100 കബീർ കവിതകൾ
രബീന്ദ്രനാഥ ടാഗോർ
പരിഭാഷ: കെ.ജയകുമാർ
പേജ് 134, വില 170 രൂപ
പ്രസാധകർ: മാതൃഭൂമി ബുക്സ്.
മതാതീത ആത്മീയതയുടെ അനശ്വരഗീതങ്ങളാണ് കബീറിൻ്റേത്. താൻ അള്ളാഹുവിൻ്റെയും രാമൻ്റേയും മകനാണെന്ന് മിസ്റ്റിക്കായ കബീർ എഴുതിയത് പതിനഞ്ചാം നൂറ്റാണ്ടിലായിരുന്നു.
കബീർ സൂക്തങ്ങൾ നൂറ്റാണ്ടുകൾക്കിപ്പുറം, മഹാത്മാഗാന്ധിയേയും ടാഗോറിനേയും മാത്രമല്ല, ശ്രീനാരായണ ഗുരുവിനെയും വയലാറിനേയും സ്പർശിച്ചിരിക്കാം.
രാമനും റഹീമും ഒന്നാണന്ന് എഴുതിയ കബീർ, ദൈവം ഓരോരുത്തരുടെയും ഹൃദയത്തിലാണ്,നൻമയിലും ധാർമ്മികതയിലുമാണ് കുടികൊള്ളുന്നതെന്ന പുതിയ മൂല്യബോധം മുന്നോട്ടുവച്ചു.
മതങ്ങളേയും ,പുരോഹിതരേയും, വേദേതിഹാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും നിരാകരിക്കുന്ന ആത്മീയതയാണ് കബീർ ഗീതങ്ങൾ നിറയെ. ആത്മസാക്ഷാത്കാരത്തിന് ബിംബാരാധനയോ, ക്ഷേത്രങ്ങളോ, നാമജ പമോ,ബ്രാഹ്ണരുടെ ഇടനിലയോ ആവശ്യമില്ലെന്ന് കബീർ എഴുതി. ;
'കാഷായ വസ്ത്രം ധരിച്ച്, ഹേ സന്യാസിമാരേ, നിങ്ങളെന്തിനാണ് ലോകത്തിൽ നിന്നകന്ന് കഴിയുന്നത്?'
ആത്മാനന്ദംതേടി ഒരജ്ഞാത തീരത്തേക്കും ആരും പോകേണ്ടതില്ല. കാരണം, അവിടെ ഒന്നുമില്ല.
'ആ ശൂന്യതയിൽ നീ ശൂന്യത മാത്രമറിയും.
കരുത്താർജ്ജിച്ച് സ്വന്തം ഉടലിൽ പ്രവേശിക്കൂ, അവിടെ പാദങ്ങൾ ദൃഢമാണ്: ഓ,ഹൃദയമേ, മറ്റെങ്ങും പോകെണ്ടതില്ലെ'ന്ന് കബീർ പാടിയത് അക്കാലത്തെ സാമൂഹികക്രമത്തെ പിടിച്ചുലച്ചിരിക്കണം. ഇസ്ലാമിക വിശ്വാസ പ്രമാണങ്ങളെ നിരാകരിച്ചുവെന്നാരോപിച്ച്,
അന്നത്തെ ഭരണാധികാരി അദ്ദേഹത്തെ നാട്ടിൽ നിന്ന് പുറത്താക്കി. പിന്നെ മൂന്ന് പതിറ്റാണ്ടോളം സൂഫിയായി അലഞ്ഞു നടന്ന അദ്ദേഹത്തിൻ്റെ ഗീതങ്ങൾക്ക് പ്രചുരപ്രചാരം ലഭിച്ചു.'കബീർ പന്ഥികൾ' എന്ന പേരിൽ, അദ്ദേഹത്തിൻ്റെ പാരമ്പര്യം പിൻതുടരുന്നവരുടെ തലമുറകളുണ്ടായി.
സാധാരണക്കാരുടെ ഭാഷയിൽ,അവരുടെ നിത്യജീവിതത്തിലുപയോഗിക്കുന്ന പക്ഷികളെയും വൃക്ഷങ്ങളേയും, കർഷകരേയും വധൂ വരൻമാരെയുമൊക്കെ കാവ്യബിംബങ്ങളും പ്രതീകങ്ങളുമാക്കി അദ്ദേഹം നൂറുകണക്കിന് സൂക്തങ്ങളുണ്ടാക്കി. നിരക്ഷരനായിരുന്ന കബീർ അത് മറ്റുള്ളവർക്ക് പറഞ്ഞു കൊടുത്ത് എഴുതിക്കുകയായിരുന്നുവത്രേ.
അദ്ദേഹം വാരണാസിയിലെ ഒരു നെയ്ത്തു കുടുംബത്തിലാണ് പിറന്നതെന്ന് കരുതപ്പെടുന്നു.രാമാനന്ദനിൽ നിന്ന് വേദങ്ങളും മറ്റും അഭ്യസിച്ച കബീർ, മത ഭേദങ്ങൾക്കപ്പുറമാണ് ഈശ്വരചൈതന്യമെന്ന് തിരിച്ചറിഞ്ഞു.
1914-ൽ അദ്ദേഹത്തിൻ്റെ 100 കവിതകൾ, മഹാകവി രബീന്ദ്രനാഥ ടാഗോർ 'One hundred songs of Kabir'( കബീറിൻ്റെ നൂറു ഗീതങ്ങൾ) എന്ന പേരിൽ സമാഹരിച്ചതോടെ, അദ്ദേഹം പാശ്ചാത്യ ലോകത്തും ശ്രദ്ധിക്കപ്പെട്ടു.
നാട്ടു ഹിന്ദിയിൽ എഴുതപ്പെട്ട കബീർ കവിതകൾ, ലളിതപദങ്ങളുപയോഗിച്ച് മൊഴിമാറ്റം നടത്തിയിരിക്കുകയാണ്, കെ.ജയകുമാർ.
കബീർ കവിതകൾക്ക് ഇന്നത്തെ രാഷ്ട്രീയ-സാമൂഹിക പരിതസ്ഥിതിയിൽ പ്രസക്തിയേറുകയാണ്. ആത്മാവിൽ ദൈവത്തെ കുടിയിരുത്തിയിരിക്കുന്നു, അദ്ദേഹം.ഇവിടെ മതങ്ങൾ അപ്രസക്തം. ഇവിടെ, 'വ്യക്തി ദൈവവും പ്രപഞ്ചനാഥനായ ദൈവവും തമ്മിൽ അന്തരമില്ല. സഗുണോപാസനയും നിർഗുണോപാസനയും തമ്മിൽ വൈരുദ്ധ്യമില്ല.കബീർ ഉപാസിക്കുന്ന രാമൻ ത്രേതായുഗത്തിൽ ജീവിച്ച രാമായണ കഥയിലെ നായകനല്ല .അഗോചരമായ ദൈവത്തിൻ്റെ ദർശനീയമായ പ്രതീകം മാത്രമാണ്, ആത്മാവിൻ്റെ പ്രണയഭാജനമാണ് ആ ദൈവം' എന്ന് ആമുഖത്തിൽ കെ.ജയകുമാർ
നിരീക്ഷിക്കുന്നുണ്ട്.
ആദ്യ ഗീതകത്തിൽ തന്നെ കബീറിൻ്റെ ഈ ദർശന പൊരുളുണ്ട്:
'ഓ!എവിടെയാണ് എന്നെ നീ
തിരയുന്നത്? നോക്കൂ, ഞാൻ
എത്ര അരികിലാണ്!
മന്ദിരത്തിലും പള്ളിയിലുമില്ല ഞാൻ.കബയിലും കൈലാസത്തിലുമില്ല.
ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലുമില്ല.
യഥാർത്ഥ അന്വേഷകന് എന്നെ
തൽക്ഷണം കാണാനാവും
ഒരൊറ്റ മാത്രയിൽ സന്ധിക്കാനാവും
കബീർ പറയും: ഓ! സാധു!
ദൈവം പ്രാണവായുവിലെ
പ്രാണനാണല്ലോ.'
ആചാരാനുഷ്ഠാനങ്ങളെ പൂർണ്ണമായും നിരാകരിക്കുന്നതാണ് അദ്ദേഹത്തിൻ്റെ സൂക്തങ്ങളിൽ മിക്കവയും .പുണ്യനദികളെയും പുണ്യസ്നാനങ്ങളേയും അഭി ഷേകങ്ങളെയും കബീർ നിരീക്ഷിക്കുന്നതിങ്ങനെ:
'പരിശുദ്ധസ്നാനഘട്ടങ്ങൾ വെറും ജലം മാത്രം, പ്രയോജനരഹിതം.
ഞാനതിൽ ഏറെ മുങ്ങി''.
'പുഴയും തരംഗങ്ങളും ഒരേ ജലം.
ഓളം ഉയരുമ്പോൾ ജലം
താഴുമ്പോഴും ജലം.'
അദ്വൈത ദർശനം, ശ്രീനാരായണ ഗുരുവിൻ്റെ പ്രശസ്തമായ 'ദൈവദശക'ത്തിൻ്റേയും കബീറിന് ചില ഗീതങ്ങളുടേയും അടിസ്ഥാനമാന്നെന്ന് ഈ കവിത നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്:
'... അവൻ തന്നെയാണ്
സൂര്യനും പ്രകാശവും പ്രകാശിതയും
അവൻ തന്നെയാണ്
സ്രഷ്ടാവും സൃഷ്ടിയും മായയും....'.
എല്ലാ മതങ്ങളൾക്കുമപ്പുറം, മാനവികതയിലും ആത്മശുദ്ധിയിലു മൂന്നിനിന്നു കൊണ്ടുള്ള ആത്മീയത എന്ന കബീറിൻ്റെ ദർശനം കാലാതീതമാണ്. മതവൈരത്തിനെതിരായ ശക്തമായ പ്രതിരോധമാണത്.
ഉത്തരേന്ത്യയിലെ സാധാരണക്കാർ നൂറ്റാണ്ടുകളായി പാടി നടന്ന കബീർ സൂക്തങ്ങളുടെ ആലാപന സൗകുമാര്യമുള്ള ഭാഷാന്തരീകരണമല്ല ഇത്. അങ്ങെനെയൊന്ന് ഉണ്ടായെങ്കിൽ!
1 comment:
എല്ലാ മതങ്ങളൾക്കുമപ്പുറം, മാനവികതയിലും
ആത്മശുദ്ധിയിലു മൂന്നിനിന്നു കൊണ്ടുള്ള ആത്മീയത
എന്ന കബീറിൻ്റെ ദർശനം കാലാതീതമാണ്. മതവൈരത്തിനെതിരായ
ശക്തമായ പ്രതിരോധമാണത്.
Post a Comment