സീറൊ മലബാര്‍ സഭക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന കൂടരഞ്ഞിയിലെ സീറോ കാത്തലിക്ക് ലേമെന്‍ അസ്സോസിയേഷന്‍ സര്‍ക്കാരിനു നല്‍കിയ പരാതിയിലാണു ഗുരുതരമായ ഈ ആരോപണമുള്ളത്.രൂപതകള്‍ തോറും അവര്‍ സമാന്തര സഭാക്കോടതി സ്ഥാപിച്ച്, ന്യായാധിപരെ നിയമിച്ചു, കോര്‍ട്ട് ഫീസ്, മുദ്രപ്പത്രം തുടങ്ങിയ അനുബന്ധ സംവിധാനങ്ങളുമൊരുക്കി ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്നാണു ആരോപണം.വിശ്വാസികള്‍ ഇന്ത്യന്‍ നീതിന്യായ സംവിധാനത്തെ സമീപിക്കാന്‍ പാടില്ലെന്നും സഭ നിഷ്കര്‍ഷിക്കുന്നുവത്രേ.
ഈ പരാതിയിന്‍മേല്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ വര്‍ക്കി വിതയത്തില്‍ ഉള്‍പ്പെടെ 13 ബിഷപ്പുമാര്‍ക്കെതിരെ ഉന്നതതല പൊലിസ് അന്വേഷണത്തിനു സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്(ഇതിനെക്കുറിച്ച് ഇന്നത്തെ-8.10.2008- വര്‍ത്തമാനം പത്രത്തില്‍ വന്ന അപഗ്രഥനം കാണുക).
-ഓരോ മതക്കാരും ഈ മാതൃകയില്‍ വിശ്വാസികള്‍ക്കായി മതകോടതികള്‍ സ്ഥാപിച്ചാല്‍ പിന്നെ ജനാധിപത്യത്തിനു എന്തര്‍ഥം?
വ്യക്തി നിയമങ്ങള്‍ വ്യത്യസ്തമാകുന്നതിനെ മതസ്വാതന്ത്ര്യത്തിന്റെ പേരില്‍ വേണമെങ്കില്‍ ന്യായീകരിക്കാം(ഗോവയില്‍ ഏകീകൃത വ്യക്തി നിയമമാണു നിലവിലുള്ളത് എന്നും ഓര്‍ക്കുക).പക്ഷേ,ഓരോ മതക്കാര്‍ക്കും തന്നിഷ്ടപ്രകാരം നിതിന്യായ സംവിധാനമുണ്ടാക്കാമെന്നു വന്നാല്‍ എത്ര ഭയാനകമായിരിക്കും ഇന്ത്യയുടെ അവസ്ഥ?

53 comments:
ചര്‍ച്ച ചെയ്യേണ്ട വെളിപ്പെടുത്തലാണല്ലോ ഇത്.. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നവര്‍ ഈ പോസ്റ്റില്‍ ഇടപെടട്ടേ.. തല്‍ക്കാലം കമന്റുകളെ വാരാനൊരു വല വിരിക്കുന്നു.
ഗൊരവമായി കാണേണ്ട വിഷയം തന്നെ.
മാരീചന്റെ വലയില്‍ കുടുങ്ങി കയറിയതാണ്. :)
വാര്‍ത്ത വായിച്ചിട്ട് പേടി തോന്നുന്നു, പ്രദീപേ. എങ്ങോട്ടാണ്‍ നമ്മുടെ പോക്ക്
മാരീചന്‍ പറയുമ്പോഴാണു് അറിയുന്നതു്. സംഗതി ശരിയെങ്കില്‍ തീര്‍ച്ചയായും ഗൗരവമുള്ള വിഷയം തന്നെ.
നന്ദി..ഫോളോ അപ്പ് ചെയ്യേണ്ട ഒരു വാര്‍ത്തയാണിത്.
ഇതിനെ സംബന്ധിച്ച 081008ലെ മാതൃഭൂമി വാര്‍ത്ത ഇവിടെ ഇടുന്നു.
തിരുവനന്തപുരം: എറണാകുളം അങ്കമാലി അതിരൂപതയില്‍ സിവില്‍ സ്വഭാവമുള്ള തര്‍ക്കങ്ങള്‍ 'കാനോന്‍' നിയമമനുസരിച്ച് വിചാരണ ചെയ്യുന്നുവെന്നും അതിനെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ക്രിസ്‌തീയ വിശ്വാസിയുംതാമരശ്ശേരി സ്വദേശിയുമായ ജോര്‍ജ് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്താന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ ഡി.ജി.പിക്ക് കൈമാറി.
ഇത്തരം തര്‍ക്കങ്ങളില്‍ മതാധികാരികള്‍ ഇടപെടുന്നതും വിധി തീര്‍പ്പ് കല്‌പിക്കുന്നതും ഭരണഘടനാനുസൃതമല്ലെന്നാണ് പരാതി. എന്നാല്‍ അന്വേഷണത്തെപ്പറ്റി ആഭ്യന്തരമന്ത്രി പറയുന്നത് ഇപ്രകാരം: ''കേരളത്തിലെ ബിഷപ്പുമാരെ അവഹേളിക്കാന്‍ ആരും ആഭ്യന്തര വകുപ്പിനെ കൂട്ടുപിടിക്കേണ്ടതില്ല. ക്രിസ്‌ത്യന്‍ സഭകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടന നല്‍കിയ പരാതി പരിശോധിക്കാന്‍ സെക്രട്ടറി ഡി.ജി.പിക്ക് നല്‍കിയിരുന്നു. ഒരു പരാതിയും പൂഴ്‌ത്തിവെയ്‌ക്കുന്ന രീതി ആഭ്യന്തര വകുപ്പിനില്ല. ഏത് പരാതിയും പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കും. അതുമാത്രമാണ് ഉണ്ടായത്''.
അന്വേഷണത്തെപ്പറ്റി തിരക്കിയപ്പോള്‍ അതിരൂപത ബിഷപ്പ് ഫാ. പോള്‍ തേലക്കാട്ട് നല്‍കിയ വിശദീകരണം ഇപ്രകാരമായിരുന്നു:
''സഭയ്‌ക്ക് സ്വന്തമായ നിയമവും ഭരണക്രമങ്ങളുമുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് സഭ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിന്റെ ഭരണത്തില്‍ ഇടപെടുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളൊന്നും ഞങ്ങളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ നടത്തുന്ന അന്വേഷണങ്ങളിലും എതിര്‍പ്പില്ല. സഭയ്‌ക്ക് ഒന്നും ഒളിക്കാനില്ല''.
ഭീകരം...നാടുവിടാനെന്താണുവഴി?...
ഇന്ത്യയിൽ കുടിയേറിയ രണ്ടിൽ ഒന്നു “ഠോ” “ഠേ” എന്നു പൊട്ടിക്കുന്നു! മറ്റൊന്നു “സ്ലോ പോയിസൻ” ആയി പ്രവർത്തിക്കുന്നു!
ഭാരതീയന്റെ ഗതികേടു!
“ഓരോ മതക്കാരും ഈ മാതൃകയില്‍ വിശ്വാസികള്‍ക്കായി മതകോടതികള്‍ സ്ഥാപിച്ചാല്‍ പിന്നെ ജനാധിപത്യത്തിനു എന്തര്‍ഥം?“
ജനാധിപത്യത്തിനെ അര്‍ത്ഥം നമ്മുടെ ജനപ്രതിനിധികള്‍ തന്നെ പറഞ്ഞുതരാന്‍ തുടങ്ങിയിട്ട് നാളുകളായി. ഉദാഹരണമായി:
2001 ല്‍ ഇലക്ട്രിസിറ്റി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. 2003 ല്‍ ഈ ബില്‍ പാസാക്കി നിയമമായി. 2003 ജൂ പത്തുമുതല്‍ ഈ നിയമം പ്രാബല്യത്തിലായി.
ഈ ബില്ല് കൊണ്ടു വന്നതും പാസ്സാക്കിയതും നമ്മുടെ ജനപ്രതിനിധികളല്ലേ. അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളല്ലേ ഇവിടുത്തെ വൈദ്യുതി ബോര്‍ഡില്‍ നടപ്പാക്കാന്‍ തുനിഞ്ഞത്. അതിനെതിരായി സമരം ചെയ്തതും, ചെയ്തുകൊണ്ടിരിക്കുന്നതും നമ്മുടെ ജനപ്രതിനിധികളുടെ നേതൃത്വത്തിലല്ലേ. എവിടെ പോയി നമ്മുടെ ജനാധിപത്യം? എന്താ ജനാധിപത്യത്തിനര്‍ത്ഥം? പാര്‍ലമെന്റിനകത്തൊന്നു പുറത്തൊന്ന് എന്നാണോ. ഇങ്ങനെ വെള്ളം ചേര്‍ത്തു തുടങ്ങുന്നത് കാലക്രമേണ ജനാധിപത്യത്തിനെ ഇല്ലാതാക്കാന്‍ കരുതിക്കൂട്ടി ചെയ്യുന്നതല്ലേ?
1991 മുതലാണോ എന്നതു നിശ്ചയമില്ല. എങ്കിലും സഭാകോടതികള്‍ ഉണ്ട്. അത് സമാന്തരമാണെന്നും ഭരണഘടനയെ വെല്ലുവിളിയ്ക്കുകയാണെന്നുമുള്ള കണ്ടെത്തല്‍ സഹതാപമര്‍ഹിക്കുന്നു. വിശ്വാസികള്‍ ഇന്ത്യന്‍ നീതിന്യായ സംവിധാനത്തെ സമീപിക്കാന്‍ പാടില്ലെന്നും സഭ നിഷ്കര്‍ഷിക്കുന്നതായി എനിക്കറിയില്ല.
തര്‍ക്കങ്ങള്‍ കോടതിവരെ എത്താതിരിയ്ക്കുക എന്നതും കോടതിക്കുപുറത്ത് തര്‍ക്കങ്ങള്‍ ഒത്തുതീര്‍ക്കുക എന്നതും കോടതികള്‍ പോലും സ്വാഗതം ചെയ്യുന്നതാണ്. ഓര്‍ത്തഡോക്സ് യാക്കോബായ തര്‍ക്കങ്ങളുണ്ടായപ്പോള്‍ കോടതി ചോദിച്ചതും അങ്ങിനെതന്നെയാണ്. നാട്ടിലെ തര്‍ക്കങ്ങള്‍ തീര്‍ക്കുവാന്‍ പുതുസമ്മതരായ ആള്‍ക്കാരും പാര്‍ട്ടീനേതാക്കളും ഇടപെടാറില്ലേ. വക്കീലന്മാരുപോലും ഒത്തുതീര്‍പ്പിനു ശ്രമിയ്ക്കറുണ്ട്.
ഇവയൊന്നും സമാന്തരകോടതികളോ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിയ്ക്കുന്നതോ അല്ലല്ലോ.
സഭയ്ക്ക് നിയമങ്ങളും ഭരണസംവിധാനങ്ങളുമുണ്ട്. അതുപയോഗിച്ച് കാര്യങ്ങളില്‍ തീര്‍പ്പുണ്ടാക്കുന്നതില്‍ എന്താണു തെറ്റ്. തികച്ചും സ്വാഗതാര്‍ഹമായ കാര്യമാണ് അത്.
ക്രിമിനല്‍ കേസുകളിലോ ഒന്നുമല്ല സഭാകോടതികള്‍ ഇടപെടുന്നത്. സാധാരണഗതിയില്‍ വിവാഹമോചനം പോലെ സഭയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുള്ള വിഷയങ്ങളിലാണ്.
ഇത്തരം വിഷയങ്ങളില്‍ പുകമറ സൃഷ്ടിയ്ക്കാനും സഭയെന്തോ തെറ്റുചെയ്യുന്നു എന്ന രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിയ്ക്കാനുമുള്ള ശ്രമങ്ങളില്‍ ഒന്നു കൂടി എന്നേ പറയാനുള്ളൂ. കാര്യങ്ങള്‍ മനസിലാകുമ്പോള്‍ താനേ അടങ്ങിക്കൊള്ളും.
ഉത്തരവാദിത്തപ്പെട്ട മാധ്യമ പ്രവര്‍ത്തകള്‍ സത്യാവസ്ഥ വായനക്കാരെ അറിയീക്കുന്നതിനും പകരം വിവദങ്ങളുണ്ടാക്കാനുള്ള ശ്രമം നടത്തുന്നത് ഖേദകരമാണ്. കുറച്ചുകൂടി ഉത്തരവാദിത്തം പ്രദീപില്‍ നിന്നും മാരീചനില്‍ നിന്നുമൊക്കെ പ്രതീക്ഷിയ്ക്കുന്നു.
പ്രീയ ജോജു,
“രൂപതകള്‍ തോറും അവര്‍ സമാന്തര സഭാക്കോടതി സ്ഥാപിച്ച്, ന്യായാധിപരെ നിയമിച്ചു, കോര്‍ട്ട് ഫീസ്, മുദ്രപ്പത്രം തുടങ്ങിയ അനുബന്ധ സംവിധാനങ്ങളുമൊരുക്കി ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്നാണു ആരോപണം.വിശ്വാസികള്‍ ഇന്ത്യന്‍ നീതിന്യായ സംവിധാനത്തെ സമീപിക്കാന്‍ പാടില്ലെന്നും സഭ നിഷ്കര്‍ഷിക്കുന്നുവത്രേ.“
മേലുദ്ധരിച്ചത് വായിച്ചാല്‍ ആര്‍ക്കും തോന്നിപ്പോകുന്നതല്ലേ ഇവിടെ പ്രതികരിച്ചത്.
സ്കൂളില്‍ വെച്ച് കോട്ടികളിക്കുന്നതിനിടെ തല്ലുകൂടുന്ന രണ്ടുകുട്ടികളെ പോലിസിനെ വിളിപ്പിച്ച് കോടതിയില്‍ കൊണ്ടുപോയി ദുര്‍ഗ്ഗുണ പരിഹാര പാഠശാലയില്‍ കൊണ്ടുപോകുന്നതിനേക്കാള്‍, നല്ലൊരു ചൂരല്‍ വടി എടുത്ത് ചന്തിക്ക് രണ്ട് പൊട്ടിച്ച് അവസാനിപ്പിക്കുകയണ് നല്ലത്.
അതിനടുത്ത തലമായിരിക്കണം ഹെഡ് മാസ്റ്ററെ കാണുന്നതും , ബെഞ്ചില്‍ കയറ്റി നിര്‍ത്തുന്നതും അച്ഛനെ സ്കൂളില്‍ വരുത്തുന്നതും , രണ്ട് ദിവസത്തിന് പുറത്താക്കുന്നതും തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍.
അതായത് പോലീസിനെ വിളിക്കുന്നത് ഏറ്റവും അവസാനത്തേതഅയിരിക്കണം എന്നര്‍ത്ഥം.
കുറ്റങ്ങള്‍ക്കനുസരിച്ച് സ്കൂളില്‍ പിഴയോ/ ശിക്ഷയോ മറ്റോ ഇടുന്നതില്‍ എന്താണ് തെറ്റ്?
എത്ര നിസ്സാരമായാണ് കാര്യങ്ങള്‍ കാണുന്നതെന്ന് പറയുന്നതിന് മുമ്പെ , സമൂഹത്തിനോട് ഉത്തരവാദിത്ത മുള്ള മാധ്യമങ്ങള്‍ കാര്യങ്ങളെ പര്‍വതീകരിക്കുന്നതിനെപ്പറ്റി ചിന്തിക്കുക.
ഇന്‍ഡ്യന്‍ നിയമ സംഹിതകളെ മറികടന്ന് ആരെന്ത് ചെയ്താലും കോടതികള്‍ക്കും പോലീസിനും ഇടപെടാമെന്നിരിക്കെ വെറുതെ മധ്യമങ്ങള്‍ വിവാദങ്ങള്‍ക്ക് തിരി കൊടുക്കുന്നു.
നാട്ടിലെ രണ്ട് പ്രമുഖര്‍ ഇടപെട്ടാല്‍ തീരുന്ന ഒരു അതിര്‍ വരമ്പ് പ്രശ്നം കോടതിയിലെത്തിക്കണം എന്ന് വാശിപിടിക്കുന്നവരാണ് കോടതികളുടെ പ്രാധാന്യത്തിന് കുറവ് വരുത്തുന്നത്.
മതപരമായ കാര്യണ്‍ഗള്‍ ആകുമ്പോള്‍ അതിന്റെ ഏറ്റവും സുരക്ഷിതമായ വശത്തുകൂടിയാകും മാദ്ധ്യമങ്ങള്‍ നീങ്ങുക. അതു കൊണ്ട് പ്രസിദ്ധീകരിക്കപ്പെട്ട റിപ്പോര്‍ട്ടിനേക്കാള്‍ തീവ്രമായിരിക്കും വസ്തുതകള്‍ എന്ന് ഊഹിക്കണം. ഇതിന്റെ അപകടം ആരും കാണുന്നില്ല. പള്ളി നിയമം കയ്യിലെടുക്കുന്നത് അവിടെ നില്ല്ക്കട്ടെ. ഈ വാര്‍ത്തയുടെ വൈകാരികതെയെ ചൂഷണം ചെയ്യാന്‍ ആരെങ്കിലും എത്തിയാല്‍ എന്തായിരിക്കും സംഭവിക്കുക? അതിനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. അത് വലിയൊരു തീപ്പിടുത്തത്തില്‍ അവസാനിക്കില്ലെ? പുരോഗമനചിന്തയുടെ ഭാഗമായി ബൈബിളിനെ ഉയര്‍ത്തിക്കാട്ടി പള്ളികളെ തലോടിക്കൊണ്ടിരുന്നവരാണു നമ്മുടെ മുഖ്യധാരാ ബുദ്ധിജീവികളും രാഷ്ട്രീയത്തിലെ ഒരു വിഭാഗവും. ബൈബിളുമായി പുലബന്ധമില്ലാത്ത പ്രവര്‍ത്തികളിലേക്ക് സഭതിരിയുമ്പോള്‍ അതിനെ വിമര്‍ശിച്ച് നിര്‍ത്താന്‍ ഇവിടെ ആരും ഉണ്ടാകാറില്ല. തെറ്റുകള്‍ ഏറ്റുപറഞ്ഞ് പശ്ചാത്ത്പിക്കുന്നതിനു പകരം തെറ്റുകള്‍ മൂടി വ്യ്ക്കാനും കണ്ടുപിടിച്ചാല്‍ ഏത് സമ്മര്‍ദ്ദമുപയോഗിച്ചും തേച്ചു മാച്ച് കളയാനുമാണു മൈനത്തരുവിമുതല്‍ സഭയുടെ നിലപാട്. ഇതൊക്കെ കണ്ടുകൊണ്ടിരിക്കുന്ന ഒരു വന്‍വിഭാഗത്തെ വൈകാരികമായി ആരെങ്കിലും ഇളക്കിവിട്ടാല്‍ എന്ത് സംഭവിക്കുമെന്ന് ആരും ചിന്തിക്കാത്തതെന്ത്? അതിന്റെ സൂചന പോലെ തോന്നുന്നില്ലെ ഒറീസാ സംഭവങ്ങളിലുള്ള തണുത്ത പ്രതികരണം. പുലിയച്ചന്‍ വരുന്നെന്ന് പറഞ്ഞ് ആളെ പറ്റിച്ചിരുന്ന കുട്ടിയുടെ കണക്കാവും ചിലപ്പോള്‍ കാര്യങ്ങള്‍. നാം ഒരു ആത്മവിശകലത്തിനു തയ്യാറെടുക്കുമോ?
അറിയാത്ത വിഷയങ്ങളെക്കുറിച്ച് അഭിപ്രായം പറയേണ്ടെന്നു കരുതിയാണ് കമന്റ് ട്രാക്ക് ചെയ്യാമെന്ന് കരുതിയത്. സെബിന്‍, റോബി തുടങ്ങിയവരോട് എന്താണ് സത്യമെന്ന് അന്വേഷിക്കാനൊരു ശ്രമവും നടത്തി. അതു തെറ്റാണോ ജോജൂ....
മൂര്‍ത്തി നല്‍കിയ വാര്‍ത്തയില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി പറയുന്നുണ്ട്. സഭാ വിശ്വാസിയാണ് പരാതിക്കാരനെന്ന് മാതൃഭൂമി പറയുന്നു. പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി. സര്‍ക്കാരിന്റെ ഭരണത്തില്‍ ഇടപെടുന്ന രീതിയിലുളള പ്രവര്‍ത്തനങ്ങളൊന്നും തങ്ങളുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്ന് പോള്‍ തേലക്കാട്ട്..
ഇത്രയും വ്യക്തമായില്ലേ ഈ പോസ്റ്റു കൊണ്ട്.
സഭാ കോടതികളുടെ സ്വഭാവവും പ്രവര്‍ത്തനവും അറിയാവുന്നവരാണ് ബാക്കി വിശദീകരിക്കേണ്ടത്.
ജോര്‍ജ് നല്‍കിയ പരാതിയ്ക്ക് കാരണമെന്താകാം? ഒന്നുകില്‍ സഭ നടത്തുന്ന തര്‍ക്കപരിഹാര ശ്രമങ്ങളില്‍ ടിയാന് എതിര്‍പ്പുണ്ട്. അല്ലെങ്കില്‍ ഏതോ വിഷയത്തില്‍ സഭാ അധികാരികള്‍ കല്‍പ്പിച്ച തീര്‍പ്പ് ടിയാന് എതിരാണ്. ഇതിലേതാണ് സംഭവിച്ചത് എന്ന് നമുക്കറിയില്ലല്ലോ..
പൊതുസമൂഹത്തിന്റെ ശ്രദ്ധ ഈ വിഷയത്തില്‍ പതിയുന്നത് എപ്പോഴാണെന്ന് നോക്കാം. സഭാ കോടതി (അങ്ങനെയൊന്നുണ്ടെങ്കില്‍) കല്‍പ്പിക്കുന്ന തീര്‍പ്പ്, ബന്ധപ്പെട്ടവര്‍ പരാതിയേതുമില്ലാതെ അംഗീകരിക്കണമെന്ന ശാഠ്യം പുലര്‍ത്തുമ്പോഴും തര്‍ക്കം സിവില്‍ കോടതിയില്‍ എത്തിക്കുന്നതിനെ തടയുമ്പോഴും അതില്‍ മനുഷ്യാവകാശ പ്രശ്നം ഉണ്ട്.
സഭയുടെ കോടതിയുടെ തീര്‍പ്പ് അംഗീകരിക്കാതെ സിവില്‍ കോടതിയെ സമീപിക്കുന്നവര്‍ക്കെതിരെ ഏതെങ്കിലും വിധത്തിലുളള പ്രതികാര നടപടികള്‍ മതാധികാരികളുടെ ഭാഗത്തു നിന്നുണ്ടാകുമ്പോഴും വിഷയം പൊതുസമൂഹത്തിന് താല്‍പര്യമുളളതായി മാറും.
തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കോടതിയെ സമീപിക്കാനുളള ഒരു പൗരന്റെ അവകാശം ഭരണഘടനാപരമാണ്. അത് തടയാന്‍ ശ്രമം നടക്കുന്നുണ്ടോയെന്നാണ് ചോദ്യം. അങ്ങനെയൊന്നില്ലെന്ന പോള്‍ തേലക്കാട്ടിന്റെ വാദം ശരിയാണെങ്കില്‍ പ്രശ്നമില്ല.
അങ്ങനെയെന്തെങ്കിലുമൊക്കെ അരമനക്കോടതികളെ സംബന്ധിച്ചുണ്ടോ എന്ന് പറയേണ്ടത് ഇതേക്കുറിച്ച് അറിയാവുന്നവരാണ്. ജോജുവിനെപ്പോലുളളവര്‍ തീര്‍ക്കേണ്ടത് ഇത്തരം സംശയങ്ങളാണ്.
നാട്ടിലെ പ്രമുഖരെ ഇടപെടുത്തി തര്‍ക്കം തീര്‍ക്കണോ കോടതിയില്‍ പോകണോയെന്നൊക്കെ തീരുമാനിക്കേണ്ടത് മറ്റുളളവരല്ല. ഒരാളുടെ പ്രമുഖന്‍ മറ്റൊരാളിന് പ്രമുഖനാകണമെന്നില്ല. പിഎസ്‍സി പരീക്ഷ നടത്തിയല്ല പ്രമുഖരെ നിയമിക്കുന്നത്. പ്രമുഖന്‍ എന്നത് ഒരു ഭരണഘടനാ പദവിയുമല്ല. അതുകൊണ്ട് കോടതിയില്‍ പോകണമെന്ന് ആഗ്രഹിക്കുന്നവര്‍ അവിടെ പോകട്ടെ. ചെറിയ കാര്യത്തിനായാലും വലിയ കാര്യത്തിനായാലും.
ഏത് തര്‍ക്കവും പരിഹരിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ശ്രമം നടത്തുന്നത് സ്വാഗതാര്‍ഹം തന്നെ. കോടതികളും അത് അംഗീകരിച്ചിട്ടുണ്ട് എന്ന ജോജുവിന്റെ വാദം ഉള്‍ക്കൊളളുന്നു.
എന്നാല്‍ ഇവിടെ അതല്ലല്ലോ വിഷയം. അത്തരം തര്‍ക്കങ്ങള്‍ക്ക് മുദ്രപ്പത്രവും സ്റ്റാമ്പു ഫീസും ഈടാക്കുന്നുണ്ടോ എന്നാണ്.. നാട്ടിലെ പ്രമുഖരൊക്കെ തങ്ങളെ സമീപിക്കുന്നവരില്‍ നിന്നും ഇതുപോലെ ഫീസ് ഈടാക്കിയാല്‍ എന്താവും അവസ്ഥ. സമാന്തര കോടതിയെന്ന പരാമര്‍ശം ഈ സാഹചര്യത്തിലാണ് ഉന്നയിക്കപ്പെടുന്നത്.
വിവാഹമോചനമോ, അതിരു തര്‍ക്കമോ ഒക്കെ തീര്‍ക്കാന്‍ സഭ നടത്തുന്ന ശ്രമങ്ങള്‍ക്ക് സ്റ്റാമ്പു ഫീസും മുദ്രപ്പത്രവും ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം കിട്ടിയില്ല. ആ ചോദ്യത്തിന്റെ ഉത്തരം കേട്ടിട്ട് തീരുമാനിക്കാം, വിവാദമാക്കണോ വേണ്ടയോ എന്ന്.
മുദ്രപ്പത്രവും കോര്‍ട്ട്ഫീ സ്റ്റാമ്പും ഒക്കെ എനിക്കും എന്തോ പോലെ തോന്നിച്ചു. ആരെങ്കിലുമൊക്കെ വിശദീകരിക്കുമായിരിക്കും. ഈ വാര്‍ത്തയുടെ പിന്നില്‍ മറ്റുദ്ദേശങ്ങള്‍ ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ സത്യം പുറത്ത് വരുമ്പോള്‍ ആ ഉദ്ദേശം പൊളിഞ്ഞോളും.
ജോജു പറഞ്ഞതിനോട് 100 വട്ടം യോജിക്കുന്നു. വസ്തുതകള്‍ അറിയാതെ കാര്യങ്ങളെ പര്‍വ്വതികരിക്കുമ്പോള്‍ എന്തൊക്കെ തെറ്റിദ്ധാരണകളാണ് ഉണ്ടാകുന്നത് എന്ന് നോക്കൂ. പ്രധാനമായു ഇത്തരം അരമനക്കോടതികളില്‍ കൈകാര്യം ചെയ്യപ്പെടുന്നത് വിവാഹ മോചനം സംബന്ധിച്ച വിഷയങ്ങളാണ്. വിവാഹ മോചനം ചില പ്രത്യേക സാഹചര്യങ്ങളില്‍ അല്ലാതെ അനുവദിക്കില്ല എന്ന നിലപാട് കത്തോലിക്ക സഭക്കുണ്ട്. അതുകൊണ്ട് തന്നെ കത്തോലിക്ക വിശ്വാസമനുസ്സരിച്ച് വിവാഹ മോചനത്തിന് ശേഷം സഭയില്‍ തുടരണമെങ്കില്‍ സഭ വിവാഹ മോചനം നല്‍കണം. സഭ രീതി അനുസ്സരിച്ച് പുനര്‍ വിവാഹം ചെയ്യണമെങ്കിലും ഇത്തരത്തില്‍ വിവാഹ മോചനം നേടണം. സഭാ രീതിയനുസ്സരിച്ച് വിവാഹ മോചനം നല്‍കാന്‍ ഉള്ള രൂപതാക്കോടതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിവാഹം ഒരു കൂദാശയി ആണ് സഭ കരുതന്നത്. തിനാല്‍ അതിന്റെ പവിത്രതക്ക് സഭ മുന്‍ഗണന നല്‍കുകയും ചെയ്യുന്നു. സഭയില്‍ വിവാഹം എന്ന കൂദാശക്ക് മുന്‍പ് ഉള്ള നിയമങ്ങള്‍ ചുവടേ കാണുക
1) വിവാഹം നിശ്ചയിക്കപ്പെട്ട ആളുകള്‍ സഭ നല്‍കുന്ന ഒരു ഫോറം വാങ്ങണം. ഇതാണ് വിവാഹത്തിന്റ ആദ്യപടി.
2) വിവാഹിതരാകാന്‍ പോകുന്നവര്‍ സഭ നടത്തുന്ന പ്രീ മാര്യേജ് കോഴ്സില്‍ നിര്‍ബന്ധമായും പങ്കെടുക്കണം . ഇത് 3 ദിവസം നീളുന്ന റസിഡന്‍ഷ്യല്‍ കോഴ്സാണ്. വിവാഹ ജീവിതത്തിലേക്ക് കടക്കുന്ന ഒരാള്‍ക്ക് ആത്മീയമായും ജീവ ശാസ്ത്രപരമായുമുള്ള അറിവുകള്‍ ഇവിടെ നല്‍കപ്പെടുന്നു. മാത്രവുമല്ല നിങ്ങള്‍ക്ക് വിവാഹം നിശ്ചയിക്കപ്പെട്ട ആളുമ്മയി ചേര്‍ന്ന് ഈ കോഴ്സ് കൂടാനുള്ള സൗകര്യവും ലഭിക്കുന്നു
3) പ്രീ മാര്യേജ് കോഴ്സ് പൂര്‍ത്തിയായി കഴിയുമ്പോള്‍ നല്‍കുന്ന സര്‍ട്ടിഫിക്കേറ്റും മുകളില്‍ പറഞ്ഞ പൂരിപ്പിച്ച ഫോറവുമായി വധു വരന്മാര്‍ സ്വന്തം ഇടവകയില്‍ അപേക്ഷ നല്‍കണം.
4) അടുത്തത് മനസമ്മതമാണ്. ഇത് വധുവിന്റെ ഇടവകയിലാണ് നടക്കുന്നത്. വരന്‍ സ്വന്തം ഇടവകയില്‍ നിന്ന് നല്‍കുന്ന കുറി ( സഭ അംഗീകരാ പത്രിക എന്ന വ്യാഖ്യാനികുക) വധുവിന്റെ ഇടവകയില്‍ കൊടുക്കേണ്ടതാണ്. തുടര്‍ന്ന വധു വരന്മാര്‍ പള്ളിയില്‍ വച്ച് സമൂഹത്തിന്റെ മുന്നില്‍ തങ്ങള്‍ പൂര്‍ണ്ണ മനസ്സോടെയാണ് വിവാഹിതാരാകാന്‍ പോകുന്നത് എന്ന് പ്രഖ്യാപിക്കുന്നു. തുടര്‍ന്ന് ഇരുവരും പള്ളി രജിസ്റ്ററില്‍ ഒപ്പ് വയ്ക്കുന്നു
5) തുടര്‍ന്ന് 3 ഞായറാഴ്ചകളില്‍ വധു വരന്മാരുടെ ഇടവകയില്‍ കുര്‍ബാന മധ്യേ വിവാഹം വിളിച്ചു ചൊല്ലും. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഒരു ഞായറാശ്ച മാത്രം വിളിച്ച് ചൊല്ലി വിവാഹ നടത്താന്‍ അനുവദിക്കും
6) വിവാഹ നടക്കുന്നത് വരന്റെ പള്ളിയിലാണ്. വധുവിന്റെ വീട്ടുകാര്‍ സ്വന്തം ഇടവകയില്‍ നിന്ന് കുറി കൊണ്ട് വന്ന് വരന്റെ ഇടവക്യില്‍ നല്‍കുന്നു. തുടര്‍ന്ന് കുര്‍ബാന മദ്ധ്യേ വീണ്ടും ഇരുവരുടെയും സമ്മതം ചോദിച്ചതിന് ശേഷം വിവാഹം നടക്കുന്നു
സഭാ കോടതികള്‍ മുഖ്യമായും ഒരു വിശ്വാസിയുടെ ജീവിതത്തില്‍ പ്രസക്തമാകുന്നത് വിവാഹ മോചനം എന്ന വിഷയത്തില്‍ മാത്രമാണ്. അത് അവന് സഭാ നിയമ\പ്രകാരമുള്ള വിവാഹ അസാധുവാക്കല്‍ നടപ്പിലാക്കി കിട്ടാന്‍ വേണ്ടി മാത്രമാണ്. അവന് സഭക്ക് പുറത്തു പോയി കോടതിയില്‍ നിന്നും വിവാഹ മോചനം വാങ്ങാന്‍ ഒരു തടസവും ഇല്ല. എന്നാല്‍ സഭാ വിശ്വാസ പ്രകാരം വിവാഹ മോചനം ലഭീണമെങ്കില്‍ അവന്‍ സഭാ കോടത് വഴിയ വിവാഹ അസാധുവാക്കല്‍ നടത്തീയിരിക്കണം.
ഇനി ഇത്തരത്തില്‍ വിവാഹ അസാധുവാക്കല്‍ നടത്താന്‍ രൂപതാ കോടതിയില്‍ 10 രൂപ വിലയുള്ള ഒരു അപേക്ഷാ ഫോറം പൂരിപ്പിച്ച് നല്‍കേണ്ടതാണ്. തുടര്‍ന്ന് ഈ വിവാഹം അസാധുവാക്കാനുള്ള തെളിവുകള്‍ കൊണ്ടുവരുകയും അവയുടെ മേല്‍ ഉള്ള വാദം കേള്‍ക്കുകയും ചെയ്യുന്നു. ഇടക്ക് എവിടെ വച്ച് വേണമെങ്കിലും ഈ കേസ് അവസാനിപ്പിച്ച് പോകാന്‍ ഇരുവര്‍ക്കും അവകാശമുണ്ട് . കേസ് തീര്‍ന്നു കഴിഞ്ഞാല്‍ പരാതി നല്‍കിയ ആളില്‍ നിന്നും വിചാരണക്കും മറ്റും ഉണ്ടായ ചിലവ് ഈടാക്കുന്നതാണ്. ഈ ചിലവ് എന്നതില്‍ തൂങ്ങി ചര്‍ച്ച വഴി തെറ്റും എന്നതിനാല്‍ കുറച്ചു കൂടി വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നു. സഭ വിവാഹ അസാധുവാക്കല്‍ അനിവദിച്ചിരിക്കുന്ന കാര്യങ്ങള്‍ വളരെ പരിമിതമാണ്. പങ്കാളിക്ക് വിവാഹത്തിന് മുന്‍പേ മാനസീക രോഗമുണ്ടായിരിക്കുക അത് പിന്നീട് വിവാഹനാന്തരം മാറാതെ തുടരുക പ്രത്യ്‌ല്‌പ്പാദന ശെഷി ഇല്ലായിരിക്കുക ഇങ്ങനെ വളരെ പരിമിത കാര്യങ്ങള്‍ മാത്രമേ വിവാഹ മോചനത്തിന് വേണ്ടി അനുവദിച്ചിട്ടുള്ളൂ. ഇത് സഭാ കോടതിയില്‍ തെളിയിക്കാന്‍ വരുന്ന ചിലവാണ് ചിലവ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് .
സഭക്കുള്ളില്‍ മറ്റൊരു സിവില്‍ കേസിനും രൂപതാ കോടതി വിശ്വാസികള്‍ക്ക് ബാധകമല്ല. സഭയില്‍ നിന്ന് പുറത്താക്കുക കൂദാശ നിഷേധിക്കുക തുടങ്ങി വിശ്വാസിയേ ബാധിക്കുന്ന മറ്റ് സഭാ പരമായ പ്രശ്നങ്ങളില്‍ വിശ്വാസിക്ക് ബിഷപ്പിനേ നേരിട്ട് സമീപിക്കാം.
പിന്നെ വിശ്വാസികളുടെ കുടുംബത്തിലോ അലെങ്കില്‍ വിശ്വാസികള്‍ തമ്മിലോ ഉള്ള പ്രശ്നനങ്ങളില്‍ ഇടവക വൈദീകര്‍ ഇടപെടാറുണ്ട്. കഴിയുമെങ്കില്‍ തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കാറുമുണ്ട്. അതിന് ഫീസോ സ്റ്റാമ്പ് പേപ്പറോ ഒന്നും ഇല്ല.
ഇത്തരം വിഷയങ്ങള്‍ക്ക് ഇപ്പോള്‍ നല്ല മാര്‍ക്ക്റ്റാണ്. പിണറായി വിജയന്റെ ഭാഷ കടമെടുത്താല്‍ മിക്ക മാധ്യമപ്രവര്‍ത്തകര്‍ക്കും ഒരു ക്രൈസ്തീയ സഭകളെ കുറിച്ചും ഒരു ചുക്കും അറിയില്ല.
കാതോലിക്ക ബാവയേയും കത്തോലിക്ക സഭയേയും തിരിച്ചറിയാന്‍ കഴിയത്തവരാണ് മിക്ക മാധ്യമം പ്രവര്‍ത്തകരും
“വത്തിക്കാന്‍ രാഷ്ട്രത്തിന്റെ കാനന്‍ നിയമങ്ങള്‍”
കാനോന്‍ നിയമം എന്താണെന്ന് ഒന്നു ഗൂഗിളില്‍ ടൈപ്പുചെയ്താല്‍ കിട്ടിയേനേ.ചെയ്തില്ല.
സെബിന്റെ കമന്റു കണ്ടു. കത്തോലിയ്ക്കാ സഭയെക്കുറിച്ച് അഭിപ്രായം ചോദിയ്ക്കാന്‍ പറ്റിയ ആളുതന്നെ.
മാരീചന്‍ സത്യം തിരക്കേണ്ടത് സെബിനോടോ റോബിയോടോ കിരണോടോ ജോജുവിനോടോ അല്ലെന്നാണ് എന്റെ അഭിപ്രായം. ആധികാരികതയുള്ള കേന്ദ്രങ്ങളെയാണ് മാധ്യമപ്രവര്‍ത്തകന്‍(അങ്ങനെയാണ് കരുതിയത്) ആശ്രയിക്കേണ്ടത്.
“വിവാഹമോചനമോ, അതിരു തര്‍ക്കമോ ഒക്കെ തീര്‍ക്കാന്‍ സഭ നടത്തുന്ന ശ്രമങ്ങള്‍ക്ക് സ്റ്റാമ്പു ഫീസും മുദ്രപ്പത്രവും ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം കിട്ടിയില്ല.” എനിക്കറിയില്ല. ഉണ്ടെങ്കില്‍ തന്നെ അതില്‍ തെറ്റുമില്ല. ഏതൊരു സംവിധാനത്തിന്റെയും പ്രവര്‍ത്തനത്തിന് അതിന്റേതായ ചിലവുകാണുമല്ലോ. ആ സംവിധാനത്തെ ആശ്രയിയ്ക്കുന്നവര്‍ അതിന്റെ ചിലവുവഹിയ്ക്കുക എന്നത് നാട്ടുനടപ്പാണ്, ന്യായമാണ്.
ഒരു പ്രാഥമികാന്വേഷണത്തിന് അവരോടൊന്ന് ചോദിച്ചെന്നു വെച്ച് നഷ്ടമൊന്നുമില്ലല്ലോ..
സെബിനോട് ചോദിച്ചത് കത്തോലിക്കാ സഭയെക്കുറിച്ചല്ല. ജോര്‍ജിന്റെ പരാതിയില്‍ സൂചിപ്പിച്ചിരിക്കുന്ന സമാന്തര കോടതിയെന്ന സംവിധാനത്തെക്കുറിച്ചാണ്. അതിന്റെ പ്രവര്‍ത്തന രീതിയെക്കുറിച്ചും.
പിന്നെ, ആധികാരിക കേന്ദ്രങ്ങള്‍ പറയുന്നതപ്പാടെ വിശ്വസിക്കാമായിരുന്നെങ്കില്‍, അഭയക്കേസിനെക്കുറിച്ച് ഇത്രയൊന്നും അന്വേഷിക്കേണ്ട ആവശ്യമേയില്ലായിരുന്നല്ലോ. എന്നേ ഫയല്‍ മടക്കാമായിരുന്നു.
പിന്നെ, എനിക്കറിയില്ല. ഉണ്ടെങ്കില്‍ തന്നെ അതില്‍ തെറ്റുമില്ല. ഏതൊരു സംവിധാനത്തിന്റെയും പ്രവര്‍ത്തനത്തിന് അതിന്റേതായ ചിലവുകാണുമല്ലോ. ആ സംവിധാനത്തെ ആശ്രയിയ്ക്കുന്നവര്‍ അതിന്റെ ചിലവുവഹിയ്ക്കുക എന്നത് നാട്ടുനടപ്പാണ്, ന്യായമാണ്. എന്ന വാദത്തെക്കുറിച്ച്.
ഉണ്ടോ ഇല്ലയോ എന്നത് മാത്രമാണ് ചോദ്യം.. സ്റ്റാമ്പ് ഡ്യൂട്ടിയും കോടതിച്ചെലവും ഈടാക്കി തര്‍ക്കം തീര്‍ക്കാന്‍ കത്തോലിക്കാ സഭയ്ക്ക് അനുമതിയുണ്ടോയെന്ന് ബന്ധപ്പെട്ടവര്‍ പറയട്ടെ. അതിന്റെ ശരിതെറ്റുകള്‍ തീരുമാനിക്കാന്‍ വേറെ സംവിധാനങ്ങള്‍ നാട്ടിലുണ്ട്. അതുകൊണ്ടാണല്ലോ പരാതി വന്നത്.
എല്ലാ മതങ്ങളും അത്തരം കോടതികള്‍ സ്ഥാപിച്ചാല്‍, നമ്മുടെ കോടതിയൊക്കെ പിരിച്ചു വിടാമല്ലോ.. എന്തു ചെലവാ, ഇതൊക്കെ നടത്തിക്കൊണ്ടു പോകാന്‍?
സ്വാശ്രയ കോളെജു പോലൊരു സ്വാശ്രയ കോടതി.. സംവിധാനത്തെ ആശ്രയിക്കുന്നവര്‍ ചെലവു വഹിക്കുന്ന നല്ല നാട്ടുനടപ്പ്.. ഈ നാട്ടുനടപ്പിനെക്കുറിച്ച് ഒന്നുമറിയാത്ത സെബിനേ, നരകത്തില്‍ എണ്ണ തിളയ്ക്കുന്നതറിയുന്നോ?
അല്ലെങ്കിലും ക്രിസ്ത്യന്‍ പുരോഹിതവര്‍ഗ്ഗത്തിന്‍റെ (ജനസമൂഹം എന്ന് ഇതിനര്‍ത്ഥമില്ല) ഭരണഘടനയോടുള്ള വെല്ലുവിളി പുതിയ വാര്‍ത്തയൊന്നുമല്ല. കുറച്ചുനാള്‍ മുമ്പ് കേരളത്തിലെ ഒരു പുരോഹിതമേധാവി ക്രിസ്ത്യന്‍ സമൂഹം 'ജനസംഖ്യാവര്‍ദ്ധനവ്' നടപ്പാക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് വിശ്വാസികളെ ഉദ്ബോധിപ്പിക്കുകയുണ്ടായി. വര്‍ഷങ്ങളായി 'ജനനനിയന്ത്രണം' സര്‍ക്കാര്‍ നയപരിപാടിയായി കൊണ്ടുനടക്കുന്ന ഒരു രാജ്യത്താണ് ഈ പരസ്യമായ ആഹ്വാനമെന്നോര്‍ക്കണം.
'നമ്മുടെ ലോക'ത്തിന്‍റെ ഉള്ളിലുള്ള ഫാസിസ്റ്റ് ദുര്‍ഭൂതം അയാളുടെ കമന്‍റീലൂടെ പുറത്തുചാടിയിരിക്കുന്നു.
ആരാണാവോ ഈ ഭാരതീയന്‍?
'നമ്മുടെ ലോക'ത്തിനുപകരം 'എന്‍റെ ലോകം' എന്നാക്കിക്കൂടെ ബ്ലോഗറെ??????
ചര്‍ച്ച മുന്നേറട്ടെ. ഞാന്‍ പഠിതാവാണു.
-എങ്കിലും പറയട്ടെ:സ്വാശ്രയ കോടതി എന്ന മാരീചന്റെ കമന്റ്റ്റിനു മുന്നില്‍ നമിക്കുന്നു!
മാരീചന്‍,
സത്യമറിയാനുള്ള ശ്രമങ്ങള്‍ വിജയിക്കട്ടെ.(അഭയക്കേസിലും). ഊഹാപോഹങ്ങളെയും അര്‍ദ്ധസത്യങ്ങളെയും ആശ്രയിയ്ക്കാതെ സത്യം മനസിലാകട്ടെ. പ്രാഥമികാന്വേഷണങ്ങളില്‍ മാത്രം അന്വേഷണം ഒതുങ്ങാതിരിയ്ക്കട്ടെ.
മാരിചാനും ജോജുവും അടി കുടീ ചര്‍ച്ചയുടെ ഫോക്കസ് കളയല്ലേ . ഇതില്‍ ചില തെറ്റിധാരണകള്‍ മാറ്റ് സമുദായങ്ങള്‍ക്കിടയില്‍ ഉണ്ടാകുന്നു . നമുക്കു തന്നെ അത് തിരുത്തി കൊടുക്കാം എന്ന് കരുതുക . രൂപത കോടതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു വൈദീകനെ ഫോണില്‍ വിളിച്ചതിനു ശേഷമാണു മുകളില്‍ ഉള്ള കമന്റ് എഴുതിയിരിക്കുന്നത് . അതില്‍ കാര്യങ്ങള്‍ വ്യക്തമാണ് എന്ന് കരുതുന്നു . ഒരു മുദ്രപത്രമോ സ്ടംപോ സഭ ഉപയോഗിക്കുന്നില്ല . മുകളില്‍ പറഞ്ഞ രീതിയിലാണ് സഭ കോടതികള്‍ പ്രവര്‍ത്തിക്കുന്നത് എങ്കില്‍ ആര്ക്കെന്കിലും എതിര്‍പ്പുണ്ടാകും എന്ന് ഞാന്‍ കരുതുന്നില്ല
ഫോളോ അപ്പ് വേണ്ടവര്‍ക്ക്
ദീപികയില്‍ വന്ന വാര്‍ത്ത
നന്ദി കിരണ്‍.
വാര്‍ത്ത ശരിയാണെന്നു കരുതട്ടെ.
പരാതി വ്യാജവും പരാതിക്കാരന്‍ പ്രശ്നക്കാരനും ആണെങ്കില്‍ പിന്നെ ആര്‍ക്ക് പരാതി..ഈ പോസ്റ്റ് കൊണ്ട് തെറ്റിദ്ധാരണ മാറിയല്ലോ.
കിരണിന്റെ കമന്റില്‍ നിന്നും ധാരാളം പുതിയ അറിവുകള്‍ കിട്ടി. വിവാഹ മോചനത്തിനെ സംബന്ധിച്ചിടത്തോളം ഏതാണ്ട് ഒരു കുടുമ്പ കോടതിപോലെ തന്നെയാണ് പ്രവര്‍ത്തനം. പക്ഷേ ഒരു കാര്യം കൂടി അറിഞ്ഞാല്‍ കൊള്ളാം.
സഭാകോടതിയില്‍ നിന്നും കിട്ടിയ വിവാഹമോചനത്തിനു നിയമസാധുത ഉണ്ടാകുമോ. അതിനു വേണ്ടി വീണ്ടും സിവില്‍ കോടതിയിലോ, കുടുമ്പ കോടതിയിലോ കയറിയിറങ്ങണ്ടേ.
സഭ കോടതിയില്‍ നിന്നും വിവാഹ മോചനം നേടിയാല്‍ നിയമപരമായി വിവാഹ മോചനം ലഭിക്കില്ല . നിയമപരമായി വേണമെന്കില്‍ കോടതി വഴി വിവാഹ മോചനം നേടണം . സഭ വഴി വിവാഹ മോചനം നേടിയാല്‍ മാത്രമെ ഒരാള്‍ക്ക് സഭ രീതികള്‍ അനുസ്സരിച്ച് വിവാഹിതനാകാന്‍ കഴിയുക ഉള്ളു അതായത് പള്ളിയില്‍ പോയി വീണ്ടും വിവാഹം കഴിക്കണമെങ്കില്‍ സഭ കോടതിയില്‍ നിന്നു വിവാഹ മോചനം നേടണം
ഉള്ളത് തന്നെ മര്യാദയ്ക്ക് പോകുന്നില്ല. അതിനിടേലാ ഇങ്ങനെ...
മാരീചൻ, പ്രദീപ്
ജേർണലിസം പഠിച്ചിട്ടാണ് പത്രപ്രവർത്തകൻ എന്ന ജോലി കിട്ടിയതെന്ന് വിശ്വസിക്കുന്നു. ഒരു വാർത്ത കേൾക്കുമ്പോഴോ വായിക്കുമ്പോഴോ ആദ്യമേ അതിന്റെ സോർസും അതിന്റെ വാലിഡിറ്റിയും പരിശോധിക്കാനും മിനിമം വസ്തുതകൾ അന്വേഷിച്ചു കണ്ടെത്തുവാനും പോട്ടെ മിനിമം ഒരു കോമൺ സെൻസോ ലോജിക്കോ ഉപയോഗിക്കാനും ശ്രമിക്കണം എന്നാണ് ഞാനൊക്കെ പഠിച്ചിട്ടുള്ളത്. അല്ലാതെ ഈമെയിൽ ഐഡിയുള്ള രണ്ട് സുഹൃത്തക്കളോട് ചോദിക്കുന്നത് പത്രപവർത്തനമല്ല. മാരീചനു മനസ്സിലാവാഞ്ഞിട്ടാണോ എന്തോ താങ്കളിൽ നിന്ന് ആളുകൾ (ബ്ലോഗിൽ) പ്രതീക്ഷിക്കുന്നത് കിരൺ ചെയ്തതു പൊലെയുള്ള ഒരു സത്യാന്വേഷണമാണ് അല്ലാതെ
‘നമ്മുടെലോകം’ പോലെയുള്ളവരെ വികാരഭരിതാരാക്കുന്ന ഒരു സാധാരണ ബ്ലോഗർ ചെയ്യുന്ന തരം കമന്റുകളല്ല.
മതാധിഷ്ടിത കോടതികള്‍ നമ്മുടെ നാട്ടില്‍ മാത്രമല്ല, ഇന്ഗ്ല്ണ്ടിലും ഉണ്ടെന്നാണ് എന്റെ അറിവ്. അതിനെ പറ്റി ഉള്ള ബി.ബി.സി ലിങ്ക് ഇതാ:
http://news.bbc.co.uk/2/hi/uk_news/7233040.stm
ഒരു രാജ്യത്തിന്റെ അന്ഗീകൃത നിയമങ്ങള്‍ക് എതിരായി പ്രവര്‍ത്തിക്കാതെ തര്കങ്ങള്‍ തീര്കാനുള്ള ഒരു വേദി എന്ന് മാത്രം കൂട്ടിയാല്‍ മതി ഇതുമാതിരിയുള്ള കോടതികള്‍.
അതെ അതീവ ഗൌരവമായി കാണേണ്ട വിഷയം തന്നെ, പ്രത്യേകിച്ച് മുദ്രപത്രം ഉപയോഗിക്കുന്നത്, ഇപ്പൊ അതാണല്ലൊ വല്യ പ്രശ്നം.
(പ്രൈവറ്റ് എഗ്രീമെന്റുകള്‍ ഒക്കെ എഴുതുമ്പോഴും മുദ്രപത്രങ്ങള്‍ ഒക്കെ ഉപയോഗിക്കാറുണ്ട് അതും വളരെ ഗൌരവമായി തന്നെ കാണണം) ഇതെന്തായാലും കമന്റ് ട്രാക്കിന്:)
സഭാ കോടതി എന്നുദ്ദേശിച്ചത് കിരണ്‍ വിശദീകരിച്ചത് പോലെ വിവാഹമോചനം മാത്രമല്ല, സഭയിലെ തന്നെ കന്യസ്തര്‍ തമ്മിലുള്ള വിഷയങ്ങള്‍, അതുപോലെ ഉഭയസമ്മതപ്രകാരം ഉള്ള ക്രിമിനല്‍ സ്വഭാവം ഇല്ലാത്ത കാര്യങ്ങള്‍ കൈകാര്യം ചെയ്യാറുണ്ട്. ചില സാഹചര്യങ്ങളില്‍, ഉദാഹരണത്തിനു കേരളത്തിലെ ഒരു പ്രമുഖ സ്വര്‍ണാഭരണ ശ്രുംഖലയുടെ വാണിജ്യ അധികാരപരിധി-സ്വത്തു തര്‍ക്കം കോടതികയറാതെ സഹോദരങ്ങള്‍ തമ്മില്‍ ഒത്തുതീര്‍ന്നത് രൂപതാക്കോടതി വഴിയും എന്നു പറയുമ്പോള്‍ ബിഷപ്പിന്റെ മുഖ്യ കാര്‍മ്മികത്തില്‍ , ശേഷം ഉണ്ടായ ഒത്തുതീര്‍പ്പുകള്‍ ഒരു ഉറപ്പിനുവേണ്ടി മുദ്രപ്പത്രത്തില്‍ എഴുതിയെന്നതും ശരിയാണ്, അങ്ങിനെ വരുമ്പോള്‍ ആരോപണങ്ങളില്‍ ഉന്നയിച്ച കാര്യങ്ങള്‍ പ്രഥമദ്രുഷ്ട്യാ ശരിയായി വരുന്നു. രൂപതാക്കോടതികളില്‍ ഒത്തുതീരാത്ത കേസുകള്‍ സിവില്‍ കോടതികളില്‍ എത്തുകയും ഊണ്ടായിട്ടുണ്ട്. കാനന്‍ നിയമപ്രകാരം ഉള്ള കൊടതികള്‍ എല്ലാ രൂപതകളിലും 1991-നു മുമ്പ്തന്നെ ഉണ്ട്. കാനന്നിയമത്തില്‍ പ്രാഗത്ഭ്യവും നിഷ്പക്ഷതയും ഉള്ള അച്ചന്മാരാണു ജഡ്ജിയായി ഇരിക്കാറുള്ളത്. ബിഷപ്പ് ചീഫ് ജുസ്റ്റീസാണു.
മദ്ധ്യകാല യൂറോപ്പില്‍ ഈപ്പറയുന്ന കാനന്‍ കോടതികളുടെ അധികാരപരിധി സിവില്‍-ക്രിമിനല്‍ കേസുകളില്‍ വരെ തീര്‍പ്പുകള്‍ കല്പിക്കുന്ന തരത്തില്‍ ആവുകയും, മരണദണ്ഡനവരെ വിധിക്കുവാന്‍ തക്ക അധികാരം ദുര്‍ബലരായ ഭരണാധികരികളെ സ്വാധീനിച്ച് കൈവശപ്പെടുത്തുകയും ചെയ്തു. സ്വന്തമായി ജയിലും, തൂക്കുമരങ്ങളും വരെ ഉള്ള രൂപതാക്കോടതികളെക്കുറിച്ച് ചിലപരാമര്‍ശങ്ങല്‍ വിക്റ്റര്‍ഹ്യൂഗോയുടെ നോവലുകളില്‍ വയിച്ചിട്ടുണ്ട്. മറ്റു കോടതികളെ അപേക്ഷിച്ച് മൂന്നധികാരങ്ങളും -നിയമ നിര്‍മ്മാണം, പരിപാലനം, വിധി- കാനന്‍ നിയമപ്രകാരം രൂപതാക്കോടതികള്‍ക്കാണു.
കോര്‍ട്ട് ഫീസ്, മുദ്രപ്പത്രം തുടങ്ങിയ അനുബന്ധ സംവിധാനങ്ങള്‍ സഭ സ്വന്തമായി തുടങ്ങിയെന്നു വരുന്നത് ഒരിക്കലും അശാസ്യമല്ല. എന്റെ അറിവില്‍ ക്രിമിനല്‍ സ്വഭാവം ഇല്ലാത്ത സ്വത്തുതര്‍ക്കങ്ങളില്‍ ഉണ്ടാവുന്ന വ്യവസ്ഥകള്‍, ജാര സന്തതി-ഒളിസേവ തര്‍ക്കങ്ങളുടെ പരിണിത വ്യവസ്ഥകള്‍, സര്‍ക്കാര്‍മുദ്രപ്പത്രത്തില്‍ എഴുതി ഒരു ഉറപ്പിനു വേണ്ടി വയ്കാറുണ്ട്.
ഇന്നത്തെ രാഷ്ട്രീയ ചുറ്റുപാടില്‍, കത്തോലിക്കാസഭയെ അടിക്കാന്‍ കിട്ടുന്ന ഒരോ അവസരവും പക്ഷപാതപരമായി വേണ്ട വിധം ഉപയോഗിക്കും എന്നതു കൊണ്ട്, പരിണിത ഫലം കാത്തിരുന്നു കാണാം. ഇതൊക്കെ ഒരു രഷ്ട്രീയ-ഭരണ വ്യവസ്ഥികളിലെ കൊടുക്കല്‍-വാങ്ങല്‍-വിലപേശല്‍ തലത്തില്‍ കാണുന്നതാവും ഉത്തമം. എറണാകുളാത്ത് വിതയത്തിലും ആലപ്പുഴ മനോജും നിന്നപ്പോള്‍ വന്ന വോട്ടു ബാങ്കുകള്‍ ഒന്നു കൂടി ഉറപ്പിക്കുവാന്‍ ചില പാര്‍ട്ടീ നേരമ്പോക്കുകള്‍. കാരണം ഇപ്പറയുന്ന കോടതികള്‍ ഓരോ രൂപതയും തുടങ്ങുമ്പോള്‍ താനേ നിലവില്‍ വരുന്നതും, നാലാം നൂറ്റാണ്ടുമുതല്‍ സഭയില്‍ ഉള്ളതും, 12ആം നൂറ്റാണ്ടിലോ മറ്റോ രൂപതാതലത്തില്‍ ഏര്‍പ്പെടുത്തിയതും ആയ ഇവ 1991 എന്ന ഒരു കണക്കുവച്ച് ഏതൊ ഒരു കടലാസ് സംഘടനയുടെ ആരോപണം വരുന്നതുവരെ അറിഞ്ഞിരുന്നില്ലാ എന്നു പറയുന്നത് ദുരൂഹമാണു.
കിരണ്‍ പറഞ്ഞതു പോലെ , സഭാകോടതി പ്രധാനമായും വിവാഹമോചനകേസുകളാണ് കൈകാര്യം ചെയ്യുന്നത്. വിശ്വാസികള്‍ക്കിടയിലുണ്ടാകുന്ന മറ്റ് തര്‍ക്കങ്ങളും സഭാനേതൃത്വം ശ്രദ്ധിക്കാറുണ്ട് താനും. പക്ഷേ അങ്ങനെ പരിഗണയില്‍ വരുന്ന ഒരു കേസില്‍ സഭാകോടതിയുടെ തീരുമാനം അന്തിമമായിരിക്കും എന്നൊന്നുമില്ല. മറുകക്ഷിക്ക് ആ തീരുമാനം നീതിയായി തോന്നിയില്ലെങ്കില്‍ 'ഒര്‍ജിനല്‍' കോടതിയെ സമീപിക്കാവുന്നതാണ്.
വിവാഹമോചനത്തിന്റെ കാര്യത്തില്‍ കുറച്ചുകൂടി കര്‍ക്കശ്ശമായ നിലപാടുകളാണുള്ളത്. സഭയുടെ അനുവാദത്തോടെ, ഒരു പള്ളിയില്‍ വെച്ച് വിവാഹിതരായവര്‍ , പിരിയുന്നതും സഭയുടെ അനുവാദത്തോടെയായിരിക്കണം എന്നതാണ് ആ നിലപാട്.വിവാഹമോചനം എന്ന ആവശ്യവുമായി സഭയെ സമീപിക്കുന്നവരെ കൌണ്‍സിലിങ്ങിലൂടെയും മറ്റും തിരിച്ച് ചിന്തിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ സഭ നടത്തുന്നു. ഇതു ഒരല്‍പ്പം കാലതാമസം നേരിടുന്ന ഒരു നടപടിയാണ്. നിയമപരമായി വിവാഹമോചനം നേടിയാല്‍ പോലും , സഭയുടെ അനുവാദം ലഭിക്കാതെ മറ്റൊരു വിവാഹം കഴിക്കാന്‍ സഭ അനുവദിക്കില്ല. അങ്ങനെ വിവാഹം കഴിക്കുന്നവര്‍ക്കു,നിയമപരമായി ആ വിവാഹം സാധുവാണെങ്കില്‍ പോലും, കൂദാശകള്‍ നിഷേധിക്കപ്പെടും.
വളരെ അടുത്തു കണ്ടറിഞ്ഞ ഒരു വിവാഹമോചക്കേസ് രണ്ടു വര്‍ഷത്തോളമെടുത്തു ഒന്നു തീരുമാനമാകാന്‍.പക്ഷേ അവിടെ അതിന്റെ പേരിലൊരു പിരിവു നടന്നതായി അറിവില്ല.
പത്രപ്രവര്‍ത്തനം പഠിപ്പിക്കുന്ന അനോണിമസേ...........
ബ്ലോഗിലുളള സകലരുടെയും ആഗ്രഹത്തിനൊത്ത് കമന്റോ പോസ്റ്റോ എഴുതുകാന്നുവെച്ചാല്‍, ഇത്തിരി ബുദ്ധിമുട്ടാണേയ്...
എഴുതുന്നതിനോട് യോജിക്കുകയോ വിയോജിക്കുകയോ ആകാം. അത്രയേ പറ്റൂ. അല്ലാതെ കാണാമറയത്തിരിക്കുന്നവരുടെ ഇച്ഛയ്ക്കും മോഹങ്ങള്‍ക്കുമൊപ്പിച്ച് എഴുതാനുളള ബാധ്യതയൊന്നും മാരീചനില്ല. പ്രദീപിന്റെ കാര്യം അദ്ദേഹം പറയട്ടെ...
സംസ്ഥാന സര്‍ക്കാരിന് ലഭിച്ച പരാതിയെക്കുറിച്ച് വര്‍ത്തമാനം പത്രത്തില്‍ വന്ന വാര്‍ത്തയാണ് ഈ പോസ്റ്റിന് ആധാരം എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഈ പോസ്റ്റിലെ ആദ്യ കമന്റും എന്റേതാണ്. ഒന്നു വായിച്ചു നോക്കുക. അതിലെന്താണ് എഴുതിയിരിക്കുന്നതെന്ന്.
അതും കണ്ടയുടനെ ഒരു ഉത്തരവാദിത്വ സിദ്ധാന്തവുമായി രംഗപ്രവേശം ചെയ്തത് ജോജുവാണ്. ഇവിടെ പറയുന്ന അരമനക്കോടതിയെയോ അതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചോ എനിക്കൊന്നും അറിയില്ല. അതുകൊണ്ട് പോസ്റ്റിന്റെ ലിങ്ക് ചില സുഹൃത്തുക്കള്‍ക്കയച്ചു കൊടുത്തിട്ട്, എന്താണ് സംഭവം എന്നു ചോദിച്ചത് പത്രപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന മാനദണ്ഡങ്ങള്‍ക്ക് കടകവിരുദ്ധമായ നടപടിയായിപ്പോയെന്നൊക്കെ പുരപ്പുറത്തു കയറി വിളിച്ചു കൂവുന്നത് കേള്‍ക്കുമ്പോള്‍ സഹതാപമേയുളളൂ.
ഒരു വാർത്ത കേൾക്കുമ്പോഴോ വായിക്കുമ്പോഴോ ആദ്യമേ അതിന്റെ സോർസും അതിന്റെ വാലിഡിറ്റിയും പരിശോധിക്കാനും മിനിമം വസ്തുതകൾ അന്വേഷിച്ചു കണ്ടെത്തുവാനും പോട്ടെ മിനിമം ഒരു കോമൺ സെൻസോ ലോജിക്കോ ഉപയോഗിക്കാനും ശ്രമിക്കണം എന്നാണ് ഞാനൊക്കെ പഠിച്ചിട്ടുള്ളത്.
ഇതെവിടെ പഠിപ്പിക്കുന്ന പത്രപ്രവര്‍ത്തനമാണെന്ന് എനിക്കറിയില്ല. വാര്‍ത്ത കേള്‍ക്കുമ്പോഴും വായിക്കുമ്പോഴും സോഴ്സ് കണ്‍മുന്നില്‍ തെളിഞ്ഞു വരുന്ന ഇന്ദ്രജാലം ഒരു വരദാനം തന്നെയാണേയ്.. പിന്നെയോ വാലിഡിറ്റിയും പരിശോധിക്കണം പോലും. അടുത്തുളള പോലീസ് സ്റ്റേഷനിലോ മാടക്കടയിലോ വിളിച്ചു ചോദിച്ചാല്‍ വാലിഡിറ്റി പുഷ്പം പോലെ മനസിലാക്കാവുന്നതല്ലേയുളളൂ.
സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച പരാതിയെക്കുറിച്ച് വര്‍ത്തമാനം പത്രം നല്‍കിയ വാര്‍ത്തയുടെ സോഴ്സും വാലിഡിറ്റിയും അറിയാന്‍ മിനിമം കോമണ്‍സെന്‍സ് മതി. അങ്ങനെയൊരു പരാതി നല്‍കിയിട്ടുണ്ട്. ആളിന്റെ പേരും ഡീറ്റെയില്‍സും വാര്‍ത്തയിലുണ്ട്. ആ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ ശരിയോ എന്നതാണ് വിഷയം. അതന്വേഷിക്കാനാണ് ഡിജിപിയെ ഏല്‍പ്പിച്ചത്. പരാതിയില്‍ കഴമ്പില്ലെന്നു കണ്ടാല്‍ അവര്‍ തളളും.
അല്ലാതെ പോലീസിന് ലഭിച്ച പരാതിയില്‍ കഴമ്പുണ്ടോയെന്ന് പരിശോധിക്കേണ്ടത് മാധ്യമ പ്രവര്‍ത്തകന്റെ തൊഴിലാണെന്ന് അനോണിമസിനെ ഏത് ജേണലിസം അധ്യാപകനാണ് പഠിപ്പിച്ചത്? അങ്ങനെയൊരു പരാതി ഉണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടു ചെയ്യുകയാണ് മാധ്യമ പ്രവര്‍ത്തകന്റെ ജോലി. അന്വേഷണവും തെളിവെടുപ്പും പൊലീസ് നോക്കിക്കോളും.
പൊലീസിന് നല്‍കുന്ന പരാതിയെക്കുറിച്ച് മിനിമം വസ്തുതകള്‍ അന്വേഷിച്ചു കണ്ടെത്താനും മാധ്യമ പ്രവര്‍ത്തകന്‍ കോമണ്‍സെന്‍സോ ലോജിക്കോ ഉപയോഗിക്കണമെന്ന് ഉപദേശിച്ചു ഞെളിയുന്ന അനോണിസാര്‍, എന്തു പത്രപ്രവര്‍ത്തനമാണ് പഠിച്ചതെന്ന് നമുക്കറിയില്ല.
ഈ വിഷയം ബ്ലോഗില്‍ ചര്‍ച്ചയ്ക്കു വരുമ്പോള്‍, ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങളെക്കുറിച്ച് അറിയാന്‍ ഇമെയില്‍ ഉപയോഗിക്കുന്നത് അനോണിയ്ക്ക് ഇഷ്ടമല്ലെന്ന് കരുതി ചെയ്യാതിരിക്കാനാവുമോ? വിവരാന്വേഷണത്തിന്റെ ഭാഗമായി ഒരു പത്രപ്രവര്‍ത്തകന്‍ സുഹൃത്തുക്കള്‍ക്ക് ഇമെയില്‍ അയയ്ക്കരുതെന്ന് ഏത് ജേണലിസം ക്ലാസിലാണ് അനോണിസാര്‍ പഠിച്ചത്? പേരൊന്നു വെളിപ്പെടുത്താമോ? കഴിയുമെങ്കില്‍ ആ സ്ഥാപനത്തില്‍ ഒന്നു പഠിച്ചാല്‍ കൊളളാമായിരുന്നു.
കിരണിനും ഈ ബ്ലോഗിന്റെ ലിങ്ക് അയച്ചത് ഈയുളളവനാണ്. അദ്ദേഹത്തിന്റെ പരിചയ വലയമുപയോഗിച്ച് അന്വേഷണം നടത്തുകയും ഫലം കമന്റായി എഴുതിയിടുകയും ചെയ്തിട്ടുണ്ട്. സത്യം അതാണെങ്കില്‍ അത് ഉള്‍ക്കൊളളുന്നതിന് യാതൊരു ബുദ്ധിമുട്ടും ഇല്ലതാനും. ഈ പരാതിയിലുന്നയിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചോ, അരമനക്കോടതിയെക്കുറിച്ചോ ഇതുവരെ ഒരഭിപ്രായവും മാരീചന്‍ പറഞ്ഞിട്ടില്ല.
ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എനിക്കിതില്‍ ഇടപെടണമെന്ന് തോന്നുന്നത് എപ്പോഴാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. തര്‍ക്കങ്ങളില്‍ സഭയോ പുരോഹിതന്മാരോ മുന്നോട്ടു വെയ്ക്കുന്ന പരിഹാരം വിശ്വാസികള്‍ പരാതിയില്ലാതെ അംഗീകരിക്കണമെന്ന് ശഠിക്കുമ്പോഴോ, നീതി തേടി ഭരണഘടനാപരമായി പ്രവര്‍ത്തിക്കുന്ന കോടതികളെ സമീപിക്കുന്നതില്‍ നിന്ന് മതാധികാരമുപയോഗിച്ച് വിശ്വാസികളെ തടയുമ്പോഴോ ആ പ്രശ്നത്തില്‍ പൊതുസമൂഹം ഇടപെടുക തന്നെ ചെയ്യും. ഏത് അനോണിക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.
അങ്ങനെയൊന്ന് ഇല്ലാത്തടത്തോളം കാലം ഇക്കാര്യത്തില്‍ ഇനി ചെലവിടാന്‍ സമയമില്ല. എങ്കിലും, പത്രപ്രവര്‍ത്തന പാഠങ്ങളുമായി ഇടയ്ക്ക് അനോണി പ്രത്യക്ഷപ്പെട്ട് ഒന്നു സഹായിച്ചേക്കണേ.. മറവി ഇത്തിരി കൂടുതലായതു കൊണ്ട് പണ്ട് പഠിച്ചതൊക്കെ ചിലപ്പോള്‍ ഓര്‍ത്തെന്നു വരില്ല. ചെലവില്ലാതെ കിട്ടുന്ന ഉപദേശങ്ങള്‍ കളയുന്നതെന്തിന്.. അനോണിയുടെ ഉപദേശം ശിരസാവഹിച്ചാല്‍ ഭാവിയില്‍ വലിയൊരു മാധ്യമപ്രവര്‍ത്തകനാകില്ലെന്ന് ആരു കണ്ടു?
രൂപതാകോടതികളെക്കുറിച്ചുള്ള ആശങ്കകളും ദുരൂഹതകളും ഒരു പരിധിവരെങ്കിലും കിരണിന്റെയും, വേണാടന്റെയും ജോസിന്റെയും കമന്റുകളിലൂടെ നീങ്ങി എന്നു കരുതട്ടെ.
അതുകൊണ്ട് ഓഫ് ടോപ്പിക്കിലേയ്ക്ക്.
മാധ്യമപ്രവര്‍ത്തകന്റെ ഉത്തരവാദിത്തം എന്ന പോയിന്റിലേയ്ക്ക് ഈ പോസ്റ്റിന്റെ വലിച്ചിഴയ്ക്കാന്‍ ശ്രമിച്ചതിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. എന്റെ ഭാഗത്തുനിന്നും ചില വിശദീകരണങ്ങള്‍ കൊടുക്കേണ്ടത് ആവശ്യമാണെന്നു കരുതുന്നു.
പ്രദീപ് എഴുതിയ ഈ പോസ്റ്റിന്റെ ആദ്യ വാചകം വസ്തുതകള്‍ക്ക് നിരക്കുന്നതായി എനിയ്ക്ക് തോന്നിയില്ല. ഒന്നു ഗൂഗിള്‍ ചെയ്തിരുന്നുവെങ്കില്‍ പോലും വത്തിക്കാന്റെ നിയമ സംഹിതയല്ല കാനോന്‍ നിയമം റോമന്‍ കത്തോലിയ്ക്കാ സഭയുടെ നിയമമാണെന്നു മനസിലാകുമായിരുന്നു.
കത്തോലിയ്ക്കാ സഭ മാത്രമല്ല മറ്റുചില ക്രൈസ്തവസഭകളുടെയും നിയമസംഹിതയെ കാനോന്‍ നിയമം എന്നാണു പറയാറ്.
മാരീചന്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിയ്ക്കണമെന്നു പറയാന്‍ കാരണം ഈ പോസ്റ്റിലെ കമന്റ് അല്ല.
“ഇതാവശ്യപ്പെട്ട ഒരു കോണിലും മാരീചന്‍ ഉണ്ടായിരുന്നില്ല. അന്ന് ആ രംഗത്തുണ്ടായിരുന്ന ഒരാളെപ്പോലും കണ്ടിട്ടുമില്ല. അതുകൊണ്ട് ആ സംഭവത്തിന് നേര്‍സാക്ഷിയായ ആളെഴുതുന്നതു പോലെ തോന്നിപ്പിച്ച ഭാഗം പോസ്റ്റില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.”
ഇങ്ങനെ എഴുതേണ്ടീ വന്നത് മാരീചനാണ്.
ഒറീസാ സംഭവത്തില്‍ ഇടയലേഖനമുണ്ടായില്ലെന്നു പറഞ്ഞതും മാരീചനാണ്.
ഒരു ചെറിയ ശ്രദ്ധ കൊടുത്തിരുന്നെങ്കില്‍ ഈ മേല്‍പറഞ്ഞവ ഒഴിവാക്കാനാകുമായിരുന്നു എന്നു ഞാന്‍ കരുതുന്നു. അങ്ങനെയൊരു ശ്രദ്ധ കൊടുക്കേണ്ടത് മാധ്യമപ്രവര്‍ത്തകന്റെ കടമയാണെന്നും ഞാന്‍ കരുതുന്നു.
ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ ഒരു സാധാരണപൌരനേക്കാള്‍ പല സോഴ്സുകളിലേയ്ക്കും ആക്സസിബിലിറ്റി നിങ്ങള്‍ക്കുണ്ടാകുമെന്നും ഞാന്‍ വിശ്വസിയ്ക്കുന്നു. അതുകൊണ്ടു സുഹൃത്തുക്കളോട് ചോദിച്ചു മനസിലാകുന്നതില്‍ മാത്രം നിങ്ങളുടെ അന്വേഷണം ഒതുങ്ങരുത് എന്ന് ഞാന്‍ ആഗ്രഹിയ്ക്കുന്നു.
ഇക്കാര്യത്തിലുള്ള എന്റെ അഭിപ്രായം ഇതാണ്. പറഞ്ഞതു തെറ്റാണെങ്കില്‍, ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ ആരുടെയെങ്കിലും ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്തുവെങ്കില്‍ മാപ്പ്.
ഇനി ഇടപെടാമെന്നു തോന്നുന്നു.
ഇത്രയും ഗുണപരമായ ചര്‍ച്ച മറ്റേത് മാധ്യമത്തില്‍ നടക്കും?ബ്ലോഗിന്റെ ശക്തിയും വ്യതിരിക്തതയും ഒരിക്കല്‍ കൂടി പ്രബലപ്പെടുത്തി ഈ ചര്‍ച്ചയെ സമ്പന്നമാക്കിയ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.
ഒരു പഠിതാവിന്റെ ജിജ്ഞാസ ഒരിക്കലും അവസാനിക്കില്ലല്ലോ.അതിനാല്‍ ചില സംശയങ്ങള്‍ ഇപ്പോഴും ബാക്കിയുണ്ടു.
പണ്ട് നാട്ടുക്കൂട്ടവും ,നാട്ടുപ്രമാണിമാരും തര്‍ക്കങ്ങളില്‍ തീര്‍പ്പുകല്‍പ്പിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.അത് പലപ്പോഴും പ്രാകൃതവുമായിരുന്നു.ഇന്നും തൊട്ടടുത്ത തമിഴ് നാട്ടില്‍ ഈ സമ്പ്രദായം നിലനില്‍ക്കുന്നുണ്ടു.
പക്ഷേ, സഭാക്കോടതികള്‍ വ്യവസ്ഥാപിത സംവിധാനങ്ങളാണെന്നാണു വ്യാഖ്യാനം.കാരണം,അവയ്ക്ക് നിയതമായ നിയമാവലിയുണ്ടു.അത് വിശ്വാസികളുടെ വിവാഹമോചനക്കേസുകളില്‍ മാത്രമല്ല സിവിള്‍ തര്‍ക്കങ്ങളിലും ഇടപെടുന്നു എന്നാണെല്ലോ,വേണാടന്‍ പറയുന്നത്.അല്ലേ,കിരണ്‍,ജോജു?
വിശ്വാസികള്‍ നീതിന്യായ സംവിധാനത്തെ സമീപിക്കുന്നതിനെ സഭ നിരുത്സാഹപ്പെടുത്തുന്നു എന്ന ആരോപണം ഇവിടെ സംശയാതീതമായി നിഷേധിക്കപ്പെട്ടിട്ടുമില്ല.അപ്പോള്‍, പൊതു സമൂഹത്തിനു ഇടപെടേണ്ടിവരുന്നു.മാരീചന്‍ പറഞ്ഞതും ഇതു തന്നെ.
ഒരു പക്ഷേ സഭ പരസ്യമായി ഇന്ത്യന്‍ ജുഡീഷ്യറിയെ തള്ളിപ്പറയില്ല.അതേസമയം സഭയുടെ തീര്‍പ്പുകളെ അംഗീകരിക്കാത്തവരെ സാമൂഹികമായി അവര്‍ ഒറ്റപ്പെടുത്തും(ostracism).ഇത്തരം അറ്റകൈ മതങ്ങള്‍ നൂറ്റാണ്ടുകളായി പ്രയോഗിക്കാറുണ്ടു.കോടതി വഴി വിവാഹമോചനം നടത്തുന്നവര്‍ക്ക് വിവാഹകൂദാശ നിഷേധിക്കുന്നത് ostracism അല്ലെങ്കില്‍ മറ്റെന്താണു,കിരണ്‍,ജോജി?സഭ മാറി കെട്ടുന്നവരോടും കമ്മ്യൂനിസ്റ്റുകാരോടുമൊക്കെ ഈ കടുംകൈ അവര്‍ ചെയ്യാറുണ്ടെല്ലൊ.
ഇത് വളരെ അപകടകരമായ ചില പ്രത്യാഘാതങ്ങള്‍ നമ്മുടെ സമൂഹത്തില്‍ സൃഷ്ടിച്ചത് ആരുടെയെങ്കിലും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ?സഭയുടെ ചുവടു പിടിച്ച് വെള്ളാപ്പള്ളി നടേശന്‍ 3 വര്‍ഷം മുന്‍പ് ഈഴവര്‍ക്കിടയിലെ മരണാനന്തരചടങ്ങുകള്‍ക്കും വിവാഹത്തിനും മറ്റും ലിഖിത നിയമാവലിയുണ്ടാക്കി.അടുത്തിടെ എസ് എന്‍ ഡി പി ശാഖാ-യൂണിയന്‍ ഭാരവാഹികള്‍ സമുദായാംഗങ്ങളുടെ തര്‍ക്കങ്ങളില്‍ ഇടപെടാനും തീര്‍പ്പു കല്‍പ്പിക്കാനും തുടങ്ങിയിട്ടുണ്ടു.ഇനി എന്‍ എസ് എസ്സും മറ്റ് ജാതി സംഘടനകളും ഈ പാത പിന്തുടരും.
ഇതു ഒരു ജനാധിപത്യ സമൂഹത്തിനു ചേര്‍ന്നതാണോ?
-ഒരിക്കലുമല്ല എന്നാണ്‍ എന്റെ സുചിന്തിതമായ അഭിപ്രായം.
തര്‍ക്കങ്ങള്‍ കോടതിയിലെത്തിക്കാതെ പറഞ്ഞു തീര്‍ക്കുന്നതിന്‍ എല്ലാ മതക്കാരിലേയും പൊതുസമ്മതരടങ്ങിയ പ്രദേശിക സമിതികളാണു വേണ്ടത്.അല്ലാതെ വിഭാഗീയ സഭാക്കോടതികളല്ല.എത്ര ആക്ഷേപിച്ചാലും എല്ലാ വിഭാഗക്കാരുടേയും വിശ്വാസമാര്‍ജിക്കാനും അവരുടെ പ്രശ്നങ്ങളില്‍ ഇടപെടാനും അര്‍ഹതയും കഴിവുമുള്ളവര്‍ രാഷ്ട്രീയക്കാര്‍ മാത്രമാണു.അവര്‍ തങ്ങളുടെ പഞ്ചായത്ത്-മുനിസിപ്പല്‍ പ്രദേശങ്ങളില്‍ അതു ചെയ്യ്തു വരുന്നുണ്ടു.അവിടെ അര്‍ക്കും കയറിച്ചെല്ലാം.അവിടെ മുദ്രപ്പേപ്പറും ഫീസുമൊന്നുമില്ല.
-ഇത്തരം പൊതുഇടങ്ങള്‍ക്കു പകരം ജാതി-മത സംവിധാനങ്ങള്‍ ശക്തിപ്പെട്ടാല്‍ ജനാധിപത്യത്തിനു പിന്നെ എന്തര്‍ഥം?
ജോജു,
ഞാന്‍ ഈ വിഷയത്തില്‍ തീര്‍പ്പുകല്‍പ്പിച്ചുകൊണ്ടു് ഒരുവാചകം പോലും എഴുതിയിട്ടില്ലല്ലോ. അറിയാത്ത വിഷയത്തെക്കുറിച്ചു് ആധികാരികമായി എഴുതുന്ന രീതി എനിക്കില്ല. സംഗതി ശരിയെങ്കില്‍ ഗൌരവമുള്ള വിഷയം തന്നെ എന്നെഴുതിയതിനു് സംഗതി ശരിയാണെന്നോ തെറ്റാണെന്നോ അര്‍ത്ഥം ഉണ്ടാകുന്നില്ല. എന്നുവച്ചു് നാട്ടില്‍ നടക്കുന്നതായി ആരോപിക്കപ്പെടുന്ന ഒരു സംഭവത്തില്‍ എനിക്കഭിപ്രായമുണ്ടോ ഇല്ലയോ എന്നു് സൌഹൃദത്തിന്റെ അടിസ്ഥാനത്തില്‍ ആരാനും ചോദിക്കുന്നതിലും എന്റെ അറിവോ അറിവില്ലായ്മയോ വ്യക്തമാക്കുന്നതിലും ഞാനോ അയാളോ എന്തിനു് അറയ്ക്കണം?
ജോജുവിന്റെ കമന്റിന്റെ ധ്വനി കത്തോലിക്ക സഭയുടെ ഔദ്യോഗികവക്താവു് താനാണെന്ന മട്ടിലാണല്ലോ. ജോജു പറഞ്ഞതിനേക്കാള്‍ ഭംഗിയായി കിരണ്‍ വിഷയത്തില്‍ ഇടപെടുകയും ചെയ്തു.
രണ്ടുപേര്‍ക്കിടയിലെ വിഷയം മധ്യസ്ഥന്റെ മുമ്പില്‍ പരിഹരിക്കപ്പെടുന്നതു് കുറച്ചിലാണെന്നു് ഞാന്‍ കരുതുന്നില്ല. പക്ഷെ മധ്യസ്ഥന്റെ തീര്‍പ്പു് അവസാനത്തേതാകുകയും അതിനെ ചോദ്യം ചെയ്താല്‍ അയാള്‍ സമൂഹഭ്രഷ്ടനാവുകയും ചെയ്യുന്ന സാഹചര്യമുണ്ടെങ്കില്‍ അത്തരം മധ്യസ്ഥം ചോദ്യംചെയ്യപ്പെടണം.
വിയോജിപ്പുള്ള മറ്റൊന്നു് ഇത്തരം വിഷയങ്ങള്‍ പറഞ്ഞുതീര്‍ക്കേണ്ടതു് രാഷ്ട്രീയക്കാരാണെന്ന പ്രദീപിന്റെ അഭിപ്രായമാണു്. രാഷ്ട്രീയക്കാര്‍ എന്ന 'പ്രത്യേക വര്‍ഗ്ഗ'ത്തിനു് ഇങ്ങനെ കുറേ അധികാരങ്ങള്‍ ഭരമേല്‍പ്പിച്ചുകൊടുക്കുന്നതിനോടു് എനിക്കു് തരിമ്പും യോജിപ്പില്ല. രാഷ്ട്രീയമെന്നതു് കുറേപ്പേരുടെ തൊഴിലോ ഉപജീവനമാര്‍ഗ്ഗമോ ആയി കാണുന്നതു് രാഷ്ട്രീയമെന്തെന്ന ധാരണ ഇല്ലാത്തതുകൊണ്ടാണു്. തര്‍ക്കത്തിലുള്‍പ്പെട്ട വ്യക്തികള്‍ക്കു് പൊതുസമ്മതിയുള്ള ആരും മധ്യസ്ഥനാകുന്നതില്‍ തെറ്റില്ല. അവരുടെ മധ്യസ്ഥത വിഭാഗീയമായി അനുഭവപ്പെടുകയാണെങ്കില്‍ എതിരഭിപ്രായമുള്ളയാള്‍ക്കു് നാട്ടിലെ നിലവിലുള്ള സംവിധാനങ്ങളെ സമീപിച്ചു് നീതി നടപ്പിലാക്കാന്‍ ശ്രമിക്കാം, അഥവാ അതുമൂലം മറ്റു വിഷമതകള്‍ ഉണ്ടാവരുതു് എന്നുമാത്രം.
നമുക്കെല്ലാം വഴിവക്കില്‍ കിടക്കുന്ന തകരച്ചെണ്ടയാണു രാഷ്ട്രീയക്കാര്‍.അവരില്‍ അഴിമതിക്കാര്‍ക്കും പരാന്നഭോജികള്‍ക്കുമാണു മൃഗീയ ഭൂരിപക്ഷം.അതിനപ്പുറം അവരിലൊരു അതിന്യൂനപക്ഷമുണ്ടു.അവര്‍ക്കുള്ള പൊതുസമ്മതിയുടെ പതിനായിരത്തിലൊരംശമെങ്കിലുമുള്ള ഏതെങ്കിലും മത-ജാതി നേതാവിനെ ചൂണ്ടിക്കാട്ടാനുണ്ടോ,സെബിന്‍?
>>രണ്ടുപേര്‍ക്കിടയിലെ വിഷയം മധ്യസ്ഥന്റെ മുമ്പില്‍ പരിഹരിക്കപ്പെടുന്നതു് കുറച്ചിലാണെന്നു് ഞാന്‍ കരുതുന്നില്ല. പക്ഷെ മധ്യസ്ഥന്റെ തീര്‍പ്പു് അവസാനത്തേതാകുകയും അതിനെ ചോദ്യം ചെയ്താല്‍ അയാള്‍ സമൂഹഭ്രഷ്ടനാവുകയും ചെയ്യുന്ന സാഹചര്യമുണ്ടെങ്കില്‍ അത്തരം മധ്യസ്ഥം ചോദ്യംചെയ്യപ്പെടണം<<
സെബിന്‍റ്റെ ഈ അഭിപ്പ്രായത്തോട് പൂര്‍ണ്ണമായും യോജിപ്പ്.
ജീവിക്കുക ജീവിക്കാനനുവദിക്കുക എന്ന അടിസ്ഥാന പ്രമാണത്തിലുണ്ടായ നിയമങ്ങള്‍ക്ക് സഹായമായ പോലീസ് / കോടതി എന്നീ സംവിധാനങ്ങളുടെ ഒരു കാലത്തുള്ള അപൂര്‍വ്വമായി മാത്രമുള്ള ഉപയോഗപ്പെടുത്തല്‍ അവയില്‍ അനാവശ്യ ഭയം ഉണ്ടാക്കിയപ്പോള്‍ ,
പിന്നീടുണ്ടായ അമിത ഉപയോഗം ഭയം തീരെ ഇല്ലാതാക്കി അതാകട്ടെ അവയിലുള്ള വിശ്വാസ്യതയും കുറച്ചു.
പോലീസിനെ കണ്ടാല്‍ പൊതുജനത്തിന് മുട്ടിടിക്കുന്നതും അവരെ കണ്ടാല്‍ കഴുത്തിന് പിടിക്കാനുള്ള ധൈര്യമുള്ളതും ആപത്താണ് രണ്ടുമല്ലാത്ത ഒരവസ്ഥയാണണ്ടാവേണ്ടത്. അതിനാകട്ടെ പ്രാദേശിക ഇടപെടലുകള്‍ ഗുണം ചെയ്യുമെന്ന് തന്നെയാണെന്‍റ്റെ വിശ്വാസം.
ആദ്യത്തേതിന് പോലീസുകാര്‍ സ്വയം കാരണമായപ്പോള്‍ രണ്ടാമത്തേതിന് രാഷ്ട്രീയ സംഘടനകളാണ് കാരണമായത്.
ഒരവസാന വാക്കായി മാത്രം കോടതികളേയും പോലീസിനേയും കാണാനാവുമ്പോള്‍ മാത്രമേ അവയിലുള്ള ഭയവും വിശ്വസവും വര്‍ദ്ധിക്കൂ അതാണാവശ്യവും.
രാഷ്ട്രീയക്കാര്‍ അഴിമതിക്കാരോ പരാന്നഭോജികളോ ആണെന്നല്ല ഞാന്‍ വിവക്ഷിച്ചതു്. രാഷ്ട്രീയക്കാര്‍ എന്ന പ്രത്യേക വര്‍ഗ്ഗത്തെ സൃഷ്ടിക്കുന്നതിനോടു് യോജിപ്പില്ല എന്നാണു്. എഞ്ചിനീയര്‍ക്കും ഡോക്ടര്‍ക്കും ശാസ്ത്രജ്ഞനും ഗവേഷകനും ക്ലര്‍ക്കിനും മാനേജര്‍ക്കും മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവിനും പത്രപ്രവര്‍ത്തകനും ചിത്രകാരനും കൂലിപ്പണിക്കാരനും എല്ലാമുണ്ടായിരിക്കേണ്ട സംഗതിയാണു് രാഷ്ട്രീയം. അതു് ചില കുപ്പായങ്ങള്‍ തയ്പ്പിച്ചു് തേച്ചുമടക്കിയിടുന്നവരുടെ മേച്ചില്‍പ്പുറമായിരിക്കരുതു്.
മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ എന്താണു തെറ്റ്?ബഹുകഷി ജനാധിപത്യ വ്യവസ്ഥയില്‍ പാര്‍ട്ട് ടൈംകാരെക്കൊണ്ട് ആര്‍ക്കെന്ത് പ്രയോജനം?ഓരോരുത്തരും മനസ്സിലൊളിപ്പിച്ചു വെക്കേണ്ട -ഗുപ്തമായ ഏതോ നികൃഷ്ടകാര്യമാണോ രാഷ്ട്രീയം? രാഷ്റ്റ്രീയത്തെപ്പോലേ തന്നെ മതവിശ്വാസവും മനസ്സില്‍ വെച്ചു കൊണ്ടു നടന്നാല്‍ മതിയെങ്കില്‍ പിന്നെയീ മതനേതാക്കളും സ്ഥാപനങ്ങളും വേണ്ടെന്നു തന്നെ താങ്കള്‍ വാദിക്കുമോ,സെബിന്‍?
സഭാ കോടതി പ്രവര്‍ത്തിക്കുന്നത് എന്തിന് വേണ്ടിയാണ് എന്ന് ഞാന്‍ മുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു കത്തോലിക്ക വിശ്വാസിക്ക് സഭാ കോടതിയേ സമീപിക്കേണ്ടി വരുന്നത് വിവാഹ അസാധുവാക്കല്‍ എന്ന കാര്യത്തിന് വേണ്ടി മാത്രമാണ്. അച്ചന്മാരുടെയും കന്യാസ്ത്രികളുടെയും ചില പ്രശ്നങ്ങള്‍ സഭാ കോടതിയില്‍ വരാറും ഉണ്ട്. എന്നാല്‍ ഒരു വിശ്വാസിക്ക് സഭാ കോടിതി പ്രസ്കത്മാകുന്നത് വിവാഹ അസാധുവാക്കലിന് വേണ്ടി മാത്രമാണ്
ഇനി വിശ്വാസികള്‍ നീതിന്യായാ വ്യവസ്ഥയെ സമീപിക്കുന്നതിനെ വിലക്കുന്നു എന്ന ആരോപണം ഇവിടെ നിഷേധിക്കപ്പെട്ടിട്ടില്ല എന്ന പ്രദീപിന്റെ നിരിക്ഷണത്തെ ഞാന്‍ അംഗീകരിക്കുന്നില്ല. എനതുകൊണ്ടെന്നാല്‍ ഒരു വിശ്വാസിക്കും നീതിന്യായ വ്യവസ്ഥയെ സമീപിക്കുന്നതില്‍ ഒരു വിലക്കോ ഭ്രഷ്ടോ സഭ കല്‍പ്പിക്കുന്നില്ല. കത്തോലിക്ക സഭയെപ്പറ്റി ഉള്ള ശരിയായ ധാരണ ഇല്ലയ്മ ആകാം പലരേയും തെറ്റായ രീതിയില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. തര്‍ക്കങ്ങള്‍ കോടതിയില്‍ എത്താതിരിക്കാന്‍ ശ്രമിക്കുന്നത് നീതിന്യായ വ്യവസ്ഥയെ സമീപിക്കുന്നതിനെ വിലക്കുന്നു എന്ന തലത്തില്‍ വ്യാഖ്യാനിക്കാം. എന്നാല്‍ വസ്തുതാപരമായി കാര്യങ്ങള്‍ മനസിലാക്കിയാല്‍ അങ്ങനെ അല്ല എന്ന കണ്ടെത്താം. ഉദാഹരണമായി ഒരു കത്തോലിക്ക കുടുംബത്തില്‍ ഒരു സ്വത്തു തര്‍ക്കമുണ്ട് എന്നിരിക്കട്ടെ. രണ്ട് മക്കള്‍ തമ്മില്‍ ഒരു തര്‍ക്കം ഉണ്ടായാല്‍ അവര്‍ പല്‍പ്പോഴും കുടുബത്തിലുള്ള മധസ്ഥരെ അംഗീകരിച്ചു എന്ന് വരില്ല. എന്നാല്‍ ഇരുവര്‍ക്കും ഇടവക വികാരി നിഷ്പക്ഷനായ ഒരു മദ്ധ്യസ്ഥനായി തോന്നാം. അത്തരത്തിലുള്ള ഒരു സാഹചര്യത്തില്‍ ഇടവക വികാരി ഇരുവരുടെയും വിഷയങ്ങള്‍ കേട്ട ശേഷം നല്ല രീതിയില്‍ ഉള്ള ഒരു പരിഹാരം കാണാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഒരിക്കലും അദ്ദേഹത്തിന്റെ നിലപാട് അടിച്ചേല്‍പ്പിക്കുകയോ അത് അംഗീകരിക്കാന്‍ തയ്യാറാകാത്ത ആളേ സമുദായത്തില്‍ ഒറ്റപ്പെടുത്തുകയോ ഇല്ല. മിക്കപ്പോഴും ഇരു കക്ഷികളോടും ഒരാചത്തെ ധ്യാനം കൂടാന്‍ നിര്‍ദ്ദേശിക്കുകയയിരിക്കും വികാരി ചെയ്യുക. ഇത്തരത്തില്‍ ഉള്ള പള്ളിയുടെ ഇടപെടല്‍ നീതിന്യായ വ്യവഹാരം വഴി തര്‍ക്കങ്ങള്‍ നീണ്ട കാല അളവ് വഴി തീര്‍പ്പ് കല്‍പ്പിക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കും എന്ന് മാത്രമല്ല അക്കാലമത്രയും തുടര്‍ന്നും ഇരു വീട്ടുകാരും തമ്മിലുള്ള ബന്ധം വഷളാകുന്നതിനെ തടയുകയും ചെയ്യും
ഇനി വിവാഹ മോചനത്തിന്റെ കാര്യത്തിലേക്ക് വന്നാല്‍ സഭ ഒരിക്കലും നിയമ പ്രകാരം വിവാഹ മോചനം നേടിയവരെ സമുദായ വിലക്ക് കല്‍പ്പിക്കാറില്ല. മറിച്ച് സഭാ നിയമം പ്രകാരമുള്ള വിവാഹ അസാധുവാക്കല്‍ നടത്തിയില്ല എങ്കില്‍ അവര്‍ക്ക് സഭാ രീതിയില്‍ ഉള്ള വിവാഹം നടത്തി കൊടുക്കില്ല എന്നേ ഉള്ളൂ. ഒരു മതത്തിന്റെ തികച്ചും സ്വകാര്യമായ ഒരു കാര്യമായി ഇതിനെ കണ്ടാല്‍ മതി എന്നാണ് എന്റ് പക്ഷം.സഭാ രീതി അനുസ്സരിച്ച് വിവാഹം കഴിക്കാന്‍ ചില നിഷ്ടകള്‍ ഉണ്ട് അത് നടത്തുക എന്നത് സഭയുടെ വിശ്വാസത്തിന്റെ ഭാഗമാണ് അതിനാല്‍ അത്തരത്തിലുള്ള വിഷയങ്ങളില്‍ സഭയുടെ നിലപാട് കര്‍ക്കശമായിരിക്കുകയും വേണം.
ഇനി രാഷ്ടീയക്കാരോ പൗര പ്രമുഖര്‍ക്കോ ഒക്കെ മദ്ധ്യസ്ഥരാകാം അവരുടെ അടുത്ത് മദ്ധ്യ്സ്ഥത്തിന് പോകുന്നതില്‍ സഭ ആരേയും വിലക്കാറില്ല. എന്നാല്‍ സഭക്കുള്ളിലും വിശ്വാസികള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ കേള്‍ക്കാനുള്ള സംവിധാനമുണ്ട്. അതില്‍ എന്തെങ്കിലും മനുഷ്യാവകാശ വിരുദ്ധമായോ നിയമ വിരുദ്ധമായോ ഉണ്ട് എന്ന് എന്റെ 31 വര്‍ഷത്തെ കത്തോലിക്ക വിശ്വാസി എന്ന ജീവിതാവസ്ഥയില്‍ നിന്ന് അനുഭവപ്പെട്ടിട്ടുമില്ല.
വീണ്ടും ഓഫ്:
വിഷയത്തില്‍ നിന്നു വ്യതിചലിയ്ക്കുന്നതിനു മാപ്പ്. ജോജു സഭയുടെ വ്യക്താവോ, സഭയുമായി ഒരു സാധാരണ വിശ്വാസി എന്നതില്‍ കവിഞ്ഞ് ഒരു ബന്ധമുള്ള വ്യക്തിയോ അല്ല. കത്തോലിയ്ക്കാ സഭയെക്കുറിച്ച് സെബിനെപോലെ ഒരാള്‍ അഭിപ്രായം പറയുമ്പോള്‍ അതിന് ഒരു അക്രൈസ്തവന്റെയോ അകത്തോലിയ്ക്കന്റെയോ അഭിപ്രായത്തേക്കാള്‍ വിശ്വാസയോഗ്യമെന്നു കരുതാനിടയുണ്ട്. അതൂകൊണ്ട് “മാരീചന്‍ പറയുമ്പോഴാണു് അറിയുന്നതു്. സംഗതി ശരിയെങ്കില്‍ തീര്‍ച്ചയായും ഗൗരവമുള്ള വിഷയം തന്നെ.” എന്ന് അഭിപ്രായം പറയുമ്പോള്‍ സഭ രഹസ്യമായി എന്തോ ചെയ്യുന്നെന്നോ ഒരു സഭാംഗം തന്നെ അതു ഗൌരവമുള്ള സംഗതിയാണെന്നു സമ്മതിച്ചെന്നോ ഒക്കെയുള്ള ധ്വനിവരുന്നുണ്ട്. രൂപതാക്കോടതികളെ പറ്റി യാതൊരുവിവരവുമില്ലാത്ത വായനക്കാര്‍ ഒരു അഭിപ്രായരൂപീകരണത്തിന് കമന്റുകളെ ആശ്രയിയ്ക്കുമ്പോള്‍ സെബിന്റെ കമന്റ് വഴിതെറ്റിയ്ക്കാനേ ഉപകരിയ്കൂ എന്നാണു എനിയ്ക്കു തോന്നിയത്.
“ജോജു പറഞ്ഞതിനേക്കാള്‍ ഭംഗിയായി കിരണ്‍ വിഷയത്തില്‍ ഇടപെടുകയും ചെയ്തു” എന്നതില്‍ എനിയ്ക്ക് ഒരു തര്‍ക്കവുമില്ല. മൂര്‍ത്തി കൊടുത്ത ഫോളോ അപ്പും തറവാടിയുടെ കമന്റുമൊക്കെ തെറ്റിധാരണകള്‍ അകറ്റുന്നതിനു സഹായകരമായി എന്നാണു ഞാന്‍ കരുതുന്നത്.
പലരും പറഞ്ഞ കാര്യങ്ങള്‍ തന്നെ , എങ്കിലും ഒന്നൂടെ..
1. സഭാകോടതികള്‍ ഒരു രീതിയിലും ഈ രാജ്യത്തെ നിയമസംവിധാനത്തെ വെല്ലുവിളിക്കുന്നില്ല. രണ്ടു കക്ഷികളുടെയും അനുവാദമില്ലാതെ ഒരു കേസും കോടതി പരിഗണിക്കാറില്ല, അങ്ങനെ പരിഗണിക്കപ്പെട്ട കേസുകളിലെ തീരുമാനങ്ങള്‍ അതിലൊരു കക്ഷി അംഗീകരിക്കാതിരുന്നാല്‍ അതിന്റെ പേരില്‍ ഒരു ശിക്ഷാനടപടിയും എടുക്കാന്‍ വകുപ്പില്ല. ടി-യാന് രാജ്യത്തെ നീതിപീഠങ്ങളെ സമീപിക്കാനുള്ള എല്ലാ അവകാശവും ഉണ്ട്.
2. വിവാഹമോചനക്കേസുകളില്‍ നിലപാട് അല്‍പ്പം കൂടി കര്‍ക്കശ്ശമാണ്. ഒരിക്കല്‍ വിവാഹം കഴിച്ച വിശ്വാസി, ആ ബന്ധം സഭയുടെ അനുവാദമില്ലാതെ ഒഴിയാന്‍ സഭ അനുവദിക്കുന്നില്ല. ഈ വിവാഹമോചനപ്രക്രിയ , നേരത്തേ പറഞ്ഞതു പോലെ അല്‍പ്പം കാലതാമസമുള്ളതാണ്. ചില കേസുകളില്‍ വിവാഹമോചനം വേഗം അനുവദിക്കപ്പെട്ടേക്കാം, പ്രധാനമായും താഴയെ പറയുന്ന കാരണങ്ങളില്‍
1) ബുദ്ധി സ്ഥിരതയില്ലായ്മ / മാനസിക രോഗം
2) സന്താനോല്‍പാദന ശേഷിയില്ലായ്മ
3) പര സ്ത്രീ/ പുരുഷ ബന്ധവും, അതില്‍ തുടരുന്നതും
4) പുനരൈക്യപ്പെടുത്താനുള്ള സഭയുടെ ശ്രമങ്ങളില്‍ ഒരു കക്ഷിയുടെ പൂര്‍ണ്ണമായ നിസ്സഹകരണം
ഇതെന്തുതന്നെയായാലും, സഭയുടെ അനുവാദം ലഭിക്കാതെ മറ്റൊരു വിവാഹം കഴിച്ചാല്‍ അതു 'വ്യഭിചാരം' ആയി കണക്കാക്കപ്പെടും, കാരണം സഭയെ സംബന്ധിച്ചിടത്തോളം അപ്പോഴും അവര്‍ ഭാര്യാ-ഭര്‍ത്താക്കന്‍മാര്‍ തന്നെ. അങ്ങനെയുള്ളവര്‍ക്ക് കൂദാശകള്‍ നിഷേധിക്കാന്‍ സഭയ്ക്കധികാരമുണ്ട്. പക്ഷേ ഇതൊരു മനുഷ്യാവകാശ ലംഘനമായി വ്യാഖ്യാനിക്കരുത്. സഭാംഗമായി ജീവിക്കണമെങ്കില്‍ സഭയുടെ നിയമങ്ങള്‍ അനുസരിക്കണം എന്നു മാത്രം.
കുറച്ചുപേരെങ്കിലും തെറ്റിധാരണകള്‍ തിരുത്തുമെന്നു് വിശ്വസിക്കുന്നു.
Tracking..
ഇതിലെ കമന്റിലൂടെ പോയപ്പോൾ
എൻ.ജെ ജോജു, കിരൺ തോമസ്സ്, പ്രാരാബ്ധം, വേണാടൻ തുടങ്ങിയ ബ്ലോഗർമാർ, സഭയ്ക്ക് വേണ്ടി വിശദീകരിച്ചു, പലരും അതിൽ തെറ്റില്ല എന്നും പറഞ്ഞു, ചില അഭിപ്രായങ്ങളിലൂടെ ഒന്നു കണ്ണോടിക്കാം.
1. കിരൺ തോമസ്സ് :-
പ്രധാനമായു ഇത്തരം അരമനക്കോടതികളില്‍ കൈകാര്യം ചെയ്യപ്പെടുന്നത് വിവാഹ മോചനം സംബന്ധിച്ച വിഷയങ്ങളാണ്.
2. എൻ.ജെ ജോജു :-
സഭയ്ക്ക് നിയമങ്ങളും ഭരണസംവിധാനങ്ങളുമുണ്ട്. അതുപയോഗിച്ച് കാര്യങ്ങളില്‍ തീര്‍പ്പുണ്ടാക്കുന്നതില്‍ എന്താണു തെറ്റ്. തികച്ചും സ്വാഗതാര്‍ഹമായ കാര്യമാണ് അത്., ക്രിമിനല്‍ കേസുകളിലോ ഒന്നുമല്ല സഭാകോടതികള്‍ ഇടപെടുന്നത്. സാധാരണഗതിയില്‍ വിവാഹമോചനം പോലെ സഭയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുള്ള വിഷയങ്ങളിലാണ്.... “വിവാഹമോചനമോ, അതിരു തര്‍ക്കമോ ഒക്കെ തീര്‍ക്കാന്‍ സഭ നടത്തുന്ന ശ്രമങ്ങള്‍ക്ക് സ്റ്റാമ്പു ഫീസും മുദ്രപ്പത്രവും ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം കിട്ടിയില്ല.” എനിക്കറിയില്ല. ഉണ്ടെങ്കില്‍ തന്നെ അതില്‍ തെറ്റുമില്ല
3. പ്രാരാബ്ധം :-
സഭാകോടതി പ്രധാനമായും വിവാഹമോചനകേസുകളാണ് കൈകാര്യം ചെയ്യുന്നത്.
4. വേണാടൻ :-
സഭാ കോടതി എന്നുദ്ദേശിച്ചത് കിരണ്‍ വിശദീകരിച്ചത് പോലെ വിവാഹമോചനം മാത്രമല്ല, സഭയിലെ തന്നെ കന്യസ്തര്‍ തമ്മിലുള്ള വിഷയങ്ങള്‍, അതുപോലെ ഉഭയസമ്മതപ്രകാരം ഉള്ള ക്രിമിനല്‍ സ്വഭാവം ഇല്ലാത്ത കാര്യങ്ങള്‍ കൈകാര്യം ചെയ്യാറുണ്ട്......
ഇവിടെ വിശ്വാസികൾക്കെല്ലാം ഒരേ അഭിപ്രായമാണ്, വേണാടൻ കുറച്ചുകൂടെ കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട് , NJ ജോജുവിനൊഴികെ, അദ്ദേഹം ആദ്യപാദം അംഗീകരിക്കുന്നു പിന്നെ ഏറ്റവും മോശമായ അഭിപ്രായം പറഞ്ഞു, കോർട്ട് ഫീയും, മുദ്രപ്പത്രവും (സഭയുടെ) ഉണ്ടെങ്കിൽ അതിൽ ഒരു തെറ്റുമില്ല. ഇത്രയ്ക്കും ആവേശം വേണോ ജോജു.? അതൊക്കെ തെറ്റല്ലെ, മാരീചൻ പറഞ്ഞപോലെ ഒരു സ്വാശ്രയ കോടതി അതു വേണോ ? അതോ ഇനീ ഇതും ചങ്ങനാശ്ശേരി അതിരൂപതയിലെ തിരുമേനിയുടെ തിരുമൊഴി ആണോ , കൃസ്ത്യാനിയുടെ കേസുകൾ ഇനീ കൃസ്ത്യൻ കോടതികൾ കേൾക്കും , കേട്ടാൽ മതി എന്നൊക്കെ. ഒരു ജനാധിപത്യ സമൂഹത്തിൽ സാമൂഹ്യ പ്രാധാന്യമുള്ള വിഷയം ചർച്ചയ്ക്ക് വരുമ്പോൾ പ്രകോപനപരമായ കമന്റുകൾ ഒഴിവാക്കരുതോ ? സെബിന്റെ കമന്റിനെ നിങ്ങൾ വിമർശനത്തോടെ ആണ് ഉൾക്കൊണ്ടത്, അത് ആദ്യവരി വായിച്ചപ്പോഴെ മനസ്സിലായി, ഇത് ജോജുതന്നെ.. ജോജുവിന്റെ ആ ഐഡന്റിറ്റി അതിൽ പ്രതിഫലിച്ചു. “സെബിന്റെ കമന്റു കണ്ടു. കത്തോലിയ്ക്കാ സഭയെക്കുറിച്ച് അഭിപ്രായം ചോദിയ്ക്കാന്‍ പറ്റിയ ആളുതന്നെ.“ സെബിൻ എന്ന പേരിൽ നിന്നും താങ്കൾ കൽപ്പിച്ചു സെബിൻ കത്തോലിക്ക കാരൻ ആണെന്ന്, കഷ്ടം. എന്റെ പേരിൽ നിന്നും താങ്കൾ എന്നെ ഒരു ഹിന്ദു ആണെന്ന മുൻവിധിയിലായിരിക്കുമെല്ലോ സംസാരിക്കുന്നത്, എന്റെ പേർ റിയാസ് മൊഹമ്മദ് , അല്ലങ്കിൽ ജോസഫ് കാരക്കൽ എന്നാണെന്നും എന്റെ തൂലിക നാമം ആണ് ബാല എന്നും താങ്കൾ എങ്ങനെ അറിയും പേര് നോക്കി കമന്റിനെ വിലയിരുത്തരുത് അത് അല്പത്തരമല്ലേ ജോജു, ഒരു ജനാധിപത്യ വ്യവസ്ഥിതിയിൽ ജീവിക്കുന്ന ഒരു ശരാശരി മനുഷ്യന്റെ ഉദ്ഖണ്ഡ മാത്രമായി താങ്കൾക്ക് സെബിന്റെ കമന്റിനെ കാണാൻ കഴിഞ്ഞില്ല. താങ്കളുടെ ആധി “കത്തോലിയ്ക്കാ സഭയെക്കുറിച്ച് സെബിനെപോലെ ഒരാള്‍ അഭിപ്രായം പറയുമ്പോള്‍ അതിന് ഒരു അക്രൈസ്തവന്റെയോ അകത്തോലിയ്ക്കന്റെയോ അഭിപ്രായത്തേക്കാള്‍ വിശ്വാസയോഗ്യമെന്നു കരുതാനിടയുണ്ട്.“ ഇത് ആവശ്യമാണോ ?
ഒരു ഒത്തുതീർപ്പ് ശ്രമം എന്ന നിലയിൽ മതസ്ഥാപനങ്ങൾ വ്യക്തികൾക്കിടയിൽ ചർച്ചചെയ്ത് പരിഹാരം കാണുന്നതിൽ അപാകതിയില്ല, ഇത് പ്രോത്സാഹിപ്പിക്കേണ്ടതാണ്, എന്നാൽ ഈ പോസ്റ്റിൻ ആധാരമായ രീതിയിൽ ആണ് കാര്യങ്ങളുടെ പോക്കെങ്കിൽ അതിനെ ഒരു കാരണവശാലും തുടരുന്നത് അനുവദിക്കാൻ പാടില്ല. ആരോപണം ഉന്നയിച്ചത് ഒരു വ്യക്തി അല്ല എന്നതും സമൂഹത്തിൽ അംഗീകാരമുള്ള സംഘടന ആയതിനാലും (സീറോ കാത്തലിക്ക് ലേമെന്‍ അസ്സോസിയേഷന്‍ )ഇത് നിസ്സാരമായി കാണാൻ കഴിയുന്നില്ല. ഇത്തരം ശാസ്യമല്ലാത്തെ കീഴ്‌വഴക്കങ്ങൾ ജനാധിപത്യത്തിന്റെ ആരോഗ്യകരമായ നിലനിൽപ്പിനെ ബാധിക്കും.
ഒരു ഉദാഹരണം നോക്കുക, ഒന്ന് രണ്ട് വർഷം മുൻപ് ഉത്തർപ്രദേശിൽ നടന്ന ഒരു സംഭവം, വിദേശത്ത് ജോലിചെയ്തിരുന്ന ഒരു യുവാവ്, വിവാഹ ശേഷം ഭാര്യയെ തന്റെ വീട്ടിലാക്കി ജോലി സ്ഥലത്തേയ്ക്ക് തിരിച്ചുപോയി, പ്രസ്തുത യുവാവിന്റെ പിതാവ് തന്റെ മരുമകളെ ( പുത്രവധുവിനെ) ലൈംഗികമായി പീഠിപ്പിക്കുന്നു, ഈ സംഭവം ആ യുവതി തന്റെ ഭർത്താവിനെ അറിയിക്കുന്നു, ആ യുവാവ് ലീവ് എടുത്ത് സ്വദേശത്ത് എത്തുന്നു, സ്വപിതാവിനാൽ ഭാര്യ പീഠിപ്പിക്കപ്പെട്ടകാര്യം മുസ്ലീം മത പണ്ഡിതന്മാരെ അറിയിക്കുന്നു. മതപണ്ഡിതന്മാരുടെ നീതിന്യായ നിർവഹണം ലജ്ജാവഹമായിരുന്നു, പിതാവ് പ്രാപിച്ച സ്ത്രീ മുറപ്രകാരം യുവാവിന് മാതാവായി തീരുന്നു, അതുകൊണ്ട് യുവാവിനോട് അവർ തീർപ്പ കൽപ്പിച്ചത് ആ യുവതിയെ തലാഖ് ചൊല്ലണം എന്നായിരുന്നു ഇതിനെ അവർ വിവക്ഷിച്ചത് ഇത് ശരിയത്ത് നിയമപ്രകാരം എന്നായിരുന്നു, ക്രിമിനൽ കേസ്സുകൾ മതസ്ഥാപനങ്ങൾ കൈകാര്യം ചെയ്താൽ ഇതൊക്കെ ആയിരിക്കും സംഭവിക്കുക, ഇന്ന് ഇന്ത്യയിൽ നിലനിൽക്കുന്ന നീതിന്യായ സംവിധാനത്തെ അട്ടിമറിക്കുന്ന തരത്തിൽ ഉള്ള പ്രവർത്തി, അത് ന്യൂനപക്ഷത്തിന്റെ ഭാഗത്തുനിന്നായിരുന്നാലും ഭൂരിപക്ഷത്തിന്റെ ഭാഗത്തു നിന്നായിരുന്നാലും ന്യായികരിക്കാൻ ആവില്ല., ജോജുവിനെ പോലുള്ളവർ പൊതുവേദിയിൽ നേരെ സംസാരിക്കുകയും, കാര്യത്തോട് അടുക്കുമ്പോൾ കേവലം മതമൌലിക വാദി ആവുക സ്വാഭാവികം (സ്വാശ്രയം മുതൽ ഇങ്ങോട്ട് സഭയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ അഭിപ്രായം നോക്കുക) ഏക ആശ്വാസം സെബിനെ പോലെ ചിന്തിക്കുന്ന മനുഷ്യാവകാശത്തെകുറിച്ച് ബോധവാന്മാരായ ഒരുവിഭാഗം ( അദ്ദേഹം കൃസ്ത്യാനി ആയാലും അല്ലെങ്കിലും) ഉണ്ട് എന്നതാണ്.......
***** (പാരതന്ത്ര്യം മൃതിയേക്കാൾ ഭയാനകം അത് മതത്തിന്റെ ആയലും)
സ്വന്തം മതത്തിന്റെ കാര്യം വരുമ്പോള്‍ ഇക്കൂട്ടരുടെയൊക്കെ ചെമ്പു പുറത്തുവരും,അതാണു നടുനടപ്പു...
വികെ ബാല,
ഞാനെഴുതിയത് പരിഗണിയ്ക്കണ്ട, കിരണ്‍ തോമസിന്റെയും പ്രാരാബ്ധത്തിന്റെയും വേണാടെന്റെയും കമന്റുകളില്‍ നിന്ന് സഭാകോടതി എന്താണെന്നു വായനക്കാര്‍ക്കു മനസിലായെങ്കില്‍ ആശ്വാസം.
പിന്നെ സെബിന്റെ കാര്യം. അങ്ങനെയൊരു കമന്റ് എഴുതേണ്ടി വന്ന സാഹചര്യം കമന്റുകള്‍ ആദ്യം മുതല്‍ വായിക്കുന്നവര്‍ക്ക് മനസിലാകും എന്നു കരുതുന്നു.
“ജോജുവിനെ പോലുള്ളവർ പൊതുവേദിയിൽ നേരെ സംസാരിക്കുകയും, കാര്യത്തോട് അടുക്കുമ്പോൾ കേവലം മതമൌലിക വാദി ആവുക സ്വാഭാവികം” എന്നതിന് എനിക്കൊന്നും പറയാനില്ല. ഞാന്‍ മതമൌലീക വാദിയാണൊ അല്ലയോ എന്ന് എന്ന അറിയാവുന്നവര്‍ പറയട്ടെ.
സ്വാശ്രയം മുതലിങ്ങോട്ട് സഭയെ സംബന്ധിച്ച് സ്വാശ്രയം ഉള്‍പ്പെടെ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്ന് എനിക്ക് ഇതുവരെതോന്നിയിട്ടില്ല. കുറച്ചൂവര്‍ഷങ്ങള്‍ക്കൂടി കഴിയുമ്പോള്‍ താങ്കളെപ്പോലുള്ളവര്‍ക്കും അതുബോധ്യപ്പെടുമെന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു.
എനിയ്ക്കു ബോധ്യമുള്ള കാര്യങ്ങളില്‍ കത്തോലിയ്ക്കാസഭയുടെ നിലപാടുകളെ ഞാന്‍ പിന്തുണയ്ക്കുക തന്നെ ചെയ്യും, അതിനെ താങ്കള്‍ മതമൌലീക വാദമെന്നു വിശേഷിപ്പിച്ചാല്‍ കൂടിയും. ചിലകണ്ണുകള്‍ക്ക് ഗാന്ധിജിപോലും മതമൌലീകവാദിയായി ആയിരുന്നല്ലോ.
ബാല,
ജോജു എന്നെ കണ്ട മാത്രയില്‍ അങ്ങനെ വിശേഷിപ്പിക്കാന്‍ കാരണം എന്റെ പേരുമാത്രമൊന്നുമല്ല. ജോജുവുമായി പല കാര്യങ്ങളിലും മുമ്പു് തര്‍ക്കിച്ചിട്ടുണ്ടു്. അതുകൊണ്ടു് എന്റെ നിലപാടു് എന്താണെന്നു് ഏറെക്കുറെ കൃത്യമായി ജോജുവിനു് ഊഹിക്കാന്‍ കഴിയും. നേരെ തിരിച്ചും. ഇത്തവണ വേര്‍ഡ് ഗെയിമില്‍ ചെറുതായൊന്നു് പാളിയെന്നു് മാത്രം.
സെബിന്‍,
ആദ്യത്തെകമന്റില്‍ ഞാന്‍ സെബിന്റെ പേരു പരാമര്‍ശിച്ചിട്ടൂ പോലുമുണ്ടായില്ലല്ലോ. അതുകൊണ്ടൂ കണ്ട മാത്രയില്‍ അങ്ങനെ വിശേഷിപ്പിച്ചു എന്നു പറയാതെ.
@പ്രിയ ജോജു,
താങ്കൾ പറഞ്ഞഭാഗങ്ങൾ എല്ലാം തെറ്റായിരുന്നു എന്ന് പറഞ്ഞില്ല.“ സഭാകോടതി പ്രധാനമായും വിവാഹമോചനകേസുകളാണ് കൈകാര്യം ചെയ്യുന്നത്.” താങ്കൾ പറഞ്ഞകാര്യവും ഇതുതന്നെ ആയിരുന്നു പക്ഷേ ഒക്കാത്ത കാര്യങ്ങൾ പറയുമ്പോൾ അത് ശരിയല്ല ജോജു എന്ന് ചൂണ്ടി കാണിച്ചു, പിന്നെ ഗാന്ധിജിയോടൊപ്പം ഉപമിക്കാൻ തക്ക ശ്രേഷ്ടമായിരുന്നില്ല ജോജു വിളമ്പിയ ആദർശം, കത്തോലിക്ക സഭയുടെ ശരികൾ എല്ലായ്പ്പോഴും സമൂഹത്തിന്റെ ശരി ആകണമെന്നില്ലല്ലോ., അതുകൊണ്ട് പറഞ്ഞെന്നുമാത്രം. ബാക്കി കാര്യങ്ങൾ ഒക്കെ കമന്റിയിട്ടുണ്ടല്ലോ അത് മതി എന്ന് കരുതുന്നു.
പ്രിയ ബാലാ,
നിരുത്തരവാദപരമോ തെറ്റിദ്ധാരണാജനകമോ ആയ പോസ്റ്റിട്ടതില്‍ കുഴപ്പമില്ല. ഒരു പത്രവാര്‍ത്തയാണ് തെറ്റിദ്ധരിപ്പിച്ചതെന്നു ന്യായീകരിയ്ക്കാം. കുറ്റം ജോജുവിന്റെ കമന്റിലെ ഒരു വാചകത്തില്‍ മാത്രമാകുന്നതെന്തുകൊണ്ട്? നിയമവിരുദ്ധമോ പൊതുജന സമാധാനത്തിനോ ആരോഗ്യത്തിനോ കോട്ടം വരുത്തുന്നതോ അല്ലാത്ത സഭയുടെ ഭരണസംവിധാനത്തെക്കുറിച്ച് എന്തിനാണ് ഇത്രയും അസഹിഷ്ണുത? ഇതിലെ എനിയ്ക്കറീയാവുന്ന കാര്യങ്ങളും എന്റെ കാഴ്ചപ്പാടുകളും വ്യക്തമാക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ മതമൌലീകവാദിയുടെ (ഗാന്ധിജിയെക്കുറിച്ച് പറഞ്ഞത് ഇക്കാര്യത്തില്‍ മാത്രമാണ്.) ലേബലൊട്ടിയ്ക്കാന്‍ എന്തിനാണ് ഇത്ര വ്യഗ്രത?
ഏതൊരു ഒരു സംവിധാനം പ്രവര്‍ത്തിയ്ക്കുവാന്‍ പണം വേണമെന്നും ആ സംവിധാനത്തിന്റെ ഉപഭോക്താക്കളില്‍ നിന്ന് അത് ഈടാക്കുന്നതില്‍ അസ്വാഭാവികതയുണ്ടെന്നും ഞാന്‍ കരുതുന്നില്ല. പിന്നെ അത് ഇവിടെ വിഷയമല്ലാത്തതുകൊണ്ടും “സമാന്തര സഭാക്കോടതി സ്ഥാപിച്ച്, ന്യായാധിപരെ നിയമിച്ചു, കോര്‍ട്ട് ഫീസ്, മുദ്രപ്പത്രം തുടങ്ങിയ അനുബന്ധ സംവിധാനങ്ങളുമൊരുക്കി ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്നാണു” മൊക്കെയുള്ള ആരോപണങ്ങള്‍ അസംബന്ധമാണെന്നു തെളിഞ്ഞതിനാലും അനാവശ്യമായകാര്യങ്ങള്‍ പറഞ്ഞ ചര്‍ച്ചയുടെ ഫോക്കസ് കളയരുതെന്ന് കിരണ്‍ അഭിപ്രായം പറഞ്ഞതിനാലും ഞാന്‍ അതിനെക്കുറീച്ച് ഒന്നും പറഞ്ഞില്ല എന്നു മാത്രം. ഇപ്പോഴും എന്റെ അഭിപ്രായത്തില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു.
പിന്നെ സെബിന്റെ കമന്റിനെപ്പറ്റിയുള്ള അഭിപ്രായം.
കത്തോലിയ്കാ സഭയെക്കുറിച്ച് ഒരു കത്തോലിയ്ക്കാ സഭാവിശ്വാസിയുടെയും കത്തോലിയ്ക്കാ സഭയും കാത്തോലിയ്ക്കാ ബാവയും തമ്മിലുള്ള വ്യത്യാസമറിയാത്തവരുടെ ഇടയില്‍ ഒരു ക്രൈസ്തവനാമ ധാരിയുടെയും അഭിപ്രായങ്ങള്‍ക്ക് കൂടുതല്‍ സാധുത കല്‍പ്പിയ്ക്കപ്പെടും എന്നതില്‍ താങ്കള്‍ക്ക് തര്‍ക്കമുണ്ടെന്നു കരുതുന്നില്ല. അതുകൊണ്ടു തന്നെ സെബിന്റെ കമന്റിന്റെ വിശ്വാസ്യത ഇത്തരം വിഷയങ്ങളില്‍ മാരീചന്റെയോ അനിലിന്റെയോ ബാലയുടെയോ കമന്റിനേക്കാല്‍ കൂടു
തലായി കണക്കാക്കപ്പെടാന്‍ സാധ്യതയുണ്ട് എന്ന് അഭിപ്രായത്തിലും ഞാന്‍ ഉറച്ചു നില്‍ക്കുന്നു. അതുകൊണ്ടൂ തന്നെ താങ്കള്‍ തെറ്റെന്നു പറഞ്ഞ കാര്യങ്ങളില്‍ എന്റെ മുന്‍നിലപാടുകള്‍ തെറ്റാണെന്നു തോന്നിയിട്ടില്ല, അതുകൊണ്ടൂ തന്നെ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നു.
Post a Comment