വിദ്യാലയങ്ങൾ പൊതുസ്ഥാപനങ്ങൾ ആണു.അഥവാ അങ്ങെനെയാണു സങ്കൽപ്പം.എല്ലാ മതങ്ങളേയും ബഹുമാനിക്കാനും മതതത്ത്വങ്ങളുടെ സാരാംശം മനസ്സിലാക്കാനും പഠിപ്പിക്കുമ്പോൾ പോലും തികച്ചും മതേതരമായ അന്തരീക്ഷമാണു വിദ്യാലയങ്ങൾക്കുള്ളത്.അവിടെ വ്യത്യസ്ത മതവിശ്വാസികൾക്കും മതമൊന്നുമില്ലാത്തവർക്കും നാസ്തികർക്കുമൊക്കെ സമാധാനത്തോടെ സഹവർത്തിക്കാം.അവരവരുടെ ജീവിതരീതികൾ പിന്തുടരാം.ആചാരാനുഷ്ഠാനങ്ങൾക്കനുസൃതമായി തന്നെ ജീവിച്ചുകൊണ്ടു മറ്റുള്ളവയെ ഉൾക്കൊള്ളാം.വിമർശിക്കാം.ജാതീയവും മതപരവുമായ വേർതിരിവില്ലാതെ ഒരേ ബഞ്ചിൽ,ഒരേ ക്ലാസിൽ,ഒരേ സ്കൂളിൽ സമാധാനത്തോടെ പഠിച്ചുവളരാം.
ഉദാത്തമായ ഈ മതേതരജനാധിപത്യ പാരമ്പര്യത്തിന്റെ കടക്കൽ കത്തിവെയ്ക്കുന്നതരം ആസൂത്രിതവും സംഘടിതവുമായ നീക്കങ്ങൾ കേരളത്തിൽ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടിലേറെയായി.അതിന്റെ ഫലമായി ബഹുഭൂരിപക്ഷം എയിഡഡ്, അൺ എയിഡഡ് വിദ്യാലയങ്ങളും മതേതര ജനാധിപത്യ മൂല്യങ്ങൾ നിരാകരിക്കുന്ന,ജാതീയവും മതപരവുമായി വിദ്യാർത്ഥികളെ വേർതിരിക്കുന്ന,ഇടുങ്ങിയ ,ഇരുണ്ട ഗുഹകളായി പരിണമിച്ചിരിക്കുന്നു.ദൌർഭാഗ്യകരമെന്നുപറയട്ടെ, തീർത്തും അപകടകരമായ ഈ തീക്കളിക്ക് സാമൂഹികാംഗീകാരവും ലഭിച്ചിരിക്കുന്നു.
ഞാൻ വിചിത്രമായ
രണ്ട് അനുഭവങ്ങൾ പറയാം.ആദ്യത്തേത് ആ കാലഗണനയ്ക്കും അപ്പുറത്താണു.സ്ഥലം തൃശൂർ വാരിയം റോഡിലെ ഒരു വീടു.കേരളവർമ്മ കോളേജിലെ അദ്ധ്യാപകന്റെ അമ്മ തന്റെ പേരക്കുട്ടികളെ സന്ദർശിക്കാനെത്തുകയാണു.കൊച്ചുമക്കളിൽ ഒരാൾ ഒന്നിൽ.മറ്റെയാൾ അതേ സ്കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിനി.സന്ധ്യയ്ക്ക് വിളക്കു കൊളുത്തി നാമം ജപിക്കാൻ മുത്തശ്ശി പേരക്കുട്ടികളേയും കൂട്ടി.വിളക്കിനു മുന്നിൽ മുട്ടുകുത്തിനിന്ന് അവർ ഉച്ചത്തിൽ പ്രാർത്ഥന ചൊല്ലാനാരംഭിച്ചു:
ഓ ജീസസ് ക്രൈസ്റ്റ്!
ഇനി 2002ലേക്ക്.ഇടുക്കി കട്ടപ്പന ടൌണിനടുത്ത കുടിയേറ്റകർഷകഗ്രാമമായ
കൊച്ചുതോവാള.അവിടുത്തെ ഒരേയൊരു യു.പി സ്കൂളിൽ കുട്ടികളുടെ പരിപാടികൾ ശബ്ദലേഖനം ചെയ്തുകൊണ്ടിരിക്കേ,സ്കൂൾ വിടാനുള്ള സമയമായി.പ്രാർത്ഥനയ്ക്കുള്ള ബല്ലടിച്ചു.റെക്കാർഡിങ്ങ് നിർത്തി എല്ലാവരും എണീറ്റ് നിന്നു.മൈക്കിൽ നിന്ന് വന്നത്
‘ഗനഗണ മന‘ ആയിരുന്നില്ല.അതൊരു
പള്ളിപ്രാർത്ഥനയായിരുന്നു!എല്ലാമതസ്ഥരും, ഒരുമതത്തിൽപെടാത്തവരും പഠിക്കുന്ന വിദ്യാലയങ്ങളിൽ എന്തിനാണു മത-ജാതി പ്രാർത്ഥനകൾ മാത്രം ചൊല്ലുന്നത്?മുൻപ് സർക്കാർ,എയിഡഡ് സ്കൂളുകളിൽ അസംബ്ലികളിൽ
പന്തളം കെ.പി എഴുതിയ “ദൈവമേ കൈതൊഴാം” എന്ന തികച്ചും മതേതരമായ പ്രാർത്ഥനയായിരുന്നു ചൊല്ലിയിരുന്നത്.സ്കൂൾ അവസാനിക്കുന്നത് ജനഗണ മനയോടെയും.പക്ഷേ,ന്യൂനപക്ഷാവകാശങ്ങളുടെ പേരിൽ ക്രിസ്ത്യൻ സഭകളും അവരെ പിന്തുടർന്ന് മറ്റ് മത-ജാതി സംഘടനകളും തങ്ങളുടെ വിദ്യാലയങ്ങളിൽ പൊതു-മതേതര പ്രാർത്ഥനകൾക്കു പകരം തങ്ങളുടെ മത-ജാതീയവിശ്വാസപ്രമാണങ്ങളെ മഹത്വവത്കരിക്കുന്നതും,
തങ്ങളുടെ മതഗ്രന്ഥങ്ങളിലെ ബിംബങ്ങളും,പദാവലികളും,പ്രതീകങ്ങളും മാത്രം കൊണ്ട് നിറയ്ക്കപ്പെട്ടതുമായ പ്രാർത്ഥനകൾ എല്ലാവരേയും കൊണ്ട് ചൊല്ലിക്കുന്നു.ചില ഹൈന്ദവസംഘടനകളുടെ വിദ്യാലയങ്ങളിൽ അവ സംസ്കൃതത്തിലാണെങ്കിൽ,ചില മുസ്ലീം വിഭാഗങ്ങളുടെ സ്കൂളുകളിൽ അവ അറബിയിലാണു.ഇനി ലാറ്റിനിലും ഉറുദുവിലുമുള്ള പ്രാർത്ഥനകൾ കൂടി വരുകയില്ലെന്ന് ആരു കണ്ടു?
വിദ്യാർത്ഥികൾക്കിടയിലേക്ക് മതവിദ്വേഷത്തിന്റെ വിഷവിത്തുക്കൾ പാകുന്നതും,മത-വിശ്വാസസ്വാതന്ത്ര്യത്തേയും ജനാധിപത്യാവകാശങ്ങളേയും നഗ്നമായി നിഷേധിക്കുന്നതുമായ മറ്റു അനേകം നടപടികളുമുണ്ടു.കുട്ടികൾക്കിടയിലെ സാമൂഹിക-സാമ്പത്തിക അസമത്വം മാനസികപ്രശ്നങ്ങൾ സൃഷ്ടിക്കാതിരിക്കുന്നതിനാണു
യൂണീഫോം ഏർപ്പെടുത്തിയത്.പക്ഷേ, അത് പോലും മതനിന്ദയുടെ മാരകായുധമാക്കാമെന്ന് ചിലർ തെളിയിച്ചിരിക്കുന്നു.ഓരോ മത-ജാതി വിഭാഗങ്ങളുടേയും വ്യതിരിക്തത അടയാളപ്പെടുത്തുന്ന ഒട്ടേറെ ഘടകങ്ങളുണ്ടു.അതിലൊന്നാണു
നിറങ്ങൾ.കാവിയും മഞ്ഞയും പച്ചയും നീലയും,ഇങ്ങനെ മത-ജാതീയത വിഭാഗീയതകളെ വിളംബരം ചെയ്യുന്ന നിറങ്ങളായി പരിണമിച്ച ഒരു സമൂഹത്തിൽ അതിനെ അരക്കിട്ടുറപ്പിക്കുന്ന വേഷവിധാനങ്ങൾ തന്നെ ഇവർ യൂണീഫോമിന്റെ പേരിൽ നിർബന്ധിതമാക്കിയിരിക്കുന്നു.ഒപ്പം, മതപരമായ ജീവിതചര്യയുടെ ഭാഗമായുള്ള
മുഖാവരണം,ശിരോവസ്ത്രം,പൊട്ട് തുടങ്ങിയവക്ക് നിരോധനം ഏർപ്പെടുത്തിക്കൊണ്ട് മതവൈരവും സ്പർദ്ധയും സൃഷ്ടിക്കുന്നു.കന്യാസ്ത്രീകളുടേയും അച്ചന്മാരുടേയും മതപരമായ ഉടയാടകൾക്ക് വിലക്കേർപ്പെടുത്താത്തവർ എന്തിനാണു ശിരോവസ്ത്രത്തിനു അയിത്തം കൽപ്പിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.
മതബോധന ധാർമ്മിക പഠനക്ലാസുകളുടെ പേരിലാണു മറ്റൊരു അതിക്രമം അരങ്ങേറുന്നത്.ഓരോ മതജാതി വിഭാഗവും അവരുടെ മാത്രം പാഠങ്ങളാണു പഠിപ്പിക്കുക.അവ സങ്കുചിതവും വിഭാഗീയവും ആത്യന്തികമായി മതവൈരം വളർത്തുന്നതുമാണെന്നു പറയേണ്ടതില്ല.കുരുന്നു മനസ്സുകളിൽ ഇത് സൃഷ്ടിക്കുന്ന വേർതിരിവുകൾക്ക് ഭയാനകമായ പ്രത്യാഘാതങ്ങളാണുള്ളത്.തങ്ങളുടെ മത/ജാതി വിഭാഗത്തിനു പുറത്തുള്ളവരെ ശത്രുതയോടെയും അവജ്ഞയോടെയും കാണാൻ ഇത് അവരെ പ്രേരിപ്പിക്കുന്നു.വിദ്യാർത്ഥിരാഷ്ട്രീയം വഴിമാറിയ പ്രൊഫണൽ കോളേജുകളിൽ ജാതിസംഘടനകൾ പ്രതിലോമകരമായ അജണ്ടകളുമായി രംഗപ്രവേശം ചെയ്യുന്നതിൽ നിന്നും ഇതിന്റെ അപകടം മനസിലാക്കാം.തീരെ സാമൂഹികബോധമില്ലാത്ത,തങ്ങൾ വിശ്വസിക്കുന്നപ്രസ്ഥാനങ്ങൾക്കായി എന്തും ചെയ്യാൻ മടികാത്ത,എതിരാളികളായി മുദ്രയടിക്കുന്നവരുടെ കൈയ്യും തലയും വെട്ടുന്ന അഭ്യസ്തവിദ്യരും ഉന്നതബിരുദധാരികളുമായ
ഹൈടെക്ക്തീവ്രവാദികൾ ഇങ്ങനെ പിറവിയെടുക്കുന്നതിനും നമ്മൾ ഇന്ന് സാക്ഷികളാണു.
യോഗയും ധ്യാനവും പോലെ ശരീരത്തിനും മനസ്സിനും ഉണർവ്വേകുന്ന ആരോഗ്യ ആത്മീയ പ്രവർത്തനങ്ങൾ പോലും തങ്ങളുടെ വർഗ്ഗീയ അജണ്ടയുടെ ഭാഗമാക്കി മാറ്റുകയാണു ഒരു കൂട്ടർ.വിദ്യാലയങ്ങളിലും ഹോസ്റ്റലുകളിലും ഇവർ വിദ്യാർത്ഥികളെക്കൊണ്ട് നിർബന്ധിച്ച് യോഗ ചെയ്യിക്കുന്നുണ്ട്.അതിനായി പുറത്ത് നിന്ന് വർഗ്ഗീയസംഘടനകളുടെ മുൻ നിരയിൽ പ്രവർത്തിക്കുന്നവരെ തന്നെ ക്ഷണിച്ച് വരുത്തുന്നു.മതപരമായ ധ്യാനങ്ങളും ഇങ്ങനെ അടിച്ചേൽപ്പിക്കപ്പെടുന്നുണ്ടു.അവിടം കൊണ്ടും ഇത്തരം അതിക്രമങ്ങൾ അവസാനിക്കുന്നില്ല.മതജാതി മേലദ്ധ്യക്ഷരുടെ സ്വീകരണത്തിനും പ്രസംഗത്തിനും വിശ്വാസസംഗമത്തിനുമൊക്കെ വിദ്യാർഥികളെ ഇവർ തെളിച്ചുകൊണ്ടുപോകുന്നുണ്ടു.അമ്പലത്തിനും പള്ളിക്കും ഉത്സവത്തിനുമൊക്കെ വൻ തുക സംഭാവനയായി പിരിച്ചെടുക്കുന്നുമുണ്ടു.
എന്തിനു,ആഹാരം കഴിക്കുന്നതിനു മുൻപു പോലും മതപരമായ പ്രാർത്ഥന അടിച്ചേൽപ്പിക്കുന്ന എത്രയോ ഹോസ്റ്റലുകൾ കേരളത്തിലുണ്ട്!
പക്ഷേ, ഇതുസംബന്ധിച്ച് ലഭിക്കുന്ന പരാതികളിൻ മേൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്റ്റർ എന്തെങ്കിലും നടപടി സ്വീകരിച്ചതായി അറിവില്ല.
മതജാതി സംഘടനകൾ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പരിസരത്ത് നിന്ന്
മതചിഹ്നങ്ങൾ നീക്കം ചെയ്യണമെന്ന് കഴിഞ്ഞ വർഷം സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു.
പള്ളി വേറെ, പള്ളിക്കൂടം വേറെ എന്ന തിരിച്ചറിവിൽ നിന്ന് വൈകി ഉണ്ടായ വിവേകമായിരുന്നു അത്.പക്ഷേ, എല്ലാവരും ചേർന്ന് കണ്ണുരുട്ടിക്കാണിച്ചപ്പോഴേക്കും ഉത്തരവിറക്കിയവർ വാലും ചുരുട്ടിക്കൊണ്ട് ഓടി!
ഈ സാഹചര്യത്തിലാണു,തങ്ങളുടെ വിദ്യാലയങ്ങളിൽ കൂട്ടായുള്ള എല്ലാ മതപ്രവർത്തനങ്ങളും നിരോധിച്ചുകൊണ്ട്
എൻ.എസ്.എസ് പുറപ്പെടുവിച്ച ഉത്തരവിനു ചരിത്രപരമായ പ്രാധാന്യം കൈവരുന്നത്.ആരും ആവശ്യപ്പെടാതെ കൈക്കൊണ്ട ഈ തീരുമാത്തെ ,മതവൈരം ആളിക്കത്തിക്കുന്ന ഇപ്പോഴത്തെ അന്തരീക്ഷത്തിൽ,ധീരമെന്നു നിസംശയം വിശേഷിപ്പിക്കാം.എൻ.എസ്.എസിന്റെ സാമൂഹിക രാഷ്ട്രീയ നിലപാടുകളോട് പൂർണ്ണമായും വിയോജിക്കുന്നവർ പോലും അവരുടെ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഒരുകാലത്തും മതവിദ്വേഷം വളർത്തുന്നതിനുള്ള വേദിയൊരുക്കി കൊടുത്തിട്ടില്ലെന്നു സമ്മതിക്കും.മൂന്നു വർഷം
പന്തളം എൻ.എസ്.എസ്.കോളേജിൽ വിദ്യാർഥിയായിരുന്ന ഈ ലേഖകനു എൻ.എസ്.എസിന്റെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ അവർ ഉയർത്തിപ്പിടിക്കുന്ന മതേതരമൂല്യങ്ങളെക്കുറിച്ച് ഏറെ ബഹുമാനമുണ്ടു.സഹസാമുദായിക സംഘടന മറ്റ് സംഘടിത മതങ്ങളെ അനുകരിച്ച് തങ്ങളുടെ സ്ഥാപനങ്ങളിൽ വിഭാഗീയച്ചുവയുള്ള പ്രാർത്ഥനയും മറ്റും നടപ്പിലാക്കിക്കൊണ്ടിരിക്കുമ്പോളാണു,എൻ.എസ്.എസ് അനുകരണീയമായ ഈ തീരുമാനമെടുത്തത്.
കേരളത്തിന്റെ സാമൂഹികാന്തരീക്ഷം കലുഷിതമാക്കരുതെന്നാഗ്രഹിക്കുന്ന,സമാധാനകാംക്ഷികളായ എല്ലാവരും ഈ മാതൃകയിൽ തങ്ങളുടെ വിദ്യാലയങ്ങളെ മത ജാതി വിഭാഗീയതയിൽ നിന്ന് മോചിപ്പിക്കുമോ?അതിനുള്ള വിവേകം അവർ കാട്ടുമോ?
ഭീകരവാദികൾക്കു നേരെ നമ്മുടെ വിദ്യാലയങ്ങളുടെ വാതിലുകൾ കൊട്ടിയടക്കാനായി അവയെ മതജാതി മുക്തമാക്കുക.
അരുത്;ആ വാതിലുകൾ രക്തദാഹികൾക്കായി തുറന്ന് പിടിക്കരുത്.