
ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം ഒറീസയുടെ മണ്ണിൽ കാലുകുത്തിയപ്പോൾ തന്നെ എവിടെയും മാറ്റം പ്രകടമായിരുന്നു;അവർ പേരു പോലും പരിഷ്കരിച്ചിരിക്കുന്നു:ഒഡീസ.
2003ൽ റെയിൽവേസ്റ്റേഷനിലിറങ്ങിയപ്പോൾ തന്നെ,പട്ടിണിപ്പാവങ്ങളുടെ ദയനീയത നിറഞ്ഞുനിൽക്കുന്ന മുഖങ്ങളിൽ ഇങ്ങനെ കോറിവരച്ചിരുന്നു;കാറ്റിനു പട്ടിണിമരണങ്ങളുടെ ഗന്ധമുള്ള,പേക്കോലങ്ങളുടെ ഈ നാട്ടിലേക്ക് നിങ്ങൾ എന്തിനാണു വരുന്നത്?ഭുവനേശ്വറിലെ വൃത്തിഹീനമായ,ഇടുങ്ങിയ ഓരോ തെരുവും ഇങ്ങനെ അടയാളപ്പെടുത്തുന്നുണ്ടായിരുന്നു;ഇത്,ഒരു നേരത്തെ വിശപ്പടക്കാൻ പോലും ഗതിയില്ലാതെ,കുടിക്കാൻ ശുദ്ധജലമില്ലാതെ,ജനങ്ങൽ മരിച്ചുവീഴുന്ന കൽഹണ്ടിക്കാരുടെ നാടാണു.ഇവിടുത്തെ കാഴ്ചകൾ നിങ്ങളെ നൊമ്പരപ്പെടുത്തും;വേദനിപ്പിക്കും.ബുദ്ധ,ജൈനമതങ്ങളുടെ പ്രാക്തനസ്മൃതികളുറങ്ങുന്ന,ക്ഷേത്രങ്ങളുടെ ഈ നഗരം,യാത്രികരേ,വർത്തമാനകാലത്തിന്റെ ഭീതിദമായ കാഴ്ച്ചകളാൽ നിങ്ങളെ മുറിവേൽപ്പിക്കും.ചരിത്രകൌതുകങ്ങളുടെ ദൃശ്യചാരുതകൾക്കു മീതെ നഗ്നമായ ജീവിതയാഥാർത്ഥ്യങ്ങളുടെ ഇരുൾചിത്രങ്ങൾ കരിനിഴൽ വീഴ്ത്തും.അതുകൊണ്ടു,യാത്രികാ,മടങ്ങിപ്പോവുക.
ദാരിദ്ര്യവും പട്ടിണിയും കണ്ടു രസിക്കാൻ മാത്രം ക്രൂര സാഡിസ്റ്റല്ലാത്തതിനാൽ,അന്ന് ഔദ്യോഗികയാത്രകൾ മതിയാക്കി വേഗം മടങ്ങാനായിരുന്നു തോന്നിയത്.നഗരത്തിലെവിടെയും അഭയാർത്ഥികളെപ്പോലെ തോന്നിക്കുന്ന,നിസംഗതയോടെ അപരിചിതരെ തുറിച്ചുനോക്കുന്ന പേക്കോലങ്ങളായിരുന്നു .റെയിൽവേസ്റ്റേഷൻ പരിസരത്ത് അങ്ങനെ നൂറുകണക്കിനാളുകൾ അഭയം കണ്ടെത്തിയിരുന്നു.മിക്ക മഹാനഗരങ്ങളിലും ഇത് പതിവു ദൃശ്യമായിരുന്നെങ്കിലും, കണ്ടതിൽ വെച്ച് ഏറ്റവും ദയനീയമായമുഖങ്ങൾ അവിടത്തെയായിരുന്നു.
ഒരു സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഏഴുവർഷങ്ങൾ വലിയമാറ്റങ്ങളൊന്നും ഉണ്ടാക്കാൻ മതിയായ സമയമല്ല.പക്ഷേ,ഭുവനേശ്വറിലെ തെരുവുകളിൽ നിന്നുള്ള ഇന്നത്തെ ദൃശ്യങ്ങളിൽ തെളിയുന്നത് മറ്റൊരു ചിത്രമാണു.നഗരത്തിലെവിടെയും,നല്ല വൃത്തിയുള്ള,വീതിയേറിയ റോഡുകൾ.റോഡുകൾക്കിരുവശത്തും നടപ്പാതകൾ.പിന്നെ,പ്രധാനപ്പെട്ടയിടങ്ങളിലെല്ലാം സൈക്കിൾ ബേകൾ .ഒരു പക്ഷേ,ചണ്ഡിഗർ കഴിഞ്ഞാൽ സൈക്കിൾ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഇത്രയധികം പ്രാധാന്യം നൽകുന്ന മറ്റൊരു നഗരവും ഇന്ത്യയിലുണ്ടാവുമെന്ന് തോന്നുന്നില്ല.നഗരത്തിനകത്തെ റോഡുകൾ മിക്കപ്പോഴും തിരക്കൊഴിഞ്ഞിരിക്കും.ചീറിപ്പായുന്ന ബസുകൾ ഈ നിരത്തുകളിൽ കാണില്ല.വല്ലപ്പോഴും പോകുന്ന മിനിബസുകൾ മാത്രമാണു പബ്ലിക് ട്രാൻസ്പോർട്ട്.നഗരയാത്രകൾക്ക് ഓട്ടോറിക്ഷകളെ തന്നെ ആശ്രയിക്കണം.അവ ബസുകൾക്ക് പകരം സർവീസ് നടത്തുന്നതുകൊണ്ടായിരിക്കും യാത്രാക്ലേശം രൂക്ഷമായി അനുഭവപ്പെടാത്തത്.
തണൽ വൃക്ഷങ്ങൾ നിറഞ്ഞ നിരത്തുകൾക്കിരുവശങ്ങളിലും ചുവരുകളിൽ ഒറീസയുടെ സാംസ്കാരിക പൈതൃകം അടയാളപ്പെടുത്തുന്ന അസംഖ്യം രേഖാചിത്രങ്ങളും പെയിന്റിങ്ങുകളും.ഒരൊറ്റ ചുവർ പോലും പോസ്റ്ററുകൾ ഒട്ടിച്ച് വൃത്തികേടാക്കിയിട്ടില്ല.ഒരിടത്തും രാഷ്ട്രീയക്കാരുടെ ചുവരെഴുത്തില്ല.പേരിനു പോലും നഗരത്തിലെവിടെയും ഒരു ബാനറില്ല.ഭുവനേശ്വർ മുനിസിപ്പൽ കോർപ്പറേഷനാണു ഇതിന്റെ ക്രെഡിറ്റിനു മുഴുവനും അർഹതയുള്ളത്.പൊതുമേഖല കൽക്കരി കമ്പനികൾ ഉൾപ്പെടെ സർക്കാർ,സ്വകാര്യമേഖലയിലെ ഒട്ടേറെ സ്ഥാപനങ്ങളുമായി ചേർന്നാണു അവർ മാതൃകാപരമായ ഈ സൌന്ദര്യവത്കരണപരിപാടി നടപ്പിലാക്കിയത്.റോഡ് വികസനം ഉൾപ്പെടെ സംസ്ഥാനത്തുടനീളം നടന്നുവരുന്ന വൻ വികസന പദ്ധതികൾക്കു പിന്നിലും സർക്കാർ വിജയകരമായി ആവിഷ്കരിച്ച ,‘വികസനം സർക്കാർ, സ്വകാര്യമേഖലാസഹകരണത്തിലൂടെ”(പി.പിപി അഥവാ പ്രോഗ്രസ് ത്രൂ പബ്ലിക് പ്രൈവറ്റ് പാർട്ടിസിപ്പേഷൻ) എന്ന നയമാണുള്ളത്.പണം മുടക്കാൻ വരുന്ന നിക്ഷേപകർക്ക് വേണ്ട അടിസ്ഥാനസൌകര്യങ്ങൾ ഒരുക്കിക്കൊടുക്കാനായി സർക്കാർ ഫാസ്റ്റ് ട്രാക്ക് സംവിധാനം ഒരുക്കിയിട്ടുണ്ടു.രാഷ്ട്രീയക്കാരുടെ ദീർഘവീക്ഷണമില്ലായ്മ സൃഷ്ടിക്കുന്ന അനിശ്ചിതത്വത്തിലും പ്രതിബദ്ധതയില്ലാത്ത ഉദ്ധ്യോഗസ്ഥരുണ്ടാക്കുന്ന ചുവപ്പുനാടയിലും കുടുങ്ങി വികസനപദ്ധതികൾ മുരടിച്ചുപോകുന്ന അഭിശപ്തമായപരമ്പര്യമുള്ള കേരളത്തിനു ഒറീസയിൽ നിന്ന് ധാരാളം പഠിക്കാനുണ്ടു.അത്രയ്ക്ക് വേഗതയിലാണു ഇപ്പോൾ അവിടെ സംയുക്തസംരംഭങ്ങൾ നടപ്പിലാക്കപ്പെടുന്നത്.
നഗരത്തിലെ റോഡുകൾക്ക് വീതികൂട്ടിയപ്പോൾ ഉപജീവനമാർഗ്ഗം നിലച്ചവർക്കായി തെരുവുകളിൽ എല്ലാസൌകര്യങ്ങളോടു കൂടിയതും പൊളിച്ചുമാറ്റാവുന്നതുമായ ആയിരക്കണക്കിനു ബങ്കുകൾ നിർമ്മിച്ച് നൽകിയിട്ടുണ്ടു.തലസ്ഥാനത്തെ ഇത്തരം പീടികകളിലെ പഴക്കടകളിൽ നിറയെ ഇപ്പോൾ നല്ല ചുവന്ന നിറമുള്ളതും മൃദുവായ മുള്ളുകൾ പൊലുള്ള തൊലിയുമുള്ള ,കാമ്പിനു നല്ലമധുരവും രുചിയുമുള്ള ലീച്ചി എന്ന് അവർ വിളിക്കുന്ന പഴമാണു.കേരളത്തിൽ 200നു മേലെ വിലയുള്ള ഇതിനു ഇപ്പോൾ വില വെറും 90 രൂപ മാത്രം.മാങ്ങയ്ക്കും മറ്റ് പഴങ്ങൾക്കും പച്ചക്കറി ഇനങ്ങൾക്കുമൊക്കെ വളരെ വിലക്കുറവാണു.ആർഭാടജീവിതം നയിക്കുന്നവരല്ല ഒറീസയിലെ സമ്പന്നർ പോലും.നമ്മെപ്പോലെ ചോറും പിന്നെ ചപ്പാത്തിയും സബ്ജിയും തന്നെ മുഖ്യവിഭവം.അരി വില ഇവിടുത്തേതിനെക്കാൾ എന്നും താഴെ.കൊച്ചിയിലേയൊ കോഴിക്കോട്ടെയോ സാധാരണഹോട്ടലിൽ നിന്ന് മീങ്കറി കൂട്ടി ഒരുനേരം ചോറുണ്ണുന്ന കാശുകൊണ്ട് ഇവിടെ ഒരു കുടുംബം സുഭിക്ഷമായി കഴിയും.
പക്ഷേ,അതിനു പാങ്ങില്ലാത്തവരാണു ഒറീസ്സക്കാറിൽ നല്ലൊരുശതമാനം പേരും.പരമദരിദ്രർ അധിവസിക്കുന്നത് പടിഞ്ഞാറൻ ജില്ലകളിലെ ആദിവാസി മേഖലകളിലാണു.നാഷണൽ സാമ്പിൽ സർവെ അടുത്തിടെ ജീവിതനിലവാരത്തെ അടിസ്ഥാനമാക്കി പ്രസിദ്ധീകരിച്ച പട്ടികയിൽ റായ്ഗഡ ജില്ലയാണു രാജ്യത്തെ ഏറ്റവും പിന്നാക്കമായ പ്രദേശം.വികസനം എത്തിനോക്കാത്ത 20 ജില്ലകളിൽ ആറും ഒറീസയിലാണു.അവയെല്ലാം പടിഞ്ഞാറൻ,തെക്കൻ മേഖലയിലാണു.അവിടെയാണു മാവോയിസ്റ്റുകൾ സമാന്തരഭരണകൂടം നടത്തുന്നത്.ജനസംഖ്യയുടെ 24 ശതമാനം വരുന്ന ആദിമജനവിഭാഗങ്ങൾ ഇപ്പോഴും കടുത്ത ദാരിദ്ര്യത്തിൽ തന്നെയാണു.1936ൽ സംസ്ഥാനം രൂപവത്കരിക്കപ്പെട്ടപ്പോൾ മുതൽ ഇതാണു സ്ഥിതി.ഭൂവിസ്തൃതിയുടെ 28 ശതമാനം മാത്രം വരുന്ന തലസ്ഥാനവും തീരദേശജില്ലകളും കേന്ദ്രീകരിച്ചായിരുന്നു ഇക്കാലമത്രയും വികസനപ്രവർത്തനങ്ങൾ നടന്നതെന്ന ആരോപണം നിലനിൽക്കുന്നുണ്ടു.പടിഞ്ഞാറൻ ഒറീസ്സയിൽ പോഷകാഹാരക്കുറവും അസുഖങ്ങളും മൂലംആയിരത്തിൽ 119 കുട്ടികളാണു മരിക്കുന്നത്.സംസ്ഥാനത്തെ ശരാശരി ശിശുമരണനിരക്ക് ആയിരത്തിനു 65 മാത്രമേ ഉള്ളൂ. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന മലേറിയകേസുകളിൽ 70 ശതമാനവും ആദിവാസിമേഖലയിൽ നിന്നാണു.ഭാഷാപരമായ പ്രശ്നങ്ങൾ കൂടി ഈ പിന്നാക്കവസ്ഥയ്ക്ക് കാരണമായിട്ടുണ്ടു എന്നതാണു വിചിത്രമായ വസ്തുത.ഔദ്യോഗിക ഭാഷയായ ഒഡിയയിലാണു വിദ്യാഭ്യാസം.പക്ഷേ തെക്കു പടിഞ്ഞാറൻ പ്രദേശങ്ങളിലെ ജനങ്ങൾ സംസാരിക്കുന്നത് സാംബൽപൂരിയിലും അസംഖ്യം ആദിവാസിഭാഷകളിലുമാണു.സ്വന്തം മണ്ണിൽ, ഈ പട്ടിണിപ്പവങ്ങൾക്ക് അവർക്ക് പരിചയമില്ലാത്ത ഭാഷയിൽ പഠിക്കാൻ എങ്ങനെ കഴിയും?
ഒരു നേരത്തെ ആഹാരം കഴിക്കാൻ പോലും വരുമാനമാർഗ്ഗം ഇല്ലാത്തവർ അധിവസിക്കുന്ന ഈ മേഖലയിൽ നിന്ന് സർക്കാരും സ്വകാര്യസ്ഥാപനങ്ങളും കോടികണക്കിനു രൂപയുടെ പ്രകൃതിവിഭവങ്ങളാണു കടത്തുന്നത്.ഇവിടുത്തെ കൽക്കരിഖനികൾ അക്ഷയഖനികളാണു.പക്ഷേ, ഖനിവ്യവസായം കൊണ്ടു തദ്ദേശീയർക്ക് നേട്ടമൊന്നും ഉണ്ടായിട്ടില്ല.കടുത്ത അന്തരീക്ഷമലിനീകരണത്തിലൂടെ ആരോഗ്യപ്രശ്നങ്ങൾ അവ സൃഷ്ടിക്കുന്നുണ്ടു താനും. ഈ ജില്ലകളിൽ പ്രാഥമികാരോഗ്യകേന്ദ്രങ്ങളോ അടിസ്ഥാനസൌകര്യങ്ങളോ ഇല്ല.പക്ഷേ ഇവിടെ സ്വകാര്യപങ്കാളിത്തത്തോടെ മൂന്ന് മെഡിക്കൽ കോളേജുകൾ തുടങ്ങാനാണു തീരുമാനം.
ഭുവനേശ്വറിൽ മാത്രം കേന്ദ്രീകരിച്ചുള്ള വികസനപ്രവർത്തനങ്ങളുടെ ആഴം അറിയണമെങ്കിൽ ഇനി പറയുന്നത് കൂടി മനസ്സിലാക്കേണ്ടതുണ്ടു.കേന്ദ്രസർക്കാർ ഈയിടെ അനുവദിച്ച കേന്ദ്ര സർവ്വകലാശാല ഒഴികെയുള്ള സർവ്വ സ്ഥാപനങ്ങളും തലസ്ഥാനത്തും സമീപ പ്രദേശങ്ങളിലുമാണു തുടങ്ങിയത്.ഇതിൽ ആൾ ഇന്ത്യ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസൻസ്,ഐ.ഐ.ടി,നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് സയൻസ് എജ്ജൂക്കേഷൻ ആന്റ് റിസർച്ച്,ഐ.ഐ.ഐ.ടി തുടങ്ങിയ 24 പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉൾപ്പെടും.തലസ്ഥാനത്ത് നിന്നും കൊണാർക്ക് സൂര്യക്ഷേത്രത്തിലേക്ക് പോകുന്ന റോഡിനടുത്താണു 6000 ഏക്കറിലായി വേൾഡ് ക്ലാസ് യൂണിവേഴ്സിറ്റി ഉയർന്നു വരുന്നത്.കൽക്കരിഖനി വ്യവസായത്തിലെ ഭീമരായ വേദാന്ത ഇൻഡസ്ട്രീസ് ഇതിനായി മുടക്കുന്നത് 1500 കോടി രൂപയാണു.
ഇങ്ങനെ ഭുവനേശ്വറിന്റേയും സമീപപ്രദേശങ്ങലുടേയും മുഖച്ഛായ മാറ്റിയെഴുതിയ മുഖ്യമന്ത്രി നവീൻ പട്ട്നായിക്കിനു ആരോ ഇട്ട വിളിപ്പേർ നന്നെ ഇഷ്ടപ്പെട്ടു;മേയർ ഓഫ് ഭുവനേശ്വർ!
ഇപ്പോഴും അദ്ദേഹത്തിനു മാതൃഭാഷ നന്നായി വഴങ്ങുന്നില്ല.ഇംഗ്ലീഷാണു വ്യവഹാരഭാഷയെങ്കിലും ഒറീസക്കാർ ബിജുദായുടെ മകനെ വല്ലാതെ ഇഷ്ടപ്പെടുന്നു.സംശുദ്ധമായ പൊതുജീവിതത്തിനും ലളിതജീവിതത്തിനുമുള്ള ജനകീയാംഗീകാരമാണിത്.
5 comments:
ഒറീസയെക്കുറിച്ച് ഒരു നല്ല ചിത്രം
ബിജു,ഭൂവനേശ്വർ,ഒറീസ എല്ലാത്തിനെയും കുറിച്ച് നല്ലൊരു ചിത്രീകരണം...
നന്നായിരിക്കുന്നു ഭായി
നല്ലചിത്രീകരണം.
നന്നായിരിക്കുന്നു.
വിവരണം ആസ്വദിച്ചു..ഭുവനേശ്വരിന്റെ മാറ്റം മറ്റിടങളിലും പകര്‍ത്തപ്പെട്ടിരുന്നെങ്കില്‍...
പോസ്റ്റില്‍ കുറച്ച് പടങള്‍ ഉണ്ടായിരുന്നെങ്കില്‍...നന്ദി.
(പാര തിരിച്ചാല്‍ വായിക്കാന്‍ എളുപ്പമുണ്ടാകും)
ദാ,കൊണാർക്ക് സൂര്യക്ഷേത്രതിന്റെ മുറ്റത്ത് നിന്നുള്ള ഒരു പടം.
Post a Comment