
വേർപാടുകൾ എപ്പോഴും ഏറെ സങ്കടകരമാണു.കാലം പക്ഷേ, അതിന്റെ തീവ്രത കുറയ്ക്കും.അപ്പോഴും ചില മരണങ്ങൾ സൃഷ്ടിക്കുന്ന ശൂന്യത നമ്മെ വേട്ടയാടിക്കൊണ്ടേയിരിക്കും.ഇക്കഴിഞ്ഞ ഏപ്രിൽ 19നു വിടവാങ്ങിയ പ്രിയസുഹൃത്ത് ജി.ഹിരൺ ആ ഗണത്തിൽ പെടുന്നു.ആകാശവാണിയിൽ എനിക്ക് ഏറ്റവും അടുപ്പമുണ്ടായിരുന്ന അപൂർവ്വം ചിലരിലൊരാൾ.
ഞങ്ങൾ തമ്മിൽ കുറച്ചു വർഷത്തെ പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ-2003 ജൂൺ30നു ദേവികുളത്ത് നിന്ന് കോഴിക്കോട്ടെത്തിയതു മുതൽ.അന്ന് ,ആർക്കും മുഖം കൊടുക്കാതെ,മിക്ക ദിവസവും വൈകുംനേരത്തെ ഡ്യൂട്ടിചെയ്ത്, നിശബ്ദനായി മടങ്ങിയിരുന്ന കാലം.ആത്മാക്കളോട് സംസാരിക്കുകയും ഓരോരുത്തരുടേയും പൂർവ്വജന്മങ്ങൾ തേടിപ്പിടിക്കുകയും, അവ പൊതുവേദികളിൽ വെളിച്ചപ്പാടിനെപ്പോലെ വെളിപ്പെടുത്തുകയും ചെയ്തുവന്ന അന്നത്തെ സ്റ്റേഷൻ ഡയറക്ടർ കെ.രാജന്റെ അപ്രീതിക്കിരയായി,‘യുവവാണി‘ പരിപാടിയുടെ സ്വതന്ത്രചുമതലയിൽ നിന്ന് മാറ്റപ്പെട്ടതായിരുന്നു,ആ മൌനത്തിനു കാരണം.പുതുമയാർന്ന ഒട്ടേറെ പരിപാടികളിലൂടെ ‘യുവവാണി’യെ കുറഞ്ഞ കാലം കൊണ്ട് ശ്രദ്ധേയമാക്കിയ ഹിരണിനെ ആ മാറ്റം ഏറെ തളർത്തിയിരുന്നിട്ടുണ്ടാകണം.
നേരിൽ കാണുന്നത് കോഴിക്കോട് നിലയത്തിൽ വെച്ചാണെങ്കിലും കവിയും വീറുറ്റ രാഷ്ട്രീയപ്രവർത്തകനും തിരക്കഥാകൃത്തുമെന്ന നിലയിൽ ഹിരണിനെ അറിഞ്ഞിരുന്നു.ഞാൻ ചങ്ങനാശേരി എസ്.ബി കോളേജിൽ എം.എയ്ക്ക് പഠിക്കുമ്പോൾ അവിടെ എൻ.എസ്.എസ് കോളേജിൽ ബി.എ.വിദ്യാർത്ഥിയായിരുന്നു,ഹിരൺ.അവിടെതന്നെ പഠിച്ച അമ്മാവന്റെ മകൻ പി.അജയകുമാറിനൊപ്പം വിദ്യാർത്ഥി സംഘടനാരംഗത്തും രാഷ്ട്രീയത്തിലും ഏറെ സജീവമായിരുന്നതായി പറഞ്ഞുകേട്ടിട്ടുണ്ടു.തുടർന്ന് യൂണിവേഴ്സിറ്റി കോളെജിൽ എം.എ ഇംഗ്ലീഷ് വിദ്യാർത്ഥിയായപ്പോൾ സർവ്വകലാശാലായുവജനോത്സവത്തിൽ കവിതയ്ക്ക് ഒന്നാം സമ്മാനം ലഭിച്ചു.പി.കെ.രാജശേഖരനും അൻവർ അലിയുമടക്കം പ്രതിഭാധനരായ സതീർത്ഥ്യരും ആർ.നരേന്ദ്രപ്രസാദ്,വി.പി.ശിവകുമാർ,ഡി.വിനയചന്ദ്രൻ തുടങ്ങിയ പ്രഗൽഭരായ അദ്ധ്യാപകരും അന്ന് കേളേജിലുണ്ടായിരുന്നു.ഇക്കാലം ഹിരണിന്റെ സർഗ്ഗജീവിതത്തെ ഏറെ പരിപോഷിപ്പിച്ചു.
നരേന്ദ്രപ്രസാദുമായി ഒരു അദ്ധ്യാപകൻ എന്നതിലുപരി ആത്മബന്ധമുണായിരുന്നു,ഹിരണിനു.അദ്ദേഹത്തിന്റെ നാടകക്കളരിയും എഴുത്തും ഏറെ സ്വാധീനിച്ചിട്ടുണ്ടു.കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ അദ്ദേഹം മരിക്കുമ്പോൾ,മൃതദേഹവുമായി മാവേലിക്കരയ്ക്ക് പോയ അടുത്ത സുഹൃത്തുക്കളിൽ ഹിരണുമുണ്ടായിരുന്നു.സിനിമയിലെത്തിയപ്പോൾ നരേന്ദ്രപ്രസാദിന്റെ വ്യക്തിജീവിതത്തിലെ വൈചിത്ര്യങ്ങൾ അടുത്തറിഞ്ഞ ഒരാളെന്ന നിലയിൽ ആ കഥകൾ പലപ്പോഴും പങ്കുവെച്ചിട്ടുള്ളത് ഓർമ്മവരുന്നു.
(2016ലെ റേഡിയോ നാടകോത്സവത്തിൽ നരേന്ദ്രപ്രസാദിന്റെ ഒരു നാടകം അവതരിപ്പിക്കണമെന്ന് ഹിരണിനു ആഗ്രഹമുണ്ടായിരുന്നെങ്കിലും പകർപ്പവകാശം ലഭിക്കാനുള്ള കാലതാമസം കാരണം അത് നടന്നില്ല.രോഗം ക്ഷീണിതനാക്കിയെങ്കിലും
സഹോദരൻ അയ്യപ്പന്റെ ജീവിതത്തെ ആസ്പദമാക്കി റേഡിയോ നാടകോൽസവത്തിൽ “
സൂക്ഷ്മദർശിനി”എന്ന പേരിൽ ഒരു നാടകം ഹിരൺ എഴുതിത്തുടങ്ങിയിരുന്നു.അതിന്റെ സംഗ്രഹവും പേരും,ബ്രോഷറിൽ ചേർക്കാൻ മുൻകൂട്ടി നൽകുകയും ചെയ്തു.അപ്പോഴായിരുന്നു,സ്റ്റാഫംഗങ്ങൾ നാടകമെഴുതേണ്ടതില്ല എന്ന ശാസന വരുന്നത്.അതിനു കാരണം,റേഡിയോ മാദ്ധ്യമത്തെക്കുറിച്ച് ഒരു ധാരണയുമില്ലാത്ത ചിലർ സ്വന്തം നാടകങ്ങളുമായി അവതരിച്ചതായിരുന്നു.എഴുതിത്തുടങ്ങിയ നാടകം പൂർത്തിയാക്കി,സ്റ്റേജ്നാടകമാക്കി അവതരിപ്പിക്കുമെന്ന്,ആ തീരുമാനം അറിയിക്കുവാൻ ദുര്യോഗമുണ്ടായ എന്നോട്,അമർഷവും ദുഖവും ഉള്ളിലൊതുക്കി ഹിരൺ പറഞ്ഞിരുന്നു.പക്ഷേ,അനുദിനം മോശപ്പെട്ട ആരോഗ്യവും ആശുപത്രിവാസവും കാരണം ആ ആഗ്രഹം പൂർത്തീകരിക്കാൻ അദ്ദേഹത്തിനായില്ല.)
1980കളിൽ തീക്ഷ്ണയൌവനകാലത്ത് ലിറ്റിൽ മാഗസിനുകളിൽ തീവ്രമാായ കവിതകളെഴുതിയിരുന്ന ഹിരൺ എന്നും ആ അഗ്നി ഉള്ളിൽ കെടാതെ സൂക്ഷിച്ചിരുന്നു.അക്കാലത്ത് ഞങ്ങൾ മാവേലിക്കരയിൽ നിന്ന് ആരംഭിച്ച
“ആൾക്കൂട്ടം” ലിറ്റിൽ മാഗസിന്റെ വായനക്കാരനായിരുന്നു,ഹിരൺ എന്ന് ആദ്യം കണ്ടപ്പോൾ തന്നെ സന്തോഷത്തോടെ പറഞ്ഞിരുന്നു.ആ ഗണത്തിൽ പെടുന്ന അൻവർ അലിയുടെ “
പക്ഷിക്കൂട്ടം” ലിറ്റിൽ മാഗസിനുമായി സഹകരിച്ചതും,അക്കാലത്തെ ലിറ്റിൽ മാഗസിനുകളിൽ എഴുതിയിരുന്നതും പലപ്പോഴും അഭിമാനത്തോടെ ഓർത്തിരുന്നു.ഒരേ തരംഗദൈർഘ്യത്തിലുള്ളവർ എന്ന തിരിച്ചറിവുണ്ടാകാൻ ഏറെക്കാലം വേണ്ടിവന്നില്ല.ഇതിനിടയിൽ ആത്മാക്കളുമായി സംസർഗ്ഗത്തിലേറ്പ്പെടുകയും തന്റെ വിചിത്രമായ വെളിച്ചപ്പാടുകൾകൊണ്ടു പ്രക്ഷേപണത്തെ നിത്യഗ്രഹണത്തിലാക്കുകയും ചെയ്ത ഡയറക്ടർ മാറിപ്പോയി. സി.പി.രാജശേഖരനായിരുന്നു പുതിയ മേധാവി.
കൊച്ചി എഫ്.എം മാതൃകയിൽ പ്രക്ഷേപണം ഉടച്ചുവാർക്കാൻ മുൻഗാമിക്ക് നൽകുകയും മഹാ അപരാധമായി തീർപ്പുകൽപ്പിക്കപ്പെടുകയും ചെയ്ത പദ്ധതിക്ക് ജീവൻ വെച്ചു.ആ ടീമിൽ എന്നോടൊപ്പം വേണമെന്ന് ഞാൻ ആവശ്യപ്പെട്ട ആദ്യത്തെയാൾ ജി.ഹിരണായിരുന്നു;പിന്നെ,ആർ.ഉണ്ണികൃഷ്ണൻ.സമകാലിക വിഷയങ്ങളെ ആസ്പദമാക്കിയുള്ള പ്രതിദിനപരിപാടിയായ ‘
ശ്രദ്ധ’ മുതൽ മാപ്പിളപ്പാട്ടിന്റെ ആത്മാവ് കണ്ടെത്തിയ ബൃഹദ്പരമ്പരയായ ‘
മൊഞ്ചും മൊഴി’യും വരെ ഒട്ടേറെ പുതിയ പരിപാടികളുമായി 2003 ഓക്ടോബർ ഒന്നിനു കോഴിക്കോട് ആകാശവാണി പുതുകാലത്തേയ്ക്ക് കാൽ വെച്ചു.മാപ്പിളപ്പാട്ടുകളെ ആസ്പദമാക്കി ഒരു പ്രതിവാരപരമ്പര വേണമെന്ന നിർദ്ദേശം വച്ചപ്പോൾ അത് ഹിരൺ ചെയ്യുമെന്നോ ,ഏറെക്കാലം നീണ്ടു നിൽക്കുന്ന വലിയഒരു ഗവേഷണാത്മകപരമ്പരയായിത്തീരുമെന്നോ പ്രതീക്ഷിച്ചിരുന്നില്ല.ഹിരൺ മുന്നോട്ട് വന്ന് ആ ദൌത്യം ഏറ്റെടുക്കുകയായിരുന്നു.സി.പി.രാജശേഖരൻ ആ പരമ്പരയ്ക്ക് മനോഹരമായ ഒരു ശീർഷകഗാനവും ഒരുക്കി.
ഹിരൺ അങ്ങനെ,ഒരു ഗ്രഹണകാലത്തിനു ശേഷം പ്രക്ഷേപണത്തിൽ വീണ്ടും സക്രിയമായി. നിലയത്തിന്റെ മുഖമുദ്രയായി മാറിയ ‘ശ്രദ്ധ’യിലായിരുന്നു,ഞങ്ങളുടെ ശ്രദ്ധമുഴുവൻ.കൊച്ചിലെ ‘സമകാലിക’ത്തിൽ ചെയ്തതുപോലെ പൂർണ്ണമായും രാഷ്ട്രീയ വിഷയങ്ങൾ ഉൾപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിലും,ഏതാനും ദിവസം കൊണ്ടുതന്നെ ആ പരിപാടി ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒന്നായിത്തീർന്നു.അനുഭവമാണെല്ലോ,ഏറ്റവും വലിയ ഗുരു.അതുകൊണ്ടു, പ്രക്ഷേപണത്തിൽ ലഭിക്കുന്ന ചുമതലകൾ ശ്വാശ്വതമല്ലെന്നും,നന്നായി വേരുപിടിച്ച് പന്തലിച്ചുകഴിഞ്ഞാൽ പുതിയപരിപാലകർക്ക് വിട്ടുകൊടുക്കേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.ഏറിയാൽ ഒരു മൂന്നുമാസം കൊണ്ട് പടം മാറുമെന്ന് തൃശൂർക്കാലം മുതൽ പുതിയ മേധാവിയെ നന്നായി അറിയാവുന്നതിന്റെ പശ്ചാത്തലത്തിൽ ഞാനൂഹിച്ചിരുന്നു.പുതിയ പ്രക്ഷേപണമാതൃകയും പരിപാടികളും ജനകീയമാകുകയും ഭദ്രമായ അടിത്തറ അവയ്ക്കുണ്ടാകുകയും ചെയ്യുന്നതുവരെ,ആറു മാസം അത് അങ്ങനെ തന്നെ തുടർന്നു.’ശ്രദ്ധ’യ്ക്കുവേണ്ടി ധാരാളം ചടുലമായ സ്ക്രിപ്റ്റുകൾ എഴുതുക മാത്രമല്ല,മിക്ക ദിവസവും അവ അവതരിപ്പിക്കുകയും ചെയ്തു,ഹിരൺ.ആ പരിപാടിക്ക് ഒരു പുരസ്കാരം ലഭിച്ചപ്പോൾ കൊല്ലത്തുനിന്ന് അത് ഏറ്റുവാങ്ങാൻ ഹിരണും പോയിരുന്നു.ഊർജ്ജസ്വലരായ ആർ. ഉണ്ണികൃഷ്ണനും ജി.ഹിരണുമടങ്ങുന്ന ആ ടീമിൽ വെള്ളം ചേർക്കാൻ,പ്രതീക്ഷിച്ചതുപോലെ,നീക്കമുണ്ടായി;അതിൽ കൂടുതൽപ്പേർ നിയോഗിക്കപ്പെട്ടു.പരിപാടികളുടെ ആധിക്യം കാരണംഎന്നെ ‘സഹായിക്കാൻ’ നിയോഗിക്കപ്പെട്ടവർ വരുത്തിവെച്ച ക്ഷതം ചെറുതായിരുന്നില്ല.ഭാഗ്യത്തിനു അത് അധികകാലം നീണ്ടുനിന്നില്ല;അന്നത്തെ മുഖ്യമന്ത്രി വി.എസിനെ അധിക്ഷേപിച്ച് പ്രസംഗിച്ചതായുള്ള ആരോപണത്തിൽ കരിഓയിലഭിഷേകവും തുടർന്ന് സ്ഥാനചലനവുമുണ്ടായി,അദ്ദേഹത്തിനു.അങ്ങനെ ഞാൻ ആദ്യമായി പ്രോഗ്രാം മേധാവിയായി.അതു മറ്റൊരു ചരിത്രം.പിന്നീടും ഏറെക്കാലം ശ്രദ്ധയും മൊഞ്ചും മൊഴിയും പൂർവ്വാധികം ഊർജ്ജസ്വലതയോടെ ഹിരൺ ചെയ്തു. കേരളത്തിൽ ആദ്യമായി സ്വകാര്യ എഫ്.എം. പ്രക്ഷേപണം ആരംഭിച്ചപ്പോൾ,അതിനെ പ്രതിരോധിക്കാൻ ആകാശവാണി എഫ്.എം(ഇപ്പോഴത്തെ റിയൽ എഫ്.എം)മുൻകൂട്ടി ഉടച്ചുവാർത്തു.അങ്ങനെ തുടങ്ങിയ ലൈവ് ഫോൺ-ഇൻ പരിപാടികളിലൊന്നായ ‘
ഹണി ഡ്രോപ്സ്’ന്റെ അവതാരകനായും ഹിരൺ ശ്രോതാക്കൾക്കിടയിൽ പ്രിയങ്കരനായി.പിന്നീട് മഞ്ചേരി നിലയത്തിലേക്ക് മാറ്റമുണ്ടായപ്പോൾ,അവിടെയും “മൊഞ്ചും മൊഴിയും”പരമ്പര തുടർന്നു-2013 ഏപ്രിൽ വരെ.മൊത്തം അഞ്ഞൂറിനടുത്ത് അദ്ധ്യായങ്ങളുള്ള ഈ ബൃഹദ്പരമ്പര,മാപ്പിളപ്പാട്ടിന്റെ വികാസപരിണാമത്തെക്കുറിച്ചുള്ള ഏറ്റവും ആധികാരികവും സമഗ്രവുമായ വിവരശേഖരണമായിരുന്നു.അതിനുവേണ്ടി അദ്ദേഹം നിരന്തരമായ ഗവേഷണം നടത്തി.അത് പുസ്തകമാക്കണമെന്ന് പലപ്രാവശ്യം നിർബന്ധിച്ചിരുന്നെങ്കിലും എല്ലാ അദ്ധ്യായത്തിന്റേയും പൂർണ്ണ സ്ക്രിപ്റ്റുകൾ കൈയ്യിലില്ലാത്തതിനാൽ അതിനു കഴിഞ്ഞില്ല.ആ പരമ്പരയുടെ സി.ഡികൾ മുഴുവൻ കണ്ടെത്തി,കേട്ട്,സ്ക്രിപ്റ്റാക്കി എഴുതി പുസ്തകമാക്കിയാൽ,ആ ഒരൊറ്റ ഗ്രന്ഥം ജി.ഹിരണിന്റെ നിത്യസ്മാരകമായിരിക്കും.മലയാളഭാഷ അതിനു അദ്ദേഹത്തോടെന്നും കടപ്പെട്ടിരിക്കും.
2013ലെ അഖില കേരള റേഡിയോ നാടകോത്സവത്തിൽ അദ്ദേഹമെഴുതി സംവിധാനം ചെയ്ത്,മഞ്ചേരി നിലയം അവതരിപ്പിച്ച “
മഹാകവി മോയിൻ കുട്ടി വൈദ്യർ” എന്ന നാടകവും കനപ്പെട്ട രചനയാണു.അത് പുസ്തകമാക്കാൻ മഹാകവി മോയിൻ കുട്ടി വൈദ്യർ സ്മാരകമാപ്പിളകലാ അക്കാദമി തീരുമാനിച്ചിരുന്നു.രോഗബാധിതനായ സമയത്ത് ഈ നാടകത്തിന്റെ സി.ഡിയിൽ നിന്ന് നാടകം പകർത്തി എഴുതിച്ചിരുന്നു.മലപ്പുറത്ത് നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കുട്ടികളെക്കൊണ്ടു റിപ്പോർട്ട് തയ്യാറാക്കുന്നതിനു സജീവമായ നേതൃത്വം നൽകിയതും ഹിരണായിരുന്നു.മഞ്ചേരിയിലെ മുള്ളമ്പാറയിൽ വീട് വെച്ച് താമസിച്ച്,ഒന്നു ഉറച്ച്,സിനിമയിലേക്ക് തിരിച്ചുവരാൺ ശ്രമിക്കുന്നതിനിടയിലായിരുന്നു സ്ഥലംമാറ്റം വേണ്ടിവന്നത്.അത് അനിവാര്യമായിരുന്നു.
കൊച്ചിയിലേക്ക് വന്നത് ഞാനവിടെയുണ്ടെന്ന സന്തോഷത്തോടെയായിരുന്നു.14 വർഷത്തിനു ശേഷം 2014ൽ ഞാൻ കൊച്ചിയിൽ തിരിച്ചെത്തിയത്,പൂർണമായും മാറിയ നിലയത്തിലേക്കായിരുന്നു.2003ൽ പ്രിയപ്പെട്ട ഡി.പരമേവരൻ പോറ്റി വിടവാങ്ങിയതോടെ,ഒരു സർക്കാർ സ്ഥാപനത്തിന്റെ ഒരു ലക്ഷണവുമില്ലാത്ത ജനകീയ മാദ്ധ്യമസ്ഥാപനമായി ഞങ്ങൾ വളർത്തിക്കൊണ്ടുവന്ന കൊച്ചി ആകാശവാണി പഴയതുപോലെ ആവില്ലെന്ന് അറിയാമായിരുന്നു.പക്ഷേ,രണ്ടാം വരവ് ഇത്രയും വിഷമകരമായിരിക്കുമെന്ന് ഞാനൊരിക്കലും വിചാരിച്ചിരുന്നില്ല.ആ അസ്വാസ്ഥ്യത്തിനറുതി വരുത്തിക്കൊണ്ടായിരുന്നു,ഹിരൺ എത്തിയത്.പോറ്റിയും ഞാനുമിരുന്ന അതേ മുറിയിൽ ഹിരൺ.പോറ്റിയില്ലാത്ത ആ മുറി ഞാൻ ഉപേഷിച്ചിരുന്നു.പ്രോഗ്രാം എക്സിക്യൂട്ടീവ്(കോ-ഓർഡിനേഷൻ),സ്റ്റേഷൻഡയറക്ടറുടെ അടുത്തു തന്നെ ഇരിക്കുന്നതാകും ഉചിതം എന്ന് ബാലകൃഷ്ണൻ കൊയ്യാൽ നിർബന്ധിക്കുകയും ചെയ്തിരുന്നു.അതുകൊണ്ടു, മുകളിലത്തെ നിലയിലായിരുന്നു എന്റെ ഇരിപ്പടം.എല്ലാദിവസവും പ്രോഗ്രാം മീറ്റിങ്ങിനു മുൻപ് ഹിരൺ മുറിയിലെത്തും;മിക്കപ്പോഴും അതു കഴിഞ്ഞും.പിന്നീടു ഉച്ചയ്ക്കും വൈകിട്ടുമൊക്കെ ഇത് ആവർത്തിക്കും.ഞങ്ങൾക്ക് സംസാരിക്കാൻ ആകാശവാണിക്കപ്പുറവും വൈവിദ്ധ്യപൂർണ്ണമായ വിഷയങ്ങളുണ്ടായിരുന്നു;സാഹിത്യവും രാഷ്ട്രീയവും മാദ്ധ്യമങ്ങളും.
സിനിമാലോകവുമായി ബന്ധപ്പെട്ട അനുഭവങ്ങളുടെ വലിയൊരു കഥാസരിത്സാഗരമുണ്ടായിരുന്നു,അദ്ദേഹത്തിന്റെ കൈയ്യിൽ.കോഴിക്കോട്ടെ സുഹൃത്തുക്കളെക്കുറിച്ചുള്ള രസികൻ കഥകളും ഇടയ്ക്കിടക്ക് കടന്നുവരും.ചെലവൂർ വേണുവായിരുന്നു അദ്ദേഹത്തിനേറ്റവും പ്രിയപ്പെട്ട ഒരാൾ.ഒരു നിഗൂഡപുഞ്ചിരിയോടെയാണു ഈ കഥകൾ പറയുക.മഞ്ചേരി ജീവിതത്തിന്റെ ബാക്കിപത്രമാകണം, കാലിനു അൽപ്പം ബലക്കുറവും,എഴുതുമ്പോൾ അൽപ്പം വിറയലും,കാഴ്ച്ചയ്ക്ക് ചെറിയ പ്രശ്നവുമുള്ളതിനാൽ,മിക്കപ്പോഴും തനി വെജിറ്റേറിയനായായിരുന്നു;പാനീയങ്ങളോടും മുഖം തിരിച്ചു.വിഷമകരമായ ചില ഘട്ടങ്ങളിൽ,എന്തു ചോദിച്ചാലും ‘ഇൻഷാ അള്ളാ‘ എന്ന് തമാശയായി പറഞ്ഞൊഴിയുന്നത് ഒരു ശൈലിയുമാക്കി.പക്ഷേ,അടുത്തബന്ധമുള്ളതിന്റെ സ്വാതന്ത്യത്തിൽ മുഖത്തുനോക്കി വിമർശിക്കാനും മടിച്ചിട്ടില്ല.പ്രോഗ്രാമിന്റെ കാര്യത്തിൽ എനിക്ക് ശരിയാണെന്ന് തോന്നുന്ന കാര്യങ്ങളിൽ ആരെതിർത്താലും ഉറച്ചുനിൽക്കുന്ന ശീലത്തെക്കുറിച്ച്,‘ഉടുമ്പി നെപ്പോലെയാണു,പിടിച്ചാൽ പിടിവിടുകയില്ല’എന്ന് വിമർശിക്കാനും മടിച്ചിട്ടില്ല.
നിലയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പരിപാടിയായ ‘
സമകാലികം’,അതിന്റെ ശക്തിയെല്ലാം ചോർന്ന് വെറും കാട്ടിക്കൂട്ടൽ മാത്രമായ അവസ്ഥയിലായിരുന്നു.ഇന്നും എന്നെ ഏറെ വേദനിപ്പിക്കുന്നു,ഇത്.ആക്രമണോത്സുകമായ പഴയ രൂപത്തിലേക്ക് അതിനെ തിരികെക്കൊണ്ടുവരുക,അസാദ്ധ്യമായിരുന്നു.അന്ന് അതിസാഹസികമായ ദൌത്യങ്ങൾ ഏറ്റെടുത്തിരുന്ന എസ്.രജിനാഥ്, ദുരൂഹമായ ഒരു അപകടത്തിൽ, ഈ ലോകം വിട്ടുപോയിരുന്നു.എന്നോടൊപ്പമുണ്ടായിരുന്ന മറ്റൊരാൾ, ബൻസി അയ്യമ്പള്ളി ഇന്നോരു റേഡിയോ ചാനലിന്റെ കൊച്ചിയിലെ മേധാവിയാണു.വർഷങ്ങളായി ഒരു രാഷ്ട്രീയ-സാമൂഹിക വിഷയവും പരാമർശിക്കുകപോലും ചെയ്യാത്ത പരിപാടികൾ ചെയ്ത് ശീലിച്ച,മറ്റൊരു മോൾഡിൽ പരുവപ്പെടുത്തിയിരിക്കുന്ന ഒരു സംഘത്തെവെച്ച്,പഴയവീര്യത്തോടെ ആ പരിപാടി ചെയ്യുക അസാദ്ധ്യമായിരുന്നുവെങ്കിലും,എനിക്കുറപ്പുണ്ടായിരുന്നു,ഹിരണിനെ ഏൽപ്പിച്ചാൻ നന്നാകുമെന്ന്. ബാലകൃണൻ കൊയ്യാലിനുമത് ബോദ്ധ്യപ്പെട്ടു.അങ്ങനെ,ചുരുങ്ങിയ കാലത്തിനുള്ളിൽ ഹിരൺ ‘സമകാലികം’ പരിപാടിയെ അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളിലേക്ക് മടക്കിക്കൊണ്ടുവന്നു.
ഭരണഘടനാമൂല്യങ്ങളെക്കുറിച്ച് ഒരു പ്രതിദിനപരിപാടി വേണമെന്ന്,ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹവുമായി അക്കാര്യം ചർച്ചചെയ്യാൻ ഹിരണിനെയും കൂട്ടിയായിരുന്നു,ഞങ്ങൾ പോയത്.ഹൈക്കോടതി ലീഗൽ സർവ്വീസ് സൊസൈറ്റിയുമായി ബന്ധപ്പെട്ട അഭിഭാഷകർ നൽകുന്ന കുറിപ്പുകൾ വായിച്ചുനോക്കി,അത് പ്രക്ഷേപണഭാഷയിലേക്ക് മാറ്റിയെഴുതി,അവതരിപ്പിച്ച്,ഹിരൺ ‘നീതിപൂർവ്വം’പരിപാടിയെ വലിയവിജയമാക്കി.അത് ഒന്നാം വർഷം പൂർത്തിയാക്കിയശേഷം, സ്ക്രിപ്റ്റുകൾ എഡിറ്റ് ചെയ്ത് പുസ്തകമാക്കുന്നതിനും ഏറെ സംഭാവനകൾ അദ്ദേഹം ചെയ്തു.ആ പുസ്തകത്തിന്റെ രണ്ടാം ഭാഗം തയ്യാറാക്കുന്നതിൽ ബദ്ധശ്രദ്ധനായിരുന്നു, അസുഖബാധിതനായപ്പോഴും ഹിരൺ.നിയമപഠനം അതിനു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ടാകാം.
ഇങ്ങനെ എഴുതാൻ തുടങ്ങിയാൽ ഇനിയുമേറെയുണ്ടു.രണ്ടു പെൺകുട്ടികൾ ഒരു ദിവസം ഒരു ഹാസ്യപരിപാടിയുടെ സ്ക്രിപ്റ്റുമായി എന്നെക്കാണാൻ വന്നു.വായിച്ചപ്പോൾ തന്നെ ബോദ്ധ്യപ്പെട്ടു-ഇവർക്ക് ഉള്ളിൽ ഒരു ‘സ്പാർക്ക്’ഉണ്ടെന്ന്.വെറും ഹാസ്യമല്ല,നല്ല മുനയുള്ള ആക്ഷേപഹാസ്യം രചിക്കാനുള്ള ചില സൂചനകൾ നൽകി.അവിടെവെച്ചുതന്നെ അവർ അതു മാറ്റിയെഴുതി,മനോഹരമാക്കി.പിന്നെ,താമസിച്ചില്ല,ഹിരണിനെ വിളിച്ചു,അത്ഏൽപ്പിച്ചു.അദ്ദേഹം അതിനു ‘മറുമരുന്ന്’എന്ന പേരും നൽകി.അങ്ങനെ പുതിയ ഒരുജനപ്രിയ സ്കിറ്റ് പരിപാടിക്ക് തുടക്കമായി.സിനിമയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവിന്റെ പ്രതിഫലനമാണു ‘ഈ ഗാനം,ഇന്നത്തെ ഗാനം’. 
രോഗം മൂലം തീരെ അവശനായിട്ടും കൊച്ചിയിൽ നടന്ന,‘പെരുന്ന തോമസ് കഥകൾ’പുസ്തകപ്രകാശനത്തിനു ഹിരൺ വരുകമാത്രമല്ല,രാത്രി വരെ നീണ്ടുപോയ അതോടനുബന്ധിച്ചു നടത്തിയ സംവാദം മുഴുവൻ കേൾക്കുകയും ചെയ്തു.2014 ഡിസംബറിൽ നടന്ന എന്റെ, റേഡിയോ കാർട്ടൂണുകളുടെ സമാഹാരമായ ‘ഹൈടെക് നിരക്ഷരചരിതം’പുസ്തകപ്രകാശനത്തിനു സ്വാഗതം പറഞ്ഞത് ഹിരണായിരുന്നു-എന്റെ ഒരു പുസ്തകപ്രകാശനത്തിനും സർവീസിലുള്ള ഒരു സഹപ്രവർത്തകനെയും വേദിയിലേക്ക് ക്ഷണിച്ചിട്ടില്ല.അതിനു ഒരേയൊരു അപവാദം ജി.ഹിരൺ മാത്രമായിരുന്നു.ഞാൻ പോലും അത് ശ്രദ്ധിച്ചിരുന്നില്ല-ആമുഖമായി അക്കാര്യം അവിടെ അദ്ദേഹം പരാമർശിക്കും വരെ. ..അങ്ങനെ ഓർമ്മകൾ തിരയടിക്കുന്നു.എഴുതാനിനിയും എത്രയോ ബാക്കി.ബി.അലിയോടൊപ്പം 20008ൽ ലക്ഷദ്വീപിലേക്കുള്ള യാത്ര.ഏറ്റവുമൊടുവിൽ, സ്നേഹപൂർണ്ണമായ ഉപദേശങ്ങളൊന്നും വകവെയ്ക്കാതെ പനാജിയിൽ ഭാര്യ ദീപയേയും മകൾ സാനിയയേയും കൂട്ടി ചലച്ചിത്രമേളയ്ക്കെത്തിയത്,മഞ്ചേരി നിലയം ജനുവരി 26നു പ്രഭാതപ്രക്ഷേപണം ആരംഭിച്ചപ്പോൾ ,ഫോണിൽ പറഞ്ഞതനുസരിച്ച് ഒന്നരമണിക്കൂർ കൊണ്ടു ‘മഞ്ഞുരുകും മലനിരയും,പൊന്നണിയും കടലലയും..’എന്നാരംഭിക്കുന്ന മനോഹരമായ അവതരണഗാനം എഴുതിയത്....... അത് ഹിരണിന്റെ നിത്യ സ്മാരകമായി റേഡിയോയിൽ എന്നും മുഴങ്ങിക്കൊണ്ടിരിക്കും.
ഒരോ ഫോൺ മണിയടിക്കുമ്പോഴും ഞാനിപ്പോഴും കാതോർക്കുന്നു;അത് ഹിരണായിരിക്കുമെന്ന്.ആരോഗ്യം മോശമാകും വരെ മിക്കദിവസവും ഫോണിൽ സംസാരിച്ചിരുന്നുവല്ലോ.സിനിമയെക്കുറിച്ച്,രാഷ്ട്രീയത്തെക്കുറിച്ച്,സംഗീതത്തെക്കുറിച്ച്,മാദ്ധ്യമങ്ങളെക്കുറിച്ച് ഇനി ഞാൻ ആരോട് സംസാരിക്കും?എന്റെ വ്യക്തിപരമായ ആശങ്കകൾ ആരുമായി പങ്കുവെക്കും?
പ്രിയപ്പെട്ടവരുടെ വേർപാടുകൾ ഒരിക്കലും നികത്തപ്പെടുകയില്ല.ഡി.പരമേശ്വരൻ പോറ്റിയില്ലാത്ത,ജി.ഹിരണില്ലാത്ത ആകാശവാണി കൊച്ചി നിലയവും ലോകവും എന്നെ എന്നും വേദനിപ്പിക്കും.