1.“ഗോൾചെറെ“
ഗോവയിൽ കഴിഞ്ഞ 3നു സമാപിച്ച ഇന്ത്യയുടെ 42ആമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം(IFFI 2011) പുതിയൊരു ലോകത്തേക്കുള്ള വാതായനങ്ങളാണു തുറന്നിട്ടത്. വ്യത്യസ്തങ്ങളായ ജീവിതാനുഭവങ്ങൾ,ജീവിതരീതികൾ,വ്യക്തിബന്ധങ്ങൾ,സാമൂഹിക-രാഷ്ട്രീയ,മത പരിതസ്ഥിതികൾ. അവയുടെ വ്യതിരിക്തങ്ങളായ ദൃശ്യഭാഷ്യങ്ങൾ… .65 രാജ്യങ്ങളിൽ നിന്നായി 650ൽപ്പരം ചിത്രങ്ങൾ പത്തുദിവസം നീണ്ടു നിന്ന ഏഷ്യയിലെതന്നെ ഏറ്റവും വലിയ ഈ ചലച്ചിത്രമാമാങ്കത്തിൽ പ്രദർശിപ്പിച്ചു.ഏഴായിരത്തോളം ചലച്ചിസ്വാദകർക്കായി എട്ടുവേദികളിൽ നിരന്തരം സ്ക്രീൻ ചെയ്യപ്പെട്ട ചിത്രങ്ങളിൽ നാലിലൊന്നുമാത്രമേ പരമാവധി കാണൻ കഴിയൂ.അന്താരാഷ്ട്രമത്സരവിഭാഗത്തിൽ സുവർണ്ണ,രജതമയൂരങ്ങൾ നേടിയ “പൊർഫീരിയോ”(Porfirio-Spanish film by Alejandro Landes),”ആദാമിന്റെ മകൻ അബു”(സലിം അഹമ്മദ്),ഏറ്റവും നല്ല സംവിധായകനുള്ള പുരസ്കാരം ലഭിച്ച “നദാർ ആന്റ് സിമിൻ;എ സപ്പറേഷൻ”(Nader and Simin:A separation -Persian film by Asghar Farhadi) എന്ന്i ചിത്രങ്ങളെക്കുറിച്ച് ധാരാളം എഴുതപ്പെട്ടുകഴിഞ്ഞു.അതിനാൽ ആവർത്തിക്കുന്നില്ല.
ഉത്സവത്തിനു കൊടിയിറങ്ങിയപ്പോൾ,കണ്ടചിത്രങ്ങളിൽ മനസിനെ മഥിച്ച,ഒരുപക്ഷേ ഇനിയുള്ള കാലം മായാതെ നൊമ്പരപ്പെടുത്തുമെന്ന് ഉറപ്പുള്ള നാലു ചിത്രങ്ങളുണ്ടു.അതിൽ ഏറ്റവുമാദ്യം ഏത് എന്നതിനു ഒരു ഉത്തരമേ നൽകാനുള്ളൂ-“ദ ഫസ്റ്റ്ഗ്രേഡർ”(The First Grader-a Kenyan film in English by Justin Chadwick).
കെനിയയിലെ ഒരു കുഗ്രാമത്തിലുള്ള പ്രൈമറിസ്കൂളിൽ ഒരു നാൾ ഒന്നാം ക്ലാസിൽ ചേരാൻ ഒരാളെത്തി-മറൂഗെ.പ്രായം 84.
1950കളിൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പോരാടിയതിന്റെ പേരിൽ അതിക്രൂരമായ പീഡനങ്ങൾക്കിരയാകുകയും രണ്ടുമക്കളേയും കുടുംബത്തേയും നഷ്ടപ്പെടുകയും ചെയ്ത ഈ വൃദ്ധൻ 84ആം വയസ്സിൽ അക്ഷരം പഠിക്കാനെത്തിയത് തിരക്കഥാകൃത്തിന്റെ ഭാവനയിൽ വിരിഞ്ഞ വെറുമൊരു കഥയല്ല.ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു അദ്ധ്യായം എഴുതിചേർത്തുകൊണ്ട് 2009 ആഗസ്റ്റ്14നു 89ആം വയസിൽ വിടവാങ്ങിയ സ്റ്റീഫൻ കിമാനി മറൂഗയുടെ ജീവിതകഥയെ ആസ്പദമാക്കി രൂപപ്പെടുത്തിയ ഈ ഫീച്ചർ ഫിലിം അങ്ങനെ ഒരു ചരിത്രാഖ്യാനമാണു .
ലോകമെമ്പാടുമുള്ള നവസാക്ഷരരെ അക്ഷരത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് നയിക്കാൻ പ്രചോദനമായ മറൂഗയുടെ ജീവിതകഥ ജസ്റ്റിൻ ചാഡ്വിക് ആവിഷ്കരിച്ചിരിക്കുന്നത് ഹൃദയത്തിൽ തട്ടുന്ന അനേകം ദൃശ്യങ്ങളിലൂടെയാണു.എല്ലാവർക്കും സൌജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്ന പുതിയ സർക്കാർ നയത്തെക്കുറിച്ച് റേഡിയോയിലൂടെ കേട്ടറിഞ്ഞായിരുന്നു,വടിയും കുത്തി ഒരു ദിവസം മറൂഗെ സ്കൂളിലെത്തിയത്.സൌകര്യങ്ങളുടെ അഭാവം മൂലം വീർപ്പ്മുട്ടുന്ന സ്കൂളിൽ ആറുവ യസ്സ്കാർക്കൊപ്പം ഈ പടുവൃദ്ധനെ ഇരുത്തുന്നതെങ്ങനെ?അതിനാൽ അദ്ധ്യാപകർ ഓരോരോ കാര്യങ്ങൾ പറഞ്ഞ് അയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.പക്ഷേ,ഉള്ളതെല്ലാം വിറ്റുപെറുക്കി അയാൾ യൂണീഫോമും ഷൂസും സംഘടിപ്പിച്ച് എത്തിയതോടെ പ്രധാനാദ്ധ്യാപികയായ ജെയ്ൻ ഒബിഞ്ചു മറൂഗയെ ക്ലാസിലിരുത്താൻ തീരുമാനിച്ചു.അതെത്തുടർന്ന് രക്ഷാകർത്താക്കളും ,മാനേജ്മെന്റും,രാഷ്ട്രീയക്കാരും ചേർന്ന് അവരുടെ ജീവിതം ദുസ്സഹമാക്കുന്നു.മറൂഗയും പിന്നാലെ സ്കൂളും ആക്രമിക്കപ്പെടുന്നു.മറൂഗയെ പുറത്താക്കിയപ്പോൾ അദ്ധ്യാപിക അയാളെ തന്റെ സഹായിയാക്കി തിരികെക്കൊണ്ടുവരുന്നു.പക്ഷേ,അവരെത്തന്നെ അധികൃതർ സ്ഥലം മാറ്റുന്നു.പുതുതായി നിയമിക്കപ്പെട്ട പ്രധാനാദ്ധ്യാപികയെ എല്ലാവരുംചേർന്ന് ഘോഷയാത്രയായി സ്കൂളിലേക്ക് ആനയിക്കുന്നു.അവരെ എതിരേറ്റത് കുട്ടികൾ വലിച്ചെറിഞ്ഞ ചെരുപ്പുകളായിരുന്നു.അവസാനം ജെനെയെ അവർക്ക് തിരിച്ച് കിട്ടുന്നു.രാജ്യത്തിനു വേണ്ടി പോരാടുകയും തടവറകളിൽ നിഷ്ഠൂരമായി പീഡിപ്പിക്കപ്പെടുകയും ചെയ്ത മറൂഗയുടെ ത്യാഗത്തെ സർക്കാർ അംഗീകരിക്കുന്നു….
മനസ്സിനെ ആർദ്രമാക്കുന്ന,നമ്മെ അസ്വസ്ഥമാക്കുന്ന,ചടുലമായ ഷോട്ടുകളാൽ സമ്പന്നമാണു ഈ ചിത്രം.ഒരു കെനിയൻ ഗ്രാമത്തിലെ ജീവിതയാഥാർത്ഥ്യങ്ങളുടെ യഥാതഥചിത്രീകരണം എന്ന നിലയിലും,രാജ്യത്തിന്റെ കോളനിവത്കരണത്തിനെതിരായ ചെറുത്തുനിൽപ്പിന്റെ അറിയപ്പെടാത്ത അദ്ധ്യായങ്ങളുടെ അനാവരണമെന്ന നിലയിലും ഈ ചിത്രത്തിനു രാഷ്ട്രീയ,സാമൂഹിക മാനങ്ങൾ ഏറെയുണ്ടു.ആദ്യാവസാനം ഒരു ഡോക്യുഫിക്ഷന്റെ ശൈലിയിൽ ഉദ്വേഗജനകമായ അന്തരീക്ഷനിർമ്മിതിയിലൂടെ സരളമായി പൊള്ളുന്ന സാമൂഹികപ്രശ്നങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്ന “ദ ഫസ്റ്റ്ഗ്രേഡറിൽ”മറൂഗയായി ഒലിവർ ലിറ്റണ്ട് അസാമാന്യമായ പ്രകടനമാണു കാഴ്ച്ചവെച്ചിരിക്കുന്നത്.ഓട്ടേറെ അന്താരാഷ്ട്ര പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഈ ചിത്രം തിരുവനന്തപുരത്തെ അന്താരാഷ്ട്രചലച്ചിത്രോത്സവത്തിൽ മത്സരിക്കുന്നുണ്ടു.
അഫ്ഗാനിസ്ഥാനിലെ താലിബാൻ അധിനിവേശത്തിന്റെ കഥപറയുന്ന വാഹിദ് മൊസയന്റെ “ഗോൾചെറെ”(Golchehreh-a Farsi film by Vahid Mousaian) ഈ മേളയിലെ മറ്റൊരു ആകർഷക ചിത്രമാണു.കമ്മ്യൂണിസ്റ്റ് ഏകാധിപതി നജീബുള്ളയെ വധിച്ച് തെരുവിൽ കെട്ടിത്തൂക്കിയിട്ട് വിജയമാഘോഷിച്ച ജനങ്ങൾക്കുമേലും സമ്പന്നമായ സംസ്കൃതിക്കുമേലും താലിബാൻ ഭീകരവാദികൾ നടത്തുന്ന അധിനിവേശത്തിന്റെ നേർക്കാഴ്ച്ചകളാണു ഈ ധീരമായ ചലച്ചിത്രത്തിലുള്ളത്.കാബൂളിലെ ഒരു സിനിമാതീയറ്റർ ഉടമയായ അഷ്രഫ് ഖാൻ എന്ന കലാകാരൻ മതമൌലികവാദികളുടെ എതിർപ്പുകളെ അതിജീവിച്ച് തന്റെ തീയറ്റർ നവീകരിക്കാൻ ശ്രമിക്കുന്നതാണു പ്രമേയം.പക്ഷേ, താലിബാന്റെ ഭീകരപ്രവർത്തനങ്ങൾ എല്ലാം ചാമ്പലാക്കുന്നു.ആദ്യപ്രദർശനം നടന്നുകൊണ്ടിരിക്കേ തീയറ്റർ സ്ഫോടനത്തിൽ തകരുന്നു.ആഭ്യന്തരയുദ്ധത്തിൽ അഫ്ഗാൻ നാഷണൽ ഫിലിം ആർക്കൈവ്സും നാമാവശേഷമാകുന്നുന്നതോടെ ഒരു ജനതയുടെ പൈതൃകം തന്നെ മൌലികവാദികൾ നിലമ്പരിശാക്കുന്നു.കടുത്ത പ്രതിസന്ധികൾക്കിടയിലും അതിജീവനത്തിനായി പൊരുതുന്നവരെ പ്രചോദിപ്പിക്കുന്ന ഒട്ടേറെ മുഹൂർത്തങ്ങൾ ഈ ചിത്രം നമ്മിൽ അവശേഷിപ്പിക്കുന്നുണ്ടു. മനസിനെ പിന്നെയും പിന്നെയും പിടിച്ചുലക്കുന്ന മറ്റൊരു ചിത്രവുമുണ്ടു-“ദ കിഡ് വിത്ത് എ ബൈക്ക്”(The Kid with a bike: a French film by Jean-Pierre&Luc Dardenne).തന്നെ ചിൽഡ്രൻസ് ഹോമിൽ ഉപേക്ഷിച്ച് പോയ അച്ഛനെത്തേടി സിറിൽ എന്ന കുട്ടി നടത്തുന്ന അന്വേഷണത്തിന്റെ കഥയാണിത്.അവനു കൂട്ടായുള്ളത് ഒരു സൈക്കിൾ മാത്രം.അതാണു ഈ ചിത്രത്തിലെ മുഖ്യകഥാപാത്രം എന്ന് പോലും വിശേഷിപ്പിക്കാം.അവന്റെ സൈക്കിൾ മോഷ്ടിക്കപ്പെടുകയും അതു തേടിപോയപ്പോൾ പരിചയപ്പെട്ട സാമന്ത എന്ന ഹെയർഡെസ്സിങ്ങ് സല്യൂൺ നടത്തുന്ന യുവതിയോടൊപ്പം വാരാന്ത്യങ്ങൾ ചെലവഴിക്കുന്ന സിറിൽ അവളുടെ മാതൃവാത്സല്യത്തിൽ നിന്ന് തെന്നിമാറി സ്ഥലത്തെ ഒരു മയക്കുമരുന്നു ഗുണ്ടയുടെ സംഘത്തിലകപ്പെടുന്നു.ശിഥിലമായ കുടുംബന്ധങ്ങളുടേയും ഒറ്റപ്പെടലുകളുടേയും സ്നേഹാത്തിന്റേയും കഥപറയുന്ന ഈ ചിത്രവും നമ്മെ വേട്ടയാടുന്ന അനേകം ദൃശ്യാനുഭവങ്ങളാൽ സമ്പന്നമാണു. രാജേഷ് പിഞ്ചാനി സംവിധാനം ചെയ്ത “ബാബൂ ബാന്റ് ബാജാ”(Baboo Band Baaja:A Marathi film by Rajesh Pinchani),ഈ ചലച്ചിത്രമേളയിലെ മറ്റൊരു ശ്രദ്ധേയ സാന്നിദ്ധ്യമാണു.മരണത്തിനും ആഘോഷങ്ങൾക്കും നാടൻ വാദ്യോപകരണങ്ങൾ വായിച്ച് ഉപജീവനം കഴിക്കുന്ന ഒരു ഗ്രാമീണകലാകാരന്റെ മകനായ ബാബൂവിനെ കേന്ദ്രീകരിച്ച് ഗ്രാമജീവിതത്തിന്റെ ഇരുൾവഴികളിലൂടെ നടത്തുന്ന ധീരമായൊരു സിനിമാറ്റിക് യാത്രയാണിത്.അമ്മയും മുത്തശ്ശിയും അവനെ സ്കൂളിലയച്ച് പഠിപ്പിക്കാൻ ശ്രമിക്കുന്നു:അച്ഛനാകട്ടെ അവനെ തന്നോടൊപ്പം കൂട്ടാനും.ഒരു ദിവസം സ്കൂളിൽ നിന്ന് മടങ്ങുംവഴി കളിക്കാൻ പോയപ്പോൾ അവന്റെ ബാഗ് നഷ്ടപ്പെടുന്നതോടെ അവരുടെ ജീവിതം തന്നെ വഴിമാറുകയാണു.മകനു സ്കൂൾ ബാഗും പുസ്തകങ്ങളും വാങ്ങിക്കൊടുക്കാൻ അവന്റെ അമ്മ നടത്തുന്ന ജീവിതസമരം ഗ്രാമീണ ഇന്ത്യയുടെ ആത്മാവു പ്രതിഫലിപ്പിക്കുന്ന പൊള്ളുന്ന ദൃശ്യങ്ങളിലൂടെ ഇതിൽ ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നു.പലപ്പോഴും ഒരു ഡോക്യുമെന്ററിയുടെ യാഥാർത്ഥ്യബോധത്തോടെ അതിനിശിതമായ രാഷ്ട്രീയ-സാമൂഹിക പ്രതിബദ്ധതയോടെ പച്ചയായ ജീവിതമുഹൂർത്തങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നുണ്ടു,ഈ ചിത്രം.അസാധാരണമായ മികവോടെ വിവേക് ചബൂസ്കർ ബാബൂവിന്റെ റോൾ അവിസ്മരണീയമാക്കി. ..ഇങ്ങനെ ആഖ്യാനത്തിന്റേയും,പ്രമേയത്തിന്റേയും മറ്റും മികവുകൊണ്ട് നമ്മളെ വിസ്മയിപ്പിക്കുന്ന ഒട്ടേറെ ചലച്ചിത്രങ്ങളുണ്ടു, മറ്റ് ഭാഷകളിൽ.ചുരുങ്ങിയ സമയത്തിനുള്ളിൽ, ആഡംബരങ്ങളോ ആർഭാടങ്ങളോ ഇല്ലാതെ ലളിതമായി ദൃശ്യാവിഷ്ക്കാരം നടത്തുന്ന ശൈലിയാണു ഈ ചലച്ചിത്രോൽസവത്തിലെ പുരസ്ക്കാരങ്ങളും മാദ്ധ്യമപ്രശംസയും പിടിച്ചുപറ്റിയ ചിത്രങ്ങളെല്ലാം സ്വീകരിച്ചിട്ടുള്ളത്.അവ കാണുമ്പോളാണു നമ്മുടെ മുഖ്യധാരാസിനിമകൾ എത്രമാത്രം വികലമാണെന്ന് തിരിച്ചറിയുന്നത്.പണം വാരിയെറിയുന്നതിൽ മാത്രമാണു നമ്മുടെ സിനിമാക്കാർക്ക് താൽപ്പര്യം.അവർ, വിരളിലെണ്ണാവുന്ന കഥാപാത്രങ്ങൾ മത്രമുള്ള,ശരാശരി തൊണ്ണൂറോ നൂറോ മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഇത്തരം മനോഹരചിത്രങ്ങൾ കണ്ടു പഠിക്കട്ടെ.സിനിമ ജീവത്തെക്കുറിച്ച് ആഴത്തിലുള്ള ഉൾക്കാഴ്ച്ചകൾ നൽകുന്നത് എങ്ങനെയെന്ന് അവർ കണ്ടറിയട്ടെ. ഈ കുറിപ്പ് അവസാനിപ്പിക്കും മുൻപ് ഇതു കൂടി രേഖപ്പെടുത്തേണ്ടതുണ്ടു.തുടർച്ചയായി എട്ടാമത്തെ തവണയാണു ഗോവ അന്താരാഷ്ട്രചലച്ചിത്രമേളയ്ക്ക് ആതിഥ്യമരുളുന്നത്.വരും വർഷങ്ങളിലും ഗോവ തന്നെയായിരിക്കും വേദി.ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സാങ്കേതിക സംവിധാനങ്ങളുള്ള ഇനോക്ക്സ് മൾട്ടിപ്ലെക്സിലെ നാലു സ്ക്രീനുകൾക്ക് പുറമേ അതിമനോഹരമായ കലാ അക്കാദമിയിലേയും മർഗോവയിലെ രവീന്ദ്രഭവനിലേയും തീയറ്ററുകളിലായി മൊത്തം 3496 സീറ്റുകൾ.സിനിമകൾ ബുക്ക് ചെയ്ത് കാണാനുള്ള സംവിധാനങ്ങൾ.സൌജന്യ വാഹനസംവിധാനങ്ങൾ.കിടയറ്റ മറ്റ് ക്രമീകരണങ്ങൾ.. സർവോപരി ഇന്ത്യലിലെ ഏറ്റവും ശാന്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങലിലൊന്ന് എന്ന നിലയിൽ പ്രശാന്തസുന്ദരമാണു ഇവിടം.ഇന്ത്യ സ്വതന്ത്രമായി പിന്നേയും 14 വർഷങ്ങൾ കഴിഞ്ഞു മാത്രം സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ചവരാണു ഗോവക്കാർ.നാലു ശതാബ്ദങ്ങൾ നീണ്ടു നിന്ന പറങ്കികളുടെ ആധിപത്യത്തിനു അന്ത്യം കുറിച്ചുകൊണ്ട് ഇന്ത്യൻ സൈന്യവും ,കേരളത്തിൽ നിന്നുള്ളവരടക്കമുള്ള വിമോചനപ്പോരാളികളും മണ്ടോവി നദി കടന്ന് പനാജിയിലെത്തി 1961 ഡിസംബർ 19നു ത്രിവർണ്ണ പതാക ഉയർത്തിയതിന്റെ അൻപതാം വാർഷികാഘോഷവേളയിലാണു ഈ വർഷത്തെ ചലച്ചിത്രോത്സവം നടന്നത് എന്ന പ്രത്യേകത കൂടിയുണ്ടു. പോർച്ചുഗീസ് അധിനിവേശത്തിന്റെ തിരുശേഷിപ്പുകൾ ഗോവയിലെവിടെയും കാണാം.എവിടെ തിരിഞ്ഞു നോക്കിയാലും അവിടൊക്കെയും മദ്യശാലകൾ മാത്രം.സ്റ്റേഷനറി കടകൾക്കും ബേക്കറികൾക്കുമൊപ്പം ബാറുകളുള്ള സംസ്ഥാനം. “ഫാമിലി ബാർ” എന്ന ബോർഡുകൾ സുലഭം.മണ്ടോവി നദിയിലൂടെ രാത്രി ഒഴുകി നടക്കുന്ന ആഡംബരബോട്ടുകളിലും കപ്പലുകളിലും പുലരുവോളം തീറ്റയും കുടിയും ഡാൻസും.ക്ലബ്ബുകളിലും പബുകളിലും ആഘോഷങ്ങൾ.അസംഖ്യം ബീച്ചുകളിൽ വിദേശികളും സ്വദേശികളും അൽപ്പവസ്ത്രധാരികളായി ജീവിതം ആഘോഷിക്കുന്നു. -എന്നിട്ടും ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഒഴിച്ചു നിർത്തിയാൽ ഗോവ കുറ്റകൃത്യങ്ങളുടേയും,ലൈംഗികാതിക്രമങ്ങളുടേയും ,വാഹനാപകടങ്ങളുടേയും നിരക്കിൽ കേരളത്തെക്കാൾ ഏറെ പിന്നിലാണു.എഴുപതുകളിൽ ഹിപ്പിയിസം ഇന്ത്യലിലെത്തിയത് ഈ മനോഹരതീരങ്ങളിലൂടെയായിരുന്നു.കഞ്ചാവും ചരസും മയക്കുമരുന്നുകളുംലൈംഗിക അരാജകത്വവും ഗോവയെ കുറ്റകൃത്യങ്ങളുടെ പറുദീസയാക്കിമാറ്റിയത് ഇപ്പോഴും പേടിപ്പെടുത്തുന്ന ഓർമ്മയാണു.അക്കാലം എന്നേ അസ്തമിച്ചു. വിനോദസഞ്ചാരമാണു ഗോവയുടെ സാമ്പത്തികാടിത്തറ.അതിനു വിഘാതമുണ്ടാക്കുന്ന ഒരു നടപടിയും ആരുടെ ഭാഗത്തു നിന്നും ഉണ്ടാകാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിക്കുന്നു.എല്ലാ സംസ്കാരങ്ങളേയും ഉൾക്കൊള്ളുന്ന തുറന്ന സമൂഹമാണു ഗോവയിലേത്.ഇന്ത്യയിൽ ഏകീകൃതമായ സിവിൾ കോഡുള്ള ഒരേയൊരു സംസ്ഥാനവും ഗോവയാണു.
2 comments:
താങ്ക്സ് പ്രദീപ് നല്ല ചില ചിത്രങ്ങളെ പരിചയപ്പെടുത്തിയതിനു, കേരള ഫിലിം ഫെസ്റിവല്‍ ഗണേശനും കുറെ നായന്മാരും കൂടി നശിപ്പിചെന്നു തോന്നുന്നു നല്ല സിനിമകളും കുറവ് കൊണ്ട്രോവേര്സികള്‍ കൂടുതല്‍ ഇന്ത്യയെപോലെ ഒരു രാജ്യത്തു ഒരു സ്റെറ്റില്‍ മാത്രം ഫിലിം ഫെസ്റിവല്‍ കൊണ്സന്റ്രെറ്റ് ചെയ്യുന്നത് മറ്റുള്ളവര്‍ക്ക് അത് കാണാന്‍ അവസരം നിഷേധിക്കും കേരള ഫിലിം ഫെസ്റിവല്‍ കുറെ പിള്ളേര് കാരണം ആസ്വദിക്കാന്‍ കഴിയാതെ ആയി
സ്റ്റേഷനറി കടകൾക്കും ബേക്കറികൾക്കുമൊപ്പം ബാറുകളുള്ള സംസ്ഥാനം. “ഫാമിലി ബാർ” എന്ന ബോർഡുകൾ സുലഭം.മണ്ടോവി നദിയിലൂടെ രാത്രി ഒഴുകി നടക്കുന്ന ആഡംബരബോട്ടുകളിലും കപ്പലുകളിലും പുലരുവോളം തീറ്റയും കുടിയും ഡാൻസും.ക്ലബ്ബുകളിലും പബുകളിലും ആഘോഷങ്ങൾ.അസംഖ്യം ബീച്ചുകളിൽ വിദേശികളും സ്വദേശികളും അൽപ്പവസ്ത്രധാരികളായി ജീവിതം ആഘോഷിക്കുന്നു. -എന്നിട്ടും ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഒഴിച്ചു നിർത്തിയാൽ ഗോവ കുറ്റകൃത്യങ്ങളുടേയും,ലൈംഗികാതിക്രമങ്ങളുടേയും ,വാഹനാപകടങ്ങളുടേയും നിരക്കിൽ കേരളത്തെക്കാൾ ഏറെ പിന്നിലാണ്..
സിനിമാമേലയോടൊപ്പം ഗോവയെകുറിച്ചുള്ള നല്ല നിരീക്ഷണൾ...!
Post a Comment