ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് കണ്‍തുറന്നതിന്റെ അത്യാഹ്ലാദത്തില്‍ പങ്കുചേരാന്‍ ചെങ്കോട്ടയിലെത്തിയ ജനസഞ്ചയത്തിന്റെ ഈ ചിത്രങ്ങളില്‍ എന്നെ ഏറ്റവുമധികം ആകര്‍ഷിച്ചത് ആ സൈക്കിളുകളായിരുന്നു.
കനത്ത സുരക്ഷയില്ല.തോക്കേന്തിയ പട്ടാളക്കാരില്ല.പഴയ നാട്ടിന്‍പുറത്തെ ചന്തയിലോ മൈതാനത്തോ വിശേഷാവസരങ്ങളില്‍ വൈകുന്നേരങ്ങളില്‍ ഒത്തുകൂടുന്ന സാധാരണക്കാരുടെ കൂട്ടത്തെ അനുസ്മരിപ്പിക്കുന്നു,അസുലഭമായ ആ ചരിത്രനിമിഷങ്ങള്‍ക്ക് സാക്ഷിയായ ഈ ജനസാഗരം.തലപ്പാവും ,തോളില്തൂക്കിയിട്ട കാലന് കുടയും ,പിന്നെ സൈക്കിളുകളും ആ കാലഘട്ടത്തെ അടയാളപ്പെടുത്തുന്നു.അക്കാണുന്ന സൈക്കിളുകള്‍ അക്കാലത്ത് സാധാരണക്കാരുടെ വാഹനമായിരുന്നില്ല.ചെരിപ്പും റേഡിയോയും സൈക്കിളുമൊക്കെ സമൂഹത്തിലെ സമ്പന്നരുടേയും ഇടത്തരക്കാരുടേയും കുത്തകയായിരുന്നു.അവ അവരുടെ പദവികളുടെ ചിഹ്നങ്ങളായിരുന്നു.മണികെട്ടി, അലംകരിച്ച കാളവണ്ടികളും കുതിരവണ്ടികളുമായിരുന്നു അതീവസമ്പന്നരുടെ വാഹനങ്ങള്‍.
അതിനു ശേഷം കാലമെത്രയോ കടന്നുപോയി.ഇന്ന് രാഷ്ട്രം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ വീണ്ടും ഈ ചിത്രങ്ങളിലെ സൈക്കിളുകള്‍ എന്നെ ത്രസിപ്പിക്കുന്നത് ഈ ഇരുചക്രചവിട്ടുവണ്ടിയെക്കുറിച്ചുള്ള ഗൃഹാതുരസ്മരണകള്‍ കൊണ്ടുമാത്രമല്ല.ചവിട്ടുവണ്ടി യുഗത്തില്‍ നിന്നും കാളവണ്ടിയുഗത്തില്‍ നിന്നും നാം ശാസ്ത്ര-സാങ്കേതിക രംഗത്തെ കുതിച്ചുചാട്ടങ്ങളിലൂടെ എത്രയോകാതങ്ങള് മുന്നോട്ടുപൊയിരിക്കുന്നു.ഏതാനും വര്‍ഷങ്ങള്‍ക്കകം ഇന്ത്യക്കാര്‍ ചന്ദ്രനില്‍ കാലെടുകുത്തും.അപ്പോള്‍ ,ഇനിയും എന്തിനാണു നാം പഴയ സൈക്കിളിന്റെ കാര്യം പറയുന്നത്?
-അതു വിശദീകരിക്കുന്നതിന് ആമുഖമായി എന്റെ സൈക്കിള്‍ പ്രേമം കൂടി പറയേണ്ടതുണ്ട്.അതിന് നാലുപതിറ്റാണ്ടിന്റെ പഴക്കമുണ്ട്.പത്രപ്രവര്‍ത്തകനാകും വരെ, അച്ഛന് വാങ്ങിത്തന്ന റാലിസൈക്കിളായിരുന്നു സഞ്ചാരം.പിന്നെ കുറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം നാട്ടിലൂടെ സൈക്കിള്‍ ചവുട്ടിപ്പോയപ്പോള് ഒരു അത്ഭുതജീവിയെപ്പോലെ ജനം നോക്കുന്നതെന്തിനെന്ന് ആദ്യം മനസിലായതേയില്ല.ബന്ധുവായ ഒരു സ്ത്രീ തടഞ്ഞു നിര്‍ത്തി ഗുണദോഷിച്ചു:ഇതെന്താ ഈ ചെയ്യുന്നത്?നിങ്ങളെപ്പോലുള്ളവര്‍ സൈക്കിള്‍ ചവുട്ടുകയോ!ഛേ!
-എത്രപെട്ടെന്നയിരുന്നു,ഇടത്തരക്കാര്‍ സൈക്കിളിനെ ചവുട്ടിപ്പുറത്താക്കി സ്കൂട്ടറിലേക്കും ബൈക്കിലേക്കും പിന്നെ കാറിലേക്കും തിരിഞ്ഞത്.അങ്ങനെ,തൊണ്ണൂറുകളില്‍ സൈക്കിള്‍ നാട്ടിലെ മുതിര്‍ന്നവര്‍ക്കിടയിലെ പാവങ്ങളുടെ മാത്രം വാഹനമായി. റേഡിയോയെ പിന്നാമ്പുറത്തേക്കും പിന്നെ തട്ടിന്‍പുറത്തേക്കും തട്ടിയെറിഞ്ഞ് കേരളീയര്‍ ടെലിവിഷനെ സ്വീകരിച്ച അതേ കാലത്തുതന്നെയായിരുന്നു,ഇവിടെ സൈക്കിളുകളുടെ ശനിദശതുടങ്ങിയത്.നാട്ടിലെ പ്രൈമറിസ്കൂള്‍ അദ്ധ്യാപകരും പാര്‍ട്ടിക്കാരും പൊതുപ്രവര്‍ത്തകരും മുതല്‍ മീന്കാര്വരെ സൈക്കിളിനോടു അയിത്തം കല്പ്പിക്കാന് തുടങ്ങി.(പക്ഷേ,പഴകാലത്തിന്റെ മായാത്ത കൈമുദ്രയായി,പ്രതീകമായി ഇപ്പോഴും പോസ്റ്റുമാന്മാര് സൈക്കിളുകളില്‍ നാടുചുറ്റുന്നു.പോസ്റ്റ് മാന്റെ ബല്ലടി കേള്‍ക്കാന്‍ കാതോര്‍ത്തിരുന്ന ദിനങ്ങളുടെ മധുരസ്മരണകള് ഇവിടെ ദീപ്തമാകുന്നു.എന്തേ, അവര്‍ മാത്രം ചുവടുമാറ്റുന്നില്ല?).
-എന്നിട്ടും സൈക്കിളിന്റെ മണിയൊച്ചകള്‍ നമ്മളുടെ നിരത്തുകളെ മുഖരിതമാക്കിയത് അത് കൌമാരക്കരുടെ ദേശീയവാഹനമായി ഇതിനകം വളര്ന്നതിനാലായിരുന്നു.അഷ്ടിക്കു വകയില്ലാത്ത പാവങ്ങളുടെ മക്കള്‍ പഠിക്കുന്ന സാദാ സ്കൂളുകളിലും അതീവസമ്പന്നരുടെ മക്കള്‍ മദിച്ചുനടക്കുന്ന പോഷ് സ്കൂളുകളിലും അത് കുട്ടികളുടെ സന്തതസഹചാരിയായി വളര്‍ന്നു.വംശ-വര്‍ഗ്ഗ വ്യത്യാസമില്ലാത്ത ഒരേയൊരു വാഹനം.പക്ഷേ,പത്തോ പന്ത്രണ്ടോ ജയിച്ചുകയറിയാല്‍ പിന്നെ കാശുള്ളവര്‍ക്ക് ഈ വാഹനം കാണുന്നത് തന്നെ അലര്‍ജിയായി മാറി.അവര്‍ ബൈക്കുകളില്‍ മാത്രം ചെത്തി നടക്കാനിഷ്ടപ്പെടുന്നു.അതാണു അവരുടെ സ്റ്റാറ്റസ് സിംബല്‍.പിന്നെയും സൈക്കിളുരുട്ടുന്നവര് സമൂഹത്തിലെ ഏറ്റവും താണ ശ്രേണിയില്‍ പെട്ടവരായി മുദ്രയടിക്കപ്പെടുന്നു.അതാണു,പക്ഷേ, യാഥാര്‍ത്ഥ്യം.
ഇനി നമുക്ക് ലക്ഷദ്വീപിലേക്ക് പോകാം.
1993ലെ മണ്‍സൂണില്‍ കാറ്റിലും തിരമാലകള്‍ക്കും നടുവില്‍പ്പെട്ട് മൂന്നു ദിവസം അറബിക്കടലില്‍ കറങ്ങിത്തിരിഞ്ഞ് തീര്‍ത്തും അവശരായി കവറത്തി ജെട്ടിയില്‍ കൊടും മഴയത്ത് എത്തിയപ്പോള്‍,ഗസ്റ്റ് ഹൌസിലേക്ക് പോകാന്‍ ആകാശവാണിയുടെ ഔദ്യോഗികവാഹനം കാത്തുകിടക്കുന്നുണ്ടായിരുന്നു-തുരുമ്പെടുത്ത ഒരു റാലി സൈക്കിള്‍!ഭാര്യയേയും ഒന്നരവയസ്സുള്ള പുത്രനേയും പിന്നിലിരുത്തി ആ പവിഴദ്വീപിലൂടെ ആദ്യയാത്ര.ഗസ്റ്റ് ഹൌസിലെത്തിയപ്പോള്‍ അക്ഷമനായി അവിടെ കാത്തുനില്ക്കുകയാണു പി.പി.ശ്രീധരനുണ്ണി.രണ്ടു കിലോമീറ്റര്‍ അകലെയുള്ള ഹെലിപ്പാഡില്‍ നിന്ന് അദ്ദേഹത്തിനു അഗത്തിയിലേക്ക് പറക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.കടല്‍ക്ഷോഭം മൂലം രണ്ടാഴ്ചയായി കൊച്ചിയില്‍ നിന്നുള്ള ടിപ്പുസുല്‍ത്താന്‍ കപ്പലിന്റെ യാത്രമുടങ്ങിയതിനാല്‍ ,കവരത്തി ആകാശവാണിയില്‍ പകരക്കാരനില്ലാതെ കുടുങ്ങിക്കിടക്കുകയായിരുന്നു അദ്ദേഹം.അന്ന്, വൈകിട്ട് രണ്ടരമണിക്കൂര്‍ മാത്രമേ അവിടെ പ്രക്ഷേപണമുള്ളൂ.അതിനുള്ള പാട്ടുകളുടേയും പ്രഭാഷണങ്ങളുടേയും നാടകങ്ങളുടേയും മറ്റും ടേപ്പുകളും എഴുത്തുസാമഗ്രികളുമൊക്കെയായി കേരളത്തിലെ ആകാശവാണി നിലയങ്ങളില്‍ നിന്ന് ഒരോ മാസവും ഒരാള്‍ കവരത്തിയില്‍ കപ്പലിറങ്ങും.അതേ പോലെ ടെക്നിക്കല്‍ വിഭാഗത്തിലും ഒരാളുണ്ടാകും.സാഹസികത ഇഷ്ടപ്പെടുന്നവര്ക്കുള്ളതായിരുന്നു ഈ ഉത്തരവാദിത്തം.സ്റ്റേഷനില്‍ സ്ഥിരമെന്ന് പറയാവുന്നത് ദ്വീപുകാരായ രണ്ട് താല്‍ക്കാലിക ജീവനക്കാര്‍.പിന്നെ, മംഗലാപുരത്ത് നിന്ന് വാങ്ങിയ,ഉപ്പുകാറ്റേറ്റ് അസ്തികൂടം മാത്രമായ രണ്ടു സൈക്കിള്‍.തൊട്ടടുത്ത ദൂരദര്ശന് കേന്ദ്രത്തിലും ഇതുതന്നെയായിരുന്നു അവസ്ഥ.അവരുടെ സൈക്കിളിനു ഒരു പ്രത്യേകതയുണ്ടായിരുന്നു.അതിന്റെ ബാറില്‍ പഴയ ഐസ്ക്രീം വില്‍പ്പനക്കാരുടെ സൈക്കിളില്‍ കെട്ടിത്തൂക്കിയിട്ടിരുന്ന മണിയടിക്കാനുള്ള തുരുമ്പിച്ച ഇരുമ്പുകഷണത്തെ അനുസ്മരിപ്പിക്കുന്ന നെയിം പ്ലേറ്റില്‍ തനിദ്വീപ് മലയാളത്തില്‍ ഇങ്ങനെ എഴുതിവെച്ചിരുന്നു:ദൂരദര്ശന് ,കവറത്തി!
ഗസ്റ്റ് ഹൗസിന്റെ പടിവാതിലില്‍ വെച്ച് തന്നെ ഞാന്‍ കവറത്തി സ്റ്റേഷന്റെ ചുമതല ഏറ്റുവാങ്ങി.ഇനി പകരക്കാരന് കപ്പലിറങ്ങും വരെ ഞാനേകനാണ്.സ്റ്റേഷന്ഡയറക്ടറുടെയും പ്രോഗ്രാം എക്സിക്യൂട്ടീവിന്റേയും അനൌണ്സറിന്റേയുമെല്ലാം ചുമതലകള്‍ ഒറ്റയ്ക്ക് നിര്‍വഹിക്കണം.കാര്യങ്ങള്‍ ഒറ്റയടിക്ക് ശ്രീധരനുണ്ണി വിശദീകരിച്ച്തന്നു.പിന്നെ വൈകിയില്ല;അദ്ദേഹം ഞങ്ങളുടെ രണ്ടാമത്തെ ഔദ്യോഗികവാഹനത്തിന്റെ പിന് സീറ്റില്‍ കയറി.ഞങ്ങള്‍ കൈവീശി.ശ്രീധരനുണ്ണിയേയും പിന്നിലിരുത്തി സൈക്കിള്‍ ഹെലിപാഡിലേക്ക് നീങ്ങി!പിന്നീടുള്ള ഒന്നരമാസം കവറത്തിയിലെ സര്വ്വവഴികളിലൂടെയും സകുടുംബം സസന്തോഷം രാവും പകലും സൈക്കിള്‍ സവാരിയായിരുന്നു. അന്ന് വെറും മൂന്ന് മോട്ടോര്‍ വാഹനങ്ങള്‍ മാത്രമായിരുന്നു കവറത്തിയിലുണ്ടായിരുന്നത്. 1996ലും ലക്ഷദ്വീപിലെത്തിയപ്പോള്‍ സൈക്കിള്‍ തന്നെയായിരുന്നു,എവിടെയും.
ഒരു ദശാബ്ദത്തിനപ്പുറം, 2008ല്‍, കടമത്ത് ദ്വീപില്‍ നിന്ന് കവറത്തിയില്‍ കപ്പലിറങ്ങിയപ്പോള്‍ കണ്ടത് , ജെട്ടിനിറയെ നൂറുകണക്കിനു ടൂവീലറുകളും കാറുകളും.ഇടുങ്ങിയ റോഡുകളിലൂടെ കാല്‍നടയാത്രപോലും ദുഷ്കരമാക്കിക്കൊണ്ടു അവ തിങ്ങിഞെരുങ്ങിപ്പോകുന്നു.ദ്വീപു പുരോഗമിച്ചപ്പോള്‍ അവര്‍ സൈക്കിളിനെ ഉപേക്ഷിക്കാന്‍ തുടങ്ങി.നാലുകിലോമീറ്ററില്‍ താഴെമാത്രം നീളമുള്ള കവറത്തി ഇന്ന് വാഹനപ്പെരുപ്പത്തില്‍ വീര്‍പ്പുമുട്ടുന്നു.അന്തരീക്ഷം വിഷലിപ്തമാണു.ആവശ്യമില്ലാതെ വാഹനങ്ങള്‍ വാങ്ങിക്കൂട്ടി കോടിക്കണക്കിനു രൂപ അവര്‍ വെറുതെ ചെലവാക്കുന്നു.പത്തേമാരികളില്‍ വന്‍കരയില്‍ നിന്ന് ഇനിയും മോട്ടോര്‍വാഹനങ്ങള്‍ ദ്വീപിലിറങ്ങിയാല് അവിടെ വാഹനാപകടങ്ങള്‍ ക്രമാതീതമായി പെരുകും;ജനജീവിതം തന്നെ ദുസ്സഹമാകും.ദ്വീപുകാര്‍ക്ക് ഇനി നിലനില്ക്കണമെങ്കില് സൈക്കിളിലേക്ക് തന്നെ മടങ്ങണം.അനതിവിദൂര ഭാവിയില്‍ ജനങ്ങള്‍തന്നെ അതിനു മുന്നിട്ടിറങ്ങും.
ഫ്രാന്‍സിലും,കാനഡയിലും,സ്വീഡനിലും,ബ്രിട്ടണിലും,ജെര്‍മനിയിലും നെതര്ലന്റിലുമൊക്കെ സംഭവിച്ചത് ഇതായിരുന്നു.അവിടെ ഗതാഗതക്കുരുക്കിലും അന്തരീക്ഷമലിനീകരണത്തിലും പൊറുതിമുട്ടിയ ജനം സൈക്കിളിലേക്ക് തിരിഞ്ഞു.ചൈനയുടെ ദേശീയവാഹനമാണ് സൈക്കിള്‍.ഫാഷന്റെ നഗരമായ പാരീസില്‍ അടുത്തിടെ ലോകശ്രദ്ധയാകര്‍ഷിച്ച ഒരു വിപ്ളവം നടന്നു.2007 ജൂലൈയില്‍ പാരീസില്‍ ‘VELIB' എന്ന പേരില്‍ കമ്മ്യൂണിറ്റി സൈക്കിള്‍ സമ്പ്രദായം നിലവില്‍ വന്നു.സ്വന്തമായി സൈക്കിളില്ലാത്തവര്‍ക്ക് റോഡ് വക്കത്തെ 800 സ്റ്റാന്റുകളില്‍ നിന്ന് സൈക്കില്‍ എടുത്ത് സവാരി നടത്തുന്നതിനു സൌകര്യമൊരുക്കിയ പദ്ധതിയാണിത്.10600 സൈക്കിളുകളുമായി ആരംഭിച്ച ഈ പദ്ധതി വന്‍ വിജയമായിരുന്നു.ആദ്യമാസം തന്നെ 16 ലക്ഷം പേരായിരുന്നു സൈക്കിള്‍ എടുത്തത്.സ്മാര്ട്ട്കാര്ഡുകളും മൊബൈല്‍ഫോണും മുഖേനയാണ് ഇലക്ട്രോണിക്കലായി ഇത് ഓപ്പറേറ്റ് ചെയ്യുന്നത്.സൈക്കിള്‍ വേണ്ടവര്‍ നിശ്ചിത ഡെപ്പോസിറ്റ് തുക ഓണ്‍ലൈന്‍ ട്രാന്‍സ്ഫറിലൂടെ അടച്ച് ഇതില്‍ ചേരുന്നു.അവര്‍ക്ക് ഫീസ് ഈടാക്കി സൈക്കിള്‍ നല്കുന്നു.യാത്രകഴിഞ്ഞ് അത് അടുത്തുള്ള സ്റ്റാന്റില്‍ ഏല്‍പ്പിച്ചാല്‍ മതി.എല്ലാം യന്ത്രവത്കൃത സംവിധാനത്തിലൂടെയാണു നടക്കുന്നത്.മുന്‍പ് ചില രാജ്യങ്ങലില്‍ ഈ പദ്ധതി തുടങ്ങിയെങ്കിലും സൈക്കിള്‍ മോഷണം കാരണം പരാജയപ്പെടുകയായിരുന്നു.ആംസ്റ്റര്‍ഡാമിലും ,കാലാവസ്ഥാ ഉച്ചകോടി നടന്ന കോപ്പണ്ഹേഗനിലുമൊക്കെ ഇന്ന് ‘ഫ്രീഡം ബൈക്ക്’ എന്ന് കൂടി അറിയപ്പെടുന്ന കമ്മ്യൂണിറ്റി സൈക്ലിങ്ങ് പരിപാടി വിജയകരമായി നടന്നുവരുന്നു.
പാരീസില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് ‘വേലിബ്” നടപ്പിലാക്കിയത്.അതിനു ഖജനാവില്‍ നിന്ന് കാശൊന്നും ചെലവായില്ല.ഒരു പോസ്റ്റര്‍ പരസ്യക്കമ്പനിയായിരുന്നു സൈക്കിളുകള്‍ വാങ്ങി നല്‍കിയത്.പകരം പാരീസ് നഗരത്തിന്റെ ചില ഭാഗങ്ങളില്‍ പരസ്യം പതിക്കാന്‍ മേയര്‍ അവര്‍ക്ക് അനുമതി കൊടുത്തു.രാത്രി ഒരു മണിക്ക് ശേഷമാണത്രേ സൈക്കില്‍ സവാരിക്കാര്‍ ഏറുന്നത്.അതിനു ഒന്നിലധികം കാരണങ്ങളുണ്ട്.ആ സമയത്ത്,രാത്രിപാര്‍ട്ടികള്‍ കഴിഞ്ഞ് പൂസ്സായി വണ്ടിഓടിച്ചാല്‍ പൊലീസ് പിടിക്കും.അപ്പോള്‍ അഭികാമ്യമായത്,സൈക്കിളെടുത്ത് വീട്ടിലേക്ക് ചവിട്ടുക തന്നെ!പിന്നെയും സൌകര്യങ്ങളുണ്ട്.ഹെല്‍മറ്റ് വേണ്ട.പൊല്യൂഷന്‍ മാസ്ക് ധരിക്കേണ്ട.
ഗ്രീന്‍പാര്‍ട്ടിയും പരിസ്ഥിതിവാദികളും കമ്യൂണിറ്റി സൈക്ലിങ്ങിനെ അകമഴിഞ്ഞു പിന്തുണയ്ക്കുന്നുണ്ട്.ആഗോളതാപനത്തിനെതിരായ വലിയൊരു കാല്‍വെയ്പ്പായി ഇതിനെ വിശേഷിപ്പിക്കുന്നവരുണ്ട്.ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുകവഴി അന്തരീക്ഷഠിലെ കാര്‍ബണ്‍ നിര്‍ഗ്ഗമനം കുറയുന്നു.അന്തരീക്ഷമലിനീകരണവും അങ്ങനെ അഗോളതാപന സാദ്ധ്യതയും കുറയുന്നു.
ജീവിതശൈലീ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ആരോഗ്യം നിലനിര്‍ത്താനുള്ള ഏറ്റവും ലളിതവും ചെലവുകുറഞ്ഞതുമായ മാര്‍ഗ്ഗമാണ് സൈക്ലിങ്ങ്.പ്രത്യേകിച്ച്, യാതൊരു ശാരീരികാദ്ധ്വാനവും ചെയ്യാതെ ,പത്തുമണിക്കൂറോളം പ്രതിദിനം റിവോള്‍വിങ്ങ് ചെയറിലിരിക്കുന്ന ഐ.ടി പ്രൊഫഷണലുകള്‍ക്ക്.അതുകൊണ്ടു തന്നെ,ബംഗളൂരില്‍ അധികൃതര്‍ കമ്മ്യൂണിറ്റി സൈക്ക്ലിങ്ങ് പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു എന്ന വാര്‍ത്ത ഏറെ പ്രതീക്ഷനല്‍കുന്നു.മഹാനഗരങ്ങളിലടക്കം ഇന്ത്യയില്‍ എല്ലായിടത്തും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുങ്കൈയ്യെടുത്ത് സ്വകാര്യസംരംഭകരുടെ സഹകരണത്തോടെ അനായാസം നടപ്പിലാക്കാവുന്നതാണ് ഈ പദ്ധതി.സര്‍ക്കാരിന്റെ ആരോഗ്യ,സ്പോര്‍ട്ട്സ് വകുപ്പുകളുടെ ബജറ്റ് വിഹിതത്തിന്റെ ഒരു വിഹിതവും ഇതിനായി നീക്കി വെക്കണം.മായാവതി സര്‍ക്കാര്‍ ചെയ്തതു പോലെ പത്താം ക്ലാസ് പാസാകുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും മറ്റു സംസ്ഥാനങ്ങളിലും സര്‍ക്കാരുകള്‍ സൈക്കിള്‍ സമ്മാനമായി നല്കട്ടെ.ഈ പദ്ധതി ഹൈസ്കൂള്‍ തലം തൊട്ടു തന്നെ തുടങ്ങുകയാണെങ്കില്‍ നന്ന്.
കോപ്പണ്‍ഹേഗന്‍ ഉച്ചകോടിയുടെ സന്ദേശം ഉള്‍കൊണ്ടുകൊണ്ട് സര്‍ക്കാരിന് കര്‍മ്മപഥത്തിലിറങ്ങാന്‍ സമയമായി.അവര്‍ ആദ്യം ചെയ്യേണ്ടത് സൈക്കിളുകളുടെ മേലുള്ള എല്ലാ നികുതികളും എടുത്തുകളയുകയും ,എല്ലാ റോഡുകളിലും സൈക്കിള്‍ ബേകള്‍ നിര്‍മ്മിക്കാന്‍ തുക വകയിരുത്തുകയുമാണു.ആസൂത്രിതനഗരമായ ചണ്ഡിഗറിലെ പ്രധാനനിരത്തുകളില്‍ സൈക്കിള്‍ യാത്രക്കാര്‍ക്കായി പ്രത്യേക ഇടം ഒരുക്കിയിട്ടുണ്ട്.ആ മാതൃക മറ്റിടങ്ങളിലും പിന്തുടരാവുന്നതാണ്.
പാരീസിലെ പച്ചപരിഷ്കാരികള് മാത്രമല്ല, ഇന്ത്യയിലെ സിലിക്കണ്‍ വാലിയിലെ കനത്ത ശമ്പളം വാങ്ങുന്ന ഐ.ടി പ്രൊഫഷണലുകള്‍ വരെ സൈക്കിളില്‍ സഞ്ചരിക്കുന്ന കാലം വരുകയാണോ?
-സൈക്കിളില്‍ തുടങ്ങി നാം സൈക്കിളില്‍ മടങ്ങിയെത്തുകയാണ്!സൈക്കിളിനെ പുതിയ അര്‍ത്ഥതലങ്ങളില്‍ കണ്ടെത്തുകയാണ്.
16 comments:
അതെ... സൈക്കിളിലേക്ക് നമ്മള് മാറേണ്ടിയിരിക്കുന്നു.
കവരത്തിയിലെ സ്വന്തം അനുഭവം കൂടി ചേര്‍ന്നപ്പൊള്‍
നല്ല പോസ്റ്റ്. ഇതു പ്രിന്റ് മീഡിയയില്‍ കൂടി പ്രസിദ്ധീകരിക്കേണ്ട ലേഖനം.
പ്രദീപേട്ടാ,
വെണ്ണപ്പാളികള്‍ എന്ന പുസ്തകം ഞാന്‍ വായിച്ചിട്ടൂണ്ട്.
എന്റെ ഒരു പുസ്തകവും ഉണ്മയാണ് പ്രസിദ്ധീകരിച്ചത്.
മോഹനേട്ടന്റെ ഉണ്മയില് ഒരുകാലത്ത് ഞാനും എഴുതിയിരുന്നു.
നല്ല വായന സമ്മാനിച്ച താങ്കള്‍ക്ക് ആശംസകള്‍..!!
എന്റെ ബ്ലോഗിലും ജോയിന്‍ ചെയ്യണേ...
www.tomskonumadam.blogspot.com
സൈക്കിളിലേക്ക് മടങ്ങുക എന്നത് പരിസ്ഥിതിയെ സംരക്ഷിക്കണമെന്ന് ആഗ്രഹമുള്ള ഏതു ജനതയുടെയും ബാധ്യതയാണിന്ന്.മികച്ച ലേഖനം.ചിത്രകാരന് പറഞ്ഞപോലെ പ്രിന്റ് മീഡിയയിലും വരണമിത്.
വളരെ നല്ല ഒരു പോസ്റ്റ്
ബ്ളോഗില്‍ മാത്റം ഒതുങ്ങാതെ ഇതു വല്ല വാരാന്ത പതിപ്പില്‍ പ്റസിധീകരിക്കണേ
നല്ല വായനാനുഭവം ആയിരുന്നു
കാലിക പ്റസക്തവും
ഒരു സൈക്കിൽ യാത്ര കാസർഗോഡിൽ നിന്ന് തുടങ്ങി ഇന്നലെ തിരുവനന്തപുരത്ത് അവസാനിച്ചു.
ഒരേ സമയം ശാരീരിക വ്യയാമമും പ്രകൃതി അനുയോജ്യവും.
മാർക്ക് ചെയ്ത സൈക്കിൽ പാതകൾ വേണം. എല്ലാ പൊതു കവലകളിലും ബസ്സ് സ്റ്റാന്റുകളിലും വിദ്യാലയങ്ങളിലും മറ്റും കവർ ചെയ്ത സൈക്കിൾ ഷെഡുകൾ പണിയുക.
ബൈക്കിൽ യാത്ര സഘടിപ്പിക്കുന്ന പാർട്ടി / സമൂഹിക പ്രവർത്തകരെ, ഇനി സൈക്കിളിൽ യാത്ര സഘടിപ്പിക്കുക.
പെട്രോളിന് വില കൂട്ടുമ്പോൽ "കരയുന്ന" യുവതി യുവാക്കളെ ഒരു സൈക്കിൽ വാങ്ങി ആവശ്യത്തിനനുസരിച്ച് സൈക്കിളും ബൈക്കും മാറി മാറി ഉപയോഗിക്കുക.
പ്രകൃതി സ്നേഹികളെ പരിസ്ഥിതി വാദികളെ "കണ്ണടച്ച്" പ്രകൃതിയെ സ്നേഹിക്കാതെ കാലത്തിനനുസരിച്ച് സ്നേഹിക്കാൻ പഠിക്കുക.
മനസ്സിലേയ്ക്ക് കടന്നുവന്നത് നമ്മുടെ പഴയ മലയാലസിനിമകളിലെ നായകന്മാരുടെ ഗ്രാമയാത്രകലാണ്.'സ്വര്ഗതെയ്ക്കാല് സുന്ദരമാണീ ..'' പ്രേമ്നസീരിന്റെയൊരു പ്രേമസന്ചാരം..സായി ക്കില്‍ കടക്കാത്ത ഊടുവഴികലില്ല..പിന്നെ വഴിവാനിഭാക്കരുറെ കച്ചവടയാത്രകള്‍..സയ്ക്കിലിനു ഒരു ഉയിര്തെഴുന്നെല്പ്പു ഉണ്ടായാല്‍ നന്ന്..
നല്ല പോസ്റ്റ് മാഷെ....
തിരിഞ്ഞു ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു...
നല്ല വാക്കുകൾക്ക് നന്ദി;സന്തോഷം.
തൃശൂരിലെ ഒരു സിനിമാതീയറ്ററിൽ ഇങ്ങനെ എഴുതിവെച്ചിട്ടുണ്ട്:ഓട്ടോ റിക്ഷകൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.
-അപ്പോൾ സൈക്കിളിന്റെ കാര്യമോ?നഗരപ്രദേശങ്ങളിലെ മിക്ക തീയറ്ററുകളിലും ഹോട്ടലുകളിലും സൈക്കിളിനു പ്രവേശനമില്ല എന്ന് അറിയുമോ?
അവിടെ എങ്ങനെയാണു,സ്നേഹിതരേ?
പ്രദീപ്കുമാർ,
സൈക്കിൾ നിരോധിച്ചിറ്റുണ്ടെങ്ങിൽ അത് ഒത്തിരി കടന്ന കൈ തന്നെ.
ഇവിടെയെല്ലാം സൗജന്യ സൈക്കിൾ പാർക്കിംഗ് അനുവദിക്കണം. ഒരു നിയമം തന്നെ പാസ്സാക്കണം. ഒരു മലിനികരണവുമില്ലാത്ത എന്നൽ വളരെ ഗുണങ്ങലുള്ള ഒരു വാഹനത്തെ അവഗണിക്കരുത്.
“യുവതി യുവാക്കളെ ഒരു സൈക്കിൽ വാങ്ങി ആവശ്യത്തിനനുസരിച്ച് സൈക്കിളും ബൈക്കും മാറി മാറി ഉപയോഗിക്കുക”
ഇതിഷ്ട്ടായി..കാരണം ഞങ്ങടെ നാട്ടിൽ കുന്നും കുഴിയും ഒത്തിരി ഉള്ളതോണ്ട് കൂടുതൽ ദൂരം സൈക്കിൾ യാത്ര പറ്റില്ലാ.. കയറ്റം ചവുട്ടികയറണതിലും നല്ലത് നടന്നു കയറണതാ
കൂതറഹാഷിം,
ഒരു തിരുത്ത്.
യുവതി യുവാക്കളെ ഒരു സൈക്കിൾ വാങ്ങി ആവശ്യത്തിനനുസരിച്ച് സൈക്കിളും ബൈക്കും "ചെരിപ്പും" മാറി മാറി ഉപയോഗിക്കുക.
ചുമ്മാ തിരുത്തിയതാണെ, ഇനിയിപ്പോൾ ഇതിനെ തിരുത്തി കളിച്ചേക്കലെ...
ഇതൊന്നും ഇവിടുതെ രാഷ്ട്ട്രീയക്കാര്ക്കു മനസ്സിലാകില്ല.
സൈക്കിളിനെ കുറിച്ചൊര്മ്മിപ്പിച്ചതിനു നന്ദി.
സസ്നെഹം
ഉണ്ണിക്കൃഷ്ണ്ണന്‍ നായര്‍
Dear Pradeep,
Thank you for the call to 'green' way of life. Our streets are scary and crowded in kerala, yet something to think about. Thanks. Delighful! Fr. Jose.
When we come back to cycling the cycle will be completed!
ലേഖനം നന്നായിട്ടുണ്ട്... എല്ലാ രംഗത്തും പുരോഗതി പുരോഗതി എന്ന് എല്ലാവരും ഇന്നും മുറവിളി കൂട്ടുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ അധോഗതിയിലേക്കാണ് ഇന്നത്തെ പോക്ക്. പ്രകൃതിയിലേക്ക് തിരിച്ചു പോകേണ്ട അവസ്ഥയിലാണ് നമ്മള് ഇന്ന്. പുരോഗതിയിലേക്കുള്ള ഇന്നത്തെ വെറി പിടിച്ച ഈ പോക്ക് സത്യത്തില്‍ സര്‍വ്വനാശത്തിലേക്കാണ്. പക്ഷെ മനുഷ്യര്‍ക്ക് ഇനി തിരിഞ്ഞു നടക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അപരിഹാര്യമായ വിനാശത്തിലേക്കുള്ള ഈ കുതിപ്പ് ആര് മുന്നറിയിപ്പ് നല്കിയാലും കൂടുതല്‍ വേഗതയില്‍ തുടരാനുള്ള സാധ്യതയേ കാണുന്നുള്ളൂ. അല്ലെങ്കിലും എല്ലാറ്റിനും ഒരന്ത്യം വേണമല്ലൊ. അതിത്തിരി നേരത്തെയാക്കിയാല്‍ എന്തിരിക്കുന്നു. ചിന്തിക്കുന്നവര്‍ക്ക് ആകുലപ്പെടാം എന്ന് മാത്രം!
നല്ല വായന
Post a Comment