ഭവനഭേദനം
(ചെറുകഥകൾ)
വി.ആർ.സുധീഷ്
പേജ് 80, വില 65 രൂപ
ചെറുകഥയ്ക്ക് 2014 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കൃതിയാണ് 'ഭവനഭേദനം'. നാല് പതിറ്റാണ്ടിലേറെയായി കഥകളെഴുതുന്ന വി.ആർ.സുധീഷ്,തൻ്റെ വ്യതിരിക്തമായ രചനകളിലൂടെ മലയാള കഥാസാഹിത്യത്തിൽ കസേര വലിച്ചിരുന്നിട്ട് കാലമേറെയായി.
പ്രണയവും വിരഹവും,തീക്ഷ്ണ യൗവനകാമനകളും മാത്രമല്ല, കടുത്ത സാമൂഹിക,രാഷ്ട്രീയ യാഥാർത്ഥ്യങ്ങളും സുധീഷ് പ്രമേയമാക്കിയിട്ടുണ്ട്. കാവ്യാത്മകമായ, തെളിച്ചമുള്ള, നാട്യങ്ങളില്ലാത്ത ഭാഷയിൽ മാത്രമല്ല, ക്ഷുഭിത യൗവനത്തിൻ്റെ തിളയ്ക്കുന്ന ഭാഷയിലും കഥകൾ എഴുതുന്നുണ്ട്, അദ്ദേഹം.സരളമായ ആഖ്യാനത്തിലൂടെ അവ ഹൃദയങ്ങളോട് സംസാരിക്കുന്നു.
സുകുമാർ അഴിക്കോട് വിലയിരുത്തിയതുപോലെ, 'ശപിക്കപ്പെട്ടവൻ്റെ നേരെ കരുണാർ ദ്രമായി നോക്കുന്ന അസാധാരണ കഥകളും' ധാരാളം എഴുതിയിട്ടുണ്ട്,സുധീഷ്.
ഇപ്പോഴത്തെ പ്രവണതയ്ക്ക് വിപരീതമായി,വൃഥാസ്ഥൂലയില്ലാത്തവയാണ് ഈ സമാഹാരത്തിലെ 14 കഥകളും. ഒപ്പം, ഒരു കഥയെ ആസ്പദമാക്കിയുള്ള തിരക്കഥയും ഒരു ഓർമ്മക്കുറിപ്പുമുണ്ട്.
എയിഡ്സ് രോഗബാധിതനായി മരിച്ചയാളുടെ രണ്ടു കുട്ടികൾ നേരിടുന്ന സാമൂഹിക ബഹിഷക്കരണത്തെ ക്കുറിച്ചുള്ളതാണ്, 'ആത്മവിദ്യാലയമേ' എന്ന ആദ്യ കഥ.സഹപാഠികൾ തന്നെ അവരെ, ഇരമ്പുന്ന മഴയിൽ, പതിയിരുന്ന് കല്ലെറിയുന്നു. തല പൊട്ടിയ അനിയത്തി മടിയിൽ തളർന്നുവീണു.'മഴയിൽ പൊട്ടിക്കിളിർത്ത കുമിളിനുള്ളിലെന്നപോലെ അവൻ പതുങ്ങി. വരിവരിയായി പത്തിയുയർത്തി അതിവേഗം പിൻവലിയുന്ന ഇളംകൈകൾ മതിലിന് മുകളിൽ മഴ മറച്ചു. ചോര പൊട്ടിയ കരച്ചിലുകളെയും മഴ വിഴുങ്ങി '.
_നനുത്ത തേങ്ങൽ വായനക്കാരിൽ അവശേഷിപ്പിച്ചു കൊണ്ട് അവസാനിക്കുന്ന ഈ കഥയിൽ ഒരിക്കൽ പോലും രോഗത്തിെൻ്റ പേര് പറയുന്നില്ല.
'ഭ വ ന ദേ ദനം',രണ്ട് കള്ളൻമാരുടെ കഥയാണ്. ഒരു വീട്ടിലകപ്പെട്ട പകൽ കള്ളൻ,ഗൃഹനാഥയായ യുവതിയുടെ ജാരസംസർഗ്ഗത്തിനും അവരുടേയും ഭർത്താവിൻ്റെയും ദാരുണാന്ത്യത്തിനുമിടയിൽ നിന്ന്, സഹകള്ളൻ്റെ ഉപദേശത്താൽ മോഷ്ടിക്കാതെ രക്ഷപെടുകയാണ്. ജീവിതാവസ്ഥകൾ എത്രമാത്രം പ്രവചനാതീതമാണ്.
'പരാഗണം', 'രാത്രിയിലെ ആകാശം സപ്തംബറിൽ ' എന്നീ കഥകളിലെ ഭാര്യമാർ, ഭർത്താക്കൻമാരുടെ രഹസ്യ കാമുകിമാരെ പ്രോത്സാഹിപ്പിക്കുന്നവരാണ്. മാത്രമല്ല, 'പരാഗണ'ത്തിലെ ഭാര്യ,കാമുകിയോട് തൻ്റെ ഭർത്താവുമായുണ്ടാകുന്ന ലൈംഗിക ബന്ധത്തിൻ്റെ വിശദാംശങ്ങൾ എണ്ണി - എണ്ണി ചോദിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നുമുണ്ട്..
സ്ത്രീയുടെ ആന്തരിക ജീവിതത്തിൻ്റെ സമസ്യകളിലേക്ക് ഇറങ്ങി ചെല്ലുന്ന ഈ കഥകളിൽ നാടകീയത ഏറെയുണ്ട്. ജീവിതത്തിലെ അപ്രതീക്ഷിതമായ ദശാസന്ധികളെക്കുറിച്ചുള്ളതാണ്' 'പാഴ്ക്കിണറുകൾ ' എന്ന കഥ.
ഈ സമാഹാരത്തിൽ ശക്തമായൊരു രാഷ്ടീയകഥയുമുണ്ട് - രേണുകേ, നമ്മുടെ സൗഹൃദം. പെൺ സുഹൃത്തിൻ്റെ പൊലീസുകാരനായ അച്ഛൻ്റെ മരണമന്വഷിച്ച് ചെല്ലുന്ന അയാൾ അപ്രതീക്ഷിതമായി തിരിച്ചറിയുന്നു - കക്കയം പൊലീസ് ക്യാമ്പിൽ വച്ച് തന്നെ നഗ്നനാക്കി ഉരുട്ടിയ ക്രൂരനായ, പൊലീസുകാരനാണിപ്പോൾ വെറും ശവമായി മുന്നിൽ കിടക്കുന്നത്...
അങ്ങനെ, ജീവിതത്തിൻ്റെ വ്യത്യസ്ത മേഖലകളിൽ നിന്ന്, ജീവൻ സ്പന്ദിക്കുന്ന കഥകൾ സൗന്ദര്യാത്മകമായി എഴുതുന്നു, വി.ആർ.സുധീഷ് - അവ വായനയ്ക്കപ്പു റവും നമ്മോടൊപ്പം പോരാൻ ത്രാണിയുള്ളവയാന്ന്. ജീവിതത്തെക്കുറിച്ച് അവ പുതിയ ഉൾക്കാഴ്ചകൾ നല്കുന്നു. അവ വായനക്കാരുടെ ഹൃദയങ്ങളിലേക്ക് നിശബ്ദം ചേക്കേറുന്നു.
എന്നാൽ,'ഒരു കഥാപാത്രം മയ്യഴിപ്പുഴയുടെ തീരങ്ങളിൽ', 'അവളെക്കുറിച്ച് വീടിനെക്കുറിച്ച് ഒരു വിലാപകാവ്യം', 'ശരീരഭാഷ (മരണത്തിൻ്റേത് )'എന്നീ കഥൾക്ക് ശില്പഭദ്രതയില്ല. ഉപന്യാസത്തിൻ്റെ ശൈലിയിൽ,നിരീക്ഷണ സ്വഭാവമുള്ള രചനകളായ അവ അപൂർണ്ണമായി അവസാനിക്കുന്നു.
# വി.ആർ.സുധീഷ്
# ഭവനഭേദനം
# കേരള സാഹിത്യ അക്കാദമി പുരസ്കാരം
# പ്രണയം
1 comment:
നല്ല അവലോകനം
Post a Comment