ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Sunday, 18 July 2010

അരുത്;ആ വാതിലുകൾ അവർക്കായി തുറക്കരുത്

വിദ്യാലയങ്ങൾ പൊതുസ്ഥാപനങ്ങൾ ആണു.അഥവാ അങ്ങെനെയാണു സങ്കൽ‌പ്പം.എല്ലാ മതങ്ങളേയും ബഹുമാനിക്കാനും മതതത്ത്വങ്ങളുടെ സാരാംശം മനസ്സിലാക്കാനും പഠിപ്പിക്കുമ്പോൾ പോലും തികച്ചും മതേതരമായ അന്തരീക്ഷമാണു വിദ്യാലയങ്ങൾക്കുള്ളത്.അവിടെ വ്യത്യസ്ത മതവിശ്വാസികൾക്കും മതമൊന്നുമില്ലാത്തവർക്കും നാസ്തികർക്കുമൊക്കെ സമാധാനത്തോടെ സഹവർത്തിക്കാം.അവരവരുടെ ജീവിതരീതികൾ പിന്തുടരാം.ആചാരാനുഷ്ഠാനങ്ങൾക്കനുസൃതമായി തന്നെ ജീവിച്ചുകൊണ്ടു മറ്റുള്ളവയെ ഉൾക്കൊള്ളാം.വിമർശിക്കാം.ജാതീയവും മതപരവുമായ വേർതിരിവില്ലാതെ ഒരേ ബഞ്ചിൽ,ഒരേ ക്ലാസിൽ,ഒരേ സ്കൂളിൽ സമാധാനത്തോടെ പഠിച്ചുവളരാം.

ഉദാത്തമായ ഈ മതേതരജനാധിപത്യ പാരമ്പര്യത്തിന്റെ കടക്കൽ കത്തിവെയ്ക്കുന്നതരം ആസൂത്രിതവും സംഘടിതവുമായ നീക്കങ്ങൾ കേരളത്തിൽ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടിലേറെയായി.അതിന്റെ ഫലമായി ബഹുഭൂരിപക്ഷം എയിഡഡ്, അൺ എയിഡഡ് വിദ്യാലയങ്ങളും മതേതര ജനാധിപത്യ മൂല്യങ്ങൾ നിരാകരിക്കുന്ന,ജാതീയവും മതപരവുമായി വിദ്യാർത്ഥികളെ വേർതിരിക്കുന്ന,ഇടുങ്ങിയ ,ഇരുണ്ട ഗുഹകളായി പരിണമിച്ചിരിക്കുന്നു.ദൌർഭാഗ്യകരമെന്നുപറയട്ടെ, തീർത്തും അപകടകരമായ ഈ തീക്കളിക്ക് സാമൂഹികാംഗീകാരവും ലഭിച്ചിരിക്കുന്നു.

ഞാൻ വിചിത്രമായ രണ്ട് അനുഭവങ്ങൾ പറയാം.ആദ്യത്തേത് ആ കാലഗണനയ്ക്കും അപ്പുറത്താണു.സ്ഥലം തൃശൂർ വാരിയം റോഡിലെ ഒരു വീടു.കേരളവർമ്മ കോളേജിലെ അദ്ധ്യാപകന്റെ അമ്മ തന്റെ പേരക്കുട്ടികളെ സന്ദർശിക്കാനെത്തുകയാണു.കൊച്ചുമക്കളിൽ ഒരാൾ ഒന്നിൽ.മറ്റെയാൾ അതേ സ്കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിനി.സന്ധ്യയ്ക്ക് വിളക്കു കൊളുത്തി നാമം ജപിക്കാൻ മുത്തശ്ശി പേരക്കുട്ടികളേയും കൂട്ടി.വിളക്കിനു മുന്നിൽ മുട്ടുകുത്തിനിന്ന് അവർ ഉച്ചത്തിൽ പ്രാർത്ഥന ചൊല്ലാനാരംഭിച്ചു:ഓ ജീസസ് ക്രൈസ്റ്റ്!

ഇനി 2002ലേക്ക്.ഇടുക്കി കട്ടപ്പന ടൌണിനടുത്ത കുടിയേറ്റകർഷകഗ്രാമമായ കൊച്ചുതോവാള.അവിടുത്തെ ഒരേയൊരു യു.പി സ്കൂളിൽ കുട്ടികളുടെ പരിപാടികൾ ശബ്ദലേഖനം ചെയ്തുകൊണ്ടിരിക്കേ,സ്കൂൾ വിടാനുള്ള സമയമായി.പ്രാർത്ഥനയ്ക്കുള്ള ബല്ലടിച്ചു.റെക്കാർഡിങ്ങ് നിർത്തി എല്ലാവരും എണീറ്റ് നിന്നു.മൈക്കിൽ നിന്ന് വന്നത് ‘ഗനഗണ മന‘ ആയിരുന്നില്ല.അതൊരു പള്ളിപ്രാർത്ഥനയായിരുന്നു!

എല്ലാമതസ്ഥരും, ഒരുമതത്തിൽപെടാത്തവരും പഠിക്കുന്ന വിദ്യാലയങ്ങളിൽ എന്തിനാണു മത-ജാതി പ്രാർത്ഥനകൾ മാത്രം ചൊല്ലുന്നത്?മുൻപ് സർക്കാർ,എയിഡഡ് സ്കൂളുകളിൽ അസംബ്ലികളിൽ പന്തളം കെ.പി എഴുതിയ‌ “ദൈവമേ കൈതൊഴാം” എന്ന തികച്ചും മതേതരമായ പ്രാർത്ഥനയായിരുന്നു ചൊല്ലിയിരുന്നത്.സ്കൂൾ അവസാനിക്കുന്നത് ജനഗണ മനയോടെയും.പക്ഷേ,ന്യൂനപക്ഷാവകാശങ്ങളുടെ പേരിൽ ക്രിസ്ത്യൻ സഭകളും അവരെ പിന്തുടർന്ന് മറ്റ് മത-ജാതി സംഘടനകളും തങ്ങളുടെ വിദ്യാലയങ്ങളിൽ പൊതു-മതേതര പ്രാർത്ഥനകൾക്കു പകരം തങ്ങളുടെ മത-ജാതീയവിശ്വാസപ്രമാണങ്ങളെ മഹത്വവത്കരിക്കുന്നതും,തങ്ങളുടെ മതഗ്രന്ഥങ്ങളിലെ ബിംബങ്ങളും,പദാവലികളും,പ്രതീകങ്ങളും മാത്രം കൊണ്ട് നിറയ്ക്കപ്പെട്ടതുമായ പ്രാർത്ഥനകൾ എല്ലാവരേയും കൊണ്ട് ചൊല്ലിക്കുന്നു.ചില ഹൈന്ദവസംഘടനകളുടെ വിദ്യാലയങ്ങളിൽ അവ സംസ്കൃതത്തിലാണെങ്കിൽ,ചില മുസ്ലീം വിഭാഗങ്ങളുടെ സ്കൂളുകളിൽ അവ അറബിയിലാണു.ഇനി ലാറ്റിനിലും ഉറുദുവിലുമുള്ള പ്രാർത്ഥനകൾ കൂടി വരുകയില്ലെന്ന് ആരു കണ്ടു?

വിദ്യാർത്ഥികൾക്കിടയിലേക്ക് മതവിദ്വേഷത്തിന്റെ വിഷവിത്തുക്കൾ പാകുന്നതും,മത-വിശ്വാസസ്വാതന്ത്ര്യത്തേയും ജനാധിപത്യാവകാശങ്ങളേയും നഗ്നമായി നിഷേധിക്കുന്നതുമായ മറ്റു അനേകം നടപടികളുമുണ്ടു.കുട്ടികൾക്കിടയിലെ സാമൂഹിക-സാമ്പത്തിക അസമത്വം മാനസികപ്രശ്നങ്ങൾ സൃഷ്ടിക്കാതിരിക്കുന്നതിനാണു യൂണീഫോം ഏർപ്പെടുത്തിയത്.പക്ഷേ, അത് പോലും മതനിന്ദയുടെ മാരകായുധമാക്കാമെന്ന് ചിലർ തെളിയിച്ചിരിക്കുന്നു.ഓരോ മത-ജാതി വിഭാഗങ്ങളുടേയും വ്യതിരിക്തത അടയാളപ്പെടുത്തുന്ന ഒട്ടേറെ ഘടകങ്ങളുണ്ടു.അതിലൊന്നാണു നിറങ്ങൾ.കാവിയും മഞ്ഞയും പച്ചയും നീലയും,ഇങ്ങനെ മത-ജാതീയത വിഭാഗീയതകളെ വിളംബരം ചെയ്യുന്ന നിറങ്ങളായി പരിണമിച്ച ഒരു സമൂഹത്തിൽ അതിനെ അരക്കിട്ടുറപ്പിക്കുന്ന വേഷവിധാനങ്ങൾ തന്നെ ഇവർ യൂണീഫോമിന്റെ പേരിൽ നിർബന്ധിതമാക്കിയിരിക്കുന്നു.ഒപ്പം, മതപരമായ ജീവിതചര്യയുടെ ഭാഗമായുള്ള മുഖാവരണം,ശിരോവസ്ത്രം,പൊട്ട് തുടങ്ങിയവക്ക് നിരോധനം ഏർപ്പെടുത്തിക്കൊണ്ട് മതവൈരവും സ്പർദ്ധയും സൃഷ്ടിക്കുന്നു.കന്യാസ്ത്രീകളുടേയും അച്ചന്മാരുടേയും മതപരമായ ഉടയാടകൾക്ക് വിലക്കേർപ്പെടുത്താത്തവർ എന്തിനാണു ശിരോവസ്ത്രത്തിനു അയിത്തം കൽ‌പ്പിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.

മതബോധന ധാർമ്മിക പഠനക്ലാസുകളുടെ പേരിലാണു മറ്റൊരു അതിക്രമം അരങ്ങേറുന്നത്.ഓരോ മതജാതി വിഭാഗവും അവരുടെ മാത്രം പാഠങ്ങളാണു പഠിപ്പിക്കുക.അവ സങ്കുചിതവും വിഭാഗീയവും ആത്യന്തികമായി മതവൈരം വളർത്തുന്നതുമാണെന്നു പറയേണ്ടതില്ല.കുരുന്നു മനസ്സുകളിൽ ഇത് സൃഷ്ടിക്കുന്ന വേർതിരിവുകൾക്ക് ഭയാനകമായ പ്രത്യാഘാതങ്ങളാണുള്ളത്.തങ്ങളുടെ മത/ജാതി വിഭാഗത്തിനു പുറത്തുള്ളവരെ ശത്രുതയോടെയും അവജ്ഞയോടെയും കാണാൻ ഇത് അവരെ പ്രേരിപ്പിക്കുന്നു.വിദ്യാർത്ഥിരാഷ്ട്രീയം വഴിമാറിയ പ്രൊഫണൽ കോളേജുകളിൽ ജാതിസംഘടനകൾ പ്രതിലോമകരമായ അജണ്ടകളുമായി രംഗപ്രവേശം ചെയ്യുന്നതിൽ നിന്നും ഇതിന്റെ അപകടം മനസിലാക്കാം.തീരെ സാമൂഹികബോധമില്ലാത്ത,തങ്ങൾ വിശ്വസിക്കുന്നപ്രസ്ഥാനങ്ങൾക്കായി എന്തും ചെയ്യാൻ മടികാത്ത,എതിരാളികളായി മുദ്രയടിക്കുന്നവരുടെ കൈയ്യും തലയും വെട്ടുന്ന അഭ്യസ്തവിദ്യരും ഉന്നതബിരുദധാരികളുമായ ഹൈടെക്ക്തീവ്രവാദികൾ ഇങ്ങനെ പിറവിയെടുക്കുന്നതിനും നമ്മൾ ഇന്ന് സാക്ഷികളാണു.

യോഗയും ധ്യാനവും പോലെ ശരീരത്തിനും മനസ്സിനും ഉണർവ്വേകുന്ന ആരോഗ്യ ആ‍ത്മീയ പ്രവർത്തനങ്ങൾ പോലും തങ്ങളുടെ വർഗ്ഗീയ അജണ്ടയുടെ ഭാഗമാക്കി മാറ്റുകയാണു ഒരു കൂട്ടർ.വിദ്യാലയങ്ങളിലും ഹോസ്റ്റലുകളിലും ഇവർ വിദ്യാർത്ഥികളെക്കൊണ്ട് നിർബന്ധിച്ച് യോഗ ചെയ്യിക്കുന്നുണ്ട്.അതിനായി പുറത്ത് നിന്ന് വർഗ്ഗീയസംഘടനകളുടെ മുൻ നിരയിൽ പ്രവർത്തിക്കുന്നവരെ തന്നെ ക്ഷണിച്ച് വരുത്തുന്നു.മതപരമായ ധ്യാനങ്ങളും ഇങ്ങനെ അടിച്ചേൽ‌പ്പിക്കപ്പെടുന്നുണ്ടു.അവിടം കൊണ്ടും ഇത്തരം അതിക്രമങ്ങൾ അവസാനിക്കുന്നില്ല.മതജാതി മേലദ്ധ്യക്ഷരുടെ സ്വീകരണത്തിനും പ്രസംഗത്തിനും വിശ്വാസസംഗമത്തിനുമൊക്കെ വിദ്യാർഥികളെ ഇവർ തെളിച്ചുകൊണ്ടുപോകുന്നുണ്ടു.അമ്പലത്തിനും പള്ളിക്കും ഉത്സവത്തിനുമൊക്കെ വൻ തുക സംഭാവനയായി പിരിച്ചെടുക്കുന്നുമുണ്ടു. എന്തിനു,ആഹാരം കഴിക്കുന്നതിനു മുൻപു പോലും മതപരമായ പ്രാർത്ഥന അടിച്ചേൽ‌പ്പിക്കുന്ന എത്രയോ ഹോസ്റ്റലുകൾ കേരളത്തിലുണ്ട്!

പക്ഷേ, ഇതുസംബന്ധിച്ച് ലഭിക്കുന്ന പരാതികളിൻ മേൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്റ്റർ എന്തെങ്കിലും നടപടി സ്വീകരിച്ചതായി അറിവില്ല.
മതജാതി സംഘടനകൾ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പരിസരത്ത് നിന്ന് മതചിഹ്നങ്ങൾ നീക്കം ചെയ്യണമെന്ന് കഴിഞ്ഞ വർഷം സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു.പള്ളി വേറെ, പള്ളിക്കൂടം വേറെ എന്ന തിരിച്ചറിവിൽ നിന്ന് വൈകി ഉണ്ടായ വിവേകമായിരുന്നു അത്.പക്ഷേ, എല്ലാവരും ചേർന്ന് കണ്ണുരുട്ടിക്കാണിച്ചപ്പോഴേക്കും ഉത്തരവിറക്കിയവർ വാലും ചുരുട്ടിക്കൊണ്ട് ഓടി!

ഈ സാഹചര്യത്തിലാണു,തങ്ങളുടെ വിദ്യാലയങ്ങളിൽ കൂട്ടായുള്ള എല്ലാ മതപ്രവർത്തനങ്ങളും നിരോധിച്ചുകൊണ്ട് എൻ.എസ്.എസ് പുറപ്പെടുവിച്ച ഉത്തരവിനു ചരിത്രപരമായ പ്രാധാന്യം കൈവരുന്നത്.ആരും ആവശ്യപ്പെടാതെ കൈക്കൊണ്ട ഈ തീരുമാത്തെ ,മതവൈരം ആളിക്കത്തിക്കുന്ന ഇപ്പോഴത്തെ അന്തരീക്ഷത്തിൽ,ധീരമെന്നു നിസംശയം വിശേഷിപ്പിക്കാം.എൻ.എസ്.എസിന്റെ സാമൂഹിക രാഷ്ട്രീയ നിലപാടുകളോട് പൂർണ്ണമായും വിയോജിക്കുന്നവർ പോലും അവരുടെ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഒരുകാലത്തും മതവിദ്വേഷം വളർത്തുന്നതിനുള്ള വേദിയൊരുക്കി കൊടുത്തിട്ടില്ലെന്നു സമ്മതിക്കും.മൂന്നു വർഷം പന്തളം എൻ.എസ്.എസ്.കോളേജിൽ വിദ്യാർഥിയായിരുന്ന ഈ ലേഖകനു എൻ.എസ്.എസിന്റെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ അവർ ഉയർത്തിപ്പിടിക്കുന്ന മതേതരമൂല്യങ്ങളെക്കുറിച്ച് ഏറെ ബഹുമാനമുണ്ടു.സഹസാമുദായിക സംഘടന മറ്റ് സംഘടിത മതങ്ങളെ അനുകരിച്ച് തങ്ങളുടെ സ്ഥാപനങ്ങളിൽ വിഭാഗീയച്ചുവയുള്ള പ്രാർത്ഥനയും മറ്റും നടപ്പിലാക്കിക്കൊണ്ടിരിക്കുമ്പോളാണു,എൻ.എസ്.എസ് അനുകരണീയമായ ഈ തീരുമാനമെടുത്തത്.

കേരളത്തിന്റെ സാമൂഹികാന്തരീക്ഷം കലുഷിതമാക്കരുതെന്നാഗ്രഹിക്കുന്ന,സമാധാനകാംക്ഷികളായ എല്ലാവരും ഈ മാതൃകയിൽ തങ്ങളുടെ വിദ്യാലയങ്ങളെ മത ജാതി വിഭാഗീയതയിൽ നിന്ന് മോചിപ്പിക്കുമോ?അതിനുള്ള വിവേകം അവർ കാട്ടുമോ?
ഭീകരവാദികൾക്കു നേരെ നമ്മുടെ വിദ്യാലയങ്ങളുടെ വാതിലുകൾ കൊട്ടിയടക്കാനായി അവയെ മതജാതി മുക്തമാക്കുക.
അരുത്;ആ വാതിലുകൾ രക്തദാഹികൾക്കായി തുറന്ന് പിടിക്കരുത്.

Monday, 12 July 2010

ജിഹാദികൾ ഉണ്ടാകുന്നത്...

ക്ഷുഭിത യൌവനത്തിൽ ഒരിക്കലെങ്കിലും ഒരു റിബലോ കമ്മ്യൂണിസ്റ്റോ ആകാത്തവർ ആരുണ്ടു?

അങ്ങനെനെയൊരു ചൊല്ലുണ്ടു.സാഹസികതയെ നെഞ്ചോടു ചേർത്ത്പിടിക്കുന്ന ചോരത്തിളപ്പുള്ള പ്രായത്തിൽ ഭൂരിപക്ഷം പേരും സിരകളെ ത്രസിപ്പിക്കുന്നതെന്തും ചെയ്യും.ലോകമെമ്പാടും തീവ്രവാദപ്രസ്ഥാനങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റ് ഏറ്റവുംകൂടുതൽ നടക്കുന്നത് ഈപ്രായത്തിലാണു.ക്യാച്ച് ദെം യങ്ങ്.ആദ്യം ഇടതുപക്ഷപ്രസ്ഥാനങ്ങൾക്കും ഇപ്പോൾ മതഭീകരപ്രസ്ഥാനങ്ങൾക്കുമാണു ഇതിന്റെ ഗുണം ലഭിച്ചത്.

വിമോചനപ്രസ്ഥാനങ്ങൾക്കും പുരോഗമനമുന്നേറ്റങ്ങൾക്കും വേണ്ടി ജീവിതം തന്നെ ബലിയർപ്പിക്കാൻ ഇറങ്ങിത്തിരിച്ചവർക്കും മതത്തിന്റെ പേരിൽ ശത്രുനിഗ്രഹത്തിനിറങ്ങിത്തിരിച്ചവർക്കും തമ്മിൽ വൈജാത്യങ്ങൾ ഏറെയാണു.

“ബൂർഷ്വാ പാർലമെന്ററി ജനാധിപത്യത്തെ” വെല്ലുവിളിച്ചുകൊണ്ടു,വർഗ്ഗശത്രുവിന്റെ തലയറുത്ത് സ്ഥിതിസമത്വം സ്ഥാപിക്കാൻ രക്തം ചീന്തിയവരെ നയിച്ചത് ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുമെന്ന ദർശനമായിരുന്നു.തോക്കിൻ കുഴലിലൂടെയുള്ള വിപ്ലവം ഒരു ഉട്ടോപ്യയും,അവരുടെ വാഗ്ദത്തസ്വർഗ്ഗലോകം ക്രൂരമായഏകാധിപത്യവുമാണെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു.എന്നിട്ടുംഭരണകൂടത്തെ തന്നെ ബന്ദിയാക്കി അക്രമപരമ്പരകൾ അഴിച്ചുവിടാനും,ഭരണസംവിധാനമാകെ സ്തംഭിപ്പിക്കനും അവർക്ക് കഴിയുന്നു.ഒരു ന്യൂനപക്ഷം അവരെ പിന്തുണയ്ക്കുന്നുമുണ്ടു.സാമൂഹികപ്രതിബദ്ധതയുള്ളവരാണു ഇവർ എന്നാണു ഒരുവിഭാഗം ബുദ്ധിജീവികൾ വാദിക്കുന്നത്.

പക്ഷേ,മതത്തിന്റെ പേരിൽ മാത്രം എതിരഭിപ്രായമുള്ളവരെ കൊലപ്പെടുത്തി, മൃതദേഹം പോലും നശിപ്പിച്ചവരും,മതനിന്ദ ആരോപിച്ച് അദ്ധ്യാപകന്റെ കൈപ്പത്തിവെട്ടിമാറ്റി താലിബാനിസം നടപ്പിലാക്കാൻ ശ്രമിക്കുന്നവരും എന്തായാലും ഈ ഗണത്തിൽ ഉൾപ്പെടുകയില്ല.അവർ റിബലുകളോ പൊതുസമൂഹത്തോട് പ്രതിബദ്ധതയുള്ളവരോ അല്ല.പക്ഷേ, ഒരിക്കലും വൈവിദ്ധ്യങ്ങളെ ഉൾകൊള്ളാൻ മനസില്ലാത്തവരെന്ന നിലയിൽ ഈ മതതീവ്രവാദികൾക്കും രാഷ്ട്രീയതീവ്രവാദികൾക്കുമിടയിൽ വൈരുദ്ധ്യാത്മകമായ വിചിത്രമായ ഒരു ഐക്യവും സമന്വയവുമുണ്ടു. അവർ ബഹുസ്വരത അംഗീകരിക്കുന്നില്ല.തങ്ങളുടെ രാഷ്ട്രീയത്തിനു/മതത്തിനു അതീതമായ ഒരു അസ്തിത്വവും അവർക്ക് സഹിക്കാൻ കഴിയില്ല.എതിരാളികളുടെ കഴുത്തറക്കുന്നതിൽ കുറഞ്ഞ ഒരു ശിക്ഷയും അവർ വിധിക്കില്ല.കമ്മ്യൂണിസ്റ്റ് ഏകാധിപതികളും ജിഹാദികളും തമ്മിൽ ഇക്കാര്യത്തിൽ ഒരു വ്യത്യാസവുമില്ല.മറ്റുള്ളവരോട് കടുത്ത അസഹിഷ്ണുത പുലർത്താനും,ബഹുകക്ഷി ജനാധിപത്യത്തേയും ബഹുമത,മതേതര സഹവർത്തിത്വത്തേയും അവമതിക്കാനും ഏതറ്റം വരെയും ഇവർ പോകും.അതിനായി എന്തും ചെയ്യും.

കമ്മ്യൂണിസത്തിന്റെ അപചയത്തിനു ശേഷവും ഇടതുതീവ്രവാദത്തിലേക്ക് പിന്നാക്ക അവികസിതമേഖലകളിൽ നിന്ന് ചെറുപ്പക്കാർ ചേക്കേറുന്നതിന്റെ കാരണങ്ങൾ വ്യാപകമായി ചർച്ചചെയ്യപ്പെടുന്നുണ്ടു,പക്ഷേ കേരളത്തിൽ ,ഇസ്ലാമിക തീവ്രവാദം അടുത്തിടെ ശക്തമായതിന്റെ യഥാർത്ഥ കാരണങ്ങൾ ഇനിയും ഗൌരവതരമായ അപഗ്രഥനത്തിനു വിധേയമായിട്ടില്ല.പുതു തീവ്രവാദികളിൽ ഭൂരിപക്ഷവും സാമ്പത്തികമായോ സാമൂഹികമായോ പിന്നാക്കാവസ്ഥയിലല്ല എന്നാൺ മാദ്ധ്യമറിപ്പോർട്ടുകളിൽ നിന്ന് അനുമാനിക്കുന്നത്.ഉയർന്ന വിദ്യാഭ്യാസയോഗ്യതയുള്ളവർക്കിടയിൽ ഭീകരവാദത്തിനു നല്ല വേരോട്ടമുണ്ടു.കാഷ്മീരിൽ പിടിക്കപ്പെട്ടവർ ഇൻസ്റ്റന്റ് റിക്രൂട്ട്മെൻറ്റിൽ ജിഹാദികളായവരാണെന്നും റിപ്പോർട്ടുകളിൽ വ്യക്തമാകുന്നു.എവിടെ നിന്നോ വന്തോതിൽ ഒഴുക്കുന്ന പണവും സൌകര്യങ്ങളും ഇവരെ പ്രലോഭിപ്പിക്കുന്നു.ഇഹലോകത്ത് ആഡംബരജീവിതവും പരലോകത്ത് പുണ്യവും കിട്ടുമെങ്കിൽ പിന്നെ തലയറക്കുന്നതിനു എന്തിനു മടിക്കുന്നു?

ആധുനിക ശാസ്ത്ര സാങ്കേതികവിദ്യകളിൽ വൈദഗ്ദ്ധ്യമുള്ളവരുടെ ഒരു വൻ നിര ഇവർക്ക് മുന്നിലും പിന്നിലും നിലയുറപ്പിച്ചിട്ടുണ്ടു.അവരാണു ആശയപ്രചാരണം നടത്തുന്നത്.അതിനു സർവ്വ മാദ്ധ്യമസാദ്ധ്യതകളേയും ഉപയോഗപ്പെടുന്നുണ്ടു.ഉയർന്ന വിദ്യാഭ്യാസമുള്ളവർ എങ്ങനെ ഭീകരവാദികളാകുന്നു?
ഇത് പൊതുസമൂഹം ചർച്ചചെയ്യേണ്ടകാലം അതിക്രമിച്ചിരിക്കുന്നു.മതപരമായ പശ്ചാത്തലം മാത്രമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിച്ചുവളരുന്നവർക്കിടയിൽ മറ്റുമതങ്ങളേയും വിഭിന്ന ജീവിതരീതികളേയും ഉൾകൊള്ളാൻ വൈമനസ്യം ഉണ്ടാകാനിടയുണ്ടു.മറ്റു ജനവിഭാഗങ്ങളുമായി കുട്ടിക്കാലം മുതൽക്കേ ഇടപെടാനും ആരോഗ്യകരമായി സംവേദിക്കാനും സഹവർത്തിക്കാനുമുള്ള അവസരം കുറയുമ്പോൾ അവരിൽ സങ്കുചിതമായമതബോധം വികസിക്കാൻ തുടങ്ങും.തങ്ങളുടെ പരിവൃത്തത്തിനകത്തൊതുങ്ങാത്ത എന്തിനേയും ഇല്ലായ്മചെയ്യാൻ അവർക്ക് ഏളുപ്പം കഴിഞ്ഞേക്കും.പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എല്ലാവിഭാഗങ്ങളുമായി അടുത്തിടപഴകി മതേതരമായ അന്തരീക്ഷത്തിൽ വളരുന്നവർക്ക് അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ അന്യമതസ്ഥരുടെ കൈയ്യോ കഴുത്തോ വെട്ടിമാറ്റാൻ ഒരിക്കലും കഴിയില്ല.

Sunday, 4 July 2010

ഭുവനേശ്വറിലെ കാഴ്ചകൾ

കൊണാർക്ക് സൂര്യക്ഷേത്രം
ഭുവനേശ്വറിലെ ബിജു പട്ട്നായ്ക്ക് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയപ്പോഴേ അത് വ്യക്തമായിരുന്നു.ഇത് ആ പഴയ നഗരമല്ല.
ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം ഒറീസയുടെ മണ്ണിൽ കാലുകുത്തിയപ്പോൾ തന്നെ എവിടെയും മാറ്റം പ്രകടമായിരുന്നു;അവർ പേരു പോലും പരിഷ്കരിച്ചിരിക്കുന്നു:ഒഡീസ.
2003ൽ റെയിൽവേസ്റ്റേഷനിലിറങ്ങിയപ്പോൾ തന്നെ,പട്ടിണിപ്പാവങ്ങളുടെ ദയനീയത നിറഞ്ഞുനിൽക്കുന്ന മുഖങ്ങളിൽ ഇങ്ങനെ കോറിവരച്ചിരുന്നു;കാറ്റിനു പട്ടിണിമരണങ്ങളുടെ ഗന്ധമുള്ള,പേക്കോലങ്ങളുടെ ഈ നാട്ടിലേക്ക് നിങ്ങൾ എന്തിനാണു വരുന്നത്?ഭുവനേശ്വറിലെ വൃത്തിഹീനമായ,ഇടുങ്ങിയ ഓരോ തെരുവും ഇങ്ങനെ അടയാളപ്പെടുത്തുന്നുണ്ടായിരുന്നു;ഇത്,ഒരു നേരത്തെ വിശപ്പടക്കാൻ പോലും ഗതിയില്ലാതെ,കുടിക്കാൻ ശുദ്ധജലമില്ലാതെ,ജനങ്ങൽ മരിച്ചുവീഴുന്ന കൽഹണ്ടിക്കാരുടെ നാടാണു.ഇവിടുത്തെ കാഴ്ചകൾ നിങ്ങളെ നൊമ്പരപ്പെടുത്തും;വേദനിപ്പിക്കും.ബുദ്ധ,ജൈനമതങ്ങളുടെ പ്രാക്തനസ്മൃതികളുറങ്ങുന്ന,ക്ഷേത്രങ്ങളുടെ ഈ നഗരം,യാത്രികരേ,വർത്തമാനകാലത്തിന്റെ ഭീതിദമായ കാഴ്ച്ചകളാൽ നിങ്ങളെ മുറിവേൽപ്പിക്കും.ചരിത്രകൌതുകങ്ങളുടെ ദൃശ്യചാരുതകൾക്കു മീതെ നഗ്നമായ ജീവിതയാഥാർത്ഥ്യങ്ങളുടെ ഇരുൾചിത്രങ്ങൾ കരിനിഴൽ വീഴ്ത്തും.അതുകൊണ്ടു,യാത്രികാ,മടങ്ങിപ്പോവുക.
ദാരിദ്ര്യവും പട്ടിണിയും കണ്ടു രസിക്കാൻ മാത്രം ക്രൂര സാഡിസ്റ്റല്ലാത്തതിനാൽ,അന്ന് ഔദ്യോഗികയാത്രകൾ മതിയാക്കി വേഗം മടങ്ങാനായിരുന്നു തോന്നിയത്.നഗരത്തിലെവിടെയും അഭയാർത്ഥികളെപ്പോലെ തോന്നിക്കുന്ന,നിസംഗതയോടെ അപരിചിതരെ തുറിച്ചുനോക്കുന്ന പേക്കോലങ്ങളായിരുന്നു .റെയിൽവേസ്റ്റേഷൻ പരിസരത്ത് അങ്ങനെ നൂറുകണക്കിനാളുകൾ അഭയം കണ്ടെത്തിയിരുന്നു.മിക്ക മഹാനഗരങ്ങളിലും ഇത് പതിവു ദൃശ്യമായിരുന്നെങ്കിലും, കണ്ടതിൽ വെച്ച് ഏറ്റവും ദയനീയമായമുഖങ്ങൾ അവിടത്തെയായിരുന്നു.

ഒരു സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഏഴുവർഷങ്ങൾ വലിയമാറ്റങ്ങളൊന്നും ഉണ്ടാക്കാൻ മതിയായ സമയമല്ല.പക്ഷേ,ഭുവനേശ്വറിലെ തെരുവുകളിൽ നിന്നുള്ള ഇന്നത്തെ ദൃശ്യങ്ങളിൽ തെളിയുന്നത് മറ്റൊരു ചിത്രമാണു.നഗരത്തിലെവിടെയും,നല്ല വൃത്തിയുള്ള,വീതിയേറിയ റോഡുകൾ.റോഡുകൾക്കിരുവശത്തും നടപ്പാതകൾ.പിന്നെ,പ്രധാനപ്പെട്ടയിടങ്ങളിലെല്ലാം സൈക്കിൾ ബേകൾ .ഒരു പക്ഷേ,ചണ്ഡിഗർ കഴിഞ്ഞാൽ സൈക്കിൾ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഇത്രയധികം പ്രാധാന്യം നൽകുന്ന മറ്റൊരു നഗരവും ഇന്ത്യയിലുണ്ടാവുമെന്ന് തോന്നുന്നില്ല.നഗരത്തിനകത്തെ റോഡുകൾ മിക്കപ്പോഴും തിരക്കൊഴിഞ്ഞിരിക്കും.ചീറിപ്പായുന്ന ബസുകൾ ഈ നിരത്തുകളിൽ കാണില്ല.വല്ലപ്പോഴും പോകുന്ന മിനിബസുകൾ മാത്രമാണു പബ്ലിക് ട്രാൻസ്പോർട്ട്.നഗരയാ‍ത്രകൾക്ക് ഓട്ടോറിക്ഷകളെ തന്നെ ആശ്രയിക്കണം.അവ ബസുകൾക്ക് പകരം സർവീസ് നടത്തുന്നതുകൊണ്ടായിരിക്കും യാത്രാക്ലേശം രൂക്ഷമായി അനുഭവപ്പെടാത്തത്.

തണൽ വൃക്ഷങ്ങൾ നിറഞ്ഞ നിരത്തുകൾക്കിരുവശങ്ങളിലും ചുവരുകളിൽ ഒറീസയുടെ സാംസ്കാരിക പൈതൃകം അടയാളപ്പെടുത്തുന്ന അസംഖ്യം രേഖാചിത്രങ്ങളും പെയിന്റിങ്ങുകളും.ഒരൊറ്റ ചുവർ പോലും പോസ്റ്ററുകൾ ഒട്ടിച്ച് വൃത്തികേടാക്കിയിട്ടില്ല.ഒരിടത്തും രാഷ്ട്രീയക്കാരുടെ ചുവരെഴുത്തില്ല.പേരിനു പോലും നഗരത്തിലെവിടെയും ഒരു ബാനറില്ല.ഭുവനേശ്വർ മുനിസിപ്പൽ കോർപ്പറേഷനാണു ഇതിന്റെ ക്രെഡിറ്റിനു മുഴുവനും അർഹതയുള്ളത്.പൊതുമേഖല കൽക്കരി കമ്പനികൾ ഉൾപ്പെടെ സർക്കാർ,സ്വകാര്യമേഖലയിലെ ഒട്ടേറെ സ്ഥാപനങ്ങളുമായി ചേർന്നാണു അവർ മാതൃകാപരമായ ഈ സൌന്ദര്യവത്കരണപരിപാടി നടപ്പിലാക്കിയത്.റോഡ് വികസനം ഉൾപ്പെടെ സംസ്ഥാനത്തുടനീളം നടന്നുവരുന്ന വൻ വികസന പദ്ധതികൾക്കു പിന്നിലും സർക്കാർ വിജയകരമായി ആവിഷ്കരിച്ച ,‘വികസനം സർക്കാർ, സ്വകാര്യമേഖലാസഹകരണത്തിലൂടെ”(പി.പിപി അഥവാ പ്രോഗ്രസ് ത്രൂ പബ്ലിക് പ്രൈവറ്റ് പാർട്ടിസിപ്പേഷൻ) എന്ന നയമാണുള്ളത്.പണം മുടക്കാൻ വരുന്ന നിക്ഷേപകർക്ക് വേണ്ട അടിസ്ഥാനസൌകര്യങ്ങൾ ഒരുക്കിക്കൊടുക്കാനായി സർക്കാർ ഫാസ്റ്റ് ട്രാക്ക് സംവിധാനം ഒരുക്കിയിട്ടുണ്ടു.രാഷ്ട്രീയക്കാരുടെ ദീർഘവീക്ഷണമില്ലായ്മ സൃഷ്ടിക്കുന്ന അനിശ്ചിതത്വത്തിലും പ്രതിബദ്ധതയില്ലാത്ത ഉദ്ധ്യോഗസ്ഥരുണ്ടാക്കുന്ന ചുവപ്പുനാടയിലും കുടുങ്ങി വികസനപദ്ധതികൾ മുരടിച്ചുപോകുന്ന അഭിശപ്തമായപരമ്പര്യമുള്ള കേരളത്തിനു ഒറീസയിൽ നിന്ന് ധാരാളം പഠിക്കാനുണ്ടു.അത്രയ്ക്ക് വേഗതയിലാണു ഇപ്പോൾ അവിടെ സംയുക്തസംരംഭങ്ങൾ നടപ്പിലാക്കപ്പെടുന്നത്.
നഗരത്തിലെ റോഡുകൾക്ക് വീതികൂട്ടിയപ്പോൾ ഉപജീവനമാർഗ്ഗം നിലച്ചവർക്കായി തെരുവുകളിൽ എല്ലാസൌകര്യങ്ങളോടു കൂടിയതും പൊളിച്ചുമാറ്റാവുന്നതുമായ ആയിരക്കണക്കിനു ബങ്കുകൾ നിർമ്മിച്ച് നൽകിയിട്ടുണ്ടു.തലസ്ഥാനത്തെ ഇത്തരം പീടികകളിലെ പഴക്കടകളിൽ നിറയെ ഇപ്പോൾ നല്ല ചുവന്ന നിറമുള്ളതും മൃദുവായ മുള്ളുകൾ പൊലുള്ള തൊലിയുമുള്ള ,കാമ്പിനു നല്ലമധുരവും രുചിയുമുള്ള ലീച്ചി എന്ന് അവർ വിളിക്കുന്ന പഴമാണു.കേരളത്തിൽ 200നു മേലെ വിലയുള്ള ഇതിനു ഇപ്പോൾ വില വെറും 90 രൂപ മാ‍ത്രം.മാങ്ങയ്ക്കും മറ്റ് പഴങ്ങൾക്കും പച്ചക്കറി ഇനങ്ങൾക്കുമൊക്കെ വളരെ വിലക്കുറവാണു.ആർഭാടജീവിതം നയിക്കുന്നവരല്ല ഒറീസയിലെ സമ്പന്നർ പോലും.നമ്മെപ്പോലെ ചോറും പിന്നെ ചപ്പാത്തിയും സബ്ജിയും തന്നെ മുഖ്യവിഭവം.അരി വില ഇവിടുത്തേതിനെക്കാൾ എന്നും താഴെ.കൊച്ചിയിലേയൊ കോഴിക്കോട്ടെയോ സാധാരണഹോട്ടലിൽ നിന്ന് മീങ്കറി കൂട്ടി ഒരുനേരം ചോറുണ്ണുന്ന കാശുകൊണ്ട് ഇവിടെ ഒരു കുടുംബം സുഭിക്ഷമാ‍യി കഴിയും.

പക്ഷേ,അതിനു പാങ്ങില്ലാത്തവരാണു ഒറീസ്സക്കാറിൽ നല്ലൊരുശതമാനം പേരും.പരമദരിദ്രർ അധിവസിക്കുന്നത് പടിഞ്ഞാറൻ ജില്ലകളിലെ ആദിവാസി മേഖലകളിലാണു.നാഷണൽ സാമ്പിൽ സർവെ അടുത്തിടെ ജീവിതനിലവാരത്തെ അടിസ്ഥാനമാക്കി പ്രസിദ്ധീകരിച്ച പട്ടികയിൽ റായ്ഗഡ ജില്ലയാണു രാജ്യത്തെ ഏറ്റവും പിന്നാക്കമായ പ്രദേശം.വികസനം എത്തിനോക്കാത്ത 20 ജില്ലകളിൽ ആറും ഒറീസയിലാണു.അവയെല്ലാം പടിഞ്ഞാറൻ,തെക്കൻ മേഖലയിലാണു.അവിടെയാണു മാവോയിസ്റ്റുകൾ സമാന്തരഭരണകൂടം നടത്തുന്നത്.ജനസംഖ്യയുടെ 24 ശതമാനം വരുന്ന ആദിമജനവിഭാഗങ്ങൾ ഇപ്പോഴും കടുത്ത ദാരിദ്ര്യത്തിൽ തന്നെയാണു.1936ൽ സംസ്ഥാനം രൂപവത്കരിക്കപ്പെട്ടപ്പോൾ മുതൽ ഇതാണു സ്ഥിതി.ഭൂവിസ്തൃതിയുടെ 28 ശതമാനം മാത്രം വരുന്ന തലസ്ഥാനവും തീരദേശജില്ലകളും കേന്ദ്രീകരിച്ചായിരുന്നു ഇക്കാലമത്രയും വികസനപ്രവർത്തനങ്ങൾ നടന്നതെന്ന ആരോപണം നിലനിൽക്കുന്നുണ്ടു.പടിഞ്ഞാറൻ ഒറീസ്സയിൽ പോഷകാഹാരക്കുറവും അസുഖങ്ങളും മൂലംആയിരത്തിൽ 119 കുട്ടികളാണു മരിക്കുന്നത്.സംസ്ഥാനത്തെ ശരാശരി ശിശുമരണനിരക്ക് ആയിരത്തിനു 65 മാത്രമേ ഉള്ളൂ. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന മലേറിയകേസുകളിൽ 70 ശതമാനവും ആദിവാസിമേഖലയിൽ നിന്നാണു.ഭാഷാപരമായ പ്രശ്നങ്ങൾ കൂടി ഈ പിന്നാക്കവസ്ഥയ്ക്ക് കാരണമായിട്ടുണ്ടു എന്നതാണു വിചിത്രമായ വസ്തുത.ഔദ്യോഗിക ഭാഷയായ ഒഡിയയിലാണു വിദ്യാഭ്യാസം.പക്ഷേ തെക്കു പടിഞ്ഞാറൻ പ്രദേശങ്ങളിലെ ജനങ്ങൾ സംസാരിക്കുന്നത് സാംബൽപൂരിയിലും അസംഖ്യം ആദിവാസിഭാഷകളിലുമാണു.സ്വന്തം മണ്ണിൽ, ഈ പട്ടിണിപ്പവങ്ങൾക്ക് അവർക്ക് പരിചയമില്ലാത്ത ഭാഷയിൽ പഠിക്കാൻ എങ്ങനെ കഴിയും?
ഒരു നേരത്തെ ആഹാരം കഴിക്കാൻ പോലും വരുമാനമാർഗ്ഗം ഇല്ലാത്തവർ അധിവസിക്കുന്ന ഈ മേഖലയിൽ നിന്ന് സർക്കാരും സ്വകാ‍ര്യസ്ഥാപനങ്ങളും കോടികണക്കിനു രൂപയുടെ പ്രകൃതിവിഭവങ്ങളാണു കടത്തുന്നത്.ഇവിടുത്തെ കൽക്കരിഖനികൾ അക്ഷയഖനികളാണു.പക്ഷേ, ഖനിവ്യവസായം കൊണ്ടു തദ്ദേശീയർക്ക് നേട്ടമൊന്നും ഉണ്ടായിട്ടില്ല.കടുത്ത അന്തരീക്ഷമലിനീകരണത്തിലൂടെ ആരോഗ്യപ്രശ്നങ്ങൾ അവ സൃഷ്ടിക്കുന്നുണ്ടു താനും. ഈ ജില്ലകളിൽ പ്രാഥമികാ‍രോഗ്യകേന്ദ്രങ്ങളോ അടിസ്ഥാനസൌകര്യങ്ങളോ ഇല്ല.പക്ഷേ ഇവിടെ സ്വകാര്യപങ്കാളിത്തത്തോടെ മൂന്ന് മെഡിക്കൽ കോളേജുകൾ തുടങ്ങാനാണു തീരുമാനം.

ഭുവനേശ്വറിൽ മാത്രം കേന്ദ്രീകരിച്ചുള്ള വികസനപ്രവർത്തനങ്ങളുടെ ആഴം അറിയണമെങ്കിൽ ഇനി പറയുന്നത് കൂടി മനസ്സിലാക്കേണ്ടതുണ്ടു.കേന്ദ്രസർക്കാർ ഈയിടെ അനുവദിച്ച കേന്ദ്ര സർവ്വകലാശാല ഒഴികെയുള്ള സർവ്വ സ്ഥാപനങ്ങളും തലസ്ഥാനത്തും സമീപ പ്രദേശങ്ങളിലുമാണു തുടങ്ങിയത്.ഇതിൽ ആൾ ഇന്ത്യ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസൻസ്,ഐ.ഐ.ടി,നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് സയൻസ് എജ്ജൂക്കേഷൻ ആന്റ് റിസർച്ച്,ഐ.ഐ.ഐ.ടി തുടങ്ങിയ 24 പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉൾപ്പെടും.തലസ്ഥാനത്ത് നിന്നും കൊണാർക്ക് സൂര്യക്ഷേത്രത്തിലേക്ക് പോകുന്ന റോഡിനടുത്താണു 6000 ഏക്കറിലായി വേൾഡ് ക്ലാസ് യൂണിവേഴ്സിറ്റി ഉയർന്നു വരുന്നത്.കൽക്കരിഖനി വ്യവസായത്തിലെ ഭീമരായ വേദാന്ത ഇൻഡസ്ട്രീസ് ഇതിനായി മുടക്കുന്നത് 1500 കോടി രൂ‍പയാണു.
ഇങ്ങനെ ഭുവനേശ്വറിന്റേയും സമീപപ്രദേശങ്ങലുടേയും മുഖച്ഛായ മാറ്റിയെഴുതിയ മുഖ്യമന്ത്രി നവീൻ പട്ട്നായിക്കിനു ആരോ ഇട്ട വിളിപ്പേർ നന്നെ ഇഷ്ടപ്പെട്ടു;മേയർ ഓഫ് ഭുവനേശ്വർ!
ഇപ്പോഴും അദ്ദേഹത്തിനു മാതൃഭാഷ നന്നായി വഴങ്ങുന്നില്ല.ഇംഗ്ലീഷാണു വ്യവഹാരഭാഷയെങ്കിലും ഒറീസക്കാർ ബിജുദായുടെ മകനെ വല്ലാതെ ഇഷ്ടപ്പെടുന്നു.സംശുദ്ധമായ പൊതുജീവിതത്തിനും ലളിതജീവിതത്തിനുമുള്ള ജനകീയാംഗീകാരമാണിത്.

Monday, 10 May 2010

വിദേശ വിദ്യാഭ്യാസസ്ഥാപനങ്ങൾ ആർക്കുവേണ്ടി?

ഇന്ത്യയ്ക്കിനി എത്ര കോളേജുകളും സർവ്വകലാശാലകളും ആവശ്യമുണ്ടു?

പതിമൂവായിരം കോളേജുകളും 320 സർവകലാശാലകളും അടുത്ത ഒരു ദശാബ്ദത്തിനുള്ളിൽ ആവശ്യമുണ്ടെന്നാണു മാനവശേഷി വകുപ്പ് മന്ത്രി കബിൽ സിബലിന്റെ അഭിപ്രായം.അതിൽ സ്വദേശി എത്ര,പരദേശി എത്ര എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.പക്ഷേ,വിദ്യാഭ്യാസവകാശ നിയമം,ഡീംഡ് യൂണിവേസിറ്റികളെ നിയന്ത്രിക്കാനും അഖിലേന്ത്യ മെഡിക്കൽ എൻട്രൻസ് പരീക്ഷ ഏകീകരിക്കാനുള്ള നീക്കം തുടങ്ങിയ വിപ്ലവകരമായ നടപടികളിലൂടെ പൊതുസമ്മതി നേടിയ ഊർജ്ജസ്വലനായ മന്ത്രിയായ കബിൽ സിബൽ മെയ് 3 നു ലോക്സഭയിൽ അവതരിപ്പിച്ച ബിൽ വിദേശ സർവ്വകലാശാലകൾക്ക് ഇന്ത്യയിൽ പ്രവർത്തിക്കാൻ അനുമതി നൽകാനുള്ളതാണു.ഇത് നിയമമായാൽ വിദേശത്ത് 20 വർഷമായി പ്രവർത്തിക്കുന്ന ഏതു യൂണിവേഴ്സിറ്റിക്കും,നിബന്ധനകൾക്ക് വിധേയമായി ഇന്ത്യയിൽ കാമ്പസ് തുറക്കാം.അതിനു യൂ.ജി.സിയുടെ അനുകൂല റിപ്പോർട്ട്, 50 കോടിയുടെ കരുതൽ മൂലധനം തുടങ്ങിയ ചില കടമ്പകൾ കൂടി കടന്നാൽ മതി.

വിദേശ സർവ്വകലാശാലകൾ വരുന്നതോടെ ഇന്ത്യയിലെ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയരുമെന്നാണു ഇതിനെ അനുകൂലിക്കുന്നവരുടെ വാദം.പക്ഷേ,ഇവ വരേണ്യവർഗ്ഗത്തിനു മാത്രം പ്രയോജനപ്പെടുന്നതായതിനാൽ സമൂഹത്തിൽ കൂടുതൽ വിഭിന്ന വിദ്യാഭ്യാസസമ്പ്രദായങ്ങളിലൂടെ അത് കടുത്ത വിഭജനം സൃഷ്ടിക്കുമെന്നാണു മറുപക്ഷം വാദിക്കുന്നത്.

അന്താരാഷ്ട്ര നിലവാരമുള്ള കോളേജുകളുടെ സർവ്വേ നടത്തിയപ്പോൾ ഇന്ത്യയിൽ നിന്നു ആ പട്ടികയിൽ ഒരേയൊരെണ്ണം മാത്രമാണു കയറിപ്പറ്റിയത്രേ.അതിനാൽ വിശ്വപ്രസിദ്ധമായ സ്ഥാപനങ്ങൾക്കായി നമ്മുടെ കവാടങ്ങൾ തുറക്കപ്പെട്ടാൽ ഇവിടത്തെ പഠനനിലവാരം ഉയരും.ഇപ്പോൾ വിദേശത്തു പോയി പഠിക്കാൻ സൌകര്യമുള്ളവർക്കു മാത്രം ലഭ്യമായിരിക്കുന്ന പഠനസൌകര്യങ്ങൾ ഇന്ത്യയിലെ സാധാരണക്കാർക്ക് കൂടി കിട്ടുമെന്നും ഇവർ വാദിക്കുന്നു.

ഒക്സ്ഫോർഡ്,കേംബ്രിഡ്ജ്,യേൽ തുടങ്ങിയ ഒന്നാംതരം സർവകലാശാലകൾ അടുത്തെങ്ങാനും ഇന്ത്യയിൽ കാമ്പസ് തുറക്കുമോ?അവർ സ്വന്തം രാജ്യങ്ങളിൽ പോലും പുതിയ ശാഖകൾ ആരംഭിക്കുന്നില്ലെന്നാണു മറുവാദം.അപ്പോൾ പിന്നെ ആരാകും ഇന്ത്യയിലേക്ക് വരിക?കച്ചവട സാദ്ധ്യത മുന്നിൽ കണ്ടുകൊണ്ടു ,ഗുണനിലവാരവും മേന്മയും കുറഞ്ഞ വിദേശ സർവ്വകലാശാലകൾ ഇങ്ങോട്ട് വരാനിടയുണ്ടു.അവർ വന്നാലോ?സ്വന്തം ഫാക്കൽട്ടിയിലെ പ്രഗൽഭരായ അദ്ധ്യാപകരെ ഇങ്ങോട്ട് കൊണ്ടുവരുമോ?അതിനു സാദ്ധ്യത കുറവാണു.അപ്പോൾ പിന്നെ എന്തുചെയ്യും?ഇന്ത്യയിലെ പ്രമുഖ സർവ്വകലാശാലകലിൽ നിന്നുള്ള അദ്ധ്യാപകരെ അവർ ആകർഷിച്ച് തങ്ങളുടെ കൂടെക്കൂട്ടും.യൂ.ജി.സി നിരക്കിന്റെ ഒന്നോ രണ്ടോ ഇരട്ടി നൽകാമെന്നു പ്രലോഭിപ്പിച്ചാൽ അതിൽ മയങ്ങി വീഴാത്തവരുണ്ടാകുമോ?അങ്ങനെ സംഭവിച്ചാൽ വൻതോതിൽ ഇവിടെ നിന്ന് മസ്തിഷ്കചോർച്ച ഉണ്ടാകും.ഐ.ഐ.ടി പോലുള്ള പ്രമുഖ പ്രൊഫഷണൽ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ നിലനിൽ‌പ്പ് തന്നെ അപകടത്തിലായേക്കും.

ഉന്നതനിലവാരമുള്ള ലാബും ലൈബ്രറിയുമടക്കമുള്ള സൌകര്യങ്ങളും പ്രശസ്തരടങ്ങിയ ഫാക്കൽട്ടിയുമുണ്ടെങ്കിൽ സമർത്ഥരായ വിദ്യാർത്ഥികൾ അങ്ങോട്ടു തന്നെ ഒഴുകും.അപ്പോൾ അവരിൽ നിന്ന് സ്വാഭാവികമായും ഏറ്റവും ഉയർന്ന ഫീസ് തന്നെ അവർ ഈടാക്കും.എന്തുകൊണ്ടെന്നാൽ,ഫീസും സിലബസും നിശ്ചയിക്കാനുള്ള പൂർണ്ണസ്വാതന്ത്ര്യം അവർക്ക് ബില്ലിൽ വ്യവസ്ഥചെയ്തിട്ടുണ്ടു.അതായത് ഇവ സൂപ്പർ സർവ്വകലാശാലകളായിരിക്കും എന്നർത്ഥം.അവിടെ പ്രവേശനത്തിനു സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് ഏന്തെങ്കിലുംവിധത്തിലുള്ള സംവരണമോ മുൻഗണനയോ നൽകുമോ?ഇല്ല.അങ്ങനെ വരുമ്പോൾ ഈ വിദേശവിദ്യാഭ്യാസസ്ഥാപനങ്ങൾ സമ്പന്നരുടെ മക്കൾക്ക് വേണ്ടിയുള്ള പുതിയ സൂപ്പർകോളേജുകളായി മാറും.അവിടെ നിന്നും പാസായിവരുന്നവർക്ക് ഉദ്യോഗചന്തയിൽ എപ്പോഴും മുൻതൂക്കം ലഭിക്കും.വൻകിട സ്വകാര്യസ്ഥാപനങ്ങൾ അവരെ രണ്ടുകൈയ്യും നീട്ടി സ്വീകരിക്കും.അപ്പോൾ ,ഇന്ത്യയിലെ പ്രശസ്തസ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്നവർക്കു പോലും തൊഴിലവസരങ്ങൾ കുറയും.അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കും.

ഗാട്ട് ഉടമ്പടിപ്രകാരം,ഇവിടേക്കു വരുന്ന വിദേശസർവ്വകലാശാലകൾക്കും സർക്കാരിന്റെ എല്ലാ ആനുകൂല്യങ്ങൾക്കും അർഹതയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.പക്ഷേ,ഇവയ്ക്കുമേൽ പരിമിതമായ നിയന്ത്രണം മാത്രമേ സർക്കാരിനുണ്ടാവുകയുള്ളു എന്ന് വ്യക്തമായിക്കഴിഞ്ഞു.ഇവരുടെ അക്കാഡമിക് നിലവാരത്തെക്കുറിച്ച് തന്നെ വിദ്യാഭ്യാസവിദഗ്ധർക്കിടയിൽ വ്യത്യസ്ത അഭിപ്രായമുണ്ടു.ഒന്നാംകിട സർവ്വകലശാലകളോ,അധ്യാപകരോ ഇന്ത്യയിലേക്ക് എത്തുന്നില്ലെങ്കിൽ,കച്ചവടതാൽ‌പ്പര്യം മുന്നിൽകണ്ടുകൊണ്ട് ഗുണനിലവാരം കുറഞ്ഞസ്ഥപനങ്ങൾ ഇവിടെ കാമ്പസ് തുറന്നലോ?യു.എ.ഇ ഉൾപ്പെടെ പല വിദേശരാഷ്ട്രങ്ങൾക്കും ഈ ദുരനുഭവമുണ്ടായിട്ടുണ്ടത്രേ.

വിദ്യാഭ്യാസം ഒരു രാജ്യത്തിന്റെ സംസ്കാരവുമാ‍യും പാരമ്പര്യവുമായും സത്തയുമായും അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നു.മാനവിക വിഷയങ്ങൾ പഠിപ്പിക്കുന്ന ഒരു വിദേശസർവ്വകലാശാലയ്ക്ക് ഇന്ത്യയിൽ തങ്ങളുടെ പാഠ്യപദ്ധതി മാറ്റിയെഴുതിയേ തീരൂ. ഇന്ത്യയുടെ ചരിത്രത്തിനും,തത്ത്വചിന്തക്കും,സാഹിത്യത്തിനും കലയ്ക്കും സംസ്കാരത്തിനുമൊക്കെ ഊന്നൽ നൽകാതെ ഇവിടെ എങ്ങനെ പഠിപ്പിക്കാൻ പറ്റും?ഇന്ത്യക്കാരെ അടിമകളാക്കി ഭരിക്കാൻ മെക്കാളെ പ്രഭു തുടങ്ങിയ ഇംഗ്ലിഷ് വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിന്ന് ഇന്നും സ്വതന്ത്രമാകാത്ത നമ്മൾക്കെങ്ങനെ പുതുസർവകലാശാലകൾ കൊണ്ടുവരുന്ന പുതിയപാഠ്യപദ്ധതിയ്ക്കു മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയും?

പക്ഷേ നമ്മുടെ വാതിലുകൾ നമുക്കിനി വലിച്ചടക്കാൻ സാധിക്കുകയില്ല.വിദേശ സർവ്വകലാശാലകളുമായി ചേർന്ന് സംയുക്തസംരംഭങ്ങൾ തുടങ്ങുക എന്ന പോംവഴി മുന്നിലുണ്ടു.2008ൽ 20 കോളേജുകളും 90 യൂണിവേഴ്സിറ്റികളും,46 പരിശീലനസ്ഥാപനങ്ങളുമായി 156 വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെ സംയുത കോഴ്സുകളോ എക്സ്ചേഞ്ച് പരിപടികളോ നടത്തിയിട്ടുണ്ട്.ആ മേഖല ഇനിയും വികസിപ്പിക്കാം.മൂന്നാം ലോകരാജ്യങ്ങളിൽ നിന്നും പിന്നാക്ക രാജ്യങ്ങളിൽ നിന്നും ആയിരക്കണക്കിനു വിദ്യാർഥികൾ ഇന്ത്യയിലേക്ക് വരുന്നുണ്ടു.അവർക്ക് കുറഞ്ഞ ചെലവിൽ ഉന്നതവിദ്യാഭ്യാസം നൽകാൻ നമുക്ക് കഴിയുന്നുണ്ടു.ഇപ്പോൾ പുഷ്ടി പ്രാപിച്ച് വരുന്ന മെഡിക്കൽ ടൂറിസത്തേക്കാളും സാദ്ധ്യതയുള്ള രംഗമാണിത്.ആ ഒരു പൊട്ടൻഷ്യൽ മാർക്കറ്റ് പിടിച്ചെടുക്കാൻ ഇന്ത്യയിലേക്ക് വിദേശ സർവ്വകലാശാലകളും സ്ഥാപനങ്ങളും എത്തുമോ?
ഒരു ദേശീയ സംവാദത്തിനു സമയമായി.

Sunday, 2 May 2010

അവർ എന്തിനാണു കേരളത്തിലേക്ക് കുടിയേറുന്നത്?

ഏപ്രിൽ 30നു സംസ്ഥാന സർക്കാർ പത്രങ്ങൾക്ക് നൽകിയ ഒരു പരസ്യത്തിന്റെ തലവാചകം ഇങ്ങനെയാണു:കേരളത്തിന്റെ ഓരോ ഉയർച്ചയ്ക്ക് പിന്നിലും അന്യസംസ്ഥാന തൊഴിലാളികളുടെ പ്രയത്നം ഉണ്ടു.അവരുടെ വിയർപ്പിന്റെ മഹത്വം നാം അംഗീകരിക്കേണ്ടതല്ലേ?അവരുടെ ക്ഷേമം നമ്മുടെ കടമയല്ലേ?

അവർക്കായി സർക്കാർ നടപ്പിലാക്കുന്ന കേരള കുടിയേറ്റ തൊഴിലാളിക്ഷേമ പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ പരസ്യമായിരുന്നു അത്.അന്യ സംസ്ഥാന തൊഴിലാളികൾക്ക് ചികിത്സാസഹായം,കുട്ടികൾക്ക് വിദ്യാഭ്യാസ ഗ്രാന്റ്,പിരിഞ്ഞുപോകുമ്പോൾ ആനുകൂല്യം,മരണാനന്തരസഹായം എന്നിങ്ങനെയുള്ള ആനുകൂല്യങ്ങൾ ഈ പദ്ധതിയിൽ അംഗമാകുന്നവർക്ക് ലഭിക്കും.കേരള കെട്ടിടനിർമ്മാണ തൊഴിലാളിക്ഷേമ ബോർഡ് മുഖേന നടപ്പിലാക്കുന്ന ഈ പദ്ധതി ലക്ഷക്കണക്കിനു പാവപ്പെട്ട അന്യസംസ്ഥാന തൊഴിലാളികൾക്ക് ഗുണം ചെയ്യും എന്ന കാര്യത്തിൽ സംശയമില്ല.പക്ഷേ ഇതിനെ ചില രാഷ്ട്രീയസംഘടനകൾ എതിർക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല.

പാണ്ടികൾ എന്ന് നമ്മൾ തമിഴ്നാട്ടുകാരായ തൊഴിലാളികളെ വിശേഷിപ്പിക്കാറുണ്ടു.അവരുടെ ഗൾഫായിരുന്നു,അടുത്തകാലം വരെ കേരളം.മോശപ്പെട്ട ജീവിതസാഹചര്യങ്ങൾ കാരണമായിരുന്നു അവർ കൂട്ടത്തോടെ കേരളത്തിലേക്ക് വന്നത്.അവിടെ ഭൂപരിഷ്കരണനിയമം ഇന്നും നടപ്പിലാക്കിയിട്ടില്ല.കൂലി കേരളത്തെക്കാൾ ഇപ്പോഴും കുറവാണു.പക്ഷേ,കഴിഞ്ഞ കുറച്ച് വർഷമായി തമിഴ്നാട്ടിൽ നിന്ന് തൊഴിൽ തേടി കേരളത്തിലേക്ക് പട്ടിണിപ്പാവങ്ങൾ പലായനം ചെയ്യുന്നതിന്റെ വേഗത കുറഞ്ഞുവരുകയാണു.ഇവിടെ എത്തിയവരിൽ നല്ലൊരുശതമാനം പേർ സമ്പന്നരുമായി.എന്നിട്ടും ഇങ്ങോട്ടിപ്പോൾ ജോലി തേടി വരവ് കുറവാ‍ണു.അതിനു പ്രധാനപ്പെട്ട കാരണം ഇപ്പോഴത്തെ സർക്കാർ നടപ്പിലക്കിയ അസംഖ്യം വികസനപദ്ധതികളാണു.സൌജന്യ റേഷനും ,ടി.വിയും വീടും വിദ്യാഭ്യാസാനുകൂല്യങ്ങളും മറ്റും അവിടുത്തെ ജീവിതനിലവാരം ഉയർത്തി.ദേശീയതൊഴിലുറപ്പ് നിയമം നടപ്പിലാക്കിയയിടങ്ങളിൽ അന്തസ്സായി ജീവിച്ചുപോകാനുള്ള ഭൌതികസാഹചര്യം സൃഷ്ടിക്കപ്പെട്ടു.അങ്ങനെ, കേരളത്തിലേക്ക് തൊഴിൽതേടി പോകേണ്ട ദുരവസ്ഥ ഇല്ലാതായി.

അതുമാത്രമല്ല അടുത്തകാലത്തുണ്ടായത്ത്.അവരെക്കാൾ വളരെ മോശപ്പെട്ട ജീവിതസാഹചര്യം നിലനിൽക്കുന്ന ബംഗാ‍ൾ ഗ്രാമങ്ങളിൽ നിന്നും ബീഹാറടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ലക്ഷങ്ങൾ തൊഴിൽ തേടി കേരളത്തിലേക്ക് ചേക്കേറി തുടങ്ങി.(അവരെയെല്ലാം ചേർത്ത് ബംഗാളികൾ എന്നാണു നമ്മൾ വിളിക്കുന്നത്.)പട്ടിണിക്കാരും അഗതികളുമായ ഇവർ കുറഞ്ഞകൂലിക്ക് ഏത് കഠിനജോലിയും ചെയ്യാൻ തയ്യാറായിരുന്നു;ഇപ്പോഴും അങ്ങനെതന്നെ.അവരിൽ ബഹുഭൂരിപക്ഷത്തിനും എഴുത്തും വായനയും അറിയില്ല.ആശയവിനിമയത്തിനു മുറി ഹിന്ദി പോലും ഈ പാവം ബംഗാളികൾക്ക് വശമില്ല.90 മുതൽ 140 രൂപയ്ക്കുവരെ സ്വന്തം സംസ്ഥാനത്ത് പണിയെടുത്തിരുന്നവർക്ക് ഇവിടെ കിട്ടുന്നത് മൂന്നിരട്ടി വരെ കൂലി.നാട്ടുകാരായ തൊഴിലാളികൾക്ക് കൊടുക്കുന്നതിലും കുറച്ച് കൂലിയേ അവർക്ക് കൊടുക്കൂ.നേരം വെളുക്കുമ്പോൾ മുതൽ സൂര്യനസ്തമിക്കും വരെ അവർ പണിചെയ്യണമെന്നാണു അലിഖിതനിയമം.കടുത്ത വേനലിലും മഴക്കാലത്തും അവർ പണിയെടുക്കുംസ്ഥിതിസമത്വത്തിനു വേണ്ടി ഘോരഘോരം പ്രസംഗിച്ചു നടക്കുന്ന തൊഴിലാളി സംഘടനക്കാരാരും ഈ പാവങ്ങളുടെ അടുത്തേക്ക് വരാറില്ല;ഇവരുടെ രോദനങ്ങൾ കേൾക്കാറില്ല.പണ്ട് അടിമകളെ ജന്മിമാർ കൈകാര്യം ചെയ്തിരുന്നതിനു സമാനമായ രീതിയിലാണു കോണ്ട്രാക്റ്റർമാർ ഇവരോട് പെരുമാറുന്നത്.ഇവർക്ക് പാ‍ർക്കനൊരുക്കിയിരിക്കുന്നത് അഭയാർത്തിക്യാമ്പുകൾക്ക് തുല്യമായ ടെന്റുകളോ കെട്ടിടങ്ങളോ ആണെന്ന് തിരുവനന്തപുരത്തെ നിർമ്മാണത്തൊഴിലാളികളുടെ വാസസ്ഥലങ്ങളിൽ പരിശോധന നടത്തി കണ്ടെത്തിയിട്ടുണ്ടു.
ഇവർക്കുവേണ്ടി ശബ്ദമുയർത്താൻ ട്രേഡ് യൂണിയനുകളോ,രാഷ്ട്രീയപാർട്ടികളോ ഇല്ല.എന്തിനും ഏതിനും സംഘടനയുള്ള കേരളത്തിൽ എന്തുകൊണ്ടാണു മുഖ്യ ട്രേഡ് യൂണിയനുകൾ ഇവരെ കൈയൊഴിഞ്ഞത്?ചില ഇടതുപക്ഷ ഗ്രൂഊപ്പുകൾ മാത്രമാണു അടുത്തകാലം വരെയും ഇവരുടേയിടയിൽ നാമമാത്രമായി പ്രവർത്തിച്ചുപോന്നത്.

ഇനി ക്ഷേമനിധി ബോർഡും അംഗത്വകാർഡുമൊക്കെയാകുമ്പോൾ തൊഴിലാളിസംഘടനകൾക്ക് മറ്റൊരു മേഖല കൂടി തുറന്നു കിട്ടുകയാണു.എങ്കിലും ഇവരെ രണ്ടാംതരം പൌരരായേ അവർ കണക്കാക്കൂ.നോക്കുകൂലി വാങ്ങുന്ന ചുമട്ടുതൊഴിലാളിയെവിടെ,മറ്റുള്ളവരെക്കാൾ കുറഞ്ഞകൂലി വാങ്ങുകയും കൂടുതൽ സമയം അദ്ധ്വാനിക്കാൻ നിർബന്ധിതരാകുകയും ചെയ്യുന്ന ബംഗാളിതൊഴിലാളികളെവിടെ?രണ്ടുകൂട്ടരുടേയും സിരകളിലൂടെ ഒഴുകുന്നത് ഒരേ രക്തമാണെങ്കിലും,ഒന്നിച്ച് ‘ഇങ്ക്വിലാബ്’വിളിക്കുമെങ്കിലും,ഇവർക്കിടയിൽ ‘കൂടുതൽ തുല്യർ’ ഉണ്ടു.ഇനി ഉണ്ടാകുകയും ചെയും.നാട്ടുനടപ്പ് അങ്ങനെയാണല്ലോ.


സാമൂഹികനീതിയും തുല്യതയുമൊന്നും കിട്ടിയില്ലെങ്കിലും ഇവരൊന്നും നാട്ടിലേക്ക് മടങ്ങിപ്പോവുകയില്ല.ബംഗാളിലേയും ഒറീസയിലേയും ബീഹാറിലേയും ഗ്രാമങ്ങളിലെ ജീവിതസാഹചര്യങ്ങൾ അത്രയ്ക്കും പരിതാപകരമാണു.ബി.സി റോയിയുടെ കാലം വരെ ബംഗാൾ ഇന്ത്യയുടെ തൊഴിൽദാതാവായിരുന്നു എന്ന് ഓർക്കുക. 1977നു ശേഷം തൊഴിലവസരങ്ങൾ ഇടിയാൻ തുടങ്ങി.വ്യവസായവത്കരണം സ്തംഭിച്ചു.പട്ടിണി വർദ്ധിച്ചതോടെ ജനങ്ങൾ മറ്റു സംസ്ഥാനങ്ങളിലേക്ക് തൊഴിൽതേടി കുടിയേറാൻ തുടങ്ങികഴിഞ്ഞ പത്തുവർഷത്തിനുള്ളിലാണു കേരളത്തിലേക്കുള്ള അവരുടെ ഒഴുക്ക് ആരംഭിച്ചത്.ഇന്ന് തമിഴ്നാട്ടുകാരെ പോലും പിന്തള്ളി എല്ലാമേഖലയിലും അവരുടെ സജീവസാന്നിദ്ധ്യമുണ്ടു.അടുത്തിടെ കൊല്ലത്തുനിന്ന് വന്ന വാർത്ത നോക്കുക.സ്ത്രീകൾ കൈയ്യടക്കി വെച്ചിരുന്നതായിരുന്നു,കശുവണ്ടി ഫാക്റ്ററികളിലെ അണ്ടിതല്ല് പണി.ഇപ്പോൾ ആ രംഗത്തുള്ളവരിൽ ബഹുഭൂരിപക്ഷവും ബംഗാളികളാണത്രേ!


ഒറീസയിൽ എത്ര കാര്യക്ഷമമായ ഭരണകൂടം ഉണ്ടായാലും പ്രകൃതിയുടെ ക്രൂരതകൾക്ക് ഇരയാകുന്നവർക്ക് മുഴുവൻ താങ്ങും തണലുമാകാൻ കഴിയില്ല.എല്ലാവർഷവും ആവർത്തിക്കപ്പെടുന്ന കൊടും വരൾച്ചയും ചുഴലിക്കാറ്റും ലക്ഷക്കണക്കിനാളുകളുടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമാക്കും.ബീഹാറിലാകട്ടെ വർഷകാലത്ത് നിറഞ്ഞൊഴുകുന്ന നദികളിലെ പ്രളയജലമാണു വില്ലൻ.അവിടങ്ങളിലൊക്കെ ഭരണകൂടവും ബ്യൂറോക്രസിയും പരമ്പരാഗതമായി തന്നെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും കുപ്രസിദ്ധിയാർജ്ജിച്ചതാണു എന്നാണു സങ്കൽ‌പ്പം.ഇപ്പോഴും ജന്മിത്വം കൊടികുത്തിവാഴുന്നു.സാക്ഷരതയും മറ്റു ജിവിതനിലവാരസൂചികകളും വളരെമോശം.അപ്പോൾ പിന്നെ,അവർ ജീവിയ്ക്കാനായി സ്വന്തം നാട്ടിൽ നിന്ന് പലായനം ചെയ്യും.
പക്ഷേ,എല്ലാ രംഗത്തും പുരോഗതി കൈവരിച്ചുവെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ബംഗാളിൽ നിന്ന് പട്ടിണിക്കോലങ്ങൾ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി കേരളത്തിലേക്ക് കുടിയേറുന്നതിന്റെ കാരണമെന്താവും?ബംഗ്ലാദേശിൽ നിന്നുണ്ടായ അഭയാർത്ഥിപ്രവാഹത്തിന്റെ കൂടി പ്രത്യാഘാതമാണോ കാരണം?വരും നാളുകളിൽ,ഒരുപക്ഷേ,അതേ അഭയാർത്ഥിപ്രവാഹം പോലെ തന്നെ ഇത് വളരാനിടയുണ്ടു.അപ്പോൾ ഒരു ക്ഷേമ പദ്ധതിക്കും ഇവരെ സംരക്ഷിക്കാൻ കഴിഞ്ഞെന്നു വരില്ല.അതിനുള്ള ത്രാണി ഈ സംസ്ഥാനത്തിനില്ല.പ്രവാസികളുടെ വിയർപ്പിന്റെ പകിട്ടാണു ഈ കാണുന്ന പ്രൌഡിയെല്ലാം.അത് ക്ഷണപ്രഭാചഞ്ചലമാണു.
അതിനാൽ പാർട്ടിക്കൊടികളുടെ നിറം നോക്കാതെ നാം ചർച്ചചെയ്യേണ്ട വിഷയമാണിത്.

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) Aalkkoottam inland magazine (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) Church in Kerala (2) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) IT'S MAN-MADE (1) Indian Performing Rights (1) Indian tie (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) LOK PAL BILL (1) LOKAYUKTHA (1) Little Magazines in Kerala (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) MEDIA IN KERALA (1) MY BOOKS (2) Mavelikara (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) Nationalisation of segregated graveyards (1) OCCUPY WALL STREET (2) ONAM AND TV SHOWS IN KERALA (1) Onam (2) PAIDNEWS (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) Real estate on Moon (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) WOMEN RESERVATION IN PARLIAMENT (1) cyber crime case against blogger (2) first F.M station in Kerala (1) greenradio podcasts (1) local radio station (1) national heritage animal (1) parallel publications in Malayalam (1) woman paedophile (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആര്‍ഭാടങ്ങള്‍ (1) ആള്‍ക്കൂട്ടം (2) ആർ.വിമലസേനൻ നായർ (1) ആൽബർട്ടോ ഗ്രനാഡോ (1) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എ.എൻ.സി (2) എം.എ.എസ് (1) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (3) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കള്ളപ്പണം (1) കവരത്തി (1) കവിതാലാപനം (2) കാല്‍കഴുകിച്ചൂട്ടൽ (1) കാളന്‍ (1) കാളയിറച്ചി (1) കാസർകോഡ് ഡ്വാർഫ് (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാൽകഴുകിച്ചൂട്ടൽ (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആര്‍.നാരായണന്‍ (1) കെ.ആർ.ടോണി (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) കൻഷിറാം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) ഡൽഹി (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) നർമ്മം (2) നർമ്മദ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (2) മംഗളാദേവി ക്ഷേത്രം 2001- (1) മകരജ്യോതി (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മറൂഗ (1) മഹാസ്ഥാപനം (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (3) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (7) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) ളാഹ ഗോപാലൻ (1) വടയക്ഷി (1) വന്ദേ മാതരം (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (4) ശർബാനി (1) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍