രാമച്ചി
(ചെറുകഥാ സമാഹാരം)
വിനോയ് തോമസ്
പേജ് 152,വില 140 രൂപ
ഡി.സി ബുക്സ
വിനോയി തോമസിന്റെ കഥാലോകത്ത് തിരുവിതാംകൂറിൽ നിന്ന് ഉത്തര മലബാറിലേക്ക് കുടിയേറിയ ക്രിസ്ത്യാനികളുടെ ജീവിതമുണ്ട്. കാടും, വന്യജീവികളും , കൃഷിയും ആഹാര രീതികളും തനതു ഭാഷയുമുണ്ട്. കാട്ടുമക്കളായ ആദിമനിവാസികളുടെ ജീവിതമുണ്ട്. വന്യമൃഗങ്ങളും വളർത്തുമൃഗങ്ങളും കൂടി മനഷ്യാവസ്ഥകളുടെ ആഖ്യാനത്തിൽ അനിവാര്യ കഥാപാത്രങ്ങളായി വരുന്നുമുണ്ട്.
തനിക്ക് ചുറ്റുള്ള പച്ചമനുഷ്യരുടെ ജീവിതത്തിൽ നിന്ന് അദ്ദേഹം കണ്ടെത്തിയ കഥകൾ ,പക്ഷേ, ആ പരിവൃത്തത്തിനപ്പുറം സമകാലിക ജീവിതത്തിന്റെ സാമൂഹിക ,രാഷ്ട്രീയ തലങ്ങളേയും, മനുഷ്യന്റെ ഒരു നിർവ്വചനത്തിലുമൊതുങ്ങാത്ത കാലാതീതമായ ഒട്ടേറെ സ്വഭാവവിശേഷങ്ങളേയും ശക്തമായി ആ ലേഖനം ചെയ്യുന്നുണ്ട്.
കഥകളുടെ പരിസരങ്ങളുടെ അതി സൂക്ഷ്മമായ അംശങ്ങളിലേക്കിറങ്ങിച്ചെല്ലുന്ന ആഖ്യാനത്തിലൂടെ, ഒരോ കഥയുടേയും അനുഭവപ്രപഞ്ചത്തെ വ്യത്യസ്തമാക്കി , വായനക്കാരുടെ മനസിൽ ചാരുതയോടെ പ്രതിഷ്ഠിക്കുന്ന മാന്ത്രികവിദ്യ വിനോയി തോമസിന് കൈമുതലായുണ്ട്.
ഏഴ് സുദീർഘമായ കഥകളുണ്ട് , ഈ സമാഹാരത്തിൽ. ആദ്യ കഥയായ 'രാമച്ചി',
ഒരു പരിസ്ഥിതി - രാഷ്ട്രീയ കഥയായും സ്ത്രീപക്ഷ രചനയായും വ്യാഖ്യാനിക്കാം. കാടെന്ന വിശാല ഗൃഹത്തിൽ നിന്ന് ആറളം ഫാമിൽ അനുവദിച്ചു കിട്ടിയ, അതിർത്തിക്കല്ലുകൾക്കിടയിലേക്ക് കുടിയേറാൻ ആദിമനിവാസികളിൽ ചിലർക്കെങ്കിലും കഴിയുമായുരുന്നില്ല. തന്റെ വേരുകൾ പിഴുതുമാറ്റാൻ കാരണവത്തിയായ മഞ്ഞ മുത്തിക്ക് സമ്മതമില്ലായിരുന്നു :മല്ലികയ്ക്കും.
മുത്തശ്ശി പിറന്നു വീണത് കാട്ടിലായിരുന്നു.
'രാമച്ചീല് അബര് താമസിക്കുമ്പോ ന്നെ പെറ്റ്......ഉം, കാട്ടില് . എടപ്പാറയ്ക്ക് നാക്കാലിക്കു മേളില്, മൊട്ടവാളക്കു കുരുപ്പത്തോടിന് മേയില്, രാമച്ചി'.
ഫാമിലേക്ക് പോകും മുൻപ്,രാത്രി മഞ്ഞ മുത്തി മരിച്ചു.
നിറവയറുമായി നിന്ന മല്ലിക, മുത്തി പറഞ്ഞ, അങ്ങ് ദൂരെയുള്ള രാമച്ചിയിൽ പോയി താമസിക്കണമന്ന് അവളുടെ കെട്ടിയോൻ കാട്ട് പ്രദീപനോട് നിർബന്ധം പിടിക്കുന്നു.
' ഞാനെബടെ പെറണ്ന്ന് പറേണ്ട് ഞാനാന്ന്. നമ്മള് നാളെ രാമച്ചീ പോണ്'.
കല്യാണം കഴിക്കാൻ ആളെ കൂട്ടി, ആചാരപരമായി ചീനിയും തുടിയും ഒരു ചാക്ക് ചോമാല നെല്ലുമായി വന്ന കട്ടനെ സ്വീകരിക്കാതെ, തിരിച്ചയച്ചവളാണ് മല്ലിക. രാത്രി മുഴുവൻ വിറകാഴി കൂട്ടി, തുടികൊട്ടും ,ചീനവിളിയും പെണ്ണുങ്ങളുടെ മുടിയഴിച്ചിട്ടുള്ള വട്ടക്കളിയും കഴിഞ്ഞ്, ചെറുക്കന്റെ നെല്ലിൻ ചാക്ക് എടുക്കേണ്ടന്ന് മഞ്ഞ മുത്തിയോടും അപ്പനോടും പറഞ്ഞവളാണ് മല്ലിക. നെല്ലിൻ ചാക്ക് എടുത്തു കൊണ്ടുവന്നാൽ പിന്നെ കല്യാണമായിരുന്നു.
പെരുംകൂൺ പറിക്കാൻ ചീക്കണ്ണി പുഴയുടെ കരയിലൂടെ കാട്ടിൽ പോയപ്പോൾ,പൊങ്ങു മരത്തിന്റെ മുക സിൽ മരവാഴ പറിക്കാൻ കയറിയ കാട്ടുപ്രദീപനെ ആദ്യ നോട്ടത്തിൽ തന്നെ കണ്ട് ഇഷ്ടപെട്ടവൾ. ഉത്സവത്തിന് വി ല്ക്കാൻ ഓടപ്പൂ ഉണ്ടാക്കാൻ കൂടിയപ്പോൾ അവൾ പറഞ്ഞു:
'കാട്ടുപ്രദീപാ , നീ മതി എന്ക്ക്' .
അവളുടെ തീരുമാനങ്ങൾക്ക് മാറ്റമില്ല. ദുർഘടമായ വനത്തിലൂടെ, സാഹസികമായി അവർ രാമച്ചിയെ ലക്ഷ്യമാക്കി നടന്നു. കൃഷി നശിപ്പിക്കുന്ന ആനകളെ തുരത്താൻ കൊണ്ടുവന്ന്, കാട്ടിലേക്ക് കയറിപ്പോയ പ്രമുഖൻ എന്ന കുങ്കിയാനയെ വഴിയിൽ അവർ കണ്ടു.
രാമച്ചിയിൽ കാടിന്റെ സമസ്ത സൗന്ദര്യവും സൗഭാഗ്യങ്ങളുമാസ്വദിച്ച് അവർ കഴിഞ്ഞു. രാത്രിയിൽ കാട്ടുതേനെടുക്കാൻ അയാൾ മരത്തിനു മുകളിലേക്ക് കയറിപ്പോയ രാത്രി അവൾക്ക് പ്രസവവേദന വന്നു :മഴയും.
പുളയുന്ന അവളുടെ അടുത്തേക്ക് ചിന്നംവിളിച്ചു കൊണ്ട് പായുന്ന ഒറ്റയാനെ അയാൾ കണ്ടു. പിന്നെ,അനേകം ചിന്നംവിളികൾ.'അനേകം പിടിയാനകളും പാൽ നുകർന്നുകൊണ്ട് കുഞ്ഞുങ്ങളും പുറത്തേക്ക് വന്നു. ആ നിമിഷത്തിൽ തന്നെ മല്ലികയുടെ മുലയും ആദ്യമായി ചുരന്നു'.
-ഇവിടെ പ്രകൃതി,കാടിന്റെ മക്കളെ നെഞ്ചോട് ചേർത്തുപിടിക്കുന്നതിന്റെ ദൃശ്യമുണ്ട്. ചേതാഹരമാണ് ആഖ്യാനം. പച്ചയായ നാട്ടുഭാഷയിൽ മിക്കപ്പോഴും എഴുതുന്ന വിനോയ് തോമസ്, ഈ കഥയിലുടനീളം ദൃശ്യചാരുതയിലൂന്നിയ കവിതാമയമായ ആഖ്യാന ഭാഷയാണുപയോഗിച്ചിരിക്കുന്നത്.
കാടാണ് ആദിമജനതയുടെ സർവസ്വവും എന്ന് 'രാമച്ചി' വ്യക്തമാക്കുന്നു. ആവാസ വ്യവസ്ഥയിൽ നിന്നും സാംസ്കാരിക പൈതൃകത്തിൽ നിന്നുമുള്ള യാന്ത്രികമായ പറിച്ചുനടൽ എളുപ്പമല്ല.
സ്നേഹത്തിന്റേയും, പ്രണയത്തിന്റേയും പരസ്പരാശ്രയത്വത്തിന്റേയും ആർദ്രതയുടേയും ചാരുതയാർന്ന കഥയാണ് 'രാമച്ചി' . മലയാള കഥാ സാഹിത്യത്തിൽ ഈ രചനയ്ക്ക് എന്നും സവിശേഷമായ സ്ഥാനമുണ്ടാകും.
വളർത്തുമൃഗം ഉടമസ്ഥന്റെ ക്രൗര്യം പ്രകടിപ്പിക്കണമെന്ന അധികാര - അധീശത്വ ബോധമായിരുന്നു,പാപ്പച്ചൻ എന്ന സത്യക്രിസ്ത്യാനിയെ നയിച്ചത് ( 'ഉടമസ്ഥൻ'). കർത്താവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും ഉടമസ്ഥനാണെന്ന മതബോധമാണ് അയാൾക്കുണ്ടായിരുന്നത്. മധ്യവയസ്കരായ മർഗരീത്ത, ജസീന്ത, ആൻസിയ എന്നീ പെൺമക്കൾ പ്രാർത്ഥിച്ച്,പ്രാർത്ഥിച്ച് കാലം പോക്കി. അവരെയും തനിക്ക് കീഴ്പെട്ടവരായി മാത്രം അയാൾ കണ്ടു. തിബറ്റൻ ആശ്രമത്തിൽ നിന്ന് കൊണ്ടുവന്ന അമിച്ചൻ എന്ന നായ, പക്ഷേ, വെട്ടിപ്പാവിൽ പാപ്പച്ചൻ എന്ന ഉടമസ്ഥന്റെ ഹിംസാത്മകതയെ നിരാകരിച്ചു. ആൻസിയയുടെ ചോര കൊടുത്ത് ക്രൗര്യം വർദ്ധിപ്പിക്കാൻ നോക്കിയെങ്കിലും, അമിച്ചൻ അവളെ സ്നേഹത്തോടെ മുട്ടിയുരുമ്മി, കൈകളിൽ ചുംബിക്കുകയാണ് ചെയ്തത്. അവന്റെ കഥ കഴിക്കാതിരിക്കാൻ അവൾ കൂടു തുറന്ന്,നായയെ സ്വതന്ത്രനാക്കി. അന്ന് മുതൽ അവൻ അയാളുടെ കൺ വെട്ടത്തുവരാതെ ,അവധൂതനായി ജീവിച്ചു.
തന്നെ അനുസരിക്കാത്ത, ശൗര്യo കാണിക്കാത്ത ചെമ്പൻ, റാണി, ചാന്നൻ, ചന്തു തുടങ്ങിയ വളർത്തുനായ്ക്കളെയൊക്കെ കൊന്ന്, തെങ്ങിൻ ചുവട്ടിൽ കുഴിച്ചിട്ടു,അയാൾ.
' ഒരു പട്ടിയെ തെങ്ങുംചോട്ടിൽ കുഴിച്ചിട്ടാൽ പിന്നെ മൂന്ന് വർഷത്തേക്ക് ആ തെങ്ങിന് വളമെന്നും ചെയ്യേണ്ട '.
കൂടം കൊണ്ട് തലയ്ക്കടിച്ചും, അവസാനം, കെട്ടിത്തൂക്കിയും കൊല്ലപ്പെട്ട നായ്ക്കൾ. അതിലെ ചന്തുവുമായി ഒരു ഈനാംപേച്ചി സംസാരിക്കുന്നുണ്ട് , കഥയിൽ.
'ജീവിച്ചിരിക്കുന്ന ഒന്നിന്റെ ഉടമസ്ഥനാകാൻ മറ്റൊന്നിന് സാധിക്കുമോ?'
- അവസാനം, അമിച്ചൻ പാപ്പച്ചനെറിഞ്ഞ കുരുക്കിൽ വീഴുന്നു. കഴുത്തിൽ കല്ലു കെട്ടി,പുഴയിലേക്ക് താഴ്ത്തി, കൊല്ലാൻ വലിച്ചു കൊണ്ടുപോകുമ്പോൾ ഉണ്ടായ മേഘവിസ്ഫോടനത്തിലും മഴവെള്ള പാച്ചിലിലും അവർ ഒഴുകിപ്പോയി. പക്ഷേ, നായ നീന്തി കരയ്ക്കു കയറുന്നത് പെൺമക്കൾ നോക്കി നിന്നു . അവർ കരഞ്ഞില്ല . രണ്ടു മക്കൾ മരണത്തിന്റെ പ്രാർത്ഥനകൾ ആവേശത്തോടെ ചെല്ലാനാരംഭിച്ചു. ജസീന്ത, ഷെഡിൽ തുരുമ്പുപിടിക്കാതെ കിടന്ന കൂടവുമെടുത്ത് പുഴയുടെ നേർക്ക് നടന്നു.
- മറ്റുള്ളവരുടെ വികാര-വിചാരങ്ങൾക്കിടം നല്കാത്ത, ഹിംസാത്മകമായ അധീശത്വത്തിന്റെ പ്രതിരൂപമായ അപ്പന്റെ ദാരുണാന്ത്യമാണ് കഥാകാരന്റെ ജീവിത ദർശനം. അപ്പോൾ ,ഇതിലെ പാപ്പച്ചന് കഥാപരിസരത്തിനുമപ്പുറം, ക്രൂരരായ ഏകാധിപതികളുടേയും ഫാസിസ്റ്റുകളുടേയും മുഖം വരുന്നു. മതവും പുരുഷാധിപത്യവും എങ്ങനെ ദുർബലരെ അടിമകളാക്കി അടിച്ചമർത്തുന്നവെന്ന് , അവരെ ഇരകളാക്കുന്നുവെന്ന്,ഈ കഥ വായനക്കാരെ ഓർമ്മപെടുത്തുന്നു. ഏതു നായ്ക്കും അവരുടെ ദിനം വരും എന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കിക്കൊണ്ട്, അടിച്ചമർത്തപ്പെട്ടവർ കണക്കു ചോദിക്കുന്നുണ്ടിവിടെ.
റമ്മികളിയാണ് ഇടവേലി ഗ്രാമത്തെ മുഴുവൻ ഒറ്റ സ്വത്വമാക്കിയത്. അവരുടെ നേതാവായ മാക്കൂട്ടം മാണിചാച്ചൻ ('ഇടവേലിക്കാർ') നല്ക്കുന്ന വ്യഖ്യാനമിതാണ്:
' ... നന്മളെല്ലാം ഒരുമ്മടെ വയറ്റിൽ പിറന്നു പോലെ കെട്ടിപ്പിടിച്ചിരിക്കുന്നുണ്ടേൽ അത് നമ്മൾ ഇടവേലിക്കാരായതു കൊണ്ട് മാത്രമാണ്'.
പക്ഷേ,കുടകിലെ ഷെട്ടിപുരയിൽ, വാളും തോക്കുമൊക്കെയുള്ള കുടകു ചിഹ്നം സ്വർണ്ണ ലോക്കറ്റാക്കിയ ബൊപ്പണ്ണയുടെ ഇടിയിലും ചവിട്ടിലും മാണി ചാച്ചാൻ വീണപ്പോൾ , തകർന്നടിഞ്ഞത് സ്വയം നിർമിച്ചു,പെരുപ്പിച്ചു കാട്ടിയ ഈ പ്രാദേശിക സ്വത്വബോധമായിരുന്നു. അതിന് അതിരുകൾക്കപ്പുറം അസ്തിത്വമില്ലെന്ന തിരിച്ചറിവ് , അവസാനം അയാൾക്കുണ്ടാകുന്നു.
സാംസൺ എന്ന ഈട്ടിക്കുറ്റി പോലത്തെ ശരീരമുള്ള ഇറച്ചിവെട്ടുകാരന് പൗരുഷമുണ്ടാകാൻ, സുഹൃത്തായ ചെറിയാച്ചൻ, മൂരിക്കുട്ടന്റെ വരി ഔഷധമായി നൽകുന്നു. ('വിശുദ്ധ മഗ്ദലന മറിയത്തിന്റെ പള്ളി' ). ധ്യാനം കൂടാൻ പോയ ഭാര്യയുടെ ബ്ലൗസഴിച്ച ശുശ്രൂഷകൻ ജോർജ്ജ് സാറിനോട് ഒന്ന് ഇടയാൻ പോലും അയാൾക്ക് കഴിഞ്ഞില്ല. തന്റെ സഹായിയായ മെൽബിന്റെ പെങ്ങളെ കൊക്കോത്തോട്ടത്തിൽ വച്ച് ബലാല്ക്കാരം ചെയ്ത സിറിൽ,അവനെ ക്രൂരമായി കൈകാര്യം ചെയ്തപ്പോഴും ഒന്നും പറയാനായില്ല. അമ്മ പരാതിപ്പെടുന്നതുപോലെ, 'പഴന്തുണി പരുവമായവൻ'.
അന്നാട്ടിലെ കന്യാസ്ത്രീ മഠത്തിൽ വന്ന ജ്യോത്സന സിസ്റ്ററാണ് ചുണക്കുട്ടി. കയ്യിൽ ഒരു സെന്റു പാത്രവും പിടിച്ച്, ആകാശത്തെക്ക് നോക്കി നില്ക്കുന്ന പുണ്യാളത്തിയായ മഗ്ദല മറിയത്തിന്റെ പള്ളി .അവർ അനാഥർക്കായി അവിടെ മഗ്ദലന ഭവനുണ്ടാക്കി. തെരുവിലുപേക്ഷിക്കപ്പെട്ട മുൻ അഭിസാരികയായ അത്തറു കുഞ്ഞാമിനയെ അവിടെ താമസിപ്പിച്ചു. അന്യമതസ്ഥയായ അവർ മരിച്ചപ്പോൾ , ആ സെമിത്തേരിയിൽ തന്നെ ശവം അടക്കിച്ചു, സിസ്റ്റർ . അവിടെ സന്ധ്യയ്ക്ക് തിരി കത്തിക്കാനും തുടങ്ങി..
സാംസൺ, മൂരിയുടെ ആൺ ചുന തവിയിൽ കോരി ഊതിയാറ്റി നാവിലിട്ടപ്പോൾ തന്നെ തരിച്ചിറങ്ങി :
'പല്ലുകൾക്കിടയിൽ കടിച്ചു കുഴയ്ക്കുമ്പോൾ ,അരക്കെട്ടിലുണ്ടായ കിരുകിരുപ് മരുന്നിന്റെ ഫലം കേറുന്നതാണ് സാംസണോർത്തു.'
'ആണത്തം' കിട്ടിയ സന്താഷത്തിലിരിക്കുമ്പോൾ , അത്തറു കുഞ്ഞാമിനയുടെ കുഴിയങ്കാരത്തിനു പോലെ സിസ്റ്ററെയും മെൽബിനെയും സിറിലും പള്ളിക്കാരും പിടിച്ചുവച്ച് മർദ്ദിക്കുന്നതറിഞ്ഞ് അയാളവിടെ എത്തുന്നു. അയാളുടെ 'കാലിനിടയിൽ നിന്നും വല്ലാത്തൊരു ധൈര്യം മുകളിലെക്കിറച്ചു കയറി'.
'എടീ, ഈ മറ്റപ്പണി കാണിക്കാൻ നിനക്ക് പരിശുദ്ധമായ പള്ളി സെമിത്തേരിയേ കിട്ടിയൊള്ളാടീ...' എന്ന് അയാൾ സിസ്റ്ററിന്റെ നേർക്ക് അലറുകയാണ്!
മൂരിയുടെ വരിതിന്ന് , 'പൗരുഷം' ലഭിച്ച
സാംസൺ ആൾക്കൂട്ടത്തിൽ സദാചാര പോലീസാകുന്നു. ആണധികാരവും തന്റെ പുതിയ പൗരുഷവും സമൂഹത്തെ ബോദ്ധ്യപ്പെടുത്താൻ, നിസ്സഹായയായ ഒരബലയ്ക്കുമേൽ കുതിര കയറേണ്ടത് അയാൾക്ക് അനിവാര്യതയായിരുന്നു. ആണിന്റെ വ്യക്തിത്വത്തേയും സത്തയേയും ലൈംഗിക ശേഷി എന്ന ഏകത്വത്തിലേക്ക് ചുരുക്കുന്ന സാമൂഹിക ക്രമമാണ് സാംസന്റെ പരിണാമത്തിന്റെ ഈ കഥ .
ഉൻമാദികളെ തടിക്കിട്ടുന്നത് ഈന്ത് മരത്തിലാണ്. രാഷ്ട്രീയഎതിരാളികളെ കഴുത്തറക്കുന്നത് ദിനചര്യയായ നാട്ടിൽ വികസനം വരുന്നു.
' മൂർഖൻപറമ്പ്' കഥയിൽ, വിമാനത്താവളത്തിന് സ്ഥലമെടുത്തപ്പോൾ തന്റെ സ്ഥലവും ഉൾപെട്ടുമെന്നും അവിടെയുള്ള ഈന്ത് മരങ്ങൾക്ക് വലിയ തുക നഷ്ടപരിഹാരം കിട്ടുമെന്നും മോഹിച്ച വിഘ്നേശ് കല്ലനാണ്ടി എന്ന ചെറുപ്പക്കാരൻ ഈന്ത് മരത്തിൽ തൂങ്ങി ആത്മഹത്യ ചെയ്യുന്നു. ഈന്ത് തന്റെ പൈതൃക നിധിയാണെന്നും 'ഈ മരത്തിന്റെ അരഞ്ഞാണ ജരകളിൽ ചുറ്റി ചുറ്റിക്കിടക്കുന്നത് ഭൂമിയുടെ ചരിത്രമാണെന്നും'ഭൂതകാലത്തെക്കുറിച്ചുള്ള ഗൃഹാതുരമായ ഫേസ് ബുക്ക് പോസ്റ്റുകളിട്ട ,കാമ്പസ് കാലത്തെ പോരാളി, വിമാനത്താവളം വരുന്നതൊടെ അനിവാര്യമായ പറിച്ചുനടലിന് മനസുകൊണ്ട് തയ്യാറെടുത്തിരുന്നു. തന്റെ പൈതൃകമുറങ്ങുന്ന ഈന്ത് മരങ്ങൾ നൽകുന്ന നഷ്ടപരിഹാരത്തുക കൊണ്ട് മറ്റൊരു ദേശത്ത് ജീവിതം കരുപ്പിടിപ്പിക്കാമെന്ന സ്വപ്നം പൊലിഞ്ഞപ്പോഴാണ് അയാൾ ജീവിതമൊടുക്കിയത്.
ഈ കഥയിൽ യഥാതഥാഖ്യാനത്തിലെ സംഭവങ്ങൾക്കപ്പുറത്തേക്ക് വായിക്കപെടാനൊന്നുമില്ല.
'മിക്കാനിയ മൈക്രാന്ത' എന്ന കഥ തകരുന്ന കാർഷിക സംസ്കൃതിയേയും, വ്യാജ മൂല്യബോധത്തേയും മനോഹരമായി ആവിഷ്ക്കരിച്ചിരിക്കുന്നു. കുടിയേറ്റ കർഷക കുടുംബത്തിൽ പിറന്ന പേപ്പച്ചന്റേയും ഭാര്യ ഏലമ്മയുടേയും ഏക മകനായ ജോഷി, കെട്ടിയ പെണ്ണിന്റെ വീട്ടിൽ ദത്തു നില്കുകയും, അവരുടെ നിർബന്ധത്തിന് വഴങ്ങി, ജറുസലേമിൽ രോഗീപരിചാരകനാവുകയും ചെയ്യുമ്പോൾ, കൃഷി ചെയ്യാതെയിട്ട സ്ഥലത്തെല്ലാം പൂലോകം മുടിച്ചി പടർന്നു കയറുന്നു.
'കൃഷിക്കാരൻ' എന്ന ലേബൽ ജോഷിയുടെ വിവാഹം ഏറെക്കാലം മുടക്കുന്നുണ്ട്. അവസാനം, ഒരാളെ കിട്ടിയെങ്കിലും, 'പുറത്തു പോയി 'കാശുണ്ടാക്കുന്നത് മാത്രമാണ് സാമൂഹികാംഗീകാരം കിട്ടാനു ള്ള പുതിയ മാനദണ്ഡം എന്ന് അയാൾ മനസിലാക്കുന്നു.. അവശരായ സ്വന്തം മാതാപിതാക്കളെ നാട്ടിൽ വിട്ട്, കൃഷി ഉപേക്ഷിച്ച്,വിദേശത്ത് പോയി വൃദ്ധജനങ്ങളെ നോക്കുകയാണ്, അയാൾ.
കുടിയിറക്കലിനെതിരായ എ. കെ.ജി, ബി.വെല്ലിങ്ടൺ, ഫാദർ വടക്കൻ തുടങ്ങിയവരുടെ സമരങ്ങൾ കഥയിൽ പരാമർശിക്കപ്പെടുന്നുണ്ട്.
അതിജീവനത്തിന് മണ്ണിനെ മാത്രമാശ്രയിച്ച അദ്ധ്വാനികളായ കുടിയേറ്റക്കാരുടെ പിൻതലമുറയ്ക്ക് ആ ജൈവബന്ധം നഷ്ടമായി എന്ന് ഈ കഥ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ആദിവാസി ജീവിതത്തിലേക്ക് ആഴത്തിൽ കടന്നുചെന്ന്,വിശപ്പാണ് പരമമായ സത്യം എന്ന് അടിവരയിടുന്നു , 'അരി' എന്ന കഥ. പണിയയായ നല്ലയും കൊച്ചുമകൾ ശാലിനി കോപ്പിയും,കോളനിക്കാരും ആ സത്യം , 70 വർഷം പഴക്കമുള്ള സ്ക്കൂളിന്റെ ചരിത്രത്തെക്കുറിച്ച് ഡോക്യുമെന്ററി എടുക്കാൻ പോയ എല്ലാവരേയും ബോദ്ധ്യപ്പെടുത്തുന്നുണ്ട്. ഊണിനായി കോളനി ഒന്നാകെ അവരെ പിന്തുടരുകയാണ്..
ആമുഖത്തിൽ വിനായ് തോമസ് തന്റെ നാട്ടിലെ ഒരു കിണറിനെക്കുറിച്ച് പറയുണ്ട്. ഏതു കൊടും വേനലിലും തൊട്ടിക്കുഴി നിറയെ വെള്ളമുണ്ടാകുന്ന പൂവത്തിങ്കക്കാരുടെ കിണർ. 'കിണറാണ് എന്റെ നാടും .എത്ര കഥകൾ കോരിയാലും തീരാത്ത ജീവിതങ്ങളുമായി അങ്ങനെ നിറഞ്ഞു തുളുമ്പാതെ സാധാരണമായി കിടക്കുന്നു.'
- ആ സാധാരണ ജീവിതങ്ങളിൽ നിന്ന് അസാധാരണമായ ഉൾക്കാഴ്ചയോടെ വൈവിദ്ധ്യപൂർണ്ണമായ കഥകൾ എഴുതുന്നു, വിനോയി തോമസ്.
1 comment:
എത്ര കഥകൾ കോരിയാലും തീരാത്ത ജീവിതങ്ങളുമായി അങ്ങനെ നിറഞ്ഞു തുളുമ്പാതെ സാധാരണമായി കിടക്കുന്ന കിണർ പോലെ സാധാരണ ജീവിതങ്ങളിൽ നിന്ന് അസാധാരണമായ ഉൾക്കാഴ്ചയോടെ വൈവിദ്ധ്യപൂർണ്ണമായ കഥകൾ എഴുതുന്ന വിനോയി തോമസ്.
Post a Comment