ഏതോ നരകത്തിൽ നിന്ന് പിതാക്കളെ രക്ഷിക്കുന്നവരാണു പുത്രന്മാരും പുത്രികളും എന്നാണു ഐതിഹ്യം.എന്നാൽ സമീപകാല അനുഭവങ്ങൾ നൽകുന്ന ചിത്രം വ്യത്യസ്തമാണു.രാഷ്ട്രീയക്കാർക്ക് പിറക്കുന്നതത്രയും മുടിയരായ സന്തതികളാണോ എന്ന് സാമാന്യജനങ്ങൾ സംശയിക്കുന്ന പരിതാപകരമായ അവസ്ഥയാണു ഇന്നുള്ളത്.ത്യാഗധനരായ,അഴിമതിയുടെ കറപുരളാത്ത ഏത് അച്ഛനേയും കുഴിയിൽ ചാടിക്കുന്ന ദുർപുത്രരുടെ എണ്ണം നോക്കുക.ആരെയും അമ്പരപ്പിക്കും ആ സംഖ്യ.
ത്യാഗികളുടെ മക്കൾ ഭോഗികളായിതീരുന്നത് നാട്ടു നടപ്പ്.ഗാന്ധിജിയെപ്പോലും ഈ പുത്രദുഖം വേട്ടയാടിയിരുന്നുവല്ലോ.സ്വതന്ത്രഭാരതം കണ്ട ഏറ്റവും മഹാനായ ജനാധിപത്യവാദിയെ കൊണ്ടു ,തെരഞ്ഞെടുക്കപ്പെട്ട ജനകീയ സർക്കാരിനെ അട്ടിമറിക്കുക എന്ന ക്രൂരകൃത്യം ചെയ്യിച്ചത് പുത്രിയായിരുന്നു.പിന്നീ ട് അവർ സ്വന്തമായി ജനാധിപത്യത്തെത്തന്നെ.കശാപ്പ് ചെയ്തു.അതൊരു കലികാല കാവ്യനീതി.
എന്തുകൊണ്ടാണു സമൂഹത്തിനു മാതൃകയാകുന്ന,ആദർശത്തിന്റെ പ്രതിരൂപങ്ങൾ പോലും സ്വന്തം മക്കളുടെ കാര്യത്തിൽ കാലിടറി വീഴുന്നത്?സ്വജീവിതം കൊണ്ടു തങ്ങൾ ആർക്കൊക്കെ എതിരെ,എന്തിനൊക്കെ എതിരെ പോരാടിയോ അവരെയൊക്കെ,അതിനെയൊക്കെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കാൻ സ്വന്തം രക്തത്തിൽ പിറന്ന മക്കൾ തയ്യാറാകുന്നത് എന്തുകൊണ്ടാണു?സഹനത്തിന്റേയും ത്യാഗത്തിന്റേയുമൊക്കെ അലയാഴികൾ നീന്തിക്കടന്ന് എത്തിയവരുടെ മക്കൾ എന്തുകൊണ്ടാണു പാപക്കടലിൽ മുങ്ങിത്താണു പോകുന്നത്?
പണവും അധികാരവും പദവികളും ആരെയും മോഹിപ്പിക്കും;മത്തു പിടിപ്പിക്കും.പക്ഷേ,ഈ പ്രലോഭനങ്ങളെ അതിജീവിച്ചവരുടെ മക്കളെപ്പോലും ഇത് പിടികൂടിയാലോ?സാദാ രാഷ്ട്രീയക്കാരുടെ സദാചാരനിഷ്ഠയെക്കുറിച്ചല്ല ഇവിടെ പരാമർശിക്കുന്നത്.അവർ അധികാരത്തിന്റെ അപ്പക്കഷ്ണങ്ങൾ കിട്ടാനായി എന്തു വൃത്തികേടും ചെയ്യാൻ മടിക്കാത്തവരാണു.അവരുടെ മക്കൾ അവരെക്കാൾ വലിയ ആഭാസരാകും.
മറ്റുള്ളവർക്ക് മാതൃകയാകേണ്ട പൊതുജീവിതം നയിക്കാൻ ബാദ്ധ്യസ്ഥരായ രാഷ്ട്രീയക്കാരുടെ മക്കൾ കാട്ടിക്കൂട്ടുന്ന വഷളത്തരങ്ങൾ നമ്മുടെ മുന്നിലുണ്ടു.കേരളത്തെ പിടിച്ചുലച്ച ഒട്ടേറെ ലൈംഗികാപവാദക്കേസുകളിൽ ആരോപണവിധേയരായിരിക്കുന്നത് ഒരുപറ്റം വി.ഐ.പി പുത്രരാണു.പെണ്ണുകേസു മുതൽ കൂലിത്തല്ല്,ഗുണ്ടായിസം,മദ്യപാനം,കള്ളപ്പണം ഉൾപ്പെടെയുള്ള പണമിടപാടുകൾ,കള്ളക്കടത്ത് ….എന്നിങ്ങനെ നീളുന്നു,അവർ ഉൾപ്പെട്ട ഇടപാടുകൾ.അച്ഛനോ അമ്മയോ മന്ത്രിയോ മുതിർന്ന നേതാവോ ആണെങ്കിൽ മക്കൾക്ക് എന്തും ചെയ്യാമെന്നുള്ള അവസ്ഥ ഭയാനകമായ പതനമാണു.ഇവരുൾപ്പെട്ട എത്രയെത്ര കേസുകളാണു തേച്ചുമായ്ച് കളയപ്പെട്ടത്!നിയമവും നീതിയും ഇവർക്കുമുന്നിൽ വിനീതദാസരെപ്പോലെ വളഞ്ഞുനിൽക്കും.
അവരെക്കാളൊക്കെ ഉയരത്തിൽ സമൂഹം പ്രതിഷ്ഠിച്ചിരിക്കുന്ന അപൂർവ്വം ചില മുതിർന്ന പൊതുപ്രവർത്തകരുടെ മക്കൾ കൂടി ഈ ദുർനടത്തം അവകാശമാക്കിയവരാണെന്ന് ഞെട്ടലോടെ നാം മനസിലാക്കുന്നു.അച്ഛനമ്മമാരുടെ സൽപ്പേർ യാതൊരു ഉളുപ്പും കൂടാതെ ദുർവിനിയോഗം ചെയ്ത് പണവും പദവികളും സമ്പാദിച്ചു കൂട്ടുന്നത് ശീലമാക്കിയവരാണു ഇവർ.പിൻ വാതിലിൽ കൂടി ഇവർ എവിടെയും കയറിപ്പറ്റും.ഇവർക്കു പദവികൾ നൽകാൻ വിനീതവിധേയർ അടിസ്ഥാനവിദ്യാഭ്യാസയോഗ്യതകളിൽ പോലും മായം ചേർക്കും.നിയമങ്ങൾ പൊളിച്ചെഴുതും.
എല്ലാം വെട്ടിപ്പിടിക്കുകയും എതിർക്കുന്നവരെ ഏതുവിധേനയും നിലമ്പരിശാക്കുകയും ചെയ്തുപോരുന്ന ഇവർക്കെല്ലാം സ്വന്തമായി ഗുണ്ടാപ്പടയും അനുചരന്മാരുമുണ്ടു.അവർ അങ്ങനെ സമാന്തര അധികാരകേന്ദ്രങ്ങളായി വളർന്ന് പന്തലിച്ചുകൊണ്ടിരിക്കുന്നു.ഇങ്ങനെയുള്ള വി.ഐ.പി ദുർനടത്തക്കാർക്കിടയിൽ അത്ഭുതകരമായ ഐക്യവും ഒരുമയുമുണ്ടു.പിതാക്കൾ പരസ്പരം മല്ലടിക്കുമ്പോഴും ദുർപുത്രർ പരസ്പരം തോളിൽ കൈയ്യിട്ടുകൊണ്ടു സ്നേഹവും കൊള്ളമുതലും പങ്കുവെയ്ക്കുന്നു.ഇരകളെ ഒന്നിച്ച് വേട്ടയാടിപ്പിടിക്കുന്നു.ഈ മൃഗയാവിനോദങ്ങൾ വർദ്ധിത വീര്യത്തോടെ തുടരുകതന്നെ ചെയ്യും.അതിനു കടിഞ്ഞാണിടാൻ ആരെക്കൊണ്ടും കഴിയുകയില്ല.അതിന്റെ ഫലം ഇവരെ ആൽമരം പോലെ വളർത്തിയവർ അനുഭവിക്കേണ്ടതുണ്ടു.
രാഷ്ട്രീയം നിസ്വാർത്ഥമായ ജനസേവനത്തിനുള്ള ഉപാധിയാണെന്ന് വിശ്വസിക്കുന്നവരാണു നമ്മുടെ രാഷ്ട്രീയനേതാക്കൾ.അവർ ദിവസവും ആണയിടുന്നത് അങ്ങനെയാണു.ജനനന്മക്കുവേണ്ടി സമർപ്പിക്കപ്പെട്ടിരിക്കുന്നതാനത്രേ അവരുടെ ജീവിതം.എങ്കിൽ പിന്നെ അവരിൽ ഭൂരിപക്ഷവും ഈ മഹത്തായ പാത പിന്തുടരുവാൻ എന്തേ സ്വന്തം മക്കളെ ഉപദേശിക്കുന്നില്ല?ചെങ്കോലും കിരീടവും വെച്ച് അരിയിട്ടുവാഴിക്കുന്ന ചില മുടിയന്മാരായ മക്കളുടെ കാര്യം അവിടെ ഇരിക്കട്ടെ.തങ്ങളെപോലെ തെരുവിലിറങ്ങി വെയിലും മഴയും കൊണ്ട്,വിയർത്ത് ,പടവുകൾ ചവുട്ടിക്കയറാൻ എന്തുകൊണ്ട് മക്കളെ ഇവർ പ്രാപ്തരാക്കുന്നില്ല?ത്യാഗത്തിന്റേയും സഹനത്തിന്റേയും മുൾപ്പാതകൾക്കു പകരം അവിഹിതസ്വത്തുസമ്പാദനത്തിന്റേയും അധോലോകത്തിന്റേയും മാഫിയയുടേയും ഇരുൾ വഴികളിലൂടെ മക്കൾ നടത്തുന്ന അപഥസഞ്ചാരത്തെ മൌനാനുവാദത്തിലൂടെ പ്രോത്സാഹിപ്പിക്കുന്ന മാതാപിതാക്കളുടെ രാഷ്ട്രീയ,ധാർമ്മിക സദാചാരത്തെക്കുറിച്ച് സഹതപിക്കുക.സ്വഭാവശുദ്ധിയുള്ള,ലളിതജീവിതം നയിക്കുന്ന,ആദർശനിഷ്ഠരായ സാത്വികർക്കു പകരം അബ്കാരി കോണ്ട്രാക്റ്റർമാർക്കും കള്ളക്കടത്തുകാർക്കും മരുമക്കളായും അവരുടെ അടുത്തബന്ധുക്കളായുമൊക്കെ ആദർശസ്വരൂപങ്ങളുടെ വീടുകൾക്കകത്ത് പ്രവേശിക്കാൻ കഴിയുന്ന ആസുരകാലത്താണു നാം ജീവിക്കുന്നത്.
സ്വന്തം വീട്ടിൽ ചെകുത്താന്മാരെ പോറ്റിവളർത്തിയിട്ട് നാട്ടാരോട് വേദമോതുന്നവരെ ജനങ്ങൾക്ക് തിരിച്ചറിയാം.അവർക്കുള്ള നരകം ജനം വിധിച്ചുകൊള്ളും.വീട്ടിൽ പരാജയപ്പെടുന്നവർക്ക് നാട്ടിലെന്തുകാര്യം?
6 comments:
ജന പ്രതിനിധികളുടെ മുഖം മൂടി ധരിച്ച മാടംബികളാണ്
നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ എന്നത് നമ്മുടെ ജനാധിപത്യത്തിന്റെ ബാലാരിഷ്ടതയെയാണു കാണിക്കുന്നത്. ജനാധിപത്യബോധം ജനങ്ങളില്‍ വളര്‍ന്നു പാകപ്പെടുന്നതുവരെ രാഷ്ട്രീയക്കാരന്റേയും,ജഡ്ജിമാരുടേയും,ഉന്നതോദ്ധ്യോഗസ്ഥരുടേയും മക്കള്‍ തങ്ങളുടെ മാടംബി പാരമ്പര്യം കൈവിടുകയില്ല.
ഇതുകൂടി വായിക്കാം.
മുഖ്യപുത്രന്
സഹനത്തിന്റേയും ത്യാഗത്തിന്റേയുമൊക്കെ അലയാഴികൾ നീന്തിക്കടന്ന് എത്തിയവരുടെ മക്കൾ എന്തുകൊണ്ടാണു പാപക്കടലിൽ മുങ്ങിത്താണു പോകുന്നത്?
നല്ലോരു ചോദ്യം..അർത്ഥമില്ലാത്തവനർത്ഥം കിട്ടിയാൽ അർദ്ധരാത്രിക്കും കുടപിടീക്കുമല്ലോ..അല്ലേ!
കഴിഞ്ഞ ജ്ന്മത്തിലെ ശത്രു,ഈ ജ്ന്മത്തിൽ പുത്രനായി ജനിച്ച് കടം വീട്ടും.(ഭാഗ്യം-എനിക്ക് പുത്രിമാരേയുള്ളൂ)
"സഹനത്തിന്റേയും ത്യാഗത്തിന്റേയുമൊക്കെ അലയാഴികൾ" അച്ഛന്മാക്കല്ലേ.
മക്കള്‍ പിറന്നപ്പോള്‍ കണ്ടത് വെള്ളിക്കരണ്ടിയും അധികാരവുമാണ് .
അതേ,റോസാപൂക്കൾ പറഞ്ഞതാണു ശരി.പിറന്നു വീണതേ വെള്ളിക്കരണ്ടിയുമായി.അവർ അതുകൊണ്ടു തന്നെ ചക്കരക്കുടത്തിൽ കൈയിട്ടുവാരും!
Post a Comment