Search This Blog
Saturday, 25 December 2021
ആണും പെണ്ണും ഒരേ ബെഞ്ചിലിരുന്ന് പഠിച്ചാൽ ..../ ഡി.പ്രദീപ് കുമാർ
Thursday, 16 December 2021
സ്ത്രീവസ്ത്രധാരണത്തിൻ്റെ രാഷ്ട്രീയം
2002 ആഗസ്റ്റിൽ ഇറങ്ങിയ ‘മാതൃഭൂമി’ ഓണപ്പതിപ്പിൽ എഴുതിയ ലേഖനമാണു ‘സ്ത്രീവസ്ത്രധാരണത്തിൻ്റെ രാഷ്ട്രീയം’.
അതിനു ഏതാനും മാസങ്ങൾക്ക് മുൻപ് ,ആകാശവാണിയുടെ കേരളത്തിലെ എല്ലാ നിലയങ്ങളും പ്രക്ഷേപണം ചെയ്ത ‘സ്ത്രീശക്തി’ പരമ്പരയിൽ ,അന്ന് ദേവികുളം നിലയത്തിനു വേണ്ടി ഞാൻ ഇതേപേരിൽ ഒരു പ്രത്യേക പരിപാടി ചെയ്തിരുന്നു.
2007 ജനുവരിയിൽ ഇറങ്ങിയ എൻ്റെ ആദ്യപുസ്തകങ്ങളിലൊന്നായ ‘സൂക്ഷ്മദർശിനി’യിൽ ഉൾപ്പെടുത്തിയ ഈ ലേഖനത്തിൻ്റെ ഫോട്ടോയാണു ഇതോടൊപ്പം.
ലിംഗഭേദമില്ലാത്ത #ജെൻഡർന്യൂട്രൽയൂണീഫോം ബാലുശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടപ്പിലാക്കിയതിൻ്റെ പശ്ചാത്തലത്തിൽ ഈ ലേഖനം വീണ്ടും വായിക്കുമല്ലോ...
Monday, 6 December 2021
ബീന വീണ്ടും കാണേണ്ടത്.....
1991 ഡിസംബർ 26നു സോവിയറ്റ് യൂണിയൻ ചരിത്രത്തിലേക്ക് പിൻവാങ്ങിയപ്പോൾ, ആ യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാനാകാത്തവരായിരുന്നു രാജ്യത്തിനു പുറത്തുള്ളവരിലേറെയും. ആ പതനം വലിയൊരാഘാതമായിരുന്നു. ഒരു പറുദീസാനഷ്ടം. സമത്വസുന്ദരമായൊരു ലോകസങ്കൽപ്പത്തിന്റെ തകർച്ചയായിരുന്നു അത്.ഭൂപടത്തിൽനിന്നൊരു രാഷ്ട്രം അപ്രത്യക്ഷമായ ആ ഭൗതികനഷ്ടത്തെക്കാളുപരി, അത് ഒരു മാവേലിനാടിനെക്കുറിച്ചുള്ള കല്പനിക സങ്കൽപ്പങ്ങളെപ്പോലും അസാധുവാക്കി.
Sunday, 5 December 2021
എന്റെ ആകാശവാണിക്കാലം-10:എബ്രഹാം ജോസഫ്, ടി.സത്യനാഥൻ
' എന്റെ ആകാശവാണിക്കാലം' പത്താം ഭാഗത്തിൽ,2021 ഡിസംബർ 4 ശനിയാഴ്ച രാത്രി 7 മണിക്ക്, ക്ലബ്ബ് ഹൗസ് മീഡിയ റൂമിൽ, മുതിർന്ന കാർഷിക പ്രക്ഷേപകരായ എബ്രഹാം ജോസഫും ടി.സത്യനാഥനും തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു.
1971-ൽ , തൃശൂർ നിലയത്തിൽ 'വയലും വീടും ' പരിപാടിയുടെ ഫീൽഡ് അസിസ്റ്റന്റായാണ് ടി. സത്യനാഥന്റെ ആകാശവാണി ജീവിതം ആരംഭിക്കുന്നത്. അന്ന് പൂങ്കുന്നത്തെ പഴയ ഒരു തറവാട്ടിലായിരുന്നു , ആകാശവാണിയുടെ ഓഫീസ്.പി.നാരായണരാജ ആയിരുന്നു അന്ന് ഫാം റേഡിയോ ഓഫീസർ . രാമവർമപുരത്തെ സ്റ്റുഡിയോയിലേക്ക്, ദിവസവും ഒരു ഒരു വണ്ടി പോകും. അവിടെ , ലൈവ് അനൗൺസ്മെന്റ് നൽകാനായി ഒരു ബൂത്തുണ്ടായിരുന്നു. പ്രക്ഷേപണമുള്ളപ്പോൾ , പരിപാടികൾ ശബ്ദലേഖനം ചെയ്യാനോ നിർമ്മിക്കാനോ കഴിയുമായിരുന്നില്ല. ഇടവേളകളിലാണ് അവ നടത്തിയിരുന്നത്. മള്ളൂർ രാമകൃഷ്ണനും ഗായിക വിമല ബി. വർമ്മയും 'വയലും വീടും' വിഭാഗത്തിൽ ഉണ്ടായിരുന്നു .പിന്നീട്, ഫാം റേഡിയോ ഓഫീസറായി കെ. ആർ കുറുപ്പ് ചുമതലയേറ്റു.
ആദ്യ കാലങ്ങളിൽ കാർഷിക പരിപാടികൾ മാത്രമാണ് ഉണ്ടായിരുന്നത്. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് മുതൽ ആലപ്പുഴ ജില്ലയിലെ പന്തളം വരെ നീണ്ടുകിടക്കുന്ന പ്രദേശങ്ങളിൽ ശബ്ദ ലേഖനത്തിന് പോയ അനുഭവങ്ങൾ അദ്ദേഹം വിവരിച്ചു.' ഒ.ബി' എന്ന് അറിയപ്പെടുന്ന, സ്റ്റുഡിയോയ്ക്ക് പുറത്ത് നിന്നുള്ള തന്റെ ആദ്യത്തെ ശബ്ദലേഖനം പാലക്കാട് നഗരത്തിലെ ഒരു ക്ഷീരകർഷകന്റെ പ്രഭാഷണമായിരുന്നു.പത്ത് മിനിറ്റോളം മാത്രം വരുന്ന അത് എടുക്കാൻ ഒരു മണിക്കൂറിലേറെ ബുദ്ധിമുട്ടി. കാർഷിക വിജ്ഞാന വ്യാപനപ്രവർത്തനങ്ങൾക്കായി യു.എൻ.ഡി.പി നൽകിയ ജീപ്പും ടേപ്പ് റിക്കാർഡറും ടേപ്പുകളും ആയിരുന്നു അന്ന് ഉണ്ടായിരുന്നത്.സ്ഥിരമായി ഒരു ഡ്രൈവറും ഉണ്ടായിരുന്നു. ഗ്രാമഗ്രാമാന്തരങ്ങളിൽ സഞ്ചരിച്ച്,മൂന്നാല് ദിവസം തുടർച്ചയായി ശബ്ദലേഖനങ്ങൾ എടുക്കും. മടങ്ങുമ്പോൾ മിക്കപ്പോഴും അത് രണ്ടാഴ്ചത്തേക്കുള്ള പ്രക്ഷേപണത്തിനുണ്ടാകും.
ആദ്യ കാലങ്ങളിൽ ഓരോ വികസന ബ്ലോക്കിലേയും കൃഷി വികസന ഓഫീസർ മാരുമായി സഹകരിച്ചിരുന്നു കർഷകരുടേയും മറ്റും ശബ്ദലേഖനങ്ങൾ എടുത്തിരുന്നത്. പിന്നീട്, ഊർജ്ജിത നെൽകൃഷി വികസനത്തിനായി നിയമിക്കപ്പെട്ട ഉദ്യോഗസ്ഥന്മാർ മുഖേന കർഷകരുമായും ഐ.ആർ.ഡി.പി പരിപാടികളുടെ ഗുണഭോക്താക്കളുമായും ധാരാളം അഭിമുഖങ്ങൾ നടത്തി. 'വയലും വീടും' പരിപാടിയുടെ വാർഷിക ആഘോഷങ്ങൾ വലിയ ജനകീയ ഉത്സവങ്ങൾ ആയിരുന്നു. അമ്പലപ്പുഴയിൽ നടത്തിയ അത്തരമൊരു വാർഷികമാണ് ടി.സത്യനാഥന്റെ ആദ്യത്തെ അനുഭവം. കൃഷിപാഠ പരമ്പരകൾ ആരംഭിച്ചതോടെ, മിക്ക ഗ്രാമങ്ങളിലും കർഷക ചർച്ചാവേദികൾ ഏറെ സജീവമായി. പരിപാടികൾ ഏകോപിപ്പിക്കാനായി കൃഷി വകുപ്പിൽ ആദ്യം റേഡിയോ സ്പെഷ്യലിസ്റ്റുകൾ തന്നെ ഉണ്ടായിരുന്നു. കൃഷിപാഠ പരമ്പരകൾ കേട്ട് , നിലയത്തിലേക്ക് അഭിപ്രായങ്ങൾ അയയ്ക്കാൻ കർഷകർക്ക് ഇൻലന്റുകൾ നൽകിയിരുന്നു.
1974-ൽ ഫാം റേഡിയോ റിപ്പോർട്ടർ ആയി പ്രമോഷൻ ലഭിച്ച് കോഴിക്കോട് എത്തി.മഹാരഥന്മാരുടെ നടുവിൽ ആയിരുന്നു പിന്നീടുള്ള ആകാശവാണി ജീവിതം . ഉറൂബ്, അക്കിത്തം, കക്കാട് ,തിക്കോടിയൻ, കെ.എ കൊടുങ്ങല്ലൂർ തുടങ്ങിയവരെല്ലാം ഇരുന്ന വലിയൊരു ഹാളിലായിരുന്നു,'വയലും വീടും' വിഭാഗവും. "അവരെക്കാണാൻ വരുന്ന എഴുത്തുകാരുമായി പരിചയത്തിലായി. കെ.കെ കുര്യനായിരുന്നു ഫാം റേഡിയോ ഓഫീസർ . അദ്ദേഹത്തെ മുൻപ് പരിചയമുണ്ടായിരുന്നു. തൃശ്ശൂർ ജില്ലയിൽ കൃഷി ഓഫീസർ ആയിരിക്കുമ്പോൾ ഞാൻ അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്തിരുന്നു.അദ്ദേഹം വലിയ ഒരു സംഘാടകനായിരുന്നു . പൊതുജനങ്ങൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ തുടങ്ങിയവരുമായി വലിയ ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. 'വയലും വീടും' പരിപാടികളുടെ വാർഷികാഘോഷങ്ങൾക്ക് വളരെയധികം പ്രചാരം കിട്ടിയത് ഈ ജനബന്ധം കാരണമായിരുന്നു.മാനന്തവാടിയിലെ വാർഷിക ആഘോഷത്തിന് നടത്തിയ കാർഷിക പ്രദർശനത്തിന് ടിക്കറ്റ് വച്ചായിരുന്നു പ്രവേശനം. ജനത്തിരക്ക് കാരണം, ടിക്കറ്റ് നൽകുന്നത് അവസാനം നിർത്തിവെക്കേണ്ടിവന്നു ". കടുത്ത തണുപ്പിലും വലിയ ജനക്കൂട്ടം എല്ലാ ദിവസവും വാർഷിക ആഘോഷങ്ങളിൽ പങ്കെടുത്തതായി അദ്ദേഹം ഓർക്കുന്നു.
കൂരാച്ചുണ്ടിൽ ഫാക്ടിന്റെ സഹകരണത്തോടെ നടത്തിയ 'വയലും വീടും' വാർഷികാഘോഷം ഉദ്ഘാടനം ചെയ്തത് അന്നത്തെ കേരള ഗവർണർ ജ്യോതി വെങ്കിടാചലമായിരുന്നു. "ഗവർണർ വരുന്നത് പ്രമാണിച്ച് ,തകർന്നു കിടന്ന കക്കയം - കൂരാച്ചുണ്ട് റോഡ് അധികൃതർ തിരക്കിട്ട് നന്നാക്കി ". ഗ്രാമീണ സ്ത്രീകൾക്ക് വേണ്ടിയുള്ള 'ഗ്രാമരംഗം', കാർഷികമേഖല വാർത്തകൾ തുടങ്ങിയ പുതിയ പരിപാടികൾ ആരംഭിച്ച്, കാർഷിക പ്രക്ഷേപണത്തിന്റെ സമയം വർദ്ധിപ്പിച്ചത് ഇക്കാലത്താണ് . അതെ തുടർന്ന് ഒരു ഫാം റേഡിയോ റിപ്പോർട്ടർ കൂടി നിയമിക്കപ്പെട്ടു - എൻ. സെയ്തലവി . 1989 സെപ്റ്റംബറിൽ ഫാം റേഡിയോ ഓഫീസറായി പ്രമോഷൻ ലഭിച്ച് തൃശ്ശൂർ നിലയത്തിൽ തിരിച്ചെത്തി."വി.ശശികുമാറും കെ.കെ കുര്യനും ഉണ്ടാക്കിയെടുത്ത ജനബന്ധം ഏറെ സഹായകരമായിരുന്നു. അവർ വിത്ത് വിതച്ചത് കൊയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായി". ഭരണാധികാരികളും ഉദ്യോഗസ്ഥന്മാരുമായി വളരെ അടുത്ത ബന്ധം ഉണ്ടായിരുന്നു .
1990 ൽ ചേർപ്പിൽ നടത്തിയ 'വയലും വീടും' വാർഷികത്തിന്റെ ചെയർമാൻ അന്നത്തെ കൃഷി മന്ത്രിയായിരുന്ന വി. വി രാഘവൻ ആയിരുന്നു. അതോടനുബന്ധിച്ച് നടത്തിയ സഹകരണ സെമിനാറിൽ പിണറായി വിജയൻ പങ്കെടുത്തിരുന്നുവെന്ന് സത്യനാഥൻ ഓർത്തു. അക്കാലത്ത് നിലയത്തിന്റെ ഒരു ആരോഗ്യ പരിപാടികൾക്ക് പുരസ്കാരം ലഭിച്ചു. 1994 കോഴിക്കോട് നിലയത്തിൽ തിരിച്ചെത്തിയെങ്കിലും , ആദ്യം കാർഷിക പരിപാടികളുടെ ചുമതലയല്ല, വഹിച്ചത്.അന്ന് എൻ. സെയ്തലവി ആയിരുന്നു ഫാം റേഡിയോ ഓഫീസർ .പിന്നീട് ചുമതല കിട്ടി. അപ്പോൾ നടത്തിയ വാർഷികാഘോഷം മാവൂരിൽ ആയിരുന്നു. ഗ്വോളിയോർ റയോൺസ് അതിനു പൂർണ്ണ പിന്തുണ നൽകിയതായി അദ്ദേഹം ഓർക്കുന്നു. കന്നുകാലി പ്രദർശനവും ഉണ്ടായിരുന്നു. കോഴിക്കോട് ആകാശവാണിയിൽ എട്ടുമാസത്തോളം പ്രോഗ്രാം മേധാവിയും ഡി.ഡി.ഒയുമൊക്കെയായി എല്ലാ ചുമതലകളും നിർവഹിക്കേണ്ടിവന്ന കാലത്തെക്കുറിച്ചും ടി.സത്യനാഥൻ അനുസ്മരിച്ചു. 2005ലാണ് സർവീസിൽ നിന്ന് വിരമിച്ചത്.
കോട്ടയം ജില്ലയിലെ പാലയ്ക്കടുത്ത കുടക്കച്ചിറ ഗ്രാമത്തിൽ ജൈവകൃഷിയും ഗ്രന്ഥശാല പ്രവർത്തനവുമായി ഇപ്പോഴും സജീവമായ എബ്രഹാം ജോസഫ് , സമ്പന്നമായ തന്റെ കാർഷിക പ്രക്ഷേപണാനു ഭവങ്ങൾ വിശദീകരിച്ചു . ഇന്ത്യയിലെ ആദ്യ കാർഷിക കോളേജായ ഉത്തർപ്രദേശ് ജി.ബി പന്ത് നഗറിലെ കാർഷിക സർവ്വകലാശാലയിൽ നിന്നാണ് എബ്രഹാം ജോസഫ് ബിരുദാനന്തര ബിരുദം നേടിയത്."അമേരിക്കൻ കാർഷിക സർവകലാശാലയായ ഇല്ലിനോയിസ് യൂണിവേഴ്സിറ്റിയുടെ സഹോദര സ്ഥാപനം ആയിരുന്നു അത് . 2.13 ലക്ഷം ഏക്കർ വിസ്തൃതിയുള്ള ഒരു ഫാം സർവകലാശാലയ്ക്ക് സ്വന്തമായി ഉണ്ടായിരുന്നു.അതൊരു ലാൻഡ് ഗ്രാന്റ് യൂണിവേഴ്സിറ്റി ആയിരുന്നു.മൂന്നാം ബാച്ചിലാണ് പഠിച്ചത്. അന്ന് അമേരിക്കൻ കൃഷി ശാസ്ത്രജ്ഞനായ നോർമൻ ബോർലോഗിന്റെ നേതൃത്വത്തിലുള്ള ഹരിത വിപ്ലവത്തിന്റെ ഇന്ത്യയിലെ പരീക്ഷണ പ്രവർത്തനങ്ങൾ നടക്കുന്ന സമയമായിരുന്നു അത്. ഗോതമ്പ്,മക്കച്ചോളം ബാർലി, ഓട്സ് തുടങ്ങിയവയിൽ രോഗപ്രതിരോധശേഷിയുള്ള, അത്യുൽപാദനശേഷിയുള്ള വിത്തിനങ്ങളുടെ പരീക്ഷണങ്ങളാണ് അവിടെ നടന്നിരുന്നത് . അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തി.
അക്കാലത്ത്, ലക്നൗ ആകാശവാണിയുടെ ഹിന്ദിയിലുള്ള കാർഷിക പരിപാടിയിൽ ചോദ്യങ്ങൾക്ക് മറുപടി നൽകിയാണ് എന്റെ ആകാശവാണി ബന്ധം തുടങ്ങുന്നത്." വിദ്യാഭ്യാസം, വികസനം, ഗവേഷണം എന്നതായിരുന്നു , കാർഷിക സർവകലാശാലയുടെ പ്രവർത്തനരീതി. രണ്ടേക്ക വലുപ്പമുള്ള വലിയ ഒരു ലൈബ്രറിയും ഉണ്ടായിരുന്നു . 1972-ൽ തൃശൂർ നിലയത്തിൽ ഫാം റേഡിയോ റിപ്പോർട്ടറായി നിയമിക്കപ്പെട്ടു."ഹരിത വിപ്ലവത്തിനും ഊർജിത കാർഷിക വികസന പദ്ധതികൾക്കും പ്രചാരം കൊടുക്കാനായി ഇന്ത്യയിലെ 12 സ്ഥലങ്ങളിൽ ആരംഭിച്ച നിലയങ്ങളിലൊന്നായിരുന്നു ,തൃശൂരിലേത്. 'വയലും വീടും' ഒഴികെയുള്ള പരിപാടികൾ മുഴുവൻ തിരുവനന്തപുരം, കോഴിക്കോട് നിലയങ്ങളിൽ നിന്ന് റിലേ ചെയ്യുകയോ ടേപ്പുകൾ വരുത്തി, പ്രക്ഷേപണം ചെയ്യുകയോ ആയിരുന്നു, ആദ്യകാലങ്ങളിൽ" . നിലയം തിരുവനന്തപുരത്തിന്റെ നിയന്ത്രണത്തിലും ആയിരുന്നു.എ. സത്യഭാമയെ ആയിരുന്നു , തൃശൂരിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടർ.
സ്വന്തമായി, കൂടുതൽ പ്രക്ഷേപണം ആരംഭിക്കാൻ അഭ്യർത്ഥിച്ചു കൊണ്ടുള്ള ഒരു നിവേദനം തയ്യാറാക്കി. അന്ന്, കോട്ടയത്ത് ദീപികയുടെ നൂറാം വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി വി.സി ശുക്ലക്ക്, എ.കെ.ആന്റണി വശം നൽകി.മന്ത്രി അപ്പോൾ തന്നെ അനുകൂലമായ നിലപാട് സ്വീകരിച്ചു. രണ്ടുമാസത്തിനകം തൃശൂരിൽ പുതിയ പരിപാടികൾ ആരംഭിക്കുന്നതിനുള്ള അനുമതി നൽകി , ഉത്തരവ് വന്നതായി അദ്ദേഹം ഓർത്തു. അന്നത്തെ ഫാം റേഡിയോ ഓഫീസർ കെ.ആർ കുറുപ്പ്, ക്വലാലംപൂരിൽ നടന്ന ഏഷ്യൻ ബ്രോഡ്കാസ്റ്റിംഗ് യൂണിയൻ പരിശീലനത്തിന് പോയിവന്ന ശേഷമായിരുന്നു , ഇവിടെ നിന്ന് കൃഷിപാഠം ആരംഭിച്ചത്.
ആദ്യത്തെത് നെല്ലിനെക്കുറിച്ച് ആയിരുന്നു. പിന്നീട് റബ്ബറിനെക്കുറിച്ചും മറ്റും പരമ്പരകൾ വന്നു. കേരള കാർഷിക സർവകലാശാല ആരംഭിച്ചശേഷം, വൈസ് ചാൻസലർ എൻ.കാളീശ്വരൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. "ഉത്തർപ്രദേശ് പഠനകാലത്തുതന്നെ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന കാളീ ശ്വരനെ അറിയാം. സർവ്വകലാശാലയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട പഠനത്തിനായി അദ്ദേഹം അവിടെ എത്തിയപ്പോൾ , വിദ്യാർത്ഥിയായിരുന്ന ഞാനായിരുന്നു അദ്ദേഹത്തെ അനുഗമിച്ചിരുന്നത്". പ്രക്ഷേപണം ചെയ്യുന്ന എല്ലാ പരിപാടികൾക്കും അന്ന് സ്ക്രിപ്റ്റ് നിർബന്ധമായിരുന്നു . പക്ഷേ,കൃഷിപാഠം പരിപാടികളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം, സ്ക്രിപ്റ്റില്ലാതെ താൻ അവതരിപ്പിക്കാൻ തുടങ്ങിയതും എബ്രഹാം ജോസഫ് ഓർമ്മിച്ചു.
1976ൽ എഡിറ്ററായി പ്രമോഷൻ ലഭിച്ച് തൃശൂരിൽ എത്തിയ മഹാകവി അക്കിത്തത്തോടൊപ്പമുള്ള ആകാശവാണിക്കാലവും അദ്ദേഹം അനുസ്മരിച്ചു. കാർഷിക പരിപാടികളുടെ സ്ക്രിപ്റ്റെഴുത്തായിരുന്നു അദ്ദേഹത്തിന്റെ ജോലി.കുറച്ചു ശബ്ദലേഖനത്തിന് അദ്ദേഹവും ഒപ്പം വന്നിരുന്നു. പലപ്പോഴും ഇതുമായി ഒത്തുപോകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഇതേക്കുറിച്ച് ധ്വന്യാത്മകമായ ഒരു കവിത അദ്ദേഹം എഴുതിയതായി എബ്രഹാം ജോസഫ് ഓർക്കുന്നു. അതിന്റെ സാരാംശം ഇങ്ങനെയായിരുന്നു ; എള്ളുണങ്ങിയാൽ എണ്ണ കിട്ടും . കുറിഞ്ചാത്തനുണങ്ങിയാൽ എന്ത് കിട്ടും ! സബ് എഡിറ്ററായി എസ്. രമേശൻ നായരും അന്ന് ഒപ്പമുണ്ടായിരുന്നു. അദ്ദേഹം തമിഴിൽനിന്ന് ചിലപ്പതികാരം വിവർത്തനം ചെയ്തത് അക്കാലത്തായിരുന്നു. ഓഫീസിൽ ഇരുന്നായിരുന്നു , പലപ്പോഴും അദ്ദേഹം എഴുതിയിരുന്നത്.അക്കിത്തത്തിന്റേയും രമേശൻനായരുടെ യുമൊക്കെ ചില രചനകൾ ആദ്യം വായിച്ചു നോക്കാൻ തങ്ങൾക്ക് ഭാഗ്യം ഉണ്ടായിരുന്നതായും എബ്രഹാം ജോസഫ് അനുസ്മരിച്ചു.
അട്ടപ്പാടിയിലെ ഊരു മൂപ്പന്മാരുമായി വരെ അടുത്ത ബന്ധമുണ്ടായിരുന്നു. മല്ലീശ്വരൻമുടിയിലൊക്കെ റെക്കോർഡറുമായി സ്ഥിരം സഞ്ചരിച്ചിരുന്നു. എബ്രഹാം ജോസഫ് 1978 മുതൽ 1990 വരെ കോഴിക്കോട് നിലയത്തിൽ ഫാം റേഡിയോ ഓഫീസറായി പ്രവർത്തിച്ചു. തൃശൂരിലെപ്പോലെ കാർഷിക പരിപാടികൾക്ക് വലിയ പ്രാധാന്യം അവിടെ ഉണ്ടായിരുന്നില്ല. ഭൗതിക സൗകര്യങ്ങളും കുറവായിരുന്നു. എന്നാൽ,അന്ന് പ്രക്ഷേപണം ചെയ്ത കൃഷിപാഠ പരമ്പരകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.പാലുല്പാദനം വർദ്ധിപ്പിക്കുന്നത് ലക്ഷ്യമാക്കി , 'പാലിലൂടെ സമ്പൽ സമൃദ്ധി ' കൃഷിപാഠ പരമ്പര പ്രക്ഷേപണം ചെയ്തു.ഡോ. വർഗീസ് കുര്യൻ ഇക്കാര്യത്തിൽ വലിയ താല്പര്യമാണ് എടുത്തത് . പരമ്പര പുസ്തകമാക്കി. അതിന്റെ ആയിരക്കണക്കിന് കോപ്പികൾ കേരളത്തിലെമ്പാടും വിതരണം ചെയ്തു. സൊസൈറ്റികളിൽ നിന്ന് പാലുമായി വരുന്ന വണ്ടികൾ തിരികെ പോകുമ്പോൾ , ഈ പുസ്തകക്കെട്ടുകൾ അതിൽ കയറ്റിയാണ് , കുറഞ്ഞ സമയത്തിനുള്ളിൽ കേരളത്തിലെമ്പാടും എത്തിച്ചത് . ഓർക്കിഡിന്റെ സാധ്യതയെ കേരളത്തിന് പരിചയപ്പെടുത്തിയ പരമ്പര പ്രക്ഷേപണം ചെയ്തതും അദ്ദേഹം എടുത്തുകാട്ടി. കൊക്കോ, വാനില തുടങ്ങിയവയെക്കുറിച്ചുള്ള പരമ്പരകളും അന്നു പ്രക്ഷേപണം ചെയ്തു.
റേഡിയോയ്ക്ക് വിവരങ്ങൾ നൽകാൻ മാത്രമേ കഴിയൂ. അവയുടെ കൃഷിയെക്കുറിച്ചുള്ള തുടർ നടപടികൾ സ്വീകരിക്കേണ്ടത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആണെന്ന് അദ്ദേഹം പറഞ്ഞു. കൊക്കോ കൃഷി ആരംഭിച്ച ശേഷമായിരുന്നു , അതെക്കുറിച്ച് പരമ്പര പ്രക്ഷേപണം ചെയ്തത്.കാഡ്ബറി കമ്പനി വയനാട് ജില്ലയിലെ ചൂണ്ടയിൽ ഫാം ആരംഭിച്ചിരുന്നു. എല്ലാ വർഷവും കമ്പനി പ്രതിനിധി അവിടെയെത്തി കൃഷി സ്ഥലങ്ങൾ സന്ദർശിച്ചു തിരിച്ചു പോയ ശേഷമായിരുന്നു , കൊക്കോയുടെ വില നിശ്ചയിച്ചിരുന്നതെന്ന് അദ്ദേഹം ഓർത്തു.
1991 മുതൽ 94 വരെ തിരുവനന്തപുരം നിലയത്തിൽ ഫാം റേഡിയോ ഓഫീസറായി.' വയലും വീടും' പരിപാടി വൈകി മാത്രം ആരംഭിച്ച അവിടെ അതിനു ശ്രോതാക്കളെ ഉണ്ടാക്കിയെടുക്കേണ്ട തുണ്ടായിരുന്നു.1997ൽ തിരുവനന്തപുരം വാണിജ്യ പ്രക്ഷേപണ കേന്ദ്രത്തിലെ (ഇപ്പോഴത്തെ അനന്തപുരി എഫ്.എം)അസിസ്റ്റൻറ് ഡയറക്ടറായാണ് എബ്രഹാം ജോസഫ് വിരമിച്ചത്.നാലുവർഷത്തോളം അവിടെയായിരുന്നു. ഇന്ത്യയിൽ,വടക്കു-കിഴക്കൻ സംസ്ഥാനങ്ങളൊഴികെ, ആകാശവാണി നിലയങ്ങളിൽ സി.ഡി പ്ളെ യർ ഉപയോഗിച്ചുള്ള പ്രക്ഷേപണരീതി ആദ്യമായി നടപ്പിലാക്കപ്പെട്ടത് അവിടെയാണ്. സി.ഡി. പ്ലെയർ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തു. പരസ്യങ്ങളുടെ ബില്ലിങ്ങിനും കമ്പ്യൂട്ടർ ഉപയോഗിച്ചു. പരസ്യങ്ങൾ പഠിക്കേണ്ട ഒരു കലയാണ് ; ഗംഭീരമായ ഒരു മേഖലയാണതെന്ന് അദ്ദേഹം പറഞ്ഞു.
പരസ്യങ്ങളുടെ ചരിത്രവും അദ്ദേഹം വിവരിച്ചു."യൂറോപ്പിൽ നിന്ന് അമേരിക്കയിൽ കുടിയേറിയവരിലൊരാൾ , വിളിച്ചു പറഞ്ഞ്, ഒരു ഉന്തുവണ്ടിയിൽ വറുത്ത കടല വില്ക്കാൻ തുടങ്ങിയതോടെയാണ്, പരസ്യങ്ങളുടെ തുടക്കം''. പരസ്യക്കമ്പനികൾക്ക് അവർ കൈകാര്യം ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ വില നിശ്ചയിക്കുന്നതിൽ വലിയ സ്ഥാനമുണ്ട്. സ്വകാര്യ റേഡിയോ നിലയങ്ങളുമായി ആകാശവാണിക്ക് മത്സരിക്കണമെങ്കിൽ, നിയതമായ പരസ്യ നിരക്കുകൾക്ക് പകരം, അവ ഓരോ നിലയത്തിനും പ്രാദേശികമായി നിശ്ചയിക്കാവുന്ന രീതി കൊണ്ടുവരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹരിതവിപ്ലവം നടപ്പിലാക്കിയപ്പോൾ ധാരാളം പ്രശ്നങ്ങൾ ഉണ്ടായി. പഞ്ചാബിലെ കർഷകർ വിളവ് വർദ്ധിപ്പിക്കാനായി വൻതോതിൽ രാസവളങ്ങൾ ഉപയോഗിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.അവർ പരമ്പരാഗത ജൈവ കൃഷിരീതികൾ മറന്നു. "കാർഷികമേഖലയ്ക്ക് ഇപ്പോൾ പഴയതുപോലെയുള്ള പ്രാധാന്യം നൽകപ്പെടുന്നില്ല. കൃഷിക്കാരുടെ കൂട്ടായ്മയുണ്ടെങ്കിൽ ജൈവകൃഷി നന്നായി നടത്താനാകും" . ജൈവ ഉല്പന്നങ്ങൾക്ക് സർട്ടിഫിക്കേഷൻ നൽകാൻ സംവിധാനമുണ്ടെങ്കിലും , അത് ചെറുകിട കർഷകർക്ക് പ്രായോഗികമല്ലന്നും എബ്രഹാം ജോസഫ് പറഞ്ഞു.
ഡോ. വിജയരാഘവൻ, കവി കുഴൂർ വിത്സൺ, ആൻസി സേവിയർ , സുരേഷ് കുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.ഒരു പ്രദേശത്തെ കർഷകർ ഒന്നായി ജൈവകൃഷി രീതികൾ അവലംബിച്ചാലേ അത് വിജയകരമാവൂ എന്ന് അന്നമനടയിലെ തന്റെ കാർഷികാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ കുഴൂർ വിത്സൺ ചൂണ്ടിക്കാട്ടി.
ഡി.പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായിരുന്നു. 'എന്റെ ആകാശവാണിക്കാലം' പത്താം ഭാഗത്തിന്റെ ശബ്ദലേഖനം യൂട്യൂബിലുണ്ട്.https://youtu.be/AFHFSb3S2es
മുൻ പരിപാടികളുടെ ശബ്ദലേഖങ്ങൾ മീഡിയ വേവ്സ് എന്ന ഈ യൂട്യൂബ് ചാനലിൽ ലഭ്യമാണ്. https://youtube.com/channel/UCGP6GVUKoxqaaypUFm67PNw
'എന്റെ ആകാശവാണിക്കാലം' -9;വി.ശശികുമാർ,മുരളീധരൻ തഴക്കര
കെ.ഹേമലത എഴുതിയ റിപ്പോർട്ട്
നവകേരള സൃഷ്ടിയിൽ ആകാശവാണിയുടെ മുഖ്യ സംഭാവനകളിലൊന്ന് കാർഷിക വിജ്ഞാന വ്യാപനമാണ്. 'വയലും വീടും' പരിപാടിയിലൂടെ കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിൽ പുത്തനറിവുകളെത്തിച്ച മുതിർന്ന കാർഷിക പ്രക്ഷേപകരായ വി.ശശികുമാർ,മുരളീധരൻ തഴക്കര എന്നിവരാണ് 2021 നവം.27 ശനിയാഴ്ച ക്ലബ് ഹൗസിലെ മീഡിയ റൂമിൽ 'എന്റെ ആകാശവാണിക്കാലം' പരമ്പരയുടെ ഒൻപതാം ഭാഗത്തിൽ സമ്പന്നവും അസാധാരണവുമായ തങ്ങളുടെ മാദ്ധ്യമാനുഭവങ്ങൾ പങ്കുവയ്ക്കാൻ എത്തിച്ചേർന്നത്.
കാർഷിക പ്രക്ഷേപണത്തിന്റെ പശ്ചാത്തലം വിവരിച്ചു കൊണ്ടായിരുന്നു 'വയലും വീടും' പരിപാടിയുടെ പ്രോഗ്രാം എക്സിക്യൂട്ടീവായി തൃശൂർ നിലയത്തിൽ നിന്ന് വിരമിച്ച വി.ശശികുമാർ,ആരംഭിച്ചത്. ഭക്ഷ്യക്ഷാമത്തിന് ശേഷം,1966ൽ കേന്ദ്ര സർക്കാരിന്റെ പുതിയ നയരൂപീകരണത്തിന്റെ അടിസ്ഥാനത്തിൽ, മാധ്യമങ്ങൾ വഴി കാർഷിക പരിപാടികൾക്ക് രൂപം നൽകാൻ തീരുമാനമായി. 'വാഗൺ ടു മൗത്ത് ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ക്ഷാമ കാലത്ത്, അമേരിക്കയിൽ നിന്നും മറ്റും ഭക്ഷ്യധാന്യങ്ങൾ റേഷൻകടകളിൽ നേരിട്ടെത്തുന്ന സമ്പ്രദായം ഉണ്ടായിരുന്നു. കാർഷിക മേഖലയ്ക്ക് ഉത്തേജനം നൽകാനും , ഭക്ഷ്യവിളകളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുമായി കർഷകർക്ക് പദ്ധതികളെക്കുറിച്ചും മറ്റുമുള്ള അറിവ് പകർന്നു കൊടുക്കാൻ ,കേന്ദ്ര സർക്കാർ തെരഞ്ഞെടുത്ത മാധ്യമം റേഡിയോയായിരുന്നു. ദൂരദർശൻ രംഗപ്രവേശനം ചെയ്തിട്ടില്ലാത്ത അക്കാലത്ത്,അത് ഏറ്റവും ചെലവുകുറഞ്ഞ മാധ്യമങ്ങളിൽ ഒന്നായിരുന്നു. സാക്ഷരത കുറഞ്ഞ സമൂഹത്തിൽ, കേൾക്കുന്ന മാത്രയിൽ എല്ലാവർക്കും മനസ്സിലാക്കാൻ പറ്റുന്ന ഒരു മാധ്യമം കൂടിയായിരുന്നു റേഡിയോ . അക്ഷരം അറിയാത്തവർക്കും കാര്യം മനസ്സിലാകും. അങ്ങനെയാണ് ,റേഡിയോയിലൂടെ പുതിയ കാർഷിക വിപ്ലവത്തിന് അരങ്ങേറ്റം കുറിച്ചത്.
തൃശ്ശൂരിൽ, ഇന്ത്യയിലെ മറ്റ് 12 നിലയങ്ങൾക്ക് ഒപ്പം , 1966 ആഗസ്റ്റ് 11 ന് , കേരളത്തിലെ ആദ്യത്തെ പൂർണ്ണ പ്രതിദിന കാർഷിക പരിപാടിയായ 'വയലും വീടും' ആരംഭിച്ചു. ഇതിനായി തൃശ്ശൂർ തിരഞ്ഞെടുത്തതിനും പ്രത്യേക കാരണങ്ങളുണ്ടായിരുന്നു. കേരളത്തിന്റെ നെല്ലറ കളായ പാലക്കാടിനും ആലപ്പുഴയിലെ കുട്ടനാടിനും മധ്യേയുള്ള പ്രദേശം. നിലയത്തിൽ അന്ന് 20 കിലോവാട്ട് മീഡിയം വേവ് ട്രാൻസ്മിറ്ററായിരുന്നു ഉണ്ടായിരുന്നത്. അതിശക്തിയുള്ള പ്രസരണിയിലൂടെയുള്ള പ്രക്ഷേപണം ആലപ്പുഴയിൽ വരെ അന്ന് കിട്ടും. ' വയലും വീടും ' പരിപാടിക്കായി സുസജ്ജമായ ഒരു യൂണിറ്റ് തന്നെ ഉണ്ടായിരുന്നു. ഒരു ഫാം റേഡിയോ ഓഫീസർ, ഒരു സ്ക്രിപ്റ്റ് എഴുത്തുകാരൻ ,ഫീൽഡ് അസിസ്റ്റന്റ്, റിപ്പോർട്ടർ, ജീപ്പ് , ഡ്രൈവർ എന്നിങ്ങനെ നിരവധി പേർ ഉൾപ്പെടുന്ന പ്രത്യേക വിഭാഗം. അതിന് റെക്കോർഡിങ്ങിനായുള്ള സാങ്കേതിക ഉപകരണങ്ങൾ . പരിപാടിയുടെ സംഘാടന - പ്രക്ഷേപണച്ചുമതല നിർവഹിച്ചിരുന്ന ആദ്യത്തെ ഫാം റേഡിയോ ഓഫീസർ എം.എസ്.എൻ പണിക്കർ ആയിരുന്നു. കൃഷി വകുപ്പിൽ നിന്ന് ഡെപ്യൂട്ടേഷനിൽ എത്തിയ ആളായിരുന്നു അദ്ദേഹം .പിന്നീടദ്ദേഹം ആലപ്പുഴയിൽ അഡീഷനൽ കൃഷി ഡയറക്ടറായി. പി.നാരായണരാജ, എ.ആർ. കുറുപ്പ് എന്നിവരും തുടർന്ന് ഫാം റേഡിയോ ഓഫീസർമാരായി. എല്ലാവരും കൃഷി വകുപ്പിൽ നിന്ന് ഡെപ്യൂട്ടേഷനിൽ എത്തിയവരായിരുന്നു. ഇതിനുശേഷം കെ കെ കുര്യൻ കോഴിക്കോട് നിന്ന് തൃശൂരിലേക്കു ട്രാൻസ്ഫർ ആയി എത്തി , ഫാം റേഡിയോ ഓഫീസറായി. 1975 ൽ എബ്രഹാം ജോസഫ് ഫാം റേഡിയോ റിപ്പോർട്ടറായി വന്നു. മഹാകവി അക്കിത്തം എഡിറ്ററായും കവി എസ് . രമേശൻ നായർ തൃശ്ശൂർ സബ് എഡിറ്ററുമായിരുന്നു.
'വയലും വീടും ' പരിപാടിക്കായി നടത്തിയ നിരന്തരമായ യാത്രകളെ പറ്റി വി.ശശികുമാർ എടുത്തുപറഞ്ഞു. രാത്രി വൈകിയും ആകാശവാണിക്കാരെ കാത്ത് ഉറങ്ങാതെ ജനക്കൂട്ടം കാത്തുനിന്ന എത്രയോ അവസരങ്ങൾ .. എന്നാൽ അത്തരം യാത്രകളിൽ ഒന്നിൽ പോലും ഒരുതരത്തിലുമുള്ള പ്രതിബന്ധങ്ങൾ നേരിടേണ്ടി വന്നിട്ടില്ലന്ന് അദ്ദേഹം പ്രത്യേകം ഓർമിച്ചു. 1975-ൽ ഫീൽഡ് റിപ്പോർട്ടറായി തുടങ്ങി, വിവിധ നിലയങ്ങളിൽ ഈ ജനപ്രിയ പരിപാടിയുടെ സംഘാടകനും അവതാരകനുമൊക്കെയായി പ്രവർത്തിച്ച അദ്ദേഹത്തിന്റെ ഭാഷയും വിരണവും ഏറെ ശ്രദ്ധേയമായി. തട്ടും തടവുമില്ലാതെ, അനസ്യുതമായി,ഭാഷാ മികവോടെ അദ്ദേഹം ഓർമകളിലൂടെ കടന്നു പോയി. യു. എൻ. ഡി .പി വിതരണം ചെയ്തിരുന്ന സോണിയുടെ പോർട്ടബിൾ റെക്കോർഡറുകളും ടേപ്പുകളും ഉപയോഗിച്ചായിരുന്നു , പുറത്ത് നിന്ന് റെക്കോർഡിങ് നടത്തിയിരുന്നത്. അതിന് സംഘമായി പോകും. പലപ്പോഴും മൂന്ന് -നാലു ദിവസം എടുത്താണ് റെക്കോർഡിങ്ങ് പൂർത്തിയാക്കുക. ഇങ്ങനെ സ്റ്റുഡിയോയ്ക്ക് പുറത്തുള്ള ഒ.ബി റെക്കോർഡിങ് ആയിരുന്നു കൂടുതലും. സ്റ്റുഡിയോക്കകത്ത് അന്ന് റെക്കോർഡിങ് വളരെ കുറവായിരുന്നു.
'വയലും വീടി'ന്റെ ഒൻപതാം വാർഷികം കോലഞ്ചേരി സെൻ പീറ്റേഴ്സ് സ്കൂൾ ഗ്രൗണ്ടിൽ വച്ചായിരുന്നു. എ.ആർ കുറുപ്പിന്റെ നേതൃത്വത്തിലായിരുന്നു , പരിപാടി . പ്രാദേശിക സംഘാടകനായിരുന്ന വി.എം പൈലി പിള്ളയെ പ്രത്യേകം ഓർക്കുന്നതായി ശശികുമാർ പറഞ്ഞു. ആ വാർഷിക പരിപാടി അവിസ്മരണീയമാക്കിയ ആകാശവാണിയുടെ ലളിത ഗാനമേളയിൽ എസ്. രമേശൻ നായർ എഴുതിയ പാട്ടിന്റെ വരികൾ ശശികുമാർ ഓർത്തെടുത്തു : അക്കരെ നിൽക്കുകതാരാരോ.. പൊൽക്കതിർ ... കൃഷിപാഠം പ്രക്ഷേപണം ഇന്ത്യയിൽ തന്നെ ആദ്യമായി ആരംഭിച്ചത് തൃശ്ശൂർ നിലയത്തിലാണ്. പക്ഷേ,ചില സാങ്കേതിക കാരണങ്ങളാൽ രേഖകളിൽ അത് ബാംഗ്ലൂർ എന്നാണ് .
കെ. കെ കുര്യൻ കാർഷിക പരിപാടിയുടെ ചുമതലയേറ്റതോടെ, വിവിധ കൃഷി രീതികൾ മാത്രമല്ല, വ്യത്യസ്ത വിളകൾ, വ്യവസായം, ആരോഗ്യം തുടങ്ങി വിവിധ വിഷയങ്ങളും പരിപാടിയിൽ ഉൾപ്പെടുത്താനായി. കൃഷിപാഠത്തിന് ആദ്യമായി സമ്മാനം ഏർപ്പെടുത്തിയത് അക്കാലത്താണ് . 'കേട്ടാൽ സമ്മാനം കിട്ടും' എന്ന ക്യാപ്ഷനോടെ, അതിനായി വൻ പ്രചാരണമുണ്ടായി. കോഴിയും കൂടുമായിരുന്നു , സമ്മാനം. ആ പരിപാടികൾ ഗംഭീര വിജയമായിരുന്നു. ഒരു പരിപാടിയിൽ ഇരുപത്തി അയ്യായിരം രൂപയായിരുന്നു ഒന്നാം സമ്മാനം. 15000 രൂപ രണ്ടാം സമ്മാനം .10,000 രൂപയായിരുന്നു മൂന്നാം സമ്മാനം. സമ്മാനത്തുക വാങ്ങി കൊണ്ടുപോകുന്ന കർഷകരുടെ മുഖത്തെ സന്തോഷം മനസ്സിലിപ്പോഴും ആഹ്ലാദകരമായ ഓർമ്മയാണ്. എന്നാൽ അന്ന് പ്രക്ഷേപണം ചെയ്തിരുന്ന കൃഷിപാഠം പരിപാടിയിലെ അധ്യായങ്ങൾ വീണ്ടും കേൾക്കാൻ സാധിച്ചിരുന്നില്ല. പുസ്തകമാക്കാൻ ആലോചന തുടങ്ങിയത് അങ്ങനെയാണ് .കാർഷിക സർവകലാശാല ഈ പാഠങ്ങൾ എല്ലാം ക്രോഡീകരിച്ച് ലിഖിതരൂപത്തിൽ പ്രസിദ്ധീകരിക്കാൻ മുൻകൈയെടുത്തു . അങ്ങനെ കൃഷിപാഠം പുസ്തകമായി. കേന്ദ്ര സർക്കാർ സ്ഥാപനമായ സി.എം.എഫ്.ആർ.ഐയുടെ ധനസഹായത്തോടെ ഒരു കൃഷിപാഠം മലയാളം, ഹിന്ദി ,ഇംഗ്ലീഷ് എന്നിങ്ങനെ മൂന്നു ഭാഷയിൽ പ്രസിദ്ധീകരിച്ചു. ഇതിനായി മുൻകൈയെടുത്ത ശാസ്ത്രജ്ഞൻ ഡോ. കൃഷ്ണ ശ്രീനാഥ് പ്രത്യേക പരാമർശം അർഹിക്കുന്നതായി ശശികുമാർ ചൂണ്ടിക്കാട്ടി.
വയലും വീടിന്റെ മുപ്പത്തിരണ്ടാം വാർഷികത്തിലും പങ്കെടുക്കാൻ സാധിച്ചതിന്റെ സന്തോഷവും ശശികുമാർ പങ്കുവെച്ചു . തൃശ്ശൂർ തൃപ്രയാറിനടുത്തുള്ള നാട്ടികയിൽ ആയിരുന്നു പരിപാടി .അന്നും പുസ്തക പ്രകാശനം നടന്നു. 91ൽ കണ്ണൂരിൽ പുതിയ നിലയം സ്ഥാപിതമായതോടെ, ശ്രോതാക്കളെ തേടേണ്ട ചുമതലയും ഏറ്റെടുക്കേണ്ടിവന്നുവെന്ന് വി.ശശികുമാർ പറഞ്ഞു. സ്റ്റുഡിയോയുട ഉള്ളിലിരുന്ന് ചെയ്താൽ ശരിയാകില്ല എന്നതിനാൽ കണ്ണൂർ ,കാസർകോട് ജില്ലകളിൽ ധാരാളം സഞ്ചരിച്ചു . മഞ്ചേശ്വരം, കൂത്തുപറമ്പ് തുടങ്ങിയ സ്ഥലങ്ങളിൽ ബ്ലോക്ക് തലത്തിൽ കാർഷിക ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കാനായി . വലിയ മേളകൾ സംഘടിപ്പിച്ചു. അവയുടെ സമാപന പരിപാടികളും ഒരുക്കി. വളരെ ആയാസകരമായ പ്രവർത്തനങ്ങളാണ് അന്ന് ചെയ്തിരുന്നത്. ആ പരിപാടികളെല്ലാം വിജയിപ്പിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം അദ്ദേഹം പങ്കുവെച്ചു.
പ്രക്ഷോഭങ്ങളുടേയും സമരങ്ങളുടേയും ഭൂമിയായിരുന്നു അന്ന് കണ്ണൂർ. എങ്കിലും, ശ്രമകരമായ ദൗത്യം വിജയകരമായി നിർവഹിക്കാനായത് ചാരിതാർത്ഥ്യം നൽകുന്നതായി അദ്ദേഹം പറഞ്ഞു. 1994ൽ തൃശ്ശൂരിൽ ഫാം റേഡിയോ ഓഫീസറായി നിയമിതനായി. ഔഷധസസ്യങ്ങളെ കുറിച്ചുള്ള 'സസ്യജം മൃത്യുഞ്ജയം ' എന്ന പരമ്പര ഇക്കാലത്താണ് ചെയ്യാനായത്. ഡോ. ടി.വി വിശ്വനാഥൻ, കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. എസ്. ശങ്കർ എന്നിവരുടെ വലിയ സഹകരണത്തോടെയായിരുന്നു , പരിപാടി. തൃശ്ശൂരിലെ നടത്തറയിൽ നടന്ന ഒരു കാർഷിക പരിപാടിയിൽ അന്ന് കൃഷി മന്ത്രിയായിരുന്ന പി .പി ജോർജ്ജായിരുന്നു , സമ്മാനദാനം നടത്തിയത്. ടു ഇൻ വൺ റേഡിയോ സെറ്റ് ആയിരുന്നു സമ്മാനം. സസ്യജം മൃത്യുഞ്ജയം പരിപാടിയുടെ ലിഖിതരൂപം തയ്യാറാക്കുന്നതിനും പുസ്തകമായി പ്രസിദ്ധീകരിക്കുന്നതിനുമുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ പ്രമുഖ ആയുർവേദ ഔഷധ യ നാഗാർജുന തയ്യാറായി. ഓരോ ഔഷധ സസ്യത്തിന്റേയും കൃഷിരീതികളും പ്രത്യേകതകളും വിവരിക്കുന്ന 'സസ്യജം മൃത്യുഞ്ജയം ' പുസ്തകമായി പുറത്തിറങ്ങി.
"1975-ൽ വയലും വീടും പരിപാടിയുടെ ഒൻപതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ആകാശവാണിയിൽ എത്തിയ എനിക്ക് നാട്ടികയിൽ നടന്ന വയലും വീടും പരിപാടിയുടെ ഇരുപത്തിരണ്ടാം വാർഷിക വേളയിലും പങ്കെടുക്കാനായി . ദേവികുളം നിലയത്തിലെ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. പ്രത്യേക ഭൂമിശാസ്ത്ര പരിധിയിൽ നിലകൊള്ളുന്ന നിലയം. ശ്രോതാക്കളിൽ ഇടുക്കി ജില്ലക്ക് പുറത്തു ഇവരായിരുന്നു , കൂടുതൽ . ഇടുക്കിയിലെ നല്ലൊരു വിഭാഗം തമിഴ് സംസാരിക്കുന്നവർ . അവിടെ ശ്രോതാക്കൾ എത്രയുണ്ടെന്ന് തിരിച്ചറിയാനാകില്ല എന്ന പ്രത്യേകതയുമുണ്ട്. 'പ്രകൃതിയുടെ മുറിവുകളിൽ ഒരു സാന്ത്വനസ്പർശം ' എന്ന പരമ്പര അവിടെ ചെയ്യാനായി . പ്രോഗ്രാം എക്സിക്യൂട്ടീവ് ഡോ.എം. രാജീവ് കുമാറിന്റെ ഉദ്യമത്തിൽ ആ പരിപാടി പുസ്തകമാക്കി. അതിന് നേതൃത്വം നൽകിയത് അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന ശ്യാമ ശശികുമാർ ആയിരുന്നു .
തൃശ്ശൂർ നിലയത്തിൽ തിരിച്ചത്തിയ ശേഷം,2007 വരെ മൂന്നുവർഷം നാടൻ കലാമേളകൾ നടത്തി നിരവധി കലാ പ്രവർത്തകർക്ക് അവസരം നൽകിയതായി വി.ശശികുമാർ പറഞ്ഞു. അന്ന് പരിപാടികളിൽ പങ്കെടുക്കാൻ ക്ഷണപത്രം കിട്ടുക തന്നെ അപൂർവഭാഗ്യമായി കരുതപെട്ടിരുന്ന സമയം. ക്ഷണിക്കപ്പെട്ട സദസ്സിനു മുൻപിൽ ആകാശവാണി ഓണം ,വിഷു കാലങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടികളുടെ ക്ഷണപത്രം കിട്ടാൻ തന്നെ വിഷമമായിരുന്നു.. ആ കാലം ആകാശവാണിയുടെ സുവർണ്ണ കാലഘട്ടമായിരുന്ന് എന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു , ശശികുമാർ. ദൂരദർശൻ വന്നിട്ടില്ലാത്ത കാലം. മറ്റൊരു മാധ്യമത്തിനും അപ്രാപ്യമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ ആകാശവാണി എന്ന മാധ്യമത്തിന് കഴിഞ്ഞു. കാർഷിക മേഖലയിൽ അത് വലിയ സ്വാധീനം ചെലുത്തി. കർഷകരെ വിപണിയും വിളകളും കൃഷി രീതികളുമായി ബന്ധപ്പെടുത്തിക്കൊണ്ട് വിപ്ലവകരമായ വലിയ മാറ്റത്തിന് വഴി തുറന്നു. ഏതു പരിപാടിക്കും റേഡിയോയുടെ സാന്നിധ്യം അത്യന്താപേക്ഷിതമായിരുന്നു അക്കാലത്ത്. അന്തസ്സുള്ള പരിപാടി എന്ന് ജനങ്ങൾ പറയുന്ന സ്ഥിതി.
അന്നത്തെ ഭരണകർത്താക്കളുമായി സഹകരിക്കാനായത് വലിയ നേട്ടമായി. മലയാള മാസം ഒന്നാം തീയതി ഗുരുവായൂർ എത്തുന്ന കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത്, അദ്ദേഹത്തെ ഉൾപ്പെടുത്തി തൃശൂരിലും ഗുരുവായൂരിലും പരിസരത്തും നിരവധി പരിപാടികൾ നടത്തിയിരുന്നു. സർക്കാർ പരിപാടികൾക്ക് ആകാശവാണിയുടെ മൈക്ക് കാണാതിരുന്നാൽ, കാത്തിരിക്കുന്ന മുഖ്യമന്ത്രി കരുണാകരനെ ഓർമ്മയുണ്ടെന്ന് ശശികുമാർ പറഞ്ഞു .മറ്റു പ്രസംഗകരെ സംസാരിക്കാൻ അനുവദിച്ച്, സ്വന്തം പ്രസംഗം നീട്ടിക്കൊണ്ടു പോകും , മുഖ്യമന്ത്രി."ആകാശവാണിയുടെ മൈക്ക് വരും വരെ മറ്റുള്ളവരെ സംസാരിക്കാൻ അനുവദിച്ച്, കൈ കാണിക്കും , അദ്ദേഹം. ആകാശവാണിയുടെ മൈക്ക് വന്ന ശേഷം മാത്രമേ പ്രസംഗിക്കാൻ എഴുന്നേൽക്കൂ, കരുണാകരൻ". ആകാശവാണിയുമായി അടുത്ത ബന്ധമായിരുന്നു , അന്നത്തെ ഭരണകർത്താക്കൾക്ക് . അതുകൊണ്ടുതന്നെയാണ് അക്കാലത്തെ പരിപാടികൾ വിജയിപ്പിക്കാൻ ആയതും .
സംയോജിത ഗ്രാമ വികസന പരിപാടിയായ ഐ.ആർ. ഡി.പി മേളകൾ സംഘടിപ്പിക്കുമായിരുന്നു. മറക്കാൻ കഴിയാത്ത അത്തരം ഒരു രാത്രി പരിപാടിയെ കുറിച്ച് പറഞ്ഞാണ് , ശശികുമാർ ആകാശവാണിക്കാല ഓർമ്മകൾ അവസാനിപ്പിച്ചത്. പട്ടിക്കാട് നടന്ന ഐ.ആർ . ഡി .പി മേള . സമയം രാത്രി ഒരു മണി . കുറച്ച് ആളുകൾ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെ കാത്തിരിക്കുകയാണ് . പശു വിതരണമാണ് ചടങ്ങ്. തിരുവില്വാമലയിലാണ് മുഖ്യൻ എന്ന അറിയിപ്പ് കിട്ടി. അദ്ദേഹം വരില്ലെന്നാണ് ആദ്യം പറഞ്ഞു കേട്ടത് . ഫിലിംസ് ഡിവിഷൻ സിനിമകൾ ഒന്നിനുപിറകേ ഒന്നായി പ്രദർശിപ്പിച്ചു കൊണ്ടാണ് ജനത്തെ പിടിച്ചിരുത്തിയത്. രാത്രി ഏറെ വൈകിയ വേളയിൽ മുഖ്യമന്ത്രി വരുക തന്നെ ചെയ്തു.
പരിപാടികളുടെ റെക്കോർഡിങ്, ഡാറ്റാ ശേഖരണം, സംഘാടനം എന്നിവയ്ക്കായി തെക്ക് - വടക്ക് ആയിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ചു. അത്തരം അനുഭവങ്ങൾ നിരവധിയാണ്. കൂടെ വണ്ടിയോടിച്ചു വരുന്ന ഡ്രൈവർമാർ എന്നും സ്നേഹത്തോടെയും ആദരവോടെയും മാത്രമാണ് പെരുമാറിയിട്ടുള്ളത്. ഒരു അപകടത്തിൽ പെടുത്താതെ കാത്തു രക്ഷിച്ചു , അവർ. തേക്കടിയിൽ ആനയ്ക്ക് മുന്നിലെത്തിയതൊക്കെ മറക്കാൻ ആകില്ല. ആദ്യകാലത്ത് എൻജിനീയറിങ് ,പ്രോഗ്രാം, അഡ്മിനിസ്ട്രേഷൻ വിഭാഗങ്ങൾ ഒന്നിച്ചായിരുന്നു പ്രവർത്തനങ്ങൾ. പിന്നീട് ചില അസ്വാരസ്യങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട് . പക്ഷേ സർവീസ് കാലത്ത് തനിക്ക് കിട്ടിയതത്രയും സ്നേഹാദരവുകൾ തന്നെയാണ് എന്നോർക്കുന്നു , ശശികുമാർ. അലക്സാണ്ടർ കോതമംഗലം,വിശ്വനാഥൻ... അങ്ങനെയങ്ങനെ ആയിരക്കണക്കിന് ശ്രോതാക്കൾ.
കൃഷിപാഠം ശ്രോതാക്കൾക്ക് സവിശേഷ സമ്മാന പദ്ധതികളുമുണ്ടായിരുന്നു. രണ്ട് കൃഷിപാഠ പരമ്പരകൾ കഴിഞ്ഞപ്പോൾ , അതിലെ വിജയികളെയും കൊണ്ട് നടന്നിയ അഖിലേന്ത്യാ യാത്രകളെക്കുറിച്ചും വി.ശശികുമാർ വിവരിച്ചു. ആദ്യ യാത്രയ്ക്ക് വെള്ളായണി കാർഷിക കോളേജിലെ ഡോ.പി.രഘുനാഥനാണ് നേതൃത്വം നൽകിയത്. 22 റേഡിയോ ശ്രോതാക്കളുണ്ടായിരുന്നു. അവർക്കൊപ്പം പോയി. തൃശൂരിൽ നിന്ന് ട്രെയിനിൽ ഡൽഹിയിലേക്ക് . ഹൈദരാബാദിൽ എത്തിയപ്പോൾ അവിടെ കര്ഫ്യു ആയിരുന്നതിനാൽ യാത്ര ബാംഗ്ലൂരിലേക്ക് ആക്കി. സഹകരണ പ്രസ്ഥാനത്തെക്കുറിച്ചുള്ള കൃഷിപാഠം പരിപാടിയുമായി ബന്ധപ്പെട്ടതായിരുന്നു അടുത്ത യാത്ര .അത് ബസ്സിലായിരുന്നു. കെ.കെ. കുര്യന്റെ നേതൃത്വത്തിൽ,ഒരു ടൂറിസ്റ്റ് ബസ്സിൽ , 30 ശ്രോതാക്കളുമായി ഡൽഹിയിലേക്ക് .. 20 ദിവസത്തെ യാത്ര .
മഹാകവി അക്കിത്തത്തോടൊപ്പമുള്ള ജോലിയും ജീവിതവും ഒരിക്കലും മറക്കാനാവാത്തതാണ് . അദ്ദേഹം വിരമിക്കും വരെ ഒപ്പം ഒരു മുറിയിലായിരുന്നു. എസ്. രമേശൻ നായർ , ഐ.ബി.ജി മേനോൻ എന്നിവരും സഹപ്രവർത്തകരായി ഉണ്ടായിരുന്നു. അന്ന് പുറത്ത് നടത്തുന്ന പരിപാടികൾക്ക് സർക്കാരിന്റ സാമ്പത്തിക സഹായം കിട്ടുക അപൂർവ്വമായിരുന്നു. അതിനാൽ ഏലം, കാഷ്യൂ, റബ്ബർ, സ്പൈസസ് ബോർഡുകൾ , എഫ്.എ . സി.ടി എന്നിങ്ങനെയുള്ള സ്ഥാപനങ്ങളും ഏജൻസികളുമായുള്ള സഹകരണത്തോടെയാണ് കാർഷിക മേളകളും മറ്റു പരിപാടികളും സംഘടിപ്പിച്ചിരുന്നത്. അടിയന്തിരാവസ്ഥക്കാ ലത്തും വികസന പദ്ധതികൾ തടസ്സമില്ലാതെ നടന്നു. അന്ന് മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും നേരിട്ട ദുരനുഭവങ്ങൾ കേട്ടറിവുകൾ മാത്രമായിരുന്നുവെന്നും വി.ശശികുമാർ പറഞ്ഞു.
വഴിതെളിച്ചു പോയ ഗുരുനാഥന്മാരെ ഓർത്തു കൊണ്ടും അവർക്ക് പ്രണാമമർപ്പിച്ചു കൊണ്ടുമാണ് മുരളീധരൻ തഴക്കര(മുൻ പ്രോഗ്രാം എക്സിക്യൂട്ടീവ്,'വയലുംവീടും',ആകാശവാണി,തിരുവനന്തപുരം) സംസാരിച്ചു തുടങ്ങിയത്. തങ്ങൾക്ക് മുൻപേ വഴിയൊരുക്കി തന്നവർ. "എന്റെ ആകാശവാണി ബന്ധം തുടങ്ങുന്നത് ബാലലോകം പരിപാടിയിലൂടെയാണ്. തഴക്കര മാതൃഭൂമി സ്റ്റഡി സർക്കിൾ ആൻഡ് റേഡിയോ ക്ലബ് പ്രവർത്തകനായിരുന്നു. 'റേഡിയോ അമ്മാവൻ' എന്നപേരിൽ അറിയപ്പെട്ടിരുന്ന പി. ഗംഗാധരൻ നായരെ കേൾക്കാൻ കാതോർത്തിരുന്ന കാലം", മുരളീധരൻ തഴക്കര ഓർക്കുന്നു. വയലും വീടും പരിപാടി വലിയ ഗൃഹാതുരത ഉണർത്തുന്ന ഒന്നാണ്. പ്രത്യേകിച്ച്, അതിന്റെ ശീർഷകഗാനം. 1992ൽ കാർഷിക സർവകലാശാലയിൽ ജോലിനോക്കിയിരുന്ന മുരളീധരൻ ,അതേവർഷം കോഴിക്കോട് നിലയത്തിൽ ഫാം റേഡിയോ റിപ്പോർട്ടറായി. പിന്നീട് 30 വർഷം ആകാശവാണിയിൽ തുടർന്നു...
സ്റ്റുഡിയോക്കു പുറത്തുള്ള ഇടപെടലുകളാണ് പരിപാടിയുടെ ജീവൻ. അതായിരുന്നു പാഠപുസ്തകം .പരിപാടിയുടെ ആവശ്യങ്ങൾക്കായി നിരന്തരം നടത്തിയ യാത്രകൾ. വയനാട് - മലപ്പുറം തുടങ്ങിയ പ്രദേശങ്ങളിൽ ധാരാളം യാത്ര ചെയ്തിട്ടുണ്ട്.അവ തന്ന അറിവനുഭവങ്ങൾ പാഠപുസ്തകങ്ങളിൽ നിന്നു കിട്ടുന്നതല്ല. നൂറുകണക്കിന് കർഷകരിൽ നിന്നുള്ള അറിവുകൾ." പത്തോളം പുസ്തക രചനക്ക് എന്നെ പാകപ്പെടുത്തിയത് കാർഷിക കാരണവന്മാരിൽ നിന്നുമുള്ള ഇത്തരം അറിവനുഭവങ്ങളാണ്". വിദ്യാർത്ഥിക്കാലത്തേ ശ്രദ്ധിച്ചിരുന്ന പരിപാടിയാണ് വയലും വീടും. പത്തനംതിട്ടയിൽ നടന്ന വയലും വീടും വാർഷികാഘോഷത്തിന്റെ മുഖ്യസംഘാടകനായിരുന്നു ,കെ.കെ കുര്യൻ. "തൃശൂർ നിലയത്തിന്റെ കാർഷിക പരിപാടിയുടെ അമരക്കാരനായി കുര്യൻ സാർ എത്തുന്നതോടെയാണ് അദ്ദേഹവുമായുള്ള ബന്ധം തുടങ്ങുന്നത്. വലിയ സംഘാടകനും പ്രക്ഷേപകനുമായിരുന്നു കുര്യൻ സാർ", മുരളീധരൻ തഴക്കര ഓർക്കുന്നു.
1998ൽ തിരുവനന്തപുരത്തേക്കു ട്രാൻസ്ഫർ ആയി. വയലും വീടും പരിപാടിയുടെ കേന്ദ്രീകൃത പ്രക്ഷേപണം തിരുവനന്തപുരം ആകാശവാണി നിലയത്തിൽ ആരംഭിക്കുന്നത് അപ്പോഴാണ്. അന്ന് സാഹിത്യരംഗം ചെയ്യുന്നവർക്ക് ആൾക്ക് അഡീഷണൽ ജോലി നൽകുന്ന രീതിയിലാണ് കാർഷികരംഗം കൈകാര്യം ചെയ്തിരുന്നത് .അത് . മാറ്റി, ഒരു പ്രത്യേക യൂണിറ്റ് തന്നെ വയലും വീടിനുവേണ്ടി ആരംഭിച്ചു. വയലും വീടും സുവർണ്ണജൂബിലിയുടെ സംഘാടകനായത് ദൈവനിയോഗം ആയി കരുതുന്നു. അത് വലിയ ആഘോഷമായി മാറി. ഓൾ ഇന്ത്യ റേഡിയോ ഡയറക്ടർ ജനറൽ ആറ് ലക്ഷം രൂപ അനുവദിച്ചു. നാല് ദിവസത്തെ ആഘോഷം. അതിലേറെ തുക ചെലവാക്കി കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടി ഗവർണർ, മുഖ്യമന്ത്രി എന്നിവർ പങ്കെടുത്ത ചരിത്രസംഭവമായി.
ജില്ലതോറും നടന്ന കാർഷികക്വിസ് മത്സരത്തിൽ നിന്ന് വിജയികളായ ടീമിനെ തെരെഞ്ഞെടുത്ത് , അന്തിമ മത്സരം നടത്തി. 28 ശ്രോതാക്കൾ പങ്കെടുത്ത പ്രശ്നോത്തരി സ്പോൺസർ ചെയ്തത് നബാർഡായിരുന്നു. ഇരുപത്തി അയ്യായിരം രൂപ ഒന്നാം സമ്മാനം. 15000 രണ്ടാം സമ്മാനം. പതിനായിരം രൂപയായിരുന്നു മൂന്നാം സമ്മാനം. ചലച്ചിത്ര പരിപാടിയുടെ വേദിയായ ടാഗോർ തിയേറ്ററിനെ മണ്ണിന്റെ മണമുള്ള വേദി യാക്കി. കർഷകൻ ഗവർണറുടെ കൈയിൽനിന്ന് 25000 രൂപയുടെ ചെക്ക് വാങ്ങുന്നതിന്റെ നിർവൃതി കണ്ടറിഞ്ഞു. ആകാശവാണിയുടെ ചരിത്രം കേരളത്തിന്റെ ചരിത്രമായി മാറിയതിന്റെ ഓർമ്മകൾ.
കാർഷിക രംഗത്തേക്ക് ഒരുപാട് പേരെ എത്തിച്ച ആർ. ഹേലി എന്ന കൃഷിശാസ്ത്രജ്ഞനെ സ്മരിക്കുന്നതായി മുരളീധരൻ തഴക്കര പറഞ്ഞു . കാർഷികമേഖലയിലെ ഹേലിയുടെ നിസ്തുല സംഭാവനകൾ കണക്കിലെടുത്ത് , അദ്ദേഹത്തിന് ദേശീയ പുരസ്കാരം നൽകേണ്ടതായിരുന്നു. പക്ഷെ, ലഭിച്ചില്ല.എന്നാൽ, കാർഷിക പ്രക്ഷേപകനുള്ള അവാർഡ് നൽകി ആകാശവാണിക്ക് അദ്ദേഹത്ത ആദരിക്കാൻ കഴിഞ്ഞു. സർക്കാരുകളും ഭരണകർത്താക്കളുമായി അടുത്ത ബന്ധം ഇല്ലാതായത് കൊണ്ടാണോ കാർഷികമേഖലയുമായി ബന്ധപ്പെട്ട പരിപാടികൾ ആകാശവാണി ഇപ്പോൾ സംഘടിപ്പിക്കാത്തത് എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്, 'മനസ്സുണ്ടെങ്കിൽ മാർഗ്ഗമുണ്ട്' എന്നാണ്. "പരിശ്രമം വേണം. സാധ്യതകളുണ്ട്. ഇപ്പോഴും വലിയ മാധ്യമം തന്നെയാണ് ആകാശവാണി. ആഴ്ചതോറും പ്രധാനമന്ത്രി സംസാരിക്കുന്നത് ആകാശവാണിയിലൂടെ ആണ്. ഈ മാധ്യമത്തെ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതാണ് പ്രധാനം ".
തിരുവനന്തപുരത്ത് റൂറൽ പ്രോഗ്രാം അഡ്വൈസറി കമ്മിറ്റിയുടെ യോഗം ഓരോ മൂന്നു മാസവും സംഘടിപ്പിച്ചിരുന്നു. വിലപ്പെട്ട അറിവുകൾ അവിടെ നിന്ന് ലഭിച്ചു. 1998 മുതൽ 2021 ൽ വിരമിക്കും വരെ,വയലും വീടും ഉപദേശക സമിതി യോഗങ്ങൾ കൃത്യമായി നടത്തിയിരുന്നു. മുഴുവൻ യോഗങ്ങളും ക്ഷീര സംഘങ്ങളിലും കൃഷി ഭവൻ, സർക്കാർ -ഇതര സംഘടനകൾ എന്നിവിടങ്ങളിലുമാണ് നടത്തിയത്. ആഘോഷം പോലെയായിരുന്നു , അവ. സ്ഥാപനങ്ങളുമായി നല്ല ബന്ധമുണ്ടായിരുന്നു. "ഉപദേശക സമിതി യോഗം ഒരു പാലമാണ് ; കർഷകരിലേക്ക് ഉള്ള പാലം . ആകാശവാണി വയലും വീടും യോഗങ്ങൾ കൃത്യമായി കൂടണം. മല മമ്മൂഞ്ഞിന്റെ അടുത്തേക്ക് വന്നില്ലെങ്കിൽ, മമ്മൂഞ്ഞ് മലയുടെ അടുത്ത് പോകണം. ആകാശവാണി യെ തിരക്കി ആരും വന്നില്ലെങ്കിലും, ആകാശവാണി ബ്രേക്കിംഗ് ന്യൂസ് മത്സരത്തിൽ ഇടമുണ്ടാക്കി നിൽക്കണം. വാർത്താശേഖരണത്തിൽ ആകാശവാണിയുടെ സാന്നിധ്യം ഉണ്ടാകണം .അത് അനിവാര്യമാകണം. ക്ഷണക്കത്ത് ഇല്ലെങ്കിലും ചെല്ലണം. തങ്ങളെ വിളിക്കേണ്ടതായിരുന്നു എന്ന് മറ്റുള്ളവർക്ക് തോന്നിപ്പിക്കുന്ന രീതിയിൽ ഇടപെടണം. കൃഷിയിടങ്ങളിൽ, കർഷകരുടെ പാടശേഖരങ്ങളിൽ, സഞ്ചാരം നടത്തണം " , മുരളീധരൻ തഴക്കര പറഞ്ഞു .
" റിട്ടയർ ചെയ്തപ്പോൾ ശരീരത്തിന്റെ തന്നെ ഭാഗമായ യു.പി.ടി.ആർ എന്ന റെക്കോർഡർ തിരിച്ചേൽപ്പിച്ചു . സഹയാത്രികനായിരുന്ന ഒരാൾ ഇല്ലാതെയാകുന്നതുപോലെ മാനസികവ്യഥ അനുഭവിച്ചു", മുരളീധരൻ തഴക്കര പറഞ്ഞു. "ആകാശവാണിക്ക് പുറത്ത് നമുക്ക് ഒരുപാട് ഇടമുണ്ട്, സഞ്ചരിക്കാൻ . മിക്ക വയലും വീടും പരിപാടികളും പുറത്തുനിന്നാണ് റെക്കോർഡ് ചെയ്തിട്ടുള്ളത് .മറ്റൊന്നും അതിനെ തടസ്സമാകരുത്". അവരുടെ പ്രശ്നങ്ങളിലേക്കും ഇറങ്ങിച്ചെല്ലണം.കൃഷിക്കാരുടെ നിലനിൽപ്പിന്റെ, ഭക്ഷ്യസുരക്ഷയുടെ കാര്യമാണ് അത്. പാലിലൂടെ സമ്പൽസമൃദ്ധി എന്ന കൃഷിപാഠം പരമ്പരയുടെ സംവിധായകർ എബ്രഹാം ജോസഫ് ആയിരുന്നു. മിൽമ ഭാരവാഹികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. 'ഇല്ലം നിറ വല്ലം നിറ' ഏറെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു പരമ്പരയായിരുന്നു. കൃഷിപാഠം വന്നശേഷം തേനീച്ച വളർത്തലിന് കൂടുതൽ ഊന്നൽ കൊടുത്തു . 'തേൻ നുകരാം പണം നേടാം ' ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ മറ്റൊരു പരമ്പരയാണ്. ഈ പരമ്പരകൾ തേനീച്ചവളർത്തൽ രംഗത്തെ നൂതന പ്രവർത്തനങ്ങളിലെ അറിവ് പങ്കു വയ്ക്കുന്നതായിരുന്നു . പുതിയ സംരംഭങ്ങൾക്ക് വഴിതുറക്കാൻ ഈ പരിപാടി കാരണമായി. മലനാട് ഡെവലപ്മെൻറ് സൊസൈറ്റിയിലാണ് ഇതുസംബന്ധിച്ച് ആദ്യത്തെ ആലോചനായോഗം നടന്നത് . തേൻ ഉല്പാദിപ്പിക്കുന്നവർ, ആ രംഗത്ത് പ്രവർത്തിക്കുന്നവർ തുടങ്ങിയവർ പരിപാടിയുടെ ആദ്യഘട്ട ആലോചനകളിൽ പങ്കെടുത്തവരാണ്. കാർഷികരംഗത്തെ ഒരു വലിയ അടയാളപ്പെടുത്തലാണ് തേനീച്ച വളർത്തലുമായി ബന്ധപ്പെട്ട് അന്ന് ആകാശവാണി നടത്തിയത്. വിവിധ സ്ഥാപനങ്ങളുമായി അടുത്ത ബന്ധം പുലർത്താനായി .
താക്കോൽ സ്ഥാനങ്ങളിലുള്ളവരുമായി വളരെ ഊഷ്മളമായ ബന്ധം ഊട്ടിയുറപ്പിച്ചു. പരസ്യങ്ങൾ കിട്ടുന്ന പരിപാടികളിൽ കൂടി ശ്രദ്ധിക്കണമെന്ന നിർദ്ദേശം അക്കാലത്താണ് വന്നത്. പരസ്യങ്ങൾ സമാഹരിക്കാനുള്ള ശ്രമങ്ങളും നടത്തി. വയലും വീടും പരിപാടിക്ക് വലിയ തോതിൽ പരസ്യങ്ങൾ കിട്ടി. അതിന് പ്രസാർ ഭാരതിയുടെ പ്രത്യേക അംഗീകാരവും കിട്ടി.രാവിലത്തെ കാർഷിക മേഖലാ വാർത്തകൾക്ക് ഇപ്പോഴും സ്പോൺസർഷിപ്പുണ്ട് . "പരസ്യങ്ങൾ വെറുതെ കിട്ടില്ല.സ്ഥാപനങ്ങളുമായി അടുത്ത ബന്ധം വേണം ". നിരവധിപേർ ആകാശവാണിയുടെ കാർഷിക പരിപാടികൾ കേൾക്കുന്നുണ്ട് . ഇങ്ങനെ കൂടുതൽ ജനങ്ങൾ പാടശേഖരങ്ങളിലേക്ക് എത്തണം. അതാണ് ഇത്തരം പരിപാടികൾ കൊണ്ട് ഉദ്ദേശിക്കുന്നത്. "ഭക്ഷ്യ ഉൽപാദന രംഗത്തേക്ക് കൂടുതൽ ആളുകൾ എത്താൻ വയലും വീടും പോലുള്ള പരിപാടികൾ കാരണമാകുന്നു .എന്നാൽ ആനയ്ക്ക് അതിന്റെ വലുപ്പം അറിയാത്തതുപോലെ യാണ് നാം . ഇത്തരം പരിപാടികളുടെ ശക്തി സ്രോതസ്സുകളെ തിരിച്ചറിയണം. പരിമിതികളെ അതിജീവിക്കാൻ കഴിയണം. 'ഹരിതം ഹലോ ആകാശവാണി' ഫോൺ - ഇൻ പരിപാടി , വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ചെയ്തത്. "മനുഷ്യരുടെ വ്യഥകൾ ക്കോപ്പം ആത്മാർത്ഥമായി പങ്കുചേരണം. കേൾക്കുവാൻ ആരെങ്കിലും ഉണ്ടാകണം. ആകാശവാണിയിൽ അക്കാലം അസ്തമിച്ചിട്ടില്ല. മണ്ണിൽ കാലൂന്നി നിന്നുകൊണ്ടാണ് കേരളത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളിൽ ആകാശവാണി അത്തരം പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്.''
ഇക്കാര്യത്തിൽ കെ. കെ. കുര്യൻ ഒരു മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. (കൊച്ചി എഫ് .എം നിലയത്തിന്റെ പ്രാരംഭ കാലത്ത്,കെ.കെ.കുര്യൻ ആദ്യം ഫാം റേഡിയോ ഓഫീസറും തുടർന്ന് അസിസ്റ്റന്റ് ഡയറക്ടറുമായി .അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച കാലം ഡി.പ്രദീപ് കുമാർ അനുസ്മരിച്ചു. ജില്ലാ കളക്ടർ വിളിക്കുന്ന യോഗങ്ങളിലെല്ലാം ക്ഷണം ഉണ്ടെങ്കിലും ഇല്ലെങ്കിലും അദ്ദേഹം ചെല്ലും. കയ്യിലൊരു ടു -ഇൻ- വൺ റേഡിയോ സെറ്റ് ഉണ്ടാകും.എഫ് എം ബാൻഡ് എങ്ങിനെ കിട്ടും എന്ന് റേഡിയോ ട്യൂൺ ചെയ്തു കാണിക്കും . എറണാകുളം ജില്ലാ കളക്ടർ അന്ന് കെ രാജനായിരുന്നു . ആകാശവാണിയുടെ പരിപാടികൾക്ക് അകമഴിഞ്ഞു അദ്ദേഹം സഹായിച്ചിരുന്നു . തദ്ദേശസ്ഥാപന മേധാവികളുടെ യോഗം അദ്ദേഹം വിളിച്ചുകൂട്ടി , എഫ് എം. റേഡിയോയുടെ പ്രചാരണത്തിനുവേണ്ടി വലിയ സഹായം ചെയ്തു . വാണിജ്യ തലസ്ഥാനമായ കൊച്ചിയിൽ ആകാശവാണി പരിപാടികൾക്ക് വലിയ ജനകീയ അടിത്തറ ഉണ്ടാക്കിയെടുത്തത് ഫാം റേഡിയോ ഓഫീസറായി കുര്യൻ സാർ ഉണ്ടാക്കിയെടുത്ത വലിയ ജന ബന്ധമായിരുന്നുവെന്ന് ഡി.പ്രദീപ് കുമാർ പറഞ്ഞു).
ആകാശവാണിയുടെ കാർഷിക പരിപാടികളിൽ വ്യക്തിപരമായ അഭിരുചി ഉള്ളവരും വിദഗ്ദ്ധരും നിയമിതരാകണമെന്ന് മുരളീധരൻ തഴക്കര അഭിപ്രായപ്പെട്ടു. കൃഷി മേഖലയിലെ പരിപാടികളിൽ പരാമർശിക്കപ്പെടുന്ന പുതിയ പദാവലികൾ, വിത്തിനങ്ങൾ, പരീക്ഷണങ്ങൾ എന്നിവയെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു:"വയലും വീടും പോലുള്ള പരിപാടികൾ ശ്രവിക്കുന്നത് ഏറ്റവും സാധാരണക്കാരായ കൃഷീവലൻമാർ കൂടിയാണ്. അത്തരം പരിപാടികളിൽ ദുർഗ്രഹമായ പദങ്ങൾ ഉപയോഗിക്കുന്നത് ശരിയല്ല . ദീർഘങ്ങൾ ഇടുമ്പോൾ പോലും ശ്രദ്ധിക്കണം. വളരെ ലളിതമായ ശീർഷകങ്ങൾ വേണം നൽകാൻ. ഉദാഹരണത്തിന്,ഒരു പരിപാടിയുടെ പേര് നൽകിയത് 'കുണ്ടും കുഴിയും' എന്നായിരുന്നു. സാധാരണക്കാരനെ ബാധിക്കുന്ന വിഷയങ്ങളിൽ ലളിതമായ സമീപനം തന്നെ വേണം; ശീർഷകങ്ങൾ ഉൾപ്പെടെ. കേട്ടമാത്രയിൽ മനസ്സിലാക്കാൻ പറ്റിയ പരിപാടികൾ ഗ്രാമ ഭാഷയിൽ അവതരിപ്പിക്കണം. മാനകഭാഷ അനൗൺസ്മെന്റിൽ മാത്രം".
കോഴിക്കോട് നിന്ന് തിരുവനന്തപുരം നിലയം റിലേ ചെയ്ത ഒരു വയലും വീടും പരിപാടിയിൽ, കപ്പയുടെ മലബാറിലെ നാട്ടുഭാഷയായ 'പൂള' എന്ന് പറഞ്ഞതിനെക്കുറിച്ച് വർഷങ്ങൾക്ക് മുൻപ് ഉണ്ടായ ആശയക്കുഴപ്പത്തെ പറ്റി ഡി.പ്രദീപ് കുമാർ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം ഭാഗത്ത് പൂള എന്നത് സഭ്യമല്ലാത്ത ഒരു പ്രയോഗം ആയിരുന്നു. അതിനെതിരെ ശ്രോതാക്കൾ നിലയത്തിൽ വിളിച്ച് പ്രതിഷേധം അറിയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ജനപ്രിയ പരിപാടികൾ തയ്യാറാക്കുന്നതിന് ഇടുക്കിയിൽ വലിയ ജനപിന്തുണ കിട്ടിയിട്ടുണ്ടെന്ന് ചർച്ചയിൽ ഇടപെട്ട വി. ശശികുമാർ പറഞ്ഞു.ആൻറണി മുനിയറയെപ്പോലുള്ള സാമൂഹികപ്രവർത്തകരും ഇടുക്കിയിലെ രാജമന്നാനുമെല്ലാം സഹായഹസ്തങ്ങൾ നീട്ടിയിട്ടുണ്ട്. എല്ലാ നിലയങ്ങളിലും നിരവധി ക്യാഷ്വൽ ജീവനക്കാർ സഹായിക്കാൻ ഉണ്ടായിരുന്നു. സ്റ്റാഫ് അനൗൺസർ കൗസല്യ മധു റിട്ടയർ ചെയ്തതിനു ശേഷം, കാഷ്വൽ അവതാരകരായിരുന്നു , വയലും വീടും പരിപാടിയിൽ കൂടുതലും ഉണ്ടായിരുന്നത്.
പുതിയ കാലത്ത് കാർഷിക പത്രപ്രവർത്തനത്തെ പലരും തഴഞ്ഞതായി ശശികുമാർ ചൂണ്ടിക്കാട്ടി. ദശാബ്ദങ്ങൾക്ക് മുൻപ്, ആർ.ഹേലി പത്രങ്ങളുടെ എഡിറ്റർമാരെ വിളിച്ചുകൂട്ടി , ആഴ്ചയിൽ ഒരു പേജ് കാർഷിക പംക്തികൾക്കായി മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടത് അദ്ദേഹം അനുസ്മരിച്ചു.ധാരാളം എഴുത്തുകാരാണ് അന്ന് കാർഷിക പംക്തികൾ കൈകാര്യം ചെയ്യാൻ ഉണ്ടായിരുന്നത്. അന്ന് കാർഷിക മാസികയായി 'കേരളകർഷകൻ'മാത്രമാണുണ്ടായിരുന്നത്. ദീപികയുടെ 'കർഷകൻ ', മലയാള മനോരമയുടെ 'കർഷകശ്രീ' എന്നിവ പിന്നീടാണ് പ്രസിദ്ധീകരിക്കുന്നത്. ഇപ്പോൾ,എഴുതാനുള്ള വിഷയങ്ങൾ കിട്ടുന്നില്ല എന്ന പരാതിയിൽ അർത്ഥമില്ല. എന്നാലും, കാർഷിക വിഷയങ്ങളെക്കുറിച്ചുള്ള എഴുത്ത് പേരിനു വേണ്ടി മാത്രമായിരിക്കുന്നു.കാർഷിക പ്രശ്നങ്ങൾ പലയിടത്തും പലതരത്തിലാണ്. കാസർഗോഡ് ജില്ലയിൽ തേയില കൊതുകിന്റെ ആക്രമണമുണ്ടായിരുന്നു. 1990കളിൽ തെങ്ങുകൃഷിക്ക് മണ്ഡരിബാധ, എന്നിങ്ങനെ. .
റേഡിയോ, കാലത്തിനനുസരിച്ച് മാറണമെന്ന് മുരളീധരൻ തഴക്കര അഭിപ്രായപ്പെട്ടു. ഇപ്പോൾ ആരും മൊബൈൽ ഫോൺ താഴെ വയ്ക്കുന്നില്ല. ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കണം,എങ്ങനെ ഇടപെടണം എന്നാലോചിക്കണം. നിയതമായ രീതികൾക്ക് അനുസരിച്ച് സജ്ജമാകണം. മറ്റു സംസ്ഥാനങ്ങളിൽ കാർഷിക പരിപാടികൾക്കായി അധികം പോകേണ്ടി വന്നില്ലന്ന് അദ്ദേഹം, ഒരു ചോദ്യത്തിന് ഉത്തരമായി , പറഞ്ഞു.തോവാളയിലെ പുഷ്പകൃഷി റിപ്പോർട്ട് ചെയ്യാൻ പോയിട്ടുണ്ട്. തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിലെ കൃഷി രീതികൾ വ്യത്യസ്തമാണ്. 10-15 സെൻറ് സ്ഥലത്താണ് കേരളത്തിലെ കൃഷി. തമിഴ്നാട്ടിൽ അങ്ങനെയല്ല . വലിയ ഭൂപ്രദേശം കൃഷിക്കായി ഒരുക്കുന്ന രീതിയാണ് അവിടെ. കേരളത്തിൽ, മുതലമടയിലെ മാവ് കൃഷി മാത്രമാണ് അതിനൊരു അപവാദം. "കേരളത്തിലെ ഗ്രാമീണ കൃഷിക്കാരുടെ പ്രശ്നങ്ങൾ വേറെയാണ്. അത്തരം പ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ട സമയത്ത് , മാവ് നടുന്നതെങ്ങനെ എന്നും കോഴി വളർത്തലിന്റെ രീതി എന്താണെന്നും പഠിപ്പിക്കാൻ പോകരുത്. റേഡിയോയിൽ കാലാനുസൃതമായ പരിപാടികൾ ഉണ്ടാകണം. വലിയ മാറ്റം വേണം. മാറിയ ചിന്തകൾ വേണം. ആവശ്യക്കാരന് ആവശ്യമുള്ള രീതിയിൽ പ്രക്ഷേപണത്തെ മാറ്റിയെടുക്കണം. സാങ്കേതികവിദ്യയിൽ വലിയ മാറ്റം വേണം. ആധുനിക വിദ്യ ഒരുപാട് ഉപയോഗിക്കാം. മട വീണാൽ ലൈവായി പരിപാടി കൊടുക്കാം. പറയാൻ വിദഗ്ധരെയും സംഘടിപ്പിക്കാം. കൺട്രോൾ റൂമിൽ വിവരം കൊടുത്ത് പ്രതികരണം വാങ്ങുന്ന രീതി മാറണം . പരമ്പരാഗത രീതികൾക്കും മാറ്റം വരണം. ഇത്തരം കാര്യങ്ങളിൽ കൂടുതൽ സ്വാതന്ത്ര്യം റിപ്പോർട്ടർമാർക്ക് ഉണ്ടാകണം. പുതിയ ആളുകൾക്ക് കടന്നുവരാൻ പ്രേരണയും ഉണ്ടാകണം . കൃഷിക്കാരുടെ ഭാഷ ഉപയോഗിക്കാൻ നിർബന്ധബുദ്ധി ഉണ്ടാകണം. അവരുടെ വികാരങ്ങൾ മനസ്സിലാക്കണം. വീട്ടിൽനിന്ന് ലൈവ് കൊടുക്കാൻ കഴിയണം. റണ്ണിങ്ങ് കമൻററി പോലെ ആകണം റിപ്പോർട്ടിങ്ങ് . പുതിയ ശ്രോതാക്കളെ ഉണ്ടാക്കാനുള്ള ശ്രമം വേണം . ഫീൽഡിൽ ധാരാളം യാത്ര ചെയ്യണം".
കൊമേഴ്സ്യൽ വാല്യൂ ഉള്ള പരിപാടികൾ കൊടുക്കണം എന്ന നിർബന്ധം ഇപ്പോഴുണ്ട്. ഓരോ സ്റ്റേഷനും നിശ്ചിത പരസ്യവരുമാനം ഉണ്ടാക്കണം എന്ന് നിർദ്ദേശമുണ്ട്. റേഡിയോ എന്ന മാധ്യമം രക്ഷപ്പെടാൻ സമൂഹത്തെ കൂടെ നിർത്തണമെന്ന് . മുരളീധരൻ തഴക്കര പറഞ്ഞു .
കാർഷിക പ്രക്ഷേപണത്തിന്റെ നാൾ വഴികളെക്കുറിച്ചുള്ള 'എന്റെ ആകാശവാണിക്കാലം ' ഒൻപതാം ഭാഗത്തിൽ ഡി.പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി. സുജ സവിധം , അജിത അരവിന്ദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
പരിപാടിയുടെ ശബ്ദലേഖനം യൂട്യൂബിലുണ്ട് : https://youtube.com/watch?v=C2xjCQHxgmc&feature=share
'എന്റെ ആകാശവാണിക്കാലം-8;എ. അനന്തപത്മനാഭൻ,തിരുവിഴ ജയശങ്കർ,ഉഷ വിജയകുമാർ
'എന്റെ ആകാശവാണിക്കാലം ' പരമ്പരയുടെ എട്ടാം ഭാഗത്തിൽ (2021 നവം.20, ശനി) ദക്ഷിണേന്ത്യയിലെ മൂന്നു പ്രശസ്ത സംഗീതജ്ഞരാണ് ഇത്തവണ ക്ലബ് ഹൗസിലെ ശ്രോതാക്കൾക്ക് മുന്നിൽ അനുഭവങ്ങൾ പങ്കുവയ്ക്കാനെത്തിയത്.
ആകാശവാണി തൃശൂർ നിലയത്തിലെ മുൻ സ്റ്റാഫ് ആർട്ടിസ്റ്റും ടോപ് ഗ്രേഡ് വീണാവാദകനുമായ എ. അനന്തപത്മനാഭൻ, അഞ്ഞൂറോളം ലളിത ഗാനങ്ങൾക്ക് സംഗീതം പകർന്നിട്ടുണ്ട്. നാഗസ്വരത്തിലെ മഹാപ്രതിഭയാണ് തിരുവിഴ ജയശങ്കർ. തിരുവനന്തപുരം വാണിജ്യ പ്രക്ഷേപണ കേന്ദ്രത്തിലെ സ്റ്റാഫ് അനൗൺസർ ആയിരുന്നു , അദ്ദേഹം. തൃപ്പൂണിത്തുറ ആർ. എൽ. വി. സംഗീത കോളേജിൽ യേശുദാസിന്റെ സീനിയറായിരുന്നു , ജയശങ്കർ. 'നാഗസ്വരത്തിന്റെ ആത്മകഥ' എന്ന ഗ്രന്ഥത്തിന്റെ കർത്താവാണ്. തമിഴകത്തും പ്രശസ്തനായ തിരുവിഴ ജയശങ്കറാണ് ആകാശവാണിക്കാല സ്മരണകൾ പങ്കുവയ്ക്കാൻ എത്തിയ മറ്റൊരാൾ. മലയാളിക്ക് അത്ര പരിചിതമല്ലാത്ത ഗോട്ടുവാദ്യത്തിൽ നാദവിസ്മയം തീർത്ത് പ്രശസ്തയായ ഉഷ വിജയകുമാർ , കേരളത്തിലെ ആകാശവാണി നിലയങ്ങളിൽ മൂന്നു പതിറ്റാണ്ടുകാലം ഒരേയൊരു ഗോട്ടുവാദ്യം കലാകാരിയായിരുന്നു. തമിഴ്നാട് സ്വദേശിനിയാണെങ്കിലും മലയാളിയായി മാറിയ ഉഷയും ക്ലബ് ഹൗസിൽ അതിഥിയായെത്തി.
1975 ലാണ് വീണ ആർട്ടിസ്റ്റായി ആകാശവാണി ജീവിതം ആരംഭിച്ച എ. അനന്തപദ്മനാഭന് സംഗീതം ആദ്യം ഒരു ഹോബി മാത്രമായിരുന്നു. കുളത്തൂപ്പുഴ രവി എന്ന പേരിൽ അക്കാലത്ത് അറിയപ്പെട്ടിരുന്ന പ്രശസ്ത മലയാള സംഗീത സംവിധായകൻ രവീന്ദ്രൻ ആദ്യകാലത്ത് ആരംഭിച്ച ഗാനമേള ട്രൂപ്പിൽ പ്രവർത്തിക്കുകയായിരുന്നു , അന്നദ്ദേഹം.ആകാശവാണിയിൽ വീണ ആർട്ടിസ്റ്റ് ആയതോടെ സംഗീതയാത്രക്ക് ഗതിവേഗം കൂടി. ഭൂമിയിൽ ലഭിക്കാവുന്ന ഏറ്റവും നല്ല ജോലിയാണ് ആകാശവാണിയിലെ സ്റ്റാഫ് ആർട്ടിസ്റ്റിന്റേതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു ."ഞാൻ നന്നായി ആസ്വദിച്ചു ചെയ്ത ജോലി.ഇതുപോലെ ഒന്ന് ഭൂമുഖത്ത് വേറെയില്ല," അനന്തപദ്മനാഭൻ പറയുന്നു . "സംഗീതമയമായ ജീവിതം. വലിയ കലാകാരന്മാരോടൊപ്പം പ്രവർത്തിക്കാൻ നിരവധി അവസരങ്ങൾ . എന്റെ വളർച്ച മുഴുവൻ ആകാശവാണിയിലൂടെ ആയിരുന്നു . എല്ലാവരും റേഡിയോ കേട്ടിരുന്ന അക്കാലം കേൾവിയുടെ സുവർണകാലം കൂടിയായിരുന്നു ". തിരുവിഴ ചേട്ടന്റെ സാന്നിധ്യം വലിയ സൗഭാഗ്യങ്ങളിൽ ഒന്നായി എടുത്തുപറയുന്നു, അനന്തപത്മനാഭൻ.
ആദ്യം സംഗീതം നൽകിയത് പ്രമുഖ കവി, അന്തരിച്ച എസ്. രമേശൻ നായർ എഴുതിയ "തത്തമ്മേ.. "എന്ന ലളിതഗാനമായിരുന്നു. ഓണം ,വിഷു, ക്രിസ്തുമസ് കാലങ്ങളിൽ നിരവധി ലളിതഗാനങ്ങൾ കമ്പോസ് ചെയ്ത വലിയ അനുഭവം അദ്ദേഹം ഓർത്തെടുത്തു. പ്രശസ്ത ഗായിക രാധിക തിലകിനെ കലോത്സവ വിജയിയാക്കിയ ഗാനങ്ങൾ കമ്പോസ് ചെയ്തത് അനന്തപത്മനാഭനായിരുന്നു. "ട്രാൻസ്മിഷൻ സമയം കഴിയുംവരെ റെക്കോർഡിങ് ഉണ്ടാകും . ഭക്ഷണം പോലും കഴിക്കാതെ യാകും പലപ്പോഴും ജോലി ചെയ്യുക. എന്നാൽ,ജോലിയുടെ ആവേശം, സംഗീതത്തോടുള്ള അഭിനിവേശം......ആ നല്ല കാലം ഓർക്കുന്നതു പോലും സന്തോഷം.." അദ്ദേഹത്തിന്റെ പ്രശസ്തമായ ' ഒരു സങ്കല്പതല്പത്തിൽ... ' എന്നു തുടങ്ങുന്ന ഗാനം പിന്നണി ഗായികയും രാധികയുടെ സഹപാഠിയുമായിരുന്ന ജ്യോതി മേനോൻ ക്ലബ് ഹൗസ് ശ്രോതാക്കൾക്കായി ആലപിച്ചു.
"മഹാകവി അക്കിത്തം, എസ്. രമേശൻ നായർ , നെയ്യാറ്റിൻകര വാസുദേവൻ ,തിരുവിഴ ശിവാനന്ദൻ , സി. രാജേന്ദ്രൻ തുടങ്ങി നിരവധി പ്രതിഭകളുടെ കൂടെ ജോലി ചെയ്തു . നെയ്യാറ്റിൻകര വാസുദേവൻ തിരുവനന്തപുരത്തേക്ക് ട്രാൻസ്ഫർ ആയി പോയപ്പോൾ,വന്ന പ്രശസ്ത സംഗീതജ്ഞൻ മങ്ങാട് നടേശനുമായി ആത്മബന്ധം തന്നെ സ്ഥാപിക്കാനായി. പരിചയപ്പെടാനും റെക്കോർഡ് ചെയ്യാനും സാധിച്ചത് മഹാ പ്രതിഭകളെ .. സംഗീത രംഗത്തെ വളർച്ചയ്ക്ക് ആകാശവാണിക്കാലം സഹായിച്ചു." അനന്തപത്മനാഭൻ ഓർത്തെടുത്തു.
"രാഗാലാപനം ചെയ്യാൻ പറ്റിയ ഒരു വാദ്യം നാഗസ്വരം പോലെ മറ്റൊന്നില്ല", പറയുന്നത് , പ്രശസ്ത നാഗസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ. "മണിക്കൂർ കണക്കിനാണ് അന്ന് സംഗീതജ്ഞർ രാഗം വായിക്കുന്നത് . പണ്ട് രാജരത്നം പിള്ള നാലഞ്ചു മണിക്കൂർ തോടി വായിക്കും.അത് കേട്ടിരിക്കാൻ ആൾക്കാർ ഉണ്ട് , അന്ന്. ഒരുതവണ മദിരാശിയിൽ അദ്ദേഹം വായിക്കുന്നതു കേട്ടു. ആദ്യം ചെറിയ കീർത്തനം, അഞ്ചുമിനുട്ട്". . അന്നത്തെ ആകാശവാണിക്കാലം അദ്ദേഹം ഓർത്തെടുത്തു ."ഡിഗ്രി കഴിഞ്ഞിരിക്കുന്ന കാലം. ഗാനഭൂഷണം തൃപ്പൂണിത്തുറ ആർ. എൽ. വിയിലാണ് പഠിച്ചത്. ശാസ്ത്രീയ സംഗീതത്തിന് പ്രാധാന്യമുള്ള ആകാശവാണിയിൽ വന്ന ഒഴിവിൽ അനൗൺസറായി എന്നെ നിയമിക്കുകയായിരുന്നു. അന്ന് അയൽക്കാർക്ക് അലോസരമില്ലാതെ നാഗസ്വരം പ്രാക്ടീസ് ചെയ്യാൻ സ്ഥലം കണ്ടെത്തിയത് റേഡിയോ നിലയത്തിൽ ആണ് . പിൽക്കാലത്ത് ഫ്ലാറ്റ് വാങ്ങിയപ്പോൾ,ഒരു മുറി പ്രാക്ടീസ് ചെയ്യാൻ സൗണ്ട് പ്രൂഫ് ആക്കി. ആകാശവാണിയിൽ അന്ന് വളരെ നല്ല അന്തരീക്ഷമായിരുന്നു.
സഹപ്രവർത്തകരായി പറവൂർ കെ. ശാരദാമണി,പറവൂർ കെ. രാധാമണി, ഇന്ദിര പൊതുവാൾ തുടങ്ങിയവരുണ്ടായിരുന്നു. ടേപ്പ് ലോഡുചെയ്യുന്നതു മുതലുള്ള ജോലിയെല്ലാം അവർ പഠിപ്പിച്ചു. എന്നാലും, സ്റ്റുഡിയോയിലെ ചുവന്ന ലൈറ്റ് കത്തുമ്പോൾ വലിയ പരിഭ്രമം ആയിരുന്നു, പിന്നീട് അത് മാറി. അരമണിക്കൂർ പ്രോഗ്രാം രാവിലെ അവതരിപ്പിക്കും. വലിയ തലക്കനം ആയിരുന്നു അന്ന് ;ലോകം മുഴുവൻ കേൾക്കുന്നു എന്ന ഭാവം . ഒരിക്കൽ ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ പോയി. തൊട്ടടുത്തിരുന്ന രണ്ട് ചെറുപ്പക്കാർ രാവിലത്തെ പ്രക്ഷേപണത്തെപ്പറ്റി മോശം അഭിപ്രായം പറഞ്ഞതു കേട്ടപ്പോൾ ആ തലക്കനം പോയി. പിന്നെ വളരെ ശ്രദ്ധാലുവായി. ആകാശവാണി ജീവിതം കുഴപ്പങ്ങൾ ഇല്ലാതെ പോയെങ്കിലും ലീവിന്റെ പ്രശ്നങ്ങൾ തലപൊക്കി.
നിരവധി കച്ചേരികൾ വന്നു തുടങ്ങിയ കാലം. തമിഴ്നാട്ടിൽ ആയിരുന്നു പരിപാടികൾ കൂടുതലും. രാവിലെ ഡ്യൂട്ടി കഴിഞ്ഞ് ട്രെയിനിലോ ബസിലോ കയറി പോകും. അടുത്ത ദിവസം അവധി വേണ്ടിവരും വരും. അല്ലെങ്കിൽ ലേറ്റ് ആകും. പ്രശ്നങ്ങൾ കൂടിക്കൂടി വന്നു .കൂടെയുള്ളവർ എല്ലാവരും ക്ഷമിക്കാൻ തയ്യാറായില്ല. പരാതികളുണ്ടായി.അങ്ങിനെ വലിയ പ്രശ്നമായ പഴയ ഒരു സംഭവം അദ്ദേഹം ഓർത്തെടുത്തു- തിരുവനന്തപുരത്ത് മെരിലാൻഡ് സുബ്രഹ്മണ്യത്തിന്റെ മകന്റെ കല്യാണത്തിന് നാഗസ്വരം വായിക്കാൻ പോയി .അതിനു രണ്ടു ദിവസം മുൻപ് പനി കാരണം ലീവ് കൊടുത്തിരുന്നു. കല്യാണത്തിന് പ്രേം നസീർ, ഷീല ,ശാരദ തുടങ്ങിയ പ്രശസ്തർ പങ്കെടുത്തിരുന്നു. പത്രത്തിൽ ഫോട്ടോ അടിച്ചു വന്നു, എന്റെ നാഗസ്വരം കേമമായി എന്ന വാർത്തക്കൊപ്പം. മുൻനിരയിൽ അതിപ്രശസ്തർ ഇരിക്കുന്നു. ഇതിൽ വലിയ ആരോപണമായി. പനി എന്നു പറഞ്ഞില്ലേ . ലീവെടുത്തു അനുമതിയില്ലാതെ പരിപാടിയിൽ പങ്കെടുത്തു എന്തായിരുന്നു ആരോപണം. ഇൻഗ്രിമെൻറ് റദ്ദാക്കാൻ തീരുമാനിച്ചു .എന്നാൽ പുതിയതായി ചാർജ് എടുത്ത സ്റ്റേഷൻ ഡയറക്ടർ വലിയ കലാസ്നേഹിയായിരുന്നു. നാഗസ്വരം വായനയിൽ കേമനായ തിരുവിഴയോട് അപ്രകാരം ചെയ്യുന്നത് ശരിയല്ലെന്ന് അദ്ദേഹം നിർദ്ദേശിച്ചു ; അദ്ദേഹം ഓർത്തെടുക്കുന്നു.
തിക്കുറിശ്ശി സുകുമാരൻ നായർ , അടൂർ ഭാസി എന്നിവരുമായും അടുത്തിടപഴകാൻ അടുത്തിടപഴകാൻ സാധിച്ചിട്ടുണ്ട്. ആകാശവാണിയിൽ സാധാരണ അവതരിപ്പിക്കുന്ന ചലച്ചിത്രഗാന പരിപാടിക്ക് പകരമായി രാഗവിസ്താരം നടത്തിക്കൊണ്ട് , ചലച്ചിത്രഗാനങ്ങൾ അവതരിപ്പിക്കാൻ തീരുമാനിച്ചപ്പോൾ അഭിനന്ദിച്ചുകൊണ്ട് നിരവധി പേർ ഫോണിൽ വിളിക്കുകയുണ്ടായി. പ്രശസ്ത കവിയത്രി സുഗതകുമാരി , ഹൃദയ കുമാരി എന്നിവർ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. മാലികക്ക് വലിയ അംഗീകാരമാണ് ലഭിച്ചത് ആകാശവാണിക്കാലത്ത് കലാപരമായി വലിയ നേട്ടങ്ങൾ ഉണ്ടാക്കാനായി . നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. വിദേശരാജ്യങ്ങളിൽ പരിപാടികൾ നടത്തി. ബർലിനിൽ നടത്തിയ പരിപാടിയിൽ രാജീവ് ഗാന്ധിയുടെ അനുമോദനവും കിട്ടി. 1990ൽ തമിഴ്നാട് സർക്കാർ കലൈമാമണി പുരസ്കാരം നൽകി ആദരിച്ചു.
"പത്തൊൻപത് വയസ്സ് പ്രായമുള്ളപ്പോൾ , കോട്ടയത്ത് ബ്രാഹ്മണ സമൂഹത്തിന്റെ പരിപാടിക്കായി ചെമ്പൈ വൈദ്യനാഥ ഭാഗവതർ വന്നു. എൻ.കെ സ്വാമി എന്ന നാണുക്കുട്ടി സ്വാമി എന്നെ ചെമ്പൈയ്ക്ക് മുൻപിലേക്ക് കൊണ്ടുപോയി നാഗസ്വരം വായിപ്പിച്ചു. പരിപാടി കഴിഞ്ഞ് ചെമ്പൈ ആവശ്യപ്പെട്ടപ്രകാരം, കാണാൻ ചെന്നു. തൂക്കു മഞ്ചത്തിൽ വിശ്രമിക്കുന്ന സ്വാമിയെ കണ്ട്, നമസ്കരിച്ചു. എന്നോട് വെള്ളം അടിക്കുമോ എന്ന് ആംഗ്യത്തിൽ ചോദിച്ചു .ഇല്ല എന്ന് പറഞ്ഞു. കുഴപ്പങ്ങൾ ഉണ്ടോ എന്ന് അന്വേഷിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോൾ 'ഗുരുവായൂരപ്പാ നീ നന്നായി വരും ' എന്നു പറഞ്ഞു അനുഗ്രഹിച്ചു. ആകാശവാണിയിൽ ജോലിയിൽ ഇരിക്കെ, ഗുരുവായൂരിൽ ഞാൻ കച്ചേരി നടത്താൻ പോയി. അന്ന് മേൽപ്പത്തൂർ ഓഡിറ്റോറിയം ഇല്ല. ടി.വി. രമണിയാണ് വയലിനിൽ .മൂന്നു മണിയായി .മഴ ചാറുന്നുണ്ട്. തലയിൽ ഒരു തോർത്തുമുണ്ടിട്ട് , ചെമ്പൈ സ്വാമി വന്നു. 'വാതാപി' യിലായിരുന്നു തുടക്കം. കച്ചേരി കേട്ടശേഷം സ്വാമി ഒരു പരമേശ്വരനെ അന്വേഷിച്ചു. പരമേശ്വരൻ വന്നു .കച്ചേരി കേട്ടോ എന്ന് അദ്ദേഹത്തിനോട് ചോദിച്ചു. എങ്ങിനെയുണ്ടെന്നാരാഞ്ഞു. ഗംഭീരം എന്നു പറഞ്ഞപ്പോൾ ബോംബെയിൽ ഇവരുടെ ഒരു കച്ചേരി വയ്ക്കണം എന്നാവശ്യപ്പെട്ടു. മാത്രമല്ല, ഒരു രൂപ അഡ്വാൻസ് നൽകണമെന്നും പറഞ്ഞു . അതും വാങ്ങിത്തന്നു. ചെമ്പൈ എന്ന അപൂർവ്വ മനുഷ്യന്റെ അനുഗ്രഹം.
“ഇരുപത്തി ഒന്നാം വയസിലാണ് കോട്ടയത്ത് കാരൈക്കുടി വരുന്നത്. ഒരു മണിക്കൂർ ആഭേരിയിൽ 'നകുമോ' എന്ന കീർത്തനം ആലപിച്ചത് കേട്ടു അദ്‌ഭുതസ്തബ്ധനായി, ഞാൻ. ഭാരതരത്ന പുരസ്കാരത്തിന് അർഹനായ പണ്ഡിറ്റ് ബിസ്മില്ലാഖാന്റെ നൂറാം പിറന്നാളിന് എന്നെ മാത്രമാണ് ക്ഷണിച്ചത്. ഗംഗാതീരത്തെ മണ്ഡപം. മുക്കാൽ മണിക്കൂർ ആ മണ്ഡപത്തിൽ നാഗസ്വരം വായിക്കാൻ കഴിഞ്ഞത് വലിയ അനുഗ്രഹമായി കരുതുന്നു . ഇവരുടെയെല്ലാം അനുഗ്രഹമാണ് എന്നെ ഇവിടെ എത്തിച്ചത്", തിരുവിഴ ജയശങ്കർ പറഞ്ഞു നിർത്തി.
കോഴിക്കോട് ആകാശവാണി നിലയങ്ങളിൽ കാൽ നൂറ്റാണ്ടിലേറെ ഗോട്ടുവാദ്യ കലാകാരിയായി പ്രവർത്തിച്ച ഉഷ വിജയകുമാർ തമിഴ്നാട്ടിലെ തഞ്ചാവൂർ സ്വദേശിനിയാണ്. വീണ പോലെ തന്നെയാണ് ഗോട്ടുവാദ്യം. ഗോട്ടുവാദ്യത്തിന്റെ പ്രത്യേകത,അതിനു സ്വര സ്ഥാനമില്ല എന്നതാണ്. പ്ലെയിൻ ഫ്ലെക്സ് ആണ്. സ്വരസ്ഥാനം എവിടെയെന്ന് അറിയില്ല. കമ്പിമേൽ സർക്കസ് പോലെ. കൈകൊണ്ട് മീട്ടുമ്പോൾ വഴങ്ങാൻ ബുദ്ധിമുട്ട്. ഒരു സെക്കന്റ് ശ്രദ്ധ പാളിയാൽ അപസ്വരം വരും. നല്ല ശ്രുതി ബോധം വേണം കൈകാര്യം ചെയ്യുന്ന ആൾക്ക്. സിനിമയ്ക്ക് ചേരാത്ത ഒരു വാദ്യം കൂടിയാണിത്. അതുകൊണ്ടുതന്നെ ഗോട്ട് വാദ്യത്തിന് ഡിമാൻഡ് കുറവാണെന്ന് ഉഷ വിജയകുമാർ പറഞ്ഞു. ജോലി സ്ത്രീകൾക്കു ബുദ്ധിമുട്ടാണ് , ഗോട്ടു വാദ്യം. ജോലിയെല്ലാം കഴിഞ്ഞ്, രാത്രി 9 മണിക്ക് പ്രാക്ടീസ് ചെയ്യും. "നല്ലവണ്ണം പ്രാക്ടീസ് ചെയ്യണമെങ്കിൽ ഒറ്റയ്ക്കിരിയ്ക്കണം".
"അച്ഛന് തിരുപ്പതിയിലായിരുന്നു , ജോലി. അവിടെ സംഗീത കോളേജിൽ പഠിക്കുമ്പോൾ , 1970 ൽ സർക്കാരിന്റെ ഒരു സ്കോളർഷിപ്പ് ലഭിച്ചു. ഗോട്ടുവാദ്യപഠനത്തിനാ രുന്നു അത്. അന്ന് മറ്റാരും അത് പഠിച്ചിട്ടില്ല . 16 വയസ്സു കഴിഞ്ഞ ബി -ഗ്രേഡ് ആർട്ടിസ്റ്റ് ആയി ഗോട്ട് വാദ്യ കച്ചേരി അവതരിപ്പിച്ചിരുന്നു, വിജയവാഡ നിലയത്തിൽ . പഠിക്കാൻ ചേരുന്നതിനു മുൻപ് ഒരു കത്ത് വന്നു; കോഴിക്കോട് ഗോട്ടുവാദ്യ ആർട്ടിസ്റ്റ് ആയി ഒരു പോസ്റ്റ് ഒഴിവുണ്ട് . എന്നാൽ അച്ഛന് ജോലിയേക്കാൾ പ്രധാനം, ഗോട്ടുവാദ്യം വായിക്കണം എന്നതായിരുന്നു .അതിന് സ്കോളർഷിപ്പ് സഹായകരമാകും എന്ന് അച്ഛൻ കരുതി. കോന്നിയൂർ ആർ.നരേന്ദ്രനാഥ് ആയിരുന്നു അന്ന് സ്റ്റേഷൻ ഡയറക്ടർ . അദ്ദേഹത്തോട് , സ്കോളർഷിപ്പിന് പഠിക്കുകയാണ്; പഠിപ്പുപേക്ഷിച്ചാൽ സ്റ്റൈപ്പൻഡ് തിരിച്ച് അടക്കേണ്ടി വരും,1976ൽ മാത്രമേ കോഴ്സ് കഴിയൂ എന്നറിയിച്ചു. ഒരു ഇൻറർവ്യൂവിനു വരാൻ അദ്ദേഹം ആവശ്യപ്പെട്ടു. 21 വയസ്സ് മാത്രമാണ് എനിക്കന്ന് പ്രായം. ജോലി എന്താണ് എന്നറിയില്ല. ശ്രുതി മാറ്റി ചേർക്കാൻ ആവശ്യപ്പെട്ടു. ശ്രുതി ചേർത്തു. അപ്പോയിന്റ മെൻറ് ഓർഡർ കയ്യിൽ തന്നു. 76ഏപ്രിൽ മാസത്തിൽ ജോയിൻ ചെയ്യേണ്ട ഞാൻ അടിയന്തരാവസ്ഥ കാരണം 77 ഓഗസ്റ്റിലാണ് ജോലിയിൽ പ്രവേശിച്ചത്. എൽ.കെ.ജി ക്ലാസിലെ പ്രവേശനത്തിനു പോലും ശുപാർശ വേണ്ടിടത്ത് ആണ് ഒരു ശുപാർശയും കൂടാതെ എന്നെ നിയമിച്ചത് .വിളിച്ചു തന്നു. ഭാഗ്യം''.
ഉഷ വിജയകുമാർ തുടർന്നു,“ഈ ഉപകരണം കൈകാര്യം ചെയ്യാൻ ആളില്ല എന്നതാണ് കാരണം. മലയാളം അറിയില്ല , അന്ന് . ഡി.കെ പട്ടാംബാൾ, ടി.വി രമണി തുടങ്ങി വലിയ കലാകാരർക്കൊപ്പം സംഗീത പരിപാടികളിൽ പങ്കെടുത്തു. എ.ഐ. ആറിൽ തന്നെ വളർന്നു. വലിയ സംഗീതജ്ഞരെ ശ്രവിക്കാൻ അവസരം കിട്ടി. നിറയെ ടേപ്പുകൾ . അവ കേൾക്കാം. ഒരുപാട് റെക്കോർഡിങ്‌സ്. ചോദിക്കാതെ കിട്ടിയ ജോലിയാണെങ്കിലും ജോലി നൽകിയ സന്തോഷം ചെറുതല്ല. പ്രശസ്തരായ നിരവധി പേരെ പരിചയപ്പെടാനായി. ലാൽഗുഡി ജയറാം, പാപ്പാ വെങ്കിട്ട അയ്യങ്കാർ , ഡി.കെ പട്ടാംബാൾ, ഡോ. ബാലമുരളീകൃഷ്ണ തുടങ്ങിയവർ.. മലയാളത്തിൽ അറുപതോളം പാട്ടുകൾക്ക് സംഗീതം നൽകിയിട്ടുണ്ട്. ആകാശവാണിയിലെ എല്ലാത്തരം ജോലികളും ചെയ്തിട്ടുണ്ട്. ലൈബ്രറിയിൽ ഇരുന്നിട്ടുണ്ട്. മ്യൂസിക് പരിപാടികൾ റെക്കോർഡ് ചെയ്യാറുണ്ട് .ലൈറ്റ് സോങ്സ് ചെയ്തിട്ടുണ്ട്. ദേശീയ പരിപാടികൾക്ക് വായിച്ചിട്ടുണ്ട് .പി എസ് നമ്പീശൻ ,എൻ.എൻ കക്കാട് , പി.പി ശ്രീധരനുണ്ണി എന്നിവരെല്ലാം നല്ല പ്രോത്സാഹനം തന്നിട്ടുണ്ട്."
ക്ലബ് ഹൗസ് ശ്രോതാക്കൾക്കായി 'ദേവദേവ കലയാമിതേ' എന്ന സ്വാതിതിരുനാൾ കീർത്തനം ഉഷ വിജയകുമാർ ഗോട്ട് വാദ്യത്തിൽ വായിച്ചു (കെ. ഹേമലത എഴുതിയ റിപ്പോർട്ട് ) .
ഡി.പ്രദീപ് കുമാർ ആമുഖം പറഞ്ഞു. കെ. ഹേമലതയായിരുന്നു, പരിപാടിയുടെ മോഡറേറ്റർ. ഈ പരിപാടിയുടെ ചോദ്യോത്തര ഭാഗത്തിന്റെ ഭാഗിക ശബ്ദലേഖനം യൂട്യൂബിലുണ്ട്. https://youtube.com/watch?v=RD38Pfi6hZc&feature=share
feedjit
Followers
MY BOOKS -1

(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍
സൂക്ഷ്മദര്‍ശിനി BOOKS-2

സൂക്ഷ്മദര്‍ശിനി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ