‘ ‘ഇത് എന്റെ അവസാനത്തെ അഭിമുഖമായിരിക്കും” എന്നു പറഞ്ഞായിരുന്നു,തുടക്കം. - 2011 അവസാനം,ആകാശവാണിയുടെ കേരളത്തിലെ എല്ലാ നിലയങ്ങളും പ്രക്ഷേപണം ചെയ്യുന്ന “സർഗ്ഗകേരളം” എന്ന പ്രതിവാര സാഹിത്യപരിപാടിയിൽ ഉൾപ്പെടുത്താനായി ഉണ്ണികൃഷ്ണൻ പുതൂരുമായി അഭിമുഖം നടത്താനെത്തിയ ഞാൻ ആദ്യമൊന്ന് പകച്ചു. രോഗപീഡകൾ കഠിനമായി അലട്ടിയിട്ടും, അദ്ദേഹംതന്റെ ജീവിതാനുഭവങ്ങൾ തെളിമയോടെ പറഞ്ഞുതുടങ്ങി.....ആകാശവാണിയുടെ ശബ്ദശേഖരത്തിലതിന്നൊരു അമൂല്യചരിത്ര രേഖയാണു.
മലയാള കഥാസാഹിത്യത്തിൽ ആത്മാംശമുള്ള കഥകളെഴുതിയ ധിക്കാരിയായ ഒറ്റയാനായിരുന്നു,അദ്ദേഹം.എഴുതിയതെല്ലാം ജീവിതം.അവ വന്യവും തീക്ഷ്ണവുമായിരുന്നു.അതിനു കാരണം,അരക്ഷിതമായ ബാല്യവും യൌവവുമായിരുന്നുവെന്ന് ആ അഭിമുഖത്തിലും അദ്ദേഹം വിശദീകരിച്ചിട്ടുണ്ടു.ദരിദ്രനായ ഒരു തറവാടിയായിരുന്നു അക്കാലത്തെ പുതൂർ.ആരാലുംശ്രദ്ധിക്കപ്പെടാതെപോകുന്ന പാവങ്ങൾക്കിടയിലായിരുന്നു ആ ജീവിതം.തന്റേത് ശപിക്കപ്പെട്ട ഒരു ജന്മമാണെന്നു തോന്നിയ നാളുകൾ.ഉപദേശിച്ച്,നേർവഴിക്കു നയിക്കാൻ രമിച്ച അച്ഛനായിരുന്നു, ശത്രൂ.എല്ലാം അവസാനിപ്പിച്ച്,ആത്മഹത്യ ചെയ്യാൻ വരെ ശ്രമിച്ചു. ജീവിതത്തിലെ പരാജയങ്ങൾ എഴുത്തിനു ഊർജ്ജം പകർന്നിരിക്കാം.ആദ്യമെഴുതിയ കഥ ചങ്ങമ്പുഴയുടെ അകാലമൃത്യുവിനെക്കുറിച്ചായത് യാദൃച്ഛികമാകാനിടയില്ല.ജീവിതത്തിൽ കാലിടറിവീണ മഹാപ്രതിഭയായിരുന്നുവല്ലോ,ചങ്ങമ്പുഴ.’മായാത്ത സ്വപ്നം’ എന്ന ആ കഥ 1952ൽ പ്രസിദ്ധീകരിക്കപ്പെട്ട “കരയുന്ന കാല്പാടുകൾ’ എന്ന ആദ്യ കഥാസമാഹാരത്തിലുണ്ടു.19ആം വയസിൽ ആ കഥാപുസ്തകവുമായി വീടുവിട്ടിറങ്ങി,അലഞ്ഞുനടന്നു.പുസ്തകം വിൽക്കാനുള്ള ആ യാത്രയിൽ പട്ടിണികിടന്നിട്ടുണ്ടു.കയ്പ്പേറിയതായിരുന്നു ,ഒരു വർഷക്കാലത്തെ ആ അനുഭവങ്ങൾ.സമൂഹത്തിൽ സ്വന്തം അസ്തിത്വം തെളിയിക്കാനുള്ള വഴികളായിരുന്നു,ഈ പുറപ്പാടെന്ന് അദ്ദേഹം നിരീക്ഷിച്ചിട്ടുണ്ടു.
കവിയായായിരുന്നു,ആ തുടക്കം.ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകം “കൽപ്പകപ്പൂമഴ” എന്ന കവിതാസമാഹാരമായിരുന്നു.അതിനു അവതാരിക എഴുതിയത്,വൈലോപ്പിള്ളി ശ്രീധരമേനോനും. 'ഇത്രമേല്‍ അനുഭവവും വികാരവും പുണര്‍ന്നുകിടക്കുന്ന ഒരു ഹൃദയവും അതിന്റെ തനിപ്പകര്‍പ്പായ കാവ്യബന്ധങ്ങളും ഒരുപക്ഷേ, ചങ്ങമ്പുഴക്കവിതകളില്‍ മാത്രമേ കാണുകയുള്ളൂ' എന്നായിരുന്നു അദ്ദേഹം ആ കവിതകളെ വിലയിരുത്തിയത്. പക്ഷേ,കവിയാകാനല്ല,കഥാകാരനാകാനായിരുന്നു ,നിയോഗം.അതിനു കാ രണമുണ്ടായിരുന്നു.‘കവിതയെഴുതിയാൽ ജീവിക്കാൻ പറ്റില്ല;അതിനു കഥകളെഴുതണം’ എന്ന കാരൂരിന്റെ ഉപദേശമാണു വഴിത്തിരിവാത്. പിന്നെ, കഥകളുടെ പ്രവാഹമായിരുന്നു-സ്വാനുഭവങ്ങളുടെ ഖനിയിൽ നിന്നു അവ വന്നു;എഴുന്നൂറോളം ചെറുകഥകള്‍, 35 കഥാസമാഹാരങ്ങള്‍, 18 നോവലുകള്‍.അവസാന നാളുകളിലെഴുതിയത് ഭക്തിനിർഭരമായ കവിതകൾ.”ആത്മനിർവൃതി”എന്ന ആ കവിതാസമാഹാരത്തിലെ കവിതകൾ ഭക്തിനിർഭരമായിരുന്നു.”പൂന്താനത്തിനെ ഓര്‍മ്മിപ്പിക്കുന്ന ഭക്തിയും ഭാവതരളതയും മൊഴിവഴക്കവുമാണ് പുതൂരിന്റെ ഈ രചനകളിലും കാണുന്നത്“എന്നാണു ഡോ എം ലീലാവതി ഈ കവിതകളെ വിലയിരുത്തിയത്.
ജീവിതത്തെ എഴുതണമെന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ഉപദേശമായിരുന്നു,അദ്ദേഹത്തിനെന്നും മാർഗ്ഗദീപമായത്.കാരൂർ,കേശവദേവ്,തകഴി എന്നിവരുടെ രചനാരീതികളുമായി ഒത്തുപോകുന്നതാണു അദ്ദേഹത്തിന്റെ ശൈലി.മനുഷ്യർ മാത്രമല്ല,ദൈവങ്ങളും ആനകളും ഭക്തിയും വിഭക്തിയും കാമക്രോധമോഹങ്ങളുമൊക്കെച്ചേർന്ന ഒരു കഥാപ്രപഞ്ചമായിരുന്നു,അത്. ദേവസ്വം മാനേജറായി ഗുരുവായൂരിൽ ജോലിചെയ്ത അച്ഛന്റേയും,ജീവനക്കാരനായും തൊഴിലാളി സംഘടനാനേതാവുമായി ആ ക്ഷേത്രനഗരത്തെ കർമ്മഭൂമിയാക്കിയ തന്റേയും അനുഭവങ്ങൾ എത്രയോ കഥകൾക്ക് നിദാനമായിട്ടുണ്ടു.1968ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ‘ബലിക്കല്ല്” മാത്രമല്ല,‘ആനപ്പക”യും ഉത്തമോദാഹരണങ്ങൾ.
ഇത്രയധികം ആത്മാംശം നിറഞ്ഞ കഥകളെഴുതിയവർ മലയാളസാഹിത്യരംഗത്തില്ല.“ആത്മാവിന്റെ നേർ രേഖകൾ”എന്ന,പുതൂരിന്റെ കഥാസമാഹാരത്തിനു ഓടക്കുഴൽ പുരസ്ക്കാരം നൽകിക്കൊണ്ടു ഡോ എം.ലീലാവതി പറഞ്ഞത് ഏറെ ശ്രദ്ധേയമാണു:“പാശ്ചാത്യസൌന്ദര്യ ഭാവുകത്വം നിറഞ്ഞ കഥകളെഴുതിയതുകൊണ്ട് മുകുന്ദനേയും സക്കറിയയേയും പോലുള്ളവർ അംഗീകരിക്കപ്പെട്ടപ്പോൾ,മലയാളത്തിന്റെ സൌന്ദര്യബോധവും സ്വാനുഭവങ്ങളും പകർത്തിയ പുതൂരിനെപ്പോലുള്ളവർ മലയാളസാഹിത്യത്തിൽ നിന്ദിക്കപ്പെട്ടു....പക്ഷേ,വിദേശസൌന്ദര്യസ ങ്കൽപ്പം കത്തിക്കയറിയകാലത്തും അദ്ദേഹം സ്വന്തം രചനാശൈലിയും ആത്മാനുഭവങ്ങളുടെ സാക്ഷാത്ക്കാരവും അടിയറവ് വച്ചില്ല” .
“കൊടും ജീവിതദാഹമുള്ള ചിന്തകളാണു പുതൂരിന്റേത്”എന്ന് അദ്ദേഹത്തിന്റെ ആദ്യകാലരചനകളെ വിലയിരുത്തിയ മഹാകവി പി.കുഞ്ഞിരാമൻ നായരുടെ ദീർഘദർശിത്വം ഇവിടെ അനുസ്മരിക്കേണ്ടതുണ്ടു.അതായിരുന്നു,അദ്ദേഹത്തിന്റെ ദർശനം. ആത്മീയാനുഭൂതികളായിരുന്നു,ഓരോ രചനയും.
അവ ലളിതസുന്ദരങ്ങളായിരുന്നു.എഴുത്തിൽ മനപൂർവ്വം ദുരൂഹതകളും സമസ്യകളും കുത്തിനിറച്ച്, അവയെ നവീനഭാവുകത്വത്തിന്റെ ഉത്തമമാതൃകകളാക്കി ഭാഷ്യം ചമയ്ക്കുന്ന ചില നിരൂപകകേസരികൾക്ക് അവ ഒട്ടും രുചിച്ചില്ലന്നതിൽ അത്ഭുതമില്ല.അവർ ഉയർത്തിക്കാട്ടിയ മിക്ക കൃതികളും വിസ്മൃതമായി.പക്ഷേ,പുതൂർ കഥകൾ വായിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.അവ ജീവൻ തുടിക്കുന്നവയാണു.അതുകൊണ്ടാണല്ലോ,ആകാശവാണിയിലെ ആ അഭിമുഖം കേട്ട്,നാനാഭാഗത്തുനിന്നും നൂറുകണക്കിനാളുകൾ അദ്ദേഹത്തെ വിളിച്ചത്.അത് പകർന്നു നൽകിയ ഊർജ്ജം, അതെക്കുറിച്ച് സംസാരിക്കാൻ ഫോൺ ചെയ്തപ്പോൾ ആ ശബ്ദത്തിൽ നിറഞ്ഞു നിന്നത് ഞാനോർക്കുന്നു. ആത്മാവുള്ള രചനകൾ കാലത്തെ അതിജീവിക്കിക്കുകതന്നെ ചെയ്യുമെന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു.
ജീവിതത്തിലും എഴുത്തിലും തന്റെ നിലപാടുകൾ വളച്ചുകെട്ടില്ലാതെ,ആരുടേയും മുഖം നോക്കാതെ തുറന്നുപറഞ്ഞ പുതൂർ,താൻ എഴുതിക്കൊണ്ടിരുന്ന ആത്മകഥയെക്കുറിച്ചായിരുന്നു,ആ അഭിമുഖത്തിൽ ഏറ്റവുമവസാനം വാചാലനായത്.ഒരു മറയുമില്ലാതെ വ്യക്തിജീവിതത്തിലെ എല്ലാം,പ്രണയവും കാമനകളും ബന്ധങ്ങളുമെല്ലാം,തുറന്നെഴുതിയ ആ ആത്മകഥ താൻ ജീവിച്ചിരിക്കുമ്പോൾ പ്രസിദ്ധീകരികരുതെന്ന് അദ്ദേഹതിനു നിർബന്ധമുണ്ടായിരുന്നു.അത് പലരെയും വേദനിപ്പിക്കും:പൊള്ളിക്കും.തനിക്ക് ശാന്തനായി മരിയ്ക്കാൻ കഴിയില്ലെന്ന് അദ്ദേഹം ഭയപ്പെട്ടു. യാഥാർത്ഥ്യങ്ങൾ ചിലപ്പോൾ കഥയെ വെല്ലും.കഥകളുടെ ചട്ടക്കൂടുകൾക്കകത്ത് ഉൾക്കൊള്ളാത്ത ആ അനുഭവങ്ങൾക്കും ദേശത്തിന്റേയും കാലത്തിന്റേയും പാദമുദ്രകളുണ്ടാകും. ഈ കുറിപ്പ് അവസാനിക്കുമ്പോൾ,നിറകണ്ണുകളുമായി,തന്റെ അച്ഛന്റെ ചെരിപ്പുകൾ നിത്യവും പൂജാമുറിയിൽ വെച്ച് പൂജിക്കുന്നുവെന്ന് പറഞ്ഞ പുതൂരിന്റെ മുഖം തെളിഞ്ഞുവരുന്നു.അച്ഛനെ കൊല്ലാൻ ശ്രമിച്ച ഒരു മകന്റെ പശ്ചാത്താപം.ജീവിതം എത്ര വിചിത്രവും ദുരൂഹവുമായ ഒന്നാണു! അവസാനകാലത്ത്,ഭക്തിനിർഭരമായി ജീവിച്ച അദ്ദേഹമെഴുതിയ കഥകളിലെല്ലാം ഈ പ്രായശ്ചിത്തത്തിന്റെ പ്രതിഫലനമുണ്ടായിരുന്നു.കഥയെഴുത്തിന്റെ 52ആം വർഷത്തിൽ പുറത്തിറങ്ങിയ “പിതൃയാനം” എന്ന കഥാസമാഹാരത്തിൽ ഇത് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ടു;“യൌവനത്തിൽ റെയിൽ തെറ്റിയ എന്നെ നേർവഴിക്ക് ജീവിക്കാൻ നിരന്തരം പ്രേരിപ്പിച്ച,അകാലത്തിൽ നിര്യാതനായ എന്റെ പ്രിയപ്പെട്ട അച്ഛന്റെ തപ്തസ്മരണകൾക്ക് പ്രണാമം“. മലയാള കഥാസാഹിത്യത്തിൽ തന്റേതായ ഇടം സൃഷ്ടിച്ച ആ ഒറ്റയാനു പ്രണാമം.കാലാതിവർത്തിയായി നിലനിൽക്കും,പുതൂർ കഥകളിൽ ചിലതെങ്കിലും:തീർച്ച.
1 comment:
ജീവിതത്തിലും എഴുത്തിലും തന്റെ നിലപാടുകൾ
വളച്ചുകെട്ടില്ലാതെ,ആരുടേയും മുഖം നോക്കാതെ തുറന്നുപറഞ്ഞ
പുതൂർ,താൻ എഴുതിക്കൊണ്ടിരുന്ന ആത്മകഥയെക്കുറിച്ചായിരുന്നു,
ആ അഭിമുഖത്തിൽ ഏറ്റവുമവസാനം വാചാലനായത്.ഒരു മറയുമില്ലാതെ
വ്യക്തിജീവിതത്തിലെ എല്ലാം,പ്രണയവും കാമനകളും ബന്ധങ്ങളുമെല്ലാം,തുറന്നെഴുതിയ
ആ ആത്മകഥ താൻ ജീവിച്ചിരിക്കുമ്പോൾ പ്രസിദ്ധീകരികരുതെന്ന് അദ്ദേഹതിനു നിർബന്ധമുണ്ടായിരുന്നു.
അത് പലരെയും വേദനിപ്പിക്കും:പൊള്ളിക്കും.തനിക്ക് ശാന്തനായി മരിയ്ക്കാൻ കഴിയില്ലെന്ന് അദ്ദേഹം ഭയപ്പെട്ടു.
യാഥാർത്ഥ്യങ്ങൾ ചിലപ്പോൾ കഥയെ വെല്ലും.കഥകളുടെ ചട്ടക്കൂടുകൾക്കകത്ത്
ഉൾക്കൊള്ളാത്ത ആ അനുഭവങ്ങൾക്കും ദേശത്തിന്റേയും കാലത്തിന്റേയും പാദമുദ്രകളുണ്ടാകും.
ഈ കുറിപ്പ് അവസാനിക്കുമ്പോൾ,നിറകണ്ണുകളുമായി,തന്റെ അച്ഛന്റെ ചെരിപ്പുകൾ നിത്യവും പൂജാമുറിയിൽ
വെച്ച് പൂജിക്കുന്നുവെന്ന് പറഞ്ഞ പുതൂരിന്റെ മുഖം തെളിഞ്ഞുവരുന്നു.അച്ഛനെ കൊല്ലാൻ ശ്രമിച്ച ഒരു മകന്റെ
പശ്ചാത്താപം.ജീവിതം എത്ര വിചിത്രവും ദുരൂഹവുമായ ഒന്നാണു! അവസാനകാലത്ത്,ഭക്തിനിർഭരമായി ജീവിച്ച
അദ്ദേഹമെഴുതിയ കഥകളിലെല്ലാം ഈ പ്രായശ്ചിത്തത്തിന്റെ പ്രതിഫലനമുണ്ടായിരുന്നു.കഥയെഴുത്തിന്റെ 52ആം
വർഷത്തിൽ പുറത്തിറങ്ങിയ “പിതൃയാനം” എന്ന കഥാസമാഹാരത്തിൽ ഇത് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ടു;“യൌവനത്തിൽ റെയിൽ തെറ്റിയ എന്നെ നേർവഴിക്ക് ജീവിക്കാൻ നിരന്തരം പ്രേരിപ്പിച്ച,അകാലത്തിൽ നിര്യാതനായ എന്റെ പ്രിയപ്പെട്ട അച്ഛന്റെ തപ്തസ്മരണകൾക്ക് പ്രണാമം“.
Post a Comment