
കേരളീയ സമൂഹത്തിൽ ഡോ. സുകുമാർ അഴീക്കോടിന്റെ സ്ഥാനം മനീഷിയായ നിരൂപകന്റേതോ,പ്രഭാഷകന്റേതോ,പണ്ഡിതന്റേതോ മാത്രമല്ല. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി കക്ഷി-രാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ ഒന്നടങ്കം ആ ശബ്ദത്തിനു കാതോർക്കുന്നത് എന്തുകൊണ്ടാകാം?ഒരു പക്ഷേ,കേരളം കണ്ട ഏറ്റവും ജനപ്രിയനായ നേതാവു ഏ.കെ..ജി പോലും ഈ ജനപ്രിയതയിൽ അഴീക്കോടിനു പിന്നിലായിപ്പോയതിനു സാമൂഹികമായ ഒരു പശ്ചാത്തലമുണ്ടു. ഗാന്ധിസത്തിന്റെ മാനവികതയിലൂന്നി നിന്നു കൊണ്ടു ഇടതുപക്ഷസഹയാത്രികനായി മാറിയ അദ്ദേഹത്തിനു കൂട്ടായി തായാട്ടു ശങ്കരനെപ്പോലെ ഒട്ടേറെ പ്രമുഖരുണ്ടായിരുന്നു.ഗാന്ധിയിൽ നിന്നും മാർക്സ് വളരെ അകലെയല്ല എന്ന തിരിച്ചറിവിൽ നിന്ന് രൂപപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയവും പൊതുപ്രവർത്തനവും.കക്ഷിരാഷ്ട്രീയത്തോടുള്ള അനാസക്തിയും,മതേതര-ജനാധിപത്യ മൂല്യങ്ങളോടുള്ള പ്രതിപത്തിയും അദ്ദേഹത്തിൽ പ്രബലപ്പെടുന്നത് അടിയന്തിരാവസ്ഥക്ക് ശേഷമുള്ള കാലഘട്ടത്തിലാണു. അതൊരു പരിണാമത്തിന്റെ കഥയാണു.ജനാധിപത്യം കോൾഡ് സ്റ്റോറേജിൽ അടക്കപ്പെട്ട നാളുകളിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രോ-വൈസ് ചാൻസ്ലറായിരുന്ന അദ്ദേഹം അതിനെ പ്രകടമായോ നിശബ്ദമായോ പിന്തുണച്ചു എന്ന് ആരോപിക്കുന്നവരുണ്ടു.അക്കാലത്ത് തീവണ്ടികൾ കൃത്യമായി ഓടുകയും,സർക്കാർ ഓഫീസുകളിൽ ജീവനക്കാർ കൃത്യസമയത്ത് എത്തുകയും ചെയ്തതിനാൽ പുതുയുഗം പിറന്നതായി വിശ്വസിക്കുകയും അതിനെ പാടിപ്പുകഴ്ത്തുകയും ചെയ്തവർ നിരവധിയുണ്ടായിരുന്നു.എൻ.വി.കൃഷ്ണവാര്യർ മുതൽ വൈലോപ്പള്ളി വരെ നീളുന്നു ആ പട്ടിക.പിൽക്കാലത്ത് ദേശാഭിമാനി സ്റ്റഡി സർക്കിളിന്റെ പ്രസിഡന്റായി അവരോധിക്കപ്പെടാൻ വൈലോപ്പള്ളിയ്ക്ക് ഈ നിലപാടുകൾ അയോഗ്യതയായില്ലന്നു നമുക്കറിയാം.അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ പണ്ടു ബാലചന്ദ്രൻ ചുള്ളിക്കാട് ചെയ്തതു പോലെ പരസ്യ സംവാദത്തിലൂടെ അഴീക്കോടിനെ കുറ്റവിചാരണ ചെയ്യേണ്ട കാര്യമില്ല.മനുഷ്യൻ ഒരു സമൂഹസൃഷ്ടിയാണന്നതിനാൽ അതാതുകാലത്തെ സാമൂഹിക-രാഷ്ട്രീയ ചുറ്റുപാടുകൾക്കനുസൃതമായി അഭിപ്രായം രൂപപ്പെടുന്നത് സ്വാഭാവികം.സി.വി.കുഞ്ഞുരാമൻ പറഞ്ഞതു പോലെ,അഭിപ്രായം ഇരുമ്പുലക്കയല്ല. പക്ഷേ,അസാധാരണമായ പ്രഹരശേഷിയുള്ള,എതിരാളികളെ നിരായുധരാക്കുന്ന ഉഷ്ണപാതമായി അഴീക്കോട് കേരളത്തിന്റെ മനസാക്ഷിയുടെ തന്നെ ശബ്ദമായി അതിവേഗം മാറുന്നതാണു നാം കണ്ടത്.പതിതരുടേയും,പീഡിതരുടേയും പാർശ്വവത്കരിക്കപ്പെട്ടവരുടേയും ശബ്ദങ്ങൾ മുഖ്യധാരാ രാഷ്ട്രീയപാർട്ടികളും,മാദ്ധ്യമങ്ങളും അവഗണിക്കാൻ തുടങ്ങിയ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹവും,ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യരും,ബിഷപ് പൌലോസ് മാർ പൌലോസും,സുഗതകുമാരിയും നാവില്ലാത്തവരുടെ നാവായി ഗർജ്ജിക്കാൻ തുടങ്ങിയത്.പക്ഷേ,മറ്റുള്ളവരുടെ പ്രവർത്തന മണ്ഡലങ്ങൾ നിയമ-മത-പരിസ്ഥിതി മണ്ഡലങ്ങളുടെ പരിവൃത്തത്തിലേക്ക് ചുരുങ്ങിയപ്പോൾ ഡോ സുകുമാർ അഴീക്കോടിനു ആകാശം പോലും സീമയായിരുന്നില്ല. അദ്ദേഹത്തിന്റെ അറുപത്തിയാറ് അവതാരികകൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച എം.ഹരിദാസ് “അഴീക്കോടിന്റെ കയ്യൊപ്പ്” എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതിൽ ഇതിന്റെ ഉത്തരമുണ്ടു;കവിത മുതൽ കളരിപ്പയറ്റ് വരെയും ഉപനിഷത്ത് മുതൽ ഷെർലക് ഹോംസ് വരെയും സ്വന്തം പ്രതിഭയ്ക്ക് അസ്വീകാര്യമോ അന്യമോ അസ്പൃശ്യമോ അല്ല എന്ന് അദ്ദേഹം തെളിയിച്ചു. ഈ പ്രായത്തിലും ഒരു വിദ്യാർത്ഥിയുടെ മനസ്സോടെ പുതിയതായ എന്തിനേയും പഠിക്കുന്നത് ശീലമാക്കിയതുകൊണ്ടാണു,ഏതു വേദിയിലും തലയുയർത്തിപ്പിടിച്ചു നിന്ന് നിർഭയമായി സംസാരിക്കുവാൻ അദ്ദേത്തിനു കഴിഞ്ഞത്. വേദങ്ങളേയുംരാഷ്ട്രീയ തത്ത്വശാസ്ത്രങ്ങളേയും ആഴത്തിൽ അപഗ്രഥിക്കുവാനും ,മൈക്കിനു മുന്നിൽ ചമ്രം പിടിച്ചിരുന്ന് പ്രസംഗം കേൾക്കുന്ന നിരക്ഷരരായ സാധാരണക്കാർക്കു പോലും മനസിലാകുന്ന ഭാഷയിൽ സമകാലിക ജീവിതവുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കാനും അദ്ദേഹം കാണിക്കുന്ന പാടവത്തിനു സമാനതകളില്ല.അധികാരത്തിന്റെ അപ്പകഷ്ണങ്ങൾക്കായി വിലപേശുകയും,ആഡംബരജീവിതം നയിക്കുകയും ചെയ്യുന്ന ഭിക്ഷാംദേഹികൾക്കും ഭോഗികൾക്കുമിടയിൽ അഴീക്കോടിന്റെ ശബ്ദം വേറിട്ടു നിൽക്കുന്നത് ഇതുകൊണ്ടാണു. വാക്കിലും പ്രവൃത്തിയിലും ലാളിത്യവും നൈർമല്യവും പുലർത്താനും,ഭോഗതൃഷ്ണകളില്ലാത്ത,മതേതര ജീവിതം നയിക്കാനും കഴിയുന്നവർ എത്രപേരുണ്ടു,നമുക്കിടയിൽ?സമൂഹത്തിനു മാതൃകയാകുന്ന മഹിതജീവിതങ്ങൾ പൊതുസമൂഹത്തിൽ വിരളമായതുകൊണ്ടാണു ഡോ.സുകുമാർ അഴീക്കോട് കേരളീയ സമൂഹത്തിന്റെ മനസാക്ഷിയുടെ ശബ്ദമായി സിംഹഗർജ്ജനം നടത്തുന്നത്.അതുകൊണ്ടാണു അദ്ദേഹത്തിന്റെ ഓരോ വാക്കിനും സമൂഹം കാതോർക്കുന്നത്.അങ്ങനെയാണു പതിറ്റാണ്ടുകളായി കേരളീയരുടെ അഭിപ്രായ രൂപവത്കരണത്തെ ഏറ്റവുമധികം സ്വാധീനിച്ച മഹദ്വ്യക്തിത്വമായി(ഒപ്പീനിയൻ ലീഡർ) അദ്ദേഹം നിലകൊള്ളുന്നത്.അദ്ദേഹത്തിനു പകരം വെക്കാൻ ആരുമില്ല.
5 comments:
"നമ്മുടെ മനസാക്ഷിയുടെ ശബ്ദം" ആയതുകൊണ്ടുതന്നെയാണ് അദ്ദേഹം നിരായുധനായി കിടക്കുമ്പോഴും അവിടെവന്ന് ഒപ്പുവക്കാന്‍ മനസാക്ഷിക്കുമുന്നില്‍ “നിന്നു പിഴക്കുന്നവര്‍” ക്യൂ നില്‍ക്കാന്‍ നിര്‍ബന്ധിതരാകുന്നതും.
മലയാള പ്രഭാഷണകലയുടെ കുലപതിക്ക് വിട.ഇന്ന് രാവിലെ 6.40നു തൃശൂർ അമല ആശുപത്രിയിൽ വെച്ചായിരുന്നു,അന്ത്യം.ആ സിംഹഗർജ്ജനം നിലച്ചു.ആദരാഞ്ജലികൾ.
മലയാളിയുടെ മനസാക്ഷിയായി നിലകൊണ്ട സുകുമാര്‍ അഴീക്കോടിന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്കു മുന്നില്‍ ആദരാജ്ഞലികള്‍.
ഞങ്ങളുടെ പ്രിയ മാഷിന് ആദരാജ്ഞലികള്‍...
ഇനിയിതുപോൾ മലയാളത്തിൽ ഒരു മനസാക്ഷിയുള്ള ശബ്ദം ഇനി എന്നുണ്ടാവാൻ..!
almost same views dear uncle....plz visit www.aksharagayathri.blogspot.com
Post a Comment