പ്രിയനന്ദനൻ
ദേശീയപുരസ്കാരങ്ങൾ നേടിയ രണ്ടു രാഷ്ട്രീയസിനിമകൾക്കു ശേഷം പ്രിയനന്ദനൻ സംവിധാനം ചെയ്ത “സൂഫി പറഞ്ഞ കഥ” വ്യത്യസ്തമാനങ്ങളുള്ള ഒരു സാമൂഹികചിത്രമാണു. സ്ത്രീകേന്ദ്രീകൃതമായ പുതുമയാർന്ന ഒരു ചലച്ചിത്രാനുഭവം.ആദ്യന്തം ഒഴുക്കുള്ള ശൈലിയിൽ അതിലളിതമായ ആഖ്യാനം.പക്ഷേ,കെ.പി.രാമനുണ്ണിയുടെ പ്രശസ്തമായ നോവൽ അധികാരവും മതവും,മതപരിവർത്തനവും ആഹ്മീയതയും കാമവും ദിവ്യത്വവും പ്രതികാരവുമൊക്കെ കെട്ടുപിണഞ്ഞുകിടകുന്ന സങ്കീർണ്ണമായ ഒരു ഭൂമികയിലാണു നിലകൊള്ളുന്നത്.രാമനുണ്ണി തന്നെ എഴുതിയ അതിന്റെ തിരക്കഥയ്ക്കും അതിനു പ്രിയനന്ദനൻ നൽകിയ ദൃശ്യവ്യാഖ്യാനത്തിനും,പക്ഷേ,ഫ്രെയിമിന്റെ സ്വാഭാവികമായ പരിമിതികളുണ്ടു.
അനുവാചകനിലൂടെ അനുദിനം വളരുകയും പുനർനിർമ്മിക്കുകയും ചെയ്യുന്നവയാണു പുരാവൃത്തങ്ങൾ അഥവാ മിത്തുകൾ.അങ്ങനെയുള്ളൊരു മിത്തിനെ ആസ്പദമാക്കി രചിച്ച നോവലിലെ കഥാപാത്രങ്ങൾ ഓരോ വായനക്കാരനിലും വായനക്കാരിയിലും പിന്നെയും രൂപപരിണാമത്തിനു അനുനിമിഷം വിധേയമായിക്കൊണ്ടിരിക്കും.വ്യത്യസ്തമായ ഓർമ്മകളിലൂടെ,സഞ്ചിതസ്മരണകളിലൂടെ വ്യതിരിക്ത അസ്തിത്വങ്ങളായി അവർ വായനക്കാരുടെ മനസിൽ പിറവിയെടുക്കുന്നു.ഇവിടേയ്ക്കാണു നിയതമായ രൂപഭാവങ്ങളുള്ള കഥാപാത്രങ്ങൾ സ്ക്രീനിന്റെ ദൃശ്യപരിധിക്കുള്ളിൽ മിന്നിമറയുന്നത്.അവ മിക്കപ്പോഴും അനുവാചകന്റെ ഭാവനയുമായി ചേർന്നുപോകുന്നതായിരിക്കുകയില്ല.എന്റെ സീതയല്ല,നിങ്ങളുടെ സീത.സുഗതകുമാരിയുടെ കൃഷ്ണനല്ല മാധവിക്കുട്ടിയുടെ കൃഷ്ണൻ.അതുകൊണ്ടായിരിക്കാം ഖസാക്കിന്റെ ഇഹിഹാസത്തിലെ രവിയേയും ,മയ്യഴിപുഴയിലെ ദാസനേയും അഭ്രപാളിയിലേക്ക് പകർത്താൻ ആർക്കും ധൈര്യമില്ലാതെപോയത്.
1850തിനു ശേഷമുള്ള മലബാറാണു കഥാപരിസരമെങ്കിലും ഏതു കാലത്തും പ്രസക്തമായതാണു പ്രമേയം. നാട്ടിലെ അധികാരിയായ മേലെ പുല്ലാരത്ത് ശങ്കുണ്ണിമേനോന്റെ(തമ്പി ആന്റണി) അനന്തരവളായ കാർത്തി ജനിച്ചത് തന്നെ വിചിത്രമായ ഗ്രഹനിലയുമായിട്ടാണെന്ന സൂചനയിൽതന്നെ എല്ലാം അടങ്ങിയിരിക്കുന്നു.മദിപ്പിക്കുന്ന സൌന്ദര്യമുള്ള അവൾ ചരക്കെടുക്കാൻ വന്ന പൊന്നാനിക്കാരൻ മാമുട്ടിയെ കാമിക്കുകയും പ്രേമിക്കുകയും അയാളെ അടിമയാക്കുകയും ചെയ്യുന്നു.ആസക്തികളും കാമനകളും ആത്മീയതയും ഇഴചേർന്ന ജീവിതത്തിൽ അവൾ പിന്നെ സർവ്വശക്തയായ മുസ്ലീം വനിതയായ സുഹറയായി.അവൾക്ക് ഓർമ്മിക്കാൻ തറവാട്ടിൽ കാളീക്ഷേത്രം പണിതുനൽകിയ മാമൂട്ടി അവസാനം യാഥാസ്ഥിതികരുടെ കൊലക്കത്തിക്കിരയാകുന്നു.അയാളുടെ ഘാതകരെ ഓരോരുത്തരെയായി പ്രലോഭിപ്പിച്ച് മരണത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി പ്രതികാരം ചെയ്ത് ,ശക്തിസ്വരൂപിണിയായ ബീവിയായി ദിവ്യത്വത്തിലേക്ക് വിലയം പ്രാപിക്കുകയാണു സുഹറ.
ഹിന്ദുക്കളും മുസ്ലിങ്ങളും കടൽക്കരയിലെ ബീവിയുടെ ദർഹയിൽ അരാധനയ്ക്കെത്തുന്ന ദൃശ്യത്തിൽ നിന്ന് തുടങ്ങി ബീവിയെന്ന പുരാവൃത്തത്തിലേക്കുള്ള കാർത്തിയുടെ പരിണാമത്തിന്റെ കഥ പറയുകയാണു ചിത്രം.”കഥ കേൾക്കാത്തവർ കഥയില്ലാത്തവരായി മാറും” എന്ന പഴമൊഴിയിൽ കഥ അവസാനിക്കുന്നു.പക്ഷേ, അത് ഒട്ടേറെ തുളയ്ക്കുന്ന ചോദ്യങ്ങൾ ബാക്കി വെയ്ക്കുന്നു.
കേരളത്തിലെ ഹിന്ദുക്കളുടേയും മുസ്ലീങ്ങളുടേയും സാംസ്കാരികപൈതൃകങ്ങൾ ഒന്നുതന്നെയാണെന്ന് ചിത്രം അടിവരയിടുന്നു. ഉടുപ്പഴിച്ചുമാറ്റും പോലെ അനായാസം മതം മാറാമെന്നും കാമത്തിനും ആത്മീയാംശമുണ്ടെന്നും മറ്റുമുള്ള വലിയപാഠങ്ങൾ ഇത് പകർന്നു നൽകുന്നുണ്ട്.ഒരു ഘട്ടത്തിൽ, ഹൈന്ദവ ആത്മാവ് ആവേശിക്കുന്ന അറവു മുസലിയാർ(ജഗതി) എന്ന ദന്ദ്വവ്യക്തിത്വമുള്ള കഥാപാത്രവും മതവൈരത്തിന്റെ അർഥശൂന്യതയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു.
പക്ഷേ, അതിതീവ്രമായ ആഖ്യാനസദ്ധ്യതകളുള്ള ഒട്ടേറെ സന്ദർഭങ്ങൾ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിൽ മാത്രം ഒതുങ്ങുന്നു എന്ന പോരായ്മയുണ്ടു. മതം മാറ്റം,ക്ഷേത്രനിർമ്മണം,സുഹറയുടെ പ്രതികാരം തുടങ്ങിയ കഥാസന്ദർഭങ്ങളുടെ ദൃശ്യാഖ്യാനങ്ങൾക്ക് ചാരുത പോര.കാർത്തിയായി വേഷമിടുന്ന ശർബാനി മുഖർജിയുടെ പ്രായം കഥാപാത്രത്തിനു ചേർന്നതല്ല.പല ആംഗിളുകളിലും ജയഭാരതിയെ അനുസ്മരിപ്പിക്കുന്ന ആകാരമുള്ള അവർ,പക്ഷേ,തന്റെ ഭാഗം മനോഹരമാക്കിയിരിക്കുന്നു.പ്രത്യേകിച്ച്, കാമവും ഭ്രമകൽപ്പനകളും നൃത്തമാടുന്ന നിമിഷങ്ങളിൽ.നിർമ്മാതാവായ പുതുമുഖം പ്രകാശ് ബാരെയാണു നായകൻ. സിനിമയിൽ ഇദ്ദേഹത്തിനു ഭാവിയുണ്ടു.
റഫീക്ക് അഹമ്മദ് എഴുതി മോഹൻ സിത്താര സംഗീതം കൊടുത്ത അതിമനോഹരമായ രണ്ടു പാട്ടുകളുണ്ടു സൂഫി പറഞ്ഞ കഥയിൽ.ഭാവതീവ്രമായി ചിത്രയും കൂട്ടരും അവ ആലപിച്ചിരിക്കുന്നു.
സാഹിത്യത്തിൽ നിന്നുള്ള അനുവർത്തനങ്ങൾ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും മലയാള സിനിമയെ സമ്പന്നമാക്കുന്നു എന്ന ശുഭവാർത്തയും സൂഫി പറഞ്ഞകഥ പ്രേക്ഷകർക്ക് നൽകുന്നുണ്ടു.ടി.പി.രാജീവന്റെ പാലേരി മാണിക്യം ഒരു പാതിരകൊലപാതകത്തിന്റെ കഥയിലൂടെ രൺജിത്ത് നമ്മെ പ്രതീക്ഷാനിർഭരരാക്കിയപ്പോൾ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ സ്മാരകശിലകളെ ആസ്പദമാക്കി എം.പി.സുകുമാരൻ നായർ എടുത്ത രാമാനം ഒരു അതിക്രമമായി നമ്മെ ക്ഷോഭിപ്പിച്ചു.പ്രിയനന്ദനനാകട്ടെ കെ.പി.രാമനുണ്ണിയുടെ നോവലിനു പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ദൃശ്യാവിഷ്കാരം തന്നെ നൽകിയിരിക്കുന്നു.
തന്റെ മുൻ ചിത്രങ്ങളുടെ ആഖ്യാനശൈലിയോ,ഒരു വിഭാഗം പ്രേക്ഷകർ പുരസ്കാരജേതാക്കളിൽ അടിച്ചേൽപ്പിക്കുന്ന ബുദ്ധിജീവി നാട്യങ്ങളോ ഇല്ലാതെ, അതിസങ്കീർണ്ണമായൊരു കഥ അതീവ ഒതുക്കത്തോടെ ഹൃദ്യമായി ആവിഷ്കരിച്ചു എന്നതാണു സൂഫി പറഞ്ഞ കഥയിൽ പ്രിയനന്ദനന്റെ കയ്യൊപ്പ്.കഥയില്ലായ്മകൾക്കിടയിൽ ഇതാ,നായിക നിറഞ്ഞു നിൽക്കുന്ന അതിശക്തമായൊരു കഥ,അഭ്രപാളികളിൽ.
5 comments:
ടീവിയില്‍ ഈ സിനിമയുടെ പാട്ടു കേള്‍ക്കുമ്പോഴൊക്കെ ഇതിന്റെ കഥ അറിയാന്‍ വല്ലാതൊരു ആകാംഷയുണ്ടായിരുന്നു.ഈ സിനിമയെ ഇവിടെ പരിചയപ്പെടുത്തിയതിന് നന്ദി.ഈ സിനിമയുടെ പേരു തന്നെ വളരെ ആകര്‍ഷിക്കുന്ന ഒന്നാണ്
കഷ്ടം കേ പീ രാമനുണ്ണിയുടെ ഈ പ്റസിധ നോവല്‍ വായിക്കാത്തതു പോകട്ടെ കേട്ടിട്ടില്ല്ലാത്തവരും ഉണ്ടോ? അപമാനം തന്നെ ഒരു മോഡേണ്‍ ക്ളാസിക്കാണു സൂഫി പറഞ്ഞ കഥ പ്റിയനന്ദന് അതു കുളമാക്കിയില്ല എന്നെ പറയാന്‍ പറ്റു ഭരതനോ മറ്റോ ആയിരുന്നു ഡയറക്ട് ചെയ്തിരുന്നതെങ്കില്‍ എന്നു ആഗ്രഹിച്ചു പോയി താഴ്വാരത്തിലെ സുമലതയെ പോലെയോ നെല്ലിലെ കനകദുറ്ഗയെപോലെയോ കാമം കത്തി നില്ക്കുന്ന ഭാവം ഉള്ള ഒരു നായികയുടെ അഭാവം കുറച്ചു കൂടി ഡാറ്ക്കായ ഒരു ഫോട്ടോഗ്രാഫി (ചിലമ്പിലെ ശോഭനയെപോലെ ലൈറ്റിംഗ്) എന്തുകൊണ്ടോ നോവല്‍ വായിച്ചവരെ പടം ആകറ്ഷിക്കുകയില്ല എന്നാല്‍ പ്റിയയന്ദനെ കുറ്റപ്പെടുത്തുന്നുമില്ല രണ്ടാമൂഴം പോലെയുള്ള ഒരു വറ്ക്കാണു സൂഫി പറഞ്ഞ കഥ
പ്രിയ ആരുഷീ...കേട്ടിട്ടില്ലാത്തവരും ഉണ്ടെന്നു ഇപ്പോള്‍ മനസ്സിലായില്ലേ...
സിനിമയൊന്ന് കാണണം
പറഞ്ഞസ്ഥിതിക്ക് ഒന്നു കണ്ടുനോക്കാം
Post a Comment