കരിക്കോട്ടക്കരി
(നോവൽ): വിനോയ് തോമസ്
പേജ് 128, വില 130 രൂപ
ഡി.സി.ബുക്സ്
2014-ലെ ഡി.സി. കിഴക്കെമുറി ജന്മശതാബ്ദി നോവൽ മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ട കൃതിയായ ഇതിന് ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചു.വിനോയ് തോമസിൻ്റ ആദ്യ നോവലാണ്.
കരിക്കോട്ടക്കരി ഉത്തര മലബാറിൽ ഇരിട്ടിക്കടുത്ത ഒരു കുടിയേറ്റ ഗ്രാമമാണ്: തിരുവിതാംകൂറിൽ നിന്ന് ജീവിതം കരുപ്പിടിപ്പിക്കാൻ എത്തിയ അധ:സ്ഥിതരായ നവക്രൈസ്തവരുടെ, പുലയരുടെ കാനൻ ദേശം.
അവിടുത്തെ അധികാരത്തിൽ കുടുംബത്തിൻ്റെ ആദിപിതാമഹൻ ഒരു പേർഷ്യക്കാരനായിരുന്നുവത്രെ. അദ്ദേഹത്തിന് ഒരു നമ്പൂതിരി യുവ തിയിലുണ്ടായ മക്കളിൽ നിന്നാരംഭിക്കുന്നു, ഈ അഭിജാത കുടുംബ ചരിത്രം...നല്ല നിറവും ഉയരമുമുള്ളവർ. വംശശുദ്ധി കാത്തു സൂക്ഷിച്ച ഈ കുടുംബത്തിൽ,ഫീലിപ്പോസിൻ്റേയും റോസയുമ്മയുടേയും മകനായി പിറന്നു വീണു,ഒരു കറുമ്പൻ കുട്ടി .അവൻ്റെ മാമോദീസ ചടങ്ങിന് കുഞ്ഞേപ്പു വല്ല്യപ്പൻ പള്ളിയിൽ പോയില്ല.അവന് ഇറാനിമോസ് എന്ന് പേരിട്ടു. കുട്ടിയെ കണ്ട ബന്ധുക്കളും നാട്ടുകാരും അവനെ കരിക്കോട്ടക്കരിക്കാരനായി ചാപ്പ കുത്തി.
ഇറാനിമോസിൻ്റെ ജീവിതം സ്വത്വാന്വേഷണമായിരുന്നു. അപ്പനിൽ നിന്നും, സഹോദരനിൽ നിന്നും, കുടുംബ പാരമ്പര്യത്തിലൂറ്റം കൊള്ളുന്ന ബന്ധുക്കളിൽ നിന്നുമൊക്കെ, നിറത്തിൻ്റെ പേരിൽ നിരന്തരം അധിക്ഷേപിക്കപ്പെട്ട അയാൾ തൻ്റെ ജൻമരഹസ്യങ്ങൾ തേടി നടത്തുന്ന തിരച്ചിലിൻ്റെ കഥയാണിത്.പല അടരുകളുണ്ട്,ഈ ജീവിതാഖ്യാനത്തിന്.
നരകതുല്യമായ ജീവിതം നയിക്കാൻ വിധിക്കപ്പെട്ട കീഴാളരുടെ ജീവിതത്തിൽ ക്രിസ്ത്യൻ മിഷനറിമാർ ചെലുത്തിയ സ്വാധീനത്തിലൂടെ, നടന്ന മലബാറിലേക്കുള്ള കുടിയേറ്റത്തിൻ്റെ രാഷ്ട്രീയ സാമൂഹിക മാനമാണ് ഇതിൽ ഏറ്റവും പ്രധാനം. സ്വന്തം കൃഷിസ്ഥലം, കിടക്കാടം, അപമാനവീകരണത്തിൽ നിന്നുള്ള മോചനം തുടങ്ങിയ ഭൗതിക നേട്ടങ്ങൾക്കായി, മതം മാറുമ്പോഴും തലമുറമായി രക്തത്തിലലിഞ്ഞു ചേർന്ന ചില സാംസ്കാരിക മുദ്രകൾ കൂടെ കൊണ്ടു പോകുന്നവരുടെ പ്രതിസന്ധികൾ ഒരു വശത്ത്. അവരുടെ കറുപ്പ് നിറം എന്ന അശുദ്ധി എവിടെയും പിന്തുടരുന്നതിൻ്റെ സ്വത്വ പ്രതിസന്ധി മറുവശത്ത്.
നാടൻ ചാരായം വാറ്റുന്ന മങ്കുറുണിയോ നാച്ചനാണ് തൻ്റെ ജാരപിതാവെന്ന് ഇറാനി മോസ് വിശ്വസിച്ചു.അപ്പൻ വിലക്കിയിട്ടും, കരിക്കോട്ടക്കരിക്കാരനായ പുലയ ക്രിസ്ത്യാനിയായ സഹപാഠി സെബാസ്റ്റ്യനെ ഉറ്റ സുഹൃത്താക്കി. അവൻ്റെ വീട്ടിൽ നിന്ന് ഏറെ രുചിയോടെ വാട്ടുകപ്പയും പോത്തിൻ്റെ പോട്ടിയും കഴിച്ചു...
ക്രിസ്ത്യാനിയായിട്ടും, ജാതിസ്വത്വം സെബാസ്റ്റ്യനെയും പിന്തുടരുന്നുണ്ട്.
കുടിയേറ്റ മലയോര ജീവിതത്തിൻ്റെ എല്ലാ അംശങ്ങളിലേക്കും ഇറങ്ങി ചെല്ലുന്ന പച്ചയായ, ധീരമായ ആഖ്യാനങ്ങളാണ് ഈ നോവലിൻ്റെ മറ്റൊരു തലം.സെബാസ്റ്റ്യനുമായി അയാൾക്കുള്ളത് മാനസിക അടുപ്പം മാത്രമല്ല: അവർ സ്വവർഗ്ഗ രതി ലീലകളിലുമഭയം കണ്ടെത്തുന്നുണ്ട്. സ്വന്തം സഹോദരനായ സണ്ണി ച്ചേട്ടായിയാണ് അവനെ 'എ' പടങ്ങളും, സിനിമാ നടിയുടെ കുളിസീനും കാണാൻ കൊണ്ടു പോകുന്നത്.
കുടിയേറ്റ ജീവിതത്തിൻ്റെ വന്യതകളിലേക്ക് ആഴത്തിൽ സഞ്ചരിക്കുന്ന ആഖ്യാനങ്ങളാൽ സമ്പന്നമാണ് ഈ നോവൽ .ഇറാനിയോസിൻ്റെ അപ്പൻ കുട കു വനത്തിൽ പന്നിവേട്ടക്ക് പോകുന്നതിൻ്റേയും, കരിക്കോട്ടക്കരിയിലെ വടംവലി മത്സരത്തിൻ്റേയും,കപ്പവാട്ട് കല്ലാണത്തിൻ്റെയും,ജോണിപ്പാപ്പൻ്റെ മീൻ വേട്ടയുടെയും വിവരണങ്ങൾ വായനയെ മറക്കാത്ത അനുഭവങ്ങളാക്കാൻ ത്രാണിയുള്ളവയാണ്.
അഗമ്യഗമനങ്ങൾ അനവധി.അവസാനം, ദുഃഖവെള്ളിയാഴ്ച രാത്രി, സ്വന്തം സഹോദരി എമിലി ചേച്ചിയുമായുള്ള രതി ലീല കയ്യോടെ പിടിച്ച വല്യപ്പച്ചൻ അമ്മയോട് പഞ്ഞതിങ്ങനെ: ''അവൻ്റെ മുന്നീന്ന് മാറി നില്ക്ക് .ഈ കരിമ്പൊലയനു് അമ്മേം പെങ്ങളുമില്ല".
_ അയാൾ എത്തിയത് കരിക്കോട്ടക്കരിയുടെ മോശയായ നിക്കോളാസച്ചൻ്റെ അടുത്തേക്ക്. ആഢ്യരുടെ സല്ക്കാരങ്ങൾ നിരസിച്ച്, ആലപ്പഴയിലെ പുലയരുടെ ചാളകളിൽ വിരുന്നുപോയ ഈ വിദേശ പാതിരിയാണ് തെരുവപ്പുല്ലുകൾ നിറഞ്ഞ കാലാങ്കി മലയിലെ കരിക്കോട്ടക്കരിയിലേക്ക് ഇവരെ മാമോദീസ മുക്കി കൊണ്ടുവന്നത് .
സ്വന്തം ഭൂമിയിൽ വിയർപ്പൊഴുക്കി നൂറു മേനി വിളയിച്ച് ,ആഹ്ലാദത്തോടെ അവിടെ കഴിഞ്ഞവർക്ക് നിക്കോളാച്ചൻ വിമോചകനായിരുന്നു.നിസ്വരെ സ്നേഹിക്കാൻ ജീവിതം ഉഴിഞ്ഞുവച്ച ഈ ഇടയൻ അവിസ്മരണീയ കഥാപാത്രമാണ്.
അയാൾ അച്ചൻ്റെ സഹായിയായി ഒപ്പം ചേർന്നു.പക്ഷേ, അപ്പോഴും അയാൾ അസ്വസ്ഥനായിരുന്നു.
ക്രിസ്ത്യാനിയാകാതെ നിന്ന ചാഞ്ചൻ വല്യച്ചൻ എന്ന ജീവസ്സുറ്റ മറ്റൊരു കഥാപാത്രമുണ്ട്, കരിക്കോട്ടക്കരിയിൽ. സെമിത്തേരിയിൽ അടക്കം ചെയ്യപ്പെട്ട തൻ്റെ കാരണവൻമാർക്കും മക്കൾക്കും കരിങ്കോഴിയുടെ തലയറുത്ത്, കുരുതി ചെയ്യുന്നുണ്ട്,അയാൾ.
ഒരിക്കൽ നാട് ഭരിച്ച ചേരമരുടെ പിൻഗാമികളാണന്ന് നട്ടെല്ല് നിവർത്തി, പ്രഖ്യാപിക്കുന്നുമുണ്ട് ,അയാൾ.
സന്ധ്യാനാമം ചൊല്ലുന്ന മരുമകളോട് വല്യച്ചൻ അലറുന്നതിൽ അയാളുടെ സർവ്വസ്വത്വബോധവും അടങ്ങിയിരിക്കുന്നു: "ചേരമനെവിടാടീ പൊലയാടിച്ചികളെ, നെലവെളക്ക്? "രാമ രാമ'' ..ആരാ അവൻ? ചേരമരുടെ കാർന്നോമ്മാരുടെ പേര് ആതന്നെന്നും ആയിന്നും ആതീന്നുമൊക്കെയാ. വിളിക്കുന്നെങ്കി, അവരെ വിളിക്കെടീ".
ഇറാനിമോസിൻ്റെ അന്വേഷണങ്ങൾക്കവ സാനം,അഭിമാനത്തോടെ അവൻ തിരിച്ചറിഞ്ഞു;താൻ പുലയനാണ്.തൻ്റെ പൂർവ്വപിതാവ് ആലപ്പുഴയിലെ ചേരക്കുടിയിലെ കരിമ്പൻ പുലയനായിരുന്നു! അംബേദ്കറിസ്റ്റ് പുതു രാഷ്ട്രീയോദയത്തിൻ്റെ സൂചനകളിലാണ് നോവൽ അവസാനിക്കുന്നത്.
അങ്ങന,ശക്തമായ രാഷ്ട്രീയ അന്തർധാരയയുള്ള നോവലാണ് 'കരിക്കോട്ടക്കരി'. തിരുവിതാംകൂറിലെയും ഉത്തര മലബാറിലെയും നാട്ടുഭാഷയുടെ സമന്വയം ആഖ്യാനത്തിന് അപൂർവ്വ ചാരുത നൽകുന്നുണ്ട്. വളച്ചുകെട്ടില്ലാത്ത യഥാതഥാഖ്യാനത്തിൻ്റെ അനർഗ്ഗളമായ ഒഴുക്കിനു് പക്ഷേ, അവസാന അദ്ധ്യായങ്ങളിലെ സംഭാഷണങ്ങൾ വിഘാതം സൃഷ്ടിക്കുന്നുണ്ട്. പ്രൊഫഷണൽ നാടകങ്ങളിലെ അതിഭാവുകത്വം നിറഞ്ഞ ഡയലോഗുകൾക്ക് സമാനമാണവ. ആദ്യ നോവൽ എന്ന നിലയിൽ ഇത് നമുക്ക് ക്ഷമിക്കാം.
1 comment:
കുടിയേറ്റ ജീവിതത്തിൻ്റെ വന്യതകളിലേക്ക് ആഴത്തിൽ സഞ്ചരിക്കുന്ന ആഖ്യാനങ്ങളാൽ സമ്പന്നമാണ് ഈ നോവൽ .ഇറാനിയോസിൻ്റെ അപ്പൻ കുട കു വനത്തിൽ പന്നിവേട്ടക്ക് പോകുന്നതിൻ്റേയും, കരിക്കോട്ടക്കരിയിലെ വടംവലി മത്സരത്തിൻ്റേയും,കപ്പവാട്ട് കല്ലാണത്തിൻ്റെയും,ജോണിപ്പാപ്പൻ്റെ മീൻ വേട്ടയുടെയും വിവരണങ്ങൾ വായനയെ മറക്കാത്ത അനുഭവങ്ങളാക്കാൻ ത്രാണിയുള്ളവയാണ്.
Post a Comment