“വെള്ളം
വെള്ളം സർവത്ര.പക്ഷേ കുടിക്കാനിത്തിരി പോലും വെള്ളമില്ല”എന്ന് ഒരു
പഴമൊഴിയുണ്ടു.അത് കുട്ടനാട്ടുകാരെക്കുറിച്ചാണു. അതേ അവസ്ഥയാണു
കേരളീയരുടേത്.എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും മാദ്ധ്യമങ്ങൾ.കിടപ്പാടമില്ലാത്തവർക്ക്
പോലും ഏതെങ്കിലുമൊരു മാദ്ധ്യമവുമായി ബന്ധമുണ്ടാകും;ഒരു പോക്കറ്റ് റേഡിയോ
എങ്കിലും അവർക്കുമുണ്ടാകും.
ഇത്രയധികം മാദ്ധ്യമസാന്ദ്രത(media density)ഉള്ള
ഭൂപ്രദേശം ലോകത്തു തന്നെ ഉണ്ടാവില്ല. ഇന്ത്യയിൽ ഏറ്റവുമധികം പ്രചാരമുള്ള
20 പത്രങ്ങളിൽ രണ്ടെണ്ണം കേരളത്തിലാണു.മുപ്പതോളം ടി.വി ചാനലുകൾ.അസംഖ്യം
പ്രാദേശിക ചാനലുകൾ.ഇനിയും അവയുടെ സംഖ്യ പെരുകിക്കൊണ്ടിരിക്കും.സ്വകാര്യ
എഫ്.എമ്മും കമ്മ്യൂണിറ്റി റേഡിയോനിലയങ്ങളുമടക്കം നാൽപ്പതോളം റേഡിയോ ചാനലുകൾ. ഇൻ്റർനെറ്റ് റേഡിയോചാനലുകളും പോഡ്കാസ്റ്റുകളും. അസംഖ്യം ന്യൂസ് പോർട്ടലുകൾ,യൂട്യൂബ് ചാനലുകൾ.....എണ്ണമറ്റ
ആനുകാലികങ്ങൾ.പിന്നെ ഇന്റർനെറ്റ്.3.33 കോടി ജനസംഖ്യയുള്ള സംസ്ഥാനത്ത്
ഏതാണ്ട് അത്രയും തന്നെ മൊബൈൽ ഫോണുകൾ......ഈ മാദ്ധ്യമപ്രളയത്തിനു നടുവിൽ
മുങ്ങിനിൽക്കുന്ന കേരളീയർ മാദ്ധ്യമസാന്ദ്രതയിൽ അമേരിക്കയടക്കമുള്ള ഒന്നാം
ലോകരാജ്യങ്ങളെ തന്നെ പിന്തള്ളിയെന്ന ശുഭവാർത്ത അടുത്തുതന്നെ പുറത്ത്
വന്നേക്കും.അപ്പോൾ,ഇത്രയും കാര്യവിവരമുള്ള ഒരു ജനസമൂഹം ലോകത്തെവിടെയും
ഉണ്ടാകാനിടയില്ല.എന്തു കാര്യത്തെക്കുറിച്ചും നമ്മൾ അപ്പപ്പോൾ തന്നെ എല്ലാം
അറിയേണ്ടതാണു.പക്ഷേ,സത്യം ഇതാണോ?
ഉയർന്ന മാദ്ധ്യമസാന്ദ്രതയും,സാക്ഷരതയും,വിദ്യാഭ്യാസനിലവാരവും,രാഷ്ട്രീയാവബോധവുമുള്ള
ഒരു ജനത ഈ വെള്ളിവെളിച്ചങ്ങൾക്കിടയിലും അജ്ഞാനാന്ധകാരത്തിൽ
കഴിയുന്നുവെന്ന് പറഞ്ഞാൽ അതൊരു അത്യുക്തിയായെ കണക്കാക്കൂ
എന്നറിയാം.അവരോടിനി ഒരു ചോദ്യം ചോദിക്കാനുണുണ്ട്-മത ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള കേന്ദ്രസ്കോളർഷിപ്പുകൾക്ക് കേരളത്തിൽ നിന്നുംവേണ്ടത്ര അപേക്ഷകർ ഇല്ലാതെപോകുന്നു എന്നൊരു
വാർത്ത നിങ്ങളിൽ എത്രപേരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്?ഞാൻ ഇത് വായിച്ച്
ഞെട്ടിപ്പോയി.രാവിലെ കണ്ണുതുറന്നെണീക്കുമ്പോൾ മുതൽക്കുള്ള എല്ലാകാര്യങ്ങളും
മാദ്ധ്യമങ്ങളാൽ നിയന്ത്രിക്കപ്പെടുന്നവർക്കിടയിലേക്ക്, അവർക്ക്
പ്രയോജനപ്പെടുന്ന ഇത്തരം ഉപകാരപ്രദങ്ങളായ വിശേഷങ്ങൾ എങ്ങനെ എത്താതെ
പോകുന്നു?പത്രങ്ങൾക്കു മുന്നിൽ കമിഴ്ന്നു കിടക്കുന്നവരും,ടെലിവിഷൻ
സെറ്റുകൾക്കുമുന്നിൽ കുത്തിയിരുന്ന് കണ്ണീർവാർക്കുകയും കിനാവുകാണുകയും
ചെയ്യുന്നവരും,റേഡിയോ ചെവിയിൽ വെച്ച് അടിപൊളിപ്പാട്ടും കൊച്ചുവർത്തമാനവും
കേട്ടുകൊണ്ടിരിക്കുന്നവരും,സദാ മൊബൈലിൽ സൊറപറയുകയും എസ്.എം.എസ് അയച്ചും
വായിച്ചും രസമ്പിടിക്കുകയും ചെയ്യുന്നവർ എന്തുകൊണ്ടാണു ഇത്തരം വാർത്തകൾ
അറിയാതെ പോകുന്നത്?അതിനു ഇങ്ങനെയൊരു പഴഞ്ചൊല്ല് പറഞ്ഞാലേ കൃത്യമായ ഉത്തരം
കണ്ടെത്താനാകൂ.’ഉറങ്ങുന്നവരെ ഉണർത്താം.പക്ഷേ,ഉറക്കം നടിക്കുന്നവരെ
ഉണർത്താനാകില്ല”.
ദിനപത്രങ്ങൾ ഈ വാർത്തകളൊക്കെ
അകപ്പേജുകളിൽ അപ്രധാനമായിട്ടാണെങ്കിലും നൽകുന്നുണ്ടു.ആകാശവാണിയും ദൂരദർശനും
ഇത്തരം വികസനോന്മുഖവാർത്തകൾക്ക് പണ്ടു മുതൽക്കേ അർഹമായ പ്രാധാന്യം
നൽകിപ്പോരുന്നുണ്ടു.പക്ഷേ മറ്റ് മാദ്ധ്യമങ്ങൾ,പ്രത്യേകിച്ച് സ്വകാര്യ
ടെലിവിഷൻ ചാനലുകൾ,എല്ലാ സാമൂഹികപ്രതിബദ്ധതയും,മാദ്ധ്യമധർമ്മവും
വിസ്മരിച്ച് വികസനവാർത്തകൾ ചവറ്റുകുട്ടയിൽ തള്ളുകയാണു.വൈകുംനേരങ്ങളിൽ
കേരളീയരിൽ ബഹുഭൂരിപക്ഷവും ഈ ടി.വി ചാനലുകൾക്കു മുന്നിൽ
ചടഞ്ഞിരുപ്പാണു.മെഗാഷോകളും,കണ്ണീർ സീരിയലുകളും,റിയാലിറ്റി
ഷോകളും,‘ബ്ലാ,ബ്ലാ’കളുമാണു ഇവയുടെ വിഭവങ്ങൾ.അവ വാരിവലിച്ച് കേറ്റി അജീർണ്ണം
പിടിച്ചുകഴിയുന്നവരാണു ഭൂരിപക്ഷം പേരും.
വാർത്തകളോ വാർത്താധിഷ്ഠിതപരിപാടികളൊ ഇടയ്ക്ക് വരുമ്പോൾ
,സിനിമാതീയറ്ററിലെ ഇന്റർവൽ പോലെ, പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും,ചായയും
പലഹാരവും കഴിക്കാനും പുറത്തേക്കിറങ്ങുന്നതാണു ശീലം.ഇവർക്ക് കഷ്ടിച്ച്
തങ്ങളുടെ എം.എൽ.എയുടേയോ എം.പിയുടേയോ ഏതാനും മന്ത്രിമാരുടെയോ പേരു
അറിയാമായിരിക്കും.അതിൽ ഒതുങ്ങുന്നു,ഇവരുടെ ലോകവിജ്ഞാനം.പക്ഷെ ,ഇവരെല്ലാം ഒരുകാര്യത്തിൽ സർവവിജ്ഞാനകോശങ്ങളാണു-വാക്കിങ്ങ് എൻസൈക്ലോപീഡിയ.സിനിമയിലെ
ഏത് മൂന്നാംകിട നടന്റേയോ നടിയുടേയോ അടുക്കള വിശേഷങ്ങൾ വരെ ഏത് ഉറക്കത്തിൽ
നിന്ന് വിളിച്ചുണർത്തി ചോദിച്ചാലും കിളി-കിളി പോലെ
പറയും.ഓണത്തിനും,റംസാനും,നബിദിനത്തിനും,ക്രിസ്മസിനുമെല്ലാം ഈ ടെലിവിഷൻ
ചാനലുകൾ വിളമ്പുന്നത് സിനിമ-സിനിമ മാത്രം.എല്ലാ വിശേഷാവസരങ്ങളിലും
അതിഥികളായി എത്തി വിശേഷം പങ്കുവെക്കുന്നവർ സിനിമാ നടന്മാരും നടികളും
മാത്രം.ഇവരുടെ കൂതറവർത്തമാനങ്ങളാൽ മലീമസമാണു നമ്മുടെ ഗൃഹസദസുകൾ.അമ്മമാർ ഈ
വിഷം കുട്ടികളിലൂടെ പിന്തലമുറകളിലേക്കും പകരുന്നു.
നോക്കുക- നമ്മുടെ കുട്ടികളിൽ ദിവസവും
പത്രങ്ങളുടെ തലവാചകങ്ങളെങ്കിലും വായിക്കുന്നവർ എത്രപേരുണ്ട്?നിർബൻഹിച്ചാൽ
അവർ സ്പോർട്ട്സ് പേജ് മറിച്ചു നോക്കിയിട്ട് പത്രം
ദൂരേക്കെറിയും.സി.ബി.എസ്.ഇ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ സാമൂഹികബോധം
ഇക്കാരണത്താൽ പരിതാപകരമാണു.അവർക്ക് കേരളീയ ജീവിതത്തെ മാറ്റിമറിച്ച
മത-സാമൂഹിക-രാഷ്ട്രീയ നേതാക്കളെക്കുറിച്ച് ഒന്നുമറിയില്ല.നമ്മുടെ
ചരിത്രത്തേയോ സംസ്കൃതിയേയോ,പൈതൃകത്തയോ കുറിച്ച് തികച്ചും
അജ്ഞരാണവർ.’സ്വന്തം കാര്യം സിന്ദാബാദ്’എന്നതാണു അവരുടെ
ആപ്തവാക്യം.മറ്റുള്ളവരോടു ദയയും കാരുണ്യവും സഹാനുഭൂതിയുമൊന്നും
അവർക്കുണ്ടാകില്ല.അപകടകരമായ അരാഷ്ട്രീയവത്കരണമാണു
അവർക്കിടയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
മണ്ണിന്റെ
മണമുള്ള നമ്മുടെ സാഹിത്യം അവർക്ക് അജ്ഞാതമാണു.ഇവിടുത്തെ
സാമൂഹികബന്ധങ്ങളെക്കുറിച്ചോ അതിലുണ്ടായ പരിണാമങ്ങളെക്കുറിച്ചോ
ഒന്നുമറിയാത്ത ഒരു തലമുറക്കു മുന്നിൽ ഏം.ടിയുടേയ്യും,ബഷീറിന്റേയും,ഉറൂബിന്റേയും
മഹദ്കൃതികളൊന്നും നിലനിൽക്കുകയില്ല.അടിപൊളി ജീവിതം നയിക്കുന്ന അവരോട്
ആരാണു പറഞ്ഞുകൊടുക്കുക-നിങ്ങൾക്ക് ഐസ്ക്രീമും,പിസയും,ഷേക്കും,ക്രീമും,പുഡിങ്ങും,ജ്യൂസുമൊക്കെ
ഉണ്ടാക്കാനുള്ള പാലും പഴവും വെജിറ്റബിൾസുമൊക്കെ ഉല്പാദിപ്പിക്കാൻ വേണ്ടി
നേരം പര-പരാ വെളുക്കുമ്പോൾ എണീറ്റ് കാലിത്തൊഴുത്തിലും,പറമ്പിലും പാടത്തും
എല്ലുമുറിയെ പണിയെടുക്കുന്ന വലിയൊരു ജനസമൂഹം തങ്ങളുടെ
ചുറ്റുമുണ്ടെന്നു?നിങ്ങളുടെ ജീവിതം ദുർഗന്ധപൂരിതമാകാതിരിക്കാനും
സുന്ദരസുരഭിലമാക്കാനും വേണ്ടി തോട്ടിപ്പണി ചെയ്യുന്ന ലക്ഷക്കണക്കിനു കുടുംബശ്രീവനിതകൾ നിങ്ങളൂടെ പിന്നാമ്പുറത്തു തന്നെ ജീവിതം തള്ളി നീക്കുന്നുണ്ടെന്ന്?ബഹുഭൂരിപക്ഷം
വരുന്ന ഈ ജനവിഭാഗങ്ങളുടെ ദൈനംദിന ജീവിതത്തിനുപകരിക്കുന്ന ഒരൊറ്റക്കാര്യവും
സ്വകാര്യചാനലുകളുടേയോ,എഫ്.എം റേഡിയോ നിലയങ്ങളുടേയോ ഒരു പരിപാടിയിലും
വരാത്തതെന്തെന്ന് ആരെങ്കിലും ഇന്നേവരെ ചോദിച്ചിട്ടുണ്ടോ?അവർക്കുവേണ്ടിയുള്ള
വിജ്ഞാനവ്യാപനം എന്തേ ഈ മാദ്ധ്യമങ്ങളൊന്നും ഏറ്റെടുക്കാത്തത്?നമ്മളെ പാലും
പഴവും ചോറും തന്ന് ഊട്ടുന്ന കർഷകർക്കുവേണ്ടി എന്തേ ഇവർ ഒരു ശതമാനം സമയം
പോലും നീക്കിവെക്കുന്നില്ല? അവിടെയാണു പൊതുജനസേവന പ്രക്ഷേപകർ എന്ന നിലയിൽ
ആകാശവാണിയും ദൂരദർശനും പസക്തമാകുന്നത്.അവയൊക്കെ പഴഞ്ചനല്ലേ,ഇക്കാലത്ത് ആരു
“വയലും വീടും “പോലുള്ള പരിപാടികൾ കേൾക്കും?എന്ന് പുച്ഛത്തോടെ
ചോദിക്കുന്നവരുണ്ടു.അവർ ’പൊട്ടക്കുളങ്ങളിലെ പുളവൻ,ഫണീന്ദ്രന്മാർ” ആകുന്നു
എന്നാണു ഉത്തരം.തങ്ങൾ വ്യാപരിക്കുന്ന പരിവൃത്തത്തിലേക്ക് ലോകത്തെ
ചുരുക്കുന്ന കടുമണി സുൽ ത്താന്മാരാണവർ.
അവരാണു സാക്ഷര അജ്ഞാനികൾ.ഹൈടെക്ക് നിരക്ഷരകുക്ഷികൾ.അവർ ഏതോ മായിക ലോകത്തെ മയാവിഭ്രമങ്ങളിലാണു.അവരൊന്നും അറിയുന്നില്ല.മാദ്ധ്യപ്രളയത്തിലും അവരിനിയും പൊട്ടരായിത്തന്നെ തുടരും!!
No comments:
Post a Comment