ലോകമെമ്പാടുമുള്ള മലയാളികളെ ഒരു കാലത്ത് ചേർത്ത് നിർത്തിയ റേഡിയോ പ്രക്ഷേപണമായിരുന്നു ശ്രീലങ്ക ബ്രോഡ്കാസ്റ്റിങ്ങ് കോർപ്പറേഷന്റെ (റേഡിയോ സിലോൺ) മലയാളം പരിപാടികൾ.
1971 ഡിസം.4 ന് ആരംഭിച്ച്, ഇപ്പോൾ തമിഴ് അനൗൺസ്മെൻ്റോടുകൂടിയുള്ള മലയാളം ചലച്ചിത്രഗാനങ്ങൾ മാത്രമായി ചുരുങ്ങിയ പ്രതിദിന പ്രക്ഷേപണം. പിൽക്കാലത്തെ ഒട്ടേറെ റേഡിയോ, ടെലിവിഷൻ പ്രക്ഷേപണ നിലയങ്ങൾ മാതൃകയാക്കിയ, വൈവിദ്ധ്യപൂർണ്ണമായ, പുതുമയാർന്ന പരിപാടികൾ ..
അതിന്റെ അവതാരകരായ സരോജിനി ശിവലിംഗം, കരുണാകരൻ, വിശാലാക്ഷി ഹമീദ്, ലതിക വിവേകാനന്ദൻ എന്നിവർ , ശബ്ദത്തിലൂടെ അങ്ങനെ ഓരോ കുടുംബത്തിലും സുപരിചിതരായി. മലയാള റേഡിയോ പ്രക്ഷേപണത്തിലെ ആദ്യ റേഡിയോ ജോക്കികളായിരുന്നു , അവർ.1980-ൽ അവതാരകയായി ചേർന്ന്, 2005-ൽ ഇംഗ്ലീഷ് പരിപാടികളുടെ പ്രൊഡ്യൂസറായി വിരമിച്ച ലതിക വിവേകാനന്ദന്റെ പ്രേക്ഷേപണാനുഭവങ്ങളും ആഭ്യന്തര യുദ്ധകാലത്തെ നേർസാക്ഷ്യങ്ങളുമായിരുന്നു 2022 മെയ് 14 ന് ക്ലബ്ബ് ഹൗസ് മീഡിയ റൂമിൽ.
തൃശൂർ അന്തിക്കാട് സ്വദേശിനിയായ ലതികയുടെ ലങ്കൻ ബന്‌ധം തുടങ്ങുന്നത് പഞ്ചായത്ത് റേഡിയോയിലൂടെ കുട്ടിക്കാലത്ത് കേട്ട അവിടെ നിന്നുള്ള മലയാളം പരിപാടികളിലൂടെയാണ്. "എനിക്കന്ന് ഏറെയിഷ്ടം കരുണാകരനെയായിരുന്നു ".വളരുമ്പോൾ , അങ്ങനെ ഒരു അവതാരകയാകുകയായിരുന്നു,ലക്ഷ്യം. "ശ്രീലങ്കയെക്കുറിച്ച് അവിടെയുണ്ടായിരുന്ന അച്ചാച്ചൻ പറഞ്ഞുള്ള അറിവുണ്ടായിരുന്നു. ലങ്കക്കാരുടെ വൃത്തിയും ശുചിത്വവുമൊക്കെ ആകർഷിച്ചു".
തൃശൂർ വിമല കോളേജിന്റെ രണ്ടാം ബാച്ചിൽ പഠിച്ച്, ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം, അദ്ധ്യാപികയായി ജോലി ചെയ്തു."കല്യാണമാണ് എന്നെ ശ്രീലങ്കയിലെത്തിച്ചത്. ഭർത്താവ് വിവേകാനന്ദന് അവിടെ മദ്യ വ്യവസായമായിരുന്നു".വീട് വിട്ട് പോകാൻ തീരെ താല്പര്യമുണ്ടായിരുന്നില്ല.
"ട്രെയ്നിൽ കൊളംബോയിലേക്ക് അന്ന് ചാർജ്ജ് 125 രൂപയായിരുന്നു.രാമേശ്വരത്തു നിന്ന് കപ്പലിൽ തലൈമന്നാറിലേക്ക്.കുറേ ദൂരം സഞ്ചരിക്കുമ്പോൾ തന്നെ ശ്രീലങ്ക കാണാം. അവിടെ ഇറങ്ങി വീണ്ടും ട്രെയ്നിൽ കൊളംബോയിലേക്ക് ...".
1975 ലാണ് അവിടെയെത്തിയത്. അപരിചിതമായ ചുറ്റുപാട്. ക്രമേണ, അവിടെ സാംസ്കാരിക പരിപാടികളിൽ സജീവമായി. മലയാള കലാലയം എന്ന സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായി. അഞ്ചുവർഷം ,നാട്ടിൽ വരാതെ അവിടെ താമസിച്ച് പൗരത്വം നേടി. അപ്പോഴാണ് മലയാളം പ്രക്ഷേപണത്തിന് അവതാരകരെ ക്ഷണിച്ചത്. 1980-ൽ അവതാരകയായി.
സ്ഥിരം അനൗൺസർമാരില്ലാത്തപ്പോൾ,പകരം ജോലി ചെയ്യും. "അന്ന് ഒരു മണിക്കൂർ ഡ്യൂട്ടിക്ക് 13 രൂപയാണ് പ്രതിഫലം".
മൂന്ന് മാസം നീണ്ടു നിന്ന പരിശീലനമുണ്ടായിരുന്നു.ആദ്യ പ്രക്ഷേപണത്തിന് പ്രോത്സാഹനവും മാർഗ്ഗ നിർദ്ദേശവുമായി കരുണാകരൻ സ്റ്റുഡിയോയിലുണ്ടായിരുന്നു. അദ്ദേഹം മാത്രമായിരുന്നു അന്ന് സ്ഥിരം സ്റ്റാഫംഗം. സരോജിനി ശിവലിംഗത്തോടൊപ്പം പ്രവർത്തിക്കാനായില്ല. ആഭ്യന്തര യുദ്ധം രൂക്ഷമായതോടെ, അവർ നാട്ടിലേക്ക് മടങ്ങിപ്പോയി. (വിരമിച്ച ശേഷവും കരുണാകരൻ പരിപാടികൾ അവതരിപ്പിച്ചിരുന്നു. കേരളത്തിലേക്ക് മടങ്ങിയ അദ്ദേഹം ഏതാനും വർഷം മുൻപ് തൃശൂരിൽ അന്തരിച്ചു).വിശാലാക്ഷി മുഖ്യമായും തമിഴ് പരിപാടികളാണ് ചെയ്തിരുന്നത്.
"വലിയ സാമ്രാജ്യമായിരുന്നു, നിലയം.മൂവായിരത്തോളം പേർ അന്ന് അവിടെ പ്രവർത്തിച്ചിരുന്നു. മൂന്നര ലക്ഷം സംഗീത റെക്കാർഡുകൾ ലൈബ്രറിയിലുണ്ടായിരുന്നു".
ഏഷ്യ സർവ്വീസിന്റെ തമിഴ് വിഭാഗത്തിന്റെ ഭാഗമായാണ് മലയാളം പരിപാടികൾ പ്രക്ഷേപണം ചെയ്തിരുന്നത്. അതിന് ഒരു കൺട്രോളറും ഡയറക്ടറുമുണ്ടായിരുന്നു. അവരുടെ അംഗീകാരത്തോടെയായിരുന്നു ,പരിപാടികൾ ചെയ്തിരുന്നത്. "പുതിയ പരിപാടികൾ തുടങ്ങുന്നതിന് മുൻപ് അതിന്റെ ഡമ്മി നിർമ്മിച്ച് കേൾപ്പിക്കും".എല്ലാ വാക്കുകളും മലയാളത്തിൽ തന്നെ വേണമെന്ന് നിഷ്കർഷയുണ്ടായിരുന്നു.
ശ്രോതാക്കൾ കത്തുകളിലൂടെ ആവശ്യപ്പെടുന്ന ഗാനങ്ങൾ പ്രക്ഷേപണം ചെയ്യുമ്പോൾ , പാട്ടിനെക്കുറിച്ച് മനോഗതമനുസരിച്ച് ലഘുവിവരണങ്ങൾ നൽകിയിരുന്നു. അത് എഴുതി തയ്യാറാക്കാറില്ലായിരുന്നു.
"ഗൾഫ് രാജ്യങ്ങൾ, വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നായിരുന്നു കൂടുതൽ കത്തുകൾ കിട്ടിയിരുന്നത്. വ്യക്തിപരമായും കത്തുകൾ അയച്ചിരുന്നു.ചാക്കു കെട്ടുകളിലാണ് ആ കത്തുകൾ സൂക്ഷിച്ചിരുന്നത്; അത്രയ്ക്കുമുണ്ടായിരുന്നു. സ്നേഹം നിറഞ്ഞ കത്തുകളായിരുന്നു,അവ".
അക്കാലത്ത് ഗൾഫിൽ നിന്ന്,പുതിയ മലയാളം സിനിമാ പാട്ടുകൾ അയച്ചു തന്നിരുന്ന ഒരു ബദറുദ്ദീനെയും, പ്രക്ഷേപണത്തിന് സഹായകമായ കഥകളും വിവരങ്ങളും നിരന്തരം അയച്ചു തന്നിരുന്ന എഴുത്തുകാരനായ മുരളി കുട്ടമ്പുഴയേയും, നൂറുകണക്കിന് കത്തുകളയച്ചിരുന്ന ഒരു കൃഷ്ണൻകുട്ടിയേയും ഇപ്പോഴും ഓർക്കുന്നു.
വനിതകൾക്കായുള്ള പരിപാടിയായ 'വനിതാ രംഗം', ഗാനാധിഷ്ഠിത പരിപാടിയായ 'മുത്താരം' തുടങ്ങി ധാരാളം പരിപാടികൾ അവതരിപ്പിച്ചു. കഥകൾ എഴുതിയുണ്ടാക്കി, അതുമായി ബന്ധപ്പെട്ട ഗാനങ്ങൾ ഉൾപെടുത്തി 'മനോരഞ്ജിനി' എന്ന വ്യത്യസ്തമായ പരിപാടിയും അവതരിപ്പിച്ചു. (ചെറുകഥകളും എഴുതാറുണ്ട് ,ലതിക).
യേശുദാസ് ,ശോഭന, മധു അമ്പാട് തുടങ്ങിയവർ ശ്രീലങ്ക സന്ദർശിച്ചപ്പോൾ, അവരുമായി അഭിമുഖം നടത്തി ,പ്രക്ഷേപണം ചെയ്തിട്ടുണ്ട് .
തമിഴ് ഈഴം പുലികളും സർക്കാരുമായുള്ള പോരാട്ടം രൂക്ഷമായ നാളുകൾ ജീവിതത്തിൽ കടുത്ത പ്രതിസന്ധിയുണ്ടാക്കി. സിംഹളർ തങ്ങളെയും തമിഴരായാണ് കണ്ടിരുന്നത്. ആക്രമണത്തിൽ നിന്ന് രക്ഷപെടാനായി പൊട്ടിടുന്നത് ഒഴിവാക്കേണ്ടി വന്നു. ബോംബാക്രമണത്തിൽ, വീടിനു തൊട്ടടുത്ത സെൻട്രൽ ബാങ്ക് കെട്ടിടവും പള്ളിയുമൊക്കെ തകർന്നതിന് സാക്ഷിയാണ്. "എന്റെ ആഭരണങ്ങൾ കൊള്ളയടിക്കപ്പെട്ടു. മരണവക്ത്രത്തിൽ നിന്ന് പല തവണ രക്ഷപെട്ടിട്ടുണ്ട്".
കനത്ത സുരക്ഷാ വലയത്തിലായിരുന്നു റേഡിയോ നിലയവും രൂപവാഹിനി ടെലിവിഷനു മടങ്ങിയ കെട്ടിടസമുച്ചയം. അക്രമണമുണ്ടായാൽ രക്ഷപെടുന്ന മാർഗങ്ങളെക്കുറിച്ച് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ തന്നെ ക്ലാസുകളെടുത്തു. "സാരി ധരിച്ചെത്തരുതെന്നും അവർ നിർദേശിച്ചു".
അക്കാലത്തെക്കുറിച്ച് ലോകത്തെ അറിയിക്കണമെന്ന് ആഗ്രഹിച്ചു."സത്യത്തിൽ സിംഹള വാദമാണ് ആഭ്യന്തര യുദ്ധത്തിനിടയാക്കിയത്. 'ശ്രീലങ്കൻ ഡയറി' എന്ന പുസ്തകം അതെക്കുറിച്ചാണ്. പ്രസാധകൻ ആവശ്യപ്പെട്ടതിനാലാണ് അതിൽ എന്നെക്കുറിച്ച് കുറച്ച് കാര്യങ്ങൾ ഉൾപ്പെടുത്തിയത്".
പ്രക്ഷേപണ ജീവിതത്തിലെ ധന്യമായ ഓർമ്മകളിലൊന്ന് ശ്രീലങ്കയിലെ ഇന്ത്യൻ സമാധാന പാലന സേനയിലെ മലയാളികൾ നാട്ടിലുള്ള പ്രിയപ്പെട്ടവർക്കായി അയച്ച സന്ദേശ ഗാനങ്ങൾ പ്രക്ഷേപണം ചെയ്തതാണ്.
രസകരമായ ഒരു അനുഭവമുണ്ട്.ഒരിക്കൽ തനിക്ക് ഡ്യൂട്ടിക്കെത്താൻ കഴിയാതെ വന്നപ്പോൾ തമിഴ് അനൗൻസറായ പോൾ ആന്റണി പ്രക്ഷേപകനായി."ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ ഉടൻ , അധികൃതർ അദ്ദേഹത്തിൽ നിന്ന് 100 രൂപ പിഴ ഈടാക്കാനുള്ള മെമ്മോ നൽകി".
ടെലിവിഷൻ പരിപാടികൾക്ക് പ്രചുര പ്രചാരം ലഭിച്ചതോടെയാണ് മലയാളം പരിപാടികളുടെ ജനപ്രീതി ഇടിഞ്ഞത്. മതാധിഷ്ഠിത സ്പോൺസേഡ് പരിപാടികളുടെ എണ്ണം കൂടി വന്നു."മറ്റു പരിപാടികൾ നിലനിർത്താൻ ഞങ്ങൾ സ്പോൺസർഷിപ്പ് പിടിച്ചു നൽകണമായിരുന്നു".
ക്രമേണ,പരിപാടികൾ കുറഞ്ഞു വന്ന് , അത് നിലച്ചു.
മലയാളം പരിപാടികളുടെ കാഷ്വൽ അവതാരകയായി തുടങ്ങിയ ലതിക വിവേകാനന്ദൻ പിന്നീട് ഇംഗ്ലീഷ് പരിപാടികളുടെ സ്റ്റാഫ് പ്രൊഡ്യൂസറായി നിയമിക്കപ്പെട്ടു.'ദ ഐലന്റ്' എന്ന ഇംഗ്ലീഷ് ദിനപ്പത്രത്തിൽ എഴുതിയിരുന്ന ലേഖനങ്ങളായിരുന്നു, അതിന് വഴിതെളിയിച്ചത്.
ഡി.പ്രദീപ് കുമാറും വി.എം.രാജ് മോഹനും മോഡറ്റർമാരായി. ചർച്ചയിൽ മനോജ് രവീന്ദ്രൻ ,വിശ്വപ്രഭ, എം. തങ്കമണി, എം.പ്രസന്നകുമാർ എന്നിവർ പങ്കടുത്തു. പി.ലീലയുടെ 'നമസ്തെ കൈരളി ' എന്ന ഒരു ഗാനശകലത്തോടെയായിരുന്നു , മലയാളം പരിപാടികൾ ആരംഭിച്ചിരുന്നതെന്ന് പ്രസന്നകുമാർ പറഞ്ഞു. അദ്ദേഹത്തിന്റെ അഭ്യർത്ഥന പ്രകാരം 'ഇലങ്കെ ഒലിപ്പരപ്പ് കൂട്ടുത്താപനം ഏസിയ സേവനം ....' എന്നാരംഭിക്കുന്ന, ഗൃഹാതുരമായ ആ അവതരണം ലതിക വിവേകാനന്ദൻ ആവർത്തിച്ചു.
വിരമിച്ച ശേഷം അന്തിക്കാട്ട് മടങ്ങിയെത്തിയ ലതിക, തൃശൂർ ആകാശവാണിയുടെ സ്ഥിരം ശ്രോതാവാണ്.ശ്രീലങ്കയെക്കുറിച്ച് ഇംഗ്ലീഷിലും മലയാളത്തിലും ലേഖനങ്ങൾ എഴുതുന്നുണ്ട്.
ഈ പരിപാടിയുടെ ശബ്ദലേഖനം യൂട്യൂബിലുണ്ട് :https://youtu.be/LCFAniichVg




