ഓരോ ജീവജാലത്തിന്റേയും കോശകേന്ദ്രങ്ങളിലെ ജീനുകളില്‍ ജീവന്റെ രഹസ്യങ്ങള്‍ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നു.ഓരോ സ്വഭാവഗുണവും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത് ജീനുകളിലൂടെയാണു.അനാദി കാലം മുതലുള്ള പ്രപഞ്ചനിയമമതാണു.അതുകൊണ്ടാണു മനുഷ്യന്‍ കുരങ്ങിനേയും കീടത്തേയും പ്രസവിക്കാത്തത്;മറിച്ചും.തക്കാളി നട്ടാല്‍ ചക്കയുണ്ടാകില്ല.മാവില്‍ നിന്നു ആപ്പിളുണ്ടാകില്ല.
പക്ഷേ,ഇനി അങ്ങനെ സംഭവിച്ചു കൂടായ്കയില്ല.ജനിതക എഞ്ചിനിയറിങ്ങിലൂടെ മനുഷ്യന്‍ ജീവന്റെ രഹസ്യത്തില്‍ ഇടപെട്ടതിനാല്‍ അതിനു വഴിയൊരുങ്ങിയിരിക്കുന്നു.ഒരു ജിവിവര്‍ഗ്ഗത്തിന്റെ ജീനെടുത്ത് അതുമായി ഒരു ബന്ധവുമില്ലാത്ത മറ്റൊന്നിന്റെ ജനിതകഘടനയില്‍ നിക്ഷേപിച്ചു പുതിയ ജിവിവര്‍ഗ്ഗത്തേയോ നവഗുണങ്ങളേയോ സൃഷ്ടിച്ചെടുക്കലാണു ജെനറ്റിക് മോഡിഫിക്കേഷന്‍.ഒരു പുസ്തകത്തിന്റെ ഏതാനും പേജുകളെടുത്ത് മറ്റൊരു പുസ്തകത്തില്‍ വെച്ച് കുത്തിക്കെട്ടുന്നതു പോലെയാണത്.മഹാത്മാ ഗാന്ധിയുടെ ആത്മകഥയില്‍ ഗോഡ്സേയുടെ ആത്മഗതങ്ങള്‍ ചേര്‍ത്താല്‍ എന്തുണ്ടാവും?
ജീവന്റെ അടിസ്ഥാനശിലകള്‍ ഇഷ്ടാനുസ്സരണം മാറ്റിമറിക്കാമെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത് 1970തുകളിലായിരുന്നു.എട്ടുകാലിവലയിലെ പ്രോട്ടീനുകള്‍ ആട്ടിന്‍ പാലില്‍ ഉണ്ടാക്കണോ?എട്ടുകാലിയുടെ ജീനുകള്‍ ആടിന്റെ ജീനുകളിലേക്ക് കടത്തിവിടുക!
ഇതു സൃഷ്ടിക്കുന്നത് വന്‍ പ്രത്യാഘാതങ്ങളാണു.ജനിതകക്രമത്തില്‍ മാറ്റം വരുത്തുന്നതോടെ ഒരു സസ്യത്തിന്റേയോ ജീവിയുടേയോ സ്വാഭാവിക വളര്‍ച്ച,രൂപം,ഗുണവിശേങ്ങള്‍ തുടങ്ങിയവയില്‍ മാറ്റമുണ്ടാകാം. വിളകളില്‍ ,ഇവ ആഹരിക്കുന്നവരിലേക്ക് അതിന്റെ പ്രത്യാഘാതങ്ങള്‍ വ്യാപിക്കാം.കൃഷി ചെയ്യുന്നവരിലും പരിസ്ഥിതിയിലും ഇവ നാശം വിതയ്ക്കാം.
-എന്നിട്ടും എന്തിനാണു ശാസ്ത്രജ്ഞരും ഭരണകൂടങ്ങളും ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങള്‍ക്കും വിളകള്‍ക്കും വേണ്ടി വാദിക്കുന്നത്?അതിനു ഒട്ടേറെ നല്ല ഗുണങ്ങളുണ്ടെന്നു അവര്‍ സാക്ഷ്യപ്പെടുത്തുന്നു.ഉദാഹരണത്തിനു, ജനിതക മാറ്റം വരുത്തിയുണ്ടാക്കുന്ന സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള പുതിയ ഇനം അരിയില്‍ ബീറ്റാകരോട്ടിന്‍ കൂടുതല്‍ അളവില്‍ അടങ്ങിയിരിക്കുന്നു.വിറ്റാമിന്‍ ഏയുടെ അഭാവം കാരണം അന്ധതയുല്പെടെയുള്ള രോഗങ്ങള്‍ ബാധിക്കുന്നത് തടയാന്‍ ഈ അരി കഴിച്ചല്‍ മതിയത്രെ.1996-ല്‍ മാസങ്ങളോളം കേടുകൂടാതെയിരിക്കുന്ന പുതിയ തക്കാളി ഒരു സ്ഥാപനം വിപണിയിലിറക്കി-Calgene's Flavrsavr Tomato.ഈ തക്കാളിയുടെ ഗുണഗണങ്ങളില്‍ സംശയം തോന്നിയ ചിലര്‍ കാല്‍ജീന്‍സ് നടത്തിയ ലാബ് പരീക്ഷണങ്ങളുടെ ഫലം കോടതി മുഖേന പുറത്ത് കൊണ്ടുവന്നു.28 ദിവസം നീണ്ട മൂന്നു പരീക്ഷണങ്ങളായിരുന്നു അവര്‍ എലികളില്‍ നടത്തിയത്.ജനിതക മാറ്റം നടത്തിയ ഓരോ തക്കാളി വീതം കൊടുത്തായിരുന്നു പരീക്ഷണം.തക്കാളി തിന്ന 40 എലികളില്‍ 7 എണ്ണം രണ്ടാഴ്ചക്കകം ചത്തു.
ജനിതകമാറ്റം വരുത്തിയ ഭക്ഷ്യധാന്യങ്ങള്‍ കഴിച്ചവരില്‍ ക്രമരഹിതമായ വളര്‍ച്ച,പ്രതിരോധശേഷിക്കുറവു,വങ്കുടലില്‍ അപകടകരമായ കോശങ്ങളുടെ വളര്‍ച്ച,കരള്‍-ശ്വാസകോശ-വൃക്ക വീക്കം,ബുദ്ധിവളര്‍ച്ചക്കുറവ്,പാങ്ക്രിയാസ്-ചെറുകുടല്‍ വീക്കം,രക്തത്തില്‍ അമിതമായ തോതില്‍ പഞ്ചസാരയുടെ സാന്നിദ്ധ്യം തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടു.കുട്ടികളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ടു.ഇപ്പോഴത്തെ കുട്ടികള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്ന, പായ്ക്കറ്റില്‍ കിട്ടുന്ന വറുത്ത ഉരുളങ്കിഴങ്ങും,ചോളവും ജനിതകമാറ്റംവരുത്തിയ ,ഇറക്കുമതി വിത്തിനങ്ങളില്‍ നിന്ന് കൃഷിചെയ്തുണ്ടാക്കിയതാണെന്നു ആരോപണം ഉയര്‍ന്നിട്ടുണ്ടു.ദല്‍ഹിയിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഇങ്ങനെയുള്ള ഭക്ഷ്യവസ്തുക്കള്‍ ഉള്ളതായി പരിസ്ഥിതിസംഘടനകല്‍ ആരോപിക്കുന്നു.
അമേരിക്കയില്‍ ജി.എം ഫൂഡ്സിനു അത് തിരിച്ചരിയാനുള്ള പ്രത്യേക ലേബല്‍ നിര്‍ബ്ബന്ധിതമാക്കിയിട്ടുണ്ടു.പക്ഷേ, ഇന്ത്യയില്‍ അത്തരം നിയന്ത്രണങ്ങളൊന്നുമില്ല.1996-ല്‍ ബ്രിട്ടനിലും 1998-ല്‍ റഷ്യയിലും നടത്തിയ പഠനത്തിലായിരുന്നു ജനിതകമാറ്റം വരുത്തിയ ഉരുളങ്കിഴങ്ങു സൃഷ്ടിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ആദ്യമായി ലോകമറിഞ്ഞത്.അത് ദഹനവ്യവസ്ഥയേയും മസ്തിഷ്കവളര്‍ച്ചയേയും അവതാളത്തിലാക്കിയതായി അവര്‍ കണ്ടെത്തി.അതേഗണത്തില്‍ പെട്ട ഉരുളങ്കിഴങ്ങു വറുത്തതാണു നമ്മുടെ കുട്ടികളുടെ ഇഷ്ടഭക്ഷണമെങ്കില്‍ അധികൃത ശ്രദ്ധ അടിയന്തിരമായി ഇതിലേക്ക് പതിയേണ്ടിയിരിക്കുന്നു.
പായ്ക്കറ്റില്‍ കിട്ടുന്ന 'റെഡി റ്റു ഫ്രൈ'.ചോളമാണു ,കുട്ടികളുടെ പ്രിയപ്പെട്ട മറ്റൊരു ആഹാരം.ഫിലിപ്പീന്‍സില്‍ മൊന്‍സാന്റോ കമ്പനി വന്തോതില്‍ ജി.എം.കോണ്‍സ് കൃഷിചെയ്യുന്ന പാടങ്ങള്‍ക്കു സമീപമുള്ള ഗ്രാമങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നതു ഓര്‍ക്കുക.അലര്‍ജിയും പനിയുമായിരുന്നു ഒഴിപ്പിക്കലിനു കാരണം.ജി.എം സോയ കാലിത്തീറ്റക്കായി കൃഷി ചെയ്യുന്ന ബ്രിട്ടനില്‍ 1999-ല്‍,തൊട്ടടുത്ത് താമസിക്കുന്ന 10 ശതമാനത്തിലധികം പേര്‍ക്ക് സോയ അലര്‍ജി ബാധിച്ചു.ഹൃദ് രോഗങ്ങള്‍ക്കും കാന്‍സറിനും കാരണമകുന്ന ഘടകങ്ങള്‍ ജി.എം സോയയില്‍ അടങ്ങിയിരിക്കുന്നതായി പഠനറിപ്പോര്‍ട്ടുകളുണ്ടു.
ജനിതകമാറ്റം വരുത്തിയ പരുത്തി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സര്‍ക്കാറിന്റെ പ്രോല്‍സാഹനത്തോടെ ഇന്ത്യയില്‍ കൃഷി ചെയ്യുന്നുണ്ടു.കൂടുതല്‍ വിളവു,കുറഞ്ഞ ചെലവ് എന്നീ മോഹനവാഗ്ദാനങ്ങള്‍ നല്‍കി ആന്‍ഡ്രയിലും മറ്റും ബി,ടി.കോട്ടന്‍കൃഷിക്കിറങ്ങിയ കര്‍ഷകര്‍ കടം കേറി ആത്മഹത്യ ചെയ്യുന്നതാണു നാം കണ്ടത്.ബി.ടി കോട്ടന്‍ കീടങ്ങളെ പ്രതിരോധിക്കുന്ന പ്രോട്ടീന്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ടത്രേ.ഇതു കാരണമാകാം,പരുത്തി കൃഷി ചെയ്യുന്ന സ്ഥലങ്ങളില്‍ മേഞ്ഞുനടന്ന 12000 കാലികള്‍ ചത്തുപോയി.ഈ പരുത്തിയുടെ ഇലകള്‍ തിന്ന ആടുകളുടെ പ്രത്യുല്‍പ്പാദനക്ഷമത കുറഞ്ഞതായും കണ്ടെത്തിയിട്ടുണ്ടു.മദ്ധ്യപ്രദേശില്‍ ബി.ടി.കോട്ടന്‍ കൃഷിചെയ്യുന്ന ഇടങ്ങളില്‍ ചെടിയില്‍ തൊട്ട് അഞ്ചുമണിക്കൂറിനുള്ളില്‍ കണ്ണെരിച്ചില്‍ പോലുള്ള അലര്‍ജിരോജങ്ങളുണ്ടായതായും കണ്ടെത്തിയിട്ടുണ്ട്,
ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങള്‍ പാരിസ്ഥിതികാസന്തുലനം സൃഷ്ടിക്കുന്നുണ്ടു.ഇവയുടെ വേരുകള്‍ പുറപ്പെടുവിക്കുന്ന വിഷവസ്തു മണ്ണിലെ സൂക്ഷ്മജീവികളെ നശിപ്പിക്കുന്നതോടെ ഫലഭുയിഷ്ടത കുറയുന്നു.ഈ വിഷവസ്തു വെള്ളത്തില്‍ കലര്‍ന്ന് ജലാശയങ്ങളേയും മലിനപ്പെടുത്തും.മറ്റു വിളകളിലും ജനിതകമാറ്റത്തിനു കാരണമാകും.അങ്ങനെ അത് ജൈവവൈവിധ്യത്തെ തന്നെ താറുമാറാക്കും.
ഈ സാഹചര്യത്തില്‍ വേണം സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിനു വിരുദ്ധമായി അട്ടപ്പാടിയില്‍ ബി.ടി.കോട്ടന്‍ കൃഷി ചെയ്യുന്നുവെന്ന വാര്‍ത്തകളെ സഗൌരവം വീക്ഷിക്കാന്‍.സ്വാര്‍ത്ഥലാഭത്തിനു വേണ്ടി നമ്മുടെ പരിസ്ഥിതിയുടെ താളം തന്നെ തെറ്റിക്കുന്ന അന്തകവിത്തുകള്‍ക്കായി നമ്മുടെ കൃഷിയിടങ്ങള്‍ തുറന്നുകൂടാ.അട്ടപ്പാടിയില്‍ തന്നെ ബി.ടി വഴുതിനങ്ങയും കൃഷി ചെയ്യുന്നതായി വാര്‍ത്തയുണ്ടു.
എല്ലാ എതിര്‍പ്പുകളേയും അവഗണിച്ചുകൊണ്ടു ഇന്ത്യയുടെ മണ്ണ് അപകടകരമായ ജനിതക പരീക്ഷണങ്ങള്‍ക്ക് തുറന്നു കൊടുക്കുന്നതിന്റെ പ്രത്യാഘാതങ്ങളെക്കുരിച്ച് നമ്മുടെ പൊതുസമൂഹം ബോധവല്‍കൃതമല്ല.
ആദ്യം ജനിതക മാറ്റം വരുത്തിയ വഴുതിനങ്ങ കൃഷി ചെയ്യാനാണു ഭാരത സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.പിന്നാലെ മറ്റു ഭക്ഷ്യവസ്തുക്കള്‍ക്കും അനുമതി കിട്ടും.
-അങ്ങനെ ഓരോ ഇന്ത്യക്കാരനും ഓരോ പരീക്ഷണ എലിയാകാന്‍ പോവുകയാണു.
No comments:
Post a Comment