“തൊഴിൽ അല്ലെങ്കിൽ ജെയിൽ”എന്നതായിരുന്നു എൺപതുകളിലെ കേരളീയ യുവത്വത്തെ ഏറെ ആകർഷിച്ച മുദ്രാവാക്യങ്ങളിലൊന്നു.
അന്നു പട്ടിണിയും ദാരിദ്ര്യവും കൊടികുത്തിവാണ കാലം.എന്തു തൊഴിലെടുക്കാനും അവർ തയ്യാറായിരുന്നു.പക്ഷേ,തൊഴിലവസരങ്ങൾ തുലോം പരിമിതം.ഗൾഫായിരുന്നു സ്വപ്നഭൂമി.അവിടേക്കുള്ള വിസയോ നാട്ടിലെ പരിമിതമായ ജോലികളോ ലഭിക്കാത്തവർ ചുറ്റിത്തിരിഞ്ഞു നടന്ന് സമയം പോക്കുകയായിരുന്നു.തൊഴിലില്ലാത്തതിൽ കടുത്ത നിരാശയും അതിൽ നിന്നുളവായ ആത്മനിന്ദയും രോഷവും അവരിൽ നല്ലൊരു ശതമാനത്തേയും റിബലുകളാക്കി.ഒഴുക്കിനെതിരെ.നീന്താൻ ആക്രമണോത്സുകതയോടെ നിന്ന ഇക്കൂട്ടരായിരുന്നു റാഡിക്കൽ ഇടതുപക്ഷ യുവജനപ്രസ്ഥാനങ്ങളുടെ നട്ടെല്ല്.ആകർഷകമായ ഏതു മുദ്രാവാക്യത്തിനും ഇവരുടെ രക്തം തിളപ്പിക്കാനായി.ജനകീയ വിചാരണകൾ മുതൽ ജയിൽ നിറക്കലും കാസർകോഡ് മുതൽ തലസ്ഥാനം വരെയുള്ള കാൽനടജാഥകളും വരെ ഈ നിരാശാഭരിതരായ തൊഴിലില്ലാപ്പടയുടെ നിറസാന്നിദ്ധ്യത്താൽ സമ്പന്നമായിരുന്നു.
പക്ഷേ,ഇന്നോ?
കുടുംബം ഒറ്റമക്കളിലേക്ക് ചുരുങ്ങുമ്പോൾ രാഷ്ട്രീയത്തിലിറങ്ങാനും തല്ലുകൊള്ളാനും ജാഥനടത്താനും ആളു കുറയുന്നത് സ്വാഭാവികം.ക്ഷുഭിത യൌവനങ്ങളുടെ പഴയ ആ ഫോക്ക് ലോറുകൾക്കിന്ന് ഒരു പ്രസക്തിയുമില്ല.
ജീവിതവുമായി നിരന്തരം സമരത്തിലേർപ്പെട്ടിരിക്കുന്ന ആദിവാസികളുടെ ഇടയിലല്ലാതെ എവിടെയും തൊഴിലില്ലായ്മയോ ദാരിദ്ര്യമോ ഇന്നില്ല.പണിയെടുക്കാൻ തയ്യാറാണെങ്കിൽ ആർക്കും അന്തസായി ജീവിക്കാവുന്ന സാമൂഹികാന്തരീക്ഷം നിലവിലുണ്ടു.
കൈനിറയെ എവിടെയും തൊഴിലുണ്ടു:പക്ഷേ,പണിയെടുക്കാൻ ആളിനെ കിട്ടുന്നില്ല.തെങ്ങു കയറാനും പറമ്പിലും പാടത്തും പണിയെടുക്കാനും വീട്ടുജോലികൾ ചെയ്യാനും മാത്രമല്ല കടുത്ത ആൾക്ഷാമമുള്ളത്.നിർമ്മാണ മേഖലയിൽ വിദഗ്ദ്ധ തൊഴിലാളികളില്ല.എന്തിനു, വൈറ്റ്കോളർ ജോലിക്ക് സമാനമായ സെയിത്സ് ഗേൾസ്/ബോയ്സ് ജോലിക്ക് പോലും നഗരങ്ങളിൽ വേണ്ടത്ര ചെറുപ്പക്കാരെ കിട്ടാനില്ല.പല സ്ഥലങ്ങളിലും കടയിൽ നിൽക്കാൻ ആളില്ലാത്തതിനാൽ സ്ഥാപനങ്ങൾ നേരത്തെ അടച്ചു പോകുന്ന ദുസ്ഥിതിയുമുണ്ടു.
കാർഷികരംഗത്ത് യന്ത്രവത്കരണം ഇല്ലാത്തതിന്റെ പരിണിതഫലം ഇക്കഴിഞ്ഞ കൊയ്ത്തു കാലത്ത് കുട്ടനാട്ടുകാർ അനുഭവിച്ചു.കൊയ്യാൻ ആളോ ആവശ്യത്തിനു യന്ത്രങ്ങളോ കിട്ടാതെ ആയിരക്കണക്കിനേക്കർ പാടങ്ങളിലെ നെല്ല് നശിച്ചു പോയി.നാളീകേര വില സർവകാല റെക്കാർഡിൽ എത്തിനിൽക്കുന്ന ഈ അവസരത്തിൽ പോലും തേങ്ങ പറിക്കാൻ ആളില്ലാത്ത ദുരവസ്ഥയാണുള്ളത്.മരത്തിൽ കയറാൻ ആളില്ലാത്തതും,പട്ടിണിയും ദാരിദ്ര്യവും കുറഞ്ഞതും കാരണം ഓരോ മഴക്കാലത്തും ദശലക്ഷക്കണക്കിനു ചക്കയാണു ഉപയോഗശൂന്യമായി നശിക്കുന്നത്.ഉണക്ക തേങ്ങയും പഴുത്തചക്കയും തലയിൽ വീണു ആളുകൾ മരിക്കുന്ന ആസുരകാലമാണിത്.
ഈ സാഹചര്യത്തിലാണു എന്തു പണിയും ചെയ്യാൻ സന്നദ്ധരായി ബംഗാളിൽ നിന്നും ഒറീസയിൽ നിന്നും കേരളത്തിലേക്ക് പട്ടിണിപ്പാവങ്ങളുടെ അഭയാർത്ഥിപ്രവാഹം ഉണ്ടാകുന്നത്.തമിഴ്നാട്ടിൽ നിന്നും ജോലിതേടി എത്തിയവരിൽ ബഹുഭൂരിപക്ഷവും അടുത്തിടെ തിരിച്ചു പോയി.സൌജന്യ നിരക്കിലുള്ള റേഷൻ സാധനങ്ങളുടെ ലഭ്യതയും സാമൂഹികസുരക്ഷാനടപടികളും കാരണം അവിടുത്തെ ജീവിതസാഹചര്യങ്ങൾ ഏറെ മെച്ചപ്പെട്ടതിന്റെ പ്രതിഫലനമാണിത്.ആരോഗ്യ രംഗത്ത് അവർ വലിയ കുതിച്ചു ചാട്ടം തന്നെ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടത്തി.അപ്പോൾ പിന്നെ അവരെന്തിനു ഉയർന്ന ജീവിതച്ചെലവുള്ള കേരളത്തിൽ അഭയാർത്ഥികളായി കഴിയണം?ഇനിയും മടങ്ങിപ്പോകാത്ത തമിഴരുണ്ടു.അവരിൽ നല്ലൊരു ശതമാനം പേർ ഇവിടെ മുതലാളിമാരാണു.അവർ മലയാളികളെക്കൊണ്ടു തങ്ങളുടെ പണപ്പെട്ടി നിറയിപ്പിക്കും.
വികസനം വിദൂരസ്വപ്നമായ ബംഗാൾ,ഒറീസാ ഗ്രമങ്ങളിൽ നിന്നെത്തിയ പട്ടിണിക്കോലങ്ങളെ ക്കൊണ്ടു അടിമപ്പണി ചെയ്യിക്കുന്ന വൻ റാക്കറ്റുകൾ കേരളത്തിന്റെ ഏതു മൂലയിലുമുണ്ടു.അക്ഷരാഭ്യാസം പോലുമില്ലാത്ത,തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത ഇക്കൂട്ടർക്ക് കൂലിയായി നൽകുന്നത് നാട്ടുകാർക്ക് കൊടുക്കുന്നതിന്റെ പകുതിക്കാശ്.ഇവർ പത്തുമണിക്കൂറോളം പണിയെടുക്കുമ്പോൾ മറ്റുള്ളവർ വാച്ച് നോക്കി ഏഴ് മണിക്കൂർ മാത്രം ജോലി ചെയ്യുന്നു.
നിർമ്മാണ മേഖലയിൽ പണിയെടുക്കുന്ന പ്രവാസിത്തൊഴിലാളികളെ പാർപ്പിക്കുന്നത് ചേരികളെക്കാൾ മോശപ്പെട്ട തകരഷെഡുകളിലാണു.മാലിന്യക്കൂമ്പാരങ്ങൾക്കും ദുർഗന്ധങ്ങൾക്കുമിടയിൽ നരകതുല്യമായ ജീവിതം നയിക്കുന്ന ലക്ഷക്കണക്കിനു പാവങ്ങളുണ്ടിവിടെ.ഇവർക്കു വേണ്ടി ശബ്ദിക്കാൻ ഒരൊറ്റ രാഷ്ട്രീയപാർട്ടിയോ മാദ്ധ്യമങ്ങളോ മത സംഘടനകളോ ഇല്ല.തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കുന്നില്ല.പകർച്ചവ്യാധികളും അപകടമരണങ്ങളും ഇവിടെ തുടർക്കഥകളാണു.ഇവർക്കിടയിൽ പ്രവർത്തിക്കാൻ ശ്രമിച്ച ചില ചെറുഗ്രൂപ്പുകളെ തീവ്രവാദബന്ധമാരോപിച്ച് പൊലീസ് വേട്ടയാടുകയാണെന്നും പരാതി ഉയർന്നിട്ടുണ്ടു.ഇവരോടൊപ്പം ആയിരക്കണക്കിനു കുട്ടികളും അപകടകരമായ തൊഴിലുകളിൽ ഏർപ്പെട്ട് ജീവിതം തള്ളി നീക്കുന്നുണ്ടു.അടുത്തിടെ ബാലവേല കണ്ടെത്താൻ ചില ജില്ലകളിൽ നടത്തിയ റെയിഡുകളിലാണു ഇക്കാര്യം വെളിപ്പെട്ടത്.ഇവരുടെ ഭാവിയെക്കുറിച്ച് ആർക്കെങ്കിലും ആകുലതകളുണ്ടോ?
നമ്മുടെ ജീവിതത്തിന്റെ ഭാഗം തന്നെയായി തീർന്നവരാണു ഈ പ്രവാസി തൊഴിലാളികൾ. സർവ ജീവിത മേഖലകളിലും ഇവർ ഇന്ന് അനിവാര്യമാണു.വരുംദിനങ്ങളിൽ നമ്മുടെ ദൈനംദിനജീവിതം ഇവരെക്കൂടാത മുന്നോട്ട്പോവില്ല. നമ്മുടെ ഭൌതിക സുഖങ്ങൾക്കായി വിയർപ്പൊഴുക്കി പണിചെയ്യാനെത്തിയിരിക്കുന്ന ഇവരോട് മനുഷ്യത്വപരമായ സമീപനമെങ്കിലും നാം പുലർത്തണ്ടേ?അവർക്ക് മാന്യമായി കഴിഞ്ഞുകൂടാനുള്ള സഹചര്യമെങ്കിലും ഉറപ്പുവരുത്തേണ്ടേ?അവരുടെ മനുഷ്യാവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടേ?ആലംബഹീനരായ ഇവരെ അടിമകളെപ്പോലെ ക്രൂരമായി പീഡിപ്പിക്കുകയും ചൂഷണം നടത്തുകയും ചെയ്യുന്നത് കാടത്തമാണു.
പുതിയ സർക്കാരിന്റെ നൂറിന കർമ്മപരിപാടിയിൽ അടിയന്തിരശ്രദ്ധ പതിയേണ്ട ഒന്നായിരുന്നു പ്രവാസിത്തൊഴിലാളികളുടെ ക്ഷേമപദ്ധതികൾ.അവർക്കായി കഴിഞ്ഞ സർക്കാർ ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച ക്ഷേമപദ്ധതിയ്ക്ക് എന്തു സംഭവിച്ചു എന്ന് തൊഴിലാളിസ്നേഹത്തെപ്പിടിച്ച് ആണയിടുന്ന പുതിയ തൊഴിൽ മന്ത്രിയെങ്കിലും ഒന്ന് അന്വേഷിക്കണം.
1 comment:
നാട്ടിൽ കൈനിറയെ എവിടെയും തൊഴിലുണ്ടു:പക്ഷേ,പണിയെടുക്കാൻ ആളിനെ കിട്ടുന്നില്ല.തെങ്ങു കയറാനും പറമ്പിലും പാടത്തും പണിയെടുക്കാനും വീട്ടുജോലികൾ ചെയ്യാനും മാത്രമല്ല കടുത്ത ആൾക്ഷാമമുള്ളത്.നിർമ്മാണ മേഖലയിൽ വിദഗ്ദ്ധ തൊഴിലാളികളില്ല.എന്തിനു, വൈറ്റ്കോളർ ജോലിക്ക് സമാനമായ സെയിത്സ് ഗേൾസ്/ബോയ്സ് ജോലിക്ക് പോലും നഗരങ്ങളിൽ വേണ്ടത്ര ചെറുപ്പക്കാരെ കിട്ടാനില്ല.പല സ്ഥലങ്ങളിലും കടയിൽ നിൽക്കാൻ ആളില്ലാത്തതിനാൽ സ്ഥാപനങ്ങൾ നേരത്തെ അടച്ചു പോകുന്ന ദുസ്ഥിതി...
ഈ കേരളീയർ തന്നെയാണ് പ്രവാസിയായി തീർന്നാൽ ഈ പറഞ്ഞ പണികളെല്ലാം എടുത്ത് കൂട്ടുന്നത് കേട്ടൊ ഭായ്
Post a Comment