ആൽബർട്ടോ ഗ്രനാഡോ ഇക്കഴിഞ്ഞ നാൾ ചരിത്രത്തിലേക്ക് പിൻ വാങ്ങി.88ആം വയസ്സിൽ ഹവാനയിൽ അന്തരിക്കുമ്പോൾ ഗ്രനാഡോ അവശേഷിപ്പിച്ചത് സമാനതകളില്ലാത്ത ,സംഭവബഹുലമായൊരു വിപ്ലവചിത്രം.അതിൽ ചെ ഗുവേരയുണ്ട്.ഫിദൽ കാസ്ട്രോയുണ്ടു.ലാറ്റിനമേരിക്കയുടെ സമരവീര്യത്തിന്റെ ചരിത്രമുണ്ടു.
എല്ലാം ആരംഭിച്ചത് ഒരു യാത്രയോടെയായിരുന്നു.
1952 ഡിസംബർ 29. അർജന്റീനയിലെ കോർദോബ നഗരത്തിൽ നിന്ന് രണ്ടു യുവാക്കൾ ഒരു സാഹസികയാത്രക്ക് പുറപ്പെട്ടു.ആൽബർട്ടോ ഗ്രനാഡോ എന്ന 29 വയസുള്ള ബയോകെമിസ്റ്റിന്റെ ഒരു പഴയ 500 സി.സി നോർട്ടൻ മോട്ടോർബൈക്കായിരുന്നു വാഹനം.ലക്ഷ്യം ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലെ ജീവിതത്തെ അടുത്തറിയുക. ഗ്രനാഡോയുടെ ഒപ്പമുള്ളയാൾ അവസാനവർഷ മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു;അന്ന് പ്രായം 23.പേരു ഏണസ്റ്റോ ചെ ഗുവേര.അതേ സാക്ഷാൽ ‘ചെ’ തന്നെ.
ഏണസ്റ്റോ ഗുവേര എന്ന മെഡിക്കൽ വിദ്യാർത്ഥിയെ ആധുനിക ലോകം കണ്ട ഏറ്റവും സാഹസികനായ വിപ്ലവകാരിയായി രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചത് ഏഴുമാസം നീണ്ടുനിന്ന ഈ ബൈക്ക് യാത്രയായിരുന്നു.ചിലി,പെറു,വെനിസ്വേല,കൊളംബിയ എന്നീ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലൂടെ അവർ നടത്തിയ ഈ യാത്രയുടെ ഡയറിക്കുറിപ്പുകൾ രണ്ടാളും വെവ്വേറെ രേഖപ്പെടുത്തി,1992ൽ ചെ ഗുവേര എഴുതിയ യാത്രാക്കുറിപ്പുകൽ “മോട്ടോർ സൈക്കിൾ ഡയറീസ്” എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഗ്രനാഡോയുടെ ഡയറിക്കുറിപ്പുകൾ “ട്രാവലിങ്ങ് വിത്ത് ചെ ഗുവേര:മേക്കിങ്ങ് ഓഫ് എ റെവല്യൂഷനറി” എന്ന പേരിൽ 1978ൽ സ്പാനിഷ് ഭാഷയിലാണു ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്.ഈ രണ്ട് ഓർമ്മക്കുറിപ്പുകളും ചേർത്താണു വാൾട്ടർ സാലസ് “ദ മോട്ടോർസൈക്കിൾ ഡയറീസ്”എന്ന പ്രസിദ്ധമായ ചലച്ചിത്രം രൂപപ്പെടുത്തിയത്.
1928 ജൂൺ 14നു അർജന്റീനയിലെ റൊസാരിയോയിൽ രാഷ്ട്രീയപാരമ്പര്യമുള്ള ഒരു കുടുംബത്തിൽ പിറന്ന ഏണസ്റ്റോ ഗുവേര ഡീലാ സെർന അഞ്ചുമക്കളിൽ മൂത്തവനായിരുന്നു.ബാല്യം മുതൽക്കേ കടുത്ത ആസ്ത്മ കൂട്ടിനുണ്ടായിരുന്നു.കുടുംബം കൊർദോബയിലേക്ക് താമസം മാറ്റിയത് ഗുവേരയുടെ ആരോഗ്യം മെച്ചപ്പെടണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു.ശുദ്ധമായ കാറ്റു കിട്ടുന്ന പ്രദേശമായിരുന്നു,അത്.പഠനത്തിൽ മിടുക്കനായിരുന്നു ഗുവേര.കുടുംബ ലൈബ്രറിയിൽ ധാരാളം പുസ്തകങ്ങൾ.അച്ഛനുമമ്മയും സജീവ രാഷ്ട്രീയ പ്രവർത്തകർ.
പ്രായം കൊണ്ടു ആറു വയസ്സിനു മൂത്തയാളായിരുന്നു,ഗ്രനാഡോ.അമ്മയുടെ ആരോഗ്യം മോശമായിരുന്നതിനാൽ കോർദോബയിലെ മുത്തച്ഛന്റെ ഒപ്പം നിന്നായിരുന്നു പഠിച്ചത്.രണ്ടാളും പരിചയത്തിലാകുന്നത് അപ്പോഴായിരുന്നു.ഗ്രനാഡോ അന്നു തന്നെ രാഷ്ട്രീയത്തിൽ സജീവമായിരുന്നു.അർജന്റീനിയൻ ഏകാധിപതിക്കെതിരെ പ്രക്ഷോഭം നടന്നുവരുന്ന കാലമായിരുന്നു,അത്.അതിൽ പങ്കെടുത്തതിനു അദ്ദേഹം 1943ൽ തടവിലാക്കപ്പെട്ടു.
1945ൽ ബ്യൂണസ്അയേഴ്സ് സർവകലാശാലയിൽ മെഡിസിൻ വിദ്യാർത്ഥിയായി ഗുവേര ചേർന്നു.സ്കൂൾ തലം മുതൽക്കേ സ്പോർട്ട്സും സാഹസികതയും ഇഷ്ടപ്പെട്ട ഗുവേര അക്കൊല്ലത്തെ വിന്റർ അവധിക്കാലത്ത് അർജന്റീന കാണാൻ പുറപ്പെട്ടു;തന്റെ പ്രിയപ്പെട്ട സൈക്കിളിൽ നാലുമാസം കൊണ്ടു 2900 മൈലുകളായിരുന്നു അദ്ദേഹം താണ്ടിയത്.ആ യാത്രയിൽ നിന്നുള്ള പ്രചോദനമാകാം,ഗ്രനാഡോ മോട്ടോർസൈക്കിളിൽ ലാറ്റിൻ അമേരിക്ക ചുറ്റുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോൾ തന്നെ അതിനു സമ്മതിക്കാൻ ഗുവേരയെ പ്രാപ്തനാക്കിയത്.അക്കാലത്ത് ആദ്യമായി അർജന്റീനയിൽ പ്രസിദ്ധീകരിക്കപ്പെട്ട പ്രമുഖ ഉത്തര അമേരിക്കൻ എഴുത്തുകാരുടെ രചനകളും ഈ സാഹസികയാത്രക്ക് അവരെ പ്രചോദിപ്പിച്ചു.
വ്യത്യസ്ത ഭൂവിഭാഗങ്ങലിലൂടെ,മണലാരണ്യങ്ങളിലും മഴക്കാടുകളിലുമൂടെ ബൈക്കിൽ വലിയ ഭാണ്ഡക്കെട്ടും പേറി അവർ സഞ്ചരിച്ചു.ലെപ്രസി സാനറ്റോറിയത്തിലെ ഡയറക്ടറായിരുന്നു,അപ്പോൾ ഗ്രനാഡോ.പെറുവിൽ അവർ താമസിച്ചത് കുഷ്ടരോഗികളുടെ ഒരു കോളനിയിലായിരുന്നു.മറ്റൊരവസരത്തിൽ ഒഴിഞ്ഞ ഒരു പൊലീസ് ലോക്കപ്പിൽ.എങ്ങും തരപ്പെട്ടില്ലെങ്കിൽ ഭാണ്ഡക്കെട്ടഴിച്ച് വഴിവക്കിൽ കൂടാരമുണ്ടാക്കി കഴിയും.ആസ്ത്മ അധികരിച്ച് പലപ്പോഴും ഗുവേര കിടപ്പിലായി.ഇടയ്ക്കൊക്കെ ബൈക്ക് പണിമുടക്കി.കൈയിലെ പണം തികയാതെ വന്നപ്പോൾ പട്ടിണി കിടന്നു.തീരെ മെഡിക്കൽ സൌകര്യങ്ങളില്ലാതിരുന്ന പ്രദേശങ്ങളിൽ പലപോഴും രണ്ടാളും ഡോക്ടർമാരായി….
അങ്ങനെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലെ ജനങ്ങളനുഭവിക്കുന്ന യാതനകളും വേദനകളും അവർ നേരിട്ടറിഞ്ഞു.ഇതിനിടയിൽ മദ്യപിച്ചും നൃത്തം ചെയ്തും ,യുവതികളെ പ്രേമിച്ചും,അവർക്ക് സമ്മാനങ്ങൾ നൽകിയും പച്ചയായ യുവത്വം ആഘോഷിച്ച് മുന്നേറിയ ആ യാത്ര വെനിസ്വേലയിൽ അവസാനിച്ചപ്പോൾ ചെ ഗുവേര തന്റെ ജീവിതപ്പാത കണ്ടെത്തിക്കഴിഞ്ഞിരുന്നു;ലാറ്റിൻ അമേരിക്കയിലെ പാവങ്ങൾക്കും പതിതർക്കും വേണ്ടിയാണിനി തന്റെ ജീവിതം.നാട്ടിലേക്ക് പോകുന്ന ഒരു ചരക്ക് വിമാനത്തിൽ കയറി ഗുവേര ബ്യൂണസ്അയേഴ്സിലേക്ക് മടങ്ങി.1953ൽ അദ്ദേഹം മെഡിസിൻ പാസായി.സർക്കാർ സർവീസിലേക്ക് വിളിച്ചുവെങ്കിലും ആസ്ത്മ കാരണം ജോലി നിഷേധിക്കപ്പെട്ടു.ആ വർഷം ലാറ്റിൻ അമേരിക്കയിലൂടെ ദീർഘമായൊരു തീവണ്ടി യാത്ര നടത്തി,ഗുവേര.
ജോലി തേടി തൊട്ടടുത്ത വർഷം ഗുവേര ഗ്വാട്ടിമാലയിലെത്തി.ആസ്ത്മക്കാരനെ ഡോക്റ്ററാക്കാൻ ആരും ധൈര്യപ്പെട്ടില്ല.ചെറിയ ചെറിയ ജോലികൾ ചെയ്തും രാഷ്ട്രീയപ്രവർത്തനം നടത്തിയും കഴിഞ്ഞ ഇക്കാലത്തായിരുന്നു അദ്ദേഹം മാർക്സിസത്തിലേക്ക് ആകർഷിക്കപ്പെട്ടത്.ക്യുബൻ ഏകാധിപതി ബാറ്റിസ്റ്റക്കെതിരെ ഫിദൽ കാസ്ട്രോവിന്റെ നേതൃത്വത്തിൽ നടന്ന കലാപം പരാജയപ്പെട്ടു.ഫിദൽ തടവിലാക്കപ്പെട്ടു.നാടുകടത്തപ്പെട്ട വിപ്ലവകാരികളിൽ ചിലരെ ഗുവേര പരിചയപ്പെട്ടതോടെ ജീവിതത്തിന്റെ ഗതിമാറി.
1955 ജൂലൈയിൽ ചരിത്രപ്രസിദ്ധമായ ആ ഒത്തുചേരൽ നടന്നു.ഫിദൽ കാസ്ത്രോ ഗുവേരയെ കണ്ടുമുട്ടി.ക്യൂബൻ ഏകാധിപതിക്കെതിരായ ഗറില്ലാപോരാട്ടത്തിന്റെ മൂന്നാമത്തെ അംഗമായി ഗുവേര ചേർന്നു.പുതിയ അംഗങ്ങളെ ഒളിപ്പോർ പരിശീലിപ്പിക്കുന്നതിന്റെ ചുമതല അദ്ദേഹത്തിനായിരുന്നു.അങ്ങനെ ഗുവേര ‘ചെ ഗുവേര’യായി.ഫിദലും കാസ്ത്രോയും ചേർന്ന് ക്യൂബൻ വിപ്ലവത്തെ വിജയത്തിലേക്ക് നയിച്ചു.
1959 ജനുവരി ഒന്നിനു ബാറ്റിസ്റ്റ ക്യൂബയിൽ നിന്ന് പലായനം ചെയ്തു.അടുത്ത ദിവസം വിപ്ലവകാരികളുടെ പട നയിച്ചുകൊണ്ടു ഗുവേര ഹവാനയിലെത്തി പ്രസിഡന്റിന്റെ കൊട്ടാരം പിടിച്ചെടുത്തു.വിപ്ലവം ജയിച്ചു….ബാക്കിയെല്ലാം ചരിത്രം.
1967 ഒക്റ്റോബർ 9നു ബൊളീവിയയിലെ ഹീഗ്വര ഗ്രാമത്തിൽ വെച്ച് സൈന്യം സാഹസികനായ ആ വിപ്ലവകാരിയെ വെടിവെച്ചുകൊന്നു.ചെ ഗുവേരയുടെ രക്തസാക്ഷിത്വത്തിനു ശേഷം അദ്ദേഹത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാനായി ആൽബർട്ടോ ഗ്രനാഡോ തന്റെ ജീവിതം സമർപ്പിച്ചു.1960 മുതൽ ക്യൂബയിൽ തമസിച്ച അദ്ദേഹം രാജ്യത്തിന്റെ ശാസ്ത്ര,സാങ്കേതിക പുരോഗതിക്കും ആരോഗ്യരംഗത്തെ കുതിച്ചുചാട്ടത്തിനും വിലപ്പെട്ട സംഭാവനകളാണു നൽകിയത്.
ചരിത്രത്തിൽ ചെ ഗുവേരയുടെ ജീവിതത്തിനും രക്തസാക്ഷിത്വത്തിനും സമാനതകളില്ല.അത് ഇനി വരുന്ന അസംഖ്യം തലമുറകളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും.ചെയെ ഓർക്കുന്നവർ ഗ്രാനാഡോയേയും ഓർക്കും.അവരുടെ സാഹസികമായ ആ മോട്ടോർസൈക്കിൾ യാത്രയും അങ്ങനെ അമരത്വത്തിലേക്ക്….
1967 ഒക്റ്റോബർ 9നു ബൊളീവിയയിലെ ഹീഗ്വര ഗ്രാമത്തിൽ വെച്ച് സൈന്യം സാഹസികനായ ആ വിപ്ലവകാരിയെ വെടിവെച്ചുകൊന്നു.ചെ ഗുവേരയുടെ രക്തസാക്ഷിത്വത്തിനു ശേഷം അദ്ദേഹത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാനായി ആൽബർട്ടോ ഗ്രനാഡോ തന്റെ ജീവിതം സമർപ്പിച്ചു.1960 മുതൽ ക്യൂബയിൽ തമസിച്ച അദ്ദേഹം രാജ്യത്തിന്റെ ശാസ്ത്ര,സാങ്കേതിക പുരോഗതിക്കും ആരോഗ്യരംഗത്തെ കുതിച്ചുചാട്ടത്തിനും വിലപ്പെട്ട സംഭാവനകളാണു നൽകിയത്.
ചരിത്രത്തിൽ ചെ ഗുവേരയുടെ ജീവിതത്തിനും രക്തസാക്ഷിത്വത്തിനും സമാനതകളില്ല.അത് ഇനി വരുന്ന അസംഖ്യം തലമുറകളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും.ചെയെ ഓർക്കുന്നവർ ഗ്രാനാഡോയേയും ഓർക്കും.അവരുടെ സാഹസികമായ ആ മോട്ടോർസൈക്കിൾ യാത്രയും അങ്ങനെ അമരത്വത്തിലേക്ക്….
1 comment:
നല്ലോരു അവലോകനമായി കേട്ടൊ ഭായ്
Post a Comment