അര നൂറ്റാണ്ടു കഴിഞ്ഞിട്ടും ഓർമ്മയിലിന്നും പാല്പുഞ്ചിരി പൊഴിക്കുന്ന ആ മുഖങ്ങൾ മങ്ങാതെ നിറഞ്ഞുനിൽക്കുന്നുണ്ട്. നാലിലോ അഞ്ചിലോ പഠിക്കുമ്പോൾ,പത്രത്തോടൊപ്പം വീട്ടിൽ വന്നുതുടങ്ങിയ ആ മാസിക കൈയിലെടുത്ത് പേര് വായിച്ചു-ബാലയുഗം.
-ആദ്യമായി തൊട്ടുനോക്കിയ,വായിച്ച,പ്രസിദ്ധീകരണം അതായിരുന്നു. വേറെയും മൂന്നു പ്രസിദ്ധീകരണങ്ങൾ വരുന്നുണ്ടായിരുന്നു: ജനയുഗം,മലയാളനാട്,മലയാള മനോരമ വാരികകൾ. സർക്കാർ ആശുപത്രിയിൽ കമ്പൗണ്ടറായിരുന്ന അച്ഛൻ അവ വായിക്കുന്നത് കണ്ട്, ക്രമേണ ഞാനും പേജുകൾ മറിച്ച്, വലിയവരുടെ ആ പ്രസിദ്ധീകരണങ്ങളും വായിച്ചുതുടങ്ങി..
ഒരു മാസം മുഴുവൻ ആവർത്തിച്ചു വായിച്ചുരസിക്കാൻ നിറയെ വിഭവങ്ങളുണ്ടായിരുന്നു,ബാലയുഗത്തിൽ. അതിൽ ഏറ്റവും ഇഷ്ടം ചിത്രകഥകളായിരുന്നു. എലി,സിംഹം,കഴുത,കുരങ്ങ് തുടങ്ങിയ ജന്തുക്കളും പക്ഷികളുമൊക്കെ കഥാപാത്രങ്ങളായ കഥകൾ. പിന്നെ, കഥകൾ,ലേഖനങ്ങൾ,നോവലുകൾ, കവിതകൾ, പാട്ടുകൾ, വിജ്ഞാനശകലങ്ങൾ... മിക്ക പേജിലും ആകർഷകങ്ങളായ ചിത്രങ്ങൾ. അവ വരച്ചിരുന്നത് ആർട്ടിസ്റ്റ് ഗോപാലനും ജി. സോമനാഥനുമാണെന്നറിഞ്ഞത് പിന്നീടെപ്പോഴോ ആണ്. ‘ശൈശവ വൈവിദ്ധ്യം' എന്ന പേരിൽ കുഞ്ഞുകുട്ടികളുടെ ഫോട്ടോകൾ രണ്ടു പേജ് നിറയെ. പിന്നെ, മിക്ക പേജിലും കുട്ടികളുടെ ചിത്രങ്ങൾ.
എല്ലാ ലക്കത്തിലും ഒത്തിരി മത്സരങ്ങളും കൗതുകകരമായ പംക്തികളുമുണ്ടായിരുന്നു. കഥയ്ക്ക് പേര് നൽകിയാൽ അന്ന് സമ്മാനം പത്തു രൂപ.‘സ്വന്തം ചോദ്യോത്തരങ്ങൾ’ രസകരമായ മറ്റൊരു പംക്തിയായിരുന്നു. കുറെക്കാലം കഴിഞ്ഞപ്പോൾ തോന്നി,ഇതിലേക്ക് എഴുതി അയച്ചാലോ?
സുഹൃത്തുക്കളുടെ പേരുവച്ച് ചോദ്യങ്ങളും അവയ്ക്ക് ഉത്തരങ്ങളും തയാറാക്കി. അടുത്ത ലക്കം മാസികയിൽ അത് അച്ചടിച്ചുവന്നപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാവുന്നതല്ല. പിന്നെ, കുറിപ്പുകളും ലേഖനങ്ങളും വന്നു. അങ്ങനെ, ബാലയുഗം എൻ്റെ എഴുത്തുകളരിയായി;ഒപ്പം തളിരും. സുഗതകുമാരിയായിരുന്നു, അതിൻ്റെ പത്രാധിപർ.
അക്കാലത്ത്, മാസികയിൽ തൂലികാസുഹൃത്തുക്കളുടെ പേരും വിലാസവും പ്രസിദ്ധീകരിക്കുമായിരുന്നു. അങ്ങനെ കിട്ടിയ സുഹൃത്താണ് വി. ആർ. സുധീഷ്. അന്ന് ‘സുധീഷ് വടകര’ എന്ന പേരിൽ കഥകളെഴുതിത്തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. ശങ്കരൻ കൊറോം, ഉദയകുമാർ വടക്കനാര്യാട്,പൂവനാട് വിനോദൻ വടകര,ഷാംനാഥ് ചിറയിറമ്പ്,ആശ്രാമം ഭാസി,ഉഷ ജി ഷേണായി പട്ടണക്കാട്, ആർ.. ഷീലാദേവൻ ചേർത്തല,ഇ. ജി വസന്തൻ മതിലകം...... അങ്ങനെ നീളുന്നു,അന്നത്തെ തൂലികാമിത്രങ്ങളുടെ പട്ടിക. ഒരോ ആഴ്ചയും മുടങ്ങാതെ വിശേഷങ്ങൾ പരസ്പരം ഇൻലാൻ്റിൽ എഴുതിഅയച്ചിരുന്ന ഒരു കാലം. ദശാബ്ദങ്ങളോളം തുടർന്നു, ഈ ബന്ധങ്ങൾ. ഇവരിൽ ചിലർ ആത്മസുഹൃത്തുക്കളായി. പക്ഷേ,ഒരിക്കൽ പോലും നേരിൽകാണാത്തവരാണ് കൂടുതലും. കാർട്ടൂണിസ്റ്റും കഥാകൃത്തുമായ ഇ. ജി വസന്തനെ ആദ്യമായി കണ്ടത് കഴിഞ്ഞ വർഷം. അപ്പോഴേക്കും രണ്ടാളും ഉദ്യോഗപർവ്വങ്ങൾ പൂർത്തിയാക്കി,വിരമിച്ചിരുന്നു!
വായന ജനയുഗം വാരികയിലേക്ക് വളർന്നപ്പോഴാണ് കാമ്പിശ്ശേരി കരുണാകരൻ എന്ന പത്രാധിപരുടെ പേര് മനസിൽ കുടിയേറിയത്. വീരപുരുഷരായ മൂന്ന് പത്രാധിപന്മാർ അക്കാലത്ത് ആവേശമായി. കേരള കൗമുദി പത്രാധിപർ കെ. സുകുമാരനും കെ. ബാലകൃഷ്ണനുമായിരുന്നു,മറ്റു രണ്ടു പേർ. അവരിൽ ബാലകൃഷ്ണനെ മാത്രമേ കണ്ടിട്ടുള്ളൂ. അത് 1982-83 കാലത്ത് കാര്യവട്ടത്ത് പഠിക്കുമ്പോഴായിരുന്നു. കത്തിത്തീർന്ന തീജ്ജ്വാലയായിരുന്നു,അപ്പോൾ അദ്ദേഹം.പേട്ട കേരളകൗമുദി ജങ്ഷനിലെ വീടിനു മുന്നിൽ,അനാഥനെപ്പോലെ നിൽക്കുന്ന, ദുർബലമായ ആ രൂപം വിങ്ങലായി ഇന്നും അവശേഷിക്കുന്നു.
ജനയുഗം വാരിക,സിനിരമ,നോവൽപ്പതിപ്പ് എന്നീ പ്രസിദ്ധീകരണങ്ങൾക്ക് ധാരാളം വായനക്കാരുണ്ടായിരുന്നു,അന്ന് .ഇവ വായിക്കാൻ മാവേലിക്കര മുനിസിപ്പൽ ലൈബ്രറിയിൽ ആൾക്കാർ ഊഴംകാത്ത് നിന്നിരുന്നത് ഓർമ്മയുണ്ട്. ഇവയുടെ കോപ്പികൾ പോലും കിട്ടാൻ പ്രയാസമായിരുന്നു. ഏജൻ്റുമാരോട് മുൻകൂട്ടി പറയണമായിരുന്നു.
1976ൽ സിനിരമ നസീർ സ്പെഷ്യൽ പതിപ്പിറക്കിയത് വീണ്ടും അച്ചടിക്കേണ്ടിവന്നു. ഒരു ആനുകാലിക പ്രസിദ്ധീകരണത്തിന് രണ്ടാം പതിപ്പ് ഇറക്കേണ്ടിവന്നത് മലയാള മാദ്ധ്യമരംഗത്ത് തന്നെ ആദ്യമായിട്ടാരുന്നു. അതിൻ്റെ ആർട്ട്പേപ്പർ എഡിഷനു 10രൂപയും സാധാരണപതിപ്പിന് 4 രൂപയുമായിരുന്നു,വില.
പാർട്ടി പ്രസിദ്ധീകരണം ഇറക്കിയ ഈ ആനുകാലികങ്ങൾ അഭൂതപൂർവ്വമായ ജനപ്രീതി നേടിയതിനു പിന്നിൽ പ്രതിഭാധനനായ കാമ്പിശ്ശേരി കരുണാകരൻ എന്ന പത്രാധിപരുണ്ടായിരുന്നു എന്ന് അന്നു തന്നെ മനസിലാക്കിയിരുന്നു. അച്ഛനും ചിറ്റപ്പന്മാരും കമ്യൂണിസ്റ്റ് സഹയാത്രികരായ അയൽക്കാരുമൊക്കെ അദ്ദേഹത്തെക്കുറിച്ച് ആവേശപൂർവ്വം സംസാരിക്കുന്നത് കേട്ടിരുന്നു.
മാവേലിക്കരയ്ക്കടുത്ത വള്ളികുന്നത്തുകാരനായ അദ്ദേഹം ആദ്യകാലങ്ങളിൽ കെ. പി. എ. സിയുടെ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി‘യിൽ പരമുപിള്ളയായും ‘അശ്വമേധ‘ത്തിൽ കുഷ്ടരോഗിയായും അഭിനയിച്ചിരുന്നെന്ന അറിവും ആവേശമായി.
ഓച്ചിറ ഉത്സവത്തിന് പോകുമ്പോൾ കായംകുളത്തിനു തെക്ക് കെ. പി. എ. സിയുടെ ബോർഡ് കാണുമ്പോഴും, ‘ബലികുടീരങ്ങളേ’, ‘പാമ്പുകൾക്ക് മാളമുണ്ട്’ തുടങ്ങിയ നാടകഗാനങ്ങൾ റേഡിയോയിലും പാർട്ടി യോഗവേദികളിലും കേൾക്കുമ്പോഴും,സ്മരണകൾ ഇരമ്പും;ഇന്നും. തോപ്പിൽ ഭാസിയും വയലാറും ദേവരാജനും കെ.എസ് ജോർജ്ജും സുലോചനയും ,കേരളത്തിൻ്റെ രാഷ്ട്രീയഭൂമിക മാറ്റിയെഴുതിയ ഒരു കാലഘട്ടം തിരമാലകളായി അടിക്കും....
സി. അച്ച്യുത മേനോൻ നിർദ്ദേശിച്ചതനുസരിച്ച് കാമ്പിശ്ശേരി തുടങ്ങിയതാണ് ബാലയുഗം എന്ന് പിന്നീട് വായിച്ചറിഞ്ഞു. ആദ്യ പത്രാധിപർ കാർട്ടൂണിസ്റ്റ് യേശുദാസനായിരുന്നു.
അദ്ദേഹം നാട്ടുകാരൻ.1980ൽ,സൈക്കിൾ ചവുട്ടി, കൂട്ടുകാരോടൊത്ത് മാവേലിക്കര കറ്റാനത്തുള്ള വീട്ടിൽ പോയി അദ്ദേഹത്തെ കണ്ടത് ഓർക്കുന്നു. അന്ന് രാഷ്ട്രീയ കാർട്ടൂണുകളിലൂടെയും അസാധു,കട്ട്-കട്ട് എന്നീ വിനോദപ്രസിദ്ധീകരണങ്ങളിലൂടെയും അദ്ദേഹം തിളങ്ങിനിൽക്കുന്ന കാലം.‘ജനയുഗം’ പത്രത്തിൽ ‘കിട്ടുമ്മാവൻ’ എന്ന പ്രതിദിന കാർട്ടൂൺ പംക്തി വരച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിൻ്റെ കാർട്ടൂൺ ജീവിതത്തിൻ്റെ തുടക്കം. സമകാലിക പ്രശ്നങ്ങളെ ആസ്പദമാക്കിയുള്ള കേരളത്തിലെ ആദ്യത്തെ പ്രതിദിന പോക്കറ്റ് കാർട്ടൂൺ പംക്തി അതായിരുന്നു. മാവേലിക്കര മുനിസിപ്പൽ ലൈബ്രറിൽ പോയി പത്രമെടുത്ത് ,കൗതുകത്തോടെ അത് വായിച്ചിരുന്നു.
രാഷ്ട്രീയ പ്രശ്നങ്ങളെപ്പറ്റി, നിശിതമായ വിമർശനങ്ങളുള്ള,രസകരമായ ഭാഷയിലെഴുതിയ രാഷ്ട്രീയഹാസ്യപംക്തിയും അന്ന് പത്രത്തിലുണ്ടായിരുന്നു. കൽക്കി എന്ന പേരിൽ അതെഴുതിയിരുന്നത് കാമ്പിശ്ശേരിയാണന്നറിഞ്ഞത് പിൽക്കാലത്താണ് .
ജനയുഗം വാരികയിലൂടെയാണ് ബിമൽമിത്ര എന്ന പേര് ആദ്യമായി കേട്ടത്. ബംഗാളിയിൽ നിന്ന് അദ്ദേഹത്തിൻ്റെ നോവലുകൾ വിവർത്തനം ചെയ്തിരുന്ന എം. എൻ സത്യാർത്ഥി നല്ലപോലെ മലയാളമറിയുന്ന ഒരു ബംഗാളിയാണെന്നായിരുന്നു ഏറെക്കാലം വിശ്വസിച്ചിരുന്നത്. സ്വാതന്ത്ര്യസമരസേനാനിയായ ആ വിപ്ളവകാരിയെക്കുറിച്ച് അറിഞ്ഞത് വളരെ വൈകി. ബീഗം മേരിബിശ്വാസ്,വിലയ്ക്കുവാങ്ങാം,പ്രഭുക്കളും ഭൃത്യരും, ഇരുപതാം നൂറ്റാണ്ട് തുടങ്ങിയ നോവലുകളുടെ വിവർത്തനങ്ങൾ അതിമനോഹരമായിരുന്നു. വി. സാംബശിവൻ അവയിൽ ചിലത് കഥാപ്രസംഗമാക്കിയപ്പോൾ ജനസാഗരങ്ങളാണ് കേൾക്കാനെത്തിയത്. ഒന്നാംനിര എഴുത്തുകാരുടെ മാത്രമല്ല, പുതിയവരുടേയും രചനകൾ വാരികയിൽ നിരന്തരം പ്രസിദ്ധീകരിക്കപ്പെട്ടു.
ആദ്യ പേജിൽ തന്നെ കുരീപ്പുഴ ശ്രീകുമാറിൻ്റെ ഹ്രസ്വകവിതകൾ വന്നിരുന്നത് ഓർക്കുന്നു. ബിച്ചു തിരുമലയുടെ ആദ്യകാല രചനകൾ സിനിരമയിലും വന്നു.

വ്യത്യസ്തങ്ങളായ പംക്തികളുണ്ടായിരുന്നു,ജനയുഗം വാരികയിൽ;ബാലപംക്തി,ചോദ്യോത്തര പംക്തി,ശാസ്ത്രക്കുറിപ്പുകൾ, കാർട്ടൂണുകൾ തുടങ്ങിയ വൈവിദ്ധ്യപൂർണ്ണമായ ഇനങ്ങൾ. പക്ഷേ,അക്കാലത്ത് വാരിക കിട്ടിയാൽ മിക്കവരും ആദ്യം വായിക്കുക വനിതാപംക്തിയിലെ ചോദ്യോത്തരമായിരുന്നു. എല്ലാം തുറന്നെഴുതുന്ന തൻ്റേടിയായ വൽസലച്ചേച്ചി ഓരോ ആഴ്ചയും വായനക്കാരെ ഹരം പിടിപ്പിക്കും. രോഷാകുലരായ ചില സ്വയം പ്രഖ്യാപിത സദാചാരവാദികൾ തപാലിൽ അവർക്ക് ചില അശ്ലീല‘സമ്മാനങ്ങൾ’ അയച്ചിരുന്നു. ‘വൽസലച്ചേച്ചി‘ ഒരു തൂലികാനാമമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ, അതിൻ്റെ പിന്നിലാര് എന്ന ചൂടൻ ചർച്ചകളുണ്ടായി. വൈക്കം ചന്ദ്രശേഖരൻ നായരാണ് അതെന്ന് ഒരു കൂട്ടർ വിശ്വസിച്ചു . അതും പത്രാധിപരുടെ വിക്രിയയാണെന്ന് തിരിച്ചറിഞ്ഞത് പിന്നീടായിരുന്നു.
ജനങ്ങളിൽ ശാസ്ത്രാവബോധം ഉണ്ടാക്കാൻ വാരിക നൽകിയ സംഭാവനകൾ പ്രത്യേകം രേഖപ്പെടുത്തപ്പെടേണ്ടതുണ്ട്. മനുഷ്യദൈവങ്ങൾക്കെതിരെ ഡോ. എ. ടി കോവൂർ, ബി. പ്രേമാനന്ദ്, ഇടമറുക് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന തീവ്രമായ പ്രചാരണപരിപാടികൾക്ക് വലിയ പ്രാധാന്യമാണ് നൽകപ്പെട്ടത്. കോന്നിയൂർ ആർ നരേന്ദ്രനാഥിന്റെ ശാസ്ത്രലേഖനങ്ങളും വാരിക പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു.
ഡോ. എ. ടി കോവൂരിൻ്റെ ഡയറി ഇടമറുക് വിവർത്തനം ചെയ്തത്, പരമ്പരയായി പ്രസിദ്ധീകരിച്ചപ്പോൾ അത് വൻതോതിൽ വായിക്കപ്പെട്ടു. കെ. വേണുവിൻ്റെ ആദ്യ ലേഖനപരമ്പരയായ ‘ഭഗവദ്ഗീത ഇരുപതാം നൂറ്റാണ്ടിൽ’ പ്രസിദ്ധീകരിക്കപ്പെട്ടതും വാരികയിലാണ്. കമ്മ്യൂണിസ്റ്റ് നേതാക്കളായ കെ. സി ജോർജ്ജിൻ്റെ ‘ഭൂതകാലം’,സി. എ ബാലൻ്റെ ‘തൂക്കുമരത്തിൻ്റെ നിഴലിൽ’ തുടങ്ങിയ ആത്മകഥകളും ശ്രദ്ധേയമായി. എം. എൻ സത്യാർത്ഥി ദീർഘകാലം ഗവേഷണം നടത്തി എഴുതിയ ‘നേതാജിയുടെ കഥ’ എന്ന ബൃഹത്തായ ജീവചരിത്രമായിരുന്നു,വാരികയിലെ ശ്രദ്ധേയമായ മറ്റൊരിനം(ഇത് പിന്നീട് ‘ജയ് ഹിന്ദ്‘ എന്ന പേരിൽ പുസ്തകമായി). ചമൻലാൽ ആസാദ് എന്ന തൂലികാനാമത്തിലും സത്യാർത്ഥിയുടെ രചനകൾ വന്നിരുന്നു.
![]() |
ആർട്ടിസ്റ്റ് ഗോപാലൻ |
ജനയുഗം ഓണം വിശേഷാൽ പ്രതികളും വലിയ സംഭവമായിരുന്നു. ഓണച്ചിത്രങ്ങളിലെ നായികമാരായിരുന്നു ,ഈസ്റ്റ്മാൻ കളറിൽ മുഖചിത്രങ്ങളിൽ വന്നത്. സിനിമയുടേയും സംവിധായകൻ്റേയും പേരും മറ്റും താഴെ കൊടുത്തിരുന്ന അവ പരസ്യങ്ങളാണെന്ന് ആർക്കും തോന്നിയിരുന്നില്ല. അന്നേവരെ ആരും പരീക്ഷിക്കാത്തതായിരുന്നു,ഈ രീതി. വലിയ തോതിൽ പരസ്യങ്ങൾ ലഭിച്ചിരുന്ന ഓണപ്പതിപ്പിന് 250ഓളം പേജുകൾ വലുപ്പമുണ്ടായിരുന്നു. പ്രമുഖ എഴുത്തുകാർക്കൊപ്പം നവാഗതരുടേയും സൃഷ്ടികൾ ഇതിൽ ഇടം നേടി. നാടകങ്ങളും കാർട്ടൂണുകളും കൊടുത്തിരുന്നു. യേശുദാസ്, പി. കെ മന്ത്രി സോമനാഥൻ,ദത്തൻ തുടങ്ങിയവരുടെ കാർട്ടൂണുകൾ സ്ഥിരമായുണ്ടായിരുന്നു. ചിത്രങ്ങളെല്ലാം വരച്ചിരുന്നത് ഗോപാലൻ. തലക്കെട്ടുകളും പ്രത്യേകരീതിയിൽ എഴുതിയാണ് കൊടുത്തിരുന്നത്.
കടപ്പാക്കടയിലെ ജനയുഗം ഓഫീസിൽ പോയി, പത്രാധിപരെ കാണണമെന്നത് കുട്ടിക്കാലത്തെ വലിയ ആഗ്രഹമായിരുന്നു. അപ്പോഴേക്കും പത്രാധിപരായി തെങ്ങമം ബാലകൃഷ്ണൻ്റെ പേരായിരുന്നു അച്ചടിച്ചു വന്നത്. കാമ്പിശ്ശേരി മാനേജിങ്ങ് എഡിറ്ററായി മാറിയെന്നും അറിഞ്ഞിരുന്നു. അന്ന് കൊല്ലം എസ്. എൻ കോളേജിൽ നടന്ന ഒരു പ്രദർശനം കാണാൻ, വളരെ ബുദ്ധിമുട്ടി, വീട്ടിൽ നിന്ന് അനുമതി വാങ്ങി പുറപ്പെട്ടത് ഈ ലക്ഷ്യം വച്ചായിരുന്നു. പൊള്ളുന്ന വെയിലിൽ,കോളേജിൽ നിന്ന് അവിടേയ്ക്ക് ഓട്ടോറിക്ഷ പിടിച്ച് പോകാനുള്ള കാശില്ലാത്തതിനാലും അപ്പോൾ പിടികൂടിയ പേടി കാരണവും എക്സിബിഷൻ കണ്ട്, നാട്ടിലേക്ക് മടങ്ങി.
1977 ജൂലൈ 27 ന് കാമ്പിശ്ശേരി മരിച്ച വാർത്ത റേഡിയോയിൽ കേട്ടപ്പോൾ അക്ഷരാർത്ഥത്തിൽ വേദനിച്ചു. ഞങ്ങൾ,കുട്ടികളുടെ പ്രിയപ്പെട്ട കൂട്ടുകാരനായിരുന്നുവല്ലോ,അദ്ദേഹം. അച്ഛനെ അടക്കിയതിനടുത്ത് തന്നെ ചടങ്ങുകളൊന്നുമില്ലാതെ തന്നെ ദഹിപ്പിക്കണമെന്നും തോട്ടടുത്തുനിൽക്കുന്ന കൂവളത്തിനു അത് വളമാകണമെന്നും എഴുതിവച്ചിരുന്നുവെന്ന് വായിച്ചപ്പോൾ അദ്ദേഹത്തോടുള്ള ബഹുമാനം കൂടി..
1982ൽ കാര്യവട്ടത്ത് പത്രപ്രവർത്തനം പഠിക്കാൻ ചേർന്നപ്പോഴാണ് ഒരു ഇടവേളയ്ക്കുശേഷം ജനയുഗവും കാമ്പിശ്ശേരിക്കാലവും വീണ്ടും ചർച്ചയാകുന്നത്. ജനയുഗവുമായും പാർട്ടിയുമായും അടുത്ത ബന്ധമുള്ള കെ.എ ബീനയും ദേവൻ എൻ പിഷാരടിയും(രണ്ടു പേരും ഇപ്പോൾ ഇന്ത്യൻ ഇൻഫർമേഷൻ സർവ്വീസിൽ ഡെപ്യൂട്ടി ഡയറക്ടർമാർ) സഹപാഠികൾ. ബൈജു ചന്ദ്രൻ(ദൂരദർശൻ മുൻ ഡയറക്ടർ) പൂർവ്വവിദ്യാർത്ഥി.
സി. ആർ. എൻ പിഷാരടിയുടെ മകനാണ് ദേവൻ. ജനയുഗത്തിൻ്റെ തിരുവനന്തപുരം ലേഖകനായിരുന്ന പിഷാരടി 1964 ജൂലൈ 29 ന് ഒരു റിപ്പോർട്ടിൻ്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടു;ഒപ്പം, പത്രാധിപർ കാമ്പിശ്ശേരിയും പ്രസാധകനായ തെങ്ങമം ബാലകൃഷ്ണനും.
‘ഭരണകൂടത്തിൻ്റെ ഗർഭഗൃഹത്തിലിരിക്കുന്നതെന്നും ഏറ്റവും ഉയർന്ന ഭരണാധിപന്മാർ മാത്രം കാണുന്നതെന്നും വാദിക്കപ്പെട്ട ഒരു കത്തിൻ്റെ ഫോട്ടോസ്റ്റാറ്റ് ’ പ്രസിദ്ധീകരിച്ചു എന്നതായിരുന്നു,കുറ്റം.
പാർട്ടിയുടെ മറ്റൊരു പത്രമായിരുന്ന തൃശൂരിലെ ‘നവജീവൻ‘ പത്രാധിപരായിരുന്ന ടി. കെ. ജി നായർ,പ്രസാധകൻ കെ. കെ. വാര്യർ എം. പി,തിരുവനന്തപുരം ലേഖകൻ കെ. വി.എസ് ഇളയത് എന്നിവരും അറസ്റ്റു ചെയ്യപ്പെട്ടു. ആർ. ശങ്കറിൻ്റെ പൊലീസ് പത്രസ്ഥാപനങ്ങളും വീടുകളും അരിച്ചുപെറുക്കി.
അച്ഛൻ്റെ മരണത്തിനടുത്ത നാളുകളിൽ,പുലകുളി ചടങ്ങുകൾ പൂർത്തിയാക്കാൻ അനുവദിക്കാതെയായിരുന്നു തെങ്ങമത്തെ കസ്റ്റഡിയിലെടുത്തത്.
നാലര ദിവസം പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞതിനെക്കുറിച്ച് സി. ആർ എൻ പിഷാരടി എഴുതിയ പുസ്തകമാണ്,‘പൊലീസ് കസ്റ്റഡിയിൽ 110 മണിക്കൂർ’ . മലയാള പത്രപ്രവർത്തന ചരിത്രത്തിൽ ജനയുഗത്തിൻ്റെ ധീരമായ ഒരേടാണ് ഈ പുസ്തകത്തിലുള്ളത്.ദേവൻ നൽകിയ ആ പുസ്തകം ഒരു കാലഘട്ടത്തിൻ്റെ കൂടി ചരിത്രമാണ്.“കേരളത്തിലെ പത്രലോകവും ജനാധിപത്യപ്രസ്ഥാനവും സന്ദർഭത്തിനൊത്ത് ഉയർന്നില്ലായിരുന്നുവെങ്കിൽ,എന്നെ ഇന്ന് കാണുക,പത്രപ്രവർത്തന രംഗത്തായിരിക്കുകയില്ല, ഭ്രാന്താശുപത്രിയിലായിരിക്കും..'',1964 സെപ്തംബറിൽ ൽ ജനയുഗം പ്രസിദ്ധീകരിച്ച പുസ്തകത്തിൻ്റെ അവതാരികയിൽ സി. ആർ. എൻ പിഷാരടി രേഖപ്പെടുത്തിയതിൽ എല്ലാം അടങ്ങിയിരിക്കുന്നു.
തെങ്ങമം ബാലകൃഷ്ണൻ
ഭരണകർത്താക്കളെ അസ്വസ്ഥരാക്കിയ ഇത്തരം ഒട്ടേറെ അന്വേഷണാത്മകമായ റിപ്പോർട്ടുകൾ അക്കാലത്ത് പത്രത്തിൽ വന്നിരുന്നു. മുഖ്യമന്ത്രി പട്ടം താണുപിള്ള പാസ്ചറൈസേഷൻ പ്ളാൻ്റ് ബന്ധുക്കൾക്ക് നൽകിയെന്നും ബൻസ് വണ്ടികൾ ബന്ധുക്കളുടെ പേരിൽ പ്രതിഫലമായി വാങ്ങി ഉപമുഖ്യമന്ത്രിയായ ആർ. ശങ്കർ സാമ്പത്തിക തിരിമറിക്ക് കൂട്ടുനിന്നുവെന്നും മറ്റുമുള്ള റിപ്പോർട്ടുകൾക്കെതിരെയും കേസുകൾ ഫയൽ ചെയ്യപ്പെട്ടു. അവയൊന്നും,പക്ഷേ,വിജയിച്ചില്ല.
ആദ്യകാല സാരഥികൾ

അക്കാലത്ത് തീരെ ശ്രദ്ധിക്കാതെ പോയ മറ്റൊരു ഒരു ചരിത്രമുണ്ട്,ജനയുഗത്തിന്.
കഴിഞ്ഞ വർഷം മലയാള പ്രക്ഷേപണ ചരിത്രം എഴുതിയപ്പോൾ തികച്ചും അപ്രതീക്ഷിതമായി,ഒരാൾ കടന്നുവന്നു-ജനയുഗത്തിൻ്റേയും ഡൽഹിയിൽ നിന്നുള്ള മലയാളം വാർത്താാപ്രക്ഷേപണത്തിൻ്റേയും ആദ്യകാലത്തിൻ്റെ നേർസാക്ഷ്യമായി ഒരാൾ.‘ക്രിസ്പി’ എന്ന ആർ. കോൺസ്റ്റൻ്റൈൻ.
'ജനയുഗ'ത്തിന്റെ സ്ഥാപകരിലൊരാൾ ആകാശവാണി വാർത്താവതാരകനായ കഥയാണത്.ഇദ്ദേഹം 1952-ൽ ഡൽഹി ആകാശവാണിയുടെ മലയാളം വാർത്താവിഭാഗത്തിൽ സബ് എഡിറ്ററായി ചേർന്നു. ഒപ്പം,റോസ്കോട്ട് കൃഷ്ണ പിളളയും ഓംചേരി എൻ.എൻ. പിളളയുമുണ്ടായിരുന്നു.
ആദ്യ കാലങ്ങളിൽ 'ക്രിസ്പി' എന്ന പേരിൽ വാർത്തകൾ വായിച്ചു. ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് ഉദ്യോഗസ്ഥനായി, ഡൽഹിയിലെ വാർത്താ വിഭാഗത്തിൽ ഉന്നത പദവികളിലെത്തിയാണ് വിരമിച്ചത്.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായി 'ജനയുഗം' പ്രസിദ്ധീകരിക്കാൻ 1947-ൽ ഇടതു അനുഭാവികളായ ഏതാനും ചെറുപ്പക്കാർ തീരുമാനമെടുക്കുന്നത് കൊല്ലത്തെ ഇദ്ദേഹത്തിന്റെ വീട്ടിൽ വച്ചായിരുന്നു. അത് പ്രാവർത്തികമാക്കാൻ പിന്നെയും സമയമെടുത്തു.. അതിനിടയിൽ 'പ്രഭാതം', 'യുവകേരളം' പത്രങ്ങളിൽ പ്രവർത്തിക്കുകയും കോൺഗ്രസ് സ്ഥാനാർത്ഥിയായി കൊല്ലം മുനിസിപ്പൽ കൗൺസിലിൽ അംഗമാകുകയും ചെയ്തു, ക്രിസ്പി എന്ന് സുഹൃത്തുക്കൾ വിളിച്ചിരുന്ന കോൺസ്റ്റന്റൈൻ.
എൻ.ഗോപിനാഥൻ നായർ (ജനയുഗം ഗോപി) പത്രാധിപരും ക്രിസ്പി , ഗോപിപ്പിള്ള തുടങ്ങിയവർ പത്രാധിപസമിതി അംഗങ്ങളുമായി 1949-ലെ ലെനിൻ ദിനത്തിൽ രാഷ്ട്രീയ വാരികയായി 'ജനയുഗം' ആരംഭിച്ചു.
പത്രാധിപർ എൻ.ഗോപിനാഥപിള്ള അറസ്റ്റു ചെയ്യപ്പെടുകയും മറ്റുള്ളവർക്കെതിരെ കേസുകൾ ഉണ്ടാകുകയും ചെയ്തതോടെ അധികം വൈകാതെ വാരികയുടെ പ്രസിദ്ധീകരണം നിലച്ചു (1953 - ൽ ദിനപ്പത്രമായി പുനരാരംഭിച്ചു).
'ജനയുഗം' മുടങ്ങിയതോടെ ക്രിസ്പി ഒരു സുഹൃത്തിന്റെ മൈസൂറിലെ തെയിലത്തോട്ടത്തിൽ താമസിക്കാൻ പോയി. അപ്പോഴാണ് 'ദ ഹിന്ദു'വിൽ , ആ പരസ്യം കാണുന്നത്. അദ്ദേഹം ഇൻഫർമേഷൻ സർവീസിലേക്ക് അപേക്ഷിച്ചു.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിരോധനം നീക്കിയെങ്കിലും അനുഭാവികൾ പോലും സൂക്ഷ്മനിരീക്ഷണത്തിന് വിധേയരായിരുന്ന അക്കാലത്ത്,ഡൽഹി വാർത്താ വിഭാഗത്തിൽ നിയമിക്കപ്പെട്ടവരെല്ലാം കമ്മ്യൂണിസ്റ്റ് പ്രവർത്തകരോ അനുഭാവികളോ ആയിരുന്നു !ഇന്നും വിസ്മയമായി അവശേഷിക്കുന്നു , ഇത്.
ബ്രോഡ്കാസ്റ്റിങ്ങ് ഹൗസിലുള്ള മലയാളം വാർത്താവിഭാഗത്തിന്റെ
ഒൻപതാം നമ്പർ മുറി കേന്ദ്രീകരിച്ചായിരുന്നു , ഡൽഹി മലയാളി അസോസിയേഷൻ, കേരള സ്ക്കൂൾ എന്നീ ഇടതു പക്ഷാഭിമുഖ്യമുള്ള സംഘടനകൾ രൂപപ്പെട്ടത്. ഇവ കെട്ടിപ്പടുക്കാൻ ഓംചേരിയും ക്രിസ്പിയുമൊക്കെച്ചേർന്ന് പ്രവർത്തിച്ചു. എ.കെ.ജിയായിരുന്നു , അവരുടെ വഴി കാട്ടി.
ബർണാഡ്ഷാ സ്പെഷ്യലിസ്റ്റായി അറിയപ്പെട്ട ക്രിസ്പി , പില്ക്കാലത്ത് വാർത്താധിഷ്ഠിത ഇംഗ്ലീഷ് പരിപാടിയായ 'സ്പോട്ട് ലൈറ്റി'ന്റെ ചുമതലയും വഹിച്ചു.
2021ൽ അന്തരിച്ച പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞയും സ്വതന്ത്ര ചിന്തകയുമായ ഡോ. കെ ശാരദാമണി എഡിറ്റ് ചെയ്യ ‘ജനയുഗം ഗോപിയെ ഓർക്കുമ്പോൾ-The scribe remembered’ എന്ന ദ്വിഭാഷാഗ്രന്ഥത്തിൽ ഈ അപൂർവ്വചരിത്രം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ജനയുഗത്തിൻ്റെ ആദ്യപത്രാധിപരായ തൻ്റെ ഭർത്താവ് എൻ.ഗോപിനാഥൻ നായരുടെ സംഭവബഹുലമായ മാദ്ധ്യമജീവിതമാണ് അവർ ഈ പുസ്തകത്തിൽ സമാഹരിച്ചിരിക്കുന്നത്. ജനയുഗത്തിൻ്റെ നാൾവഴികളുടെ നേർസാക്ഷ്യം കൂടിയാണിത്.
-അങ്ങനെ, എത്രയോ വിസ്മയകരമായ ചരിത്രഘട്ടങ്ങൾ.
ജനയുഗത്തിൻ്റെ ചരിത്രവഴികളിലൂടെ മുൻപ് ഏറെക്കാലം സഞ്ചരിച്ചതും ഇങ്ങനെ യാദൃച്ഛികമായി. അതിനും നിമിത്തമായത് ആകാശവാണി. പത്രപ്രവർത്തനം ഉപേക്ഷിച്ച്, 1992ൽ ഞാൻ പ്രോഗ്രാം എക്സിക്യൂട്ടീവായി ആകാശവാണി തൃശൂർ നിലയത്തിൽ ചേർന്നു. യു. പി. എസ്. സി വഴി നിയമിക്കപ്പെട്ട അവസാന ബാച്ചിൽ ,കാര്യവട്ടത്ത് സാമ്പത്തിക ശാസ്ത്രം പഠിച്ച്, ജനയുഗത്തിൽ പത്രപ്രവർത്തകനായി പ്രവർത്തിച്ചിരുന്ന ഒരാളുമുണ്ടായിരുന്നു-ഡി. പരമേശ്വരൻ പോറ്റി. നിയമന നടപടികൾ പുരോഗമിയ്ക്കുമ്പോൾ,ഞാൻ അദ്ദേഹത്തെ കാണാൻ കൊല്ലത്തെ ജനയുഗം ഓഫീസിൽ പോയി. അപ്പോഴേക്കും അദ്ദേഹത്തെ പോർട്ട്ബ്ളയർ ആകാശവാണിയിൽ നിയമിച്ചിരുന്നു. അങ്ങനെ, അപ്രതീക്ഷിതമായി, ജനയുഗം ഓഫീസ് കണ്ട ചാരിതാർഥ്യത്തോടെ ഞാൻ മടങ്ങി.
ഡി.പരമേശ്വരൻ പോറ്റി (വലത്) പോർട്ട് ബ്ലയർ നിലയത്തിന്റെ ഒരു ശബ്ദലേഖനത്തിൽ . ഒപ്പം മൈക്കുമായി കെ.എ.മുരളീധരൻ
1994ൽ കൊച്ചി എഫ്. എം നിലയത്തിലേക്ക് ഞങ്ങൾ രണ്ടാളും സ്ഥലം മാറിയെത്തി. അതിനോടകം പരമേശ്വരൻ പോറ്റി ദേവികുളത്ത് എത്തിയിരുന്നു. 1994 ഡിസംബർ ആദ്യം, അടുത്തടുത്ത ദിവസങ്ങളിൽ, ഞങ്ങൾ കൊച്ചിയിൽ ചേർന്നു. പിന്നെ,2000ൽ എനിക്ക് സ്ഥലംമാറ്റം കിട്ടും വരെ ഒരേ മുറിയിൽ, രണ്ട് മുൻ പത്രപ്രവർത്തകർ കേരളത്തിലെ ആദ്യ എഫ്. എം നിലയത്തെ പൂർണ്ണമായി പ്രവർത്തനസജ്ജമാക്കുക എന്ന സാഹസികമായ ദൗത്യം ഏറ്റെടുത്തു.
ജനയുഗത്തിൽ സബ് എഡിറ്ററായും തിരുവനന്തപുരത്ത് രാഷ്ട്രീയകാര്യ ലേഖകനായും പ്രവർത്തിച്ച പോറ്റിക്ക് രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. കടലാസിൽ പോലുമില്ലാതിരുന്ന പ്രക്ഷേപണപരിപാടികൾ ഒന്നൊന്നായി ആവിഷ്കരിച്ച് നടപ്പിലാക്കി, പ്രഭാത പ്രക്ഷേപണത്തെ ശക്തിപ്പെടുത്തുന്ന ശ്രമകരമായ ദൗത്യം വിജയകരമാക്കിയപ്പോഴേക്കും സർക്കാർ ആ പ്രക്ഷേപണം തന്നെ പൊടുന്നനെ നിർത്തി. അതിനെതിരായ ബഹുജനപ്രക്ഷോഭവും പൊതുതാല്പര്യ ഹർജിയിലൂടെ കേരള ഹൈക്കോടതിയിൽ നടത്തിയ നിയമപ്പോരാട്ടവും സമാനതകളില്ലാത്തതായിരുന്നു. പോറ്റിയുടെ രാഷ്ട്രീയ,വ്യക്തി ബന്ധങ്ങൾ ഈ പോരാട്ടത്തെ വിജയപ്രാപ്തിയിലെത്തിക്കുന്നതിനു ഏറെ സഹായിച്ചു.
ഓഫീസ് തിരക്കുകളുടെ ഇടവേളകളിൽ സരസഭാഷണങ്ങളിലൂടെ അദ്ദേഹം കമ്യൂണിസ്റ്റ്പാർട്ടികളുടെ അറിയപ്പെടാത്ത ഏടുകളിലേക്കും കേരള രാഷ്ട്രീയത്തിലെ അണിയറ രഹസ്യങ്ങളിലേക്കും കൂട്ടിക്കൊണ്ടുപോകുക പതിവായിരുന്നു. ഞാൻ കോഴിക്കോട് നിലയത്തിലായിരിക്കെ, 2003 ഒക്ടോബർ 27 ന് അർബുദം ആ ധന്യജീവിതത്തിനു പൊടുന്നനെ വിരാമമിട്ടു. പ്രണാമം.
ഞങ്ങൾ ആകാശവാണിയിലെത്തി ഏതാനും മാസങ്ങൾക്കകമാണ് ,1993ൽ ജനയുഗം പ്രസിദ്ധീകരണം നിലയ്ക്കുന്നത്. അത് സൃഷ്ടിച്ചത് വലിയ ശൂന്യതയായിരുന്നു. സമാനതകളില്ലാത്ത തകർച്ചയായിരുന്നു,അത്. ഇന്ത്യയിൽ മറ്റൊരു പാർട്ടിപ്പത്രവും ഇത്രയും വിജയകരമായി അനുബന്ധപ്രസിദ്ധീകരണങ്ങൾ ദീർഘകാലം നടത്തിയ ചരിത്രം അതിനു മുൻപും പിൻപും ഉണ്ടായിട്ടില്ല. അവരാരും സിനിമാപ്രസിദ്ധീകരണവും നോവൽ പതിപ്പും ഇറക്കിയിട്ടില്ല.
ഈ ഉയർച്ചയും താഴ്ചയും മാദ്ധ്യമഗവേഷകർ പഠനവിഷയമാകേണ്ടതാണ്. ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം, 2007 മെയ് മാസത്തിൽ ജനയുഗം പത്രം പുന:പ്രസിദ്ധീകരിക്കപ്പെട്ടതോടെ,മാദ്ധ്യമചരിത്രത്തിൽ പുതിയൊരു അദ്ധ്യായം എഴുതപ്പെട്ടിരിക്കുന്നു.
അച്ചടി മാദ്ധ്യമങ്ങൾ മുഴുവൻ കടുത്ത വെല്ലുവിളികൾ നേരിടുമ്പോൾ,ഉള്ളടക്കത്തിൻ്റെ ഉൾക്കാമ്പാണു മാർഗദർശി. ജനഹിതം പ്രതിഫലിപ്പിക്കുന്ന,അവർക്കായി നിലകൊള്ളുന്ന മദ്ധ്യമങ്ങളെ ജനങ്ങൾ കൈവിടില്ലന്നത് ചരിത്രപാഠം.
യേശുദാസന്റെ അവസാന കാർട്ടൂൺ-ജനയുഗം ദിനപ്പത്രം, സെപ്തം. 18, 2021.