27 May near Mavalikara
നീണ്ട 13 വർഷത്തെ ഇടവേളയ്ക് ശേഷം ഞാൻ ഇന്ന് ആകാശവാണി കൊച്ചി എഫ്.എം. നിലയത്തിൽ തിരിച്ചെത്തി.
കണ്ണൂർ ഒഴികെയുള്ള കേരളത്തിലെ എല്ലാ ആകാശവാണി നിലയങ്ങളിലും,അതിനു മുൻപ് മൂന്ന് പത്രസ്ഥാപനങ്ങളിലും ഒരു കേന്ദ്ര സർക്കാർ മാദ്ധ്യമ കേന്ദ്രത്തിലും ജോലി നോക്കിയിട്ടുണ്ടെങ്കിലും ഈ നിലയത്തിന്റെ ഗേറ്റ് കടക്കുമ്പോളുണ്ടാകുന്ന സന്തോഷം മറ്റെവിടെയുമില്ല.സ്വന്തം വീട്ടിലേക്ക് വരുന്ന പ്രതീതിയാണത്-a sense of belongingness.
ഒരുപറ്റം ആൾക്കാർ ആത്മാർപ്പണം ചെയ്ത് പടുത്തുയർത്തിയ ഒരു ജനകീയ മാദ്ധ്യമസ്ഥാപനമാണിത്-ഒരിക്കലും ഇതൊരു സർക്കാർ ഓഫീസായി ആർക്കും തോന്നുകയില്ല.
-വലിയൊരു കൂട്ടായ്മയുടെ വിജയകഥയാണത്.
അതിനു മുന്നിൽ നിൽക്കാൻ നിയോഗമുണ്ടായത് ഈയുള്ളവനും,അന്തരിച്ച പ്രിയ സുഹൃത്ത് ഡി.പരമേശ്വരൻ പോറ്റിക്കുമായിരുന്നു.1994 ഡിസംബറിൽ തൃശൂരിൽ നിന്ന് എന്നെയും,ദേവികുളത്ത് നിന്ന് പരമേശ്വരൻ പോറ്റിയേയും തസ്തികകൾ സഹിതം ഇങ്ങോട്ട് മാറ്റി നിയമിച്ചത്,1989 നവംബറിൽ പ്രക്ഷേപണം തുടങ്ങിയ ,കേരളത്തിലെ ആദ്യത്തെയും ദക്ഷിണേന്ത്യയിലെ രണ്ടാമത്തേതുമായ ഈ എഫ്.എം.നിലയത്തിൽ പൂർണ്ണതോതിൽ പരിപാടികൾ തുടങ്ങാനായിരുന്നു.അന്നത്തെ അസിസ്റ്റന്റ് ഡയറക്റ്റർ കെ.കെ.കുര്യൻസാർ ഞങ്ങളെ വരവേറ്റത്,ഇന്ത്യയിലെ എല്ലാ നിലയങ്ങളിൽ നിന്നുമുള്ള നല്ല പരിപാടികളുടെ നീണ്ട ഒരു ലിസ്റ്റുമായിട്ടായിരുന്നു.പത്രപ്രവർത്തനരംഗത്തെ പ്രവർത്തനപാരമ്പര്യവും സാമൂഹിക-രാഷ്ട്രീയ ബന്ധങ്ങളും,പ്രാദേശിക റേഡിയോ നിലയം(local radio station)എന്ന നൂതന ആശയം നൽകിയ പ്രവർത്തനസ്വാതന്ത്ര്യവും ഉപയോഗിച്ച് ഏതാനും ആഴ്ച്ചകൾക്കകം ഞങ്ങളത് സാധിതമാക്കി.അതിനു പ്രതിഭാധനരായ കാവാലം ശ്രീകുമാറും എൻ.കെ.സെബാസ്റ്റ്യനും ബലമേകി.ഒപ്പം ഊർജ്ജസ്വലരായ യുവപ്രക്ഷേപകരായ കെ.വി.ശരത്ചന്ദ്രൻ,പി.എ.ബിജു,പിന്നെ തെന്നൽ,വി.എം ഗിരിജ,അകാലത്തിൽ വിട്ടുപിരിഞ്ഞ സാഹസികനായ കാഷ്വൽ അവതാരകൻ റെജിനാഥ്,ബെൻസി അയ്യമ്പള്ളി തുടങ്ങിയവരടങ്ങിയ ടീമും.(അവരായിരുന്നു "
ബാബുരാജ് തുടങ്ങിയവരെയും പ്രത്യേകം പരാമർശ്ശിക്കേണ്ടതുണ്ട്.
അന്ന് തുടങ്ങിയവയിൽ ബഹുഭൂരിപക്ഷവും കൂടുതൽ മെച്ചമാക്കിയതിനു,പിന്നാലെ വന്ന എല്ലാവർക്കും നന്ദി.അതു കൊണ്ടാണല്ലോ,ഈ മാദ്ധ്യമപ്രളയകാലത്തും പ്രൗഡിയോടെ ഇന്നും കൊച്ചി എഫ്.എം നിലയവും എഫ്.എം.റെയിൻബോയും തലയുയർത്തിപ്പിടിച്ച് നിൽക്കുന്നത്.
------------------------
ഇനി ഒരു ഫ്ളാഷ്ബാക്ക്;ഓർമ്മകളുണ്ടായിരിക്കണം.
വർഷങ്ങൾ അത്യദ്ധ്വാനം ചെയ്തുണ്ടാക്കിയതത്രയും പ്രഭാതപ്രക്ഷേപണം പൊടുന്നനെ നിർത്തിവെച്ച്,തകർത്തെറിഞ്ഞപ്പോൾ ജനങ്ങൾ അതിനെതിരെ നടത്തിയ പോരാട്ടത്തിനു സമാനതകളില്ല.മൂന്നു ആക്ഷൻ കമ്മറ്റികളായിരുന്നു സമരരംഗത്തിറങ്ങിയത്.ഹൈക്കോടതിയിൽ ഡി.ബി.ബിനു പൊതുതാൽപര്യ ഹർജ്ജി നൽകി(പിന്നീട് ഒരു താൽക്കാലിക ഉത്തരവിലൂടെ ജസ്റ്റിസ് സി.എസ്.രാജൻ പ്രഭാതപ്രക്ഷേപണം പുനസ്ഥാപിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചതോടെ നിയമപ്പോരാട്ടം വിജയിച്ചു.പിന്നീട് പത്ത് വർഷത്തോളം ബിനുവും അദ്ദേഹത്തിന്റെ അഭിഭാഷകൻ പി.കെ.ഇബ്രാഹിമും ഈ കേസ് നടത്തി.സ്റ്റേഷന്റെ സുഗമമായ പ്രവർത്തനത്തിനു തസ്തികകളും ഫണ്ടും അനുവദിച്ചിട്ടുണ്ടെന്ന വാർത്താ-വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഉറപ്പിനെ തുടർന്നാണു കേസ് തീർപ്പായത്).
അന്ന് ലോക്സഭയിലും നിയമസഭയിലും ശ്രദ്ധക്ഷണിക്കൽ പ്രമേയങ്ങൾ അവതരിപ്പിക്കപ്പെട്ടു.പ്രക്ഷേപണം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് "മാതൃഭൂമി" മുഖപ്രസംഗം എഴുതി."മലയാള മനോരമ"യിൽ പ്രൊ.എം.കെ സാനുവും ,"മാദ്ധ്യമ"ത്തിൽ മാധവിക്കുട്ടിയും സി.രാധാകൃഷ്ണനും കൊച്ചി എഫ്.എമ്മിനുവേണ്ടി ശക്തമായി എഴുതി.എറണാകുളം ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പ്രമേയം പാസാക്കി.........ഇങ്ങനെ, ചരിത്രത്തിൽ സമാനതകളില്ലാത്ത ആ ജനപിന്തുണയെക്കുറിച്ചോർക്കുമ്പോൾ അഭിമാനം തോന്നുന്നു.
ഈ മാദ്ധ്യമത്തിന്റേയും അന്നത്തെ ടീമിന്റേയും ജനകീയതയും സാമൂഹികപ്രതിബദ്ധതയുമായിരുന്നു അതിനു കാരണം.
(ജനകീയ പ്രക്ഷേപണം ഫയലെഴുത്തോ,വാച്ചും ചട്ടപ്പുസ്തകങ്ങളും നോക്കിയുള്ള ബലം പിടുത്തമോ,സർവ്വതിനേയും ഭയപ്പെട്ടിരിക്കലോ,ഓഫീസർ ചമയലോ അല്ല എന്നോർമ്മിപ്പിക്കാൻ വേണ്ടി മാത്രമാണീ കുറിപ്പ്).
1 comment:
ചരിത്രത്തിൽ സമാനതകളില്ലാത്ത ആ ജനപിന്തുണയെക്കുറിച്ചോർക്കുമ്പോൾ അഭിമാനം തോന്നുന്നു.
ഈ മാദ്ധ്യമത്തിന്റേയും അന്നത്തെ ടീമിന്റേയും ജനകീയതയും സാമൂഹികപ്രതിബദ്ധതയുമായിരുന്നു അതിനു കാരണം.
Post a Comment