വർഷങ്ങൾക്ക് മുൻപാണ് : രാത്രിയിൽ റേഡിയോയിൽ പഴയ പാട്ടുകൾ കേട്ടിരിക്കുക, ഓർമ്മകളിലേക്കൊരു തിരിച്ചുനടത്തമാണ്. അതിൽ ലയിച്ച്, കണ്ണടച്ചിരിക്കുന്നോൾ, സ്കൂളിൽ പഠിക്കുന്ന മകൻ വിളിച്ചുണർത്തി ചോദിച്ചു,"അയ്യേ, ഇതെന്ത് പാട്ട് !"
ഒരു നിമിഷമെടുത്തു, കാര്യം പിടികിട്ടാൻ." വിരുന്നുവരും വിരുന്നുവരും പത്താം മാസത്തിൽ .....' പാട്ടാണ് കേൾക്കുന്നത്. പത്ത് വർഷം മുൻപ്, വിരുന്നുവന്നവനാണ് മുന്നിലിരുന്ന് ചോദിക്കുന്നത്, "ബേബി ഗേളാണോ ബോയ് ആണോന്നറിയാൻ പരിശോധിക്കാതെ, പാട്ടും പാടിയിരിക്കുക -ഷെയിം!"കാലം പിന്നെയും മുന്നോട്ടു പോയി.തേനൂറുന്ന പാട്ടുകളൊന്നും ഇപ്പോളിറങ്ങുന്ന സിനിമയിൽ വരാത്തതെന്തേ എന്ന് സ്വയം ചോദിച്ചപ്പോൾ ഇത് ഓർത്തുപോയി.
എങ്ങും ഉയർന്നുകേൾക്കുന്നതാണ് ഈ ആകുലത
. ചില പുതിയ സിനികളിൽ പാട്ടേയില്ല. പാട്ടിൻ്റെ പേരിൽ മറ്റെന്തൊക്കെയോ കേൾക്കുന്നുവെന്ന് വിലപിക്കുന്നവർ ഏറെ. വാങ്ങാനും കേൾക്കാനും ആളില്ലാത്തതിനാൽ പുതിയ സിനിമാപ്പാട്ടുകളുടെ വിപണി തന്നെ അടച്ചു. എഫ്.എം റേഡിയോ നിലയങ്ങൾക്ക് അയച്ചു കിട്ടുന്ന പാട്ടുകളുടെ 90 ശതമാനവും പ്രക്ഷേപണം ചെയ്യപ്പെടുന്നില്ല. ഫോൺ - ഇൻ പരിപാടികളിൽ ശ്രോതാക്കളിൽ ഭൂരിപക്ഷവും ആവശ്യപ്പെടുന്നത് പഴയ പാട്ടുകളും മെലഡികളും.എന്തുപറ്റി, നമ്മുടെ സമകാലിക ചലച്ചിത്രഗാനങ്ങൾക്ക്?മലയാളികൾക്കു മാത്രമല്ല, ലോകമെമ്പാടുമുള്ള മിക്ക ജനസമൂഹങ്ങൾക്കും സ്വപ്നം കാണാനും ആഘോഷിക്കാനും സമാശ്വസിക്കാനും പ്രതീക്ഷിക്കാനും ഒത്തു കൂടാനുമൊക്കെ സിനിമാപ്പാട്ടുകൾ കൂടിയേ കഴിയൂ.വിരഹത്തിലും നൊമ്പരത്തിലും ഏകാന്ത ജീവിതത്തിലും അനാഥവാർദ്ധക്യത്തിലെ ഒറ്റപ്പെടലിലുമൊക്കെ കൂട്ടിന് വരുന്നത് പാട്ടുകൾ. സിനിമാക്കഥകളിലെ ജീവിത മുഹൂർത്തങ്ങൾക്ക് വേണ്ടി നിർമ്മിക്കപ്പെട്ട പാട്ടുകൾ അതിനു പുറത്തേയ്ക്ക് സഞ്ചരിച്ച് , സ്വതന്ത്രാസ്തിത്വം കൈക്കൊള്ളുകയും പല തലമുറകളുടെ അസംഖ്യം ജീവിത സന്ദർഭങ്ങളിൽ പുനർജ്ജനിക്കുകയുമാണ് ചെയ്യുന്നത്.കാലത്തെ മറികടന്ന ജീവിതമുണ്ട്, നല്ലൊരു ശതമാനം പാട്ടുകൾക്കും.
അവ കേട്ട്,'കല്പനയാകും യമുനാനദി'യുടെ അക്കരയക്കരെയുള്ള നിളകളിൽ എന്നും നീരാടുന്നവർ.'ഓർമ്മകളിൽ കൈവള ചാർത്തി ', അവരുടെ ആത്മാവിൽ എന്നും മുട്ടി വിളിക്കുകയാണ് ആ പാട്ടുകൾ. തനി നാട്ടുഭാഷയിലും സാഹിത്യഭംഗി നിറഞ്ഞതും,'കേവല മർത്യ ഭാഷയിലല്ലാതെ,അഭൗമഭാഷയിലും എഴുതപ്പെട്ട ആ ഗാനങ്ങൾ ഉൾപ്രപഞ്ചങ്ങളിൽ വിതറിയ ചിത്രവർണ്ണങ്ങൾ സീമാതീതം.
ആദിയുഷസ്സന്ധ്യകൾ, ശ്യാമസുന്ദര പുഷ്പങ്ങൾ, ഇന്ദ്രനീലിമയോലും മിഴിപ്പൊയ്കകൾ, ഇന്ദുപഷ്പം ചൂടി നില്ക്കുന്ന രാത്രികൾ, ഓർമ്മകളിൽ കൈവള ചാർത്തി,ശരദിന്ദു മലർദീപനാളം നീട്ടി, ആരെയും ഭാവഗായകരാക്കുന്ന, ഈ ഗാനങ്ങൾ കാല്പനികാനുഭൂതികളുടെ വലിയ ഭാവപ്രപഞ്ചമാണ് സൃഷ്ടിച്ചത്.
ആയിരം പാദസരങ്ങൾ കിലുക്കി,പനിനീരായൊഴുകുന്ന പുഴകൾ.കള്ളിപ്പാലകൾ പൂത്തു നില്ക്കുന്ന നാട്ടിൻപുറങ്ങൾ,പൊന്നോണത്തുമ്പികൾ ,ആമ്പൽപ്പൂമ്പൊയ്കകൾ,രൂപവതികളും രുചിരാംഗികളുമായ പ്രേമഭിക്ഷുകിമാർ...... ചന്ദ്രകളഭം ചാർത്തിയുറങ്ങുന്ന ഈ മനോഹര തീരത്ത് വീണ്ടും പിറക്കാൻ കൊതിക്കുന്നവർ.
കാമുകിയുടെ കണ്ണിൽ നീലിമ,കരിങ്കദളിപ്പൂവുൾ. അവളുടെ ചിരിയിൽ അലിയുന്ന ജീവരാഗം. അവൾ ചിരിക്കുമ്പോൾ ചിത്രാംഗദ, സ്വപ്നലോലയാം മുഗ്ദാംഗ .ഉത്രാടരാത്രിയിൽ കഥകളി കാണുമ്പോൾ ഇരയിമ്പൻ തമ്പി നൽകും ശൃംഗാരപദലഹരിയിൽ തെളിയുന്നത് അവൾ......
അത്,മറ്റൊരു കാലം, മറ്റൊരു ലോകം. ഓട്ടക്കണ്ണിട്ടു നോക്കുന്ന കാക്കകൾ, കദളിവാഴകൈയിലിരുന്ന് വിരുന്ന് വിളിക്കും കാലം. വറുതിയുടെ കാലത്തും നാഴിയുരി പാലുകൊണ്ട് നാടാകെ കല്യാണം നടത്തിയിരുന്നവർ. വാലിട്ടു കണ്ണെഴുതിയ, കൊഞ്ചുന്ന പൈങ്കിളികൾ, മധുരപ്പതിനേഴിലെ പ്രണയപ്പുഴകൾ, മയിൽപ്പീലി കണ്ണു കൊണ്ട് ഖൽബിൻ്റെ കടലാസിൽ മാപ്പിളപ്പാട്ട് രചിക്കുന്ന പ്രണയിനികൾ, കൽക്കണ്ട മാവിൻ ചോടും പുഴയും താഴ് വരയും ഇണക്കുരുവികളുടെ സംഗമവേദികൾ, വെളുക്കുമ്പം കുളിക്കുവാൻ പോകുന്ന കാമുകിയോട് വേലിക്കൽ നിന്ന് കിളിച്ചുണ്ടൻ മാമ്പഴം കടിച്ചു കൊണ്ട് ,കിന്നാരം പറയുന്നവൻ, അനുരാഗനാടകത്തിൽ അന്ത്യമാം രംഗത്തെയോർത്ത് വിലാപഗീതമാലപിക്കുന്നവർ......
അങ്ങനെ, ജീവിതത്തിൻ്റെ ഓരോ അണുവിലും പല തലമുറകൾക്ക് കൂടെപ്പിറപ്പായി ഈ ഗാനങ്ങൾ.
പി.ഭാസ്കരനും വയലാറും ഒ.എൻ.വിയും ശ്രീകുമാരൻ തമ്പിയും പൂവച്ചൽ ഖദറും ബിച്ചു തിരുമലയും ആർ.കെ ദാമോദരനുമൊക്കെ ഹൃദയം ചാലിച്ചെഴുതിയ പാട്ടുകളിൽ ഭൂരിപക്ഷവും കാലാതീതമായി. ദക്ഷിണാമൂർത്തി, കെ.രാഘവൻ, ജി.ദേവരാജൻ , ബി.എ ചിദംബരനാഥ്,എം.എസ് ബാബുരാജ്, രവീന്ദ്രൻ തുടങ്ങിയവർ ആ വരികൾക്ക് ഹൃദയഹാരിയായ സംഗീതം നൽകി.ശാന്ത പി.നായർ, മെഹബൂബ് , ഉദയഭാനു , യേശുദാസ്, ജയചന്ദ്രൻ ,ബ്രഹ്മാന്ദൻ, എസ്. ജാനകി, പി .സുശീല, മാധുരി, ബി. വസന്ത,എൽ. ആർ ഈശ്വരി,ചിത്ര തുടങ്ങിയർ ആലപിച്ച ആ ഗാനങ്ങൾ അനശ്വരങ്ങളായി .
ഓരോ കാലത്തിൻ്റെയും നിലക്കണ്ണാടികളാണ് സിനിമാഗാനങ്ങളും. കഴിഞ്ഞ 70 വർഷം കേരളത്തിൻ്റെ സമസ്തമേഖലകളിലുമുണ്ടായ മാറ്റങ്ങൾക്ക് സാക്ഷ്യം പറയുന്നുണ്ട് ഇവ.
പക്ഷേ, ഇന്നോ? ഈ കാലത്തിൻ്റെ മുദ്രകൾ ഇപ്പോഴത്തെ പാട്ടുകളിലുണ്ട്.
ജീവിതം ഓരോ നിമിഷവും ആഘോഷമാക്കി, തുള്ളിക്കളിക്കുന്ന പുതുതലമുറയ്ക്ക് പ്രിയങ്കരമാണ് പാട്ടുകളും സംഗീതവും.
-പക്ഷേ അവ , നീലക്കുയിലിൽ പി. ഭാസ്ക്കരൻ മാസ്റ്റർ എഴുതി, കെ.രാഘവൻ സംഗീതം നൽകി,കോഴിക്കോട് അബ്ദുൽ ഖാദറും ജാനമ്മ ഡേവിഡും ശാന്ത പി. നായരും പാടി, തുടക്കം കുറിച്ച കേരളത്തനിമ നിറഞ്ഞു നിൽക്കുന്ന,ഹൃദയഹാരിയായ ഈണങ്ങളിലുള്ള, ഉൾക്കാഴ്ച നൽകുന്ന, സാഹിത്യഗുണമുള്ള ,പല തലമുറകളിൽപെട്ട മലയാളികളുടെ മനസ്സിൽ ജീവിക്കുന്ന, നിത്യഹരിതമായ മുൻകാല പാട്ടുകളുടെ ഗണത്തിൽ പെട്ടവയാണോ?
തീർച്ചയായുമല്ല.
എന്താണതിന് കാരണം ?
ഉത്തരം വളരെ ലളിതം. പെരിയാറ്റിലും നിളയിലും കഴിഞ്ഞ 70 വർഷം കൊണ്ട് ഗ്യാലൻ കണക്കിന് വെള്ളമൊഴുകി. എല്ലാം മാറിമറിഞ്ഞു.
അൻപത് വയസ്സെങ്കിലുമുള്ള ഒരു ശരാശരി മലയാളി ഈ യുഗപരിവർത്തനത്തിലൂടെ കടന്നുവന്നവരാണ്.കാളവണ്ടിയുഗത്തിൽ നിന്ന് ഇൻ്റർനെറ്റ് യുഗത്തിലേക്കുള്ള മാറ്റമാണത്. പോയ കാലത്തിൻ്റെ ജീവിതോപാധികളും ചുറ്റുപാടുകളുമെല്ലാം ഇപ്പോൾ പുരാവൃത്തം പോലെയായി.ഓർമ്മയില്ലേ, നാം താമസിച്ച ഓലപ്പുരകൾ? ചിമ്മിനി വിളക്ക്,പാൽ ചുരത്തുന്ന പുള്ളിപ്പശുക്കൾ, അവയ്ക്കായുള്ള തൊഴുത്തുകൾ, വൈക്കോൽത്തുറു, വളർത്തു കോഴികൾ, പുക തുപ്പുന്ന അടുപ്പുകൾ , മൺകലങ്ങളിൽ വെണ്ണയുമായി തൂങ്ങിയാടുന്ന ഉറികൾ, വട്ടി ,അരകല്ല് ,ആട്ടുകല്ല് , ഉരൽ, മുറുക്കാൻ ചെല്ലം, പാടങ്ങൾ, ഞാറു നടീൽ,കൊയ്ത്ത്, നെല്ലുണക്ക് ,അണ്ണാറക്കണ്ണൻ, തത്ത, മൈന തുടങ്ങിയ പക്ഷികൾ , കുളം, ആറ്, കടവ്, തോണി,ഓണപ്പൂക്കൾ,ഊഞ്ഞാൽ, പട്ടം, താറാവിൻകൂട്ടം, നിർത്താതെ പെയ്യുന്ന ഇടവപ്പാതി, ഊത്ത മീൻപിടുത്തം, തുലാവർഷത്തിലെ ഇടിയും മിന്നലും, ആൽത്തറ, ചുമടുതാങ്ങി, നാടോടികൾ,വായനശാല, സിനിമാക്കൊട്ടക, അതിൻ്റെ മൈക്ക് അനൗൺസ്മെൻ്റ്, പാട്ടു പുസ്തകം, റേഡിയോ, അമ്പലം, പള്ളി , ഉത്സവങ്ങൾ , മന്ത്രവാദം, കൂടോത്രം, ജപിച്ചുകെട്ടൽ, നാവേറ് പാട്ടുകാർ, ക്രിസ്മസ് കരോൾ, റാസ , ചന്ദനക്കുടം ,അച്ചുകുത്തൽ, സ്കൂളിലെ ഉപ്പുമാവ്,സൈക്കിൾ യജ്ഞം, സർക്കസ്, അവിടെ നിന്നുള്ള സെർച്ച് ലൈറ്റ്, സെറ്റ് സാരി, മുണ്ട്, പാവാട, ദാവണി , പിറന്നാൾ സദ്യ, ചക്ക, മാങ്ങാക്കാലം.........പട്ടാളത്തിലോ, ഭിലായിലോ, മദ്രാസിലോ ,മലയായിലോ ഗൾഫിലോ ജോലി ചെയ്യുന്നവരുടെ കത്തുകളും മണി ഓർഡറുകളും പ്രതീക്ഷിച്ച്, വഴിക്കണ്ണുമായി പോസ്റ്റുമാനെ കാത്തിരിക്കൽ.....
അതായിരുന്നു ആ പാട്ടുകൾക്കടിസ്ഥാനമായ ജീവിത പരിസരം.
ഏറ്റവും വലിയ ജനകീയ കലയായി സിനിമ വളർന്നത് ജീവിതഗന്ധിയായ പ്രമേയങ്ങളിലൂടെയാണ് . മലയാളത്തിൽ അതിന് തുടക്കം കുറിച്ചതും നീലക്കുയിൽ തന്നെ.അരികുവല്ക്കരിക്കപ്പെട്ടവരുടെ ജീവിതവും ഭാഷയും ഈണവും സംഗീതവും അങ്ങനെ സിനിമയുടെ ആത്മാവിലേക്കാവാഹിക്കപ്പെട്ടു. നവ മാനവികതയുടെയും നവോത്ഥാനത്തിൻ്റെയും സന്ദേശങ്ങൾ അവ പ്രസരിപ്പിച്ചു. ജാതി, മതാതീതമായി മലയാളികൾക്കെല്ലാം ഒന്നിച്ചു പാടാൻ പാട്ടുകളുണ്ടായത് സിനിമയിലൂടെയാണ്. ചലച്ചിത്ര ഗാനങ്ങൾ എല്ലാ ജാതി, മത - വംശ വിവേചനങ്ങളുടേയും അതിർവരമ്പുകൾ ഭേദിച്ച് , ജനതയുടെ ഐക്യഗാഥകളായി. അധ:സ്ഥിതരുടെ നാടൻ പാട്ടുകളും, ധനാഢ്യരായ ചില മുസ്ലീം കുടുംബങ്ങളിൽ ഒതുങ്ങി നിന്ന മാപ്പിളപ്പാട്ടുകളും നമ്മുടെ സംഗീത സംസ്കാരത്തിൻ്റെ അവിഭാജ്യഘടകമായി .
അക്കാലത്തെ ജീവിതം തന്നെയാണ് പാട്ടുകളിൽ പ്രതിഫലിച്ചത്. ഭർത്താവ് 'പ്രാണനായക'നോ! അയാളെ പേരു ചൊല്ലി വിളിക്കുന്നതിനെക്കുറിച്ച് ആരാണിപ്പോൾ ആശങ്കപ്പെടുക!ഫ്യൂഡൽ വ്യവസ്ഥ തകർന്നു.കുടും സങ്കല്പങ്ങൾ തന്നെ സമൂലം മാറി. ഇത് പുതിയ വീട്ടകം. പുതിയ ഭാഷ.ഫ്ലാറ്റുകളിലെയും സ്റ്റുഡിയോ അപ്പാർട്ടുമെൻ്റുകളിലെയും പുതുകാലജീവിതത്തിൽ മുൻകാലത്തിൻ്റെ എന്തു പിൻതുടർച്ചയാണുള്ളത്? ജീവിതക്രമം തന്നെ മാറി. വേഷഭൂഷാദികൾ മാറി. സൗന്ദര്യ സങ്കല്പങ്ങൾ മാറി.ആചാരാനുഷ്ഠാനങ്ങൾ പോലും കാലാനുസൃതമായി മാറി. യക്ഷൻമാരും കിന്നരൻ മാരുമൊക്കെ കോമിക്ക് കഥാപാത്രങ്ങളായി . ഋതുക്കളും എന്നേ മാറി. അവർക്കിന്ന് മഴയും നിലാവും പ്രണയം പെയ്തിറങ്ങുന്ന കാല്പനികാനുഭൂതി നൽകണമെന്നില്ല. പെരുമഴക്കാലം അവരെ കാലാവസ്ഥാവ്യതിയാനത്തിൻ്റെയും മേഘവിസ്ഫോടനത്തിൻ്റെയുമൊക്കെ അശാന്തികളിലേക്ക് കൂട്ടിക്കൊണ്ടുപോയേക്കും .മുൻ തലമുറയെക്കാൾ ഗ്രാഹ്യശേഷിയേറിയവരാണ്.
സ്വന്തം കാലിൽ നില്ക്കാൻ അവർക്ക് ത്രാണിയുണ്ട്. അവർക്ക് കാരണവൻമാരുടെ കൈത്താങ്ങേ വേണ്ട.ഭാര്യയും ഭർത്താവും ജോലി ചെയ്യുന്നു. ഒന്നോ രണ്ടോ മക്കളുള്ള ന്യൂക്ലിയർ കുടുംബം .അവർ ജീവിക്കുന്നത് ലോകത്തിൻ്റെ ഏതു ഭാഗത്തുമാകാം -ഓസ്ട്രേലിയയിൽ, അമേരിക്കയിൽ , കാനഡയിൽ, ജർമനിയിൽ ....നാളെ അതായേക്കാം അവരുടെ രാജ്യം. പുറത്ത് ജോലി ചെയ്യുന്ന ചെറുപ്പക്കാർക്ക് അവിടെ നിന്നുള്ളവരാകാം ജീവിത പങ്കാളികൾ . ഭിന്ന ,സങ്കര സംസ്കാരങ്ങളിൽ ജീവിക്കുന്നവരുടെ കഥകളും ഇനി കൂടുതലായി സിനിമകളുടെ ഇതിവൃത്തമാകും. അപ്പോൾ ആ സിനിമാഗാനങ്ങളുടെ ഭാഷ എന്താകും?
ഇന്ത്യയിലെ വിവിധ നഗരങ്ങളിലുള്ള ഐ.ടി ഹബ്ബുകളിൽ ജോലി ചെയ്യുന്നവരും ജീവിക്കുന്നത് സങ്കരസംസ്കാരത്തിന് നടുവിലാണ് . ഡിജിറ്റൽ തലമുറയിൽപ്പെട്ട അവരുടെ സ്മൃതികളിൽ സ്വന്തം അച്ഛനമ്മമാർ ജീവിച്ചു വളർന്ന ഒരു ചുറ്റുപാടുമുണ്ടാകാനിടയില്ല. ആ ജീവിതം അവർക്ക് ദുരൂഹമായ കേട്ടറിവുകൾ മാത്രം.അവർക്കത് വിചിത്രമായി തോന്നിയേക്കാം.അതിനാൽ, തികച്ചും അപരിചിതമായ ജീവിതപരിസരങ്ങളും ,ബിംബങ്ങളും പ്രതീകങ്ങളും വാക്കുകളും പ്രയോഗങ്ങളുമുള്ള, സിനിമാപ്പാട്ടുകൾ പുതുതലമുറയോട് ഒന്നും സംസാരിക്കില്ല. അവർ അവയ്ക്കു മുന്നിൽ അന്തംവിട്ടു നിൽക്കും. സിനിമയിലെ ആ ഗാനരംഗങ്ങൾ കണ്ടാൽ അവർ പൊട്ടിപ്പൊട്ടിച്ചിരിക്കും.
'പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളായ ഭാര്യ'മാർ,സഹനങ്ങളെ സൗഭാഗ്യങ്ങളായി കാണാൻ കണ്ടീഷൻ ചെയ്യപ്പെട്ട ഫ്യൂഡൽ വ്യവസ്ഥയുടെ മൂല്യബോധത്തിൻ്റെ പ്രതീകങ്ങളാണെന്ന തിരിച്ചറിവ് , ഇന്ന് അത്തരം പാട്ടുകളെ അസാധുവാക്കുന്നുണ്ട്. സ്ത്രീയുടെ സഹനങ്ങളെ സൗഭാഗ്യങ്ങളായി ഉദാത്തവല്ക്കരിക്കുന്ന പാട്ടുകൾ രാഷ്ട്രീയമായി ശരിയല്ലെന്ന് തിരിച്ചറിയപ്പെടുന്നു.'കറുത്ത പെണ്ണ്' എന്ന വാക്കുപോലും ഇന്ന് ബോഡി ഷെയ്മിങ്ങാണ്.
സമൂഹത്തിൻ്റെ മൂല്യവ്യവസ്ഥ മാറിവരുന്ന കാലത്ത് ,അത് പാട്ടുകളിലും പ്രതിഫലിക്കും.
ലോകത്തിൻ്റെ രണ്ടറ്റത്തുമിരുന്ന്, ലൈവായി പ്രേമിക്കുന്നവർക്ക് മുന്നിൽ , പഴയ മൂല്യങ്ങളും കാഴ്ചകളും തനി കോമാളിത്തമായേ കണക്കാക്കപ്പെടുന്നുള്ളൂ.'തുമ്പു കെട്ടിയിട്ട ചുരുൾ മുടിയിൽ തുളസിത്തളിരില ചൂടി, തുഷാരഹാരം മാറിൽ ചാർത്തിവരുന്ന സുന്ദരിയും, 'കൽപ്പാന്ത കാലത്തോളം കൽഹാരഹാരവു'മായി നില്ക്കുന്നവളും ഈ കാലത്തിന് ചേർന്നവരേയല്ല. അവരാകും ട്രോളർമാരുടെ ഇഷ്ടകഥപാത്രങ്ങൾ. 'മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി , മഞ്ഞക്കുറിമുണ്ടു ചുറ്റി' വരുന്ന കൗമാര കാമുകനെയും കരിനീലക്കണ്ണുള്ള പെണ്ണിനെയുമൊക്കെ നമ്മൾ കാണുക ഓണാഘോഷങ്ങളിലും പ്രച്ഛന്നവേഷ വേദികളിലും മാത്രം. അല്ലെങ്കിൽ, ആരെങ്കിലും ഇനി,പോയ കാലത്തെക്കുറിച്ചുള്ള പീരിയോഡിക് സിനിമകളെടുക്കണം. അവയിൽ ദേശമുദ്രകളും കാലമുദ്രകളുമുണ്ടാകാം; അവ പ്രതിഫലിപ്പിക്കുന്ന പാട്ടുകളും .
-അപ്പോഴും , അവ പുതുകാലത്തോട് സംസാരിക്കണമെന്നില്ല.അന്യംനിന്നു പോയ പ്രയോഗങ്ങൾ, പ്രതീകങ്ങൾ ,ഉപമകളൊക്കെ നിറഞ്ഞ ആ പാട്ടുകൾ ഇവർക്ക് മനസിലാകുമോ? അച്ചടിക്കപ്പെടുന്ന കവിതയിൽ വഴിയമ്പലവും ചുമടുതാങ്ങിയും നന്നങ്ങാടിയുമൊക്കെ വന്നാൽ അവയ്ക്ക് ടിപ്പണി കൊടുക്കാം. പക്ഷേ, സിനിമാപ്പാട്ടിലോ?
അപ്പോൾ ചോദിച്ചേക്കാം, പാട്ട് ആസ്വദിക്കാൻ എന്തിനാണ് വരികളുടെ അർത്ഥമറിയുന്നത്? പി. ഭാസ്കരനും വയലാറും ഒ.എൻ.വിയും ശ്രീകുമാരൻ തമ്പിയും ഗിരീഷ് പുത്തഞ്ചേരിയും കൈതപ്രവുമൊക്കെ എഴുതിയ വരികളുടെ മുഴുവൻ അർത്ഥവും മനസിലാക്കിയാണോ ഇത്രകാലവും അവ ആസ്വദിച്ചത്? അർത്ഥമറിഞ്ഞാലേ പാട്ടുകൾ രസിക്കുകയുള്ളോ?അക്ഷരാഭ്യാസം പോലുമില്ലാത്തവരും നാട്ടിൻപുറത്തുകാരുമായ കഥാപാത്രങ്ങൾ വരെ ഇത്രയ്ക്ക് സാഹിത്യഗുണമുള്ള പാട്ടുകൾ എങ്ങനെ പാടി?
സിനിമ നമുക്ക് ഭാവനയുടെ വലിയ ലോകത്തേയ്ക്കുള്ള അത്ഭുത,മായിക വാതിലായിരുന്നു. മുൻകാലത്ത് നേരനുഭവങ്ങൾ ഏറെപ്പരിമിതം.ട്രെയിനിൽ കയറുന്നതു പോലും ജീവിതത്തിലെ വലിയ അഭിലാഷമായി കരുതിയിരുന്നവർ ഭൂരിപക്ഷമുള്ള സമൂഹത്തിൽ പാട്ടുകൾ തുറന്നിട്ടത് ഭാവനയുടെ അനന്താകാശം. അർത്ഥമറിയാത്ത വാക്കുകളുടെ പോലും പുറത്തുകയറി എന്നും ഗഗനസഞ്ചാരം നടത്തുന്നവരായിരുന്നു , അവർ. 'പകൽക്കിനാവിൽ സുന്ദരമാകും പാലാഴിക്കര'കളിലൂടെ സഞ്ചരിക്കാൻ അത് വഴി തുറന്നു. അവ എഴുതപ്പെട്ട കാലത്തെ ഭാവുകത്വം അങ്ങനെയായിരുന്നു . ലോക ക്ലാസിക്കുകൾ നാടകങ്ങളായി റേഡിയോയിൽ പ്രക്ഷേപണം ചെയ്തിരുന്ന കാലം. കുടുംബം ഒന്നാകെ അത് കേൾക്കാൻ റേഡിയോയ്ക്ക് ചുറ്റും ചെവിയോർത്തിരുന്ന കാലം.വിശ്വസാഹിത്യ കൃതികളും ബംഗാളി നോവലുകളും വി.സാംബശിവന്റെ ശബ്ദത്തിലൂടെ കഥാപ്രസംഗമായി കേൾക്കാൻ ഗ്രാമങ്ങളിൽ കൊച്ചുവെളുപ്പാൻ കാലത്തും ആയിരങ്ങൾ തടിച്ചുകൂടിയ കാലം... ആ സാംസ്കാരിക പരിസരവും മാഞ്ഞുപോയി.
ആ കാലവും എന്നേ കടന്നുപോയി.
മലയാളിയുടെ നിത്യജീവിതത്തിൽ സ്വപ്ന സദൃശ്യസാന്നിധ്യമായിരുന്ന സാഹിത്യ സദസ്സുകളും സാഹിത്യ പ്രസിദ്ധീകരണങ്ങളും മരണവക്ത്രത്തിലായി. കാലമെന്നും ഒരുപോലെയല്ല .നമുക്ക് സമാശ്വസിക്കാം.
ഇന്ന് അറിയേണ്ടതെല്ലാം വിരൽത്തുമ്പിൽ കിട്ടും .'നാളികേരത്തിൻ്റെ നാട്ടിൽ നാലുകാലോലപ്പുരയ്ക്ക് പകരം ഉയർന്ന കോൺക്രീറ്റ് സൗധത്തിൽ സ്ഥാപിച്ചിരിക്കുന്ന സർവൈലൻസ് ക്യാമറയിലൂടെ എവിടിരുന്നും എല്ലാം തത്സമയം കാണാം. മണിക്കൂറുകൾക്കകം ലോകത്തെവിടെയും പറന്നെത്താം. സന്തോഷ വർത്തമാനങ്ങളും ദുരന്തവാർത്തകളും മൊക്കെ കൊണ്ടു വന്നിരുന്ന തപാൽക്കാരനും കമ്പിക്കാരനും കഥകളിലേക്ക് പിൻവാങ്ങി.ഭാവനയ്ക്ക് സാദ്ധ്യമായ ഇടങ്ങൾ തുലോം ചുരുങ്ങി. നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന സങ്കരഭാഷക്കപ്പുറം പുതു തലമുറയ്ക്ക് പച്ച മലയാളവും തെളിമലയാളവുമൊക്കെ അജ്ഞാതം,ആർക്കൈക്ക്. അവയിലെ ഉപമയും ഉൽപ്രേക്ഷയും കണ്ടെത്തി, പാട്ട് ആസ്വദിക്കാൻ അവർക്ക് നേരമില്ല. അതിൻ്റെ ആവശ്യവുമില്ല.അവർ തിരക്കിലാണ്.
അവർക്ക് ഇമ്പമുള്ള ധ്രുതതാളം മതി.പരുക്കൻ ശബ്ദം മതി .ജോലി ചെയ്യുന്നതിനിടയിൽ ആസ്വദിക്കാൻ ഫാസ്റ്റ് ബീറ്റ്. അതിന് അർത്ഥസമ്പുഷ്ടമായ വരികൾ വേണമെന്നില്ല. വാക്കുകൾ തന്നെ ആവശ്യമില്ല.ആരതൊക്കെ ശ്രദ്ധിക്കുന്നു? കുഞ്ഞാടുകളെ ഉത്തേജിതരാക്കാൻ, ചില മതവിഭാഗക്കാർ അജ്ഞാതഭാഷയിൽ അലറുന്ന കാലമാണിത്. അതിനാൽ,താളമാണ് മുഖ്യം. പല ഗണങ്ങളിൽ പെട്ട ,റാപ്പ് സംഗീതവും മലയാളം പോപ്പ് , ഫ്യൂഷൻ മ്യൂസിക്കുമൊക്കെ ചേർന്നതാണ് യുവതലമുറ ഇപ്പോൾ ആഘോഷിക്കുന്ന പാട്ടുകൾ. ആവേശം,നായാട്ട്, പ്രേമലു ,തല്ലുമാല മഞ്ഞുമ്മൽ ബോയ്സ് തുടങ്ങിയ ചിത്രങ്ങളിലെ 'അടിപാളി' പാട്ടുകളാണ് പുതു ട്രൻ്റ് . സിനിമയ്ക്കപ്പുറത്തുള്ള ഫാസ്റ്റ് നമ്പറുകൾ എന്നേ ഇവർക്ക് പഥ്യം. അവയുടെ ഭാഷയിലെന്ത് കാര്യം? കൊറിയയിൽ നിന്നും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുമൊക്കെ പുതുതലമുറ ചങ്കിൽ ഏറ്റുവാങ്ങുകയാണ്,പുതുകാല സംഗീതം - അവ ചിലപ്പോഴൊക്കെ , തലവേദയുണ്ടാക്കുന്ന അലർച്ചയായി,തുള്ളിച്ചാട്ടമായി, മറ്റുള്ളവർക്ക് തോന്നും ( അത് അവരുടെ പ്രശ്നം!).
കോവിഡ് കാലത്ത്
, ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലൂടെ നമ്മുടെ യുവാക്കൾക്കിടയിൽ തരംഗമായതാണ് ദക്ഷിണ കൊറിയൻ പോപ്പ് ഗായകസംഘമായ ബി.ടി.എസിൻ്റെ കൊറിയൻ, ജാപ്പനീസ്, ഇംഗ്ലീഷ് ഭാഷകളിലുള്ള പോപ്പ് മൂസിക് ആൽബങ്ങൾ.ഹരീഷ് ശിവരാമകൃഷ്ണൻ്റെയും സ്വാമി സീതാരമൻ്റെയും നേതൃത്വത്തിലുള്ള 'അഗം' ബാൻ്റിനും ആരാധകരേറെയുണ്ട് . 'കർണ്ണാടിക് പ്രോഗ്രസീവ് റോക്ക് മ്യൂസിക്' എന്ന് സ്വയം വിശേഷിപ്പിക്കുന്ന അവരുടെ ലോഗോയിലുള്ളത് തെയ്യം. അഗം എന്നാൽ ഉള്ള്. ബംഗളൂര് ആസ്ഥാനമായ അഗത്തിൻ്റെ ഹിറ്റുകളിലൊന്ന് 'കൂത്ത് ഓവർ കോഫി'യാണ്. കർണ്ണാടക സംഗീതവും പാശ്ചാത്യ റോക്ക് മ്യൂസിക്കും തനി നാടൻ തമിഴ് താളവുമായി സമന്വയിപ്പിച്ച ആൽബം .ചെറുപ്പക്കാരുടെ മറ്റൊരു ഹരം 'തൈക്കുടം ബ്രിഡ്ജാ'ണ്. ഗോവിന്ദ് വസന്തയുടെയും സിദ്ധാർത്ഥ് മേനോൻ്റെയും നേതൃത്വത്തിലുള്ള ഈ ബാൻ്റ് പ്രശസ്തമായത് കപ്പ ടിവിയിലെ മ്യൂസിക് മോജോയോടു കൂടിയാണ്. നാടൻപാട്ടുകളും ഇൻഡി പോപ്പും സമന്വയിപ്പിച്ച 'നവരസം' ആൽബത്തിൽ യുവതയുടെ പ്രതിഷേധവും അമർഷവും ബദൽ ജീവിതവും പ്രതിഫലിക്കുണ്ട്.
' സോൾട്ട് ആൻ്റ് പെപ്പർ',' സെക്കൻ്റ് ഷോ' സിനിമകളിലൂടെ പ്രശസ്തമായ 'അവിയൽ', റ്റോണി ജോണിൻ്റെയും റെക്സ് വിജയൻ്റെയും നേതൃത്വത്തിലുള്ള മലയാളം റോക്ക് മ്യൂസിക്ക് ബാൻ്റാണ്. മലപ്പുറം ജില്ല കേന്ദ്രീകരിച്ച് ധാരാളം നാടൻപാട്ട് ഗായകസംഘങ്ങളും സജീവമാണ്. സുരേഷ് തിരുവാലിയും , കടുവ സിനിമയിലെ ' പാലാപ്പള്ളി തിരുപ്പള്ളി..' പാടിയ അതുൽ നറുകരയയും വേദികളിൽ തിമിർത്താടുന്നു. കേരളം മുഴുവൻ തരംഗമായ 'പാലാപ്പള്ളി ' വടകരയ്ക്കടുത്തുള്ള ഒരാൾ കണ്ടെടുത്ത, പുലയ സമുദായത്തിൻ്റെ മരണച്ചടങ്ങുമായി ബന്ധപ്പെട്ട നാടൻ പാട്ടാണ്. അതിന് നൽകിയ ചടുലമായ സംഗീതമാണ്, ആ പാട്ടിനെ സമകാലിക ഹിറ്റുകളിലൊന്നാക്കി മാറ്റിയത്. ഇമ്പമാർന്ന താളം തന്നെ വിജയഘടകം .
ഇതിനിടയിലും അപൂർവമായി നല്ല മെലഡികൾ പിറക്കുന്നുണ്ട്. അവയിലെ വരികളിൽ പുതുതലമുറയ്ക്ക് വേഗം കണക്ട് ചെയ്യാവുന്ന വാക്കുകളാണുള്ളത്. 'പ്രേമം ' സിനിമയിൽ ഏറെ വിമർശനങ്ങൾക്ക് വിധേയമായ 'അവള് വേണ്ട്രാ ഇവള് വേണ്ട്ര . .'( രചന, ആലാപനം ശബരീഷ് വർമ്മ) എന്ന തട്ടുപൊളിപ്പൻ പാട്ടിന് സംഗീതം നൽകിയ രാജേഷ് മുരുകേശൻ തന്നെയാണ് അതേ ചിത്രത്തിലെ 'തെളിമാനം മഴവില്ലിൻ നിറമണിയും നേരം' (രചന: ശബരീഷ് വർമ്മ, ആലാപനം വിജയ് യേശുദാസ്) എന്ന മെലഡയിയ്ക്കും ഈണമിട്ടത് .' ജീവാംശമായി താനേ നീയെന്നിൽ..' ('തീവണ്ടി' , രചന ബി.കെ. ഹരിനാരായണൻ, ആലാപനം ശ്രേയ ഘോഷാൽ, കെ.എസ്. ഹരിശങ്കർ, സംഗീതം കൈലാഷ് മേനോൻ),' നീയെൻ വെണ്ണിലാ..'('കസിൻസ്',രചന റഫീക്ക് അഹമ്മദ്, ആലാപനം ഹരിചരൺ , ചിൻമയി, സംഗീതം എം. ജയചന്ദ്രൻ), 'പെരിയോനേ..'( 'ആട്ജീവിതം',രചന റഫീക്ക് അഹമ്മദ്, ആലാപനം: ജിതിൻ രാജ്,സംഗീതം എ.ആർ റഹ്മാൻ) തുടങ്ങിയ ഏതാനും മനോഹരമായ ഗാനങ്ങളും അടുത്ത കാലത്ത് ഹിറ്റുകളായത് പ്രതീക്ഷ നൽകുന്നുമുണ്ട്. 'സുലൈഖ മൻസിൽ ' സിനിമയിൽ,ടി.കെ. കുട്ടിയാലി എഴുതിയ പഴയ മാപ്പിളപ്പാട്ടിന് വിഷ്ണു വിജയ് നൽകിയ ചടുലമായ സംഗീതമാണ് അതിനെ ജനപ്രിയമാക്കിയത്.
അതിനാൽ, വരും കാലത്ത് അഭിരുചികൾ ഇനിയും മാറുമായിരിക്കും,അല്ലേ? തലമുറകൾക്കപ്പുറവും നിത്യഹരിതമായി നിലനിൽക്കുന്ന,വരികൾക്ക് അർത്ഥമുള്ള,ആലാപനങ്ങൾ മധുരതരമാകുന്ന, ഹൃദയഹാരിയായ പാട്ടുകളുടെ പുതിയൊരു പൂക്കാലം വരുമോ?എന്തിന് പുതുതലമുറ സ്ഥിതപ്രജ്ഞരാകുന്നു? നമ്മളെപ്പോലെ, കാല്പനിക സ്വപ്നങ്ങളെ തലയിണയാക്കി അവർക്കും ഉറങ്ങേണ്ടേ ..
തല്ക്കാലം,അവരെ അവരുടെ വഴിക്ക് വിടാം.
നമുക്ക് ഇഷ്ടഗാനങ്ങൾ കേട്ട്, നമ്മുടെ മനോരഥങ്ങളിലങ്ങനെ ലയിച്ചിരിക്കാം. സ്വസ്ഥം, ശാന്തം!
റേഡിയോയിൽ പാട്ടു തീരാൻ ഇനിയും സമയമുണ്ട്. "അടുത്തതായി യേശുദാസ് പാടുന്ന ഗാനം .രചന പി.ഭാസ്കരൻ , സംഗീതം ബി.എ. ചിദംബരനാഥ്. ചിത്രം മുറപ്പെണ്ണ്. കരയുന്നോ പുഴ ചിരിക്കുന്നോ......"
ഭാഗ്യം -മകൻ അത് കേട്ടില്ല. ഉറങ്ങിപ്പോയത് നന്നായി. അല്ലെങ്കിൽ, ആരാണീ മുറപ്പെണ്ണ് എന്ന് ചോദിച്ച് വന്നേനെ.
"....... മറവിതൻ മാറിടത്തിൽ മയങ്ങാൻ കിടന്നാലും ഓർമ്മകളോടിയെത്തി ഉണർത്തീടുന്നു.....
എന്താക്കെ മധുരതരമായ ഓർമ്മകൾ !
(2024ലെ കേരള കൗമുദി ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൻ്റെ പൂർണ്ണരൂപം)