കൽക്കത്ത ദൂരദർശൻ കേന്ദ്രത്തിൽ 1977 ൽ അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടറായി തുടങ്ങി , ഇന്ത്യയുടെ ടെലിവിഷൻ മാദ്ധ്യമ രംഗത്ത് നിർണ്ണായക സംഭാവനകൾ നൽകി,അഡീഷണൽ ഡയറക്ടർ ജനറലായി വിരമിച്ച കെ.കുഞ്ഞികൃഷ്ണൻ തന്റെ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സമ്പന്നമായ മാദ്ധ്യമാനുഭവങ്ങൾ ക്ലബ്ബ് ഹൗസിൽ ('ദൂരദർശൻ കാലം',മീഡിയ റൂം, മാർച്ച് 26, 2022) പങ്കുവച്ചു.
തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിന്റെ ആദ്യ ഡയറക്ടർ എന്ന നിലയിൽ മലയാളികളുടെ ദൃശ്യമാധ്യമ സംസ്കാരം രൂപപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിച്ച അദ്ദേഹം, കണ്ണൂർ കരിവെളളൂരിനടുത്ത പെരളം സ്വദേശിയാണ്.
വൈകീട്ട് അഞ്ചരയ്ക്കുള്ള റേഡിയോ പരിപാടികൾ കേൾക്കാനായി മൂന്നര കിലോമീറ്റർ അകലെയുള്ള സ്ക്കൂളിൽ നിന്ന് വേഗം നടന്നെത്തിയിരുന്ന കുട്ടിക്കാലം അദ്ദേഹം ഓർമ്മിച്ചു. റേഡിയോയിലെ പ്രശ്നോത്തരികളോട് ഇഷ്ടമുണ്ടായിരുന്നു.
കോഴിക്കോട്ട് എം.എസ്.സി വിദ്യാർത്ഥിയായിരിക്കുമ്പോൾ താമസിച്ചത് നിലയത്തിനടുത്ത ലോഡ്ജിൽ . തിക്കോടിയനും ഉറൂബിന്റെ മരുമകനായ സുധാകരനുമായുമൊക്കെ പരിചയക്കാരായി. അങ്ങനെ, ആകാശവാണിയിൽ ട്രാൻസ്മിഷൻ എക്സിക്യൂട്ടീവ് തസ്തികയ്ക്ക് വിജ്ഞാപനം വന്നപ്പോൾ അപേക്ഷിച്ചു. ഗോവ നിലയത്തിലാണ് നിയമനം കിട്ടിയത്.
അന്ന്,പനാജി യാത്ര ദുഷ്കരം.മംഗലാപുരത്ത് നിന്ന് ഇടയ്ക്ക് ഒരു കടത്തു കടക്കണം. അവിടെ നിന്ന് ടാക്സി."കര എത്തും മുൻപേ ഞാൻ ബോട്ടിൽ നിന്ന് ചാടിഇറങ്ങാൻ ശ്രമിച്ചു. പെട്ടിയോടെ വെള്ളത്തിൽ വീണു, തലയിടിച്ചു മുറിവു പറ്റി. പോക്കറ്റിൽ ഉണ്ടായിരുന്ന അപ്പോയിന്റ്മെൻറ് ഓർഡർ വെള്ളത്തിൽ വീണ് നഷ്ടപ്പെട്ടു.ആകെ നനഞ്ഞു കുളിച്ചിരുന്നു.തൊട്ടടുത്ത പോസ്റ്റോഫീസിൽ ചെന്ന്, ലൈറ്റിങ് കോൾ ബുക്ക് ചെയ്ത് , നിലയത്തിലേക്ക് വിളിച്ചു. നിയമന ഉത്തരവില്ലാത വന്നിട്ട് കാര്യമില്ലെന്ന് അവർ പറഞ്ഞു.നിരാശയോടെ തിരികെ പോന്നു".
പിന്നീട്,ഡൽഹി ഐ.സി.എ.ആറിൽ അസിസ്റ്റൻറ് എഡിറ്ററായി നിയമനം കിട്ടി. രണ്ടു വർഷത്തിനു ശേഷം, കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ ജൂനിയർ സയന്റിഫിക് ഓഫീസറായി. കടുത്ത നിയന്ത്രണങ്ങളുള്ള ജോലി. 1974 ൽ സി.പി.സി. സർ.ഐയിൽ ജോലി ചെയ്യുമ്പോൾ, ഗവേഷണ രംഗത്തെ അപചയത്തെക്കുറിച്ച് മാതൃഭൂമി ഓണപ്പതിപ്പിൽ, 'ഗവേഷണം എന്ന പ്രഹസനം' എന്ന പേരിൽ ലേഖനം എഴുതിയതിനെത്തുടർന്ന് കാസർഗോട്ടേക്ക് ട്രാൻസ്ഫർ ചെയ്തു. അന്നത്തെ ഡയറക്ടർ അത് ,വ്യക്തിപരമായ വിമർശനമായി എടുത്തു. "അധികാരികൾ പല തരത്തിൽ ദ്രോഹിച്ചു. അക്കിത്തത്തിന്റെ ബന്ധുവായിരുന്ന കെ.പി.എ. മേനോനായിരുന്നു ,വകുപ്പിന്റെ സെക്രട്ടറി. "ഡയറക്ടരുടെ പ്രതികാര നടപടികളിൽ നിന്ന് രക്ഷപ്പെടുത്തിയത് ICAR ഡയറട്കർ ജനറലായിരുന്ന ഡോ. എം.എസ് . സ്വാമിനാഥനായിരുന്നു".
അക്കാലത്ത് ദൂരദർശനിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടർ നിയമനത്തിന് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു.ഡൽഹിയിലായിരുന്നു ,ഇന്റർവ്യൂ. "ആകാശവാണിയിൽ നിന്ന് ജഗതി എൻ.കെ. ആചാരി,നാഗവള്ളി ആർ. എസ് കുറുപ്പ്, സുശീല വിജയരാഘവൻ തുടങ്ങിയവരുണ്ടായിരുന്നു. ജോലി കിട്ടുമെന്ന് ഉറപ്പുണ്ടായിരുന്നില്ല. അതിനാൽ, ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനിൽ ജേണലിസം പഠിക്കാൻ ചേർന്നു".
1977 ഓഗസ്റ്റിൽ കൽക്കത്ത ദൂരദർശനിൽ നിയമിച്ചു. "ആന്ധ്രയിലെ വെള്ളപ്പൊക്കം മൂലം തടസ്സപ്പെട്ടിരുന്ന ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ച ശേഷമേ എത്താൻ കഴിഞ്ഞുള്ളൂ. കേന്ദ്രം ഡയറക്ടർ മീര മജുംദാറായിരുന്നു.സ്വന്തം അനിയനെ പോലെ എന്നെ അവർ കരുതി. അന്നത്തെ സ്നേഹധനരായ സഹപ്രവർത്തകരിൽ പലരുമായും ഇന്നും സാമൂഹിക മാധ്യമങ്ങൾ വഴി സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്".
തുടർന്ന്,മദിരാശി കേന്ദ്രത്തിൽ ഡെപ്യൂട്ടി ഡയറക്ടറായി. പൂന ഫിലിം ഇൻസ്റ്റിറ്റൂട്ടിൽ അഞ്ചര മാസം ട്രെയിനിങ് . അധികം കാലം പ്രവർത്തിച്ച സ്റ്റേഷനാണ് മദിരാശി.
മലയാളത്തിലുള്ള ടെലിവിഷൻ പ്രക്ഷേണം ആരംഭിക്കുന്നത് അവിടെ നിന്നാണ്. പിൽക്കാലത്ത് തിരുവനന്തപുരം ദൂരദർശന്റെ ഡയറക്ടറായ പീർ മുഹമ്മദായിരുന്നു അവിടെ നിന്ന് ആദ്യ മലയാളം പരിപാടികൾ തുടങ്ങിയത്. ന്യൂനപക്ഷ ഭാഷകളായ മലയാളം,തെലുങ്ക്, കന്നഡ എന്നിവയിൽ മാസത്തിൽ രണ്ട് പരിപാടികൾ വീതം. മദ്രാസ് മലയാളി സമാജത്തിലെ കലാകാരരായിരുന്നു , മലയാളം പരിപാടികളിൽ പങ്കെടുത്തിരുന്നത്. ആദ്യ കാലങ്ങളിൽ ഡോ.എസ്.കെ.നായർ എഴുതിയ സ്കിറ്റുകളായിരുന്നു , മുഖ്യ ഇനം.
അന്ന് ശാസ്ത്ര സാഹിത്യകാരനായ കോന്നിയൂർ ആർ നരേന്ദ്രനാഥായിരുന്നു,മദ്രാസ് ആകാശവാണി നിലയം ഡയറക്ടർ."ദേവഗിരി കോളേജിൽ പഠിക്കുന്ന കാലം മുതൽ അദ്ദേഹത്തിന് എന്നെ അറിയാം.അടുത്ത ബന്ധുവും രക്ഷാകർത്താവുമായിരുന്ന ഡോ.കെ.ജി.അടിയോടിയും അദ്ദേഹവും സുഹൃത്തുക്കളായിരുന്നു".കോന്നിയൂർ ദൂരദർശൻ പരിപാടികളുമായി സഹകരിച്ചു.
നിർമ്മല ശ്രീനിവാസൻ, വിധുബാല തുടങ്ങിയ ആദ്യ കാല അവതാരകരെയും അദ്ദേഹം ഓർക്കുന്നു.
അപ്രതീക്ഷിതമായി നേരിട്ട വലിയൊരു പ്രതിസന്ധിയുടെ കഥയും അദ്ദേഹം വിവരിച്ചു. 1982-ൽ സൗത്ത് ഇന്ത്യൻ ചേമ്പർ ഓഫ് കൊമേഴ്സിന്റ സുവർണ്ണജൂബിലി ആഘോഷം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തത് പ്രസിഡന്റ് എൻ. സഞ്ജീവ റെഡ്ഡി. തിരിതെളിയിക്കാൻ കുത്തുവിളക്കുമായി വേദിയിൽ കുമാരി ജയലളിത ഉണ്ടായിരുന്നു.
എം.ജി രാമചന്ദ്രനായിരുന്നു അന്ന് തമിഴ്നാട് മുഖ്യമന്ത്രി . ആ റിപ്പോർട്ടിൽ ജയലളിതയുടെ ദൃശ്യം ഉൾപ്പെടുത്തിയിരുന്നില്ല. തുടർന്ന്, ദൂരദർശന് എതിരെ സംസ്ഥാന സർക്കാർ അപ്രഖ്യാപിതമായ വിലക്ക് ഏർപ്പെടുത്തി."പരിപാടികൾ റെക്കോർഡ് ചെയ്യുന്നത് പോലും തടസ്സപ്പെട്ടു. ദൂരദർശന്റെ മൈക്കും ക്യാമറയും കണ്ടാൽ പൊലീസ് ആട്ടി ഓടിക്കും. ഡയറക്ടർ കപൂർ ലീവിലായിരുന്നതിനാൽ എനിക്കായിരുന്നു ചുമതല. മുഖ്യമന്ത്രിയുടെ സെക്രട്ടറിയെ കാണാൻ അനുമതി ചോദിച്ചങ്കിലും കിട്ടിയില്ല. കേന്ദ്രത്തിന് പ്രവർത്തിക്കാൻ കഴിയാത്ത രീതിയിൽ വൈദ്യുതി , ജലവിതരണം തുടങ്ങിയവയ്ക്കും പല നിയന്ത്രണങ്ങളും വന്നു".
കെ.ജെ. ഹോസ്പിറ്റലിലെ ഒരു ഡോക്ടറായിരുന്നു, വളരെ യാദൃച്ഛികമായി , ഇതിനൊരു പരിഹാരമുണ്ടാക്കാൻ വഴിയൊരുക്കിയത്. അദ്ദേഹം പറഞ്ഞതിനാ ലാകണം മുഖ്യമന്ത്രി വഴങ്ങി.
"ഒരു ദിവസം രാത്രി 12.15 ന് ഫ്ലാറ്റിൽ ആരോ കോളിംഗ് ബെൽ അടിച്ചു. വാതിൽ തുറന്നപ്പോൾ, പോലീസുകാർ.അവർ സല്യൂട്ട് ചെയ്തു.
'ലേറ്റ് ആയതിൽ ക്ഷമിക്കണം',അവർ തമിഴിൽ പറഞ്ഞു.'ഒരു കാര്യം അറിയിക്കാൻ എത്തിയതാണ്. നാളെ രാവിലെ 5.30നും 6നും ഇടയിൽ തലൈവർ താങ്കളെ കാണണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്'.സ്വന്തം വാഹനം ഇല്ലെന്നറിയിച്ചപ്പോൾ , വാഹനം തരാമെന്ന് അവർ പറഞ്ഞു .രാമപുരം ഗാർഡൻസിൽ 5.30 ന് വലിയ ആൾക്കൂട്ടമാണ് മുഖ്യമന്ത്രിയെ കാണാൻ കാത്തു നിന്നിരുന്നത്. കൃത്യം ആറു മണിക്ക് എന്നെ വിളിപ്പിച്ചു. തമിഴ് നല്ല വശമില്ലായിരുന്ന തുകൊണ്ട് വല്ലാത്ത പരിഭ്രമം ഉണ്ടായിരുന്നു. ഞാൻ വിനയത്തോടെ,'മന്നിക്കണം,എനിക്ക് തമിഴ് അറിയില്ല' എന്ന് അദ്ദേഹത്തോട് പറഞ്ഞു. 'നമുക്ക് മലയാളത്തിൽ സംസാരിക്കാം' എന്ന് അദ്ദേഹം പറഞ്ഞതോടെ എല്ലാ ടെൻഷനും പോയി. ദൂരദർശന്
സർക്കാർ പരിപാടികൾ കവർ ചെയ്യുന്നതിന് നിലവിലുള്ള അപ്രഖ്യാപിത വിലക്ക് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല എന്ന് ഞാൻ പറഞ്ഞു. 'അമ്മു' എന്ന് പേരെടുത്തു പറഞ്ഞുകൊണ്ട്, എന്തുകൊണ്ടാണ് ജയലളിതയുടെ ഷോട്ട് ഒഴിവാക്കിയത് എന്ന് ആരാഞ്ഞു.'അനിയൻ വിചാരിച്ചാൽ അതു കിട്ടില്ലേ ' എന്ന് ചോദിച്ചു.
അത് കണ്ടെത്തി നൽകാൻ ശ്രമിക്കാമെന്നും ഇത്തരം വീഴ്ച ആവർത്തിക്കില്ലെന്നും ഉറപ്പു കൊടുത്തു."അപ്പോൾ, മദ്രാസിൽ നടക്കുന്ന തമിഴ് മഹാനാട് പരിപാടി കവർ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ഒ.ബി വാൻ ഇല്ലാതെ കഴിയില്ല എന്ന് അറിയിച്ചപ്പോൾ ,
ഇൻഫർമേഷൻ വകുപ്പ് മന്ത്രിയെ വിളിപ്പിച്ച്, തമിഴിൽ പറഞ്ഞു:'ദൂരദർശനുമായുള്ള എല്ലാ പ്രശ്നങ്ങളും തീർന്നു. ഇവർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്യണം'.
അദ്ദേഹം അടുത്തു വന്നു പറഞ്ഞു: 'പ്രാതൽ കഴിച്ചിട്ട് പോയാൽ മതി'. പലതരം ചട്നിപ്പൊടികൾരുചിച്ചു നോക്കാൻ നിർദേശിച്ചുകൊണ്ട് , ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചു. മലയാളിയായ പാചകക്കാരനോട് വിളമ്പി ത്തരാൻ നിർദ്ദേശവും നൽകി.ആതിഥ്യമര്യാദയുടെ ഏറ്റവും ഉദാത്തമായ രീതികളാണ് ഞാൻ അപ്പോൾ അനുഭവിച്ചത്.
ഓഫീസിൽ തിരികെയെത്തി, ക്യാമറയിലെ ഫൂട്ടേജ് പരിശോധിച്ചു. നെഗറ്റീവ് ഷോട്ട്സ് കളഞ്ഞിരുന്നില്ല. അതിൽ നിന്ന് ആ ദൃശ്യം കണ്ടെടുത്ത്, അടുത്ത ദിവസം റിപ്പോർട്ടിൽ ഉൾപ്പെടുത്തി" .
പിന്നീട് പലവട്ടം അദ്ദേഹത്തെ നേരിൽ കാണാനും അടുത്തിടപഴകാനും കഴിഞ്ഞു.
''ഒരിക്കൽ അദ്ദേഹം പറഞ്ഞു:'മദിരാശി സ്ഥിരവാസത്തിനുള്ള പറ്റിയ സ്ഥലമാണ്.ഫ്ലാറ്റോ വീടോ എന്താണെന്നുവെച്ചാൽ പറഞ്ഞോളൂ, പി.എയെ വിളിച്ചാൽ മതി '. ഏറെ സൗഹൃദം എക്കാലവും അദ്ദേഹം എന്നോട് കാണിച്ചു-മോസ്റ്റ് കോർഡിയൽ റിലേഷൻ.
വേലൂരിലെ ലോ പവർ ട്രാൻസ്മിറ്ററിന്റെ ഉദ്ഘാടനച്ചങ്ങിൽ ഹെലികോപ്ടറിൽ ഒരുമിച്ചു പോകാൻ അവസരമുണ്ടായി. ഇറങ്ങിയ ഉടൻ മുഖ്യമന്ത്രി അടുത്തെത്തി, എന്താണ് സൗകര്യം വേണ്ടത് എന്ന് ആരാഞ്ഞു.ഗസ്റ്റ് ഹൗസിലായിരുന്നു എനിക്ക് താമസം ഏർപ്പെടുത്തിയിരുന്നത്. അത് ഉറപ്പുവരുത്തിയതിനു ശേഷം അദ്ദേഹം പോയപ്പോൾ എന്നോടായി , കാത്തുനിന്ന ജനങ്ങളുടെ ആരാധന.
ചിലർ എന്റെ കാലിൽ തൊട്ടു. ദൈവത്തെ പോലെയാണ് അവരെന്നെ കണ്ടത്. മദിരാശിയിൽനിന്ന് ട്രാൻസ്ഫർ ആയപ്പോൾ അദ്ദേഹത്തെ കണ്ട് പറയാൻ കഴിഞ്ഞില്ല. അപ്പോഴേക്കും രോഗശയ്യയിലായി".
1984 ഒക്ടോബറിലാണ് തിരുവനന്തപുരത്തെത്തിയത് .അന്ന് സംപ്രേഷണം ആരംഭിച്ചിച്ചിട്ടില്ല. സ്റ്റുഡിയോ പ്രവർത്തനം തുടങ്ങിയിട്ടുമില്ല. ഇന്ദിരാ ഗാന്ധി വെടിയേറ്റു മരിച്ചപ്പോൾ , പ്രമുഖരുടെ അനുശോചന സന്ദേശങ്ങൾ റെക്കാർഡ് ചെയ്ത് അയയ്ക്കണമെന്ന നിർദ്ദേശം ലഭിച്ചു. ഒ.ബി.വാനിലെ സംവിധാനമുപയാഗിച്ചായിരുന്നു , റെക്കാർഡിങ്ങ്. മുഖ്യമന്ത്രി നായനാരെ പരിചയമുണ്ടായിരുന്നു. പറഞ്ഞയുടൻ അദ്ദേഹം സമ്മതിച്ചു.
അനുശോചനത്തിന്റെ ഒരു ഘട്ടത്തിൽ ,ഇന്ദിരയുടെ സ്വഭാവത്തിലെ സവിശേഷതകൾ വിവരിക്കവേ, നായനാർ പൊട്ടിക്കരഞ്ഞു.
പ്രധാനമന്ത്രിയുമായി ഡൽഹിയിൽ ചർച്ചക്ക് എത്തിയ അദ്ദേഹം, കേന്ദ്രം അവഗണിക്കുന്നതായി ആരോപണമുന്നയിച്ചു വികാരവിക്ഷോഭത്തോടെയാണ് സംസാരിച്ചത്. ഒച്ചപ്പാടുണ്ടാക്കിയ ചർച്ചയ്ക്കുശേഷം അൽപ്പ സമയം അതേ മുറിയിൽ തന്നെ ഇരുന്ന നായനാരുടെ അടുത്തേക്ക് ഇന്ദിര വന്നു. പിന്നീട് വളരെ സ്നേഹത്തോടെ അവർ അദ്ദേഹത്തോട് സംസാരിച്ചു.
'മിസ്റ്റർ,നായനാർ നിങ്ങളുടെ ആരോഗ്യം ഇപ്പോൾ എങ്ങനെയുണ്ട് ? എന്തൊക്കെ മരുന്നുകളാണ് കഴിക്കുന്നത് ' തുടങ്ങിയ അവരുടെ സ്നേഹാന്വേഷണങ്ങൾ ഓർത്തപ്പോൾ നായനാർ കരഞ്ഞു പോയി. രാഷ്ട്രീയത്തിനപ്പുറം വ്യക്തിബന്ധം കാത്തുസൂക്ഷിച്ചിരുന്ന അപൂർവ വ്യക്തിയായിരുന്നു ഇന്ദിരാഗാന്ധി എന്ന് നായനാർ പറഞ്ഞു".
മുൻ മുഖ്യമന്ത്രി കെ. കരുണാകരനുമായും അടുത്ത ബന്ധമുണ്ടായിരുന്നു. കണ്ടാലുടൻ,'എടോ കുഞ്ഞികൃഷ്ണാ ' എന്ന് വിളിക്കും. ഏതു പ്രശ്നത്തിനും കൂടെ നിൽക്കും, അദ്ദേഹം. "പലപ്പോഴും ദൂരദർശൻ വാർത്ത കണ്ടാൽ , അഞ്ചു മിനിറ്റിനകം വിളിയെത്തും.
മലയാളം ശരിക്ക് വായിക്കാനറിയാത്ത ഒരു ന്യൂസ് റീഡറെപ്പറ്റി ഒരിക്കൽ ചോദിച്ചു,' എടോ എവിടെ നിന്നു കിട്ടി, ഈ സത്വത്തിനെ? കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഇഷ്ടമാകാത്ത അവരെ ഉടൻ മാറ്റണമെന്ന് നിർദേശം നൽകി. വലിയ സാമർത്ഥ്യക്കാരിയായിരുന്നു,അവർ. ഉടൻ പോയി മുഖ്യമന്ത്രിയെ കണ്ടു. പിന്നീട് മുഖ്യമന്ത്രി വീണ്ടും വിളിച്ചു പറഞ്ഞു,'ഒരുപ്രാവശ്യം കൂടി വിളിച്ചിട്ട് അവരെ ഒഴിവാക്കി കൊള്ളൂ '.അപ്രകാരം തന്നെ ചെയ്തു".
തിരുവനന്തപുരം കേന്ദ്രം ആരംഭിച്ചപ്പോൾ ,നിരവധി പ്രശ്നങ്ങളാണ് നേരിട്ടത്.
കുടപ്പനക്കുന്ന് അന്ന് ഒരു ബാലികേറാമല ആയിരുന്നു. ദൂരദർശിനിലെത്താൻ യാത്രാസൗകര്യവും ആദ്യം ഉണ്ടായിരുന്നില്ല. പിന്നീട് ജോലി സമയമനുസരിച്ച് കെ.എസ്.ആർ.ടി.സി ബസ് സർവീസ് തുടങ്ങി.
ആകാശവാണിയിലെ ന്യൂസ് റീഡർമാരും ട്രാൻസ്മിഷൻ എക്സി ക്യൂട്ടീവായ രാജേശ്വരി മോഹനനുമായിരുന്നു ആദ്യ കാലത്ത് ദൂരദർശനിൽ വാർത്ത വായിച്ചിരുന്നത്. അവർ വാർത്ത വായിക്കരുത് എന്ന് നിർദ്ദേശം കിട്ടി. പ്രതിഫലമായി അവർക്ക്, മറ്റുള്ളവർക്ക് നൽകുന്നതിന്റെ മൂന്നിലൊന്നു തുക മാത്രമേ കൊടുക്കാവൂ എന്നതായിരുന്നു മറ്റൊരു ഉത്തരവ് . ഒടുവിൽ , ഡയറക്ടർ ജനറലിന് എഴുതിയാണ് പ്രശ്നം പരിഹരിച്ചത് ആകാശവാണിയിൽ നിന്നുള്ളവർക്കും മറ്റു വാർത്താവായനക്കാർക്കുള്ള പ്രതിഫലം തന്നെ നൽകി.
വാർത്താവായനക്കാർക്ക് ഡ്രസ് കോഡ് എർപ്പെടുത്തി. സ്ത്രീകൾ നല്ല രീതിയിൽ സാരി ധരിച്ചു വരണമെന്ന് നിർദ്ദേശം നൽകി. ബ്രാൻഡഡ്,കാഷ്വൽ വസ്ത്രങ്ങൾ വിലക്കി.
ആകാശവാണി തിരുവനന്തപുരം നിലയം ഡയറക്ടറിൽ നിന്ന് അന്ന് കാര്യമായ പിന്തുണയൊന്നും കിട്ടിയില്ല. ശത്രുതാപരമായ സമീപനമുണ്ടായി.
ദൂരദർശന്റെ അക്കാലത്തെ പ്രഭാവം അനന്യമായിരുന്നു. "മന്ത്രിമാർ ഡി.ഡി. ക്യാമറ എത്തുംവരെ
പരിപാടികൾ വൈകിച്ചും മറ്റും സഹകരിച്ചു".
രാഷ്ട്രീയ പ്രക്ഷോഭങ്ങളിൽ ദൂരദർശൻ ഇരയായ അനുഭവങ്ങളും കെ.കുഞ്ഞികൃഷ്ണൻ വിവരിച്ചു. ഒരു ബന്ദ്
ദിനത്തിൽ ക്യാമറയുമായി പോയ ദൂരദർശൻ വാഹനത്തിനുനേരെ രോഷാകുലരായ
ബന്ദനുകൂലികൾ പാഞ്ഞെത്തി.
അവർ കാറിൽ പെട്രോളൊഴിച്ചു. "ഞാൻ സഞ്ചരിച്ച കാറിന്റെ ഡ്രൈവറുടെ കഴുത്തിൽ ഒരാൾ പിടിച്ചു. കൈ വിടുവിക്കാൻ ഞാൻ ശ്രമിച്ചു. എന്നെ അവർ ഉപദ്രവിച്ചു. കാറ് കത്തിക്കാൻ , ഒരാൾ തീപ്പെട്ടി എടുക്കാൻ പോയ സമയം സി.ആർ.പി.എഫ് കാരുടെ ഒരു വാഹനം എത്തി. ആംഡ് ഫോഴ്സിന്റെ പാസിങ് ഔട്ട് പരേഡിന് വന്നവരായിരുന്നു അവർ. ആൾക്കൂട്ടം കണ്ടു വാഹനം നിർത്തിയതാണ്. പക്ഷേ, അത് കണ്ട ആൾക്കൂട്ടം ഓടിപ്പോയി . കല്ലേറിൽ ന്യൂസ് എഡിറ്റർ കൃഷ്ണൻ നായർ ഉൾപ്പെടെ ഒരുപാട് പേർക്ക് പരിക്കുപറ്റി. ഇൻഫർമേഷൻ മന്ത്രി നേരിട്ട് വിളിച്ചു വിവരം അന്വേഷിച്ചു. ദൈവാധീനം കൊണ്ടാണ് രക്ഷപ്പെട്ടത്".
1987ൽ സ്റ്റുഡിയോ പൂർണ്ണതോതിൽ സജ്ജമായതോടെയാണ് ദൂരദർശനിൽ പ്രതിവാര പരമ്പരകൾ ആരംഭിച്ചത്. കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ രൂപവാണി എന്ന നിർമ്മാണ കമ്പനി നിർമിച്ച ആദ്യകാല സീരിയലുകൾ അത്രത്തോളം ആകർഷകമായിരുന്നില്ല.
പിന്നീട് നല്ല കഥകൾ എടുത്ത്, ദൂരദർശൻ പരമ്പരകൾ നിർമ്മിച്ചി രുന്നു ;നാലുകെട്ട്, മിഖായേലിന്റെ സന്തതികൾ തുടങ്ങിയവ.വി.കെ.എൻ കഥകളുടെ ദൃശ്യാവിഷ്കാരം കണ്ട് അദ്ദേഹം കത്തെഴുതിയതിങ്ങനെ: എന്നാലും എന്റെ കുഞ്ഞികൃഷ്ണാ,എന്റെ പയ്യനെ കണ്ട് കരഞ്ഞു പോയി...
മധുമോഹന്റെ പരമ്പരകൾ തുടർച്ചയായി സംപ്രേഷണം ചെയ്യപ്പെട്ട കാര്യം അദ്ദേഹം ഓർമിച്ചു.പരമ്പരകൾക്ക് അംഗീകാരം നൽകുന്നതിൽ അഴിമതി വ്യാപകമായ ഒരു കാലമുണ്ടായിരുന്നു.
"അതിന്,കുത്തക ഒരു ദോഷമായി കാണണം".
1989 മാർച്ചിൽ സ്ഥലംമാറ്റമായി മദിരാശിയിലേക്ക് പോയി. 1991 മാർച്ചിലാണ് തിരിച്ചെത്തിയത്. ഏറ്റവും നല്ല കേന്ദ്രത്തിനുള്ള ദേശീയ അവാർഡിന് തിരുവനന്തപുരം കേന്ദ്രം രണ്ടുതവണ അർഹത നേടി.
ദൂരദർശന് തന്റെ ഏറ്റവും വലിയ സംഭാവന , മാർക്കറ്റിങ്ങിന്റെ ചാർജ് ഉള്ളപ്പോൾ നേടിക്കൊടുത്ത 651 കോടി രൂപയുടെ റെക്കോർഡ് വരുമാനം തന്നെയാണ് എന്ന് വിശ്വസിക്കുന്നു , അദ്ദേഹം. നാരോകാസ്റ്റിംഗ് പരീക്ഷിക്കാനായതും ദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ടു.
ഇപ്പോൾ ഡി.ഡി യുടെ മാർക്കറ്റ് ഒരു ശതമാനത്തിൽ താഴെയാണ്."വരിയുടക്കപ്പെട്ട നേതൃത്വമാണ് ഇന്നുള്ളത് ".ഒരു തിരിച്ചുവരവ് നല്ല ലീഡർഷിപ്പ് ഉണ്ടെങ്കിൽ മാത്രമേ സാധിക്കൂ എന്ന് കെ.കുഞ്ഞികൃഷ്ണൻ , ഒരു ചോദ്യത്തിന് മറുപടിയായി, പറഞ്ഞു.
ഭൂമി തങ്ങളുടെ കാൽക്കീഴിലാണ് എന്ന ഭാവമുള്ള മാദ്ധ്യമ പ്രവർത്തകർ മുൻപുണ്ടായിരുന്നു: ഇപ്പോഴുമുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു. സ്വകാര്യചാനലുകൾക്ക് സർവ്വതന്ത്ര സ്വാതന്ത്ര്യമാണ് ഇന്നുള്ളത്. ബ്രോഡ്കാസ്റ്റിംഗ് കോഡിനെപ്പറ്റി അവർക്കാർക്കും അറിയുകപോലുമില്ല. എന്നാൽ, ദൂരദർശൻ ഇപ്പോഴും ബ്രോഡ്കാസ്റ്റിംഗ് കോഡ് പാലിക്കുന്നു . "അടുത്തകാലത്ത് സർക്കാർ പൂട്ടിച്ച കേരളത്തിലെ ഒരു ചാനൽ നേരത്തെ പൂട്ടേണ്ടതായിരുന്നു. അവർക്ക് മുൻപ് നോട്ടീസ് കൊടുത്തിരുന്നില്ല".
സ്വകാര്യ ചാനലുകൾ ഇപ്പോഴും മാദ്ധ്യമ നൈതികയ്ക്ക് വില കല്പിക്കുന്നില്ല. അപകടങ്ങളുടേയും കൊലപാതകങ്ങളുടേയും മറ്റും ദൃശ്യങ്ങൾ കാണിക്കുന്നതിന് പുറം രാജ്യങ്ങളിൽ ക്യാമറ ആങ്കിളുകൾ വരെ നിഷ്കർഷിക്കപ്പെട്ടിട്ടുണ്ട്.ആക്രമണം, ബീഭത്സത ഇവ എങ്ങനെ കാണിക്കണം എന്നതിന് കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ ബി.ബി.സി ക്ക് ഉണ്ട്. പഴയ കാലങ്ങളിൽ വാർത്ത പല തലങ്ങളിൽ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
നിയന്ത്രണങ്ങൾ പാലിക്കാതെയുള്ള സംപ്രേഷണം മോശപ്പെട്ട രീതിയിൽ സമൂഹത്തെ സ്വാധീനിക്കുന്നു. വിമർശനങ്ങളെ നേരിടാൻ അവർക്ക് മടിയാണ്. മാദ്ധ്യമ സ്ഥാപനങ്ങൾ സാമ്പത്തിക തിരുമറികളിൽ ഉൾപ്പെടുന്നത് സാധാരണമായി.
മാധ്യമസ്വാതന്ത്ര്യം ഏറ്റവും കൂടിയ അമേരിക്കയിൽ പോലും സ്ഥിതി ഇതുതന്നെയാണ്. അവനവൻ പ്രക്ഷേപണമാണ് നടക്കുന്നത്. ധാർമികമൂല്യങ്ങൾക്ക് ഇവിടെ ഇടമില്ല .
ടെലിവിഷൻ മേഖലയിൽ ആത്മനിയന്ത്രണം ഒരാളും അനുസരിക്കില്ല. മിക്ക ചാനലുകളിലും ഇന്ന് പബ്ലിക് സർവീസ് സന്ദേശങ്ങൾ ഇല്ല. കൂടുതൽ ജനസ്വാധീനം കിട്ടാവുന്ന സെൻസേഷണൽ രീതികളാണ് അവർ അവലംബിക്കുന്നത് .
വിഷം ചീറ്റുന്ന പരമ്പരകളാണ് മറ്റൊന്ന്. സമൂഹത്തിൽ കാണുന്ന മനുഷ്യരെയല്ല അവയിൽ ചിത്രീകരിക്കുന്നത്.
പ്രൊഫഷനുകളല്ല ചാനലുകളുടെ തലപ്പത്തുള്ളവരിൽ ബഹു ഭൂരിപക്ഷവുമെന്ന് അദ്ദേഹം നിരീക്ഷിച്ചു."മൊബൈൽ ക്യാമറയിൽ ,നേരെ ഓൺലൈനിൽ ട്രാൻസ്മിറ്റ് ചെയ്യുന്ന വാർത്തകളാണധികവും. വേണ്ടത്ര പരിശീലനം ഇല്ലാതെ, ശബ്ദവിന്യാസ നിയന്ത്രണമില്ലാതെ, തികച്ചും അൺ പ്രൊഫഷണലായാണ് വാർത്തകൾ പോകുന്നത്".
സർവതന്ത്ര സ്വതന്ത്രമായ പ്രസാർഭാരതി , വാർത്തയുടെ ക്വാളിറ്റിക്ക് മാറ്റം വരുത്തും എന്ന് പ്രതീക്ഷിച്ചിരുന്നു.
എന്നാൽ, പ്രസാർഭാരതി വന്നപ്പോൾ നിയന്ത്രണങ്ങൾ കൂടി. "ഇൻഫർമേഷൻ വകുപ്പ് പ്രക്ഷേപണ സ്ഥാപനങ്ങളെ വരിഞ്ഞു മുറുക്കി .സർക്കാർ നിയന്ത്രണം പ്രസാർഭാരതി ക്ക് മുൻപും ഉണ്ടായിരുന്നു. എന്നാൽ ആരോഗ്യകരമായ അന്തരീക്ഷത്തിൽ അന്ന് പ്രവർത്തിക്കാൻ കഴിഞ്ഞു.
രാജീവ് ഗാന്ധി, വി.പി സിംഗ് , ഐ.കെ ഗുജ്റാൾ ഇവരുടെ കാലഘട്ടത്തിൽ കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. പി.വി നരസിംഹറാവു നിയന്ത്രണത്തിന്റെ ആളായിരുന്നു".
സാമ്പത്തികമായി സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയിൽ, സർക്കാറിനെ ആശ്രയിക്കേണ്ടിവരുന്നു. പ്രസാർഭാരതിയിൽ പ്രൊഫഷണൽ ആയ പ്രതിഭകൾ വരണം .
ഗ്രന്ഥകാരനും വിവർത്തകനും കൂടിയായ കെ.കുഞ്ഞികൃഷ്ണൻ , തന്റെ എഴുത്തിന്റെ നാൾ വഴികളെക്കുറിച്ചും സംസാരിച്ചു. 1960കളിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിത്തുടങ്ങി.
റുഡ്യാഡ് കിപ്ലിങ്ങിന്റെ 'ജംഗിൾ ബുക്ക്' തർജ്ജമ ചെയ്യാൻ എം.ടി വാസുദേവൻ നായർ ആവശ്യപ്പെട്ടു."ഞാൻ എഴുതുമെന്ന് അദ്ദേഹത്തിന് വിശ്വാസമുണ്ടായിരുന്നു.
ഇന്നും സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ് കരുതുന്നത്".
മൂന്ന് അദ്ധ്യായങ്ങൾ ചെയ്തുകൊടുത്തു. അത് പ്രസിദ്ധീകരിച്ചു. ഡെസ്മണ്ട് മോറിസിന്റെ
'നേക്കഡ് ഏപ്പി'ന്റെ വിവർത്തനവും (നഗ്ന വാനരൻ) വന്നു. പുസ്തകത്തിന്റെ കോപ്പിറൈറ്റ് മാതൃഭൂമി പിന്നീട് വാങ്ങി.'നേക്കഡ് വുമൺ ' തർജ്ജമ പ്രസിദ്ധീകരിക്കപ്പെട്ട ശേഷം ഡെസ്മണ്ട് മോറിസ് കത്തയച്ചു:'എന്റെ ഡ്രോയിങ്ങ് റൂമിൽ ഉള്ളത് പുസ്തകത്തിന്റെ മലയാളം തർജ്ജമായാണ്'.
ഡോ. റോബർട്ട് ഗാലോയുടെ വൈറോളജിയെക്കുറിച്ചുള്ള പ്രശസ്തമായ പുസ്തകം 'വൈറസ് വേട്ട' എന്ന പേരിൽ തർജ്ജമ ചെയ്തിട്ടുണ്ട്.പ്രകാശനം ഉടൻ ഉണ്ടാകും. സർവീസ് സ്റ്റോറിയായ 'ദൂരദർശൻ കാലം :പൂക്കൾ മുള്ളുകൾ' ഉടൻ പ്രസിദ്ധീകൃതമാകും.
ഇപ്പോൾ മാധ്യമങ്ങൾ ശാസ്ത്ര വാർത്തകൾക്ക് പ്രാധാന്യം കൊടുക്കുന്നില്ല. ശാസ്ത്രസാഹിത്യ
പരിഷത്തു പോലും രാഷ്ട്രീയവൽക്കരിക്കപ്പെട്ടു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ഡി.പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
ഈ പരിപാടിയുടെ ശബ്ദലേഖനം യൂട്യൂബിലുണ്ട്:
https://youtu.be/C4QXjnNEulg?feature=shared
No comments:
Post a Comment