ഇതൊരു ചരമക്കുറിപ്പാണ് .ഒക്ടോബര്‍ 28നു നമ്മെ വിട്ടുപോയ പി.ഉദയഭാനുവിനെ ഏറെപ്പേര്‍ക്ക് നേരിലണ്ട് പരിചയമുണ്ടാകാനിടയില്ല.കവിയും പത്രാധിപരും വിമര്‍ശകനുമായിരുന്ന അദ്ദേഹം കോഴിക്കോട് ആകാശവാണിയിലെ പ്രോഗ്രാം എക്സിക്യൂട്ടീവായിരുന്നു:സഹപ്രവര്‍ത്തകനായിരുന്നു.അഞ്ചു വര്‍ഷത്തിലേറെയായി അടുത്ത ബന്ധമുണ്ടായിരുന്നു.
തികച്ചും അപ്രതീക്ഷിതമായി,അകാലത്തില്‍ മരണം ആ ജീവിതം കവര്ന്നെടുക്കുമ്പോള് എനിക്കിത് തീരാനഷ്ടങ്ങളുടെ ഒക്ടോബര്‍.അഞ്ചു വര്‍ഷം മുന്‍പ്,ഒക്ടോബര്‍ 27നായിരുന്നു കൊച്ചി എഫ്.എം നിലയത്തില്‍ ഏഴു വര്‍ഷം സഹപ്രവര്‍ത്തകനായിരുന്ന പ്രോഗ്രാം എക്സിക്യൂട്ടീവ് ചെങ്ങാരപ്പള്ളി ഡി.പരമേശ്വരന് പോറ്റിയെ മരണം കൂട്ടിക്കൊണ്ടു പോയത്.ആ വേര്‍പാടിന്റെ വാര്ഷികത്തിനടുത്തനാള് ഇതാ ഉദയഭാനുവിന്റെ ചരിത്രത്തിലേക്കുള്ള തിരോധാനവും.
വരും തലമുറകള്‍ക്ക് മാതൃകയാക്കാന്‍ ഒരു താള് എഴുതിച്ചേര്ത്തിട്ടാണു ഉദയഭാനു വിടവാങ്ങിയത്.സൌമ്യമധുരമയ ആ സാന്നിധ്യത്തിന്റെ ഊഷ്മളതയ്ക്കും ഓര്‍മ്മയ്ക്കും കാലം ക്ഷതമേല്‍പ്പിക്കും.പക്ഷേ, പകരം നില്‍ക്കാനാകാത്ത ചില ജീവിതമൂല്യങ്ങള്‍ നമുക്കു കൈമാറിയിട്ടാണു ഉദയഭാനുവിന്റെ ജീവിതത്തിനു പൂര്‍ണ്ണ വിരാമമുണ്ടായത്.
ആകാശവാണിയിലെ ലൈബ്രേറിയനായി എത്തും മുന്‍പ് പി.ഉദയഭാനു രാഷ്ട്രീയപ്രവര്ത്തകനയിരുന്നു.ജനകീയസാംസ്കാരിക വേദിയുടെ മുന്‍നിരയിലുണ്ടായിരുന്ന മുഖങ്ങളിലൊന്നായിരുന്നു.ചിന്തകളില്‍ ഉഷ്ണപാതമായി വന്ന “പ്രേരണ”യുടെ ആദ്യ പത്രാധിപരായിരുന്നു.അതിനു മുന്‍പു “ഭയ”ത്തിന്റെയും പത്രാധിപരായിരുന്നു.അതിനും മുന്‍പേ ,തീക്ഷ്ണ യൗവനത്തില്‍ നീണ്ട കാലം തടവറയിലായിരുന്നു.
തീവ്ര ഇടതുപക്ഷ രാഷ്ട്രീയത്തിനു വളക്കൂറുള്ള വടകരയുടെ മണ്ണില്‍ നിന്ന് പൊതുജീവിതം ആരംഭിച്ച ഉദയഭാനുവിന്റെ വിമോചനസ്വപ്നങ്ങള്‍ക്ക് മിഴിവേകിയത് നക്സലൈറ്റ് ആശയമായിരുന്നു.അത് അഗ്നിസ്ഫുലിംഗങ്ങളായി കവിതയില്‍ നിറഞ്ഞു നിന്നു.അടിയന്തിരാവസ്ഥാപ്രഖ്യാപനത്തോടെ ഉദയഭാനു പിടിക്കപ്പെട്ടു.നന്നെ പൊക്കം കുറഞ്ഞു,മെലിഞ്ഞ ഈ ചെറുപ്പക്കാരനെ ജയറാം പടിക്കല്‍ എതിരേറ്റത് “വെടിയുണ്ടേടെയത്ര വലുപ്പം പോലുമില്ലാത്ത ….മോനേ!” എന്നാക്രോശിച്ചു കൊണ്ടുള്ള ഭീകര മര്‍ദ്ദനത്തോടെയായിരുന്നു.
മിസാത്തടവുകാരനായി 18 മാസം അങ്ങനെ കണ്ണൂര്‍ സെണ്ട്രല് ജെയിലില്‍ ഉദയഭാനു അടയ്ക്കപ്പെട്ടു.അന്നു മടപ്പള്ളി കോളേജിലെ ഡിഗ്രി വിദ്യാര്‍ഥിയായിരുന്നു അദ്ദേഹം.
മൌലികാവകാശങ്ങള്‍ സസ്പെന്റ് ചെയ്യപ്പെട്ട ആ ഇരുണ്ട കാലഘട്ടത്തില്‍ പൊലീസിന്റെ ക്രൂരതകള്‍ക്കും കൊടിയ മര്‍ദ്ദനങ്ങള്‍ക്കും ഏറെ ഇരയായത് നക്സലൈറ്റ് അഭിമുഖ്യമുള്ള ചെറുപ്പക്കാരായിരുന്നു.രാജനും വര്‍ക്കല വിജയനും കോണ്സണ്ട്രേഷന് ക്യാമ്പുകളില്‍ പിടഞ്ഞുമരിച്ചു.ഉരുട്ടലില്‍ പലരും ജീവഛവങ്ങളായി.
ജയിലില്‍ ഉമ്മര്‍ ബാഫക്കി തങ്ങള്‍,കെ.ചന്ദ്രശേഖരന് തുടങ്ങിയ പ്രമുഖ രാഷ്ട്രീയകക്ഷി നേതാക്കളും ഉദയഭാനുവിന്റെ സഹതടവുകാരായി ഉണ്ടായിരുന്നു.പിന്നെ,സിവിക് ചന്ദ്രന്,ഗ്രോ വാസു,വി.കെ. പ്രഭാകരന്,എം.എം. സോമശേഖരന്‍ തുടങ്ങിയവര്‍.ഉറ്റവരുടെ വേര്‍പാടിൽ പോലും പരോള്‍ ലഭിക്കാത്ത ആ തടവറയില്‍ കിടന്നുകൊണ്ട് strong>“തടവറക്കവിതകള്‍”എന്ന പേരില്‍ നാസ്തികന് പബ്ലിഷേഴ്സ് അടിയന്തിരാവസ്ഥക്കു ശേഷം പുസ്തകമായി പുറത്തിറക്കി.അതിന്റെ അവതാരിക എഴുതിയത് ഉദയഭാനുവായിരുന്നു.സഹനത്തിന്റേയും ചെറുത്തുനില്‍പ്പിന്റേയും ചരിത്രത്താളുകളാണത്.മറ്റൊരു ഭാഷയിലും സമാനതകളില്ലാത്ത “ചരിത്ര(കവിതാ)പുസ്തകം.
“ചരിത്ര പുസ്തകത്താളുകളെ തലകീഴായിപ്പിടിച്ച് വായിച്ചുകൊണ്ട്’‘ കവിത എഴുതാനാരംഭിച്ച അദ്ദേഹത്തിന്റെ പില്ക്കാല രചനകളെ തടവറജീവിതം വിടാതെ അദൃശ്യമായി പിന്തുടരുന്നുണ്ടു.ജനകീയ സാംസ്കാരികവേദിയുടെ സക്രിയ കാലത്ത് പ്രേരണയുടെ ആദ്യ പത്രാധിപര്‍ കൂടിയായിരുന്ന ഉദയഭാനുവിന്റെ കവിതകള്‍ തീക്കാറ്റായി പടര്‍ന്നു.അക്കാലത്തെ ലിറ്റില്‍ മാഗസിനുകളിലും സാഹിത്യ സദസ്സുകളിലും ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ട കവിതകള്‍ പി.ഉദയഭാനു,സിവിക് ചന്ദ്രന്,സച്ചിദാനന്ദന്,എം.കൃഷ്ണന് കുട്ടി എന്നിവരുടേതായിരുന്നു.ഇവരില്‍ സച്ചിദാനന്ദന് തടവറയ്ക്ക് പുറത്തായിരുന്നു.അദ്ദേഹത്തിന്റേത് മുഖ്യമായും സൈദ്ധാന്തിക ഇടപെടലുകളായിരുന്നു.ദേശാഭിമാനി സ്റ്റഡി സര്‍ക്കിളിന്റേയും മുഖ്യധാരാ ഇടതുപക്ഷത്തിന്റേയും വേദികളില്‍ സജീവസാന്നിദ്ധ്യമായിരുന്ന എം.കൃഷ്ണന് കുട്ടി പിന്നീടെന്തുകൊണ്ടോ നിശ്ശബ്ദനായി.
വര്‍ഗ്ഗശത്രുവിന്റെ തലയറുത്ത് ഉടന്‍ വിപ്ലവം സാദ്ധ്യമാക്കുന്ന ഉന്മൂലന സിദ്ധാന്തം സാംസ്കാരികവേദിയേയും നക്സലൈറ്റ് പ്രസ്ഥാനത്തേയും നാമാവശേഷമാക്കി.ചക്രവാളത്തില്‍ ചുവപ്പുസൂര്യന് ഉദിക്കില്ലെന്ന് വൈകിയാണെങ്കിലും ബോദ്ധ്യപ്പെട്ടു.എങ്കിലും, ഉള്ളില്‍ ഒരു കനല് കെടാതെ ജ്വലിപ്പിച്ച് അവര്‍ ജീവിതപ്രാരാബ്ധങ്ങളിലേക്കു മടങ്ങി.സിവിക്കും പ്രഭാകരനും ഉദയഭാനുവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായി.
മഹാരഥന്മാര് വടവൃക്ഷമായി വളര്‍ത്തിയ കോഴിക്കോട് ആകാശവാണിയില്‍ ലൈബ്രേറിയനായി ഉദയഭാനു എത്തുന്നത് അങ്ങനെയാണു.പി.ഭാസ്കരനും ഉറൂബും,അക്കിത്തവും തിക്കോടിയനും,കക്കാടും,കെ.എ കൊടുങ്ങല്ലൂരും കെ.രഘവന് മാസ്റ്ററും ചിദംബരനാഥുമൊക്കെ തങ്ങളുടെ സര്‍ഗ്ഗസാന്നിധ്യം കൊണ്ട് ധന്യമാക്കിയ ആകാശവണിയില്‍ ഉദയഭാനുവിന്റേത് വ്യത്യസ്തമയൊരു ഉദ്യോഗപര്വ്വമായിരുന്നു.പ്രസാര്‍ ഭാരതിയുടെ സ്ഥാപനത്തിനു മുന്‍പ്,കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള മാധ്യമസ്ഥാപനമെന്ന നിലയില്‍,അതിന്റെ പരിവൃത്തത്തിനുള്ളില്‍ നിന്നുകൊണ്ട് അദ്ദേഹം കവിതയെഴുത്തില് ആത്മഹാസത്തിന്റെ വഴിയെ നടന്നുനീങ്ങി.കാച്ചിക്കുറുക്കിയെടുത്ത ആ വരികളില്‍ ഈ ദ്വന്ദ്വജീവിതത്തിന്റെ പ്രതിഫലനങ്ങളുണ്ടായിരുന്നു.
ട്രാന്സ്മിഷന് എക്സിക്യൂട്ടീവും അടുത്തിടെ പ്രോഗ്രാം എക്സിക്യൂട്ടീവുമായി പ്രവര്‍ത്തിക്കുമ്പോഴും തന്റെ ആദ്യകാലം അദ്ദേഹം മറന്നില്ല.തടവറയിലെ സുഹൃത്തുക്കളെ,കാമ്പസിലെ ചങ്ങാതിമാരെ,സാംസ്കരിക-മാധ്യമമണ്ടലങ്ങളിലെ സഹയാത്രികരെയൊക്കെ അസാധാരണമായ.,മാന്ത്രികമായ സൌഹാര്ദ്ദച്ചരടുകൊണ്ട് തന്നോടു ചേര്‍ത്ത് നിര്‍ത്തി.അവരെ ആകാശവാണിയുമായി അടുപ്പിച്ചു.പഴയ തലമുറയിലേയും പുതിയ തലമുറയിലേയും എഴുത്തുകാരുമായും സാംസ്കാരികപ്രവര്‍ത്തകരുമായും ഇത്ര വിപുലവും സുദൃഡവുമായ ബന്ധം പുലര്‍ത്തിയിരുന്നവര്‍ ആകാശവാണിയില്‍ ഇനി വേറെയുണ്ടാകില്ല.
പ്രക്ഷേപണരംഗത്തു വ്യത്യസ്തധ്രുവങ്ങളില്‍ നിലയുറപ്പിച്ചപ്പോഴും ഉദയഭാനുവിനെ എന്നിലേക്കടുപ്പിച്ചത് അദ്ദേഹം ജീവിതത്തില്‍ പാലിച്ച കടുത്ത സത്യനിഷ്ഠകളായിരുന്നു:ലാളിത്യമായിരുന്നു:നിശബ്ദമായി ജീവിച്ചുതീര്‍ത്ത വേറിട്ട പാതയായിരുന്നു.അടിയന്തിരാവസ്ഥാക്കാലത്ത് ഭരണാധികാരികളുടെ പാദസേവകരായി,അധികാരത്തിന്റെ ഇടനാഴികളില്‍ മദിച്ചു പുളച്ച് നടന്നവര്‍ പില്ക്കാലത്ത് വീരപുരുഷരായി അവതരിച്ച അസുരകാലത്താണു നാം ജീവിക്കുന്നത്.അവര്‍ക്കിടയില്‍ താനനുഭവിച്ച പീഡനപര്വ്വത്തെപ്പറ്റി ഒരക്ഷരം ഉരിയാടാതെ ജീവിച്ചയാളാണു,ഉദയഭാനു.അടിയന്തിരാവസ്ഥയുടെ വാര്‍ഷിക ദിനങ്ങളില്‍,ഏറെ നിര്ബന്ധിച്ചിട്ടു പോലും,ആകാശവാണിയിലെ ശ്രോതാക്കളുമായി തടവറയിലെ അനുഭവങ്ങള്‍ അദ്ദേഹം എന്തുകൊണ്ട് പങ്കുവെച്ചില്ല എന്ന് അല്‍ഭുതപ്പെടുന്നു.കഴിഞ്ഞ വര്‍ഷം“പച്ചക്കുതിര” മാസികയിലെഴുതിയ ഒരു കുറിപ്പു മാത്രമാണു അദ്ദേഹം രേഖപ്പെടുത്തിയ ജെയിലനുഭവങ്ങളെന്നു തോന്നുന്നു.
അടിയന്തിരാവസ്ഥാപീഡനങ്ങളുടെ പേരില്‍ പലരും പലതും വെട്ടിപ്പിടിച്ചപ്പോള്‍ ഉദയഭാനു നിര്‍മമതയോടെ,തന്നിലേക്കുള്‍വലിഞ്ഞു.ഇത് ഇവിടെ രേഖപ്പെടുത്തേണ്ടതുണ്ടു.
നമുക്കു ആശയപ്രകാശനത്തിനുള്ള സ്വാതന്ത്ര്യം വീണ്ടെടുത് തന്നത് ഇവരുടെയൊക്കെ തടവറജീവിതവും ചെറുത്തുനില്‍പ്പുമായിരുന്നു.തീവ്ര ഇടതു പക്ഷക്കാരും വലതുപക്ഷക്കാരുമുള്പ്പെടെയുള്ള അനേകായിരങ്ങളുടെ ത്യാഗനിര്‍ഭരമായ ജീവിതമാണു സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാന്‍ നമുക്ക് വീണ്ടും അവസരമുണ്ടാക്കി തന്നത് എന്ന് ആരിപ്പോള്‍ ഓര്‍ക്കുന്നു!രണ്ടാം സ്വാതന്ത്ര്യ സമരപ്പോരാളികളാണിവര്.ചരിത്രത്തില്‍ ഉദയഭാനുവിനുള്ള ഇടം ഇതാണു.
“വസന്തത്തിന്റെ ഇടിമുഴക്കത്തി”നായി എടുത്തു ചാടിയ പ്രമുഖരില്‍ പലരും കാരാഗൃഹവാസത്തിനു ശേഷം ആദ്ധ്യാത്മികലോകത്തേക്ക് ആഴ്ന്നു പോയി.ഫിലിപ്പ് എം പ്രസാദും വെള്ളത്തൂവല്‍ സ്റ്റീഫനും ഇങ്ങനെ ആഴക്കയങ്ങളില്‍ മുങ്ങിപ്പോയ അനാഥപ്രേതാത്മാക്കളാണു.മറ്റു ചിലരൊക്കെ നവമുതലാളിത്തത്തിനു ഓശാന പാടി പ്രായശ്ചിത്തം ചെയ്യുന്ന ദയനീയ കാഴ്ചയും നാം കാണുന്നു.ആര്‍ഭാട-ബൂര്‍ഷ്വാ ജീവിതശൈലിയിലഭിരമിച്ച് കഴിയുന്നവരുമുണ്ടു.
ഇവര്‍ക്കിടയില്‍ പൂര്‍ണ ഭൌതികവാദിയായി,സകുടുമ്പം മതേതരജീവിതം നയിച്ചയാളായിരുന്നു,ഉദയഭാനു.അത്മവഞ്ചകരുടേയും ആത്മീയവാദികളുടേയും കപടനാട്യക്കാരുടേയും ഇടയില്‍ ഒരു മതത്തിന്റേയും ആചാരാനുഷ്ഠാനങ്ങളില്ലാതെ പൂര്‍ണ മതേതരനായി ജീവിക്കാനും അങ്ങനെ തന്നെ മരിക്കാനും കഴിയുന്നവര്‍ വിരളമാണു.
മതപരമായ യാതൊരു ചടങ്ങുകളുമില്ലാതെ മാവൂര്‍ റോഡിലെ ഇലക്ട്രിക് ശ്മശാനത്തില്‍ പി.ഉദയഭാനുവിന്റെ ശരീരം ഒരു പിടി ചാരമായിതീര്ന്നപ്പോള് അദ്ദേഹം അവശേഷിപ്പിച്ചു പോയത് അനശ്വരങ്ങളായ ഈ മൂല്യങ്ങളാണു.
മതപരമായ യാതൊരു ചടങ്ങുകളുമില്ലാതെ മാവൂര്‍ റോഡിലെ ഇലക്ട്രിക് ശ്മശാനത്തില്‍ പി.ഉദയഭാനുവിന്റെ ശരീരം ഒരു പിടി ചാരമായിതീര്ന്നപ്പോള് അദ്ദേഹം അവശേഷിപ്പിച്ചു പോയത് അനശ്വരങ്ങളായ ഈ മൂല്യങ്ങളാണു.
-പൂര്‍ണ്ണ ഭൌതികവാദിയും മതേതരനുമായി ജീവിച്ച ത്യാഗിയായ ഈ മനുഷ്യനു ചരിത്രത്താളുകളില്‍ ഇനി അമര ജീവിതം.
10 comments:
ഉചിതമായി ഈ അനുസ്മരണം
അഭിവാദ്യങ്ങള്‍
ആ മനുഷ്യാത്മാവിനോട് കടപ്പെട്ടിരിക്കുന്നു.
നന്ദി പ്രദീപ്ജി.
മാഷെ,
പി. ഉദയഭാനു അനുസ്മരണം നന്നായി,
അഭിവാദ്യങ്ങള്‍
ഉദയഭാനുവിന് ആദരാംജലികള്‍
"ഒരു മതത്തിന്റേയും ആചാരാനുഷ്ഠാനങ്ങളില്ലാതെ പൂര്‍ണ മതേതരനായി ജീവിക്കാനും "
മതമില്ലാത്തതുകൊണ്ട് മതേതരനാവുകയോ മതമുള്ളതുകൊണ്ട് മതേതരനല്ലാതാവുകയോ ഇല്ല.
മതേതരത്വം എന്നാല്‍ മതമില്ലായ്മയോ മതനിരാസമോ ഭൌതീകവാദമോ ആണെന്നു സ്ഥാപിയ്ക്കാനാണ് താങ്കളുടെ ശ്രമമെന്നു തോന്നുന്നു.
ടീ വി യീല്‍ വാര്‍ത്ത കണ്ടിരുന്നെങ്കിലും ഇദ്ദേഹത്തെപ്പറ്റി കൂടുതല്‍ അറിയാന്‍ സാധിച്ചത് ഈ ലേഖനത്തില്‍ നിന്നാണ്.നന്ദി.
പൂര്‍ണ്ണ മതേതരനായി ജീവിക്കാന്‍ ഒരു മതനിഷ്ഠനു കഴിയുമോ?എനിക്കു തോന്നുന്നില്ല.
മതേതരത്വമെന്നാല്‍ മതനിരാസമോ ഭൌതികവാദമോ അല്ലെന്നറിയാത്തയാളല്ല ഞാന്‍.
പക്ഷേ ഒരു പൂര്‍ണ്ണ ഭൌതികവാദിക്ക് പൂര്‍ണ്ണ മതേതരനായി ജീവിക്കാന്‍ പ്രയാസമില്ല.പ്രസംഗവും ജീവിതവും മറ്റു പലര്‍ക്കും ഒന്നല്ലല്ലോ.
bye...bye
പൂര്‍ണ ഭൌതികവാദിയായി,സകുടുമ്പം മതേതരജീവിതം നയിച്ചയാളായിരുന്നു,ഉദയഭാനു-
എങ്കിലും എന്റെ വിശ്വാസത്തിന്റെ പുറത്ത് ഉദയഭാനുവിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.
അനുസ്മരണക്കുറിപ്പ് മാറ്റ് തികഞ്ഞതാണെന്ന് പ്രത്യേകം പറയേണ്ടല്ലോ? നമ്മുടെ മുഖ്യധാരാ മാദ്ധ്യമങ്ങള്‍ ഇതൊന്നും കണ്ട് പഠിക്കില്ലെ?
പി.ഉദയഭാനുവിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ സാധിച്ചത് ഈ ലേഖനത്തില്‍ നിന്നാണ് കേട്ടൊ ഭായ്
വളരെ ഉചിതമായ അനുസ്മരണം..
പലതും പുതിയ അറിവാണ് ...നന്ദി..
Post a Comment