ലാ വിദ്യാലയങ്ങളും മിക്സഡാക്കാനുമാണു. മിക്സഡ് കോളേജുകളില്‍ അച്ചടക്കമില്ലെന്ന് വിലപിക്കുന്നവര്‍ ,അവിടെ പഠിച്ചിറങ്ങുന്നവരുടെ മാനസികാരോഗ്യത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?
അവരുടെ ധാര്‍മ്മിക നിഷ്ഠയും സദാചാര-സാമൂഹിക-രാഷ്ട്രീയ ബോധവും പൊതു സമൂഹത്തേയും മതനേതാക്കളേയും പ്രചോദിപ്പിക്കേണ്ടതാണു.ജീവിത പ്രതിസന്ധികളെ സുധീരം നേരിടാന്‍ മനശക്തിയും ആത്മബലവുമുള്ളവര്‍ ഇവിടെ പഠിച്ചു വളര്‍ന്നവരാണ്.അല്ലാതെ, പെണ്ണുങ്ങളുടെ(ആണുങ്ങളുടേയും) പൊന്നാപുരം കോട്ടകളില്‍ അച്ചടക്കത്തോടെ അടച്ചിടപ്പെട്ടവരല്ല. അതിനാല്‍, പരസ്പരം ആദരിക്കുന്നവരുടേയും,വേദനകളും ആകുലതകളും പങ്കുവെക്കുന്നവരുടേയും,അതിലൂടെ മാതൃകാപരമായ സ്ത്രീ-പുരുഷ ബന്ധങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരുന്നവരുടേയും ഒരു തലമുറയെ വാര്‍ത്തെടുക്കാനുള്ള എളുപ്പവഴികളിലൊന്നാണു സഹവിദ്യാഭ്യാസം.അവിടെ അവര്‍ ഒരേ ബഞ്ചിലിരുന്നു പഠിക്കട്ടെ.
മനോവൈകൃതമുള്ളവരുടേയും,തുറിച്ചുനോട്ടക്കാരുടേയും,ആഭാസന്മാരുടേയും,കുറ്റവാളികളുടേയും,അരാജകവാദികളുടേയും തലമുറകള്‍ ഇനിയും കേരളത്തെ അധോലോകസമാനമാക്കി മാറ്റാതിരിക്കാന്‍ ഇത് അനിവാര്യമാണു.
Sunday, 9 March 2008
റേഡിയോ;പഴയതും പുതിയതും

അതിനു ഉത്തരം പറയും മുന്‍പ് ഈ കണക്കുകള്‍ ശ്രദ്ധിച്ച് വായിക്കേണ്ടതുണ്ടു.കേരളത്തില്‍ നിന്ന് പ്രസിദ്ധീകരിക്കുന്നതും ഇവിടെ വിതരണം ചെയ്യുന്നതുമായ മലയാളം ദിനപ്പത്രങ്ങളുടെ മൊത്തം പ്രചാരം 30 ലക്ഷമാണു.ഓരോ കോപ്പിക്കും പരമാവധി 6 വായനക്കാര്‍. അപ്പോള്‍, കേരളത്തിലെ ഭാഷാപത്രങ്ങളുടെ വായനക്കാരുടെ എണ്ണം 180 ലക്ഷം.ഒന്നിലധികം പത്രം വരുത്തുന്നവരും ,വരിക്കാരാണെങ്കിലും വായിക്കാത്തവരുമൊക്കെയുണ്ടു.ഇവരെയൊന്നും ഈ കണക്കില്‍ നിന്ന് കുറക്കുന്നില്ല.എന്നിട്ടു കിട്ടുന്ന ചിത്രമിതാണു- ഇവിടുത്തെ എല്ലാ പത്രങ്ങള്‍ക്കും കൂടി 180 ലക്ഷം വായനക്കാര്‍ മാത്രമുള്ളപ്പോള്‍ ആകാശവാണിയുടെ രാവിലത്തെ പ്രാദേശിക വാര്‍ത്തകള്‍ക്കു മാത്രം ഏറ്റവും കുറഞ്ഞത് 150 ലക്ഷം ശ്രോതാക്കളുണ്ടു!
അടുത്തകാലം വരെ, ‘ഈ പഴയ പാട്ടുപെട്ടി ആര്‍ക്കുവേണം‘! എന്ന് അഹന്തയോടെ ചോദിച്ചു നടന്ന ചില മാധ്യമപ്രവര്‍ത്തകരും ബുദ്ധിജീവികളും നമുക്കിടയിലുണ്ടു.പക്ഷേ,അവര്‍ ജോലിനോക്കുന്ന മനോരമ,മാതൃഭൂമി പത്രങ്ങളുടേയും,പിന്നെ മംഗളം,മാധ്യമം,കേരള കൌമുദി തുടങ്ങിയവയുടെയും പരസ്യങ്ങള്‍ തുടര്‍ച്ചയായി രാവിലത്തെ റേഡിയോ വാര്‍ത്തകള്‍ക്കു മുന്‍പ് വരുന്നത് എന്തുകൊണ്ടാകും?10 മിനിറ്റ് ദൈര്‍ഘ്യമുള്ള വാര്‍ത്തക്ക് മിക്കപ്പോഴും അത്രസമയം തന്നെ പരസ്യം കിട്ടുന്നത് എന്തു കൊണ്ടാകും?
റേഡിയൊ മറ്റെല്ലാ മാധ്യമങ്ങളേയും പിന്നിലാക്കി നിലകൊള്ളുന്നതിനു മറ്റൊരു ദൃഷ്ടാന്തം ആവശ്യമില്ല.പക്ഷേ,വാര്‍ത്തകള്‍ തന്നെയാണു റേഡിയോയെ പലപ്പോഴും ടി.വി ന്യൂസ് ചാനലുകള്‍ക്ക് പിന്നില്‍ കെട്ടിയിടുന്നത്.തത്സമയ സംപ്രേഷണങ്ങളും അപഗ്രഥനങ്ങളുമായി ഈ ചാനലുകള്‍ രംഗം കൈയ്യടക്കുമ്പോള്‍,പൂര്‍വ്വനിശ്ചിത ബുള്ളറ്റിനുകളില്‍ മാത്രം ഒതുങ്ങുന്നതിലൂടെ ആകാശവാണി പലപ്പോഴും പുതിയ മാധ്യമലോകത്ത് കാതങ്ങള്‍ക്കു പിന്നിലായിപ്പോകുന്നു.
സമൂഹത്തിന്റെ അഭിപ്രായരൂപീകരണത്തില്‍ സജീവമായി ഇടപെടാനാകാത്തവിധം വാര്‍പ്പ് മാതൃകകള്‍ പിന്തുടരുക വഴി,സമകാലിക സമൂഹത്തില്‍ ടി.വി ചാനലുകളും പത്രങ്ങളും നിര്‍വ്വഹിച്ചുപോരുന്ന മാധ്യമ ഇടപെടലുകള്‍ അവര്‍ക്കായിതന്നെ വിട്ടുകൊടുക്കുന്നു എന്നത് റേഡിയോയുടെ പരിമിതിയാണു.അതിനര്‍ഥമിതാണു-കേരളീയ സമൂഹത്തിലെ ഏറ്റവും വലിയ മാധ്യമം അര്‍ഥവത്തായ ഒരു സാമൂഹിക ഇടപെടലും നടത്തുന്നില്ല.വരും നാളുകളില്‍ സ്വകാര്യ എഫ്.എം നിലയങ്ങളടക്കമുള്ള റേഡിയോ അതിജീവിക്കേണ്ട വെല്ലുവിളിയാണിത്.പാട്ടും കളിയും മാത്രമല്ല ജീവിതം
.
കാലിക പ്രശ്നങ്ങളീല്‍ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്നതിനാലാണു-അതുകൊണ്ടു മാത്രമാണു-ഭൂരിപക്ഷത്തിന്റെ മാധ്യമമല്ലാത്ത ഉപഗ്രഹ ടെലിവിഷന്‍ ചാനലുകള്‍ എവിടേയും നിറഞ്ഞു നില്‍ക്കുന്നതു.അനൌദ്യോഗിക കണക്കു പ്രകാരം കേരളത്തിലെ 30 ലക്ഷം വീടുകളില്‍ ടി വിയുണ്ടു.അവരില്‍ പകുതിയോളം പേര്‍ക്കു മാത്രമേ കേബിള്‍ കണക്ഷനുള്ളൂ.അതായത് 15 ലക്ഷം പേര്‍ക്ക്.ഈ കണക്കിനെ ഇങ്ങനെ സംഗ്രഹിക്കാം:ഒരു ടി.വി ശരാശരി 6 പേര്‍ കാണുന്നുവെങ്കില്‍ കേരളത്തിലെ എല്ലാ സാറ്റലൈറ്റ് ചാനലുകള്‍ക്കും കൂടിയുള്ള പരമാവധി പ്രേക്ഷകര്‍ വെറും 90 ലക്ഷമാണു.ഇവരില്‍ ബഹുഭൂരിപക്ഷവും ഇടത്തരക്കാരും,ഉദ്യോഗസ്ഥരും ഭരണാധികാരികളും,മത-സാമൂഹിക-രാഷ്ട്രീയ നേതാക്കളും,മാധ്യമപ്രവര്‍ത്തകരുമാണു.ഇവര്‍ സമൂഹത്തിന്റെ അഭിപ്രായരൂപീകരണത്തെ സാധ്വീനിക്കാന്‍ ശേഷിയുള്ളവരാകയാല്‍ മാധ്യമം സമം സാറ്റലൈറ്റ് ടി.വി. എന്ന് നമ്മുടെ മാധ്യമചര്‍ച്ചകള്‍ ചുരുക്കപ്പെട്ടിരിക്കുന്നു.തങ്ങളുടെ മാധ്യമമാണു പൊതു മാധ്യമം എന്ന് അവര്‍ വിശ്വസിക്കുന്നു.പൊട്ടക്കുളത്തിലെ പുളകനു താനൊരു ഫണീന്ദ്രനാണെന്നു തോന്നാം….
തങ്ങള്‍ കേള്‍ക്കാത്ത ,കാണാത്ത മാധ്യമങ്ങളാണു ബഹുഭൂരിപക്ഷത്തിന്റേയും മാധ്യമമെന്ന യാഥാര്‍ത്ഥ്യം അവരിപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല.
‘സര്‍വ്വം സാറ്റലൈറ്റ് ടി.വി മയം‘ എന്നു ധരിച്ചുവശായ ചില മാധ്യമപ്രവര്‍ത്തകര്‍ക്കിപ്പോള്‍ ബോധോദയമുണ്ടായിരിക്കുന്നു.തങ്ങളുടെ മുതലാളിമാര്‍ കാശുമുടക്കി എഫ്.എം നിലയങ്ങള്‍ ആരംഭിച്ചതോടെ ‘എവിടേയും എഫ്.എം!എഫ്.എം!’ എന്നു അപസ്മാരബാധിതരെപ്പോലെ വിളിച്ചു കൂവുകയാണവര്‍.റേഡിയൊ എന്നൊരു മാധ്യമമുണ്ടെന്ന് അവര്‍ കണ്ടെത്തുന്നത് ഇപ്പോളാണു!അവര്‍ ഇപ്പോള്‍ റേഡിയോയും മൊബൈലും വാങ്ങി ഈ ‘അത്ഭുതമാധ്യമം’കേട്ടുതുടങ്ങി.പാട്ടും ചിരിയും തമാശയും കൊച്ചുവര്‍ത്തമാനങ്ങളും മാത്രം ഒഴുകുന്ന സ്വകാര്യ എഫ്.എം എന്ന ടീനേജ് റേഡിയോയെ പുതിയകാലത്തീന്റെ പുതുപുത്തന്‍ മാധ്യമവും സ്റ്റാറ്റസ് സിംബലുമായി അവതരിപ്പിക്കാന്‍ മരണഎഴുത്ത് നടത്തുകയാണിവര്‍.
നഗരങ്ങളില്‍ മാത്രമൊതുങ്ങുന്ന എഫ്.എം നിലയങ്ങളുടെ നൈമിഷിക –വിനോദ കൂത്തുകള്‍ക്കുമപ്പുറം,ഒരു ജനതയുടെ സാമൂഹിക-മാധ്യമാവശ്യങ്ങള്‍ ദശാബ്ദങളായി നിര്‍വ്വഹിച്ചു പോരുന്ന പ്രതിബദ്ധമായൊരു റേഡിയൊ നമുക്കുണ്ടെന്ന സത്യം ഇവര്‍ മറക്കുന്നു.
അങ്ങനെയൊരു മാധ്യമധര്‍മ്മം റേഡിയൊ നിര്‍വ്വഹിക്കുന്നതു കൊണ്ടാണു ,ലോകത്തിന്റെ നെറുകയില്‍ കയറി നില്‍ക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് പോലും ആഴ്ചയിലൊരു ദിവസം റേഡിയോയിലൂടെ ലോകത്തെ അഭിസംബോധന ചെയ്യുന്നതു.ഇത് എഫ്.എം ജോക്കികള്‍ക്കും അവരുടെ അന്നദാതാക്കളായ പുത്തന്‍ റേഡിയോക്കാര്‍ക്കും അറിയാമോ,ആവോ!
(ലേഖനത്തിന്റെ പൂര്‍ണ്ണരൂപം 8.3.08-ലെ വര്‍ത്തമാനം ദിനപ്പത്രത്തിലെ കോളത്തില്‍)
Thursday, 6 March 2008
ചാക്കാല ടൂറിസം,വരൂ വാങ്ങുവിന്‍...



വാരാന്ത്യ കൌമുദിയില്‍(2.3.08) പ്രസിദ്ധീകരിച്ച വരുവിന്‍ വാങ്ങുവിന്‍ സൂറത്തില്‍ നിന്ന് വെള്ളരിക്കാപട്ടണം വഴി മോഹപട്ടണത്തെത്തുന്ന തിരുട്ടു മുത്തപ്പ ടെക്സ്റ്റൈയിത്സിനെ കുറിച്ചാണു. ഇതിന്റെ ഓഡിയോ രൂപം ഗ്രീന്‍ റേഡിയോയില്‍ കേള്‍ക്കാം.;">ഒരേ സമയം മുതലാളിത്തത്തെ ഇരയാക്കുകയും ,അതിനു ഇരയാകുകയും ചെയ്യുന്ന മലയാളിയെ നോക്കിയൊന്ന് നന്നായി ചിരിക്കട്ടെ;എന്താ?
feedjit
Followers
MY BOOKS -1

(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍
സൂക്ഷ്മദര്‍ശിനി BOOKS-2

സൂക്ഷ്മദര്‍ശിനി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ