ഇക്കഴിഞ്ഞ ഏപ്രിൽ 19നു ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തിൽ നിന്ന് ഫിദൽ കാസ്ത്രോ സ്വയം പിൻവാങ്ങിയ വാർത്തയ്ക്ക് ലോകമെമ്പാടുമുള്ള മാദ്ധ്യമങ്ങൾ വൻപ്രാധാന്യമാണു നൽകിയത്.2008 ഫെബ്രുവരി 24നു സർക്കാരിന്റെ നേതൃത്വം തന്റെ സഹോദരനും ക്യൂബൻ വിപ്ലവത്തിന്റെ മുന്നണിപ്പോരാളികളിലൊരാളുമായ റൌൾ കാസ്ത്രോവിനെ ഏൽപ്പിച്ച ഫിദൽ,കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ ഏറ്റവും സമാധാനപരമായ നേതൃമാറ്റത്തിനു കൂടി കാരണക്കാരനായി മറ്റൊരു അദ്ധ്യായം എഴുതിച്ചേർത്തു.
ഫിദലിന്റെ പടിയിറക്കത്തോടെ ക്യൂബയിൽ സാമ്പത്തികപരിഷ്കാരങ്ങളുടെ പുതിയ രാഷ്ട്രീയ യുഗം ആരംഭിച്ചുവെന്നും ,അവർ കമ്മ്യൂണിസത്തോട് വഴിപിരിയാൻ തയ്യാറെടുക്കുകയാണെന്നും പ്രവചിക്കുന്നവരുണ്ടു.സബ്സിഡികൾ വെട്ടിക്കുറച്ചും,റേഷൻ പരിമിതപ്പെടുത്തിയും,
നിയന്ത്രിതമായ സ്വകാര്യ സ്വത്തവകാശം അനുവദിച്ചും,
പാർട്ടി,ഭരണ നേതൃത്വത്തിനു കാലപരിധി നിശ്ചയിച്ചും തുടങ്ങിയ ഈ പരിഷ്കാരം ,പക്ഷേ,ഏകകക്ഷി ഭരണത്തിന്റെ ഇരുണ്ടുയുഗത്തിനു അന്ത്യം കുറിച്ച് ,ബഹുകക്ഷിജനാധിപത്യത്തിലേക്കുള്ള പരിവർത്തനത്തിനു വഴിതുറക്കുമോ എന്ന് പറയാൻ സമയമായിട്ടില്ല.ഫിദലും റൌളും ജീവിച്ചിരിക്കുമ്പോൾ അതുണ്ടാകാനിടയില്ല.
കഴിഞ്ഞ 52 വർഷമായി ക്യൂബയെ തങ്ങളുടെ കൈപ്പിടിയിലൊതുക്കാനായി അശ്രാന്തപരിശ്രമം നടത്തുന്ന അമേരിക്കയുടെ കൈകളിലേക്ക് ക്യൂബയെ എറിഞ്ഞുകൊടുക്കാൻ അവരോ ബഹുഭൂരിപക്ഷം ജനങ്ങളോ ഒരിക്കലും അനുവദിക്കുകയില്ല.400 വർഷം നീണ്ടു നിന്ന സ്പെയിനിന്റേയും അതിനുശേഷം ഒരു ശതാബ്ദത്തിലേറെ അമേരിക്കൻ അധിനിവേശത്തിന്റേയും തിക്തഫലങ്ങളനുഭവിച്ച ക്യൂബൻ ജനത അസാധാരണമായ അതിജീവനപ്പോരാട്ടവീര്യം കാത്തുസൂക്ഷിക്കുന്നവരാണു.യാങ്കി അധിനിവേശത്തെക്കാൾ അവർക്ക് പഥ്യം ഏകകക്ഷി ഭരണമാണു.
ക്യൂബയിലേക്ക് സ്പെയിൻകാരും അമേരിക്കക്കാരുമെത്തിയത് ഫലഭൂയിഷ്ടമായ ഈ മണ്ണു കണ്ടു മോഹിച്ചായിരുന്നു.ഭൂമുഖത്തെ ഏറ്റവും നയനാനന്ദകരമായ ദ്വീപ് എന്ന് ക്രിസ്റ്റഫർ കൊളംബസ് വിശേഷിപ്പിച്ച ഈ കൊച്ചു ലാറ്റിൻ അമേരിക്കൻ രാജ്യം,അമേരിക്കയിലെ മയാമിയിൽ നിന്ന് വെറും 90 മൈലുകൾ മാത്രം അകലെയാണു.ലോകത്തിന്റെ ഈ പഞ്ചസ്സാര കലവറയിൽ കരിമ്പ് മാത്രമല്ല, പുകയിലച്ചെടിയും തഴച്ചു വളരുന്നു. അമേരിക്ക കഴിഞ്ഞാൽ നിക്കലിന്റെ ഏറ്റവും വലിയ നിക്ഷേപം ഈ ദ്വീപിലാണുള്ളത്.ഈ സമ്പത്ത്മോഹിച്ച് നാലുശതാബ്ദം ക്യൂബയെ കൈയ്യടക്കി വെച്ച സ്പെയിനെതിരെ 30 വർഷം നീണ്ടു നിന്ന സ്വാതന്ത്യപ്പോട്ടമാണു ജനങ്ങൾ നടത്തിയത്.ജോസ് മാർട്ടിയിരുന്നു അതിനു നേതൃത്വം നൽകിയത്.കാൾ മാർക്സിനെക്കാൾ ഫിദൽ കാസ്ത്രോ വായിച്ചതും പ്രാവർത്തികമാക്കാൻ ശ്രമിച്ചതും ജോസ് മാർട്ടിയുടെ ദർശനങ്ങളായിരുന്നു.
സ്പെയിനെതിരെ മാർട്ടി നയിച്ചത് ഒളിപ്പോരാട്ടമായിരുന്നു.ഇത് വിജയത്തിലേക്ക് കടക്കുന്ന ഘട്ടത്തിലായിരുന്നു അമേരിക്കൻ നാവികപ്പട ഹവാനയിലിറങ്ങി ഇടപെട്ടത്.114നാൾ അവരും സ്പെയിനും തമ്മിൽ ക്യൂബയുടെ നിയന്ത്രണത്തിനായി യുദ്ധം ചെയ്തു.അങ്ങനെ തങ്ങളുടെ സ്വാതന്ത്ര്യസമരത്തെ യാങ്കികൾ തട്ടിയെടുത്തതായി ഫിദൽ പിൽക്കാലത്ത് രേഖപ്പെടുത്തിയിട്ടുണ്ടു:“സ്പെയിൻ കാർ തോറ്റോടാൻ തുടങ്ങിയപ്പോൾ അവരെത്തി.അവർ താഴെക്കിടന്ന പഴുത്ത മാങ്ങകൾ പെറുക്കിയെടുത്തു”.
അവസാനം,പാരീസിൽ 1898ൽ സ്പെയിനും അമേരിക്കയുമായി ഉടമ്പടി ഉണ്ടാക്കിയപ്പോൾ,സ്വാതന്ത്യത്തിനായി പൊരുതിയ ഒരൊറ്റ ക്യൂബൻകാരൻ പോലും അവിടെയുണ്ടായിരുന്നില്ല.സ്പാനിഷ് ആധിപത്യത്തിൽ നിന്ന് ക്യൂ ബ അമേരിക്കനധിനിവേശത്തിലേക്ക് വന്നു.പുതിയ റിപ്പബ്ലിക്ക് പിറന്നുവെങ്കിലും,ക്യൂബയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ അമേരിക്കയ്ക്കുള്ള അധികാരം ഉപയോഗിച്ച് അവർ ആ കൊച്ചുരാജ്യത്തെ തങ്ങളുടെ സാമ്പത്തിക കോളനിയാക്കി.ക്യൂബൻ ജനതയുടെ സ്വത്തിനും പൌരസ്വാതന്ത്യത്തിനും സംരക്ഷണം നൽകാൻ ഇടപെടൽ നടത്താനുള്ള അധികാരം ക്യൂബൻ ഭരണഘടന തന്നെ അമേരിക്കയ്ക്ക് നൽകി.അവിടെ നാവികകേന്ദ്രങ്ങളോ ഖനികളോ ആരംഭിയ്ക്കുന്നതിനു ഭൂമി അമേരിക്കയ്ക്ക് വിൽക്കാനോ ,ദീർഘകാലവാടകയ്ക്ക് നൽകാനോ ഭരണഘടനയിൽ വ്യവസ്ഥയുണ്ടാക്കി.ഇതുപയോഗിച്ചായിരുന്നു,കോൺസണ്ട്രേഷൻ ക്യാമ്പ് എന്ന നിലയിൽ കുപ്രസിദ്ധമായ ഗ്വാണ്ടനാമോ നാവികകേന്ദ്രം അമേരിക്ക സ്ഥാപിച്ചത്.
അമേരിക്കൻ വ്യവസായികൾ വൻ തോതിൽ അവിടെ കരിമ്പിൽ തോട്ടങ്ങൾ വാങ്ങിക്കൂട്ടി.ഫാക്റ്ററികൾ തുറന്നു.ബാങ്കിങ്ങ്പ്രവർത്തനങ്ങളെ നിയന്ത്രിച്ചു.യാങ്കി അധിപത്യത്തിനും ,അമേരിക്കൻ പാവ സർക്കാരുകൾക്കുമെതിരെ ക്യൂബൻ ജനത സമരം തുടർന്നു.ഇതിനിടയിൽ ജനാധിപത്യ സർക്കാരുകളുണ്ടായി.അവരും അഴിമതിയിൽ കുളിച്ചു നിന്നു.അപ്പോൾ ജനങ്ങൾ അവർക്കെതിരേയും കലാപത്തിനിറങ്ങി.ഇങ്ങനെയുള്ള രാഷ്ട്രീയാന്തരീക്ഷത്തിലൂടെ വളർന്നുവന്ന ഫിദൽ കാസ്ത്രോ ഹവാന കാമ്പസിൽ ധിക്കാരിയും വഴക്കാളിയുമായി പൊതുപ്രവർത്തനം തുടങ്ങിയത് സ്വാഭാവികം.വിദ്യാർത്ഥികളുടെ തെമ്മാടിക്കൂട്ടങ്ങൾ ഏറ്റുമുട്ടുന്ന ആ കാമ്പസിലും പുറത്തും കൈത്തോക്കുമായി ഫിദൽ സഞ്ചരിച്ചു.രക്തരൂക്ഷിതമായ ഏറ്റുമുട്ടലുകളിൽ പങ്കെടുത്തു.കരിമ്പു ഫാക്റ്ററി ഉടമയും യാഥാസ്ഥിതികനുമായ അച്ഛനോടും സഹോദരങ്ങളോടു പോലും പലപ്പോഴും എതിരിടേണ്ടി വന്നിട്ടുണ്ടു,ഫിദലിനു.സ്കൂളിൽ പഠിക്കുമ്പോഴേ ബെസ്റ്റ് അത്ല്റ്റായിരുന്ന അദ്ദേഹത്തിന്റേത് ആകർഷകമായ ആകാരവും വ്യക്തിത്വവുമായിരുന്നു.കാമ്പസിൽ നിന്ന്,ഡൊമിനിക്കിലെ ഏകാധിപതിയെ സ്ഥാനഭ്രഷ്ടനാക്കാൻ മെഷീൻ ഗണ്ണുമായി കലാപകാരികൾക്കൊപ്പം കപ്പൽ കേറിക്കൊണ്ടായിരുന്നു ഫിദൽ തന്റെ സാഹസികമായ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് എന്ന് പറയാം.മൂന്നു കപ്പലുകളിലുള്ള മുഴുവൻ കലാപകാരികളേയും സൈന്യം തുരത്തി.ആയുധവുമായി നീന്തി ഒരു നയതന്ത്രകാര്യാലയത്തിൽ എത്തിയായിരുന്നു,അദ്ദേഹം രക്ഷപെട്ടത്. തുടർന്നും രക്തവും തോക്കുകളും നിറഞ്ഞ പോരാട്ടങ്ങളിൽ തുടർച്ചയായി പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു,അദ്ദേഹത്തിനു.
1946ൽ എഡ്യുറാഡോ ചിബാസ് രൂപവത്കരിച്ച ക്യൂബൻ പീപ്പിൾസ് പാർട്ടിയുടെ നേതൃനിരയിൽ ഫിദലുമുണ്ടായിരുന്നു.1951ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ചിബാസ് ഒരു റേഡിയോ പ്രസംഗത്തിനിടയിൽ വയറ്റിലേക്ക് നിറയൊഴിച്ച് ആത്മഹത്യ ചെയ്യുന്നതിനു സാക്ഷ്യം വഹിക്കേണ്ടി വന്നു,അദ്ദേഹത്തിനു.ആ പാർട്ടിയുടെ സ്ഥാനാർത്ഥിയയി കോൺഗ്രസിലേക്ക് ഫിദൽ മത്സരിച്ചു.പക്ഷേ, മുൻ പ്രസിഡന്റ് ജനറൽ ബാറ്റിസ്റ്റ തെരഞ്ഞെടുപ്പ് അസാധുവാക്കി ,ഭരണം പിടിച്ചെടുത്തു.
ഇനി ബാറ്റിസ്റ്റയുടെ ഏകാധിപത്യത്തിനെതിരെ ഒളിപ്പോരല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് ഒരു സംഘം യുവാക്കൾ തീരുമാനിച്ചു.1956 ജൂലൈ 26 135 കലാപകാരികളുമായി ഫിദലും റൌളും ചേർന്ന് രാജ്യത്തെ ഏറ്റവും വലിയ ആയുധപ്പുരയായ മൊൺക്കാഡാ ബാരക്ക് ആക്രമിച്ചു.പക്ഷേ, അത് പരാജയപ്പെട്ടു. മുപ്പതിൽ താഴെ മാത്രം പ്രായമുണ്ടായിരുന്ന സർവകലാശലാവിദ്യാർത്ഥികളായിരുന്ന 60ൽപ്പരം കലാപകാരികളെ സൈന്യം വെടിവെച്ചുകൊന്നു.
സാന്റിയാഗോയിലെ സൈറാ മൈസ്ട്രാ മലനിരകളിലേക്ക് രക്ഷപ്പെട്ട ഫിദലിനേയും സംഘത്തേയും ബാറ്റിസ്റ്റയുടെ സൈന്യം പിടികൂടിയെങ്കിലും നല്ലവനായൊരു ഓഫീസറുടെ ഇടപെടൽ കാരണം അവർ മരണത്തിൽ നിന്ന് രക്ഷപെട്ടു.കോടതിൽ വിചാരണയ്ക്ക് ഹാജരാക്കപ്പെട്ട ഫിദൽ കേസ് സ്വയമായാണു വാദിച്ചത്.ക്യൂബൻ വിപ്ലവത്തിന്റെ അടിസ്ഥാനപ്രമാണമായി കണക്കാക്കപ്പെടുന്ന “ചരിത്രം എന്നെ കുറ്റക്കാരനല്ലെന്നു വിധിക്കും”എന്ന വിശ്വപ്രസിദ്ധമായ പ്രസംഗം അദ്ദേഹം നടത്തിയത് ഈ വിചാരണയ്കിടയിലായിരുന്നു.15 വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട ഫിദലിനേയും കൂട്ടരേയും രണ്ടുവർഷത്തിനു ശേഷം ബാറ്റിസ്റ്റ പൊതുമാപ്പു നൽകി വിട്ടയച്ചു.
തുടർന്ന് മെക്സിക്കോലെത്തി ചെ ഗുവെരെയോടൊപ്പം ചേർന്ന് ഗറില്ലായുദ്ധത്തിനു ഫിദൽ പ്രവാസികളെ സംഘടിപ്പിച്ചു.1956 നവംബർ 26നു ഒളിപ്പോർ പരിശീലനം ലഭിച്ച് 80 കലാപകാരികളുമായി ഗ്രാന്മാ എന്ന യാനത്തിൽ അവർ ക്യൂബയിലേക്ക് പുറപ്പെട്ടു.പ്രതികൂല കാലവസ്ഥയും പട്ടിണിയും കാരണം അവശരായി കിഴക്കൻ തീരത്തിറങ്ങിയ ഒളിപ്പോരാളികളിൽ അറുപതോളം പേരെ ബാറ്റിസ്റ്റയുടെ സൈന്യം പിടികൂടി വധിച്ചു.ഫിദലും റൌളും ,ഗുവെരെയുമടങ്ങിയ ചെറിയൊരു സംഘം രക്ഷപെട്ട് സൈറ മൈസ്ത്ര മലനിരകളിലെത്തി.അവിടം കേന്ദ്രീകരിച്ച് അവർ നടത്തിയ പോരാട്ടങ്ങൽക്ക് ജനങ്ങളുടെ പിന്തുണയേറി.ബാറ്റിസ്റ്റയ്ക്കെതിരായ ഗറില്ലാപ്പോരാട്ടങ്ങൾ നടത്തുന്ന ഗ്രൂപ്പുകൾ ഫിദലിന്റെ നേതൃത്വത്തിൽ ഒന്നിച്ചു.പിന്നെ, ബാറ്റിസ്റ്റയുടെ സൈന്യം യുദ്ധമുന്നണിയിൽ തോറ്റോടാൻ തുടങ്ങി.
അവസാനം ,താൽക്കാലിക തലസ്ഥാനമായിരുന്ന സാന്റ ക്ലാര ചെ ഗുവെരെയുടെ നേതൃത്വത്തിലുള്ള കലാപകാരികൾ പിറ്റിച്ചെടുത്തതോടെ ബാറ്റിസ്റ്റ മുട്ടുമടക്കി.1959 ജനുവരി ഒന്നിനു പുലർച്ചെ, രാജ്യം കൊള്ളയടിച്ച പണവുമായി അയാൾ ഡൊമിനിക്കിലേക്ക് വിമാനത്തിൽ പലായനം ചെയ്തു.ചെയുടെ നേതൃത്വത്തിൽ വിപ്ലകാരികൽ ഹവാനയിലെത്തി പ്രസിഡന്റിന്റെ കൊട്ടാരം പിടിച്ചെടുത്തു.ജനുവരി 8നു വിജയഘോഷയാത്ര നയിച്ചുകൊണ്ടു 32കാരനായ ഫിദൽ കാസ്ത്രോ ഹവാനയിലെത്തി.പിന്നെയെല്ലാം ചരിത്രം.
ഇക്കാലമത്രയും അമേരിക്ക ,അതിന്റെ സർവ്വ ശക്തിയുമുപയോഗിച്ച് ഫിദലിനെ കൊലപ്പെടുത്താനും ക്യൂബയെ തകർക്കാനും നോക്കി.സാമ്പത്തിക രാഷ്ട്രീയ ഉപരോധത്തിലൂടെ ജനങ്ങളെ പട്ടിണിക്കിട്ടു ദുർബലപ്പെടുത്താൻ നോക്കി.അദ്ദേഹത്തിന്റെ സഹോദരിയ്ക്കും ,ഒരു മകൾക്കും രാഷ്ട്രീയാഭയം നൽകി മാനസികമയി തളർത്താൻ നോക്കി.ഒരു ശ്രമവും വിജയിച്ചില്ല.ഒന്നിനും ക്യൂബയേയും ഫിദലിനേയും പരാജയപ്പെടുത്താൻ കഴിഞ്ഞില്ല.
പക്ഷേ,എല്ലാക്കാലവും ഒന്നു പോലെയല്ല.“മാറാത്തതായി ഈ ലോകത്ത് ഒന്നേയുള്ളു;മാറ്റം എന്ന വാക്കല്ലാതെ” എന്ന് ഉദ്ഘോഷിച്ചത് കാൾ മാർക്സായിരുന്നു എന്നു നമുക്കിപ്പോൾ ഓർക്കാം.
2 comments:
ഫിദൽ കാസ്ത്രോയുടെ ചരിത്രം ഒന്നും നഷ്ട്ടപ്പെടാതെ തന്നെ വിവരിച്ചിരിക്കുന്നു...
ഒറ്റ വായനയിൽ നിന്നും എല്ലാം പിടിച്ചെടുക്കാം
നന്നായിട്ടുണ്ട് കേട്ടൊ ഭായ്
പുതിയ ക്യൂബ എങ്ങനെയിരിക്കും...?
വിഷുആശംസകൾ...
Post a Comment