ഇന്നു കേരളത്തില്‍ ഏറ്റവുമധികം പ്രതിമകളും സ്മാരകങ്ങളുമുള്ളത് ശ്രീനാരായണ ഗുരുവിനാണു.ജീവിച്ചിരിക്കെ തന്നെ ശിഷ്യരാല്‍ അപമാനിയ്ക്കപ്പെട്ട്,മനസ്സുകൊണ്ടുംശരീരം കോണ്ടും താന്‍ സ്ഥാപിച്ച എസ്.എന്‍.ഡി.പി യോഗത്തെ ഉപേക്ഷിച്ച ആ കര്‍മ്മയോഗിയെ പിന്‍ഗാമികള്‍ ജാതിസംഘടനയുടെ ചട്ടക്കൂട്ടിനുള്ളില്‍ തളച്ചിട്ട് മനുഷ്യദൈവമാക്കി വിഗ്രഹവല്‍ക്കരിച്ചിരിക്കുന്നു.എല്ലാ മഹാന്മാരും ഇങ്ങനെ പിന്‍ഗാമികളാല്‍ എവിടെയും നിഷ്കകരുണം അപമാനിക്കപ്പെടാറുണ്ട്.ഉത്തര്‍പ്രദേശിലെ പ്രതിമകളും സ്മാരകങ്ങളും ഈ പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണു.
മായാവതി സ്ഥാപിക്കുന്ന പ്രതിമകളില്‍ ശ്രീനാരായണഗുരുവിന്റെ ലോകത്തെ ഏറ്റവും വലിയ പ്രതിമയും ഉള്‍പ്പെടുന്നു എന്നത് യാദൃച്ഛികമല്ല.ഒരു പക്ഷേ ,സര്‍ക്കാര്‍ തലത്തില്‍ സ്ഥാപിക്കപ്പെടുന്ന ആദ്യത്തെ ശ്രീനാരായണ ഗുരുപ്രതിമയും അതാകാം.(അങ്ങനെ കേരളത്തില്‍ സംഭവിച്ചിരുന്നെങ്കില്‍ ശ്രീനാരായണഗുരുവിനെ കണ്ണാടിക്കൂട്ടിലടച്ച് ദൈവമാക്കി വെള്ളാപ്പാള്ളിയുടെ കൂട്ടര് സ്വകാര്യസ്വത്താക്കില്ലായിരുന്നു).
ജാതിവിവേചനങ്ങള്‍ക്കെതിരെ അധസ്ഥിതജനതയെ ഉണര്‍ത്തിയ കര്‍മ്മയോഗികളായ സാമൂഹികവിപ്ലവകാരികളുടെ പ്രതിമകളും സ്മാരകങ്ങളും പതിതജനതയെ പ്രചോദിപ്പിച്ചേക്കാം.അവരുടെ അത്മവീര്യം ഉണര്‍ത്തിയേക്കാം. അംബേദ്കറിന്റേയും കാന്‍ഷിറാമിന്റേയും സ്മാരകങ്ങള്‍ ജനലക്ഷങ്ങള്‍ക്ക് വഴികാട്ടികളായേക്കാം.
പക്ഷേ,ഇതോടൊപ്പം തന്റെ കൂടി പൂര്‍ണ്ണകായപ്രതിമകള്‍ സ്ഥാപിച്ച് സ്വയം അപഹാസ്യയാകുന്നവരെക്കുറിച്ച് എന്തു പറയാന്‍!തന്റെ മാത്രം പ്രതിരൂപത്തെ സ്നേഹിക്കുന്ന ആധുനിക നാര്‍സിസിസ്റ്റുകള്‍ സ്വപ്രതിമമാനിര്‍മ്മാണത്തിനായി ഖജവാവ് ചോര്‍ത്തുമ്പോള്‍ സംഭവിക്കുന്നത് ജനാധിപത്യത്തിന്റെ തന്ന അപമാനവല്‍ക്കരണമാണു.ജീവിച്ചിരിക്കുന്നവരുടെ നിശ്ചേതനമായ പ്രതിമകള്‍ ആരെയും പ്രചോദിപ്പിക്കില്ല.അവ ചരിത്രത്തിലെ കോമാളിത്തങ്ങളായി അവശേഷിക്കും.അധികാരം തലയ്ക്കു പിടിച്ച ദുരാത്മാക്കളുടെ അധികാരപ്രമത്തതയുടെ സ്മാരകങ്ങളാണവ. ആദര്‍ശങ്ങള്‍ വിസ്മരിച്ച്,അവയെ വ്യഭിചരിച്ച്, അധികാരപദവികള്‍ സ്വന്തം സുഖത്തിനും ആര്‍ഭാടത്തിനുമായി നഗ്നമായി ദുരുപയോഗം ചെയ്യുന്നവര്‍ ജനാധിപത്യത്തിന്റെ ആരാച്ചാരന്മാരാണു.അവരെ കാലം ചവറ്റുകുട്ടയിലെറിയും.
പക്ഷേ, ഇതൊരു പുതിയ പ്രതിഭാസമല്ലെന്നു നമുക്കറിയാം.ഓരോ കാലത്തും അധികാരത്തിലിരുന്നവര്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കും നിക്ഷിപ്തരാഷ്ട്രീയലക്ഷ്യങ്ങള്‍ക്കും അനുശ്രുതമായി അധികാരം ദുര്‍വിനിയോഗം ചെയ്തിട്ടുണ്ടു:പൊതു മുതല്‍ കൊള്ളയടിച്ചിട്ടുണ്ടു.തങ്ങളുടെ മനസ്സിനുള്ളിലെ ജാതിഭ്രാന്ത് പ്രതിഫലിപ്പിക്കുന്ന തീരുമാനങ്ങളെടുത്തിട്ടുണ്ടു.ഭരണഘടനാശില്‍പ്പി ഡോ.ബി.ആര്.അംബേദ്ക്കറുടെ ചിത്രം പാര്‍ലമെന്റ് ഹാളില്‍ വെച്ച് ജനാധിപത്യത്തിന്റെ ശ്രീകോവില്‍ അശുദ്ധമാക്കാതിരിക്കാന്‍ ശുഷ്കാന്തി പുലര്‍ത്തിയവരാണു വി.പി.സിങ്ങിനു മുന്‍പുവരെയുള്ള ഭരണാധികാരികള്‍.പണ്ട് ,ഉപപ്രധാനമന്ത്രിയായിരുന്ന ജഗ്ജ്ജീവന്‍ റാം അനാച്ഛാദനം ചെയ്ത ഗാന്ധിജിയുടെ പ്രതിമ ചാണകവെള്ളം തളിച്ച് ശുദ്ധീകരിച്ചവരുടെ പിന് ഗാമികള്‍ ഇന്നും പൊതുജീവിതത്തില്‍ വിരാജിക്കുന്നുണ്ടു.അവരുടെ പരമ്പര കുറ്റിയറ്റിട്ടില്ല.
സ്വതന്ത്ര ഇന്ത്യയില്‍ പൊതുഖജനാവില്‍ നിന്നെടുത്ത പണമുപയോഗിച്ച് നിര്‍മ്മിച്ച പ്രതിമകളേയും സ്മാരകങ്ങളേയും കുറിച്ച് ആരെങ്കിലും പഠനം നടത്തിയിട്ടുണ്ടോ?അവയുടെ ഒരു കാനേഷുമാരി നടത്തിയാല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ കിട്ടും.
നമ്മുടെ ദേശീയ സ്മാരകങ്ങളില്‍ ബഹുഭൂരിപക്ഷവും ഗാന്ധിമാരുടേതാണു-മഹാത്മാ ഗാന്ധി മുതല്‍ ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും വരെയുള്ള ദേശീയ നേതാക്കളുടേതാണു ഈ സ്മാരകങ്ങളിലേറെയും.സജ്ഞയ് ഗാന്ധിയ്ക്കു പോലും ആവശ്യത്തിലേറെ ദേശീയ സ്മാരകങ്ങളുള്ള നാട്ടില്‍ പുതിയ പദ്ധതികളും ,പാലങ്ങളും,വിമാനത്താവളങ്ങളും,വിദ്യാഭ്യാസ സ്ഥാപനങ്ങളും,റോഡുകളുമൊക്കെ അനുദിനം അവരുടെ സ്മരണയ്ക്കായി പിന്നേയും ഉയരുന്നു.
എന്തു കൊണ്ടാണു ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടേയും,ഗുത്സാരിലാല്‍ നന്ദയുടേയും,മറോര്‍ജി ദേശായിയുടേയും മറ്റും പേരില്‍ അഞ്ചുശതമാനമെങ്കിലും സ്മാരകങ്ങള്‍ ഉയരാതിരുന്നത്?എന്തുകൊണ്ടാണു നമ്മുടെ സ്വാതന്ത്ര്യസമരത്തിലെ വീരനായകര്‍ അവഗണിക്കപ്പെട്ടത്?എന്തുകൊണ്ടാണു ചരണ്‍ സിങ്ങിന്റേയും, ദേവിലാലിന്റേയും,ജഗ്ജ്ജീവന്‍ റാമിന്റേയും ചന്ദ്രശേഖറിന്റേയും പേരില്‍ ഉചിതസ്മാരകങ്ങള്‍ നിര്‍മ്മിക്കപ്പെടാത്തത്?സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിമാറ്റിയെഴുതിയ വി.പി സിങ്ങിനും,അധസ്ഥിതവര്‍ഗ്ഗത്തില്‍ നിന്ന് ആദ്യമായി ഇന്ത്യന്‍ പ്രസിഡന്റായ കെ.ആര്.നാരായണനും ദേശീയ സ്മാരകങ്ങള്‍ ഉയരാതിരിക്കുന്നത്?കെ.ആര്.നാരായണനു ദല്‍ഹിയില്‍ പടുത്തുയര്‍ത്തുമെന്ന് പ്രഖ്യാപിച്ച സ്മാരകം ഇപ്പോഴും കടലാസ്സിലുറങ്ങുന്നത് എന്തുകൊണ്ടാണു?അധസ്ഥിതടേയും ദളിതരുടേയും പേരില്‍ ആണയിടുന്നവര്‍ എന്തേ ഇക്കാര്യത്തില്‍ മൌനികളാകുന്നു?
പൊതുമുതല്‍ ഉപയോഗിച്ച് പ്രതിമകളും സ്മാരകങ്ങളും നിര്‍മ്മിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഒരു പൊതുനയം രൂപപ്പെടുത്തിയതായി അറിയില്ല.അങ്ങനെയുണ്ടായിരുന്നുവെങ്കില്‍ ഒരു വിഭാഗത്തിന്റെ മാത്രം സ്മാരകങ്ങള്‍ കൊണ്ടു പൊതുസ്ഥലങ്ങള്‍ നിറയുകയില്ലായിരുന്നു.വിവാദങ്ങള്‍ ഉണ്ടാകുകയില്ലായിരുന്നു.
സ്മാരകങ്ങള്‍ക്ക് കുലവും വംശവും ജാതിയും മതവുമുണ്ടെന്ന അസുഖകരമായ നിഗമനത്തില്‍ നാം എത്തിച്ചേരുന്നത് ഇതുകൊണ്ടാണു.ലക്ഷം വീടു കോളനിയിലേക്ക് പോകുന്ന റോഡിനും ,ദളിത് കോളനികള്‍ക്കും ,ദളിത് വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകള്‍ക്കും അംബേദ്കറുടെ പേരിടുന്നവര്‍ തന്നെയാണു,കെ.ആര് നാരായണന്റെ സ്മാരകമായി പഞ്ചായത്ത് സ്കൂളും വെറ്റിനറി സര്‍വ്വകലാശാലയും(മാത്രം) സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്.സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നുയര്‍ന്നുവന്നവരെ അവരുടെ പൂര്‍വ്വസാമൂഹികപരിവൃത്തത്തിനകത്തു തന്നെ തളച്ചിടുന്ന നീചവൃത്തിയാണിത്.മുന്‍പ് ഈ പംക്തിയില്‍ ചൂണ്ടിക്കാണിച്ചത് ആവര്‍ത്തിക്കട്ടെ:
-അംബേദ്ക്കറിന്റേയും അയ്യങ്കാളിയുടേയും കെ.ആര്.നാരായണന്റേയും പേരിലുള്ള റോഡുകള്‍ പോകുന്നത് നിയമനിര്‍മ്മാണ സഭകളിലേക്കും സ്മാര്‍ട്ട് സിറ്റിയിലേക്കും ടെക്നോപാര്‍ക്കുകളിലേക്കും യൂണിവേഴ്സിറ്റികളിലേക്കും നയതന്ത്രമന്ദിരങ്ങളിലേക്കുമായിരിക്കണം.അവരെ പിന്നാമ്പുറങ്ങളില്‍ തന്നെ കുറ്റിയടച്ച് തളച്ചിടുന്നതെന്തിനു?സാമൂഹിക വിമോചകരെന്ന നിലയില്‍ അവര്‍ പൊതുസമൂഹത്തിന്റെ വീരനായകരാണു.അവരുടെ പേരിലുയരേണ്ട ഉചിതസ്മാരകങ്ങള്‍ ജനലക്ഷങ്ങളുടെ ജീവിതനിലവാരമുയര്‍ത്താനുതകുന്ന വികസനപദ്ധതികളാകണം.അജ്ഞാനാന്ധകാരത്തില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളും ,ക്ഷേമപദ്ധതികളുമാകണം.
സ്വന്തം പേരു പോലും എഴുതാനറിയാതെ,കുടിയ്ക്കാന്‍ ശുദ്ധജലം പോലുമില്ലാതെ,മൃഗതുല്യമായ ജീവിതം നയിക്കാന്‍ വിധിക്കപ്പെട്ട ജനതക്ക് ഈ പ്രതിമകള്‍ കൊണ്ടു എന്തു പ്രയോജനം?
4 comments:
ആദ്യായിട്ടാ ഒരു തേങ്ങ ഒടക്കാനുള്ള മഹാഫാഗ്യം കിട്ടുന്നേ...
ന്നാ പ്രദീപേട്ടാ നോം ആ ചടങ്ങങ്ങു നിര്‍വ്വഹിച്ചേക്കാം.
(((((((ഠേ))))))
മനുഷ്യനെ മനസിലാക്കുന്ന നേതാക്കളുടെ കാലം കഴിഞ്ഞു . ഉള്ളു കല്ലായ , കറുത്ത ചിരിയോടെ പ്രതിമകള്‍ നാടു ഭരിക്കുമ്പോള്‍ പ്രയോജനത്തെ കുറിച്ചു ചിന്തിച്ചിട്ടെന്തു കാര്യം?
ഏതെങ്കിലും പ്രതിമയോട് വൈകാരിക ഭാവം വെച്ചുപുലര്‍ത്തിയിരുന്നില്ല.പക്ഷേ എണ്‍പതില്‍ തിരുവനന്തപുരത്ത് അയ്യന്‍കാളി പ്രതിമസ്ഥാപിക്കുകയും അതോടനുബന്ധിച്ചുള്ള സം ബവവികാസങ്ങളും ശ്രദ്ധിച്ചു കാണുമല്ലോ..?വെള്ളയമ്പലത്ത് ഉയര്‍ന്നു നില്കുന്ന ആപ്രതിമ വെറുമൊരുപ്രതിമയായി കാണാന്‍ കഴിയില്ല.ചരിത്രം തിരുത്തിയ സ്ഥാനപെടലാണ്.നിയമ സഭക്കുമുമ്പില് അം ബേദ്ക്കറിന്റെ പ്രതിമ വെക്കാനുള്ള ശ്രമം പതിറ്റാണ്ടുകള്‍ കഴിഞ്ഞാണ്-ഈ രീതിയില്‍ നടന്നത്.
ഓര്‍ക്കേണ്ട കാര്യം ചരിത്രത്തില്‍ നിന്നും ചില ബിം ബങ്ങളെ മായിച്ചുകളയാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടന്നിരുന്നു.ഇ.എം .എസ്.കേരളചരിത്രം വിശകലനം ചെയ്യുമ്പോള്‍ അയ്യങ്കാളിയെ ഒഴിവാക്കുകയുണ്ടായി.അതിനു പറഞ്ഞന്യായം അയ്യങ്കാളിയെ അറിയില്ലായിരുന്നു.അയിത്ത ജാതികളുടെ മനുഷ്യാവകാശ/ആത്മാഭിമാനപോരാട്ടങ്ങളില് ജ്വലിച്ചു നിന്ന,അടയാളപ്പെടുത്തിയ വ്യക്തികളെ ഒഴിവാക്കി എന്ത് ചരിത്രമാണ്.?
ചരിത്ര പാഠങ്ങളില്‍ ഇടം കിട്ടാതെ പോയവരെ സ്ഥാപിക്കുക ,അത് ആസമൂഹത്തിന്റെ വൈകാരികതയുമായി ബന്ധപെട്ടതാണ്.
തീര്‍ച്ചയായും ചാര്വ്വാകന് പറഞ്ഞതാണു ശരി.അധസ്ഥിതരുടെ സാമൂഹികവിമോചന നേതാക്കളെ ചരിത്രത്തില്‍ നിന്ന് തന്നെ തൂത്തെറിയാന്‍ സംഘടിത ശ്രമം ഇപ്പോഴും നടക്കുന്നുണ്ടു.പക്ഷേ, അതിനെതിരെ പ്രതികരിക്കേണ്ടത് അവരോടൊപ്പം സ്വപ്രതിമ കൂടി സ്ഥാപിച്ചല്ല.
Post a Comment