റെയില്‍വേ സ്റ്റേഷന്‍
“ ങേ! എന്റെ മൊബൈല്‍... എന്റെ മൊബൈല്‍ കാണുന്നില്ല... oh my god” (അയാളുടെ ശബ്ദമിടറുന്നു)
“ സാറ് നല്ലോണം നോക്കിക്കേ! ട്രെയിനെറങ്ങുന്നേനെടേല്‍ കട്ടോണ്ടു പോയോ? ”
“ ഇല്ല എവിടേമില്ലാ.. പാന്റ്‌സിന്റെ ഇടത്തേ പോക്കറ്റില്‍ അല്പം മുന്‍പ് വരെയുണ്ടായിരുന്നു.. ഓഫീസീന്നൊള്ള കോള്‍ അറ്റന്റ് ചെയ്തിട്ട് നാലഞ്ചു മിനിട്ടേ ആയിട്ടുള്ളൂ ”
“ തിരട്ടു കക്ഷികളാ എവിടേം.. സാറ് പോക്കറ്റിലൊക്കെ ഒന്നുകൂടെ നോക്കിക്കേ... നില്ക്കുന്ന നിപ്പില്‍ എല്ലാം അടിച്ചു മാറ്റുന്ന കൂട്ടരൊണ്ട്... ഓ.. ഭാഗ്യത്തിന് എന്റെയൊന്നും പോയില്ല... സാറൊരു കാര്യം ചെയ്യ്, പോലീസ് എയിഡ്‌പോസ്റ്റില്‍ പോയി ഒരു കംപ്ലൈന്റ് എഴുതി കൊടുക്ക്...”
“ വല്ല പെണ്‍വാണിഭക്കാരുടെ കൈയ്യിലെങ്ങാനും മൊബൈല് കിട്ടിയാല്‍ കളിമാറും... നമ്മടെ ജീവിതം കോഞ്ഞാട്ടയായിപ്പോവും.. സാറിന്റെ ഫോണ്‍ കമ്പനിക്കാരുടെ അടുത്ത് വിളിച്ച് പറഞ്ഞ് ഇപ്പോള്‍ തന്നെ ബ്ലോക്ക് ചെയ്യിക്കണം... ”
“ സാറിന്റെ സിംകാര്‍ഡിന്റെ ഡീറ്റെയ്ല്‍സ് കൈയ്യേക്കാണുമല്ലോ... ”
“ അത്... അതെന്ത്? ”
“ സാറ് പറഞ്ഞാട്ടെ - മൊബൈല്‍ നമ്പര് പറഞ്ഞ് ദാ എന്റെ ഫോണീന്ന് ഡയല്‍ ചെയ്ത് കമ്പനിക്കാരെ അറിയിച്ചാട്ടെ... സാറ് ദാ ഡയല്‍ ചെയ്‌തേ... സാറെന്താ ആകെ വിയര്‍ത്തിരിക്കണേ... നല്ലോണം നോക്കിയല്ലോ... മൊബൈല്‍ മാത്രമല്ലേ പോയിട്ടുണ്ടാവുള്ളു അല്ലേ? കാശും എടിഎം കാര്‍ഡുമൊക്കെ ഭദ്രമായി ഒണ്ടല്ലോ! ഭാഗ്യം ”
“ സാറെന്താ ഫോണും കൈയ്യിപ്പിടിച്ച് ഒന്നും പറയാതെ മിഴിച്ച് നില്ക്കുന്നത്.. ഒരു മൊബൈല്‍ ഫണിന്റെ കാര്യമല്ലേയുള്ളു.. പോട്ടെന്നേ.. ഇക്കാലത്ത് ഇതു വലിയ കാര്യമൊന്നുമല്ലല്ലോ സാറേ... പിന്നെ സിം മിസ്യൂസ് ചെയ്യാതെ നോക്കണം... സാറ് വേഗം വിളിച്ചു പറഞ്ഞാട്ടെ. അല്ലെങ്കി സാറിന്റെ നമ്പറിലേക്ക് നമുക്കൊന്നു വിളിച്ചു നോക്കിയാലോ.. നമ്പറ് പറ സാറേ... ”
“ നമ്പര്‍.. 9447...,..., ഓ സോറി, 2........... ഓര്‍മ്മ വരുന്നില്ല സോറി... ”
“ അതെന്തു കഥ സാറേ.. ഒന്നുകൂടൊന്ന് ഓര്‍ത്ത് നോക്ക്. ”
“ സാറീ വെള്ളം കുടിച്ചാട്ടെ.. സാറിപ്പോഴും വല്ലാതെ വിയര്‍ക്കുന്നുണ്ടല്ലോ? എന്തെങ്കിലും ആരോഗ്യ പ്രശ്‌നം? ”
“ no... no.... എന്നാലും നമ്പര്‍... അത് .... 9447...... 8 ..... അത് (അയാള്‍ പതറുന്നു) ”
“ പരാതി കൊടുക്കണോങ്കില്‍ നമ്പറു വേണം. സാറ് വീട്ടിലോട്ട് വിളിച്ചേ.. അവര്‍ക്കറിയാമല്ലോ...! സാറ് ഡയല്‍ ചെയ്‌തേ... ”
“ അതിന്.. നമ്പര്‍...? ”
“ സാറിന്റെ വൈഫിനും കുട്ട്യോള്‍ക്കുമൊന്നും നമ്പറില്ലേ? ”
“ ഇക്കാലത്ത് മൊബൈലില്ലാത്തോരാരാ? സാറ് വീട്ടീ വിളിക്ക് സാറെ... ”
“ അത്.. അവരുടെ നമ്പറെല്ലാം മൊബൈലില്‍ ഫീഡ് ചെയ്‌തോണ്ട്... അത് കൃത്യമായി ഓര്‍മ്മേല് വരുന്നില്ല.. my god ”
“ സാറിതൊന്നും കുറിച്ചുവച്ചിട്ടില്ലേ..? ”
“ അതൊരു മിനി കമ്പ്യൂട്ടറായിരുന്നു... എന്റെ എല്ലാം അതിലാ ഫീഡ് ചെയ്തു വച്ചിരുന്നത്... സര്‍വ്വതും.... നമ്പറുകള്‍ - engagements, reminders, schedules എല്ലാം oh god - everything lost”
“ സാറ് ബഞ്ചിലിരുന്നാട്ടെ നമുക്ക് പരിഹാരമൊണ്ടാക്കമെന്നേ. സാറിന് എങ്ങോട്ടാ പോകേണ്ടത്?”
“ സാറൊരു കാര്യം ചെയ്യ്.. തല്ക്കാലം ടാക്‌സി പിടിച്ച് എയര്‍പോര്‍ട്ടില്‍ പോക്... പരാതി പിന്നാലെ കൊടുക്കാം... ”
“ ടാക്‌സി... ടാക്‌സി....”
“ വേണ്ട.... ”
“ സാറിതെന്താ? ഇനി വൈകിയാ സാറിന്റെ ഫ്‌ളൈറ്റു മൊടങ്ങും... ”
“ എയര്‍പോര്‍ട്ടിലേക്ക് ... ചാര്‍ജ്ജ്? ”
“ മുന്നൂറ്റമ്പതാ സാറേ, റേറ്റ്... ”
“ 350! .... oh god!”
“ കൂടുതലല്ല സാറേ.. ”
“ അതല്ലാ.. എടിഎമ്മീന്ന് കാശെടുക്കണമാരുന്നു... ”
“ ദാ, മൂന്നാലു കൗണ്ടറല്ലേ മുന്നിത്തന്നെ, ടാക്‌സിക്കാരന്‍ വെയ്റ്റ് ചെയ്യും. ”
“ അതിന്... പിന്‍ നമ്പറെല്ലാം മൊബൈലിലായിരുന്നു.. ഒന്നും ഓര്‍മ്മേല് നില്ക്കുന്നില്ല.. ഒന്നും...! ”
“ സാറേ.. സാറിനേപ്പോലുള്ളോരുടെ ഒരു കാര്യം! ഞാന്‍ പോകുന്നു.. എനിക്ക് വേറെ പണിയൊണ്ട് സാറെ... ”
“ ഞാനും പോകുന്നു സാറെ.. സാറ് ആ ടാക്‌സീക്കേറി വീട്ടിപ്പോ അതാ സാറിന് നല്ലത്... വീട്ടിച്ചെന്നിട്ട് കാശു കൊടുത്താ മതി.. അപ്പം സാറ് ചെന്നാട്ടെ.. ദാ ടാക്‌സി വന്നു... ”
“ അപ്പം സാറെ നമുക്ക് പോകാം, എങ്ങോട്ടാ? ”
“ കൊച്ചിക്ക് ”
“ അവിടെ ”
“ എം.ജി റോഡില് ”
“ എം.ജി റോഡില്? ഫ്‌ളാറ്റ്.. പേരും നമ്പറുമൊന്നുമില്ലേ സാറേ? ”
“ .... പേര്... ”
“ ഏത് ഫ്‌ളാറ്റ്? നമ്പര്? പറ സാറേ... ”
“ നമ്പര്... നമ്പര്....? ”
“ നമ്പറൊന്നുമില്ലേ? എങ്കി സാറൊരു കാര്യം ചെയ്യ്.. ഈ കോട്ടും സ്യൂട്ടും ടൈയുമൊക്കെ ഊരി തറേല് വിരിച്ച് ഇവിടെ കെടന്നൊറങ്ങിക്കോ.... ഞെളിഞ്ഞ് നടക്കുന്നു ഒരു ഹൈടെക്ക് നിരക്ഷരന്‍ പഠിപ്പും വിദ്യാഭ്യാസോം ഒണ്ടെന്നു പറഞ്ഞിട്ടെന്തു കാര്യം യന്ത്രമില്ലേല്‍ മന്ദബുദ്ധിയാ.. മനുഷ്യനെ മെനക്കെടുത്താതെ പോ സാറേ! ”
(മലയാള മനോരമ ദിനപ്പത്രം 2011 ജൂലൈയിൽ പ്രസിദ്ധീകരിച്ച മിഡിൽ.ഇത് ഉൾപ്പെടെയുള്ള 30 ആക്ഷേപഹാസ്യരചനകളുടെ സമാഹാരം ഇതേപേരിൽ ഉടൻ പ്രസിദ്ധീകരിക്കപ്പെടുന്നു)
No comments:
Post a Comment