മുക്കാൽ നൂറ്റാണ്ടോളം മുൻപാണ്. വർഷം 1945 അല്ലെങ്കിൽ 1946.
മദ്രാസിലെ കേരള സമാജം ഓഫീസ് നില്ക്കുന്ന പഴയ കെട്ടിടത്തിൽ, സെക്രട്ടറിയെ കാണാനായി ഒരു ചെറുപ്പക്കാരനെത്തി. മഹാനഗരത്തിൽ തൊഴിലന്വേഷിച്ചെത്തുന്ന മലയാളികൾ സഹായം തേടി നിത്യവും അവിടെയെത്താറുണ്ട്. ആരോടും ഒന്നും സംസാരിക്കാതെ, ഒരരുകിൽ മാറി നിന്ന അയാളെ ആദ്യം ആരും പരിഗണിച്ചില്ല.ഖദർ ജൂബ ധരിച്ച , കറുത്തു കുറുകിയ ശരീരം.
സമാജം സെക്രട്ടറി കെ.പത്മനാഭൻ നായർ അടുത്ത് ചെന്ന് കാര്യം തിരക്കി. അന്ന് അവിടെ അന്തി ഉറങ്ങാനനുവദിക്കണം. നാട്ടിലേക്ക് തിരികെ പോകാനുള്ള വണ്ടിക്കൂലിയും വേണം. അയാൾ കുറേ യാത്രാനുഭവങ്ങളൊക്കെ പറഞ്ഞുകേൾപ്പിച്ചു. ' പേര്?' 'പി.കുഞ്ഞിരാമൻ നായർ' - യുവകവി കുഞ്ഞിരാമൻ നായരാണ് മുന്നിൽ നില്ക്കുന്നത്. കാഞ്ഞങ്ങാട്ടുകാരൻ. വീടുവിട്ടിറങ്ങി,അവധൂത ജീവിതം നയിക്കുന്നയാൾ. കാല്പനികൻ . പത്മനാഭൻ നായർ ആരാധനയോടെ വായിച്ച ചില കവിതകളെഴുതിയയാൾ. തന്റെ ജൻമനാടായ പയ്യന്നൂരിനടുത്ത സ്ഥലമാണ് അയാളുടേത്.
കേരള കൗമുദി വാരാന്തപ്പതിപ്പ് 16.5.21
സാംസ്കാരിക പ്രവർത്തകനായ പത്മനാഭൻ നായർ മദ്രാസ് ആകാശവാണിയിൽ സ്റ്റാഫ് ആർട്ടിസ്റ്റായി ചേർന്നിട്ട് അധികകാലമായിട്ടില്ല. അന്ന്,അദ്ദേഹം കുഞ്ഞിരാമൻ നായരെ തന്റെ ലോഡ്ജിൽ കൂടെ താമസിപ്പിച്ചു. വണ്ടിക്കൂലി നൽകാനുള്ള കാശ് കൈയ്യിലുണ്ടായിരുന്നില്ല. രാവില നേരെ സ്റ്റേഷനിൽ ചെന്ന് ഡയറക്ടർ ടി.ജി.സത്യമൂർത്തിയെ കണ്ട് ബോധിപ്പിച്ചു: മലയാളത്തിലെ ശ്രദ്ധയനായൊരു കവി നഗരത്തിലെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരു കവിത മലയാളം പരിപാടിയിൽ പ്രക്ഷേപണം ചെയ്താൽ റേഡിയോയിൽ അതൊരു പുതുമയായിരിക്കും.- അതുവരെ പാട്ടുകളും നാടകങ്ങളും പ്രഭാഷണങ്ങളല്ലാതെ ഒരു സാഹിത്യ കൃതിയും മദ്രാസ് ആകാശവാണി നിലയം പ്രക്ഷേപണം ചെയ്തിട്ടില്ല. ഞായറാഴ്ചയ്ക്കു പുറമേ മറ്റൊരു ദിവസം കൂടി മലയാള പ്രക്ഷേപണം ആരംഭിച്ചിരുന്നു. പി. കുഞ്ഞിരാമൻ നായരുടെ കവിതയോടെ അങ്ങനെയൊരു കവിതാപരിപാടി കൂടി ആരംഭിക്കാമെന്ന് അദ്ദേഹം സമ്മതിച്ചു.
രാത്രി, പത്മനാഭൻ നായർ കടം കൊടുത്ത പേന കൊണ്ട് പി.കുഞ്ഞിരാമൻ നായർ കവിത എഴുതി. ആകാശവാണി മദ്രാസ് സ്റ്റുഡിയോയിൽ നിന്ന് ആ കവിത തത്സമയം പ്രക്ഷേപണം ചെയ്യപ്പെട്ടു. 25 രൂപയുടെ പച്ചനിറത്തിലുള്ള ചെക്ക് നൽകിയപ്പോൾ കുഞ്ഞിരാമൻ നായർ മൈക്രോഫോണിനു മുന്നിൽ കണ്ണടച്ച്,കൈകൂപ്പി നിന്നു. "എന്റെ പതുങ്ങൽ കണ്ട് കവി പറഞ്ഞു: കണ്ണും കരളും ചെവിയുമില്ലാത്തതിനാൽ ഞാൻ ഈ യന്ത്രത്തെ നമസ്ക്കരിക്കുന്നു " .
പി.കുഞ്ഞിരാമൻ നായരുടെ സഞ്ചാരപഥങ്ങളിൽ അങ്ങനെ ആകാശവാണി സ്ഥാനം പിടിച്ചു. കവിതയെന്ന നിത്യകന്യകയെത്തേടിയുള്ള യാത്രക്കിടയിൽ പിന്നീടെത്രയോ തവണ കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം ആകാശവാണി നിലയങ്ങളിൽ, 'ചെക്ക് തരൂ, കവിത വായിക്കാം' എന്ന് പറഞ്ഞ് സ്വാതന്ത്ര്യത്തോടെ കയറി വന്നിട്ടുണ്ട്, മഹാകവി. ആദ്യം പി.ഭാസ്ക്കരനും പിന്നീട് ഉറൂബും, കക്കാടും, അക്കിത്തവും, തിക്കോടിയനും , കെ.എ.കൊടുങ്ങല്ലൂരും പി. പുരുഷോത്തമൻ നായരും പി.പി.ശ്രീധരനുണ്ണിയുമെല്ലാമുള്ള കോഴിക്കോട് നിലയം തന്റെ സ്വന്തം വീടുപോലെ കരുതി ,അദ്ദേഹം.
വ്യവസ്ഥാപിത ചിട്ടവട്ടങ്ങളെയെല്ലാം ലംഘിച്ച്, ജീവിതം ആഘോഷമാക്കി,അലഞ്ഞു നടന്ന മഹാകവിയ്ക്കായി പലപ്പോഴും ആകാശവാണി ചട്ടങ്ങൾ ഇളവു ചെയ്തു നൽകി. സാധാരണ മൂന്നു മാസത്തിലൊരിക്കലാണ് പരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകുക. പക്ഷേ, കൂടെക്കൂടെ അദ്ദേഹം കോഴിക്കോട് നിലയത്തിലെത്തും. "ഇടയ്ക്ക് മിഠായിത്തെരുവിൽ വച്ച് കാണുമ്പോൾ , തലകുനിച്ച്, കണ്ണടയ്ക്കും പുരികങ്ങൾക്കുമിടയിലൂടെ നോക്കിക്കൊണ്ട് പറയും : ഗുരുവായൂരപ്പാ, ഒരു പ്രോഗ്രാം കിട്ടിയിട്ട് എത്ര നാളായി ! ",ആദ്യ കാലത്ത് പ്രോഗ്രാം അസിസ്റ്റന്റായിരുന്ന (1950കളിൽ മാതൃഭൂമി ബാലപംക്തിയുടെ 'കുട്ടേട്ടനു'മായിരുന്ന അദ്ദേഹം പോർട്ട്ബ്ലയർ സ്റ്റേഷൻ ഡയറക്ടറായി വിരമിച്ചു) പി.പുരുഷോത്തമൻ നായർ ഓർക്കുന്നു . അദ്ദേഹത്തെ പരിപാടിക്ക് മുൻകൂട്ടി ക്ഷണിച്ചാലോ?" ഞങ്ങളെല്ലാം ഉത്കണ്ഠയുടെ മുൾമുന യിലായിരിക്കും, അവസാന നിമിഷം വരെ .രാത്രി 7.45 ന്റെ തൽസമയപ്രക്ഷേപണത്തിന് 7.40 നാകും കുഞ്ഞിരാമൻ നായർ റേഡിയോസ്റ്റേഷനുമുന്നിൽ ഒരു റിക്ഷാവണ്ടിയിൽ വന്നിറങ്ങുക. കയറിവരുന്ന വഴി ചോദിക്കും : കുറച്ചു കടലാസും ഒരു പേനയും വേണം.. കവിത ഒന്നു പകർത്തിയെഴുതണം. മുഴുവനും വെട്ടും തിരുത്തുമാണ്.."
തിക്കോടിയൻ,പി.പുരുഷോത്തമൻ നായർ,ഉറൂബ്- കോഴിക്കോട് ആകാശവാണിയിൽആകാശവാണിയിലേക്കുള്ള യാത്രക്കിടയിൽ ബസിലും ട്രെയിനിലുമിരുന്ന് കവിതകളെഴുതിയ കാലം പി. കുഞ്ഞിരാമൻ നായർ തന്നെ രേഖപ്പടുത്തിയിട്ടുണ്ട് ('കവിയുടെ കാല്പാടുകൾ'). ഒറ്റപ്പാലം സാഹിത്യ പരിഷത്ത് സമ്മേളനത്തിൽ വായിക്കാനുള്ള കവിത കുത്തിക്കുറിച്ച കടലാസ്കെട്ടുമായി ,അവിടെയുണ്ടായിരുന്ന പി. പുരുഷോത്തമൻ നായരുടെ മുറിയിലേക്ക് കയറിച്ചെന്ന്,അദ്ദേഹത്തിന്റെ സഹായത്തോടെ അസ്സൽ എഴുതിയ കഥയും മഹാകവി തന്നെ വിവരിച്ചിട്ടുണ്ട്. അതാണ് 'കളിയച്ഛൻ'.
ഒരിക്കൽ തൃശൂരിനടുത്തു താമസിക്കുമ്പോൾ വെളുപ്പിനുണർന്നു. ഒരു കവിത മനസിൽ വിങ്ങി നിന്നു.. രാമവർമ്മപുരത്തെ ആകാശവാണിയിലേക്ക് നേരെ നടന്നു. അക്കിത്തം അവിടെയുണ്ട്. കവിത പോകും മുൻപ് കടലാസിലാക്കണം. റെക്കാർഡ് ചെയ്ത്, ചെക്ക് വാങ്ങണം. വെട്ടം വിഴും മുൻപ് എത്തിയ മഹാകവിയെ സെക്യൂരിറ്റി ജീവനക്കാർ അകത്തേയ്ക്ക് കയറ്റിവിട്ടില്ല. രാവിലെ ഒൻപതരയ്ക്ക് അക്കിത്തവും എസ്. രമേശൻ നായരും ഓഫീസിലെത്തിയപ്പോൾ, മഹാകവി ഗേറ്റിനു പുറത്തെ ഒരു ചായ്പ്പിലിരുന്ന് ഉറങ്ങുന്നു." നിങ്ങളുണ്ടല്ലോ ഇവിടെ , എന്ന് വിചാരിച്ച് പോന്നതാണ് " , അദ്ദേഹം പറഞ്ഞു." അതിന്, ഞങ്ങൾ ഇവിടെയല്ലല്ലോ ,താമസിക്കുന്നത് !", അക്കിത്തം പറഞ്ഞപ്പോഴാണ് മഹാകവിക്ക് ബോധമുണ്ടായത്. കെ.പത്മനാഭൻ നായർ
കുത്തിവരച്ച പോലെയായിരുന്നു കുഞ്ഞിരാമൻ നായരുടെ കൈപ്പട . കുത്തഴിഞ്ഞ പുസ്തകം പോലെയായിരുന്നു , കൈയ്യെഴുത്തു പ്രതിയിലെ കടലാസുകൾ . അനൗൺസർ കവിതയെക്കുറിച്ചുള്ള അറിയിപ്പ് നൽകുമ്പോൾ, കുഞ്ഞിരാമൻ നായർ പേജുകൾ മുറയ്ക്ക് അടുക്കുന്ന തിരക്കിലായിരിക്കും. ഓരോ കവിത വായിച്ചു കഴിഞ്ഞും നേരെ 'മാതൃഭൂമി' ഓഫീസിലേക്ക് പോകും. രണ്ടു - മൂന്ന് ആഴ്ച കഴിഞ്ഞ് അവയെല്ലാം ആഴ്ചപതിപ്പിൽ അച്ചടിച്ചു വരും. (കെ.ടി മുഹമ്മദിന്റെ ശബ്ദനാടകങ്ങൾ, എസ്. ഗുപ്തൻ നായരുടെ പ്രഭാഷണങ്ങൾ തുടങ്ങിയ റേഡിയോ പരിപാടികൾ ഇങ്ങനെ ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്നു).
. *******
ഇനി ആകാശവാണി തിരുവനന്തപുരം നിലയത്തിലേക്ക്. കാലം 1977 . കെ.പത്മനാഭൻ നായർ അന്ന് അവിടെ മ്യൂസിക് പ്രൊഡ്യൂസറാണ്. അടുത്തിടെ നിലയത്തിൽ സംഗീത സംവിധായകനായി ചേർന്ന പെരുമ്പാവൂർ ജി.രവീന്ദ്രനാഥ് മുറിയിൽ ചെല്ലുമ്പോൾ,സഞ്ചിയും തൂക്കിയിരിക്കുന്നു, മഹാകവി പി.കുഞ്ഞിരാമൻ നായർ. കവിത വായിക്കാൻ വന്നതാണ്. ഒരു ലളിതഗാനം എഴുതിത്തരണമെന്ന തന്റെ ഏറെക്കാലത്തെ അഭ്യർത്ഥന അദ്ദേഹം സ്വീകരിക്കാത്തതിൽ പത്മനാഭൻ നായർക്ക് പരിഭവമുണ്ട്. ജുബ്ബയിൽ നിന്ന് ഒരു പേപ്പറും പേനയുമെടുത്ത്, 'തന്റെ പരാതി ഇപ്പോൾ തീർത്തു തരാം' ,എന്ന് പറഞ്ഞ് കുഞ്ഞിരാമൻ നായർ എഴുതിക്കൊടുത്തു, ഒരു ഗാനം: 'കാവേരീ, പൂങ്കാവേരീ , നീ വരുമോ' എന്നാരംഭിക്കുന്ന ആ ലളിതഗാനത്തിന് പെരുമ്പാവൂർ ജി.രവീന്ദ്രനാഥ് ഈണമിട്ടു. അത് ലളിത സംഗീത പാഠമായും, ഗാനമായും ഏറെ പ്രശസ്തമായി. ഒരു പക്ഷേ, മഹാകവി പി. ആകാശവാണിക്കു വേണ്ടി എഴുതിയ ഒരേയൊരു ലളിത ഗാനത്തിന്റെ പിറവി അങ്ങനെയായിരുന്നു.
********
1978 മെയ് 26. അയഞ്ഞ വെള്ള ജൂബ്ബ ധരിച്ച്, മുഷിഞ്ഞ രണ്ടാം മുണ്ട് കഴുത്തിലൂടെ ചുറ്റി, കവിതയുമായി തിരുവനന്തപുരം ആകാശവാണി സ്ഥിതി ചെയ്യുന്ന ഭക്തി വിലാസത്തിലെത്തിയ മഹാകവിക്ക് അന്ന് ചെക്ക് നൽകിയത് ട്രാൻസ്മിഷൻ എക്സിക്യൂട്ടീവ് എൻ.കെ.സെബാസ്റ്റ്യനായിരുന്നു.
ഓഫീസിൽ നിന്നിറങ്ങി, ഉള്ളൂരിലെ ഒരു ഹോട്ടലിൽ ചായ കുടിച്ചു കൊണ്ടിരുന്ന സെബാസ്റ്റ്യന്റെ ചുമലിൽ ഒരാൾ സ്നേഹത്തോടെ പിടിച്ചു. തലയുയർത്തി നോക്കുമ്പോൾ , മഹാകവി പി.
എൻ.കെ സെബാസ്റ്റ്യൻ
-ആ വാക്കു പാലിക്കാനായില്ല. അന്നു രാത്രി തമ്പാന്നൂർ സി.പി. സത്രത്തിലെ പതിനൊന്നാം നമ്പർ മുറിയിൽ ഉറങ്ങാൻ കിടന്ന അദ്ദേഹം പിന്നെ ഉണർന്നില്ല. ആകാശവാണിയിൽ തന്റെ അവസാന കവിത വായിച്ച സന്തോഷത്തോടെ മഹാകവി പി.കുഞ്ഞിരാമൻ നായർ നിത്യതയിലേക്ക് യാത്രയായി...
No comments:
Post a Comment