അമേരിക്കയിലെ വാൾ സ്ട്രീറ്റിൽ നിന്നാരംഭിച്ച് 80 രാജ്യങ്ങളിലെ 950 നഗരങ്ങളിലേക്ക് കൂടി ഞായറാഴ്ച പടർന്ന് പിടിച്ച പ്രക്ഷോഭം മുതലാളിത്ത സമ്പദ് വ്യവസ്ഥയ്ക്കും കോർപ്പറേറ്റുകളുടെ അത്യാർത്തിക്കുമെതിരെ ലോകം കണ്ട ഏറ്റവും ശക്തമായ ബഹുജനമുന്നേറ്റമാണു.മുതലാളിത്തം ജീവിതം താറുമാറാക്കിയതു കാരണം ജോലി നഷ്ടപ്പെടുകയും വീടും സമ്പാദ്യങ്ങളും ഇല്ലാതെ വഴിയാധാരമാക്കപ്പെടുകയും ചെയ്യപ്പെട്ട അമേരിക്കയിലേയും,ഇറ്റലിയിലേയും ബ്രിട്ടനിലേയും സ്പെയിനിലേയുമൊക്കെ സാധാരണക്കാരായ ജനലക്ഷങ്ങളാണു മുതലാളിത്തത്തിനെതിരെ തെരുവിലിറങ്ങുന്നത്.ഈജിപ്റ്റിലെ താഹ്രീർ സ്കൊയറിൽ നിന്ന് അറ്റ്ലാന്റിക് കടന്ന് ന്യൂയോർക്കിലേക്കും അവിടെനിന്ന് മുതലാളിത്തത്തിന്റെ കോട്ടകൊത്തളങ്ങളിലേക്കും ഈ ഉഷ്ണപാതം പടരുകയാണു.
പക്ഷേ മുതളാളിത്തത്തിനും ആഗോളവത്കരണത്തിനുമെതിരെ പതിറ്റാണ്ടുകളായി തൊണ്ടപൊട്ടി പ്രസംഗിച്ചു പോരുന്ന വലിയൊരു വിഭാഗം രാഷ്ട്രീയക്കാരുള്ള ഇന്ത്യയിലോ?പണ്ടു കേരളത്തിലെ തദ്ദേശസ്വയംഭരണസ്ഥാപന തെരഞ്ഞെടുപ്പിൽ ,അമേരിക്കൻ അധിനിവേശത്തിനെതിരെ പൊരുതുന്ന സദ്ദാം ഹുസൈനായിരുന്നു ചർച്ചാകേന്ദ്രം.പിന്നെയും സാമ്രാജ്യത്വത്തിന്റെ അധിനിവേശങ്ങളും അത്യാർത്തിയും സാമ്പത്തിക നയങ്ങളും രാഷ്ട്രീയ ഇടപെടലുകളും പലവുരു ഇവിടെ ചർച്ചചെയ്യപ്പെട്ടിട്ടുണ്ടു.കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പിന്തുടരുന്നത് അമേരിക്കൻ വികസന പാതയാണെന്ന് നിരന്തരം വിമർശിക്കപ്പെട്ടു.ജനകീയാസൂത്രണം പോലും അമേരിക്കയുടെ മുതലാളിത്ത ഗൂഡതന്ത്രമായി തീവ്ര ഇടതുപക്ഷം മുദ്രയടിച്ചു.മന്മോഹൻ സിങ്ങിന്റെ സാമ്പത്തിക ഉദാരവത്കരണ നയങ്ങളെ നഖശിഖാന്തം എതിർക്കുന്നവർ പോലും മുതലാളിത്ത വികസനനയങ്ങൾ തന്നെയാണു പിന്തുടരുന്നതെന്നും വിമർശനമുണ്ടായി.അങ്ങനെ പെരുകുന്ന തൊഴിലില്ലായ്മയ്ക്കും,ഉയർന്ന ജീവിതച്ചെലവുകൾക്കും ജീവിതദുരന്തങ്ങൾക്കുമൊക്കെ പിന്നിൽ രക്തമൂറ്റിക്കുടിക്കുന്ന മുതലാളിത്തമെന്ന പിശാചാണുള്ളതെന്ന് നമ്മൾ പണ്ടു മുതൽക്കേ വിശ്വസിക്കുന്നു.എന്നും ശത്രുപക്ഷത്താണു അവരുടെ സ്ഥാനം.തീവ്രവാദികൾ വേൾഡ് ട്രേഡ് സെന്റർ നിലമ്പരിശാക്കിയപ്പോൾ ഇത്രമാത്രം സന്തോഷിച്ച ജനവിഭാഗം മറ്റെങ്ങും ഉണ്ടാകില്ല.
അമേരിക്കയിൽ ദാരിദ്ര്യവും പട്ടിണിയും പെരുകുകയും അതിനു ഇരകളായി തീർന്നവർ ,കുത്തക ഭീമന്മാരുടെ ആസ്ഥാനമായ വാൾസ്ട്രീറ്റ് കൈയ്യടക്കുക എന്ന ആഹ്വാനവുമായി തെരുവിലിറങ്ങുകയും ചെയ്യുമ്പോൾ .ഒരു പക്ഷേ അതെക്കുറിച്ച് ഏറ്റവും ശക്തമായ പ്രതികരണങ്ങളുണ്ടാകേണ്ടത് കേരളത്തിലാണു.പക്ഷേ,വരും കാലത്ത് ലോകത്തിന്റെ ദിശ തന്നെ മാറ്റിമറിക്കാവുന്ന തലത്തിലേക്ക് വ്യാപിക്കാനിടയുള്ള ഈ മുന്നേറ്റങ്ങളെക്കുറിച്ച് ഇവിടെ ആരും ഒന്നും ശബ്ദിക്കുന്നില്ല.ഇടതുപക്ഷവും തീവ്ര ഇടതുപക്ഷവും ബുദ്ധിജീവികളും മൌനം പാലിക്കുന്നു.മാദ്ധ്യമങ്ങളും ശബ്ദിക്കുന്നില്ല. അവരുടെയെല്ലാം ശ്രദ്ധ ഇല്ലാപ്രശ്നങ്ങൾ പെരുപ്പിച്ച് കാട്ടുന്നതിലാണു.
ഇപ്പോൾ നിയമസഭയിൽ നടക്കുന്ന അസംബന്ധ നാടകങ്ങളുടെ കാര്യമെടുക്കുക.ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണു നമ്മുടേത്.പാർലമെന്ററി ജനാധിപത്യത്തിന്റെയത്രയും സുതാര്യമായ മറ്റൊരു വ്യവസ്ഥയില്ല.ഏതു പ്രശ്നവും നിയമനിർമ്മാണസഭകളിൽ ചർച്ചചെയ്യാം.അതിനു നിയതമായ ചില നടപടിക്രമങ്ങളുണ്ടു.ബഹുജനങ്ങളുടെ പ്രശ്നങ്ങൾ ഫലപ്രദമായി സഭയിൽ അവതരിപ്പിക്കുന്നതിനു ജനങ്ങൾ തെരഞ്ഞെടുത്ത് അയച്ചവരാണു ജനപ്രതിനിധികൾ.അവർ നിയമനിർമ്മാണ പ്രക്രിയയിൽ പങ്കെടുക്കാതെ നിത്യവും നടപടികൾ അലങ്കോലപ്പെടുത്തുന്നത് ജനതാല്പര്യങ്ങൾക്ക് വിരുദ്ധമാണു.വാച്ച് ആന്റ് വാർഡു സ്റ്റാഫുമായി ഏറ്റുമുട്ടുകയും അതിന്റെ പേരിൽ സഭക്കകത്തും പുറത്തും അനാവശ്യവിവാദങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നവർ ആരെയാണു സഹായിക്കുന്നത്?നിയമസഭാ സാമാജികരുടെ കടമ ജനങ്ങളുടെ പ്രശ്നങ്ങൾ സഭയിൽ അവതരിപ്പിക്കുക എന്നതാണു.
വാൾ സ്ട്രീറ്റ് വാഴുന്ന ഭീമൻ ബാങ്കുകളും സാമ്പത്തികസ്ഥാപനങ്ങളും തങ്ങളുടെ സമ്പത്തെല്ലാം കൈയടക്കി വെച്ചിരിക്കുകയാണെന്നാണു “ഒക്യുപൈ വാൾസ്ട്രീറ്റ്”പ്രക്ഷോഭകർ ആരോപിക്കുന്നത്.ഇവിടെയും സമാനമായ കൈയ്യേറ്റമുണ്ടു.ആദിവാസികളും ദലിതരും തലചായ്ക്കാൻ ഭൂമിക്കുവേണ്ടി അലയുമ്പോൾ ടാറ്റയും,ഹാരിസണുമടക്കമുള്ള വങ്കിടക്കാരും,രാഷ്ട്രീയക്കാരും ബിസിനസുകരും ഉദ്യോഗസ്ഥരുമൊക്കെയടങ്ങിയ മാഫിയാസംഘങ്ങളും ചേർന്ന് ലക്ഷക്കണക്കിനേക്കർ ഭൂമി കൈവശം വെക്കുന്നു;പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കുന്നു.പാട്ടക്കാലാവധി കഴിഞ്ഞ ഒരേക്കർ ഭൂമി പോലും തിരിച്ച് പിടിച്ച് ഭൂരഹിതർക്ക് നൽകാനോ,സർക്കാർഭൂമി കൈയ്യേറിയ റിസോർട്ട് മാഫിയക്കാരെ കുടിയിറക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ല.മുതലാളിത്ത രാജ്യങ്ങളിൽ നിലനിൽക്കുന്നതിനെക്കാൾ ഭീകരമായ അസന്തുലിതാവസ്ഥയാണു ഭൂമിയുടെ കാര്യത്തിൽ കേരളത്തിൽ നിലനിൽക്കുന്നത്.ഏറ്റവുമൊടുവിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ നടത്തിയ മൂന്നാർ ഓപ്പറേഷൻ പ്രഖ്യാപനങ്ങളും ചീറ്റിപ്പോയി.പക്ഷേ,ഇതൊക്കെ ചോദിക്കാൻ ആരുണ്ടിവിടെ? അതിനുള്ള വേദികളെ അപ്രസക്തവും നിഷ്പ്രഭവുമാക്കുന്ന തരംതാണ,അപമാനകരമായ പ്രവൃത്തികളിലാണു രാഷ്ട്രീയ നേതൃത്വങ്ങൾക്ക് താൽപ്പര്യം.
ഈ പരിതാപകരമായ അവസ്ഥയ്ക്കെതിരെ ശബ്ദമുയർത്തുകയും പ്രതികരിക്കുകയും ചെയ്യേണ്ട സാംസ്കാരിക നായകരും മാദ്ധ്യമങ്ങളും കുറ്റകരമായ മൌനം പാലിക്കുകയും ചെയ്യുന്നു.അർത്ഥരഹിതമായ അധരവ്യായാമങ്ങളും വെറും വിവാദങ്ങളുമല്ല രാഷ്ട്രീയം.അത് ജനങ്ങൾക്ക് വേണ്ടിയുള്ള നിരന്തരമായ ഇടപെടലുകളും നിതാന്ത ജാഗ്രതയുമാണു.
അതുകൊണ്ടാണു ഊണിലും ഉറക്കത്തിലും രാഷ്ട്രീയം രാഷ്ട്രീയം എന്ന് വിളിച്ചുകൂവി നടക്കുന്നവരുടേത് രാഷ്ട്രീയ പ്രവർത്തനമല്ല എന്ന് പറയേണ്ടിവരുന്നത്.ലോകം ഒരു ആഗോളഗ്രാമമായി ചുരുങ്ങിയിരിക്കുന്ന ഈ കാലഘട്ടത്തിൽ മുതലാളിത്ത സാമ്പത്തികനയങ്ങൾക്കെതിരെ നടക്കുന്ന ജനകീയമുന്നേറ്റങ്ങൾ ഇവിടെ ഒരു പ്രതികരണവും സൃഷ്ടിക്കുന്നില്ല എങ്കിൽ ഇവിടെ രാഷ്ട്രീയം മരിച്ചു എന്നുതന്നെയാണു അർത്ഥം.
2 comments:
ബിലാത്തി മലയാളിയിലെ ഇയാഴ്ച്ചത്തെ വരാന്ത്യത്തിൽ ഈ ലേഖനത്തിന്റെ ലിങ്ക് ചേർത്തിട്ടുണ്ട് കേട്ടൊ ഭായ്
ദേ ഇവിടെ നോക്കുമല്ലൊ
current issue(42)
https://sites.google.com/site/bilathi/vaarandhyam
വളരെ കൃത്യമായ നിരീക്ഷണം.ഇന്ത്യയില്‍ ഇത്തരമൊരു സംഘാടനത്തിനു സാധ്യതേയില്ല.
Post a Comment