ഇന്ത്യന്‍ ധവള വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഡോ.വര്‍ഗ്ഗീസ് കുര്യനെ 1999 ല്‍ പത്മവിഭൂഷന്‍ നല്‍കി രാഷ്ട്രം ആദരിച്ചു. അതിനു ദശാബ്ദങ്ങള്‍ക്കു മുന്‍പ് മാഗ്‌സസെ അവാര്‍ഡും, വേള്‍ഡ് ഫുഡ് പ്രൈസും ഉള്‍പ്പെടെ അസംഖ്യം അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ വിശ്വപ്രസിദ്ധനായ ഈ മലയാളിയുടെ ജീവിതം തലമുറകളെ പ്രചോദിപ്പിക്കുന്ന അസംഖ്യം സംഭവ പരമ്പരകളാല്‍ സമ്പന്നമാണ്.
അമൂല്‍ എന്ന് ലോകമെമ്പാടും അറിയപ്പെടുന്ന പാല്‍ ഉല്പന്നങ്ങളുടെ പര്യായ പദമാണ് ഡോ.വര്‍ഗ്ഗീസ് കുര്യന്‍. ഗുജറാത്തിലെ കെയ്‌റാ ജില്ലയിലെ ആനന്ദ് എന്ന ഗ്രാമം ആസ്ഥാനമായുള്ള സഹകരണ പാലുല്പാദക യൂണിയന്‍ ലിമിറ്റഡിന്റെ ചുരുക്കപ്പേരാണ് അമൂല്‍ - ആനന്ദ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ ലിമിറ്റഡിന്റെ ബ്രാന്റ് നെയിം. അമൂല്ല്യം എന്ന സംസ്‌കൃതപദത്തിന്റെ വെണ്മയും ഈ പേരിലുണ്ട്.
മെറ്റലേര്‍ജിയില്‍ എഞ്ചിനിയറിംഗ് ബിരുദം എടുക്കുകയും, ഒരു പശുവിനെ കണ്ടാല്‍ പോലും തിരിച്ചറിയുകയും ചെയ്യാത്ത വര്‍ഗ്ഗീസ് കുര്യന്‍ ഡയറി എഞ്ചിനീയറിംഗില്‍ അവസാന വാക്കായി മാറിയതിനു പിന്നിലെ കഥകള്‍ ഒരു ത്രില്ലര്‍ പോലെ രസകരമാണ്. എനിക്കും ഒരു സ്വപ്നമുണ്ടായിരുന്നു. ‘I too had a dream’ എന്ന ആത്മകഥയില്‍ ആധുനിക ഇന്ത്യയുടെ ചരിത്രത്തിന്റെ തന്നെ ഭാഗമായ ആ ജീവിതകഥ ഇതള്‍ വിരിയുന്നുണ്ട്.
1921 നവംബര്‍ 26ന് സിവില്‍ സര്‍ജനായിരുന്ന ഡോ.പുത്തന്‍പുരയ്ക്കല്‍ കുര്യന്റെ മൂന്നാമത്തെ മകനായി കോഴിക്കോട്ടായിരുന്നു ജനനം. അമ്മയുടെ സ്വദേശം തൃശ്ശൂര്‍. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്ത ധനകാര്യമന്ത്രി ഡോ.ജോണ്‍ മത്തായിയുടെ സഹോദരിയായിരുന്നു അവര്‍. വര്‍ഗ്ഗീസ് കുര്യന്റെ അച്ഛന്റെ മരണശേഷം മൂത്ത അമ്മാവനായ ചെറിയാന്‍ മത്തായിയാണ് കുടുംബത്തെ സംരക്ഷിച്ചത്. അദ്ദേഹം അവരെ തൃശ്ശൂരിലേക്ക് കുട്ടിക്കൊണ്ടുപോയി തന്റെ ബംഗ്ലാവില്‍ താമസിപ്പിച്ചു.
മദ്രാസ് ലയോള കോളേജില്‍ നിന്ന് ബി.എസ്.സി ഫിസിക്‌സും, ഗിണ്ടി എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് മെറ്റലേര്‍ജി ബിരുദവും സമ്പാദിച്ച വര്‍ഗ്ഗീസ് കുര്യന്‍ അക്കാലത്തെ ബോക്‌സിങ്ങ്, ടെന്നീസ്, ക്രിക്കറ്റ്, ബാഡ്മിന്റണ്‍ ടീമുകളില്‍ അംഗമായിരുന്നു. അന്ന് സൈനിക ഓഫീസറാകണമെന്നായിരുന്നു മോഹം. പക്ഷേ അമ്മ അതില്‍ നിന്ന് പിന്‍തിരിപ്പിച്ചു. എഞ്ചിനീയറിംഗ് ബിരുദം നേയിട ശേഷം അവര്‍ മകനെ ജംഷഡ്പൂരിലെ ടാറ്റാ സ്റ്റീല്‍ കമ്പനിയിലേക്ക് പറഞ്ഞുവിട്ടു. അവിടെ എ ക്ലാസ്സ് അപ്രന്റിസായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. അതിനു കാരണമുണ്ടായിരുന്നു. ഡോ.ജോണ്‍ മത്തായി അവിടെ ടാറ്റ ഇന്റസ്ട്രീസിന്റെ ഡയറക്ടറായിരുന്നു. തന്റെ അനന്തരവന്‍ യോഗ്യനാണെങ്കില്‍ ഈ ജോലിക്ക് പരിഗണിക്കണമെന്ന് അദ്ദേഹം ടിസ്‌കോ എം.ഡിയായിരുന്ന ജഹാംഗീര്‍ ഗാന്ധിക്ക് എഴുതിയിരുന്നു. അങ്ങനെ, മനസ്സില്ലാ മനസ്സോടെ വര്‍ഗ്ഗീസ് കുര്യന്‍ എഞ്ചിനീയറായി. തന്റെ അമ്മാവന്‍ ടാറ്റയുടെ ഡയറക്ടറാണെന്ന് അദ്ദേഹം ആരോടും പറഞ്ഞില്ല. അപ്രന്റിസ് എഞ്ചിനിയര്‍മാര്‍ ഉദ്യോഗസ്ഥനിരയിലെ ഏറ്റവും താഴെയുള്ളവരായിരുന്നു. ഉയര്‍ന്ന ഉദ്യോഗസ്ഥരൊന്നും അപ്രന്റീസുകള്‍ പാര്‍ക്കുന്ന ഹോസ്റ്റല്‍ സന്ദര്‍ശിക്കാറില്ല. പക്ഷേ, എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു നാള്‍ ഡോ. ജോണ്‍ മത്തായി തന്റെ അനന്തരവനെ കാണാന്‍ ഹോസ്റ്റലിലെത്തി. ഇതോടെ ഈ ബന്ധം സര്‍വ്വരുമറിഞ്ഞു. വര്‍ഗ്ഗീസ് കുര്യന്‍ അസ്വസ്ഥനായി. അടുത്ത തവണ അമ്മാവന്‍ ഹോസ്റ്റലിലെത്തിയപ്പോള്‍ അദ്ദേഹം വിനയാന്വിതനായി പറഞ്ഞു “എനിക്കിനി ഇവിടെ നില്‌ക്കേണ്ട. പുറത്തു പോകണം. ഞാനിപ്പോള്‍ മുതലാളിയുടെ കുഞ്ഞനന്തരവന്‍ മാത്രമാണ്.”
“കൊള്ളാം, കൊള്ളാം”, തലയാട്ടിക്കൊണ്ട് ഡോ.ജോണ്‍ മത്തായി പറഞ്ഞു. “എന്തു മണ്ടത്തരമാണിത് നീയാണിവിടുത്തെ ഏറ്റവും നല്ല അപ്രന്റിസ് എന്ന് ഞാനറിഞ്ഞു. ഇവിടെ നിന്നാല്‍ നിനക്ക് എത്രയോ ഉയര്‍ന്ന പദവികള്‍ ലഭിക്കും.”
പക്ഷേ അമ്മാവന്റെ കെയറോഫില്‍ ആ ജോലിയില്‍ തുടരില്ലെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചു നിന്നു. ഉപരിപഠനത്തിന് ബ്രിട്ടീഷ് സ്‌കോളര്‍ഷിപ്പിനായി അതിനകം അപേക്ഷിച്ചിരുന്നു. മെറ്റലേര്‍ജിയിലും, ഫിസിക്‌സിലും മാസ്റ്റേഴ്‌സ് ബിരുദം നേടുകയായിരുന്നു ലക്ഷ്യം. സെലക്ഷന്‍ കമ്മിറ്റിയുടെ മുന്നില്‍ ഹാജരായ അദ്ദേഹത്തോട് ചെയര്‍മാന്‍ ഒരേയൊരു ചോദ്യമേ ചോദിച്ചുള്ളു.
“എന്താണ് പാസ്ചറൈസേഷന്‍”
ഒരിക്കലും ആ വിഷയം പഠിച്ചിട്ടില്ലാത്ത വര്‍ഗ്ഗീസ് കുര്യന്‍ മടിച്ച് മടിച്ച ഇങ്ങനെ ഉത്തരം പറ
ഞ്ഞു. “എനിക്കതിന്റെ വിശദാംശങ്ങള്‍ അറിയില്ല; പാല് സ്റ്റെറിലൈസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട എന്തോ ആണെന്ന് തോന്നുന്നു.”
ചെയര്‍മാന്‍ പറഞ്ഞു.
“ഉത്തരം ശരിയാണ്. നിങ്ങളെ ഡെയറി എഞ്ചിനിയറിംഗിന് സെലക്ട് ചെയ്തിരിക്കുന്നു.”
“ഡെയറി എഞ്ചിനിയംറിംഗ്” വര്‍ഗ്ഗീസ് കുര്യന്‍ പകച്ചു പോയി, “ങേ, അതെന്താണ്? മെറ്റലെര്‍ജിയോ ന്യൂക്ലിയര്‍ സയന്‍സോ തന്നൂടെ സാര്‍.”
“ഇല്ല. ഒന്നുകില്‍ ഡെയറി സയന്‍സ്. അല്ലെങ്കില്‍ ഒന്നുമില്ല. തീരുമാനിക്ക്.” ചെയര്‍മാന്‍ സംഭാഷണം അവസാനിപ്പിച്ചു.
മറ്റൊരു മാര്‍ഗ്ഗവും വര്‍ഗ്ഗീസ് കുര്യനു മുന്നില്‍ ഉണ്ടായിരുന്നില്ല. ടാറ്റാ സ്റ്റീല്‍ കമ്പനിയില്‍ നിന്ന് വിട്ടേ പറ്റൂ. അങ്ങനെ സ്‌കോളര്‍ഷിപ്പ് സ്വീകരിക്കാന്‍ തീരുമാനിച്ചു. കൃഷിമന്ത്രാലയം അദ്ദേഹത്തെ അമേരിക്കയിലേക്ക് അയച്ചു. പക്ഷേ പശുവളര്‍ത്തലിനെയും പാലുല്പാദനത്തേയും കുറിച്ച് തനിക്ക് യാതൊന്നും അറിയില്ലെന്ന് അദ്ദേഹം അധികൃതരോട് തുറന്നു പറഞ്ഞു. അതുകൊണ്ട് എട്ടു മാസത്തെ പരിശീലനത്തിനായി അദ്ദേഹത്തെ ബാംഗ്ലൂരിലെ നാഷണല്‍ ഡെയറി ഇന്‍സ്റ്റിറ്റിയൂട്ടിലേക്കയച്ചു. അവിടെ ലഭിച്ചത് തണുപ്പന്‍ സ്വീകരണമായിരുന്നു. ഡെയറിയിങ്ങിന്റെ ബാലപാഠം പോലുമറിയാത്ത ഒരുത്തനെ സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പില്‍ അമേരിക്കക്ക് അയയ്ക്കുന്നു! ഒരാളും ഒന്നും പഠിപ്പിച്ചില്ല. അങ്ങനെ, സിനിമ കണ്ടും ഹോട്ടലുകളില്‍ കയറിയിറങ്ങിയും ആ നാളുകള്‍ ആഘോഷിച്ചു.
1946-ല്‍ മിച്ചിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലേക്ക് ഡെയറി സയന്‍സില്‍ ഉപരിപഠനം നേടാനായി കപ്പല്‍ കയറിയ അദ്ദേഹം പക്ഷേ പഠിച്ചത് ഇഷ്ടവിഷയങ്ങളായ മെറ്റലേര്‍ജിയും, ന്യൂക്ലിയര്‍ ഫിസിക്‌സുമായിരുന്നു. ഹിരോഷിമയിലും, നാഗസാക്കിയിലും ആദ്യത്തെ ആറ്റംബോബുകള്‍ വര്‍ഷിക്കപ്പെട്ട ആ നാളുകളില്‍ ആര്‍ക്കു പഠിക്കണം ഈ ഡെയറി എഞ്ചിനിയറിംഗ്? നിബന്ധനകള്‍ പാലിക്കാനായി പേരിന് ചില ഡെയറി എഞ്ചിനിയറിംഗ് കോഴ്‌സുകള്‍ക്കു കൂടി വര്‍ഗ്ഗീസ് കുര്യന്‍ ചേര്‍ന്നു. അന്ന് ആ രംഗത്ത് ലോകത്തെ തന്നെ ഏറ്റവും മികച്ച സര്‍വ്വകലാശാലയായിരുന്നു മിച്ചിഗണ്‍ യൂണിവേഴ്‌സിറ്റി. അവിടെ വെച്ചാണ് അദ്ദേഹം ഹരിചന്ദ്.എം.ദലയയെ കണ്ടു മുട്ടുന്നത്. അമൂല്‍ കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം പില്‍ക്കാലത്ത് വര്‍ഗ്ഗീസ് കുര്യന്റെ വലംകയ്യായി നിന്നത് യാദൃച്ഛികം.
പൂന അഗ്രികള്‍ച്ചര്‍ കോളേജില്‍ നിന്ന് ബിരുദം നേടിയ ശേഷം ഉപരി പഠനത്തിന് അമേരിക്കയിലെത്തിയ ദലയയെ വര്‍ഗ്ഗീസ് കുര്യന്റെ നടപ്പും രീതികളും അസ്വസ്ഥതയുണ്ടാക്കി. അവിടെ ജീവിതം ആഘോഷമാക്കി മാറ്റിയിരുന്നു വര്‍ഗ്ഗീസ് കുര്യന്‍. അദ്ദേഹം ഒരു പരീക്ഷയും പാസാകില്ലെന്നും അദ്ദേഹത്തിന്റെ ഭാവി ഇരുളടഞ്ഞതായി തീരുമെന്നും ഭയപ്പെട്ട് ഉപദേശിക്കാന്‍ ചെന്ന ദലയയോട് വര്‍ഗ്ഗീസ് കുര്യന്‍ പറഞ്ഞു: “ഞാനിങ്ങനെ ചിരിച്ചു കൊണ്ട് തന്നെ എന്റെ ഡിഗ്രി നേടും.” ഡിസ്റ്റിംഗ്ഷന്‍ നേടിക്കൊണ്ട് അദ്ദേഹം അത് തെളിയിക്കുകയും ചെയ്തു.
മെറ്റലേര്‍ജിയിലും ന്യൂക്ലിയര്‍ ഫിസിക്‌സിലും മാസ്റ്റേഴ്‌സ് ബിരുദം കരസ്ഥമാക്കി ഇന്ത്യയില്‍ തിരിച്ചെത്തിയ ഉടന്‍ ഭാരത സര്‍ക്കാരിന്റെ വിദ്യാഭ്യാസ വകുപ്പ് അണ്ടര്‍ സെക്രട്ടറി മുമ്പാകെ ഹാജരായി. പച്ച ഷര്‍ട്ടും, പച്ച തൊപ്പിയും, മഞ്ഞപാന്റും ധരിച്ചെത്തിയെ വര്‍ഗ്ഗീസ് കുര്യനെ അടിമുടി ഒന്നു നോക്കിയ ശേഷം അദ്ദേഹം പറഞ്ഞു: “അപ്പോള്‍ നിങ്ങളാണ് മിസ്റ്റര്‍ കുര്യന്‍, അല്ലേ? ഭാഗ്യവാന്‍. നിങ്ങള്‍ക്ക് ഒരു ജോലി ആയിട്ടുണ്ട്. ആനന്ദ് എന്ന സ്ഥലത്ത് നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം.”
“ആനന്ദ്, അതെവിടെയാണ്?” വര്‍ഗ്ഗീസ് കുര്യന്‍ തിരക്കി.
“ബോംബെയ്ക്കടുത്ത് എവിടെയോ ആണ്.” അണ്ടര്‍ സെക്രട്ടറി പറഞ്ഞു.
യൂണിയന്‍ കാര്‍ബൈഡിന്റെ കല്‍ക്കത്ത ഓഫീസില്‍ ആയിരും രൂപ ശമ്പളത്തില്‍ എഞ്ചിനീയറായി ജോലി നല്‍കാമെന്ന് മിച്ചിഗണില്‍ വെച്ചു തന്നെ വാഗ്ദാനം ലഭിച്ചിരുന്നു. പിന്നെയാര്‍ക്കു വേണം, ആനന്ദിലെ ഈ സര്‍ക്കാര്‍ ഉദ്യോഗം? ഒട്ടും താല്പര്യമില്ലാതെ വര്‍ഗ്ഗീസ് കുര്യന്‍ പറഞ്ഞു:
“എനിക്കീ ജോലിയില്‍ താല്പര്യമില്ല”
അണ്ടര്‍ സെക്രട്ടറി കുപിതനായി.
“നിങ്ങള്‍ക്കിതെങ്ങനെ പറയാന്‍ കഴിയുന്നു. ആനന്ദിലെ ജോലി സ്വീകരിക്കുന്നില്ലെങ്കില്‍ നിങ്ങ
ളുടെ ഉപരി പഠനത്തിനായി സര്‍ക്കാര്‍ മുടക്കിയ 3000 രൂപ തിരിച്ചു കിട്ടാന്‍ കേസു ഫയല്‍ ചെയ്യും.”
പിന്നെ മറ്റു വഴിയൊന്നുമുണ്ടായിരുന്നില്ല. ആനന്ദില്‍ ചേരുക തന്നെ.
“നില്‍ക്കൂ.... നിയമന ഉത്തരവ് തരാം.” അണ്ടര്‍ സെക്രട്ടറി പറഞ്ഞു. അപ്പോള്‍ തന്നെ സമയം അതിക്രമിച്ചിരിക്കുന്നു.
ഉച്ചക്ക് ഉണ്ണാന്‍ ചെല്ലാമെന്ന് അമ്മായിയോട് പറഞ്ഞതാണ്. അതുകൊണ്ട് അപ്പോയ്ന്റ്‌മെന്റ് ഓഡര്‍ തയ്യാറാകും വരെ കാത്തിരിക്കാനാവില്ലെന്ന് കുര്യന്‍ അദ്ദേഹത്തെ അറിയിച്ചു. അണ്ടര്‍ സെക്രട്ടറി കോപം കൊണ്ട് തിളച്ചു. “എന്ത്, നിയമന ഉത്തരവിന് കുറച്ച് സമയം കാത്തിരിക്കാനാവില്ലെന്നോ! ചെറുപ്പക്കാരാ, നിങ്ങള്‍ ജീവിതത്തില്‍ മുന്നോട്ടധികം പോകില്ല.” എനിക്കതില്‍ സംശയമില്ല.” ഈ ശാപ വാക്കകളുമായി അമ്മാവന്റെ വീട്ടിലേക്ക് മടങ്ങി. തന്നെ എങ്ങനെയെങ്കിലും സഹായിക്കണമെന്ന് കുര്യന്‍ ഡോ.ജോണ്‍ മത്തായിയോട് അപേക്ഷിച്ചു. അദ്ദേഹം തുറന്നടിച്ചു: “ടാറ്റയിലെ ജോലി വിടരുതെന്ന് ഞാന്‍ നിന്നോട് പറഞ്ഞു. നീ കേട്ടില്ല. സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പ് സ്വീകരിക്കരുതെന്ന് പറഞ്ഞു. അതും നീ കേട്ടില്ല. സ്വന്തം പ്രയത്‌നത്താല്‍ ഭാവി കെട്ടിപ്പടുക്കാന്‍ നീ ആഗ്രഹിച്ചു. അതുകൊണ്ട് പോയി സ്വന്തം ഭാവി കെട്ടിയുയര്‍ത്ത്. ഞാന്‍ നിന്നെ സഹായിക്കില്ല. നീ സ്വന്തമായി കിടക്കയുണ്ടാക്കി; ഇനി അതില്‍ പോയി കിടന്നോളൂ മോനേ.” ജോണ്‍ മത്തായി കൈ മലര്‍ത്തി.
അങ്ങനെ, 1949 മെയ് 13 ന് വര്‍ഗ്ഗീസ് കുര്യന്‍ കയ്‌റാ ജില്ലയിലെ ആനന്ദ് ഗ്രാമത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാകാന്‍ തീവണ്ടിയിറങ്ങി. അവിവാഹിതനും, മലയാളിയും, മാംസാഹാരിയും, ക്രിസ്ത്യാനിയുമായ വര്‍ഗ്ഗീസ് കുര്യന് ആരും താമസിക്കാന്‍ ഇടം നല്‍കിയില്ല. അവസാനം, സര്‍ക്കാര്‍ ഡെയറിക്കടുത്ത് ഉപേക്ഷിക്കപ്പെട്ട ഒരു കാര്‍ ഗ്യാരേജ് വാടകയ്ക്കു കിട്ടി. ഇനി അഞ്ചു വര്‍ഷം അവിടെ തള്ളി നീക്കണം. എരുമപ്പാലില്‍ നിന്ന് പാല്‍പ്പൊടി ഉണ്ടാക്കുന്ന സര്‍ക്കാര്‍ റിസര്‍ച്ച് ക്രീമറിയിലായിരുന്നു ജോലി. ആ പദ്ധതിയുടെ ആദ്യഘട്ടം പോലും തയ്യാറായിരുന്നില്ല. അതുകൊണ്ട് തൊട്ടടുത്ത സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കൊപ്പം ചീട്ടുകളിച്ചും, സൊറപറഞ്ഞും സമയം പോക്കി. ഒരു പണിയുമില്ലാതെ ശമ്പളം വാങ്ങാന്‍ മനസാക്ഷി അനുവദിക്കാത്തതിനാലും, ആനന്ദിനെ വെറുക്കുന്നതിനാലും ഓരോ മാസവും ജോലി രാജിവച്ചു കൊണ്ട് വര്‍ഗ്ഗീസ് കുര്യന്‍ കൃഷി മന്ത്രാലയം സെക്രട്ടറിക്ക് കത്തെഴുതും. ഒന്നും സ്വീകരിക്കപ്പെട്ടില്ല.
എട്ടു മാസങ്ങള്‍ കടന്നു പോയി. രാജിക്കത്തു കാരണം പൊറുതി മുട്ടിയ സര്‍ക്കാര്‍ അവസാനം വര്‍ഗ്ഗീസ് കുര്യന്റെ രാജി സ്വീകരിച്ചു.
പക്ഷേ അദ്ദേഹം ആനന്ദില്‍ നിന്ന് മടങ്ങിയില്ല. സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പടികള്‍ സന്തോഷത്തോടെ ഇറങ്ങിയ അദ്ദേഹത്തെ സ്വീകരിച്ചത്, അതേ കെട്ടിടത്തിന്റെ ഒരു മൂലയിലെ ഇടിഞ്ഞു പൊളിഞ്ഞ മുറികള്‍ വാടകയ്‌ക്കെടുത്ത് പ്രവര്‍ത്തിച്ചു വന്ന കയ്‌റാ ഡിസ്ട്രിക്ട് മില്‍ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ ലിമിറ്റഡ് അഥവാ അമൂല്‍.
മൊറാര്‍ജി ദേശായിയും, സര്‍ദാര്‍ വല്ലഭായി പട്ടേലും മുന്‍കൈ എടുത്ത് 1946-ല്‍ ക്ഷീരകര്‍ഷകരെ സംഘടിപ്പിച്ച് സ്ഥാപിച്ച സഹകരണ പ്രസ്ഥാനമായിരുന്നു അത്. ത്രിഭുവന്‍ദാസ് പട്ടേല്‍ എന്ന നിസ്വാര്‍ത്ഥനായ ഗാന്ധിയനായിരുന്നു അവരുടെ നേതാവ്. ചെറുപ്പക്കാരനായ വര്‍ഗ്ഗീസ് കുര്യന്‍ എന്ന എഞ്ചിനിയറെ അദ്ദേഹം ആ സഹകരണ പ്രസ്ഥാനത്തിലേക്ക് ക്ഷണിച്ചു. 1950-ല്‍ വര്‍ഗ്ഗീസ് കുര്യന്‍ ആ സ്ഥാപനത്തിന്റെ ജനറല്‍ മാനേജരായി ഔദ്യോഗികമായി ചുമതലയേറ്റു. ബാക്കിയെല്ലാം സുവര്‍ണ്ണ ലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ട ചരിത്രം.
ആനന്ദില്‍ നിന്ന് ഓടിപ്പോകാന്‍ ശ്രമിച്ച വര്‍ഗ്ഗീസ് കുര്യന്‍ ആനന്ദ് എന്ന ഗുജറാത്തിലെ കൊച്ചു ഗ്രാമത്തെ ലോകമെമ്പാടും പ്രശസ്തമാക്കി. അമൂലിലൂടെ ഇന്ത്യന്‍ ധവള വിപ്ലവത്തിന്റെ പിതാവായി.
2 comments:
പ്രദീപ് സർ നല്ല ലേഖനം. ഡോൿടർ വർഗ്ഗീസ് കുര്യനെക്കുറിച്ച് കൂടുതൽ അറിയാൻ സഹായിച്ചു. നന്ദി.
valare nalla lekhanam
Post a Comment