അമേരിക്കക്കാരിൽ ഏഴിലൊന്നുപേർ ദാരിദ്ര്യത്തിലാണെന്നാണു ഇക്കഴിഞ്ഞ ദിവസം പുറത്തുവന്ന ആധികാരിക സർവെ (കോൾമാൻ ആന്റ് ജെൻസൺ)റിപ്പോർട്ട് വ്യക്തമാക്കിയിരിക്കുന്നത്.2010ൽ ജനസംഖ്യയുടെ 14.7 ശതമാനം വരുന്ന 17.2 ദശലക്ഷം വീട്ടുകാർ ദാരിദ്ര്യത്തിലാണു കഴിയുന്നത്.ഇവരിൽ തന്നെ മൂന്നിലൊരു ഭാഗം പേർ കടുത്ത ദാരിദ്ര്യത്തിലാണെന്ന ഞെട്ടിപ്പിക്കുന്ന കണ്ടെത്തലും ഈ റിപ്പോർട്ടിലുണ്ടു.2007ൽ ഇത്തരക്കാരുടെ ശതമാനം 5.4 ആയിരുന്നു.ഇപ്പോൾ 4.1ഉം.മറ്റൊരു അസ്വാസ്ഥ്യജനകമായ കണ്ടെത്തൽ 9.8 ശതമാനം കുടുംബങ്ങളിലെ കുട്ടികളും ദാരിദ്ര്യം അനുഭവിക്കുന്നു എന്നതാണു.ഇവരിൽ ഒരു ശതമനം കുട്ടികൾ കടുത്ത ദാരിദ്ര്യത്തിലാണു.ശരിക്കും വിശപ്പിന്റെ വിളി അനുഭവിക്കുന്ന പട്ടിണിപ്പാവങ്ങൾ അവിടെയുണ്ടോ എന്ന് വ്യക്തമല്ല.കാരണം 2006 മുതൽ അവർ ദാരിദ്ര്യത്തിന്റെ നിർവചനം തന്നെ മാറ്റി.അന്നു മുതൽ വിശപ്പ് അഥവാ ഹങർ എന്ന് പദം തന്നെ അവിടെ ഉപയോഗിക്കില്ല.ഫൂഡ് ഇൻസെക്യൂരിറ്റി അഥവാ ഭക്ഷ്യഅരക്ഷിതത്വം അനുഭവിക്കുന്നവർ എന്നാണു ഈ പാവങ്ങളെ അമേരിക്കക്കാർ ഇപ്പോൾ വിശേഷിപ്പിക്കുന്നത്.
ലോകത്തെ ഏറ്റവും സമ്പന്ന രാജ്യങ്ങളിലൊന്നായ അമേരിക്കയിൽ ദാരിദ്ര്യമോ?അവിടെ നല്ലൊരു ശതമാനം പേർ പട്ടിണിയിലും പരിവട്ടത്തിലും ജീവിക്കുന്നുവെന്നോ?പലർക്കും വിശ്വസിക്കാൻ കൂടി കഴിയുന്നതല്ല ഈ വാർത്തകൾ.പക്ഷേ ,ഇവ ഔദ്യോഗികമായി പുറത്തുവിട്ട ആധികാരിക രേഖകളാണു.അപ്പോൾ തീർച്ചയായും യാഥാർത്ഥ്യം ഇതിനെക്കാൾ കഠിനമാകാനേ തരമുള്ളൂ.ആഡംബരത്തിന്റേയും സുഖലോലുപതയുടേയും നടുവിൽ ജീവിക്കുന്ന അമേരിക്കക്കാരിൽ പട്ടിണിക്കാർ അധികമുള്ളത് കറുത്തവർഗ്ഗക്കാരിലാണു.ഇന്നും അമേരിക്കയിലെ പാർശ്വവത്കൃത ജനത അവഗണിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയുമാണെന്ന പച്ചയായ സത്യത്തിനു ഈ റിപ്പോർട്ട് ഒരിക്കൽ കൂടി അടിവരയിടുകയാണു.ഓബാമയ്ക്കു പോലും അതിനു തടയിടാൻ കഴിഞ്ഞിട്ടില്ല.
1997നു ശേഷം അമേരിക്കയിൽ ഏറ്റവും അധികം ദാരിദ്ര്യം റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇപ്പോഴാണെന്ന പ്രത്യേകത കൂടിയുണ്ട്.ആഗോളസാമ്പത്തിക മാന്ദ്യം പിടിച്ചുലച്ച 2008ൽ 13.3 ശതമാനം പേർ മാത്രമായിരുന്നു ദരിദ്രർ.ഇപ്പോൾ അത് 14.5 ആയി വർദ്ധിച്ചത് വരും കാലം അമേരിക്കക്ക് ഒട്ടും ശുഭകരമല്ലെന്ന് വ്യക്തമാക്കുന്നു.4.6 കോടി ജനങ്ങൾക്ക് മെഡിക്കൽ ഇൻഷുറൻസ് ഇല്ല.ഇവരിൽ ഭൂരിപക്ഷവും ദാരിദ്ര്യരേഖയ്ക്കും പകുതിയിൽ താഴ മാത്രം വരുമാനമുള്ളവരാണു.മുൻപ് ഇടത്തരക്കാരായിരുന്നവരിൽ നല്ലൊരു ശതമാനം പേർ ഇന്ന് പട്ടിണിക്കാരുടെ പടയിൽ ഉൾപ്പെടുന്നു.ചെറിയ അസുഖം വന്നാൽ ഇവരുടെ നിലനിൽപ്പ് തന്നെ അപകടത്തിലാകും.മതിയായ ചികിത്സ കിട്ടാതെ അകാലമൃത്യുവിനിരയാകുന്ന അമേരിക്കക്കാരുടെ എണ്ണവും വർദ്ധിച്ചുവരുകയാണു.ഇൻഷുറൻസില്ലെങ്കിൽ അവിടെ ജീവിതം തന്നെ ദുസ്സഹമാണു.
നാലംഗകുടുംബത്തിനു അന്തസായി ജീവിക്കാൻ ഒരു വർഷം 10000 ഡോളർ വരുമാനം വേണം എന്നാണു കണക്ക്.അതിനടുത്തെങ്ങും എത്താൻ കഴിയാത്ത ഹതഭാഗ്യരുടെ എണ്ണം കൂടുമ്പോൾ അത് വലിയ സാമൂഹികപ്രശ്നങ്ങൾ സൃഷ്ടിക്കും.ആത്മഹത്യാപ്രവണതയും കുറ്റകൃത്യങ്ങളും വർദ്ധിക്കും.ഇപ്പോൾ തന്നെ തീരെ ദുർബലമായിരിക്കുന്ന കുടുംബബന്ധങ്ങൾ പിന്നെയും ശിഥിലമാകും.മൂന്നാം ലോകരാജ്യങ്ങളെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന എല്ലാ സാമൂഹികതിന്മകളും അമേരിക്കൻ സമൂഹത്തെ വിഴുങ്ങും.1960കളിൽ ലിൻഡൻ ജോൻസൺ പ്രസിഡന്റായിരിക്കേ പട്ടിണിയും ദാരിദ്ര്യവും നിർമ്മാർജ്ജനം ചെയ്യപ്പെട്ടതായി കക്ഷിഭേദമന്യേ അമേരിക്കക്കാർ ഊറ്റം കൊള്ളുന്നുണ്ടു.അതുകൊണ്ടുതന്നെ ഇത് ഒരിക്കലും മാദ്ധ്യമങ്ങളിലോ പൊതുവേദികളിലോ ചർച്ചാവിഷയമാകുന്നില്ല.അമേരിക്കക്കാരുടെ ആത്മാഭിമാനത്തെ ഇത് വ്രണപ്പെടുത്തും.കഴിഞ്ഞ ആഴ്ച്ച പ്രസിഡന്റ് ഒബാമ പോലും ഇത്തരമൊരു വികാരമാണു പങ്കുവെച്ചത്.ദാരിദ്ര്യത്തിനു കാരണം വ്യതിപരമായ ഉത്സാഹക്കുറവും വീഴ്ച്ചകളുമാണെന്ന് സമൂഹം വിധികൽപ്പിക്കുന്നു. അവസരങ്ങൾ കാര്യക്ഷമമായി ഉപയൊഗപ്പെടുത്താത്തവർക്കാണു ഈ ദുരനുഭവം ഉണ്ടാകുകയെന്നതാണു പൊതുവായി അംഗീകരിക്കപ്പെട്ടിരിക്കുന്ന സമീപനം.2001ൽ രാജ്യത്ത് പട്ടിണി വർദ്ധിച്ചപ്പോൾ നാഷണൽ പബ്ലിക് റേഡിയോയുടെ ആഭിമുഖ്യത്തിൽ അതിന്റെ കാരണങ്ങൾ അന്വേഷിക്കാൻ നടത്തിയ ദേശീയ അഭിപ്രായ സർവെയുടെ ഫലം ഇതായിരുന്നു:കഠിനാദ്ധ്വാനം ചെയ്യാത്തവരാണു ദരിദ്രരാകുന്നത്!2008ലെ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി ,ചരിത്രത്തിലാദ്യമായി,അമേരിക്കയിലെ ദാരിദ്ര്യവും പ്രചാരണവിഷയമാക്കി.പക്ഷേ അതിനു ഏറെ പിന്തുണ ലഭിച്ചില്ല.
ഇപ്പോൾ അമേരിക്കയേയും യൂറോപ്പിനേയും കടുത്ത സാമ്പത്തികമാന്ദ്യം പിന്നേയും പിടികൂടിയിരിക്കുന്നു.കോർപ്പറേറ്റുകൾ തങ്ങളുടെ ഉത്പാദനയൂണിറ്റുകൾ ചൈനയിലേക്ക് മാറ്റിയതോടെ അമേരിക്കയിൽ തൊഴിലവസരങ്ങൾ കുറഞ്ഞിട്ടുണ്ടു.ഔട്ട്സോഴ്സിങ്ങിനു നിയന്ത്രണം ഏർപ്പെടുത്താനുള്ള ശ്രമങ്ങൾ ഭാഗികമയി മാത്രമേ വിജയിച്ചുള്ളൂ.അമേരിക്കൻ സമ്പദ് വ്യവസ്ഥക്ക് കനത്ത ക്ഷതം ഏൽപ്പിച്ചുകൊണ്ടു മുൻപ് പുറത്ത് വന്ന റിപ്പോർട്ടുകളും നൽകുന്ന ചിത്രം ഒട്ടും ശുഭകരമല്ല.
തകർച്ചയുടെ വക്കിലാണോ അമേരിക്ക?നമുക്ക് കാത്തിരിക്കാം.
3 comments:
ലോക രാഷ്ട്രങ്ങളില്‍ ആരെങ്കിലും തമ്മില്‍ യുദ്ധം നടക്കാത്ത കാലം വന്നാല്‍ അമേരിക്കയിലെ 50 ശതമാനം ജനങ്ങളും പട്ടിണിയിലേക്ക് [ഫുഡ് ഇന്‍സെക്യൂരിറ്റി] കൂപ്പു കുത്താന്‍ സാദ്ധ്യതയുണ്ട്. അങ്ങനെ യുദ്ധസാമഗ്രികള്‍ ഭക്ഷണ പദാര്‍ത്ഥങ്ങളായ് കണ്‍വെര്‍ട്ട് ചെയ്യുന്ന ടെക്നോളജി കണ്ടുപിടിക്കാന്‍ അവര്‍ നിര്‍ബ്ബന്ധിതരാവുകയും ചെയ്യും. അമേരിക്കന്‍ നീഗ്രോകളുടെ അവസ്ഥ ആരുടെ ഭരണത്തിന്‍ കീഴിലും അത്ര സുഖകരമായിരുന്നില്ല എന്നു തന്നെയാണ് തോന്നിയിട്ടുള്ളത്.
അതെ ഭായ്,ദാരിദ്ര്യം ഇവിടെ ബ്രിട്ടണിലും ഉണ്ട്..!
ഒപ്പം ഇതാ വീണ്ടും ഒരു സമ്പത്ത് മാന്ദ്യം കൂടി പടിവാതുക്കൽ എത്തിനിൽക്കുകയാണിവിടെ...
America seems to competing with India
Post a Comment