ഐ.ടി രംഗത്ത് ഔട്ട് സോഴ്സിങ്ങ് അഥവാ പുറം പണിയ്ക്ക് കരാറെടുത്തിരിക്കുന്ന ഒരു കമ്പനിയുടെ സൈറ്റില്‍ ഇങ്ങനെയൊരു വരിയുണ്ടു;കുറഞ്ഞ വേതനത്തിനു സംതൃപ്തിയോടെ ജോലിചെയ്യാന്‍ തയ്യാറാണു ഇന്ത്യക്കാര്‍!
-ഇന്ത്യയിലേക്ക് എന്തുകൊണ്ട് അമേരിക്കയും യൂറോപ്യന്‍രാജ്യങ്ങളും ജോലികള്‍ ഔട്ട്സോഴ്സ് ചെയ്യുന്നു എന്നതിന്റെ പച്ചയായ വിശദീകരണമാണിത്.അമേരിക്കയില്‍ ഇപ്പണി ചെയ്യിക്കാന്‍ ഒരാള്‍ക്ക് നല്കുന്ന കാശുകൊണ്ടു ഇവിടെ 15 പേരെ കൊണ്ടു പണിയെടുപ്പിക്കാം.അത്രയ്ക്കും ലാഭകരമാണു ഔട്ട്സോഴ്സിങ്ങ്.ഇവിടെ ഐ.ടി പാര്‍ക്കുളിലും ഇനി വരുന്ന സ്മാര്‍ട്ട്സിറ്റിയിലും ലക്ഷങ്ങള്‍ക്ക് പണിയുണ്ടാകുന്നത് പുറത്തുനിന്നും ഇങ്ങനെ കുറഞ്ഞ കൂലി നോക്കി നല്കപ്പെടുന്ന കരാര്‍ പണി മൂലമാണു.ഇതിനെയാണു ‘ഈ-കൂലി’ എന്നു വിശേഷിപ്പിച്ചത്.കേബിളിടുന്നതിനു കുഴിയെടുക്കാനും കെട്ടിടം പണിയാനും നമ്മള് ഒറീസയില്‍ നിന്നും,ബംഗാളില്‍ നിന്നും കുറഞ്ഞ കൂലി നല്കി പട്ടിണി പാവങ്ങളെ കൊണ്ടുവരുന്നതു പോലുള്ള ഏര്‍പ്പാടാണിത്.ഇവര്‍ കൂലി കൂടുതല്‍ ചോദിച്ചാല്‍ പിന്നെ ഇവരെ പണിക്ക് വിളിക്കുമോ?കരാറുകാര്‍ അപ്പോള്‍ ഇവരെക്കാള്‍ പട്ടിണിക്കാരുള്ളയിടങ്ങളില് നിന്ന് കുറഞ്ഞ കൂലിക്ക് ആളെയിറക്കും.അപ്പോള്‍ മറുത്തൊരക്ഷരം പറയാതെ നാട്ടിലേക്ക് വണ്ടി കയറുക.അതുമല്ലെങ്കില്‍ കിട്ടുന്നതും വാങ്ങി പോക്കറ്റിലിട്ട് മുതലാളിയെ സന്തോഷിപ്പിച്ചു നിര്‍ത്തി ഉള്ള കഞ്ഞിയില്‍ പാറ്റ വീഴാതെ നോക്കുക.
പക്ഷേ എല്ലാവരുടെ അത്താഴവും മുടക്കുന്ന ചില വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു.ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നിന്നു അമേരിക്കയെ കരകയറ്റുന്നതിനു ഒബാമ കഴിഞ്ഞ ദിവസ്സം പ്രഖ്യാപിച്ച 720 ബില്ല്യന്‍ ഡോളറിന്റെ രക്ഷാപദ്ധതി ഇന്ത്യന്‍ ഐ.ടി വ്യവസയത്തിന്റെ അടിത്തറ തന്നെ ഇളക്കുന്നതാണു.സര്‍ക്കാരിന്റെ സൌജന്യങ്ങള്‍,അതായത് നികുതിയിളവ് ഉള്‍പ്പെടെ പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ആനുകൂല്യങ്ങള്‍,ഉപയോഗിക്കപ്പെടുത്തുന്ന സ്ഥാപനങ്ങളൊന്നും പുറം പണി നല്കാന് പാടില്ല.ഔട്ട്സോര്ഴ്സിങ്ങിനു പകരം അമേരിക്കക്കാരെ കൊണ്ടു തന്നെ ജോലികള്‍ ചെയ്യിക്കണം.അങ്ങനെ കൂടുതല്‍ തൊഴില്‍ നഷ്ടങ്ങള്‍ ഒഴിവാക്കാം.സര്‍ക്കാരിനെ ആശ്രയിക്കുന്ന അവസ്ഥയ്ക്ക് (protectionism) പരിഹാരമുണ്ടാക്കാമെന്നും ഒബാമ കണക്കു കൂട്ടുന്നു.
ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഐ.ടി വ്യവസായത്തിലുള്ളവര്‍ തല പുകഞ്ഞാലോചിക്കുകയാണു.അവരുടെ സംഘടനയായ Nasscom പറയുന്നത് സാമ്പത്തികമാന്ദ്യം അമേരിക്കന്‍ ഐ.ടി മേഖലയില്‍ കാര്യമായ തൊഴില്‍ നഷ്ടം ഉണ്ടാക്കിയിട്ടില്ലെന്നാണു.2.28 ശതമാനം പേര്‍ക്ക് മാത്രമാണത്രെ അവിടെ പണിപോയത്.മൊത്തം തൊഴില്‍ നഷ്ടം 7.2 ശതമാനമാണു.നിര്‍മ്മാണ-ചില്ലറ വില്‍പ്പന മേഖലകളെയാണു അവിടെ സാമ്പത്തിക മാന്ദ്യം ഗുരുതരമായി ബാധിച്ചതെന്നാണു അവരുടെ വ്യാഖ്യാനം.അമേരിക്കന്‍ ഐ.ടി വ്യവസായത്തിന്റെ 50 ശതമാനവും ഔട്ട്സോഴ് സ് ചെയ്യുന്നുണ്ടു.കുറഞ്ഞ ചെലവു കാരണം ബ്രിട്ടന്,നോര്‍വേ,ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളും പുറം കരാര്‍ പണികളിലൂടെ നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നും വ്യാഖ്യാനമുണ്ടു.ബാങ്കുകള്‍,ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍,വാഹന നിര്‍മ്മാതാക്കള്‍,ആശുപത്രികള്‍ തുടങ്ങിയവയുടെയൊക്കെ ഐ.ടി അധിഷ്ഠിത ജോലികളാണു ഇന്ത്യയില്‍ ചെയ്യുന്നത്.കുറഞ്ഞ കൂലി മാത്രമല്ല ഇതിനു പ്രചോദനം.ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ഈ ടൈം പണി ഇന്ത്യയിലേക്ക് ഔട്ട്സോഴ്സ് ചെയ്യപ്പെടുന്നതിനു കാരണമായിട്ടുണ്ടു.വ്യത്യസ്ത ടൈം സോണിലാണു നമ്മള്.അവിടെ രാത്രിയാകുമ്പോള്‍ ഇവിടെ പകലാണു.വൈകിട്ട് അവിടെനിന്നും ഇന്റര്‍നെറ്റില്‍ ഇവിടേക്കയക്കുന്ന ജോലികള്‍ പകല്‍തന്നെ ചെയ്ത്,അവരുറങ്ങി എണീയ്ക്കുമ്പോഴേക്കും അവിടെ തിരികെയെത്തിക്കാം.പിന്നെയും മെച്ചങ്ങളുണ്ടു.കോള്‍ സെന്റര്‍,ഡേറ്റ എന്‍ ട്രി,മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍ തുടങ്ങിയ പണികള്‍ക്ക് നല്ല ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നവരെ വേണം.പ്ലേസ്കൂള്‍ മുതല്‍ കുട്ടികളെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിപ്പിക്കുന്ന നല്ലൊരു ശതമാനം പേര് ഇവിടെയുള്ളതും ഒരു അനുഗ്രഹമാണു.
ഇനി,മുന്‍ പറഞ്ഞ ഔട്ട്സോര്ഴ്സിങ്ങ് കമ്പനി ‘ഇന്ത്യയിലേക്ക് വരൂ’ എന്ന് പറഞ്ഞ് വിദേശ സ്ഥാപനങ്ങളെ ക്ഷണിക്കുന്നതിനു ഒരു കാരണം കൂടിയുണ്ടു.ഇവിടെ ഇഷ്ടം പോലെ ആളുകളെ പണിക്ക് കിട്ടും.എന്തുകൊണ്ടെന്നാല്‍, ജനസംഖ്യ കൂടുതലാകുന്നു.അതും ഇപ്പോള്‍ ഒരു അനുഗ്രഹമാണു.
പക്ഷേ,സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന അമേരിക്കന്‍ സ്ഥാപനങ്ങള്‍ പുറം പണികള്‍ നിര്‍ത്തിയാലോ?മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും ഈ പാത പിന്തുടര്ന്നാലോ?ഇപ്പോള്‍ തന്നെ ഐ.ടി വ്യവസായം കടുത്ത പ്രതിസന്ധിയിലണെന്നു നമുക്കറിയാം.കാമ്പസ് സെലക്ഷന് പോലും അവര്‍ നിര്‍ത്തി വെച്ചിരിക്കുന്നു.ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന വമ്പന്‍ ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കുക മാത്രമല്ല, സ്റ്റഫിനെ വെട്ടിക്കുറയ്ക്കലും അരംഭിച്ചിട്ടുണ്ടു.ഇനി പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും.
അത് ഏറെ ബാധിക്കുക കേരളത്തെയായിരിക്കും.കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇവിടെ വിവരസാങ്കേതിക മേഖലയില്‍ ആവശ്യത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടായി.മെക്കാനിക്കല്‍,ഇലക്ട്രിക്കല്‍ തുടങ്ങിയ പരമ്പരാഗത എഞ്ചിനിയറിങ്ങ് കോഴ്സുകള്‍ ഉപേക്ഷിച്ച് വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ ഐ.ടി അധിഷ്ഠിത കോഴ്സുകള്‍ തെരഞ്ഞെടുത്തു.നമ്മുടെ അര്‍ട്സ് ആന്റ് സയന്‍സ് കോളെജുകളില്‍ പഠിക്കുന്നത് സാമൂഹികപദവിയ്ക്ക് ചേരാത്തതാണെന്നു വന്നു.ഒന്നിനും കൊള്ളാത്തവരാണു പരമ്പരാഗത കോഴ്സുകള്‍ പഠിക്കുന്നവര്‍ എന്ന അപകര്‍ഷതാബോധം അവയില്‍ ചേരുന്നവര്‍ക്കു തന്നെയുണ്ടായി.മധ്യമങ്ങള്‍ ഐ.ടി രംഗത്തെ അനന്ത തൊഴില്‍ സാധ്യതകളെക്കുറിച്ചും ,ചെറുപ്രായത്തില്‍ പതിനായിരങ്ങള്‍ ശമ്പളം വാങ്ങി ‘അടിച്ചു പൊളിച്ചു’ ജിവിക്കുന്ന ആധുനികരായ ചെറുപ്പക്കാരെക്കുറിച്ചും നിറം പിടിപ്പിച്ച ഫീച്ചറുകളെഴുതിയതും ഇതിനു കാരണമായി.വിദ്യാഭ്യാസത്തില്‍ അങ്ങനെ തെറ്റായ മുന്‍ ഗണനകള്‍ രൂപപ്പെട്ടു.മിടുമിടുക്കര്‍ ഐ.ടി രംഗം തെരഞ്ഞെടുത്തു.സമൂഹത്തിന്റെ ശ്രദ്ധ മുഴുവന്‍ അങ്ങോട്ടായി.അവര്‍ക്ക് അര്‍ഹിച്ചതിലുമേറെ ശ്രദ്ധയും പരിഗണനയും പ്രോല്‍സാഹനവും കിട്ടി.
ഐ.ടി വ്യവസായത്തിനു വന്ന സ്ഥാപനങ്ങളെ ചുവന്നന്ന കാര്‍പ്പറ്റ് വിരിച്ചു നാം സ്വീകരിച്ചു.അവര്‍ക്കായി നമ്മുടെ മണ്ണും പ്രകൃതിവിഭവങ്ങളും തീറെഴുതിക്കൊടുത്തു.തൊഴില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി.ഐ.ടി വ്യവസായം പച്ചപിടിക്കില്ലെങ്കില് അവര്‍ ഇവയുറ്റെ സ്ഥലസൌകര്യങ്ങള്‍ കൈക്കലാക്കി മറ്റു വഴികള്‍ നോക്കും.’ലക്ഷം ലക്ഷം തൊഴിലവസരങ്ങള്‍’ ഐ.ടിയില്‍ സൃഷ്ടിക്കപ്പെടുമെന്നു കിനാവു കാണുന്നവര്‍ക്ക് ഉത്തരം മുട്ടുകയാണു.
സാമ്പത്തിക മാന്ദ്യം താല്ക്കാലികമായ പ്രതിസന്ധിയണെന്നു ആശ്വസിക്കുന്നവരുണ്ടു.അവരുടെ ശുഭാപ്തിവിശ്വാസത്തിനു അടിത്തറയില്ല.ആരും പ്രവചിച്ചതല്ലല്ലോഇത്രയും ഗുരുതരമായ ഈ സാമ്പത്തിക മാന്ദ്യം.
ആഗോള സ്ഥിതിഗതികല്ക്കനുസൃതമായി മാറിക്കൊണ്ടിരിക്കുന്ന ഒരു തൊഴില്‍ മേഖല ഒട്ടും സുരക്ഷിതമല്ല.കോഴ്സ് കഴിഞ്ഞാലുടന്‍ ജോലിയും കൈനിറയെ പണവും എന്ന മോഹന സ്വപ്നവുമായി വളര്‍ത്തിയെടുത്തു കൊണ്ടുവന്ന പുതു തലമുറയ്ക്ക് ഈ പ്രതിസന്ധിയെ അതിജീവിക്കനുള്ള ത്രാണിയില്ല.എന്തുകൊണ്ടെന്നാല്‍ അവര്‍ക്ക് സാമൂഹികാവബോധം കുറവാണു.സി.ബി.എസ്.ഇ പാഠ്യപദ്ധതിയില്‍ അതിനു ഉയര്‍ന്ന ക്ലാസ്സുകളില്‍ പ്രാധാന്യം നല്‍കുന്നില്ല.സമാന സിലബസുകളിലും ഇതാണവസ്ഥ.കാശ് ഏറെ കിട്ടുന്ന ജോലിക്കപ്പുറത്തേക്ക് അവര്‍ക്ക് ചിന്തിക്കാനാവില്ല.
-അപ്പോള്‍ ,ഐ.ടിയില്‍ തൊഴിലവസരങ്ങല്‍ കുത്തനെ ഇടിയുമ്പോള്‍ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഭയാനകമായിരിക്കും.ഗല്ഫില് നിന്നും തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികളുടെ മടക്കയാത്രയും ആരംഭിച്ചിട്ടുണ്ടു.
ഇനി കൂടുതല്‍ അശുഭ വാര്‍ത്തകള്‍ ഉണ്ടാകാതിരിക്കട്ടെ.
9 comments:
ഐ.ടി.രംഗത്ത് നിന്ന് കൂടുതല്‍ അശുഭകരമായ വാര്‍ത്തകള്‍ ഉണ്ടാവാതിരിക്കാന്‍ ഡി.പ്രദീപ് കുമാര്‍ പ്രാര്‍ത്ഥിക്കുന്നു. അങ്ങനെ പ്രതീക്ഷിക്കണ്ട. അതിദാരുണമായ വാര്‍ത്തകള്‍ ഉണ്ടാകും. നല്ലൊരു പങ്ക് ഐടിയന്മാര് മാനസിക രോഗികള്‍ ആകുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്യും. മുന്തിയ തുടക്ക ശംബളമാണു അവരുടെ കാലന്. എന്നും അതും അതിനുമുകളിലും പണം കിട്ടുമെന്ന് വിചാരിച്ച് അവര്‍ എടുത്ത വായ്പകള്‍ തിരിച്ചടവിനു നിര്‍വ്വാഹമില്ലാത്ത അവസ്ഥയിലേക്ക് നീങ്ങുകയാണു. ഐടിയന്മാരുടെ ആര്‍ഭാടം യഥാര്‍ത്തില്‍ അവരുടെ വരുമാനത്തിന്റെ പ്രതിഫലനമായിരുന്നില്ല. അവര്‍ വാങ്ങിവച്ച കടത്തിന്റെ ചിത്രമായിരുന്നു. അത് തിരിച്ചടക്കാന്‍ നിര്‍വ്വാഹമില്ലാതെ വന്നാല്‍ മാര്‍വ്വാടി അടിവയറ്റിനു കുത്തിപ്പിടിക്കും. വീട്ടില്‍ നിന്ന് പുറത്താക്കും. കാറിന്റെ കീയുമായി സ്ഥലം വിടും. സുന്ദരിയായ ഭാര്യയുണ്ടെങ്കില്‍/സുന്ദരിയായ സ്ത്രീയാണ് ലോണിയെങ്കില് ചിലപ്പോള്‍ പണയമായി കൊണ്ടുപോയെന്നും വരും.
അടുത്തൊരു പ്രശ്നമുള്ളത് തുടര്‍ന്ന് വന്ന ജീവിതശൈലി തുടരാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉണ്ടാകാവുന്ന മനപ്രയാസമാണു. അത് വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും നയിക്കും. ഗള്‍ഫുകാരുടെ ദ്രോഹം പോലെ തന്നെ കടുത്ത ചതിയാണു ഇവരും മലയാളിയോട് ചെയ്തത്.
ഇന്ന് പ്രസക്തം ഈ പോസ്റ്റ്.
ആഗോളസാമ്പത്തിക മാന്ദ്യം ലോകസമ്പദ്വ്യവസ്ഥയെ പിടിച്ചുകുലുക്കിയപ്പോള്‍ ഇന്ത്യയിലെ ബാങ്കുകളുടെ കരുത്തും പൊതുമേഖലയുടെ മികവും നമുക്ക് തണലായി. എന്നാല്‍
അഞ്ചു ലക്ഷത്തോളം വിദേശ ഇന്ത്യാക്കാറ് തൊഴില്‍ നഷ്ട്ടപ്പെട്ട് തിരികെയെത്തുമെന്ന ഭരണാധികാരികളുടെ കണക്ക് നമ്മുടെ രാജ്യത്തെ പ്രയാസപ്പെടുത്തും.
***
കിടപ്പാടം പണയപ്പെടുത്തിപോലും തൊഴിലുതേടി വിദേശത്തെത്തിയ തൊഴിലാളികള്‍ 2700 കോടി അമേരിക്കന്‍ ഡോളറാണ് ഇന്ത്യയിലേക്ക് അയച്ചിട്ടുള്ളത് എന്നാണ് ഇന്നു ‘മാത്രുഭൂമി‘ എഴുതിയത്.
ആഗോളസാമ്പത്തിക മാന്ദ്യത്തിന്റെ പ്രതിഫലനങ്ങള്‍ കേരളത്തിലും ബാധിച്ചു തുടങ്ങിയെന്നും 2009-2010വറ്ഷം അതു കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യതയെന്നും കേരള ധനമന്ത്രി ശ്രീ.തോമസ് ഐസക്കും പറയുന്നു.
പ്രതിസന്ധികള്‍ അതിജീവിക്കാന്‍ നമുക്കെല്ലാവര്‍ക്കും കരുത്തുണ്ടാകട്ടേ..
ശ്രീ പ്രദീപ്,
സാമ്പത്തികമാന്ദ്യം ഐ ടീ യെയും ബാധിച്ചിരിക്കുന്നു, പക്ഷെ താങ്കള്‍ പറയുന്ന രീതിയിലുള്ള ഇമ്പാക്റ്റ് ഉണ്ടാവില്ല എന്നാണു കരുതുന്നത്. താരതമ്യേന ഐ ടീ യിലെ ഇമ്പാക്റ്റ് ആയിരിക്കും കുറവ്.
താങ്കള്‍ പറയുന്ന ഇതു കമ്പനി ആണെന്നറിയില്ല. അത്തരം വാക്യങ്ങള്‍ പണ്ടും ഉണ്ടായിരിന്നു. ഇന്‍ഫോപാര്‍ക്കിലെയും ടെക്നോപാര്‍ക്കിലെയും ചില വാനിലാ കമ്പനികളുടെ വെബ്സൈറ്റും പണ്ട് കാണുമ്പോഴും അതിശയിച്ചു പോയിട്ടുണ്ട്, ഇത്ര ചെറിയ കാശിനു സോഫ്റ്റ്വെയര് സപ്പോര്‍ട്ട് കൊടുത്താല്‍ എങ്ങനെ മുതലാവുമെന്നു, അത്ര ചീപ്പ് റേറ്റ് ആയിരുന്നു അവര്‍ കൊടുത്തിരുനത്. എന്നാല്‍ ഐ ടീ യിലെ മെയിന്‍ കമ്പനികള്‍ ലോ കോസ്റ്റ് ലേബര്‍ ആയിരുന്നില്ല ഹൈലൈറ്റ് ചെയ്തിരുന്നത്; ക്വാളിറ്റി ആണ്.
പൊടുന്നനെ ഔട്ട് സോഴ്സിങ്ങ് നിര്‍ത്താന്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് കഴിയില്ല. പല കമ്പനികളുടെയും ബാലന്‍സ് ഷീറ്റ് ഇതുമായി വളരെ ബന്ധപ്പെട്ടിരിക്കുന്നു. ഒബാമ സഹായം ചെയ്താലും എത്ര കാലം സഹായം ചെയ്യും എന്നും അവര്‍ക്കറിയാം. ഇന്ത്യന്‍ കമ്പനികളെ പുറം കരാര്‍ ഏല്‍പ്പിക്കുന്നതിനു പകരം അവരുടെ സെന്റര്‍ ഇന്ത്യയില്‍ തുടങ്ങാന്‍ കൂടുതല്‍പേര്‍ ശ്രമിക്കും. രണ്ടായാലും ഇന്ത്യാക്കാരന് തൊഴില്‍ ഉറപ്പാണ്. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും മറ്റു ഏഷ്യ-പസിഫിക് രാജ്യങ്ങളും എന്തായാലും ഔട്ട് സോഴ്സിങ്ങ് പാടെ വേണ്ടെന്നു കയ്ക്കില്ല, ഇനിയുള്ള ഇന്ത്യന്‍ ഐടീയുടെ ഔട്ട് സോഴ്സിങ്ങ് വളര്‍ച്ചാ നിരക്ക് 30%-നു മുകളില്‍ ആയിരിക്കില്ല എന്നുമാത്രം. മാത്രവുമല്ല, ലോക്കല്‍ മാര്‍ക്കറ്റിനു മുന്പത്തേക്കാള് കൂടുതല്‍ പ്രാധാന്യം കൊടുക്കാനും അവര്‍ ശ്രമിക്കും, നല്ലതുതന്നെ.
പിന്നെ, വളരെ വലിയ ശമ്പളം ചെറിയ പ്രായത്തിലെ കിട്ടിയതിന്റെ പ്രശ്നങ്ങള്‍ തീര്‍ച്ചയായും ഉണ്ട്, അതിനു കാലം ഇപ്പോള്‍ കണക്കു പറയുന്നുണ്ട്! സമൂഹചിന്ത തന്നെ പലരിലും നിന്ന് പോയി. എന്തായാലും നല്ലൊരു പുതിയ സാമൂഹിക പ്രതിബദ്ധതയുള്ള ലോകം കെട്ടിപ്പടുക്കാന്‍ ഈ സാമ്പത്തിക മാന്ദ്യത്തിനു കഴിയട്ടെ.
വലിയ ശമ്പളം നോക്കി പോയത് കാരണം റിസര്‍ച്ച്, സയന്‍സ്, അധ്യാപനം തുടങ്ങിയ മേഖലകളിലെയ്ക്ക് ബുദ്ധിരാക്ഷസന്മാരുടെ വരവില്ലാതായി എന്നതും ഒരു നെഗറ്റീവ് ആയിരുന്നു. ഇനിയെങ്കിലും ആ മേഖലകള്‍ക്കും കൂടുതല്‍ പ്രാധാന്യം കിട്ടട്ടെ എന്നും ആശിക്കാം.
അതുപോലെ കാണേണ്ട ഒരു സത്യമാണ് ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഐ ടീ അല്ലാത്തവര്‍ കൂട്ടത്തോടെ മടങ്ങി വരുന്നത്. അവര്‍ ഓരോരുത്തര്‍ക്കും ഉണ്ടാവുന്ന ഇമ്പാക്റ്റ് ഐടീയേക്കാള് ഭയാനകമാണ്. അവര്‍ക്ക് കേരള സര്‍ക്കാര്‍ വേണ്ടുന്ന സഹായം ചെയ്യും എന്ന് പ്രതീക്ഷിക്കാം.
"ഇത്ര ചെറിയ കാശിനു സോഫ്റ്റ്വെയര് സപ്പോര്‍ട്ട് കൊടുത്താല്‍ എങ്ങനെ മുതലാവുമെന്നു, അത്ര ചീപ്പ് റേറ്റ് ആയിരുന്നു അവര്‍ കൊടുത്തിരുനത്" -------
ശ്രീ.ശ്രീ
ഇന്ത്യന്‍ ഐടി വ്യവസായത്തിന്റെ പൊരുള്‍ പുറത്തറിയുന്നതുപോലെ ഒന്നുമാണെന്ന് തോന്നുന്നില്ല. അതിനേപ്പറ്റി കേള്‍ക്കുന്ന ഒരു കാര്യം അത് ഇന്ത്യന്‍ രാഷ്ട്രീയക്കാരുടെ/ഉദ്ദ്യോഗസ്ഥരുടെ ഒരു പുല്മേടാണിതെന്നാണു. അവര്‍ സ്വരുക്കൂട്ടിയ അധികധനം ഇതിന്റെ മറവില്‍ കടത്തിയതായി പറയപ്പെടുന്നു. സ്വിസ്ബാങ്കുകള്‍ സുരക്ഷിതമല്ല. എന്നുമാത്രമല്ല അവ കള്ളപ്പണത്തെ വെളിപ്പിക്കില്ല. നിങ്ങള്‍ക്ക് സൌത് ആഫ്രിക്കയില്‍ ഒരു നാമമാത്ര കമ്പനിയുണ്ടെംകില് അതിന്റെ ഔട്ട് സോഴ്സിങ് ചക്രത്തിലൂടെ എത്ര പണം വേനമെങ്കിലും കൊണ്ടുവരാം. ഇതിനര്‍ത്ഥം യഥാര്‍ത്ഥ ഐടിക്കമ്പനിഅകള് ഇല്ലെന്നല്ല. പക്ഷെ പല പേരെടുത്ത കമ്പനിയും ഈ പണം വെളിപ്പിക്കള് വ്യവസായത്തിലാണെന്നാണ് കേള്‍വി. അതിലാഭമുണ്ടാക്കുന്നതെന്ന് നാം വിചാരിക്കുന്ന ഒരു പദ്മശ്രീക്കമ്പനിയിലെ മുഴുവന്‍ ജീവനക്കാരും 24 മണിക്കൂറും 365 ദിവസവും പണിയെടുത്താല്‍ ആ ലാഭമുണ്ടാവില്ല എന്ന് ഒരു വലിയൊരു രാഷ്ട്രീയക്കാരന് വിളിച്ച് കൂവിയത് ഓര്‍മ്മയുണ്ടാകും? അദ്ദേഹം അതിന്റെ യാഥാാര്ത്ഥ്യതിലേക്ക് വിരല്‍ ചൂണ്ടാന്‍ തുടങ്ങുകയായിരുന്നു. പെട്ടെന്ന് അത് തടയപ്പെട്ടു. അദ്ദേഹത്തിന്റെ മകനു ആഗ്രഹിച്ച സ്ഥാനം ലഭിക്കുകയും ചെയ്തു. ഐടി വ്യവസായത്തിനു ലഭിക്കുന്ന പരിഗണന ശ്രദ്ധിച്ചിട്ടുണ്ടോ? ഒരപേക്ഷ കൊടുത്താല്‍ അതില്‍ ഉടന്‍ തീര്‍പ്പാകും. പാര്‍ലമെന്റില്‍ സ്വന്തമായി എം.പിമാര്‍ ഉണ്ടെന്ന് പറയപ്പെടുന്ന ടാറ്റാ-ബിര്ളമാര്ക്കു പോലും ഒരുകാര്യം ഈ വേഅഗത്തില് സാധിച്ചെടുക്കാന്‍ കഴിയുന്നില്ല എന്നറിയുമ്പോള്‍ ഇതിന്റെ സ്വകാര്യ സംരക്ഷണം ബോദ്ധ്യമാാകും. ഈ മേഖലയില്‍ ട്രേഡ് യൂനിയനില്ല, തൊഴില്‍ തര്‍ക്കമില്ല, ലേബര്‍ നിയമം വെറും നൊക്കുകുത്തി. പൌരാവകാശം പോലും ലംഘിച്ചാല്‍ നിയമനടപടിയില്ല. കേരളത്തിലെ റബ്ബര്‍ പോലെ. നെല്ലിനു ഒരു ലോണിനപേക്ഷിച്ചാല് എത്രയെത്ര ആഫീസുകള്‍ കയറി ഇറങ്ങി കഷ്ടപ്പെട്ടാലാണു അതൊന്ന് തരമാകുക. എന്നാല്‍ റബ്ബറിന്റെ കാര്യമോ? അതിന്റെ പിന്നില്‍ ഒരു ലോബിയുടെ താല്‍പ്പര്യമുണ്ട്. അതുപോലെയാണിതും. സൂക്ഷിക്കുക. ഐ.ടി ഒരു അപകടമേഖലയാണു. ‘അവര്‍’ക്ക് കടത്താവുന്ന ധനത്ത്ഇന്റെ പരിധി കഴിയുകയോ ലാഭം കുറയുകയോ ചെയ്താല്‍ അവര്‍ ഇതൊക്കെ ‘പൊട്ടിക്കും”. ആഗോള സാമ്പത്തികമാന്ദ്യത്തെ മറയാക്കുകയും ചെയ്യും. അതിനവര്‍ ചിലപ്പോള്‍ ‘സത്യം’ പോലും തുറന്ന് പറണ്ജെന്നിരിക്കും. വിവേകമില്ലാത്ത നമ്മുടെ പടിണ്ജാറുനോക്കികള് അതിന്റെ ദുരിതം അനുഭവിക്കാന്‍ ബാദ്ധ്യസ്ഥരാണു.
ഗള്‍ഫ് കാരന്റെ അവസ്ഥ പോലെ,
കാശൊള്ള കാലത്ത് ആളുകള്‍ അവരുടെ ചെരുപ്പ് നക്കും,
കാശില്ലെങ്കില്‍ എല്ലാ പ്രശ്നങ്ങക്കും കാരണം അവരാണ്.
എല്ലാകാലത്തും കൂടുതല്‍ പണം നല്കുന്ന തൊഴിലിനെ ആളുകള്‍ ബഹുമാനിച്ചിരുന്നു. അതോടൊപ്പം തന്നെ പ്രശ്നങ്ങള്‍ വന്നാല്‍ ചീത്തവിളിക്കാനും മടിയില്ല.
ഐ.ടി ഇക്കാലത്തിന്റെ സ്വര്‍ണ്ണ പാത്രം ആയിരുന്നു, ഗള്‍ഫ്കാരും, അതിന് മുമ്പ് മലേഷ്യക്കാരും, സര്‍ക്കാര്‍ ജോലിക്കാരും എല്ലാവരും നായക സ്ഥാനം ആടിയ സമയം ഉണ്ടായിരുന്നു.
ഇതില്‍ വലിയ സാങ്കേതിക പ്രശ്നങ്ങള്‍ ഒന്നുമില്ല. കാശ് കിട്ടുമ്പോള്‍ അത് കൂടുതല്‍ ശേഖരിച്ച് വെക്കുക, ഇല്ലാത്തപ്പോള്‍ ഉള്ളതുകൊണ്ട് ഉള്ളതുപോള് ജീവിക്കുക.
എന്നാലും ഒരുകൂട്ടം തൊഴിലാളികളെ അടച്ചാക്ഷേപിക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല. 25, 30 കൊല്ലമായി ഈ ഔട് സോര്‍സിങ്ങ് പരിപാടി തുടങ്ങിയിട്ട്. ഒരുപാട് നികുതി തൊഴിലാളികള്‍ സര്‍ക്കാരിന് അടച്ചിട്ടുണ്ട്. അവര്‍ ആത്മഹത്യ ചെയ്യാനോ ഭ്രാന്തനാകാനോ ഉള്ള സാഹചര്യമുണ്ടെങ്കില്‍, അതില്‍ നിന്ന് അവരെ രക്ഷിക്കേണ്ട ഉത്തരവാദിത്തം പൊതു സമൂഹത്തിന് ഉണ്ട്.
സാമ്പത്തിക മാന്ദ്യം ബാധിച്ച അനുഭവം അനില്‍ശ്രീ യുടെ ബ്ലോഗ്ഗില്‍ വായിക്കുക. ഐ ടീ മാത്രമല്ല, ഇന്ത്യയ്ക്ക് മാത്രമല്ല, ലോകത്തെ യാകെ ബാധിച്ചിരിക്കുന്നു.
ഐ.ടി മേഖല മാത്രമല്ലല്ലോ ഈ പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുന്നത്. എല്ലാ വിഭാഗങ്ങളിലും തിരിച്ചടി പ്രതീക്ഷിക്ക്കാം. കയറ്റുമതി രംഗത്തും ഈ തകര്‍ച്ച പ്രതീക്ഷിച്ചോളൂ.. കയറ്റി അയച്ച കണ്ടെയിനറുകള്‍ പലതും തിരിച്ചെത്തിയ വാര്‍ത്തകള്‍ ഇപ്പോള്‍ തന്നെ കേള്‍ക്കാന്‍ തുടങ്ങിയിട്ടുണ്ടല്ലോ..
ഓ.ടോ ആണെങ്കിലും ഒരു കാര്യം ചോദിച്ചോട്ടെ ..
"ഗള്‍ഫുകാരുടെ ദ്രോഹം പോലെ തന്നെ കടുത്ത ചതിയാണു ഇവരും മലയാളിയോട് ചെയ്തത്."
അശോക കര്‍ത്ത എന്താണുദ്ദേശിച്ചതെന്ന് മനസ്സിലായില്ല. ഗള്ഫുകാരെല്ലാം കൂടി താങ്കളോടും സമൂഹത്തോടും എന്തെല്ലാം ദ്രോഹങ്ങള്‍ ചെയ്തു എന്നറിഞ്ഞാല്‍ കൊള്ളാം.. ഞാനും ഒരു ഗള്‍ഫുകാരനാണ്.
മലയാളി സമൂഹത്തെ മടിപിടിപ്പിച്ചതിലും അദ്ധ്വാനിക്കാതെ പണമുണ്ടാക്കാമെന്ന് ചിന്തിക്കാന്‍ പ്രേരിപ്പിച്ചതിലും ഗള്‍ഫ് ഇക്കണോമിയുടെ പങ്ക് ചെറുതല്ല. അദ്ധ്വാനിക്കുന്നവന് കര്‍മ്മഫലം അനുഭവിക്കാത്തതും ഗള്‍ഫുകാര്‍ക്കിടയില്‍ മാത്രമാണു. വിശമായ ഒരു പോസ്റ്റില്‍ എല്ലാം വിശദീകരിക്കാം
വളരെ നന്ദി ശ്രീ അശോക് കര്‍ത്താ. ഐ ടീ രംഗത്തെ പ്രശ്നങ്ങളെക്കുറിച്ച് താങ്കളുടെ വ്യാകുലതകളും മറ്റും കമന്റായി വായിച്ചിട്ട് വെറും ജല്പനങ്ങളായിട്ടേ തോന്നിയുള്ളൂ. കുറച്ചു കൂടി കാര്യമാത്രപ്രസക്തമായി, കാര്യകാരണബന്ധത്തോടെയുള്ള വിശദമായ ഒരു പോസ്റ്റ് പ്രതീക്ഷിക്കുന്നു. ഐടീയും ഗള്‍ഫും സാമ്പത്തികമാന്ദ്യവും ഉള്‍പ്പെടുന്ന ആ പോസ്റ്റ് വായിക്കാന്‍ കാത്തിരിക്കുന്നു.
Post a Comment