Search This Blog
Thursday, 26 March 2009
ജനാധിപത്യത്തിലെ അല്‍ഭുതപ്രവര്‍ത്തകര്‍
അതെ,ആരാണു തങ്ങളുടെ കഷി-രാഷ്ട്രീയ വിശ്വാസപ്രമാണങ്ങള്‍ക്കുമപ്പുറം ന്യായാന്യായങ്ങള്‍ നോക്കി വോട്ടു ചെയ്യുന്നത്?അഥവാ ആരാണു പാര്‍ട്ടികളുടേയും മുന്നണികളുടേയും പ്രകടനപത്രികകളും,പ്രവര്‍ത്തന റിക്കാര്‍ഡും ,സ്ഥാനാര്‍ഥികളുടെ കഴിവും താരതമ്യം ചെയ്ത് ,അവയെ സൂക്ഷ്മാപഗ്രഥനം നടത്തി,മുഖം നോക്കാതെ വോട്ട് ചെയ്യുന്നത്?
-അങ്ങനെയൊരു കൂട്ടരുണ്ടു.അവര്‍ ന്യൂനപക്ഷമാണു.അവര്‍ക്ക് മുഖമില്ല.അവരെ ആരും തിരിച്ചറിയുകയില്ല.അവരാണു നിഷ്പക്ഷ വോട്ടര്‍മാര്‍.അവര്‍ ഒരിക്കലും സ്ഥിരമായി ആരെയും തുണയ്ക്കുകയില്ല.അവരെല്ലാം കാണുന്നുണ്ടു.അത്രക്ക് തീക്ഷ്ണമാണു അവരുടെ കണ്ണുകള്‍.അവയെ മറയ്ക്കാനോ കബളിപ്പിക്കാനോ ആര്‍ക്കുമാവില്ല.ഒരു ബാഹ്യസമ്മര്‍ദ്ദത്തിനും വഴന്നുന്നവരല്ല ഇക്കൂട്ടര്‍.
വോട്ടര്‍മാരുടെ അഞ്ചു ശതമാനത്തോളം മാത്രം വരുന്ന ഇവരെ ഭയക്കാത്ത രാഷ്ട്രീയക്കാരില്ല.ഭരണകൂടങ്ങളെ ഉള്ളം കൈയ്യിലെടുത്ത് അമ്മാനമാടുന്ന പാരമ്പര്യമുള്ളവരാണിവര്‍.സിംഹാസനത്തിലിരിക്കുന്നവരെ തൂക്കി പുറത്തേക്കെറിയാനും,ചവറ്റു കുട്ടകളില്‍നിന്ന്,ചാരത്തില്‍ നിന്ന് ,തിരസ്കൃതരെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാനും ത്രാണിയുള്ളവരാണിവര്‍.ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നട്ടെല്ലിവരാണു.മാനവരാശി ഇന്നേവരെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും സുതാര്യമായ ഭരണക്രമത്തെ സജീവവും സക്രിയവുമായി നിലനിര്‍ത്തിപ്പോരുന്ന അല്‍ഭുതപ്രവര്‍ത്തകരാണിവര്‍.
ഒരിക്കലും ആര്‍ക്കും പിടികൊടുക്കാത്ത,ഒരു സ്വാധീനത്തിനും പ്രലോഭനത്തിനും വഴങ്ങാത്ത ഇവരെ ലക്ഷ്യം വെച്ചാണു തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.രാഷ്ട്രീയകഷികള്‍ മുന്നണികള്‍,മത-ജാതി സംഘടനകള്‍ തുടങ്ങിയവയുടെ പ്രഖ്യാപിത നിലപാടുകള്‍ക്കനുസൃതമായി വോട്ടുരേഖപ്പെടുത്തുന്നവരാണു മഹാഭൂരിപക്ഷം പേരും.സത്യത്തില്‍, അവരെ ഒന്നും പറഞ്ഞു മനസ്സിലാക്കേണ്ട കാര്യമില്ല.എന്തുകൊണ്ടെന്നാല്‍ സ്വതന്ത്രമായ നിലപാടുകള്‍ സ്വീകരിക്കുന്നവരല്ല,അവര്‍.എന്തു സംഭവിച്ചാലും അവര്‍ സ്വന്തം സ്ഥാനാര്‍ത്ഥിക്കുതന്നെ വോട്ടു ചെയ്യും.ഏതു കുറ്റിച്ചൂലിനും അവര്‍ സമ്മതിദാനം ചെയ്യും.ഇവയെയാണു ഉറച്ചവോട്ടുകള്‍ എന്നു വിളിക്കുന്നത്.പാര്‍ട്ടിയും സ്ഥാനാര്‍ത്ഥിയും എന്തു അഴിമതി നടത്തിയാലും,അതിക്രമം കാണിച്ചാലും അവര്‍ മാറി വോട്ടു കുത്തുകയില്ല.എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ഇങ്ങനത്തെ വോട്ട് ബാങ്കുകളുണ്ടു.നേതാക്കളോ,കക്ഷികളോ,മത-ജാതി സംഘടനകളോ കളം മാറിച്ചവിട്ടുമ്പോള്‍ മാത്രമേ ഈ വോട്ട്ബാങ്കുകള്‍ക്ക് വിള്ളലുണ്ടാകൂ.അങ്ങനെ സംഭവിക്കുന്നപക്ഷം അതു മുങ്കൂട്ടി പ്രവചിക്കാം;കണക്കെടുപ്പു നടത്തി മറുതന്ത്രങ്ങള്‍ക്കു രൂപം നല്‍കാം.
-പക്ഷേ,ഒന്നിനും വഴങ്ങാത്ത,ഒരു കള്ളിയിലും ഒതുക്കാനാകാത്ത,എപ്പോഴും അദൃശ്യരായിരിക്കുന്ന അതിന്യൂനപക്ഷമാണു രാഷ്ട്രീയക്കാരുടെ ഉറക്കം ശരിക്കും കെടുത്തുന്നവര്‍.അവരെ കൈയ്യാലപ്പുറത്തിരിക്കുന്നവര്‍ എന്നാണു രാഷ്ട്രീയക്കാരും ,നിരീക്ഷകരുമൊക്കെ വിശേഷിപ്പിക്കുന്നത്.ഉറച്ച നിലപാടുകളില്ലാത്ത ,ചഞ്ചലചിത്തരാണത്രേ,അവര്‍.ഒരു തെരഞ്ഞെടുപ്പു സര്‍വ്വെക്കാര്‍ക്കും അവര്‍ പിടികൊടുക്കില്ല.
അവര്‍ അതീവ വിദ്യാസമ്പന്നരോ രാഷ്ട്രീയം അരച്ചുകലക്കി കുടിച്ചവരോ ആയിരിക്കണമെന്നില്ല.അവരില്‍ സാധാരണക്കാരായ പട്ടിണിപ്പാവങ്ങളുണ്ടാകാം.നിരക്ഷരരുണ്ടാകാം.അരെല്ലാം ,സമൂഹത്തിലെ ഓരോ ചലനവും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടു.നമുക്കുവേണ്ടി അവര്‍ സദാ സമയവും ജാഗരൂകരായിരിക്കുന്നു.അന്തിമ വിധി അവരാണു എഴുതുന്നത്.അവരുടെ വോട്ടുകളാണു രാജ്യത്തിന്റെ,സംസ്ഥാനത്തിന്റെ രാഷ്ട്രീയ ജാതകവും തലവരയും അന്തിമമായി മാറ്റിക്കുറിക്കുന്നത്.1977ല്‍ ഇന്ദിരാ ഗാന്ധിയെ കടപുഴക്കിയെറിഞ്ഞു ജനതാപാര്‍ട്ടിയെ അധികാരത്തിലേറ്റിയത് അവരായിരുന്നു.ആഭ്യന്തരഛിദ്രം മൂലം സഹികെട്ട് ആ കക്ഷിയെ തൂത്തെറിഞ്ഞു ഇന്ദിരയെ മടക്കിക്കൊണ്ടു വന്നതും അവരായിരുന്നു.
കഴിഞ്ഞ ലോക് സഭാ-നിയമ സഭാ തെരഞ്ഞെടുപ്പുകളില്‍ കേരളത്തിലെ രണ്ടു മുന്നണികളും തമ്മിലുള്ള വോട്ട് വ്യത്യാസം വെറും 6 ശതമാനത്തോളമായിരുന്നു.ഈ വോട്ടര്‍മാരാണു യഥാര്‍ത്ഥ വിധികര്‍ത്താക്കള്‍. കക്ഷിരാഷ്ട്രീയത്തിന്റെ പടുകുഴിയില്‍ ഒരിക്കലും ഇവര്‍ വീഴില്ല.രാഷ്ട്രീയത്തിലെ സദാചാരത്തിനും മൂല്യങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്നവരാണിവര്‍.നമുക്കിടയില്‍ അദൃശ്യരായിരുന്ന്‍,ഉയര്‍ന്ന രാഷ്ട്രീയാവബോധത്തോടെ നിര്‍ഭയമായി,നിര്‍മ്മമമായി,ശരി തെറ്റുകള്‍ വിലയിരുത്തി സമ്മതിദാനാവകാശം അതീവ ഉത്തരവാദിത്വബോധത്തൊടെ വിനിയോഗിച്ച് ,രാഷ്ട്രത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന ഇവര്‍ക്ക് വന്ദനം.
ജനാധിപത്യത്തിന്റെ നെടും തൂണാണിവര്‍.ഇവരുടെ എണ്ണം ഉയരട്ടെ.
Wednesday, 25 March 2009
ആത്മഹത്യാ മുനമ്പില്‍ സംഭവിച്ചത്...
അയാള്‍ കണ്ണുകളടച്ചു.
ഒന്ന്...രണ്ടു...
പിന്നില്‍ നിന്നൊരു കൈ പെട്ടെന്ന് അയാള ചുറ്റിപ്പിടിച്ചു.
“അരുത്..ചാടരുത്,സഹോദരാ.താഴെ കൊക്കയാണു.പൊടിപോലും കിട്ടൂല്ല.”
“നിങ്ങളെന്നെ വിട്”,അയാള്‍ അക്ഷമനായി.
“നിങ്ങളാര്‍, ഇവിടെ ഈ നേരത്ത് ?ഞാന്‍ ചാടി ചാകാന്‍ തന്നെ വന്നതാ”.
“അരുത് സഹോദരാ..കടുംകൈയ്യൊന്നും ചെയ്യരുത്.വരൂ....നമുക്കെല്ലാറ്റിനും പരിഹാരമുണ്ടാക്കാം”
“അതിനു നിങ്ങളാരു,ദൈവമോ?സമാധാനപരമായി മരിക്കാന്‍ കൂടി സമ്മതിക്കില്ലെന്നു വച്ചാല്‍?നിങ്ങളെന്റെ കൈവിട്ടേ...ദേ,എനിക്കൊന്നും നോക്കാനില്ല.കേട്ടല്ലോ”,അയാള്‍ ക്രുദ്ധനായി.
“സഹോദരാ,ഇവിടുന്ന് താഴേക്ക് ചാടിയാല്‍ നിങ്ങളുടെ പ്രശ്നങ്ങളെല്ലാം തീരുമോ?ശാന്തമായി അലോചിച്ചു നോക്ക്”
“അത് പറയാന്‍ നിങ്ങളാരു?എനിക്കു നിങ്ങളുടെ വേദാന്തം കേള്‍ക്കേണ്ട...മടുത്തു.ഇനി ഒരു നിമിഷം കൂടി എനിക്ക് ജീവിക്കേണ്ട.നിങ്ങള്‍ മാറ്”.
“സഹോദരാ,ഒരു നിമിഷം.ഞാന്‍ പറയുന്നതൊന്ന് കേള്‍ക്ക്.ഈ ഖദര്‍ കണ്ടാലറിയാം തനി രാഷ്ട്രീയക്കാരനാണെന്ന്.സത്യമല്ലേ?പറയൂ, സഹോദരനെ ആരാണു നൊമ്പരപ്പെടുത്തിയത്?”
“നിങ്ങളോട് പറഞ്ഞിട്ടെന്തു കാര്യം?ആരോടും പറഞ്ഞിട്ടൊരു കാര്യവുമില്ല.നിങ്ങള്‍ സമയം മെനക്കെടുത്താതെ പോകുന്നുണ്ടോ”
“സീറ്റു കിട്ടാത്ത പ്രശ്നമാണോ?എങ്കില്‍ ഈയുള്ളവന്റെയടുത്ത് പരിഹാരമുണ്ട്...ഒരു നിമിഷമിരിക്ക് സഹോദരാ.’
“എന്താ,അടുത്ത ഇലക്ഷനില്‍ എനിക്കൊരു സീറ്റൊപ്പിച്ചുതരുമോ?..വെറും സീറ്റല്ല,ജയിക്കുന്ന സീറ്റ്....അങ്ങ് ഡല്‍ഹിക്ക്.അല്ലെങ്കില്‍ അസംബ്ലിക്ക്.എന്താ,നിങ്ങളെക്കൊണ്ട് പറ്റുമോ?”
“ഓ,ഇപ്പം ആളെ മനസ്സിലായി..നിന്ന ഒരു ഇലക്ഷനിലും ജയിക്കാത്ത ആ നേതാവല്ലേ,ഇത്?”
“അതേടോ, ആ ആളു തന്നെ.എന്നെ ജയിപ്പിക്കാന്‍ പറ്റുന്ന വല്ലതും നിങ്ങളുടെ കൈയ്യിലുണ്ടോ?നിങ്ങള്‍ക്കറിയുമോ,ചാവേറാണെടോ ഞാന്‍,ചാവേറ്.ഓരോ ഇലക്ഷനിലും തോറ്റമ്പുമെന്നുറപ്പുള്ള സീറ്റ് എനിക്ക് റിസര്‍വ് ചെയ്ത് വച്ചിരിക്കുകയാ,അവര്‍.ഫണ്ടു പിരിക്കാന്‍ ഞാന്‍ വേണം..ഗ്രൂപ്പ്കളിക്ക് അടിയുണ്ടാക്കാന്‍ ഞാന്‍ വേണം...വെള്ളം കോരാനും വിറക് വെട്ടാനും ഞാന്‍.ജയിക്കുന്ന സീറ്റില്‍ നില്‍ക്കാനും മന്ത്രിയാകാനും മറ്റോര്‍....നിങ്ങള്‍ക്കറിയുമോ,പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെ എട്ട് ഇലക്ഷനിലാ ഞാന്‍ നിന്നത്.എല്ലാറ്റിലും പൊട്ടി.”
“ക്ഷോഭമടക്കൂ,സഹോദരാ.”
“ഇനി വയ്യ.കഴിഞ്ഞ ഇലക്ഷനില്‍ കൂടെ നിന്നവര്‍ പിന്നീന്ന് കുത്തീതാ.ജയിച്ചിരുന്നെങ്കി..!”
“മന്ത്രിയാകാത്തതിന്റെ നിരാശയാണല്ലേ?”
“അതിനാര്‍ക്ക് വേണം മന്ത്രിപ്പണി? വിശ്വാസ വോട്ടെടുപ്പിന്റെ സമയത്ത് എത്ര കോടി രൂപയാ ചാക്കിക്കെട്ടിക്കൊണ്ട് എം.പിമാരുടെ പൊറകേ ഓരോരുത്തര്‍ നടന്നത്! വെറുമൊരു അന്‍പത് കോടി...വേണ്ട ഒരു പത്തിരുപത് കോടിയെങ്കിലും കിട്ടിയിരുന്നെങ്കില്‍!ഇത്തവണ തോറ്റതോടെ പോയെടോ,എല്ലാം കൈവിട്ടു പോയെടോ..സഭേല്‍ നോട്ടുകെട്ടുകള്‍ അവരുയര്‍ത്തിക്കാട്ടിയപ്പോള്‍ എന്റെ ചങ്കു പൊട്ടിപ്പോയെടോ.ഇങ്ങനെയൊരവസരം ഇനി കിട്ടുമോ?കാലു വാരി തോല്‍പ്പിച്ച് എന്റെ അവസരം കെടുത്തിയവന്മാരുടെ തലയില്‍ ഇടിത്തീ വീഴട്ടെ!”
“സമാധാനപ്പെടൂ,സഹോദരാ”.
“ദേ,നിങ്ങളെന്റെ ക്ഷമ പരീക്ഷിക്കരുത്...ഞാന്‍ സമാധാനപ്പെടാം.നിങ്ങളെനിക്ക് ഒരു കോടി...വെറും ഒരു കോടി കൈയ്യില്‍ വച്ചു താ...പത്ത് മുപ്പത് വര്‍ഷമായി സിന്ദാബാദും വിളിച്ചോണ്ട് നടന്നിട്ട് ഒരു കോടിയെങ്കിലും ഒണ്ടാക്കാന്‍ കഴിയാത്ത എനിക്കിനി ജീവിച്ചിരിക്കേണ്ടടോ.നിങ്ങള്‍ മാറ്..ഞാന്‍ താഴേക്ക് ചാടട്ടെ...”
‘’നില്‍ക്കൂ സഹോദരാ..സഹോദരനെന്നെ മനസ്സിലായില്ലേ?ഞാന്‍ മോക്ഷപ്രാപ്താനന്ദ സ്വാമികള്‍.ഈ ആത്മഹത്യാമുനമ്പില്‍ വരുന്നവര്‍ക്കെല്ലാം മോക്ഷമാര്‍ഗ്ഗം അരുളിചെയ്യുന്ന താപസന്‍.”
“കാശില്ലെങ്കിലെന്ത് മോക്ഷം?”
“അങ്ങനെ പറയരുത്,സഹോദരാ..രാഷ്ട്രീയത്തിലിറങ്ങിയിട്ട് ഒരു കോടിയെങ്കിലും ഉണ്ടാക്കാനാവാതെ ഈ ലോകമുപേക്ഷിച്ചു പോകുന്ന ഈ ആത്മാവിനു ശാന്തിലഭിക്കാനായി ഈ താപസ്സന്റെ കൈയ്യാല്‍ സ്ഫുടം ചെയ്തെടുത്ത ഈ ചരട് ധരിച്ചാലും”.
“ങ്ങേ,എന്തായിത്?!”
“ഇതാണു,ക്ഷിപ്ര സ്വര്‍ഗ്ഗപ്രാപ്ത യന്ത്രം!ഇത് അരയില്‍ കെട്ടിയിട്ട് തഴേക്ക് ചാടിക്കോളൂ,സഹോദരാ.
ഉടന്‍ സ്വര്‍ഗ്ഗത്തിലെത്തും.പരലോകത്തെങ്കിലും കോടിപതിയാകും...ങ്ങും, ഇനി മടിച്ചു നില്‍ക്കേണ്ട ,ചാട്..!വണ്‍...ടൂ..ത്രീ..!!!..അങ്ങനെ.....പിന്നെ, ദക്ഷിണയായി ഈ താപസന്‍ കഴുത്തില്‍ കിടന്ന ഈ സ്വര്‍ണ്ണമാല എടുത്തിട്ടുണ്ട്.ഓം,ശാന്തി..ശാന്തി..ശാന്തി!”.
Sunday, 22 March 2009
പാണ്ടിനാട്ടില്‍ എന്തുണ്ടു വൃത്താന്തം?
“എടോ ദിനേശാ,തന്നെ നോക്കി കൊച്ചുവെളുപ്പാന്‍ കാലത്ത് അലാറം വെച്ച് എഴുന്നേറ്റിരുപ്പായിട്ട് ഇന്ന് നാലു ദെവസ്സമായി.”
“അതെന്തിനാ സാറേ.ദേ,സമയം അഞ്ചേ മുക്കാലല്ലേ ആയൊള്ളൂ..ഇത്രയും നേരത്തെ ഇന്നാട്ടില്‍ ആരാ സാറേ പത്രം ഇടുന്നേ?”
“അതൊന്നുമല്ലെടോ,ദിനേശാ.താനിനി കൊച്ചുവെളുപ്പാന്‍ കാലത്ത് തന്നെ പത്രമിട്ടാലും രക്ഷയില്ല.”
“സാറിനിതെന്തു പറ്റി?ഇന്നലെ പത്രം മാറിക്കാണും,അല്ല്യോ?ആ പയ്യനെ ഞാനിന്ന് ശരിയാക്കുന്നുണ്ട്.”
“എടോ ദിനേശാ.ഇന്ന് 31.നാളെ മൊതല്‍ എനിക്ക് പത്രം വേണ്ട”.
“അതെന്താ സാറേ?ഈ പത്രം തന്നെ വേണമെന്നു പറഞ്ഞ് സാറിനു മാത്രമായി വരുത്തുന്നതാ.സാറിങ്ങനെ മാസം മാസം പത്രം മാറ്റി-മാറ്റി അവസാനം പത്രമേ വേണ്ടെന്ന് വെച്ചോ!മലയാളം വേണ്ടെകി നാളെ മൊതല്‍ ഇംഗ്ലീഷ് പത്രമിടാം.തൂക്കി വിറ്റാ നല്ല വെല കിട്ടും,സാറേ.അപ്രത്തെ മാത്തച്ചന്‍ മൊതലാളീടെ വീട്ടിലിപ്പോ ഇംഗ്ലീഷ് പത്രമാ.”
“താന്‍ ദാ,ഈ മസത്തെ കാശ് പിടിച്ചോ.ഇനി തന്റെ ഇംഗ്ലീഷും വേണ്ട;മലയാളോം വേണ്ട....വേയ്സ്റ്റാണെടോ,വേയ്സ്റ്റ്!എടോ,മനുഷ്യനാവശ്യമുള്ളതെങ്ങാനും ഇവിടുത്തെ പത്രങ്ങളിലൊണ്ടോ?”
“സാറിനിനി എന്താ വേണ്ടത്?പത്രം നെറയെ വാര്‍ത്തകളാ..ചൂടു വാര്‍ത്തകള്‍”.
“തനിക്കറിയത്തില്യോ,എന്റെ മോടെ കല്യാണമാ അടുത്ത മാസം.അഞ്ഞൂറു പേര്‍ക്കാ സദ്യ.എലയൊന്നിനു 50 രൂപയ്ക്ക് സദ്യ വിളമ്പാമെന്നു സമ്മതിച്ച കാറ്ററിങ്ങ്കാര്‍ ഒറ്റയടിക്ക് 70 രൂപയാക്കി.ഇനി കല്യാണമാകുമ്പോള്‍ അത് 100 രൂപയാകുമോ എന്റീശ്വരാ!“
‘സാറെ,അതിനു പത്രം വേണ്ടാന്നു വെച്ചിട്ട് എന്തു ലാഭം കിട്ടാനാ?!”
‘“അതോ?എടോ കാശു കൊടുത്ത് പത്രം വാങ്ങുന്നത് ഇത്തരം ചെല കാര്യങ്ങളറിയാനാ.പച്ചക്കറിക്ക് –വെച്ചടി-വെച്ചടി വെല കയറുമോന്നറിയാന്‍ ഇവിടുത്തെ പത്രം നിവര്‍ത്തിപ്പിടിച്ച് മിഴിങ്ങസ്യാന്നിരുന്നിട്ടൊരു വിശേഷവുമില്ലെടോ,...തമിഴ്നാട്ടിലെ പൊള്ളാച്ചി ചന്തേല്‍ എന്തോണ്ട് വിശേഷം എന്നറിയണമെങ്കില്‍ ഇവിടുത്തെ ഈ ഒണക്ക പത്രങ്ങള്‍ വായിച്ചിട്ട് ഒരു കാര്യോമില്ല,..താനൊരു കാര്യം ചെയ്യ്-താനെവിടുന്നെങ്കിലും ഒരു തമിഴ് പത്രം വരുത്തി വായിച്ചിട്ട് അവിടുത്തെ വിശേഷങ്ങള്‍ പറഞ്ഞു താടോ.”
“ഇതു നല്ല കൂത്തായിപ്പോയി,സാറേ”
“എടോ ,ശരിയായ വിവരങ്ങളറിയണമെങ്കില്‍ പാണ്ടിനാട്ടിലെ വിശേഷങ്ങള്‍ ദെവസ്സോം അച്ചടിക്കുന്ന പത്രങ്ങള്‍ തന്നെ വായിക്കണം.അവിടെ എന്നൊക്കെ ഹര്‍ത്താലൊണ്ടു,പുലിപ്രശ്നം കാരണം പുകിലുണ്ടാകുമോ?മുത്തുവേല്‍ കരുണാനിധിയും പുരട്ച്ചി തലൈവിയും പിന്നെയും കടിപിടി കൂടുമോ?അവിടെ എപ്പം മഴ പെയ്യും?മഴ നില്‍ക്കും?എപ്പം കാറ്റടിക്കും?ചൂടെത്ര?ഡാമില്‍ വെള്ളമുണ്ടോ?ചന്തേല്‍ സമരമുണ്ടോ? ഇങ്ങണെയൊള്ള പാണ്ടിവര്‍ത്തമാനങ്ങള്‍ അറിയാണ്ട് കേരളീയനാണെന്നു പറഞ്ഞു ജീവിച്ചിട്ടെന്തു കാര്യം?”
“ശ്ശോ,ഈ സാറു പറയുന്നതാ ശരി”.
‘അതുകൊണ്ടു മോനേ,ദിനേശാ,തന്റെ കൈയ്യില്‍ ഈ പാണ്ടിനാട്ടിലെ വര്‍ത്തമാനങ്ങള്‍ അച്ചടിക്കുന്ന പത്രം വല്ലതുമുണ്ടെങ്കില്‍ ഇട്ടോ.അല്ലെങ്കില്‍ സ്ഥലംവിട്ടോ.എനിക്കൊന്നു പ്രാര്‍ത്ഥിക്കാനുണ്ട്.താനും കൂടിക്കോ...-എന്റീശ്വരന്മാരേ!ഇവിടെ മഴ പെയ്തില്ലേലും അവിടെ മഴ പെയ്യിക്കണേ! പൊള്ളാച്ചിയിലും ,തേനിയിലും ,ബോഡിയിലും,മധുരയിലും പേമാരിയും വരള്‍ച്ചയും ഒണ്ടാക്കല്ലേ.തമിഴ്നാട്ടിലെ അന്നദാതാക്കളായ കര്‍ഷകരെ സര്‍വ്വ ആപത്തുകളില്‍ നിന്നും രക്ഷിച്ച് ഞങ്ങളുടെ കഞ്ഞികുടി മുട്ടിക്കാതിരിക്കേണമേ!”.
Friday, 20 March 2009
നാം,പരീക്ഷണ എലികള്‍?


Thursday, 19 March 2009
മഹാത്യാഗികള്‍ക്ക് പുരസ്കാരം
''ഈ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ബഹുമാന്യനായ എം.എല്‍.എ നിസ്വാര്‍ത്ഥന്‍ പിള്ള ഇതാ എത്തിച്ചേര്‍ന്നിരിക്കുന്നു.നാട്ടിനു വേണ്ടി,നാട്ടാര്‍ക്കു വേണ്ടി,ഇന്നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി സ്വന്തം കുടുംബത്തെപ്പോലും മറന്നു കോണ്ടു നിത്യവും ആത്മാര്‍ത്ഥമായ സേവനം ചെയ്യുന്ന ഇട്ടാവട്ടം പഞ്ചായത്തിലെ ത്യാഗികള്‍ക്ക് സ്നേഹാദരങ്ങള്‍ അര്‍പ്പിക്കാന്‍, ഈ ദേശസ്നേഹികളെ ആദരിക്കാന്‍ കൂടുന്ന ഈ മഹാസമ്മേളനം അല്‍പ്പസമയത്തിനകം ആരംഭിക്കുന്നു.പ്രിയപ്പെട്ട നാട്ടുകാരേ,സുഹൃത്തുക്കളേ!ഇട്ടാവട്ടം പഞ്ചായത്തിലെ ത്യാഗികളെ ആദരിക്കാന്‍ നമ്മുടെ എം.എല്‍.ഏ ഇതാ എത്തിക്കഴിഞ്ഞു".
"ഞാനല്‍പ്പം വൈകിപ്പോയി.തെരഞ്ഞെടുപ്പ് വരികയല്ലേ?ശ്ശേ! തെരക്കോട് തെരക്ക്!പോരാത്തേന്‍ അസ്സംബ്ലീം.അവിടെ കേറണം.എറങ്ങണം.പിന്നേം കേറണം.ഇതൊക്കെപ്പറഞ്ഞാള്‍ ആര്‍ക്കാ മനസ്സിലാകുക.."
"ശരിയാ സാറേ"
"അപ്പഴേ,ഞാന്‍ രണ്ടു വാക്ക് പറയേണ്ടേ?ഓ,ചോദിക്കാന്‍ വിട്ടു.ദേശസ്നേഹികളെ ആദരിക്കൂന്നല്ലേ പറഞ്ഞത്?ബോംബേലും കാഷ്മീരിലുമൊക്കെ ചത്തവരുടെ ബന്ന്ധുക്കളെയായിരിക്കും.സഹായം കൊടുക്കാന്‍ ഞാന്‍ സി..എമ്മിനു എഴുതുന്നുണ്ടു"
"സാറേ!നിസ്വാര്‍ത്താന്‍ പിള്ള സാര്‍ എം.എല്‍.ഏ അവര്‍കളേ!നമസ്കാരം!
"നമസ്കാരം"
"ഈ വാണം വിടുംബോലെ എങ്ങോട്ടാ എന്റെ...ഇലായ്റേ?"
"ങ്ങേ!താന്‍....താന്‍ സ്പിരിറ്റ് മത്തായിയല്യോ?തനിക്കെന്താ ഇവിടെ കാര്യം?"
"അപ്പം സാറിനെന്നെ മനസ്സിലായി,.ദേ,നോക്ക്,സാറിനു വോട്ടു ചെയ്തതിന്റെ മഷി ഇപ്പോഴും ഒണങ്ങീട്ടില്ല.കണ്ണു തൊറന്നൊന്ന് നോക്കിയാട്ടെ.ദാ,ഇബ്ബിടെ ,ഇബ്ബിടെ നോക്കെന്റെ എം.എല്‍.ഏ അവര്‍കളേ.കണ്ടോ,മഷി കണ്ടോ?"
"മത്തായിയേ,ഇത് മോശ്മല്ലേടോ?താനിങ്ങനെ കുടിച്ചു കൂത്താടി നടന്നാല്‍ തന്റെ കുടുംബം പട്ടിണിയാകത്തില്യോ"
"നിസ്വാര്‍ത്ഥന്‍ പിള്ള സാറേ,സാറെന്നെ അങ്ങനെ കൊച്ചാക്കണ്ട എന്റെ സാറേ.സാറിനെപ്പോലുള്ളോര്‍ക്കുവേണ്ടിയാ സാറേ ഞാന്‍ ദെവസ്സോം കുടിക്കുന്നത്.ഇതു പറയുമ്പോള്‍ തന്നെ എന്റെ തൊണ്ട ഇടറുന്നു, സാറേ"
"എടോ,ഇവിടെ ദേശസ്നേഹികളെ ആദരിക്കുന്ന ഒരു ചടങ്ങു നടക്കാന്‍ പോവുകയാ.താനത് അലമ്പാക്കാതെ വേഗം സ്ഥലം വിട്ടോ.അപ്പോ നമുക്ക് പിന്നെക്കാണാം".
"സാറിതും പറഞ്ഞേച്ചങ്ങ് പോകാതെ.സാര്‍ ആരെയാ ആദരിക്കാന്‍ പോന്നത്?ദേ,അവരിവിടിരുന്നാല്‍ പിന്നെ നിസ്വാര്‍ത്ഥന്‍ പിള്ള സാറ് ആരെ ആദരിക്കും?ദേ,ഇങ്ങോട്ടു നോക്കിയാട്ടെ,എം.എല്‍.ഏ സാറെ!"
"ഈ കുടിയന്മാരെയൊക്കെ ആരിങ്ങോട്ട് എഴുന്നുള്ളിച്ച് കേറ്റി?അടോ,ആ പോലീസ്സുകാരെ വിളിച്ച് ഇവന്മാരെ പുറ്അത്താക്ക്.ശ്ശോ!നമ്മുടെ നാടിന്റെ ഒരു ഗതിയേ!എവിടെ ചെന്നാലും മദ്യപാനികള്‍....എടോ,താനാ പോലീസിനെ വിളിക്ക്."
"സംഘാടകര്‍ പരുങ്ങുന്നു.
"എന്താ തനിക്ക് വയ്യേ?എനിക്ക് സമയം കളയാനില്ല.ഈ കുടിയന്മാരെ തൂക്കിയെടുത്ത് പുറത്താക്കീട്ട് മതി,യോഗം.താനാ ആദരിക്കേണ്ടവരുടെ പേരു പറഞ്ഞാട്ടെ,''
"സാറെ,ഞങ്ങളിവരെ ക്ഷണിച്ചു വരുത്തിയതാണു,സാര്‍".
"'ങ്ങേ!എന്തിനു?ഇവിടെന്താ അഖില കേരള കുടിയന്മാരുടെ സമ്മേളനമുണ്ടോ?'"
"സാര്‍ ഞങ്ങളെ ചീത്ത പറയുന്നതെന്തിനാണു സാറെ? ഇവര്‍.ക്ഷണിച്ചു വരുത്തിയതാ ഞങ്ങളെ.സാറ് പൊന്നാട അണിയിക്ക്,സാറെ."
"നിസ്വാര്‍ത്ഥന്‍ പിള്ള സാറ് കേള്‍ക്കണം,ഞങ്ങള്‍ ദെവസ്സോം ബീവറേജസില്‍ ക്യൂ നിന്ന് കുപ്പി വാങ്ങി വെള്ളം ചേര്‍ക്കാതടിച്ച് പൂക്കുറ്റിയായില്ലേല്‍ കാണാം സാറേ ഈ നാടിന്റെ ഗതി.എത്ര കോടി രൂപയാ സാറേ,ഞങ്ങള്‍ ദെവസ്സോം സര്‍ക്കാരിന്റെ ഖജാനയിലേക്കിട്ടു കൊടുക്കുന്നേ.ഈ കുടിയന്മാരുടെ കാശു കൊണ്ടാ സാറെ,സര്‍ക്കാര്‍ തട്ടിമുട്ടി നിലനിന്നു പോകുന്നെ.ഞങ്ങളു കുപ്പി വാങ്ങുന്ന കാശു കൊണ്ടാ സാറേ,സര്‍ക്കാര്‍ ശമ്പളം കൊടുക്ക്വേം പാലം പണിയുകേമൊക്കെ ചെയ്യുന്നത്.".
"അപ്പം നിങ്ങളെയാ ഞാന്‍ ആദരിക്കേണ്ട്,അല്ല്യോ!?എടോ ഗോപാലന്‍ നായരേ..നിങ്ങളെന്നെ അപമാനിക്കാന്‍ വിളിച്ചോണ്ടു വന്നതാ?കുടിയന്‍മാര്‍ക്കാ ത്യാഗിപുരസ്കാരം! എടോ,ഞനിത് അസംബ്ലീല്‍ ഉന്നയിക്കും.അവകാസ ലംഘനത്തിനു എല്ലാറ്റിനേം കൂട്ടില്‍ കേറ്റും.,ഓര്‍ത്തോ."
"പിന്നേ പിന്നേ!ഞങ്ങളെ സാറെന്നാ പുളുത്തുമെന്ന പറയുന്നത്?അസബ്ലീല്‍കേറി അണ്ണാക്ക് വെച്ച് ഇറങ്ങിപ്പോന്നിട്ട് അലവന്‍സും ബാറ്റേമെഴുതിവാങ്ങി ഞെളിഞ്ഞ് ലാത്തുന്നേനു എവിടുന്നാ കാശ്?ഞങ്ങളെപ്പോലുള്ളോരു ദെവസ്സോം കുപ്പിപൊട്ടിക്കുന്നോണ്ടാ ഈ കാശൊക്കെ ഖജനാവിലൊണ്ടാകുന്നേ.ഞങ്ങള്‍ കുടി നിര്‍ത്തിയാ സാറും പട്ടിണി.അബ്ക്കാരികളും പട്ടിണി.ഖജനാവും കാലി.നാട്ടാരും ഗോപി!അതുകൊണ്ട് സാറേ,നിസ്വാര്‍ത്ഥന്‍ പിള്ള സാര്‍ എം.എല്‍.ഏ അവര്‍കളേ!ഇട്ടാവട്ടം പഞ്ചായത്തിലെ ദേശസ്നേഹികളായ ഈ കുടിയന്മാരെ പൊന്നാടയണിയിച്ച്,ത്യാഗീ പുരസ്കാരം നല്‍കി ആദരിച്ചിട്ട് പോയാമതിയെന്റെ സാറെ!വെള്ളം ചേര്‍ക്കാതെ ലാര്‍ജ്ജടിച്ച് ദെവസ്സോം ഖജനാവ് നെറയ്ക്കുന്ന ത്യാഗികളാ,സാറേ,ഞങ്ങള്‍.അതോര്‍മ്മ വേണം,കേട്ടോ!!"
Sunday, 8 March 2009
നൂറാം പോസ്റ്റ്;അഞ്ചു ചോദ്യങ്ങള്‍
-അതിനാല്‍ നല്ല നൂറുള്ള അഞ്ചു ചോദ്യങ്ങള്‍ പൂശാമെന്നു തോന്നുന്നു.വേറൊരാഘോഷത്തിനും പാങ്ങില്ല.ക്ഷമിക്കുക.
അന്താരാഷ്ട്ര വനിതാദിനം പ്രമാണിച്ചാണീ ചോദ്യങ്ങള്‍;
1.എന്തു കൊണ്ടാണു കേരളത്തിലിന്നേവരെ ഒരു സ്ത്രീയും മുഖ്യമന്ത്രിയാകാതിരുന്നത്?
2.എന്തുകൊണ്ടാണു ഇന്നേവരെ കേരളത്തിലെ ഒരു പ്രമുഖ പത്രത്തിനും പത്രാധിപ ഉണ്ടാകാത്തത്?
3.എന്തുകൊണ്ടാണു ഇന്നേവരെ കേരളത്തില്‍ നിന്ന് ഒരു വനിത പോലും രാജ്യ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടാത്തത്?
4.എന്തുകൊണ്ടാണു ഇന്നേവരെ ദേവസ്വം ബോര്‍ഡുകളില്‍ പ്രസിഡന്റുമാരായി ഒരു സ്ത്രീയും നിയമിക്കപ്പെടാത്തത്?
5. എന്തുകൊണ്ടാണു ശബരിമലയും ഗുരുവായൂരുമടക്കമുള്ള പ്രമുഖ ക്ഷേത്രങ്ങളുടെ തന്ത്രി അഥവാ തന്ത്രിണി,മേല്‍ശാന്തി,കീഴ്ശാന്തി സ്ഥാനങ്ങളില്‍ സ്ത്രീകള്‍ അവരോധിക്കപ്പെടാത്തത്?
-ഇനിയൊരു ചോദ്യമുണ്ടു.അതു പരമ രഹസ്യമാണു.ആരോടും പറയണ്ട.അരും കേള്‍ക്കാതെ മനസ്സില്‍ മാത്രം ഉരുവിട്ടാല്‍ മതി.ഉറക്കെപ്പറഞ്ഞാലുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ഈയുള്ളവന്‍ ഉത്തരവാദിയായിരിക്കുന്നതല്ല;
ഈ അഞ്ചു ചോദ്യങ്ങളിലും സ്ത്രീയെന്നതിനു പകരം ‘സി.കെ.ജാനുവിന്റെ കൂട്ടത്തില്‍ പെട്ട വനിത’ എന്നു കൂട്ടിചേര്‍ത്ത് ചോദിക്കുക!
ഇന്നത്തേയ്ക്ക് തല്‍ക്കാലം ഇത്രമാത്രം.അനുബന്ധമായി എന്റെ ഗ്രീന്‍ റേഡിയോ പോഡ്കാസ്റ്റില്‍ സുഗതകുമാരിയുടെ പെണ്‍കുഞ്ഞു’90 എന കവിത ജ്യോതിബായി പരിയാടത്ത് ആലപിച്ചതു കൂടി കേള്‍ക്കുമെല്ലോ.
Friday, 6 March 2009
നിഷേധ വോട്ടിന്റെ പ്രസക്തി
1999ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അകെ വോട്ടുചെയ്തവര്‍ വെറും 59.99 ശതമാനം.(കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ അന്തിമ കണക്കു ലഭ്യമല്ല.ഭരണകക്ഷികള്‍ക്കെല്ലാം കൂടി ലഭിച്ചത് പോള്‍ ചെയ്ത വോട്ടിന്റെ 34.59 ശതമാനം മാത്രമായിരുന്നു!). വോട്ടിന്റെ പകുതിയില്‍ അല്‍പ്പം കൂടുതല്‍ കരസ്ഥമാക്കുന്നവര്‍ ഭരണാധികാരികളാകുന്നു.പാര്‍ലമെന്ററി ഡെമോക്രസിയില്‍ അങ്ങനെയാണു.വോട്ടെടുപ്പില്‍ പങ്കെടുക്കുന്നത് അതിന്യൂനപക്ഷം പേരാണെകിലും അതില്‍ ഭൂരിപക്ഷം വോട്ടു കിട്ടുന്നവര്‍ ജയിക്കും.ഇതിന്റെ ഏറ്റവും വികൃതമായ മുഖം നാം കണ്ടത് അസം വിദ്യാര്‍ത്ഥി പ്രക്ഷോഭകാലത്തായിരുന്നു.അന്നു നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു ശതമാനം പേര്‍ പോലും വോട്ടു ചെയ്യത്ത ധാരാളം മണ്ടലങ്ങളുണ്ടയിരുന്നു.ഒട്ടേറെ മണ്ടലങ്ങളില്‍ നൂറില്‍ താഴെപ്പേര്‍ മാത്രം പങ്കെടുത്ത തെരഞ്ഞെടുപ്പില്‍ ‘ഭൂരിപക്ഷം’ നേടി ജയിച്ചവര്‍ മന്ത്രിമാരായി ഭരണം നടത്തി! പഞ്ചാബിലും, ജമ്മു-കാഷ്മീരിലും പ്രക്ഷോഭകാലത്ത് സമാനമായ അവസ്ഥയുണ്ടായി.ബഹുഭൂരിപക്ഷവും തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചാലും എം.പിമാരും എം.എല്‍.ഏമാരുമുണ്ടാകും.അവര്‍ അധികരം കൈയ്യാളും.അവിടിരുന്നു എന്തു തോന്യാസം ചെയ്താലും സഹിക്കുകയേ വഴിയുള്ളൂ.തിരിച്ചു വിളിക്കാന്‍ വ്യവസ്ഥയില്ല.പ്രധാനപ്പെട്ട തീരുമാനങള്‍ക്ക് ജനഹിത പരിഷോധന നടത്താനും നിയമമില്ല.നമ്മുടെ ജനാധിപത്യത്തിന്റെ മൌലികമായ പോരായ്മയാണിത്.
വോട്ടര്‍മാര്‍ മുഖം തിരിഞ്ഞു നില്‍ക്കുന്നതിനു പല കാരണങ്ങളുണ്ടാകാം.മുഖ്യമായും അവ രാഷ്ട്രീയ കാരണങ്ങളാണു.1952-ല്‍ നടന്ന ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ആവേശപൂര്‍വ്വം പങ്കെടുത്തത് തന്നെ ഉദാഹരണം.അന്നു പോളിങ്ങ് ശതമാനം 61.2 ആയിരുന്നു.1957-ല്‍ അത് 62.2 ശതമാനമായി ഉയര്‍ന്നു.പിന്നെ ജനങ്ങള്‍ക്ക് നമ്മുടെ രാഷ്ട്രീയപ്രസ്ഥാനങ്ങളില്‍ വിശ്വാസം കുറഞ്ഞതിനാലാകം വോട്ടെടുപ്പില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കൂടിയില്ല.പലപ്പോഴും അത് താഴ്ന്നു വന്നു.രാജീവ് ഗാന്ധി വധത്തെതുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പായതിനാലാകണം 1984ലാണു ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ പോളിങ്ങ് ശതമാനം രേഖപ്പെടുത്തിയത്-63.56.
ഇനി വരുന്ന തെരഞ്ഞെടുപ്പില്‍ കൂടുതല്‍ പേര്‍ വോട്ടു ചെയ്യുമോ?അങ്ങനെ സംഭവിക്കാനിടയില്ല.ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിര്‍ണ്ണയിക്കുന്ന യു.പിയില്‍ 2007-ല്‍ നടന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ പങ്കെടുത്തത് വെറും 45 ശതമാനം വോട്ടര്‍മാരായിരുന്നു എന്നോര്‍ക്കുക.ജനങ്ങള്‍ക്ക് രാഷ്ട്രീയപാര്‍ട്ടികളിലുള്ള വിശ്വാസം കുറഞ്ഞോ?അല്ലെങ്കില്‍ വോട്ടുചെയ്യാതിരിക്കുന്നതിലൂടെ അവര്‍ തങ്ങളുടെ പ്രതിഷേധവും അമര്‍ഷവും വെളിപ്പെടുത്തുകയാണോ?
നമ്മുടെ വോട്ടിങ്ങ് സമ്പ്രദായത്തില്‍ അത് രേഖപ്പെടുത്താനുള്ള വ്യവസ്ഥയില്ലാത്തതിനാല്‍ അനുമാനങ്ങളിലെത്തുകയേ നിര്‍വാഹമുള്ളൂ.എന്തുകൊണ്ടു,മത്സരിക്കുന്ന ഒരു സ്ഥാനാര്‍ഥിയ്ക്കും വോട്ടില്ല എന്നു പറയാന്‍ പൌരര്‍ക്ക് അവകാശമില്ല?പോളിങ്ങ് ബൂത്തില്‍ ചെന്ന് ബാലറ്റില്‍ ഇങ്ങനെ ‘നെഗറ്റീവ് വോട്ട്’ രേഖപ്പെടുത്താന്‍ വ്യവസ്ഥചെയ്യണമെന്ന് ആവശ്യപ്പെടുന്ന ഒരു പൊതുജന താല്പര്യ ഹര്‍ജി വലിയ ബഞ്ചിന്റെ പരിഗണനക്ക് കഴിഞ്ഞമാസം സുപ്രീം കോടതിയുടെ രണ്ടംഗ ബഞ്ച് വിട്ടതോടെ ഇത് ഇപ്പോല്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടു.പി.യു.സി.എല്ലാണു ഹര്‍ജിക്കാര്‍.വോട്ടവകാശത്തെക്കുറിച്ചു സുപ്രീം കോടതി മുന്‍പു പുറപ്പെടുവിച്ച രണ്ടു വിധികളില്‍ അവ്യക്തതയുള്ളതിനാലാണു വലിയ ബഞ്ചിനു റഫര്‍ ചെയ്യപ്പെട്ടത്.
ഇലക്ട്രോണിക്ക് വോട്ടിങ്ങ് മെഷീനില്‍ സ്ഥാനാര്‍ഥികളുടെ പേരിനു താഴെ ‘ഇവരൊന്നുമല്ല(none of the above)‘ എന്നു ഒരു ബട്ടന്‍ കൂടി ചേര്‍ക്കണമെന്നാണു ഹര്‍ജിക്കാരുടെ ആവശ്യം.കേന്ദ്ര സര്‍ക്കാര്‍ ,പക്ഷേ,ഇതംഗീകരിക്കുന്നില്ല.ജനപ്രാതിനിധ്യനിയമത്തിലെ 49(ഒ),128 വകുപ്പുകള്‍ പ്രകാരം,പോളിങ്ങ് ബൂത്തിലെത്തിയ ശേഷം വോട്ടു ചെയ്യാതെ മടങ്ങാന്‍ വ്യവസ്ഥയുണ്ടെന്നാണു സര്‍ക്കാര്‍ വാദിക്കുന്നത്.വോട്ടു ചെയ്യുന്നില്ലെന്ന് ഒരാള്‍ അറിയിച്ചാല്‍ അത് റൂള്‍ ബുക്കില്‍ രേഖപ്പെടുത്തിയ ശേഷം ഒപ്പുവാങ്ങി വിടാനാണു വ്യവസ്ഥ.ഇത് വോട്ടിന്റെ രഹസ്യ സ്വഭാവത്തെ ഹനിക്കുമെന്നു ഹര്‍ജിക്കാര്‍ പറയുന്നു.പക്ഷേ രഹസ്യ വോട്ടെടുപ്പ് എന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 55 അനുസ്സരിച്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്ന പാര്‍ലമെന്റ് അംഗങ്ങള്‍ക്കു മാത്രമേയുള്ളുവത്രേ.മാത്രമല്ല, നെഗറ്റീവ് വോട്ടിങ്ങിനു നിയമഭേദഗതി കൊണ്ടുവരുന്നതു കോണ്ട് യാതൊരു പ്രയോജനവും ഉണ്ടാകുകയില്ലെന്നും കേന്ദ്ര സര്‍ക്കാരിനു അഭിപ്രായമുണ്ടു.വോട്ടെടുപ്പു കേന്ദ്രത്തില്‍ ക്യൂ നിന്ന് നിഷേധ വോട്ടു ചെയ്യാന്‍ നല്ലൊരു ശതമാനം പേര്‍ തയ്യാറാകത്തില്ലത്രേ.
അതെന്തായാലും തെരഞ്ഞെടുപ്പു കമ്മീഷനു ഈ അഭിപ്രയമല്ല ഉള്ളത്.2001ല്‍ തന്നെ നിഷേധ വോട്ടിനു വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതി ജനപ്രാതിനിധ്യനിയമത്തില്‍ വരുത്തണമെന്നു കമ്മീഷന്‍ സര്‍ക്കാരിനു എഴുതിയിരുന്നു.ഇപ്പോഴും അവര്‍ ആ നിലപാടില്‍ അവര്‍ ഉറച്ചു നില്‍ക്കുകയാണു.
-ഉന്നത നീതി പീഠം നിഷേധ വോട്ടിനു പച്ചക്കൊടി കാണിക്കുമോ?
ആദര്‍ശം പരണത്ത് വെച്ച് അധികാരത്തിനു വേണ്ടി മാത്രം മുന്നണികള്‍ തട്ടിക്കൂട്ടുന്നവര്‍ക്കും,കാറ്റനുസരിച്ച് കാലുമാറുന്നവര്‍ക്കും,സ്വഭാവശുദ്ധി തീരെയില്ലാത്തവര്‍ക്കും,അഴിമതി വീരര്‍ക്കും ,അപഥസഞ്ചാരികള്‍ക്കും,ക്രിമിനലുകള്‍ക്കും വോട്ടില്ല എന്ന് ധൈര്യപൂര്‍വ്വം ബാലറ്റില്‍ രേഖപ്പെടുത്താന്‍ വോട്ടര്‍ക്ക് അവസരം ലഭിക്കുമെങ്കില്‍ അത് ജനാധിപത്യത്തെ അര്‍ഥവത്താക്കും.വിഴിപ്പുകളെയും,കളങ്കിതരെയും വോട്ടര്‍മാരുടെ തലയില്‍ കെട്ടി വെയ്ക്കുന്ന ദുരന്തത്തിന അറുതിവരും.ഒരു പക്ഷേ, ചില മണ്ടലങ്ങളിലെങ്കിലും ‘ഈ സ്ഥാനാര്‍ത്ഥികളില്‍ ഒരാളെയും ഞങ്ങള്‍ക്ക് വേണ്ട’ എന്ന് ഭൂരിപക്ഷവും രേഖപ്പെടുത്തിയെന്നുമിരിക്കും.
-എന്നിട്ടും ജയിച്ചു കയറുന്നവര്‍ സമൂഹമദ്ധ്യത്തില്‍ അപഹാസ്യരാകും.തിരസ്കൃതരാകും.അപ്പോള്‍ ജനാധിപത്യം കൂടുതല്‍ ശക്തിപ്പെടുകയേയുള്ളൂ..ന്യൂനപക്ഷത്തിന്റെ മാത്രം വോട്ടു നേടി ഭൂരിപക്ഷത്തിനു മേല്‍ കുതിരകയറുന്നവര്‍ക്ക് നില്‍ക്കക്കള്ളിയില്ലാതാവും.
ബഹുജനഹിതത്തിനു നേരെ മുഖം തിരിഞ്ഞു നില്‍ക്കുന്നവര്‍ക്ക് നിഷേധ വോട്ടിലൂടെ ഷോക്ക് ട്രീറ്റ്മെന്റ് കൊടുക്കുന്നതിനു മാത്രമായി ജനം പോളിങ്ങ് ബൂത്തുകളിലേക്ക് പോയിക്കുടെന്നില്ല.അങ്ങനെയെങ്കില്‍ വോട്ടിങ്ങ് ശതമാനം കുതിച്ചുയരും.ഇന്ത്യന്‍ ജനാധിപത്യം പുഷ്ടിപ്പെടും.
feedjit
Followers
MY BOOKS -1

(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍
സൂക്ഷ്മദര്‍ശിനി BOOKS-2

സൂക്ഷ്മദര്‍ശിനി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ