ജയിലുകളിൽ നടന്നു വരുന്ന സമഗ്രമായ പരിഷ്കാരങ്ങൾ അവയെ പീഡനസ്ഥാപനങ്ങൾ എന്ന പ്രാകൃതാവസ്ഥയിൽ നിന്നും മാനസാന്തരത്തിനും മനപരിവർത്തനത്തിനുമുള്ള കേന്ദ്രങ്ങളാക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടിയിരിക്കുന്നു.ഇപ്പോൾ അവിടെ ഗോതമ്പുണ്ടയില്ല.നല്ല ആഹാരമാണു തടവുകാർക്ക് നൽകുന്നത്.കിടക്കാൻ കട്ടിലുകളുണ്ടു.എഫ്.എം റേഡിയോയുണ്ടു.ക്രിക്കറ്റ് വേൾഡ് കപ്പ് സമയത്ത് രാത്രി രണ്ടുവരെ തടവുകാർക്ക് ടി.വി കണാൻ സൌകര്യം ചെയ്തു കൊടുത്ത കാര്യം അദ്ദേഹം എടുത്ത്പറഞ്ഞു.
കഠിനജോലികളെടുക്കുന്ന തടവുകാർക്ക് പോലും മുൻപ് നാമമാത്രമായ കൂലിയായിരുന്നു നൽകിയിരുന്നത്.ഇപ്പോൾ അതിനു കാര്യമായ മാറ്റം വരുത്തിയിട്ടുണ്ടു.കിട്ടുന്ന കൂലിയുടെ പകുതി വീട്ടിലേക്ക് മാസാമാസം അയച്ചുകൊടുക്കുന്നുണ്ടു.കുട്ടികൾക്ക് വിദ്യാഭ്യാസാവശ്യങ്ങൾക്കായി ധനസഹായവും ചെയ്യുന്നുണ്ടു.പരോൾ വ്യവസ്ഥകളും ഉദാരമാക്കി...
-ഇങ്ങനെ ജയിലുകളുടെ മുഖച്ഛായ തന്നെ മാറ്റുന്ന പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനെതിരെ ഒരു പ്രമുഖമാദ്ധ്യമം രംഗത്ത് വന്നതിനെക്കുറിച്ചും ഡോ അലക്സാണ്ടർ ജേക്കബ് സൂചിപ്പിക്കുകയുണ്ടായി.ഈ നടപടികളിലൂടെ ജയിലുകൾ സുഖവാസകേന്ദ്രങ്ങളാകുന്നു എന്നാണു വിമർശനം.
അതിന്റെ ന്യായാന്യയങ്ങളിലേക്ക് കടക്കും മുൻപ് അദ്ദേഹം പറഞ്ഞ ഈ കണക്ക് കൂടി കേൾക്കേണ്ടതുണ്ടു.സംസ്ഥാനത്തെ ജയിലുകളിൽ നടത്തിയ സർവേയിൽ വെളിപ്പെട്ടതാണിത്-തടവുകാരിൽ 45 ശതമാനം പേർ മാത്രമേ സാക്ഷരരായുള്ളൂ!
അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പിക്കുന്നതാണു ഈ കണക്ക്.പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ സമ്പൂർണ്ണസാക്ഷരത നേടിയ കേരളത്തിൽ ജയിലിലടക്കപ്പെടുന്നവരിൽ ഭൂരിപക്ഷത്തിനും എഴുത്തും വായനയും അറിയാത്തത് എന്തുകൊണ്ടാകും?എന്താണു ഇത് നൽകുന്ന സൂചന?
നമ്മുടെ നീതിന്യായ സംവിധാനത്തിന്റെ ഭീകരമായ മുഖമാണു ഇത് അനാവരണം ചെയ്യുന്നത്.നിരക്ഷരത സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു.ഏറ്റവും പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങളിലാണു സാക്ഷരത ഏറ്റവും കുറവുള്ളത്.ആദിവാസികളും ദളിതരും നാടോടികളും തെരുവിലലയുന്നവരും ഉൾപ്പെടുന്ന ജനവിഭാഗമാണിത്.കേസുകളുടെ സ്വഭാവം എന്തായാലും പിടിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്നവരിൽ ഭൂരിപക്ഷം പേരും ഈ വിഭാഗത്തിൽ പെടുന്നവരാണു എന്നർത്ഥം.ജനസംഖ്യാനുപാതികമായി നോക്കിയാൽ സംസ്ഥാനത്തെ ജയില്പുള്ളികളിൽ ഏറിയപങ്കും ഈ പിന്നാക്കവിഭാഗങ്ങളിൽ പെട്ടവരാക്കണം.സാമൂഹികശ്രേണിയിൽ ഉയർന്ന വിഭാഗങ്ങളിൽ ഉൾക്കൊള്ളുന്നവർ നിരക്ഷരരാകില്ലല്ലോ.
അപ്പോൾ ,സ്വാഭാവികമായും ഉയരുന്ന വലിയൊരു ചോദ്യമുണ്ടു.നിരക്ഷരതയും കുറ്റകൃത്യങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടോ?എന്തുകൊണ്ടാണു സാക്ഷരർക്കിടയിൽ കുറ്റവാളികൾ കുറയുന്നത്?
നമുക്കറിയാം, ഈ നിഗമനങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന്.എന്തുകൊണ്ടെന്നാൽ,അനുദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന മഹാഭൂരിപക്ഷം കുറ്റകൃത്യങ്ങളും നടക്കുന്നത് സമൂഹത്തിന്റെ മുകൾത്തട്ടിലുള്ള ജനവിഭാഗങ്ങൾക്കിടയിലാണു.അവയിലെ ഭൂരിപക്ഷം കുറ്റാരോപിതരും ഇതേ സാമൂഹികപശ്ചാത്തലത്തിൽ നിന്നുതന്നെ വരുന്നവരാണു.പക്ഷേ അവരിൽ മിക്കവരും സ്വതന്ത്രരായി വിഹരിക്കുന്നു.പണവും പദവിയും സാധ്വീവവും ഉപയോഗിച്ച് തടി സംരക്ഷിക്കുന്നു.
കേരളത്തെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന പ്രമാദമായ ഒരു കൊലക്കേസിലും പെൺ വാണിഭക്കേസുകളിലും ആരോപണവിധേയരായ ഉന്നതർ നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷപെടാൻ സ്വീകരിച്ച വഴികൾ ഏതൊരു ജനാധിപത്യവിശ്വാസിയേയും അമ്പരപ്പിക്കും.പണം വാരിയെറിഞ്ഞും പദവികൾ നൽകിയും കേസുകളിൽ നിന്ന് തലയൂരാൻ ഇവർക്ക് സാധിക്കുന്നു.അഴിമതിക്കേസുകളിൽ കോടികൾ അമുക്കിയവർക്കുവേണ്ടി വാദിക്കാൻ മണിക്കൂറിനു ലക്ഷങ്ങൾ വാങ്ങുന്ന അഭിഭാഷകർ കൊച്ചിയിൽ വിമാനമിറങ്ങുന്നു.
അപ്പോഴും പൊതുസ്ഥലത്ത് ബീഡി വലിച്ച കുറ്റത്തിനോ,രാത്രിയിൽ സംശയകരമായ സാഹചര്യത്തിൽ കണ്ടെന്ന മഹാപരാധത്തിനോ പിടിക്കപ്പെട്ട്,ജാമ്യത്തിലെടുക്കാൻ ആളില്ലാതെ നൂറുകണക്കിനു പാവങ്ങൾ ജയിലുകളിൽ കഴിയുന്നുണ്ടെന്ന് എത്രപേർക്കറിയാം?കരമടച്ച രസീതുണ്ടെങ്കിലേ ജാമ്യം കിട്ടൂ.കിടക്കാടം ഇല്ലാത്തതിനാൽ തെരുവിലഭയം തേടുന്നവർക്ക് ആരു ജാമ്യം നിൽക്കും?മുത്തങ്ങ സമരത്തിനു ശേഷം വേട്ടയാടി പിടിക്കപ്പെട്ട ആദിവാസികൾ ഏറെനാൾ ജയിലിൽ കിടന്നത് ഇക്കാരണത്താലായിരുന്നു എന്ന് ഓർക്കുക.നിസാരമായ കുറ്റകൃത്യങ്ങൾ ആരോപിച്ച് പൊലീസ് അകത്തിടുന്ന ഒട്ടേറെപേർ നമ്മുടെ ജയിലുകളിലും വിചാരണാത്തടവുകാരായി കഴിയുന്നുണ്ടു.അവർക്കുവേണ്ടി ശബ്ദിക്കാൻ ആരുമില്ല.
ജയിലിനുള്ളിൽ തന്നെ വേർതിരിവുണ്ടു.അവിടെ എല്ലാവരും തുല്യരാണെന്നാണു സങ്കൽപ്പം.പക്ഷേ എവിടെയുമെന്നപോലെ തടവറകളിലും ‘കൂടുതൽ തുല്യർ’വിലസുന്നുണ്ട്.
ഉന്നതകോടതികളിൽ വരെ പോയിട്ടും ശിക്ഷിക്കപ്പെട്ട ചില കൊടും കുറ്റവാളികൾ ജയിലുകളിൽ സുഖജീവിതം നയിക്കുന്നത് മറ്റൊരു വൈരുദ്ധ്യം.വൈപ്പിൻ,കല്ലട മദ്യദുരന്തക്കേസുകളിൽ ശിക്ഷിക്കപ്പെട്ട ചന്ദ്രസേനനും മണിച്ചനും മറ്റും വി.ഐ.പി പരിഗണന ലഭിച്ചതും,പ്രവീൺ വധക്കേസിൽ അകത്തായ മുൻ ഡി.വൈ.എസ്.പി ഷാജിക്ക് സെല്ലിൽ പൊലീസ് പരിഗനന തന്നെ ലഭിച്ചതും ഓർക്കുക.
ഇവ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതാണു.
എല്ലാ ജനാധിപത്യ സ്ഥാപനങ്ങളിലും വിശ്വാസം നശിച്ച സാധാരണക്കാരുടെ അവസാനത്തെ അത്താണിയായിരുന്നു,ഇന്ത്യൻ ജുഡീഷ്യറി.അടുത്തകാലത്തുണ്ടായ വിവാദങ്ങൾ ഈ സംവിധാനവും അഴിമതിയുടെ കരാളഹസ്തങ്ങൾക്കകത്ത് അകപ്പെട്ടുപോയിരിക്കുകയാണെന്ന യാഥാർത്ഥ്യം നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.
മുൻപ് ഈ പംക്തിയിൽ എഴുതിയതിനു അടിവരയിടുന്നതാണു,വൻതോക്കുകൾ ജുഡിഷ്യറിയെ പാട്ടിലാക്കി അനുകൂലവിധികൾ സമ്പാദിക്കുന്നു എന്ന വെളിപ്പെടുത്തലുകൾ.സാധാരണക്കാരുടെ മേൽ നിയമസംവിധാനം അതിന്റെ അഴിയാക്കുരുക്കുകൾ മുറുക്കും.അതിൽ നിന്ന് ഊരിപ്പോരുക എളുപ്പമല്ല.നോക്കുക-അനുദിനം എത്രയോ രാഷ്ട്രീയക്കാർക്കെതിരായി വൻ അഴിമതി ആരോപണങ്ങൾ ഉന്നയിക്കപ്പെടുന്നു;വിജിലൻസും,ലോകായുക്തയും,സി.ബി.ഐയും കേസ് ചാർജ്ജ് ചെയ്യുന്നു.പക്ഷേ,ഇവരിൽ അന്തിമമായി ശിക്ഷിക്കപ്പെട്ടവർ എത്ര?ദേശീയ തലത്തിൽ തന്നെ വിരളിലെണ്ണാവുന്ന അപവാദം മാത്രമേയുള്ളൂ.കേരളത്തെ പിടിച്ചുലച്ച ഒരൊറ്റ അഴിമതിക്കേസിലും ഇന്നേവരെ ഒരൊറ്റ രാഷ്ട്രീയനേതാവും ജയിലിൽ കിടന്നിട്ടില്ല.ഇനി അത് ഉണ്ടാകാനും പോകുന്നില്ല.പ്രഗൽഭരായ അഭിഭാഷകർ സുപ്രീം കോടതിവരെ വാദിക്കും.വേണ്ടപ്പെട്ടവരെ വേണ്ടപോലെ കാണും.അങ്ങനെ ,അവസാനം,ഒരു പോറൽ പോലുമേൽക്കാതെ അവർ പുറത്തുവന്നു തീവെട്ടിക്കൊള്ള തുടരും.
മറിച്ച്,പെറ്റി കേസുകൾക്കു പോലും വിചാരണ കൂടാതെ ജയിലഴികളിൽ അടയ്ക്കപ്പെടുന്ന നിസ്സഹായരുടെ അവസ്ഥയോ?പണമെറിഞ്ഞു അനുകൂലവിധി നേടുന്നവർ പുറത്ത് അർമാദിയ്ക്കുമ്പോൾ തടവറകളിൽ ജീവിതം തള്ളിനീക്കേണ്ടി വരുന്നവരുടെ മാനസികാവസ്ഥ എന്തായിരിക്കും?അവർക്ക് ഒരിക്കലും ജുഡീഷ്യറിയിൽ വിശ്വാസമുണ്ടാവുകയില്ല.ജനാധിപത്യത്തേയും ,ഭരണഘടനാസ്ഥാപനങ്ങളേയും കുറിച്ച് അവർക്ക് ഒരിക്കലും മതിപ്പോ ബഹുമാനമോ ഉണ്ടാവുകയില്ല.
തങ്ങളോടു നീതി ചെയ്യാത്ത, കാരുണ്യമോ സഹതാപമോ കാട്ടാത്ത കോടതിയോടും പൊലീസിനോടും അവർക്കെങ്ങനെ അനുഭാവം ഉണ്ടാകും?
ഉള്ളവന്റെ മുന്നിൽ താണുവണങ്ങി നിൽക്കുന്ന നീതിദേവതയെ അവർക്കൊരിക്കലും വണങ്ങാൻ കഴിയില്ല.
1 comment:
നീതി ദേവത പോലും ഉള്ളവന്റെ മുമ്പിൽ വണങ്ങി നിൽക്കുകയല്ലേ...
Post a Comment