ലീലാമേനോന് ഓര്‍മ്മയായതോടെ മാധ്യമരംഗത്തെ അനന്യമായ ഒരദ്ധ്യായത്തിനാണ് തിരശ്ശീല വീണത്. അനപത്യ ദു:ഖത്തേയും അര്‍ബുദത്തേയും പിന്നെ, വൈധവ്യത്തേയും പക്ഷാഘാതത്തേയും ഹൃദ്രോഗത്തേയും ചെറുത്തുനിന്നുകൊണ്ട് അവര്‍ ഇന്ത്യന്‍ പത്രപ്രവര്‍ത്തന രംഗത്ത് തന്നെ തന്റേതായ ധീരോദാത്തമായൊരു അധ്യായം എഴുതിച്ചേര്‍ത്തു.
'ഇന്ത്യന്‍ എക്സ്പ്രസ്സി'ന്റെ കൊച്ചി ഡെസ്കില്‍ സബ്ബ് എഡിറ്ററായി 1988- ഡിസംബറില്‍ ഞാന്‍ ജോലിയില്‍ പ്രവേശിക്കുമ്പോള്‍, അവര്‍ കോട്ടയം ബ്യൂറോ ചീഫായി കൊച്ചിയില്‍നിന്നു പോയിരുന്നു. കേരളത്തിലെ ആദ്യ വനിതാ റിപ്പോര്‍ട്ടര്‍ മാത്രമായിരുന്നില്ല, അവർ. നാലു ജില്ലകളുടെ ചുമതലയും കൂടിയുണ്ടായിരുന്നു. ദിനപ്പത്രങ്ങളില്‍ വിരലിലെണ്ണാവുന്ന സ്ത്രീകള്‍ മാത്രം, അതും ഡെസ്ക്കില്‍, ഉള്ളപ്പോഴായിരുന്നു ലീലാമേനോന് ആ ശീതളച്ഛായ വേണ്ടെന്നു വെച്ച്, വെയിലും മഴയുമേല്ക്കാന് സ്വയം ഇറങ്ങിത്തിരിച്ചത്.
പത്രപ്രവര്‍ത്തനം ആത്യന്തിക ലക്ഷ്യമാക്കിയ കോളേജ് വിദ്യാഭ്യാസ കാലത്തുതന്നെ ലീലാ മേനോന് എന്ന ബൈലൈന്‍ എങ്ങനെയോ മനസ്സില്‍ കടന്നുകൂടിയിരുന്നു. 77 പേരുടെ മരണത്തിനിടയാക്കിയ, നൂറുകണക്കിനാളുകളെ നിത്യാന്ധകാരത്തിലേക്ക് തള്ളിവിട്ട, 1982-ലെ വൈപ്പിന്‍ മദ്യദുരന്തത്തെക്കുറിച്ച് അവര്‍ എഴുതിയ റിപ്പോര്‍ട്ടുകള്‍ ഹൃദയത്തില്‍ നൊമ്പരമായി തങ്ങിനിന്നിരുന്നു. മദ്യദുരന്തത്തിനിരയായ ഒരാള്‍ അവരോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോളായിരുന്നു, മരണത്തിനു കീഴടങ്ങിയത്. അവിടുത്തെ കരളലിയിക്കുന്ന കാഴ്ചകളുടെ അവിസ്മരണീയമായ വിവരണങ്ങളിലൂടെ അങ്ങനെ ലേഖികയുടെ പേര് മനസ്സില്‍ പതിഞ്ഞു. അവരെപ്പോലെ ഒരിക്കല്‍ ആകണമെന്നാഗ്രഹിച്ചു. ലീലാമേനോന്റെ ബൈലൈന്‍ സ്റ്റോറികള്‍ക്ക് ആകാംക്ഷയോടെ കാത്തിരുന്ന കാലമായിരുന്നു അത്.
മനുഷ്യത്വമുഖമുള്ളവയായിരുന്നു ആ റിപ്പോര്‍ട്ടുകള്‍. അവ അരികുവല്‍ക്കരിക്കപ്പെട്ടവരുടെ, ആരും കാണാത്ത ജീവിത ദുരന്തങ്ങളിലേക്ക് ആഴത്തിലിറങ്ങിച്ചെന്നു. നിശ്ചയദാര്‍ഢ്യത്തോടേയും പ്രതിബദ്ധതയോടേയും ധീരതയോടേയും അവര്‍ തന്റെ ദൗത്യങ്ങളില്‍ ഉറച്ചുനിന്നു. പത്രപ്രവര്‍ത്തനരംഗത്ത് ആ പേര് ഒരു 'ഐക്കണാ'യി.
ജീവിതപ്രാരാബ്ധങ്ങള്‍ കാരണം പ്രീഡിഗ്രി കഴിഞ്ഞ്, ഹൈദരാബാദില്‍ കമ്പിത്തപാല്‍ ഓഫീസില്‍ ജോലിക്കു കയറിയ അവര്‍ എന്നും സാഹസികത ഇഷ്ടപ്പെട്ടിരുന്നു. സ്ത്രീകള്‍ വ്യാപരിക്കാത്ത ടെലിഗ്രാഫ് ഓപ്പറേറ്റര്‍ പണിക്കായി മൊഴ്സ് കോഡ് പഠിക്കാന്‍ ഇറങ്ങിയത് ഇക്കാരണത്താലായിരുന്നു. പഠനവും പരിശീലനവും പൂര്‍ത്തിയാക്കി, എറണാകുളത്ത് ടെലിഗ്രാഫ് ഓപ്പറേറ്ററായി നിയമിക്കപ്പെട്ടു. ആ തസ്തികയിലെ ഇവിടുത്തെ ആദ്യ വനിത. അവരെക്കുറിച്ച് ഫീച്ചറെഴുതാന്‍ എത്തിയ പ്രേമ വിശ്വനാഥനാണ് ലീലാമേനോന്റെ ജീവിതം വഴിതിരിച്ചുവിട്ടത്.
'ഇന്ത്യന്‍ എക്സ്പ്രസ്സി'ല്‍ പത്രപ്രവര്‍ത്തകയായ അവരുമായുള്ള സംഭാഷണമാണ് ഭാരതീയ വിദ്യാഭവനില്‍ ജേര്‍ണലിസം ഡിപ്ലോമ കോഴ്സിനു ചേരാന്‍ പ്രേരിപ്പിച്ചത്. പ്രേമയും ബാലചന്ദ്രമേനോനും അവിടുത്തെ വിദ്യാര്‍ത്ഥികളായിരുന്നു. ഒന്നാം റാങ്കോടെ അവര്‍ പാസ്സായി,ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ ഡല്‍ഹി ഡെസ്ക്കില്‍ പത്രപ്രവര്‍ത്തനം ആരംഭിച്ചു. അരുണ്‍ ഷൂരിയും കുല്‍ദീപ് നയ്യാരേയും പോലുള്ള മഹാരഥന്മാര് അന്ന് അവിടെയുണ്ട്.
മധ്യവയസ്സില്‍ യാദൃച്ഛികമായി എത്തപ്പെട്ട മാധ്യമരംഗത്ത് അവര്‍ അധികം വൈകാതെ തന്നെ സ്വയം അടയാളപ്പെടുത്തി. എയര്‍ ഇന്ത്യയിലെ എയര്‍ഹോസ്റ്റസുമാര്‍ക്ക് വിവാഹം കഴിക്കുന്നതില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്കിനെക്കുറിച്ചുള്ള പ്രത്യേക റിപ്പോര്‍ട്ട് ഗംഭീര തുടക്കമായി. ഭരണഘടനാ വ്യവസ്ഥകളുടെതന്നെ ലംഘനമായ ആ വിലക്ക് നീക്കം ചെയ്യേണ്ടിവന്നത് ചരിത്രം.
ലീലാ മേനോന്റെ എത്രയോ റിപ്പോര്‍ട്ടുകള്‍, ഫോര്‍ട്ട്കൊച്ചി കല്‍വത്തിയിലെ പുരാതനമായ ആസ്പിന്‍വാള്‍ ബില്‍ഡിങ്ങിലെ ഡെസ്ക്കില്‍, ടെലിപ്രിന്ററിലെ മങ്ങിയ അക്ഷരങ്ങളിലൂടെ ബോംബുകള്‍ വര്‍ഷിക്കും പോലെ ശബ്ദായമാനമായി പതിക്കുന്നത് ആശ്ചര്യത്തോടെ നോക്കി നിന്നിട്ടുണ്ട്. തൊട്ടടുത്ത കപ്പല്‍ ചാനലിലൂടെ തുറമുഖത്തേയ്ക്കു പോകുന്ന കപ്പലുകളുടെ പ്രത്യേക ശബ്ദത്തിലുള്ള ഹോണിനും ഫിഷിങ്ങ് ഹാര്‍ബറിലെ മീന്‍ ബോട്ടടുക്കുമ്പോളുള്ള ആരവങ്ങള്ക്കുമൊന്നും ഞങ്ങളുടെ ശ്രദ്ധ പിടിച്ചുനിര്ത്താനാകുമായിരുന്നില്ല. കാരണം, ആ റിപ്പോര്‍ട്ടുകള്‍ അടുത്ത ദിവസങ്ങളില്‍ സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചോര്‍ത്ത് നവാഗതരായ ഞങ്ങള്‍ (ഞാന്‍, എന്‍.ജെ. നായര്‍, ശ്രീലതാ മേനോന്) അഭിമാനം കൊള്ളുകയും വളരെ രഹസ്യമായി അഹങ്കരിക്കുകയും ചെയ്തിട്ടുണ്ട്.
അക്കാലത്തെ ഡസ്ക്ക്, ആഘോഷാരവങ്ങളൊടുങ്ങിയ ഒരു 'നിശ്ശബ്ദമേഖല'യായിരുന്നു. സര്‍ദാര്‍ പട്ടേലിനെ അനുസ്മരിപ്പിച്ച എസ്.കെ. അനന്തരാമന് എന്ന ഉരുക്ക് മനുഷ്യനായിരുന്നു, റെസിഡന്റ് എഡിറ്റര്‍. വലിയ പേരുള്ള മഹാപ്രതിഭകള്‍ ഒരു മദ്യശാലയ്ക്ക് സമാനമാക്കിയ ഡെസ്ക്കിനെ ശുദ്ധീകരിച്ചെടുത്ത അദ്ഭുത പ്രവര്ത്തകന്. പക്ഷേ, അദ്ദേഹം ലീലാമേനോനെ പ്രോത്സാഹിപ്പിച്ചിരുന്നു. അവസാനം,1988 ഡിസംബര്‍ 31ലെ സായാഹ്നത്തില്‍ എല്ലാവരുടേയും അടുത്ത് വന്ന് ഒറ്റവാക്കില്‍ വിടപറഞ്ഞ്, തന്റെ നാലു പതിറ്റാണ്ടു നീണ്ട പത്രപ്രവര്‍ത്തന ജീവിതമവസാനിപ്പിച്ചു പടിയിറങ്ങിപ്പോയ എസ്.കെ. ഞങ്ങളെ ചൂണ്ടി, 'മൈ പാര്‍ട്ടിങ്ങ് ഗിഫ്റ്റ് ടു ഇന്ത്യന്‍ എക്സ്പ്രസ്സ്' എന്നാണ് അവസാനം പറഞ്ഞത്. മാധ്യമരംഗം മാറിയെങ്കിലും, അതൊരു വലിയ ബഹുമതിയായി ഇന്നും കാത്തുസൂക്ഷിക്കുന്നു.
ഗേറ്റിറങ്ങിപ്പോകും മുന്‍പ് തിരികെ പ്രസ്സില്‍ കയറി, അടുത്ത ദിവസ്ത്തെ പത്രത്തിന്റെ ഇമ്പ്രിന്റില്നിന്നു തന്റെ പേരെടുത്തു മാറ്റണമെന്ന് നിര്‍ദ്ദേശം നല്കി. അദ്ദേഹം യാത്രയായതിനു സാക്ഷ്യം വഹിച്ചത് നീറുന്ന ഒരോര്‍മ്മയാണ്. (അന്ന് അക്ഷരങ്ങള്‍ അപ്പപ്പോള്‍ കാസ്റ്റ് ചെയ്ത് അച്ചടിക്കുന്ന ലൈനോ, മോണോടൈപ്പ് സംവിധാനമാണ് പത്രത്തിനുണ്ടായിരുന്നത്). ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ പടിയിറങ്ങിപ്പോയ എസ്.കെ. അനന്തരാമന് പിന്നെയൊരു മാസം എറണാകുളത്തപ്പന് ക്ഷേത്രനടയില്‍ നിര്‍മമനായി ഭജനമിരുന്നത് മറ്റൊരു ചരിത്രം.
കോട്ടയത്തുനിന്ന് അക്കാലത്ത് ലീലാമേനോന് അയച്ചിരുന്ന വാര്‍ത്തകളില്‍ ഭൂരിപക്ഷവും ചരിത്രത്താളുകളിലിടം നേടി. മൂന്നാറില്‍ തൂക്കുപാലം തകര്‍ന്നു പാവപ്പെട്ട 17 കുരുന്നുകള്‍ ദാരുണമായി കൊല്ലപ്പെട്ട വാര്‍ത്ത വായിച്ച് അന്ന് പലരും വിതുമ്പി. കരുണാകരന് സര്‍ക്കാരിന്റെ തന്നെ തെരഞ്ഞെടുപ്പ് പരാജയത്തിനു കാരണമായത് ഇടുക്കി തങ്കമണിയില്‍ നടന്ന പൊലീസ് അതിക്രമത്തെക്കുറിച്ചുള്ള അവരുടെ അന്വേഷണാത്മക റിപ്പോര്‍ട്ടുകളായിരുന്നു. ഒരു പ്രലോഭനത്തിനും ഭീഷണിക്കും വഴങ്ങാതെ, തികഞ്ഞ സാമൂഹിക പ്രതിബദ്ധതയോടെ അവര്‍ എഴുതിയ എത്രയോ അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ പിന്നേയും കേരളത്തെ പിടിച്ചുലച്ചു. സുര്യനെല്ലി പെണ്‍കുട്ടിയുടെ ദുരന്തം പുറംലോകം അറിഞ്ഞത് അവരിലൂടെയായിരുന്നു.
മനക്കരുത്തും നിശ്ചയദാര്‍ഢ്യവും
1990-ല്‍ അര്‍ബുദം ആരുമറിയാതെ രണ്ടാംവരവ് നടത്തിയതായി കണ്ടെത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ ആറുമാസം മാത്രമായിരുന്നു അവര്‍ക്ക് ആയുസ് വിധിച്ചത്.
പക്ഷേ, അസാമാന്യമായ മനക്കരുത്തും നിശ്ചയദാര്‍ഢ്യവും കൊണ്ടു അവര്‍ മഹാരോഗത്തേയും കീഴ്പെടുത്തി. ജീവിതത്തിലേയ്ക്ക് മടങ്ങിവന്ന ലീലാമേനോനെ, അന്നത്തെ റസിഡന്റ് എഡിറ്റര്‍ എം.കെ. ദാസ് കൊച്ചിയില്‍ത്തന്നെ നിയമിച്ചു. കുലത്തൊഴിലായ കളിമണ്‍പാത്ര നിര്‍മ്മാണം തകര്‍ന്നടിഞ്ഞതിനെത്തുടര്‍ന്ന്, പട്ടിണിയിലും പരിവട്ടത്തിലുമായ നിലമ്പൂരിനടുത്ത അരുവാക്കോട് ഗ്രാമത്തിലെ സ്ത്രീകളുടെ ഇരുണ്ടജീവിതത്തെപ്പറ്റി എഴുതാന്‍ അവര്‍ നിയോഗിക്കപ്പെട്ടത് അക്കാലത്താണ്.
മരണക്കിടക്കയില്‍ കിടക്കുമ്പോഴും താന്‍ ഭാവിയില്‍ എഴുതാന്‍ പോകുന്ന റിപ്പോര്‍ട്ടുകളെക്കുറിച്ച് മോഹനസ്വപ്നങ്ങള്‍ നെയ്തിരുന്ന അവര്‍ക്കു അതൊരു പുനര്ജന്മം കൂടിയായിരുന്നു. പ്രഗത്ഭനായ സ്റ്റാഫ് ഫോട്ടോഗ്രാഫര്‍ ജീവന് ജോസിനേയും കൂട്ടി അവര്‍ ആ ഗ്രാമത്തിലെ വീടുകള്‍ കയറിയിറങ്ങിയത് സന്നദ്ധ സംഘടനാ പ്രവര്‍ത്തകരെന്ന നിലയിലായിരുന്നു. പുതുപണക്കാര് ലൈംഗികസുഖം തേടിയെത്തുന്ന വീടുകളിലെ കുട്ടികള്‍ വീടിനു പുറത്ത് പിമ്പുകളെപ്പോലെ കാവലിരിക്കും. ഭീകരമായ ആ അവസ്ഥയെക്കുറിച്ച് അവര്‍ എഴുതിയ സ്തോഭജനകമായ റിപ്പോര്‍ട്ടുകളാണ് ആ ഗ്രാമത്തെ പരമ്പരാഗത കളിമണ്‍പാത്ര നിര്‍മ്മാണത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാന്‍ വഴിയൊരുക്കിയത്. ജയ ജയ്റ്റിയുടേയും സന്നദ്ധ സംഘടനകളുടേയും മേല്‍നോട്ടത്തില്‍ അവരെ പുനരധിവസിപ്പിക്കാനായത് അവരുടെ മാധ്യമ ജീവിതത്തിലെ സാര്ത്ഥകമായൊരേടാണ്.
മദ്ധ്യകേരളത്തിലെ നിര്‍ദ്ധന ക്രിസ്ത്യന്‍ കുടുംബങ്ങളില്‍നിന്നു നഴ്സിങ്ങിനു പഠിപ്പിച്ച് ജോലി നല്‍കാമെന്നു പ്രലോഭിപ്പിച്ച് പാവപ്പെട്ട പെണ്‍കുട്ടികളെ ഇറ്റലിയിലെ കന്യാസ്ത്രീ മഠങ്ങളിലേയ്ക്കയച്ച ക്രൂരതകള്‍ അവരുടെ റിപ്പോര്‍ട്ടുകളിലൂടെ രാജ്യാന്തര ശ്രദ്ധ നേടി. യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നു സുവിശേഷവേലയ്ക്ക് പെണ്‍കുട്ടികളെ കിട്ടാതായപ്പോഴായിരുന്നു, മലയാളിയായ ഒരു പുരോഹിതന്റെ നേതൃത്വത്തില്‍ ഈ തട്ടിപ്പ് അരങ്ങേറിയത്. സഭ, അവസാനം അയാളെ പുറത്താക്കി. റോമിലെത്തി, നഗ്നമായി ചൂഷണത്തിനിരയായ പെണ്‍കുട്ടികളെ കാണുക കൂടി ചെയ്തു അവര്‍. ഈ കുട്ടികള്‍ വീടുകളിലേയ്ക്കയച്ച കത്തുകള്‍ ഈ റിപ്പോര്‍ട്ടുകള്‍ക്ക് വലിയ വിശ്വാസ്യത നല്കി. ചെയ്യപ്പെടുന്ന കഥകള്‍ വലിയ കോളിളക്കമുണ്ടാക്കി.
മുഖ്യമന്ത്രിയായിരുന്ന നായനാരെ കുരുക്കിലാക്കിയത് വളരെ രസകരമായൊരു കഥയാണ്. ആലപ്പുഴയ്ക്കടുത്ത് പാതിരാമണലില്‍ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട ഒരു ചടങ്ങിനു ലീലാ മേനോന് കൊച്ചിയില്‍നിന്നു പോയത്, പാരിസ്ഥിതികപ്രശ്നങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങള്‍ കിട്ടുമോ എന്ന് അന്വേഷിക്കാനാകണം. സദസ്സിനെ കണ്ട് ഹരം കയറിയ നായനാര്‍, ബെല്ലും ബ്രേക്കുമില്ലാതെ കുറച്ചു ഡയലോഗുകളടിച്ചു. ''എന്തോന്ന് ബലാത്സംഗം... അത് അമേരിക്കക്കാര്‍ക്ക് ചായ കുടിക്കുന്നതു പോലല്ലേടോ...'' എന്ന മട്ടിലായിരുന്നു. അത് അടുത്ത ദിവസ്ം ബോക്സ് ന്യൂസായി ലീലാമേനോന് റിപ്പോര്‍ട്ട് ചെയ്തതോടെ നായനാര്‍ സത്യത്തില്‍ പുലിവാലു തന്നെ പിടിച്ചു.
കൗമാരക്കാരായ ആണ്കുട്ടികളെത്തേടി ധനികരായ വിദേശവനിതകള്‍ കേരളത്തിലെത്തുന്നുണ്ടെന്ന വാര്‍ത്ത അവര്‍ക്ക് കിട്ടിയത് കൊച്ചിയിലെ ഒരു സ്റ്റാര്‍ ഹോട്ടലിലെ ജീവനക്കാരനില്‍ നിന്നായിരുന്നു. അതു പിന്തുടര്ന്നു നടത്തിയ അന്വേഷണം വെളിച്ചത്തു കൊണ്ടുവന്നത്, കോവളത്തെ ബാലലൈംഗിക റാക്കറ്റിലായിരുന്നു. ത്രസിപ്പിക്കുന്ന ഇത്തരം മാധ്യമപ്രവര്ത്തനങ്ങളാല് സമ്പന്നമായ ഈ ജീവിത കഥ, ഒന്നിച്ച് കുറച്ചുകാലം കൊച്ചിയില്‍ ജോലി ചെയ്തപ്പോഴും തൃശൂരിലും കൊച്ചിയിലും ആകാശവാണി സ്റ്റുഡിയോകളിലിരുന്നും ഞാന്‍ കേട്ടിട്ടുണ്ട്.
വാര്‍ത്തകള്‍ കണ്ടെത്താനും പ്രസാദമധുരവും അതേസമയം ശക്തവുമായ, ഒഴുക്കുള്ള ഭാഷയില്‍ എഴുതാനും അവര്‍ക്ക് പ്രത്യേക കഴിവുണ്ടായിരുന്നു. വലിയ കുങ്കുമപ്പൊട്ടും കരിമഷിയെഴുതിയ വിടര്‍ന്ന കണ്ണുകളും കുട്ടികളുടേതുപോലുള്ള നിഷ്ക്കളങ്കമായ ചിരിയും ഒരു പ്രത്യേക താളത്തില്‍ കൊഞ്ചിയുള്ള സംസാരവും അവര്‍ക്ക് എല്ലാ മേഖലയിലും വലിയൊരു സുഹൃദ്വലയം ഉണ്ടാക്കിക്കൊടുത്തു. അവരായിരുന്നു വലിയ വലിയ സ്കൂപ്പുകള് എന്നും ലീലാമേനോനു എത്തിച്ചിരുന്നത്. പത്രപ്രവര്‍ത്തന വിദ്യാര്‍ത്ഥികള്‍ക്ക് എന്നും പാഠപുസ്തകമാക്കാവുന്നതാണ് ലീലാമേനോന്റെ ഇത്തരം അസംഖ്യം റിപ്പോര്‍ട്ടുകളും ജീവിതം തന്നെയും.
സ്വതന്ത്രമായ പ്രവര്‍ത്തനം അസാദ്ധ്യമാണെന്നു തിരിച്ചറിഞ്ഞ്, ഇനി ആ അന്തരീക്ഷത്തില്‍ വീര്പ്പുമുട്ടിക്കഴിയേണ്ടെന്ന് ആ നിമിഷം തീരുമാനിച്ചു അവര്‍. നേരിടേണ്ടിവന്ന അപമാനങ്ങളെല്ലാം എണ്ണിയെണ്ണിപ്പറഞ്ഞുകൊണ്ട്, ഇടറിയ ശബ്ദത്തില്‍ 'ഇന്ത്യന്‍ എക്സ്പ്രസ്സി'ല്‍നിന്നു രാജി പ്രഖ്യാപിച്ചത് കൊച്ചി ആകാശവാണി സ്റ്റുഡിയോയില്‍ ഞാന്‍ നടത്തിയ അഭിമുഖത്തിന്റെ അവസാനമായിരുന്നു. ഞങ്ങളത് എഡിറ്റ് ചെയ്യാതെ തന്നെ പ്രക്ഷേപണം ചെയ്തു.
1992-ല്‍ ഞാന്‍ ആകാശവാണിയില്‍ ചേര്‍ന്ന ശേഷം, ആനി തയ്യിലിനും ലീലാ ദാമോദരമേനോനുമൊപ്പം പല തവണ അവര്‍ തൃശൂര്‍ നിലയത്തില്‍ വന്നിട്ടുണ്ട്.
മേരി റോയി കേസിനെക്കുറിച്ചും ഏകീകൃത സിവില്‍ കോഡിന്റെ ആവശ്യകതയെക്കുറിച്ചും സ്ത്രീപക്ഷത്തുനിന്നുകൊണ്ട്, അനുഭവസാക്ഷ്യങ്ങള്‍ നിരത്തി വീറോടെ വാദിച്ചിട്ടുണ്ട്. കൊച്ചി നിലയത്തില്‍ എപ്പോള്‍ ക്ഷണിച്ചാലും വരുമായിരുന്നു. അടുത്ത ബന്ധമുണ്ടായിരുന്ന മാധവിക്കുട്ടിയെക്കുറിച്ചുള്ള അസാധാരണമായ അനുഭവകഥകള്പോലും വ്യക്തിപരമായ സംഭാഷണങ്ങളില്‍ അവര്‍ പങ്കുവച്ചിട്ടുണ്ട്. ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സുധീരം നടന്നുപോയി, ലീലാമേനോന്.
പ്രണാമം, ലീലേടത്തിക്ക്.
(സമകാലിക മലയാളം വാരിക, ജൂൺ 16 ,2018)
1 comment:
വാര്‍ത്തകള്‍ കണ്ടെത്താനും പ്രസാദമധുരവും അതേസമയം ശക്തവുമായ, ഒഴുക്കുള്ള ഭാഷയില്‍ എഴുതാനും അവര്‍ക്ക് പ്രത്യേക കഴിവുണ്ടായിരുന്നു. വലിയ കുങ്കുമപ്പൊട്ടും കരിമഷിയെഴുതിയ വിടര്‍ന്ന കണ്ണുകളും കുട്ടികളുടേതുപോലുള്ള നിഷ്ക്കളങ്കമായ ചിരിയും ഒരു പ്രത്യേക താളത്തില്‍ കൊഞ്ചിയുള്ള സംസാരവും അവര്‍ക്ക് എല്ലാ മേഖലയിലും വലിയൊരു സുഹൃദ്വലയം ഉണ്ടാക്കിക്കൊടുത്തു. അവരായിരുന്നു വലിയ വലിയ സ്കൂപ്പുകള് എന്നും ലീലാമേനോനു എത്തിച്ചിരുന്നത്. പത്രപ്രവര്‍ത്തന വിദ്യാര്‍ത്ഥികള്‍ക്ക് എന്നും പാഠപുസ്തകമാക്കാവുന്നതാണ് ലീലാമേനോന്റെ ഇത്തരം അസംഖ്യം റിപ്പോര്‍ട്ടുകളും ജീവിതം തന്നെയും.
Post a Comment