.
ഫിദല്‍ കാസ്‌ട്രോ പിന്നണിയിലേക്ക് പൂർണ്ണമായും പിൻ വാങ്ങിയശേഷമുള്ള ആദ്യത്തെ വിപ്ലവവാർഷികാഘോഷത്തിനായിരുന്നു പുതുവർഷം സാക്ഷ്യം വഹിച്ചത്. 1998ൽ ഹവാനയിൽ തടിച്ചുകൂടിയ ആയിരക്കണക്കിനു വിശ്വാസികൾക്ക് മുൻപാകെ
മാർപ്പാപ്പ ദിവ്യബലി അർപ്പിച്ചത് ലോകം അമ്പരപ്പോടെയും അതിശയത്തൊടെയുമാണു കണ്ടത്.കമ്മ്യൂണിസത്തിന്റെ അവശേഷിച്ച തുരുത്തിലേക്കും ജനാധിപത്യത്തിന്റെ ശുദ്ധവായു പ്രവഹിക്കുന്നതായി അന്നേ വിലയിരുത്തപ്പെട്ടൂ.ഇപ്പോഴിതാ പിന്നെയും ഒരു പോപ്പിന്റെ സന്ദർശനം.മാർച്ച് 26നു
ബനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ ക്യൂബയിൽ എത്തുമ്പോൾ ഫിദൽ നേതൃനിരയിലില്ല.പഴയ ആ ക്യൂബയും നിലവിലില്ല.അതുകൊണ്ടുതന്നെ പിന്നാലെ ക്യൂബയിൽ വൻ രാഷ്ട്രീയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നവരുണ്ടു. പക്ഷേ,ഈ വിലയിരുത്തലുകൾക്കെല്ലാം അടിസ്ഥാനം ക്യൂബയിലെ രാഷ്ട്രീയ സംവിധാനത്തെക്കുറിച്ച് പുറം ലോകത്ത് പ്രചരിക്കുന്ന അർദ്ധസത്യങ്ങളാണു.മൂന്നു പതിറ്റാണ്ടു കാലം
പൂർണ്ണ നാസ്തിക രാഷ്ട്രമായിരുന്നു,ക്യൂബ.അക്കാലത്ത് സഭയും മിഷനറിമാരും വിപ്ലവത്തിന്റെ ശത്രുക്കളും അമേരിക്കയുടെ ഏജന്റുമാരുമായി മുദ്രയടിക്കപ്പെട്ടു.അവരെ ഭരണകൂടം നിരന്തരം വേട്ടയാടി.പക്ഷേ1991 ഒക്ടോബർ മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വിശ്വാസികൾക്ക് അംഗത്വം നൽകാൻ എടുത്ത ചരിത്രപരമായ തീരുമാനത്തോടെ ക്യൂബയിൽ മതസ്വാതന്ത്യം അനുവദിക്കപ്പെട്ടു.ക്രമേണ നാസ്തിക രാഷ്ട്രത്തിൽ നിന്ന് ഇന്ത്യയെപ്പോലെ മതേതരരാഷ്ട്രസങ്കൽപ്പത്തിലേക്ക് അവർ പരിവർത്തനം ചെയ്യപ്പെട്ടു.ആ പ്രക്രിയ പൂർണ്ണതയിലെത്തിയെന്നാണു ഹവാനയിൽ മാർപ്പാപ്പ നടത്തുന്ന ദിവ്യബലി വ്യക്തമാക്കുന്നത്. പക്ഷേ,ഇപ്പോഴും പരിമിതമായ രാഷ്ട്രീയ-പൌരസ്വാതന്ത്യം മാത്രമേ ക്യൂബൻ ജനതയ്ക്കുള്ളൂ.”ലോകത്തെ ഏറ്റവും സ്വതന്ത്രരായ ജനതയാണു ക്യൂബയിലേത്”എന്ന് ഫിദൽ പ്രഖ്യാപിച്ചത് നമുക്ക് ഒരു വലിയ തമാശയായെ തോന്നൂ. 1992 മുതൽ മുനിസിപ്പാലിറ്റികളിലേക്കും ദേശീയ അസംബ്ലിയിലേക്കും അനുവദിക്കപ്പെട്ട “തെരഞ്ഞെടുപ്പ്”പ്രക്രിയ എന്താണെന്ന് നോക്കുക.കമ്മ്യൂണിസ്റ്റ് പാർട്ടിയൊഴികെ ഒരു കക്ഷിക്കും അവിടെ പ്രവർത്തനസ്വാതന്ത്യം അനുവദിക്കപ്പെട്ടിട്ടില്ല.തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിമാത്രമേ ഉണ്ടായിരിക്കുള്ളൂ.ഇലക്ഷനു മുൻപ് സ്ഥാനാർത്ഥിയുടെ യോഗ്യതകൾ പരസ്യപ്പെടുത്തും.വോട്ടെടുപ്പിൽ “യെസ്”,അല്ലെങ്കിൽ “നോ” എന്ന് രേഖപ്പെടുത്താം.50 ശതമാനത്തിനു മുകളിൽ വോട്ടു കിട്ടിയാൽ തെരഞ്ഞെടുക്കപ്പെടും.ഇനി പകുതിലിലേറെപ്പേരും സ്ഥാനാർത്ഥിയെ “നോ” രേഖപ്പെടുത്തി നിരാകരിക്കുകയാണെങ്കിലോ?ഇതേവരെ അങ്ങനെയൊരു സംഭവം ഉണ്ടാകാത്തതിനാൽ അതെക്കുറിച്ച് ആർക്കും വ്യക്തതയില്ലത്രേ! ക്യൂബൻ ജനാധിപത്യത്തെക്കുറിച്ച് പ്രതീക്ഷ നൽകുന്ന മറ്റൊരു വാർത്ത ദേശീയ അസംബ്ലിയിൽ കമ്മ്യൂണിസ്റ്റ്കാരല്ലാത്ത മൂന്നിലൊന്ന് അംഗങ്ങളുണ്ടെന്നതാണു.ഇതിന്റെ സത്യാവസ്ഥ വ്യക്തമാകാനിരിക്കുന്നതേയുള്ളൂ.അതെന്തായാലും 2012 ക്യൂബയിൽ പരിവർത്തനത്തിന്റേയും മാറ്റങ്ങളുടേയും വർഷമാണു. ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിന്ന് 2011 ഏപ്രില്‍ 19 ന് ഫിദല്‍ കാസ്‌ട്രോ സ്വയം പിന്‍വാങ്ങിയ വാര്‍ത്ത ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ വൻ ആഘോഷമാക്കി മാറ്റിയത് ഇതൊക്കെ മനസ്സിൽ കണ്ടുകൊണ്ടാകണം. 2008 ഫെബ്രുവരി 24 ന് സര്‍ക്കാരിന്റെ നേതൃത്വം തന്റെ സഹോദരനും ക്യൂബന്‍ വിപ്ലവത്തിന്റെ മുന്നണിപ്പോരാളികളിലൊരാളുമായ റൗള്‍ കാസ്‌ട്രോവിന് കൈമാറിയ ഫിദല്‍, കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ ഏറ്റവും സമാധാനപരമായ നേതൃമാറ്റത്തിന് കൂടി കാരണക്കാരനായി മറ്റൊരു അദ്ധ്യായം എഴുതിച്ചേര്‍ത്തു.

ലോകത്തിന്റെ പഞ്ചസാര കലവറ എന്ന് വിശേഷിപ്പിക്കപ്പെടുന്ന, ഫലഭൂയിഷ്ടമായ ക്യൂബന്‍ ദ്വീപിനെ ബാറ്റിസ്റ്റ എന്ന ഏകാധിപതിയില്‍ നിന്നും മോചിപ്പിച്ച് 1959 ജനുവരി 1 മുതല്‍, അമേരിക്കയുടെ ശത്രുവായി മാറിയ ഫിദല്‍ കാസ്‌ട്രോയുടെ ജീവിതം അസാധാരണമായ നിശ്ചയദാര്‍ഢ്യത്തിന്റേയും അതിജീവനത്തിന്റേതുമാണ്. ഏറ്റവും മനോഹരമായ ദ്വീപായി ക്രിസ്റ്റഫര്‍ കൊളമ്പസ് വിശേഷിപ്പിച്ച ഈ കൊച്ച് ലാറ്റിന്‍ അമേരിക്കന്‍ പ്രദേശം അമേരിക്കയുടെ മയാമിയില്‍ നിന്ന് വെറും 90 കിലോമീറ്ററുകള്‍ മാത്രം അകലെയാണ്. കരിമ്പും പുകയിലയും തഴച്ചു വളരുന്ന ഈ മണ്ണില്‍ അമേരിക്ക കഴിഞ്ഞാല്‍ നിക്കലിന്റെ ഏറ്റവും വലിയ നിക്ഷേപമുണ്ട്. ഈ സമ്പത്ത് മോഹിച്ച് സ്‌പെയിന്‍ ക്യൂബയെ 400 വര്‍ഷം കൈയടക്കി വച്ചു. 30 വര്‍ഷം നീണ്ടു നിന്ന സ്വാതന്ത്ര്യപ്പോരാട്ടങ്ങള്‍ക്കൊടുവില്‍, ജോസ് മാര്‍ട്ടിയുടെ നേതൃത്വത്തില്‍ 1898-ല്‍ ക്യൂബ സ്വതന്ത്രമായി. പക്ഷേ സ്‌പെയിനിനെതിരായ രൂക്ഷമായ ഒളിപ്പോരാട്ടം വിജയത്തിലേക്ക് കടക്കുന്ന ഘട്ടത്തില്‍ അമേരിക്കന്‍ നാവികപ്പട ഹവാനയിലിറങ്ങി. 114 ദിവസം അവര്‍ സ്‌പെയിനിനെതിരെ യുദ്ധം ചെയ്തു. അങ്ങനെ, ക്യൂബക്കാരുടെ സ്വാതന്ത്ര്യസമരപ്പോരാട്ടത്തെ യാങ്കികള്‍ തട്ടിയെടുത്തതായി പില്ക്കാലത്ത് ഫിദല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. “സ്‌പെയിന്‍കാര്‍ തോറ്റോടാന്‍ തുടങ്ങിയപ്പോള്‍ അവരെത്തി, അവര്‍ താഴെക്കിടന്ന പഴുത്ത മാങ്ങകള്‍ പറുക്കിയെടുത്തു”, അവസാനം, പാരീസില്‍ 1898-ല്‍ സ്‌പെയിനും അമേരിക്കയുമായി ഉടമ്പടി ഉണ്ടാക്കിയപ്പോള്‍, സ്വാതന്ത്ര്യത്തിനായി പോരാടിയ ഒരു ക്യൂബക്കാരന്‍ പോലും ഉണ്ടായിരുന്നില്ല. സ്പാനിഷ് ആധിപത്യത്തില്‍ നിന്ന് ക്യൂബ അമേരിക്കന്‍ അധിനിവേശത്തിലേക്ക് വന്നു. പുതിയ റിപ്പബ്ലിക്ക് പിറന്നുവെങ്കിലും ക്യൂബയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ അമേരിക്കയ്ക്കുള്ള അധികാരം ഉപയോഗിച്ച് അവര്‍ ഈ കൊച്ചു രാജ്യത്തെ തങ്ങളുടെ സാമ്പത്തിക കോളനിയാക്കി. ക്യൂബന്‍ ജനതയുടെ സ്വത്തിനും പൗരസ്വാതന്ത്ര്യത്തിനും സംരക്ഷണം നല്കാന്‍ ഇടപെടാനുള്ള അധികാരം ക്യൂബന്‍ ഭരണഘടന തന്നെ അമേരിക്കയ്ക്ക് നല്‍കി. നാവിക കേന്ദ്രങ്ങളോ ഖനികളോ ആരംഭിക്കുന്നതിന് ക്യൂബന്‍ മണ്ണ് അമേരിക്കയ്ക്ക് വില്ക്കാനോ, ദീര്‍ഘകാല വാടകയ്ക്ക് നല്‍കാനോ ഭരണഘടനയില്‍ വ്യവസ്ഥ ഉണ്ടാക്കി. ഇതുപയോഗച്ചാണ് കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പ് എന്ന നിലയില്‍ കുപ്രസിദ്ധമായ ഗ്വാന്‍ഡെനാമോ നാവിക കേന്ദ്രം അമേരിക്ക സ്ഥാപിച്ചത്. അമേരിക്കന്‍ വ്യവസായികള്‍ വന്‍തോതില്‍ ക്യൂബന്‍ കരിമ്പിന്‍ തോട്ടങ്ങള്‍ വാങ്ങിക്കൂട്ടി. ഫാക്ടറികള്‍ തുറന്നു. ബാങ്കിങ്ങ് പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ചു. യാങ്കി ആധിപത്യത്തിനെതിരെ ക്യൂബന്‍ ജനത പ്രതിരോധം തുടര്‍ന്നു.
ഈ രാഷ്ട്രീയാസ്വാസ്ഥ്യത്തിന്റെ കാലഘട്ടത്തിലാണ് ഫിദല്‍ കാസ്‌ട്രോയുടെ ജനനം. ക്യൂബയുടെ കിഴക്കേ അറ്റത്തുള്ള പ്രവിശ്യയിലെ ബിരന്‍ എന്ന ഗ്രാമത്തിലെ ഒരു കരിമ്പിന്‍ തോട്ടത്തിലായിരുന്നു
1926 ആഗസ്റ്റ് 13-ന് ഫിദല്‍ പിറന്നു വീണത്. അച്ഛന്‍ ഏഞ്ചല്‍ കാസ്‌ട്രോ അര്‍ഗീസ് സ്‌പെയിനില്‍ നിന്ന് കുടിയേറിയ ഒരു തൊഴിലാളിയായിരുന്നു. കഠിനാദ്ധ്വാനം കൊണ്ട് 23300 ഏക്കര്‍ കരിമ്പിന്‍ തോട്ടത്തിന്റെ ഉടമയായി തീര്‍ന്ന ഏഞ്ചലിന് ആകെ 9 മക്കളുണ്ടായിരുന്നു. ആദ്യ ഭാര്യയില്‍ രണ്ടും രണ്ടാം ഭാര്യയില്‍ ഏഴും. ലിനാ റൂസ് ഗോണ്‍സാല്‍വസിന് ഫിദല്‍ കാസ്‌ട്രോ പിറക്കുമ്പോള്‍ അവര്‍ വിവാഹിതരായിരുന്നില്ല. ഏഞ്ചന്‍ റിനയെ വിവാഹം ചെയ്ത ശേഷമായിരുന്നു റൗള്‍ പിറന്നത്. ഫിദലിനേക്കാള്‍ നാല് വയസ്സിന് എളപ്പം. മൂത്ത സഹോദരന്‍ രമോണും ഇളയ സഹോദരി ജുവാനയും ക്യൂബന്‍ വിപ്ലവത്തിന്റെ ശത്രുപക്ഷത്തായിരുന്നു. 1963-ല്‍ ജുവാന ഫിദലിനെ തള്ളിപ്പറഞ്ഞ് അമേരിക്കയിലേക്ക് കുടിയേറി.
അച്ഛനും ഫിദലുമായി ഊഷ്മളമായ ബന്ധം ഉണ്ടായിരുന്നില്ല. യാഥാസ്ഥിതികനായ ഈ ഭൂഉടമ ഫിദലിന്റേയും റൗളിന്റേയും രാഷ്ട്രീയ നിലപാടുകളെ ഒരിക്കലും അംഗീകരിച്ചിരുന്നില്ല ഒരു നികുതിയും അടയ്ക്കാന്‍ കൂട്ടാക്കാത്ത ഏഞ്ചലിന്റെ കാസ്‌ട്രോ പ്ലാന്റേഷന്‍ എന്ന കരിമ്പിന്‍ തോട്ടവും പില്ക്കാലത്ത് വിപ്ലവകാരികളുടെ തീവെയ്ക്കലിന് ഇരയായിട്ടുണ്ട്. പണം ഉണ്ടാക്കാനായി രാഷ്ട്രീയം കളിക്കുന്നതായിരുന്നു ഏഞ്ചലിനിഷ്ടം.
ഫിദലിന് ആറോ ഏഴോ വയസ്സുള്ളപ്പോള്‍, തന്നെ സ്‌കൂളിലയയ്ക്കണമെന്ന് അച്ഛനോട് ആവശ്യപ്പെട്ടു. സ്‌കൂളിന്റെ പടി കാണാത്ത തങ്ങള്‍ക്ക് കാശുണ്ടാക്കാന്‍ കഴിയുമെങ്കില്‍ പിന്നെന്തിന് മകന്‍ പഠിക്കണം എന്നായിരുന്നു ഏഞ്ചലിന്റെ മനോഭാവം. സ്‌കൂളിലയച്ചില്ലെങ്കില്‍ വീടിനു തീയിടുമെന്നായി ഫിദല്‍. മകന്‍ പറഞ്ഞതുപോലെ ചെയ്യുന്ന സ്വഭാവക്കാരനായിതിനാല്‍ അവന്റെ ആവശ്യത്തിന് വഴങ്ങുകഅത് അറിയപ്പെട്ടത്. പക്ഷെ, 1951-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച
ചിബാസ് റേഡിയോയില്‍ നടത്തിയ പ്രചാരണ പ്രക്ഷേപണത്തിനിടെ വയറ്റില്‍ വെടിവച്ച് ആത്മഹത്യ ചെയ്തു. അവര്‍ക്കൊപ്പമുണ്ടായിരുന്ന ഫിദലിനെ ഏറെ ഞെട്ടിച്ച സംഭവമായിരുന്നു അത്. 1952-ലെ തെരഞ്ഞെടുപ്പില്‍ ഈ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി ഫിദല്‍ കോണ്‍ഗ്രസിലേയ്ക്ക് മത്സരിച്ച് ജയിച്ചു. പക്ഷേ, മുന്‍ പ്രസിഡന്റ് ജനറല്‍ ബാറ്റിസ്റ്റ ഒരു സൈനിക അട്ടിമറിയിലൂടെ ക്യൂബന്‍ ഭരണം പിടിച്ചെടുത്തു. ഫിദല്‍ കാസ്‌ട്രോയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ചെറുപ്പക്കാര്‍ പട്ടാളഭരണകൂടത്തിനെതിരെ ഒളിപ്പോരാട്ടം നടത്തുകയല്ലാതെ മറ്റുവഴികളില്ലെന്ന് നിശ്ചയിച്ചു. ജീവന്‍ ത്യജിച്ച് രക്തസാക്ഷികളാകാന്‍ ക്യൂബന്‍ ജനതയ്ക്ക് ഭയമില്ല. സ്പാനിഷ് ആധിപത്യത്തിനെതിരെയുള്ള പോരാട്ടം നയിച്ച ജോസ് മാര്‍ട്ടിയുടെ തന്നെ പ്രസിദ്ദമായ സമരാഹ്വാനം “മരിക്കുക എന്നാല്‍ ജീവിക്കുക” എന്നായിരുന്നു. “അപമാനിതരായി ജീവിക്കന്നതിനേക്കാള്‍ ഞാന്‍ തെരഞ്ഞെടുക്കക ബുള്ളറ്റുകള്‍ തറച്ച് മരിക്കുന്നതാണ്” എന്നായിരുന്നു ഫിദല്‍ ജോസ് മാര്‍ട്ടിയുടെ ഒരു പുസ്തകത്തിന്റെ മാര്‍ജിനില്‍ അക്കാലത്ത് കുറിച്ചിട്ടത്.
ഒരു ക്യൂബന്‍ ഷുഗര്‍ റിഫൈനറി ജീവനക്കാരനായിരുന്ന ആബേല്‍ സാന്റോ മറിയ, ജനറല്‍ മോട്ടോഴ്‌സിലെ അക്കൗണ്ടന്റായിരുന്ന ജീസസ് മോണ്‍ടാന്‍ എന്നീ ചെറുപ്പക്കാരുടെ നേതൃത്വത്തിലുള്ള സംഘം, ഒളിപ്പോരിന് ആഹ്വാനം ചെയ്യുന്ന ഒരു ലഘു ലേഖ പ്രസിദ്ധീകരിച്ചിരുന്നു. ഇവരുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് ഒരു വര്‍ഷത്തിലധികം നീണ്ടു നിന്ന തയ്യാറെടുപ്പുകള്‍ക്കു ശേഷം, ഫിദലിന്റെ നേതൃത്വത്തില്‍ 165 അംഗ ഒളിപ്പോരാളികളുടെ ഒരു സംഘം സാന്റിയാഗോ ഡി ക്യൂബയിലെ മൊണ്‍കാഡാ ബാരക്കുകള്‍ ആക്രമിക്കാന്‍ തീരുമാനിച്ചു. ഇവരില്‍ രണ്ടുപേര്‍ യുവതികളായിരുന്നു.
ഹൈദി സാന്റാ മറിയയും, മെല്‍ബ ഹെര്‍ണാണ്ടസും. എല്ലാവരും മുപ്പതിനു താഴെ മാത്രം പ്രായമുള്ളവര്‍. സായുധ പരിശീലനത്തിന് ഉള്ളതെല്ലാം ചെലവഴിച്ച് ആയുധങ്ങളും വാഹനങ്ങളും വാങ്ങി. വിപുലമായ തയ്യാറെപ്പുകള്‍ നടത്തിയ ശേഷമായിരുന്നു 1953 ജൂലൈ 26-ന് അവര്‍ സാന്റിയാഗോ ഡി ക്യൂബ നഗരപ്രാന്തത്തിലെ ബാരക്കുകള്‍ ആക്രമിച്ചത്. അത് ഒരു വിധത്തില്‍ ആത്മഹത്യാ സംഘമായിരുന്നു. രക്ഷപ്പെടുമെന്ന് പ്രതീക്ഷയേ ഉണ്ടായിരുന്നില്ല. സൈനിക കേന്ദ്രത്തിനു നേരെയുള്ള ആക്രമണത്തിന് ഫിദല്‍ തന്നെയായിരുന്നു നേതൃത്വം കൊടുത്തത്. ആദ്യ വെടി പൊട്ടിയപ്പോള്‍ തന്നെ സൈനികര്‍ വിപ്ലവകാരികളെ തുരത്തി. മൂന്നു പേര്‍ സംഭവസ്ഥലത്തു വച്ചു തന്നെ കൊല്ലപ്പെട്ടു. ഫിദലും റൗളും ഉള്‍പ്പെടെ 52 പേര്‍ തൊട്ടടുത്ത
സൈറാ മെയ്‌സ്ട്ര മലയിടുക്കുകളിലേക്ക് രക്ഷപ്പെട്ടു. പിടിക്കപ്പെട്ട 68 പേരെ അതിക്രൂരമായ പീഡനങ്ങള്‍ക്കു ശേഷം സൈന്യം വധിച്ചു. കുറേ നാളുകള്‍ക്കു ശേഷം ഫിദല്‍ കാസ്‌ട്രോയടക്കം 32 പേര്‍ തടവിലടയ്ക്കപ്പെട്ടു. ഫിദലുമായി ആഭിമുഖ്യമുണ്ടായിരുന്ന നീഗ്രോ ലെഫ്റ്റനന്റ് പെഡ്രോ സരിയയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു, ഉറങ്ങിക്കിടക്കുകയായിരുന്ന വിപ്ലവകാരികളെ പിടികൂടിയത്. അദ്ദേഹത്തിന്റെ ഇടപെടല്‍ കാരണം അവര്‍ വധിക്കപ്പെട്ടില്ല.
ഏകാന്ത തടവിലടയക്കപ്പെട്ട ഫിദലിനെ ആശുപത്രിയിലെ നെഴ്‌സസ് റൂമില്‍ ഒരുക്കിയ പ്രത്യേക കോടതി മുറിയില്‍ രഹസ്യമായിട്ടാണ് വിചാരണ നടത്തിയത്. അവിടെ 1953 ഒക്‌ടോബര്‍ 16 ഫിദല്‍ നടത്തിയ രണ്ടു മണിക്കൂര്‍ നീണ്ട ചരിത്ര പ്രസിദ്ധമായ പ്രസംഗമുണ്ട്.
“ചരിത്രം എന്നെ കുറ്റക്കാരനല്ലെന്ന് വിധിക്കും!”. പിന്നീട്, ജയിലില്‍ നിന്ന് രഹസ്യമായി തീപ്പെട്ടി കൂടുകളില്‍ കടത്തിയ ഈ കോടതി പ്രസംഗം വിപുലീകരിച്ച് പുസ്തകമാക്കി പ്രസിദ്ധീകരിക്കപ്പെട്ടു. ക്യൂബന്‍ വിപ്ലവത്തിന്റെ മാനിഫെസ്റ്റോ ആയി ഇത് അറിയപ്പെടുന്നു. ഇതിന്റെ 20000 കോപ്പികള്‍ അച്ചടിച്ച് രണ്ടുപേര്‍ പഴയ ഒരു കാറില്‍ ഹവാന മുതല്‍ സാന്റിയാഗോ ഡി ക്യൂബ വരെ സഞ്ചരിച്ച് വിതരണം ചെയ്യുകയായിരുന്നു.
22 മാസങ്ങള്‍ക്കു ശേഷം ഫിദലിനെയും കൂട്ടരെയും പൊതു മാപ്പ് നല്‍കി പ്രസിഡന്റ് ബാറ്റിസ്റ്റ മോചിപ്പിച്ചു. വിപ്ലവകാരികള്‍ ശക്തമായ ഗറില്ലാ ആക്രമണത്തിന് തയ്യാറെടുക്കാനായി മെക്‌സിക്കോയില്‍ താവളമടിച്ചു. മെക്‌സിക്കന്‍ പോലീസിന്റെ കണ്ണുവെട്ടിച്ചായിരുന്നു അത്. അവര്‍ പലപ്പോഴും ആയുധങ്ങള്‍ പിടിച്ചെടുക്കുകയും വിപ്ലവകാരികളെ തടവിലാക്കുകയും ചെയ്തു.
ഫിദല്‍ ചെഗുവേരയെ കണ്ടു മുട്ടുന്നത് ഇവിടെ വച്ചാണ്. ലോകം കണ്ട ഏറ്റവും സാഹസികനായ ആ വിപ്ലവകാരി, ക്യൂബന്‍ വിപ്ലവകാരികളെ ഗറില്ലാ സമര മുറകള്‍ പരിശീലിപ്പിക്കുന്ന ചുമതല ഏറ്റെടുത്തു. ഹവാനയില്‍ ആക്രമണം നടത്തുകയും അതോടനുബന്ധിച്ച് രാജ്യവ്യാപകമായ പൊതു പണിമുടക്ക് നടത്തുകയും ചെയ്ത്, ഭരണം പിടിച്ചെടുക്കുകയായിരുന്നു പദ്ധതി. പണം സ്വരുക്കൂട്ടി
‘ഗ്രാന്‍മ’ എന്ന പഴയ ഒരു സമുദ്രയാനം അവര്‍ സംഘടിപ്പിച്ചു. 1956 നവംബര്‍ 24-ന് 82 ഗറില്ലാ പടയാളികളേയും കുത്തിനിറച്ച് ഗ്രാന്‍മാ ക്യൂബയിലേക്ക് തിരിച്ചു. മോശപ്പെട്ട കാലാവസ്ഥയും കൊടുങ്കാറ്റും കാരണം വളരെ പതുക്കെയായിരുന്നു യാത്ര. കടല്‍ചൊരുക്കും, പട്ടിണിയും ദാഹവും കാരണം യാത്രികരെല്ലാം തീരെ അവശരായിരുന്നു. അവസാനം ഡിസംബര്‍ 2-ന് “ഗ്രാന്‍മ” പശ്ചിമ തീരത്തെത്തി. ചെളി നിറഞ്ഞ പ്രദേശമായിരുന്നു, അത്. ജട്ടിയിലേക്ക് അടുപ്പിക്കാനാകാത്തതിനാല്‍ ഒരു ബോട്ടില്‍ കയറിയായിരുന്നു കരയിലക്കടുത്തത്. പക്ഷേ ആ ബോട്ട് മുങ്ങി. ആയുധങ്ങളുമായി ഗറില്ലകള്‍ വെള്ളത്തില്‍ ചാടി നീന്തി കരയിലെത്തി. കരുതി വച്ചിരുന്ന ആയുധങ്ങളും ആഹാരസാധനങ്ങളും നഷ്ടപ്പെട്ടുപോയി. അവശരായി ചെളിയില്‍ മൂടി എത്തിയ വിപ്ലവകാരികള്‍ ഒരു കരിമ്പില്‍ തോട്ടത്തില്‍ ഒളിച്ചിരുന്നു. കര്‍ഷകര്‍ അവര്‍ക്ക് അഭയം നല്‍കിയെങ്കിലും ബാറ്റിസ്റ്റയുടെ പട്ടാളം നാലു ഭാഗത്തു നിന്നും ആക്രമിച്ചു. ഒട്ടേറെപ്പേര്‍ തല്‍ക്ഷണം മരിച്ചു. ബാക്കിയുള്ളവര്‍ പിടിക്കപ്പെട്ടു. ഫിദലും, റൗളും, ചെഗുവേരയും കുറച്ചുപേരും രക്ഷപ്പെട്ടു. പക്ഷേ ‘ചെ’യുടെ കഴുത്തിന് മുറിവേറ്റു. ഒപ്പം വന്ന സഖാക്കളില്‍ മിക്കവരും രക്തസാക്ഷിത്വം വരിച്ചെങ്കിലും, വിട്ടുകൊടുക്കാന്‍ ഫിദലും ചെയും തയ്യാറല്ലായിരുന്നു. അപ്പോള്‍ 12 പേര്‍ മാത്രമായിരുന്നു ഒപ്പമുണ്ടായിരുന്നത്. സെയ്‌റ മെയ്‌സ്ട്ര മലനിരകള്‍ കേന്ദ്രീകരിച്ച് അന്തിമ ഗറില്ലാ യുദ്ധത്തിന് ജനങ്ങളെ സംഘടിപ്പിക്കാന്‍ അവര്‍ തീരുമാനിച്ചു. ഏറ്റവും ഉയര്‍ന്ന പര്‍വ്വതശിഖരത്തില്‍ അവര്‍ ഒളിപ്പോര്‍ കേന്ദ്രം സ്ഥാപിച്ചു. ജനങ്ങളെ സംഘടിപ്പിച്ച് രണ്ടു വര്‍ഷത്തിനകം ഹവാനയിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ക്യൂബയുടെ വിവിധ ഭാഗങ്ങളില്‍, ബാറ്റിസ്റ്റക്കെതിരായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഗ്രൂപ്പുകള്‍ ഫിദലിന്റെ നേതൃത്വത്തില്‍ ഒന്നിച്ചു. നൂറുകണിക്കിന് ചെറുപ്പക്കാര്‍ വിപ്ലവ സംഘത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു.
ഹവാന സര്‍വ്വകരാശാലയിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ പ്രസിഡന്റിന്റെ കൊട്ടാരം ആക്രമിച്ചു. ചില ആയുധപ്പുരകളും കലാപകാരികള്‍ പിടിച്ചെടുത്തു. ഫിദലും, റൗളും, ചെയും നേതൃത്വം നല്‍കിയ കലാപകാരികളുടെ സേന, സൈനികരെ എതിരിട്ട് തോല്പിച്ച് ഹവാനയെ ലക്ഷ്യമാക്കി നീങ്ങി. ക്യൂബയിലെ കമ്മ്യൂണിസ്റ്റുകാരും ഈ മുന്നേറ്റത്തില്‍ അണിചേര്‍ന്നു. ബാറ്റിസ്റ്റയുടെ സൈന്യം അതിവിദഗ്ദമായി ചെറുത്തു നിന്നു. പക്ഷേ ഫിദലിന്റെ നേതൃത്വത്തില്‍ ബേ ഓഫ് പിഗസ്സില്‍ നടത്തിയ ആക്രമണം ബാറ്റിസ്റ്റയുടെ നട്ടെല്ലൊടിച്ചു. അയാളുടെ 443 സൈനികരെ തടവിലാക്കി. ആയുധങ്ങള്‍ പിടിച്ചെടുത്തു. ചെയുടെ നേതൃത്വത്തില്‍ വിപ്ലവകാരികള്‍ നിര്‍ണ്ണായക വിജയങ്ങള്‍ നേടി. അവസാനം ഏകാധിപതി ബാറ്റിസ്റ്റ കൊട്ടാരം വിട്ട് ഓടിപ്പോയി.
ചെയുടെ നേതൃത്വത്തില്‍ വിപ്ലവകാരികള്‍ 1959 ജനുവരി ഒന്നിന് ഹവാനയിലെത്തി. പിന്നാലെ വിജയറാലി നയിച്ചുകൊണ്ട് ഫിദലും. ക്യൂബന്‍ വിപ്ലവത്തിന്റെ ജീവിക്കുന്ന ഇതിഹാസമായി മാറിയ ഫിദല്‍ കാസ്‌ട്രോ മാറുന്ന ക്യൂബയുടെ പുതിയ കാലത്തിന് സാക്ഷിയായി പിന്നണിയിൽ.ഇനി ക്യൂബയുടെ വാതായനങ്ങൾ ബഹുകക്ഷിജനാധിപത്യത്തിനു തുറന്നുകൊടുക്കുന്ന കാലം വിദൂരമല്ല.മറ്റൊരു കമ്മ്യൂണിസ്റ്റ് രാജ്യത്തിനും അതിനൊരിക്കലും ധൈര്യമുണ്ടാകില്ല.എന്തെന്നാൽ എത്ര തന്നെ എതിർപ്പുണ്ടെങ്കിലും രാഷ്ട്രീയപ്രതിയോഗികൾ പോലും ഫിദലിനെ സ്നേഹിക്കുന്നു.അമേരിക്കൻ സാമ്രാജ്യത്വത്തെ അരനൂറ്റാണ്ടിലേറെ സുധീരം ചെറുത്തുനിന്നതിന്റെ പേരിൽ മാത്രം ബഹുഭൂരിപക്ഷവും അദ്ദേഹത്തെ ഇപ്പോഴും ഹൃദയത്തോട് ചേർക്കുന്നു.വരും കാലങ്ങളിൽ ജനാധിപത്യകക്ഷികൾ ക്യൂബയിൽ അധികാരത്തിൽ വന്നാലും
ഫിദൽ കാസ്ത്രോ രാഷ്ട്രപിതാവായി തന്നെ തുടരും..